ഇരുമ്പുമടക്കു
കസേരകളും എഴുത്തിലെ
തീപ്പെട്ടിച്ചൊട്ടുകളികളും

നൊസ്റ്റാൾജിയ. ഗൃഹാതുരതയിലും അതേ ആതുരതയുണ്ട്. ആ വാക്കുകൾ തന്നെ പദഘടനകളിൽ വേദനകളും പേറി നിൽപ്പാണ്. എന്നിട്ടും പിന്നാക്കം പോയി വേദനിക്കും. ഒരു രക്ഷയുമില്ലാത്ത വേദന. ഓർമ്മകളിലേക്ക് വീണ്ടും വീണ്ടും ചെല്ലുന്ന ചിന്തകളെ തടയാൻ പറ്റായ്ക. പുതിയ ചിന്തകൾ വേണമെന്നൊക്കെ മനസ്സിൽ കരുതുമ്പോഴും മനസ്സ് കുഴിയാനയെ പോലെ പിന്നോക്കം നടക്കുന്നു: അരുൺകുമാർ പൂക്കോം എഴുതുന്നു.

കേൾക്കുമ്പോൾ വളരെ ഭംഗിയുള്ള വാക്കാണെങ്കിലും തിരിച്ചുപോകാൻ പറ്റാത്ത വേദനയാണത്രെ നൊസ്റ്റാൾജിയ. ഗൃഹാതുരതയിലും അതേ ആതുരതയുണ്ട്. ആ വാക്കുകൾ തന്നെ പദഘടനകളിൽ വേദനകളും പേറി നിൽപ്പാണ്. എന്നിട്ടും പിന്നാക്കം പോയി വേദനിക്കും. ഒരു രക്ഷയുമില്ലാത്ത വേദന. ഓർമ്മകളിലേക്ക് വീണ്ടും വീണ്ടും ചെല്ലുന്ന ചിന്തകളെ തടയാൻ പറ്റായ്ക. പുതിയ ചിന്തകൾ വേണമെന്നൊക്കെ മനസ്സിൽ കരുതുമ്പോഴും മനസ്സ് കുഴിയാനയെ പോലെ പിന്നോക്കം നടക്കുന്നു.

ഇരുമ്പുമടക്കു​കസേരകളും
ഇരുമ്പു മേശകളും

ഇടക്കൊക്കെ പിന്നാക്കംചെന്ന് വേദനിക്കാറുള്ള ഒരു വസ്തുവാണ് ഇരുമ്പുമടക്ക് കസേര. അമ്മയുടെ വീടും മുന്നിലെ വയലും ഇരുഭാഗങ്ങളിലും പുല്ലുകൾ അരികുകൾ തുന്നിയ വയൽ വരമ്പുകളും തൊട്ടടുത്ത വീടുകളിലെ തൊഴുത്തുകളിലെ വെളുത്ത നിറമുള്ള കാളകളും വയൽവരമ്പ് തീരുന്ന ഇടത്തെ സ്കൂളും സ്കൂൾ പറമ്പും ഒക്കെ ചേർന്ന് വരുന്ന നൊസ്റ്റാൾജിയ. പാടത്തിന്റെ വിശാലതയാണെന്ന് തോന്നുന്നു ഇരുമ്പുമടക്ക് കസേരകളെ മനസ്സിലേക്ക് എത്തിക്കുന്നത്. ഇരുമ്പുമടക്ക് കസേരകൾക്ക് ഒപ്പം ഇരുമ്പുമേശകളും ഓർമ്മകളിലേക്ക് എത്തും. നാലുപേർക്ക് അപ്പുറമിപ്പുറം ഇരിക്കാൻ പറ്റുന്ന മേശ. അതിന്റെ ഇടയിലൊക്കെ തുരുമ്പ് കറ പുറത്തെത്തിയ പച്ച പെയിന്റ്. കൂട്ടത്തിൽ ചിലത് നീല. അവയിലെ വാടകക്കടയുടെ ചുരുക്കെഴുത്തുകൾ. എല്ലാ ഓർമ്മകളും മനസ്സിൽ നിൽക്കുകയൊന്നുമില്ല. ആ ഇംഗ്ലീഷ് അക്ഷരങ്ങൾ മറവിയിലേക്ക് മാഞ്ഞുപോയിട്ടുണ്ട്. ടി.പി.എസ്, എം.കെ.എസ് എന്നൊക്കെ ആയിരിക്കും. സൗണ്ട്സ് എന്നതിന്റെ ചുരുക്കത്തിൽ ചെന്ന് ചേരുന്ന ചുരുക്കെഴുത്തുകൾ.

‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ച ആ കുട്ടിക്കാലം തന്നെയായിരുന്നു ബാർബർ ഷാപ്പിൽ മുടി വെട്ടിക്കാൻ ചെന്നാൽ ബച്ചൻ കട്ട് വേണോ എന്ന് ചോദിക്കുന്ന കാലം. മുടികൾ ചീർപ്പുകൊണ്ട് വലിച്ചെടുത്ത് ചെവികൾ പൊത്തിത്തരും.

വളരെ കുറച്ച് വിഷ്വലുകളിൽ മിഴിവോടെ നിറഞ്ഞ് നിൽക്കുന്ന അമ്മയുടെ അച്ഛന്റെ ഓർമ്മകളും അവയോട് ചേർന്ന് വരും. അതിനാലൊക്കെയാകാം ഇടയ്ക്കൊക്കെ ഇരുമ്പുമടക്കുകസേരകളും ഇരുമ്പുമേശകളും ഓർമ്മകളിലേക്ക് ഇടയ്ക്കൊക്കെ എത്തുന്നത്. അച്ഛന്റെ അച്ഛൻ അച്ഛന്റെ ഓർമ്മകളിൽ തന്നെയില്ല. വളരെ കുട്ടിക്കാലത്ത് അച്ഛൻ നഷ്ടപ്പെട്ടു പോയൊരു വ്യക്തിയായിരുന്നു അച്ഛൻ. അതിനാലൊക്കെ ഒരേയൊരു ഗ്രാൻഡ് ഫാദറായി അമ്മയുടെ അച്ഛൻ ഓർമ്മയിലേക്ക് വരും. കുറച്ച് വർഷത്തെ ഓർമ്മകൾ. കല്ലുരുക്കി ചെടിയോട് ടാഗ് ചെയ്ത ഓർമ്മ. കല്ലുരുക്കി ചെടി അമ്മയുടെ വീടിന്റെ മുന്നിലെ വയൽ വരമ്പിലൊക്കെ ഉണ്ടാകും. അവയുടെ ഇല അമ്മയുടെ അച്ഛൻ പൊട്ടിച്ച് തരുന്നത്. അതിന്റെ എന്തോ തരം ചുവയുള്ള നേർത്ത മധുരം. പിന്നെ കിണറ്റിൻവക്കത്തെ പച്ചക്കരിമ്പിന്റെ മധുരം. മേശപ്പുറത്ത് വെച്ച് മുരിങ്ങയില നുള്ളുന്നത്. ആര് എവിടെ മുരിങ്ങയില നുള്ളുന്നത് കാണുമ്പോഴും മനസ്സ് പിന്നോക്കം ചെന്ന് അമ്മയുടെ അച്ഛനിലെത്തും. വിഷ്വലുകൾ. അക്കാലത്ത് പെൻഷനൊക്കെ ആകുന്നവർ തങ്ങൾക്ക് ചേരുന്നതായി കണ്ടെത്തുന്ന നീല ഷർട്ടോടെ അമ്മയുടെ അച്ഛന്റെ വിഷ്വലുകൾ മനസ്സിലേക്ക് എത്തും.

അതേപോലെയാണ് ഇരുമ്പുമടക്ക്‌ കസേരകളും ഇരുമ്പ് മേശകളും ഓർമ്മകളിലേക്ക് വരാറുള്ളത്. എന്നിൽ ഓർമ്മകൾ തുടങ്ങുന്ന കാലങ്ങളിലുള്ള ഓർമ്മകളാണ്. എല്ലാ ദിവസങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നായതിനാലാകും വാടകക്കസേരകളും മേശകളും ഓർമ്മകളിൽ തങ്ങിനിൽക്കുന്നത്. പക്ഷേ അവയുടെ ഓർമ്മകളോട് ചേർന്ന് പച്ചക്കരിമ്പുചെടികളോടോ കല്ലുരുക്കിച്ചെടികളോ ചേർന്ന് പെരുമാറുന്ന വിധത്തിൽ അമ്മയുടെ അച്ഛൻ എവിടെയും ഇല്ലെന്നതാണ്. എങ്കിലും അവയോട് ചേർന്ന് ഓർമ്മകളിലേക്ക് അമ്മയുടെ അച്ഛൻ വരും.

ഇടക്കൊക്കെ പിന്നാക്കംചെന്ന് വേദനിക്കാറുള്ള ഒരു വസ്തുവാണ് ഇരുമ്പുമടക്ക് കസേര.
ഇടക്കൊക്കെ പിന്നാക്കംചെന്ന് വേദനിക്കാറുള്ള ഒരു വസ്തുവാണ് ഇരുമ്പുമടക്ക് കസേര.

ഒ.വി. വിജയൻ വരച്ച കവറുള്ള ‘ഖസാക്ക്’

തളിപ്പറമ്പ് ഭാഗത്ത് ഒരു അദ്ധ്യാപകൻ മാത്രം പഠിപ്പിച്ചിരുന്ന എഴുത്തുപള്ളികൾ പിൽക്കാലത്ത് ലോവർ പ്രൈമറി സ്കൂളുകളായി മാറുകയോ നിർത്തലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടത്രെ.

തളിപ്പറമ്പിലെ എൽ.പി വിദ്യാലയങ്ങളിൽ പലതും ഒരു അധ്യാപകൻ മാത്രമായി തുടങ്ങി പിന്നീട് വികസിച്ചവയുമാണത്രെ. അവയിൽ ഏതോ ഒരു എഴുത്തുപള്ളിക്കൂടത്തിലായിരുന്നു അമ്മയുടെ അച്ഛൻ. അമ്മയുടെ വീട്ടിൽ നിന്നാണ് ഒരൊറ്റ പകൽ കൊണ്ട് ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചു തീർക്കുന്നത്. അമ്മയുടെ വീട് ആനുകാലികങ്ങളുടെ വീടായിരുന്നു. മലയാളനാട് , കുങ്കുമം, കലാകൗമുദി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയുടെയെല്ലാം പഴയ ലക്കങ്ങൾ വലിയൊരു പത്തായത്തിൽ മുകളിലെ മുറിയിൽ സൂക്ഷിച്ചു വെച്ച വീട്. ആനുകാലികങ്ങളിൽ വരുമ്പോൾ തന്നെ പല കൃതികളും വായിച്ചിരുന്ന വീട്. സാഹിത്യപുസ്തകങ്ങളിൽ കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’, തായാട്ട് ശങ്കരന്റെ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’, എം. ഗോവിന്ദന്റെ ‘നാട്ടുവെളിച്ചം’ പോലുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലായിരുന്നു ‘ഖസാക്കിന്റെ ഇതിഹാസം’ ഉണ്ടായിരുന്നത്. വളരെ പഴയൊരു ‘ഖസാക്കിന്റെ ഇതിഹാസം’ ആയിരുന്നു അത്. ആദ്യ എഡിഷനുകളിൽ ഒന്ന്. ഇന്റർനെറ്റിൽ തിരഞ്ഞുനോക്കിയെങ്കിലും ആ പുസ്തകത്തിന്റെ കവർ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ കവറുകളുടെ കൂട്ടത്തിൽ കണ്ടെത്താൻ സാധിച്ചില്ല.

വാടകസാധനങ്ങളുടെ കാര്യത്തിൽ ഏതോ കാലം മുതൽ ഫൈബർ കസേരകൾ വന്നു. അവ ഒന്നിന് മുകളിൽ പലതായി അടുക്കി കൊണ്ടുവരുന്നതും പോകുന്നതുമായ രീതിയിലേക്ക് മാറി.

‘ഖസാക്കിന്റെ ഇതിഹാസം’ ആദ്യമായി പുസ്തകമായി ഇറങ്ങിയപ്പോൾ കവറിൽ ചിത്രം വരച്ചത് ഒ.വി. വിജയൻ തന്നെയാണത്രെ. കുട്ടിക്കാലത്ത് വായിച്ചതിനാൽ ആ പുസ്തകത്തിന്റെ കവർ എന്തുകൊണ്ടോ വ്യക്തതയോടെ ഓർത്തെടുക്കാൻ പറ്റുന്നില്ല. ഓർമ്മയിൽ ഉണ്ട്. നാക്കിന്റെ തുമ്പത്ത് എത്തി പുറത്തേക്ക് വരാത്ത വാക്കിന്റെ ലെതലോജിക പോലെ ഒരു കവർ ഓർമ്മയിൽ എത്തുന്നുണ്ട്. പക്ഷേ വ്യക്തതയില്ല. അതിനാൽ ഏത് വർഷം പുറത്തിറങ്ങിയ എഡിഷനായിരുന്നു എന്ന് കൃത്യമായി പറയാൻ പറ്റായ്കയുണ്ട്. അള്ളാപ്പിച്ച മൊല്ലാക്ക, നൈസാമലി, മൈമുന, അപ്പുക്കിളി, കുഞ്ഞാമിന, മുങ്ങാങ്കോഴി, കുപ്പുവച്ചൻ, രവി, പിന്നെയും പലരും. ഓന്ത്, പാമ്പ്, ജീവബിന്ദുക്കൾ, രവി വായുവിൽ കാണുന്ന കുഞ്ഞുകുഞ്ഞുകുമിളകൾ. എന്താണത് എന്ന് നിശ്ചയം കിട്ടാതെ കടന്നുപോയ ഒട്ടനവധി വർഷങ്ങൾക്കുശേഷം ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് തൊട്ടുമുമ്പിലെ പ്ലാറ്റ് ഫോമിൽ അവ കാഴ്ചകളിലേക്ക് വന്നു. വായുവിലെ കുമിളകൾ. അവ വായുവിൽ വെന്തുനിൽക്കുന്ന സാബൂനരികൾ പോലെ തോന്നി.

ബച്ചൻ കട്ട്

‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ച ആ കുട്ടിക്കാലം തന്നെയായിരുന്നു ബാർബർ ഷാപ്പിൽ മുടി വെട്ടിക്കാൻ ചെന്നാൽ ബച്ചൻ കട്ട് വേണോ എന്ന് ചോദിക്കുന്ന കാലം. മുടികൾ ചീർപ്പുകൊണ്ട് വലിച്ചെടുത്ത് ചെവികൾ പൊത്തിത്തരും. നാട്ടിലെവിടെയും ടി.വി ഇല്ലാത്തതും നഗരത്തിൽ ചെന്ന് സിനിമ കാണാത്തതുമൊക്കെയായ കാലം ആയതിനാൽ അമിതാഭ് ബച്ചനെ പറ്റി വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. വീട്ടിൽ അച്ഛന്റെ ശേഖരത്തിലുണ്ടായിരുന്ന ഇംഗ്ലീഷ് ആനുകാലികങ്ങളിൽ സിനിമാകോളങ്ങളിൽ ഫോട്ടോകൾ കാണുന്ന കാഴ്ചകൾ മാത്രമേ ഹിന്ദി സിനിമകളുടെ കാര്യത്തിൽ അക്കാലത്തുണ്ടായിരുന്നുള്ളു. എങ്കിലും അമിതാഭ് ബച്ചന്റെ മുടിയുമായി നടക്കും.

‘ഖസാക്കിന്റെ ഇതിഹാസം’ ആദ്യമായി പുസ്തകമായി ഇറങ്ങിയപ്പോൾ കവറിൽ ചിത്രം വരച്ചത് ഒ.വി. വിജയൻ തന്നെയാണത്രെ. കുട്ടിക്കാലത്ത് വായിച്ചതിനാൽ ആ പുസ്തകത്തിന്റെ കവർ എന്തുകൊണ്ടോ വ്യക്തതയോടെ ഓർത്തെടുക്കാൻ പറ്റുന്നില്ല.
‘ഖസാക്കിന്റെ ഇതിഹാസം’ ആദ്യമായി പുസ്തകമായി ഇറങ്ങിയപ്പോൾ കവറിൽ ചിത്രം വരച്ചത് ഒ.വി. വിജയൻ തന്നെയാണത്രെ. കുട്ടിക്കാലത്ത് വായിച്ചതിനാൽ ആ പുസ്തകത്തിന്റെ കവർ എന്തുകൊണ്ടോ വ്യക്തതയോടെ ഓർത്തെടുക്കാൻ പറ്റുന്നില്ല.

തവളപിടുത്തവും
പെട്രോമാക്സും

അമ്മയുടെ നാട്ടിൽ വെച്ച് മുടി വെട്ടാറുണ്ടായിരുന്ന കടയിൽ വാടകസാധനങ്ങളിൽ ചിലതും ഉണ്ടായിരുന്നു. പെട്രോമാക്സുകൾ, അലൂമിനിയം കെറ്റിലുകൾ പോലുള്ളവ. കല്യാണവീടുകളിലും മറ്റും പെട്രോമാക്സുകൾക്ക് തെളിഞ്ഞ വെളിച്ചം കൊടുക്കുന്ന കാഴ്ച ഒരു കാലത്തെ അത്ഭുതക്കാഴ്ചയായിരുന്നു. പെട്രോമാക്സിലെ മാന്റിലിന് തീ കൊടുക്കും. കുറച്ചു നേരം കാറ്റടിച്ചു നൽകിയാൽ തീയുടെ മഞ്ഞയിൽ നിന്ന് മാന്റിൽ വെള്ളയിലേക്ക് മാറും. പിന്നെ ചില്ലുഗ്ലാസും മുകളിലെ മൂടിയുമൊക്കെ ഇടും. വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന ബഷീറിയൻ മട്ടിൽ പെട്രോമാക്സ് ചുറ്റും പ്രഭ ചൊരിഞ്ഞ് തെളിഞ്ഞ് നിൽക്കും.

ചുമരുകളുടെയും വാർപ്പിന്റെയും അകലങ്ങളിൽ നാല് കുടുംബങ്ങൾ വാടകയ്ക്ക് താമസിക്കുന്ന കാലത്ത് തൊട്ടടുത്ത് താമസിച്ചിരുന്ന കുടുംബം രണ്ടുമൂന്ന് പെട്രോമാക്സുകളെ മുറ്റത്തിരുന്ന് പരിപാലിക്കുന്നതായി കണ്ടു. പെട്രോമാക്സുകളുടെ കാലം കടന്നുപോയൊരു കാലത്ത്, വിളക്കുകൾ കത്തിക്കാൻ മണ്ണെണ്ണ ഉപയോഗിച്ചിരുന്നതുപോലും പഴയൊരു കഥയായ കാലത്ത്, പെട്രോമാക്സുകൾ തെളിയിക്കാൻ ശ്രമിക്കുന്നത് അടുത്തേക്കുചെന്ന് കൗതുകത്തോടെ നോക്കിനിന്നു. തവളപിടുത്തക്കാർ തൃശ്ശൂരിലെ കോൾപാടങ്ങളിലൂടെ പെട്രോമാക്സുകളുമായി രാത്രികളിൽ നടക്കാറുണ്ടായിരുന്ന ഓർമ്മകളുമായി വാടകഉടമയും ആ കാഴ്ചയിലേക്ക് കൂട്ടുചേർന്നു. പാടങ്ങളിലുള്ള തവളപിടുത്തം വലിയ ബിസിനസ്സ് ആയിരുന്നത്രെ.

പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനുമായിരുന്ന ഹുമയൂൺ അബ്ദുല്ലാലിയുടെ മുന്നിൽ നിന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണത്രെ തവളക്കാലിന് വേണ്ടിയുള്ള തവളപിടുത്തം നിയമനിർമ്മാണത്തിലൂടെ നിർത്തലാകുന്നത്. മുംബൈയിലെ ഒരു പാതിരാത്തവളയുടെ ശാസ്ത്രീയനാമം അദ്ദേഹത്തിന്റെ പേര് ചേർത്തുള്ളതാണ്.

നാടകങ്ങളുടെയൊക്കെ കാര്യത്തിൽ ഒ.എൻ.വി, ദേവരാജൻ, തോപ്പിൽ ഭാസി, കെ.പി.എ.സി. സുലോചന പോലുള്ളവരെ പറ്റിയൊക്കെയാണ് പൊതുവേ കേൾക്കാറുള്ളത് എങ്കിലും പല നാടകങ്ങളുടെയും പിന്നാമ്പുറത്ത് നിലയുറപ്പിച്ചു നിന്നിരുന്നത് ശങ്കരാടിയായിരുന്നു.

സിനിമയിലെ
ഇരുമ്പുമടക്ക് കസേരകൾ

ഇരുമ്പുമടക്ക് കസേരകളെയും ഇരുമ്പുമേശകളെയുമാണ് ‘കാലാ പത്തർ’ എന്ന സിനിമയിലെ ചില കഷ്ണങ്ങൾ റീലുകളായി വന്നപ്പോൾ കാണാനിടയായി. അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ, ശശി കപൂർ പോലുള്ളവർ കഥാപാത്രങ്ങളായി വരുന്ന സിഗരറ്റിന് തീ ആർക്കാദ്യം, ആർക്കാദ്യം ചായ എന്നൊക്കെയുള്ള ആ സിനിമയിലെ സീനുകളിൽ ശ്രദ്ധ പോയത് മുഴുവൻ ഇരുമ്പുമടക്കുകസേരകളിലേക്കും ഇരുമ്പുമേശകളിലേക്കുമാണ്. ആ സിനിമയിൽ എവിടെയൊക്കെ ഇരുമ്പുമേശകളും ഇരുമ്പുമടക്കുകസേരകളും ഉണ്ടെന്ന് സിനിമ മുഴുവൻ കണ്ടുനോക്കി. ഇരുമ്പുമേശകൾക്കും ഇരുമ്പുമടക്കുകസേരകൾക്കും വേണ്ടി കണ്ട സിനിമ എന്ന് ‘കാലാ പത്തറി’നെ അടയാളപ്പെടുത്തിവെച്ചു. ഇരുമ്പുമടക്ക് കസേരകൾ ഒന്നിന് മുകളിൽ പലതും അടുക്കിയടുക്കി വാഹനങ്ങളിൽ കസേരകൾ വരുന്നതും അവ തിരിച്ച് കൊണ്ടുപോകുന്നതുമൊക്കെ ഓർമ്മ വന്നു. അതിനോടടുത്തുതന്നെ ‘കര’ എന്ന തമിഴ് സിനിമയും കണ്ടപ്പോൾ ആ സിനിമയിലും നായകൻ ജോലി ചെയ്യുന്ന ഹോട്ടലിൽ ഇരുമ്പുമടക്ക് കസേരകൾ കാണുകയുണ്ടായി.

റസ് ലിംഗ് വീഡിയോകളിൽ കാണാറുള്ള മടക്കുകസേരകൾ ഉപയോഗിച്ചുള്ള പ്രയോഗങ്ങളുടെ കാഴ്ചകൾ ഓർമ്മയിൽ നിൽക്കുന്നതുപോലെ, കണ്ട സിനിമകളിലെ മടക്കുകസേരകളിൽ പലതും ഓർമ്മയിൽ നിൽക്കാതെ പോകുന്നതാകാം. റസ് ലിംഗ് വീഡിയോകളിലെ മടക്കുകസേരകൾ അലൂമിനിയം പോലുള്ള ഭാരമില്ലാത്ത നേർത്ത ലോഹങ്ങളുടെ കൂട്ട് കൊണ്ടുള്ളവയാണത്രെ. തലയ്ക്കൊന്നും അടിക്കരുത് എന്ന നിബന്ധനകളും ഉണ്ടത്രെ. എങ്കിലും റെസ്‌ലിംഗ് വീഡിയോകളിലെ മടക്കുകസേര കൊണ്ടുള്ള അടി കാണുമ്പോൾ ഇരുമ്പുമടക്കുകസേര കൊണ്ടുള്ള അടിയാണെന്ന് തോന്നിപ്പോകും. റസ് ലിംഗ് വീഡിയോകളിൽ എന്നത് പോലെ പാ. രഞ്ജിത്തിന്റെ ‘സർപ്പാട്ട പരമ്പരൈ’ എന്ന സിനിമയിൽ ബോക്സിംഗ് റിംഗിലേക്ക് നായകനുനേരെ എതിരാളിയുടെ കൂട്ടാളികൾ കസേര എറിയുന്ന രംഗമുണ്ട്. ‘സർപ്പാട്ട പരമ്പരൈ’ എഴുപതുകളിലെ മദ്രാസിലെ ബോക്സിംഗ് ലോകത്തെ പറ്റി എടുത്ത സിനിമയാണത്രെ. മരക്കസേരകൾ കൊണ്ടാണ് ബോക്സിംഗ് റിംഗിലേക്ക് നായകനെ എറിയുന്നതായി കാണിച്ചിരിക്കുന്നത്. അവയ്ക്ക് പകരം എഴുപതുകളിലെ ഇരുമ്പുമടക്കുകസേരകൾ ആയിരുന്നെങ്കിലോ എന്ന് വെറുതെ വിചാരിച്ചു പോയി. എഴുപതുകളിലെ മദ്രാസിലെ ബോക്സിംഗ് കൂടാരങ്ങളിൽ എന്ത് തരം കസേരകൾ ആയിരിക്കാം ഉണ്ടായിരുന്നിരിക്കുക?

കല്യാണവീടുകളിലും മറ്റും പെട്രോമാക്സുകൾക്ക് തെളിഞ്ഞ വെളിച്ചം കൊടുക്കുന്ന കാഴ്ച ഒരു കാലത്തെ അത്ഭുതക്കാഴ്ചയായിരുന്നു.
കല്യാണവീടുകളിലും മറ്റും പെട്രോമാക്സുകൾക്ക് തെളിഞ്ഞ വെളിച്ചം കൊടുക്കുന്ന കാഴ്ച ഒരു കാലത്തെ അത്ഭുതക്കാഴ്ചയായിരുന്നു.

‘നീ തന്നെ ജീവിതം സന്ധ്യേ’ എന്ന കവിത നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം ‘വേനൽ’ എന്ന സിനിമയിൽ സ്റ്റേജിൽ ചൊല്ലുന്നത് ഓഡിറ്റോറിയത്തിൽ ഇരുമ്പുമടക്കുകസേരകളിൽ ഇരിക്കുന്നവർക്ക് മുന്നിലാണെന്ന് കാണുന്നുണ്ട്. ആ സിനിമയിൽ കോളേജ് ഹോസ്റ്റലിലും ഇരുമ്പുമടക്കുകസേര ഉപയോഗിക്കുന്നുണ്ട്. എൺപതുകളിലെ സിനിമയാണത്. എഴുപതുകളിലെയും എൺപതുകളിലെയുമൊക്കെ സിനിമകളിൽ ഇരുമ്പുമടക്കുകസേരകൾ അതുപോലെ പല സിനിമകളിലും കാണാൻ ഇടയുണ്ട്.

വാടകസാധനങ്ങളുടെ കാര്യത്തിൽ ഏതോ കാലം മുതൽ ഫൈബർ കസേരകൾ വന്നു. അവ ഒന്നിന് മുകളിൽ പലതായി അടുക്കി കൊണ്ടുവരുന്നതും പോകുന്നതുമായ രീതിയിലേക്ക് മാറി. രണ്ടുപേർ വീതം ചതുരഇരുമ്പുമേശയ്ക്ക് ഇരുവശങ്ങളിലായി ഇരിക്കുന്നതിന് ആളുകൾ ഒരു വശത്ത് മാത്രമായി നീളത്തിൽ ഇരിക്കാൻ തുടങ്ങി. വാടകസാമഗ്രികളിൽ നിന്ന് ഇരുമ്പുമടക്ക് കസേരകൾ മെല്ലെ മെല്ലെ രംഗം വിടാൻ തുടങ്ങിയത് തൊണ്ണൂറുകളുടെ പകുതിയിലോ മറ്റോ ആകും.

വാടകയ്ക്ക് കൊണ്ടുവന്നിരിക്കുന്ന ഇരുമ്പുമടക്കുകസേരകൾ നീർത്തിയിടാനും മടക്കാനുമൊക്കെ താല്പര്യം കാണിച്ച കുട്ടിക്കാലം ജനറേഷൻ എക്സിനുണ്ട്. അതിന്റെ ഓർമ്മകളിൽ അവ വാങ്ങാൻ കിട്ടുമോ എന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വെറുതെ നോക്കി. പല രൂപത്തിൽ പരിഷ്കരിച്ച രീതിയിൽ അവ ഇപ്പോഴുമുണ്ട്.

ചില കാര്യങ്ങളെപ്പറ്റി ആലോചിച്ചാൽ, കാണുന്ന ഇടങ്ങളിൽ പലയിടത്തും അവ കാണാൻ ഇടയാകും. ഇരുമ്പുമടക്കുകസേരയുടെ കാര്യത്തിലും അത്തരത്തിലൊന്നുണ്ടായി. ശങ്കരാടിയുടെ ഇന്റർവ്യൂകൾ കാണണം എന്നൊരാഗ്രഹമുണ്ടായി. ഇടയ്ക്ക് പലരുടെയും അഭിമുഖങ്ങൾ തേടിപ്പോകാറുണ്ട്. ഇന്റർനെറ്റിൽ ഒന്നു രണ്ട് ഇന്റർവ്യൂകൾ മാത്രമേ ശങ്കരാടിയുടേതായി കണ്ടുകിട്ടിയുള്ളു. പഠിക്കുന്ന കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ശങ്കരാടിയെ സ്കൂളിൽനിന്ന് ചെമന്ന മഷിയിട്ട് പുറത്താക്കുന്നു. മറ്റൊരു സ്കൂളിൽചെന്ന് പഠിക്കുന്നു. കോളേജ് പഠനശേഷം ബറോഡയിൽ ചെന്ന് എഞ്ചിനീയറിംഗിന് ചേരുന്നു. പുരോഗമന പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചതിന്റെയും മറ്റും പേരിൽ അവിടെ നിന്ന് പുറത്താക്കപ്പെട്ടതോടെ അന്നത്തെ ബോംബെയിലെത്തി ഒരു ഇംഗ്ലീഷ് പത്രത്തിൽ പ്രവർത്തിക്കുന്നു. അവിടെനിന്ന് നാട്ടിലെത്തി ശങ്കരാടി പുരോഗമന പ്രസ്ഥാനത്തിന്റെ കലാപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു.

നാടകങ്ങളുടെയൊക്കെ കാര്യത്തിൽ ഒ.എൻ.വി, ദേവരാജൻ, തോപ്പിൽ ഭാസി, കെ.പി.എ.സി. സുലോചന പോലുള്ളവരെ പറ്റിയൊക്കെയാണ് പൊതുവേ കേൾക്കാറുള്ളത് എങ്കിലും പല നാടകങ്ങളുടെയും പിന്നാമ്പുറത്ത് നിലയുറപ്പിച്ചു നിന്നിരുന്നത് ശങ്കരാടിയായിരുന്നു. ഒരുപക്ഷേ അവയുടെ സാമ്പത്തികമേഖലയിൽ സജീവസാന്നിധ്യമായി ശങ്കരാടി ഉണ്ടായിരുന്നിരിക്കണം. അഭിമുഖങ്ങളിൽ നിന്ന് മനസ്സിലായത്, വളരെ ഏക്കർ ഭൂമിയും മറ്റുമുള്ള വ്യക്തിയായിരുന്നു ശങ്കരാടി എന്നാണ്. ശങ്കരാടിയെ പറ്റി ഒരു പുസ്തകമുണ്ടോ എന്നും തിരഞ്ഞു നോക്കി. ‘മൂലധനം’ എന്ന നാടകത്തെ പറ്റി വായിച്ച വിവരണത്തിൽ ഒരു നടൻ എന്നതിനപ്പുറത്ത് ശങ്കരാടിയുടെ പേര് ചേർത്തതായി കണ്ടത് ഓർക്കുന്നു. വളരെ പ്രധാനപ്പെട്ട സ്ഥാനം തന്നെ. ശങ്കരാടി എന്ന വ്യക്തി നാടകരംഗത്ത് ഒരു നടൻ മാത്രമൊന്നും ആയിരുന്നില്ല തന്നെ.

ശങ്കരാടിയുടെ ഇന്റർവ്യൂകൾ കാണണം എന്നൊരാഗ്രഹമുണ്ടായി. ഇടയ്ക്ക് പലരുടെയും അഭിമുഖങ്ങൾ തേടിപ്പോകാറുണ്ട്. ഇന്റർനെറ്റിൽ ഒന്നു രണ്ട് ഇന്റർവ്യൂകൾ മാത്രമേ ശങ്കരാടിയുടേതായി കണ്ടുകിട്ടിയുള്ളു.
ശങ്കരാടിയുടെ ഇന്റർവ്യൂകൾ കാണണം എന്നൊരാഗ്രഹമുണ്ടായി. ഇടയ്ക്ക് പലരുടെയും അഭിമുഖങ്ങൾ തേടിപ്പോകാറുണ്ട്. ഇന്റർനെറ്റിൽ ഒന്നു രണ്ട് ഇന്റർവ്യൂകൾ മാത്രമേ ശങ്കരാടിയുടേതായി കണ്ടുകിട്ടിയുള്ളു.

ആദ്യം കണ്ട അഭിമുഖത്തിൽ കുറച്ച് ചോദ്യങ്ങളും അവയുടെ മറുപടികളും ശങ്കരാടി അഭിനയിച്ച ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ കുറച്ച് ചോദ്യങ്ങളിൽ ഒതുങ്ങിയ അഭിമുഖമായിരുന്നു അത്. ശങ്കരാടിയുമായി നീന കുറുപ്പ് നടത്തിയ അഭിമുഖമാണ് മറ്റൊന്ന്. ആ അഭിമുഖത്തിൽ ചിലതൊന്നും ശങ്കരാടിക്ക് ഓർമ്മിച്ചെടുക്കാൻ പറ്റാത്തതായി കണ്ടു. കലാകാരന്മാരുമായുള്ള അഭിമുഖങ്ങൾ വ്യാപകമായ കാലം വന്നപ്പോഴേക്കും ആദ്യത്തെ അഭിമുഖത്തിൽ പലതും കൃത്യമായി പറയുന്ന വ്യക്തിയിൽ നിന്നും പ്രായം ശങ്കരാടിയെ സമ്മതിക്കാതായതുപോലെ തോന്നി.

ആ അഭിമുഖത്തിൽ ശങ്കരാടിയും നീന കുറുപ്പും വീടിന്റെ മുറ്റത്ത് ഇരുന്നിരുന്നത് രണ്ട് ഇരുമ്പുമടക്കുകസേരകളിലായിരുന്നു. ഒട്ടനവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച ശങ്കരാടി കലയുടെ സാമ്പത്തിക വശത്തെ കുറിച്ചുള്ള ചോദ്യത്തിന് സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്ന് വളരെ സത്യസന്ധമായി പറയുന്നതായി കണ്ടു. അഭിമുഖങ്ങൾ തിരഞ്ഞതിന്റെ അടുത്ത ദിവസങ്ങളിൽ ഒന്നിൽ ജീവചരിത്രം പോലും ആരും എഴുതാതെ പോയ ശങ്കരാടി എന്ന നടന്റെ ഫോട്ടോ തിരൂരിലെ വളരെ പഴയൊരു കടയുടെ മുകൾമുറിയിൽ പ്രവർത്തിക്കുന്ന കലാസമിതിയുടെ ചുമരിൽ, നാടകത്തിൽനിന്ന് സിനിമയിലേക്കെത്തിയ കലാകാരന്മാരുടെ ഫോട്ടോകൾക്കൊപ്പം കണ്ടു. ആ ഫോട്ടോകൾ കലാസമിതിയുടെ തുടക്കകാലത്ത് തന്നെ ചുമരിലുള്ളതുപോലെ തോന്നി.

വാടകയ്ക്ക് കൊണ്ടുവന്നിരിക്കുന്ന ഇരുമ്പുമടക്കുകസേരകൾ നീർത്തിയിടാനും മടക്കാനുമൊക്കെ താല്പര്യം കാണിച്ച കുട്ടിക്കാലം ജനറേഷൻ എക്സിനുണ്ട്. അതിന്റെ ഓർമ്മകളിൽ അവ വാങ്ങാൻ കിട്ടുമോ എന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വെറുതെ നോക്കി. പല രൂപത്തിൽ പരിഷ്കരിച്ച രീതിയിൽ അവ ഇപ്പോഴുമുണ്ട്. ‘കാലാ പത്തർ’ സിനിമയിൽ അമിതാഭ് ബച്ചൻ ഇരുന്ന കസേരയാണ്. ആ സിനിമയിൽ ശത്രുഘ്നൻ സിൻഹ ഒരു ഇരുമ്പുമടക്കുകസേരയിൽ ചാഞ്ഞിരുന്ന് മറ്റൊന്നിൽ കാല് കയറ്റി വെച്ച കസേരയാണ്. പലരും പലരും ഇരുന്ന കസേരയാണ്. മികച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ നിലവിൽ വന്നതോടെ വലിയ തോതിലുള്ള ഉപയോഗത്തിൽ നിന്ന് അവ പുറന്തള്ളപ്പെട്ടുപോയിരിക്കാം. എങ്കിലും അവ ഇപ്പോഴുമുണ്ട്.

എഴുപതുകളിലെയും എൺപതുകളിലെയുമൊക്കെ സിനിമകളിൽ ഇരുമ്പുമടക്കുകസേരകൾ അതുപോലെ പല സിനിമകളിലും കാണാൻ ഇടയുണ്ട്.
എഴുപതുകളിലെയും എൺപതുകളിലെയുമൊക്കെ സിനിമകളിൽ ഇരുമ്പുമടക്കുകസേരകൾ അതുപോലെ പല സിനിമകളിലും കാണാൻ ഇടയുണ്ട്.

പഴയ കല്യാണവീഡിയോകളിൽ നിന്ന് കസേരകളുടെ മാറ്റങ്ങൾ കാണാൻ പറ്റും. ഇരുമ്പുമടക്കുകസേരകൾക്കും ഫൈബർ കസേരകൾക്കും ഇടയിൽ മടക്കാൻ പറ്റാത്തതും അട്ടിയട്ടിയായി ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുന്ന ഇരുമ്പ് ഫ്രെയിമുകളിൽ പ്ലാസ്റ്റിക് വയർ കൊണ്ട് മെടഞ്ഞ ഒരുതരം കസേരകളുടെ കാലം കൂടിയുണ്ട്. തൊണ്ണൂറുകളുടെ ആദ്യമോ മറ്റോ വന്നെത്തിയ കസേരകൾ. പല കാലങ്ങളിൽ പലതരം കസേരകൾ പങ്കെടുത്ത കല്യാണങ്ങൾ, പലതരം ചടങ്ങുകൾ.

അമ്മയുടെ അച്ഛൻ അമ്മയുടെ അമ്മയെ കല്യാണം കഴിക്കാൻ പോയതുതന്നെ വടക്കെ പൊയിലൂരിൽ നിന്ന് കുറ്റ്യാടിക്ക് നടന്നുപോയാണ്. പാറക്കടവ് കടന്ന്, പെരിങ്ങത്തൂർ പുഴ കടന്ന്, നാദാപുരം കടന്ന്, മൊകേരി കടന്ന്, കുറ്റ്യാടി.

അമ്മയുടെ അച്ഛനും
‘പിപീലിക സന്ദേശ’വും

പലപ്പോഴായി ചിന്തകളിലേക്ക് വരാറുള്ള ഇരുമ്പു മടക്കുകസേരകളുടെ ഓർമ്മകൾക്ക് ഒപ്പം അമ്മയുടെ അച്ഛന്റെ ഓർമ്മകൾ വരും. ഓർമ്മകളിൽ കല്ലുരുക്കി വരും. പച്ചക്കരിമ്പ് വരും. മുരിങ്ങയില വരും. പുതിയ സൂത്രവഴികളിൽ മുരിങ്ങയിലകൾ അരിപ്പയുള്ള സ്റ്റീൽ പാത്രത്തിലേക്ക് പൊഴിച്ചിടുമ്പോൾ പോലും അമ്മയുടെ അച്ഛൻ കൈവിരലുകളാൽ മുരിങ്ങയില പൊഴിച്ചെടുക്കുന്നത് ഓർമ്മ വരും. പഠനകാലത്ത് ഉണ്ണുനീലി സന്ദേശം, മയൂര സന്ദേശം, മേഘസന്ദേശം പോലെയുള്ള സന്ദേശകാവ്യങ്ങളെ പറ്റി അറിയുന്ന കാലത്ത് പിപീലിക സന്ദേശം എന്നൊരു സന്ദേശകാവ്യം അമ്മയുടെ അച്ഛൻ എഴുതിയിട്ടുണ്ടത്രെ. അമ്മയുടെ അച്ഛനെ പറ്റി പറഞ്ഞു കേട്ട കഥയാണത്. പഠിക്കുന്ന സ്ഥാപനത്തിന് പുറത്തേക്ക് പിപീലിക സന്ദേശം ഇറങ്ങിപ്പോരാതെ നിന്നുപോയിട്ടുണ്ടാകാം. പിപീലികസന്ദേശം എന്ന സന്ദേശകാവ്യം കോകില സന്ദേശം, ഗരുഡ സന്ദേശം പോലുള്ള സന്ദേശകാവ്യങ്ങൾ പോലെ ആയിരുന്നിരിക്കും. നന്നേ ചെറിയൊരു ഉറുമ്പ് ആരുടെയോ സന്ദേശം ആർക്കുവേണ്ടിയോ കൊണ്ടുനൽകിയതായിരിക്കും.

പലതും വായിച്ചതിനുശേഷം നളചരിതം ആട്ടക്കഥ മാത്രം എഴുതിയതിന്റെ പേരിൽ ഉണ്ണായിവാരിയരെപ്പറ്റി ‘എന്നിട്ടുമൊന്നേ പുറത്തൂട്ടിയുള്ളൂ’ എന്ന് കുഞ്ഞുണ്ണി മാഷ് കവിതയായി എഴുതിയിട്ടുണ്ട്. പലതും വായിച്ച് എഴുതാൻ വിട്ടുപോകുന്ന ഒട്ടനവധി മനുഷ്യരുണ്ട്. പലതും വായിച്ച് വെറുതെ എന്തെങ്കിലും എഴുതി നോക്കിയിട്ട് ഏതോ ഒരിടത്ത് വെച്ച് വായനയിലേക്ക് മാത്രം തിരിയുന്ന മനുഷ്യരുണ്ട്. എഴുതുന്നതിനെ പറ്റി ചിന്തിക്കാതെ വായിക്കുക മാത്രം ചെയ്യുന്നവരുണ്ട്. എഴുത്തുകാരുടെ കാര്യത്തിൽ തന്നെ എല്ലാ കൃതികളും വായനക്കാർക്ക് വായിക്കാൻ കഴിയുമോ? ചില കൃതികൾ വായിക്കും. എഴുത്തുകാരുടെ എഴുത്തുരീതി മനസ്സിലാക്കി വെക്കും.

വായനക്കാർ വായിക്കാതെയും പുസ്തകങ്ങളെ കുറിച്ചൊക്കെ പലതും മനസ്സിലാക്കി വെക്കുന്നുണ്ട്. മറ്റ് മനുഷ്യൻമാരെ പറ്റി മനുഷ്യൻമാർ മനസ്സിലാക്കി വെക്കാറുള്ളതുപോലെ തന്നെ. അമ്മയുടെ അച്ഛൻ എഴുതിയ പിപീലിക സന്ദേശത്തിൽ എന്തായിരിക്കാം ഉണ്ടായിരുന്നിരിക്കുക? സാധുവായ ഒരു ഉറുമ്പ് ഒരു നിരുപദ്രവ സന്ദേശം എവിടേക്കോ കൊണ്ടുപോയിക്കാണും. വഴികളിൽ പലയിടങ്ങളിൽ ചുറ്റിക്കറങ്ങിക്കാണും. ഒറ്റയ്ക്ക് ഒരുറുമ്പിനുണ്ടോ നേരെ നടന്നു പോകാൻ പറ്റുന്നു! പലയിടത്തും കറങ്ങി, കറങ്ങിയ ഇടത്തേക്ക് തന്നെ തിരിച്ചെത്തി, അവിടെ നിന്ന് വീണ്ടും മറ്റൊരിടത്തേക്ക് കറങ്ങി സന്ദേശം ഒരു വിധം എത്തേണ്ടിടത്ത് എത്തി കാണും. വായിക്കാൻ കിട്ടാതെ പോയ ഒരു കാവ്യത്തെ ഭാവനയിൽ കാണുക എന്നത് മാത്രമല്ലേ ചെയ്യാൻ കഴിയുകയുള്ളു.

ഇരുമ്പുമടക്കുകസേരകളുടെയും ഇരുമ്പുമേശകളുടെയും അമ്മയുടെ അച്ഛന്റെ ഓർമ്മകളും തമ്മിൽ എന്താകാം ബന്ധം? അത് അറിയാമായിരിക്കാം. ഒരു പക്ഷേ പറയാത്തതാകാം. ഇരുമ്പുമടക്കുകസേരകളും ഇരുമ്പുമേശകളും സന്തോഷച്ചടങ്ങുകളിലേക്ക് മാത്രമായിരുന്നില്ലല്ലോ വാടകയ്ക്ക് എടുക്കാറുണ്ടായിരുന്നത്. അതിനാലാകാം ഇരുമ്പുമടക്കുകസേരകളുടെ ഓർമ്മ കല്ലുരുക്കി ചെടികൾ കാണുമ്പോൾ എന്നത് പോലെ അമ്മയുടെ അച്ഛനിലേക്ക് എത്തുന്നത്.

 ‘കാലാ പത്തർ’ സിനിമയിൽ അമിതാഭ് ബച്ചൻ ഇരുന്ന കസേരയാണ്. ആ സിനിമയിൽ ശത്രുഘ്നൻ സിൻഹ ഒരു ഇരുമ്പുമടക്കുകസേരയിൽ ചാഞ്ഞിരുന്ന് മറ്റൊന്നിൽ കാല് കയറ്റി വെച്ച കസേരയാണ്.
‘കാലാ പത്തർ’ സിനിമയിൽ അമിതാഭ് ബച്ചൻ ഇരുന്ന കസേരയാണ്. ആ സിനിമയിൽ ശത്രുഘ്നൻ സിൻഹ ഒരു ഇരുമ്പുമടക്കുകസേരയിൽ ചാഞ്ഞിരുന്ന് മറ്റൊന്നിൽ കാല് കയറ്റി വെച്ച കസേരയാണ്.

പറഞ്ഞുകേൾക്കുക മാത്രം ചെയ്ത പിപീലിക സന്ദേശം പോലെ തന്നെ എപ്പോഴാ നിലച്ചു പോയതോ പ്രൈമറി സ്കൂളായി മാറിയതോ ആയ ആ ഏകാദ്ധ്യാപക വിദ്യാലയത്തെയും തളിപ്പറമ്പ് ഭാഗത്ത് ചെന്ന് കണ്ടെത്താൻ കഴിയുകയില്ല. ഭാഗ്യരാജിന്റെ ‘മുന്താണെ മുടിച്ച്’ എന്ന സിനിമയിലെയോ എ. സർകുനത്തിന്റെ ‘വാഗൈ സൂഡ വാ’ എന്ന സിനിമയിലെയോ ഏകാദ്ധ്യാപകരെ പോലെ കുറച്ചു കുട്ടികൾക്കൊപ്പം അമ്മയുടെ അച്ഛൻ തളിപ്പറമ്പിൽ ഒരു ഏകാദ്ധ്യാപകവിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്. ആ ഏകാദ്ധ്യാപന വിദ്യാലയം കരിമ്പത്താകാം, മന്നയിലാകാം, പട്ടുവത്താകാം, കുപ്പത്താകാം, മൊറാഴയിലാകാം, കുറുമാത്തൂരിലോ കൂടാലിയിലോ കൂവേരിയിലോ എവിടെയുകാം.

നോവലിൽ ഖസാക്ക് എന്ന പേരിലേക്ക് മാറിയ തസ്രാക്ക് പോലെ തളിപ്പറമ്പിന് അടുത്തുള്ള ഏതോ ഉൾനാടൻ ഗ്രാമമായിരിക്കും. ഖസാക്കിൽ രവി കണ്ട ചിതലിമല പോലെ അമ്മയുടെ അച്ഛന് കോട്ടക്കുന്നിന്റെ കാഴ്ചകൾ കൂട്ടുണ്ടായിട്ടുണ്ടാകാം. ഏതോ കടയുടെ മുകളിൽ ഒറ്റയ്ക്കുള്ള താമസമായിരുന്നത്രെ. മാസത്തിലൊരിക്കലൊക്കെയാണ് നാട്ടിലേക്ക് വരുന്നത്. ഉൾനാടുകളിലേക്ക് ബസൊക്കെ പിന്നീട് എപ്പോഴോ വന്നതാണ്. ഖസാക്കിൽ രവി ബസിറങ്ങുന്നുണ്ട്. പക്ഷേ വടക്കെ പൊയിലൂരിലേക്കൊന്നും അക്കാലത്ത് ബസൊന്നുമില്ല. പിന്നീട് ഏതോ കാലത്താണ് എഞ്ചിൻ ഭാഗം തള്ളി നിൽക്കുന്നതിനാൽ മുന്നിലേക്ക് മൂക്കുള്ള ആദ്യകാലത്തെ ബസ് വടക്കെ പൊയിലൂരിലേക്ക് വരുന്നതുതന്നെ. അതിനാലൊക്കെ പല സ്ഥലങ്ങളിലേക്ക് നടന്നു നടന്നുപോയ പഴയ കഥകളാണ് കേട്ടിട്ടുള്ളത്.

മറ്റ് തൊഴിലിടങ്ങളിലും മറ്റുമുള്ളവർ വായിക്കുന്നത് പോലെയായിരിക്കില്ലല്ലോ ഏകാദ്ധ്യാപകൻ നായകനായി വരുന്ന നോവൽ മറ്റൊരു ഏകാദ്ധ്യാപകൻ വായിച്ചിട്ടുണ്ടാകുക. അപ്പുക്കിളി അടക്കമുള്ള കുട്ടികളുടെ ഭാഗവും ഇൻസ്പെക്ഷന് വരുന്ന ഭാഗവുമൊക്കെ സ്വന്തം അനുഭവങ്ങളോട് ചേർത്തുവെച്ച് വായിച്ചുകാണും.

അമ്മയുടെ അച്ഛൻ അമ്മയുടെ അമ്മയെ കല്യാണം കഴിക്കാൻ പോയതുതന്നെ വടക്കെ പൊയിലൂരിൽ നിന്ന് കുറ്റ്യാടിക്ക് നടന്നുപോയാണ്. പാറക്കടവ് കടന്ന്, പെരിങ്ങത്തൂർ പുഴ കടന്ന്, നാദാപുരം കടന്ന്, മൊകേരി കടന്ന്, കുറ്റ്യാടി. ഒരു വയൽക്കരയിലെ വീട്ടിൽ നിന്ന് മറ്റൊരു വയൽക്കരയിലെ വീട്ടിലേക്കുള്ള നാടുകൾ താണ്ടിയുള്ള ദൂരം. അതേ നടത്തം വടക്കെ പൊയിലൂരിൽ നിന്ന് തലശ്ശേരിക്കും നടന്ന് കാണും കാളവണ്ടികളിലെ യാത്രകളുമാകാം.. അവിടെ നിന്ന് പയ്യന്നൂരിലേക്കോ മറ്റോ തീവണ്ടി. തലശ്ശേരി, കണ്ണൂർ എന്നൊക്കെ പറയുന്നത് പോലെ തളിപ്പറമ്പ് എന്ന് പറയുന്നതാകും. ഏകാദ്ധ്യാപന വിദ്യാലയം പയ്യന്നൂരിൽ തീവണ്ടി ഇറങ്ങി എങ്ങോട്ടേക്കോ നടന്നു നടന്ന് ചെന്നെത്തുന്ന ഇടത്ത് ആയിരുന്നിരിക്കും. മക്കളായ അമ്മയ്ക്കോ മാമനോ ഇളയമ്മയ്ക്കോ എവിടെയായിരുന്നു അവരുടെ അച്ഛൻ പഠിപ്പിച്ചിരുന്നത് എന്നറിയില്ല തന്നെ. അമ്മയുടെ ആറാം ക്ലാസ് കാലത്ത് നാടിനടുത്തുള്ള ഒരു സർക്കാർ സ്കൂളിലേക്ക് അമ്മയുടെ അച്ഛൻ എത്തിയിരുന്നു. എവിടെയായിരുന്നു പഠിപ്പിച്ചിരുന്നത് എന്ന് കൃത്യസ്ഥലം ചോദിക്കാൻ മക്കൾ പിന്നീട് മറന്നുപോയിരുന്നു. ഏതായിരുന്നു ആ സ്ഥലം എന്ന് കൗതുകത്തിന്റെ പുറത്ത് ചോദിക്കാൻ അമ്മയുടെ അമ്മയും ഇക്കാലമില്ല തന്നെ. എപ്പോഴെങ്കിലും ചെന്ന് അമ്മയുടെ അച്ഛൻ താമസിച്ചിരുന്ന കാലത്തെ കടമുറിയോ മറ്റോ അവിടെ ശേഷിക്കുന്നുണ്ടോ എന്ന് ചെന്ന് നോക്കാൻ പറ്റും വിധം ആ സ്ഥലം ഏതെന്ന് അറിയില്ല തന്നെ. എവിടെയായിരുന്നു ആ ഏകാദ്ധ്യാപക വിദ്യാലയം എന്നറിയാത്തതിനാൽ തന്നെ പഴയ വിദ്യാർത്ഥികളിൽ ആരെയെങ്കിലുമൊക്കെ കണ്ടെത്താനും കഴിയില്ല.

പറഞ്ഞുകേട്ട കഥകളിൽ തളിപ്പറമ്പുനിന്ന് മാസത്തിലൊരിക്കൽ പാതിരാനേരത്ത് ചൂട്ടും തെളിച്ച് അമ്മയുടെ അച്ഛൻ നാട്ടിലെത്തും. ഒറ്റയ്ക്ക് താമസിക്കുന്ന കടമുറിയിൽവെച്ച് വായിച്ച ആനുകാലികങ്ങൾ നാട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരുമായിരുന്നത്രെ. അന്നത്തെ മലയാള മനോരമ ആഴ്ചപ്പതിപ്പുകളും മാതൃഭൂമി ആഴ്ചപ്പതിപ്പുകളുമായിരുന്നുവത്രെ അവ. ചെറിയ പ്രായത്തിൽ തന്നെ അവ വായിച്ച അനുഭവങ്ങൾ അമ്മ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തളിപ്പറമ്പിൽ നിന്ന് നാട്ടിലേക്ക് മാറ്റം ലഭിച്ച് പോന്നശേഷവും ആനുകാലികങ്ങളുടെ വായന അമ്മയുടെ അച്ഛൻ തുടർന്നുപോന്നു. അപ്പോഴേക്കും തിരുവനന്തപുരം, പാലക്കാട് പോലുള്ള മറ്റ് ജില്ലകളിലെ പഠനവും ജോലിയുമൊക്കെയായി മാമന്റെ വിവിധ ആനുകാലിക ശേഖരവും അമ്മയുടെ വീട്ടിൽ ഇടം പിടിച്ചു. 1975 കാലത്ത് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒ.വി. വിജയന്റെ ‘ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം’ എന്ന കാർട്ടൂൺ കാണുന്നത് അമ്മയുടെ വീട്ടിലെ ആനുകാലികങ്ങളുടെ ശേഖരത്തിൽ നിന്നാണ്. മലയാളനാട്, കലാകൗമുദി, കുങ്കുമം പോലുള്ള ആനുകാലികങ്ങളുടെ ശേഖരം അമ്മയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. അമ്മയുടെ വീട്ടിലുണ്ടായിരുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ ഒരു കാലത്ത് ഏകാദ്ധ്യാപകവിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന സ്വന്തം അച്ഛന് ആ നോവൽ പുസ്തകമായി പുറത്തിറങ്ങിയ കാലത്ത് ഏതെങ്കിലും പുസ്തകശാലയിൽ കണ്ടപ്പോൾ മാമൻ സമ്മാനം പോലെ വാങ്ങി നൽകിയതുമാകാം.

1975 കാലത്ത് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒ.വി. വിജയന്റെ ‘ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം’ എന്ന കാർട്ടൂൺ കാണുന്നത് അമ്മയുടെ വീട്ടിലെ ആനുകാലികങ്ങളുടെ ശേഖരത്തിൽ നിന്നാണ്.
1975 കാലത്ത് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒ.വി. വിജയന്റെ ‘ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം’ എന്ന കാർട്ടൂൺ കാണുന്നത് അമ്മയുടെ വീട്ടിലെ ആനുകാലികങ്ങളുടെ ശേഖരത്തിൽ നിന്നാണ്.

എ.എസിന്റെ ചിത്രങ്ങളോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച കാലത്തുതന്നെ അമ്മയുടെ അച്ഛൻ തീർച്ചയായും ആ നോവൽ വായിച്ചിട്ടുണ്ടാകും. മറ്റ് തൊഴിലിടങ്ങളിലും മറ്റുമുള്ളവർ വായിക്കുന്നത് പോലെയായിരിക്കില്ലല്ലോ ഏകാദ്ധ്യാപകൻ നായകനായി വരുന്ന നോവൽ മറ്റൊരു ഏകാദ്ധ്യാപകൻ വായിച്ചിട്ടുണ്ടാകുക. അപ്പുക്കിളി അടക്കമുള്ള കുട്ടികളുടെ ഭാഗവും ഇൻസ്പെക്ഷന് വരുന്ന ഭാഗവുമൊക്കെ സ്വന്തം അനുഭവങ്ങളോട് ചേർത്തുവെച്ച് വായിച്ചുകാണും. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ വായനാനുഭവം പലരും എഴുതി കണ്ടിട്ടുണ്ട്. സമാനമായ തൊഴിൽ മേഖലയിലുള്ളവർ എഴുതിയ കുറിപ്പുകൾ പക്ഷേ വായിച്ചിട്ടില്ല. അമ്മയുടെ അച്ഛൻ ഏതോ കാലം മുതൽ എഴുതുന്ന ശീലം വേണ്ടെന്നുവെച്ച് വായന മാത്രം മതി എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നുവല്ലോ.

എഴുത്ത് വളരെ ചുരുക്കം മനുഷ്യരുടെ ശീലമാണ്.

ഓർമ്മകളെ, കഥാപാത്രങ്ങളെയൊക്കെ സൃഷ്ടിച്ച് കഥകളാക്കി മാറ്റണമെന്നുപറയാറുണ്ട്. അതായിരിക്കാം വ്യക്തിപരമായ നേട്ടങ്ങൾക്ക് കൂടുതൽ നല്ലത്. പക്ഷേ എഴുതാൻ പറ്റുമായിരുന്നിട്ടും എഴുതാതെ പോയവർക്കുവേണ്ടിയും എഴുതേണ്ടതില്ലേ? അവിടെ കൂട്ടിന് ഭാവനയേക്കാൾ നിജമായ കാര്യങ്ങൾ ചേർക്കുന്നതല്ലേ എഴുതാതെ പോയവർക്കുവേണ്ടി ചെയ്യാൻ കഴിയുക.

ഓർമ്മകളുടെ ഇരുമ്പുമടക്കുകസേരയിൽ ഇരുമ്പു മേശപ്പുറത്ത് എഴുത്തിന്റെ തീപ്പെട്ടിച്ചൊട്ട് കളിക്കുന്നു. തീപ്പെട്ടി കുത്തനെ വീണാൽ പത്ത്. തീപ്പെട്ടിക്കൊള്ളി ഉരയ്ക്കുന്ന ഭാഗം വീണ്ടാൽ അഞ്ച്. മുഖചിത്രമുള്ള ഭാഗം വീണാൽ ഒന്ന്. മറുഭാഗം വീണാൽ പൂജ്യം: എഴുത്തും ഒരു തീപ്പെട്ടിച്ചൊട്ട് തന്നെ. ചിലർ തീപ്പെട്ടിച്ചൊട്ടുകളി ഒരിടത്ത് വെച്ച് നിർത്തുന്നു. മറ്റു ചിലർ കളിച്ചുകൊണ്ടേയിരിക്കുന്നു.


Summary: Nostalgia is an ache that keeps pulling us back into the past. Arunkumar Pookkom reflects on memories, homesickness, emotional pain and the mind's inability to move forward.


അരുൺകുമാർ പൂക്കോം

എഴുത്തുകാരൻ. പൊലീസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെക്കാൻ ചിലത് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments