ഉടുക്കായിരുന്ന ഒരാൾ

അധികവും അവനവന്റെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെയാണ് നെടുമുടി വേണു എന്ന നടൻ പേറിയിരുന്നത്. ജർമൻ എഴുത്തുകാരൻ ഏലിയാസ് കനെറ്റി, ഒരു കൃതിയിൽ, രാപ്പകൽ തുരങ്കനിർമ്മാണതൊഴിലാളിയായി പണിയെടുക്കുന്ന ഒരു 19 കാരനെ കണ്ടതിനെക്കുറിച്ച് വിവരിക്കുന്നു. കൺപീലികളിലും മുടിയിലുമൊക്കെ സിമന്റ്പൊടിയുമായി നിൽക്കുന്ന ആ ടീനേജർ ചോദ്യത്തിനുത്തരമായി "എനിക്ക് ഒരു നൂറു വയസ്സായ പോലെ തോന്നുന്നു' എന്ന് പറയുന്നു. അരങ്ങിൽ അഭിനേതാവിന്റെ കിരീടഭാരവും, ഏതാണ്ടിങ്ങനെ തന്നെയാവണം

മീശയില്ലാതെ കിളുന്തായും കട്ടിയുള്ള ഒട്ടുമീശയുമായും കട്ടിയുള്ള ഒട്ടുപുരികവുമായും കണ്ടിട്ടുണ്ട് അദ്ദേഹത്തെ. എഴുപതുകളുടെ നടുക്കോ മറ്റോ ആണെന്ന് തോന്നുന്നു നെടുമുടി വേണുവേട്ടൻ വീട്ടിൽ ആദ്യം വന്നു തുടങ്ങിയത് കുടുംബസുഹൃത്തായിരുന്നു, എങ്ങിനെയെന്നറിയില്ല. മോഹനേട്ടൻ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്.

"അവനവൻകടമ്പ'യുടെയും "ദൈവത്താരുടെ'യുമൊക്കെ കൊടിയേറ്റകാലമായിരുന്നു അത്. നാടകവേഷങ്ങളിലുള്ള പകർന്നാട്ടങ്ങളിൽ, പോരുകോഴിയെപ്പോലെ തുള്ളിപ്പറക്കുന്ന ലഘുശരീരവും സ്പ്രിങ്ങ് പോലെ മോഡ്യുലേഷൻ ചുരുങ്ങുകയും പൊങ്ങിയുയരുകയും ചെയ്യുന്ന ശാരീരവുമായിരുന്നു വേണുവേട്ടന് അന്ന്. (ശബ്ദത്തിനു പിന്നീടും സാരമായ മാറ്റം ഉണ്ടായില്ല).

അന്നൊക്കെ, ഞങ്ങളുടെ പൂമുഖത്ത് അരച്ചിരിയും താളം പിടിയ്ക്കലുമായി അരവിന്ദമ്മാമൻ ( ജി.അരവിന്ദൻ ) ഉണ്ടാവാറുണ്ട്. ഉത്സാഹിപ്പിച്ചു കൊണ്ട് അച്ഛനുണ്ടാവും. അച്ഛൻ കിഴക്കേയിന്ത്യയിൽ നിന്ന് കൊണ്ട് വന്ന ഒരു തോൽവാദ്യം (നട്ടുവമദ്ദളം പോലെ ഒന്ന്) വീട്ടിലുണ്ട്. അതിൽ പ്രയോഗിച്ച് എന്തെങ്കിലും സംഗീതം വരുത്തുന്നത് നെടുമുടി വേണുവേട്ടനല്ലാതെ ആർക്കും സാധ്യമായി കണ്ടിട്ടില്ല.

ഒരിക്കൽ, ഉറക്കെ കവിത ചൊല്ലുന്ന വടിവ് കേട്ട്, അത് ചൊല്ലുന്ന യുവാവിനെ പരിചയപ്പെടാൻ മുത്തശ്ശി (ലളിതാംബിക അന്തർജ്ജനം) അകത്തുനിന്ന് ഉച്ചമയക്കം കഴിഞ്ഞ് വന്നു. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ ഞാൻ കണ്ടത് അരവിന്ദമ്മാമന്റെ വെളുത്ത ലാംബർട്ട സ്‌കൂട്ടറെടൂത്ത് നെടുമുടി വേണുവേട്ടൻ പെട്ടെന്ന് സ്കൂട്ടാവുന്നതാണ്.

എന്നിട്ട്, പിന്നീടൊരിക്കൽ പറഞ്ഞു "അടുത്ത് വന്നാൽ, പകൽ കഴിച്ച പല തരം മദ്യങ്ങളുടെ മണം കിട്ടുമെന്ന് പേടിച്ചിട്ടാ.. ശരിക്കും എനിക്ക് അന്ന് അമ്മയോട് സംസാരിച്ച് അനുഗ്രഹം മേടിക്കണം എന്നുണ്ടായിരുന്നു.

വഴുതക്കാട്ട് നികുഞ്ജം വെടിവട്ടത്തിലേയ്ക്ക്, ചിലപ്പോഴൊക്കെ, പോയിരുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നാണ്. കലാകൗമുദിയിൽ ജോലിചെയ്തിരുന്നതും ആയിടയ്ക്ക് ആയിരുന്നു എന്ന് തോന്നുന്നു. സിനിമയിൽ ചുവടുറച്ചതോടെ, ജോലിത്തിരക്കുകളിൽപ്പെട്ട് വീട്ടിൽ വരവ് കുറഞ്ഞു. എങ്കിലും, വല്ലപ്പോഴുമൊക്കെ ഒരു ഫോൺകോളകലത്തിൽ ആ പ്രിയശബ്ദം ഊഷ്മളമായ ഗ്രാമീണത ചൊരിഞ്ഞു കൊണ്ടിരുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ വച്ച്, ഒരു ലിറ്റററി അസോസിയേഷൻ ചടങ്ങിൽ പങ്കെടുക്കാൻ അതിഥിയായി നെടുമുടിവേണുവേട്ടനെ എനിക്ക് എത്തിക്കാനായി. ആ ചടങ്ങിൽ ഞങ്ങളുടെ അധ്യാപകനായ നരേന്ദ്രപ്രസാദ് സാറും ഉണ്ടായിരുന്നു. ഉദ്ഘാടകൻ അയ്യപ്പപ്പണിക്കർസാർ ആയിരുന്നു. പോരേ കാവ്യമേളത്തിന്റെ ചേരുവകൾ!

നാടൻപാട്ടുകളുടെ തീരാക്കലവറയാണ് വേണുവേട്ടൻ എന്ന് ആർക്കാണറിയാത്തത്!. നിർത്താതെ പാടാനുള്ള സ്റ്റാമിനയുമുണ്ട്. കവിത ചൊൽക്കെട്ടായി അവതരിപ്പിക്കും, ചുറ്റുമുള്ളവരെ ഒപ്പം പാടാൻ, വായ്ത്താരിയെങ്കിലും കൊടുക്കാൻ പ്രേരിപ്പിക്കും. പാടാത്ത തൂണുകളും ഒപ്പം പാടിപ്പോവും. "വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' (അയ്യപ്പപണിക്കർ ) എന്ന് വിനയചന്ദ്രനോടൊത്ത് ജുഗല്ബന്ദി നടത്തും . "പലവഴിയിൽ പെരുവഴി നല്ലൂ, പെരുവഴി പോ ചങ്ങാതീ'(കക്കാട്) എന്ന് അകലേക്ക് കൈ ചൂണ്ടും. ചുറ്റുപാടും താളമടിക്കുന്ന കാമ്പസ് കൂട്ടങ്ങളുടെ പൊടിപടലമുയരും. ഇതൊക്കെ പതിവായിരുന്നു .

അതിനിടെ, ആ കാമ്പസിലൂടെ ഒരു സമരജാഥ കടന്നുപോയി. അപ്പോഴുണ്ട് വേണുവേട്ടൻ അവരുടെ നേരെ ചൂണ്ടുകയായി - "എല്ലാത്തിലും ഒരു താളമുണ്ട്, വൃത്തം പോലുമുണ്ട് - കേട്ടോ, ആ മുദ്രാവാക്യം - "വിദ്യാർത്ഥി ഐക്യം സിന്ദാബാദ്' - അത് ഊനകാകളിവൃത്തത്തിന്റെ ഒരു വകഭേദമല്ലേ, കേട്ട് നോക്കൂ'

അതേസമയം, ഗ്രന്ഥജടിലമായ ഒരു ജാർഗണും ഇല്ലാതെ, ജനപ്പെരുപ്പം, നഗരവൽക്കരണം, വികസനം, ജലവിനിയോഗം, കാലാവസ്ഥാവ്യതിയാനം എന്നീ സങ്കീർണ്ണവിഷയങ്ങളിൽ സാധാരണക്കാരുടെ ഭാഷയിൽ, വെള്ളം പോലെ സംസാരിക്കുമായിരുന്നു. "എനിക്ക് നെടുമുടിയിലുള്ള വീട്ടിൽ കാറിൽ എത്താൻ റോഡ് വേണം. റോഡ് വന്നതിൽ സന്തോഷമുണ്ട്. പക്ഷെ, ആ റോഡിന്റെ വരവ് കുട്ടനാട്ടിലെ വെള്ളത്തിന്റെ തനത് ഒഴുക്കിനൊക്കെ തടയായി. വെള്ളം കെട്ടി നിൽക്കുന്നത്, കുന്നിന്റെയും തോടിന്റെയും സമനില തെറ്റിച്ചു. താളം തെറ്റിച്ചു. എന്റെ മനസ്സിലുള്ള കുട്ടനാട് ഇപ്പോൾ മനസ്സിലുള്ള കുട്ടനാട് മാത്രമാണ്. അത് ഇല്ല. ആ ഇന്നലെയുടെ സ്വപ്‍നത്തിൽ ഉണരാതെ ജീവിക്കുന്നു എന്ന് ഇന്ന് പറയുന്നത് വളരെ മോശമായേക്കും. ഓണംകേറാമൂലകളിയ്ക്ക് റോഡ് വേണ്ട എന്നും ഞാൻ പറയില്ല. പക്ഷെ, കാറ്റും വെള്ളവും മേഘവുമൊക്കെ സ്വച്ഛമായി ഒഴുകി നടക്കുന്ന പഴയ കാലമാണ് എന്റെ ഇപ്പോഴത്തെ ഊർജ്ജം എന്ന് എനിക്ക് പറഞ്ഞേ ഒക്കൂ.' ഒരു പരിസ്ഥിതി സെമിനാറിൽ, അദ്ദേഹം വിഷയമവതരിപ്പിച്ചതിങ്ങിനെയാണ്.

സമീപകാലത്ത്, ഒരിക്കൽ എൻ.മോഹനൻ അനുസ്മരണപ്രഭാഷണം ചെയ്യാനും നെടുമുടി വേണുവേട്ടൻ എത്തുകയുണ്ടായി. അച്ഛന്റെ "പെരുവഴിയിലെ കരിയിലകൾ' എന്ന കഥ ശ്യാമപ്രസാദ് ദൂരദർശനിൽ ടെലിഫിലിം ആക്കിയപ്പോൾ, നരേന്ദ്രപ്രസാദ് ചെയ്ത റോൾ ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത് എന്ന് അന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അച്ഛൻ എഴുതിയ "അവസ്ഥാന്തരങ്ങൾ' എന്ന കഥ കൈരളി ടിവിയിൽ ടെലിസീരിയൽ ആയി വന്നപ്പോൾ, തിലകൻ ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന പ്രധാന റോൾ ചെയ്തത് നെടുമുടി വേണുവേട്ടൻ ആണല്ലോ എന്ന്, ഞാൻ അപ്പോൾ വെറുതെ ഓർത്തു.

അധികവും അവനവന്റെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെയാണ് നെടുമുടി വേണു എന്ന നടൻ പേറിയിരുന്നത്. ജർമൻ എഴുത്തുകാരൻ ഏലിയാസ് കനെറ്റി, ഒരു കൃതിയിൽ, രാപ്പകൽ തുരങ്കനിർമ്മാണതൊഴിലാളിയായി പണിയെടുക്കുന്ന ഒരു 19 കാരനെ കണ്ടതിനെക്കുറിച്ച് വിവരിക്കുന്നു. കൺപീലികളിലും മുടിയിലുമൊക്കെ സിമന്റ്പൊടിയുമായി നിൽക്കുന്ന ആ ടീനേജർ ചോദ്യത്തിനുത്തരമായി "എനിക്ക് ഒരു നൂറു വയസ്സായ പോലെ തോന്നുന്നു' എന്ന് പറയുന്നു. അരങ്ങിൽ അഭിനേതാവിന്റെ കിരീടഭാരവും, ഏതാണ്ടിങ്ങനെ തന്നെയാവണം.

വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ നേടുന്ന കാര്യത്തിൽ അല്പസ്വല്പം മത്സരബുദ്ധിയൊക്കെ ഉണ്ടായിരുന്നെങ്കിലും, അവാർഡ്, വിദേശയാത്ര എന്നീ കാര്യങ്ങളിൽ വേണുവേട്ടന് സാമാന്യം ഉദാസീനത തന്നെയുണ്ടായിരുന്നു. തന്റെ ഏതെങ്കിലും സിനിമ വിദേശചലച്ചിത്രഫെസ്റ്റിവലിനു പോവുകയും, എന്തെങ്കിലും അവാർഡിനായി താൻ ഒറ്റയ്ക്ക് എയർപോർട്ടുകൾ താണ്ടി, വിമാനങ്ങൾ മാറിക്കേറി അപരിചിതമഹാനഗരങ്ങളിലെ മഹാഹോട്ടലുകളിൽ രാപ്പാർക്കാൻ പോവേണ്ടി വരും എന്നത് ഒരു വലിയ ദുസ്വപ്നമാണ്‌ എന്ന് മൂക്ക്ചുളിയ്ക്കാറുണ്ട് അദ്ദേഹം.

"വിടപറയും മുമ്പേ' എന്ന സിനിമയിൽ സേവ്യർ എന്ന കഥാപാത്രം മരിച്ചു കിടക്കുന്നതു, നെടുമുടിയിലെ ഓല മേഞ്ഞ സിനിമാക്കൊട്ടകയിൽ വച്ച് കണ്ട അദ്ദേഹത്തിന്റെ അമ്മ മകനെയോർത്ത് പൊട്ടിക്കരഞ്ഞു പോയി എന്ന് കേട്ടിട്ടുണ്ട്.

ഒരു നടൻ വെള്ളിത്തിരയിൽ മരിക്കുന്നതു കണ്ട് പതറുന്ന ശീലമൊന്നുമില്ലെങ്കിലും, വേണ്ടപ്പെട്ട ഒരാൾ ( നെടുമുടി വേണു ഏതൊരാൾക്കും അങ്ങിനെ തന്നെയാവുമല്ലോ), വെള്ളിത്തിരയിലായാലും അരുതാത്തതൊന്നും ചെയ്യുന്നത് കാണാൻ പാങ്ങില്ല എന്ന് വരാം. അത് കൊണ്ട്, വഷളനായ "ചെല്ലപ്പനാശാരിയെ' കാണാതിരിക്കാൻ വേണ്ടി, ഞാൻ "തകര' കാണാതിരുന്നിട്ടുണ്ട്.

തകരയിലെ ചെല്ലപ്പനാശാരി.

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ "വേണ്ടപ്പെട്ട ഒരാൾ' എന്ന തോന്നൽ, അഭിനയം ആസ്വദിക്കാൻ കഴിയാത്ത ഒരു വഴിമുടക്കിരോഗം പോലെ പിടികൂടുന്നത് എന്നെ മാത്രമാവുമോ ?

2021 തുടക്കത്തിൽ പുറത്ത് വന്ന "ആണും പെണ്ണും' എന്ന ആന്തോളജി സിനിമയിൽ "റാണി' എന്ന ഭാഗത്തിൽ, ഉദരവായുഫലിതങ്ങൾ പറഞ്ഞ് ഇളിയ്ക്കുന്ന ഒരു പെർവെർട്ട് മുതുക്കൻ ആയി അദ്ദേഹം അഭിനയിപ്പിച്ച് പൊലിപ്പിക്കുന്നതു കണ്ടിരുന്നു. എങ്കിലും, ഒക്ടോബർ 11 നു അദ്ദേഹം എന്നെന്നേക്കുമായി കണ്ണടച്ചപ്പോൾ, മനസ്സിൽ ആദ്യമുണ്ടായത് അഭ്രപാളിയിൽ അദ്ദേഹത്തിന്റെ അവസാന ചിത്രം ആ ഡേർട്ടി ഓൾഡ് മാൻ ആയിട്ടാവുമോ എന്ന വല്ലാത്ത ഭയം ആയിരുന്നു. അല്ല, ഇനിയും സിനിമകൾ പുറത്ത് വരാനുണ്ട്, എന്നത് എന്തൊരു ആശ്വാസം !

നെടുമുടി വേണുവിനെക്കുറിച്ച് ഏതോ ഒരു മഹാനടൻ എന്നല്ല, നമുക്ക് പ്രിയമുള്ള ഒരാൾ എന്ന തോന്നലുള്ള ഏതൊരാളും, ചിലതൊന്നും കാണാൻ കൂട്ടാക്കാത്ത ഇത്തരം ഒരു അൺപ്രൊഫഷണൽ പ്രേക്ഷക(ൻ) ആയിപ്പോവും എന്ന കാര്യത്തിൽ സംശയമില്ല .

ഏറ്റവും മുഴുത്ത കോമിക് ഐറണി എന്തെന്നോ ? കല തൊട്ടു തെറിക്കാത്ത കലാമണ്ഡലം സെക്രട്ടറിയായി "കമലദള' ത്തിൽ ഈ സകലകലാവല്ലഭൻ അഭിനയിക്കുന്നതു തന്നെ. കല-കല-മാത്രം എന്ന ആ അവനവൻതരം അടിമുടി ഉറയൂരിക്കളഞ്ഞ് അരസികരിൽ അരസികനായി അഭിനയിക്കുന്നതിലും വലിയ സാരസ്യമുണ്ടോ!

നാട്ടുതാളങ്ങളുടെ കാര്യത്തിൽ, അഭ്യസിക്കാത്ത അഭ്യാസി ആയിരുന്നു അദ്ദേഹം. നാദശരീരൻ എന്ന് ക്ലാസ്സിക്കൽ സംഗീതം അഭ്യസിക്കാത്ത എസ് പി ബാലസുബ്രഹ്മണ്യത്തെ വിളിയ്ക്കാമെങ്കിൽ താളത്തിന്റെ കാര്യത്തിൽ താളശ്ശരീരൻ എന്ന് തന്നെ നെടുമുടി വേണുവിനെ പറയാം.

ഘടമായാലും, മിഴാവായാലും, കാണ്ടാമൃഗത്തിന്റെ മുതുകായാലും, ഒരു സംഗീതസ്‌കൂളിലും പഠിയ്ക്കാത്ത നെടുമുടി വേണുവിന്റെ വിരലുകളുയരുമ്പോൾ ഹെഡ്‌മാഷെ കണ്ട വികൃതിക്കുട്ടികളെപ്പോലെ പഞ്ചപാവങ്ങളായി , ഒതുങ്ങികൊടുത്തു കൊണ്ടിരുന്നു.

ഐസിയുവിലെ അവസാന പന്ത്രണ്ടു മണിക്കൂർ അദ്ദേഹം അർദ്ധബോധാവസ്ഥയിലായിരുന്നുവത്രേ. "ശ്വാസവായു കേവലം കാറ്റായി മാറുമ്പോൾ', അത് ഡോക്യുമെന്റ് ചെയ്ത ഭിഷഗ്വരൻ ഡോ. പോൾ കലാനിധിയെപ്പോലെ, അവസാനശ്വാസത്തിലും തന്റെ ശ്വാസത്തിലെ ഓർക്കസ്ട്രയ്ക്കു അദ്ദേഹം കാതോർത്തിട്ടുണ്ടാവുമോ ആവോ!

താളം എന്ന തനത് പാട്ടുപരിഷ മീറ്ററിലാണ് അദ്ദേഹം തന്റെ ക്യാമറാക്കോണും, ഡയലോഗ് ഡെലിവറിയുമൊക്കെ എപ്പോഴും അളന്നു കുറിച്ചിരുന്നത്. സംവിധായകനായപ്പോഴും, തിരക്കഥാകൃത്തായപ്പോഴും താളം എന്ന ആധാരശ്രുതി കൈവിട്ടില്ല. നിർലോഭം വിബ്രാറ്റോയുള്ള (vibrato ) സ്വനതന്തുക്കളായിരുന്നു അദ്ദേഹം. ഉടുക്ക് തന്നെയായിരുന്നു അദ്ദേഹം.

ചെല്ലപ്പനാശാരിയും മിന്നാമിനുങ്ങിലെ മാഷും, ഇഷ്ടത്തിലെ റൊമാന്റിക്ക് അച്ഛനും, ചാമരത്തിലെ അച്ചനുമൊക്കെയായിരിക്കാം നെടുമുടിയെ ചലച്ചിത്ര ആർക്കൈവ്സിൽ അമൂല്യപുരാരേഖയാക്കാൻ പോവുന്നത്. എന്നാലും, എന്റെ മനസ്സിലിപ്പോഴും കൈവീശലും, ചാഞ്ഞു ചുഴിയലും, മെയ്യും വാക്കും നോക്കുമൊരുമിക്കുന്ന നടനവുമായി അരങ്ങു വാഴുന്ന "പാട്ടുപരിഷ' ആയാണ് നെടുമുടി വേണു എന്ന ചലച്ചിത്രം ഓടുന്നത്. ആ നാടൻ നാടകച്ചേല് നേരിൽ കണ്ടിട്ടുള്ളവർക്കൊക്കെ. അങ്ങിനെയേ ആവൂ.

Comments