ഒരു വർഷം മുമ്പ് തിരുവനന്തപുരത്ത് വെച്ച് നടന്ന മാതൃഭൂമി ലിറ്റററി ഫെസ്റ്റിവലിൽ ഞാൻ സദസ്സിലിരിക്കുകയായിരുന്നു. നവോത്ഥാനത്തെപ്പറ്റിയുള്ള ഒരു സംവാദം. വേദിയിൽ ഫാദർ പോൾ തേലേക്കാടും കെ.വേണുവുമൊക്കെയുണ്ട്. ഇടയ്ക്കു വെച്ച് എന്റെ പുറകിലായി വീരേന്ദ്രകുമാർ വന്നിരുന്നു. തേലേക്കാട്ടച്ചൻ പതിവുപോലെ ദർശന ചരിത്രത്തിലൊക്കെ പറഞ്ഞു കയറി. കൂട്ടത്തിൽ ഇമ്മാനുവേൽ കാന്റിന്റെ ഒരഭിപ്രായം ചേർത്തു വെച്ചു. ഇതു കേട്ട പാടെ കസേര മുന്നോട്ടു വലിച്ചിട്ട് വീരേന്ദ്രകുമാർ എന്റെ ചെവിയിൽ കാന്റിന്റെ യഥാർത്ഥ ഉദ്ധരണി കേൾപ്പിച്ചു. ഒരു പാരഗ്രാഫ് മുഴുവനായും വായിച്ചു കേട്ടതു പോലെ എനിക്കു തോന്നി. ഏതു പുസ്തകത്തിൽ നിന്നാണെന്നും പറഞ്ഞു. കാന്റിന്റേതായി ഫാദർ പറഞ്ഞത് പൂർണ്ണമോ അവസരത്തിന് യോജിക്കുന്നതോ അല്ല എന്നാണ് വീരേന്ദ്രകുമാർ വാദിച്ചത്. അദ്ദേഹം ഇങ്ങനെ പലതും ഓർത്തെടുക്കുന്നത് ഞാൻ കേട്ടിട്ടുള്ളതുകൊണ്ട് ഞാൻ ഞെട്ടിയില്ല. അന്നു തീരുമാനിച്ചതാണ് വീരേന്ദ്രകുമാറുമായി കൂടുതൽ സമയം ഒന്നിരിക്കണം എന്നത് . ഇന്നിപ്പോൾ വീരേന്ദ്രകുമാർ ഇല്ലാതെയാവുമ്പോൾ എന്റെ മനസ്സിൽ ആ വാക്കുകൾ മുഴങ്ങുന്നു.
"ആരോഗ്യം തിരിച്ചു കിട്ടിയാലുടൻ നമ്മൾ സംസാരിക്കും. പലതും പറയാനുണ്ട്. ഞാനറിയിക്കാം'. പലതും ചോദിക്കാനുണ്ട്. ഒരു നീണ്ട അഭിമുഖമാവാമോ എന്നന്വേഷിച്ച് ചെന്ന എനിക്ക് എം.പി. വീരേന്ദ്രകുമാറിൽനിന്ന് കിട്ടിയ ഉത്തരമായിരുന്നു അത്. കഴിഞ്ഞ ജനവരിയിൽ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് മടങ്ങുമ്പോൾ അതു നടക്കും എന്ന് തന്നെയാണ് ഞാൻ കരുതിയത്, ആഗ്രഹിച്ചതും. ഞാൻ നടത്തിക്കൊണ്ടിരുന്ന വീഡിയോ അഭിമുഖമായ വാഗ് വിചാരം സീരീസിൽ അതിഥിയായി വരാമെന്ന് സമ്മതിച്ചതു തന്നെ വലിയ കാര്യം. വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കണമെന്ന് സെക്രട്ടറിയോട് ചട്ടം കെട്ടുകയും ചെയ്തു. പക്ഷേ , വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അവസരം ഒത്തു വന്നില്ല. ഇന്നലെ രാത്രിയോടെ എന്റെ ചോദ്യങ്ങൾ അങ്ങനെ എന്നന്നേക്കുമായി അനാഥമായി. വീരേന്ദ്രകുമാറിനു മാത്രം ഉത്തരം പറയുവാനാവുമായിരുന്ന ചോദ്യങ്ങൾ. ആ അർത്ഥത്തിൽ എം.പി.വീരേന്ദ്രേകുമാറിന്റെ മരണം എന്നെ സംബന്ധിച്ചേടത്തോളം വ്യക്തിപരമായ ഒരു നഷ്ടം കൂടിയാവുന്നു. മരണം ശരീരത്തോടൊപ്പം വ്യക്തിയുടെ ധിഷണയേയും അനുഭവസമ്പത്തിനെയും കൂടി കവർന്നെടുക്കുന്നു. ആ നഷ്ടം തിരുത്താനാവാത്തതുമാണ്. വീരേന്ദ്രകുമാറിന്റെ ധിഷണയേയും അനുഭവസമ്പത്തിനെയും വേണ്ട രീതിയിൽ പ്രകാശിതമാക്കാൻ ആരും ശ്രമിച്ചില്ല എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള അടയാളപ്പെടുത്തലുകളെല്ലാം അപൂർണ്ണമായിരിക്കും. തന്റെ സവിശേഷമായ കഴിവുകളെ വേണ്ട രീതിയിൽ പരിചരിക്കുന്നതിൽ ഏറെ അലംഭാവം കാണിച്ചാണ് അദ്ദേഹം കടന്നു പോവുന്നത്. ഒരു വേള ഇടനാഴിയിലെ പരിചയക്കാരുടെ കുന്നായ്മകൾക്ക് വഴങ്ങി പരാജയം സ്വയം ഏറ്റുവാങ്ങിയതുമാവാം.
നാലഞ്ചു കൊല്ലം മുമ്പാണ് ഞാനാദ്യമായി അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. എസ്. ജയചന്ദ്രൻ നായർ എഴുതിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു ആ കൂടിക്കാഴ്ച. തമ്മിൽ പരിചയമില്ല. എന്നെപ്പറ്റി കേട്ടറിവിനുപോലും ഇടയില്ല. വീടിന്റെ ഗേറ്റ് കടക്കുമ്പോൾ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന സംശയം മനസ്സിലുണ്ടായിരുന്നു. അകത്തെ മുറിയിൽ അദ്ദേഹത്തെ കാത്തിരിക്കുമ്പോൾ പുറത്തു നിന്നു കേട്ട പല ചിത്രങ്ങളും മനസ്സിൽ നിറഞ്ഞു. പെട്ടന്നാണ് വലിയ ഷർട്ടും കള്ളി ലുങ്കിയുമുടുത്ത അദ്ദേഹം മുന്നിലെത്തിയത്. കയ്യിൽ തുറന്നു പിടിച്ച ഒരുപുസ്തകവുമുണ്ടായിരുന്നു. ഞാൻ ചെന്ന കാര്യം ഒറ്റ ശ്വാസത്തിനു പറഞ്ഞു തീർത്തു. എന്റെ ആവശ്യത്തോട് അദ്ദേഹം അനുകൂലമായ നിലപാട് അറിയിച്ചു. ഞാൻ മടങ്ങാനായി എഴുന്നേറ്റപ്പോൾ വെറുതെ ഒരു കൗതുകത്തിന്, സാർ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകമേതാണെന്ന് ഒന്നന്വേഷിച്ചു. അത് മൊയ്യാരത്ത് ശങ്കരന്റെ ആത്മകഥയുടെ പ്രൂഫ് കോപ്പിയാണെന്നു പറഞ്ഞു. പുതിയ പതിപ്പ് മാതൃഭൂമി ഉടൻ പ്രസിദ്ധീകരിക്കാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് മൊയ്യാരത്തിനെ കേട്ടിട്ടുണ്ടോ എന്ന് എന്നോടു ചോദിച്ചു.
മൊയ്യാരത്തിനെ അറിയാമെന്നും ആ ആത്മകഥ ഞാൻ വളരെ മുമ്പ് ഞാൻ വായിച്ചിട്ടുണ്ടെന്നും പറഞ്ഞു. ആ ഉത്തരം അദ്ദേഹത്തെ സന്തോഷിപ്പിച്ചു എന്നു തോന്നി. അതോടെ ഞങ്ങൾക്കിടയിൽ ഒരു ബന്ധം ഉടലെടുത്തു. എന്റെ ഉത്തരം കേട്ട ഉടൻ അദ്ദേഹം വീണ്ടും എന്നോട് ഇരിക്കാനാവശ്യപ്പെട്ടു. മൊയ്യാരത്ത് ശങ്കരനിൽ നിന്ന് ആദിശങ്കരനിലൂടെ കടന്നു പോയപ്പോഴേക്കും ഒരു മണിക്കൂറിലേറെ കടന്നു പോയി. ഞാൻ വാച്ചു നോക്കി അസ്വസ്ഥനായി. എന്റെ ട്രെയിനിനുള്ള സമയമായിരുന്നു. ക്ഷമാപണത്തോടെ ഞാൻ എഴുന്നേറ്റു യാത്ര പറഞ്ഞു. ഇനി വരുമ്പോൾ വിളിക്കണം എന്നും പറഞ്ഞ് അദ്ദേഹം തന്നെ യാത്രയാക്കി. ഞാൻ പുതിയൊരു വീരേന്ദ്രകുമാറിനെ കണ്ടെത്തുകയായിരുന്നു. കേട്ടറിഞ്ഞ വീരേന്ദ്രകുമാറിൽ നിന്ന് അടുത്തറിഞ്ഞ വീരേന്ദ്രകുമാറിലേക്ക് വലിയ ദൂരമുണ്ടായിരുന്നു. പിന്നീടും പല തവണ ആ ബുദ്ധിവൈഭവവും ഫലിത സിദ്ധിയും നേരിട്ടറിയാൻ അവസരമുണ്ടായി. മണിക്കൂറുകൾ അദ്ദേഹത്തിന്റെ ചിന്തകളോടൊപ്പം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ ഓർമ്മ വിസ്മയിപ്പിച്ചു. ആ ധിഷണ വ്യാപരിക്കുന്ന മേഖലകൾ എന്നെ അമ്പരപ്പിച്ചു.
എന്നാൽ ഈ വീരേന്ദ്രകുമാർ പല തലത്തിലും പരാജയപ്പെട്ടു എന്നാണ് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത് . ജയപ്രകാശ് നാരായണനിൽ നിന്ന് നേരിട്ട് സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം നേടിയ അദ്ദേഹം സോഷ്യലിസ്റ്റായതേ ഇല്ല. സോഷ്യലിസ്റ്റാശയങ്ങളുടെ പ്രചാരണത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു. അതിലദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. ആചാര്യന്മാരുൾപ്പടെ നമ്മുടെ സോഷലിസ്റ്റുകളൊക്കെ നമ്മളെ നിരന്തരം പരാജയപ്പെടുത്തുകയായിരുന്നല്ലോ!.
എന്നാൽ ഈ വീരേന്ദ്രകുമാർ പല തലത്തിലും പരാജയപ്പെട്ടു എന്നാണ് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത് .
അവരാരുതന്നെ രാഷ്ട്രീയം കളിയിൽ സോഷ്യലിസ്റ്റുകളായില്ല. ചിലർ വ്യക്തികളെന്ന നിലയിൽ അതായി. മറ്റു ചിലർ അതിനും മിനക്കെട്ടില്ല. വീരേന്ദ്രേകുമാർ രണ്ടാമത്തെ കൂട്ടത്തിൽ ഇടം പിടിച്ചു. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ കരുത്തുണ്ടായിരുന്നവർ വെറും കാഴ്ചക്കാരായി മാറി നിന്നു. സത്യത്തിൽ അവരുടെ അലസമായ ഇടപെടലുകൾ ഇന്ന് അരങ്ങത്തുള്ള വർഗീയ ശക്തികൾക്ക് ഗുണകരമായി എന്നും ചരിത്രം സാക്ഷ്യപ്പെടുത്തും. മിടുക്കരായ സോഷ്യലിസ്റ്റ് നേതാക്കളൊക്കെ രാഷ്ടീയ ശ്രാദ്ധങ്ങളിൽ രസം കണ്ടെത്തി. മിടുക്കരുടെ ആ നിരയും വീരേന്ദ്രകുമാറിലൂടെ അവസാനിക്കുകയാണ്. അതൊരു വലിയ അദ്ധ്യായമായിരുന്നു. അവർ ഉയർത്തിയ പ്രതീക്ഷ ഏറെയായിരുന്നു. അതു കൊണ്ടു തന്നെ അവരുടെ പരാജയം ഇന്ത്യയുടെ വേദനയായിരുന്നു. ഇതേപ്പറ്റിയുള്ള എന്റെ ചോദ്യത്തിന് ഉത്തരം പറയാൻ വീരേന്ദ്രകുമാറിന് കഴിയുമായിരുന്നു. ധാർമ്മിക ബാധ്യതയും ഉണ്ടായിരുന്നു. ഇനിയാര് ഉത്തരം പറയാൻ ?
സംഭാഷണ ചാതുര്യത്തിലും പ്രഭാഷണകലയിലും അസാധാരണ വൈഭവം വീരേന്ദ്രകുമാറിനുണ്ടായിരുന്നു. നിലനില്പിന്റെ രാഷ്ടീയക്കളിയിൽ അനാവശ്യമായി അഭിരമിച്ചതുകൊണ്ട് ആ വൈഭവങ്ങൾ കേരളത്തിനു ഗുണം ചെയ്തില്ല എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ കാണാൻ കഴിയുക. വീരേന്ദ്രകുമാർ ഇതു തിരിച്ചറിഞ്ഞുവോ എന്നെനിക്കറിയില്ല. അത് അദ്ദേഹത്തെ അലട്ടിയിരുന്നുവോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ പുസ്തകങ്ങൾ ഒന്നും തന്നെ യഥാർത്ഥത്തിൽ അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തിയില്ല എന്നാണ് എന്നിലെ ശ്രദ്ധാലുവായ വായനക്കാരൻ വിലയിരുത്തുന്നത്. അഥവാ എഴുതേണ്ട പുസ്തകങ്ങൾ അദ്ദേഹം എഴുതിയതേയില്ല. അവിടെയും അദ്ദേഹം അലംഭാവം കാണിച്ചു. എഴുത്തിലും ഇടനാഴിയിലെ അനുചരന്മാർ നയിച്ച വഴിയിലൂടെ ഈ വലിയ മനുഷ്യൻ സഞ്ചരിച്ചു കളഞ്ഞു.
മാതൃഭൂമിയുടെ മിടുക്കനായ അമരക്കാരൻ എന്ന നിലയിൽ ഊറ്റം കൊള്ളാൻ എം.പി. വീരേന്ദ്രകുമാറിന് അവകാശമുണ്ട്. ഇന്ത്യൻ പത്രപ്രവർത്തന മണ്ഡലത്തിൽ മത്സരിക്കാനുള്ള പ്രാപ്തി ആ പഴയ പത്രത്തിന് ഉണ്ടാക്കിക്കൊടുത്തത് മറ്റാരുമല്ല. ദേശീയസമരകാലത്തിന്റെ ചൂരിൽ നിന്ന് ചാലിച്ചെടുത്ത പാരമ്പര്യത്തെ കൈവിടാതെ നേടിയ ഈ ഉയർച്ച വില പിടിച്ചതാണ്. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തെ അതിന്റെ ചാഞ്ചാട്ടങ്ങൾ ഞാനറിയുന്ന വീരേന്ദ്രകുമാറിന്റെ അറിവോടും സമ്മതത്തോടുമായിരുന്നുവോ? ഞാനദ്ദേഹത്തിനായി കരുതി വെച്ച ഈ ചോദ്യത്തിന് ഇനിയാര് ഉത്തരം പറയാൻ?
എന്റെ നഷ്ടം ഈ സമൂഹത്തിന്റേതു കൂടിയാണ്. എന്തെല്ലാമോ പറയാനുള്ള വെമ്പൽ അവസാനമായി കണ്ടപ്പോൾ ഞാനാ മുഖത്ത് കണ്ടിരുന്നു.
ഒരു വേള ഇടനാഴിയിലെ പരിചയക്കാരുടെ കുന്നായ്മകൾക്ക് വഴങ്ങി പരാജയം സ്വയം ഏറ്റുവാങ്ങിയതുമാവാം.
അതിന്നുള്ള ആർജ്ജവം അദ്ദേഹം ജീവിതം കൊണ്ട് നേടിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ജീവിതത്തിൽ അത്തരമൊരു തിരഞ്ഞെടുപ്പ് ജീവിതാസ്തമയ കാലത്ത് നടത്തുമോ എന്നതു മാത്രമായിരുന്നു ഇത്രയും ദിവസങ്ങൾ എന്നെ അലട്ടിയ സന്ദേഹം. ഇനി അതിന് പ്രസക്തിയില്ല. ഇന്നത്തോടെ എല്ലാം വെറും ഓർമ്മകളായില്ലേ.
എങ്ങനെയായിരിക്കും എം.പി. വീരേന്ദ്രകുമാർ ഓർമ്മിക്കപ്പെടുക? ഇപ്പോഴത്തെ ബഹളത്തിനുമപ്പുറം അതിജീവിക്കാൻ ആ ഓർമ്മകൾക്ക് കഴിയുമോ? മനുഷ്യാനുഭവത്തെ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാനും അതിനെ ശക്തമായി നേരിടാനും ശ്രമിച്ച ഒരു പോരാളി എന്ന നിലയിൽ നിങ്ങൾ നമുക്ക് മുന്നിൽ നിൽക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരിന്ത്യക്കാരനായി അഭിമാനത്തോടെ നിങ്ങൾ തലയുയർത്തി നിന്നു. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളെയും ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പുകൾ നടത്തിയ രാഷ്ട്രീയക്കാരനായിരുന്നു താങ്കൾ. വായനയും ചിന്തയും എഴുത്തും ഒരുമിച്ചു കൊണ്ടു നടന്ന ഒരു നേതാവ്. ആ തലമുറയും അന്യം നിന്നു പോവുകയാണ്. ജാഗ്രത്തായ ഒരു ധിഷണയുടെ ഉടമസ്ഥനാവുമ്പോഴും സമൂഹത്തോട് കരുതൽ വെച്ചു പുലർത്തിയ ബുദ്ധിജീവി. പ്രകൃതിയുടെ വിതുമ്പലുകളെ കരുതലോടെ നേരിടണം എന്ന് തിരിച്ചറിഞ്ഞ ഒരു പ്രകൃതിവാദി.
അലംഭാവങ്ങളും വഴിമാറി നടക്കലും താങ്കളുടെ ജീവിതത്തിന്റെ പ്രകാശം കുറച്ചൊക്കെ കെടുത്തിക്കളഞ്ഞു എന്ന് പരാതിപ്പെടാനുള്ള ആധികാരികത നമുക്കിടയിൽ സ്വാഭാവികമായി ഉടലെടുത്ത ബന്ധത്തിനുണ്ട്. എന്റെ മനസ്സിലെ ചോദ്യങ്ങൾ താങ്കളുടെ ഉള്ളിലും ഉണ്ടായിരുന്നു എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വേദനയോടെ, വിട.