വാക്കുകൾ അപ്രസക്തമാകുന്ന ചില സമയങ്ങളുണ്ട്. അങ്ങനെയൊരു സന്ദർഭമാണ് ഇത്. “സുഹൃത്തേ... ഒരുപാട് തിരക്കുകൾക്കിടയിലാണ് അങ്ങിത് വായിക്കുന്നതെന്ന് എനിക്കറിയാം. സന്തോഷമുണ്ട്. സ്നേഹവുമുണ്ട്...” ‘ഗുഡ് ബൈ മലബാർ’ എന്ന അവസാന നോവലിൻറെ ആമുഖത്തിൽ കെ.ജെ ബേബി (K.J.Baby) എന്ന എല്ലാവരുടേയും പ്രിയപ്പെട്ട ബേബി മാഷ് എഴുതി. തന്നെ വായിക്കുന്നത് പോലും മറ്റൊരാൾക്ക് ഭാരമാകരുത് എന്നാഗ്രഹിച്ചിരുന്ന ഒരാൾ ഭൂമിയിൽ തൻറെ അടയാളങ്ങൾ അവശേഷിപ്പിച്ച് മറഞ്ഞുപോയിരിക്കുന്നു. പോകുന്ന നിമിഷത്തിലും അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാവാം. ‘സുഹൃത്തേ... എന്നെ ഓർമ്മിക്കാൻ ജീവിതത്തിലെ ഒരു നിമിഷം മാറ്റിവച്ചല്ലോ. സ്നേഹമുണ്ട്..’
കെ.ജെ ബേബി എന്ന എഴുത്തുകാരനെയും ആക്ടിവിസ്റ്റിനെയും വയനാട്ടുകാർ (Wayanad) ഒരിക്കലും മറക്കില്ല. വയനാട് നടവയലിനടുത്ത് ചീങ്ങോടുള്ള കാട്ടിലെ ‘കനവി’നേയും. ബഹളങ്ങളില്ലാത്ത ജീവിതമായിരുന്നു ഷേർളിയമ്മയുടേയും ബേബിച്ചേട്ടൻറെയും. സമൂഹം കിറുക്കെന്ന് പറയുന്ന ചില കാര്യങ്ങൾ ചെയ്യാൻ ധൈര്യപൂർവ്വം ഇറങ്ങിത്തിരിച്ചവരാണ് അവർ. ശബ്ദിക്കാൻ പോലും ഭയന്നിരുന്ന ഒരു പറ്റം കുഞ്ഞുങ്ങൾക്കുവേണ്ടി ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസ സ്ഥാപനം ഒരുക്കി, അവരുടെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ നൽകി. സ്വന്തം എന്ന ഉറപ്പോടെ അരികിൽ ചേർത്തുപിടിയ്ക്കാൻ അന്നോളം ആരുമില്ലാതിരുന്ന കുഞ്ഞുങ്ങൾക്ക് ‘കനവ്’ തുറന്നിട്ട സ്വപ്നങ്ങളുടെ കാട് ആത്മവിശ്വാസത്തിൻ്റേതായിരുന്നു. തങ്ങളുടേതല്ലാത്ത അപരിചിത ശബ്ദങ്ങൾ നിറഞ്ഞ പൊതുവിദ്യാലയ ഇടങ്ങളിൽ പോകാൻ മടിച്ചിരുന്ന ആദിമവാസി വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്വയം കണ്ടെത്തലായിരുന്നു ആ ഗുരുകുലം. തങ്ങളുടെ പേച്ചുകളും മനോഹരമെന്ന്, തങ്ങളുടെ ഭാഷയ്ക്കും അതിൻറെ കനമുണ്ടെന്ന്, തങ്ങളുടെ പാട്ടുകൾക്ക് കാടിൻറെ സ്വച്ഛന്ദതയും സൗന്ദര്യവും ഉണ്ടെന്ന് അവർ തിരിച്ചറിയുകയായിരുന്നു. പ്രകൃതിയെ അറിഞ്ഞും പഠിച്ചും പാട്ടും ആട്ടവും കളരിയും എല്ലാമെല്ലാം ചേർത്ത് അവർ ജീവിതം ആഘോഷിച്ചു. എന്നാൽ പുതിയ കാലത്തെ തൊഴിൽ മാർക്കറ്റിലേക്കിറങ്ങാൻ അവരെ പ്രാപ്തരാക്കാൻ കനവിൻറെ സംവിധാനങ്ങൾ പര്യാപതമായിരുന്നില്ല എന്നത് സത്യമാണ്.
ഒരു ഒറ്റയാൾ പട്ടാളത്തിനു ചെയ്യാൻ കഴിയുന്നതായിരുന്നില്ല അത്രയും വലിയൊരു ഉത്തരവാദിത്വം എന്നു പറയാതെ വയ്യ. ആത്യന്തികമായി അതിൻറെ ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ കനവ് പരാജയപ്പെട്ടെങ്കിലും ഒരുപാട് കാലം ഒത്തിരി കുഞ്ഞുങ്ങളുടെ പ്രതീക്ഷയായിരുന്നു, ആഹ്ലാദമായിരുന്നു, ആ ‘കാടോരം സ്കൂൾ.’ വളരെ കാല്പനികം എന്ന് തോന്നാവുന്ന ഒരു സങ്കല്പത്തെ യാഥാർത്ഥ്യമാക്കാൻ ബേബിച്ചേട്ടനും ഷേർളിയമ്മയും ജീവിതത്തിലെ സുവർണകാലം ഒഴിഞ്ഞുവെക്കുകയായിരുന്നു. കാലത്തിനൊത്ത് പരിഷ്കരിക്കപ്പെടാതെയും സർക്കാർ സംവിധാനങ്ങൾ കൂട്ടില്ലാതെയും ഒരാൾക്കും ഇത്തരം സംരംഭങ്ങൾ വിജയിപ്പിച്ചു കൊണ്ടുപോവുക സാധ്യമല്ല എന്നതിന് തെളിവാണ് കനവിൻറെ ലക്ഷ്യമണയാത്ത യാത്ര. പുതിയ കാലത്തിനൊത്ത തൊഴിൽ പരിസരങ്ങളിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കാൻ പര്യാപ്തമല്ല എന്നതിനാലാവാം കനവുപോലുള്ള വലിയ കിനാവുകൾ ഇപ്രകാരം മാഞ്ഞുപോകുന്നത്.
കനവിൻറെ ദ്രവിച്ചടർന്ന ചുമരുകളും മേൽക്കൂരയും നിരാലംബമായ പുസ്തക ഷെൽഫുകളും എന്നെങ്കിലും ഇനി പുനർജനിക്കുമോ! കടന്നു പോകുന്ന വേളയിലും ആ കാട്ടിൽ തന്റെ സ്വപ്നങ്ങൾക്ക് പുനർജനി നൽകാൻ ആരെങ്കിലും വന്നുചേരുമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും ആ മനുഷ്യൻ. ‘കനവ് മക്കൾ ട്രസ്റ്റ്’നെ ഭാരമേൽപ്പിച്ച് നായകൻ അരങ്ങൊഴിയുമ്പോൾ അവർ ആ ഓർമ്മകളെ കാത്തുവെക്കാനും കാലത്തിനൊത്ത് കനവിനെ മാറ്റി എഴുതാനും ശ്രമിക്കുമായിരിക്കും. സുമനസ്സുകൾ അവർക്ക് കൂട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ‘കാട് എൻ നാട് ഈ വയനാട്, കൂട് എൻ വീട് ഈ വയനാട്’ കാലങ്ങൾ കഴിഞ്ഞാലും കുട്ടികൾ ആ പാട്ട് ഏറ്റുപാടുക തന്നെ ചെയ്യും.
ഞങ്ങൾക്ക് ബേബിച്ചേട്ടനും ഷേർളിയമ്മയും കുടുംബ സുഹൃത്തുക്കളായിരുന്നു. എഴുത്തിൽ വലിയ പ്രോത്സാഹമായവർ. പ്രചോദനമായവർ. എൻറെ ആദ്യനോവൽ ‘വല്ലി’ ഇറങ്ങിയ ഉടൻ പുസ്തകവുമായി ചെന്നപ്പോൾ ‘താൻ ഇങ്ങനെയൊക്കെ എഴുതുമോ’ എന്ന് വലിയ അത്ഭുതമായിരുന്നു. നോവൽ വായിച്ച് വൈകാതെ മാനന്തവാടിയിലെ ഒരു വിദ്യാലയത്തിലേക്ക് കൽപ്പറ്റ ഡിസിയിൽ നിന്ന് ഇരുപതു കോപ്പികൾ വാങ്ങിച്ചത് ഷേർളിയമ്മയാണ്. വല്ലിയിലെ ‘കാടോരം സ്കൂൾ’ അവരുടെ നിസ്വാർത്ഥ ജീവിതത്തിനും കനവിനും ഉള്ള ഈയുള്ളവളുടെ വിനീത സമർപ്പണമായിരുന്നു. അങ്ങനെ ഒരു അടയാളപ്പെടുത്തൽ വന്നതിൽ ബേബിച്ചേട്ടൻ സന്തോഷം അറിയിച്ചിരുന്നു.
എൻറെ ചാച്ചനൊപ്പം പണ്ട് ഒരുമിച്ചു ഏതോ നാടകത്തിനു ശേഷം രാത്രിയിൽ പെരുമഴയത്ത് കബനി കടന്നുവന്ന കാര്യമൊക്കെ അവസാനം കണ്ടപ്പോഴും പറഞ്ഞു. ‘നമുക്കൊരുമിച്ച് ഒരു നോവലെഴുതണം, വയനാട് പശ്ചാത്തലമായി. പഴയകാലത്തെ ഞാനെഴുതാം. ഇന്ന് വയനാട്ടിൽ നിന്ന് കുടിയിറങ്ങി പോകുന്ന തലമുറയെ നീ പകർത്തണം’ എന്നൊക്കെ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ എല്ലാറ്റിനും കരുത്തും പ്രചോദനവുമായി ഒപ്പമുണ്ടായിരുന്ന ഷേർളിയമ്മയുടെ വേർപാടോടെ ആ ചിന്തകൾക്ക് തുടർച്ചയുണ്ടായില്ല. നടവയലിലെ വീടിൻറെ മുറ്റത്ത് ഷേർളിയമ്മയുടെ ശവകുടീരത്തിനരികിൽ നിന്നാണ് ഒടുവിൽ യാത്ര പറഞ്ഞു പോന്നത്. ഇനിയും കാണില്ലെന്ന് അറിയാതെ... ആ ചിത്രം മായാതെ മനസ്സിലുണ്ട്.
ആദിമവാസികൾ സ്വന്തം ജീവിതകഥ അഭിനയിച്ചു കാണിച്ച ‘നാടു ഗദ്ദിക’ തകർത്താടിയ നാളുകളും ജയിൽ വാസത്തിൻറെ നാളുകളും ഒക്കെ കഴിഞ്ഞുപോയി. കനവിൻറെ നാളുകളും കടന്നുപോയി. “തമ്പുരാക്കാൻമാർക്ക് കാലികളെപ്പോലെ വിൽക്കുവേം വാങ്ങുവേം പണയം വെക്കുവേം ചെയ്യാമ്പറ്റുന്ന” അടിമകളുടെ ജീവിതം പറഞ്ഞ, മുറിവേൽപ്പിക്കപ്പെട്ടവൻറെ കണ്ണിലൂടെ അവൻറെ പാട്ടുകളിലൂടെ കഥകളിലൂടെ എഴുതപ്പെട്ട ‘മാവേലി മൻറം’ വൈകിയാണെങ്കിലും മലയാളി ഏറ്റെടുത്തു. ആദ്യമൊക്കെ നോവൽ കൊണ്ടുനടന്നു വിറ്റിട്ടും ചിലവായില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. തുടർന്ന് ‘മാവേലി മൻറ’ത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തിരുവിതാംകൂറിൽ നിന്നുള്ള വയനാടൻ കുടിയേറ്റത്തിൻറെ കഥ പറഞ്ഞ ‘ബെസ്പുർക്കാന’ എന്ന നോവൽ അധികം വായിക്കപ്പെട്ടില്ല.
“കുറച്ചു മുളഞ്ചീളുകളും നൂലിഴകളും ഉണ്ടെങ്കിൽ തുടങ്ങാൻ പറ്റുന്ന ഒരു ചെറു ജീവിതമുണ്ടെങ്കിൽ നമ്മളെന്തിനീ മല മാറ്റിമറിയ്ക്കണം? നമുക്കീ മലകളൊക്കെ കണ്ടും കേട്ടും ശാന്തമായി കടന്നുപോകാലോ?”(ബെസ്പുർക്കാന) മനം നൊന്തു ചോദിച്ചോട്ടെ, പിന്നെന്തിനായിരുന്നു ധൃതിപ്പെട്ട് ഈ കടന്നുപോക്ക്!
“വയനാട്ടിൽ അടിയോർക്കിടയിൽ ഒരു ആചാരമുണ്ട്. പ്രായമായ ഒരാൾ മരിച്ചാൽ സമ്പാദ്യങ്ങൾ എവിടെയെങ്കിലും പാത്തു വെച്ചിട്ടുണ്ടോ എന്ന് തപ്പിനോക്കും. എന്തെങ്കിലും കിട്ടിയാൽ അത് സ്വന്തക്കാർക്കുള്ളതല്ല. ചുടലയിലേക്കെടുക്കും മുമ്പ് മൂപ്പൻ ആ കിലുങ്ങുന്ന ജീവിത സമ്പാദ്യവും അതിൽ അടങ്ങിയ സ്വപ്നവും മുകളിലേക്ക് വലിച്ചെറിയും. അതുപോലെ ചൂറ എറിയാനായി ഞാൻ ഈ മലമുകളിൽ നിൽക്കുകയാണ് ഞാൻ. എൻറെ കയ്യിൽ കഴിഞ്ഞ കാലത്തിൽ തപ്പിയപ്പോൾ കിട്ടിയ, ഇനിയും മരിച്ചിട്ടില്ലാത്ത കുറച്ചു മുടിനാരിഴകൾ മാത്രം. ഒരു തുടിച്ചീള് പോലും കേൾക്കാനില്ലാത്ത ഈ രാത്രിയിലേക്ക് ഞാനീ മുടിയിഴകൾ വലിച്ചെറിയട്ടെ.”(മാവേലി മൻറം)
നാടകവും സംഗീതവും സാഹിത്യവും സാംസ്കാരിക പ്രവർത്തനവും എല്ലാം ചേർന്ന ആ ജീവിതം അസ്തമിച്ചു. യാത്രയാക്കുന്നു ഞങ്ങൾ വയനാടിൻറെ ഉൾത്തുടിപ്പുകൾ അറിഞ്ഞ പ്രിയപ്പെട്ട കഥാകാരനെ.. ശബ്ദമേളങ്ങളില്ലാതെ, ശബ്ദമില്ലാത്തവർക്കായ്, ജീവിച്ചു കടന്നുപോയ നിശബ്ദ വിപ്ലവകാരിയെ... പച്ചയായ മനുഷ്യനെ... കണ്ണീർ പ്രണാമം...