ബഷീർ,
വിഷാദമധുരകാവ്യം

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇഷ്ടപ്പെട്ട കല സാഹിത്യമാണോ സംഗീതമാണോ? സംഗീതമാണ് എന്ന് ആ ജീവിതം വായിച്ചാൽ അറിയാം. സാഹിത്യത്തോളമോ അതിലേറെയോ സംഗീതത്തിലാണ്ടുമുങ്ങിയായിരുന്നു ആ ജീവിതം. വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമവാർഷികദിനത്തിൽ, ബഷീറിന്റെ ‘സംഗീത ജീവിത’ത്തെക്കുറിച്ച് നദീം നൗഷാദ് എഴുതുന്നു.

‘‘നീ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എത്ര ശൂന്യമായേനെ” അനുരാഗത്തിന്റെ ദിനങ്ങളിൽ വൈക്കം മുഹമ്മദ് ബഷീർ കാമുകിക്ക് കൊടുത്തയച്ച ഗ്രാമഫോൺ റെക്കോർഡിൽ എഴുതിയതാണിത്. അനുരാഗത്തിലും ഉന്മാദത്തിലും പട്ടിണിയിലും സഞ്ചാരത്തിലും വിശ്രാന്തിയിലും സംഗീതം അദ്ദേഹത്തിന്റെ കൂട്ടിനുണ്ടായിരുന്നു.

ചെറുപ്പം മുതലേ ബഷീറിന് സംഗീതത്തോട് ജന്മസിദ്ധമായ വാസനയുണ്ടായിരുന്നു. ബാല്യത്തിൽവാഴത്തണ്ടുകൊണ്ട് വീണയുണ്ടാക്കി സംഗീതം കേൾക്കുമായിരുന്നുവെന്ന് എം.എ. റഹ്‌മാൻ സംവിധാനം ചെയ്‌ത ബഷീർ ദ മാൻ എന്ന ഡോകുമെന്ററിയിൽ പറയുന്നു. ഓർമയുടെ അറകളിൽ അത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്:
“ഒരു ആറേഴു വയസ്സു ഉള്ളപ്പോഴത്തെ ഓർമയുണ്ട്. അന്ന് മുറ്റത്തിനടുത്തുള്ള വാഴച്ചുവട്ടിൽ ഞാൻ ചെല്ലും. ഉണങ്ങിയ ഒരു പുറംപോള കളയും. നഖം കൊണ്ട് കുറെ നീളത്തിൽ രണ്ടു മൂന്ന് പച്ച വാഴനാരുകൾ പച്ചപ്പോളയിൽനിന്ന് പൊക്കും. അതിന്റെ അടിയിൽ രണ്ടറ്റത്തും ഈർക്കിലിത്തുമ്പുകൾ കടത്തി പൊക്കി വെയ്ക്കും. വേറൊരു നാര് അതിന്റെ ഉള്ളിൽ കടത്തി രണ്ടു കൈകൊണ്ടും നാരു വലിക്കുമ്പോൾ വീണയിലെന്നപോലെ വളരെ ചെറിയ നാദം കേൾക്കും. സംഗീതം. അത് കേട്ടുകൊണ്ടിരിക്കുന്ന ഒരു പതിവുണ്ടായിരുന്നു”.

മുതിർന്നപ്പോൾ ബഷീർ ഒരു ഗ്രാമഫോൺ വാങ്ങി. അന്നുമുതൽ അത് ബഷീറിന്റെ സന്തത സഹചാരിയായി. എവിടെയൊക്കെ താമസം മാറുന്നുവോ അവിടെയെല്ലാം പുസ്തകങ്ങളുടെയും കസേരയുടെയും കിടക്കയുടെയും കൂടെ ഗ്രാമഫോണും കൊണ്ടു പോകും. 1902-ൽ ഗൗഹർജാന്റെ ശബ്ദത്തിൽ ആദ്യമായി ഗ്രാമഫോണിൽ ഇന്ത്യൻ സംഗീതം റെക്കോർഡ് ചെയ്‌തെങ്കിലും 1932 മുതലാണ് സിനിമകളുടെ ഗ്രാമഫോൺ റെക്കോർഡുകൾ ഇറങ്ങിത്തുടങ്ങിയത്. അന്ന് ഗ്രാമഫോൺ ഉള്ളവർ അപൂർവ്വമായിരുന്നു.

30 വയസ്സിന് ശേഷമായിരിക്കും അദ്ദേഹം നിരന്തരം പാട്ടുകൾ കേട്ടുകൊണ്ടിരുന്നത്. പ്രശസ്ത പ്രസാധകരായ മംഗളോദയം ബഷീറിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച സമയം. ഇതിന്റെ ഡയരക്ടർ എ.കെ.ടി.കെ.എം. വാസുദേവൻ നമ്പൂതിരിപ്പാട് ബഷീറിന് എഴുതാൻ തൃശൂരിൽ ഒരു വീട് തരപ്പെടുത്തി കൊടുത്തിരുന്നു. ആ കാലത്താണ് അനുരാഗത്തിന്റെ ദിനങ്ങൾ എന്ന നോവലിന് ആസ്പദമായ പ്രണയം നടക്കുന്നത്. നോവലിൽ “ഇത് കഥയല്ല, പച്ചയായ ജീവിതത്തിന്റെ ഒരു ഭാഗം” എന്ന് ബഷീർ തുടക്കത്തിൽ എഴുതിയിരുന്നു.

ഒരു വിഷാദ മധുര കാവ്യം

ബഷീർ കാമുകിയായ സരസ്വതി ദേവിക്കെഴുതിയ കത്തുകളിൽ താൻ കേൾക്കുന്ന പാട്ടുകളെ പറ്റി പറയുന്നുണ്ട്. സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകൾ നോവലിന്റെ പല ഭാഗങ്ങളിലായി കടന്നുവരുന്നതുകാണാം. തനിക്കിഷ്ടപ്പെട്ട പാട്ടുകളിലൂടെയാണ് ബഷീർ പ്രണയവും വിരഹവുമൊക്കെ അടയാളപ്പെടുത്തുന്നത്.

ഒരിക്കൽ തന്റെ കത്തുകൾ തിരിച്ചയക്കണം എന്ന് ദേവി ആവശ്യപ്പെട്ടപ്പോൾ ബഷീർ അസ്വസ്ഥനായി. അദ്ദേഹത്തിന് ദേഷ്യവും സങ്കടവും നിരാശയും തോന്നി. ഒരു പുതിയ റെക്കോർഡ് വാങ്ങി. അതിൽ a sad sweet poem എന്നെഴുതി. (ഒരു വിഷാദ മധുര കാവ്യം എന്നായിരുന്നു ദേവിയെ ആദ്യമായി കണ്ടപ്പോൾ ബഷീറിന് തോന്നിയത്). വിഷാദവും മധുരവും കലർന്ന രണ്ടു ഗാനങ്ങൾ പങ്കജ് മല്ലിക്കിന്റെ ശബ്ദത്തിൽ കേട്ടു:
ജബ് ചാന്ദ് മെരാ നികലാ.
മറുവശത്ത് ജിസേ മേരി യാദ് ന ആയെ.

‘‘സ്വന്തമായ ഗ്രാമഫോണിൽ വലിയ ഗായകരുടെ പാട്ടുകൾ കേൾക്കുക. അത് ബഷീറിനു ഒരു തരം ലഹരിയായിരുന്നു. പങ്കജ് മല്ലിക്, സൈഗൾ എന്നിവരെയാണ് ആ കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്’’

മറ്റൊരിക്കൽ ദേവിക്കെഴുതിയപ്പോൾ, പത്ത് റെക്കോർഡുകൾ വാങ്ങിയ കാര്യം പറയുന്നുണ്ട്. യാദ് ആയേകി ന ആയേ തുംഹാരീ ഓടുന്ന വണ്ടിയിലിരുന്ന് കേട്ടു.
“ഞാൻ ഇന്നലെ ഇവിടെ എന്റെ വീട്ടിൽ വന്നു. ഗ്രാമഫോൺ ഈ കുഗ്രാമത്തിൽ ഒരു വിശേഷ സംഭവമാണ്. വന്ന ഉടനെ എല്ലാവർക്കും പാട്ട് കേൾക്കണം. എന്റെ മാതാവ്, സഹോദരികൾ, സഹോദരന്മാർ, എല്ലാവർക്കും. പിന്നെ അയൽപക്കത്തുള്ളവരും. ആദ്യമേ വെച്ചത് ജബ് ചാന്ദ് മെരാ നികലാ. ഒടുവിൽ ‘യാദ് ആയെകി ന ആയെ തുംഹാരീ’. പാട്ടുകൾ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. പൊരുൾ എന്തെന്നുമാത്രം ആർക്കും അറിഞ്ഞു കൂടാ”.

ദേവിയെ ആദ്യമായി വലതുകരം ഗ്രഹിച്ചു ചുംബിച്ചപ്പോൾ ബഷീർ വല്ലാത്തൊരു ആനന്ദം അനുഭവിച്ചിരുന്നു. ഉടനെ മുറിയിൽ വന്ന് ഗ്രാമഫോൺ പാടിച്ചപ്പോൾ റെക്കോർഡ് ചുംബിക്കാൻ തോന്നി. ദേവിയുമായി പിരിയാൻ തീരുമാനിച്ചപ്പോഴും അഭയം തേടിയത് പാട്ടിലായിരുന്നു:
“എനിക്ക് വിഷമം. ഞാൻ ഗ്രാമഫോൺ എടുത്തു. ജബ് ചാന്ദ് മെരാ നികലാ എന്ന പാട്ട് കേൾക്കാൻ തുടങ്ങി. ഏകാന്തത! ഇനി ദേവി എന്റെ ആരാണ്? എട്ട് മണി മുതൽ ഒൻപതര മണിവരെ ഞാൻ ഗ്രാമഫോൺ പാടിച്ചുകൊണ്ടിരുന്നു. പങ്കജ് മല്ലിക്, സൈഗൾ, കെ സി ഡെ,തലത് മഹമൂദ്, നൂർജഹാൻ, ദിലിപ് കുമാർ റോയ്, മൻജുദാസ് ഗുപ്ത, ബിംഗ് ക്രോസ്ബി, പോൾ റോബ്സൻ... മനസ്സിനു വല്ലാത്ത വിഷമം തോന്നി. ആളുകളുടെ ശബ്ദം കേൾക്കുമ്പോൾ കൊല്ലാനുള്ള ദേഷ്യം വരും”.

ബഷീർ കാമുകിയായ സരസ്വതി ദേവിക്കെഴുതിയ കത്തുകളിൽ താൻ  കേൾക്കുന്ന പാട്ടുകളെ പറ്റി പറയുന്നുണ്ട്. സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകൾ നോവലിന്റെ  പല ഭാഗങ്ങളിലായി  കടന്നുവരുന്നതുകാണാം.
ബഷീർ കാമുകിയായ സരസ്വതി ദേവിക്കെഴുതിയ കത്തുകളിൽ താൻ കേൾക്കുന്ന പാട്ടുകളെ പറ്റി പറയുന്നുണ്ട്. സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകൾ നോവലിന്റെ പല ഭാഗങ്ങളിലായി കടന്നുവരുന്നതുകാണാം.

ദേവി അവസാനമായി ബഷീറിനെ തേടിയെത്തിയപ്പോഴും അദ്ദേഹം പാട്ട് കേൾക്കുകയായിരുന്നു:
“ഇന്നു പകൽ പത്ത് മണിക്ക് ഞാൻ ഗ്രാമഫോൺ പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ സരസ്വതി ദേവി കയറിവന്നു. കൂടെ ഒരു ചുമട്ടുകാരനും ഒരു വലിയ ടേബിൾ ബെഡ്, ബെഡ് ഷീറ്റ്,നാലു തലയിണകൾ,രണ്ടു കുഷൻ, വില കൂടിയ രണ്ട് കശ്മീർ ഷാളുകൾ ഇത്രയുമായിട്ടാണ് ദേവി വന്നത്. എന്റെ പഴയ ബെഡും തലയിണയും മറ്റും ചുമട്ടുകാരന് കൊടുത്തു. അവനെ പറഞ്ഞയച്ചിട്ട് വലിയ ജമുകാളം വിരിച്ച് അതിൽ ബെഡ് ഇട്ടു. ബെഡ് ഷീറ്റ് ഇട്ട് അതിൽ തലയിണയൊക്കെ വെച്ചിട്ട് ദേവി കണ്ണട താഴ്ത്തി വെച്ചിട്ട് എന്നെ ബെഡിൽ പിടിച്ച് കിടത്തി. ദേവിയുടെ കണ്ണുകളിൽ ചുംബിച്ചശേഷം ഞങ്ങൾ കെട്ടിപിടിച്ചു കുറെ നേരം കിടന്നു”.
അപ്പോഴും ഗ്രാമഫോൺ പാടിക്കൊണ്ടിരിക്കുകയായിരുന്നു.

ബഷീറും മുണ്ടശ്ശേരിയും ചങ്ങമ്പുഴയും
ഒന്നിച്ചിരുന്ന് കേട്ട പാട്ടുകൾ

പ്രൊഫ. എം.കെ. സാനു എഴുതിയ ബഷീറിന്റെ ജീവചരിത്രമായ ‘ഏകാന്ത വീഥിയിലെ അവധൂതനി’ൽ ഇങ്ങനെ രേഖപ്പെടുത്തുന്നു:
“സ്വച്ഛമായ ഏകാന്തത ലഭിച്ചപ്പോൾ ബഷീർ ആ അന്തരീക്ഷത്തോട് ഇണങ്ങി രചനയിൽ ശ്രദ്ധിച്ചു. ഒന്നും ചെയ്യാൻ തോന്നാത്ത സമയങ്ങളിൽ സംഗീതം ആസ്വദിച്ചു. സ്വന്തമായ ഗ്രാമഫോണിൽ വലിയ ഗായകരുടെ പാട്ടുകൾ കേൾക്കുക. അത് ബഷീറിനു ഒരു തരം ലഹരിയായിരുന്നു. പങ്കജ് മല്ലിക്, സൈഗൾ എന്നിവരെയാണ് ആ കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. ഇംഗ്ലീഷ് ഗാനങ്ങളും വാദ്യ സംഗീതവും അതുപോലെ ആസ്വദിച്ചുപോന്നു. ആത്മാവിന്റെ പോഷകാഹാരം ബഷീറിന് സംഗീതമായിരുന്നു. സംഗീതം ആസ്വദിക്കാൻ താളലയങ്ങളുടെ ചിറകുകളിൽ പറന്നുയർന്ന് ആ ആത്മാവ് അതീതലോകങ്ങളുടെ അലൗകിക സുഖം നുകർന്നുപോന്നു. എഴുതാൻ തോന്നുന്ന ചില സമയങ്ങളിൽ മാത്രം കഥാരചന തുടങ്ങുക എന്നതായിരുന്നു ആ ഘട്ടത്തിൽ ബഷീറിന്റെ രീതി. കഥയുടെ സൂഷ്മ ഭാവങ്ങൾ പലതും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അവയ്ക്ക് ആവിഷ്കരണം നൽകുക എന്നത് എളുപ്പമല്ല. വാക്കുകളും വാക്യങ്ങളും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. ബഷീറിലെ സംഗീതാസ്വാദകനും കഥാകാരനും അത്തരം മുഹൂർത്തത്തിൽ ഒരുമിക്കുന്നു. സംഗീതത്തിന്റെതായ താളവും ലയവും വാക്യങ്ങളിൽ മാത്രമല്ല കഥാശില്പത്തിലാകെ തുളുമ്പിനിൽക്കണം എന്നാലേ ബഷീറിന് തൃപ്തിയാകൂ’’. (പേജ് 126).

മംഗളോദയത്തിന്റെ ദിനങ്ങളിൽ ബഷീറും മുണ്ടശ്ശേരിയും ചങ്ങമ്പുഴയും ഒരുമിച്ചിരുന്ന് സംഗീതാസ്വാദനം നടത്തിയതും ജീവചരിത്രകാരൻ പറയുന്നു: ‘‘ബഷീറിന്റെ ഗ്രാമഫോണിൽ ഒന്നാം തരം റെക്കോർഡുകൾ വെച്ച് സംഗീതരസം നുകരാൻ അവർ ഒരിക്കലും മറന്നിട്ടില്ല. അതിന്റെ സുഖം നുകർന്നുകൊണ്ട് വളരെ നേരം തങ്ങൾ നിശ്ശബ്ദരായിട്ടുണ്ടെന്ന് ബഷീർ ഓർമ്മിക്കുന്നു”. (പേജ് 127)

ആ കാലഘട്ടത്തിൽ സംഗീതം പൊതുവേ ഉപരി വർഗ്ഗത്തിന്റെ കലയായിരുന്നു. സിനിമാസംഗീതരംഗം ശാസ്ത്രീയ സംഗീതത്തിന്റെ പിടിയിലും. എന്നാൽ ബഷീർ എല്ലാവിധ സംഗീതവും ആസ്വദിച്ചു. ഒരു സംഗീതരൂപത്തോടും പ്രത്യേക മമതയോ അനിഷ്‌ടമോ കാണിച്ചില്ല. ഹിന്ദുസ്ഥാനിയും കർണാട്ടിക്കും പാശ്ചാത്യ സംഗീതവും ആസ്വദിച്ചു. അബ്ദുൾ കരീംഖാനെയും എം. എസ്. സുബ്ബലക്ഷ്മിയെയും പോൾ റോബ്സനേയും ഒരേപോലെ ഇഷ്ടപ്പെട്ടു. ആസ്വാദനത്തിന്റെ ബഹുസ്വരതയിൽ അദ്ദേഹം വിശ്വസിച്ചു.

വൈക്കം മുഹമ്മദ് ബഷീർ / ഫോട്ടോ: പുനലൂർ രാജൻ
വൈക്കം മുഹമ്മദ് ബഷീർ / ഫോട്ടോ: പുനലൂർ രാജൻ

കാറ്റിനിലേ വരും ഗീതം…

എറണാകുളത്ത് രവിപുരത്തെ വാടകവീട്ടിൽ താമസിക്കാൻ വന്നപ്പോഴാണ് നീലവെളിച്ചം എന്ന കഥ എഴുതുന്നത്. ബഷീർ ‘ഭാർഗവിനിലയം’ എന്ന് വിശേഷിപ്പിച്ച അവിടുത്തെ രാത്രികൾ സംഗീത സാന്ദ്രമായിരുന്നു. തന്റെ ഏകാന്തത അദ്ദേഹം മറികടന്നത് സംഗീതത്തിലൂടെയായിരുന്നു. പൊടിപിടിച്ചുകിടന്ന വീട് അടിച്ചു വാരി വൃത്തിയാക്കി കഴിഞ്ഞപ്പോൾ വീടിന്റെ വാതിലുകളെല്ലാം അടച്ച് ബഷീർ പുറത്തിറങ്ങി. അദ്ദേഹം വിചാരിച്ചു;
“ഈ രാത്രി ആരുടെ പാട്ട് കൊണ്ടാണ് പുതിയ വീട് ഉദ്ഘാടനം ചെയ്യേണ്ടത്?....എന്റെ പക്കൽ നൂറിലധികം റെക്കോർഡുകളു​ണ്ട്. ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉർദു, തമിഴ്, ബംഗാളി. മലയാളത്തിൽ ഒന്നും ഇല്ല. പാടാൻ കഴിവുള്ളവരുണ്ട്. അതിന്റെ റെക്കോർഡുകളുമുണ്ട്. അതിന്റെ എല്ലാം ഡയറക്ഷൻ മോശമാണ്. മലയാളത്തിൽ ഇപ്പോൾ നല്ല മ്യൂസിക് ഡയരക്ടർമാരും പാട്ടുകാരും ഉണ്ടായിവരുന്നുണ്ട്. മലയാള റെക്കോർഡുകൾ കുറെ വാങ്ങണം. ഞാൻ വിചാരിച്ചു. ഇന്ന് ആദ്യമായി ആരുടെ പാട്ട് വെയ്ക്കും? പങ്കജ് മല്ലിക്, ദിലീപ് കുമാർ റോയ്, കെ. എൽ. സൈഗൾ, ബിംഗ് ക്രോസ്ബി, കാനൻ ദേവി, പോൾ റോബ്സൻ, അബ്ദുൾ കരീംഖാൻ, കുമാരി മഞ്ജൂദാസ് ഗുപ്ത,ഖുർഷിദ്, ജൂതി കാരെ, എം.എസ്. സുബ്ബലക്ഷ്മി... ഇങ്ങനെ ഒരു പത്തിരുപത് പേരെ ഞാൻ ഓർമിച്ചു. ഒടുവിൽ ഞാൻ തീർച്ചയാക്കി ‘ദൂരദേശവാസി ഇതാ വന്നിരിക്കുന്നു’ എന്നൊരു പാട്ടുണ്ട്. ‘ദൂർ ദേശ്കാ രഹനാവാല ആയാ’ എന്ന് തുടങ്ങുന്നത്. ആരാണ് പാടിയിരിക്കുന്നത്? പെണ്ണോ...ആണോ ...എന്തോ ഓർമ്മ വന്നില്ല”.

താൻ താമസിക്കുന്നത് ദുരൂഹമരണം നടന്ന വീടാണെന്നറിഞ്ഞിട്ടും ബഷീറിന് ഒരു കൂസലും ഉണ്ടായിരുന്നില്ല. സ്ത്രീയായതുകൊണ്ടുതന്നെ ഉപദ്രവിക്കാൻ തരമില്ല. കൂടാതെ അത് പുതിയൊരു ജീവിതാനുഭവമാകുമെന്നും കരുതി. ഒഴിവു സമയങ്ങളിൽ ബഷീർ ഭാർഗവിയോട് സംസാരിച്ചു; “കേട്ടോ ഭാർഗവിക്കുട്ടീ, എന്റെ പക്കൽ ഒന്നാന്തരം ഒരു ഗ്രാമഫോൺ ഉണ്ട്. ഒന്നാന്തരം പത്തിരുനൂറു പാട്ടുകളുമുണ്ട്. നിനക്ക് സംഗീതം ഇഷ്ടമാണോ?”

‘‘രാവിലെ ഞങ്ങൾ ഉണർന്നുനോക്കുമ്പോൾ കാണുന്നത് വിസ്കിയിൽ പകുതി മുങ്ങിയ ഗ്രാമഫോൺ റെക്കോർഡുകളും അരികിൽ കട്ടിലിൽ സുഖമായ നിദ്രയിൽ ബഷീറും’’ .

മിക്ക രാത്രികളിലും ബഷീർ പാട്ടു വെയ്ക്കുമായിരുന്നു:
നേരത്തെ ഉറങ്ങാമെന്ന് വിചാരിച്ചു കിടക്ക വിരിച്ചു വിളക്കണച്ചു. അപ്പോൾ തോന്നി ഒരു റെക്കോർഡ് വെയ്ക്കണം! വീണ്ടും വിളക്ക് കൊളുത്തി. ഗ്രാമഫോൺ തുറന്നുവെച്ചു. സൗണ്ട് ബോക്സിൽ ഒരു പുതിയ സൂചി ഫിറ്റ് ചെയ്തു. അതിനുശേഷം കീ കൊടുത്തു. ആരുടെ പാട്ട് വെയ്ക്കും? ലോകം നിശ്ശബ്ദം. എന്നാൽ ഒരു മുഴക്കമുണ്ട്. ‘ഹൂ’ എന്ന് എന്റെ രണ്ടു ചെവികളിലുമാണ്. ഭയം എന്നെ പിടികൂടിയോ? എന്റെ പുറത്ത് ഒരു പോരുപൊരുപ്പ്. ഭീകരമായ നിശ്ശബ്ദതയെ ലക്ഷം ലക്ഷം കഷ്ണങ്ങളായി തകർക്കാൻ ഞാൻ വിചാരിച്ചു. അതിന് ആരുടെ പാട്ട് വേണം? അങ്ങനെ തിരിഞ്ഞ്, അമേരിക്കയിലെ നീഗ്രോ ഗായകനായ പോൾ റോബ്സന്റെ ഒരു റെക്കോർഡ് എടുത്തുവെച്ചു. ഉടനെ ഗ്രാമഫോൺ പാടി തുടങ്ങി. മധുരവും ഗംഭീരവുമായ ഒരു പുരുഷശബ്ദം:
Joshua fit the battle of Jericho
അതു തീർന്നു. പിന്നീടു പങ്കജ് മല്ലിക്കാണ്‌; തൂ ഡർനാ ശരാബി.
നീ അശേഷം ഭയപ്പെടേണ്ട. അതു കഴിഞ്ഞ് മധുരവും മൃദുലവും മോഹനവുമായ സ്ത്രീ ശബ്ദമാണ്: ‘കാറ്റിനിലേ വരും ഗീതം’.
അങ്ങനെ എം.എസ്. സുബ്ബലക്ഷ്മി പാടിക്കഴിഞ്ഞു. ഈ മൂന്നു പാട്ടുകൾ കഴിഞ്ഞപ്പോൾ എനിക്കെന്തോ സമാധാനമായി. അങ്ങനെ ഞാൻ കുറെ സമയം ഇരുന്നു. ഒടുവിൽ സാക്ഷാൽ സൈഗളിനെ വിളിച്ചു. അദ്ദേഹം പതുക്കെ ആ ക്ഷീണിച്ച സ്വരത്തിൽ വിഷാദത്തോടെ മധുരമായി പാടി:
‘സോജാ രാജകുമാരീ, രാജകുമാരീ ഉറങ്ങൂ. സുന്ദരമായ സ്വപ്നങ്ങൾ കണ്ട് നീ ഉറങ്ങൂ…’

നീലവെളിച്ചം, ഭാർഗവിനിലയം എന്ന പേരിൽ സിനിമയായപ്പോൾ തിരക്കഥയിൽ സംഗീതത്തെ കുറിച്ചുള്ള പരാമർശങ്ങൾ ധാരാളം വന്നു. സിതാർ ഒരു കഥാപാത്രത്തിന്റെ സ്ഥാനത്തേക്കുയർന്നു. മലയാള സിനിമയിലെ മറ്റൊരു തിരക്കഥയിലും കാണാത്ത സംഗീതാത്മകതയുണ്ട് അതിൽ. ഭാർഗവിയുടെ കാമുകനായ ശശികുമാർ സിതാർ വായിക്കുന്നതിനെ കുറിച്ച് പല രീതിയിലുള്ള ദൃശ്യാഖ്യാനങ്ങളാണ് ബഷീർ എഴുതിയത്. താമസമെന്തേ വരുവാൻ എന്ന പാട്ടിൽ ശശികുമാർ സിതാർ വായിച്ചു പാടുന്നത് സിനിമയിലെ പ്രധാന ഭാഗമാണ്. കാമുകൻ യാത്ര പോകുമ്പോൾ സിതാർ ഭാർഗവിയെ ഏൽപ്പിക്കുന്നു. ഭാർഗവിക്കാവട്ടെ അത് ശശികുമാറിന്റെ ആത്മാവിന്റെ പ്രതീകമായിരുന്നു. കാമുകസാനിധ്യം തീവ്രമായി ആഗ്രഹിക്കുന്ന നേരങ്ങളിൽ അവൾ സിതാർ കമ്പികളിൽ തലോടും. തിരക്കഥ സിനിമയായി മാറിയപ്പോൾ സംഗീതത്തെ പറ്റിയുള്ള വിവരണങ്ങൾ അപ്രത്യക്ഷമായി. ബഷീർ സംഗീതം ആസ്വദിക്കുന്ന ആളാണ് എന്ന സൂചന വളരെ വിരളമായി മാത്രമേ സിനിമയിൽ ഉള്ളൂ.

നീലവെളിച്ചം, ഭാർഗവിനിലയം എന്ന പേരിൽ സിനിമയായപ്പോൾ തിരക്കഥയിൽ സംഗീതത്തെ കുറിച്ചുള്ള പരാമർശങ്ങൾ ധാരാളം വന്നു. സിതാർ ഒരു കഥാപാത്രത്തിന്റെ സ്ഥാനത്തേക്കുയർന്നു. മലയാള സിനിമയിലെ മറ്റൊരു തിരക്കഥയിലും കാണാത്ത സംഗീതാത്മകതയുണ്ട് അതിൽ.
നീലവെളിച്ചം, ഭാർഗവിനിലയം എന്ന പേരിൽ സിനിമയായപ്പോൾ തിരക്കഥയിൽ സംഗീതത്തെ കുറിച്ചുള്ള പരാമർശങ്ങൾ ധാരാളം വന്നു. സിതാർ ഒരു കഥാപാത്രത്തിന്റെ സ്ഥാനത്തേക്കുയർന്നു. മലയാള സിനിമയിലെ മറ്റൊരു തിരക്കഥയിലും കാണാത്ത സംഗീതാത്മകതയുണ്ട് അതിൽ.

പോൾ റോബ്സൺ
എന്ന ഇഷ്ടഗായകൻ

കോട്ടയത്ത് താമസിച്ചതിനെ പറ്റി അയ്യപ്പപ്പണിക്കർ എഴുതിയത് ബഷീറിന്റെ ജീവചരിത്രത്തിലുണ്ട്: “രാത്രിയിലെ രംഗം ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബഷീറിന്റെ മുറിയിൽ നിന്നും പങ്കജ് മല്ലിക്കിന്റെയും കെ.സി. ഡെയുടെയും സൈഗളിന്റെയും ഗ്രാമഫോൺ സംഗീതം മൃദുവായി ഉയരും. ഞങ്ങളെല്ലാം ഉറങ്ങിക്കഴിഞ്ഞായിരിക്കും ബഷീർ സ്വന്തം അന്തർലോകത്തേക്ക് കടക്കുന്നത്. തേരെ മന്ദിർ കാഹൂ ദീപക് ജൽരഹാ,മേ രോത്താഹൂം, സോജാ രാജകുമാരീ, ഹെ കാതിബ് എ തക്ദീർ മുജേ ഇത് ന ബതാദേ… ഈ ഗാനങ്ങൾ അന്തരീക്ഷത്തിൽ ചെറിയ അലകൾ ഉണ്ടാക്കി ഉയരുമ്പോൾ ബ്രാണ്ടിയുടെയും വിസ്കിയുടെയും ബിയറിന്റെയും കുപ്പികൾ തുറക്കപ്പെടും. രാവിലെ തങ്ങൾ ഉണർന്നുനോക്കുമ്പോൾ കാണുന്നത് വിസ്കിയിൽ പകുതി മുങ്ങിയ ഗ്രാമഫോൺ റെക്കോർഡുകളും അരികിൽ കട്ടിലിൽ സുഖമായ നിദ്രയിൽ ബഷീറും’’ (പേജ് 142)

ഓരോ സ്ഥലത്തേക്കും താമസം മാറുമ്പോഴും ഗ്രാമഫോൺ ചുമലിലേറ്റി നടക്കാൻ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. അത്രയേറെ ഭ്രമമായിരുന്നു സംഗീതത്തോട്‌. പട്ടിണി കിടക്കുന്ന ദിവസങ്ങളിലും പാട്ട് കേൾക്കാറുണ്ടായിരുന്നു. വിശപ്പിനെ അതിജീവിക്കാൻ ശ്രമിച്ചത് സംഗീതത്തിലൂടെയായിരിക്കാം.

അമേരിക്കൻ ഗായകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന പോൾ റോബ്സൻ ബഷീറിന്റെ ഇഷ്‌ടഗായകനായിരുന്നു. സാമ്രാജ്വവിരുദ്ധ പോരാട്ടങ്ങൾ നടത്തിയതുകൊണ്ട് കുപ്രസിദ്ധമായ മകാർത്തിയൻ ഭരണകാലത്ത് അമേരിക്കൻ സർക്കാരിന്റെ നോട്ടപുള്ളിയായിരുന്നു. “ശ്രദ്ധിക്കുന്നുണ്ടോ ഞാൻ ആദ്യം വെയ്ക്കാൻ പോവുന്നത് പോൾ റോബ്സൻ എന്ന നീഗ്രോ ഗായകന്റെ റെക്കോർഡ് ആണ്. നീഗ്രോ, കറുമ്പൻ, പിരു പിരാ മുടിയുള്ള കാപ്പിരി. വെള്ളക്കാരാൽ അടിച്ചമർത്തപെട്ട ഒരു വർഗ്ഗം. യജമാനൻമാരും അടിമകളും. അടിമകളുടെ ബ്രഹ്മാണ്ടമായ അമർഷത്തിന്റെ ബ്രഹ്മാണ്ട ശബ്ദങ്ങൾ. അത്കൊണ്ട് ഭാർഗവിക്കുട്ടീ ഭീകരമായ ഈ നിശബ്ദതയെ ലക്ഷം ലക്ഷം കഷ്ണങ്ങളായി തകർക്കാൻ പോവുകയാണ്. ശ്രദ്ധിക്കുക പോൾ റോബ്സന്റെ മനോഹരമായ ഇടി മുഴക്കം പോലുള്ള ഗംഭീര ശബ്ദം.” Joshua fit the battle of Jericho” (ഭാർഗവി നിലയം – സീൻ 7ബി). നൂറ്റാണ്ടുകളായി അടിമകളാക്കി വെച്ചിരിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ദുഖവും അമർഷവും പോൾ റോബ്സന്റെ ശബ്ദത്തിൽ ബഷീർ കേട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കും സഹജീവികളോട് ഏറെ കരുണയും സ്നേഹമുള്ള ബഷീറിന് പോൾ റോബ്സൻ പ്രിയപ്പെട്ട ഗായകനായത്.

എറണാകുളത്ത് എഴുതാൻ തുടങ്ങിയ നാളുകളിലും പിന്നീട് മദ്രാസിൽ സുഹൃത്തുക്കളുടെ കൂടെ താമസിക്കുമ്പോഴും അതിനുശേഷം തൃശൂരും കോട്ടയത്തും പാർക്കുമ്പോഴും ഗ്രാമഫോൺ ഒപ്പമുണ്ടായിരുന്നു. ഓരോ സ്ഥലത്തേക്കും താമസം മാറുമ്പോഴും ഗ്രാമഫോൺ ചുമലിലേറ്റി നടക്കാൻ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. അത്രയേറെ ഭ്രമമായിരുന്നു സംഗീതത്തോട്‌. പട്ടിണി കിടക്കുന്ന ദിവസങ്ങളിലും പാട്ട് കേൾക്കാറുണ്ടായിരുന്നു. വിശപ്പിനെ അതിജീവിക്കാൻ ശ്രമിച്ചത് സംഗീതത്തിലൂടെയായിരിക്കാം.

തലയോലപ്പറമ്പിൽ നിന്ന് ജോലിയന്വേഷിച്ച് എറണാകുളത്ത് എത്തിയപ്പോഴാണ് എഴുതാൻ തുടങ്ങുന്നത്. അവിടെ താൻ താമസിക്കുന്ന ലോഡ്ജ് ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ പറഞ്ഞപ്പോൾ മറ്റൊരു സ്ഥലത്തേക്ക് മാറി. താമസം മാറുമ്പോഴും പുസ്തകങ്ങളുടെയും മറ്റു സാമഗ്രികളുടെയും കൂടെ ഗ്രാമഫോൺ റെക്കോർഡുകളും ഉണ്ടായിരുന്നു:
“ഗൃഹപ്രവേശം ഒരു ചായയോടു കൂടി ആഘോഷിച്ചു. ഗ്രാമഫോണിൽ പങ്കജ് മല്ലിക്കിന്റെയും സൈഗളിന്റെയും പോൾ റോബ്സന്റെയും പാട്ടുകൾ കേട്ടുകൊണ്ട് ബീഡി വലിക്കുകയും സൊറ പറയുകയും ചെയ്തു” (ബഷീർ- ഏകാന്ത വീഥിയിലെ അവധൂതൻ).

അമേരിക്കൻ ഗായകനും രാഷ്ട്രീയ  പ്രവർത്തകനുമായിരുന്ന പോൾ റോബ്സൻ ബഷീറിന്റെ ഇഷ്‌ടഗായകനായിരുന്നു.
അമേരിക്കൻ ഗായകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന പോൾ റോബ്സൻ ബഷീറിന്റെ ഇഷ്‌ടഗായകനായിരുന്നു.

പുസ്തകങ്ങളല്ല,
പാട്ടുകൾ, പാട്ടുകൾ മാത്രം…

തിരുവതാംകൂറി​ൽ ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തെ അനുകൂലിച്ച് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നു. അതിന്റെ പേരിൽ കുറെ കാലം പോലീസുകാർ തലയോലപ്പറമ്പിലെ വീട്ടിൽ വന്നു വീട്ടുകാരെ ഭീക്ഷണിപ്പെടുത്താറുണ്ടായിരുന്നു. ഇത് തുടർന്നപ്പോൾ ബഷീർ പിടികൊടുക്കാൻ തീരുമാനിച്ചു. അന്ന് എറണാകുളത്താണ് താമസം. പോലീസിന് കീഴടങ്ങാൻ പോകുമ്പോൾ തന്റെ കഥകളും മറ്റു സാമഗ്രികകളും ഗ്രാമഫോണും അദ്ദേഹം കൂട്ടുകാരെ ഏൽപ്പിച്ചു. മദിരാശിയിൽ ജയകേരളത്തിന്റെ ഓഫീസിലെ കുടുസുമുറിയിൽ താമസിക്കുന്ന കാലത്തും പുസ്തകങ്ങൾ, അലൂമിനിയ പാത്രങ്ങൾ എന്നിവയുടെ കൂടെ പെട്ടിപ്പാട്ട് യന്ത്രവും ഉണ്ടായിരുന്നുവെന്ന് എം.വി ദേവൻ പറഞ്ഞിട്ടുണ്ട്.

1958- ലാണ് തലയോലപ്പറമ്പിൽനിന്ന് കോഴിക്കോട് എത്തി ബഷീർ ഫാബിയെ വിവാഹം കഴിച്ചത്. അതിനുശേഷം അവർ തലയോലപ്പറമ്പിലേക്ക് തിരിച്ചുപോയി. പിന്നെ ഭാര്യയുടെ ഉപ്പയുടെ മരണാനന്തരം ബേപ്പൂരിലേക്ക് താമസം മാറി. വൈലാലിലെ വീട്ടിൽ താമസിക്കുമ്പോഴാണ് മാങ്കോസ്റ്റിന്റെ ചുവട്ടിൽ ഗ്രാമഫോണിൽ റെക്കോർഡ് വെച്ച് ഇരിക്കുന്ന ശീലം തുടങ്ങിയത്. വെറുതെ ഇരിക്കുമ്പോൾ പലതരം പാട്ടുകൾ കേട്ടു കൊണ്ടിരിക്കും. അങ്ങനെ കേൾവിയെ ജനകീയവൽകരിച്ച കാലഘട്ടത്തിൽ വൈലാലിൽ ഒരുപാട് പേർ പാട്ട് കേൾക്കാൻ വരുമായിരുന്നു: “സൈഗളിന്റെയൊ പങ്കജ് മല്ലിക്കിന്റെയോ പാട്ടുകൾ ഇടവഴിയിൽ നിന്ന് തന്നെ നിങ്ങൾ കേട്ടു തുടങ്ങും. കയറിചെല്ലുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ കണ്ണടച്ച് പാട്ടിൽ ലയിച്ച് വീട്ടുമുറ്റത്തെ മാങ്കോസ്റ്റിന്റെ തണുപ്പിൽ ചാര് കസേരയിൽ കിടപ്പുണ്ടാവും. മുന്നിലെ സ്റ്റൂളിൽ പത്രമാസികകളും കത്തുകളും ചിതറികിടക്കുന്നു. തൊട്ടടുത്ത ഫ്ലാസ്ക്കിൽ സുലൈമാനി എന്ന കട്ടൻ ചായ. മടിയിൽ തീപ്പെട്ടിയും ബീഡിയും. നിങ്ങൾ വന്നതറിഞ്ഞു തലയ്ക്കു പിന്നിൽ കസേരയിൽ പിണച്ചു വെച്ച കൈകൾ സ്വതന്ത്രമാക്കി മൂപ്പർ നിവർന്നിരിക്കുന്നു. ഇപ്പോൾ പാട്ട് നേർത്ത് പശ്ചാത്തല സംഗീതമായി തീർന്നിട്ടുണ്ട്”. (അബുവിന്റെ ഓർമകളിൽ എം. എൻ. കാരശ്ശേരി പറഞ്ഞത്)

ബഷീറിന് പാട്ടുകൾ കേൾക്കാൻ ഫാബി എപ്പോഴും സൗകര്യങ്ങൾ ചെയ്തു കൊടുക്കും. മഴയില്ലാത്ത ദിവസങ്ങളിൽ ഗ്രാമഫോൺ രാവിലെ പതിവ് മരച്ചുവട്ടിൽ ഒരുക്കിവെയ്ക്കും. കസേരകളും ചായ നിറച്ച വലിയ ഫ്ലാസ്ക്കും ബീഡി, തീപ്പെട്ടി, സിഗരറ്റ്, ഗ്ലാസ്സുകൾ എന്നിവയും. റെക്കോർഡുകൾ ഒരുപാട് ഉണ്ടായിരുന്നു. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ മൂന്നുനാല് ആഴ്ചകളോളം അഖണ്ഡസംഗീത യജ്ഞത്തിനുള്ള വകയുണ്ട്.

‘‘പുസ്തകങ്ങളല്ല, പാട്ടുകളാണ് ബഷീർ ശേഖരിച്ചിരുന്നത്. ബഷീറിന്റെ കൈവശം അത്തരം അമൂല്യമായ ഒരു ശേഖരമുണ്ടായിരുന്നു. സാധാരണ സിനിമാപാട്ടുകൾ കാര്യമാക്കിയിരുന്നില്ല. സംഗീതസദസ്സുകൾ കോഴിക്കോട് എപ്പോൾ നടന്നാലും ബഷീർ മുൻനിരയിൽ കാണും. സാഹിത്യ സദസ്സുകളിൽ ഈ കഥാകൃത്തിനെ കണ്ടുകിട്ടുകയില്ല”.

എം.എൻ. കാരശ്ശേരി എഴുതിയ ബഷീറിന്റെ ജീവചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഗീത പ്രണയത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു:
“ഈ എഴുത്തുകാരന്റെ ഇഷ്‌ടപ്പെട്ട കല സാഹിത്യമല്ല; സംഗീതമാണ്. അദ്ദേഹം പാട്ട് എഴുതിയിട്ടില്ല, പാട്ടിന് സംഗീതം രചിച്ചിട്ടില്ല, പാട്ട് പാടിയിട്ടില്ല, ഏതെങ്കിലും വാദ്യം വായിച്ചിട്ടും ഇല്ല. വെറും കേൾവിക്കാരനാണ്. എത്രനേരം പാട്ട് കേട്ടിരുന്നാലും മൂപ്പർക്ക് മുഷിയില്ല. പാട്ടുകാരെ പറ്റി ആവേശത്തോടെ സംസാരിക്കും. അധികവും ഹിന്ദുസ്ഥാനി ഗായകരെ പറ്റിയാണ്. സൈഗൾ, പങ്കജ് മല്ലിക്ക്, ദിലീപ് കുമാർ റോയി, ബിങ് ക്രോസ്സ് ബി, പോൾ റോബ്‌സൻ, അബ്ദുൾ കരീം ഖാൻ, കാനൻ ദേവി, കുമാരി മജൂംദാസ് ഗുപ്‌ത, ഖുർഷിദ്, ജൂതി കരേ, എം. എസ്. സുബ്ബലക്ഷ്മി, സി.എച്ച്. ആത്മ തുടങ്ങിയവരിലാണ് കമ്പം. പങ്കജ് ഉദാസ്‌, തലത് അസീസ് തുടങ്ങിയ ചെറുപ്പക്കാരോടുപോലും ആരാധന. പഴയ മട്ടിലുള്ള ഗ്രാമഫോണും ഇത്തരം അനവധി റെക്കോർഡുകളും എന്നും മൂപ്പരുടെ കൂടെയുണ്ടായിരുന്നു. അനവധി നാടുകളിൽ തെണ്ടിയലഞ്ഞിട്ടുള്ള ബഷീർ എന്നും അതൊക്കെ കൂടെ കൊണ്ടുനടന്നു. പുതിയ മട്ടിലുള്ള റേഡിയോ ഗ്രാമും സ്റ്റീരിയോവും എല്ലാം സ്വന്തം. നിരവധി നാടുകളിൽ നിന്ന് നിരവധി ഭാഷകളിലുള്ള മികച്ച ഗായകരുടെ റെക്കോർഡുകൾ മൂപ്പർ സമ്പാദിച്ചിട്ടുണ്ട്. പുസ്തകങ്ങളല്ല, പാട്ടുകളാണ് അദ്ദേഹം ശേഖരിച്ചിരുന്നത്. ബഷീറിന്റെ കൈവശം അത്തരം അമൂല്യമായ ഒരു ശേഖരമുണ്ടായിരുന്നു. സാധാരണ സിനിമാപാട്ടുകൾ കാര്യമാക്കിയിരുന്നില്ല. സംഗീതസദസ്സുകൾ കോഴിക്കോട് എപ്പോൾ നടന്നാലും ബഷീർ മുൻനിരയിൽ കാണും. സാഹിത്യ സദസ്സുകളിൽ ഈ കഥാകൃത്തിനെ കണ്ടുകിട്ടുകയില്ല”.

റേഡിയോഗ്രാം എന്ന തേര് എന്ന കഥയിൽ വീട്ടിൽ പാട്ടു കേൾക്കാൻ വരുന്ന ഭാര്യയുടെ സുഹൃത്തുക്കളെ പറ്റി പറയുന്ന ഒരു സന്ദർഭമുണ്ട്:
“എടീ, ഞാൻ പെട്ടെന്ന് മരിച്ചുപോയി എന്നു വിചാരിക്ക്. നിനക്കും നിന്റെ കൂട്ടുകാരികളായ പെൺപിള്ളേർക്കും ശകലം പാട്ടു കേൾക്കണം. അപ്പോൾ നീ എന്ത് ചെയ്യും? അതുകൊണ്ട് നീ ഈ റേഡിയോഗ്രാമിന്റെ സൂത്രങ്ങളെല്ലാം പഠിക്ക്. ഒരു മിനുറ്റുകൊണ്ട് പഠിപ്പിച്ചുതരാം”.

“എനിക്ക് നൂറു കൂട്ടം ജോലിയുണ്ട്”, ഭാര്യ ഒഴിഞ്ഞു മാറി. ഒരു ദിവസം ഭാര്യയുടെ സുഹൃത്തുക്കൾ കുറച്ചുപേർ വന്നു. വർത്തമാനം പറച്ചിൽ കഴിഞ്ഞപ്പോൾ അവർക്ക് കുറച്ചു നേരം പാട്ടു കേൾക്കണമെന്ന് ബഷീറിനോട് പറഞ്ഞു. അദ്ദേഹം റേഡിയോഗ്രാം ഓൺ ചെയ്തു. തുടർന്ന് ബഷീർ പറയുന്നു: “ഞാൻ ഓൺ ചെയ്യുന്നു. സംഗീതം പ്രവഹിക്കുന്നു. സ്ത്രീകൾ വർത്തമാനം തുടങ്ങുന്നു. ഇടിവെട്ടി കൊടുങ്കാറ്റോടെ മഴ പെയ്യുന്ന മാതിരി വർത്തമാനങ്ങൾ. എനിക്ക് മനസ്സിന് വലിയ വേദനയാണ്. അനേക രാജ്യങ്ങളിൽ നിന്ന് അനേക പ്രാവശ്യമായി ബുദ്ധിമുട്ടി തെരഞ്ഞുപിടിച്ചു കൊണ്ടുവന്ന റെക്കോർഡുകൾ. ഈശ്വരാ! പെൺപിള്ളേർ ആരും ശ്രദ്ധിക്കുന്നില്ല. അരമണിക്കൂർ കഴിയുന്നു. പാട്ടു നിൽക്കുന്നു. വർത്തമാനങ്ങൾ സഡൻ സ്റ്റോപ്പ്’’.

ബഷീറിന് പാട്ടുകൾ കേൾക്കാൻ ഫാബി എപ്പോഴും സൗകര്യങ്ങൾ ചെയ്തു കൊടുക്കും. മഴയില്ലാത്ത ദിവസങ്ങളിൽ ഗ്രാമഫോൺ രാവിലെ പതിവ് മരച്ചുവട്ടിൽ ഒരുക്കിവെയ്ക്കും.
ബഷീറിന് പാട്ടുകൾ കേൾക്കാൻ ഫാബി എപ്പോഴും സൗകര്യങ്ങൾ ചെയ്തു കൊടുക്കും. മഴയില്ലാത്ത ദിവസങ്ങളിൽ ഗ്രാമഫോൺ രാവിലെ പതിവ് മരച്ചുവട്ടിൽ ഒരുക്കിവെയ്ക്കും.

ഭാര്യയെ പാട്ടു വെയ്ക്കാൻ പഠിപ്പിച്ചതിനുശേഷം ഒരിക്കൽ ഭാര്യ റെക്കോർഡ് വെച്ചപ്പോൾ പല പൊട്ടലും ചീറ്റലും അതിൽ നിന്ന് കേട്ടു. അവർ ബഷീറിനെ അകത്തേക്ക് വിളിച്ചു. പോൾ റോബ്‌സന്റെ പാട്ടാണ്. അതിൽ നിന്നാണ് ഇങ്ങനെയുള്ള ശബ്‌ദങ്ങൾ കേൾക്കുന്നത്. ബഷീർ റെക്കോർഡ് നിറുത്തി. അത് നന്നാക്കി കൊടുത്തപ്പോൾ വീണ്ടും പാടാൻ തുടങ്ങി. അതുവരെ നിശ്ശബ്ദരായിരുന്ന സ്ത്രീകൾ വീണ്ടും വർത്തമാനം പറച്ചിൽ തുടങ്ങി. ഒടുവിൽ എല്ലാവരും പോയി കഴിഞ്ഞപ്പോൾ ബഷീർ ഭാര്യയോട് പറഞ്ഞു, ‘‘റേഡിയോഗ്രാം എന്ന തേര് ഇനി മേലാൽ ഞാൻ തന്നെ തെളിക്കും. തൊട്ടുപോയാൽ നിന്റെ കൈ ഒടിച്ചു കളയും! ഞാൻ മരിച്ചുപോയി എന്നെ കുഴിച്ചു മൂടി എന്നു വിചാരിക്ക്. എന്നിട്ടു കുറെ ദിവസം കഴിയുമ്പോൾ നിനക്കും ഇഷ്‌ടകാരികളായ മൈകണ്ണിമാർക്കും പാട്ടു കേൾക്കണമെന്ന് തോന്നുമ്പോൾ എന്റെ ശവകുടീരത്തിൽ വന്നു വിളിച്ചാൽ മതി, ‘ഹേ ബഷീർ! ഒന്ന് വന്നു റേഡിയോഗ്രാം തേർ തെളിച്ചിട്ടു പോകുവിൻ’. അപ്പോൾ സൗകര്യമുണ്ടെങ്കിൽ ഞാൻ വരും, ഓടിക്കോ”. (ബഷീറിന്റെ സമ്പൂർണ്ണ കൃതികൾ പേജ് 1114).

അവസാന നാളുകളിൽ കാഴ്ചയ്ക്ക് പ്രശ്‌നമുള്ളത് കൊണ്ട് ബഷീറിന്റെ എഴുത്തും വായനയും കുറഞ്ഞു. കൂടുതൽ സമയവും പാട്ടിൽ ലയിച്ചുകൊണ്ടിരുന്നു: “മനസ്സിന് അസുഖം തോന്നുമ്പോൾ ലേശം സംഗീതം നല്ലതാണ്. മനുഷ്യനെന്ന ഈ അത്ഭുതപ്രതിഭാസത്തിന് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽവച്ച് ഏറ്റവും മഹത്തായതത്രേ സംഗീതം”.


Summary: On the 31st death anniversary of Vaikom Muhammad Basheer, Nadeem Noushad reflects on the 'musical life' of the legendary writer.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments