എം.ടി : പിറന്നാൾ ദിനത്തിൽ ചില ഓർമകൾ

സുകുമാരി നരേന്ദ്രമേനോനെക്കൊണ്ട് നിർമാല്യം എന്ന സിനിമയിൽ പനിമതിമുഖി ബാലേ എന്ന പാട്ട് റെക്കാർഡ് ചെയ്യിക്കുമ്പോഴുണ്ടായ എം.ടി സാന്നിധ്യം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന പടം ഷൂട്ടിന് ഷൊർണൂർ ആര്യങ്കാവിൽ കുടചൂടിയിരിക്കുന്ന എം.ടി... ഇങ്ങനെ എത്രയോ കാഴ്ചകളിലൂടെ എം.ടി ഉള്ളിലേക്ക് കയറിവന്നു. മനസ്സിൽ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാതെ, എം.ടി എന്ന നിത്യവിസ്മയം. ഇന്ന്​ 90 വയസ്​ തികയുന്ന എം.ടി. വാസുദേവൻ നായരെക്കുറിച്ചുള്ള ചില ഓർമകൾ

‘‘യാത്രയാരംഭിച്ച് വർഷങ്ങൾ വളരെ കഴിഞ്ഞുവെന്ന് ഇപ്പോൾ ചില സുഹൃത്തുക്കൾ ഓർമിപ്പിക്കുന്നു. മനസ്സിന്റെ വേഗത്തിനൊപ്പമെത്താൻ ചിലപ്പോൾ പാടുപെടുന്ന ശരീരവും ഇത് പിറുപിറുക്കാറുണ്ട്. ആഘോഷമില്ലേ എന്നു ചിലർ. ഇല്ലല്ലോ. വാർധക്യം, ഋതുഭേദം പോലെ ഒരു പ്രകൃതിനിയമം മാത്രമാണല്ലോ. അതിലെന്താഘോഷിക്കാൻ?

പിറന്നാളുകൾ ഞാൻ ആഘോഷിക്കാറില്ല. കുറച്ചുകാലമായി ചില കൊല്ലങ്ങളിൽ മൂകാംബിയിൽ പോകും. അത് എന്റെ പിറന്നാളിനോ അത് കഴിഞ്ഞാൽ മൂന്നാം ദിവസം വരുന്ന മകൾ അശ്വതിയുടെ പിറന്നാളിനോ. മൂകാംബിയിൽ ഗോവിന്ദടികളുടെ വീട്ടിലെ ശാപ്പാട്. ആ ക്ഷേത്രവും പരിസരവും എനിക്ക് സ്വാസ്ഥ്യം നൽകുന്നു.

ഇന്നലെ കഴിഞ്ഞപോലെ തോന്നുന്ന ബാല്യം അത്ര അകലെയാണെന്ന് ഇപ്പോൾ ഓർത്ത് പോകുന്നു. വീട്ടിനു പിന്നിലെ താന്നിക്കുന്നിന്റെ ചെരുവിൽ കഥയും കവിതയും ആലോചിച്ചുകൊണ്ടു നടന്ന ദിവസങ്ങൾ. അന്ന് ഒരു കുട്ടിക്ക് കൂട്ടുകാരില്ലാതെ തനിയെ കളിക്കാവുന്ന ഒരു വിനോദമായിരുന്നു അത്. മനസ്സിൽ വാക്കുകൾ ഉരുട്ടിക്കളിച്ച് അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കൽ. ദിവസവും എന്തെങ്കിലുമൊക്കെ കടലാസിൽ കുറിച്ചിടാൻ കഴിയുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഈ കടലാസുകൾ യാത്രയാരംഭിക്കുന്നു. ഇറവെള്ളത്തിൽ കടലാസുതോണികൾ ഒഴുക്കിവിടുന്ന പോലെ...
എഴുതിത്തുടങ്ങിയിട്ട് അനേകം വർഷങ്ങളായി. പക്ഷേ പരീക്ഷാഹാളിൽ ഉത്തരക്കടലാസിനു മുന്നിലിരിക്കുന്ന ഒരു വിദ്യാർഥിയുടെ ഭീതിയും ഉൽകണ്ഠയുമുണ്ടിപ്പോഴും എഴുതാനിരിക്കുമ്പോൾ...’’
(അമ്മയ്ക്ക് - ശരിയുടെ ഒരു നിമിഷം -എം.ടി)

മഞ്ചേരി എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ പ്രീഡിഗ്രിക്കാലത്ത് മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് ഞാനും കെ.കെ. മുഹമ്മദ് റഷീദ്, സുരേഷ്‌കുമാർ കാരക്കുന്ന് എന്നീ സുഹൃത്തുക്കളും കൂടി, രാമകൃഷ്ണമിഷൻ സ്‌കൂളിൽ ചെന്ന് കുട്ടേട്ടൻ എന്ന കുഞ്ഞുണ്ണിമാഷെ കാണുന്നത്. കുട്ടേട്ടൻ പറഞ്ഞു: മാതൃഭൂമിയിൽ ചെന്ന് വാസുദേവൻ നായരെക്കൂടി ക്ഷണിച്ചോളൂ. ഞാൻ പറയാം. അല്ലെങ്കിൽ ഞാനും വരാം.
അതായിരുന്നു ആദ്യ കൂടിക്കാഴ്ച. പറഞ്ഞതുപോലെ കൃത്യസമത്ത് മഞ്ചേരിയിലെത്തിയ എം.ടിയും കുട്ടേട്ടനും സഭാഹാളിലെ ഹൃദ്യമായ ചടങ്ങിൽ പ്രസംഗിച്ചു. എം.ടിയുടെ സാന്നിധ്യം ഞങ്ങൾക്കാകെ ആവേശമായി.
വർഷങ്ങൾക്കു ശേഷം ഒറ്റപ്പാലത്ത് പ്രിയപ്പെട്ട പി.ടി. നരേന്ദ്രമേനോന്റെ (ബാബുവേട്ടൻ) വീട്ടിൽ പല പ്രാവശ്യവും കോഴിക്കോട്ടും പുറത്തും പല സാഹിത്യസദസ്സുകളിലും എം.ടിയെ അടുത്തുനിന്നും അകന്നുനിന്നും കണ്ടു.

കുഞ്ഞുണ്ണിമാഷ്
കുഞ്ഞുണ്ണിമാഷ്

മലേഷ്യയിൽ നിന്ന് വന്ന ബാബുവേട്ടന്റെ മരുമകൻ സുരേഷ് എന്ന എം.ടി ആരാധകനുവേണ്ടി മാത്രം ഒറ്റപ്പാലത്ത് നിന്ന് കോഴിക്കോട് കൊട്ടാരം റോഡിൽ എം.ടിയുടെ സിതാരയിൽ പോയി ദീർഘനേരം സംസാരിച്ചു. എം.ടിയുടെ സഹോദരൻ എം.ടി.ബി എന്ന ബാലേട്ടനുമായുള്ള സൗഹൃദത്തിലൂടെ വീണ്ടും എം.ടിയെ കാണാനും കോഴിക്കോട്ടെ ചില ചെറുപ്പക്കാർ ചേർന്ന് രൂപവൽക്കരിച്ച ടെലിക്രാഫ്റ്റ് മൂവീസ് എന്ന സിനിമാനിർമാണ സംരംഭത്തിൽ എം.ടിയെ രക്ഷാധികാരിയാക്കുന്ന ചടങ്ങിലും മറ്റും പങ്കെടുത്തതും നല്ല കുറെ ഓർമകകൾ. ബാബുവേട്ടന്റെ പത്നി പ്രസിദ്ധ ഗായിക സുകുമാരി നരേന്ദ്രമേനോനെക്കൊണ്ട് നിർമാല്യം എന്ന സിനിമയിൽ പനിമതിമുഖി ബാലേ എന്ന പാട്ട് റെക്കാർഡ് ചെയ്യിക്കുമ്പോഴുണ്ടായ എം.ടി സാന്നിധ്യം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന പടം ഷൂട്ടിന് ഷൊർണൂർ ആര്യങ്കാവിൽ കുടചൂടിയിരിക്കുന്ന എം.ടി... ഇങ്ങനെ എത്രയോ കാഴ്ചകളിലൂടെ എം.ടി ഉള്ളിലേക്ക് കയറിവന്നു. മനസ്സിൽ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാതെ, എം.ടി എന്ന നിത്യവിസ്മയം.

എം.ടി. വാസുദേവൻ നായർ
എം.ടി. വാസുദേവൻ നായർ

എം.ടി എന്ന എഡിറ്ററെക്കുറിച്ച് എം. മുകുന്ദൻ എഴുതി: അക്ഷരത്തെറ്റുകളോടെ എഴുതിയ കഥകൾ എം.ടിക്ക് പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുക്കുമ്പോൾ എഡിറ്റിംഗ് എന്ന വാക്ക് പോലും ഞാൻ കേട്ടിരുന്നില്ല. അതെന്തെന്ന് അറിയില്ലായിരുന്നു. പിന്നീട് എഡിറ്റിംഗ് എന്നു വെച്ചാൽ ആഴ്ചപ്പതിപ്പിൽ വന്നേചേരുന്ന എണ്ണമറ്റ രചനകൾ വായിച്ചു നല്ലത് നോക്കി തെരഞ്ഞെടുത്ത് അച്ചടിക്കാൻ കൊടുക്കുക എന്നതാണെന്ന് ഞാൻ കരുതി. അച്ചടിച്ചു വരുന്ന എന്റെ കഥകളിൽ ചില വാചകങ്ങൾക്ക് സ്ഥാനഭ്രംശം വരുന്നതും ചില പ്രയോഗങ്ങൾ ഒഴിവാക്കി പകരം മറ്റു ചിലത് സ്ഥാനം പിടിക്കുന്നതും അതിശയത്തോടെ ഞാൻ ശ്രദ്ധിച്ചു. തിരിച്ചിടുന്ന ഒരു വാചകം അല്ലെങ്കിൽ മായ്ച്ചുകളഞ്ഞ ഒരു വാക്ക് കഥാന്തരീക്ഷത്തിൽ മാന്ത്രികമായ മാറ്റങ്ങൾ വരുത്തുന്നത് കണ്ട് ഞാൻ അമ്പരന്നു. കഥകളുടെ ശീർഷകങ്ങൾ മാറ്റുന്നത് എം.ടിയുടെ പതിവുശീലമായിരുന്നു. അതൊക്കെ കഥയെ അതിന്റെ ലാവണ്യതലത്തിലും ആശയതലത്തിലും അഭിവൃദ്ധിപ്പെടുത്തുന്നത് എങ്ങനെയെന്ന് അന്ന് കഥാരചനയിൽ വിദ്യാർഥിയായ എനിക്ക് ലഭിച്ച വലിയ അറിവായിരുന്നു. ഫിക്ഷൻ എഡിറ്റിംഗിന്റെ സാധ്യതകൾ ഞാൻ മനസ്സിലാക്കിയത് എന്റെ ആദ്യകാലകഥകളിൽ എം.ടി നടത്തിയ തൂലികാസ്പർശത്തിലൂടെയായിരുന്നു. എഡിറ്റിംഗിൽ പൊതുവെ ശ്രദ്ധ വയ്ക്കാത്തവരാണ് നമ്മൾ മലയാളികൾ. ഇന്നത്തെ എഡിറ്റർമാരും അക്കാര്യത്തിൽ ഒട്ടും മനസ്സ് വയ്ക്കുന്നില്ല... ( ജെ.ആർ പ്രസാദ് സാക്ഷാൽക്കാരം നിർവഹിച്ച ‘എം.ടി ദ എഡിറ്റർ’ എന്ന പുസ്തകത്തിൽ നിന്ന്).

ലേഖകനും എം.ടി. വാസുദേവൻ നായരും
ലേഖകനും എം.ടി. വാസുദേവൻ നായരും

നവതിയുടെ പുണ്യം.
താന്നിക്കുന്നിന്റെ നെറുക.
കൊടിക്കുന്നത്തമ്പലം.
കാച്ചിയ എണ്ണയുടെ മണം.
വിനോളിയാ സോപ്പിന്റെ പത.

കർക്കടകപ്പുലരിയിലേക്ക് കണ്ണ് നട്ട് കൂടല്ലൂർ.
നിള നിറഞ്ഞേന്തുന്നുണ്ടാവണം. താന്നിക്കുന്നിന്റെ നെറുകയിൽ കണ്ണാന്തളിച്ചെടികൾ പൂത്ത് മലർന്നുവോ?
ആയിരം നിളയോളങ്ങളെ ഗർഭഗൃഹത്തിലേക്ക് ആവാഹിച്ച കടൽ.

ഞാനിരിക്കുന്നത് അറബിക്കടലോരത്തല്ല. ചെങ്കടലാണ് എനിക്ക് മുന്നിൽ. കടൽ നോക്കിയിരിക്കെ ബീഡിപ്പുകയിൽ മറയുന്ന പ്രിയപ്പെട്ട കഥാകാരനെ കണ്ടു. മനസ്സിനെ പിടിച്ചു കുടഞ്ഞ ഒട്ടേറെ കഥാപാത്രങ്ങളുടെ തിരയേറ്റം.

വല്യമ്മ ഉണ്ടില്ല. അമ്മ ചെന്നു വിളിച്ചപ്പോൾ കുട്ട്യേടത്തിയും വേണ്ടെന്ന് പറഞ്ഞു. അപ്പോൾ ജാന്വേട്ത്തിക്കും ചോറ് വേണ്ട. എനിക്കും ചോറ് വേണ്ട. അമ്മ നിർബന്ധിച്ചു. എനിക്ക് വേണ്ട. പതിവില്ലാത്ത മട്ടിൽ അമ്മ എന്റെ തുടയ്‌ക്കൊരടി വെച്ചുതന്നു. ഒരു കാരണം കിട്ടാൻ ഞാൻ കാത്ത് നിൽക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ കുട്ട്യേടത്തിയുടെ പായിൽ ചെന്നുവീണു. കുട്ട്യേടത്തി തളർന്ന സ്വരത്തിൽ ചോദിച്ചു:
- വാസു ഉണ്ട്വോ..
നിയ്ക്ക് വേണ്ട
അമ്മ കിടക്കാൻ വന്നു വിളിച്ചു. ആരോടെന്നില്ലാതെ അരിശത്തോടെ ഞാൻ പറഞ്ഞു:
- ഞാൻ ബ്ട്യാ കെട്ക്ക്ണ്...
ഉമ്മറവാതിലും അടുക്കളവാതിലും കൊട്ടിയടയ്ക്കുന്നത് കേട്ടു. വിളക്കുകൾ കെട്ടു. എനിക്കുറക്കം വരുന്നില്ല. കുട്ട്യേടത്തിയും ഉറങ്ങിയിട്ടില്ലെന്ന് തോന്നി. അവരുടെ നെഞ്ചോടടുത്ത് കിടക്കുമ്പോൾ തേങ്ങൽ കേൾക്കാം. ഇരുട്ടിൽ കുറേ നേരം കണ്ണ്തുറന്ന് കിടന്ന ശേഷം ഞാൻ പതുക്കെ വിളിച്ചു:
കുട്ട്യേടത്തീ...
ഒറങ്ങിക്കോ..
വല്ലാതെ വേദനിച്ചോ?
ഇല്ല, ഒറങ്ങിക്കോ..
അവരുടെ നനഞ്ഞ മാറിടത്തോട് ചേർന്ന് ഞാൻ കിടന്നു.
- വാസു നല്ല കുട്ട്യാവണം. അമ്മേം വല്യമ്മേം ഒക്കെ നോക്കണം
.. ഞാൻ മൂളി. എന്റെ പുറത്ത് കുട്ട്യേടത്തിയുടെ വിരലുകൾ താളം പിടിച്ചു.
- ഒറങ്ങിക്കോ, മോനൊറങ്ങിക്കോ..
പതുക്കെ ഞാൻ കണ്ണുകളടച്ചു.
പുലരുമ്പോൾ ഒരു നിലവിളി കേട്ട് ഞെട്ടിത്തെറിച്ചാണ് ഞാനുണർന്നത്. കണ്ണുതിരുമ്മി നിവർന്നപ്പോൾ അമ്മയും വലിയമ്മയും നെറുകയിൽ കൈവെച്ചു നിലവിളിക്കുന്നു. ജാന്വേട്ത്തിയുമുണ്ട്, വലിയമ്മയെ കെട്ടിപ്പിടിച്ചു കരയുന്നു. ഭയപ്പാടോടെ ഞാൻ നോക്കി.
അപ്പോൾ നടപ്പുരയുടെ ഉത്തരത്തിൽ നിന്ന് ഒരു കയറിൻതുമ്പത്ത് കുട്ട്യേടത്തിയുടെ ശരീരം ആടുകയായിരുന്നു...
(കുട്ട്യേടത്തി )

സേതൂന് എന്നും ഒരാളോടേ സ്‌നേഹമുണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം...

അറിയാത്ത അൽഭുതങ്ങളെ ഗർഭം ധരിച്ച മഹാസമുദ്രത്തെക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം.

ഭാഷയെ പൊന്നും പൂവും പോലെ ഉപയോഗിക്കുന്ന എഴുത്തുകാരനായാണ് ഇന്ത്യയിൽ വേരുകളുള്ള ഇംഗ്ലീഷ് എഴുത്തുകാരൻ വി.എസ്. നയ്‌പോളിനെ എം.ടി ഒരിക്കൽ വിശേഷിപ്പിച്ചത്. അത് പക്ഷേ, എം.ടിയുടെ കാര്യത്തിലാണ് കൂടുതൽ ശരി.

എം.ടി യുമായുള്ള അപൂർവ ബന്ധത്തെ കുറിച്ച് മനോരമ വാർഷികപതിപ്പിൽ മമ്മൂട്ടി എഴുതിയ ലേഖനം വായിച്ച ദിവസമാണ് ആകസ്മികമായി എം.ടി യെ കാണാനും അദ്ദേഹത്തിന്റെ പതിവ് ഗൗരവം മുറിച്ച് അൽപനേരം സംസാരിക്കാനും സൗഭാഗ്യമുണ്ടായി. കോട്ടക്കൽ റിഡ്ജ്സ് ഇൻ ഹോട്ടലിൽ ഈ കൂടിക്കാഴ്ച്ച തരപ്പെടുത്തിത്തന്ന പ്രിയ മിത്രം യു. അച്ചുവിന് നന്ദി.

മമ്മൂട്ടി, എം.ടി.
മമ്മൂട്ടി, എം.ടി.

മമ്മൂട്ടിയുടെ എം.ടി ഓർമ്മകൾ ഇങ്ങനെ തുടങ്ങുന്നു: മച്ചുള്ള പഴയ തറവാടിന്റെ മുകളിൽ ഇരുന്ന് ഒറ്റപ്പാളി ജനലിലൂടെ ലോകത്തെ നോക്കിക്കണ്ട കഥാകാരനാണ് എം. ടി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒറ്റയ്ക്ക് ഇരുന്ന് ആൾക്കൂട്ടത്തെ കണ്ട കഥാകാരനാണ് എം. ടി. ലോകത്തിന് അറിയില്ല, അത്രമേൽ കൗതുകത്തോടെ ഒരാൾ ഇവിടെയിരുന്ന് തങ്ങളെ കാണുന്നുണ്ടെന്ന്. അതൊരു കേവല വീക്ഷണമല്ല, ദർശനമാണ്. എം. ടിയും ഞാനും തമ്മിലൊരു പ്രായ വ്യത്യാസം അദ്ദേഹത്തിന് ഫീൽ ചെയ്തിട്ടില്ല. എന്റെ പോക്കറ്റിൽ നിന്ന് എം. ടി ബീഡിയൊക്കെയെടുത്ത് വലിക്കുമായിരുന്നു
(മമ്മൂട്ടി).

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ മൈഡാസ് ചക്രവർത്തിക്ക് നേരാം, ആയുരാരോഗ്യ സൗഖ്യങ്ങൾ.


Summary: സുകുമാരി നരേന്ദ്രമേനോനെക്കൊണ്ട് നിർമാല്യം എന്ന സിനിമയിൽ പനിമതിമുഖി ബാലേ എന്ന പാട്ട് റെക്കാർഡ് ചെയ്യിക്കുമ്പോഴുണ്ടായ എം.ടി സാന്നിധ്യം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന പടം ഷൂട്ടിന് ഷൊർണൂർ ആര്യങ്കാവിൽ കുടചൂടിയിരിക്കുന്ന എം.ടി... ഇങ്ങനെ എത്രയോ കാഴ്ചകളിലൂടെ എം.ടി ഉള്ളിലേക്ക് കയറിവന്നു. മനസ്സിൽ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാതെ, എം.ടി എന്ന നിത്യവിസ്മയം. ഇന്ന്​ 89 വയസ്​ തികയുന്ന എം.ടി. വാസുദേവൻ നായരെക്കുറിച്ചുള്ള ചില ഓർമകൾ


Comments