ചീർണി
ആദ്യകാല മദ്രസയോർമകളിൽ നബിദിന റാലികൾ ഞങ്ങൾ പെൺകുട്ടികളുടേത് കൂടിയായിരുന്നു. പാട്ടുകൊട്ടുകളും തക്ബീറുകളും നിറഞ്ഞ വർണാഭമായ ഘോഷയാത്രയിൽ മദ്ഹുകൾ ഏറ്റുപാടി ആൺകുട്ടികൾക്കുപിന്നിൽ ഞങ്ങളും നടന്നു. തോരണങ്ങളാൽ അലങ്കരിക്കപ്പെട്ട വഴികളിലൂടെ പുത്തനുടുപ്പണിഞ്ഞ്, വഴിയോരങ്ങളിൽ നിന്ന് മിഠായികളും ചീര്ണിപ്പൊതികളും ഏറ്റുവാങ്ങി ആൾക്കൂട്ടത്തിനൊപ്പം ഞങ്ങളും നീങ്ങി. മദ്രസയ്ക്ക് നിറമുണ്ടാകുന്ന ആണ്ടിലെ ഏക ദിവസം. എന്നാൽ ഇടക്കെപ്പൊഴോ വന്ന ‘പരിഷ്‌കാര'ങ്ങളിൽ നബിദിന ഘോഷയാത്രകൾ ആൺകുട്ടികളുടേത് മാത്രമായി. കൊടികളുയർത്തി മദ്ഹുപാടി നീങ്ങുന്ന ആൺറാലികളെ ഞങ്ങൾ മതിലിനുമറവിൽ നിന്ന് നോക്കി നിൽക്കേണ്ടി വന്നു. മിഠായികളും ചീര്ണിപ്പൊതികളും ബന്ധുക്കളായ ആൺകുട്ടികൾ മനസ്സലിഞ്ഞു നൽകുന്ന പങ്കുകളായി ചുരുങ്ങി.
അടയാളം
വീക്കിലികളിൽ നിന്ന് കീറിയെടുക്കുന്ന വീതി കുറഞ്ഞ, നീളം കൂടിയ കടലാസ് കഷണം ചെറുതായി മടക്കി മടക്കിയാണ് "അടയാളം' എന്ന് ഞങ്ങൾ വിളിച്ചിരുന്ന ബുക്മാർക് ഉണ്ടാക്കിയിരുന്നത്. മുസ്ആഫിന്റെ (ഖുർആൻ) ഓതി നിർത്തിയ ഏടിന്റെ ഇടയിൽ ഇത് അടയാളമായി തിരുകിവെക്കും. ‘ഏടി, ന്റെ അടയാളം പൊയ്ക്ക്ണ്, ഓത്തെവ്ടെത്തീ...', മദ്രസ്സയിലെ സ്ഥിരം സംഭാഷണങ്ങളിലൊന്നായിരുന്നു.
മുല്ലപ്പൂ സ്ലൈഡ്
മുല്ലപ്പൂ സ്ലൈഡുകൾക്ക് മുല്ലപ്പൂവിനേക്കാളടുപ്പം തട്ടത്തോടായിരുന്നു. തട്ടവും മുടിയും ചേർത്ത് കുത്തിയുറപ്പിച്ച സ്ലൈഡുകളായിരുന്നു തട്ടം തലയിൽ നിന്നൂർന്ന് വീഴാതെ കാത്തത്. പിന്നീട്, ‘ഫാഷൻ' കൂടിയപ്പോൾ അറ്റത്ത് കളർമുത്തുകൾ പിടിപ്പിച്ച നീളൻ മൊട്ടുസൂചികൾക്കായി ഔറത്തിന്റെ കാവൽ ദൗത്യം.
മുല്ലമൊട്ടുകൾ
മുല്ലമൊട്ടുകൾ സുഗന്ധത്തിന്റെ ഓർമയാണ്. വെളുത്ത നിസ്‌ക്കാരക്കുപ്പായത്തോടൊപ്പം രണ്ടോ മൂന്നോ മുല്ലമൊട്ടുകളും കൂട്ടിയാണ് നിസ്‌ക്കാരപ്പായ മടക്കി വെക്കുന്നത്.
മുടിക്കെട്ടുകൾ
കൊഴിഞ്ഞ് വീഴുന്ന ഓരോ മുടിയും പെറുക്കിയെടുത്ത് ചെറുതും വലുതുമായ കെട്ടുകളാക്കി അലമാരയുടെ മുക്കുകളിൽ പാത്ത് വെച്ചിരുന്ന ആർത്തവ കാലം. "വലിയ അശുദ്ധിയായ' "ഹൈള്' (ആർത്തവ രക്തം) മാറി കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ഈ മുടിക്കെട്ടുകളും കഴുകി വൃത്തിയാക്കി കളയുകയാണ് വേണ്ടത്. കാലം ശീലങ്ങളെ കൈവിട്ടെങ്കിലും അലമാരയിലെ മുടിക്കെട്ടുകൾ ഓർമകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നു.
വളപ്പൊട്ട്
പെരുന്നാൾ കാലം കുപ്പിവളകളുടെ സീസൺ കൂടിയായിരുന്നു. കുപ്പിവളകൾ വലിയ കൊട്ടകളിൽ തലച്ചുമടായേന്തി, വലിയ പെരുന്നാളിനും ചെറിയ പെരുന്നാളിനും മുമ്പായി, ചെട്ടിച്ചികൾ ഓരോ വീട്ടിലും വരും. ഒരാളുടെ കയ്യിൽ കയറുന്ന ഏറ്റവും ചെറിയ കുപ്പിവളയാണ് അയാളുടെ വളയുടെ അളവ്. രണ്ടുകയ്യിലും നിറയെ ഈ ചെറിയ വളകൾ അവരുതന്നെ ഇട്ടുതരികയാണ് പതിവ്. പിന്നീടവ മുഴുവനായും പൊട്ടിപ്പോകുകയല്ലാതെ ഊരിവെക്കാൻ കഴിയില്ല. വളപ്പൊട്ടുകളിയാണ് അന്ന് പെൺകുട്ടികൾക്കിടയിലെ പ്രധാന വിനോദം. പൊട്ടിപ്പോകുന്ന ഓരോ വളപ്പൊട്ടും വളപ്പൊട്ടുകളിക്കായി കളയാതെ സൂക്ഷിക്കും. ഏറെ വൈവിധ്യമാർന്ന വളപ്പൊട്ട് കളക്ഷൻ സ്വന്തമായുണ്ടാവുക എന്നത് ശരിക്കും ഒരു ഗമ തന്നെയായിരുന്നു.
സുറുമ
സുറുമയെഴുതിയ കണ്ണ്... കുളി കഴിഞ്ഞു വന്നാൽ കണ്ണിലൊരു സുറുമയെഴുത്ത് പതിവായിരുന്നു. തണുത്ത ചില്ലുകൊള്ളികൊണ്ട് സുറുമ കണ്ണിലെഴുതുമ്പോൾ ആദ്യമെത്തുന്ന എരിവിനെക്കാളേറെ മനസ്സിൽ തങ്ങുന്നത് പിന്നീടുള്ള തണുപ്പും കുളിരുമാണ്.
ചരട്
കുട്ടികളുടെ അരയിലെ കറുത്ത ചരടൊരു ആചാരമായിരുന്നു. ചിലർ വളരുമ്പോൾ ചരടും വളരും. പഴകും തോറും പുതുക്കി, നീളം കൂട്ടി, കൂടുതൽ കാലത്തേക്ക് അരയിൽത്തന്നെ കിടക്കും. ഇടക്കെപ്പോഴോ ആ ചരടിൽ ഒരു ഐക്കല്ലും കയറി. ഒടുവിലിവ ഒഴിവാക്കുന്ന ദിവസം കണ്ണാടിയിൽ നോക്കിയാൽ എന്തോ വലിയ കുറവായിരുന്നു.
മൈദ മൈലാഞ്ചി / പാട്ട മൈലാഞ്ചി
ശർക്കരപൊടി ഒരു പാട്ടയിലിട്ടടച്ച് കരിയിച്ച് അതിലെ നീരാവി ശേഖരിച്ച് മൈദയിൽ ചേർത്താണ് മൈദമൈലാഞ്ചി ഉണ്ടാക്കിയിരുന്നത്. പുഴവക്കിലെ കൊമ്പൊടിച്ചരച്ച നാടൻ മൈലാഞ്ചിയെക്കാളേറെ നഖങ്ങളിൽ ഇടാൻ നല്ലത് ഈ മൈദ മൈലാഞ്ചിയായിരുന്നു. മൈദമൈലാഞ്ചിയുടെ കരിംചുവപ്പ് നിറം കൂടുതൽ കാലം മങ്ങാതെ നിൽക്കുമെന്നതിനാൽ അതിന് പ്രിയമേറി. മൈദമൈലാഞ്ചിയുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന തുരുമ്പെടുത്ത പാൽപ്പൊടിപ്പാട്ടകൾ ഒരിക്കലും തുരുമ്പെടുക്കാത്ത ഓർമകളാണ്.
മോതിരക്കല്ല്
മോതിരം കെട്ടിക്കാനുള്ള കല്ലുകൾ ഗൾഫുകാരുടെ സ്ഥിരം സമ്മാനങ്ങളിൽപെട്ടതായിരുന്നു. കടും പച്ച, ചുവപ്പ്, കറുപ്പ്, ഓറഞ്ച് എന്നിങ്ങനെ തിളങ്ങുന്നതും തിളങ്ങാത്തതുമായ പലവിധ കല്ലുകളുടെ ശേഖരം മിക്ക ഗൾഫുകാരുടെയും വീടുകളിൽ കാണുമായിരുന്നു. അവയിൽ ചിലത് മാത്രം വെള്ളിയോ ചെമ്പോ വച്ച് കെട്ടിച്ച് മോതിരമായി ഉപയോഗിക്കും. ബാക്കിയുള്ളവ പരുത്തിത്തുണിയിൽ പൊതിഞ്ഞ് എന്നുമങ്ങനെ അലമാരകളിലൊതുങ്ങും.
മഷിയിലെഴുതിയ ഖുർആൻ വചനം
മദ്രസയിലെ "സദറുസ്താദ്' (പ്രധാനാധ്യാപകൻ) കടലാസിൽ മഷിപ്പേനയുപയോഗിച്ച് ഖുർആൻ വചനമെഴുതി നൽകിയിരുന്നു. ആ മഷി വെള്ളത്തിലലിയിച്ച് ബിസ്മി ചൊല്ലി കുടിച്ചത് "ബർക്കത്തിനായാണ്' (ഐശ്വര്യം) എന്നാണ് ഞാൻ കരുതുന്നത്. എന്താണെന്നോ എന്തിനാണെന്നോ ഒരിക്കലും അനേഷിച്ചിട്ടില്ലെങ്കിലും എന്തോ നന്മ ലഭിക്കുമെന്ന് കാലങ്ങളോളം വിശ്വസിച്ചുപോന്നു. കടലാസിലെഴുത്ത് കൂടാതെ പിഞ്ഞാണത്തിലും ഇത്തരത്തിൽ ഖുർആൻ വചനങ്ങളെഴുതി വെള്ളത്തിലലിയിച്ചു കുടിക്കാറുണ്ടായിരുന്നു.
മൊക്കന / മക്കന
വക്കു മടക്കി തയ്ച്ച ത്രികോണാകൃതിയിലുള്ള കോട്ടൺ തുണികളാണ് മൊക്കനയെന്ന് കേൾക്കുമ്പൾ ആദ്യം മനസ്സിലെത്തുക. ഉപയോഗിച്ച് പഴകിയ, മുട്ടുസൂചികൾ കുത്തി ഓട്ടകൾ വീണ, തൊങ്ങുപൊന്തിയ മൊക്കനകൾ പിന്നീട് ലെയ്സ് പിടിപ്പിച്ചതും തൊങ്ങലുകൾ കൊണ്ടലങ്കരിച്ചതുമായ ദുബായ് മഫ്തകൾക്ക് വഴിമാറി.
സെന്റും കുപ്പി
വാസനക്കായി അത്തറുപയോഗിച്ച് ശീലമില്ല. കടുത്ത ഗന്ധം ഒരുകാലത്തും ആകർഷിച്ചിട്ടില്ല എങ്കിലും അത്തറുകുപ്പികളും സെന്റുംകുപ്പികളും വീട്ടിലെ ഓഫീസ് മുറിയിലെ അലമാരയിൽ അലങ്കാരമായി നിരന്നിരുന്നു.
തസ്‌വി
ഹജ്ജും ഉംറയും കഴിഞ്ഞെത്തുന്ന അടുത്ത ബന്ധുക്കൾ സമ്മാനിക്കുന്നതാണ് തസ്‌വികൾ. അരുമയോടെ കോർത്തുവെച്ച ഭംഗിയുള്ള മുപ്പത്തിമൂന്ന് മുത്തുകൾ ▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 50-ൽ പ്രസിദ്ധീകരിച്ചത്.