മൈഥിലി ശിവരാമൻ / Photo: Ohpakkangal Youtube Screengrab

സഖാവ് മൈഥിലി: ഒരു മാർക്‌സിസ്റ്റ് ബുദ്ധിജീവിയുടെ
യഥാർത്ഥ ദൗത്യം

കഴിഞ്ഞ മെയ് 30ന് അന്തരിച്ച, മുതിർന്ന സി.പി.എം നേതാവും അഖിലേന്ത്യ മഹിള അസോസിയേഷൻ മുൻ ദേശീയ വൈസ് പ്രസിഡന്റും ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുമായിരുന്ന മൈഥിലി ശിവരാമനെ ഓർക്കുന്നു

രിക്കൽ പോലും നേരിൽ കാണാൻ ഇടയായിട്ടില്ലെങ്കിലും സഖാവ് മൈഥിലി ശിവരാമൻ (1939- 2021) എത്രയോ കാലമായി എന്റെ മനസിലുണ്ട്. ഇന്നും ദലിതർക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും സാധാരണമായ തമിഴ്‌നാട്ടിൽ അറുപതുകളുടെ അറുതിയിൽ നടന്ന ഒരു കൂട്ട നരഹത്യയുടെ നാൾവഴിചരിത്രം തേടുന്നതിനിടെയാണ്, പിൽക്കാലത്ത് തമിഴകത്തിലെ പ്രശസ്ത രാഷ്ട്രീയ പ്രവർത്തകയായി ദേശീയതലത്തിൽ അറിയപ്പെട്ട മൈഥിലി ശിവരാമൻ, നിഖിൽ ചക്രവർത്തിയെപ്പോലൊരു വലിയ പത്രാധിപരുടെ പോലും പ്രശംസ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്വേഷണാത്മക റൂറൽ റിപ്പോർട്ടർ കൂടിയായിരുന്നുവെന്ന് ഞാനറിയുന്നത്.

തഞ്ചാവൂർ ജില്ലയിലെ കീഴ്‌വെൺമണി ഗ്രാമത്തിൽ ദലിതരായ കർഷകത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമുൾപ്പടെ 44 നിരപരാധികളെ ജന്മികളുടെ ഗുണ്ടാസംഘം ഒരു കുടിലിനുള്ളിലടച്ച് തീയിട്ടുകൊന്ന ഭയാനക സംഭവത്തിനുപിന്നിലെ ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ നിഷ്ഠൂരതകളെക്കുറിച്ച് മൈഥിലി എഴുതിയ വസ്തുനിഷ്ഠവും വിശകലനാത്മകവും രോഷജനകവുമായ ആ റിപ്പോർട്ടുകൾ നടുക്കത്തോടെയല്ലാതെ അഞ്ചു പതിറ്റാണ്ടിനുശേഷം ഇന്നും വായിക്കുവാനാവുകയില്ല.

സ്ത്രീകളും കുട്ടികളുമടക്കം 44 പേർ ജന്മിമാരാൽ കൊല്ലപ്പെട്ട കീഴ്‌വെൺമണി സംഭവത്തിൽ നിന്നുള്ള ചിത്രം. / Photo: Wikimedia Commons

അന്നവർ മാധ്യമപ്രവർത്തകയോ രാഷ്ട്രീയപ്രവർത്തകയോ ആയിക്കഴിഞ്ഞിരുന്നില്ല. മറിച്ച്, നാടിനെ നടുക്കിയ ആ സംഭവമാണ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉയർന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ അക്കാദമിക് ഗവേഷകയെന്ന നിലയിൽ ആകൃഷ്ടയായിരുന്ന മൈഥിലി ശിവരാമൻ എന്ന ബ്രാഹ്മണ യുവതിയെ സമകാലിക സാമൂഹികപ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന മാധ്യമപ്രവർത്തനത്തിലേക്കും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രബന്ധ രചനയിലേക്കും, അതിന്റെ സ്വാഭാവികമായ തുടർച്ചയെന്നോണം ദലിതർക്കും സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള ദൈനംദിന രാഷ്ട്രീയപ്രവർത്തനത്തിലേക്കും മുതിരുവാൻ നിർബ്ബന്ധിച്ചത്. സ്വന്തം നാട്ടിൽ നടന്ന അതിനിഷ്ഠൂരമായ ഒരു കൂട്ടക്കൊലപാതകത്തിന്റെ സാഹചര്യങ്ങൾ നേരിൽക്കണ്ടറിയാനിടയായപ്പോൾ നീതിബോധത്താൽ പ്രചോദിതയായി, കീഴാളപക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുകയും തമിഴ്‌നാട്ടിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി വളരുകയും ചെയ്ത സഖാവ് മൈഥിലി ശിവരാമൻ കഴിഞ്ഞ മെയ് 30നാണ്, 82ാം വയസിൽ ജീവിതത്തോട് വിടപറഞ്ഞത്.

ഒരു പൊതു ബുദ്ധിജീവി

ബൗദ്ധിക പ്രവർത്തനത്തെയും ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തെയും പരസ്പരപൂരകമായിക്കണ്ട മൈഥിലി എഴുത്തിലൂടെ മുന്നോട്ടുവെച്ച സമകാലിക സമസ്യകളെക്കുറിച്ചുള്ള സംവാദങ്ങളും അവർ നയിച്ച തൊഴിലാളി പ്രക്ഷോഭങ്ങളും തമിഴകത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ മുൻമാതൃകകളില്ലാത്തതായിരുന്നു. അവസാനത്തെ ഒരു പതിറ്റാണ്ട് സമ്പൂർണമായ സ്മൃതിനാശത്താൽ നിഷക്രിയ ജീവിതം നയിക്കേണ്ടിവന്ന മൈഥിലി ഒരേസമയം സൈദ്ധാന്തിക സംവാദങ്ങളാലും ജനകീയ പ്രക്ഷോഭങ്ങളാലും ദക്ഷിണേന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അസ്തിത്വത്തെ സാർത്ഥകമാക്കിയ അപൂർവം മഹതികളിലൊരാളായിരുന്നു.

അടിസ്ഥാന വർഗത്തിൽപ്പെട്ട സ്ത്രീകളെക്കൂടി ഉൾക്കൊള്ളുന്ന ഒരു തദ്ദേശീയ ഇടതുപക്ഷ ഫെമിനിസ്റ്റ് പ്രസ്ഥാനം എന്ന സങ്കൽപ്പം മുന്നോട്ടുവെച്ചതും അതിന് ബൗദ്ധിക നേതൃത്വം നൽകിയതും മൈഥിലി ശിവരാമനായിരുന്നു.

മാധ്യമപ്രവർത്തനവും എഴുത്തും സൈദ്ധാന്തിക സംവാദങ്ങളും തുടരുന്നതിനിടയിലും ജീവിതകാലമത്രയും അവർ ജനകീയ പ്രക്ഷോഭങ്ങളുടെ നടുവിലായിരുന്നു. ഒരുപക്ഷെ, നാലുപതിറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ അധികാരത്തിലെത്താനുള്ള മത്സര രാഷ്ട്രീയത്തിൽനിന്നും അധികാര സ്ഥാനങ്ങളിൽനിന്നും പദവികളിൽനിന്നും അകലം പാലിച്ച മൈഥിലിയെപ്പോലുള്ള നേതാക്കൾ മാർക്‌സിസ്റ്റ് പാർട്ടിയിൽപ്പോലും അധികമുണ്ടാവില്ല. തമിഴ്‌നാട്ടിലെ ആദ്യത്തെ ഇടതുപക്ഷ മഹിളാ സംഘടനയുടെ സ്ഥാപകാംഗവും മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ്് പാർട്ടിയുടെ തൊഴിലാളി സംഘടനാനേതാവുമായിരുന്ന സഖാവ് മൈഥിലി ശിവരാമനെ പോരാളിയായ ഒരു പൊതു ബുദ്ധിജീവിയെന്ന് (Public Intellectual) വിശേഷിപ്പിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്.

ഫെമിനിസ്റ്റ് എലീറ്റിസിസത്തെ തുറന്നുകാട്ടിയ ഇടപെടൽ

പാപ്പ ഉമാനാഥും കെ.പി. ജാനകിയമ്മാളും മൈഥിലിയുംചേർന്ന് എഴുപതുകളിൽ സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങൾക്കായി രൂപീകരിച്ച സംഘടനയാണ് എൺപതുകളിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്ന പേരിൽ ദേശീയതലത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടത്. ‘പെൺവിടുതി'യെന്ന ആശയത്തെ ഇന്ത്യയിലെ മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ അജണ്ടകളിലൊന്നായി അംഗീകരിപ്പിക്കുന്നതിൽ അവർ മൂവരും വഹിച്ച പങ്ക് നിസ്തുലമാണ്. തമിഴ്‌നാട്ടിലെ സാധാരണക്കാരായ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും ചൂഷണവുമായിരുന്നു പാപ്പ ഉമാനാഥിന്റെയും ജാനകി അമ്മാളുടെയും പ്രാഥമിക പ്രചോദനമെങ്കിലും ലോകമെമ്പാടും അലയടിച്ചുതുടങ്ങിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ, അടിസ്ഥാന വർഗത്തിൽപ്പെട്ട സ്ത്രീകളെക്കൂടി ഉൾക്കൊള്ളുന്ന ഒരു തദ്ദേശീയ ഇടതുപക്ഷ ഫെമിനിസ്റ്റ് പ്രസ്ഥാനം എന്ന സങ്കൽപ്പം മുന്നോട്ടുവെച്ചതും അതിന് ബൗദ്ധിക നേതൃത്വം നൽകിയതും മൈഥിലി ശിവരാമനായിരുന്നു.

കെ.പി. ജാനകിയമ്മാൾ, പാപ്പ ഉമാനാഥ്

ഉപരിവർഗ്ഗ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെ അരാഷ്ട്രീയ നാട്യങ്ങൾക്കുപിന്നിലെ എലീറ്റിസിസത്തെ തുറന്നുകാട്ടുന്നവയാണ് അറുപതുകൾ മുതൽ ഇംഗ്ലീഷിലും തമിഴിലും അവരെഴുതിയ പ്രബന്ധങ്ങളും റിപ്പോർട്ടുകളും. ഇന്ത്യയെപ്പോലൊരു രാജ്യത്തെ ഫെമിനിസത്തിന്റെ പ്രയോഗിക സ്വരൂപം എന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ള ദൃഷ്ടാന്തപാഠങ്ങളാണ് അവ. ദലിതരും ആദിവാസികളും തൊഴിലാളികളും ഉൾപ്പെടുന്ന കീഴാളരുടെ അവകാശ സമരങ്ങളോടൊപ്പം അണിചേർന്നുകൊണ്ടേ സ്ത്രീവിമോചനം എന്ന സങ്കൽപം ഇന്ത്യയിൽ സാക്ഷാത്കരിക്കാനാവൂ എന്ന മാർക്‌സിസ്റ്റ് ഫെമിനിസത്തിന്റെ നിലപാടിനെ അവലംബിച്ചാണ് ഇടതുപക്ഷ മഹിളാപ്രസ്ഥാനത്തെ മൈഥിലിയും സഖാക്കളും വിഭാവനം ചെയ്തതും വികസിപ്പിച്ചതും.

ഉപരിവർഗ്ഗ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെ അരാഷ്ട്രീയ നാട്യങ്ങൾക്കുപിന്നിലെ എലീറ്റിസിസത്തെ തുറന്നുകാട്ടുന്നവയാണ് അറുപതുകൾ മുതൽ ഇംഗ്ലീഷിലും തമിഴിലും അവരെഴുതിയ പ്രബന്ധങ്ങളും റിപ്പോർട്ടുകളും.

ജാതീയതയെയും കീഴാളസമൂഹങ്ങളുടെ അധഃസ്ഥിതാവസ്ഥയെയും സ്ത്രീപുരുഷ വിവേചനത്തെയും അവയുടെ തദ്ദേശീയമായ സങ്കീർണ സവിശേഷതകൾക്കനുസൃതമായി മാർക്‌സിയൻ വിശകലനപദ്ധതികളുപയോഗിച്ച് യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുവാനും അതിനനുസൃതമായൊരു ബഹുജന മുന്നേറ്റം നയിക്കുവാനും കഴിഞ്ഞുവെന്നതാണ് സഖാവ് മൈഥിലിയുടെ മുഖ്യ സംഭാവന.

ക്യൂബയിലേക്ക് സാഹസികമായ ഒരു അനധികൃത യാത്ര

മദിരാശിയിലെ ഒരു മധ്യവർഗ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മൈഥിലിയുടെ ജനനം. പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്തശേഷം അമേരിക്കയിലെ സിറാക്യൂസ് സർവകലാശാലയിൽ ഉപരിപഠനം പൂർത്തിയാക്കിയ മൈഥിലി ഐക്യരാഷ്ട്രസഭയുടെ ഡീ കോളനൈസേഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന കാലത്താണ് മാനവരാശിയെത്തന്നെ വെല്ലുവിളിക്കുന്ന സാമ്രാജ്യത്വത്തിന്റെയും നവസാമ്രാജ്യത്വത്തിന്റെയും അധിനിവേശ പദ്ധതികളെക്കുറിച്ച് ആഴത്തിൽ മനസിലാക്കുന്നത്. വർണവിവേചനത്തിനെതിരെയുള്ള കറുത്തവർഗക്കാരുടെ പോരാട്ടങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളും അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തോടുള്ള പ്രതിഷേധങ്ങളും അമേരിക്കയിലും യൂറോപ്പിലും സജീവമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയുംകുറിച്ചുള്ള പുതിയ സങ്കൽപ്പങ്ങളുമെല്ലാം സജീവമായ അറുപതുകളിലെ സംഘർഷഭരിതമായ ചരിത്രസന്ദർഭത്തിലാണ്, അക്കാലത്ത് അമേരിക്കയിലുണ്ടായിരുന്ന മൈഥിലിയുടെ രാഷ്ട്രീയ പക്ഷപാതിത്വം പക്വതയാർജ്ജിക്കുന്നത്.

സാമൂഹിക വിമർശകയായ എഴുത്തുകാരിയെന്ന നിലയിലും മാധ്യമപ്രവർത്തകയെന്ന നിലയിലുമുള്ള അവരുടെ ഇടപെടലുകൾ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിലോമ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കും ഫ്യൂഡൽ മനോഭാവത്തിനും എതിരായ കലാപങ്ങൾ കൂടിയായിരുന്നു

സാമ്രാജ്യത്വാധിനിവേശത്തിനെതിരെ ചെ ഗുവേരയുടെയും ഫിദൽ കാസ്‌ട്രോയുടെയും നേതൃത്വത്തിൽ നടന്ന ക്യൂബൻ വിപ്‌ളവം ആ രാജ്യത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചറിയാനുള്ള ആകാംക്ഷയുമായാണ് മൈഥിലി അവിടേക്ക് അതിസാഹസികമായ ഒരു അനധികൃത യാത്ര നടത്തുന്നത്. മൂന്നാഴ്ചത്തെ ക്യൂബൻ പര്യടനം കഴിഞ്ഞ് അമേരിക്കയിൽ തിരിച്ചെത്തിയത് ഒരു പുതിയ ലോകത്തിന്റെയും മാനവികതയുടെയും സാദ്ധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷകളുമായാണെന്ന് മൈഥിലി പിൽക്കാലത്ത് അനുസ്മരിക്കുന്നുണ്ട്.
അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള അമർഷമാണ് അവിടെ വാഗ്ദാനം ചെയ്യപ്പെട്ട ജോലികളുപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ അവരെ ​പ്രേരിപ്പിച്ചത്. ഫോർഡ് ഫൗണ്ടേഷന്റെ ഒരു ഇന്ത്യൻ ഗവേഷണ പദ്ധതി ഉപേക്ഷിച്ചതിന്റെ കാരണവുമതായിരുന്നു. വർഗ- വർണ വിവേചനങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും മനുഷ്യത്വരാഹിത്യത്തോടുള്ള രോഷം അതിന്റെ ഇന്ത്യൻ രൂപങ്ങളോടുള്ള പോരാട്ടം അനിവാര്യമാക്കുന്നുവെന്ന നിലപാടിലേക്ക് മൈഥിലിയെ നയിച്ചുവെങ്കിലും തന്റെ ലോകവീക്ഷണത്തിന് അനുസൃതമായ പാർട്ടിയോ പ്രസ്ഥാനമോ ഏതെന്ന് അപ്പോഴും അവർക്ക് അവ്യക്തമായിരുന്നു. ക്യൂബയിലെ ജനാധിപത്യരീതിയിലുള്ള ഭൂവിതരണ സമ്പ്രദായത്തെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച് നേരിട്ട് മനസിലാക്കുവാൻ കഴിഞ്ഞതിനാൽ ഇന്ത്യയിലെത്തിയപ്പോൾ വിനോബാ ഭാവേയുടെ ഭൂദാന പ്രസ്ഥാനവുമായാണ് അവർ തുടക്കത്തിൽ ബന്ധപ്പെട്ടത്. വിനോബയെക്കാണാൻ ബോധ്ഗയയിലെ ആശ്രമത്തിലെത്തിയെങ്കിലും സർവ്വോദയപ്രസ്ഥാനത്തിന്റെ മതാത്്മകശൈലിയിലുള്ള പ്രാർത്ഥനകളും അനുഷ്ഠാനപരതയും ഭൂരഹിതരുടെ അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള രാഷ്ട്രീയപ്രവർത്തനത്തിന്റെ വഴിയല്ലെന്നറിയാമായിരുന്ന മൈഥിലി വളരെവേഗം അതിനോട് വിടപറഞ്ഞു.

കീഴ്‌വെൺമണിയിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

നാട്ടിൽ തിരിച്ചെത്തിയ മൈഥിലി പിന്നീട് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതിസ്പർദ്ധയെയും, കർഷകത്തൊഴിലാളികളുടെയും പാവപ്പെട്ട ഗ്രാമീണരുടെയും ദുരിതജീവിതത്തിന്റെ സാഹചര്യങ്ങളെയും കുറിച്ചുള്ള പഠനാന്വേഷണങ്ങളിലാണ് വ്യാപൃതയായത്. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ജനകീയ പ്രസ്ഥാനങ്ങളുമായും പൊതുപ്രവർത്തകരുമായും ആശയവിനിമയം നടത്തുവാനും അവർ ഉത്സുകയായിരുന്നു. അക്കാലത്താണ് സാധാരണ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും മൈഥിലി ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ എഴുതിത്തുടങ്ങിയത്. അറുപതുകളിൽ അവരെഴുതിയത് കൂടുതലും പട്ടികജാതിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും സാമൂഹികാവസ്ഥകളെക്കുറിച്ചായിരുന്നു.

മൈഥിലി ശിവരാമൻ ഒരു നിരാഹാര സത്യാഗ്രഹത്തിനിടെ.

രത്‌നപുരി എന്ന പട്ടികജാതി ഗ്രാമത്തെക്കുറിച്ച് അവരെഴുതിയ (Children of Darkness, Mainstream Weekly, July, 1969) എന്ന റിപ്പോർട്ട് പ്രസിദ്ധീകരണത്തിനായി അയച്ചുകിട്ടിയപ്പോൾ പത്രാധിപർ നിഖിൽ ചക്രവർത്തി അവർക്കെഴുതി:My dear Shivaraman, This is to congratulate you on an excellent piece you have written... this is a fine piece of reportage and we would publish more such reportage from other parts of the country.. It reminded me of early days of when in the 40's I had specialised mainly for the CPI central organ. I hope you will keep it up and write more often on various subjects particularly about the life of the underdog in our country....I would welcome your writing every week , but if that is not possible at least once a fortnight. Please think over this and let me know your decision on it. with warmest greetings, Nikhil Chakravarty.

ഒരു മുഴുവൻ സമയ പത്രലേഖികയും എഴുത്തുകാരിയുമാവാൻ ആരെയും പ്രലോഭിപ്പിക്കുന്ന ഇത്തരമൊരു കത്ത് നിഖിൽ ചക്രവർത്തിയെപ്പോലൊരു പത്രാധിപരിൽനിന്ന് കിട്ടിയിട്ടും എഴുത്തിനെ ഒരു കരിയറായിക്കാണുന്നതിനുപകരം തന്റെ സാമൂഹിക പ്രതിബദ്ധത നിർവ്വഹിക്കാനുള്ള പലതരം പ്രവർത്തനങ്ങളിലൊന്നുമാത്രമായാണ് മൈഥിലി ശിവരാമൻ പരിഗണിച്ചത്. സാമൂഹിക വിമർശകയായ എഴുത്തുകാരിയെന്ന നിലയിലും മാധ്യമപ്രവർത്തകയെന്ന നിലയിലുമുള്ള അവരുടെ ഇടപെടലുകൾ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിലോമ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കും ഫ്യൂഡൽ മനോഭാവത്തിനും എതിരായ കലാപങ്ങൾ കൂടിയായിരുന്നു. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് മാധ്യമങ്ങൾ നടത്തിക്കൊണ്ടിരുന്ന വ്യാജപ്രചാരണങ്ങളെ വിമർശിച്ച് എൻ. റാമിന്റെയും അന്ന് ഇടതുപക്ഷക്കാരനായിരുന്ന പി. ചിദംബരത്തിന്റെയും പിന്തുണയോടെ സ്വന്തം പത്രാധിപത്യത്തിൽ മൈഥിലി പസിദ്ധീകരിച്ചിരുന്ന അൽപായുസ്സായ ദ റാഡിക്കൽ റിവ്യൂ മാസികയിലെഴുതിയ ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്: The ‘free press' of India, ever on the prowl for a chance to malign peoples movements, found a juicy one in the decision to implement land legislation in Kerala without waiting for the state to move in.. The dailies screamed: ‘land grab, land grab!' Correspondents went profusely over the fate of the landlords, small and big.

മൈഥിലി ശിവരാമൻ കീഴ്‌‍വെൺമണിയിൽ

മെയിൻസ്ട്രീമിൽ ആദ്യലേഖനം പ്രസിദ്ധീകരിച്ച് അധികനാൾ കഴിയുംമുമ്പെയാണ് ദാരുണമായ കീഴ്‌വെൺമണി സംഭവം ഉണ്ടാവുന്നതും മൈഥിലി അതേക്കുറിച്ച് ദേശീയശ്രദ്ധയാകർഷിച്ച മൂന്ന് റിപ്പോർട്ടുകൾ എഴുതുന്നതും. 1968-ൽ തഞ്ചാവൂർ ജില്ലയിലെ കീഴ്‌വെൺമണി ഗ്രാമത്തിൽ ദലിതരായ 44 കർകത്തൊഴിലാളികളെ ചുട്ടുകൊന്ന വാർത്തയറിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം അവിടെയെത്തിയ മൈഥിലിയെയും പൊതുപ്രവർത്തകരായ രണ്ട് സ്‌നേഹിതരെയും പൊലീസ് തടഞ്ഞുവെച്ചത് കേരളത്തിലെ നക്‌സലൈറ്റ് കലാപത്തിലൂടെ അതിനകം പ്രശസ്തയായ അജിതയുടെ സംഘത്തിൽപ്പെട്ടയാളാണ് മൈഥിലിയെന്നാരോപിച്ചുകൊണ്ടാണ്. അമേരിക്കയിൽനിന്ന് മടങ്ങിയെത്തിയ ഒരു ബ്രാഹ്മണ യുവതിക്ക് ദലിതർ കൊലചെയ്യപ്പെട്ട കീഴ്‌വെൺമണിയിൽ പോകേണ്ട കാര്യമില്ലെന്നായിരുന്നു പൊലീസ് ന്യായം. എന്നാൽ, കൂടെയുണ്ടായിരുന്ന മാർക്‌സിസ്റ്റ് പാർട്ടി പ്രവർത്തകന്റെയും സർവ്വോദയ പ്രവർത്തകയുടെയും ബന്ധങ്ങളുപയോഗിച്ച് പൊലീസ് കസ്റ്റഡിയിൽനിന്ന് പിറ്റേന്ന് രാവിലെ മോചിപ്പിക്കപ്പെട്ട അവർ ദുരന്തം നടന്ന ഗ്രാമം സന്ദർശിച്ച് കർഷകത്തൊഴിലാളികളിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

കീഴ്‌വെൺമണി സംഭവമാണ്​ അവരെ ഒരു ഉറച്ച കമ്യൂണിസ്റ്റുകാരിയാക്കിയത്​. നിരപരാധികളായ ദലിതർക്ക് നീതിലഭിക്കാനായി മൈഥിലിയും സഹപ്രവർത്തകരും സഖാക്കളും പാർട്ടിയും നീണ്ട 19 വർഷമാണ് നിയമയുദ്ധം നടത്തിയത്.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതിൽനിന്ന് തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് ആ കൊലപാതകത്തെക്കുറിച്ച് മൈഥിലിക്ക് ലഭിച്ചത്. മെയിൻസ്ട്രീം വാരികയിലും ഇക്കോണമിക്ക് ആൻറ്​ പൊളിറ്റിക്കൽ വീക്കിലിയിലും അവരെഴുതിയ റിപ്പോർട്ടുകളും ലേഖനങ്ങളുമാണ് കീഴ്‌വെൺമണിയിലെ കൂട്ട നരഹത്യയുടെയും തമിഴ്‌നാട്ടിലെ കർഷകത്തൊഴിലാളികൾ ജന്മിമാരിൽനിന്ന് നേരിടുന്ന കൊടിയ പീഡനങ്ങളുടെയും യഥാർത്ഥചിത്രം വെളിപ്പെടുത്തിയത്. കീഴ്‌വെൺമണിയെക്കുറിച്ച് അവരെഴുതിയ മൂന്ന് റിപ്പോർട്ടുകളിലൊന്നിന്റെ ശീർഷകം തന്നെ, Keelvenmani and the ‘free press' എന്നായിരുന്നു. ‘സ്വതന്ത്ര മാധ്യമങ്ങൾ' എന്നഭിമാനിക്കുന്ന മുഖ്യധാരാ ദിനപത്രങ്ങളുടെ ഭരണകൂടവിധേയത്വത്തെയും ജനവിരുദ്ധരാഷ്ട്രീയത്തെയും വിമർശിക്കുന്നതായിരുന്നു വസ്തുനിഷ്ഠമായ ആ വൃത്താന്തകഥ.
കൂലിവർദ്ധനവ് ആവശ്യപ്പെട്ട കർഷകത്തൊഴിലാളികളെ കൂട്ടത്തോടെ ചുട്ടുകൊന്ന ജന്മികളുടെ ഗുണ്ടകളെ കുറ്റവിമുക്തരാക്കി അവർ മാന്യന്മാരാണെന്ന ഒരു പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. The Gentlemen Killers of Kilvenmani ( EPW, May,1 973) എന്ന ശീർഷകത്തിലെഴുതിയ ഒരു ലേഖനത്തിലൂടെയാണ് കോടതി നിലപാടിനോട് മൈഥിലി രോഷാകുലയായി പ്രതികരിച്ചത്. അപ്പോഴേക്കും കീഴ്‌വെൺമണി അവരെ ഒരു ഉറച്ച കമ്യൂണിസ്റ്റുകാരിയാക്കിക്കഴിഞ്ഞിരുന്നു. നിരപരാധികളായ ദലിതർക്ക് നീതിലഭിക്കാനായി മൈഥിലിയും സഹപ്രവർത്തകരും സഖാക്കളും പാർട്ടിയും നീണ്ട 19 വർഷമാണ് നിയമയുദ്ധം നടത്തിയത്.

ഇടതുപക്ഷത്തിന് ദിശാബോധം നൽകിയ ജീവിതം

അവസാന കാലത്ത്, ഓർമകൾ വിട്ടുപിരിയാൻ തുടങ്ങിയ ഘട്ടത്തിൽ ജീവിതപങ്കാളിയും സഖാവുമായ കരുണാകരനോടൊപ്പം കീഴ്‌വെൺമണിയിലെ രക്തസാക്ഷി കുടീരത്തിലെത്തി മുഷ്ടിയുയർത്തി നിശ്ശബ്ദം ലാൽ സലാം പറയുന്ന സഖാവ് മൈഥിലിയുടെ പഴയൊരു വീഡിയോ അത്യധികമായ സങ്കടങ്ങളോടെയാണ് ഞാൻ കണ്ടത്. പ്രമുഖ ചരിത്രപണ്ഡിതയും ഡോക്യുമെന്ററി സംവിധായികയുമായ ഉമ ചക്രവർത്തി സഖാവ് മൈഥിലിയെക്കുറിച്ചെടുത്ത സമഗ്രവും മനോഹരവുമായ ഡോക്യുമെന്ററിയിൽ (Fragmetns of a Past, 2012, PSBT) ആ ദൃശ്യവുമുണ്ട്.

പല കാലത്തായി ഷൂട്ടുചെയ്ത ഫൂട്ടേജുകളുള്ള ആ ഡോക്യുമെന്ററിയോളം പ്രധാനപ്പെട്ട മറ്റൊരു ദൃശ്യരേഖയാണ് 1999-ൽ പ്രമുഖ മാധ്യമപ്രവർത്തകനും നാടകപ്രവർത്തകനുമായിരുന്ന ജ്ഞാനി ശങ്കരനുമായുള്ള മൈഥിലിയുടെ ദീർഘസംഭാഷണം ( യൂട്യൂബിൽ ലഭ്യമാണ്.) സ്വന്തം രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും പുതിയ കാലത്തെക്കുറിച്ചും സംസാരിക്കുന്ന മൈഥിലി പിൽക്കാലത്ത് ഇടതുപക്ഷത്തിനുണ്ടായ ബൗദ്ധിക ബലക്ഷയത്തെക്കുറിച്ചും ആത്മവിമർശനമെന്ന മട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെട്ട ഒരു നേതാവിന്റെ, വെറും പ്രായോഗിക രാഷ്ട്രീയത്തെ ലാക്കാക്കുന്ന സങ്കുചിതമായ അഭിപ്രായപ്രകടനങ്ങളായിരുന്നില്ല സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചെഴുതുമ്പോൾ സഖാവ് മൈഥിലി ശിവരാമൻ പുലർത്തിയിരുന്നത്. വെറും പാർട്ടിക്കൂറല്ല; അക്കാദമിക് സത്യസന്ധത ഉയർത്തിപ്പിടിക്കുന്ന മാർക്‌സിയൻ പക്ഷപാതിത്വമാണ് ആ എഴുത്തിന്റെ പ്രസാദവും പ്രസകതിയും. മൈഥിലിയുടെ ഓർമകൾ മങ്ങിത്തുടങ്ങിയ കാലത്താണ് അവരുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം ( Haunted by Fire, 2013, Left Word) മകളും ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുമായ കൽപ്പന കരുണാകരനും ചരിത്രഗവേഷകയായ വി. ഗീതയും ചേർന്ന് സമാഹരിച്ചത്. ആ പുസ്തകത്തിന് മുമ്പേ, പാട്രിയാർക്കിയുടെ ഇരയായി മൂകജീവിതം നയിക്കുമ്പോൾത്തന്നെ വായനയിലൂടെ ചിന്തയുടെയും സർഗാത്മകതയുടെയും മാനവികതയുടെയും ലോകങ്ങളിലേക്ക് ഗൂഢമായി സഞ്ചരിച്ച സ്വന്തം മുത്തശ്ശിയെക്കുറിച്ചുള്ള ഒരു ആഖ്യാനം ( Gragmetns of a Life, Zuban) മൈഥിലി പ്രസിദ്ധീകരിച്ചിരുന്നു.

ഒരു മാർക്‌സിസ്റ്റ് ബുദ്ധിജീവിയുടെ യഥാർത്ഥ ദൗത്യമെന്താണെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച നമ്മുടെ കാലത്തെ മഹതികളിലൊരാളായിരുന്നു സഖാവ് മൈഥിലി ശിവരാമൻ.

മുത്തശ്ശിയുടെ ഗ്രന്ഥശേഖരവും ദിനസരിക്കുറിപ്പുകളും സ്വന്തം ബാല്യകാലസ്മൃതികളുമെല്ലാം അവലംബമാക്കിയാണ് നിശ്ശബ്ദജീവിതം നയിച്ച ഒരു സ്ത്രീയുടെ സ്വാതന്ത്ര്യകാമനകളെ കാൽപനികതയുടെ ആവരണമില്ലാതെ അതീവ ഹൃദ്യമായി മൈഥിലിയെന്ന എഴുത്തുകാരി പുനഃസൃഷ്ടിക്കുന്നത്. ഫെമിനിസ്റ്റായ മൈഥിലി തന്റെ വേരുകളിലേക്ക്് തിരിച്ചെത്തി സ്വന്തം കാലത്തെയും സ്ത്രീത്വത്തെയും ഓർമിച്ചെടുക്കുകയും പുതുതായി നിർവ്വചിക്കുകയും ചെയ്യന്ന അപൂർവ്വമായൊരു കൃതിയാണിത്. നിഖിൽ ചക്രവർത്തി അരനൂറ്റാണ്ടുമുമ്പ് മൈഥിലിയുടെ എഴുത്തിൽ കണ്ടെത്തിയ സവിശേഷതകളുടെ ഒരു പരമസാക്ഷാത്കാരമാണ് അദൃശ്യവൽക്കരിക്കപ്പെട്ട സ്ത്രീജീവിതത്തിന്റെ സത്യസന്ധമായ ഒരു സാമൂഹികരേഖയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആഖ്യാനം.
ദേശീയതലത്തിൽ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകയോ എഴുത്തുകാരിയോ അക്കാദമിക്കോ ബ്യൂറോക്രാറ്റോ ആയി സുരക്ഷിത ജീവിതം നയിക്കുവാനുള്ള പ്രലോഭനങ്ങളെ നിരാകരിച്ചുകൊണ്ടാണ് അപായകരമായ തൊഴിലാളിവർഗ രാഷ്ട്രീയപ്രവർത്തനത്തിനായി മൈഥിലി സ്വയം സമർപ്പിച്ചത്.

മൈഥിലി ശിവരാമൻ, 1960-കളിലെ ഒരു ചിത്രം.

ദരിദ്രസാഹചര്യങ്ങളിൽ വളർന്ന കെ.പി. ജാനകി അമ്മാളെയും (1917-1992) അടിസ്ഥാന- വർഗ്ഗത്തിൽനിന്നുയർന്നുവന്ന പാപ്പ ഉമാനാഥിനെയും പോലുള്ള ( 1931-2020) സമകാലികരായ പ്രമുഖ ഇടതുപക്ഷ വനിതാനേതാക്കൾ തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നുവെങ്കിലും സങ്കീർണമായ സാമൂഹികപ്രവണതകളെ മാർക്‌സിയൻ കാഴ്ച്ചപ്പാടിലൂടെ കാലാനുസൃതം അപഗ്രഥിക്കുവാനാവശ്യമായ സൈദ്ധാന്തിക ജ്ഞാനമുള്ള നേതാക്കൾ അക്കാലത്ത് അപൂർവ്വമായിരുന്നു. വിദേശപഠന കാലത്തുതന്നെ ഹിംസാത്മകമായ നവസാമ്രാജ്യത്വത്തെയും അതിന് ബദലായി ലോകമെമ്പാടും ഉയർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെയും ആഴത്തിൽ മനസിലാക്കുവാൻ കഴിഞ്ഞ മൈഥിലിയുടെ സാന്നിദ്ധ്യം തമിഴ്‌നാട്ടിലെ മാർക്‌സിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് പൊതുവെയും പുതിയ ദിശാബോധം നൽകിയെന്നത് ഒരത്യുക്തിയല്ല.

ഒരു മാർക്‌സിസ്റ്റ് ബുദ്ധിജീവിയുടെ യഥാർത്ഥ ദൗത്യമെന്താണെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച നമ്മുടെ കാലത്തെ മഹതികളിലൊരാളായിരുന്നു സഖാവ് മൈഥിലി ശിവരാമൻ. അതുകൊണ്ടാണ് അവരുമായി ഇടപഴകുവാൻ കഴിയാതെ പോയ എനിക്കുപോലും ആ വിയോഗം വേദനാകരമാവുന്നത്.
ലാൽസലാം സഖാവേ! ▮


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments