കൊന്നു തിന്നുന്നവരേയും മതിൽ വിലക്കുകാരേയും ബഷീർ തിരുത്തി

‘ശബ്ദങ്ങൾ’ ഇറങ്ങിയ കാലത്തും ബഷീർ മരിക്കുന്നതുവരേയും ആ നോവൽ മലയാളത്തിലെ പ്രാമാണികരായ നിരൂപകർക്കും അതിനേക്കാൾ പ്രാമാണികരായ വായനക്കാർക്കും ഒരു അശ്ലീല കൃതി മാത്രമായിരുന്നു. കാരണം, അതിൽ ഹോമോ സെക്ഷാലിറ്റി ഉണ്ട്- ബഷീറിന്റെ ചരമദിനത്തിൽ ഒരു ഓർമക്കുറിപ്പ്​

വർഷത്തെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ച ഫ്രഞ്ച്- സെനഗളീസ് എഴുത്തുകാരൻ ഡേവിഡ് ദിയോപിന്റെ നോവൽ അറ്റ് നൈറ്റ് ആൾ ബ്ലഡ് ഈസ് ബ്ലാക്ക് വായിച്ചപ്പോഴാണ് ഏതാണ്ട് സമാനം എന്നു വിളിക്കാവുന്ന പ്രമേയമുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങൾ (1947) എന്തുമാത്രം ശക്തമായ രചനയാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ടത്.

ദിയോപിന്റെ നോവലിൽ ഒന്നാം ലോക യുദ്ധത്തിൽ ഫ്രഞ്ച് സൈനികനായി പ്രവർത്തിച്ച സെനഗളീസ് യുവാവിന്റെ ആത്മവിലാപങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കിടങ്ങ് യുദ്ധത്തിന്റെ (ട്രഞ്ച് വാർ) കണ്ണാടി പ്രതിരൂപമാണ് ഈ രചന. ഒന്നാം ലോകയുദ്ധത്തിന് നൂറു വയസ്സാകുമ്പോഴാണ് ദിയോപിന്റെ നോവൽ പുറത്തു വരികയും ബുക്കർ നേടുകയും ചെയ്തത്. 1939-1945 കാലത്ത് നടന്ന രണ്ടാം ലോക യുദ്ധത്തിലെ സൈനികന്റെ കഥ ബഷീർ ശബ്ദങ്ങളിലൂടെ അവതരിപ്പിക്കുന്നത് 1947ലാണ്, യുദ്ധം കഴിഞ്ഞയുടനെ. ശബ്ദങ്ങൾ ഇറങ്ങിയ കാലത്തും ബഷീർ മരിക്കുന്നതുവരേയും ആ നോവൽ മലയാളത്തിലെ പ്രാമാണികരായ നിരൂപകർക്കും അതിനേക്കാൾ പ്രാമാണികരായ വായനക്കാർക്കും ഒരു അശ്ലീല കൃതി മാത്രമായിരുന്നു. കാരണം, അതിൽ ഹോമോ സെക്ഷാലിറ്റി ഉണ്ട്.

യുദ്ധമാണ് മനുഷ്യൻ കണ്ടെത്തിയ ഏറ്റവും ഭീകരമായ അശ്ലീലമെന്ന് ദിയോപിനെ വായിച്ച പല മലയാളികളും ഇന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ശബ്ദങ്ങൾ വായിച്ചവർക്ക് യുദ്ധ അശ്ലീലത്തെ കണ്ടെത്താനും കഴിഞ്ഞില്ല, കഴിയുമെന്ന തോന്നാനുള്ള സൂചനകളൊന്നും എവിടേയും പ്രത്യക്ഷപ്പെടുന്നുമില്ല. ബഷീർ ലോക നിലവാരമുള്ള എഴുത്തുകാരനായി ഉയർത്തപ്പെട്ട കൃതി ശബ്ദങ്ങളാണെന്നു വിശ്വസിക്കുന്ന ഒരു ബഷീർ വായനക്കാരനാണ് ഞാൻ.

നിർഭാഗ്യ വശാൽ വി. അബ്ദുള്ളയുടെ വിവർത്തനം, വോയിസസ്, ആ രചനയെ ലോകത്തിന്റെ അരങ്ങിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. പരിഭാഷ ‘മൈനർ ആർട്ടാ'ണെന്ന് കരുതുന്ന ( ലോക സാഹിത്യം മുഴുവനും നമ്മൾ വായിച്ചത് ഈ മൈനർ ആർട്ടിസ്റ്റുകളിലൂടെയായിരുന്നുവെന്ന് മറന്നു കൊണ്ടുള്ളതാണ് ഈ പരാമർശം. മാർകേസിനെ ഗ്രിഗറി റബാസയിലൂടെയാണ് നമ്മൾ വായിച്ചത്. റബേസ ഒരു മൈനർ ആർട്ടിസ്റ്റാണെന്ന അഭിപ്രായം ഏതായാലും മാർകേസിനുണ്ടായിരുന്നില്ല, പാരീസ് റിവ്യൂ ലേഖനത്തിൽ അദ്ദേഹം എഴുതി: : A good translation is always a re-creation in another language. That's why I have such great admiration for Gregory Rabassa). ശബ്ദങ്ങളുടെ പരിഭാഷയിലെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും പുതിയ പരിഭാഷകൾക്ക് ആ രചനയെ ലോക സാഹിത്യത്തിന്റെ അരങ്ങിൽ ഇനിയെങ്കിലും അവതരിപ്പിക്കാൻ കഴിയുമോ എന്നാലോചിക്കുകയും ചെയ്യേണ്ടതാണ്.

മലയാളിക്ക് യുദ്ധാനുഭവങ്ങളില്ല, അതിനാൽ സാഹിത്യത്തിലും അതില്ല എന്നൊരു ഒഴുക്കൻ മട്ടിലുള്ള പ്രസ്താവന പൊതുവിൽ നമുക്കിടയിൽ പല കാലങ്ങളിലായി ഉയർന്നുവന്നിട്ടുണ്ട്. അപ്പോൾ ശബ്ദങ്ങളോ? ആ കൃതി കൊണ്ടു വന്ന യുദ്ധാനുഭവത്തെ മലയാളിക്ക് അംഗീകരിക്കാൻ കഴിയാത്തത് ‘സദാചാര ഫോബിയ' കൊണ്ടാണോ? ദിയോപിന്റെ നോവൽ വൈകാതെ മലയാളത്തിൽ വരാനിരിക്കുന്നു. അത്തരമൊരു സന്ദർഭത്തിലെങ്കിലും ശബ്ദങ്ങൾക്ക് ‘ലോക സാഹിത്യ' മാകാനുള്ള യോഗ്യതയുണ്ടോ എന്നൊരു ചർച്ച നമുക്ക് വേണ്ടി വന്നേക്കാം എന്നുതോന്നുന്നു.

ആടുമായി എത്രയോ വർഷങ്ങളായി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചു പോരുന്ന ബഷീർ സാഹിത്യ ടാബ്ലോയിൽ നിന്ന്​ അനിവാര്യമായ മോചനം അദ്ദേഹത്തിന്റെ സാഹിത്യം നേടുക ഇത്തരമൊരു ചർച്ചയിലൂടെ മാത്രമായിരിക്കും. ബഷീർ സാഹിത്യത്തെക്കുറിച്ചു പഠിക്കുന്നവർ ആവർത്തിക്കുക മാത്രമാണ് മിക്കപ്പോഴും ചെയ്യുന്നത്. അവർക്കൊരിക്കലും നിത്യമെന്നോണം പുതുക്കപ്പെടുന്ന, പ്രവചനാത്മകയിലേക്ക് വളർന്നു കൊണ്ടേയിരിക്കുന്ന ബഷീർ സാഹിത്യത്തെ കണ്ടെത്താനേ കഴിയുന്നില്ല.

രണ്ട്​: എന്താണ്​ യഥാർഥത്തിൽ മതിലുകൾ?

മതിലുകൾ വാസ്തവത്തിൽ എന്തിനെക്കുറിച്ചാണ്? അത് മലയാളിയുടെ സ്ത്രീ-പുരുഷ ബന്ധ സങ്കൽപത്തെയല്ലേ അവതരിപ്പിക്കുകയും വിമർശിക്കുകയും ചെയ്യുന്നത്?. ആൺ- പെൺ ബന്ധത്തിനിടയിൽ പെട്ടെന്ന് വളർന്നു വലുതാകുന്ന മതിലുകളല്ലേ അത്? ദാമ്പത്യത്തിലോ പ്രണയത്തിലോ സൗഹൃദങ്ങളിലോ ആണിനും പെണ്ണിനുമിയിൽ വളരുന്ന മതിൽ. ഒട്ടിപ്പിടിച്ചാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നതിനിടെ മലയാളി ആണിനും പെണ്ണിനുമിടയിൽ വളരുന്ന മതിൽ നാം ആ രചനയിൽ കാണുകയും അനുഭവിക്കുകയുമാണ്. തുറസ്സുകൾ, സ്വാതന്ത്ര്യം ഇവ ഒരിക്കലും അനുവദിച്ചു കിട്ടാത്ത (ഇന്നും) സ്ത്രീ- പുരുഷ തടവറയല്ലേ ബഷീർ ചിത്രീകരിച്ചിരിക്കുന്നത്? ആർക്കുവേണം സ്വാതന്ത്ര്യം എന്ന ചോദ്യം മലയാളി കുടുംബഘടനയുടെ അസ്വാതന്ത്ര്യത്തിലേക്കല്ലേ ചാട്ടുളി പോലെ പായുന്നത്. മലയാളിയുടെ നിത്യ-നിതാന്തമായ സ്ത്രീ- പുരുഷ ബന്ധത്തിലെ സ്വാതന്ത്ര്യമില്ലായ്മയിലേക്കല്ലേ മതിലുകളിലെ ഞാൻ ജയിൽ മോചിതനാകുന്നത്? മതിലുകളെക്കുറിച്ച് അങ്ങിനെ ആലോചിക്കുമ്പോൾ ബഷീർ സാഹിത്യം കൂടുതൽ കൂടുതൽ ഉയരം വെക്കുന്നു. അത് മലയാളിക്ക് ഒരു പക്ഷെ ഒരു കാലത്തും ഉത്തരം കിട്ടാനിടയില്ലാത്ത ഒരു ചോദ്യത്തിന് മുന്നിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.

മൂന്ന്​: മലയാളി പറയാത്ത ഒരു ബന്ധം

സ്​ത്രീ -പുരുഷ ബന്ധത്തിന്റെ ഫോർബിഡണായ ലോകം ശശിനാസിൽ ബഷീർ ചിത്രീകരിക്കുന്നു: കോളേജ് തുറന്നു. പിന്നേയും മാസം രണ്ടു മൂന്നു കഴിഞ്ഞു. എന്നിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. അമ്മയറിഞ്ഞു; അച്ഛനറിഞ്ഞു. ഡോക്ടറെ വരുത്തി. അവർ നിർബന്ധിച്ചു. ഉപദ്രവിച്ചു. കൈയിൽ തീക്കനൽ വെച്ചു പൊള്ളിച്ചു. സഹിയാത്ത വേദനയോടെ ഞാൻ നേരു പറഞ്ഞു: മലയാളി ഒരിക്കലും പറയാത്ത ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധം ബഷീർ മാത്രമാണ് എഴുതിയത്. എന്തു കൊണ്ട്?

നാല്​: ട്രാവൽ ഫിക്ഷൻ എഴുത്തുകാരൻ

ബഷീറിന്റെ എല്ലാ കൃതിയിലും യാത്ര എന്ന മനുഷ്യ പ്രവർത്തനമുണ്ട്. ബഷീർ ഒരു ട്രാവൽ- ഫിക്ഷൻ എഴുത്തുകാരനാണ്. അതിനാൽ അദ്ദേഹം ഒരിക്കലും യാത്രാ വിവരണമെഴുതിയില്ല. ബഷീർ യാത്രകൾക്കിടയിൽ കണ്ടെത്തിയ, അനുഭവിച്ച കാര്യങ്ങൾ യാത്രാ വിവരണമായി എഴുതിയിരുന്നെങ്കിൽ ഇന്ന്​ നാം ചർച്ച ചെയ്യുന്ന ബഷീർ ആയിരിക്കില്ല ഉണ്ടാവുക. ബഷീർ ട്രാവൽ- നോൺ ഫിക്ഷൻ എഴുത്ത്​ എന്ന കാര്യത്തിൽ നിന്ന്​ കുതറി മാറി. ട്രാവൽ- ഫിക്ഷൻ എഴുത്തുകാരനായി. ബഷീറിനെപ്പോലെ ഒരു ട്രാവൽ-ഫിക്ഷൻ എഴുത്തുകാരൻ നമുക്ക് വേറെ അധികമില്ല താനും.

അഞ്ച്​: കാഴ്​ചാപരിമിതർ ബഷീറിനെ വായിക്കുന്നു

കശ്മീർ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ണുകാണാത്ത ഒരു അറബി പണ്ഡിതനെ ബഷീർ ഓർമ്മയുടെ അറകളിൽ പേരു പറയാതെ പരിചയപ്പെടുത്തുന്നുണ്ട്. റോഡ് ടു മക്കയുടെ രചയിതാവ് മുഹമ്മദ് അസദും സുഹൃത്തായ ഈ പണ്ഡിതനും ചേർന്ന് ഹദീസുകളുടെ ഇംഗ്ലീഷ് വിവർത്തനം നിർവ്വഹിക്കുന്നതിനെക്കുറിച്ചാണ് ബഷീർ പറയുന്നത്. കാഴ്​ചാ പരിമിതിയുള്ള പണ്ഡിതനെക്കുറിച്ച് ബഷീർ എഴുതിയത് വായിക്കുമ്പോൾ ഈ അടുത്ത ദിവസം ബ്രെയിലി ലിപിയിൽ പുറത്തു വന്ന രണ്ട് കൃതികൾ, വിശ്വവിഖ്യാതമായ മൂക്കും, സ്ഥലത്തെ പ്രധാന ദിവ്യനും എങ്ങിനെ കാഴ്ചാപരിമിതർക്കിടയിൽ പ്രവർത്തിക്കുമെന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കി. ഓഡിയോ പുസ്തക രൂപത്തിലോ അല്ലെങ്കിൽ കാഴ്​ചയുള്ള ഒരാൾ വായിച്ചു കൊടുത്തോ ആയിരിക്കും കാഴ്ചാപരിമിതിയുള്ളവർ ഇക്കാലത്തിനിടെ ബഷീർ സാഹിത്യം പരിചയപ്പെട്ടിട്ടുണ്ടാവുക. എന്നാൽ ബ്രെയിലി പുസ്തകങ്ങൾ ഇറങ്ങിയതോടെ അവർ നേരിട്ട് വായിക്കുകയാണ്. അത് ഇതിനു മുമ്പ് പരിചയമില്ലാത്ത ഒരു കാര്യമാണ്, അനുഭവ ലോകമാണ്. നാളെ ശബ്ദങ്ങളും മതിലുകളും ശശിനാസുമെല്ലാം ബ്രെയിലിയിലും പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. ഒരു പക്ഷെ അതിന്റെ വായനാനുഭവങ്ങളിലൂടെ ബഷീർ സാഹിത്യാനുഭവത്തെ കാഴ്​ചാപരിമിതർ ചോദ്യം ചെയ്‌തേക്കാം. അവരിൽ ബഷീർ സാഹിത്യം പ്രവർത്തിക്കുന്നത് എങ്ങിനെയായിരിക്കുമെന്നറിയാൻ പൊതു വായനാ സമൂഹം ഔൽസുക്യം കാണിക്കണം. ഒരു പക്ഷെ നമ്മുടെ ബഷീർ ധാരണകളെ അപ്പാടെ തിരുത്താൻ പോകുന്നത് അവരായിരിക്കാനും മതി.


Summary: ‘ശബ്ദങ്ങൾ’ ഇറങ്ങിയ കാലത്തും ബഷീർ മരിക്കുന്നതുവരേയും ആ നോവൽ മലയാളത്തിലെ പ്രാമാണികരായ നിരൂപകർക്കും അതിനേക്കാൾ പ്രാമാണികരായ വായനക്കാർക്കും ഒരു അശ്ലീല കൃതി മാത്രമായിരുന്നു. കാരണം, അതിൽ ഹോമോ സെക്ഷാലിറ്റി ഉണ്ട്- ബഷീറിന്റെ ചരമദിനത്തിൽ ഒരു ഓർമക്കുറിപ്പ്​


Comments