യഹുദാ അമിഹായ്​ / Photo: Wikimedia Commons

യഹുദാ അമിഹായ്​; ആമേൻ എന്ന് കൊത്താത്ത ഒരു കല്ല്​

ലസ്തീൻ ജനത പിറന്നമണ്ണിൽ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചും അവരുടെ ഐതിഹാസികമായ ചെറുത്തുനിൽപ്പുകളെക്കുറിച്ചും ലോകമെമ്പാടും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് യഹുദ അമിഹായിയുടെ കവിതകളെക്കുറിച്ച് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. കവിയും പ്രഭാഷകനും ഹീബ്രു ഭാഷയുടെ ആജീവനാന്ത പ്രയോക്താവുമായിരുന്ന അമിഹായ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് നമുക്ക് സങ്കല്പിക്കാനേ കഴിയൂ. വരേണ്യവും കാല്പനികവുമായ പദാവലികളാൽ നിബിഡമായിരുന്ന ഹീബ്രു ഭാഷയ്ക്ക്, ഫലസ്തീനിയൻ വാമൊഴി പാരമ്പര്യത്തിന്റെയും അടിത്തട്ടിലെ ജനജീവിതത്തിന്റെ ആശയാഭിലാഷങ്ങളുടെയും മൂർത്തതയും ബലിഷ്ടതയും നൽകിയ കവിയാണ് അമിഹായ്.

ഭൂമിയിലെ കഷ്ടതകൾക്കും അസമത്വത്തിനും യുദ്ധഭീതിക്കും കാരണക്കാരനായ ഒരു ദൈവത്തെക്കുറിച്ചാണ് അമിഹായ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്.

പർവ്വതാരോഹകർ, തങ്ങൾ കീഴടക്കുന്ന കൊടുമുടിയിലേക്കുള്ള വഴികളിൽ, ക്യാമ്പ് നമ്പർ 1, ക്യാമ്പ് നമ്പർ 2 എന്നിങ്ങനെ അടയാളപ്പെടുത്തും പോലെ, എന്റെ യൗവ്വനവും പിൽക്കാലജീവിതവും ഓരോ ക്യാമ്പിലുമായി താൻ ഉപേക്ഷിച്ചുപോവുകയാണെന്ന് അമിഹായ് പറയുന്നു. "ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് എനിക്കറിയാം. പക്ഷേ കൊടുമുടിയുടെ അറ്റത്ത്, ഭാരമേതുമില്ലാതെ വെളിച്ചമേതുമില്ലാതെ എത്തിപ്പെടാൻ ഞാൻ അങ്ങനെ ചെയ്തുകൊണ്ടിരിക്കും.' എന്ന് കവി സ്വന്തം ജീവിതത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തം കവിത്വത്തെ കാൽപനികമായി ആഘോഷിക്കുവാനോ ദാർശനികമായി മഹത്വവത്കരിക്കാനോ ഈ കവി ഒരിക്കലും ശ്രമിക്കുകയുണ്ടായില്ല. അമ്മയുടെ മുലപ്പാല് കിട്ടാതെ വളർന്ന ഒരു കുട്ടിയാണ് താനെന്നും കവിത്വത്തിന്റെ വഴി തനിക്ക് അജ്ഞാതമാണെന്നും ഓർമ്മകളുടെ നിരങ്കുശമായ ജലപ്രവാഹത്തെ ശരീരംകൊണ്ട് തടഞ്ഞുനിർത്തുന്ന പ്രക്രിയയാണ് തന്നെ സംബന്ധിച്ച് കവിതയെഴുത്ത് എന്നും അമിഹായ് എഴുതിയിട്ടുണ്ട്.

പോൾ സെലാനും റിൽക്കെയും
പോൾ സെലാനും റിൽക്കെയും

1936ൽ തന്റെ പന്ത്രണ്ടാം വയസ്സിലാണ് യഹുദാ അമിഹായ് അച്ഛനമ്മമാരോടൊപ്പം ജർമനിയിൽ നിന്ന് ഫലസ്തീനിൽ എത്തുന്നത്. ജർമൻ ഭാഷയ്‌ക്കൊപ്പം ഹീബ്രുവും അന്നുതന്നെ അവന് അറിയാമായിരുന്നു. ആദ്യകാലങ്ങളിൽ റിൽക്കെ, പോൾ സെലാൻ തുടങ്ങിയ കവികളുടെ സ്വാധീനം അദ്ദേഹത്തിന്റെ കവിതകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ വളരെ പെട്ടെന്ന് ഹീബ്രു ഭാഷയിൽ ഒരു നവതരംഗം സൃഷ്ടിക്കാനും കാവ്യാത്മകമായ പുതിയ തുറസ്സുകൾ സൃഷ്ടിക്കാനും അമിഹായിക്ക് കഴിഞ്ഞു. ഈ കാവ്യഭാഷയ്ക്ക് ബൈബിളിന്റെ ലാളിത്യവും സങ്കീർത്തനങ്ങളുടെ ധ്വനിസാന്ദ്രതയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സാമാന്യജനങ്ങൾക്ക് അവ എളുപ്പം പ്രിയംകരമായിത്തീർന്നു.

"ജറുസലേം' എന്ന കവിത നോക്കുക:

"ഉണങ്ങാനിട്ട വസ്ത്രങ്ങൾ സായാഹ്നത്തിന്റെ അന്തിവെളിച്ചത്തിൽ തൂങ്ങിയാടുന്നു. എന്റെ ശത്രുവായ ഒരു സ്ത്രീയുടെ വെളുത്ത പുതപ്പ് എന്റെ ശത്രുവായ ഒരു മനുഷ്യന്റെ പുരികങ്ങൾ തുടയ്ക്കാനുള്ള തൂവാല ഈ പഴയ നഗരത്തിന്റെ ആകാശത്തിൽ ഒരുപട്ടം അതിന്റെ മറ്റേ അറ്റത്ത് ഒരു കുട്ടി. ആ ചുമർ കാരണം എനിക്കവനെ കാണാൻ കഴിഞ്ഞില്ല. നാം ഒരുപാട് കൊടികൾ ഉയർത്തി, അവരും ഒരുപാട് കൊടികൾ ഉയർത്തി; അവർ സന്തുഷ്ടനാണെന്നു നമ്മെ വിശ്വസിപ്പിക്കാൻ; നമ്മൾ സന്തുഷ്ടനാണെന്ന് അവരെ വിശ്വസിപ്പിക്കാൻ.'

യഹുദാ അമിഹായിയുടെ കവിതകൾ ബഹുഭൂരിപക്ഷവും വൈയക്തികമായ അനുഭവങ്ങളെയും ചിന്തകളെയും ആവിഷ്‌കരിക്കുന്നവയാണ്. പക്ഷേ ഈ വൈയക്തികത സാർവലൗകികമായ അനുഭവാവിഷ്‌കാരങ്ങളായി മാറുന്നിടത്താണ് കവിതയുടെ ആഴവും പരപ്പും പുതിയൊരു വെളിച്ചത്തിൽ നമുക്ക് ഉൾക്കൊള്ളാനാവുക.

‘ആളുകൾ എന്നോട് ചോദിക്കാറുണ്ട്, നിങ്ങൾ എന്തുതരം മനുഷ്യനാണെന്ന്? സങ്കീർണ സംവിധാനങ്ങളുള്ള കുഴലുകളും നിഷ്​കൃഷ്​ടമായി മേൽനോട്ടം ചെയ്യപ്പെടുന്ന ഓർമകളുടെ സഞ്ചയവുമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ ഒരു മനുഷ്യനാണ് ഞാൻ. പക്ഷേ, പ്രാചീനകാലത്തുനിന്നുള്ള ഒരു ശരീരം പേറുന്നവൻ; എന്റെ ശരീരത്തേക്കാൾ കാലഹരണപ്പെട്ട ഒരു ദൈവത്തെ പേറുന്നവൻ'

​​​​​​​എന്ന് അവസാനിപ്പിക്കുമ്പോൾ കവിതയുടെ ആഴവും വിസ്തൃതിയും മറ്റൊരു മാനത്തിൽ ഉൾക്കൊള്ളാനാവും.

അമിഹായിയുടെ കവിതകൾക്ക് പൊതുവായി ചേരുന്ന ഒരു പദത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇന്റിമേറ്റ് (Intimate) എന്ന ഇംഗ്ലീഷ് വാക്കാണ് മനസിലുദിക്കുക. ഏറ്റവും അടുപ്പമുള്ളത് എന്നോ ഗാഢ സൗഹൃദമുള്ളതെന്നോ പരിഭാഷപ്പെടുത്താൻ വയ്യാത്ത അടുപ്പത്തിന്റെ ഒരാത്മീയതലം ആ കവിതകൾ പങ്കുവയ്ക്കുന്നുണ്ട്. നിന്ദാസ്തുതി (irony) യുടെയും ദൃഷ്ടാന്തകഥ (parable) യുടെയും സങ്കേതം ഉപയോഗിച്ച് ആഖ്യാനത്തെ സമ്പുഷ്ടമാക്കാനുള്ള ശ്രമം എല്ലാ കവികളും പരീക്ഷിക്കാറുണ്ട്. പക്ഷേ അമിഹായ് നടത്തുന്ന പരീക്ഷണങ്ങൾ പലപ്പോഴും ഐറണിയെ ഭേദിച്ച് മാനുഷികതയുടെ അഗാധ സമസ്യകളിലേയ്ക്ക് അനുവാചകനെ നയിക്കുന്നു. "അപരിചിത പദങ്ങളാൽ ആക്രമിക്കപ്പെട്ട പൗരാണികമായ ഒരു ഭാഷയാണ് ഞാൻ. എനിക്ക് പ്രതികരിക്കാനാവുന്നില്ല.' എന്ന് എഴുതുമ്പോൾ ഈ ആഴത്തിന്റെ സ്പന്ദമാണ് നാം തിരിച്ചറിയുന്നത്.

സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് അമിഹായ് "അറുപത് കിലോഗ്രാം പരിശുദ്ധ പ്രണയം' എന്ന പേരിൽ ഒരു കവിതയെഴുതിയിട്ടുണ്ട്.

"ഒരു വാസ്തുശില്പിയുടെയും സഹായമില്ലാതെ വൈഭവപൂർവ്വം സ്വയം നിർമ്മിക്കപ്പെട്ട അറുപത് കിലോഗ്രാം പരിശുദ്ധ പ്രണയം. ആദിയോ അന്തമോ ഇല്ലാത്തത്. ആസക്തികളുടെ ആകെത്തുകയായ ഒരു സ്ത്രീ. അവരുടേത് മാത്രമായ ജനതകശാസ്ത്രത്താൽ നിർമ്മിക്കപ്പെട്ട പ്രണയകോശം. മുട്ടയിടുന്ന പ്രണയകോശം'

എന്നിങ്ങനെ അമ്പരപ്പിക്കുന്ന വൈവിധ്യത്തോടെ യഥാർത്ഥ്യവും വിരുദ്ധോക്തിയും സമന്വയിപ്പിച്ച് എഴുതുമ്പോൾ പഴയമട്ടിൽ പറഞ്ഞാൽ വാക്കുകൾ നക്ഷത്രങ്ങളാവുന്ന ഇന്ദ്രജാലത്തിനാണ് നാം സാക്ഷിയാവുന്നത്.

യഹുദാ അമിഹായിയുടെ ദൈവ സങ്കല്പത്തെക്കുറിച്ചു കൂടി ഈ കുറിപ്പിൽ സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. സർവ്വശക്തനും സർവ്വവ്യാപിയും നിരാമയനുമായ ഒരു ദൈവത്തെക്കുറിച്ചല്ല. ഭൂമിയിലെ കഷ്ടതകൾക്കും അസമത്വത്തിനും യുദ്ധഭീതിക്കും കാരണക്കാരനായ ഒരു ദൈവത്തെക്കുറിച്ചാണ് അമിഹായ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. വിസ്​മൃതിയുടെ അടരുകളിൽ, ഹതാശമായി ആത്മസംഘർഷങ്ങളുമായി ഉപേക്ഷിക്കപ്പെട്ട ദൈവത്തിന്റെ കുമ്പസാരവും ആത്മസംഘർഷങ്ങളുമാണ് അമിഹായ് കവിതകളിൽ നാം വായിക്കുന്നത്. മനുഷ്യനെ ദൈവമാക്കുകയല്ല, ദൈവത്തെ മനുഷ്യനാക്കുകയാണ് കവിധർമം എന്ന് ഈ വലിയ കവിക്ക് അറിയാം.
"സമ്പൂർണ ദയാലുവായ ദൈവം' എന്ന കവിത ഇങ്ങനെ:

ദൈവം സമ്പൂർണ ദയാലുവായിരുന്നെങ്കിൽ അവനിൽ മാത്രമല്ല, ഭൂമിയിലും ആനന്ദമുണ്ടായേനേ! ഞാൻ പർവ്വതങ്ങളിൽ ചെന്ന് പൂക്കൾ പറിച്ചവൻ താഴ്‌വരകളിലാകെ ഹ്രസ്വസന്ദർശനം നടത്തിയവൻ മലമുകളിൽ നിന്ന് ശവങ്ങൾ വലിച്ചിഴച്ച് കൊണ്ടുവന്നവൻ എനിക്ക് പറയാനാവും, ഈ ഭൂമി കരുണയറ്റതാണെന്ന്. ഞാൻ കടൽക്കരയിൽ ഉപ്പിന്റെ അരചനായവനൻ, ജാലകപ്പടിയിൽ മനസുറപ്പില്ലാതെ ശങ്കിച്ചുനിന്നവൻ ഭീകരമായ മത്സരങ്ങളിൽ, ഹൃദയത്തിൽ നിന്ന് വേദനയുടെ ഭാരം എടുത്തുകളയുന്ന മാലാഖമാരുടെ ചുവടുകൾ എണ്ണുന്നവൻ നിഘണ്ടുവിലെ വാക്കുകളുടെ ചെറിയൊരംശം മാത്രം ഉപയോഗിക്കുന്നവൻ ഞാൻ സ്വയമല്ലാതെ, പ്രഹേളികകൾക്ക് ഉത്തരം കണ്ടെത്തുന്നവൻ. എനിക്കറിയാം, ദൈവം സമ്പൂർണ്ണ ദയാലുവായിരുന്നെങ്കിൽ അവനിൽമാത്രമല്ല, ഈ ഭൂമിയിലും ദയ ഉണ്ടാകുമായിരുന്നു.

അമിഹായിയുടെ അവസാന കവിതകളിലൊന്നാണ് "ജൂത ടൈംബോംബ്' . ഇതിനകം ലോകപ്രസിദ്ധമായ ആ കവിതയിൽ മനുഷ്യൻ എന്ന നിലയിലുള്ള കവിയുടെ സംഘർഷങ്ങളുടെയും ആശങ്കകളുടെയും പ്രതീക്ഷകളുടെയും സാകല്യമാണ് നാം കാണുന്നത്.

ജൂത ടൈംബോംബ്

എന്റെ മേശപ്പുറത്ത് ആമേൻ എന്ന് കൊത്തിയ ഒരു കല്ലുണ്ട് ജൂതശ്മശാനമാണെങ്കിൽ തകർന്നുപോയി ആയിരക്കണക്കിന് സ്മാരകശിലകളിൽ അതിജീവിച്ച ഒരു തുണ്ട്. എനിക്കറിയാം, തകർക്കപ്പെട്ട വസ്തുക്കൾ എല്ലാം ചേർന്നാണ് മഹത്തായ ആ ജൂതടൈം ബോംബ് ഉണ്ടായതെന്ന് അതോടൊപ്പം മറ്റ് ശകലങ്ങളും, മൂർച്ച കൂട്ടുന്ന യന്ത്രങ്ങളും, നീതിയുടെ തകർന്ന എഴുത്തുപലകകളും, തകർക്കപ്പെട്ട അൾത്താരകളും, തകർന്ന കുരിശുകളും, കുരിശിലേറുന്ന തുരുമ്പിച്ച ആണെങ്കിലും, തകർന്ന വീട്ടുപകരണങ്ങളും, കണ്ണടയും, പാദരക്ഷകളും, കൃത്രിമാവയവങ്ങളും, വെപ്പുപല്ലുകളും, മാരകമായ വിഷം നിറച്ചുവച്ചിരുന്ന ടിന്നുകളും കൂടിച്ചേർന്ന് നിറയ്ക്കുന്നതാണ് ഈ ടൈംബോംബെന്ന്. ഇതേക്കുറിച്ച് എല്ലാം, ഈ ദിവസത്തിന്റെ അന്ത്യത്തെക്കുറിച്ചും, എനിക്ക് അറിയാമെങ്കിലും, മേശപ്പുറത്തിരിക്കുന്ന ഈ കല്ല് എന്നെ സാന്ത്വനിപ്പിക്കുന്നു. ആരും സ്പർശിക്കാത്ത ഒരു ഉരകല്ലാണിത്; ഏത് ജ്ഞാനക്കല്ലിനേക്കാളും തത്വചിന്താപരമായ ഒന്ന്, ഏത് സമ്പൂർണ്ണതയേക്കാളും സമ്പൂർണ്ണമായത് എന്നും എങ്ങനെയായിരുന്നു എന്നതിന് എന്നും എങ്ങനെയായിരിക്കും എന്നതിന് സാക്ഷിയായ ഒരുകല്ല്. ഒരു ആമേൻ കല്ല്. സ്‌നേഹത്തിന്റെ കല്ല്. അങ്ങനെ ഭവിക്കട്ടെ.


എൻ. ശശിധരൻ

നാടകകൃത്ത്, തിരക്കഥാകൃത്ത്. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, അടുക്കള, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം (നാടകങ്ങൾ),കഥ കാലം പോലെ (പഠനം) തുടങ്ങിയവയാണ് പ്രമുഖ കൃതികൾ. നെയ്​ത്തുകാരൻ എന്ന സിനിമയുടെ തിരക്കഥ, പുലിജന്മം എന്ന സിനിമയുടെ തിരക്കഥ എൻ.​ പ്രഭാകരനോടൊപ്പം.

Comments