എൻ. പ്രഭാകരൻ / ചിത്രീകരണം : ദേവപ്രകാശ്

അണ്ണാക്കൊട്ടന്റെ കല്യാണം

പതിനാല്

പാരിസ്ഥിതികാവബോധം, പരിസ്ഥിതി രാഷ്ട്രീയം, പരിസ്ഥിതി സൗന്ദര്യശാസ്ത്രം ഇവയെപ്പറ്റിയൊക്കെ കേരളസമൂഹം ചർച്ച ചെയ്തു തുടങ്ങിയിട്ട് ഏതാനും ദശകങ്ങളേ ആയുള്ളൂ. ടി.പി.സുകുമാരൻ മാഷുടെ "പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന് ഒരു മുഖവുര' എന്ന പുസ്തകം ബോധിബുക്സ് (കോഴിക്കോട്) പുറത്തിറക്കിയത് 1992ലാണ്. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന്റെ മേധാവിയായിരുന്ന പ്രൊഫ.ജോൺ സി.ജേക്കബ് 1972ൽ പയ്യന്നൂരിൽ ഒരു ജന്തുശാസ്ത്ര ക്ലബ് ആരംഭിച്ച് പ്രകൃതിസ്നേഹികളായ വിദ്യാർത്ഥികളെയും യുവതീയുവാക്കളെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. പിന്നീട് ജോൺസിമാഷ് തന്നെ "സീക്ക്' (സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷൻ കേരള) എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകുകയും അതിന്റെ മുഖമാസികയായി "സൂചീമുഖി' പ്രസിദ്ധീകരിക്കുകയും ചെയ്തു.

1974- 75 കാലം മുതൽ അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ ഏതാനും അധ്യാപകരും യുവജനങ്ങളും ചേർന്ന് പ്രകൃതി സഹവാസം എന്ന ആശയം പ്രാവർത്തികമാക്കാനും തുടങ്ങിയിരുന്നു. എന്റെ ചില സുഹൃത്തുക്കൾ "സീക്കി'ന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നുവെങ്കിലും അന്നും പിന്നീടുള്ള കാലത്തും ഞാൻ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിലോ പാരിസ്ഥിതിക പ്രശ്നങ്ങളെ മുൻനിർത്തിയുള്ള സമരങ്ങളിലോ ഭാഗഭാക്കായിരുന്നില്ല. എൻഡോസൾഫാൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നിന്നാരംഭിച്ച കാസർകോട് അവസാനിച്ച ഒരു വാഹനപ്രചരണ ജാഥയിൽ പങ്കെടുത്തു എന്നതു മാത്രമാണ് എനിക്ക് അവകാശപ്പെടാനാവുന്ന ഒരേയൊരു പരിസ്ഥിതി പ്രവർത്തനം. മറ്റ് പ്രവർത്തനങ്ങളിൽ നിന്നൊക്കെ ഞാൻ വിട്ടുനിന്നത് ആശയപരമായ വിയോജിപ്പ് കൊണ്ടൊന്നുമല്ല. അതങ്ങനെ സംഭവിച്ചു എന്നു മാത്രം. പക്ഷേ, ഇത്രയും മാത്രം പറഞ്ഞു നിർത്തുന്നത് ശരിയാവില്ലെന്ന് എനിക്കു തന്നെ തോന്നുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി അങ്ങനെ പഠിപ്പിക്കേണ്ടുന്ന ഒരു വിഷയമല്ല.ഞാൻ കൂടി ഉൾപ്പെടുന്നതാണ് പ്രകൃതി. അതിൽ നിന്ന് എന്നെ വേർപെടുത്തിയെടുത്ത് അവശേഷിക്കുന്നവയെക്കുറിച്ച് മാത്രമായി ഞാൻ ചിന്തിക്കാറില്ല

എന്റെ എഴുത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇടം നേടുന്നുണ്ടോ, പ്രകൃതിയോടുള്ള സമീപനം ഞാനെഴുതിയ കഥകളിലും കവിതകളിലും നോവലുകളിലുമൊക്കെ എങ്ങനെയാണ് ആവിഷ്‌കൃതമായിട്ടുള്ളത്, പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തെ ആധാരമാക്കി അവയെ വിശകലനം ചെയ്താൽ എന്തൊക്കെയാവും കണ്ടെത്താനാവുക എന്നീ കാര്യങ്ങളെക്കുറിച്ചൊന്നും ഞാൻ ഇതേവരെ ആലോചിച്ചിട്ടില്ല. അതിനുള്ള മുഖ്യകാരണമായി ഞാൻ കണ്ടെത്തിയിട്ടുള്ള കാര്യം ഇതാണ്: എനിക്ക് പ്രകൃതിയെ എന്നിൽ നിന്ന് വേറിട്ട ഒന്നായി സങ്കൽപിക്കാനാവില്ല. ഞാൻ കണ്ട പൂക്കളുടെയും ചെടികളുടെയും മരങ്ങളുടെയും മലകളുടെയും പുഴകളുടെയും വിശദാംശങ്ങൾ അപ്പപ്പോൾ ഉള്ളിൽ അതിനുവേണ്ടി മാത്രം വെടിപ്പായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരിടത്ത് കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന ശീലം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി അങ്ങനെ പഠിപ്പിക്കേണ്ടുന്ന ഒരു വിഷയമല്ല.ഞാൻ കൂടി ഉൾപ്പെടുന്നതാണ് പ്രകൃതി. അതിൽ നിന്ന് എന്നെ വേർപെടുത്തിയെടുത്ത് അവശേഷിക്കുന്നവയെക്കുറിച്ച് മാത്രമായി ഞാൻ ചിന്തിക്കാറില്ല.

എന്റെ ശരീരത്തെ ഞാൻ പ്രത്യേകമായി നിരീക്ഷിക്കാറില്ല. എനിക്ക് ലഭിച്ചിരിക്കുന്ന ശരീരവുമായി ഞാൻ ജീവിക്കുന്നു. അതിന്റെ പരിമിതികളും പ്രത്യേകതകളും മറ്റുള്ളവരിൽ എന്ത് പ്രതികരണമുണ്ടാക്കുന്നുവെന്ന് ഞാൻ കൃത്യമായി അനുഭവിച്ചറിയാറുണ്ട്. അതിലപ്പുറം ശരീരത്തെക്കുറിച്ച് ഞാൻ ആലോചിക്കാറില്ല. പ്രകൃതിയുടെ കാര്യവും ഇങ്ങനെ തന്നെയാണെന്ന് പറയാം. ഞാൻ പാറപ്പുറത്തും പുഴയോരത്തും കാട്ടിലും മേട്ടിലുമൊക്കെ അലഞ്ഞിട്ടുണ്ട്. ഋതുക്കൾ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങൾ കണ്ട് വിസ്മയിച്ചിട്ടുണ്ട്. ഇതിലപ്പുറം പ്രകൃതിയെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ല. പത്ത് ചെടികളുടെ/മരങ്ങളുടെ പേര് ആലോചനയ്ക്കായി ഒരു നിമിഷം പോലും കാത്തുനിൽക്കാതെ എനിക്ക് പറയാനാവും. അത്രയുമോ അതിൽ കൂടുതലോ പക്ഷികളുടെ പേരും പറയാനാവും. പക്ഷേ ഞാൻ പേര് പറയുന്ന ചെടികളെക്കുറിച്ച് /മരങ്ങളെക്കുറിച്ച് /പക്ഷികളെക്കുറിച്ച് എനിക്കുള്ള അറിവ് നാമമാത്രമായിരിക്കും. ഇതൊരു നല്ല കാര്യമാണെന്നു പറയുകയല്ല. ഈ അറിവില്ലായ്കയിൽ ആനന്ദിക്കുന്നുമില്ല. കുട്ടിക്കാലത്ത് മാടായിപാറപ്പുറത്തും നാട്ടിലെ പല പറമ്പുകളിലും ഞാൻ ഇഷ്ടം പോലെ ചുറ്റി നടന്നിട്ടുണ്ട് പ്രകൃതി സ്വതന്ത്രമായി, സൗമ്യമായി സ്വയം ആവിഷ്‌കരിക്കുന്ന ഇടങ്ങളിൽ പ്രത്യേകിച്ചെന്തെങ്കിലും ലക്ഷ്യമാക്കാതെ. പിന്നീടുള്ള കാലത്തും മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്. സൗകര്യം കിട്ടുമ്പോഴൊം കാട് കാണാനും പുഴ കാണാനുമൊക്കെ പോയിട്ടുണ്ട്. എല്ലാം കഴിഞ്ഞ്, ഞാല്ലൻ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത പ്രകൃതിയെക്കുറിച്ച് എന്തൊക്കെയാണെനിക്ക് പറയാനുള്ളത്? വ്യത്യസ്ത ഭൂവിഭാഗങ്ങളെയും അവിടെ കണ്ട മരങ്ങളെയും ചെടികളെയും പക്ഷികളെയും കുറിച്ച് എന്തൊക്കെ ഓർമകളാണ് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നത്? വേനലവധിക്കാലത്ത്, പണ്ടെന്നോ തൂങ്ങി മരിച്ച ഒരു വണ്ണാന്റെ ഓർമയെ സ്വന്തം പേരിൽ തന്നെ സൂക്ഷിക്കുന്ന "വണ്ണാൻതട'ത്തിലും അതിനടുത്തുള്ള "കൂളിക്കുണ്ടി'ലും "മധുരക്കാരന്റെ പറമ്പ്' എന്നറിയപ്പെട്ടിരുന്ന പറങ്കിമാവിൻ തോട്ടത്തിലും പിന്നെ നല്ലൊരു കാറ്റ് വീശിയാൽ ചടപടാന്ന് മാങ്ങ വീഴുന്ന പേരില്ലാപ്പറമ്പിലും "ചാലിക്കാട്ടി'ലും പാറക്കുളങ്ങളിലുമൊക്കെയായിട്ടാണ് ഞാൻ സമയം ചെലവഴിച്ചത്. ഏതാണ്ട് പകൽ മുഴുവൻ വീട്ടിനു പുറത്ത് അലഞ്ഞു നടക്കുന്നതിനിടയിൽ കണ്ണിൽപ്പെട്ടതും എന്റെ കൂട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞതുമായ സംഗതികളിൽ ചിലത് ഓർമിച്ചെടുക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല.

പെട്ടെന്ന് എങ്ങുനിന്നോ കുതിച്ചെത്തിയതുപോലെ വെയിലിനുമേൽ ചാറ്റൽമഴ വീഴും. ആ മഴ അധികനേരം നിൽക്കില്ല. വെട്ടിത്തിളങ്ങുന്ന വെയിലിൽ മഴത്തുള്ളികൾ പുൽപ്പരപ്പിലും മരങ്ങൾക്കുമേലും ഉത്സാഹപൂർവം ചാടിച്ചാടി വീഴുന്നത് രസമുള്ള കാഴ്ചയായിരിക്കും. ഈ അനുഭവത്തിന് ഞങ്ങൾ നൽകിയ പേരാണ് "അണ്ണാക്കൊട്ടന്റെ കല്യാണം.'

കാറ്റ് വീശുന്നതും കാത്ത് ഞങ്ങൾ മാഞ്ചോട്ടിൽ നിൽക്കുമ്പോഴും ഏതെങ്കിലും പറങ്കിമാവിൻ ചോട്ടിൽ കഥകളും കേട്ടറിവുകളും മറ്റും മറ്റും കൈമാറി നേരം കൂട്ടുമ്പോഴും പിടിച്ച് വീട്ടിൽ കൊണ്ടു പോയി വളർത്താമെന്ന പ്രതീക്ഷയിൽ
ഏതെങ്കിലും പക്ഷിക്ക് പിന്നാലെ പതുങ്ങിപ്പതുങ്ങിച്ചെല്ലുമ്പോഴുമെല്ലാം പെട്ടെന്ന് തീർത്തും അവിചാരിതമായി ചുറ്റിലും നിഴൽ പരക്കും. അൽപനേരം കഴിയുമ്പോൾ, മിക്കവാറും ഒന്നോ രണ്ടോ മിനുട്ടിനകം വെയിൽ മടങ്ങിവരും. ഈ
അനുഭവത്തെ ഞങ്ങൾ വിവരിച്ചിരുന്നത് വെയിൽ വെള്ളം കുടിക്കാൻ പോയി എന്നു പറഞ്ഞാണ്. പകൽ വെളിച്ചത്തിലെ ഈ താൽക്കാലിക മാറ്റം ഞങ്ങൾക്ക് സവിശേഷമായൊരു സന്തോഷം തന്നിരുന്നു. മനസ്സിനെ ഒന്ന് തണുപ്പിക്കുകയും പുതിയ ഒരുണർവിന്റെ സുഖം അനുഭവിപ്പിക്കുകയും ചെയ്യുന്ന ഇത്തിരി നേരത്തെ ശാന്തതയും കൗതുകവുമായിരുന്നു അത്.

ഇതിലും രസകരമായ മറ്റൊരനുഭവമാണ് "അണ്ണാക്കൊട്ടന്റെ കല്യാണം. "ഓണം അവധിക്കാലത്തോ ആഗസ്ത്- സപ്റ്റംബർ മാസങ്ങളിലെ ഏതെങ്കിലും അവധിദിവസത്തിലോ ആണ് ആ കല്യാണം നടക്കുക. ഞങ്ങൾ ഏതെങ്കിലും പറമ്പിലോ മരത്തണലിലോ നിൽക്കുകയായിരിക്കും. ഉച്ചവെയിലിന്റെ ഉന്മേഷം ചുറ്റിലുമുണ്ടാവും. പെട്ടെന്ന് എങ്ങുനിന്നോ കുതിച്ചെത്തിയതുപോലെ വെയിലിനുമേൽ ചാറ്റൽമഴ വീഴും. ആ മഴ അധികനേരം നിൽക്കില്ല. വെട്ടിത്തിളങ്ങുന്ന വെയിലിൽ മഴത്തുള്ളികൾ പുൽപ്പരപ്പിലും മരങ്ങൾക്കുമേലും ഉത്സാഹപൂർവം ചാടിച്ചാടി വീഴുന്നത് രസമുള്ള കാഴ്ചയായിരിക്കും. ഈ അനുഭവത്തിന് ഞങ്ങൾ നൽകിയ പേരാണ് "അണ്ണാക്കൊട്ടന്റെ കല്യാണം.' "വെയിലും മഴയും അണ്ണാക്കൊട്ടന്റെ കല്യാണം
അണ്ണാക്കൊട്ടന്റെ കല്യാണം' എന്ന് വെയിലും മഴയും ഒന്നിച്ചേറ്റുവാങ്ങുന്നതിന്റെ ആഹ്ലാദത്തിമിർപ്പിൽ ആവർത്തിച്ചു പാടി ഞങ്ങൾ ആ കല്യാണത്തിന് മേളം കൂട്ടും.

(അണ്ണാരക്കണ്ണൻ എന്ന പരിഷ്‌കൃത പ്രയോഗം അന്നും ഇന്നും അത്യുത്തരകേരളത്തിലെ സാധാരണസംസാരഭാഷയിൽ ഇല്ല. അണ്ണാക്കൊട്ടൻ എന്ന പദവും അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. അണ്ണാൻ എന്നേ പുതുതലമുറയിലെ കുട്ടികളിൽ അധികപേരും പറയൂ) അണ്ണാക്കൊട്ടന്റെ കല്യാണം കഴിഞ്ഞാൽ മിക്കപ്പോഴും മരങ്ങളിൽ നിന്ന് ചെറിയ ഒന്നോ രണ്ടോ ഇലകൾ വീഴും. ആ ഇലകളിൽ കട്ടിയായ ബ്രൗൺനിറത്തിലുള്ള കൊഴുത്ത ദ്രാവകം കാണും. രണ്ട് തുള്ളിയോളമേ ഉണ്ടാവൂ അത്. ഇലകളിൽ നേരത്തേ പറ്റിപ്പിടിച്ച മണ്ണും പൊടിയും മഴവെള്ളത്തിൽ കുതിർന്നാവാം ദ്രാവകരൂപത്തിലുള്ള ആ സാധനം രൂപപ്പെടുന്നത്. ഇനി അത് മറ്റു വല്ലതുമാണോ എന്നും അറിയില്ല. എന്തായാലും അത് അണ്ണാക്കൊട്ടന്റെ കല്യാണത്തിന് വിളമ്പിയ പായസമാണെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത്. ഈ പായസം പക്ഷേ, കല്യാണത്തിന് ക്ഷണിക്കപ്പെട്ട് വന്നിരിക്കുന്ന ചെറുജീവികൾക്കുള്ളതാണ്. അതുകൊണ്ട് ഞങ്ങളാരും അതെടുത്ത് കുടിച്ചുകൂടാ എന്ന് പറഞ്ഞറിയിക്കാതെ തന്നെ എല്ലാവരും മനസ്സിലാക്കിയിരുന്നു.

വെള്ളം കുടിക്കാൻ പോവുന്ന വെയിലിന്റെയും അണ്ണാക്കൊട്ടൻ ദമ്പതിമാരുടെയും ചങ്ങാതിമാരായി അഞ്ചും ആറും വയസ്സായ ഞങ്ങളഞ്ചെട്ടു പേർ ചുറ്റിനടന്ന് നേരം കൂട്ടിയിരുന്ന കാലത്ത് നിത്യവും പലതരം പക്ഷികളെ കണ്ടിരുന്നു. കാഴ്ചയിൽ വരും മുമ്പ് ശബ്ദത്തിൽ നിന്നു തന്നെ പലതിന്റെയും സാന്നിധ്യം മനസ്സിലാക്കാൻ അന്നൊക്കെ എനിക്ക് കഴിയുമായിരുന്നു. പലതിന്റെയും സ്വഭാവവും രീതികളും നിരീക്ഷിക്കാൻ സുഹൃത്തുക്കളോടൊപ്പം ഞാനും ഒരുപാട് സമയം
ചെലവഴിച്ചിരുന്നു. അക്കാലത്തും പക്ഷേ ഹൃദയം കൊണ്ട് ഞാൻ ഏറ്റവുമധികം ബന്ധം പുലർത്തിയത് എൽ.പി.സ്‌കൂൾ കാലം തൊട്ടേ മാടായിപ്പാറപ്പുറത്ത് വെച്ച് അടുത്തുകണ്ടു പരിചയിച്ച ഇറ്റിറ്റിപ്പുള്ളുമായിട്ടു തന്നെ. ആ ബന്ധം ഇപ്പോഴും തുടരുന്നു. അതുകൊണ്ടാണ് എന്റെ ബ്ലോഗിനും ഒരു പുസ്തകത്തിനും "ഇറ്റിറ്റിപ്പുള്ള്' എന്നു പേരിട്ടത്. കുട്ടിക്കാലം പൂക്കളോടുള്ള അതിയായ സ്നേഹത്തിന്റെ കാലം കൂടിയാണ്. പാറപ്പുറത്തും പറമ്പുകളിലുമായി പണ്ട് കണ്ട പൂക്കളിൽ
കാക്കപ്പൂവ്, കൊക്കിൻ പൂവ്, ഹനുമാൻകിരീടം, എള്ളിൻ പൂവ്, അരിപ്പൂ, ജടപ്പൂ, അതിരാണിപ്പൂ, ചെമ്പകം എന്നിങ്ങനെ ചിലതേ ഓർമയിലുള്ളൂ. ഒന്നുരണ്ടു വർഷത്തിലേറെക്കാലം എന്റെ വീടിന്റെ പൂമുഖത്തിന്റെ വടക്കും തെക്കും
അറ്റങ്ങളിലായി ഓട്ടിൻപുറത്തേക്ക് വളർന്നിറങ്ങിയ രണ്ട് സൂര്യകാന്തി വള്ളികളുണ്ടായിരുന്നു. രണ്ടിലും ധാരാളം പൂക്കളുണ്ടാവുമായിരുന്നു. സൂര്യകാന്തിപ്പാടങ്ങളിൽ കാണുന്ന സൂര്യകാന്തിച്ചെടികൾക്ക് സാധാരണയായി രണ്ടര-മൂന്ന് അടിയിലധികം പൊക്കമുണ്ടാവാറില്ല. അവ വള്ളിയായിട്ടല്ല മറ്റ് ചെടികളെപ്പോലെത്തന്നെ നിവർന്നു നിന്നാണ് വളരുന്നത്. പക്ഷേ, വീട്ടിൽ വളർത്തിയിരുന്ന സൂര്യകാന്തികൾ കയറിൽ പറ്റിപ്പിടിച്ച് വള്ളികളായാണ് വളർന്നത്. അവയുടെ നീളം പത്തടിയിലധികമെത്തിയിരുന്നു. സാധാരണകാണുന്ന സൂര്യകാന്തിപ്പൂക്കളുടെ നിറം മഞ്ഞയാണ്. പക്ഷേ, വീട്ടിലെ ചെടികളിൽ ഉണ്ടായ പൂക്കളുടെ നിറം നീലയായിരുന്നു. നല്ല ഭംഗിയും വലിപ്പവുമുള്ള നീലപ്പൂക്കൾ. പൂമുഖം മാറ്റിപ്പണിതപ്പോൾ സൂര്യകാന്തികളുടെ നിലനിൽപ് അപകടത്തിലായി. രണ്ടും ഉണങ്ങിപ്പോയി.

ഞാൻ റോസാപ്പൂവ് കൊടുത്താൽ റവന്യൂ ഇൻസ്പെക്ടർ അതിന് പകരമായി എനിക്ക് നാലോ അഞ്ചോ, ചിലപ്പോൾ അതിൽ കൂടുതലോ സ്റ്റാമ്പ് തരും. ഓഫീസിൽ വരുന്ന കവറുകളിൽ നിന്ന് പറിച്ചെടുത്ത് എനിക്ക് തരാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്റ്റാമ്പുകൾ

വീടിനു മുന്നിൽ നടവഴിയുടെ രണ്ട് ഭാഗത്തായി കോഴിവാലൻ മുതൽ തോട്ടവാഴ വരെയുള്ള പലതരം ചെടികളുണ്ടായിരുന്നു. കൂട്ടത്തിൽ മൂന്നുനാല് റോസാച്ചെടികളും. മാടായി എൽ.പി.സ്‌കൂളിലേക്ക് പോവുമ്പോൾ ദിവസവും ഒരു
റോസാപ്പൂവ് ഞാൻ കരുതാറുണ്ടായിരുന്നു. അത് സ്‌കൂളിലേക്കു പോവുന്ന വഴിയിലെ ലൈൻമുറികളിലൊന്നിൽ താമസിച്ചിരുന്ന റവന്യൂ ഇൻസ്പെക്ടർക്ക് കൊടുക്കാനുള്ളതാണ്. ആ മുറി അദ്ദേഹത്തിന്റെ താമസസ്ഥലം മാത്രമല്ല ഓഫീസ് കൂടിയായിരുന്നു എന്നാണ് തോന്നുന്നത്. ഞാൻ റോസാപ്പൂവ് കൊടുത്താൽ റവന്യൂ ഇൻസ്പെക്ടർ അതിന് പകരമായി എനിക്ക് നാലോ അഞ്ചോ, ചിലപ്പോൾ അതിൽ കൂടുതലോ സ്റ്റാമ്പ് തരും. ഓഫീസിൽ വരുന്ന കവറുകളിൽ നിന്ന് പറിച്ചെടുത്ത് എനിക്ക് തരാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്റ്റാമ്പുകൾ. അക്കാലത്ത് എനിക്ക് മോശമല്ലാത്ത ഒരു സ്റ്റാമ്പ്ശേഖരമുണ്ടായിരുന്നു. സ്റ്റാമ്പുകൾക്കു പുറമെ തീപ്പെട്ടിച്ചിത്രങ്ങളും ചേർത്ത് പിന്നീട് അത് സാമാന്യം വലിയ ഒരു ശേഖരമായി. ഏഴാം ക്ലാസിലെ വാർഷികപ്പരീക്ഷ കഴിഞ്ഞതോടെ എന്റെ ശ്രദ്ധ വായനയിലേക്ക് തിരിഞ്ഞതു കാരണം സ്റ്റാമ്പ് ശേഖരണത്തിലുള്ള താൽപര്യം പെട്ടെന്നങ്ങ് കുറഞ്ഞു.

പൂക്കളെപ്പറ്റി പറഞ്ഞുപറഞ്ഞ് സ്റ്റാമ്പിലാണെത്തിയത്. നമ്മുടെ അനുഭവലോകത്തിൽ വസ്തുക്കൾ തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. അവിടെ ഏത് ഏതിനോട് ചേരും/ചേരില്ല എന്നൊന്നും ഉറപ്പിച്ചു പറയാനാവില്ല. ഇനി ഏതായാലും പൂക്കളെ വിട്ട് ചെടികളിലേക്ക് വരാം. കുട്ടിക്കാലത്ത് ഞാൻ പ്രത്യേകമായി ശ്രദ്ധിച്ചത് രണ്ട് ചെടികളെയാണ്. ഒന്ന് മൊട്ടാമ്പുളിയും മറ്റൊന്ന് ഇരപിടിയൻ ചെടിയും. ഒന്ന് സൗമ്യപ്രകൃതി. മറ്റേത് നേർ വിപരീത സ്വഭാവമുള്ളത്. മൊട്ടാമ്പുളി അക്കാലത്ത് ഒരപൂർവ സസ്യമായിരുന്നില്ല. പറമ്പുകളിലും കുറ്റിക്കാട്ടിലും പാറകൾക്കിടയിലെ നനവുള്ള ഇത്തിരി മണ്ണിലുമൊക്കെ അതിനെ കാണാമായിരുന്നു. പച്ചയായിരിക്കുമ്പോൾ മൊട്ടാമ്പുളി കയ്പും ചവർപ്പുമുള്ളതാണ്. പക്ഷേ, പഴുത്തു കഴിഞ്ഞാൽ ഇതിന് നേരിയ പുളിരസം കലർന്ന പ്രത്യേകമായ മധുരമാണ്. ആ രുചിയോട് ഇഷ്ടം തോന്നാത്തവരായി ആരുമുണ്ടാവില്ല. കുട്ടിക്കാലത്ത് ഒരുപാട് തിന്നിട്ടുള്ള ഇത്തിരിപ്പോന്ന ആ ഉരുണ്ട പഴം ബുദ്ധിയും ആരോഗ്യവും വർധിപ്പിക്കുന്നതാണെന്നും അതിന് ഔഷധഗുണങ്ങൾ പലതുണ്ടെന്നും വലിയ ഡിമാന്റുള്ള ഒന്നായി അത് മാറിയിരിക്കുന്നുവെന്നുമൊക്കെ ഈയിടെയാണ് അറിഞ്ഞത്. വിദേശമാർക്കറ്റിൽ ഒരു മൊട്ടാമ്പുളി (Golden Berry) ക്ക് പതിനേഴ് രൂപയാണത്രെ വില. എന്തായാലും, ഈ വിവരങ്ങളൊക്കെ അറിയുന്നതിന് എത്രയോ മുമ്പു തന്നെ മൊട്ടാമ്പുള്ളി എന്റെ പ്രിയപ്പെട്ട പഴമായിത്തീർന്നിരുന്നു. എന്റെ ഒരു കഥാപാത്രത്തിന്, "ജന്തുജനം' എന്ന നോവല്ലെയിലെ പ്രേമലോലയായ സുന്ദരിക്കുറുക്കത്തിക്ക് അതിന്റെ കാമുകനായ കുറുക്കൻ മൊട്ടാമ്പുളി എന്നാണ് പേരിട്ടിരിക്കുന്നത്.

ഇരപിടിയൻ ചെടിയെ എരിപുരത്തെ വീടിനു പിന്നിലുള്ള പാറപ്പുറത്ത ചെറിയ ചതുപ്പുകളിലൊന്നിലാണ് ഞാൻ ആദ്യമായി കണ്ടത്. കാഴ്ചയിൽ നന്നേ ചെറിയ മഞ്ഞുതുള്ളികൾ പോലുള്ള ഒരു ദ്രാവകം പറ്റിപ്പിടിച്ചതാണ് അതിന്റെ ഇലകൾ. ആ ഇലകൾക്ക് മറ്റ് ചെടികളുടെ ഇലകളുമായി യാതൊരു രൂപസാമ്യമവുമില്ല. വെയലിൽ ഇലകളിലെ ദ്രാവകത്തുള്ളികൾ വെട്ടിത്തിളങ്ങും. ആ തുള്ളികൾ കുടിക്കാനെത്തുന്ന ഉറുമ്പുകളും ചെറുജീവികളും പെട്ടതു തന്നെ. അവ തുള്ളികളിൽ പറ്റിപ്പിടിക്കും. ഇലകൾ പതുക്കെ ചുരുണ്ടു വന്ന് അവയെ അതിൽ നിന്ന് രക്ഷപ്പെടാനാവാത്തവിധം കുടുക്കിയിടുകയും ചെയ്യും. പിന്നെ ഒരു പ്രതീക്ഷയ്ക്കും വകയില്ല. അൽപനേരം കഴിഞ്ഞ് ഇരപിടിയന്റെ ഇലകൾ നിവർന്നു വരുമ്പോഴേക്കും നീര് വലിച്ചെടുത്തു കഴിഞ്ഞുള്ള ചണ്ടിയാണ് താഴെ വീഴുക. ഈ പ്രക്രിയ പൂർത്തിയാവുന്നതു വരെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഒരു പക്ഷേ, എന്റെ മനസ്സിൽ കുടികൊള്ളുന്ന ഒരു നുള്ള് ക്രൗര്യം തന്നെയാവാം എനിക്ക് അതിനുള്ള ത്രാണി തന്നിരിക്കുക. ഇരപിടിയൻ ചെടിയുടെ ഇംഗ്ലീഷ് പേര് Drosera എന്നാണ്. മസൃണവും മനോഹരവുമായ മറ്റൊരു പേരും അതിനുണ്ട്: Sun Dew. ആ പേരിന്റെ പരിഭാഷയായി "സൂര്യതുഷാരം' എന്ന് നമ്മുടെ നാട്ടിലെ പ്രകൃതി സ്നേഹികളും ഇപ്പോൾ അതിനെ വിളിച്ചു തുടങ്ങിയിട്ടുണ്ട്. പ്രകൃതിയിൽ പ്രവർത്തിക്കുന്ന നീതിബോധത്തിന്റെ സ്വഭാവം എന്താണെന്ന് അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല. ആർക്കും ഒരുപദ്രവവും ചെയ്യാത്ത മൊട്ടാമ്പുളിച്ചെടിക്കും ഇരപിടിയൻ ചെടിക്കും ഒരേ അവകാശം നൽകുന്ന വ്യവസ്ഥയാണ് പ്രകൃതിയുടേത്.

ഇനി കീഴാർനെല്ലി എന്ന ചെടിയെപ്പറ്റിക്കൂടി പറഞ്ഞാലേ എന്റെ ബാല്യകാല സസ്യപരിജ്ഞാനം പൂർണമാകൂ. മാത്രവുമല്ല ആ ചെടിയെ പരാമർശിക്കാതെ പോയാൽ അതൊരു വലിയ നന്ദികേടാവുകയും ചെയ്യും. വീട്ടുപറമ്പിൽ തന്നെ സുലഭമായിരുന്ന ചെടിയാണിത്. വണ്ണം തീരെ കുറഞ്ഞ തണ്ടും ശാഖകളും പച്ച നിറത്തിലുള്ള കുഞ്ഞിലകളുമായി നിൽക്കുന്ന ഈ ചെടിക്ക് അധികമൊന്നും ഉയരമുണ്ടാവാറില്ല. ഒന്നൊന്നര അടിയായിരിക്കും ശരാശരി ഉയരം. ഇതിന്റെ തീരെ
ചെറിയ ഉരുണ്ട കായ്കൾ ഇലത്തണ്ടിന്റെ അടിയിലാണ് ഉണ്ടാവുക. അതുകൊണ്ടാവാം ഇതിന് കീഴാർനെല്ലി എന്ന് പേര് വന്നിട്ടുണ്ടാവുക. പതിനാറ് പതിനേഴ് വയസ്സ് വരെ മിക്ക വർഷങ്ങളിലും ഏപ്രിൽ മെയ്മാസങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ച് വല്ലാതെ വിഷമിക്കാറുണ്ടായിരുന്നു ഞാൻ. അല്പവും രുചിയില്ലായ്ക, അമിതമായി ഉമിനീർ പൊടിയുകയും ഇടയ്ക്കിടെ ഓക്കാനം വരുന്നതുപോലെ തോന്നുകയും ചെയ്യുക, നേരിയ പനി, ഉന്മേഷമില്ലായ്ക, കടുത്ത ക്ഷീണം വിയർപ്പിലും മൂത്രത്തിലും മഞ്ഞനിറം ഇവയൊക്കെയാണ് ലക്ഷണങ്ങൾ. അക്കാലത്ത് മഞ്ഞപ്പിത്തത്തിന് ആരും ആശുപത്രിയെ സമീപിക്കാറുണ്ടായിരുന്നില്ല. അലോപ്പതിയിലും ഹോമിയോപ്പതിയിലുമൊന്നും മഞ്ഞപ്പിത്തത്തിന് മരുന്നില്ല എന്നായിരുന്നു ധാരണ. രോഗം കഠിനമായി ബാധിച്ചെങ്കിൽ ഒറ്റമൂലി ചികിത്സ നടത്തുന്ന വിദഗ്ധരെ സമീപിക്കണം. അല്ലെങ്കിൽ സ്വന്തമായിത്തന്നെ ചെയ്യാവുന്ന ഒരു ചികിത്സയുണ്ട്. കീഴാർനെല്ലി സമൂലം അരച്ച് തിളപ്പിച്ചാറ്റിയ പാലിൽ ചേർത്ത്
കഴിക്കുക. രണ്ടോ മൂന്നോ ദിവസം രണ്ടു നേരം വെച്ച് കഴിച്ചാൽ രോഗം മാറും. വറുത്തതും പൊരിച്ചതുമെല്ലാം ഉപേക്ഷിക്കണം. എണ്ണയിൽ ഉണ്ടാക്കിയ പലഹാരങ്ങളും ഒഴിവാക്കണം. ഈ പഥ്യം പാലിച്ചുകൊണ്ട് കീഴാർനെല്ലി പാലിലരച്ചത് എത്രയോ വട്ടം ഞാൻ കുടിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ മെലിഞ്ഞ പാവം ചെടിയെ കാണുമ്പോഴെല്ലാം ആപൽഘട്ടത്തിൽ അടുത്ത ബന്ധുവിനെക്കാണുമ്പോഴുണ്ടാവുന്ന ആഹ്ലാദവും മന:സമാധാനവുമാണ് എനിക്കുണ്ടാവുക.

തുവര മൂക്കാറായപ്പോൾ നൂറ് കണക്കിന് തത്തകൾ അത് കൊത്തിയെടുത്ത് കൊണ്ടുപോകാനായി പെട്ടെന്നൊരു ദിവസം എങ്ങുനിന്നെന്നില്ലാതെ പറന്നെത്തി. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു പക്ഷികളുടെ ആ വരവ്. പക്ഷേ, തത്തകളുടെ ഭംഗി നോക്കിയിരുന്നാൽ തുവര മുഴുവൻ പോകും

ഞാൻ ഹൈസ്‌കൂൾ ക്ലാസിലെത്തുന്നതിനു മുമ്പുള്ള കാലത്ത് ഞങ്ങളുടെ വീട്ടുപറമ്പിൽ ഒരു വർഷം നെല്ലും പിന്നൊരു വർഷം തുവരയും അടുത്ത വർഷം കപ്പയും കൃഷിചെയ്തിരുന്നു. മൂന്നിനും നല്ല വിളവുണ്ടായിരുന്നു. കരപ്പറമ്പിൽ ചെയ്യുന്ന നെൽകൃഷിക്ക് "പൂത്താട' എന്നാണ് പറഞ്ഞിരുന്നത്. പൂത്താടകൃഷിക്ക് ഉപയോഗിക്കുന്ന നെൽവിത്ത് ഒന്നുകിൽ "പറമ്പൻ കഴമ'യോ അല്ലെങ്കിൽ "ചോമനോ' ആയിരിക്കുമത്രെ. നെല്ല് വിളഞ്ഞ് കൊയ്യാറായപ്പോൾ ഒരു ദിവസം അതിരാവിലെ കുറെ കതിരുകൾ കൊയ്തെടുത്ത് തലയിൽ വെച്ച് ഇരുകൈകളും കൊണ്ട് പിടിച്ച് "നിറ,നിറ,പൊലി ,പൊലി' എന്ന് പാടിക്കൊണ്ട് വീട്ടിലേക്ക് വന്നതും ആ കതിരുകൾ മൂന്നും നാലും വീതം കുറുക്കൂട്ടിയിലയിൽ വെച്ച് നെല്ലിയിലയും കാഞ്ഞിരത്തിന്റെ ഇലയും ആലിലയും മറ്റും കൂടെ വെച്ച് പൊതിഞ്ഞുകെട്ടി മുൻവാതിലിന്റെ പടിയിലും ജനൽപ്പടികളിലും മച്ചിലും ചാണകം ചേർത്ത് ഒട്ടിച്ചുവെച്ചതും നല്ല ഒരോർമയാണ്. വരും വർഷങ്ങളിലും നല്ല വിളവും സമൃദ്ധിയും ഉണ്ടാകുന്നതിനുവേണ്ടിയുള്ള ചടങ്ങാണ് അത്. തുവരകൃഷിയുമായി ബന്ധപ്പെട്ട മറക്കാനാവാത്ത അനുഭവം, തുവര മൂക്കാറായപ്പോൾ നൂറ് കണക്കിന് തത്തകൾ അത് കൊത്തിയെടുത്ത് കൊണ്ടുപോകാനായി പെട്ടെന്നൊരു ദിവസം എങ്ങുനിന്നെന്നില്ലാതെ പറന്നെത്തിയതാണ്. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു പക്ഷികളുടെ ആ വരവ്. പക്ഷേ, തത്തകളുടെ ഭംഗി നോക്കിയിരുന്നാൽ തുവര മുഴുവൻ പോകും. കല്ലെറിഞ്ഞും ഒച്ചവെച്ചും അവയെ ഓടിച്ചേ പറ്റൂ. അതിനു വേണ്ടി എത്രനേരം ഓരോ തുവരച്ചെടിയുടെയും ചുവട്ടിൽ കല്ലും ടിന്നും വടിയുമൊക്കെയായി നിന്നിരുന്നു എന്ന് പറയാനാവില്ല.

കുട്ടിക്കാലത്ത് വെണ്ട, വഴുതിന, കയ്പ ഇവയൊക്കെ കൃഷി ചെയ്യുന്നതിൽ എനിക്ക് അപാരമായ താൽപര്യമുണ്ടായിരുന്നു. രാസവളങ്ങളൊന്നും ചേർക്കാതെ നമ്മൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന വെണ്ടയ്ക്കും കയ്പയ്ക്കും മറ്റും താരതമ്യം സാധ്യമല്ലാത്ത രുചിയാണ്. ഒരിക്കൽ അത് കഴിച്ചിവരുടെ നാവിൽ ജീവിതകാലം മുഴുവൻ അതിന്റെ ഓർമ നിലനിൽക്കും.

കൃഷി വളരെ ആനന്ദകരമായ ഒരു ജോലിയാണ്. എരിപുരത്തെ വീട്ടിൽ ഏറ്റവുമധികം സന്തോഷം നിലനിന്നിരുന്നത് അവിടെ നെല്ലും മറ്റും കൃഷി ചെയ്തിരുന്ന കാലത്താണ്. കൃഷി ആളുടെ മനസ്സിനെ പ്രത്യേകരീതിയിൽ സംസ്‌കരിച്ചെടുക്കുന്ന
ഒരു പ്രവൃത്തിയാണ്. മണ്ണിൽ നേരിട്ട് പണിയെടുക്കുമ്പോൾ, ഓരോ ചെടിയെയും വാത്സല്യത്തോടെ പരിചരിക്കുമ്പോൾ നമ്മുടെ മനസ്സ് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും അനുഭവിക്കും. ഏത് തൊഴിൽ ചെയ്യുന്ന ആളും എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും കൃഷിയിടത്തിൽ (സ്ഥലം എത്ര ചെറുതുമാകട്ടെ) ചെലവഴിക്കുന്ന ഒരു ശീലം വ്യാപകമാവുകയാണെങ്കിൽ അത് സാമൂഹ്യജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റം അത്ഭുതകരമായിരിക്കും.

പതിനഞ്ച്

എന്റെ രാഷ്ട്രീയബാല്യം

ർമകൾക്ക് കാലക്രമം പാലിക്കുന്ന ശീലമല്ല. അവ ഇച്ഛാനുസരണം കടന്നു വരുന്നു. അവയ്ക്ക് മതിവരും വരെ ഒരു മനസ്സിൽ മേഞ്ഞുനടക്കുന്നു. ചിലപ്പോൾ കലികൊണ്ട് സർവവും കുത്തിമറിക്കുന്നു. എപ്പോഴോ എങ്ങോട്ടോ മടങ്ങിപ്പോവുന്നു. 1967 അവസാനത്തിലോ 68 ആരംഭത്തിലോ എരിപുരത്ത് ഒരു കെട്ടിടത്തിന്റെ മച്ചിൻപുറത്ത് ഒരു രാഷ്ട്രീയ യോഗം നടന്നു. രഹസ്യയോഗം എന്നു പറയാനാവില്ല. എങ്കിലും അതിന്റെ മട്ടും മാതിരിയും ഒരു രഹസ്യയോഗത്തിന്റെതു
തന്നെയായിരുന്നു. ഞങ്ങൾ മാടായി ഹൈസ്‌കൂളിലെ ഒമ്പത് പത്ത് ക്ലാസുകളിലെ ചില വിദ്യാർത്ഥികളും എരിപുരം, അടുത്തില, നെരുവമ്പ്രം തുടങ്ങിയ പ്രദേശങ്ങളിലെ ചില യുവാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. എനിക്ക് കണ്ടു പരിചയമുള്ള രണ്ട് ചെറുപ്പക്കാരായിരുന്നു ആ യോഗത്തിന്റെ സംഘാടകർ. അവരിലൊരാൾ ചുവന്ന നിറമുള്ള, അധികം വലിപ്പമില്ലാത്ത ഒരു പുസ്തകം ഉയർത്തിക്കാട്ടി ചെയർമാൻ മാവോവിന്റെ വിപ്ലവപാതയെക്കുറിച്ച് ചിലതൊക്കെ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സമീപഭാവിയിൽ സംഭവിക്കാൻ പോവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിസ്തരിച്ചു. എല്ലാം കേട്ടിരുന്നു എന്നതല്ലാതെ ഒട്ടുമുക്കാലും കാര്യങ്ങൾ എനിക്ക് പിടികിട്ടിയതേയില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അടുത്തിലയിൽ വെച്ച് മറ്റൊരു യോഗം നടന്നു. അന്ന് പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന രാമപുരത്തെ കെ.രാഘവനായിരുന്നു അതിൽ പങ്കെടുത്തവരിൽ മാർക്സിയൻ ദർശനത്തോട് ആഴമേറിയ താൽപര്യമുണ്ടായിരുന്ന ഒരേയൊരാൾ (രാഘവൻ പിന്നീട് കോട്ടയ്ക്കലിൽനിന്ന് ആയുർവേദത്തിൽ ബിരുദമെടുത്ത് ഡോക്ടറായി പ്രാക്ടിസ് ചെയ്തു. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് എം.വി.രാഘവൻ സി.എം.പി ഉണ്ടാക്കിയപ്പോൾ അതിൽ ചേർന്നു. ഭാര്യയുടെ അകാലവിയോഗം രാഘവനെ മാനസികമായി തളർത്തി. വളരെ വൈകാതെ അദ്ദേഹവും അകാലത്തിൽ അന്തരിച്ചു). അടുത്തിലയിൽ ഒരു പുതിയ യുവജനസംഘടനയുടെ യൂനിറ്റ് ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് രാഘവൻ സംസാരിച്ചത്. യോഗത്തിലുണ്ടായിരുന്ന ചിലർ അതിനെ ശക്തമായി എതിർത്തു. രാഘവൻ തന്റെ വാദങ്ങളിൽ ഉറച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല.

നക്സൽബാരി സംഭവം, തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണശ്രമം, വർഗീസ്, അജിത, ഫിലിപ് എം.പ്രസാദ്, കുറിച്യൻ കുഞ്ഞിരാമൻ, കിസാൻ തൊമ്മൻ, തേറ്റമല കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പുൽപ്പള്ളി പോലീസ് സ്റ്റേഷനാക്രമണം ഇവയുടെയൊക്കെ വാർത്തകൾ എന്റെ തലമുറയിലെ അനേകായിരം പേരോടൊപ്പം വല്ലാത്ത ഉദ്വേഗത്തോടും ആവേശത്തോടും കൂടിയാണ് ഞാനും കേട്ടത്

ആ വീറുറ്റ ചെറുപ്പക്കാരൻ ഒരു വശത്തും മറ്റുള്ളവർ എതിർവശത്തുമായി നിന്ന് കുറേ നേരം തർക്കിച്ച ശേഷം ഒരു തീരുമാനവും കൈക്കൊള്ളാതെ യോഗം പിരിഞ്ഞു. ഇത്തവണയും എനിക്ക് സംഗതിയൊന്നും പിടി കിട്ടിയില്ല.
മാർക്സിസ്റ്റ് പാർട്ടിയുടെ യുവജനസംഘടനയായിരുന്ന കെ.എസ്.വൈ.എഫ് (കേരളാ സ്റ്റേറ്റ് യൂത്ത് ഫെഡറേഷൻ)ൽ അങ്ങിങ്ങായി ഉണ്ടായ ചെറിയ പൊട്ടിത്തെറികളുടെ അനുരണനങ്ങളാണ് എരിപുരത്തും അടുത്തിലയും ഉണ്ടായത്. 1967 മാർച്ച് 3ന് നക്സൽബാരിയിലെ ഒരു സംഘം കർഷകർ കൃഷിഭൂമി പിടിച്ചടക്കി കൊയ്ത്തു നടത്തുകയും അതേ തുടർന്ന് പ്രദേശത്തെ കർഷകരിൽ പൊതുവേ ആത്മവിശ്വാസം വർധിക്കുകയും അവർ ഭൂമികയ്യേറ്റം തുടരുകയും ചെയ്തു.1967 ജൂലൈയിൽത്തന്നെ നക്സൽബാരി കർഷകസമരം അടിച്ചമർത്താൻ ഗവണ്മെന്റിന് സാധിച്ചു.സമരത്തിന് നേതൃത്വം നൽകിയവരെയെല്ലാം മാർക്സിസ്റ്റ് പാർട്ടി പുറത്താക്കുകയും ചെയ്തു. നക്സൽബാരിയിലെ കർഷകരുടെ സായുധസമരത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അനുകൂലിച്ച സാഹചര്യത്തിലാണ് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയോട് കൂറ് പുലർത്തിയിരുന്ന യുവാക്കളിൽ കുറച്ചു പേർ മാവോവിനെ വാഴ്ത്താനും അദ്ദേഹം നയിച്ച "ലോംഗ് മാർച്ചി'നെപ്പറ്റി വാചാലരാവാനുമൊക്കെ തുടങ്ങിയത്. "ചെയർമാൻ മാവോ നമ്മുടെ ചെയർമാൻ' എന്ന മുദ്രാവാക്യം പോലും ചില വിദ്യാർത്ഥിയുവജനപ്രകടനങ്ങളിൽ അക്കാലത്ത് മുഴങ്ങിക്കേട്ടിരുന്നു.

ഇതെല്ലാം കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്. നക്സൽബാരി സംഭവം, 1968 നവംബർ 22 ന് നടന്ന തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണശ്രമം, രണ്ട് ദിവസം കഴിഞ്ഞ് വർഗീസ്, അജിത, ഫിലിപ് എം.പ്രസാദ്, കുറിച്യൻ കുഞ്ഞിരാമൻ, കിസാൻ തൊമ്മൻ, തേറ്റമല കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പുൽപ്പള്ളി പോലീസ് സ്റ്റേഷനാക്രമണം ഇവയുടെയൊക്കെ വാർത്തകൾ എന്റെ തലമുറയിലെ അനേകായിരം പേരോടൊപ്പം വല്ലാത്ത ഉദ്വേഗത്തോടും ആവേശത്തോടും കൂടിയാണ് ഞാനും കേട്ടത്. പക്ഷേ, ഒരു രാഷ്ട്രീയപ്രവർത്തകനാവുന്ന കാര്യം ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. ഒരു വിപ്ലവകാരിയാവാൻ മാത്രമുള്ള ധൈര്യവും സ്ഥൈര്യവും ഉള്ളതായി ഒരിക്കലും ഞാൻ തെറ്റിദ്ധരിച്ചിട്ടുമില്ല. അതേ സമയം ഇടതുപക്ഷവുമായുള്ള ആത്മബന്ധത്തിന് ഹൈസ്‌കൂൾ ക്ലാസ് കഴിയുമ്പോഴേക്കും തന്നെ എന്നിൽ നല്ല വേരോട്ടം കിട്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനോ പാർട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ കയറിച്ചെല്ലുന്നതിനോ ഒന്നും ആ പ്രായത്തിൽ പോലും എനിക്ക് ഒരു സങ്കോചവും തോന്നിയില്ല. ഇന്നല്ലെങ്കിൽ നാളെ കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് അധികാരത്തിൽ വരും അതോടെ പട്ടിണിയും ദാരിദ്ര്യവുമെല്ലാം എന്നെന്നേക്കുമായി ഇല്ലാതാകും എന്നൊക്കെ വളരെ കാൽപനികമായി ഞാൻ സങ്കൽപിച്ചിരുന്നു.

ഞാൻ വായിച്ച പുസ്തകങ്ങളിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ എന്ന് പറയാവുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാക്സിം ഗോർക്കിയുടെ അമ്മ, തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയ സാഹിത്യകൃതികൾ സൃഷ്ടിച്ച വിപ്ലവാഭിമുഖ്യവും പാവങ്ങളിൽ നിന്നു കൈവന്ന വിശാലമായ മാനവികതാബോധവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ

അത്തരമൊരു ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി എനിക്ക് ചെയ്യാനാവുന്ന കാര്യം എന്റെ തലമുറയിൽ എനിക്ക് ബന്ധപ്പെടാൻ സാധിക്കുന്നവരെയെല്ലാം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകമാവുന്ന കാലാസാഹിത്യപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടലാണ് എന്ന ധാരണയും എങ്ങനെയോ എനിക്കുണ്ടായിക്കഴിഞ്ഞിരുന്നു. ആ പ്രായത്തിലുള്ള മറ്റ് കുട്ടികളിൽ ബഹുഭൂരിപക്ഷം പേർക്കും അവകാശപ്പെടാനാവാത്ത ഒരു സംഗതി എനിക്കുണ്ടായിരുന്നു: സാമാന്യം വിപുലമായ വായനാനുഭവം. ഞാൻ വായിച്ച പുസ്തകങ്ങളിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ എന്ന് പറയാവുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാക്സിം ഗോർക്കിയുടെ അമ്മ, തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയ സാഹിത്യകൃതികൾ സൃഷ്ടിച്ച വിപ്ലവാഭിമുഖ്യവും പാവങ്ങളിൽ നിന്നു കൈവന്ന വിശാലമായ മാനവികതാബോധവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അവ പക്ഷേ വളരെ ബലമുള്ളതായിരുന്നു. അല്ലെങ്കിൽ, അങ്ങനെയാണെന്നു ഞാൻ കരുതി. അവയുടെ ആവിഷ്‌കാരത്തിന് ഞാൻ കണ്ടെത്തിയ വഴി സാഹസികമൊന്നുമായിരുന്നില്ല.1967-68 കാലത്ത് കേരളത്തിലെ വിപ്ലവകാരികളായ യുവജനങ്ങൾ നടത്തിയ പ്രവർത്തനങ്ങളുമായി അതിന് വിദൂരമായ സാദൃശ്യം പോലും അവകാശപ്പെടാനാവില്ല. എന്റെ രാഷ്ട്രീയവ്യക്തിത്വം രൂപപ്പെട്ടു വന്ന കാലത്ത് എന്റെ അറിവിന്റെയും വൈകാരികലോകത്തിന്റെയും ഭാഗമായിത്തീർന്ന ചില പ്രധാനകാര്യങ്ങൾ എന്ന നിലയക്ക് മാത്രമാണ് അവയെപ്പറ്റി ഞാൻ സൂചിപ്പിച്ചത്.

1968 ൽ ദേശാഭിമാനി പത്രം വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ അതിന്റെ "ബാലരംഗ'ത്തിലെ പതിവു എഴുത്തുകാരിൽ ഒരാളായിരുന്നു ഞാൻ. "എൻ.പി.എരിപുരം' എന്ന പേരിലാണ് അന്ന് ഞാൻ എഴുതിയിരുന്നത്. ബാലരംഗം എങ്ങനെയെന്നറിയില്ല "ദേശാഭിമാനി ബാലസംഘം' എന്ന ഒരു സംഘടനയുടെ രൂപീകരണത്തെക്കുറിച്ച് ചിന്തിക്കാൻ ഞങ്ങളിൽ ചിലരെ പ്രേരിപ്പിച്ചു. അഴീക്കോട്ടെ ചെറിയത്ത് ചന്ദ്രൻ എന്ന സുഹൃത്തുമായി ഈ കാര്യത്തെ കുറിച്ച് കത്തുകൾ വഴി ഞാൻ തുടരെത്തുടരെ ആശയവിനിമയം നടത്തി.

ഒടുവിൽ, അക്കാലത്ത് കണ്ണൂരിലെ സ്വദേശി ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന മാർക്സിസ്റ്റ് പാർട്ടി ജില്ലാക്കമ്മിറ്റി ഓഫീസിൽ ബാലസംഘത്തിന്റെ ഒരു രൂപീകരണയോഗം ചേരാൻ ഞങ്ങൾ തീരുമാനിച്ചു. പാർട്ടി നേതൃത്തിലുള്ള ആരും
യോഗനടപടികൾ നിയന്ത്രിക്കാനോ എന്തെങ്കിലും നിർദ്ദേശം തരാനോ ശ്രമിച്ചിരുന്നില്ല. അങ്ങനെ മുതിർന്ന ആരുടെയും ഇടപെടലില്ലാതെ വളരെ സ്വതന്ത്രമായി യോഗം നടന്നു. ആകെക്കൂടി പത്തോളം പേർ മാത്രമേ ആ യോഗത്തിൽ പങ്കെടുത്തിരുന്നിരിക്കാൻ ഇടയുള്ളൂ. അതിൽ വെച്ച് ചെറിയത്ത് ചന്ദ്രൻ സെക്രട്ടറിയും ഞാൻ പ്രസിഡന്റുമായി ദേശാഭിമാനി ബാലസംഘത്തിന്റെ ആദ്യത്തെ ജില്ലാക്കമ്മറ്റി ഞങ്ങൾ രൂപീകരിച്ചു.അന്ന് ബാലസംഘത്തിന് അഴീക്കോട് മാത്രമാണ് യൂണിറ്റുണ്ടായിരുന്നത്. പിന്നീട് കണ്ണൂർ ജില്ലയുടെ പല ഭാഗത്തേക്കും ഞങ്ങൾ പ്രവർത്തനം വ്യാപിപ്പിച്ചു. അതിനു വേണ്ടി ചുഴലി, തളിപ്പറമ്പ്, പൊടിക്കുണ്ട് തുടങ്ങി പലേടത്തും ഞാൻ പോയിരുന്നു.1969 ആകുമ്പോഴേക്കും അങ്ങിങ്ങായി ഏതാനും യൂണിറ്റുകൾ കൂടി ഉണ്ടായി.

ബാലസംഘത്തിന്റെ പ്രവർത്തനങ്ങൾക്കു മേൽ മാർക്സിസ്റ്റ് പാർട്ടിയുടെ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത് എന്നൊന്നും ആരും ഞങ്ങളോട് പറഞ്ഞില്ല. ഞങ്ങൾ കൂടിയിരുന്ന് ചില കാര്യങ്ങൾ തീരുമാനിക്കും. അത് നടപ്പിലാക്കുകയും ചെയ്യും

കണ്ടങ്കാളി, മുക്കുന്ന് എന്നിവിടങ്ങളിൽ യൂണിറ്റുണ്ടാക്കിയത് ബാലസംഘം വൈസ് പ്രസിഡന്റായിരുന്ന സി. ഉണ്ണികൃഷ്ണനാണ്. ആലക്കോട് ഞാൻ ആദ്യമായി പോയത് ജയപുരം രാജു എന്ന സുഹൃത്ത് അവിടെ ബാലസംഘത്തിന്റെ ഒരു യൂനിറ്റുണ്ടാക്കണം എന്ന് ആവർത്തിച്ചു പറഞ്ഞിട്ടാണ്. അഞ്ചെട്ട് കുട്ടികളും കൗമാരപ്രായക്കാരായ മൂന്നുനാലു പേരും പങ്കെടുത്ത യോഗത്തിൽ വെച്ച് അവിടെയും യൂണിറ്റുണ്ടാക്കി. ബാലസംഘത്തിന്റെ പ്രവർത്തനങ്ങൾക്കു മേൽ മാർക്സിസ്റ്റ് പാർട്ടിയുടെ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത് എന്നൊന്നും ആരും ഞങ്ങളോട് പറഞ്ഞില്ല. ഞങ്ങൾ കൂടിയിരുന്ന് ചില കാര്യങ്ങൾ തീരുമാനിക്കും. അത് നടപ്പിലാക്കുകയും ചെയ്യും. അതിനപ്പുറം ഒന്നുമില്ല. മിക്കവാറും സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പാഠപുസ്തകങ്ങളിലെ കവിതകളുടെ ആലാപനം, ചെറിയ കുട്ടികളുടെ വകയായുള്ള കഥ പറച്ചിൽ ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞങ്ങൾ പ്രധാനമായും ചെയ്തിരുന്നത്. രാഷ്ട്രീയ കാര്യങ്ങളുടെ വിശദീകരണം, സ്റ്റഡി ക്ലാസ് തുടങ്ങിയ സംഗതികളൊന്നും സംഘടിപ്പിച്ചിരുന്നില്ല. ഈ ലാളിത്യവും സ്വാതന്ത്ര്യവും ജൈവസ്വഭാവവും കാരണം ബാലസംഘത്തോട് അതിലെ അംഗങ്ങളായിരുന്നവർക്കെല്ലാം വൈകാരികമായ അടുപ്പം വലിയ തോതിൽത്തന്നെ ഉണ്ടായിരുന്നു.

യുണിറ്റുകളുടെയും മെമ്പർമാരുടെയും എണ്ണം വർധിച്ചു വന്നപ്പോൾ 1969 ഓണക്കാലത്ത് എരിപുരത്തുവെച്ച് മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു സമ്മേളനവും പ്രകടനവും നടത്താൻ ഞങ്ങൾ തീരുമാനിച്ചു. വാരാന്തപ്പതിപ്പിൽ ബാലരംഗം കൈകാര്യം ചെയ്തിരുന്ന "ഉണ്ണിയേട്ടന്' ഇക്കാര്യം അറിയിച്ചുകൊണ്ട് ഞാൻ എഴുതി. അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. പിന്നെ മറ്റൊന്നും ആലോചിക്കാതെ ഉണ്ണിയേട്ടൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് നോട്ടീസടിക്കുകയും അത് ദേശാഭിമാനിയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സമ്മേളന ദിവസം രാവിലെ എം.എൻ.കുറുപ്പ് (ഉണ്ണിയേട്ടൻ അല്ലെങ്കിൽ ഉണ്ണിയേട്ടന്റെ പകരക്കാരൻ) മാടായി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വിശ്രമമുറിയിലെത്തുകയും എന്നെ അങ്ങോട്ടേക്ക് ആളയച്ച് വിളിപ്പിക്കുകയും ചെയതു. ഞാൻ ചെന്നപ്പോൾ കുറുപ്പ് അൽപം ക്ഷോഭിച്ചും എന്നാൽ എനിക്ക് വലിയ വിഷമമുണ്ടാക്കാത്ത തരത്തിലും പറഞ്ഞു: "ഇതൊന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ട കാര്യമല്ല. പാർട്ടിയോടാലോചിക്കണം. ഞാൻ പിന്നെ നിങ്ങൾ കുറച്ചുപേർ സ്വയം ഉത്സാഹിച്ച് ഇ ത്രയുമൊക്കെ ചെയ്തല്ലോ. ഇനി അതിനൊരു മുടക്കം വരരുതല്ലോ എന്നുവെച്ച് വന്നതാണ്. മേലിൽ പരിപാടി നടത്തുമ്പോൾ എല്ലാവരോടും ആലോചിച്ചേ ചെയ്യാവൂ.' ഇങ്ങനെ പറഞ്ഞെങ്കിലും എം.എൻ.കുറുപ്പ് പരിപാടിയിൽ ഉടനീളം സജീവമായി പങ്കെടുത്തു. എരിപുരത്തു നിന്ന് പഴയങ്ങാടി റെയിൽവെസ്റ്റേഷൻ വരെയുള്ള പ്രകടനത്തെ അദ്ദേഹം മുൻനിരയിൽ നിന്ന് നയിക്കുകയും ചെയ്തു.

അതിനു മുമ്പേ തന്നെ കേരളം കേട്ടതും പിൽക്കാലത്ത് ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രകടനങ്ങളിൽ പതിവായി മുഴങ്ങിക്കേട്ടതുമായ ചില മുദ്രാവാക്യങ്ങൾ പത്തിരുന്നൂറോളം കുട്ടികൾ ആവേശപൂർവം വിളിച്ചാണ് പഴയങ്ങാടിയിലേക്കും
തിരിച്ചും നടന്നത്. "ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട ഞങ്ങൾക്ക് മനുഷ്യരെല്ലാമൊന്നാകും വ്യവസ്ഥ വേണം ഞങ്ങൾക്ക്' എന്നും"ഞങ്ങളിലില്ലാ ഹൈന്ദവരക്തം ഞങ്ങളിലില്ലാ ഇസ്ലാം രക്തം ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം ഞങ്ങളിലുള്ളത് മാനവരക്തം'
എന്നും ഒക്കെയുള്ള മുദ്രാവാക്യങ്ങൾ അമ്പതിലേറെ കൊല്ലം മുമ്പ്‌ പൊതുജനത്തിൽ ഗണ്യമായൊരു വിഭാഗത്തിന് ഉണ്ടാക്കിയിരിക്കാവുന്ന ഞെട്ടൽ ഊഹിക്കാവുന്നതേയുള്ളൂ. എരിപുരം സമ്മേളനത്തിൽ വെച്ച് ബാലസംഘത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഞാൻ പ്രസിഡന്റ്, കെ.ശശിധരൻ സെക്രട്ടറി. ഈ കമ്മിറ്റിയുടെ പ്രവർത്തനം വളരെ ഊർജസ്വലമായിരുന്നു. ഏതാനും മാസങ്ങൾ കൊണ്ടു തന്നെ സംഘടനയ്ക്ക് ജില്ലയുടെ പല ഭാഗത്തുമായി ഒരുപാട് മെമ്പർമാരുണ്ടായി. ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ തലമുതിർന്ന നാലഞ്ച് നേതാക്കളിലൊരാളായ എം.വി.ഗോവിന്ദൻ മാസ്റ്റർ അന്ന് ബാലസംഘത്തിന്റെ തളിപ്പറമ്പ് ഭാഗത്തെ സജീവപ്രവർത്തകനും മുഖ്യസംഘാടകനുമായിരുന്നു. അദ്ദേഹം ടീച്ചേഴ്സ് ട്രെയിനിംഗിന് പോകുമ്പോൾ ബാലസംഘം ജില്ലാകമ്മിറ്റി മാർക്സിസ്റ്റ് പാർട്ടിയുടെ തളിപ്പറമ്പിലെ ഓഫീസിൽ വെച്ച് സ്നേഹനിർഭരമായ ഒരു യാത്രയയപ്പ് നൽകുകയുണ്ടായി.

ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ബാലരംഗത്തിൽ നിന്ന് എം.എൻ.കുറുപ്പ് ഇതിനകംഎനിക്ക് മുതിർന്നവരുടെ പേജുകളിലേക്ക് സ്ഥാനക്കയറ്റം തന്നിരുന്നു. അക്കാലത്ത് എന്നോടൊപ്പം ദേശാഭിമാനി വാരികയിൽ ഇടക്കിടെ എഴുതിക്കൊണ്ടിരുന്ന രണ്ടുപേർ സി.വി.ബാലകൃഷ്ണനും പി.വി.കെ പനയാലുമാണ്

1971 ഒക്ടോബർ 10 ന് ഞായറാഴ്ച ബാലസംഘത്തിന്റെ ആദ്യത്തെ മലബാർ മേഖലാ സമ്മേളനം വളരെ വിജയകരമായ രീതിയിൽ കണ്ണൂർ നഗരത്തിൽ വെച്ചു നടത്താൻ ഞങ്ങൾക്ക് സാധിച്ചു.കണ്ണൂർ, കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് മേഖലാസമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.അന്ന് കാസർഗോഡ്,വയനാട് ജില്ലകൾ നിലവിൽ വന്നിരുന്നില്ല. ആകെ എത്ര പേർ പങ്കെടുത്തു എന്ന് പറയാനാവില്ല. പ്രതിനിധികളെക്കൊണ്ട് അന്നത്തെ കണ്ണൂർ ടൗൺഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു എന്ന് വ്യക്തമായി ഓർമിക്കുന്നു. ഞാൻ, വി.കെ.സുരേഷ്ബാബാബു, കെ.വി.ആർ. കൃഷ്ണ, പി.ഡി.പങ്കജം എന്നീ നാലുപേരടങ്ങിയ പ്രിസിഡീയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. സഖാവ് പാട്യം ഗോപാലൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആവേശപൂർവം ചർച്ചയിൽ പങ്കെടുത്തു. കരിവെള്ളൂർ മുരളിയും പ്രഭാകരൻ പഴശ്ശിയും അക്കൂട്ടത്തിലുണ്ടായിരുന്നു. മുരളി എരിപുരം സമ്മേളനത്തിലും പങ്കെടുത്തിരുന്നു എന്നാണോർമ. ഓരോ സ്ഥലത്തുനിന്നുമുള്ള പ്രതിനിധികളുടെ പേരുകൾ അവരുടെ സ്ഥലപ്പേരോടൊപ്പമാണ് പ്രസിഡിയത്തിനു മുന്നിലെത്തിയത്.

പഴശ്ശിയിൽ നിന്നു വന്ന പ്രഭാകരനെ ആ ലിസ്റ്റ് നോക്കി ഞാൻ പ്രഭാകരൻ പഴശ്ശി എന്നു വിളിച്ചു. അങ്ങനെ പ്രഭാകരൻ പഴശ്ശി എന്ന എഴുത്തുകാരൻ ഉണ്ടായി. പിന്നീട് പ്രഭാകരൻ ഒന്നിലധികം തവണ എന്നോട് പറഞ്ഞിട്ടുണ്ട്: 'നിങ്ങളാണ് എന്നെ പ്രഭാകരൻ പഴശ്ശിയാക്കിയത്.അന്ന് സ്റ്റേജിൽ നിന്ന് നിങ്ങൾ എന്റെ പേര് വിളിച്ചപ്പോൾ തീരുമാനിച്ചതാണ്. ശരി, ഇനി ഇതു തന്നെ എന്റെ പേര്.' പ്രതിനിധി സമ്മേളനം കഴിഞ്ഞ് വൈകുന്നേരം ബാലസംഘത്തിന്റെ ആയിരക്കണക്കിന്
പ്രവർത്തകർ പങ്കെടുത്ത പ്രകടനവും സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനവും നടന്നു. കെ.വി.ആർ.കൃഷ്ണ പ്രസിഡന്റും കസ്തൂരി ചന്ദ്രൻ സെക്രട്ടറിയുമായുള്ള പുതിയ കമ്മറ്റി നിലവിൽ വന്നത് ഈ സമ്മേളനത്തോെടയാണ്.

ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ബാലരംഗത്തിൽ നിന്ന് എം.എൻ.കുറുപ്പ് ഇതിനകംഎനിക്ക് മുതിർന്നവരുടെ പേജുകളിലേക്ക് സ്ഥാനക്കയറ്റം തന്നിരുന്നു. അക്കാലത്ത് എന്നോടൊപ്പം ദേശാഭിമാനി വാരികയിൽ ഇടക്കിടെ എഴുതിക്കൊണ്ടിരുന്ന രണ്ടുപേർ സി.വി.ബാലകൃഷ്ണനും പി.വി.കെ പനയാലുമാണ്. എന്റെ എഴുത്ത് എണ്ണത്തിൽ നന്നേ കുറഞ്ഞപ്പോഴും ബാലകൃഷ്ണനും പനയാലും സജീവമായി തുടർന്നു.

വാരിക പൊതുവെ അറിയപ്പെട്ടു തുടങ്ങിയപ്പോൾ (അതിന് അധികം കാലതാമസമുണ്ടായില്ല) എം.എൻ.കുറുപ്പിന്റെ നേതൃത്വത്തിൽ ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തനമാരംഭിച്ചു. ആധുനികത കത്തിനിന്ന കാലമായിരുന്നു
അത്. സാഹിത്യദർശനപരമായ പല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് എന്ന് ഇന്ന് നിരീക്ഷിക്കാനാവുമെങ്കിലും 1969 - 71 കാലത്ത് സ്റ്റഡിസർക്കിൾ നടത്തിയ ആശയസമരം ഗംഭീരമായിരുന്നു എന്നു തന്നെയാണ് ഞാൻ കരുതുന്നത്. പല വിദേശരാജ്യങ്ങളിലും മാർക്സിയൻ സാഹിത്യദർശനത്തിന് ഉണ്ടായിക്കഴിഞ്ഞതും അപ്പോൾ ഉണ്ടായിക്കൊണ്ടിരുന്നതുമായ മുന്നേറ്റങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവിന്റെ പിൻബലം കൂടി ഉണ്ടായിരുന്നെങ്കിൽ അന്നത്തെ സമരം പതിന്മടങ്ങ് ഫലപ്രദമാവുമായിരുന്നു എന്നത് ശരിയാണ്. അത് സംഭവിക്കാതെ പോയത് സൈദ്ധാന്തികതലത്തിൽ കാര്യമായ പുനരാലോചനകൾക്കും കാലം ആവശ്യപ്പെടുന്ന നവീകരണങ്ങൾക്കും തയ്യാറാവാതിരുന്നതുകൊണ്ടാണ്. "അടിത്തറ- മേൽപ്പുര' സിദ്ധാന്തത്തിനപ്പുറം പോവാതെയും കാൽപനികതയ്ക്ക് മേൽക്കൈ കിട്ടുന്ന റിയലിസത്തിൽ ഊന്നിക്കൊണ്ടുമാണ് അക്കാലത്തെ ഇടതുപക്ഷ നിരൂപകർ സംസാരിച്ചത്.

ഞാൻ കാക്കനാടന്റെ വസൂരി എന്ന നോവലിനെയും ചില കഥകളെയും രൂക്ഷമായി വിമർശിച്ചു സംസാരിച്ച ശേഷം വരാന്തയിലേക്കിറങ്ങിയപ്പോൾ പുരോഗമനവാദി എന്നതിനപ്പുറം ഇടതുപക്ഷ തീവ്രവാദത്തെ അനുകൂലിക്കുന്ന ആൾ തന്നെയായ ഒരധ്യാപകൻ ഓടി വന്ന് എന്നോട് ചോദിച്ചു: "നിങ്ങൾ എങ്ങനെയാണിതൊക്കെ പറയാൻ ധൈര്യപ്പെട്ടത്?

1936 ൽ പുരോഗമനസാഹിത്യപ്രസ്ഥാനം രൂപംകൊള്ളുന്ന കാലത്ത് അതിന് വെളിച്ചം നൽകിയ ആശയങ്ങൾ മൂന്നരപ്പതിറ്റാണ്ടിനു ശേഷവും പഴയതുപോലെത്തന്നെ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുമെന്ന ധാരണയിലായിരുന്നു അവർ. സാഹിത്യദർശനത്തിന്റെ കാര്യത്തിൽ കടുത്ത അവ്യക്തതകളും അലംഭാവം തന്നെയും അവരിൽ പലരെയും
ബാധിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ എന്തെഴുതിയാലും പറഞ്ഞാലും അതിനെതിരെ ശബ്ദിക്കുന്നത് മര്യാദയല്ല എന്നു കരുതുന്ന ചിലർ പുരോഗമന സാഹിത്യത്തിന്റെ പക്ഷത്തുനിൽക്കുന്നവരായി ഭാവിക്കുന്നവർക്കിടയിൽത്തന്നെ ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രശ്നം. ചെറുകുന്നിനടുത്ത കൊവ്വപ്പുറം എന്ന സ്ഥലത്ത് റോഡരികിലുള്ള ഒരു സ്‌കൂളിന്റെ ഹാളിൽ സ്റ്റഡിസർക്കിൾ 1969-ൽ നടത്തിയ ഒരു ഒരുചർച്ചാസമ്മേളനത്തിൽ ഞാൻ കാക്കനാടന്റെ വസൂരി എന്ന നോവലിനെയും ചില കഥകളെയും രൂക്ഷമായി വിമർശിച്ചു സംസാരിച്ച ശേഷം വരാന്തയിലേക്കിറങ്ങിയപ്പോൾ പുരോഗമനവാദി എന്നതിനപ്പുറം ഇടതുപക്ഷ തീവ്രവാദത്തെ അനുകൂലിക്കുന്ന ആൾ തന്നെയായ ഒരധ്യാപകൻ ഓടി വന്ന് എന്നോട് ചോദിച്ചു: "നിങ്ങൾ എങ്ങനെയാണിതൊക്കെ പറയാൻ ധൈര്യപ്പെട്ടത്? എഴുതിത്തുടങ്ങുന്ന ഒരാൾ മാത്രമാണ് നിങ്ങൾ. കാക്കനാടനാകട്ടെ ആധുനികസാഹിത്യകാരന്മാരിൽ പ്രമുഖനെന്ന നിലയ്ക്ക് എല്ലാവരും അംഗീകരിച്ചിട്ടുള്ള ഒരാളും.വിമർശിക്കുമ്പോൾ ആളെ
നോക്കണ്ടേ.' ഈ മനോഭാവം കൈവിടാൻ തയ്യാറില്ലാത്തവർ എത്ര വലിയ വിപ്ലവകാരികളായി ഭാവിച്ചാലും അവർ സാഹിത്യത്തിലെ പുരോഗമനത്തെപ്പറ്റി പറയുന്നതിന് എന്ത് ആധികാരികതയാണ് കൽപിക്കാനാവുക.

ദേശാഭിമാനി വാരികയുടെ ആദ്യഘട്ടത്തിൽ അതിന്റെ രൂപഭാവങ്ങൾ നിശ്ചയിച്ചത് പ്രധാനമായും എം.എൻ.കുറുപ്പ് തന്നെ. പിന്നീട് സിദ്ധാർത്ഥൻ പരുത്തിക്കാട് വന്നു. സിദ്ധാർത്ഥനും ചിത്രകാരനായ ചന്ദ്രശേഖരനും ചേർന്ന് വാരികയ്ക്ക് വരുത്തിത്തീർത്ത മാറ്റങ്ങൾ തീർച്ചയായും വളരെ ശ്രദ്ധേയമായിരുന്നു. പക്ഷേ, ആധുനികതയ്ക്കെതിരായ ആശയസമരം ദുർബലമായിത്തന്നെ തുടർന്നു. സ്റ്റഡിസർക്കിൾ പുരോഗമന കലാസാഹിത്യസംഘമായിത്തീർന്നതിനു ശേഷവും അതിന് കാര്യമായ മാറ്റം വന്നില്ല.ആധുനികതയെ എതിർത്തുതോൽപ്പിക്കാനായില്ല എന്നതല്ല ഞാൻ കാണുന്ന പ്രശ്നം. ആധുനികതയുടെ ദർശനം എന്താണ്, നമ്മുടെ നാട്ടിലെ സാമൂഹ്യരാഷ്ട്രീയ യാഥാർത്ഥ്യങ്ങളോടുള്ള ആധുനികരുടെ പ്രതികരണത്തിന്റെ സ്വഭാവം എന്താണ്, തങ്ങളുടെ അതിനൂതനമായ ആഖ്യാനതന്ത്രങ്ങളിലൂടെ അവർ എന്തൊക്കെയാണ് ലക്ഷ്യം വെക്കുന്നത്, അവർ പ്രചരിപ്പിക്കുന്ന സർവനിഷേധത്തിനും സർവതന്ത്രസ്വാതന്ത്ര്യത്തിനും എന്തെല്ലാം പരിമിതികളുണ്ട്, നമ്മുടെ സാഹിത്യനിരൂപണത്തെ കാലോചിതമായി നവീകരിക്കുമ്പോൾ അതിന്റെ ദർശനത്തിലും രീതിശാസ്ത്രത്തിലും എന്തെന്തൊക്കെ മാറ്റങ്ങളാണുണ്ടാവേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങൾ പുരോഗമനാശയക്കാരായ നിരൂപകരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിരുന്നു. അതുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ സാഹിത്യവായനയ്ക്ക് വളരെ ധീരവും സ്വതന്ത്രവും കാലോചിതവുമായ വളർച്ച സംഭവിക്കുമായിരുന്നു. അതുണ്ടാവാഞ്ഞതു കാരണം ആധുനികത ശരിയാംവണ്ണം അപഗ്രഥിക്കപ്പെട്ടില്ലെന്നു മാത്രമല്ല,ആധുനികർ ഉപരിപ്ലവമായി മാത്രം സാധിച്ച "വിപ്ലവങ്ങൾ'ക്കടിയിൽ വരേണ്യതയും യാഥാസ്ഥികതയും കാൽപനികതയോടുള്ള അതിരറ്റ ഭ്രമവുമെല്ലാം സുരക്ഷിതമായി നിലകൊള്ളുകയും ചെയ്തു.

ആധുനികത ദുർബലമായതോടെ അവയെല്ലാം കൂടുതൽ ശക്തിയോടെ തലപൊക്കി എന്നതാണ് വസ്തുത. ആധുനികോത്തരതയ്ക്ക് ഒറ്റപ്പെട്ട ചില വഴിമാറി നടപ്പുകൾ സാധ്യമായെങ്കിലും നമ്മുടെ ഭാവുകത്വത്തിനുമേൽ വരേണ്യതയ്ക്കുള്ള പിടി ഇപ്പോഴും അയഞ്ഞിട്ടില്ല. ഈ വാസ്തവം മൂടിവെച്ച് മറ്റ് പലതും ഭാവിച്ച് സാധിക്കുന്ന വായനയും നിരൂപണവും മലയാളിയുടെ സാഹിത്യഭാവുകത്വത്തെ എത്രമേൽ ദുർബലവും കൃത്രിമവും കപടവുമാക്കിയിട്ടുണ്ടെന്ന് ഈയിടെയായി പലരും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ▮

(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments