ജീവിതം കൊണ്ട് തിരക്കഥ എഴുതിയ ബാലേട്ടൻ

"മറ്റു പലരെയും പോലെ ധാരാളം എഴുതിക്കൂട്ടുകയും, വേദികളിൽ നിന്ന് വേദികളിലേക്കു പ്രസംഗിച്ചു ഓടിത്തിമിർത്ത ഒരു അക്കാദമിക-സാംസ്‌കാരിക ജീവിതമല്ല അദ്ദേഹത്തിന്റേത്. തന്റെ സാംസ്‌കാരിക ജീവിതം തന്നെ പലരാൽ കരുപ്പിടിപ്പിച്ചതാണെന്നും താൻ പലതിനും ഒരു നിമിത്തം മാത്രമായിരുന്നെനും ബാലചന്ദ്രൻ പറയാറുണ്ടായിരുന്നു. ജീവിതത്തിന്റെ തിരക്കഥ ജീവിച്ചുതന്നെ എഴുതണമെന്ന ശാഠ്യമുള്ള ഒരു വലിയ കലാകാരൻ കൂടിയായിരുന്നു ബാലചന്ദ്രൻ." എം.ജി. യൂണിവേഴ്സിറ്റിയിൽ IUCSSRE ഡയറക്ടറും പി. ബാലചന്ദ്രൻറെ സഹപ്രവർത്തകനുമായ കെ.എം. സീതി എഴുതുന്നു.

കോവിഡ് മഹാമാരിയുടെ സാമൂഹിക "തടവു'കാലത്തിനു തുടക്കം കുറിച്ച നാളുകൾ.
പെട്ടെന്നൊരു ദിവസം ബാലേട്ടന്റെ ഫോൺ.
"എടോ സീതി, ഞാൻ കുടുങ്ങിപ്പോയി. ഇപ്പോൾ തിരുവണ്ണാമലയിലാണ്... മകളുടെ കൂടെ. പുറത്തിറങ്ങാൻ മേല... നാട്ടിൽ എത്താൻ ഇനി എത്ര കാലമെടുക്കുമെന്നു അറിയില്ല...'
സങ്കടവും സന്ദേഹവും നിറഞ്ഞ സംഭാഷണം നീണ്ടു.
പി. ബാലചന്ദ്രൻ എന്ന ഞങ്ങളുടെ ബാലേട്ടൻ തൊട്ടടുത്ത് നിന്ന് നർമ്മം ചാലിച്ച് സംസാരിക്കുന്ന പ്രതീതി.

അതെ. അതങ്ങനെയായിരുന്നു.
സർവ്വകലാശാലയ്ക്കുള്ളിലും പുറത്തും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നർമത്തിന്റെയും ചുരുളഴിക്കലായിരുന്നു കണ്ടുമുട്ടുമ്പോഴെല്ലാം.
ഒരേ സമയം ഗൗരവക്കാരനും തമാശക്കാരനുമായിരുന്നു ബാലചന്ദ്രൻ.
ജീവിതത്തിൽ നാട്യങ്ങൾ ഒന്നുമില്ലാതിരുന്ന പച്ചയായ ഒരു മനുഷ്യൻ.

ജി. ശങ്കര പിള്ള

ബാലചന്ദ്രനെ എനിയ്ക്കു "ആളി'ല്ലാതെ പരിചയപ്പെടുത്തി തന്നത് നാടകാചാര്യനും പണ്ഡിതനും സ്‌കൂൾ ഓഫ് ഡ്രാമ (കാലിക്കറ്റ് സർവകലാശാല), സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് (മഹാത്മാ ഗാന്ധി സർവകലാശാല) എന്നീ നാട്യ-അക്ഷര കലാലയങ്ങളുടെ സ്ഥാപക അധ്യക്ഷനുമായ ജി. ശങ്കരപിള്ളയായിരുന്നു.
1987-88 വർഷങ്ങളിൽ പ്രൊഫ. യൂ.ആർ. അനന്തമൂർത്തിയുടെ കാർമികത്വത്തിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിനു അടിത്തറ പാകുന്ന കാലം.
ഞങ്ങളുടെ വാരാന്ത്യ ട്രെയിൻ യാത്രകൾക്കിടയിൽ, കുടുംബ സുഹൃത്തു കൂടിയായ പ്രൊഫ. ശങ്കരപ്പിള്ള ഒട്ടേറെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കടയ്ക്കാവൂർ സ്‌കൂളും, ശാസ്താംകോട്ട ഡിബി കോളേജും, സ്‌കൂൾ ഓഫ് ഡ്രാമയും അവിടെയെല്ലാം പഠിച്ചവരും പഠിപ്പിച്ചവരും എല്ലാം കഥകളിൽ നിറഞ്ഞു വരും. പലപ്പോഴും വേണാട് എക്‌സ്‌പ്രെസ്സ് പേട്ട സ്റ്റേഷൻ എത്തുമ്പോഴാണ് സ്ഥലകാലബോധമുണ്ടാവുന്നത്.
ശാസ്താംകോട്ട കോളേജിലും സ്‌കൂൾ ഓഫ് ഡ്രാമയിലും ബാലചന്ദ്രൻ ജീവിതത്തിന്റെ തിരക്കഥ എഴുതാൻ തുടങ്ങിയെന്നു ഒരിക്കൽ പ്രൊഫ. ശങ്കരപ്പിള്ള പറഞ്ഞു.
ബാലചന്ദ്രൻ അധ്യാപകവേഷം കെട്ടി തുടങ്ങുന്നത് സ്‌കൂൾ ഓഫ് ഡ്രാമയിൽ ആയിരുന്നെങ്കിലും ഒരു മുഴുനീള അധ്യാപകനാകുന്നത് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ ആയിരുന്നു. അസോസിയേറ്റ് പ്രൊഫെസ്സറായാണ് പത്തുവർഷം മുമ്പ് വിരമിക്കുന്നത്.

1989-ൽ ബാലചന്ദ്രൻ സർവകലാശാലയിൽ എത്തുമ്പോഴേക്കും പ്രൊഫ. ശങ്കരപ്പിള്ള അകാലത്തിൽ വിടപറഞ്ഞിരുന്നു.

ഡി. വിനയചന്ദ്രൻ

ശങ്കരപ്പിള്ളയുടെ വിടവ് ഒരു പരിധിവരെ നികത്തിയത് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ സാരഥ്യം ഏറ്റെടുത്ത പ്രൊഫ. നരേന്ദ്രപ്രസാദും, ഡി. വിനയചന്ദ്രനും, ബാലചന്ദ്രനും, വി.സി. ഹാരിസും ഒക്കെയായിരുന്നു.
സർഗാത്മതയ്ക്കു പിന്തുണയേകി, സൈദ്ധാന്തിക മേഖലകയിൽ ഇരുത്തം വന്ന മറ്റു അധ്യാപകരും ലെറ്റേഴ്‌സിനു കരുത്ത് നൽകി.
ലെറ്റേഴ്‌സിനു നാടക, സിനിമാ, സാഹിത്യരംഗത്തെ പല പ്രഗത്ഭരെയും വാർത്തെടുക്കാൻ കഴിഞ്ഞിരുന്നു.
പ്രൊഫ. ശങ്കരപിള്ളയുടെ മരണശേഷം എല്ലാ ജനുവരി ഒന്നാം തിയതിയും സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് അതിന്റെ സ്ഥാപകദിനമായി ആചരിക്കുകയും അന്നേ ദിവസം ഒരു നാടകം നിർബന്ധമായും അവതരിപ്പിക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത കീഴ്വഴക്കവുമായി മാറി. അതിന്റെ നാടക-കാർമികത്വം വഹിച്ചുകൊണ്ടിരുന്നത് ബാലചന്ദ്രനും ഹാരിസും വിദ്യാർത്ഥികളും അടങ്ങിയ സംഘമായിരുന്നു.
ഒരു നാടക സംഘബോധവും സംസ്‌കാരവും സർവകലാശാലയ്ക്കു പുറത്തേയ്ക്കു വിന്യസിച്ചിരുന്നതിൽ ബാലചന്ദ്രന്റെ പങ്കു വളരെ വലുതാണ്.

ബാലചന്ദ്രൻ കോട്ടയത്ത് എത്തുന്ന വർഷം തന്നെ നാടകരചനയിൽ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു ("പാവം ഉസ്മാൻ' -1989).
അനന്തമൂർത്തിയ്ക്കു ലെറ്റേഴ്‌സ് തന്റെ ഇഷ്ട്ടയിടമായിരുന്നു എന്ന് മാത്രം പറഞ്ഞാൽ പോര.

സാഹിത്യം, കല എന്നീ മേഖലകളിലെ ഒരു വരണ്ട അക്കാദമിക സ്ഥാപനമായി ഇതിനെ വളർത്താനല്ല അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. സർഗാത്മകത അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ തന്നെ ദൃശ്യമാവണം എന്ന നിബന്ധന അനന്തമൂർത്തി മുന്നോട്ടു വെച്ചിരുന്നു.
നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രൻ, വി.സി. ഹാരിസ്, പി. ബാലചന്ദ്രൻ, പി. പി. രവീന്ദ്രൻ, കെ.എം. കൃഷ്ണൻ, കുര്യാസ് കുമ്പളക്കുഴി, പി. ഗീത, മൂസത്, വത്സലകുമാരി തുടങ്ങിയവർ ഇതിനെ വലിയൊരു വെല്ലുവിളിയായി ഏറ്റെടുത്തവരാണ്.

പ്രൊഫ. നരേന്ദ്രപ്രസാദ്

ഒരു കൂട്ടർ സൈദ്ധാന്തിക-വൈജ്ഞാനിക മേഖലയിൽ തിളങ്ങി നിന്നപ്പോൾ നരേന്ദ്രപ്രസാദും, വിനയചന്ദ്രനും, ഹാരിസും, ബാലചന്ദ്രനും സർഗാത്മകതയെ ജനങ്ങളിലേക്കു എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അരങ്ങും അണിയറയും എന്ന സങ്കൽപ്പവും, വേദിയും സദസ്സും എന്ന വിശേഷണവും അട്ടിമറിച്ച ഒരു സാംസ്‌കാരിക പ്രവർത്തനമായിരുന്നു അവരുടേത്.
ബാലചന്ദ്രൻ ശങ്കരപ്പിള്ളയുടെ സാംസ്‌കാരിക "അട്ടിമറി' പാരമ്പര്യം പിന്തുടർന്നപ്പോൾ ഹാരിസും സംഘവും ആധുനിക/ആധുനികാനന്തര ലോകത്തെ "തിരച്ചിൽ-മറിച്ചിൽ' സാഹസികതകളിൽ അഭിരമിക്കുകയായിരുന്നു. രണ്ടും വൈജ്ഞാനിക-സാംസ്‌കാരിക ലോകത്തെ വിസ്‌ഫോടനങ്ങളുടെ തുടർചലനങ്ങൾ ആയിരുന്നു.
ബാലചന്ദ്രൻ ഒരിക്കൽ താൻ എത്തിപ്പെട്ട "ഇട'ങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു.ശാസ്താംകോട്ട കോളേജിൽ പെൺ വേഷങ്ങൾ കെട്ടുമ്പോൾ നാടകരംഗത്തു മറ്റൊരു അധ്യായം എഴുതാൻ വെമ്പൽ കൊള്ളുകയായിരുന്നു താനെന്നു തുറന്നു പറഞ്ഞു.

അക്കാലത്തെ മാതൃകാധ്യാപകനും നാടകഗുരുവും പ്രൊഫ. ശങ്കരപിള്ളയായിരുന്നു. തന്നെ വേദികളിൽ കൈപിടിച്ച് കയറ്റിയതും, ആ വേദികളെ തന്നെ പിന്നീട് ചോദ്യം ചെയ്യാനും പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.
1960-കളിലും 1970-കളിലും തനതു നാടകവേദിയുടെ പ്രയോക്താക്കളിൽ പ്രമുഖനായിരുന്ന ശങ്കരപ്പിള്ള പിന്നീട് ബാലചന്ദ്രനെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും പരിശീലിപ്പിച്ചു.

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എത്തുന്നതോടെ ബാലചന്ദ്രൻ എന്ന കലാകാരന്റെ ജീവിത സഞ്ചാരവഴികൾ മാറി മറിഞ്ഞു. അത് ഒരു സർവകലാശാലാ ചട്ടക്കൂടിനകത്തു ഒതുക്കാൻ കഴിയുന്ന വഴികളുമല്ലായിരുന്നു.

നാടകത്തിൽ നിന്നും സിനിമാ രംഗത്തേക്കുള്ള ചുവടുവയ്പ്പ് ബാലചന്ദ്രന്റെ ജീവിതത്തിൽ മറ്റൊരു വഴിത്താര ഒരുക്കി.

വി.സി. ഹാരിസ്

തന്റെ അക്കാദമിക ജീവിതം അതിനു തടസ്സമാകില്ല എന്ന ബോധ്യം വന്നതോടെ ബാലചന്ദ്രൻ കൂടുതൽ ഊർജസ്വലതയോടുകൂടി ആ രംഗത്തേക്ക് ഇറങ്ങി. എന്നാൽ കഥയും, തിരകഥയും, അഭിനയവും സംവിധാനവും എല്ലാം ഒന്നിച്ചുകൊണ്ടുപോകാൻ ബാലചന്ദ്രന് വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു.
തന്റെ ശിഷ്യരും, സ്‌കൂൾ ഓഫ് ഡ്രാമയിലെ സഹപാഠികളും സിനിമാ രംഗത്തേക്കു നീങ്ങുന്നത് കണ്ടപ്പോൾ ബാലചന്ദ്രനും ആത്മവിശ്വാസം വർധിച്ചു.
കലാമൂല്യം/കച്ചവടമൂല്യം എന്നീ ദ്വന്ദങ്ങളിൽ പെട്ട് വിരളുന്ന ഒരാളല്ല ബാലചന്ദ്രൻ. എന്നാൽ കലാമൂല്യത്തിനു അതിന്റെ പ്രാധാന്യം കൊടുക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പലപ്പോഴും ഒതുതീർപ്പുകൾക്കു വഴങ്ങേണ്ടിവരുമ്പോൾ നിരാശ അദ്ദേഹത്തെ പിടികൂടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ സിനിമയെടുത്താൽ അത് സാമ്പത്തികമായികൂടി വിജയിച്ചില്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചുനില്ക്കാൻ കഴിയില്ല എന്ന് നന്നേ ബോധ്യമുണ്ടായിരുന്നു.
"ഇവൻ മേഘരൂപൻ' (2012) പുരസ്‌കാരം നേടിയ വർഷം. ആ വാർത്ത വന്ന ദിവസം ഞാൻ കേംബ്രിഡ്ജ് സർവകലാശാലയിൽ ഒരു സെമിനാറിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. സന്ദേശം എത്തിയ ഉടൻ ബാലേട്ടനെ തുടരെ തുടരെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. ഒടുവിൽ ഒരു സന്ദേശം അയച്ചു. ഞാനാണ്, ലണ്ടനിൽ നിന്നാണെന്നറിഞ്ഞപ്പോൾ ഫോണെടുത്തു.
ബാലചന്ദ്രൻ വളരെ ഭയപ്പാടോടെയാണ് സംസാരിക്കുന്നത്.
"എടൊ, പടം പൊളിയുന്ന മട്ടാണ്. അവാർഡെന്ന് കേൾക്കുമ്പോൾ ജനം കേറില്ല. ആരോടും ഇത് അവാർഡ് പടമെന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കരുതേ..'
തികഞ്ഞ യാഥാർഥ്യബോധം ഇക്കാര്യത്തിൽ ബാലചന്ദ്രനുണ്ടായിരുന്നു.
ഏതൊരു സൃഷ്ടിയും ജനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് മുൻവിധികൾ ഉണ്ടാക്കി കൊടുക്കരുതെന്ന് ബാലചന്ദ്രന് നിർബന്ധമുണ്ടായിരുന്നു.
സിനിമയുടെ ജയപരാജയങ്ങളിൽ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷെ സങ്കടകഥകളാണ് കൂടുതലും. ഇതെല്ലം ജീവിതത്തിന്റെ അനിവാര്യമായ കയറ്റിറക്കങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സങ്കടകഥകളെ ഉള്ളിലൊതുക്കിക്കൊണ്ടു ഒരു ചെറു ചിരിയോടെ കുലുങ്ങി കുലുങ്ങി നർമഭാഷണങ്ങളിൽ ഏർപ്പെടാൻ ബാലചന്ദ്രന് ഒരു മടിയുമില്ലായിരുന്നു.
എം.ജി. സർവകലാശാലയിൽ നിന്നും പടിയിറങ്ങുന്നതിനു ഏതാനും നാൾ മുമ്പ് ഞങ്ങൾ അധ്യാപകരും കുടുംബവും എല്ലാം കൂടി ഒരു യാത്ര പോയി.
മുല്ലക്കുടിയിലേക്കു.

രാജൻ ഗുരുക്കൾ, ഡി. വിനയചന്ദ്രൻ, വി. സി. ഹാരിസ്, പി. പി. രവീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘത്തിൽ ബാലചന്ദ്രൻ ഒരു താരമായിരുന്നു. നർമവും, അഭിനയവും പ്രസംഗവും കൊണ്ട് കാട്ടിലെ വാസവും നടപ്പും എന്നന്നേക്കുമുള്ള ഒരു ഓർമയായി.
ബാലേട്ടനുമായി ചേർന്ന് എന്തെങ്കിലും ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ തന്നെ ആഭ്യന്തര കാര്യങ്ങളിൽ, ചില പ്രത്യേക സന്ദർഭത്തിൽ, ഇടപെടാൻ എന്നെ ബാലേട്ടൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ദൗത്യം പൂർണമായി പരാജയപ്പെട്ടു എന്ന് പറഞ്ഞുകൂടാ.
സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഇപ്പോഴും ശക്തമായ ഒരു അക്കാദമിക-സാംസ്‌കാരിക സ്ഥാപനമായി നിലനിൽക്കുന്നത് അതിന്റെ ആന്തരികോർജം വളരെ സർഗാത്മകമായി വിനിയോഗിക്കപ്പെട്ടതുകൊണ്ടാണ്.
ബാലചന്ദ്രൻ ഉൾപ്പടെയുള്ളവരുടെ പ്രവർത്തനങ്ങൾ ആ അർത്ഥത്തിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ദീർഘകാലസഞ്ചാരത്തിനുള്ള ഊർജം പകരുകയാണ് ചെയ്തിട്ടുള്ളത്. ബാലചന്ദ്രൻ സ്വന്തം ജീവിതത്തെ വളരെ വിമർശനാത്മകമായി തന്നെ കണ്ടയാളാണ്.
മറ്റു പലരെയും പോലെ ധാരാളം എഴുതിക്കൂട്ടുകയും, വേദികളിൽ നിന്ന് വേദികളിലേക്കു പ്രസംഗിച്ചു ഓടിത്തിമിർത്ത ഒരു അക്കാദമിക-സാംസ്‌കാരിക ജീവിതമല്ല അദ്ദേഹത്തിന്റേത്.
തന്റെ സാംസ്‌കാരിക ജീവിതം തന്നെ പലരാൽ കരുപ്പിടിപ്പിച്ചതാണെന്നും താൻ പലതിനും ഒരു നിമിത്തം മാത്രമായിരുന്നെനും ബാലചന്ദ്രൻ പറയാറുണ്ടായിരുന്നു.
അഹങ്കാരമോ ആത്മപ്രശംസയോ ആ വാക്കുകളിൽ കാണാൻ കഴിയില്ല. തനിക്കു മാത്രമായി ഒരു കാര്യത്തിലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്റെ തിരക്കഥ ജീവിച്ചുതന്നെ എഴുതണമെന്ന ശാഠ്യമുള്ള ഒരു വലിയ കലാകാരൻ കൂടിയായിരുന്നു ബാലചന്ദ്രൻ.

എം ജി. സർവകലാശാലയിൽ പി. ബാലചന്ദ്രന്റെ സഹപ്രവർത്തകനായിരുന്നു ലേഖകൻ.

Comments