ഹിന്ദുസ്ഥാനി സംഗീതത്തിൽ അധികമാരും ഓർക്കാതെ കടന്നുപോകുന്ന ഒരു ജന്മശതാബ്‌ദിയുണ്ട്, വിഖ്യാത തുമ്രി ഗായിക ശോഭ ഗുർത്തു (Shobha Gurtu, 1925–2004) വിന്റേത്. ‘തുമ്രിയുടെ രാജ്ഞി’ എന്നാണ് സംഗീതലോകം അവരെ വിശേഷിപ്പിക്കുന്നത്. സിദ്ധേശ്വരി ദേവി, ഗിരിജ ദേവി എന്നിവർക്ക് ശേഷം ഇത്രയും കഴിവ് പ്രകടിപ്പിച്ച ഈ തുമ്രി ഗായികയ്ക്ക് അവരുടെ കഴിവിന് അർഹിക്കുന്ന അംഗീകാരം സംഗീതലോകം നൽകിയിട്ടില്ല.
പ്രണയ- വിരഹ ഭാവങ്ങൾ ആവിഷ്കരിക്കുന്നതിൽ അസാമാന്യ കഴിവാണ് അവരുടെ ആലാപനത്തിൽ അനുഭവപ്പെടുന്നത്. ശോഭ ഗുർത്തുവിന്റെ പാട്ടുകൾ വെറുതെ കേട്ടുപോകാനാകില്ല. അതിൽ പ്രവേശിച്ചു കഴിഞ്ഞാൽ അജ്ഞാതമായ ഭൂഖണ്ഡത്തിൽ എത്തിയ പ്രതീതിയാണ്. അവിടെ നിന്ന് സ്ഥലകാലങ്ങളുടെ ബോധത്തിലേക്ക് തിരിച്ചു നടക്കാൻ സമയമെടുക്കും. പ്രണയ-ശൃംഗാര ഭാവങ്ങളുടെ ആവിഷ്കാരത്തിലാണ് അവർ ശ്രദ്ധ നേടിയത്. നാടൻ പാട്ടുകളിൽ നിന്ന് തുമ്രി ഗായകർ കടം കൊള്ളാറുണ്ട്. തുമ്രിയുടെ ആത്മാവ് ശുദ്ധ വൈകാരികതയിലാണ്. ഭാവത്തിനാണ് അതിൽ പ്രാധാന്യം. കാഫി, പീലു ,പഹാഡി, ഖമാജ്, ഭൈരവി, ജോഗിയ എന്നീ രാഗങ്ങളാണ് തുമ്രി ഗായകർക്ക് പ്രിയം. ഗായകർക്ക് തങ്ങളുടെ ഭാവനാലോകത്ത് വിഹരിക്കാനുള്ള സ്വാതന്ത്ര്യം തുമ്രിയിലുണ്ട്.

1920 മുതലാണ് തുമ്രികൾക്ക് ഹിന്ദുസ്ഥാനി സംഗീത ലോകത്ത് കൂടുതൽ പ്രചാരം കിട്ടുന്നത്. ഉസ്താദ് ബഡെ ഗുലാം അലിഖാന്റെയും ബേഗം അക്തറിന്റെയും തുമ്രി പാടാനുള്ള പ്രാഗത്ഭ്യമാണ് അതിനുകാരണം. ബഡെ ഗുലാം അലിഖാന്റെ ആയേന ബാലം, കത് നാ ബിർഹാകി രാത് എന്നീ തുമ്രികൾ സാധാരണക്കാർ പോലും പാടി നടന്നു. ശാസ്ത്രീയ സംഗീതം പാടുന്ന ഗായകർ തുമ്രി പാടുന്നത് താഴ്ന്ന ഒരു പ്രവൃത്തിയായിയാണ് ശാസ്ത്രീയ സംഗീതലോകം അതുവരെ കരുതിയിരുന്നത്. തുമ്രി പാടുന്നതിൽ ബഡെ ഗുലാം അലിഖാൻ വളരെയധികം വിമർശനങ്ങൾ നേരിട്ടിരുന്നു. ഖയാലിൽനിന്ന് തുമ്രിയിലേക്ക് മാറിയത് ജനപ്രിയമാകാൻ വേണ്ടിയാണ് എന്ന ആരോപണമുണ്ടായി. എന്നാൽ അദ്ദേഹം തുമ്രി പാടിയപ്പോൾ സാധാരണക്കാരായ സംഗീത ആസ്വാദകർ താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിനു ശേഷം വന്ന ഗായകർക്ക് തുമ്രിയിൽ മുന്നോട്ടുപോകാൻ ഗുലാം അലിഖാന്റെ സാനിധ്യം പ്രചോദനം നൽകി.
1925- ലാണ് ശോഭാഗുർത്തുവിന്റെ ജനനം. കർണാടകയിലെ ബെൽഗാമിൽ. ഗായകിയും നർത്തകിയുമായ അമ്മ മനേക് ഭായ് ശിരോദ്കറാണ് ആദ്യഗുരു. അമ്മ സാധകം ചെയ്യുന്നത് ശ്രദ്ധിച്ച് ശോഭ ചെറുപ്പത്തിൽ തന്നെ ബന്ദിഷുകൾ ഹൃദിസ്ഥമാക്കി. പിന്നീട് ജയ്പ്പൂർ അത്രൌളി ഘരാനയിലെ ഉസ്താദ് നഥാൻ ഖാനിൽ നിന്ന് ശാസ്ത്രീയ സംഗീതവും ഉസ്താദ് ഖമ്മാൻ ഖാനിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു. ദക്ഷിണേന്ത്യക്കാരിയായിട്ടും ഉറുദുവും ഹിന്ദിയും കാര്യമായി വശമില്ലാതിരുന്നിട്ടും നന്നായി പാടാൻ കഴിഞ്ഞത് അവരുടെ പ്രതിഭ കൊണ്ടുമാത്രമാണ്.
ശോഭ ഗുർത്തുവിന് കുടുംബത്തിൽ നിന്ന് നല്ല പിന്തുണ കിട്ടിയിരുന്നു. ഭർത്താവ് വിശ്വനാഥ ഗുർത്തുവും ഭർതൃപിതാവ് നാരായണൻ നാഥ് ഗുർത്തുവും നല്ല പ്രോത്സാഹനം നല്കി. വാരാണസിയിൽപോയി സിദ്ധെശ്വരി ദേവിയിൽ നിന്ന് സംഗീതം പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ഭർതൃപിതാവ് അഭിപ്രായപ്പെട്ടപ്പോൾ കുട്ടികൾ ചെറുപ്പമായതുകൊണ്ട് ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. അബ്ദുൾ കരീംഖാൻ, റസൂലൻ ഭായ് എന്നിവരുടെ പാട്ടുകൾ കേൾക്കാൻ പറ്റിയത് ഒരു ഭാഗ്യമായിട്ടാണ് ശോഭ കരുതിയത്. അവരിൽ നിന്ന് സംഗീതം പഠിക്കാനുള്ള മോഹം സഫലമായില്ലെങ്കിൽ പോലും.

ശോഭാ ഗുർത്തുവിന്റെ ആലാപനത്തിലെ പ്രധാന ആകർഷകത്വം അവരുടെ മധുരസ്വരമാണ്. മെലഡിയുടെ വശ്വതയാണ് ആ സ്വരത്തിന്റെ കാതൽ. കടൽ പോലെ ശാന്തവും രൗദ്രവുമായ ഭാവങ്ങൾ ആ സ്വരത്തിലുണ്ട്. ഭാവപ്രകടനത്തിനും സ്വരക്രമീകരണത്തിനുമുള്ള കഴിവുകൾ അവരുടെ അമ്മയിൽനിന്ന് കിട്ടിയതാവാം. അമ്മ മനേകഭായ് ശിരോദ്കർ ആലാപനത്തിന്റെ വിവിധ രീതികളെ കുറിച്ച് മകളെ നന്നായി പഠിപ്പിച്ചിരുന്നു.
ശോഭാ ഗുർത്തുവിന്റെ പാട്ട് അവരുടെ മുൻഗാമികളായ റസൂലൻ ഭായ്, സിദ്ധെശ്വരി ദേവി, ബേഗം അക്തർ എന്നിവരെ ഓർമ്മിപ്പിക്കുന്നു. ശാസ്ത്രീയ നിഷ്ടയോടെയാണ് അവർ തുമ്രിയും ദാദ്രയും പാടാറുള്ളത്. തുമ്രിയിൽ രാഗവതരണത്തെക്കാൾ പ്രധാനം ഭാവത്തിനും രസത്തിനുമാണ്. തുമ്രി ഗായകർക്ക് കാവ്യാർത്ഥം മനസ്സിലാക്കി രാഗാവതരണത്തിലൂടെ ശ്രോതാക്കൾക്ക് നൽകാൻ കഴിയണം. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടവട്ടമുള്ള തുമ്രി ശാസ്ത്രീയ സംഗീതത്തിന്റെയും നാടോടിസംഗീതത്തിന്റെയും നിഗൂഡമായ സങ്കലനമാണ്.
വീണ്ടും വീണ്ടും കേൾക്കാൻ മോഹിക്കുന്നതാണ് ശോഭാ ഗുർത്തുവിന്റെ പാട്ടുകൾ. സിന്ധു ഭൈരവി രാഗത്തിലുള്ള ഹംരി അതരിയാപ്പേ ആജാരെ സാവരിയാ എന്ന പരമ്പരാഗതമായ തുമ്രി, ഭൈരവി രാഗത്തിലുള്ള ചോട് ഗയാ സാജൻ മേരാ, രാധാ നന്ദ് കുൻവർ സംച്ചായെ, കജരികളായ സജ് നാ ബാത് നികൽനാ ഹരി, സാവൻ കി ഋതു അയീരെ, യമൻ രാഗത്തിലുള്ള ഭജൻ മാരെ പ്രണാം എന്നിങ്ങനെ അവരുടെ വശ്യസുന്ദരമായ പാട്ടുകളുടെ പട്ടിക നീണ്ടതാണ്.
ഗുരു- ശിഷ്യ പരമ്പര അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതിൽ ഖിന്നയായിരുന്ന ശോഭാഗുർത്തു പലപ്പോഴും അതിൽ ദുഃഖം പ്രകടിപ്പിച്ചിരുന്നു. പുതിയ തലമുറക്ക് ക്ഷമയോ സംഗീതത്തോട് അർപ്പണബോധമോ ഇല്ല എന്നായിരുന്നു അവരുടെ പരാതി. ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. രാജശ്രീ പഥക്, ചായ ഗാംഗുലി, ധനശ്രീ പണ്ഡിറ്റ്, ശുഭ ജോഷി എന്നിവർ അവരിൽ പ്രമുഖരാണ്. മകൻ തൃലോക് ഗുർത്തു അമ്മയിൽ നിന്ന് സംഗീതം പഠിച്ചെങ്കിലും പോപ്, ഫൂഷൻ സംഗീത രംഗത്താണ് അറിയപ്പെടുന്നത്.

സിനിമയിലും ശ്രദ്ധനേടാൻ ശോഭാഗുർത്തുവിന് കഴിഞ്ഞു. ഫഗുൻ, സജ്ജോറാണി, നയാ സമാന, പക്കീസ, മൈം തുളസി തെരി അഖൻ കി എന്നീ ചിത്രങ്ങളിൽ പിന്നണി പാടി. 1978-ൽ പുറത്തുവന്ന മൈം തുളസി തെരി ആഖൻ കിയിൽ പാടിയ സൈയ്യാൻ റൂത്ത് ഗയാ ഫിലിം ഫെയർ അവാർഡ് നേടി. സിനിമാഗാനങ്ങളെക്കാൾ അവർക്ക് എന്നും സംതൃപ്തി നൽകിയത് തുമ്രിയും ദാദ്രയുമൊക്കെയാണ്.
തുമ്രി സംഗീതത്തിലെ ഇതിഹാസങ്ങളായ റസൂലൻ ഭായ്, സിദ്ധേശ്വരി ദേവി, ബേഗം അക്തർ, എന്നിവരുടെ മരണശേഷമാണ് ശോഭാ ഗുർത്തുവിന് വേണ്ടത്ര പരിഗണന കിട്ടുന്നത്. പുരസ്കാരങ്ങൾ വൈകിയാണ് അവരെ തേടി എത്തിയത്. 1987-ൽ സംഗീത നാടക അക്കാദമി അവാർഡും, 2002- ൽ പത്മഭൂഷനും ലഭിച്ച അവർക്ക് പുരസ്കാരങ്ങൾ വൈകിയതിലൊന്നും പരിഭവമുണ്ടായിരുന്നില്ല. മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ അവർ പറഞ്ഞു: ഈ അംഗീകാരം എനിക്ക് ജനങ്ങൾ തന്നതാണ് ഞാനിത് സന്തോഷത്തോടെ സ്വീകരിക്കുന്നു.
ശോഭ ഗുർത്തുവിന്റെ പാട്ടുകളെ പറ്റി കേരളത്തിലെ ഹിന്ദുസ്ഥാനി ഗായകരോ ആസ്വാദകരോ പരാമർശിച്ചതായി കണ്ടിട്ടില്ല. മെഹ്ദി ഹസനും ശോഭ ഗുർത്തുവും പാടിയ ടർസ് എന്ന ആൽബത്തിലെ രഹെ ഗെയെ ആൻസൂ നേന് ബിച്ചായെ, എക്‌സരാ ദിൽ കെ ഖരീബ് എന്നീ പാട്ടുകൾ കേരളത്തിലെ മെഹ്ദി ഹസ്സൻ ആരാധകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.