സഹൃദയനായ കലാകാരൻ, മർമ്മമറിഞ്ഞ കച്ചവടക്കാരൻ

രണ്ടു സ്വകാര്യമോഹങ്ങൾ രാമചന്ദ്രനോടൊപ്പം, ചിതയിലലിഞ്ഞു. ഒന്ന്- അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ബ്രാഞ്ചിന്റെ പുന:സ്ഥാപനം. രണ്ട്- എഴുതിത്തുടങ്ങിയ തന്റെ ആത്മകഥ പൂർത്തിയാക്കി, അതിന്റെ പ്രസാധനം കേമമായി നടത്തുകയെന്നത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുസാഫിർ അറ്റ്‌ലസ് രാമചന്ദ്രനെ ഓർമ്മിക്കുന്നു...

ദുബായ് ജബലലിയിലെ ന്യൂ സോനാപൂർ ക്രിമറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് അറ്റ്‌ലസ് രാമചന്ദ്രൻ അസ്തമിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നിന് ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ എട്ടു പതിറ്റാണ്ടു നീണ്ട ജീവിതത്തിനു മുമ്പിൽ മരണം വല വിരിച്ചതറിഞ്ഞ് നാട്ടിലേയും മറുനാട്ടിലേയും മലയാളികളുടെ പ്രതികരണങ്ങളിൽ നിഷ്‌കളങ്കനായ ആ മനുഷ്യസ്നേഹിയോടുള്ള സ്നേഹവികാരങ്ങളത്രയും പ്രതിഫലിച്ചു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ, അറ്റ്‌ലസ് ഒരു ദുരൂഹസമസ്യയായി ബാക്കി നിന്നുവെന്നതിന് സോഷ്യൽ മീഡിയാ പ്രതികരണങ്ങൾ തെളിവായി. അൽഭുതഭരിതവും അതേ സമയം ദൂരൂഹത ചൂഴ്ന്നുനിന്നതുമായ ഒരറബിക്കഥയിലെ ഉദ്വേഗപൂർണമായ അധ്യായം പോലെയുള്ള ഒരവസാനമായിരുന്നു, അത്.

തൃശൂർ മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ, അറ്റ്‌ലസ് രാമചന്ദ്രനാകുന്നതിനു മുമ്പേ മലപ്പുറം കോട്ടപ്പടി മൈതാനത്തിനടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ മാനേജറുടെ ചില്ലുക്യാബിനിലിരുന്ന് ചിരിച്ചതും ഉള്ളംകൈയിൽ അമർത്തിപ്പിടിച്ചതും എനിക്കോർമയുണ്ട്. അതേ ബാങ്കിൽ രാമചന്ദ്രന്റെ സഹപ്രവർത്തകനായ, എന്റെ അളിയൻ മുഹമ്മദലിയാണ് അദ്ദേഹത്തെ, വിദ്യാർഥിയായിരുന്ന എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ പല തവണ കണ്ടു. മലപ്പുറം കഥകൾ അയവിറക്കി. സഹപ്രവർത്തകന്റെ ബന്ധുവെന്ന നിലയിലുള്ള പരിഗണനയും എനിക്ക് കിട്ടി. കച്ചവടത്തിന്റെ ചരിത്രത്തിനും കഥയ്ക്കുമൊപ്പം സാഹിത്യവും സിനിമയും നർമോക്തികളും പത്തരമാറ്റിന്റെ തിളക്കത്തിൽ ഞങ്ങളുടെ സംഭാഷണങ്ങളിലത്രയും നിറഞ്ഞുനിന്നു. അപ്പോഴൊക്കെ മലപ്പുറത്തെ ഞങ്ങളുടെ ആദ്യകൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം കൂടെയുള്ളവരോട് പറയും. ഗൃഹാതുരമായ ഓർമകളിൽ നിറഞ്ഞ് അദ്ദേഹം ചിരിക്കും. സൗദിയിലെ ജിദ്ദയിൽ ആദ്യത്തെ അറ്റ്‌ലസ് ഷോറൂം തുറക്കുന്നതിനു മുന്നോടിയായി പല തവണ വരുമ്പോഴും ഈ കടയിലേക്ക് നടക്കാനുള്ള ദൂരത്തിൽ മാത്രം താമസിച്ചിരുന്ന എന്നെ അദ്ദേഹം വിളിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്യുമായിരുന്നു. മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഫാറൂഖ് ലുഖ്മാനെ ഞാൻ പരിചയപ്പെടുത്തിക്കൊടുത്തതോടെ രാമചന്ദ്രന് വലിയ സന്തോഷമായി. ആ സൗഹൃദത്തിന്റേയും ആതിഥ്യത്തിന്റേയും മധുരം, ദുബായിയിൽ ചെല്ലുമ്പോഴൊക്കെ പല തവണ ആസ്വദിച്ചിരുന്നതായി ലുഖ്മാൻ പറയുകയും എഴുതുകയും ചെയ്തിരുന്നു. (ഇക്കാലത്താണ് യൂസഫലി കേച്ചേരിയെക്കൊണ്ട് അറ്റ്ലസിൻ സ്വർണം നിന്നെ സുന്ദരിയാക്കും... എന്ന വരികളളെഴുതിക്കുന്നതും ബാബു പിഷാരടിയുടെ സംഗീതത്തിൽ അത് പരസ്യവാക്കുകളാകുന്നതും. അതിനു ശേഷമാണ് ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്ന പ്രസിദ്ധമായ ടാഗ് ലൈൻ വരുന്നത്).

യു.എ.ഇയിൽ ഇരുപത് ഔട്ട്‌ലെറ്റുകളുൾപ്പെടെ വിവിധ രാജ്യങ്ങളിലായി അമ്പത് ഷോറൂമുകളുമായി അറ്റ്‌ലസ് പടർന്നതിനു പിന്നിൽ സ്ഥിരോൽസാഹിയായ രാമചന്ദ്രന്റെ ഇച്ഛാശക്തിയും ഉപഭോക്താക്കളോടുള്ള ഉദാരതയുമായിരുന്നു കാരണമായത്. കനത്ത വെല്ലുവിളികളും കടുത്ത മൽസരവും നിറഞ്ഞ സ്വർണക്കച്ചവടം. എല്ലാം അതിജീവിച്ച് കോടികളുടെ ആസ്തിയിലേക്ക്, ബിസിനസ് തഴച്ചുവളർന്നു. സ്വർണവ്യാപാരത്തോടൊപ്പം, ആതുരാലയമുൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപാരം വ്യാപിച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ അറ്റ്‌ലസ് അപ്രമാദിത്തം നേടി. സ്വർണസമ്മാനങ്ങൾ അറ്റ്‌ലസ് വാരി വിതറി. അക്ഷരാർഥത്തിൽ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസ് മാറിയത്, രാമചന്ദ്രൻ തന്നെ പലപ്പോഴായി പറയാറുള്ള തന്റെ നസീബ് അഥവാ ഭാഗ്യം കൊണ്ടുതന്നെയായിരുന്നു. കലയും കവിതയും സിനിമയും കൈവിടാതെ, അവയ്ക്കൊപ്പം സഞ്ചരിച്ചു, സഹൃദയനായ ഈ കച്ചവടക്കാരൻ. നിരവധി കലാകാരേയും കലാകാരികളേയും പ്രവാസലോകത്തെത്തിക്കുകയും മെഗാഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. സംസ്ഥാന - കേന്ദ്ര രാഷ്ട്രീയ നേതാക്കളിൽ ഏറെപ്പേരും അറ്റ്ലസിന്റെ 'അരുമ' -കളായി. രാമചന്ദ്രന്റെ ആതിഥ്യം സ്വീകരിക്കാത്ത നേതാക്കൾ കുറവായിരിക്കും. മാധ്യമപ്രവർത്തകരിൽ പലരും രാമചന്ദ്രന്റെ ഇഷ്ടക്കാരായി.

ബിസിനസ് തീരുമാനങ്ങളെടുക്കുന്നതും അവ നടപ്പാക്കുന്നതും ഒറ്റയ്ക്ക് തന്നെയായിരുന്നു. ഇക്കാര്യത്തിൽ കുടുംബത്തിനകത്ത് നിന്നോ പുറത്ത് നിന്നോ ഉള്ള നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും അദ്ദേഹം വില കൽപിച്ചില്ല. ബിസിനസ് സാമ്രാജ്യത്തിൽ സുൽത്താനായി വാഴുമ്പോൾ 2015 എന്ന വർഷം ആ ജീവിതത്തിൽ ഇരുൾ വീഴ്ത്തി. നിബിഡാന്ധകാരത്തിലേക്കുള്ള പൊടുന്നനെയുള്ള വീഴ്ചയായിരുന്നു അത്. ഉദിച്ചുയർന്നിരുന്ന 920 ഹാൾമാർക്കിന്റെ തങ്കസൂര്യൻ, ജീവിതത്തിലെ കരിക്കട്ടയായി മാറുന്നതിന്റെ അനിവാര്യ പരിണതിയായിരുന്നു പിന്നീട്. പല തീരുമാനങ്ങളും പരമാബദ്ധമായിരുന്നുവെന്ന് അറിയുമ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു. ഒപ്പം നിന്നവർ കൈയൊഴിഞ്ഞതും നന്ദികേടിന്റെ കയ്പറിഞ്ഞതും ഇക്കാലത്താണ്. സ്ഥാവരജംഗമ സ്വത്തുക്കളത്രയും നഷ്ടപ്പെടുകയായിരുന്നു. ഹീറോ പരിവേഷത്തിൽ നിന്ന് സീറോയിലേക്കുള്ള കൊടുംവീഴ്ച.

ദുബായ് വീട്ടിലെ പിറന്നാളാഘോഷത്തിൽ അറ്റ്‌ലസ് രാമചന്ദ്രൻ
ദുബായ് വീട്ടിലെ പിറന്നാളാഘോഷത്തിൽ അറ്റ്‌ലസ് രാമചന്ദ്രൻ

കോടികളുടെ ബാങ്ക് വായ്പയും സമയത്ത് തിരിച്ചടക്കാത്തതിനെത്തുടർന്നുള്ള നിയമ നടപടികളും, മൂന്നര പതിറ്റാണ്ടിലധികം നീണ്ട, അസൂയാർഹവും വിജയകരവുമായ ആ യാത്രയുടെ മുമ്പിൽ കടുത്ത ദുർഘടം നിറച്ചു. ജയിൽ ജീവിതമായിരുന്നു പിന്നീടുള്ള വിധി. 1004 ദിവസങ്ങൾ - 2015 മുതൽ 2018 വരെ- രാമചന്ദ്രൻ അഴികൾക്കകത്തായി. മരിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ജയിൽ ജീവിതത്തെക്കുറിച്ച് സംസാരിച്ച, ആത്മസുഹൃത്ത് ഗായകൻ കൂടിയായ തിരൂരങ്ങാടിയിലെ അബ്ദുൽഹഖിനോട് രാമചന്ദ്രൻ പറഞ്ഞു: ജയിലിനകത്തെ സെൻട്രൽ എസിയുടെ തണുപ്പായിരുന്നു എന്റെ പ്രശ്നം. ജയിൽ ജീവനക്കാരുമായി ഞാൻ നല്ല ചങ്ങാത്തത്തിലായിരുന്നു. അവർ എന്നെ നല്ല പോലെ സഹായിച്ചു. ജയിലിൽ കാര്യമായി ആരുമെന്നെ കാണാൻ വന്നില്ല. ആരെങ്കിലുമൊക്കെ വന്നെങ്കിൽ എന്ന് എല്ലാ ദിവസവും ആശിച്ചു. ആളുകളെ കാണാനും അൽപനേരം സംസാരിക്കാനും മാത്രമല്ല, പുറത്തെ ചൂടും വെളിച്ചവും കാണണമെന്നും ഞാൻ മോഹിച്ചിരുന്നു. അവയ്ക്കൊക്കെ എന്ത് ഭംഗിയായിരിക്കുമെന്ന് അപ്പോഴാണ് ഞാൻ ചിന്തിച്ചിരുന്നത്. വല്ലപ്പോഴും ആശുപത്രിയിലേക്ക് ചെക്കപ്പിനു കൊണ്ടു പോകുമ്പോഴോ കോടതിയിലേക്ക് പോകുമ്പോഴോ ഒക്കെ മാത്രമായിരുന്നു ഞാൻ പുറംലോകം കണ്ടിരുന്നത്. ജയിലിലേക്ക് കാണാൻ വരേണ്ടെന്ന് ഞാൻ ഭാര്യ ഇന്ദുവിനോട് പറഞ്ഞിരുന്നു... (ദുബായിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുമ്പോഴും ഭർത്താവ് പുറത്ത് വരുന്ന ദിവസത്തിനായി കാത്തിരുന്ന ഈ അറുപത്തെട്ടുകാരിക്ക്, കടബാധ്യതകളുടെ വലിയ കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ കണ്ണീരും പ്രാർഥനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.)

ഇക്കഴിഞ്ഞ ജൂലൈ 31 ന് രാമചന്ദ്രന്റെ പിറന്നാൾ ദിനത്തിൽ മകൾ മഞ്ജു കേക്കുമായി വന്നു. അധികമാരും ഉണ്ടായിരുന്നില്ല. അന്ന് രാമചന്ദ്രൻ ഒരു ഹിന്ദി ഗാനം ആലപിച്ചു- ബഡി ദൂർ സേ ആയേ, തോഫാ ലായേ... അതിഥിയായെത്തിയ അബ്ദുൽഹക്കാണ് ആ ഗാനം മുഴുമിക്കാൻ രാമചന്ദ്രനെ സഹായിച്ചത്.

"ഞാൻ തിരിച്ചുവരും. അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ശാഖയെങ്കിലും ദുബായിയിൽ തുറക്കും. അതിനുള്ള നിക്ഷേപകരെ ഞാൻ കണ്ടെത്തും. സഹസ്രകോടികളുടെ സൗഭാഗ്യവും സൗവർണക്കുതിപ്പും അവസാനിച്ച്, കുവൈത്തിലെ സുഹൃത്തുക്കളുടെ കരുണയിൽ ജീവിക്കേണ്ടി വന്ന മഹാപതനത്തിന്റെ കഥയിലെ ഈ ദുരന്ത നായകന്റെ അവസാനത്തെ സ്വപ്നമായിരുന്നു ഇത്. ആർക്കും തന്നെ വേണ്ടാതായി എന്ന് മനസ്താപം കൊള്ളുമ്പോൾ ആത്മാർഥതയോടെ താൻ പരിപാലിച്ച നൂറുക്കണക്കിന് ജീവനക്കാരിൽ ചിലരെങ്കിലും കൊലച്ചിരി ചിരിക്കുന്നുണ്ടാവുമെന്ന് രാമചന്ദ്രനറിയാമായിരുന്നു.
വഞ്ചന നിറഞ്ഞ ലോകത്തിന്റെ നന്ദികേടിൽ പക്ഷേ അദ്ദേഹം ആരേയും വെറുത്തില്ല. കബളിപ്പിച്ചു കടന്നു കളഞ്ഞ സഹപ്രവർത്തകരെ പഴിച്ചില്ല.

രണ്ടു സ്വകാര്യമോഹങ്ങൾ രാമചന്ദ്രനോടൊപ്പം, ചിതയിലലിഞ്ഞു.
ഒന്ന്- അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ബ്രാഞ്ചിന്റെ പുന:സ്ഥാപനം.
രണ്ട്- എഴുതിത്തുടങ്ങിയ തന്റെ ആത്മകഥ പൂർത്തിയാക്കി, അതിന്റെ പ്രസാധനം കേമമായി നടത്തുകയെന്നത്.


Summary: രണ്ടു സ്വകാര്യമോഹങ്ങൾ രാമചന്ദ്രനോടൊപ്പം, ചിതയിലലിഞ്ഞു. ഒന്ന്- അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ബ്രാഞ്ചിന്റെ പുന:സ്ഥാപനം. രണ്ട്- എഴുതിത്തുടങ്ങിയ തന്റെ ആത്മകഥ പൂർത്തിയാക്കി, അതിന്റെ പ്രസാധനം കേമമായി നടത്തുകയെന്നത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുസാഫിർ അറ്റ്‌ലസ് രാമചന്ദ്രനെ ഓർമ്മിക്കുന്നു...


Comments