'വയലാർ സ്റ്റാലിന്റെ' മകൻ സി.കെ. ചന്ദ്രപ്പന്റെ ഓർമദിനം

ർ സി.പിയുടെ അമേരിക്കൻ മോഡൽ അറബിക്കടലിലെറിഞ്ഞരണബലിയുടെ അരുണാഭമായ സ്മൃതികുടീരത്തിൽ ഇന്ത്യൻ രാഷ്ട്രീയശാപത്തിന്റെ പാപക്കറ മണപ്പിച്ച വാചസ്പതിമാരുടെ വേതാളനൃത്തം അരങ്ങ് തകർക്കുമ്പോൾ പുന്നപ്രയുടേയും വയലാറിന്റെയും മണ്ണ് രക്തസ്തമാക്കി കടന്നുപോയ നൂറുക്കണക്കിന് അജ്ഞാതപോരാളികളുടേയും ടി.കെ വർഗീസ് വൈദ്യൻ, കെ.സി ജോർജ്, ടി.വി തോമസ്, കുന്തക്കാരൻ പത്രോസ്, സി.കെ കുമാരപ്പണിക്കർ, ടി.കെ ദിവാകരൻ തുടങ്ങിയവരുടേയും ഉള്ള് കിടുങ്ങിയിട്ടുണ്ടാവണം. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന സി.കെ കുമാരപ്പണിക്കരുടെ മകനും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം നൽകിയ അമൂല്യസംഭാവനയുമായ സി.കെ ചന്ദ്രപ്പൻ കാലത്തിന്റെ മറുതീരത്തേക്ക് മറഞ്ഞുപോയിട്ട് ഇന്നേക്ക് (മാർച്ച് 22) ഒമ്പത് വർഷം തികയുന്നുവെന്നതും രക്തസാക്ഷികളുടെ ഭൂമിയിൽ സാമ്രാജ്യത്വത്തിനും നിയോ ഫാഷിസത്തിനും പാദപൂജ ചെയ്യുന്നവരുടെ അതിക്രമം നടന്നതിന്റെ അതേ സമയത്ത് തന്നെയായി എന്നതും ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടേയും ചരിത്രത്തിൽ ചില കറുത്ത പുള്ളികളെങ്കിലും വീഴ്ത്തിയിട്ടുണ്ടെന്ന് തോന്നുന്നു.

സി.കെ. ചന്ദ്രപ്പൻ

സി.കെ കുമാരപ്പണിക്കരും ബന്ധുവായ സുശീലാ ഗോപാലനുമൊക്കെ പുന്നപ്ര-വയലാറിന്റെ പ്രക്ഷോഭ ഭൂമികയിൽ, വാരിക്കുന്തം കൊണ്ട് തോക്കേന്തിയ ബ്രിട്ടീഷ് വൈതാളികരെ എങ്ങനെ നേരിടാമെന്ന് കാണിച്ചുകൊടുത്ത നേതാക്കളിൽ പ്രമുഖരാണ്. ഗൗരിയമ്മ, എൻ.പി തണ്ടാർ എന്നിവരൊക്കെ പോരാട്ടഭൂമിയെ രക്തതിലകമണിയിച്ചവരാണ്. ബ്രിട്ടീഷുകാർക്കും അവരുടെ വൈതാളികനായ ദിവാനും സ്തുതി പാടിയവരുടെ പിൻഗാമികൾ, ബലികുടീരങ്ങളെ അപമാനിക്കുന്നുവെന്നതും ത്യാഗസുരഭിലമായൊരു ചരിത്രത്തിന് നാണക്കേടായി ബാക്കി നിൽക്കുന്നു. ജനദ്രോഹിയായ ദിവാന്റെ മൂക്ക് മുറിച്ച കെ.സി.എസ് മണിയുടെ ധീരചരിതത്തിനു മുമ്പിൽ പോലും പരിവാറുകാരന്റെ പൂമൂടൽ നാടകം അസംബന്ധത്തിന്റെ എപ്പിസോഡായി മാറുന്നു.

ഇടതുപക്ഷം വീണ്ടും കേരളത്തെ ചുവപ്പിക്കാനൊരുങ്ങുന്ന നിർണായകസന്ധിയിൽ ചന്ദ്രപ്പനെപ്പോലുള്ള ആദർശധീരരായ നായകരുടെ അഭാവം പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കനത്ത ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. ചില മണ്ഡലങ്ങളിലെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷം സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ വരുത്തിയ നോട്ടപ്പിശകും രാഷ്ട്രീയമായ വ്യാകരണപ്പിശകുകളും തിരുത്താൻ സഖാവ് ചന്ദ്രപ്പനുണ്ടായിരുന്നുവെങ്കിൽ സി.പി.ഐയിലെ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകണം.

മലപ്പുറത്തെ സി.പി.ഐ സ്ഥാനാർഥി നിർണയത്തിൽ അദ്ദേഹവും മുൻഗാമി വെളിയം ഭാർഗവനും പുലർത്തിയ സത്യസന്ധമായ കാർക്കശ്യം, ഈ തെരഞ്ഞെടുപ്പിലും സി.പി.ഐയും സി.പി.എമ്മും പാലിച്ചിരുന്നുവെങ്കിൽ സ്ഥാനാർഥി നിർണയസമയത്ത് സംഭവിച്ച പല കല്ലുകടികളും ഒഴിവാക്കാമായിരുന്നു. ജീർണതയോട് സന്ധി ചെയ്യാത്ത നിലപാടിന് തന്നെയായിരിക്കും എക്കാലത്തും വൻസ്വീകാര്യത ലഭിക്കുകയെന്ന കാര്യത്തിലും സംശയമില്ല.

പന്ന്യൻ രവീന്ദ്രൻ, എ.ബി. ബർദൻ, എസ്. സുധാകർ റെഡ്ഡി എന്നിവരോടൊപ്പം സി.കെ. ചന്ദ്രപ്പൻ

സി.കെ ചന്ദ്രപ്പന്റെ ആദർശവിശുദ്ധി പുതുതലമുറ കമ്യൂണിസ്റ്റുകാർക്ക് എന്നുമൊരു പാഠാവലിയാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവും സഖാവുമായിരുന്നു ഈ ലേഖകനെ സംബന്ധിച്ചേടത്തോളം ചന്ദ്രപ്പനും പത്നി സ: ബുലുറോയ് ചൗധരിയും. ആദ്യമായി ചന്ദ്രപ്പനെ കണ്ട ഓർമയിലേക്ക്:
ഡൽഹി വിജ്ഞാൻഭവൻ. എഴുപതുകളുടെ അന്ത്യപാതി. സമൃദ്ധമായി വളർത്തിയ തലമുടി ഹിപ്പി സ്റ്റൈലിൽ പിന്നിലേക്കു ചീകിയൊതുക്കി ഊർജ്ജസ്വലനായി ഓടി നടക്കുന്ന ചന്ദ്രപ്പൻ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവജനഫെഡറേഷൻ നേതാക്കൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ലോകജനാധിപത്യ യുവജനസംഘടനയുടെ (ഡബ്ല്യു.എഫ്.ഡി.വൈ) ഒരു സ്‌പെഷ്യൽ മീറ്റിനുള്ള ഒരുക്കമായിരുന്നു അവിടെ. അന്ന് എ.ഐ.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റും തലശ്ശേരിയിൽ നിന്നുള്ള പാർലമെന്റംഗവുമായിരുന്നു ചന്ദ്രപ്പൻ. സി.പി.ഐ സെൻട്രൽ പാർട്ടി സ്‌കൂൾ വിദ്യാർഥിയായി ഒന്നര മാസത്തെ പഠനത്തിനായി എത്തിയതായിരുന്നു എ.ഐ.എസ്.എഫുകാരായിരുന്ന ഞാനും കോഴിക്കോട്ടെ വി.എം. ഉണ്ണിക്കൃഷ്ണനും (ഫെഡറൽ ബാങ്ക് ബാംഗ്ലൂർ ഏരിയാ മാനേജരായി റിട്ടയർ ചെയ്ത ഉണ്ണിക്കൃഷ്ണൻ പഴയ തലമുറയിലെ പ്രസിദ്ധ ഫോട്ടോഗ്രാഫറും പാർട്ടി സഖാവുമായിരുന്ന സി.എം.വി നമ്പീശന്റെ പുത്രനാണ്. കാലം മായ്ക്കാത്ത പുഞ്ചിരി തൂകി നിൽക്കുന്ന സഖാവ് കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ ഫോട്ടോ എടുത്തത് നമ്പീശനായിരുന്നു. കൃഷ്ണപിള്ളയുടെ ആ ഒരൊറ്റ പോസിലുള്ള പടം മാത്രമേ ഇന്ന് ലഭ്യമായുള്ളൂ).

കോളേജ് വിദ്യാർഥികളായിരുന്ന എന്നേയും ഉണ്ണിക്കൃഷ്ണനേയും ചന്ദ്രപ്പന്റെ ചടുലമായ നീക്കങ്ങൾ ഏറെ ആകർഷിച്ചു. മനോഹരമായ ആ ഹെയർസ്റ്റൈലിനും വേഷവിധാനത്തിനും പുറമെ ഉജ്ജ്വലമായ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗവും ഞങ്ങളുടെ ആദരവ് ഇരട്ടിപ്പിച്ചു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ലിയോനിഡ് ബ്രഷ്‌നേവിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി വിജ്ഞാൻ ഭവനിൽ തന്നെ നടന്ന ഇസ്‌കസ് ഇൻഡോ-സോവ്യറ്റ് സാംസ്‌കാരിക സമിതി) സെമിനാറിൽ ലിറ്റോ ഘോഷിന്റേയും (അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി അജോയ്‌ഘോഷിന്റെ വിധവ) മെയിൻസ്ട്രീം എഡിറ്റർ നിഖിൽ ചക്രവർത്തിയുടെ പത്‌നി രേണു ചക്രവർത്തിയുടേയും കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ മോഹിത്സെന്നിന്റേയും മറ്റും സാന്നിദ്ധ്യത്തിൽ ചന്ദ്രപ്പൻ നടത്തിയ ആ പ്രസംഗം ഏറെക്കാലം ഞങ്ങൾ പാർട്ടി സ്‌കൂൾ വിദ്യാർഥികളുടെ മനസ്സിൽ ആവേശത്തിന്റെ അടങ്ങാത്ത അനുരണനങ്ങൾ സൃഷ്ടിച്ചു.

"ഹിപ്പിമുടി'യുമായി ചന്ദ്രപ്പൻ ഇടയ്‌ക്കൊക്കെ കേരളത്തിൽ വരുമായിരുന്നു. അങ്ങനെയൊരു ദിവസം തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കൗൺസിൽ യോഗം നടക്കുന്നതിനിടെ, സഖാവ് എം.എൻ. ഗോവിന്ദൻനായർ ചന്ദ്രപ്പനെ അടുത്ത് വിളിക്കുകയും തന്റെ നീളൻ ജുബ്ബയുടെ കീശയിൽ നിന്ന് കുറച്ച് രൂപയെടുത്ത് "താൻ പോയി ഈ മുടിയൊക്കെ ഒന്ന് മുറിച്ച് വൃത്തിയായി വാ' എന്ന് സ്വതസ്സിദ്ധമായ മന്ദഹാസത്തോടെ ആജ്ഞാപിക്കുകയും കൗൺസിൽ യോഗം പൊട്ടിച്ചിരിയിൽ മുങ്ങുകയും ചെയ്തതായി അന്നത്തെ സംസ്ഥാന കൗൺസിലിലുണ്ടായിരുന്ന മലപ്പുറത്തെ സഖാവ് ഗംഗാധരേട്ടൻ പറഞ്ഞതോർക്കുന്നു. (അന്ന് സംസ്ഥാന കൗൺസിലില്ലാത്ത പന്ന്യൻ രവീന്ദ്രൻ മുടി വളർത്തിത്തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു).

ക്ഷുഭിതയൗവ്വനത്തിന് ഗ്ലാമർ പരിവേഷം പകർന്ന് ഡൽഹിയിൽ വിലസുന്ന അക്കാലത്താണ് ചന്ദ്രപ്പന്റെ ജീവിതത്തിലേക്ക് ബംഗാളിലെ സി.പി.ഐക്കാരി ബുലുറോയ് ചൗധരി കടന്നു വന്നത്. ആ കഥ ചന്ദ്രപ്പൻ തന്നെ പലപ്പോഴായി അനുസ്മരിച്ചിട്ടുണ്ട്. സി.പി.ഐ പാർലമെന്ററി പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ബുലുറോയിയുടെ പ്രവർത്തനം. പാർട്ടി എം.പിമാർക്കാവശ്യമായ വിഷയങ്ങളെക്കുറിച്ച് റിസർച്ച് ചെയ്യുക, പാർട്ടി കാഴ്ചപ്പാടുകൾക്ക് വിധേയമായി ഓരോ കാര്യങ്ങളും പഠനം നടത്തുക, പാർലമെന്റിൽ യഥാസമയം അവതരിപ്പിക്കുന്നതിനുള്ള ചോദ്യങ്ങളും രൂപരേഖകളും തയാറാക്കുക- സി.പി.ഐ പാർലമെന്ററി പാർട്ടിയുടെ കീഴിൽ ഇത്തരമൊരു ഗവേഷണവിഭാഗമുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദമുള്ള ബുലുറോയ് ചൗധരി ഈ ഗവേഷണവിഭാഗത്തിലായിരുന്നു. മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ച ചന്ദ്രപ്പനുമായി ബലുറോയ് അടുത്തത് അക്കാലത്താണ്.

ബുലുവിന്റെ പിതാവ് പ്രൊഫുൽ ബന്ദുറോയ് എന്ന പി.ബി. റോയ് ചൗധരി ഒരു ഗവൺമെന്റ് കോൺട്രാക്ടറായിരുന്നു. വിഭജനത്തിനു മുമ്പ് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതാണ് ബുലുവിന്റെ കുടുംബം. സത്യജിത്‌റേയുടെ സിനിമകൾ വിതരണം ചെയ്ത കമ്പനിയിലായിരുന്നു ബുലുവിന്റെ പിതാവ്. പഥേർ പാഞ്ചാലിയ്ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചപ്പോൾ അത് സ്വീകരിച്ചതും ബുലുവിന്റെ അച്ഛൻ പി.ബി. റോയിരുന്നുവത്രേ. ചന്ദ്രപ്പന്റെ വിയോഗത്തിനു ശേഷം ബുലുറോയിയും 2016 ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് അന്തരിച്ചു.
ഇന്ത്യൻ പീപ്പിൾസ് തിയേറ്ററിന്റെ (ഇപ്റ്റ) പ്രവർത്തകയായിരുന്ന ബുലുറോയ് ചൗധരി മികച്ച നാടക നടിയായിരുന്നുവെന്ന കാര്യം അധികമാർക്കുമറിയില്ല. സി.പി.ഐ അനുകൂല പ്രസിദ്ധീകരണങ്ങളായിരുന്ന ലിങ്ക്, പേട്രിയറ്റ് എന്നിവയിൽ വാർത്തകളും ലേഖനങ്ങളുമെഴുതിയിരുന്നു അവർ. ബയോഗ്രാഫി ഓഫ് മാഡം കാമഎന്നൊരു പുസ്തകവും ബുലു രചിച്ചിട്ടുണ്ട്.

സി.കെ. ചന്ദ്രപ്പൻ വി.എസ്. അച്യുതാനന്ദനോടൊപ്പം

പ്രണയത്തിനു പതിനാലു വർഷം പൂർത്തിയായപ്പോഴാണ് ചന്ദ്രപ്പനും ബുലുവും വിവാഹിതരായത്. ഡൽഹി എസ്.വി.ഘാട്ടെ ഹാളിൽ നടന്ന കല്യാണത്തിനു പാർട്ടി ജനറൽ സെക്രട്ടറി സി. രാജേശ്വരറാവു കാർമ്മികത്വം വഹിച്ചു. കേരളത്തിൽ നിന്ന് എം.എൻ, അച്യുതമേനോൻ, എൻ.ഇ. ബലറാം, പി.കെ.വി തുടങ്ങിയവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നതായി ചന്ദ്രപ്പൻ എഴുതിയിട്ടുണ്ട്.

സർ സി.പിയുടെ ചോറ്റുപട്ടാളം വയലാറിൽ താൻ പിറന്ന കുന്തിരിശ്ശേരി വീട് അഗ്നിക്കിരയാക്കുന്നത് കാണേണ്ടി വന്ന ഹതാശനായ ബാലനാണ് ചന്ദ്രപ്പൻ. കേറിക്കിടക്കാനിടമില്ലാതെ അമ്മയുടെ നാടായ തൃപ്പൂണിത്തുറയിലേക്കു മാറിയ ഈ വിപ്ലവകാരി മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ചിറ്റൂർ ഗവ. കോളേജിൽ ചേർന്നു. ഗോവാ വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത് പഠനം മുടങ്ങി. വീണ്ടും യൂണിവേഴ്‌സിറ്റി കോളേജിൽ. പറങ്കിപ്പടയോട് പോരാടിയ പാരമ്പര്യം സിരകളിൽ. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി-യുവജനപ്രസ്ഥാനത്തിലെ മുൻനിര നേതാവായി ഉയർന്നു. സ്മരണകളിരമ്പുന്ന രണസ്മാരകത്തിൽ തുടിച്ചുണരുന്ന ചന്ദ്രപ്പന്റെ ഓർമയ്ക്ക് മുമ്പിൽ, ഒരു ചുവന്ന സല്യൂട്ട്.


Comments