സഖാവേ, സ്‌നേഹമുള്ള, ഉറപ്പുള്ള രാഷ്ടീയമായിരുന്നു നിങ്ങൾ

'കാല് വേച്ചു വച്ച് നടന്ന് ഈ മനുഷ്യൻ താണ്ടിയ ദൂരവും അനുഭവവും എത്രയെന്ന് നമുക്ക് അമ്പരപ്പ് തോന്നും. വിദ്യാർത്ഥി കാലം മുതൽക്ക് പോലീസിന്റെ തല്ല് കൊണ്ടതും അനേകം സമര മുഖങ്ങളിൽ നിർഭയം നേതൃ നിരയിൽ അണിനിരന്നതും ലാത്തികൾക്കും ജലപീരങ്കികൾക്കും മുന്നിൽ ബാലൻസ് തെറ്റാതെ മുദ്രവാക്യം വിളിച്ചതും ഈ മനുഷ്യനാണ്'

രിക്കുമ്പോൾ കുഴിവെട്ടുകാരൻ കൂടി കരഞ്ഞു പോകും വിധം മനോഹരമായി ജീവിക്കണമെന്ന് എഴുതുമ്പോൾ മാർക്ക് ടൈ്വന് തന്നെ നിശ്ചയമുണ്ടായിരുന്നിരിക്കണം അത്ര ലളിതമല്ല അങ്ങനെയൊരു ജീവിതം ജീവിച്ചു മരിക്കലെന്ന്. ജീവിച്ചിരിക്കുന്ന ഒരാളെക്കാൾ തീവ്രതോടെ മരിച്ച ഒരാളിന്റെ ഓർമ്മ നമ്മളെ കുഴയ്ക്കും. നമ്മളിൽ അയാളേറ്റിയ ജീവിതം പല രൂപങ്ങളിൽ കുഴമറിയും. മരിച്ചു പോയ മനുഷ്യന്റെ ഓർമ്മകൾ നമ്മളെ ഒരേ സമയം ധീരരും അധീരരുമാക്കും. അയാൾ നീട്ടിയ സ്‌നേഹവും സൗഹൃദവും നിലപാടുറപ്പുകളും ഓർമ്മയായി വന്നെത്തി നോക്കി സ്വാസ്ഥ്യം കെടുത്തും. കുഴിവെട്ടുകാരൻ കൂടി കരയും വണ്ണം, ഒപ്പം ജീവിച്ച ഏതൊരാളും ഊഷ്മളമാം വിധം ഓർത്തു നോവുകയും നെടുവീർപ്പിടുകയും കുന്നുകൂടുന്ന ശൂന്യതയിൽ വിമ്മിഷ്ടപെടുകയും ചെയ്യും വണ്ണം ഒരപൂർവ്വ സുന്ദര സ്‌നേഹ ജീവിതം നയിച്ച ആളുടെ മരണത്തിന് തീവ്രത ഏറും. അങ്ങനെ ഒരാളുടെ മരണം നിർമിക്കുന്ന വ്യഥയും തീവ്രമാകുന്നു.

അടുത്തിടപഴകിയ അനേകം മനുഷ്യരെ, അധികാരത്തിന്റെ കള്ളികൾക്ക് ഉള്ളിൽ ജീവിക്കുന്ന മനുഷ്യരെ മുതൽക്ക്, അധികാരത്തിന്റെ ഭൂവിസ്താരങ്ങൾക്ക് അടികളപ്പുറം ജീവിക്കുന്ന നിസ്വമനുഷ്യരെ വരെ സഖാവ് പി ബിജുവിന്റെ വേർപാട് ഉലച്ചു കളഞ്ഞ ദിവസമാണ് ഇന്ന്. മാർക്ക് ടൈ്വൻ പറഞ്ഞ, അങ്ങേയറ്റം ആയാസകരമായ - "മനോഹരമായി ജീവിക്കൽ പ്രക്രിയ' പി ബിജുവിൽ അവസാനിച്ച ദിവസം കൂടിയാണിത്.

ഒരു കാലിനു ചെറിയ മുടന്തുണ്ടായിരുന്നു.

സ്‌നേഹവും രാഷ്ട്രീയവും നിലപടുകളും ഒരിക്കലും മുടന്തിയില്ല.

അത്ര ഉറപ്പുള്ള രാഷ്ട്രീയമായിരുന്നു.
അത്ര തെളിച്ചമുള്ള ജീവിതമായിരുന്നു.

അന്തരിച്ച പി. ബിജുവിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു

കാല് വേച്ചു വച്ച് നടന്ന് ഈ മനുഷ്യൻ താണ്ടിയ ദൂരവും അനുഭവവും എത്രയെന്ന് നമുക്ക് അമ്പരപ്പ് തോന്നും. വിദ്യാർത്ഥി കാലം മുതൽക്ക് പോലീസിന്റെ തല്ല് കൊണ്ടതും അനേകം സമര മുഖങ്ങളിൽ നിർഭയം നേതൃ നിരയിൽ അണിനിരന്നതും ലാത്തികൾക്കും ജലപീരങ്കികൾക്കും മുന്നിൽ ബാലൻസ് തെറ്റാതെ മുദ്രവാക്യം വിളിച്ചതും ഈ മനുഷ്യനാണ്. ഒട്ടും മുടന്തില്ലാത്ത രാഷ്ട്രീയമായിരുന്നു പി ബിജുവിന്റേത്. തല്ല് കൊണ്ട് ചതഞ്ഞരഞ്ഞു പോലീസ് ജീപ്പിലേക്കോ ആംബുലൻസിലേക്കോ എടുത്തു കൊണ്ട് പോകുന്ന സഖാവിന്റെ അനേകം ചിത്രങ്ങൾ ഇന്ന് ടൈംലൈനിൽ ഷെയർ ചെയ്യപ്പെട്ടു കണ്ടു. ആ ചിത്രങ്ങളിലൊക്കെ ഈ മനുഷ്യൻ ചോര ഒലിക്കുന്ന ശിരസ്സുമായി കൈകൾ ആയാസപ്പെട്ടുയർത്തി മുദ്രാവാക്യം വിളിക്കുന്നത് കാണാം. ഉജ്ജ്വലമായ ഒരു രാഷ്ട്രീയ മുദ്രവാക്യമായിരുന്നു സഖാവിന്റെ ജീവിതം. നിർഭയത്വവും ആദർശ പരതയുമായിരുന്നു ആ ജീവിതത്തിന്റെ കാതൽ. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് പി ബിജുവിനൊപ്പം തുരുവനന്തപുരത്ത് സഹമുറിയാനായി താമസിച്ചിരുന്ന ഒരാൾ ഇന്നെഴുതിയ ഓർമ്മക്കുറിപ്പിൽ ഒറ്റയ്ക്കിരിക്കുമ്പോൾ പാട്ടു പോലെ മുദ്രവാക്യങ്ങൾ പാടിക്കൊണ്ട് നടന്നിരുന്ന സഖാവിനെ ഓർക്കുന്നുണ്ട്. എസ് എഫ് ഐ യുടെ അമരക്കാരനായി ഇരിക്കുമ്പോഴും ഡി വൈ എഫ് ഐയുടെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും ഈ മനുഷ്യൻ മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുത്തു പോരാട്ടങ്ങളുടെ മുന്നേ നടന്നത് ഓർമ്മയിലെ രജത രേഖയാണ്.

ഒരു സഖാവിന് ഉണ്ടാകണം എന്ന് പൊതു ബോധം കരുതുന്ന കാർക്കശ്യമോ മുറുക്കമോ പി ബിജുവിനെ തൊടാൻ മടിച്ചു എന്നു തോന്നിയിട്ടുണ്ട്. കാണുമ്പോഴൊക്കെ ചിരിക്കുന്ന, സമപ്രായക്കാരോടും സഖാക്കളോടും തോളിൽ കൈയിട്ടു വർത്താനം പറയുന്ന, കളി തമാശ പറയാനും വിയോജിക്കാനും ബന്ധങ്ങളിൽ സ്പേസ് സൂക്ഷിച്ച, ഒപ്പമുള്ള മനുഷ്യരുടെ ചെറിയ മുറിവുകളെ പോലും തന്റേതായി എണ്ണിയ ഒരാൾ. രാഷ്ട്രീയമോ ജീവിതമോ അഭിനയിക്കാനുള്ളതാവരുത് എന്ന ഉറച്ച ബോധ്യം എല്ലാ കാലത്തും കൂടെക്കൊണ്ട് നടക്കുന്നതിൽ സഖാവ് പ്രത്യേക ശ്രദ്ധ ചെലുത്തി. സത്യം വെളിച്ചം പോലെ ഈ മനുഷ്യനൊപ്പം എപ്പോഴും നടന്നു. ഒപ്പമുള്ള മനുഷ്യരിൽ, പ്രിയമുള്ള മനുഷ്യരിൽ സുരക്ഷിത്വം നിറയ്ക്കുന്ന മാന്ത്രികത ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കാൻ മരണം വരെയും അദ്ദേഹത്തിനായി.

എല്ലാ തരം മനുഷ്യർക്കും പ്രവേശിക്കാൻ തുറന്നിട്ട വാതിലുകൾ സഖാവിനുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായർ മുതൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിമാർ വരെ സഖാവ് പി ബിജുവിന് പ്രിയപ്പെട്ടവരായി. ഇടപെടുന്ന എല്ലാ മനുഷ്യർക്കും ആത്മബന്ധം തോന്നിക്കുന്ന ഒന്ന്, ജീവിതത്തിന്റെ സത്ത പോലെ തെളിഞ്ഞു നിന്നു. മുതിർന്ന നേതാക്കളോട് അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന സഖാവിന്, കീഴ് ഘടകങ്ങളിൽ പ്രവർത്തിക്കുന്ന പല തലമുറയിലെ മനുഷ്യരോടും മറ്റു പാർട്ടികളിലെ പ്രവർത്തകരോടും അതേ സ്‌നേഹ സൗഹൃദങ്ങൾ നിലനിർത്താനായി. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി മുതൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ വൈസ് ചെയർമാൻ വരെ പല സുപ്രധാന സ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോഴും അധികാരമില്ലാത്ത, ഉടഞ്ഞു പോയ, നീതി നിഷേധങ്ങൾക്ക് ഇരയാക്കപ്പെട്ട മനുഷ്യർക്ക് വേണ്ടിയാണു സഖാവ് പ്രവർത്തിച്ചത്. അടിസ്ഥാന വർഗ്ഗത്തിലെ മനുഷ്യർ എളുപ്പത്തിൽ ചേർന്ന് നിൽക്കാൻ സാധിക്കുന്ന ഒരിടമായാണ് സഖാവിനെ കണ്ടത്.

യുവജന ക്ഷേമ ബോർഡിന്റെ പ്രവർത്തങ്ങളിൽ സിനിമയും നവ മാധ്യമവും, കവിതയും ഒക്കെ സജീവ സാന്നിധ്യമാക്കിയ സാംസ്‌കാരിക മനസ് കൂടി സഖാവിന് ഉണ്ടായിരുന്നു. കേരളത്തിലെ ചെറുപ്പക്കാർക്ക് വേണ്ടി കഴിഞ്ഞ നാല് വർഷക്കാലം യുവജന ക്ഷേമ ബോർഡ് നടത്തിയ പരിപാടികളിലെ വൈവിധ്യവും കാലികതയും സഖാവിന്റെ സംഘാടന പാടവത്തിന്റെയും സർഗാത്മകമായ ആലോചനകളുടെയും സാക്ഷ്യമാണ്.

ചാനൽ ചർച്ചകളിൽ, ത്രസിപ്പിക്കുന്ന പ്രസംഗ സദസ്സുകളിൽ ഒന്നും ഈ മനുഷ്യൻ ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. "ഉജ്ജ്വല സംഘാടകൻ ' എന്ന് പാർട്ടിയും സാംസ്‌കാരിക പ്രവർത്തകരും സാക്ഷ്യം പറഞ്ഞു. ലൈം ലൈറ്റിൽ സഖാവ് പി ബിജു ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷേ, സഖാക്കളുടെയും അടുത്തിടപഴകിയ ഓരോ മനുഷ്യരുടെയും ഹൃദയത്തിൽ എന്നും ഈയൊരാൾ തെളിഞ്ഞു നിന്നു, ജനകീയത എന്നാൽ മാധ്യമ ദൃശ്യതയോ ആൾകൂട്ടത്തെ ഇളക്കി മറിക്കാനുള്ള പ്രസംഗ പാടവമോ മാത്രമല്ല എന്ന് സഖാവ് പി ബിജു കേരളത്തെ പഠിപ്പിച്ചു.

പി.ബിജു എസ്.എഫ്.ഐ സമരത്തിനിടെ

ഒരുപാട് വിഭവങ്ങൾ കൈവശം സൂക്ഷിച്ച, പ്രത്യയ ശാസ്ത്ര ദൃഢതയും അടിസ്ഥാന മനുഷ്യരുടെ ജീവൽപ്രശ്‌നങ്ങളെ പ്രതി ആകുലതയും സൂക്ഷിച്ച- അവ അഭിസംബോധന ചെയ്യാൻ ശാശ്വതമായ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാൻ ആർജവമുള്ള, വരാനിരിക്കുന്ന കേരളത്തിന് പല വിധത്തിൽ ഉപയോഗിക്കാമായിരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗം പാർട്ടിക്കും കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിനും തീരാനഷ്ടമാണ്. അടിമുടി രാഷ്ട്രീയമായിരുന്ന ഒരാളാണ് ഇന്നില്ലാതായത്.

പ്രിയ സഖാവെ,

നിങ്ങൾക്ക് വയ്യ എന്നറിഞ്ഞപ്പോൾ കരഞ്ഞു പോയ മനുഷ്യരെ, ഇന്നലെയും മിനഞ്ഞാനും മുഴുക്കെ, നിങ്ങൾ മരിച്ചു പോകാതിരിക്കാൻ പ്രാർഥിച്ച മനുഷ്യരെ എനിക്കറിയാം. അവരിൽ അവിശ്വാസികളായ സംഘടനാ പ്രവർത്തകർ വരെയുണ്ടായിരുന്നു. നിങ്ങളുടെ ഓർമ്മകളിൽ ഉലഞ്ഞു മുറിഞ്ഞവർ.

സ്‌നേഹമുള്ള രാഷ്ട്രീയമായിരുന്നു പി ബിജുവിന്റേത്. അത് അധികാരത്തിന് പുറത്ത് അദൃശ്യമായി പുതിയ ജൈവ ഭാഷ കണ്ടെത്തുകയും പുതിയ വഴികളിൽ സഞ്ചരിക്കുകയും ചെയ്തു. സ്‌നേഹമാണ് ഏറ്റവും വലിയ വിപ്ലവ പ്രവർത്തനമെന്ന സെയിന്റ് അഗസ്റ്റിന്റെ വരികളെ പ്രിയ സഖാവ് പി ബിജു ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചു.

അഭിവാദ്യങ്ങൾ സഖാവേ

Comments