ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികളുടെ ആരാധനയുടെ കേന്ദ്രദിശയായ മക്കയിലെ പരിശുദ്ധ മസ്ജിദുൽ ഹറമിന്റെയും പ്രവാചകന്റെ ഖബറിടം സ്ഥിതിചെയ്യുന്ന മദീനയിലെ മസ്ജിദുന്നബവിയുടെയും ജറുസലേമിലെ മസ്ജിദുൽ അഖ്‌സയുടെയും അകംപുറങ്ങളിലേക്ക് ലെൻസും മനസ്സും സൂം ചെയ്ത അക്‌സോയിയുടെ ജീവസ്പന്ദം പോലുള്ള സ്‌നാപ്പുകളത്രയും ഇന്ന് ആഗോള ഗ്യാലറികളെ അലങ്കരിക്കുന്നു. അറബ് ലോകം ഏറെ ആദരിക്കുന്ന ഫോട്ടോഗ്രാഫറാണ് ഒമർ ഫാറൂഖ് അക്സോയി.
ടർക്കിഷ് പ്രധാനമന്ത്രി റജബ് ത്വയ്യിബ് എർദോഗനോടൊപ്പം ഒരേ സ്‌കൂളിൽ പോയിരുന്ന ഇസ്താംബൂളിലെ കൗമാരത്തിന്റെ ഓർമകളിൽ നിന്ന് ഞാനെന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതം പറഞ്ഞുതുടങ്ങാം...
ജിദ്ദ ഹയൽറൗദയിൽ സ്റ്റുഡിയോ ഫ്ലോർ പോലെ കമനീയമായി സജ്ജീകരിച്ച വില്ലയുടെ സ്വീകരണമുറിയിലിരുന്ന് ഒമർ ഫാറൂഖ് അക്‌സോയ് പറഞ്ഞു. ചുമരുകളിൽ നിറയെ അദ്ദേഹമെടുത്ത ഫോട്ടോഗ്രാഫുകൾ. അലമാര നിറയെ മെമന്റോകളും അത്യാധുനിക ക്യാമറകളും ലെൻസുകളും. ത്രീഡൈമൻഷൻ ഫോട്ടോകൾ കാണാൻ താത്പര്യമുള്ളവർക്ക് കണ്ണടയും സ്‌ക്രീനും ഇവിടെ റെഡി.
പതിനൊന്നാം വയസ്സിൽ ബാപ്പ നൽകിയ പാരിതോഷികം ഒരു എട്ട് എം.എം. ക്യാമറയായിരുന്നു. ജാലകത്തിരശീല നീക്കി പുറത്തേക്ക് തിരിച്ചുവെച്ച ആ കൊച്ചു ക്യാമറയുടെ വ്യൂഫൈൻഡറിൽ പതിഞ്ഞ കാഴ്ചയിലേക്കുള്ള ആദ്യക്ലിക്ക്. പഠനം ഉഴപ്പി നാടുവിടാൻ നിശ്ചയിച്ച കാലം. ഇസ്‌ലാമിക പ്രബോധകനായ ബാപ്പയെ പറഞ്ഞ് സമ്മതിപ്പിച്ച് പാരീസിലേക്ക് ഒറ്റയ്‌ക്കൊരു യാത്ര. പാരീസ് എന്ന് കേട്ടപ്പോൾ ബാപ്പയ്ക്ക് ആധിയായി. മതപരമായ ചിട്ടകളിൽനിന്ന് താൻ വഴിതെറ്റുമോ എന്നായിരുന്നു ബാപ്പയുടെ പേടി. അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് വാക്ക് കൊടുത്തു.
പാരീസിലുള്ള ടർക്കിഷ് സുഹൃത്തിന്റെ ചെറിയ സഹായം കിട്ടി. ലോകസിനിമയുടെ കളരിയായ പാരീസിലിരുന്ന് സിനിമയെക്കുറിച്ചും സിനിമോട്ടോഗ്രഫിയെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമം നടത്തി. ജോലിയും സിനിമാ പഠനവുമായിരുന്നു ഒമർ ലക്ഷ്യമിട്ടിരുന്നത്. ടെലിവിഷൻ കേബിളിനുവേണ്ടി ദിവസക്കൂലിക്ക് മണ്ണുകിളയ്ക്കുന്ന ജോലിയാണ് ആദ്യം കിട്ടിയത്. വൈകാതെ പാരീസ് വിട്ടു. ജോലിചെയ്തുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ സൈക്കിളുമായി സ്വിറ്റ്‌സർലൻഡിലെ ബേസിലിലേക്ക് സഞ്ചരിച്ചു. നാലു പകലുകൾ സൈക്കിൾ ചവിട്ടി സ്വിസ് അതിർത്തിയിലെത്തി. രണ്ടുവർഷം അവിടെ തങ്ങി. ഇതിനിടെ സ്വിസ് ഭാഷയും ജർമൻ ഭാഷയും പഠിച്ചു. അപ്പോഴേക്കും ബാപ്പ തിരികെ വിളിക്കുന്നുണ്ടായിരുന്നു. ക്യാമറയിലെ പരീക്ഷണങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. വീണ്ടും ജന്മനാട്ടിലേക്ക് തന്നെ മടങ്ങി. തുടർപഠനത്തിന് ഇസ്താംബൂൾ ഇമാം ഹാത്തിപെ ഒക്കുലുവിൽ (ഒക്കുലുവെന്നാൽ ടർക്കിഷ് ഭാഷയിൽ സ്‌കൂൾ) ചേർന്നു. ഇപ്പോഴത്തെ ടർക്കിഷ് പ്രധാനമന്ത്രി റജബ് ത്വയ്യിബ് എർദോഗാൻ അതേ സ്‌കൂളിലുണ്ട്. എർദോഗാനും സഹോദരനും ഒമറിന്റെ അടുത്ത കൂട്ടുകാരായി.
മതപരമായ ചില ഡോക്യുമെന്ററികളും മറ്റും ഇക്കാലത്ത് കാണാൻ സാധിച്ചു. അഞ്ചുവർഷത്തിനുശേഷം ലണ്ടനിലേക്ക് പോയി. 1979-ലാണിത്. ഇസ്‌ലാമിക് - അറബിക് ആർട്‌സിൽ താത്പര്യം ജനിച്ചു. കാലിഗ്രഫി, ഫോട്ടോഗ്രഫി... രണ്ടും ഇഷ്ടമായി. പുതിയതരം ക്യാമറകൾക്ക് വേണ്ടിയാണ് കൂടുതലായും പണം ചെലവിട്ടത്. ബാപ്പയുടെ ഉപദേശം ഒമർ മറന്നില്ല. ലണ്ടനിലേക്ക് പുറപ്പെടുമ്പോൾ ബാപ്പ പറഞ്ഞു: ഇസ്‌ലാമികചര്യകളിൽനിന്ന് വഴിതെറ്റരുത്. ലോക മുസ്‌ലിംകളുടെ പുണ്യഭൂമി നിന്നെ വിളിക്കും... (പ്രവചനസ്വഭാവമുള്ളതായിരുന്നു ആ വാക്കുകളെന്ന് ഒമർ ഓർത്തെടുക്കുന്നു. പിൽക്കാലത്ത് സൗദി രാജകുടുംബവുമായി ഏറ്റവും അടുപ്പമുള്ള ക്യാമറാമാനായും ഹജ്ജ് കർമം, മക്കയിലെ അതിപ്രശസ്തമായ ക്ലോക്ക് ടവർ തുടങ്ങി നിരവധി ഡോക്യുമെന്ററികളുടെ ശിൽപിയുമായി മാറിയ ഒമറിന്റെ ശിഷ്ടജീവിതം ജിദ്ദയിലായി. സൗദി വനിതയായ ഡോക്ടറാണ് ഭാര്യ).
ഇസ്‌ലാമിക് സഹകരണ രാജ്യങ്ങളുടെ (ഒ.ഐ.സി.) കീഴിലുള്ള ലണ്ടനിലെ ഇസ്‌ലാമിക് കൾച്ചറൽ ആർട്‌സുമായി (ഐ.ആർ.സി.ഐ.സി.എ.) സഹകരിച്ച് പ്രവർത്തിച്ച പരിചയമാണ് ഒമറിനെ ജിദ്ദയിലെത്തിച്ചത്. ഈ സംഘടനയുടെ ജേണലിന് ആവശ്യമായ ചിത്രങ്ങളെടുത്ത് കൊണ്ടായിരുന്നു തുടക്കം. ഒപ്പം ചില ഷോർട്ട് ഫിലിമുകളും ഫീച്ചർ ഫിലിമുകളുമായി സഹകരിച്ചു. ആഫ്രിക്കൻ പര്യടനം ഈ സമയത്തായിരുന്നു. എത്യോപ്യൻ, എരിത്രിയൻ സിനിമകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.
1982-ൽ തായിഫിൽ നടന്ന ഇസ്‌ലാമിക ഉച്ചകോടിയുടെ ഔദ്യോഗിക ക്യാമറാമാനായി ലണ്ടനിൽനിന്ന് മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്ധരോടൊപ്പം ഒമറുമെത്തി. ഖാലിദ് രാജാവിന്റെയും യാസർ അറഫാത്ത്, മുഅമ്മർ ഗദ്ദാഫി, സദ്ദാം ഹുസൈൻ തുടങ്ങി ഇസ്ലാമിക രാഷ്ട്രത്തലവന്മാരുടേയും പടങ്ങളെടുക്കാനും ഉച്ചകോടിയുടെ മീഡിയാ സെന്ററിൽനിന്ന് വീഡിയോ ചിത്രങ്ങളെടുക്കാനും സാധിച്ചത് പ്രൊഫഷണൽ ജീവിതത്തിലെ വഴിത്തിരിവായി. അറഫാത്തുമായി വ്യക്തിപരമായ സൗഹൃദവുമുണ്ടായിരുന്നു. ഖാലിദ് രാജാവുമായി അന്ന് തുടങ്ങിയ അടുപ്പം ഏതാനും ആഴ്ചകൾക്കുശേഷം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നതായി ഒമർ ഓർക്കുന്നു.
ഒമറിന്റെ ഓരോ ഷോട്ടിലും ഭക്തിയുടെ പ്രസരിപ്പ്. സൗദി ഗവൺമെന്റിന്റെ ഹജ്ജ് റിസർച്ച് സെന്ററുമായി സഹകരിച്ച് ഹജ്ജ് കവർ ചെയ്യാൻ തുടങ്ങിയത് 1983 മുതലാണ്. അന്നുതൊട്ട് തുടർച്ചയായി പത്തുവർഷം ഹജ്ജ് അനുഷ്ഠാനങ്ങളും പുണ്യസ്ഥലങ്ങളും ഒപ്പിയെടുത്തത് ഒമറിന്റെ ക്യാമറാപുണ്യമായി. ഹജ് റിസർച്ച് സെന്ററിലെ ജോലിക്കുപിന്നാലെ സൗദിയിലെ യാമ്പുവിൽ പാർസൺസ് കമ്പനിയുടെ ക്യാമറാമാനായി. ഇക്കാലത്താണ് ഹജ്ജ് കർമത്തോടനുബന്ധിച്ചുള്ള ബലിമാംസം ബാക്കിവരുന്നത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും അർഹമായ പട്ടിണിരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനുമുള്ള ബൃഹദ്പദ്ധതിക്ക് തുടക്കമായത്. മാസങ്ങളോളം നീണ്ടുനിന്ന ഈ ജോലികൾ ഹജ്ജ് മന്ത്രാലയത്തിനുവേണ്ടി പൂർണമായും ഷൂട്ട് ചെയ്തത് ഒമറും സംഘവുമായിരുന്നു. സാത്താന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറ് കർമം നടക്കുന്ന "ജംറ' യിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായി പുതിയ റോഡുകളും തുരങ്കങ്ങളും നിർമിക്കുന്നതും ക്യാമറയിലാക്കിയത് ഒമറും വിദേശത്ത് നിന്നെത്തിയ സാങ്കേതിക വിദഗ്ധരുമായിരുന്നു. ഷെയ്ൻ മാർട്ടിൻ എന്ന ഐറിഷ് ക്യാമറാമാൻ ജിദ്ദയിൽ ഒമറിനെ സഹായിക്കാനുണ്ടായിരുന്നു. ജംറയിലെ നവീകരണ കാഴ്ചകളുടെ 35 എം.എം. ടി.വി. ചിത്രങ്ങളെടുത്ത് ഹജ്ജ് മന്ത്രിക്കും അദ്ദേഹം വഴി ഫഹദ് രാജാവിനും കാണിച്ചുകൊടുത്തു. ഫഹദ് രാജാവിന്റെ പ്രത്യേക പാരമർശം നേടാനായത് ഈ ചിത്രങ്ങളുടെ ക്രെഡിറ്റായി. ഇതിനിടെ ടൊയോട്ടക്ക് വേണ്ടി ടി.വി. കൊമേഴ്‌സ്യലുകളെടുത്ത് അന്താരാഷ്ട്ര അവാർഡ് നേടി. സൗദി ഫ്രഞ്ച് ബാങ്ക്, സാംബ, എൻ.സി.ബി. എന്നിവയ്ക്കുവേണ്ടിയും പരസ്യ ഫിലിമുകൾ നിർമിച്ചു.
ക്യാമറയുമായി അലഞ്ഞുനടക്കുന്നതിനിടെയായിരുന്നു ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലെ ഡോക്ടറും സൗദി വനിതയുമായ സെഹാം അംബയുമായുള്ള പ്രണയ വിവാഹം. (ഇക്കാര്യം പറഞ്ഞപ്പോഴും പതിനേഴാം വയസ്സിൽ ബാപ്പ പറഞ്ഞ കാര്യം ഒമർ ആവർത്തിച്ചു: നിന്നെ ഇസ്‌ലാമിന്റെ പുണ്യഭൂമി വിളിക്കുന്നത് ഞാൻ കേൾക്കുന്നു). മക്ക, മദീന പള്ളികളുടെ സമഗ്രവികസനം, ഹജ്ജ് അനുഷ്ഠാനം, മക്ക ക്ലോക്ക് ടവർ എന്നിവയുടെ ഡോക്യുമെന്ററികൾ നിർമിച്ചതും അബ്ദുല്ല രാജാവിന്റെ പ്രത്യേക ബഹുമതിക്ക് അർഹമായതും തന്റെ ഛായാഗ്രഹണജീവിതത്തിലെ അവിസ്മരണീയമായ നാഴികക്കല്ലുകളാണെന്ന് ഒമർ അഭിമാനപൂർവം പറയുന്നു. നൂറോളം തവണ ആസൂത്രണം ചെയ്തും മാറ്റിയും നവീകരിച്ചുമാണ് ഗിന്നസ് ബുക്കിൽ ഇടംനേടിയ മക്ക ക്ലോക്ക് ടവർ നിർമാണം പൂർത്തിയാക്കിയത്. ഇതിന്റെ ഓരോ ഘട്ടവും ക്യാമറയിലാക്കാൻ ഏറെ ക്ലേശം സഹിച്ചു. 2010-ലാണ് മക്ക ക്ലോക്ക് ടവറിന്റെ നിർമാണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ പലതവണ ഹെലികോപ്റ്ററിൽ ഒമർ ക്യാമറയേന്തി വട്ടം കറങ്ങിയത്.
ബി.ബി.സി., ഡിസ്‌കവറി, നാഷനൽ ജ്യോഗ്രഫി ചാനലുകൾക്ക് വേണ്ടിയും ഒമർ ഫാറൂഖ് അക്‌സോയ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ബി.ബി.സിയുടെ പ്രസിദ്ധ അവതാരകൻ ജോൺ സിംസൺ തന്റെ ഫൂട്ടേജിനുവേണ്ടി ജിദ്ദയിലെത്തിയ കഥയും ഒമർ പറഞ്ഞു.
"ജേണി ടു മക്ക ഇൻ ദ ഫൂട്ട് പ്രിന്റ്‌സ് ഓഫ് ഇബ്‌നു ബത്തൂത്ത' എന്ന വിഖ്യാത ഡോക്യുമെന്ററിയുടെ ക്യാമറാമാനും ഒമറാണ്. അബ്ദുൽ ലത്തീഫ് സലാസ എന്ന കനേഡിയൻ സംവിധായകനെടുത്ത ഈ സിനിമയുടെ ദൈർഘ്യം 45 മിനുട്ട്. മൂന്നു രാത്രിയും മൂന്നു പകലും പരിശുദ്ധ ഹറമിനകത്തും പുറത്തും വെച്ചാണ് 65 സാങ്കേതിക വിദ്ഗധർ മക്കയിലെ ഷൂട്ടിംഗ് ജോലികൾ പൂർത്തീകരിച്ചതെന്ന് ടീമിനു നേതൃത്വം നൽകിയ ഒമർ പറഞ്ഞു. ബാക്കി ലണ്ടനിലും ദുബായിലും വച്ച് മുഴുവനാക്കിയാണ് പടം പുറത്തിറക്കിയത്. അൽ അറേബ്യ ചാനൽ സംപ്രേഷണം ചെയ്ത ഫൈസൽ രാജാവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പിന്നിലും ഒമറിന്റെ ക്യാമറയായിരുന്നു.
ലെഗസി ഓഫ് കിങ് ഫൈസൽ എന്ന ഈ ഫിലിം കണ്ട അബ്ദുല്ല രാജാവ് ഒമറിനെ പ്രത്യേകം വിളിച്ച് അഭിനന്ദനം അറിയിച്ചു. കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ക്യാമറാ ജോലികൾ അബ്ദുല്ല രാജാവിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഒമറിനെ ഏൽപിച്ചത്. അബ്ദുല്ല രാജാവിനെക്കുറിച്ച് അബ്ദുൽ ലത്തീഫ് സാൽസയെടുത്ത ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും ഒമറാണ് നിർവഹിച്ചത്. രാജകുടുംബവുമായി ഹൃദയംഗമമായ മമതാബന്ധം നിലനിർത്താൻ സൗദിയുടെ
സുകൃതം നിറഞ്ഞ ഭക്തിനിർഭരക്കാഴ്ചകളിലേക്ക് കണ്ണ് തിരിച്ചുവെച്ച ഈ ക്യാമറാമാന് ഭാഗ്യം ലഭിച്ചു.
പുണ്യകേന്ദ്രങ്ങളായ മിനായുടെയും അറഫയുടെയുമൊക്കെ ആകാശക്കാഴ്ചകളുടെ ആയിരക്കണക്കിന് പടങ്ങളാണ് ഒമറിന്റെ ശേഖരത്തിലുള്ളത്. ഇസ്‌ലാമിക സംസ്‌കൃതിയുടെ കളിത്തൊട്ടിലായിരുന്ന
സ്‌പെയിനിലെ കൊർദോവയെക്കുറിച്ച് ഡോക്യുഫിക്ഷൻ നിർമിക്കുകയെന്നതാണ് ഉടനെയുള്ള പദ്ധതിയെന്ന് ഒമർ പറഞ്ഞു. "ആന്ദലൂസ്യ എൻകൗണ്ടേഴ്‌സ്' എന്ന പേരിലാണ് കൊർദോബൻ ദൃശ്യങ്ങൾ ഫിലിമാക്കുന്നത്. എണ്ണൂറ് വർഷത്തെ ഇസ്‌ലാമിക ചരിത്രത്തിലേക്കുള്ള ഹ്രസ്വയാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറം, വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ശാമിയയുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രാധാന്യം ചിത്രീകരിക്കുന്ന മറ്റൊരു പദ്ധതിയും അടുത്ത് തന്നെ യാഥാർഥ്യമാകും.
പലതരം ക്യാമറകളുമേന്തി കപ്പലിലും വിമാനത്തിലും റോഡ് മാർഗവുമൊക്കെ എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് ഒമർ ഫാറൂഖ് അക്‌സോയ്.
ഭാര്യ ഡോ. സെഹാൻ അംബ ജിദ്ദയിലുണ്ട്. സ്വീഡനിൽ താമസിക്കുന്ന സ്റ്റുഡിയോ പ്രൊഡ്യൂസർ കൂടിയായ മകൻ റെകാൻ, ജിദ്ദയിലുള്ള മകൾ മെറാൽ എന്നിവരും പുണ്യമണ്ണിന്റെ നിഴലും വെളിച്ചവും യഥാവിധി ക്രമീകരിക്കുന്ന, എഴുപതിന്റെ പടി കയറാനിരിക്കുന്ന, സ്‌നാപ്പുകളുടെ ഈ സുൽത്താന്റെ പ്രൊഫഷണൽ ജീവിതത്തിന് നിറക്കൂട്ട് പകരുന്നു.