മലയാളി കണ്ടിട്ടില്ലാത്ത പ്രമേയങ്ങൾ ഷാനവാസിനൊപ്പം യാത്ര തുടങ്ങാനിരിക്കുകയായിരുന്നു

‘കരി’ എന്ന ഷോക്ക് ട്രീറ്റ്‌മെന്റ് പോലെ, ‘സൂഫി’യെന്ന ഉപാധികളില്ലാത്ത സ്‌നേഹം പോലെ മലയാളിക്ക് മുന്നിലേക്ക് മുമ്പ് വന്നിട്ടില്ലാത്ത പ്രമേയങ്ങളും, മനുഷ്യരുടെ വൈവിധ്യലോകങ്ങളുമെല്ലാം ഷാനവാസിനൊപ്പം യാത്ര തുടങ്ങാനിരിക്കുകയായിരുന്നു- കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ സംവിധായകൻ നരണിപ്പുഴ ഷാനവാസിനെക്കുറിച്ച്​ 'ദ ക്യു' എഡിറ്റർ മനീഷ് നാരായണൻറെ ഓർമക്കുറിപ്പ്​

കേരളത്തിൽ സ്വതന്ത്ര സിനിമാ മേഖലയിലുണ്ടായ ഗംഭീര പരീക്ഷണങ്ങളിലൊന്നായിരുന്നു കരി. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിലൊന്ന്. ആ സിനിമയെയും, സംവിധായകനായ നരണിപ്പുഴ ഷാനവാസിനെയും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയും ഒരു പോലെ തിരസ്‌കരിച്ചിരുന്നു. കേരളത്തിന്റെ സാമൂഹ്യഘടനയിലും, മലയാളിയുടെ മനോഘടനയിലുമുള്ള ജാതീയതയുടെ ആഴം തേടുകയും ആപത്ശങ്ക വ്യക്തമാക്കുകയുമായിരുന്നു കരി എന്ന ചിത്രത്തിലൂടെ ഷാനവാസ്. കരിയുടെ പ്രിവ്യൂ കോപ്പി കണ്ടതിന് ശേഷമാണ് ഷാനവാസിനെ പരിചയപ്പെടുന്നത്. കരിക്ക് മുമ്പ് തന്നെ കേരളത്തിലെ സുപ്രധാന ഹ്രസ്വചലച്ചിത്ര മേളകളിലും സ്വതന്ത്ര്യസിനിമാപ്രവർത്തകരുടെ കൂട്ടായ്മകളിലുമൊക്കെ ഷാനവാസ് തന്നെ അടയാളപ്പെടുത്തിയിരുന്നു.

‘കരി’യിലെ ഒരു രംഗം
‘കരി’യിലെ ഒരു രംഗം

ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൊക്കെ ചർച്ചയായ മണികണ്ഠൻ പട്ടാമ്പി കേന്ദ്രകഥാപാത്രമായ 90 രാ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് ആയിരുന്നുവെന്ന് പലരും വൈകിയാണറിഞ്ഞിരുന്നത്. പത്ത് വർഷം മുമ്പ് ഷാനവാസ് സംവിധാനം ചെയ്ത ചെറുചിത്രമായിരുന്നു അത്. ആഖ്യാനസാമർത്ഥ്യമുള്ളൊരു ഫിലിംമേക്കറെ 90 രാ കാണാമായിരുന്നു. ചലച്ചിത്രകൂട്ടായ്മകൾക്ക് ഷാനവാസിന്റെ ക്രാഫ്റ്റിലുള്ള വിശ്വാസത്താൽ ഔദ്യോഗിക മേളകൾ അകറ്റിനിർത്തിയ കരി കേരളത്തിൽ അങ്ങോളമിങ്ങോളം ഫിലിം സൊസൈറ്റികളിലും സമാന്തര ചലച്ചിത്രമേളകളിലുമായി പ്രദർശിപ്പിച്ചിക്കപ്പെട്ടു. മികച്ച ശബ്ദവിന്യാസത്തിലും പ്രദർശന സംവിധാനത്തിലും തന്റെ ആദ്യ സിനിമ പ്രേക്ഷകരെ കാണിക്കാനാകാത്തതിൽ നീറിയായിരുന്നു ഷാനവാസ് കരിക്കൊപ്പം സഞ്ചരിച്ചത്.

കരി എന്ന സിനിമ നേരിട്ട തിരസ്‌കാരവും അവഗണനയുമാണ് കൂടുതൽ പ്രേക്ഷകരെ കാണിക്കാനാകുന്ന സിനിമ ചെയ്യണമെന്ന ചിന്തയിലേക്ക് ഷാനവാസിനെ എത്തിച്ചത്. അങ്ങനെ ഷാനവാസ് പറഞ്ഞിട്ടുണ്ട്. മൂലധനകേന്ദ്രീകൃതമായ മുഖ്യധാരാ സിനിമയുടെ ഭാഗമാകുമ്പോൾ മനസിലെ സിനിമ മെരുക്കപ്പെടുമെന്നും പരുക്കേൽക്കുമെന്നും ഷാനവാസ് മനസിലാക്കിയിരുന്നു. അവിടെയും അയാൾ തോൽവിയടഞ്ഞിട്ടില്ലെന്നാണ് സൂഫിയും സുജാതയും കണ്ടപ്പോൾ തോന്നിയത്. സൂഫിയും സുജാതയും എന്ന പേരിൽ പുറത്തുവന്ന സിനിമയുടെ റൂഹ് എന്ന ആദ്യതിരക്കഥാരൂപം നേരത്തെ വായിച്ചിരുന്നു. എല്ലാ അർത്ഥത്തിലും മറ്റൊരു സിനിമയായിരുന്നു റൂഹ്.

സൂഫിയിലൂടെ മുക്തി നേടുന്ന സുജാതയുടെയും സുജാതയിലൂടെ മോക്ഷം നേടുന്ന സൂഫിയുമായിരുന്നു റൂഹിലെ കഥാപാത്രങ്ങൾ. സൂഫിയുടെ ഖബറും ജിന്ന് പള്ളിയിലെ മൈലാഞ്ചിക്കാടുമെല്ലാം ഇതിനേക്കാൾ ജീവനുള്ളതുമായിരുന്നു. ആ രചനയിൽ നിന്ന് ആമസോണിലെ സൂഫിയും സുജാതയും ഒരു പാട് ദൂരെയന്ന് തോന്നിയിരുന്നു. വിയോജിപ്പുകൾ നിൽക്കെ തന്നെ ഷാനവാസ് എന്ന സംവിധായകന്റെ ശൈലീഭദ്രത അനുഭവപ്പെട്ട ചിത്രമായിരുന്നു സൂഫിയും സുജാതയും. മുല്ലബസാറെന്ന സാങ്കൽപ്പിക ദേശത്തിന്റെ ഉള്ളുതൊട്ടുണർത്തുന്ന വാങ്ക് വിളിയും, അതുയരുന്ന ജിന്നുപള്ളിയും, അവധൂതനായ അബൂബും അയാളുടെ ശിഷ്യനായ സൂഫിയുമെല്ലാം സിനിമ നിലച്ചുപോയ കൊവിഡ് കാലത്ത് ലോകമെങ്ങുമുള്ള മലയാളിയെ പുതിയ അനുഭവപരിസരത്ത് എത്തിച്ചു. അങ്ങനെ നോക്കുമ്പോൾ കരി എന്ന സിനിമ നേരിട്ട തിരസ്‌കാരത്തെ ഷാനവാസ് മറ്റൊരു രീതിയിൽ മറികടന്നു. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസ് സിനിമ കൂടിയായിരുന്നു സൂഫിയും സുജാതയും.

സൂഫിയും സുജാതയും എന്ന സിനിമയിലെ ഒരു രംഗം
സൂഫിയും സുജാതയും എന്ന സിനിമയിലെ ഒരു രംഗം

സൂഫിയും സുജാതയും ആമസോണിലെത്തിയതിന്റെ തുടർദിവസങ്ങളിൽ ഷാനവാസിനോട് സംസാരിച്ചിരുന്നു. അട്ടപ്പാടിയിൽ റേഞ്ച് അപൂർവമായൊരിടത്ത് പുതിയ സിനിമയുടെ ആലോചനകളിലേക്ക് പ്രവേശിച്ചിരുന്നു ഷാനവാസ്. മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്രിമിയർ ചിത്രമായ സൂഫിയും സുജാതയും സംവിധാനം ചെയ്ത നരണിപ്പുഴ ഷാനവാസിനെക്കാൾ ജാതികേരളത്തിന്റെ ദൃശ്യരേഖ കൂടിയായ കരി എന്ന ഉഗ്രൻ ചിത്രമൊരുക്കിയ ചലച്ചിത്രകാരനോടാണ് പ്രിയമെന്ന് സംഭാഷണമധ്യേ പറഞ്ഞിരുന്നു.

ഫെസ്റ്റിവലുകൾക്ക് വേണ്ടി സൂഫിയും സുജാതയും ഡയറക്ടർ കട്ട് വരും അത് ഉറപ്പായും കാണണമെന്നായിരുന്നു മറുപടി. രണ്ടാം സിനിമയും തിയറ്ററിൽ കാണിക്കാനാകാത്തതിനെക്കാൾ ഷാനവാസിനെ അലട്ടിയിരുന്നത് നിർണായകമെന്ന് കരുതിയിരുന്ന ചില സീനുകൾ ഉൾപ്പെടുത്താനാകാത്ത വിഷമമാണെന്ന് തോന്നിയിട്ടുണ്ട്. മുല്ലബസാറിലെ സൂഫിയുടേത് ജിന്ന് കൂടിയ വിരലുകളായിരുന്നു. മരണസമയത്ത് സൂഫിയുടെ ഒരു കാലിൽ ജിന്നുള്ള വിരൽ ഇല്ല. അത് നഷ്ടമായിരുന്നു. ശവശരീരത്തിലെ വിരലുകൾ കൂട്ടിക്കെട്ടുമ്പോൾ പകരം ഇടം കാലിലെ രണ്ടാമത്തെ വിരലിനോട് ചേർത്താണ് കെട്ടുന്നത്. സുജാത ഒടുവിൽ സൂഫിയെ അങ്ങനെ കാണുമ്പോളുണ്ടാകുന്ന ഞെട്ടലിൽ, ഉലച്ചിലിൽ അലറിക്കരയുന്നുണ്ട്. അവിടെ അവൾക്ക് ശബ്ദമുണ്ട്. കോവിഡിൽ വി.എഫ്.എക്‌സ് പൂർത്തിയാക്കാനുള്ള സാവകാശം നഷ്ടപ്പെട്ടപ്പോൾ ആ രംഗങ്ങങ്ങൾ ഒഴിവാക്കേണ്ടി വന്നെന്നാണ് പറഞ്ഞിരുന്നത്. അത് കൂടി ചേർത്താലാണ് സൂഫിക്കും എനിക്കും മോക്ഷം കിട്ടുകയെന്നാണ് ഷാനവാസ് പറഞ്ഞിരുന്നത്.

സിനിമ ശ്വാസമാക്കിയൊരു ചലച്ചിത്രകാരനെന്നത് അതിശയോക്തിയല്ല. അട്ടപ്പാടിയിൽ ഷാനവാസ് എഴുത്തിനായി താമസിച്ചയിടത്ത് തന്നെയാണ് അയാളുടെ പുതിയ കഥാപാത്രം പിറന്നതെന്നും, സിനിമയിൽ ആ കഥാപാത്രം താമസിക്കുന്നതും അയാളുടെ ജീവിതപരിസരവും അവിടെയാണെന്നും കൂട്ടുകാർ പറഞ്ഞുകേട്ടിരുന്നു. ഒടുവിൽ ക്ലൈമാക്‌സ് കൂടി എഴുതിപൂർത്തിയാക്കാനെടുത്ത ഒറ്റദിവസത്തിലാണ് മരണം.

കരിയും സൂഫിയും സുജാതയും ചെയ്ത ശേഷം ഇനി ചെയ്യുന്നതായിരിക്കും തന്റെ നല്ല സിനിമകളെന്ന് പറയുന്നൊരാൾ. ഇപ്പോൾ എഴുതിക്കൊണ്ടിരുന്ന സിനിമ പൂർത്തിയാക്കിയിരുന്നുവെങ്കിൽ അപ്പോഴും ഇനിയാണ് ഞാനൊരു നല്ല സിനിമ ചെയ്യാൻ പോകുന്നതെന്ന് അയാൾ പറയുമായിരുന്നു. ഷാനവാസ് തുടങ്ങിയിട്ടേ ഉള്ളൂ എന്ന് തോന്നിയിരുന്നു. കരി എന്ന ഷോക്ക് ട്രീറ്റ്‌മെന്റ് പോലെ, സൂഫിയെന്ന ഉപാധികളില്ലാത്ത സ്‌നേഹം പോലെ മലയാളിക്ക് മുന്നിലേക്ക് മുമ്പ് വന്നിട്ടില്ലാത്ത പ്രമേയങ്ങളും, മനുഷ്യരുടെ വൈവിധ്യലോകങ്ങളുമെല്ലാം ഷാനവാസിനൊപ്പം യാത്ര തുടങ്ങാനിരിക്കുകയായിരുന്നു. ഓരോരോ സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള അയാളുടെ ആധികൾ കരിയിലും സൂഫിയിലുമുണ്ടായിരുന്നു. ജാതിയും മതവും ദേശവും നിറവുമൊക്കെ വേലി തിരിച്ച മനുഷ്യരുണ്ടാക്കുന്ന കലഹങ്ങളിലെ നിരർത്ഥകത രണ്ട് സിനിമകളിൽ തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു.

‘സൂഫിയും സുജാതയും’ ലൊക്കേഷനിൻ ഷാനവാസും അദിതി റാവു ഹെെദരിയും
‘സൂഫിയും സുജാതയും’ ലൊക്കേഷനിൻ ഷാനവാസും അദിതി റാവു ഹെെദരിയും

ചെയ്യാനിരിക്കുന്ന സിനിമകളിലേക്ക് കൂടി കാത്തിരിപ്പ് സൃഷ്ടിക്കുന്ന വിധത്തിൽ രാഷ്ട്രീയ ഉൾക്കനമുള്ളതും ക്രാഫ്റ്റ്മാൻഷിപ്പുള്ളതുമായ കന്നിച്ചിത്രമൊരുക്കിയ സംവിധായകനാണ് ഷാനവാസ്. ഡോൺ പാലത്തറയുടെ ശവം എന്ന അടിമുടി പരീക്ഷണസ്വഭാവമുള്ള സിനിമയുടെ എഡിറ്ററും ഷാനവാസ് ആയിരുന്നു. സിനിമയെന്ന മാധ്യമത്തിൽ പുതുക്കിപ്പണിയലുകൾക്കും ഔട്ട് ഓഫ് ദ ബോക്സ് പരീക്ഷണങ്ങൾക്കും ശേഷിയുള്ളൊരു ചലച്ചിത്രകാരൻ. ജാതിയും ജാതിബോധവുമുള്ളിടത്തോളം കാലം കരി എന്ന സിനിമ ചർച്ച ചെയ്യപ്പെടുമെന്നാണ് വിശ്വാസം, ഒപ്പം നരണിപ്പുഴ ഷാനവാസ് എന്ന പ്രതിഭാധനനായ ചലച്ചിത്രകാരനും.




Summary: ‘കരി’ എന്ന ഷോക്ക് ട്രീറ്റ്‌മെന്റ് പോലെ, ‘സൂഫി’യെന്ന ഉപാധികളില്ലാത്ത സ്‌നേഹം പോലെ മലയാളിക്ക് മുന്നിലേക്ക് മുമ്പ് വന്നിട്ടില്ലാത്ത പ്രമേയങ്ങളും, മനുഷ്യരുടെ വൈവിധ്യലോകങ്ങളുമെല്ലാം ഷാനവാസിനൊപ്പം യാത്ര തുടങ്ങാനിരിക്കുകയായിരുന്നു- കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ സംവിധായകൻ നരണിപ്പുഴ ഷാനവാസിനെക്കുറിച്ച്​ 'ദ ക്യു' എഡിറ്റർ മനീഷ് നാരായണൻറെ ഓർമക്കുറിപ്പ്​


Comments