മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ കമൽ റാം സജീവായിരുന്ന കാലത്താണ് ഞാൻ എം.ടി വാസുദേവൻ നായരുമായി ആദ്യമായി സംസാരിക്കുന്നത്. അന്ന് അദ്ദേഹവുമായി ഒരു ഇന്റർവ്യൂ നടത്താൻ എന്നോട് ആവശ്യപ്പെട്ടു. യൗവ്വനം എന്ന വിഷയത്തിലാണ് സംസാരം. അക്കാലത്ത് എം.ടിക്ക് യൗവ്വനം കഴിഞ്ഞിരുന്നു. യൗവ്വനം കഴിഞ്ഞ എം.ടിയോട് അന്നത്തെ കാലത്തെ ചെറുപ്പക്കാർക്കുള്ള സ്നേഹം വളരെ വലുതായിരുന്നു. എന്റെ വീടിന്റെ അടുത്തുള്ള ഒരു ചെറുപ്പക്കാരൻ ജോലി ലഭിച്ച് കോഴിക്കോടേക്ക് വന്നു. അദ്ദേഹം എല്ലാ ദിവസവും കോഴിക്കോടുള്ള ഒരു കടയുടെ മുന്നിൽ നിൽക്കുന്നത് കാണും. എം.ടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹം മിക്ക ദിവസവും ആ കടയിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കും. മരുന്ന് കടയായിരുന്നു അത്. ‘വനജ മെഡിക്കൽസ്’ എന്നായിരുന്നു ആ കടയുടെ പേര്. ഒരിക്കൽ മരുന്നു കടയിൽ നിന്നും സാധനം വാങ്ങിയ അദ്ദേഹത്തിന് ബാക്കി നൽകാൻ ചില്ലറയില്ലാതെ വന്നപ്പോൾ എം.ടി അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും നാണയം എടുത്തു കൊടുത്തു. എം.ടി യുടെ പോക്കറ്റിൽ നിന്നും ലഭിച്ച നാണയമെന്ന നിലയിൽ അദ്ദേഹമത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്.
എഴുത്തുകാർ ഒരുപാടുണ്ടെങ്കിലും മനുഷ്യധർമം അനുഷ്ടിക്കുന്ന എഴുത്തുകാർ വളരെ ചുരുക്കമാണെന്ന് എം.ടിയുടെ ജീവിതം ഓർമിപ്പിക്കുന്നുണ്ട്. എഴുത്തുകാരൻ എന്നത് അസാമാന്യ പ്രതിഭയോ പദവിയോ ഉള്ളയാളല്ല. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ എം.ടിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് അദ്ദേഹം പിണറായി വിജയനോട് പലകാര്യങ്ങളും സംസാരിച്ചു. ഈ കാലത്ത് ജീവിക്കുന്ന മനുഷ്യൻ എന്ന നിലയിൽ സാഹിത്യത്തെയും കലയെയും എങ്ങനെയാണ് കാണേണ്ടത് എന്നായിരുന്നു അദ്ദേഹം അന്ന് സംസാരിച്ചത്. മനുഷ്യനോടുള്ള അദ്ദേഹത്തിന്റെ ദയാവായ്പ് മറ്റ് ഏത് നിലയിലുള്ള ആളുകളെക്കാളും ഉയർന്നു നിൽക്കുന്നുണ്ട്.

എം.ടി വായനകൾ
എം.ടിയുടെ നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവൽ അസുരവിത്താണ്. എം.ടി-യുടെ പല കഥകളും ഞാൻ വളരെ ചെറിയ പ്രായത്തിലാണ് വായിച്ചിട്ടുള്ളത്. ‘പന്ത്രണ്ടു വർഷം ഉറങ്ങിയ പൂക്കളെ’ന്ന കഥയാണ് എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടമായത്. പന്ത്രണ്ടു വർഷത്തിന് ശേഷം ഉറങ്ങി എണീറ്റ പൂക്കൾ കാണാനെത്തിയ ആളുടെ കഥയാണിത്. മനുഷ്യമനസിന്റെ ആഴത്തിലിറങ്ങുന്ന കഥയാണിത്. വലിയ ഉൾക്കാഴ്ചയുള്ള ഒരു കഥയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.
എം.ടി അവസാന കാലത്ത് എഴുതിയ ഷെർലക് എന്ന കഥയാണ് അദ്ദേഹം എഴുതിയതിൽ ഏറ്റവും മഹത്തായ കഥ. രണ്ട് തരത്തിൽ അതിന് പ്രസക്തിയുണ്ട്. ഇന്നത്തെ ലോകവ്യവസ്ഥയിൽ അമേരിക്ക ഉൾപ്പെട്ട ജനസമൂഹത്തിന്റെ ചൂഷണ സ്വഭാവം മുഴുവനും അതിലുണ്ട്. അതേപോലെ അദ്ദേഹത്തിന്റെ വലിയ ലോകബോധം ഷെർലകിൽ കാണാം. സാർവലൗകികമായ ഒരു ബോധം ഈ കഥ പറയുന്നുണ്ട്.

എം.ടി വാസുദേവൻ നായർക്ക് ചലച്ചിത്രവുമായുള്ള ബന്ധം മറ്റുള്ളവരെ പോലെയല്ല. അദ്ദേഹത്തിന്റെ ഏതെല്ലാം കഥകൾ ചലച്ചിത്രമാക്കിയിട്ടുണ്ടോ അതിനെല്ലാം കഥയിലില്ലാത്ത ഒരു ഔന്നിത്യം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ ഇപ്പോഴും നിലനിൽക്കുന്നത്. അദ്ദേഹം ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് നിർമാല്യമാണ്. നിർമാല്യം കാണുന്നതിന്റെ തൊട്ടു മുമ്പ് ഞാനും സി.വി ബാലകൃഷ്ണനും എം.ടിയെ മാതൃഭൂമി ഓഫീസിൽ പോയി കണ്ടിരുന്നു. എം.ടി നിർമാല്യത്തെ കുറിച്ച് എന്റെ കാഴ്ചപ്പാടിൽ എഴുതാൻ പറഞ്ഞു. അങ്ങനെ ഞാൻ നിർമാല്യത്തെക്കുറിച്ച് അന്ന് എഴുതി. ദേശാഭിമാനി ആഴ്ചപ്പതിപ്പാണ് അത് പ്രസിദ്ധീകരിച്ചതെന്നാണ് എന്റെ ഓർമ. മനുഷ്യൻ എന്ന നിലയിൽ എം.ടി വളരെ വ്യത്യസ്തനാണെന്നും ആ വ്യത്യസ്തതയ്ക്ക് നിദാനമായ കഥയാണ് അദ്ദേഹം സിനിമയിലൂടെ പറയുന്നതെന്നും ഞാനെഴുതി. സിനിമയിലൂടെ മറ്റൊരു കലാസൃഷ്ടിയിലും നടത്താത്ത സ്വയം നവീകരണം അദ്ദേഹം നടത്തിയതായാണ് നിർമാല്യത്തെക്കുറിച്ച് ഞാൻ അന്ന് എഴുതിയത്.