ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ചെന്ന് എംടിയെ കാണുമ്പോൾ എന്റെ മനസ്സ് പറഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല. ജീവിതാസ്തമയത്തിന്റെ ക്ലേശങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. മരണം പടിവാതിൽക്കലെത്തിയിട്ടുണ്ട്. മരണത്തെ പലപ്പോഴും തോല്പിച്ച മനുഷ്യനാണ്. ആ ജീവിതാസക്തി ഞാനറിഞ്ഞിട്ടുണ്ട്. ഞാൻ മെല്ലെ അടുത്ത് ചെന്ന് ആ കൈകൾ ചേർത്തു പിടിച്ചു. മനസ്സിലായോ എന്ന എന്റെ ചോദ്യത്തിന് മറുപടിയെന്ന പോൽ അദ്ദേഹം കൈകൾ വിടുവിച്ച് അതുമെല്ലെ ഉയർത്തി എന്റെ കവിളിലൊന്നു തലോടി. പതിവില്ലാത്തതാണ് ഇത്തരം സ്നേഹ പ്രകടനങ്ങൾ. ആശുപത്രിയിൽ നിന്നും വീട്ടിലേക്കു പോകണമെന്ന വലിയ വാശിയിലായിരുന്നു അപ്പോൾ. “അസുഖമൊക്കെ മാറിയിട്ട് വീട്ടിലേക്ക് പോകാം. എന്നിട്ട് നമുക്കവിടെയിരുന്ന് വീണ്ടും വർത്തമാനം പറയണം.” ഞാൻ പറഞ്ഞു. “നമ്മളൊരുപാട് പറഞ്ഞതല്ലേ” ക്ലേശത്തോടെ ചുണ്ടു ചെരിച്ച് നേരിയ ശബ്ദത്തിൽ അദ്ദേഹം മറുപടി പറഞ്ഞു. ഞാൻ പോകാൻ പുറപ്പെട്ടപ്പോൾ പതിവുപോലെ “നമുക്ക് കാണാം” എന്നും പതുക്കെ പറഞ്ഞു. മിക്കപ്പോഴും സിത്താരയിലെ കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ആ വാചകം വരും - “നമുക്ക് കാണാം.” ഇനിയതുണ്ടാവില്ല.
എംടി അവസാനമായി യാത്ര പറഞ്ഞിരിക്കുന്നു. ഒന്നുരണ്ടു തവണ ഞാൻ എംടിയോട് മരണത്തെപ്പറ്റി ചോദിച്ചിട്ടുണ്ട്. മറുപടി കൃത്യമായിരുന്നു. ആ ചോദ്യത്തിനുള്ള ധൈര്യം ആരാണ് എനിക്കു തന്നത്! “മരണ ചിന്തയൊന്നുമില്ല. അതൊക്കെ നാച്വറൽ സ്വഭാവമല്ലേ? എപ്പോൾ, എന്ന് എന്നൊന്നും ആലോചിക്കാറില്ല. അതു വരും അത്ര തന്നെ. അതിന്റെ സഫിറങ്ങിനെപ്പറ്റി ആലോചിക്കുമ്പോൾ വിഷമമുണ്ട്.” അവസാനം വരെ എഴുതാനും വായിക്കാനും കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ദ്യാന അത്തിലിന്റെ (Diana Athill) കാര്യം ഒരിക്കൽ പറഞ്ഞു. അവർക്ക് അന്ന് നൂറു വയസ്സോ മറ്റോ ആയി. ആയിടയ്ക്ക് എംടി അവരുടെ ആത്മകഥ വായിച്ചിരുന്നു. തൊണ്ണൂറ്റിയാറാം വയസ്സിൽ എഴുതിയ ആത്മകഥ.

അതുപോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നിരിക്കാം. ആ മനസ്സ് ശൂന്യമായിരുന്നില്ല. എഴുതാനായി പലതും മനസ്സിലങ്ങനെ കൊണ്ടു നടന്നിരുന്നു. പലതുകൊണ്ടും എഴുത്ത് നടന്നില്ല. സ്വയം തൃപ്തിവരാതെ ഒരു വരി പോലും അദ്ദേഹം കുറിച്ചില്ല. ആ മനസ്സിന് തൃപ്തിവരാൻ എളുപ്പവുമായിരുന്നില്ല. അതിനാൽ എംടി എഴുതാതെ പോയ പലതും ആ മനസ്സിലുണ്ടായിരുന്നു. ഒടുക്കം മരണം വന്നു ചേർന്നു. അല്പം സഫറിങ്ങോടെ എംടിയെത്തേടി മരണമെത്തി. ഇനി നമ്മുടെ കൂടിക്കാഴ്ചകളില്ല, വർത്തമാനങ്ങളില്ല, ആശങ്കകളോടെയുള്ള ചോദ്യങ്ങളില്ല. “….. ഇന്നയാൾക്ക് എന്തു പറ്റി ഇങ്ങനെയായിരുന്നില്ലല്ലോ കേട്ടിരുന്നത്. ഇപ്പോൾ കേൾക്കുന്നതെല്ലാം സത്യമാണോ?” പ്രതീക്ഷയർപ്പിച്ച നേതാക്കളെക്കുറിച്ചുള്ള മോശം വാർത്തകൾ എംടിയെ അസ്വസ്ഥനാക്കാറുണ്ട്. അദ്ദേഹം എല്ലാം ശ്രദ്ധിക്കുമായിരുന്നു. എല്ലാവരേയും മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു. എല്ലാറ്റിൽ നിന്നും ഒരകലം പാലിക്കുകയും ചെയ്തു.
ആദ്യത്തെ അനുഭവം
“കോഴിക്കോട്ടു നിന്ന് എംടിയാണ്… സുധീറല്ലേ? ഫോണിന്റെ അങ്ങേ തലക്കൽ ഘനഗംഭീരമായ ആ ശബ്ദം കേട്ടപ്പോൾ എനിക്കുണ്ടായ വികാരം എന്താണെന്ന് പറഞ്ഞറിയിക്കാൻ എന്റെ ഭാഷയിൽ വാക്കുകളില്ല. എംടിയെ ഒന്നു കാണാനും കേൾക്കാനും കൊതിച്ചുനടന്ന കാലത്താണ് അതുണ്ടായത്. ഞാൻ ജോലി ചെയ്തിരുന്ന ബുക്ക്സ്റ്റാളിലെ ലാൻ്റ് ഫോണിലാണ് എംടിയുടെ വിളി വന്നത്. എം.കൃഷ്ണൻ നായർ വാരഫലത്തിലെഴുതിയ ഒരു പുസ്തകം ആവശ്യപ്പെട്ട് വിളിച്ചതാണ്. എന്നെ വിളിക്കാൻ കൃഷ്ണൻ നായർ തന്നെയാണ് ആവശ്യപ്പെട്ടത്. അതാണ് ആദ്യത്തെ എംടി അനുഭവം. അസുരവിത്തും കാലവും മഞ്ഞുമൊക്കെ വായിച്ച് അന്തം വിട്ട കാലം. ആവശ്യപ്പെട്ട പുസ്തകം അദ്ദേഹത്തിന് എത്രയും വേഗം എത്തിച്ചു കൊടുത്തു. അതവിടെ തീർന്നു.

കുറച്ചു മാസം കഴിഞ്ഞ് എംടിയുടെ ഒരു സുഹൃത്തിനെ കണ്ടപ്പോൾ ഞാനൊരു പരാതി പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിനെപ്പറ്റിയാണ്. ആയിടെ അതിലെ പുസ്തക പ്രപഞ്ചം എന്ന പംക്തിയിൽ സാഹിത്യഗുണമില്ലാത്ത ചില പൈങ്കിളി ഇംഗ്ലിഷ് നോവലുകളെപ്പറ്റി കുറേ കുറിപ്പുകൾ വന്നിരുന്നു. അത് മാതൃഭൂമിക്കു ചേരില്ല എന്നായിരുന്നു ഞാൻ പരാതിയായി പറഞ്ഞത്. അത് എംടിയുടെ ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരുന്നു എന്നും സൂചിപ്പിച്ചു. ഒരു മൂന്നാഴ്ച കഴിഞ്ഞു കാണും. മാതൃഭൂമിയിൽ നിന്നും ഒരു കത്ത്. ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപർ എ. സഹദേവേനാണ് എഴുതിയിരിക്കുന്നത്. ആഴ്ചപ്പതിപ്പിലെ പുസ്തക പ്രപഞ്ചം പംക്തിയിലേക്ക് പതിവായി എഴുതാമോ എന്നാണ് കത്തിൽ അന്വേഷിച്ചിരിക്കുന്നത്. “സുധീറിന്റെ പേര് എനിക്ക് തന്നത് എംടി തന്നെയാണ്. വലിയ വായനക്കാരനാണെന്ന് എംടി പറയുകയുണ്ടായി.'’ കത്തിലെ ആ വാചകങ്ങൾ വായിച്ച് ഞാൻ അക്ഷരാർത്ഥത്തിൽ നിശ്ചലനായി നിന്നു പോയി.
അങ്ങനെയാണ് മാതൃഭൂമിയിൽ ആദ്യത്തെ ലേഖനമെഴുതുന്നത്. 1999 മുതൽ ആ പംക്തിയിൽ പല പുസ്തകങ്ങളെപ്പറ്റിയും എഴുതി. ഇടയ്ക്ക് വെച്ച് എംടി മാതൃഭൂമി വിട്ടു. സഹദേവേട്ടൻ ആഴ്ചപ്പതിപ്പ് വിടുന്നതുവരെ ഞാനത് തുടർന്നു. വർഷങ്ങൾക്കു ശേഷം 2005-ൽ വള്ളത്തോൾ പുരസ്കാരം സ്വീകരിക്കാൻ എംടി തിരുവനന്തപുരത്ത് വന്നപ്പോൾ ഞാൻ കാണാൻ പോയി. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തിക്കിത്തിരക്കി അടുത്തെത്തി. ഞാൻ പേര് പറഞ്ഞു പരിചയപ്പെടാൻ ശ്രമിച്ചു. . കേട്ടപാടെ എന്റെ കൈ പിടിച്ച് “അറിയാം, ഞാൻ ശ്രദ്ധിയ്ക്കുന്നുണ്ട്” എന്ന് മാത്രം പറഞ്ഞു. എന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തത്രയായിരുന്നു. അങ്ങനെ അദ്ദേഹത്തെ ആദ്യമായി കണ്ടു.
സംഭാഷണത്തിന്റെ ദിവസങ്ങൾ
എസ്. ജയചന്ദ്രൻ നായർ മാർകേസിനെപ്പറ്റി ഒരു പുസ്തകമെഴുതിയപ്പോൾ അതിന്റെ പ്രകാശനത്തിന് ക്ഷണിക്കാനായി ഞാൻ കോഴിക്കോട്ടെ കൊട്ടാരം റോഡിലെ എംടിയുടെ വീട്ടിലെത്തി. വീട്ടിൽ ചെന്ന് കാണുന്നത് ആദ്യമായാണ്. എന്നെ അകത്തു വിളിച്ച് അടുത്തിരുത്തി. കുറച്ചു സമയം സംസാരിച്ചു. സന്തോഷത്തോടെ എന്റെ ക്ഷണം സ്വീകരിച്ചു. ചടങ്ങിൽ വന്ന് എംടി പ്രസംഗിച്ചു. അങ്ങനെ ഞാൻ എംടിയുമായി ഒരു വേദി പങ്കിട്ടു. അന്നുതൊട്ട് ഞങ്ങൾ സ്നേഹിതരായി എന്നു തന്നെ പറയാം. പിന്നീട് കോഴിക്കോട് ചെല്ലുമ്പോഴൊക്കെ ഞാൻ സിത്താരയിലെത്തും. പലതും സംസാരിച്ചിരിക്കും. എംടിക്ക് സമ്മാനിക്കാനായി പുതിയ ഏതെങ്കിലും ഇംഗ്ലീഷ് പുസ്തകം ഞാൻ കയ്യിൽ കരുതും. ഒരിക്കൽ ഞങ്ങളുടെ സംസാരത്തിനിടയിൽ പാരീസ് റിവ്യൂ ഇൻറർവ്യൂവിനെപ്പറ്റി പരാമർശമുണ്ടായി. ഞാൻ വെറുതെ ചോദിച്ചു. നമുക്കും അത്തരമൊരു ഇൻ്റർവ്യൂ നടത്തിയാലോ - കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ചെയ്യാം എന്ന മറുപടി വന്നു. തീയ്യതി നിശ്ചയിച്ചാണ് ഞാനന്ന് മടങ്ങിയത്.

പറഞ്ഞ ദിവസം രാവിലെ ഞാൻ കോഴിക്കോട്ടെത്തി. അദ്ദേഹത്തിന്റെ ഫ്ലാറ്റിലെ മുറിയിൽ രണ്ടു ദിവസം അടച്ചിരുന്ന് ഞങ്ങൾ പലതും സംസാരിച്ചിരുന്നു. മുറിയിൽ ഞാനും എംടിയും മാത്രം. രാവിലെ തൊട്ട് വൈകുന്നേരം വരെ വർത്തമാനം പറയും. കൂട്ടിന് കത്തിയെരിയുന്ന ഗണേഷ് ബീഡിയും. എംടിയിലെ വായനക്കാരനെയും എഴുത്തുകാരനെയും വ്യക്തിയേയും ഞാനടുത്തറിയുകയായിരുന്നു. ഒരു ദീർഘ സംഭാഷണത്തിന്റെ റിക്കോഡുമായി ഞാൻ മടങ്ങി. ഇതറിഞ്ഞ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നത്തെ പത്രാധിപർ കമൽറാം സജീവ് അഭിമുഖം അവർക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ഞാനത് കേട്ടെഴുതി ചോദ്യോത്തരമാക്കി എംടിയ്ക്ക് അയച്ചുകൊടുത്തു. മാതൃഭൂമി ഓണപ്പതിപ്പിന് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ ഒന്ന് വേഗം നോക്കിത്തരാമോ എന്ന് ഫോണിൽ പറഞ്ഞു. വരട്ടെ എന്ന പരുക്കൻ മറുപടി ഫോണിന്റെ അങ്ങേ തലക്കൽ. അടുത്ത ദിവസം കൊറിയർ കിട്ടി രണ്ടു മണിക്കൂർ കഴിഞ്ഞു കാണും. എംടിയുടെ വിളിയെത്തി. “അയച്ചതിന്റെ കോപ്പിയുണ്ടോ കയ്യിൽ?” ഞാനതെടുത്തു കാത്തിരിക്കുകയായിരുന്നു. “മൂന്ന് സ്ഥലത്ത് ചെറിയ തിരുത്തുകൾ വേണം. പിന്നെയൊരെണ്ണം സുധീർ പറഞ്ഞ കാര്യം ഞാനും അംഗീകരിക്കുകയായിരുന്നു. അത് ഒന്നുകൂടി നോക്കിയിട്ട് കൊടുത്തോളൂ.”
എന്തൊരു ശ്രദ്ധയും കരുതലുമാണ് ഈ മനുഷ്യന്! വാരികയ്ക്ക് കൊടുക്കണം സമയം പ്രധാനമാണ് എന്ന് ഞാൻ പറഞ്ഞത് ഏറെ മടിച്ചിട്ടാണ്. അത് മനസ്സിലാക്കി ഒട്ടും സമയം കളയാതെ അദ്ദേഹം നോക്കി തന്നു. അത് ആ വർഷത്തെ മാതൃഭൂമി ഓണപ്പതിപ്പിൽ കവർ സ്റ്റോറിയായി അച്ചടിച്ചുവന്നു. പിന്നീട് കണ്ടപ്പോൾ അത് നന്നായിരുന്നു എന്ന് പലരും പറഞ്ഞു എന്ന് അദ്ദേഹം ഓർത്തു പറഞ്ഞു. അതിൽ വിട്ടു പോയ പലതും പറയാൻ നമുക്കൊന്നു കൂടി ഇരിക്കണം. ഞങ്ങൾ തീരുമാനിച്ചു. പലപ്പോഴായി കുറേക്കൂടി സംസാരിച്ചു. ഞങ്ങളുടെ തൃപ്തിക്കനുസരിച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോവിഡു കാലവും തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളും കാരണം മുഴുമിപ്പിക്കാനായില്ല.
പിന്നീടൊരിക്കൽ കൊച്ചിയിലെ എച്ച് & സി റീഡേഴ്സ് ഫോറത്തിൽ ഒരു പ്രഭാഷണം നടത്താൻ ഞാൻ എംടിയെ ക്ഷണിച്ചു. വളരെ ചെറിയൊരു പരിപാടിയായിട്ടുപോലും സന്തോഷത്തോടെ വന്ന് ‘’എന്റെ വായന- എന്റെ ജീവിതം’’ എന്ന വിഷയത്തിൽ അദ്ദേഹം ഞങ്ങളുടെ ആ കൂട്ടായ്മയിൽ ഒരു ഗംഭീര പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേദിയിൽ എംടിയുമായി സംഭാഷണം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. എംടി തന്നെയാണ് എന്റെ പേര് നിർദേശിച്ചത്. ആ സ്റ്റേജിൽ ഞങ്ങൾ ഒരു മണിക്കൂർ സ്വാഭാവികമായ ഒരു സംഭാഷണത്തിലേർപ്പെട്ടു. സംസാരിക്കാൻ പ്രയാസങ്ങളുണ്ടായിട്ടും ചിരിച്ചും ചിന്തിച്ചും ആ സംഭാഷണം വേറിട്ട അനുഭവമായി.

സാഹിത്യമാണ് ഞങ്ങളെ അടുപ്പിച്ചത്; സ്നേഹിതരാക്കിയത്. എംടിയുടെ സ്നേഹിതൻ എന്നതിനെക്കാൾ എന്തംഗീകാരമാണ് ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് കിട്ടാനുള്ളത് ! വല്ലാത്തൊരു കരുതലും അടുപ്പവും വാസുവേട്ടൻ എനിക്കു തന്നു. ഒരിക്കൽ എന്താണ് സാഹിത്യം എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. എംടി കുറച്ചു നേരമിങ്ങനെ ആലോചിച്ചിരുന്ന ശേഷം പറഞ്ഞു. “സാഹിത്യം എന്താണ് എന്ന് ചോദിച്ചാൽ അത് ജീവിതത്തെ ബാധിക്കുന്ന ശക്തികളിലൊന്നാണ്. നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന എന്തോ ഒരു ശക്തി. നിയന്ത്രിക്കുന്ന ഒന്ന് എന്നുതന്നെ പറയാം. മതം സമൂഹത്തിനെ നിയന്ത്രിക്കുന്നതു പോലെ, നീതിന്യായ വ്യവസ്ഥയെപ്പോലെ, നിയമത്തെപ്പോലെ… നമ്മൾ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ശക്തിയാണ് സാഹിത്യം.” തുടർന്ന് അദ്ദേഹം ഗുണാഢ്യന്റെ പഴയ കഥ പറഞ്ഞു തന്നു. ശാപമോചനത്തിനായി ഇന്ന കഥ ഇന്നയാളോട് പറഞ്ഞ് പിന്നെയും അയാൾ മറ്റൊരാളോട് പറഞ്ഞ് തുടരണം എന്ന് പാർവതി ശപിച്ച കഥ. അങ്ങനെയാണ് ബൃഹദ്കഥ ഗുണാഢ്യന്റെ അടുത്തെത്തുന്നത്. ഗുണാഢ്യൻ ആ കഥ ചൊല്ലിയപ്പോൾ പക്ഷി - മൃഗാദികൾ പോലും വികാരധീനരായിയിരുന്നുവത്രേ! എംടി അതിങ്ങനെ മെല്ലെ മെല്ലെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ പരിസരം മറന്ന് അത് കേട്ടുകൊണ്ടിരുന്നു.
അടുത്തിരുന്ന് അദ്ദേഹത്തെ കേട്ടിരിക്കുക എന്നത് അദ്ദേഹത്തിന്റെ രചനകൾ വായിക്കുന്നതിനേക്കാൾ ആനന്ദാനുഭൂതി പകർന്നു തരുന്ന ഒന്നാണ്. അതെന്നിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. വാസുവേട്ടനിൽ നിന്നും കഥ കേൾക്കുന്നതിന്റെ ഭാഗ്യം. അതിനുള്ള അവസരങ്ങൾ ഒരുപാട് ലഭിച്ച വലിയ ഭാഗ്യവാനാണ് ഞാൻ. എത്രയോ തവണ സിത്താരയിലും ഫ്ലാറ്റിലും വെച്ച് ഞങ്ങൾ സംസരിച്ചിരിന്നിട്ടുണ്ട്. എഴുതാതെ പോയ ചില ജീവിതാനുഭവങ്ങളും പറഞ്ഞിരുന്നു. അങ്ങനെയുള്ളവ മാത്രം പറയാനായി നമുക്കിരിക്കണം എന്നും നിശ്ചയിച്ചതാണ്. അങ്ങനെ പറയാൻ പലതും ബാക്കിവെച്ച് എന്റെ പ്രിയപ്പെട്ട വാസുവേട്ടൻ ജീവിതത്തിൽ നിന്നും പടിയിറങ്ങി . ഇനിയദ്ദേഹം കാലത്തിൽ ജീവിക്കും. എഴുതിയ വാക്കുകളിലൂടെ, പറഞ്ഞ വാക്കുകളിലൂടെ. ഒരിക്കലും വെറും വാക്കു പറയാത്ത മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ചുണ്ടു കോട്ടിയുള്ള ആ ചിരി ഇനിയില്ല എന്നത്, അർത്ഥഗർഭമായ ആ നിശ്ശബ്ദത എന്നന്നേക്കുമായി ശൂന്യമായി എന്നത് വേദനയാണ്. ഇങ്ങനെയൊരാൾ അപൂർവമാണ്. ജീവിതത്തിലെ ഓരോ നിമിഷവും അറിഞ്ഞു ജീവിച്ചൊരാൾ. സാർത്ഥകമായ ഒരു മഹാജീവിതത്തിനാണ് മരണം തിരശ്ശീലയിട്ടിരിക്കുന്നത്. അതിലദ്ദേഹത്തിന് ഒട്ടും പരാതിയുണ്ടാവാനിടയില്ല. കെ.എൽ.എഫിലെ സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് അദ്ദേഹം മരണത്തെപ്പറ്റി വീണ്ടും പറഞ്ഞു. “ആർക്കും ഒഴിഞ്ഞു മാറാൻ പറ്റില്ലല്ലോ - ഇന്നല്ലെങ്കിൽ നാളെ ആ മുഹൂർത്തം എത്തിച്ചേരും. അതിനു തയ്യാറായിരിക്കണം.” എം.ടി മരണമുഹൂർത്തത്തിന് തയ്യാറായിരുന്നു. ആ മുഹൂർത്തമാണ് ഇപ്പോൾ ഈ നാടിനെയാകെ വേദനയിലാഴ്ത്തിയിരിക്കുന്നത്.