വിട പറഞ്ഞ് അരനൂറ്റാണ്ടു കഴിഞ്ഞാണെങ്കിലും കെ. ദാമോദരനെപ്പറ്റി കൂടുതലാളുകൾ സംസാരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് സി.പി.എമ്മിലെ നേതാക്കളും അനുയായികളും. കുറച്ചു കാലം മുമ്പുവരെ അങ്ങനെയായിരുന്നില്ല.
1964-നു മുമ്പ്, അതായത് പ്രസ്ഥാനം രണ്ടായി പിളരുന്നതിനുമുമ്പ് മരിച്ചുപോയ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭാഗ്യവാന്മാരാണ് എന്നെനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. അവരുടെ സേവനങ്ങളെയും കഴിവുകളെയും വാഴ്ത്താനും ഓർമ്മിക്കാനും ഇരു കമ്മൂണിസ്റ്റുപാർട്ടികളും തയ്യാറാകുന്നു.
പിളർപ്പിനുശേഷം മരിച്ചവർക്ക് ആ ഭാഗ്യം പൊതുവിൽ ലഭിക്കാറില്ല. 1930-നും 1940-നും ഇടയിലാണ് കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്. പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, ഇ.എം.എസ്., എൻ.സി. ശേഖർ എന്നിവരാണ് സ്ഥാപക നേതാക്കൾ എന്നറിയപ്പെടുന്നത്. ഇവരിൽ സഖാവ് കൃഷ്ണപിള്ള 1948-ൽ മരിച്ചു. അദ്ദേഹത്തെ ഇരു പാർട്ടികളും സ്വന്തം നേതാവായും പ്രസ്ഥാനത്തിന്റെ സ്ഥാപകനായും ഇന്നും ആദരിക്കുന്നു; ഓർമ്മിക്കുന്നു. അക്കൂട്ടത്തിൽ പിന്നീട് മരിക്കുന്നത് കെ. ദാമോദരനാണ്. 1976-ൽ. ദാമോദരൻ മരിക്കുമ്പോൾ സി.പി.ഐ നേതാവായിരുന്നു. മരണാനന്തരവും അങ്ങനെ തന്നെ. എന്നാൽ നാലു പതിറ്റാണ്ട് അവിഭക്ത പാർട്ടിയുടെ നേതാവായിരുന്നു അദ്ദേഹം എന്ന കാര്യം ചിലരൊക്കെ മറക്കുന്നു. അതിന്റെ കാരണം 1964-ലെ പിളർപ്പിൽ അദ്ദേഹം പ്രസ്ഥാനം വിട്ടുപോയില്ല എന്നതു മാത്രം. സ്ഥാപക നേതാവ് എന്ന സ്ഥാനത്തിനും നാലു പതിറ്റാണ്ടത്തെ അക്ഷീണ പ്രയത്നത്തിനും പിളർപ്പ് ക്ഷതമേല്പിക്കുകയായിരുന്നു. പുതിയ പാർട്ടിയുണ്ടാക്കിയവർ അവരുടെ കൂടെ ചേരാത്തവരുടെ ഭൂതകാലത്തെ അപ്പാടെ റദ്ദു ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിലൊരു അനീതി അവർ കണ്ടതേയില്ല.
എൻ.സി. ശേഖർ 1986-ൽ മരിച്ചു. 1998-ൽ ഇ എം എസും. രണ്ടു പേരും സി.പി.എം നേതാക്കളായാണ് മരിച്ചത്. അവരെ സി.പി.ഐയും വേണ്ടത്ര ഓർമ്മിക്കാറില്ല. 1964-നു മുമ്പുള്ള അവരുടെ നാലു പതിറ്റാണ്ടുകൾ ചരിത്രത്തിനു മാത്രമായി വിട്ടുകൊടുക്കുന്നു. ഇത്തരം കാര്യങ്ങളിൽ പോലും നീതി പുലർത്താൻ കമ്മ്യൂണിസ്റ്റു പാർട്ടികൾക്കു കഴിയുന്നില്ലല്ലോ എന്ന ഒരു ചിന്ത നാളിതുവരെ എന്നെയൊക്കെ അലട്ടിയിരുന്നു. ആദരവിലെ ഈ ഇരട്ടത്താപ്പ് ഇരു പാർട്ടിക്കാരും ഉപേക്ഷിക്കേണ്ടതായിരുന്നു. എന്തായാലും അതാനൊരു മാറ്റം കുറിക്കലായി ഈ വർഷത്തെ ദാമോദരൻ സ്മരണയെ നോക്കിക്കാണാം.
ദാമോദരനെ മനസ്സിലാക്കുക എളുപ്പമുള്ള കാര്യമല്ല, കൂടെ നിർത്തലും. ദാമോദരനെ നന്നായി മനസ്സിലാക്കിയ ഒരാൾ സി. അച്യുതമേനോനാണ്. അദ്ദേഹം ഇങ്ങനെ എഴുതി: “ദാമോദരന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷത ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഓരോ കാലത്ത് ഓരോ നിലപാട് എടുക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ തന്റെ ബുദ്ധിയുടെ ആവനാഴിയിലുള്ള സകല അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കും. ആ അഭിപ്രായങ്ങളുടെ അങ്ങേ തലയ്ക്കലായിരിക്കും അദ്ദേഹം നിൽക്കുക. പക്ഷേ അഭിപ്രായം തെറ്റിപ്പോയിയെന്ന് ബോദ്ധ്യപ്പെട്ടാൽ പിന്നെ പലപ്പോഴും പോകുന്നത് വിരുദ്ധാഭിപ്രായത്തിന്റെ അങ്ങേത്തലക്കലായിരിക്കും. പഴയപോലെ വീറോടെ തന്റെ ആയുധങ്ങൾ ഇങ്ങോട്ടു തിരിച്ചുവെയ്ക്കുകയായി. ഒരു മദ്ധ്യമാർഗം എന്നുള്ളത് രാഷ്ട്രീയ ജീവിതത്തിൽ കാണാനാവില്ല".

ഇതുകൊണ്ടാണ് ദാമോദരൻ പാർട്ടിയിൽ ഒറ്റപ്പെട്ടത്, പാർട്ടിക്ക് ദാമോദരനെ മിക്കപ്പോഴും ചേർത്തുനിർത്താൻ പറ്റാതെ പോയതും. തനിക്ക് ബോദ്ധ്യപ്പെട്ട ശരികൾ പാർട്ടിയുടെ ശരികളാക്കി രൂപപ്പെടുത്തുന്നതിൽ ഈ സ്ഥാപകനേതാവ് മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. റഷ്യ ചെക്കോസ്ലാവാക്യയെ ആക്രമിച്ച വിഷയത്തിൽ പാർട്ടിനിലപാടിനോടൊപ്പം നിൽക്കാൻ ദാമോദരൻ തയ്യാറായില്ല. പാർട്ടിയെ തിരുത്താൻ കഴിയാതെ വന്നപ്പോൾ തന്റെ നിലപാട് ഒരു വ്യാജപ്പേരിൽ ഒരു ലഘുപുസ്തകമായി (വിദർ ചെക്കോസ്ലാവാക്യ എന്ന പേരിൽ) അച്ചടിപ്പിച്ചു വിതരണം ചെയ്യുകയാണ് ചെയ്തത്. അത് പിടിക്കപ്പെട്ടതോടെയാണ് ദാമോദരൻ അദ്ദേഹം പ്രവർത്തിച്ചിരുന്ന സി.പി.ഐയുമായി അകലുന്നത്.
പ്രസ്ഥാനത്തിനകത്ത് ആശയപരമായ സമരം അച്ചടക്കത്തോടെ എങ്ങനെ നിർവ്വഹിക്കാമെന്ന് ദാമോദരന് അറിയില്ലായിരുന്നു. ആശയസമരങ്ങളെ ഉൾക്കൊള്ളാനുള്ള കരുത്ത് പ്രസ്ഥാനത്തിനും ഇല്ലാതെപോയി. പ്രസ്ഥാനത്തെ ആ തരത്തിൽ രൂപപ്പെടുത്തിയില്ല എന്ന കുറ്റത്തിനും അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാവുന്നതാണ്. ദാമോദരൻ വെറും നേതാവല്ലല്ലോ, സ്ഥാപക നേതാവല്ലേ. കൂടെയുള്ളവരെയെല്ലാം കമ്യൂണിസ്റ്റാക്കിയ നേതാവ്. അത്തരമൊരാൾക്ക് പാർട്ടിയുടെ സംഘടനാ പിഴവുകളിൽ നിന്നും ഒഴിഞ്ഞുമാറാൻ പറ്റില്ലല്ലോ.
അച്യുതമേനോൻ സൂചിപ്പിച്ചതും ഇതൊക്കെ തന്നെയാണ്. ദാമോദരന്റെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിയാതെയും പോയി. ഇടക്കാലത്ത് വലിയൊരു ശൂന്യത അവിടെ കാണാനുണ്ട്. ഒരുവേള, പ്രസിദ്ധമായ ന്യൂ ലെഫ്റ്റ് റിവ്യുവിലെ താരിഖ് അലി അഭിമുഖം ഇല്ലായിരുന്നെങ്കിൽ ദാമോദരൻ അറിയപ്പെടാതെ ചരിത്രത്തിൽ മറഞ്ഞേനെ. (ന്യൂ ലെഫ്റ്റ് റിവ്യുവിൽ അഭിമുഖം വരിക എന്നത് അന്ന് അത്രയും പ്രധാനപ്പെട്ട കാര്യമാണല്ലോ.)
ധിഷണയും അറിവും മാനവികമായ പെരുമാറ്റവും ഒത്തിണങ്ങിയ കമ്യൂണിസ്റ്റായിരുന്നു ദാമോദരൻ എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള എഴുത്തുകളിൽ നിന്നും അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ദാമോദരനെപ്പറ്റി സമഗ്രമായ ജീവചരിത്രങ്ങൾ ഇല്ല എന്ന ന്യൂനത ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. (എം. റഷീദിന്റെയും പി.ജിയുടെയും ചെറിയ കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്.)
കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എല്ലാ കാലത്തും വലിയ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്: “ധാർമ്മികമൂല്യങ്ങൾ“ എന്ന ചെറിയ പുസ്തകത്തിൽ ഇങ്ങനെ ചില ചോദ്യങ്ങൾ കാണാം: “മുതലാളിത്തം അവസാനിപ്പിച്ച് സോഷ്യലിസം സ്ഥാപിച്ചാൽ മനുഷ്യൻ സ്വയം നന്നായിക്കൊള്ളുമെന്നത് ശരിയല്ല. അങ്ങനെയാണെങ്കിൽ നാല്പതു കൊല്ലക്കാലം സോഷ്യലിസം കെട്ടിപ്പടുത്ത ഒരു രാജ്യത്തിൽ സ്റ്റാലിന്മാരും പതിനഞ്ചു കൊല്ലക്കാലം സോഷ്യലിസത്തിൽ കഴിച്ചുകൂട്ടിയ മറ്റൊരു രാജ്യത്തിൽ മാവോ സെ തൂങ്ങുമാരും ഉണ്ടായതെന്തുകൊണ്ട്? സ്റ്റാലിന്റെ താൻപ്രമാണത്തത്തിന്റെ കീഴിൽ ലക്ഷക്കണക്കിലുള്ള വ്യക്തികൾ മരവിച്ച വ്യക്തിത്വത്തോടു കൂടി ഭയവിഹ്വലരായി കഴിയുകയും പതിനായിരക്കണക്കിനുള്ള നിരപരാധികൾ നെറികെട്ട മർദ്ദനങ്ങൾക്കിരയാവുകയും അസംഖ്യം പേർ അന്യായമായും. നിർദ്ദയമായും വെടിവെച്ചു കൊല്ലപ്പെടുകയും ചെയ്തതെന്തുകൊണ്ടാണ്? സ്റ്റാലിനുണ്ടെന്ന് ലെനിൻ ചൂണ്ടിക്കാണിച്ചിരുന്ന വ്യക്തിപരമായ ദുർഗുണങ്ങൾ സോഷ്യലിസ്റ്റ് വ്യവസ്ഥ ശക്തിപ്പെട്ടതിനുശേഷം വർദ്ധിക്കുകയല്ലേ ചെയ്തത്? മാവോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയെ ആക്രമിക്കുകയും അണുവായുധത്തിന് ജയജയ പാടുകയും ചെയ്തതിനു കാരണമെന്താണ്?’’.
ദാമോദരൻ തുടരുന്നു:
“വ്യക്തിയുടെ സ്വഭാവഗുണങ്ങളെ പാർട്ടിക്കാർഡ് കൊണ്ടുമാത്രം അളക്കാൻ കഴിയുകയില്ലെന്നും കമ്മ്യൂണിസ്റ്റുകാർ മാത്രമേ സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നും മറ്റുമുള്ള വാദങ്ങൾ അഹന്തയുടെ ബാലിശതകളാണ്… ഉന്നതമായ മനുഷ്യസ്നേഹവും സാമൂഹ്യവും ശാസ്ത്രീയവും സാങ്കേതികവുമായ അറിവും വർദ്ധിപ്പിക്കാനുള്ള പരിശ്രമശീലങ്ങളും ഉയർന്ന സാന്മാർഗിക സാംസ്ക്കാരിക നിലവാരങ്ങളും പതറിച്ചയില്ലാത്ത ആദർശനിഷ്ഠയും വിനയം, സത്യസന്ധത, ധീരത, ദയ തുടങ്ങിയ സ്വഭാവഗുണങ്ങളും എല്ലാമുള്ള വ്യക്തികൾകൾക്കേ സോഷ്യലിസം പോലുള്ള മഹത്തായ ഒരു ലക്ഷ്യത്തിലേക്കു ജനങ്ങളെ നയിക്കാൻ കഴിയുകയുള്ളൂ.”

ദാമോദരൻ എന്നത് എളുപ്പം അനുകരിക്കാവുന്ന മാതൃകയല്ല. ദാമോദരനെ അനുസ്മരിക്കുമ്പോൾ അദ്ദേഹം മുന്നോട്ടുവെച്ച തിരുത്തൽ നിലപാടുകളെക്കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ദർശനത്തിന് ഭാരതീയമായ ഒരു സന്നിവേശിപ്പിക്കൽ നടത്താനാഗ്രഹിക്കുകയും അതിനായി തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്ത കമ്യൂണിസ്റ്റാണ് സഖാവ് ദാമോദരൻ. അതിനെക്കുറിച്ച് ദാമോദരനോടൊപ്പം ആദ്യം മുതലേ അച്യുതമേനോനും എൻ.ഇ. ബലറാമും പോലുള്ള കമ്യൂണിസ്റ്റുകാർ അനുഭാവം പ്രകടിപ്പിക്കുകയും ആവുന്നത്ര ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ബാലറാം ഒരു പടി മുന്നേറി, അതിനായി ഒരു രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.
എല്ലാറ്റിനെയും അവഗണിച്ച് മുന്നേറാൻ തയ്യാറായവരാണ് ഇന്നിപ്പോൾ ഇരുട്ടിൽ തപ്പുന്നത്. പഴയകാല നേതാക്കളെ സ്മരിക്കുമ്പോൾ, അവർ തിരിച്ചറിഞ്ഞ ശരികളെ സമയോചിതമായി വിലയിരുത്തി ആവശ്യമായവ പ്രാബല്യത്തിൽ വരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതുള്ള സ്മരണകൾക്ക് വിഗ്രഹപൂജയുടെ ഫലമേ ഉണ്ടാക്കൂ. അങ്ങനെ ചെയ്യുന്നത് ദാമോദരനെപ്പോലുള്ള മനുഷ്യ സ്നേഹികളായ സഖാക്കളെ അവഹേളിക്കലാവും. തീർച്ചയായും അദ്ദേഹം എന്താണ് പറയാൻ ശ്രമിച്ചത് എന്ന് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. ഈ ഇരുട്ടിൽ വെള്ളിവെളിച്ചമാകാൻ ശക്തിയുള്ള പല ചിന്തകളും ഈ സ്ഥാപകസഖാവ് മുന്നോട്ടുവെച്ചിട്ടുണ്ട്. ആ ദാർശനിക വ്യാപ്തി വർത്തമാനകാല വർഗീയശക്തികളെ ചെറുക്കുന്നതിൽ പ്രയോജനപ്പെടും. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ആ മനീഷിയെ ഒരാഭരണമായല്ല, ഒരായുധമായി നോക്കിക്കാണണം.
