ജർണയിൽ സിംഗ് കോവിഡ് ബാധിച്ചു മരിച്ച വാർത്ത ഇന്നുരാവിലെ പത്രങ്ങളിൽ നിന്നാണറിയുന്നത്. 2009 ഏപ്രിൽ ഏഴിന് വാർത്താസമ്മേളനത്തിനിടെ സിഖ് കൂട്ടക്കൊല കേസിൽ നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ജർണയിൽ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനു നേരെ ഷൂ (ചെരിപ്പ്) എറിഞ്ഞു. അന്നദ്ദേഹം ഹിന്ദി ദിനപത്രം ദൈനിക് ജാഗരണിന്റെ ലേഖകനായിരുന്നു.
2008 ഡിസംബർ 14ന് ബഗ്ദാദിൽ പത്രപ്രവർത്തകൻ മുൻതദിർ അൽ സൈദി വാർത്താസമ്മേളനത്തിനിടെ ബുഷിനുനേരെ ഷൂ എറിഞ്ഞ് ചരിത്രം സൃഷ്ടിച്ചതാണ് ജർണയിലിനെ സ്വാധീനിച്ചത്. സംഭവത്തെത്തുടർന്ന് ജർണയിലിനെ ദൈനിക് ജാഗരൺ പുറത്താക്കി. പിന്നീട് അദ്ദേഹത്തിന് കൃത്യം ജോലികളൊന്നും ലഭിച്ചില്ല. ഇതിനിടെ അദ്ദേഹത്തിന്റെ ‘ഐ അക്ക്യൂസ്' എന്ന പുസ്തകം പുറത്തു വന്നു. ഈ സാഹചര്യത്തിൽ 2009 നവംബറിൽ അന്ന് ഞാൻ ജോലി ചെയ്തിരുന്ന മലയാളം ന്യൂസ് ദിനപത്രത്തിന്റെ ഞായാറാഴ്ച പതിപ്പായ സൺഡേ പ്ലസിനു വേണ്ടി ജർണയിൽ ടെലഫോൺ അഭിമുഖം നൽകി.
സൗദി അറേബ്യയിൽ വാർത്താസമ്മേളനങ്ങൾക്കിടെ ചെരുപ്പേറുകൾ പ്രതീക്ഷിക്കാമോ എന്ന പരിഹാസ/വിമർശനാത്മകമായ ചോദ്യത്തോടെയാണ് അന്നത്തെ ഞങ്ങളുടെ സംസാരം ആരംഭിച്ചത്.
പിന്നീടദ്ദേഹം ‘ആപ്പി’ന്റെ എം.എൽ.എയായി. ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നതിന്റെ പേരിൽ അദ്ദേഹം ‘ആപ്പി’ൽ നിന്ന് പുറത്താക്കപ്പെട്ടു. ഇടക്ക് അദ്ദേഹവുമായി ടെലഫോണിൽ സംസാരിക്കുമ്പോഴെല്ലാം മൗനം പാലിച്ച് മാന്യനാകാൻ താനില്ലെന്ന് പറയും, അതുകൊണ്ട് സ്വന്തം ജീവിതത്തെ ലാഭ-നഷ്ടക്കണക്കുകളാക്കി മാറ്റി സംസാരിക്കാൻ അദ്ദേഹം ഒരിക്കലും താൽപര്യപ്പെട്ടില്ല.
12 വർഷം മുമ്പ് ജർണയിലുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ പുനഃ പ്രസിദ്ധീകരിക്കുന്നു.
രക്തപ്പുഴയിൽ നിത്യവും നീന്തുന്നു
ജെർണയിൽ സിംഗ്/ വി. മുസഫർ അഹമ്മദ്
ഡൽഹി ത്രിലോക്പുരിയിൽ സർദാർജിയുടെ കഴുത്തിലേക്ക് തള്ളിയിറക്കിയ ടയറിന് ജനക്കൂട്ടം തീ കൊളുത്തി. അയാളുടെ ശരീരം പൊള്ളിപ്പഴുക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും ഓടവേ ജനക്കൂട്ടം ആർത്തു വിളിച്ചു- ഇതാണ് പഞ്ചാബികളുടെ നൃത്തം, ഭാംഗ്ര.
ജർണയിൽ സിംഗിന്റെ ‘ഐ അക്ക്യൂസ്’(ഞാൻ ആരോപിക്കുന്നു) എന്ന പുസ്തകത്തിൽ വിവരിക്കുന്ന മുഹൂർത്തങ്ങളിലൊന്നാണിത്. 1984ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരായ സിഖുകാരാൽ വധിക്കപ്പെട്ടശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യകിച്ചും ഡൽഹിയിൽ സിഖുകാർ കൂട്ടക്കൊലക്കിരയാക്കി. 5000 പേരാണ് ഇത്തരത്തിൽ വധിക്കപ്പെട്ടത്. ആ രക്തപ്പുഴ കൂടി നീന്താതെ ഒരാൾക്ക് ഇന്ത്യൻ ചരിത്രം വായിക്കാൻ കഴിയില്ല.
25 വർഷം മുമ്പ് നടന്ന കൂട്ടക്കൊലയിൽ ഇരയായവർക്ക് നീതി ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കോൺഗ്രസ് നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി. നീതിനിഷേധത്തിന്റെ മറ്റൊരു ആഖ്യാനം കൂടി സൃഷ്ടിക്കപ്പെടുകയായിരുന്നു. കാലമിത്രയായില്ലേ, ഇനിയെന്ത് എന്ന പതിവ് മട്ടിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞിരുന്നു. 1984 സിഖ് കൂട്ടക്കൊലയും മറവിയുടെ ചതുപ്പിലേക്ക് മുതലക്കൂപ്പ് കുത്തുകയായിരുന്നു.
എന്നാൽ പാഞ്ഞുവന്ന ഒരു ഷൂസ് എല്ലാവരേയും ഞെട്ടിച്ചു. ജർണയിൽ സിംഗ് എന്ന പത്രപ്രവർത്തകന്റെ വലതു കാലിലെ ഷൂസാണ് പ്രതിഷേധത്തിന്റെ ജ്വാലയായി കുതിച്ചു വന്നത്. 2008 ഡിസംബർ 15ന് ബഗ്ദാദിൽ വെച്ച് ജോർജ് ഡബ്ല്യു.ബുഷിന് മുൻതദിർ അസൈദി എന്ന പത്ര പ്രവർത്തകന്റെ ഷൂ ഏറ് കിട്ടിക്കഴിഞ്ഞിരുന്നു.
ഡൽഹിയിൽ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തവേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ ജർണയിൽ സിംഗ് എന്ന സിഖ് പത്രപ്രവർത്തകൻ ഷൂ എറിഞ്ഞത്. 1984ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ദൈനിക് ജാഗരണന്റെ ലേഖകനായ ജർണയിൽ സിംഗ് ഉയർത്തുകയായിരുന്നു. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതിൽ ചിദംബരം സന്തോഷം പ്രകടിപ്പിക്കവേയാണ് ജർണയിൽ സിംഗിന്റെ ചോദ്യങ്ങളുണ്ടായത്. ഇത്തരം ചോദ്യങ്ങൾ വാർത്താസമ്മേളനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ജർണയിൽ സിംഗ് സ്വന്തം അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ചിദംബരം പ്രതികരിച്ചു. ഈ സമയത്താണ് ജർണയിൽ സിംഗ് ഷൂ മന്ത്രിയുടെ നേരെ എറിയുന്നത്.
മൃദുഭാഷിയായ, മതവിശ്വാസിയായ ജർണയിൽ സിംഗിന്റെ കൃത്യം അയാളെ അറിയാവുന്ന എല്ലാവരേയും ഞെട്ടിച്ചു. സംഭവത്തിനുശേഷം രണ്ടു മാസം കഴിഞ്ഞ് സിംഗിനെ ദൈനക് ജാഗരൺ പിരിച്ചു വിട്ടു. സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം രചിച്ച ഐ അക്ക്യൂസ്, ദി ആന്റി സിഖ് വയലൻസ് ഓഫ് ഓഫ് 1984 എന്ന പുസ്തകം, സിഖ് കൂട്ടക്കൊലയുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. മലയാളം ന്യൂസിന് അനുവദിച്ച ടെലഫോൺ അഭിമുഖത്തിൽ ജെർണയിൽ സംസാരിക്കുന്നു.
വി. മുസഫർ അഹമ്മദ്: ഈ സംസാരം ഷൂ ഏറിൽ നിന്ന് ആരംഭിക്കുന്നതിൽ വിരോധമുണ്ടോ.
ജർണയിൽ സിംഗ്: പ്രശ്നം ഷൂ ഏറല്ല, നീതി നിഷേധമാണെന്ന കാര്യം ഓർക്കണം. 5000ത്തോളം സിക്കുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടു. അവരുടെ ബാക്കിയായ കുടുംബാംഗങ്ങളെക്കുറിച്ച്, അവർക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് അതിനെക്കുറിച്ചാണ് അടിസ്ഥാന പരമായി നമ്മൾ സംസാരിക്കേണ്ടത്.
ഷൂ ഏറിനുശേഷം താങ്കൾ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടുണ്ട്. പുസ്തത്തിലും അങ്ങനെ എഴുതിയിട്ടുണ്ട്.
ഷൂ ഏറ് പത്രപ്രവർത്തകന്റെ ജോലിയല്ല. വികാരാവേശത്തിലാണ് അങ്ങനെ സംഭവിച്ചത്. ഷൂ ചിദംബരത്തിന്റെ മുഖത്തിനു നേരെ ചെന്നു എന്നതും ശരിയല്ല. അത് ഒഴിഞ്ഞ ഒരിടത്താണ് ചെന്നുവീണത്. ആ രംഗം ചിത്രീകരിച്ച ക്യാമറയുടെ പ്രത്യേക ആംഗിൾ ഷൂ മന്ത്രിയുടെ മുഖത്ത് ചെന്ന് വീഴുന്നത് പോലുള്ള ഇഫക്ട് ഉണ്ടാക്കുകയായിരുന്നു. എന്തായാലും എനിക്കതിൽ കുറ്റബോധമുണ്ട്. പക്ഷെ സിക്ക് കൂട്ടക്കൊലയിൽ 25 വർഷം കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിലുള്ള രോഷ പ്രകടനമായിരുന്നു അത്. കൂട്ടക്കൊലയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട നേതാക്കൾക്ക് കോൺഗ്രസിന് ടിക്കറ്റ് നിഷേധിക്കേണ്ടി വന്നു. രണ്ടു ദിവസത്തിനു ശേഷം ഒരു ടി.വി അഭിമുഖത്തിൽ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ശിക്ഷ അർഹിക്കുന്ന എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന സംശയം ചിദംബരം തന്നെ പങ്കുവെച്ചു. ഞാൻ ആവർത്തിക്കുന്നു, ഷൂ ഒരു നിമിത്തം മാത്രമാണ്. ചർച്ച ചെയ്യപ്പെടേണ്ടത് കാൽനൂറ്റാണ്ടായി തുടരുന്ന നീതി നിഷേധത്തെക്കുറിച്ചാണ്.
ആ സംഭവത്തിൽ താങ്കൾക്കെതിരെ കേസെടുത്തില്ല.
ശരിയാണ്. തെരഞ്ഞെടുപ്പ് തൊട്ടു മുമ്പിൽ എത്തിയിരുന്നുവല്ലോ. സിഖ് വികാരം തങ്ങൾക്കെതിരാവരുതെന്ന തോന്നൽ കോൺഗ്രസിനുണ്ടായിരുന്നു. പ്രത്യേകിച്ചും മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുമ്പോൾ. നരേന്ദ്ര മോദിയെ മൗത്ത് കി സൗദാഗർ (മരണത്തിന്റെ കച്ചവടക്കാരൻ) എന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച സമയവുമായിരുന്നു അത്. വംശീയ ഹത്യകൾക്കും കൂട്ടക്കൊലകൾക്കുമെതിരെയുള്ള വികാരം മൗത്ത് കി സൗദാഗർ എന്ന പ്രയോഗത്തിൽ അടങ്ങിയിരുന്നു. ആ സമയത്തിന്റെ പ്രത്യേകത, രാജ്യത്ത് രൂപപ്പെട്ട ചില വികാരങ്ങൾ- ഇത്തരത്തിലുള്ള ചില കാരണങ്ങളാലാണ് എനിക്കെതിരെ നടപടികൾ ഉണ്ടാകാതിരിക്കാനുള്ള കാരണം. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള സമയം, അതെ അതു തന്നെയാണ് മുഖ്യ കാരണം.
വേദനാജനകമായ, ഞെട്ടിക്കുന്ന, അകം ചുട്ട് പൊള്ളിക്കുന്ന നിരവധി സന്ദർഭങ്ങളിലൂടെയാണ് താങ്കളുടെ പുസ്തകം കടന്നു പോകുന്നത്. ജീവനോടെ സിഖുകാരെ ചുട്ടുകൊല്ലുന്ന നിരവധി സന്ദർഭങ്ങൾ. കുട്ടികളെ കൊല്ലുന്ന രംഗങ്ങൾ, സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, കൂട്ടക്കൊലയെ കയ്യയച്ച് സഹായിച്ച ഒരു പോലീസുദ്യോഗസ്ഥൻ തന്നെ പുനരധിവാസ ക്യാമ്പിന്റെ ചുമതലക്കാരനായി വരുന്നത് - പുസ്തകത്തിന്റെ വായനാനുഭവം ഭയപ്പെടുത്തുന്നതായിരുന്നു.
പുസ്തകം വായിക്കുമ്പോൾ ഇതാണ് അനുഭവമെങ്കിൽ ഇത്തരം സംഗതികൾ നേരിട്ടനുഭവിച്ചരുടെ വികാരം എന്തായിരിക്കും. ഇരകളായി ഇന്നും ജീവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും. സിഖുകാരെ കൊല്ലുമ്പോൾ തൊട്ടടുത്ത് താമസക്കുന്ന ഒരു ഹിന്ദു പുരോഹിതൻ വന്നു പറയുന്നത് സ്ത്രീകളേയും കുട്ടികളേയും വെറുതെ വിടൂ എന്നാണ്. അതിനർഥം പുരുഷൻമാരെ എന്തു വേണമെങ്കിലും ചെയ്യാമെന്നും. മറ്റൊരാടിത്തും ഒരാൾ കൊള്ളയടിച്ചോളൂ, പക്ഷെ കൊല്ലരുതെന്ന് സിഖുകാർക്ക് വേണ്ടി വാദിച്ചു നോക്കുന്നുണ്ട്.
കൊള്ളയും കൊലയുമായിരുന്നു ഫലം. കൂട്ടക്കൊല നടക്കുമ്പോൾ 13 വയസ്സുള്ള കുട്ടിയായിരുന്നു ഞാൻ. അന്ന് മുതൽ നേരിട്ടും അല്ലാതെയും രക്തപ്പുഴ നീന്തുന്ന വേദനയിലാണ് ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ കഴിയുന്നത്. എന്നെ സംബന്ധിച്ച് സിഖ് കൂട്ടക്കൊല ഒരു പത്രപ്രവർത്തകന്റെ കേവല താൽപര്യവും കവിഞ്ഞു നിൽക്കുന്ന വിഷയമാണ്.
ഖലിസ്ഥാൻ ഉൾപ്പെടെയുള്ള സിഖ് വിഭാഗത്തിൽ നിന്നുണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളേയും ഞാൻ എതിർക്കുന്നു. ഇന്ദിരാഗാന്ധി വധത്തേയും ഒരു നിലക്കും ന്യായീകരിക്കാൻ കഴിയില്ല. അതു പോലെ തന്നെ സിഖ് കൂട്ടക്കൊലക്കും ഒരു ന്യായീകരണവുമില്ല എന്ന് ഓർക്കണം.
ഷൂസ് ഏറും പുസ്തകവും സിഖ് സമൂഹത്തിന് ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. സംഭവത്തിൽ ഇരയായ ഒരു സ്ത്രീ താങ്കളെ പൂമാല ചാർത്തി സ്വീകരിച്ചതിനെക്കൂറിച്ച് പുസ്തകത്തിൽ പറയുന്നുണ്ടല്ലോ.
ഒരു സമൂഹം എന്ന നിലയിൽ സിഖുകാർ ഒരിക്കലും ആത്മവിശ്വാസം നഷ്ടപ്പെട്ടവരായിരുന്നില്ല. ആത്മവിശ്വാസത്തിൽ കെട്ടിപ്പടുക്കപ്പെട്ട സമുദായം തന്നെയാണിത്. കടുത്ത ആഘാതങ്ങളിലും ആ സമുദായം പിടിച്ചു നിൽക്കുന്നത് ആത്മവിശ്വാസത്തിലും അഭിമാന ബോധത്തിലും തന്നെയാണ്. അതുകൊണ്ടാണ് എനിക്ക് ചാർത്തപ്പെട്ട പൂമാല ദർശൻ കൗർ എന്ന സ്ത്രീക്ക് തന്നെ ഞാൻ തിരിച്ചു ചാർത്തിയത്. കാരണം ആത്മവിശ്വാസത്തിന്റേയും അഭിമാന ബോധത്തിന്റേയും അതിജീവിനത്തിന്റേയും യഥാർഥ രൂപകം അവരെപ്പോലുള്ളവരാണ്. അച്ഛനും അമ്മയും മറ്റു ബന്ധുക്കളും കൊല്ലപ്പെട്ടശേഷം തനിക്ക് താഴെയുള്ള മൂന്ന് അനുജത്തിമാരേയും വളർത്തി വലുതാക്കി വിവാഹം ചെയ്തയച്ച ഒരു ജ്യേഷ്ഠത്തിയെക്കുറിച്ചും ഞാൻ പുസ്‌കത്തിൽ എഴുതിയിട്ടുണ്ട്. സമ്പന്നരുടെ അടുക്കളിയിലെ എച്ചിൽ വൃത്തിയാക്കിയും പാത്രം കഴുകിയും തറ തുടച്ചും ഉണ്ടാക്കിയ പണം കൊണ്ട് സഹോദരിമാർക്ക് ജീവിതം ഉണ്ടാക്കിക്കൊടുത്ത ആ ജ്യേഷ്ഠത്തിയോളം വരില്ല എന്റെ ഷൂസും പുസ്തകവും. ആ ബോധ്യം എനിക്ക് എല്ലായ്പ്പോഴുമുണ്ട്.
കൂട്ടക്കൊലയുടെ സമയത്ത് സിഖുകാരൻ കൂടിയായ ഗ്യാനി സെയിൽസിംഗായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതി. അദ്ദേഹം തീർത്തും നിസ്സഹായനായിരുന്നുവെന്ന് താങ്കൾ പുസ്തകത്തിൽ ആവർത്തിച്ച് പറയുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ മൃതദേഹം കാണാൻ വരവേ ഗ്യാനി സെയിൽസിംഗിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടാകുന്നുണ്ട്. ആ നിസ്സഹായതയെക്കുറിച്ച് പറയാൻ മറ്റൊന്നും വേണ്ട. അന്നത്തെ ആഭ്യന്തര മന്ത്രി പി.വി. നരസിംഹറാവുവുമായി തനിക്ക് ബന്ധപ്പെടാൻ പോലും കഴിയുന്നില്ലെന്ന് അദ്ദേഹത്തെ കാണാനെത്തിയ നിവേദക സംഘത്തോട് ഗ്യാനി സെയിൽസിംഗ് പറഞ്ഞു. കുൽദീപ് നയ്യാരെപ്പോലുള്ള മുതിർന്ന ഒരു പത്രപ്രവർത്തകനോട് അദ്ദേഹം പറഞ്ഞത്, കൂട്ടക്കൊല സംബന്ധിച്ച ഒരു കാര്യവും എന്നെ അറിയിക്കുന്നില്ല, താങ്കളെപ്പോലെയുള്ള സുഹൃത്തുക്കൾ പറഞ്ഞാണ് ഞാനെന്തെങ്കിലും അറിയുന്നത് എന്നാണ്. ഗ്യാനി സെയിൽസിംഗിന്റെ നിസ്സഹായത തെളിയിക്കാൻ ഇതിൽ പരം തെളിവുകൾ എന്തു വേണം. പുസ്തകത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. സത്യത്തിൽ ഇന്ത്യ-പാക് വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമുഹൂർത്തങ്ങളിലൊന്നായിരുന്നു സിക്ക് കൂട്ടക്കൊലയെന്ന് പോലും മനസ്സിലാക്കാൻ ഗ്യാനി സെയിൽ സിംഗിന് കഴിഞ്ഞില്ല. കുൽദീപ് നയ്യാരോട് അദ്ദേഹം കുമ്പസരിക്കുന്നുണ്ട്, ഭാവി തലമുറ എന്നെ എങ്ങിനെ വിലയിരുത്തമെന്ന് അറിയില്ലെന്ന് പരിതപിച്ച്.
സിക്ക് കൂട്ടക്കൊല വേളയിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പുലർത്തിയ മൗനമാണ് പിന്നീട് ഹിന്ദുത്വ ശക്തികളെ ബാബരി മസ്ജിദ് തകർക്കൽ, ഗുജറാത്ത് വംശീയ കൂട്ടക്കൊല, ഒറീസയിലെ ക്രിസ്ത്യൻ കൂട്ടക്കൊല എന്നിവക്ക് ശക്തി പകർന്നത് എന്ന് താങ്കൾ കരുതുന്നുണ്ടോ.
വളരെ ശരിയായ നിരീക്ഷണമാണത്. സിഖ് കൂട്ടക്കൊല ന്യൂനപക്ഷ ഉന്മൂലനത്തിന്റെ റിഹേഴ്സലായിരുന്നു. ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷങ്ങളും അന്ന് മൗനം പാലിച്ചു. മനുഷ്യാവകാശ സംഘടനകൾ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ചത്. ന്യൂനപക്ഷങ്ങൾ അന്ന് മൗനം പാലിച്ചത് തന്നെയാണ് പിന്നീടുള്ള വംശീയ ഹത്യകളിലേക്കും മറ്റും നയിച്ചത് എന്നു തന്നെയാണ് ഞാനും കരുതുന്നത്.
പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഇരകളുടെ ആൺ മക്കളിൽ പലരും മയക്കുമരുന്ന് അടിമകളായി മാറിയതിനെക്കുറിച്ച് താങ്കൾ പറയുന്നു. പെൺമക്കളിൽ ചിലർക്ക് മാനം വിറ്റു ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ചും. ഇത്തരം പ്രശ്നങ്ങളിൽ സമുദായ സംഘടനകളോ നേതാക്കളോ ഒരിടപെടലും നടത്തുന്നില്ലല്ലേ.
ദൽഹിയിൽ മാത്രം 200 യുവാക്കളാണ് മയക്കുമരുന്നിന് അടിമകളായി മരിച്ചത്. ഇവരെ മയക്കുമരുന്ന് അടിമകളാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എന്റെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. സിഖ് കുരുതിയുടെ ഓർമകൾ ഇവരിൽ നിന്നും തുടച്ചു കളയാൻ ഏറ്റവും നല്ലത് മയക്കുമരുന്നാണെന്ന് ചിലർ കരുതുന്നുണ്ട്. സമുദായ സംഘടകളും നേതാക്കളും ഇത്തരം പ്രശ്നങ്ങളിൽ ഒട്ടും താൽപര്യം കാണിക്കുന്നില്ലെന്ന എന്നു തന്നെ പറയണം. കൊല്ലപ്പെട്ടവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സിഖുകാരായിരുന്നു. പോർട്ടർമാർ, റിക്ഷക്കാർ എന്നീ വിഭാഗത്തിൽ പെടുന്നവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. ഇവരുടെ ഭാര്യമാർ നിരക്ഷരരും. കുടുംബത്തെ പോറ്റാൻ നിരക്ഷരായ ഈ സ്ത്രീകൾ വീട്ടു വേലക്കാരികളായി ജോലി നോക്കി. അച്ഛനില്ലാത്ത കുടുംബങ്ങളിൽ അമ്മ ജോലിക്ക് പോകുമ്പോൾ കൗമാര പ്രായക്കാരിൽ പലരും മയക്കുമരുന്ന് റാക്കറ്റുകളുടെ ഉപഭോക്താക്കളായി മാറി. ദൽഹിയിലെ സിക്ക് വിധവകളുടെ കോളനിയിൽ മയക്കുമരുന്നിന് അമ്മയോട് പണം ചോദിച്ച് വഴക്കിടുന്ന ആൺ മക്കളുടെ ആക്രോശങ്ങൾ കേൾക്കാം.
സിഖ് കുരുതിയുടെ സമയത്ത് നിരവധി അഭ്യൂഹങ്ങൾ പടരുകയും അത് കൂടുതൽ പേരെ വധിക്കാൻ ഇടയാക്കിയതായും താങ്കൾ നിരീക്ഷിക്കുന്നുണ്ടല്ലോ.
പഞ്ചാബിൽ നിന്ന് ഒരു ട്രെയിൻ നിറയെ സായുധരായ സിഖുകാർ ഡൽഹിക്ക് വരുന്നുണ്ടെന്നായിരുന്നു അതിലൊന്ന്. മറ്റൊന്ന് ഡൽഹിയിലെ കുടിവെള്ള ടാങ്കുകളിൽ സിഖുകാർ വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതും കൂട്ടക്കുരുതിയുടെ സംഘാടകർ തന്നെയായിരുന്നു. വംശീയ ഹത്യയുടെ സമയത്ത് സിഖുകാരോട് ചോദിച്ചിരുന്നത് നിങ്ങൾക്കൊക്കെ പഞ്ചാബിലേക്ക് പോയിക്കൂടെ എന്നായിരുന്നു. ഹിന്ദുത്വ വാദികൾ മുസ്ലിംകളോട് നിങ്ങൾക്കൊക്കെ ‘പാക്കിസ്ഥാനിൽ പോയിക്കൂടെ’ എന്ന് ചോദിക്കുന്ന പോലെ.
താങ്കളിപ്പോൾ തൊഴിൽരഹിതനാണ്. നിത്യജീവിതം തന്നെ പ്രശ്നത്തിലായിരിക്കുമല്ലോ. ദൽഹിയിലെ ഹിന്ദി പത്രങ്ങളൊന്നും ജോലി തരില്ലേ. പുസ്തകത്തിന്റെ വിൽപ്പന എങ്ങിനെയുണ്ട്?
എനിക്ക് ജോലി തരാൻ എല്ലാവരും ഭയപ്പെടുന്നു എന്നതാണ് സത്യം. എന്റെ പുസ്തകത്തിന്റെ റിവ്യൂ കൊടുക്കാൻ പോലും ദേശീയ മാധ്യമങ്ങൾ പേടിക്കുന്നു. ഞങ്ങളുടേത് ഒരു കൂട്ടു കുടുംബമാണ്. എന്റെ രണ്ട് ജേഷ്ഠൻമാരാണ് എന്നെ സഹായിക്കുന്നത്. അവർ വളരെ നല്ലവരായതു കൊണ്ടാണ് ഇപ്പോൾ ഞാനും ഭാര്യയും രണ്ടു മക്കളും കഴിയുന്നത്.