പ്ലാനിങ് ബോര്‍ഡില്‍ എനിക്ക്​
‘ഉമ്മന്‍ചാണ്ടി’ എന്നൊരു ഫയലുണ്ടായിരുന്നു...

‘‘കൂര്‍പ്പിച്ച പെന്‍സിലുകൊണ്ട്, കൃത്യമായി കണക്കുകൂട്ടി വെട്ടിത്തിരുത്തിയെഴുതുന്ന ഉമ്മന്‍ചാണ്ടി- അന്നാണ് ഞാന്‍ ആദ്യമായി ഞാന്‍ മനസ്സിലാക്കുന്നത്, അദ്ദേഹം ഡീറ്റെയില്‍സ് ശ്രദ്ധിക്കാത്തയാളല്ല, ടെറിബിള്‍ ആയി ഡീറ്റെയിലസിലേക്ക് പോകാന്‍ കഴിയുന്ന ആളായിരുന്നു.’’- ഉമ്മൻചാണ്ടി​യോടൊപ്പമുള്ള വ്യക്തിപരവും രാഷ്​ട്രീയപരവുമായ സഹവാസം ഓർക്കുന്നു, സി.പി.​ ജോൺ.

ന്നത്തോടെ ഉമ്മന്‍ചാണ്ടി യുഗം അവസാനിച്ചിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ തന്റേതായ യുഗം സൃഷ്ടിക്കാന്‍ അത്യപൂര്‍വം പേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. അതില്‍ ഏറ്റവും പ്രമുഖനാണ് ഉമ്മന്‍ചാണ്ടി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തെരഞ്ഞെടുത്ത ജനങ്ങളും തമ്മിലുള്ള വൈരുധ്യം വളരെ വലുതായിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധികളെ സമീപിക്കാന്‍- access to the power- കഴിയുമായിരുന്നില്ല; അഥവാ, ഉണ്ടായിരുന്നുവെങ്കില്‍അത് സമൂഹത്തിലെ ഏറ്റവും ഉന്നതരായവര്‍ക്കു മാത്രം. അത് പൊളിച്ചെഴുതിയത് ഉമ്മന്‍ചാണ്ടിയാണ്. ജനപ്രതിനിധി ജനങ്ങളുടെ സ്വത്താണ് എന്നായിരുന്നു അദ്ദേഹത്തിന്റെ തത്വം. അത് 24 മണിക്കൂറാണ്​, 365 ദിവസമാണ്. അതില്‍ ഇടവേളകളില്ല.

തന്നെ എതിര്‍ത്തവരാകട്ടെ, അനുകൂലിച്ചവരാകട്ടെ, ഏതൊരു മനുഷ്യനും അദ്ദേഹത്തെ സമീപിക്കാം. അത് തന്റെ പാര്‍ട്ടിക്കാരനാകണമെന്നില്ല. പാര്‍ട്ടിക്കകത്തെ തന്റെ വിഭാഗങ്ങളില്‍നിന്നാകണമെന്നില്ല. ഈ അര്‍ഥത്തില്‍ രാഷ്ട്രീയത്തെ ജനകീയവല്‍ക്കരിച്ച ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ഉമ്മന്‍ചാണ്ടി. Access to the power നൂറു ശതമാനമാക്കി. ജനങ്ങളും ജനപ്രതിനിധകളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കി- ഇതാണ് ഉമ്മന്‍ചാണ്ടിയുടെ വലിയ സംഭാവനകളിലൊന്ന്​.

ഒരുപാട് നേതാക്കന്മാരെ കാണാന്‍ കഴിഞ്ഞിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് ഞാന്‍. അതില്‍ പലരും പല നല്ല കാര്യങ്ങളും ചെയ്തുകണ്ടിട്ടുണ്ട്. ഒരു കടമ നിര്‍വഹിക്കുന്ന പോലെയാണ് മിക്കവരും അത് ചെയ്യാറ്. പലപ്പോഴും അങ്ങനെയേ ചെയ്യാനും കഴിയുകയുള്ളൂ. ഉമ്മന്‍ചാണ്ടി അതല്ല. താനൊരു പാവപ്പെട്ട മനുഷ്യനെ സഹായിക്കുമ്പോള്‍, അവരുമായി താദാത്മ്യം പ്രാപിക്കുന്ന ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ കഴിയും. അല്ലാതെ, നിസ്സംഗനായിട്ടല്ല ചെയ്യാറ്. എല്ലാവരുടെയും പ്രയാസങ്ങളില്‍ അവരില്‍ ഒരാളായി മാറും, ഒരു നാട്യവുമില്ലാതെ.

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടി
ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടി

1979 മുതലാണ് എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ പരിചയം തുടങ്ങുന്നത്. അന്നാണ് ഇടതുപക്ഷ മുന്നണിയുമായി ആന്റണി വിഭാഗം സഹകരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത്​, കോഴിക്കോട്ട് വരുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത്. 1980-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി എ.കെ. ആന്റണിയുടെ ഏറ്റവും അടുത്തയാളായിരുന്നു. പക്ഷെ, അദ്ദേഹം ആദ്യ നായനാർ മന്ത്രിസഭയില്‍ പ്രവേശിച്ചില്ല എന്നത് ശ്രദ്ധേയമാണ്​.

അന്നാണ്​ ഉമ്മന്‍ചാണ്ടിയുമായി എനിക്ക്​ കൂടുതല്‍ അടുക്കാൻ അവസരം ലഭിച്ചത്​​. ഞാന്‍, 1980ൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായപ്പോള്‍, എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലെ നിറസാന്നിധ്യമായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ വീടാണോ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സ് എന്നു തോന്നിപ്പിക്കുംവിധമാണ് ആളുകള്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നത്. ഞങ്ങളും പല കാര്യങ്ങളും സംസാരിക്കാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. പല ​പ്രശ്​നങ്ങളും വരുമ്പോള്‍, 'എന്നാല്‍ ഉമ്മന്‍ചാണ്ടിയോടു പറയാം' എന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. അന്ന് ഇ.എം.എസും ടി.കെ. രാമകൃഷ്ണനും എം.വി. രാഘവനും നിറഞ്ഞുനില്‍ക്കുന്ന കാലവും കൂടിയാണ്​. ഇടതുമുന്നണിയുടെ ആദ്യ കൺവീനറായിരുന്ന പി.വി. കുഞ്ഞിക്കണ്ണനായിരുന്നു കെ.എസ്​.യുവും എസ്​.എഫ്​.ഐയും തമ്മിലുള്ള തർക്കങ്ങൾ വരുമ്പോൾ ഞങ്ങളെ ഉമ്മൻചാണ്ടിയുടെ അടുത്തേക്ക്​ അയച്ചിരുന്നത്​.

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടി
ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടി

1981- 82 കാലത്ത്​, കരുണാകരൻ മ​ന്ത്രിസഭയിൽ ഉമ്മൻചാണ്ടി ആഭ്യന്തര മന്ത്രിയായ സമയത്ത്​, ഞങ്ങൾ നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ലാത്തിച്ചാര്‍ജും മറ്റും ഉണ്ടാകുമ്പോള്‍ അദ്ദേഹത്തെ കഠിനമായി വിമര്‍ശിച്ചിട്ടുമുണ്ട്.
1985-86 കാലത്ത് സി.എം.പി രൂപീകരിക്കപ്പെട്ടപ്പോള്‍, ഘടകകക്ഷിയുടെ നേതൃനിരയില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം ശക്തമായി. എങ്ങനെയാണ് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കേണ്ടത് എന്ന കാര്യത്തിലുള്ള പ്രധാന ഡിസിഷന്‍ മെയ്ക്കര്‍ എന്ന നിലയ്ക്കാണ് ഉമ്മന്‍ചാണ്ടിയെ പിന്നെ കണ്ടിട്ടുള്ളത്.

1987, 1991 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം എല്ലാ തീരുമാനങ്ങളിലുമുണ്ടായിരുന്നു.

1996- 2001ലെ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത്, വെട്ടിനിരത്തലിനെതിരെയും മറ്റും ഒരുപാട് ഭൂസമരങ്ങളും സംയുക്ത വിദ്യാര്‍ഥി സമരങ്ങളുമൊക്കെ നടന്നിരുന്നു. ഇതിന്റെ സംഘാടനത്തിന്​ എ.കെ. ആന്റണി ചുമതലപ്പെടുത്തിയിരുന്നത് ഉമ്മന്‍ചാണ്ടിയെയാണ്. അദ്ദേഹമാണ് ഞങ്ങളെയൊക്കെ വിളിച്ച് എന്തെല്ലാം ചെയ്യണം എന്നതിന്റെ ഡീറ്റെയില്‍സ് ചര്‍ച്ച ചെയ്യുന്നത്. ഒരു സഹപ്രവര്‍ത്തകനെപ്പോലെ അ​ദ്ദേഹവുമൊത്ത്​ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് 1996-ല്‍ പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. പ്ലസ് ടു അഴിമതിക്കെതിരെ വലിയ സമരങ്ങള്‍ നടന്നു. അദ്ദേഹം അന്ന് ജയിലില്‍ പോയി. അതിന്റെയെല്ലാം സംഘാടകനായിരുന്ന അദ്ദേഹവുമായി ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ആ കാലത്താണ് പ്രവര്‍ത്തിച്ചത്.

ഉമ്മന്‍ ചാണ്ടി, എ.കെ. ആന്റണി, പഴയകാല ചിത്രം.
ഉമ്മന്‍ ചാണ്ടി, എ.കെ. ആന്റണി, പഴയകാല ചിത്രം.

2001-ല്‍ ഞാന്‍ പ്ലാനിങ് ബോര്‍ഡ് അംഗമായി. എന്നെ പ്ലാനിങ് ബോര്‍ഡില്‍ എടുക്കാന്‍ തീരുമാനിച്ചു എന്ന വിവരം എന്നോട് ആദ്യമായി പറയുന്നത് അദ്ദേഹമാണ്. ഞാന്‍ പ്ലാനിങ് ബോര്‍ഡില്‍ വരുന്ന സമയത്ത്, അവിടെ ‘ഉമ്മന്‍ചാണ്ടി’ എന്നൊരു ഫയൽ എനിക്കുണ്ടായിരുന്നു. കാരണം, ഉമ്മന്‍ചാണ്ടിയുടെ നിരവധി നിര്‍ദേശങ്ങളും കത്തുകളും അദ്ദേഹം എനിക്ക് നേരിട്ട് തരുമായിരുന്നു. അവയെല്ലാം അദ്ദേഹത്തിന് വൈസ് ചെയര്‍മാനോ മുഖ്യമന്ത്രിക്കോ കൊടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ, ഈ കാര്യത്തില്‍ ഞാന്‍ ചെയ്യുന്നതായിരിക്കും നല്ലത്, അതാണെളുപ്പം എന്ന ധാരണയിലാകാം, വലുപ്പച്ചെറുപ്പം നോക്കാതെ, ഈ അപേക്ഷകളില്‍ 'സി.പി. ജോണ്‍' എന്നെഴുതി എന്റെ ഓഫീസിലേക്ക് കൊടുത്തയച്ചിരുന്നത്​. അന്ന് പഞ്ചായത്ത് രാജ് ചുമതല എനിക്കുണ്ടായിരുന്നു.

ആ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം മുഖ്യമന്ത്രിയായി, പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനായി. ആ സമയത്താണ് ഞാന്‍, ഫയൽ പഠിക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടത്. അദ്ദേഹം വൈകീട്ട് ഏഴ്- ഏഴരക്ക് പ്ലാനിങ് ബോര്‍ഡില്‍ വരും. പതിനൊന്നുമണിവരെ അവിടെയിരുന്ന് കണക്കുകൂട്ടുന്ന ഉമ്മന്‍ചാണ്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ബജറ്റിനുമുമ്പായി ഓരോ ഡിപ്പാര്‍ട്ടുമെന്റിനും എത്ര രൂപ കൊടുക്കണം, എത്ര കുറയ്ക്കണം എന്നത് വൈസ് ചെയര്‍മാനും അംഗങ്ങളായ ഞങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്യും.

കൂര്‍പ്പിച്ച പെന്‍സിലുകൊണ്ട്, കൃത്യമായി കണക്കുകൂട്ടി വെട്ടിത്തിരുത്തിയെഴുതുന്ന ഉമ്മന്‍ചാണ്ടി- അന്നാണ് ഞാന്‍ ആദ്യമായി ഞാന്‍ മനസ്സിലാക്കുന്നത്, അദ്ദേഹം ഡീറ്റെയില്‍സ് ശ്രദ്ധിക്കാത്തയാളല്ല, ടെറിബിള്‍ ആയി ഡീറ്റെയിലസിലേക്ക് പോകാന്‍ കഴിയുന്ന ആളായിരുന്നു.
പിന്നീട് വീണ്ടും അദ്ദേഹത്തിന്റെ സര്‍ക്കാറില്‍ ഞാന്‍പ്ലാനിങ് ബോര്‍ഡ് അംഗമായി. കുറെക്കൂടി ഉത്തരവാദിത്തങ്ങള്‍ എനിക്കു തന്നു. അഞ്ചു വര്‍ഷം അദ്ദേഹത്തോടൊപ്പമിരുന്നു.

കുന്നംകുളത്ത്​ ഞാൻ മത്സരിക്കുമ്പോൾ എല്ലാ കാര്യങ്ങൾക്കും അദ്ദേഹം ഓടിയെത്തിയിരുന്നു. കുന്നംകുളത്ത് 3000 വര്‍ഷത്തോളം പഴക്കമുള്ള ഗുഹകളുണ്ട്. അവ ടൂറിസം കേന്ദ്രമാക്കണം എന്നൊരു നിർദേശം ഞാൻ അദ്ദേഹത്തിനുമുന്നിൽ വച്ചു. അദ്ദേഹത്തിന്റെ ബന്ധുവീട്, അമ്മയുടെ ചേച്ചിയുടെ വീട്, കുന്നംകുളത്താണ്. കുട്ടിയായിരിക്കുമ്പേഴേ കുന്നംകുളത്ത് വരുന്നയാളാണ്. എന്നിട്ടും താൻ ഈ ഗുഹകളെക്കുറിച്ച്​ കേട്ടിട്ടില്ല എന്ന്​ അദ്ദേഹം പറഞ്ഞു. ആ കൗതുകത്തോടെയാണ്​ അദ്ദേഹം എത്തി ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്​. എത്ര ചെറിയ കാര്യത്തിനായാലും അദ്ദേഹം ഓടിയെത്തുമായിരുന്നു.

കേരളത്തില്‍ കുറെ കാലമായി മെഗാ പ്രൊജക്റ്റുകള്‍ ഇല്ലായിരുന്നു. കെ. കരുണാകരന്റെ കാലത്ത് വിമാനത്താവളമുണ്ടായി. എന്നാല്‍, പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. പിന്നീട്​ പല മെഗാ പ്രൊജക്​റ്റുകൾക്കും ചുക്കാൻ പിടിച്ചത്​ ഉമ്മൻചാണ്ടിയായിരുന്നു.
വിഴിഞ്ഞം തുറമുഖം അതില്‍ പ്രധാന നാഴികക്കല്ലായിരുന്നു. കെ. കരുണാകരനും എം.വി. രാഘവനുമായിരുന്നു അതിനുപിന്നില്‍. അദാനിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച്, പ്രാരംഭപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതും കരാര്‍ ഒപ്പിട്ടതും ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ്.

ഇടുക്കി ഡാമിനുശേഷം കേരളം കണ്ട ഏറ്റവും വലിയ കണ്‍സ്ട്രക്ഷനായിരുന്നു കൊച്ചി മെട്രോ. എം.ജി റോഡിനുമുകളിലൂടെ ട്രെയിൻ ഓടുമെന്നു പറഞ്ഞാല്‍ പണ്ട് ആളുകള്‍ ചിരിക്കുമായിരുന്നു. ഇന്ന് ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ ഒരു പരീക്ഷണ വിമാനം ഇറങ്ങുമ്പോഴും അവിടെ ഉമ്മന്‍ചാണ്ടിയുണ്ടായിരുന്നു. ആ അര്‍ഥത്തില്‍ കേരളത്തിന്റെ വലിയ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അങ്ങനെ ഏറ്റവും ആധുനികമായ കാര്യങ്ങള്‍ കേരളത്തിന്റെ വികസനഭൂപടത്തില്‍ വരച്ചുവച്ചത് ഉമ്മന്‍ചാണ്ടിയാണ്.

സി.എം.പിയില്‍ ചില പ്രശ്‌നങ്ങളുണ്ടായ സമയത്ത്​, ഉറച്ച പിന്തുണയാണ് ഉമ്മന്‍ചാണ്ടി ഞങ്ങൾക്ക്​ തന്നത്. ഇന്ന് സി.എം.പി യു.ഡി.എഫിനൊപ്പം നില്‍ക്കുന്നുണ്ട് എങ്കില്‍, സി.എം.പിയില്‍ എല്ലാവര്‍ക്കും അണിനിരക്കാന്‍ പറ്റിയിട്ടുണ്ട് എങ്കില്‍, ആ സി.എം.പിയെ പിടിച്ചുനിര്‍ത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. സി.എം.പിയുടെ പ്രാധാന്യം അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നു. സി.എം.പിയുടെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനറാലി കോട്ടയത്ത് ഉദ്ഘാടനം ചെയ്തതും അദ്ദേഹമാണ്. ആദ്യമായിട്ടായിരുന്നു മറ്റൊരു പാര്‍ട്ടിയുടെ നേതാവ് ഞങ്ങളുടെ പാര്‍ട്ടിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്​തത്​​.

മുസ്‌ലിം ലീഗു മുതല്‍ സി.എം.പി വരെയുള്ള എല്ലാ ഘടകകക്ഷികളോടും, ആ കക്ഷികളുടെ സ്വന്തം നേതാവായി സംസാരിക്കുന്നപോലെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. അദ്ദേഹത്തോടുള്ള അടുപ്പം കൊണ്ടോ സൗഹൃദം കൊണ്ടോ അധികമായി എന്തെങ്കിലും നേടിയെടുക്കാമെന്ന് ആരും കരുതുകയും വേണ്ട; വലിയ പാര്‍ട്ടിയാണെങ്കിലും ചെറിയ പാര്‍ട്ടിയാണെങ്കിലും. അദ്ദേഹത്തിന് ഓരോ പാര്‍ട്ടിയെക്കുറിച്ചും കൃത്യമായ ധാരണകളുണ്ട്. അത് തെറ്റായിരിക്കാം, ശരിയായിരിക്കാം. ആ ധാരണകളിലുറച്ചുനിന്ന് ആരെയും പിണക്കാതെയും ആരുടെയും പരിഭവമില്ലാതെയും ആരുടെയും കണ്ണീരുവീഴ്ത്താതെയും അദ്ദേഹത്തിന്​ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടായിരുന്നു. കേരളത്തിന്റെ ഓരോ വീടിന്റെയും വ്യക്തിയുടെയും ദുഃഖങ്ങളിലും സന്തോഷങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ഒരു വീടുണ്ടാക്കുന്ന കാര്യവും കിണർ കുഴിക്കുന്ന കാര്യവും വലിയൊരു തുറമുഖമുണ്ടാക്കുന്ന കാര്യവും ഒരേ പ്രാധാന്യത്തോടെയാണ് അദ്ദേഹം കണ്ടത്.

ഇന്ത്യയില്‍ ഇനി ഏതെങ്കിലും നേതാവിന് 53 വര്‍ഷം ഒരേ നിയമസഭാമണ്ഡലത്തില്‍ തുടര്‍ച്ചയായി പ്രതിനിധിയാകാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയുടേത്​ ഒരു സര്‍വകാല റെക്കോര്‍ഡാണ്. ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹം ഇല്ല എന്നത് ഞങ്ങളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.


Summary: Oommen Chandy Memoir by CP John


സി.പി. ജോൺ

സി.എം.പി. ജനറൽ സെക്രട്ടറി. മാർക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബർഗ്: ജീവിതം, ദർശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments