1982 ലെ മാർച്ച് 31 എന്ന ദിവസത്തെ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ദിവസമായിരുന്നു അത്. അന്നാണ് എന്റെ പത്താം ക്ലാസ് പരീക്ഷ അവസാനിച്ചത്. അന്നു തന്നെയാണ് ഞാൻ കണ്ണാടിപ്പറമ്പ് എന്ന കണ്ണൂർ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരം എന്ന വലിയ നഗരത്തിലേക്ക് യാത്ര പുറപ്പെടുന്നതും. എന്റെ ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു അതെന്ന കാര്യത്തിൽ സംശയമില്ല. പുസ്തകങ്ങളുടെയും സാഹിത്യത്തിന്റെയും ആശയങ്ങളുടെയുമൊക്കെ വിശാലമായ ഒരു ലോകത്തേക്കുള്ള ചുവടുവെപ്പുമായിരുന്നു അത്. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ അതൊരു വലിയ നഷ്ടത്തിന്റെ കഥ കൂടിയാണെന്ന് ബോധ്യമാവുകയാണ്. ആ യാത്രയോടെ ഞാനെന്റെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അകലുക കൂടിയായിരുന്നു. പ്രത്യേകിച്ചും അമ്മയിൽ നിന്ന്. പിന്നീടിങ്ങോട്ട് വളരെ കുറച്ചു ദിവസങ്ങളേ അമ്മയോടൊത്ത് കഴിയുവാൻ എനിക്ക് സാധിച്ചിട്ടുള്ളൂ. വല്ലപ്പോഴും ഒന്നു നാട്ടിലേക്കു ചെല്ലും. രാവിലെ ചെന്ന് വൈകിട്ടോ അല്ലെങ്കിൽ അടുത്ത ദിവസമോ മടങ്ങിപ്പോരും. അതും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം. അതിനേ കഴിഞ്ഞുള്ളൂ എന്ന് ഇന്നിപ്പോൾ വേദനയോടെ ഓർക്കുന്നു.
ഞാൻ ജീവിതത്തിൽ കാണുന്ന ആദ്യത്തെ മനുഷ്യനും അമ്മയാണ്. അമ്മയെത്ര മാത്രം ക്ലേശിച്ചും വേദനിച്ചുമാവും എനിക്ക് ജന്മം നൽകിയിരിക്കുക എന്നൊക്കെ ഇന്ന് തിരിഞ്ഞുനോക്കി ചിന്തിക്കാനാവും.
തിരുവനന്തപുരം പുതിയ സാധ്യതകളോടൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളുടെ കുരുക്കുകളും സൃഷ്ടിച്ചു. അതൊന്നും മുൻകൂട്ടി കാണാനുള്ള കഴിവ് എന്നിലെ പത്താം ക്ലാസുകാരനുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് രണ്ടു കാര്യങ്ങളാണ് എന്നെ കാത്തിരുന്നത്. ഒന്ന് കോളേജ് വിദ്യാഭ്യാസം. മറ്റൊന്ന് എന്റെ സഹോദരൻ അവിടെ ആയിടക്ക് തുടങ്ങിയ പുസ്തകശാലയിലെ സഹായി എന്ന ജോലി. സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ രണ്ടാമത്തെ കാര്യം പ്രധാനമായി മാറുകയും ആ സ്ഥാപനത്തിന്റെ കെട്ടിപ്പടുക്കൽ എന്ന ഭാരിച്ച ഉത്തരവാദിത്തത്തിൽ എന്റെ യൗവനത്തെ സഹോദരൻ പൂർണ്ണമായും തളച്ചിടുകയും ചെയ്തു. അതൊരു ആവേശമായി മാറിയതോടെ മറ്റ് കാര്യങ്ങൾ മെല്ലെ മെല്ലെ മനസ്സിൽ നിന്ന്മാഞ്ഞുപോയി. ആദ്യമൊക്കെ നാട്ടിൽ പോയി അമ്മയെ കാണണം എന്ന് മനസ്സ് കൊതിച്ചിരുന്നു. അതിൽ നിന്നും എന്നെ മാറ്റിയെടുക്കുന്നതിൽ എന്റെ ചേട്ടനും വലിയ മിടുക്ക് തന്നെ കാണിച്ചു. അതിനും കാരണങ്ങൾ പലതുണ്ട്. ഒന്ന് ബുക്ക് ഷോപ്പിലെ എന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. മറ്റൊന്ന് ആവശ്യത്തിന് പണമില്ലായ്മ. ചേട്ടനും നന്നേ ചെറുപ്പത്തിലേ നാട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനാൽ നാടുമായി ബന്ധമോ അച്ചനോടും അമ്മയോടും അത്ര അടുപ്പമോ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ എന്റെ ആഗ്രഹങ്ങളെ അദ്ദേഹം പരിഗണിച്ചതേയില്ല. അമ്മയും അച്ഛനും എല്ലാ അർത്ഥത്തിലും അങ്ങകലെയായി. അച്ഛൻ അപൂർവ്വമായി അങ്ങോട്ടു വന്നിരുന്നു. അമ്മയ്ക്ക് അതിനും സാധിച്ചില്ല.
1966 നവംബർ 9 നാണ് ഞാനാദ്യമായി എന്റെ അമ്മയെ കാണുന്നത്. വീടിന്റെ ഏതോ ഇരുളടഞ്ഞ ചായ്പിൽ അതു സംഭവിക്കുമ്പോൾ എന്റെ കാഴ്ചയ്ക്കായി മറ്റാരും അവിടെയുണ്ടായിരുന്നിരിക്കില്ല. അതൊരോർമയല്ല; ഒരു തികഞ്ഞ ബോധ്യം. ജനിച്ചയുടനെ അമ്മയെ കണ്ടിരിക്കും എന്ന ബോധ്യം. അത് എന്റെ കണ്ണിന്റെ ആദ്യത്തെ കാഴ്ചയും കൂടിയാണ്. ഞാൻ ജീവിതത്തിൽ കാണുന്ന ആദ്യത്തെ മനുഷ്യനും അമ്മയാണ്. അമ്മയെത്ര മാത്രം ക്ലേശിച്ചും വേദനിച്ചുമാവും എനിക്ക് ജന്മം നൽകിയിരിക്കുക എന്നൊക്കെ ഇന്ന് തിരിഞ്ഞുനോക്കി ചിന്തിക്കാനാവും. ഞാനുൾപ്പെടെ പത്തു കുഞ്ഞുങ്ങളെ അമ്മ പ്രസവിച്ചിട്ടുണ്ട്. അതിൽ എനിക്ക് മുൻപേ പിറന്ന മൂന്നു പേർക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കാനായില്ല. അമ്മയെ വേദനിപ്പിച്ച് അവർ കുഞ്ഞുങ്ങളായിരിക്കെ തന്നെ ജീവിതത്തിൽ നിന്ന് പിന്മാറി. (മരണത്തിനു കീഴടങ്ങി.) അമ്മ പിന്നീടെപ്പോഴെല്ലാം അവരെയോർത്തിരിക്കും? അറിയില്ല. അവരെയോർത്തൊന്ന് കരയാൻ പോലും പിന്നീട് അമ്മയ്ക്ക് സമയം കിട്ടിക്കാണില്ല. അച്ഛനും അതൊന്നും ഓർത്തു കാണില്ല. കാരണം, എഴുപേർ വെറെയുണ്ട്. അങ്ങനെ ഒമ്പതുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ മുന്നോട്ടു പോക്ക് അന്നൊക്കെ എത്രമാത്രം കഠിനമായിരിക്കും? അതും ഒരു പ്രൈമറി സ്‌കൂൾ അധ്യാപകന്റെ ജീവിതത്തിൽ! അങ്ങനെയുള്ള ഒരു ജീവിതത്തിൽ നഷ്ടപ്പെട്ടു പോയതിനെപ്പറ്റി ചിന്തിക്കാൻ അവർക്കെവിടെ സമയം?
ഇന്നൊക്കെ തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളൊക്കെ പരാജയപ്പെട്ട മനുഷ്യരായിരുന്നു എന്ന് തിരിച്ചറിവുണ്ടാവുന്നു. വേണ്ടത്ര കരുതലോ ശ്രദ്ധയോ സമയമോ അമ്മയ്ക്കു വേണ്ടി മാറ്റി വെക്കാൻ ഞങ്ങൾ മക്കൾ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിനുപുറത്ത് ഒരു ജീവിതം പോലും അമ്മയ്ക്കുണ്ടായിരുന്നില്ല എന്നു തന്നെ പറയാം.
അമ്മയ്ക്ക് ജീവിതം കരുതിവെച്ചത് വളരെ പരിമിതമായ സൗകര്യങ്ങളായിരുന്നു. ആഗ്രഹിച്ചത്ര സ്‌നേഹമോ പരിചരണമോ സുഖമോ അമ്മയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. എന്നും കൂട്ടിന് ആസ്തമ എന്ന രോഗവും. വിവാഹമൊക്കെ കഴിഞ്ഞ് മക്കളൊക്കെ ആയപ്പോഴും ഇതിനൊന്നും മാറ്റമുണ്ടായില്ല. കാരണങ്ങൾ എന്തായാലും അതൊരു യാഥാർത്ഥ്യമായിരുന്നു. ഇന്നൊക്കെ തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളൊക്കെ പരാജയപ്പെട്ട മനുഷ്യരായിരുന്നു എന്ന് തിരിച്ചറിവുണ്ടാവുന്നു. വേണ്ടത്ര കരുതലോ ശ്രദ്ധയോ സമയമോ അമ്മയ്ക്കു വേണ്ടി മാറ്റി വെക്കാൻ ഞങ്ങൾ മക്കൾ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിനുപുറത്ത് ഒരു ജീവിതം പോലും അമ്മയ്ക്കുണ്ടായിരുന്നില്ല എന്നു തന്നെ പറയാം. അച്ഛന്റെ പരിമിതികൾ മാസ്സിലാക്കാം. ഞങ്ങൾ മക്കൾക്ക് എന്തുകൊണ്ട് അതിനൊന്നും മാറ്റം വരുത്തുവാൻ കഴിഞ്ഞില്ല എന്ന ചോദ്യം എന്നെ ഇപ്പോൾ അലട്ടുന്നുണ്ട്. വൈകി വന്ന വിവേകം എന്ന് സമാധാനിക്കുകയേ നിർവ്വാഹമുള്ളൂ.
ബാല്യകാലം മുഴുവൻ അമ്മയുടെ ജീവിതം മുത്ത സഹോദരനുവേണ്ടി ചെലവഴിച്ചു. ആദ്യം സന്യാസിയും പിന്നീട് പ്രസിദ്ധ കമ്യൂണിസ്റ്റുമായി മാറിയ സഹോദരൻ. വീട്ടിനടുത്തുള്ള നരിമടയിൽ ധ്യാനത്തിലിരുന്ന ജ്യേഷ്ഠന് പാലു കുടിക്കാനായി കറവപശുവുമായി ചെല്ലുന്നതും അമ്പലത്തിന്റെ വരാന്തയിൽ പാതിരാത്രിക്കു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അതേ ജേഷ്ഠന് കിടക്കപ്പായ എത്തിച്ചു കൊടുത്തതും അമ്മയുടെ കഥകളിൽ നിറയുമായിരുന്നു. ആ കഥകൾ മാത്രമാണ് അമ്മ ആവേശത്തോടെ അയവിറക്കുമായിരുന്നത്. എം.എസ്.പിക്കാരുടെ കണ്ണുവെട്ടിച്ചുള്ള ഒളിവുജീവിതകാലത്ത് ചേട്ടനെ പലപ്പോഴും കാത്തു സൂക്ഷിച്ചത് സഹോദരിയായ എന്റെ അമ്മയും മറ്റൊരു സഹോദരനും ചേർന്നായിരുന്നു. അമ്മ പറഞ്ഞു തന്ന ആ വീരകഥകൾ എന്റെ കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്. നേതാക്കളും എം.എസ്.പിക്കാരും ഒറ്റുകാരുമൊക്കെ ചേർന്ന ആ ദിനങ്ങൾ. മറ്റു രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമൊത്തുള്ള ജീവിതം. നന്നേ ചെറുപ്രായത്തിലേ അമ്മയ്ക്ക് സ്വന്തം അമ്മയെ നഷ്ടപ്പെട്ടിരുന്നു. അച്ചമ്മയുടെ തണലിലാണ് അമ്മയും മറ്റു കുട്ടികളും വളർന്നത്.
വിവാഹശേഷം അച്ഛനോടൊപ്പം ചേർന്നതോടെ ജീവിതം മറ്റൊരു വഴിക്കായി. മറ്റൊരു ഗ്രാമത്തിലേക്ക് ആ കൊച്ചുജീവിതം പറിച്ചുനടപ്പെട്ടു. തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷം. വീട്ടുജോലിയും മക്കളെവളർത്തലും മാത്രമായി ഒതുങ്ങിക്കഴിയാൻ വിധിക്കട്ടെ കുറെ വർഷങ്ങൾ. അപ്പോഴും മൂത്ത സഹോദരൻ രാജ്യം അറിയുന്ന വലിയൊരു കമ്യൂണിസ്റ്റ് നേതാവായി വളരുന്നത് അമ്മ അങ്ങ് ദൂരെ നിന്ന് അറിയുന്നുണ്ടായിരുന്നു. ആ സന്തോഷം പോലും പുറത്തുകാട്ടാൻ അമ്മയ്ക്ക് സമയം കിട്ടിക്കാണില്ല. അഭിമാനത്തോടെ പഴയ കാലം ഉള്ളിൽ ഓർത്തിരിക്കും. ചേട്ടനൊരിക്കൽ മന്ത്രിയായി അനുജത്തിയെ കാണാൻ വന്നിരുന്നു. അന്നവർ ചെറുപ്പത്തിലെ കഥകൾ അയവിറക്കി സന്തോഷിച്ചിരുന്നോ? അറിയില്ല. ചേട്ടന്റെ അപദാനങ്ങൾ വല്ലപ്പോഴും ആ നാവിൽ നിന്നും പുറത്തുചാടാറുണ്ടായിരുന്നു. അമ്മയ്ക്ക് സ്വാതന്ത്യത്തിന്റെ നിമിഷങ്ങളായിരുന്നു അത്തരം ഓർത്തെടുക്കലുകൾ. സഹനത്തിന്റെ ആകഥകളിൽ അമ്മ മാധുര്യം കണ്ടെത്തിയിരുന്നു.
അമ്മ ഒരനുഭവമായി എന്നോടൊപ്പമുണ്ടായിരുന്നോ എന്നാലോചിക്കുമ്പോൾ ഇല്ലെന്നു തന്നെയാണ് ഞാൻ തിരിച്ചറിയുന്നത്. അതിനുള്ള സാഹചര്യം ജീവിതം ഒരുക്കിയിരുന്നില്ല.
മക്കളൊക്കെ വലുതായി ജീവിതം പ്രാരാബ്ദങ്ങളിൽ നിന്ന് കരകയറുമ്പോഴേക്കും അമ്മയെ വലിയൊരു രോഗം പിടികൂടി. ‘മൾട്ടിപ്പിൾ മയ്‌ലോമ’ എന്ന കാൻസർ. നാട്ടിലെ ഡോക്ടർമാർ രോഗത്തെ തിരിച്ചറിഞ്ഞു പോലുമില്ല. വേദന സഹിക്കാനാവാതെ അമ്മയൊരിക്കൽ എന്നെ വിളിച്ചു. അങ്ങനെ ഞാൻ അമ്മയെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. വേദന ആ ശരീരം മുഴുവൻ പടർന്നിരുന്നു. അമ്മയെ ഒന്ന് തൊടാൻ പോലും കഴിയുമായിരുന്നില്ല. അമ്മയ്ക്ക് വേദനിക്കും. വിദഗ്ദരായ ഡോക്ടർമാരെ കാണിച്ച് രോഗം തിരിച്ചറിയുകയും ആ കാൻസറിനുള്ള ചികിത്സ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഒരു വർഷത്തിനു ശേഷം അമ്മയെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോയി. പിന്നിടധിക കാലമൊന്നും അമ്മ ജീവിച്ചില്ല. രോഗം പെട്ടന്ന് മൂർച്ഛിച്ചു. ആ ക്രൂരനായ കാൻസറിന്റെ പിടിയിൽപ്പെട്ട് ഒരു പാട് വേദനകളേറ്റുവാങ്ങി അമ്മ നേരത്തെ യാത്രയായി. 68 വയസ്സിൽ അതൊരു അപ്രതീക്ഷിത വിടവാങ്ങലായിരുന്നു. അവസാനമായി ഫോണിന്റെ ഇങ്ങേത്തലക്കൽ ഞാൻ കേട്ട അമ്മയുടെ കരച്ചിൽ ഇപ്പോഴും എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. വേദന സഹിക്കവയ്യാതെ അമ്മ കരഞ്ഞു പോയതാണ്. പിന്നെ വന്നത് അമ്മ പോയി എന്ന വിവരമാണ്. അമ്മയോട് വേണ്ടത്ര നീതി കാട്ടിയില്ല എന്നൊരു വേദന അന്നുതൊട്ട് എന്റെ മനസ്സിനെ അലട്ടുന്നുണ്ട്.
അമ്മ ഒരനുഭവമായി എന്നോടൊപ്പമുണ്ടായിരുന്നോ എന്നാലോചിക്കുമ്പോൾ ഇല്ലെന്നു തന്നെയാണ് ഞാൻ തിരിച്ചറിയുന്നത്. അതിനുള്ള സാഹചര്യം ജീവിതം ഒരുക്കിയിരുന്നില്ല. ഞാൻ നാട്ടിലുണ്ടായിരുന്നപ്പോൾ എന്റെ തൊട്ടു താഴെയുള്ള അനുജത്തിയേയും അനുജനേയും പരിലാളിക്കുന്ന തിരക്കിലായിരുന്നു അമ്മ. അവർ കൊച്ചു കുട്ടികളായിരുന്നു. കൂടാതെ അപ്പോഴും ഞാൻ അച്ഛനെ സഹായിക്കാനായി പത്രവിതരണവും അമ്പലത്തിലെ ചെണ്ടകൊട്ടുമൊക്കെയായി തിരക്കിലായിരുന്നു. അമ്മയോടൊത്തു ചെലവഴിച്ച സമയം വളരെ കുറഞ്ഞു പോയി. എന്നാലും അമ്മ എനിക്ക് വലിയ കൂട്ടായിരുന്നു. കിട്ടിയ സമയം കൊണ്ട് അമ്മ എന്നിലെന്തൊക്കയോ നിറച്ചിരുന്നു. നിർഭാഗ്യവശാൽ അതിനു തുടർച്ചയുണ്ടായില്ല. തിരുവനന്തപുരത്തേക്കുള്ള പറിച്ചു നടൽ അതിനെല്ലാം അവസാനം കുറിച്ചു. അതോടെ അമ്മയിൽ നിന്ന് ഞാൻ അകലെയായി.
തിരിഞ്ഞു നോക്കി തിരുത്താവുന്നതല്ലല്ലോ നമ്മുടെയൊന്നും ജീവിതം. ഓരോരോ സാഹചര്യം... എന്തെല്ലാമോ യാദൃച്ഛികതകൾ... ഇവയ്ക്കിടയിലൂടെ അറിയാതെ കടന്നു പോവുന്ന മനുഷ്യ ജീവിതങ്ങൾ. അമ്മ അകലെയാണ്.... പലപ്പോഴും അങ്ങനെയായിരുന്നു. അമ്മയോട് ആഗ്രഹിച്ചത്ര ചേർന്ന് നിൽക്കാൻ എനിക്കും കഴിഞ്ഞില്ല. മക്കളെ ചേർത്തു നിർത്തി സ്‌നേഹിക്കുവാനുള്ള സാഹചര്യവും സമയവും അമ്മയ്ക്കും കിട്ടിയിട്ടുണ്ടാവില്ല. അമ്മ അതോർത്തും ദുഃഖിച്ചിട്ടുണ്ടാവും. അമ്മയുടെ ദുഃഖങ്ങൾ അറിയാൻ ഞാനും ശ്രമിച്ചില്ല. ആദ്യം പറഞ്ഞതു പോലെ ജീവിതം തട്ടിക്കൂട്ടാൻ എനിക്കും പലേവഴിക്കും സഞ്ചരിക്കേണ്ടി വന്നു. ആർക്കെല്ലാമോ വേണ്ടി ഉഴിഞ്ഞുവെച്ച കുറെ വർഷങ്ങൾ. അതിനിടയിൽ വന്ന നഷ്ടങ്ങൾ. ഒന്നു നിവർന്നു നിൽക്കുമ്പോഴേക്കും അമ്മ ഓർമയായി മാറിയിരുന്നു. ആ മനസ്സ് എത്രമാത്രം പരീക്ഷണങ്ങളെ അതിജീവിച്ചിരിക്കും? എന്തുമാത്രം സഹിച്ചിരിക്കും? അമ്മയ്ക്കും സ്വപ്നങ്ങളുണ്ടായിരുന്നിരിക്കില്ലേ? മക്കളൊക്കെ നല്ല നിലയിലെത്തണമെന്ന് കൊതിച്ചിരിക്കില്ലേ? ഒടുക്കം അതൊന്നും നേടാൻ കഴിയാതെ വേദനയോടെ അകാലത്തിൽ ഇല്ലാതാവുക എന്ന വിധിയും.
മരണമാണ് ജീവിതത്തേക്കാൾ ഊർജ്ജമുണ്ടാക്കുന്നത് എന്നെനിക്കറിയാം. അത് തരുന്ന തിരിച്ചറിവ് പലപ്പോഴും ഭയാനകവുമാണ്. എനിക്ക് അമ്മയെ അറിയാനും മരണമെന്ന പ്രഹേളിക നിമിത്തമായെന്നത് വേദനിക്കുന്ന സത്യമാണ്.
കാലത്തിന്റെ മറ്റൊരു കോണിലിരുന്ന് അതൊക്കെ ആലോചിച്ചിരിക്കുമ്പോൾ വലിയൊരു ശൂന്യത എനിക്കു ചുറ്റും വന്നുനിറയുമ്പോലെ ഒരു തോന്നൽ! അമ്മ പറഞ്ഞു തന്ന ഒരു കാര്യം മാത്രം എനിക്ക് വഴികാട്ടിയായി എന്നോടൊപ്പമുണ്ട്: ‘താഴോട്ട് നോക്കി നടക്കണം'. നമ്മുടേതിനേക്കാൾ ക്ലേശകരമായ ജീവിതങ്ങൾ ചുറ്റിനുമുണ്ടെന്ന ഓർമപ്പെടുത്തലായിരുന്നു അത്. അതൊരു തെളിച്ചമാണ്. എനിക്ക് എന്നിൽ തൃപ്തിയുണ്ടാക്കി തന്ന തെളിച്ചം. അമ്മയോട് ക്ഷമായാചന നടത്താമോ എന്നെനിക്കറിയില്ല. സത്യത്തിൽ അതെന്നോടുതന്നെയുള്ളതുമാവുമല്ലോ. ജനിതകശാസ്ത്രത്തിന്റെ സൂക്ഷ്മസ്ഥലിയിൽ ഞാനും അമ്മയും ഒരു തുടർച്ചയല്ലേ...
മരണം വരെ അമ്മയൊരു വേദനയായി എന്നോടൊപ്പമുണ്ടാവുകയും ചെയ്യും,
അതു മാത്രമാണ് ഈ മകന്റെ പ്രായശ്ചിത്തം.
മരണമാണ് ജീവിതത്തേക്കാൾ ഊർജ്ജമുണ്ടാക്കുന്നത് എന്നെനിക്കറിയാം. അത് തരുന്ന തിരിച്ചറിവ് പലപ്പോഴും ഭയാനകവുമാണ്. എനിക്ക് അമ്മയെ അറിയാനും മരണമെന്ന പ്രഹേളിക നിമിത്തമായെന്നത് വേദനിക്കുന്ന സത്യമാണ്. അമ്മമാരുടെ ജീവിതം പലപ്പോഴും ഇങ്ങനെയാണ്. അവരുടെ മരണശേഷം മാത്രമാണ് അവരെ നമ്മൾ കൂടുതൽ തിരിച്ചറിയുക. അങ്ങനെ മരണശേഷവും നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഓരോ അമ്മജന്മവും. ▮
(ടോം ജെ. മങ്ങാട്ട് എഡിറ്റ് ചെയ്ത് ‘ഇന്ദുലേഖ പുസ്തകം' പ്രസിദ്ധീകരിക്കുന്ന ‘അമ്മയെന്റെ രാജ്യമാണ്' എന്ന ഓർമസമാഹാരത്തിൽ നിന്ന്.)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.