'പാവം ഉസ്മാൻ' മുതൽ സ്കൂൾ ഓഫ്‌ ലെറ്റേഴ്സ് വരെ

പി. ബാലചന്ദ്രനെ കുറിച്ചോർക്കുമ്പോൾ, ജീവിതത്തെ തമാശയും ഫലിതവും ഒക്കെ കൂട്ടിച്ചേർത്തേ പറയാനാവൂ. നവരസങ്ങൾ പെയ്തിറങ്ങിയ ഒരു ശരീരത്തിന്റെ ഉടമ. നാട്യശാസ്ത്രത്തിന്റെ ഭാഷയിൽ "അവസ്ഥാനുകൃതിർ 'എന്ന മട്ടിൽ ഏതു അവസ്ഥയെയും നാട്യമാക്കി ആടിആഘോഷിക്കാൻ പറ്റുന്ന ഒരാൾ. കണ്ടു നിൽക്കുന്നവരെയും കേട്ടു നിൽക്കുന്നവരെയും താൻ അവതരിപ്പിക്കുന്ന അവസ്ഥയോടൊപ്പം പങ്കാളിയാക്കാൻ പറ്റുന്ന ഒരാൾ. ശരീരത്തിന്റെ സമ്പൂർണ ജനാധിപത്യവാദി.

അദ്ദേഹം സ്ട്രോക്ക് വന്നു കോമ അവസ്ഥയിലായിട്ട് അരക്കൊല്ലം പിന്നിട്ടു. ഞാൻ പലപ്പോഴും അദ്ദേഹത്തിന്റെ കിടപ്പ് സങ്കൽപ്പിച്ചുനോക്കാറുണ്ട്. അരങ്ങിലും വെള്ളിത്തിരയിലും പലപ്രാവശ്യം ചെയ്ത ഒരാക്ട്, ദീർഘമായി അദ്ദേഹം ചെയ്തു, സംഭവ ബഹുലമായ ഒരു ജീവിതത്തിൽ നിന്നും മടങ്ങി. ഇന്ന് ഫേസ്ബുക്ക് തുറന്നുനോക്കിയപ്പോൾ, എത്ര പേരാണ് അദ്ദേഹത്തെപ്രതി പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. അപ്പോഴും, അദ്ദേഹം പലപ്പോഴും പെരുമാറിയ സ്വതസിദ്ധമായ നർമത്തോടെ പറയുന്നുണ്ടാവും: "എടേ ബാലേട്ടൻ ഏതായാലും തീർന്നു. കുറച്ചു പ്രശസ്തി നിങ്ങൾക്കുമിരിക്കട്ടെ '.

ഇങ്ങനെ, ഒരു മനുഷ്യനെ അരങ്ങിന്റെ ഏതു സാധ്യതയും ഉപയോഗിച്ചുകൊണ്ട് ഓർമിച്ചെടുക്കാവുന്ന അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം എന്ന കൊടിയടയാളം ജീവിതത്തിലുടനീളം പാലിച്ചു. ചിന്തിപ്പിക്കേണ്ടവരെ ചിന്തിപ്പിച്ചും ചിരിക്കേണ്ടവരെ ചിരിപ്പിച്ചും ബഹുവിധ വേഷങ്ങളിലൂടെ സാംസ്‌കാരിക കൈരളിയുടെ മുഖ്യപാതകളിലൂടെ പി. ബാലചന്ദ്രൻ കടന്നു പോയി. ആരും അദ്ദേഹത്താൽ മുറിവേറ്റില്ല. എന്നാൽ, ജീവിതനാടകം ആടിത്തീർക്കുന്നതിന്റെ ഭാഗമായി പലരാലും മുറിവേറ്റു. അതൊക്കെ തമാശയാക്കി നടിച്ചുകാണിച്ചു.

ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന തീയേറ്റർപ്രതിഭകളിൽ, ആധുനിക നാടകത്തിന്റെ കുലഗുരുവായ ജി. ശങ്കരപ്പിള്ളയുടെ വത്സലശിഷ്യൻ. ആ മനുഷ്യന്റെ ഊർജ്ജസ്വലതയും, അസ്വാരാസ്യങ്ങളെയും വെറുപ്പിനെയും സ്നേഹം കൊണ്ട് കീഴടക്കുന്ന പെരുമാറ്റവും അദ്ദേഹത്തിന്റെ വിദ്യാർഥികളിൽ പലർക്കുംകിട്ടി. 80-കളിൽ ശങ്കരപ്പിള്ള, ക്യാമ്പസ്‌ തിയേറ്റർ (CULT )എന്ന സങ്കൽപം തുടങ്ങിയത്, തന്റെ വിചിത്രവീര്യരായ ബാലേട്ടനടക്കമുള്ള നാടക പ്രവർത്തകരെ കണ്ടു മതിമറന്നായിരുന്നു. അത് ബാലചന്ദ്രനടക്കമുള്ള ശിഷ്യർ നന്നായി നടപ്പാക്കി.

ജി. ശങ്കരപ്പിള്ള
ജി. ശങ്കരപ്പിള്ള

സ്കൂൾ ഓഫ്‌ ഡ്രാമയിൽ നിന്നും ആദ്യബാച്ചിൽ, സംവിധാനത്തിൽ ഡിഗ്രി സമ്പാദിച്ചു പുറത്തുറങ്ങിയ പ്രിയ ശിഷ്യൻ, അഭിനയത്തിൽ അതിനേക്കാൾ കാതലുള്ളയാളായി. കേരള സംസ്കാരത്തിൽ, ഒരു മുഖവുര വേണ്ടാത്തവണ്ണം നാടകത്തിലും സിനിമയിലും അധ്യാപനത്തിലും നിറഞ്ഞുനിന്നു. ജി. ശങ്കരപ്പിള്ളയിൽ നിന്നും തങ്ങൾ ആർജ്ജിച്ചെടുത്ത പോലെ, പിൽക്കാല ആധുനിക തീയേറ്ററിൽ അറിയപ്പെട്ടവരെല്ലാം ബാലചന്ദ്രന്റെ നാട്യമുറയുടെ അഗ്നി ഏറ്റുവാങ്ങിയവരാണ്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ദീപൻ ശിവരാമൻ, സിദ്ധാർഥ് ശിവ, സി. ഗോപൻ തുടങ്ങിയവർ നാടക-സിനിമ രംഗത്ത് കഴിവ് തെളിയിച്ച ചിലരാണ്.

പി.എസ്.എം.ഒ. കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ പി. ബാലചന്ദ്രന്റെ മകുടി എന്ന ചെറുനാടകം സോണൽ സർവകലാശാല ഫെസ്റ്റിവലിനു കളിച്ചാലോ എന്നു ഞങ്ങൾ ആഗ്രഹിച്ചു. മകുടി അന്ന് പല ക്യാമ്പസ്സിലും നിറഞ്ഞാടിയ ഒരു കാലമായിരുന്നു. അങ്ങനെയെങ്കിൽ നാടകകൃത്തിന്റെ സമ്മതം വങ്ങേണ്ടേ എന്ന ആലോചനയായി(നാടകം കളിക്കുന്നവർ സമ്മതം വാങ്ങിയിരിക്കേണ്ടതാണ് എന്നു നാടക സ്ക്രിപ്റ്റിന്റെ അവസാന പുറത്ത് എഴുതിയിട്ടുണ്ട്. അന്ന് ആ കൃതി പുസ്തകമായിട്ടൊന്നുമില്ല. നാടകകൃത്ത് തന്നെ എഴുതിയ കൈയെഴുത്തുപ്രതിയുടെ സെറോക്സ് കോപ്പിയായിരുന്നു ആ സ്ക്രിപ്റ്റ് എന്ന് തോന്നുന്നു). ക്യാമ്പസ് തീയേറ്റർ സുശക്തമായി വന്ന ആ കാലത്ത് നാടകത്തിലെ എല്ലാ സാങ്കേതിക -ഇതര അംശങ്ങളും ക്യാമ്പസ് ഒറ്റയ്ക്കായിരുന്നു നിർവഹിച്ചിരുന്നത്. പി. ബാലചന്ദ്രന്റെ വിലാസം സംഘടിപ്പിച്ചു കത്തയച്ചു. ഒരു വിവരവും ഉണ്ടായില്ല. അങ്ങനെ ആ പരിപാടി ഞങ്ങൾ ഉപേക്ഷിച്ചു.

ലെറ്റെഴ്സിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും കൂട്ടുകാരനും ആയതിനു ശേഷം ഞാൻ ഈ കഥ മാഷോട് പറഞ്ഞു. സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം പറഞ്ഞു.

"ഉമ്മറെ, സ്കൂൾ ഓഫ്‌ ഡ്രാമയിൽനിന്ന് ഇറങ്ങി നാടകക്കളിയുമായി നടന്ന കാലം. തിന്നാനും സ്വല്പം മിനുങ്ങാനും കാശ് വേണ്ടേ. മകുടി ക്യാമ്പസുകളിൽ കത്തിക്കയറിയപ്പോ ഞങ്ങൾ ഒരു തീരുമാനമെടുത്തു. അത്രേയുള്ളൂ. എന്നുവെച്ച് ഒരുത്തനും ഒരു അഞ്ചു നയാപൈസ മണിയൊർഡർ അയച്ചു തന്നിട്ടില്ല.'

എം.എയ്ക്ക് പട്ടാമ്പി കോളേജിൽ പഠിക്കുന്ന കാലത്ത് കെ.പി.എ.സി. കായംകുളത്ത് നടത്തിയ ഒരു നാടക ക്യാമ്പിൽ അംഗമായിരിക്കെയാണ് പി.ബാലചന്ദ്രനെ ആദ്യം അടുത്തറിയുന്നത്. അത്ഭുതപ്പെടുത്തി ആ മനുഷ്യൻ. നാടകത്തിലെ ശരീര ഭാഷ എന്താണെന്നു ഞാൻ ആദ്യം അനുഭവിച്ചറിയുന്നത് ആ ക്യാമ്പിൽ മാഷിലൂടെയാണ്. യഥാർത്ഥത്തിൽ തോപ്പിൽ ഭാസിയുടെ /കെ.പി.എ.സി.യുടെ തീയേറ്റർ സങ്കല്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു പി. ബാലചന്ദ്രനും മറ്റും വന്നു ചെയ്ത ഗെയ്മുകളും അഭിനയപരിശീലനവും. പിന്നീട് പല സ്ഥലങ്ങളിലും ആ കുറുതായ തടിക്കാരനെ ഞാൻ കണ്ടു.

തോപ്പിൽ ഭാസി
തോപ്പിൽ ഭാസി

2000-ഓഗസ്റ്റ് മുതൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ്‌ ലെറ്റെഴ്സിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ കൂടിയായതോടെ അതിരുവിട്ട ആത്മബന്ധത്തിലേയ്ക്ക് അതു വഴുതിപ്പോയി. ലെറ്റെഴ്സിൽ, അദ്ദേഹത്തിനും വി.സി. ഹാരിസിനും ഡി. വിനയചന്ദ്രനുമൊപ്പം ഒന്നിച്ചൊഴുകിയ ആ കാലം എന്റെ ജീവിതം തന്നെ മാറ്റി. ഹാരിസും ബാലേട്ടനും കുട്ടികളും ചേർന്നൊരുക്കുന്ന ഓരോ നാടക സംരംഭങ്ങളിലുമുള്ള അഗാധമായ പങ്കാളിത്തം എന്റെ കൂടെപ്പിറപ്പായി.

നാം പഠിച്ചതും കണ്ടതുമൊന്നുമല്ല ആധുനിക നാടകം എന്നറിയുന്നത് ലെറ്റെഴ്സിൽ എത്തുമ്പോഴാണ്. അന്ന് കേരളത്തിൽ, തീയേറ്റർ പഠനത്തിനു എം ഫിൽ കോഴ്സ് ഉള്ളത് ലെറ്റെഴ്സിൽ മാത്രമാണ്. അവിടുത്തെ തിയേറ്റർ അധ്യാപകനായിരുന്നു ബാലേട്ടൻ. ബാലേട്ടന്റെ ക്ലാസ് ഒരസാധാരണ അനുഭവമായിരുന്നു. നാസിറുദ്ധീൻ ഷായുടെ ഒരു ഡിജിറ്റൽ ക്ലാസ് ഞാൻ കേട്ടിട്ടുണ്ട്. ബാലേട്ടന്റെ ക്ലാസിനെ ഓർമിപ്പിച്ചു അത്.

നാസിറുദ്ധീൻ ഷാ
നാസിറുദ്ധീൻ ഷാ

മലയാളവും ഇംഗ്ലീഷും ഒന്നിക്കുന്ന ഒരു കരിക്കുലവും നാടക പഠനവും ഈ സ്കൂളിനെ സ്വതന്ത്രവും സർഗാത്മകവുമായ ഒരു ജ്ഞാന വ്യവഹാര മണ്ഡലത്തിലേക്കുയർത്തി. ശങ്കരപിള്ളയായിരുന്നുവല്ലോ ലെറ്റേഴ്സിന്റെ ആദ്യ ഡയറക്ടർ. നരേന്ദ്രപ്രസാദും കൂടിയായപ്പോൾ, ലോകത്തേക്ക് തുറന്നുവെച്ച ഒരു കലാലയമായി അതുമാറി. ആദ്യ വൈസ്ചാൻസലർ ആയ അനന്തമൂർത്തിയുടെ സ്വപ്നം പൂവണിയുകയായിരുന്നു.

മലയാള നാടക -സിനിമ ചരിത്രം പ്രതിപാദിക്കുമ്പോൾ നമ്മുടെ സർവകലാശാലകൾ വഹിച്ച ഒരു പങ്കുണ്ട്. അത് അങ്ങേയറ്റം സാക്ഷാത്കരിച്ചത് മഹാത്മാഗാന്ധി സർവകലാശാലയിലെ ഈ പഠന വിഭാഗമാണെന്നുപറയാം. നിരവധി നാടകങ്ങൾ അവിടെ അരങ്ങേറിയിട്ടുണ്ട്.

ലെറ്റർസിന്റെ സ്ഥാപക ഡയറക്ടർ ശങ്കരപിള്ളയുടെ ചരമദിനമായ ജനുവരി ഒന്നിന് ലെറ്റേഴ്സ് ദിനമാണ്. 1990 മുതൽ എല്ലാ വർഷവും മുടങ്ങാതെ ജനുവരി ഒന്നിന് നാടകങ്ങൾ അരങ്ങേറും. സാഹിത്യ-സാംസ്‌കാരിക രംഗത്ത് മാത്രമല്ല, തീയേറ്റർ തലത്തിലും ഏറ്റവും പുതിയ സിദ്ധാന്തങ്ങളും പരീക്ഷണങ്ങളും അവിടെ നടന്നു. നരേന്ദ്ര പ്രസാദിന് ശേഷം അതിന്റെ സമ്പൂർണ ഉത്തരവാദിത്തം ബാലചന്ദ്രനും ഹരിസും ഏറ്റെടുത്തു. നാടകക്യാമ്പ് എന്ന മട്ടിൽ അവിടുത്തെ കുട്ടികളെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തി, നിരവധി ദിനങ്ങളെടുത്ത്, ഒരുത്സവം പോലെയായിരുന്നു ആ നാടക നാളുകൾ.

ബാലേട്ടന്റെയും ഹാരിസിന്റെയും പ്രവർത്തനങ്ങളും സമീപനങ്ങളും കുട്ടികളെ പ്രചോദിപിച്ചതിനു കണക്കില്ല.

അവതരിപ്പിക്കപ്പെട്ട നാടകങ്ങളിൽ ട്രാജഡിയും കോമഡിയും ട്രാജി കോമഡിയുമൊക്കെയുണ്ട്. അതിൽ ബാലേട്ടന്റെ മാറാമറയാട്ടവും ഒരു മധ്യവേനൽ പ്രണയരാവും മായാസീതാങ്കവും അദ്ദേഹത്തിന്റെ പ്രകൃഷ്ട രചനകൾ തന്നെ. ഈ നാടകങ്ങളൊക്കെ ബാലേട്ടനിൽനിന്ന് തന്നെ രംഗാവതരണം നേടിയപ്പോൾ അത് വല്ലാത്ത വ്യത്യാസമുണ്ടാക്കി.

ഒരർത്ഥത്തിൽ ആധുനിക മലയാളനാടകത്തിൽത്തന്നെ വിളുമ്പ് സൃഷ്ടിച്ച രചനകളാണ് ഇവയൊക്കെ.

ആക്കാല നാടകങ്ങളെക്കുറിച്ച് പത്രപംക്തികളിൽ എഴുതിയിരുന്നത് ഞാനായിരുന്നു. ബാലേട്ടൻ തമാശയായി പറയും, ""നമ്മുടെ എഴുത്തുകാരൻ ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം. ഇവയൊക്കെ മോശപ്പെട്ട നാടകങ്ങളാണെങ്കിൽ ഉപദേശിക്കണം.''

ആധുനിക നാടക അചാര്യന്മാരായ സ്റ്റാനിസ്ലാവ്സ്കി, ബ്രെഹത്, ഗ്രോട്ടോവസ്കി, ലാറ്റിൻ അമേരിക്കൻ തിയേറ്റർ വിദഗ്ധനായ അഗസ്തോബോൾ... തുടങ്ങിയ പലരെയും, പി. ബാലചന്ദ്രനെപ്പോലുള്ളവർ മനസ്സിൽ ആരാധിച്ചു കൊണ്ടിരുന്നവരാണ്.

കൊൺസ്റ്റാൻറ്റിൻ സ്റ്റാനിസ്ലാവസ്ക്കി, ബെർതോൾ ബ്രെഹത്, ഗ്രോട്ടോവസ്കി, അഗസ്തോ ബോൾ
കൊൺസ്റ്റാൻറ്റിൻ സ്റ്റാനിസ്ലാവസ്ക്കി, ബെർതോൾ ബ്രെഹത്, ഗ്രോട്ടോവസ്കി, അഗസ്തോ ബോൾ

മലയാളത്തിലെ ആധുനിക നാടകവേദിയുടെ ചരിത്രം ഇവരെ ഒഴിച്ചുനിർത്തി അലോചിക്കാൻ പറ്റില്ലെന്ന് ശങ്കരപിള്ള തന്നെ എഴുതിയിട്ടുണ്ട്. എന്നാൽ, ബാലേട്ടൻ അനുവർത്തിച്ച തന്റെ സാങ്കേതങ്ങളും തിയേറ്റർ രൂപങ്ങളും താൻ സാധകം ചെയ്തെടുത്ത, ഏറ്റവും സ്വച്ഛമായ തന്റെ ഡിവൈസുകളിൽ നിന്നു കൂടിയായിരുന്നു. വി. സി. ഹാരിസും ബാലചന്ദ്രനും കൂടിച്ചേരുമ്പോൾ തീയേറ്ററിൽ സംഭവിക്കുന്ന ഒരു അത്ഭുതമുണ്ട്. മാഷ് പലപ്പോഴും പറയാറുണ്ട്, "ഹാരിസ് ആണ് എന്റെ പുതിയ കലാ കൗതുകങ്ങളുടെയൊക്കെ ആഭിചാരപ്രേരണയെന്ന്‌'. ഹാരിസ് സംവിധാനിക്കുമ്പോൾ മുഖ്യ നടൻ ബാലേട്ടനും, ബാലേട്ടൻ സംവിധാനിക്കുമ്പോൾ മുഖ്യ റോളിൽ ഹാരിസും എന്ന ഒരു സമവാക്യം പോ ലുമുണ്ടായി.

ചില ഉദാഹരണങ്ങൾ മനസ്സിലേയ്ക്ക് വരുന്നു:

അഫ്രോ-അമേരിക്കൻ നാടകകൃത്തായ ബർണാർഡ് ജാക്സന്റെ "ഇയാഗോ -ഒരു പേരിലെന്തിരിക്കുന്നു', ആഡ്രിയൻ കെന്നഡിയുടെ "തിയേറ്റർ തെറാപ്പി', ബ്രഹ്ത്തിന്റെ "സ്വത്സാനിലെ നല്ല സ്ത്രീ', ബാലചന്ദ്രന്റെ തന്നെ "ഒരു മധ്യവേനൽ പ്രണയരാവ്' തുടങ്ങിയവ കാണികളുടെ കാഴ്ചശീലങ്ങളെത്തന്നെ മാറ്റുന്നവയായിരുന്നു.

ആഡ്രിയൻ കെന്നഡി
ആഡ്രിയൻ കെന്നഡി

"The lie begins with a highly improper noun (അനുചിതമായ ഒരു നാമത്തിലൂടെയാണ് ഏതു നുണയും രൂപപ്പെടുന്നത് )' ഷേക്സ്പിയറുടെ വിഖ്യാത കഥാപത്രമായ ഇയാഗോയെ കേന്ദ്രകഥാപാത്രമാക്കി (ഒഥല്ലോ ), അഫ്രോ -അമേരിക്കൻ നാടകകൃത്തായ സി. ബർണാർഡ് ജാക്സന്റെ ഈ നാടകം ഹാരിസ് മൊഴിമാറ്റുന്നു, ബാലചന്ദ്രൻ അതിനൊരു പുതിയ തീയേറ്റർ രൂപമുണ്ടാക്കുന്നു. എലിസബത്തൻ നാടകകാണികൾ മതിമറന്നുകണ്ട ഈ നാടകം ആ കാലത്തിൽ നിന്നും വിപരീതകാഴ്ചകൾ നൽകിയ ഫ്രഞ്ച് നാടകമാണ്. ഷേക്ക്‌സ്പിയർ നാടകങ്ങളുടെ കൊളോണിയൽ പര്യടനം റദ്ദാക്കുന്ന നാടകം. ബാലേട്ടൻ അതിന് ഒരു സാൻഡ്വിച് അരങ്ങ് കണ്ടെത്തുന്നു. ഒരു പ്രകാശവും പുറത്തുനിന്നും കൊടുക്കാതെ നാടകത്തിനകത്ത് പെരുമാറുന്ന ടോർച്, ലൈറ്റർ, മെഴുകുതിരി എന്നിവയൊക്കെ ഉപയോഗിച്ച ഒരു ബദൽ ദീപവിധാനം സാധ്യമാക്കുന്നു.

ഇത്തരം പരീഷണങ്ങൾ ഏറെ സ്വാഭാവികമായ ഒരു നാടക കാഴ്ചയിലേയ്ക്കും അസാധാരണ നാടകകാലത്തിലേയ്ക്കും കാണികളെ കൊണ്ടുപോവുന്നു. രംഗപാഠത്തിൽ ഇത്തരം മൗലികമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് മാഷ് എപ്പോഴും നാടകം ചെയ്തത്.

സി. ബർണാർഡ് ജാക്സൻ
സി. ബർണാർഡ് ജാക്സൻ

മറ്റൊരു അഫ്രോ -അമേരിക്കൻ നാടകകർത്രിയായ ആഡ്രിയൻ കെന്നഡിയുടെ, "തീയേറ്റർ തെറാപി' എന്ന നാടകം വലിയ പ്രശസ്തി പിടിച്ചുപറ്റുകയുണ്ടായി.

മാസ്ക് പറ്റിച്ച പണി ചില്ലറയല്ല. സ്ഥല കാലങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രശ്നവൽക്കരിക്കാൻ മാസ്കുകളെ കുറിച്ചുള്ള പഠനം കെന്നഡിയെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ ആശയത്തിൽ നിന്നാണ് ബാലേട്ടൻ ക്ലാസിക് കഥാ പാത്രങ്ങളും, ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയും ആൾജീരിയൻ വിമോചന സമരനായകനായ ഫ്രാൻസ് ഫാനനും, നെപ്പോളിയനും, ഡോക്ടർ ഫ്രോയിഡൻ ബർഗറും, എന്നുവേണ്ട ചരിത്രവും മിത്തും കൂടിക്കുഴയുന്ന ഈ ആധുനികോത്തര നാടകത്തിനു ഒരു രംഗപാഠമുണ്ടാക്കിയത്. തീയേറ്റർ ഒരു ആധുനിക തെറാപ്പിയാണെന്നമട്ടിൽ ഒരനുഭവം അതുണ്ടാക്കുക തന്നെ ചെയ്തു.

"മധ്യ വേനൽ പ്രണയരാവ്', ഏറെ സ്ഥലങ്ങളിൽ അരങ്ങേറുകയുണ്ടായി. ഷേക്സ്പിയറുടെ "മിഡ്സമ്മർ നൈറ്റ്' എന്ന പ്രശസ്ത നാടകത്തിൽ, ദുഷ്യന്തനും ശകുന്തളയും രമണനും ചന്ദ്രികയും ഒക്കെ കയറി വന്നു പ്രണയം പ്രശ്നവൽക്കരിക്കുന്ന, ഉത്തരാധുനിക മനുഷ്യ സന്ദർഭത്തെ പാരഡീകരിക്കുന്ന ഒരു പരീക്ഷണ നാടകമാണ്. ശകുന്തള, രമണൻ എന്നിവയുടെ ഒരു പുനർവായന കൂടിയാണിത്. ട്രാജിക്, കഥാഴ്സിസ് കാഴ്ചാശീലങ്ങളെ അസാധ്യമാമട്ടിൽ കളിയാക്കുന്നു ഈ നടകം.

പുതിയ മനുഷ്യരെയും സ്ഥാപനങ്ങളെയും, ഭരിക്കുന്ന കാലത്തിന്റെ അധികാരത്പാർവങ്ങളെയും അവ ഉൽപാദിപ്പിക്കുന്ന ഭീതികളെയും രസനീയമാംമട്ടിൽ പ്രശ്നവൽക്കരിക്കുകയാണ് പി. ബാലചന്ദ്രന്റെ മിക്ക ഗ്രന്ഥപാഠങ്ങളും രംഗപാഠങ്ങളും. ഇവയൊക്കെ ആധുനികതയുടെ ജാഡ്യങ്ങളെ ഒരു പരിധി വരെ തകർത്ത രാഷ്ട്രീയ നടകങ്ങളാണ്. ഹാരിസിന്റെയും ബാലേട്ടന്റെയും ഞങ്ങളുടെയും നിറഞ്ഞാട്ടങ്ങൾക്ക് എന്നും നിറഞ്ഞ വേദിയായി ലെറ്റേഴ്സ് നിലക്കൊണ്ടു.

പിന്നെയും കാലം സഞ്ചരിച്ചു

നാലഞ്ച് വർഷം ഞങ്ങൾ ഒന്നിച്ചുണ്ടായി. കഥ അഭിനയിച്ചു പറയുകയും രസിപ്പിക്കുകയും ചെയ്ത മറ്റൊരാൾ എന്റെ ജീവിതത്തിലില്ല. നാടകത്തിൽ അദ്വിതീയമായ പരീക്ഷണങ്ങളും പുതുമകളും പി. ബാലചന്ദ്രൻ കൊണ്ടു വന്നുവെങ്കിലും, നാടകക്കാലം അദ്ദേഹത്തെ വേണ്ടത്ര തുണച്ചില്ല. തീയേറ്ററിന്റെ അമേച്വറിസവും പ്രൊഫഷനലിസവും റെപ്പർട്ടറിയും ഒക്കെ അദ്ദേഹത്തിന് വഴങ്ങി എങ്കിലും, അതിൽ ദുഃസാമാർഥ്യം അദ്ദേഹത്തിനു ഇല്ലാതെ പോയി. തനിക്കും ഗുരുവിനും പാരപണിത കുറെ കഥകൾ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. അപാര രസികത്വത്തോടെ. അതിൽ പങ്കാളിയായവർ പോലും അതുകേട്ടാൽ, കുലുങ്ങി ചിരിച്ചുപോകും. മാഷ് ഏതു ജാതി മനുഷ്യരുടെയും സുഹൃത്തായിരുന്നു. ഈ വലിപ്പചെറുപ്പമില്ലായ്മ, ഒരു പക്ഷേ, പല സൈദ്ധാന്തികരാലും ബാലചന്ദ്രന്മാഷ് അണ്ടർഎസ്റ്റിമേറ്റ് ചെയ്യപ്പെടുന്നതിന് ഒരു കാരണമായിട്ടുണ്ട്.

മാഷ് സിനിമയിലേക്ക് പോകുന്നത് തന്നെ, ഉള്ളിൽ എന്തോ നിരാശയും വേദനയും സൂക്ഷിച്ചുകൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഏതായാലും സിനിമയിൽ പോയതോടെ പി. ബാലചന്ദ്രൻ എന്ന താരത്തെ പെട്ടെന്ന് സമൂഹമറിഞ്ഞു. എന്നാലും നടകങ്ങൾ ഉപേക്ഷിക്കാതെയും നിരന്തരം സുഹൃത്തുക്കളോട് ശരീരമിളക്കി അഭിനയിച്ചുകൊണ്ടും അദ്ദേഹം തന്നിലെ "നടനെ '(Holy Actor )നിലനിർത്തി.

സിനിമയിൽ പോയിത്തുടങ്ങിയ കാലം, സിനിമയിലെ അണിയറത്തമാശകൾ പൊട്ടിക്കുക ഒരു ശീലമായിരുന്നു. താൻ ജനിച്ചപ്പോഴേ കിട്ടിയതും തുടർന്നു നാടകങ്ങളിലൂടെ പരിശീലിച്ചതും നിരന്തരം സാധകം ചെയ്തെടുത്തതുമായ തന്നിലെ നടന്റെ നാലിൽ ഒരംശം ക്യാമറക്ക് വേണ്ടാ എന്നു ബോധ്യമായെങ്കിലും, ക്രൂര നാടക വേദിയുടെ ഉപജ്ഞാതാവായ, അന്റോയിൻ അർത്താഡിനെപ്പോലെ അദ്ദേഹം സിനിമയിൽനിന്നും തിരിച്ചുപോന്നില്ല.

ആദ്യ നാളുകളിൽ, ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ, "ഹോളി ആക്ടർ'ക്ക് അറിയില്ലായിരുന്നു, ക്യാമറക്ക് തന്റെ ശരീരത്തിന്റെ ഏതു ഭാഗമാണ് വേണ്ടതെന്ന്. അങ്ങേര് നാടകത്തിലെപ്പോലെ ശരീരം സമ്പൂർണ്ണമായി അഭിനയത്തിനു വിട്ടുകൊടുത്തുകൊണ്ട് ക്യാമറയെ ആഭിമുഖീകരിക്കുമ്പോൾ, ചുറ്റും നിൽക്കുന്ന ഗ്രൗണ്ട് മാനേജർ അടക്കം ഒന്ന് ചിരിക്കും. ബാലേട്ടനറിയില്ലല്ലോ, ആ രംഗത്ത്, ക്യാമറക്ക് തന്റെ മോന്തയുടെ ക്ലോസപ്പ് മാത്രം മതിയെന്ന്. അല്ലെങ്കിൽ മൂക്കിന്റെ ക്ലോസപ്പ് മാത്രം മതിയെന്ന്. ഞങ്ങളുടെ മുമ്പിൽ പിന്നെ ആ സീൻ അഭിനയിച്ചു ഒരു കലക്ക് കലക്കും. ഇതായിരുന്നു ബാലേട്ടൻ എന്ന പി. ബാലചന്ദ്രൻ.

നാടകത്തോട് അത്ര മുഹബ്ബത്ത്‌ ഉണ്ടായിട്ടും ബാലേട്ടൻ സിനിമ വിട്ടില്ല. തന്റെ നാട്യശരീരത്തിന് ആടിത്തിമിർക്കാൻ പോന്ന പാർട്ടുകൾ ഒന്നും സിനിമയിൽ കിട്ടില്ല എന്നറിഞ്ഞിട്ടും, സിനിമ വിട്ടില്ല. എന്നുമാത്രല്ല, അദ്ദേഹം മലയാളത്തിലെ ഒരു മഹാകവിയുടെ/കുഞ്ഞിരാമൻ നായരുടെ ജീവിതം സിനിമയിലൂടെ (ഇവൻ മേഘരൂപൻ )സംവിധാനിച്ചു. തന്റേതായ ഒരു കളം സ്ഥാപിച്ചു. എന്നാൽ നല്ല വിമർശനത്തേക്കാൾ ഏറെ തെറികേട്ടു.

അദ്ദേഹത്തിന്റെ തിരക്കഥകളിൽ പലപ്പോഴും സിനിമയും തിയേറ്ററും ചേർന്ന രൂപങ്ങളുണ്ടായിരുന്നു. ചില സിനിമയിയിലെങ്കിലും നല്ല അഭിനയം കാഴ്ച വെക്കാൻ പാകത്തിലുള്ള റോളുകൾ കിട്ടി. കുറെ പുരസ്‌കാരങ്ങളും.

നരേന്ദ്രപ്രസാദിന്റെ "ഉണ്ണിപോകുന്നു' എന്ന നാടകം വി. സി. ഹാരിസ് ലഘു ചലച്ചിത്രമാക്കാൻ തീരുമാനിച്ചു. ബാലേട്ടൻ മുഖ്യ നടൻ. ബിനാപോളും ഈയുള്ളവനും ഏതാനും രംഗങ്ങളിലുണ്ട്. സിനിമറ്റോഗ്രാഫി റസാഖ്‌ കോട്ടക്കൽ. സിനിമ പുരോഗമിച്ചുകൊണ്ടിരിക്കെ ബാലേട്ടനും റസാഖും തമ്മിൽ പിണങ്ങി. പൊരിഞ്ഞ വാക്കേറ്റമായി. അനുനയിപ്പിക്കാൻ ആവതും നോക്കി. മാ ഫലേഷുഃ

പിറ്റേന്ന് രാത്രി റസാഖിനെ യാത്രയാക്കാൻ എന്നെ ചുമതലപ്പെടുത്തി. പിറ്റേന്ന് ബാലേട്ടന്റെ ഒരു ന്യൂജെൻ സംഘം വന്നു ക്യാമറ ഏറ്റെടുത്തു. എന്തായിരുന്നു അവർക്കിടയിലെ ദാർശനിക പ്രശ്നം എന്നത് ഹാരിസിന് അദ്ദേഹം മരിക്കുവോളവും എനിയ്ക്ക് ഇന്നോളവും പിടികിട്ടിയിട്ടില്ല.

ബാലേട്ടന്റെ ലോകം സർവതന്ത്രസ്വതന്ത്രമായ ആലോചനയോട് കൂടിയുള്ളതായിരുന്നു. കലയുടെ കാലികവും ജനാധിപത്യപരവുമായ മർമ്മങ്ങൾ അദ്ദേഹത്തിന്റെ കൂടെ സദാ സഞ്ചരിച്ചു. ഒരു ജാടയും തിയറിയും തന്റെ സ്വതസിദ്ധമായ അറിവുകളെ ഇളക്കിയില്ല. ഏതാണ്ട് അരക്കൊല്ലത്തോളം അദ്ദേഹം (കോമയിൽ )മിണ്ടാതെ കിടന്നു. കോവിഡ് കാലത്ത് മനുഷ്യരുടെ ചലനം അസാധാരണമായി നിയന്ത്രിക്കപ്പെട്ടപ്പോൾ, സദാ ചലിക്കുകയും സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്ന ബാലേട്ടൻ സമ്പൂർണ നിശബ്ദനായി. അറിയില്ല, അത് ഒരു കരുത്തുറ്റ നടന്റെ സാമൂഹ്യ അകലത്തോടുള്ള (social distancing )ഒരു കൊമേഡിയൻ പ്രതികരണമായിരുന്നോ എന്ന്. സുഹൃത്തിനു അശ്രുപൂജ.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments