കണ്ണീരോടെയാണ്​ ഞാനത്​ വായിച്ചുതീർത്തത്​; ശാരദക്കുട്ടിയുടെ നെടുമുടി ലേഖനം വായിച്ച്​ സുശീല എഴുതുന്നു

നെടുമുടി വേണുവിനെക്കുറിച്ച്​ എസ്​. ശാരദക്കുട്ടി ട്രൂ കോപ്പി തിങ്കിൽ എഴുതിയതും പിന്നീട്​ ‘നാട്യപ്രകാരം’ എന്ന, വേണുവിനെക്കുറിച്ചുള്ള ഓർമപ്പുസ്​തകത്തിൽ ഉൾപ്പെടുത്തിയതുമായ ലേഖനം വായിച്ച്​, വേണുവിന്റെ ഭാര്യ സുശീല ശാരദക്കുട്ടിക്ക്​ അയച്ച കത്ത്​. നെടുമുടി വേണു എന്ന കലാകാരന്റെയും പങ്കാളിയുടെയും കാണാത്ത ദൃശ്യങ്ങൾ ഈ കുറിപ്പിലുണ്ട്​. അവസാന കാലത്ത്​, സ്വന്തം രോഗങ്ങളിൽനിന്നും കോവിഡ്​ എന്ന മഹാമാരി സൃഷ്​ടിച്ച ഒറ്റപ്പെടലുകളിൽനിന്നും രക്ഷപ്പെടാൻ പൊരുതിയ ഒരു മനുഷ്യനെയും ഈ കത്ത്​ രേഖപ്പെടുത്തുന്നു.

പ്രിയ ശാരദക്കുട്ടിക്ക്,

ഈ പേര് എനിക്കിഷ്ടമാണ്.
ചിത്രവും കണ്ടിട്ടുണ്ട്.

‘ഞാറ്റുവേല’ കൂട്ടായ്മയിൽ ഉണ്ടെന്നറിയാം.
എഴുത്തുകാരിയും കോളേജിലെ പ്രൊഫസർ (ലക്ചറർ) ആണെന്നും ഊഹിക്കുകയാണ്. ഇതിൽ കൂടുതലായി ഒന്നും അറിഞ്ഞുകൂടാ.
ഈയിടെ ഒരു വീക്കിലിയിൽ കണ്ടിരുന്നു, വായിക്കാൻ പറ്റിയില്ല.

‘നെടുമുടി വേണുവിന്റെ കലയും ജീവിതവും’ (നാട്യപ്രകാരം) വായിച്ചു. ശശിച്ചേട്ടന്റെ (വിളിപ്പേരാണ്) അഭിനയ പാടവത്തോടും കലാപരമായ കഴിവുകളോടുമുള്ള അദമ്യമായ ആരാധനയും സ്‌നേഹബഹുമാനവും നിറഞ്ഞുകവിയുന്ന ആ അധ്യായം വായിച്ചുതീർത്തത് കണ്ണീരോടെയാണ്.

എസ്. ശാരദക്കുട്ടി
എസ്. ശാരദക്കുട്ടി

ശശിച്ചേട്ടൻ ഇത് വായിച്ചിരുന്നുവെങ്കിൽ ഈ ബുക്കെടുത്ത് എന്റെ കൈയിൽ തന്നിട്ടുപറയും, ‘കണ്ടു പഠിക്കെടീ- വിവരമുള്ള പെണ്ണുങ്ങൾ എഴുതിയത് കണ്ടു പഠിയ്ക്ക്, നിനക്കല്ലേ എന്നെ വിലയില്ലാത്തത്!’

മറുപടിയായി ഞാൻ പറയും​; ‘ശശിച്ചേട്ടൻ ആരാണെന്നൊക്കെ എനിക്കറിയാം. എന്നുവച്ച്, എപ്പോഴും തലയിൽ കയറ്റി, പൊക്കിപ്പറഞ്ഞുകൊണ്ടിരിക്കാൻ പറ്റുമോ?’
‘ആ, വേണം, പറ്റണം.'
‘നടക്കത്തില്ല കുഞ്ഞേ...’
ഇങ്ങനെ പോകും ഞങ്ങളുടെ സംഭാഷണം.

തെറ്റിധരിക്കരുത്. ഇത് വഴക്കല്ല. പുള്ളീടെ തമാശയാണ്.
അസാമാന്യമായ കഴിവുള്ള ഒരു കലാകാരനാണെന്ന് അറിയായ്കയല്ല. ഞാൻ ഒരു ഭാര്യയും അമ്മയും വീട്ടമ്മയും ഒക്കെയല്ലേ? വീട്ടുകാര്യങ്ങൾ മുഴുവൻ എന്റെ തലയിൽ തന്നെ. ഒരുപാടൊരുപാട് കാര്യങ്ങൾ തനിയെ മാനേജുചെയ്യണം. സഹായത്തിന് ആരുമില്ലാത്ത അവസ്ഥ. വല്ലപ്പോഴും അതിഥിയായി വീട്ടിൽ വരും. മാന്യനായ ഒരതിഥിയെ എങ്ങനെ സ്വീകരിക്കണമോ, അതിനനസരിച്ച് വീടുൾപ്പെടെ ഞാൻ മറിച്ചുവെക്കും, ഒരു ഹോട്ടൽ പോലെ. ഇതായിരുന്നു കാലങ്ങളായുള്ള രീതി. ആതിഥ്യമൊക്കെ സ്വീകരിച്ച് സന്തോഷവാനായി ചിലപ്പോൾ ഒരാഴ്ച- അല്ലെങ്കിൽ, രണ്ടോ മൂന്നോ ദിവസം ഉത്സവസമാനമായ ഒരു പ്രതീതി സൃഷ്ടിച്ച് വീട് ഉത്സവപ്പറമ്പാക്കി തിരിച്ചുപോകും.

വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ മൂത്ത മകൻ ഉണ്ണി ഒന്നാം ക്ലാസിൽ പഠിക്കുകയാണ്. മലയാളം ക്ലാസിൽ ‘അപൂർവം' എന്ന വാക്കുപയോഗിച്ച്​ വാചകമുണ്ടാക്കാൻ ടീച്ചർ പറഞ്ഞു. അവൻ ഒട്ടും താമസിയാതെ പറഞ്ഞു, ‘അച്ഛൻ അപൂർവമായി ഞങ്ങളുടെ വീട്ടിൽ വരുന്ന ഒരു ജീവിയാണ്.' അതായിരുന്നു സത്യവും.

‘മംഗളം നേരുന്നു' എന്ന പടത്തിൽ ബേബി ശാലിനിയെ ഉറക്കുന്ന ഒരു സീനും പാട്ടുമുണ്ട്.
‘അല്ലിയിളം പൂവോ
ഇല്ലിയിളം കാടോ...'
അവനപ്പോൾ തന്നെ പോയി ടി.വി ഓഫു ചെയ്യും. മറ്റൊരു കുഞ്ഞിനെ കൊഞ്ചിക്കുനനത് അവന് സഹിക്കാനാകില്ല.

നാണക്കേടുണ്ടെങ്കിലും തുറന്നുപറയുകയാണ്.
കുസൃതി നിറഞ്ഞതും വശ്യതയാർന്നതുമായ പ്രണയരംഗങ്ങൾ കണ്ടിരിക്കാൻ പ്രയാസമായതിനാൽ ഞാനും മനഃപൂർവം അതൊന്നും കാണുമായിരുന്നില്ല. (ഇതൊന്നും പുള്ളിക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങളാണ്).

നെടുമുടി വേണുവും സുശീലയും കുടുംബത്തോടൊപ്പം
നെടുമുടി വേണുവും സുശീലയും കുടുംബത്തോടൊപ്പം

പിന്നീട് മനഃപൂർവം തിരക്കുകൾ കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ഇഷ്ടമുള്ള പടങ്ങൾക്കുമാത്രം പോവുക എന്ന രീതിയായി. ബാക്കിയൊക്കെ വേണ്ടെന്നുവെയ്ക്കും. അങ്ങനെയിരിക്കേയാണ് അപ്രതീക്ഷിതമായി വന്ന രോഗാവസ്ഥകളും പാരമ്പര്യമായി കിട്ടിയ പ്രമേഹവും ലിവർ പ്രശ്‌നങ്ങളും വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങിയത്. പക്ഷേ, എല്ലാത്തിനോടും അസാമാന്യമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമാണ് കാട്ടിയത്.

ഡയബെറ്റിക്‌സ്, വിവാഹം കഴിഞ്ഞ വേളയിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ഇളയ മകനായിരുന്നു, അച്ഛൻ അക്യൂട്ട് ഡയബെറ്റിക്‌സ് വന്നാണ് മരിച്ചത്. ആഹാര നിയന്ത്രണവും മെഡിക്കേഷനും വളരെ ശ്രദ്ധയോടെ ചെയ്ത് പ്രമേഹം വരുതിയിൽ നിർത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷെ, ലിവർ പിടിയിലാകാൻ മൂന്ന് മേജർ സർജറികളും പല പല അനുബന്ധ ചികിത്സകളും ഒരു വർഷത്തിനുള്ളിൽ വേണ്ടിവന്നു. ആ ഹെർകൂലിൻ ടാസ്‌ക് ഒക്കെ അസാമാന്യമായ ആത്മബലം കൊണ്ട് നേരിട്ട് വിജയകരമായി കർമമണ്ഡലത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.

ഈ കോവിഡ് കാലമാണ് ശശിച്ചേട്ടനെ തകർത്തുകളഞ്ഞത്.
സദാ പ്രവർത്തനോന്മുഖമായിരുന്നു ആ മനസ്സ്.
നശിച്ച കോവിഡിന്റെ ഭീകരത, ദിവസേനയുള്ള മനുഷ്യജീവന്റെ പിടിച്ചിൽ, ഉറ്റവരും സ്‌നേഹിതരുമൊക്കെ വിടപറയുന്നതിന്റെ വ്യഥ, എല്ലാം ആ മനുഷ്യസ്‌നേഹിയായ മനുഷ്യനെ വല്ലാതെ ഉലച്ചു.
ശരീരം കാണക്കാണെ മെലിഞ്ഞു ക്ഷണിച്ചു. Liver disintegration വേഗത്തിലായി. Transplant അനിവാര്യമായിരുന്നു. പ്രായം കൂടിപ്പോയതിനാലും ഡയബെറ്റിസ് ബാധിതനായതിനാലും, അങ്ങനെയൊരു കൂട്ടിലടച്ച ജീവിതം താൽപര്യമില്ലാത്തതുകൊണ്ടുമായിരിക്കണം, അതിന് തീർത്തും സമ്മതിച്ചില്ല. എന്റെ ലിവർ ചേർച്ചയുണ്ടോ എന്ന് നോക്കാൻ ഡോക്ടർമാർ ആലോചിച്ചിരുന്നു. ഞാൻ എത്ര നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. എതിനും അതിന്റെ സ്വഭാവിക പരിണാമം- പരിസമാപ്തി അതായിരുന്നു അദ്ദേഹം നിശ്ചയിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതും.

തുടരാൻ പറ്റുന്നില്ല. നിർത്തണം എന്ന് മനസ്സ് പറയുന്നു.
ബാക്കി പിന്നീടൊരിക്കലാകാം.

ദിശ കിട്ടാതെ വല്ലാത്ത കൂരിരുട്ടിൽ കിടന്നു പിടയുന്ന ഞങ്ങൾക്ക് എസ്. ശാരദക്കുട്ടി എഴുതിയ ഈ അധ്യായം കത്തിച്ചുവച്ച ഒരു നെയ്ത്തിരി നാളമായി അനുഭവപ്പെടുകയാണ്. സന്തോഷത്തോടെ, അഭിമാനത്തോടെ ഞങ്ങളുടെ സ്‌നേഹാദരങ്ങൾ അർപ്പിക്കട്ടെ.
സ്വന്തം സുശീല.


Summary: നെടുമുടി വേണുവിനെക്കുറിച്ച്​ എസ്​. ശാരദക്കുട്ടി ട്രൂ കോപ്പി തിങ്കിൽ എഴുതിയതും പിന്നീട്​ ‘നാട്യപ്രകാരം’ എന്ന, വേണുവിനെക്കുറിച്ചുള്ള ഓർമപ്പുസ്​തകത്തിൽ ഉൾപ്പെടുത്തിയതുമായ ലേഖനം വായിച്ച്​, വേണുവിന്റെ ഭാര്യ സുശീല ശാരദക്കുട്ടിക്ക്​ അയച്ച കത്ത്​. നെടുമുടി വേണു എന്ന കലാകാരന്റെയും പങ്കാളിയുടെയും കാണാത്ത ദൃശ്യങ്ങൾ ഈ കുറിപ്പിലുണ്ട്​. അവസാന കാലത്ത്​, സ്വന്തം രോഗങ്ങളിൽനിന്നും കോവിഡ്​ എന്ന മഹാമാരി സൃഷ്​ടിച്ച ഒറ്റപ്പെടലുകളിൽനിന്നും രക്ഷപ്പെടാൻ പൊരുതിയ ഒരു മനുഷ്യനെയും ഈ കത്ത്​ രേഖപ്പെടുത്തുന്നു.


Comments