യു.എ ഖാദർ

മലയാളത്തിന്റെ ‘ഖാദർ’ മാനം!

ഒരു തനിനാടൻ അടിക്കാരന്റെ നാട്യത്തിൽ, മർമ്മങ്ങളൊന്നുമറിയില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും മലയാളഭാഷയെ മൂടിനിന്ന സ്​മരണകളുടെ ഏക്കൽമണ്ണിനെയാണ് കാലമഴയുടെ കുത്തൊഴുക്കിൽ നിന്ന് മലയാളത്തിന്റെ പ്രിയ യു.എ. ഖാദർ വീണ്ടെടുക്കുന്നത്

ഞാനാദ്യം കേട്ടത് തൃക്കോട്ടൂർ പെരുമകളാണ്. പിന്നെയാണ് ഞാൻ ‘ഖാദർ ഭായി’യെ കാണുന്നത്. നടപ്പിലും നിൽപ്പിലും വേറൊരാൾ! നാല് പതിറ്റാണ്ട് മുമ്പുള്ള ആ കാഴ്ച ഇപ്പോഴും മനസ്സിൽ, ഹൃദ്യമായൊരു അനുഭവമായി തുളുമ്പുന്നു. കേരളത്തിന്നുള്ളിലുള്ള ഒരേയൊരു ‘ബർമ്മ’യാണിതെന്നൊന്നും അന്നത്ര അറിഞ്ഞിരുന്നില്ല!

തൃക്കോട്ടൂർ പെരുമ കയ്യിലെടുക്കുമ്പോൾ, എത്രയോ സാഹിത്യകൃതികളിൽ ഒരു കൃതി, എന്നു മാത്രമായിരുന്നു അതും എന്നാണ് കരുതിയിരുന്നത്. എന്നാൽ വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് ലോകം വേറെ എന്ന് തിരിഞ്ഞത്. അതിനുമുമ്പും മിത്തുകളുടെ മാളങ്ങളിൽനിന്നും പാമ്പുകളിഴയുന്നത് കണ്ടിട്ടുണ്ട്. ചേപ്പറയും കോപ്പിരാട്ടിയും സുയിപ്പാക്കലും പോയത്തരവും അലക്കുലുത്തും നാമൂസും ഉരുട്ട്പിരട്ടും തുടങ്ങിയ വാക്കുകളേറെ കേട്ടിട്ടുണ്ട്. പോരിശമേറിയ തങ്ങമ്മാരെയും, ഉറഞ്ഞാടുന്ന കോമരങ്ങളെയും, നിധി കാക്കുന്ന പാമ്പുകളെയും, ചുട്ടകോഴികളെ പറത്തുന്ന മന്ത്രവാദികളെയും പറ്റി കേട്ടിട്ടുണ്ട്. കുടിപ്പകകളും മേൽക്കോയ്മയും, രതിയും, കൊള്ളരുതായ്മകളും കെട്ടിമറിയുന്ന ഇരുണ്ട ജീവിത വിവരണങ്ങൾ വായിച്ചിട്ടുണ്ട്. എന്നിട്ടുമെന്തോ തൃക്കോട്ടൂരെന്നെയിട്ട് വല്ലാതെ വട്ടം കറക്കി. ഒപ്പം ദേശാഭിമാനി വാരികയുടെ എഡിറ്ററും കഥാകൃത്തുമായ സിദ്ധാർത്ഥൻ പരുത്തിക്കാടിന്റെ പ്രേരണയും.

യു.എ ഖാദർ പിതാവ് ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടി ഹാജിക്കൊപ്പം

അക്കാദമികൾ സന്ദർശിക്കാനുള്ള ഒരജണ്ട, അക്കാദമി കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുകയാണ്. എരുമേലി മാഷാണ് സെക്രട്ടറി. യു. എ. ഖാദർ എന്തായാലും വേണം, എല്ലാവരും പറഞ്ഞു. ‘ഞാനില്ല, കെ. ഇ. എൻ പോകട്ടെ’ എന്നായി അദ്ദേഹം! പ്രശസ്​ത സാഹിത്യകാരന്മാരുടെ പാനലിൽ അങ്ങിനെ എന്റെ പേരും!

അങ്ങിനെയാണ്, ചോരയിറ്റുന്ന മുറിവുകൾ എന്ന പേരിൽ മൂന്നര പതിറ്റാണ്ടുമുമ്പ് തൃക്കോട്ടൂർ പെരുമയെന്ന യു. എ. ഖാദർ മാസ്റ്റർപീസിനെക്കുറിച്ച് ഞാനെഴുതുന്നത്.

അതിന്നു ശേഷമാണ് യു. എ. ഖാദറെ പരിചയമാവുന്നത്. അതെന്റെ എഴുത്ത് തുടക്കകാലമാണ്. തൃക്കോട്ടൂരിന്റെ പെരുമയിൽ പുളകിതനായിരിക്കെ, ആ കൃതിക്കെതിരെയുള്ള വിമർശനങ്ങളും, അതിലുണ്ടായിരുന്നു. എന്നെ ഞാനൊഴിച്ച്, അത്രയധികം ആളുകളൊന്നും, അറിയുമായിരുന്നില്ല. എന്നിട്ടും, തൃക്കോട്ടൂർ കുറിപ്പ് വായിച്ച് യു. എ. ഖാദർ, എന്നെ അന്വേഷിച്ചു. സ്​നേഹം പകർന്നു. സത്യം, ഞാനാകെ വിരണ്ടുപോയി! അവിടെയും നിന്നില്ല ആ സൗഹൃദം. കോഴിക്കോട്ടെ അളകാപുരിയിൽ വെച്ച്, ‘കോഴിക്കോടിന്റെ കുഞ്ചൻ നമ്പ്യാർ’ എന്ന് പ്രശസ്​ത അഭിനയപ്രതിഭ മാമുക്കോയ വിശേഷിപ്പിച്ച രാമദാസൻ വൈദ്യരുടെ നേതൃത്വത്തിൽ, യു. എ. ഖാദറിന്​ പൗരസ്വീകരണം. അതിൽ മുഖ്യപ്രഭാഷകനായി ഞാൻ! ആദ്യത്തെ എന്റെ എഴുത്ത് തുടക്കകാലമാണ്. ആദ്യത്തെ എന്റെ അളകാപുരി പ്രവേശം.

‘ഒരുമാതിരിപ്പെട്ട എഴുത്തുകാരെയൊക്കെ എനിക്കറിയാം, ‘തന്നെയിതുവരെ കണ്ടിട്ടില്ലല്ലോ’ എന്ന് ഒരു കള്ളചിരിയോടെ വൈദ്യർ. ‘നന്നായി എഴുതുമെന്ന്’ തൊട്ടടുത്തിരുന്ന യു. എ. ഖാദർ. എനിക്കു ലഭിച്ചൊരാദ്യ പുരസ്​കാരം. പിന്നീട് മൂന്നു നാല് വർഷങ്ങൾക്കുശേഷം അദ്ദേഹത്തോടൊപ്പം, കേരള സാഹിത്യ അക്കാദമി അംഗമാവാനും, സാംസ്​കാരിക പ്രഭാഷണങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങളുണ്ടായി. കേരള സാഹിത്യ അക്കാദമി പ്രവർത്തനങ്ങളെ കുറേക്കൂടി സജീവമാക്കാൻ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള മറ്റ് അക്കാദമികൾ സന്ദർശിക്കാനുള്ള ഒരജണ്ട, അക്കാദമി കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുകയാണ്. എരുമേലി മാഷാണ് സെക്രട്ടറി. യു. എ. ഖാദർ എന്തായാലും വേണം, എല്ലാവരും പറഞ്ഞു. ‘ഞാനില്ല, കെ. ഇ. എൻ പോകട്ടെ’ എന്നായി അദ്ദേഹം! പ്രശസ്​ത സാഹിത്യകാരന്മാരുടെ പാനലിൽ അങ്ങിനെ എന്റെ പേരും!

യു.എ ഖാദർ പത്മരാജനോടൊപ്പം / ഫോട്ടോ : പുനലൂർ രാജൻ

ഏതോ പ്രഭാഷണം കഴിഞ്ഞ് തിരിച്ച് തീവണ്ടിയിൽ മടങ്ങുമ്പോഴാണ്, അദ്ദേഹം, സ്വന്തം ജീവിതകഥ പറഞ്ഞത്. എനിക്കത് ശ്വാസമടക്കിപിടിച്ച് കേൾക്കുകയേ വേണ്ടിവന്നുള്ളു. സത്യം പറഞ്ഞാൽ അന്നാണ് ഞാൻ ‘ഖാദർ ഭായി’യെ ശരിക്കും കാണുന്നത്. അളന്നു മുറിക്കുന്ന സ്വർണകൃത്യതകൾക്കിടയിൽ, അമ്മ നഷ്​ടമായൊരു പൈതൽ, ചിരങ്ങും ചൊറിയും പിടിച്ച്, ബർമ്മയിലെ യുദ്ധകാല അഭയാർത്ഥി പ്രവാഹത്തിൽ സഹയാത്രികർക്ക് ഭാരമായി മാറിയൊരു കുട്ടി, ഉപ്പയുടെ സ്​നേഹത്തിൽ, അപരിചിതമായൊരു ദേശത്ത് പകപ്പ് മാറാതെ, മറ്റുള്ളവർക്ക് കൗതുകവും പരിഹാസവുമായുള്ള തുടർജീവിതം, വരുന്നിടത്തും പോകുന്നിടത്തുമെല്ലാം വല്ലാത്ത ഒറ്റപ്പെടൽ....വണ്ടി കോഴിക്കോട്ടെത്തിയിട്ടും, എനിക്കപ്പോൾ ബർമ്മ വിടാൻ കഴിഞ്ഞില്ല. അന്നിതൊക്കെ കേട്ടപ്പോൾ, എനിക്കാകെക്കൂടി ചോദിക്കാനുണ്ടായിരുന്നത്, എന്തേ പിന്നെ ബർമ്മയിൽ പോയില്ലെന്നായിരുന്നു. യാത്ര അസാധ്യമാക്കിയത് സാങ്കേതികമായ നൂലാമാലകൾ, എന്നിട്ടും ബർമ്മയിലെ താൻ പെറ്റുവീണ ബില്ലീൻ ഗ്രാമത്തിലേക്ക് എഴുപത്തിയഞ്ചാമത്തെ വയസ്സിൽ, മാമെദിയുടെ പ്രിയപുത്രൻ മടങ്ങിയെത്തി. മലയാളം മറക്കാതെ ഓർമിക്കുന്നൊരു മാതാവായി സ്വർണ പണിക്കാരുടെ കുടുംബത്തിൽ പിറന്ന ആ ബർമ്മക്കാരി മാറി. ‘മാമെദിയുടെ മകൻ’ എന്ന് വൈക്കം മുഹമ്മദ് ബഷീർ, ആ ഉമ്മയെ അനശ്വരയാക്കി! കാലമഴയേറെ കുത്തിയൊലിച്ചു പോയിട്ടും ഖാദർ ഭായി, ആ ഉമ്മയെ താഴെ വെച്ചില്ല. അനാഥത്വത്തെ അമ്മവെച്ച് അടയാളപ്പെടുത്തി. അഭിമാനങ്ങളെയും ആഹ്ലാദങ്ങളെയും, മലയാളം വെച്ച് പൊലിപ്പിച്ചു. ധ്വനിപ്പിക്കുന്നതിനും, പ്രതിധ്വനിപ്പിക്കുന്നതിനും പകരം പരത്തി പറഞ്ഞു. പക്ഷേ ആ പറച്ചിലിൽ പാമ്പുകളിഴഞ്ഞു, കിളികൾ പറന്നു, സങ്കടപ്പൊതികളുടെ കെട്ടഴിഞ്ഞു! ചൂടി വിൽക്കുന്ന ജാനകിയും, തട്ടാൻ ഇട്ടേമ്പിയും, തെയ്യക്കാരൻ കുഞ്ഞുട്ടിയും, കൂനൻ പെരച്ചുട്ടിയും, ചാത്തൻ ഗോപാലനും ഇളകിമറിഞ്ഞു. നുള്ളിപെറുക്കിയും, കെട്ടിമറിഞ്ഞും, പർമാണികളെക്കുറിച്ചെന്നപോലെ, ‘അണ്ണംപൊണ്ണാരി’കളെക്കുറിച്ചും ‘എടുത്തോതിപ്പറയാൻ’ മലയാളത്തിന്നൊരു ഖാദറുണ്ടായി! കടംകഥയും പഴഞ്ചൊല്ലും ഐതിഹ്യങ്ങളും നാടൻപാട്ടും തിളച്ചുമറിയുന്ന ജനസംസ്​കാരത്തിൽനിന്ന്, മലയാളത്തിന്നൊരു ‘ഖാദർ മാനം’ ഉണ്ടായി. പക്ഷേ ആ ഭാഷ വിദൂരഭൂതത്തിലെ, ‘മ്യൂസിയം പീസാ’യല്ല, ഇരുട്ടിന്നെതിരെയുള്ള ഇടിമുഴക്കമായി മാറുകയാണുണ്ടായത്.

പന്ത്രണ്ടാം വയസിലെ യു.എ ഖാദർ

മടിയിൽ വെക്കാൻ ഒരമ്മയില്ലാത്തതുകൊണ്ട്, ബസ്സിൽ നിന്നിറക്കിവിടപ്പെട്ട ഖാദർകുട്ടിക്ക്, അനാഥത്വത്തിെന്റെ നിസ്സഹായതയിലേക്ക് ആഴ്ന്ന് പോവുമ്പോൾ, ‘ഇതാ ഈ പുസ്​തകം കൊണ്ടുപോയി വായിക്ക്’ എന്നൂർജ്ജം പകർന്നാശ്വസിപ്പിച്ചത് സി. എച്ച്. മുഹമ്മദ്കോയയായിരുന്നു

‘ഇന്നത്തെ ഓൾ പ്രോബ്ലംസും ഒരൽപം ട്രൈ ചെയ്താൽ പൊളിറ്റിക്കൽ അഡിക്ഷൻ ഇല്ലാത്ത ഏത് ഫൂൾസിനും സോൾവ് ചെയ്യാൻ കഴിയുമെന്ന’ മധ്യവർഗ പൊങ്ങച്ച, ‘മംഗളി’യാള ‘ഒപ്ടിമിസ’ത്തെ നോക്കി, ജിന്നുകൾക്ക് കൂടി മനസ്സിലാവുന്ന ഖാദർഭായിയുടെ നാട്ട് മലയാളം മഖാമുകളുടെ മിനാരങ്ങൾക്ക് മുകളിൽനിന്ന്, സർപ്പക്കാവുകളുടെ ഇലപടർപ്പുകൾക്കിടയിൽനിന്ന് വാപൊത്തി ചിരിക്കുന്നുണ്ടാവും. മടിയിൽ വെക്കാൻ ഒരമ്മയില്ലാത്തതുകൊണ്ട്, ബസ്സിൽ നിന്നിറക്കിവിടപ്പെട്ട ഖാദർകുട്ടിക്ക്, അനാഥത്വത്തിെന്റെ നിസ്സഹായതയിലേക്ക് ആഴ്ന്ന് പോവുമ്പോൾ, ‘ഇതാ ഈ പുസ്​തകം കൊണ്ടുപോയി വായിക്ക്’ എന്നൂർജ്ജം പകർന്നാശ്വസിപ്പിച്ചത് സി. എച്ച്. മുഹമ്മദ്കോയയായിരുന്നു. ഇരുട്ടിലും വെളിച്ചം കാണിച്ചത്, ‘ആരുമല്ലാത്ത’ ഒന്നുമില്ലാത്ത കുറേ മനുഷ്യരായിരുന്നു.

ബഷീർ മുതൽ ഖാദർഭായി വരെയുള്ളവരുടെ ഭാഷ, ‘ഗ്രാമ്യ’മായിരിക്കെ, ആഢ്യത്വത്തിന്നെതിരെയുള്ളൊരുഗ്ര പ്രതിരോധമായി മാറിയതിന്നു പിന്നിൽ ഇരമ്പുന്നൊരു ചരിത്രമുണ്ട്. ഭാഷയുടെ സവിശേഷതക്കു മുമ്പിലുള്ള സ്​തുതികൾക്കു പിറകിൽ ആ സമരോത്സുക ചരിത്രമാണ് പലപ്പോഴും മൂടപ്പെടുന്നത്

പിന്നീട് എല്ലാമുള്ളവരായി, അവർ, യു. എ. ഖാദറിന്റെ കഥാലോകത്തേക്ക് ‘കടന്നുവന്നു’. ‘കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തീപ്പന്തങ്ങൾ’ ഉയർത്തിയ ബീഡിത്തൊഴിലാളികൾ മുതൽ, നരച്ച തറവാടുകൾക്കകത്ത് കുരുതിക്കിരയായ എത്രയോ മനുഷ്യർ, കത്തിയും ജ്വലിച്ചും ആ കൃതികളിൽ പടർന്നു. ഒരിക്കൽ പത്തഞ്ഞൂറ് പേജുകളുള്ള കലശം എന്ന നോവൽ തന്നു. പക്ഷേ പറഞ്ഞത്, ചങ്ങല എന്തായാലും വായിക്കണമെന്നാണ്. ഖാദർ ഭായി ഇനി നമുക്കൊപ്പമില്ല, എങ്കിലും നമുക്കൊപ്പമെന്നുമുണ്ടാവും. തിരച്ചിലിനിടയിൽ അതിശയിപ്പിച്ചുകൊണ്ട് ആദ്യം കയ്യിൽ കിട്ടിയത് അതേ ചങ്ങല. മനോഹരമായ കൈപ്പടയിൽ, ചുവന്ന മഷിയിൽ ‘പ്രിയ കെ. ഇ. എന്ന് സ്വന്തം യു എ ഖാദർ’ ഒപ്പ്!

യു.എ ഖാദർ കെ.ഇ.എന്നിന് സമ്മാനിച്ച പുസ്തകം

‘വെളിച്ചം കടന്നുവരാത്ത ചുമരുകൾ, തുറക്കാത്ത മുറികൾ, ഇരുട്ട്, പേടിപ്പിക്കുന്ന ഇരുട്ട്.’ പലതരം പിടുത്തങ്ങൾക്കിടയിൽ ‘ചിരിമറന്ന മനുഷ്യരുടെ’ ലോകമാണ്, ചങ്ങലയിൽ നിലവിളിക്കുന്നത്. ‘ഭൂമിയിൽ അഹംഭാവം നടിച്ചുകൊണ്ടും ദുഷിച്ച ഗൂഢാലോചന നടത്തിക്കൊണ്ടും അവർ കാലം കഴിച്ചുകൂട്ടി. പക്ഷേ ഒരു യാഥാർത്ഥ്യം അവരോർക്കുന്നില്ല. ഗൂഢാലോചനയുടെ ഫലങ്ങൾ അതിെന്റെ
കർത്താക്കളിൽ തന്നെയാണ് വന്നുചേരുക. സ്രഷ്​ടാവിന്റെ നടപടി സമ്പ്രദായത്തിന് ഒരു മാറ്റവും നീ കാണുകയില്ല...’ എന്ന വിശുദ്ധ ഖുർആൻ വചനമാണ് ചങ്ങലയുടെ ആമുഖം. തറവാടിത്തത്തിന് ശിക്ഷ വിധിക്കുന്ന ശ്രദ്ധേയമായൊരു രചന പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. സ്വന്തം കൃതിയെക്കുറിച്ച് യു എ ഖാദർ എഴുതി: ‘വടക്കേ മലബാറിലെ മുസ്​ലിം സാമൂഹ്യ ജീവിതം ആധാരമാക്കി ഞാനെഴുതിയ ആദ്യത്തെ നോവലാണ് ചങ്ങല. 1964ൽ എഴുതി പൂർത്തിയാക്കിയ ചങ്ങലയുടെ രചനാഘട്ടങ്ങളിൽ യശശ്ശരീരനായ ജനാബ് സി. എച്ച്. മുഹമ്മദ് കോയ സാഹിബ് നൽകിയ ഒത്താശകൾ എനിക്കു വലിയൊരനുഗ്രഹമായിരുന്നു...’ എഴുത്തിന്റെ ലോകത്തിലേക്ക് ഖാദർ ഭായിയെ എത്തിച്ചതിൽ സി. എച്ചിന്റെ പങ്ക് വലുതാണ്.

സി.എച്ച്. മുഹമ്മദ്കോയ

ബസ്സിൽ യാത്ര ചെയ്യാനുള്ള മോഹം ബാക്കിവെച്ച്, അന്തിച്ച്നിന്ന കുട്ടിയെ ചേർത്തുപിടിച്ച്, ‘ഇതാ ഈ പൂസ്​തകം കൊണ്ടുപോയി വായിക്ക്’ എന്നാദ്യം സാന്ത്വനമായത് സി. എച്ചായിരുന്നു. ബഷീറിന്റെ ബാല്യകാലസഖിയായിരുന്നു ആ പുസ്​തകം. ഖാദർഭായി സ്വന്തം സങ്കടച്ചുമടുകൾ ഇറക്കിവെച്ച ഒരാദ്യ അത്താണി. ഇറങ്ങിപ്പോന്ന ബസ്സിനേക്കാൾ എത്രയോ വേഗത്തിൽ ഓടിയൊരു വാഹനം. അനാഥർക്കും അശരണർക്കും ശകതിയും അന്തസ്സുമുണ്ടെന്ന് ബോധ്യപ്പെടുത്തിയ വേറിട്ടൊരു ജീവിതം. പുസ്​തകങ്ങളല്ല, കണ്ണീരും വിയർപ്പും ചോരയും കലർന്ന വാക്കുകളിരമ്പുന്ന ജീവിതമാണ് ഏറ്റവും വലിയ പാഠശാലയെന്ന് ഖാദർ ഭായി പഠിച്ചത്, സ്​കൂളിൽ നിന്നല്ല, ആ ബാല്യകാലസഖിയിൽ നിന്നാണ്. ‘ആരാന്റെ വീട്ടിലെ ചരുവിൽ’ വെച്ച് ഉസ്മാന്റെ ​കത്ത് അബ്ദുൾഖാദർ കണ്ട ആദ്യ ആകാശവും, നന്നായി അനുഭവിച്ച സ്​നേഹവിരുന്നും, അതായിരിക്കണം. ബഷീറിലാണ് ആദ്യമായും പിന്നെയും ഖാദർഭായി ഉന്മത്തനായത്.

സ്വയം സമരമായി മാറിയ കീഴാളഭാഷയുടെ കരുത്തും കാന്തിയുമാണ് യു. എ. ഖാദർ അടക്കമുള്ള പുരോഗമന പ്രതിഭകളിൽ മുഷ്​ടി ചുരുട്ടുന്നത്. എന്നാൽ അവർക്കിടയിൽ, ‘ഖാദർ ഭായി’ വേറിടുന്നത്, അദ്ദേഹം വരുന്നത് മലയാളമില്ലാത്ത ബർമ്മയിലെ ബില്ലിയിൽ നിന്ന് ഒരഭയാർത്ഥിയായിട്ടാണ് എന്നുള്ളതിലാണ്!

ബഷീർ മുതൽ ഖാദർഭായി വരെയുള്ളവരുടെ ഭാഷ, ‘ഗ്രാമ്യ’മായിരിക്കെ, ആഢ്യത്വത്തിന്നെതിരെയുള്ളൊരുഗ്ര പ്രതിരോധമായി മാറിയതിന്നു പിന്നിൽ ഇരമ്പുന്നൊരു ചരിത്രമുണ്ട്. ഭാഷയുടെ സവിശേഷതക്കു മുമ്പിലുള്ള സ്​തുതികൾക്കു പിറകിൽ ആ സമരോത്സുക ചരിത്രമാണ് പലപ്പോഴും മൂടപ്പെടുന്നത്. വൈകുണ്ഠം സ്വാമികളും മമ്പുറം തങ്ങളും ശ്രീനാരായണഗുരുവും, നമ്പൂതിരി യുവജനസംഘവും, കേസരി ബാലകൃഷ്ണപിള്ളയും, പുരോഗമന സാഹിത്യ പ്രസ്​ഥാനവും പലവിധത്തിൽ അടിച്ചുതകർത്ത കസവിട്ട ആഢ്യതക്കെതിരെയുള്ള കലഹമായിട്ടാണ് പതുക്കെ പതുക്കെ പിന്നീട് നമ്മുടെ സാഹിത്യഭാഷ മാറിയത്. സ്വയം സമരമായി മാറിയ കീഴാളഭാഷയുടെ കരുത്തും കാന്തിയുമാണ് യു. എ. ഖാദർ അടക്കമുള്ള പുരോഗമന പ്രതിഭകളിൽ മുഷ്​ടി ചുരുട്ടുന്നത്. എന്നാൽ അവർക്കിടയിൽ, ‘ഖാദർ ഭായി’ വേറിടുന്നത്, അദ്ദേഹം വരുന്നത് മലയാളമില്ലാത്ത ബർമ്മയിലെ ബില്ലിയിൽ നിന്ന് ഒരഭയാർത്ഥിയായിട്ടാണ് എന്നുള്ളതിലാണ്! എന്നിട്ടും, എങ്ങിനെ തലകുത്തി മറിഞ്ഞാലും ആര് മറിച്ചിട്ടാലും കാലുളുക്കാത്ത ഒരു മലയാളം ആ വിരലുകളിൽ വിസ്​മയപ്പെട്ടു! ചപ്പ്ചവറുകൾ മൂടി ഭാഷയുടെ ഈട്‌വഴികൾ കണ്ടെത്തുന്നതിനോടൊപ്പം, ഖാദർ ഭായി കാഴ്ചപ്പാടിന്റെ കൊടി താഴെ വെച്ചില്ല. താനൊരു കമ്യൂണിസ്റ്റാണെന്നതിൽ അഭിമാനിച്ചു. പു.ക.സ പ്രസിഡണ്ടായി. തൊഴിലാളി പ്രസ്​ഥാനത്തിന്റെ കഥ പറയുന്ന മേശവിളക്ക് എന്ന നോവലിന്നൊരു കുറിപ്പെഴുതാൻ അദ്ദേഹം അവസരമൊരുക്കിയത്, ഈയൊരു സ്​മരണ വേളയിൽ ആഹ്ലാദത്തോടെ ഓർക്കുന്നു.

ഇത് സക്രിയ നാടോടിത്തത്തിന്റെ സത്യവാങ്മൂലം എന്നൊരു തലക്കെട്ടാണതിന് അന്ന് നൽകിയത്. നാട്ടുവഴക്കമഹിമയുടെ ഒരു വകഭേദം മാത്രമായി ഖാദർ ലോകത്തെ ചുരുക്കുന്നതിന്നെതിരെയുള്ള വിയോജിപ്പായിരുന്നു ആ കുറിപ്പ്. ഖാദർ ഭായിയുടെ എഴുത്തിലെ കത്തുന്ന രാഷ്ട്രീയമാണ് കേലവഭാഷാകാന്തി പ്രകീർത്തനങ്ങളിലൂടെ പൊളിയുന്നത്. മേശവിളക്കുൾപ്പെടെയുള്ള ഖാദർ കൃതികളിൽ ചിതറികിടക്കുന്ന ചേപ്പറയും പോരായ്മയും പോഴത്തവും വേണ്ടാതീനവും അന്തിയും മോന്തിയും പേക്രാന്തങ്ങളും ചങ്ങാത്തവും ധാംധൂവും പാക്കട്ടയും അക്കിടിയും നൊസ്സും ഏളിതവും പുരായിരിങ്ങളും ചേതവും നിറവടിയും ദുർബ്ബറിക്കുന്നതും...കേവല പദങ്ങളെന്നതിനപ്പുറം ഏകമുഖമായി ഒതുങ്ങുന്ന അധികാര– കമ്പോള ഭാഷാക്രമങ്ങളോടുള്ള ഒടുങ്ങാത്ത കലഹമാണ്.

വൈക്കം മുഹമ്മദ് ബഷീർ

‘മർമ്മം നോക്കാതെ പശുവിനെ തലങ്ങും വിലങ്ങും തല്ലിയോടിച്ച ഒരു മമ്മത് മാപ്പിളയെപ്പറ്റി കുഞ്ഞുംനാളിലേ ഞാൻ കേട്ടിരുന്നു. പച്ചക്കറിതോട്ടത്തിൽ വേലിപൊളിച്ച് കയറിക്കൂടിയ പശുവിനെ ആരുടേതാണെന്നോ എവിടുത്തെയാണെന്നോ നോക്കാതെ ആവണക്കിൻ പത്തലെടുത്ത് അയാൾ തല്ലിയോടിച്ചു. കണ്ണും മൂക്കുമില്ലാതെ ഇങ്ങനെ തല്ലിയാൽ, മർമ്മത്ത് കൊണ്ടാൽ, നാൽക്കാലി ചത്തുപോകുമെന്ന് ബീടർ ബീവിക്കുട്ടി വിലക്കിയിട്ടും പശു പറമ്പിൽനിന്ന് പുറംമ്പോക്കിലേക്ക് പായുന്നത് കണ്ടിട്ടേ മാപ്പിള നാട്ടത്തറി ദൂരെയെറിഞ്ഞുള്ളു. അതുകൊണ്ടുണ്ടായ മെച്ചം തൊടിയിലെ തെഴുപ്പും തിരികളും കായ്ച്ച് വിളവ് തീർത്തും അനുഭവിക്കാൻ മമ്മത് മാപ്പിളക്കും മക്കൾക്കും സാധിച്ചു. നാൽക്കാലിയുടെ കടിയേൽക്കാതെ കായ്ക്കനികൾ വിളയിച്ചെടുത്തത് മർമ്മംനോക്കാത്ത അടിയുടെ ഫലപ്രാപ്തിയാണെന്ന ഈറ്റം മമ്മത് മാപ്പിളയ്ക്കുണ്ടാവാം. ഈ മമ്മത് മാപ്പിളയുടെ പിൻമുറക്കാരിൽപ്പെട്ട ഒരാളാണ് ഇവനെന്ന് ഞാൻ വിചാരിക്കുന്നു. ഇപ്പോഴും കഥയെഴുത്തിെന്റെ
മർമ്മം അറിഞ്ഞൂകൂടാ. ജീവിതാനുഭവങ്ങളുടെ പച്ചത്തുരുത്തിൽ കയറിച്ചെന്ന് എേന്റെതായ ചില നട്ടുനടീലുകൾ നടത്തുന്നു എന്നുമാത്രം.’ (യു.എ. ഖാദർ/ കുഞ്ഞിക്കണ്ണൻ വാണിമേൽ അഭിമുഖത്തിൽ നിന്ന്)

ഒരു തനിനാടൻ അടിക്കാരന്റെ നാട്യത്തിൽ, മർമ്മങ്ങളൊന്നുമറിയില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും മലയാളഭാഷയെ മൂടിനിന്ന സ്​മരണകളുടെ ഏക്കൽമണ്ണിനെയാണ് കാലമഴയുടെ കുത്തൊഴുക്കിൽ നിന്ന് മലയാളത്തിന്റെ പ്രിയ യു. എ. ഖാദർ വീണ്ടെടുക്കുന്നത്. കുടിലുകളുടെ ഐതിഹ്യമാണ്, കൊട്ടാരങ്ങളെ കിടിലംകൊള്ളിക്കും വിധം, പ്രാദേശിക സർഗാത്​മകതയുടെ ഒരുശിരൻ സമാഹാരമായി, വരേണ്യ തനിമാസങ്കല്പങ്ങളെയാകെ വെല്ലുവിളിക്കും വിധം, യു. എ. ഖാദറിന്റെ ലോകങ്ങളിൽ, ഇടിമുഴക്കിനിന്ന് ചിരിക്കുന്നത്!

ആഢ്യഭാവനകളെ ഇക്കിളിപ്പെടുത്തി ‘ഇളിഭ്യ’മാക്കുന്ന വല്ലാത്തൊരു ചിരിയുണ്ട് ആ കഥയിൽ. ചിരിക്കാനറിയാത്ത, കരയാൻ കഴിയാത്ത ഒരു ഭീകരനായി സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കശാപ്പുകാരന് ഖാദർ ഭായി ഒരുക്കിയ വെറുമൊരു ശാപമോക്ഷം മാത്രമായി നമ്മുക്കാ കഥയെ ചുരുക്കാനാവില്ല.

ജീവിതത്തിന്റെ തനിമ തിരയേണ്ടത്, ജന്മത്തിന്റെ ഗർഭഗൃഹങ്ങളിലല്ല മറിച്ച് പ്രയത്നത്തിന്റെ ചൂര് പടർന്ന പടനിലങ്ങളിലാണെന്നാണ്, തനത് തരികിടകളുടെ അടിക്കല്ലിളക്കുംവിധം യു എ ഖാദർ അനുഭവിപ്പിക്കുന്നത്. ഖാദർ ഭായിയുടെ കഥാലോകത്തിലേക്ക് കാതോർക്കുമ്പോൾ, രാത്രിമുല്ലയുടെ സുഗന്ധവും മരിച്ച മനുഷ്യരുടെ ഉച്ഛ്വാസവും തിരിച്ചറിവുകളുടെയൊക്കെയും തിരികെടുത്തുംവിധം, സംഭ്രമ സൗന്ദര്യത്തിന്റെ ഗന്ധവിഭ്രാന്തിയായി കനക്കുമ്പോൾ അതിനൊപ്പമെത്താൻ എത്രയെത്രയോ പിറകിൽനിന്നും കിതക്കുന്ന ഒരു കാലൊച്ച സ്വന്തം പിറകിൽ കുതിച്ചെത്തുന്നത് നിങ്ങളും കേൾക്കുന്നുണ്ടാവും. മുളങ്കൂട്ടത്തിലൊരു പെരുമുളയുടെ മുകളറ്റത്ത് കെട്ടിയാടുന്ന ആ വെളുത്ത തുണിക്കെട്ടിലെ പൊടിയിൽനിന്ന് പുലിയും നരിയും ഇറങ്ങിവരുന്നത് മിഴിതുറന്നുവെച്ചവരൊക്കെയും കാണുന്നുണ്ടാകും. കാടുകൾക്കും കുണ്ടനിടവഴികൾക്കും ഇടയിൽ പത്തിവിടർത്തി നിൽക്കുന്ന പാമ്പുകൾ ഒരു അപരലോകത്തിന്റെ പവിത്ര പതാകയായി, ഇലയനങ്ങാത്ത ഗ്രഹണനേരങ്ങളിലും നിവർന്നുനിന്ന് പറക്കുന്നത് ആർക്കൊക്കെയോ അസ്വസ്​ഥതകൾ പകരുന്നുണ്ടാവും. ജീവിക്കുന്നവർക്കും മരിച്ചവർക്കുമിടയിലെ അതിരുകളൊക്കെയും അപ്രത്യക്ഷമാവുന്ന പകപ്പിൽ ആരുടെയൊക്കെയോ അബോധത്തിന്റെ പിടി മുറുകുന്നുണ്ടാവും.

മലയാളിയായി മാറിയ ഒരു ബർമ്മക്കാരൻ കുട്ടിയുടെ സർഗ സ്​പർശംകൊണ്ട്, ശാപമോക്ഷം ലഭിച്ച പഴങ്കഥകളുടെ പച്ചപ്പിൽ വെച്ചാണ് നമ്മുടെ മലയാളത്തിന് കളരിയുടെ കരുത്തും, മഴവില്ലിന്റെ കുളിരും കിട്ടിയതെന്നറിയുമ്പോൾ, ആ യു എ ഖാദറിെന്റെ സാഹിത്യലോകം മലയാള ഭാഷയുടെ സൗന്ദര്യശകതിയുടെ സ്രോതസ്സാണെന്ന് നമ്മളറിയുന്നത് കിടിലം കൊള്ളിക്കുന്ന ഒരു കോരിത്തരിപ്പോടെയായിരിക്കും. ഒരു അറവുകാരൻ മാപ്പിളയിൽ മാവേലിയെ കണ്ടു ഖാദർ ഭായി, ബർമ്മയിൽ അഭയാർത്ഥി ജീവിതവും! റുക്കിയ എന്ന തങ്ങളുപ്പാപ്പയുടെ വിശുദ്ധപൂച്ചയിൽ ഉമ്മാമെന്റെ പോരിശയും!
അത്രയൊന്നും എഴുതി തെളിയാത്ത അമ്പതുകളിലെ മാവേലിയും മാപ്പിളയും എന്ന ഒരൊറ്റ കഥ മതിയാവുമായിരുന്നു, ഇവൻ, ഭാവിയിൽ ഭാവനയുടെ ഭൂപടം തിരുത്തുമെന്ന് തിരിച്ചറിയാൻ!

ആ കണ്ണീർചിരി ഒടുവിൽ ഞാൻ കണ്ടത് കോഴിക്കോട് കെ. പി. കേശവമോനോൻ ഹാളിൽ വെച്ച് പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള ഒരു സെമിനാറിൽ വെച്ചാണ്. പ്രഭാഷണത്തിന്നിടയിൽ ഖാദർഭായിയെ നോക്കി, മലയാളത്തിന്റെ പ്രിയപ്പെട്ട ‘ബർമ്മ’ക്കിനി പഴയതുപോലെ കഴിയാനാവുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു അത്!

ആഢ്യഭാവനകളെ ഇക്കിളിപ്പെടുത്തി ‘ഇളിഭ്യ’മാക്കുന്ന വല്ലാത്തൊരു ചിരിയുണ്ട് ആ കഥയിൽ. ചിരിക്കാനറിയാത്ത, കരയാൻ കഴിയാത്ത ഒരു ഭീകരനായി സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കശാപ്പുകാരന് ഖാദർ ഭായി ഒരുക്കിയ വെറുമൊരു ശാപമോക്ഷം മാത്രമായി നമ്മുക്കാ കഥയെ ചുരുക്കാനാവില്ല. അനുദിനമെന്നോണം ഭീമാകാരമാർജ്ജിക്കുന്ന സാഹിത്യത്തിലെ ഒരു ‘വാർപ്പുമാതൃക’യുടെ പൊളിച്ചെഴുത്താണ്, മാവേലിയും മാപ്പിളയും! ‘ബനിയനും പച്ച അരപ്പട്ടയും ധരിക്കുന്ന കൊമ്പൻ മീശയുള്ള ആളുകൾ കരയുമോ?’ എന്ന് കഥയിലെ അപ്പുവെന്ന കുട്ടി അതിശയപ്പെടുന്നു. ‘പച്ച അരപ്പട്ടയും കള്ളിത്തുണിയും ഉടുത്ത് ആ കാസായി മാപ്പിളയെ കണ്ണീരിന്റെ യവനികക്കുള്ളിലൂടെ കല്യാണിയമ്മ നോക്കിനിന്നു’. കഥക്കൊടുവിൽ വെയിലേറ്റ സ്വർണ്ണം മാതിരി തിളങ്ങുന്നുണ്ടായിരുന്നു, ഒരു മൊട്ടത്തല, ‘രാജകിരീടംപോലെ’. ആടിനെവാങ്ങി അറുക്കാൻ വന്ന കശാപ്പുകാരൻ, ആടിനെ അവിടെ വിട്ട്, ആ കുടുംബവുമായുള്ള പൂർവ്വസൗഹൃദം അയവിറക്കി, ഇപ്പോഴുള്ളവരുടെ ദുരിതമോർത്ത്, കണ്ണീർവാർത്ത് മടങ്ങുന്നതാണ് കഥയുടെ ചുരുക്കം.

യു.എ ഖാദർ

പാഴ്​മൊട്ടത്തലക്ക്​ പഴി കേൾക്കാനല്ലാതെ, മിഴികൾക്ക് ഉത്സവമേകുംവിധം വെട്ടിത്തിളങ്ങാനും കഴിയുമെന്ന്, ദൃഢപ്പെടുത്തിയ ആ കഥയും പ്രഥമ നോവലായ ചങ്ങലപോലെ വിസ്​മൃതിയിൽ പൂട്ടപ്പെട്ടു! ഇത്രയും തിളങ്ങുന്നൊരു ‘മൊട്ടത്തല’ ഞാനിതുവരെ അതിനുശേഷം ഒരു കൃതിയിലും കണ്ടിട്ടില്ല! ആ കഥ അവസാനിക്കുന്നത്, നമ്മുടെ ‘പൊതുബോധ’ത്തെ ഇന്നും അസ്വസ്​ഥമാക്കുന്ന ഒരു ചോദ്യത്തോടെയാണ്. ജാനുവിന്റെ മുത്തശ്ശിക്കഥ പറയുമ്പോൾ ‘കഴുത്തറക്കുന്ന മാപ്പിളയുടെ ഭയങ്കരരൂപം’ മനസ്സിൽകണ്ട അപ്പുവിന്, സ്വർണ്ണക്കിരീടവും പട്ടും ധരിച്ചു നാട്ടിലെ സുഭിക്ഷത കാണാനിറങ്ങിയ മാവേലിത്തമ്പുരാന്റെ ചിത്രം അകന്നകന്നു പോകുന്ന ആ മാപ്പിളയിൽ കാണാൻ കഴിയുമോ? പിന്നെ ആ കണ്ണീർചിരി ഒടുവിൽ ഞാൻ കണ്ടത് കോഴിക്കോട് കെ. പി. കേശവമോനോൻ ഹാളിൽ വെച്ച് പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള ഒരു സെമിനാറിൽ വെച്ചാണ്. പ്രഭാഷണത്തിന്നിടയിൽ ഖാദർഭായിയെ നോക്കി, മലയാളത്തിന്റെ പ്രിയപ്പെട്ട ‘ബർമ്മ’ക്കിനി പഴയതുപോലെ കഴിയാനാവുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു അത്! ▮


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments