വിസ്മയങ്ങള്‍ കളിയാടിയ തിരശ്ശീല പോലെ ഒരു ജീവിതം. ഭാവനയുടെ ധൂര്‍ത്ത് തടം തല്ലിയ ദേശപ്പലായനം. മനുഷ്യനോ ഭൂമി സന്ദര്‍ശിക്കാനെത്തിയ ഗന്ധര്‍വ്വ ജന്മമോ? അറിയില്ല. മലയാളത്തിന്റെ നിളാജലം പോലെ നുരഞ്ഞൊഴുകകയാണ് ഇന്നും മഹാകവി പി.
‘വൈദ്യനായില്ല, ജ്യോത്സ്യനായില്ല, മന്ത്രവാദിയായില്ല, കവിയാകണം. ആ സങ്കല്‍പം പ്രഭാതം തോറും പൂച്ചെണ്ടണഞ്ഞു. ഇരന്നുനടന്നാലും പട്ടിണി കിടന്നാലും കവി കവിയാകണം. ഒറ്റക്കമ്പിയുള്ള തംബുരുവില്‍ ആകാശനീലിമ പകര്‍ത്തി നടക്കുന്ന സത്യാന്വേഷി. തീര്‍ഥയാത്രക്കാരന്‍. ഏകാന്ത സൗന്ദര്യധാരയില്‍ ഒലിച്ചൊലിച്ചുപോകുന്ന മധുരശോകഗാനം. ആ ജീവിതമാണ് സമ്പത്ത്. അതാണ് ഭാഗ്യം. അതാണ് ജന്മസാഫല്യം.’ (കവിയുടെ കാല്‍പ്പാടുകള്‍, പി. കുഞ്ഞിരാമന്‍ നായർ.)
അങ്ങനെയും ഒരു ജന്മമുണ്ടായിരുന്നു മലയാളത്തിൽ. ജീവിതം മുഴുവന്‍ കവിതയെന്ന നിത്യകന്യകയെതേടി നടന്ന ഗന്ധര്‍വ ജീവിതം. കാഞ്ഞങ്ങാട്ട് വെള്ളിക്കോത്തെ സമ്പന്നമായ പുറവങ്കര അടിയോടി വീട്ടില്‍ പിറന്ന് കേരളം മുഴുവന്‍ഭ്രഷ്ട കാമുകനെപ്പോലെ ഭാവനയുടെ മഴവില്‍തേരില്‍ പാറിപ്പറന്ന പ്രകൃതിയുടെ നിത്യഗായകന്‍. തിരുവനന്തപുരം സി.പി സത്രത്തിലെ ഒരു മുറിയില്‍ ആ ജീവിതഗാനം നിലച്ചിട്ട് 2023 മെയ് 27 ന് നാലരപ്പതിറ്റാണ്ട് തികയുന്നു. കേരളീയതയുടെ മുദ്രകള്‍ വാരിയണിഞ്ഞ ആ കവിതകളും സങ്കല്‍പങ്ങളെ തോല്‍പ്പിക്കുന്ന ആ ജീവിതവും ഇന്ന് സാഹിത്യപ്രണയികള്‍ക്ക് കാല്‍പ്പനികകവിതയെക്കേള്‍ വിസ്മയപൂരിതം.
കുഞ്ഞിരാമന്‍ നായര്‍ ആകെ എത്ര കവിതകള്‍ എഴുതിയിട്ടുണ്ടാവാം എന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവാത്ത സത്യം. ജുബ്ബക്കീശയില്‍ കടലയും കല്‍ക്കണ്ടത്തുണ്ടുകളും കുറ്റിപ്പെന്‍സിലുമായി അലഞ്ഞ അദ്ദേഹം പറയുന്നതും ചിന്തിക്കുന്നതുമെല്ലാം കവിത മാത്രമായിരുന്നു. സാധാരണക്കാരുടെ ചിട്ടയായ ജീവിതം കവിക്ക് എന്നും അന്യമായിരുന്നു. പ്രകൃതിവിസ്മയങ്ങളില്‍ കവിതയുടെ ചിലമ്പൊലി തേടിയുള്ള പ്രയാണങ്ങള്‍. പ്രണയത്തിന്റെ മധുരത്തേനുണ്ട ‘കല്യാണമല്ലാത്ത കല്യാണ’ങ്ങള്‍. വള്ളുവനാട്ടിലടക്കം ഇന്നും സ്പന്ദിക്കുന്നു ആ മേഘരൂപന്റെ കാലടയാളങ്ങള്‍.
ആനന്ദാശ്രമത്തിന്റെയും മടിയന്‍ കൂലോമിന്റെയും കൂര്മനെഴുത്തച്ഛനെന്ന അജ്ഞാതനായ കാവ്യശ്രേഷ്ഠന്റെയും അനവധിയായ തെയ്യങ്ങളുടെയും തട്ടകം. അഴകിന്റെ ആ ‘അള്ളടത്തുനാട്ടി’ല്‍നിന്നാണ് കുഞ്ഞിരാമന്‍നായര്‍ പുറപ്പെട്ടുപോകുന്നത്.
കാഞ്ഞങ്ങാട്ടെ ആരൂഢം
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുനിന്നാണ് കവി മലയാളസാഹിത്യത്തിലേക്കുള്ള സഞ്ചാരം തുടങ്ങുന്നത്. നാട്ടുപ്രമാണിയും പണ്ഡിതനുമായ പുറവങ്കര കുഞ്ഞമ്പുനായരുടെയും പനയന്തട്ട കുഞ്ഞമ്മ അമ്മയുടെയും മകന്‍. ‘ഇടയ്ക്കിടെ പട്ടക്കര വച്ച പുഴകള്‍. വെണ്‍മണല്‍പരപ്പ്. ദൂരെ നീല മലനിര. എത്തിത്തൊടാവുന്ന കടല്‍. പുകയിലകൃഷിയിടങ്ങള്‍. മണല്‍ക്കുന്നുകള്‍. കശുമാവിന്‍തോപ്പുകള്‍. നീണ്ട ഇരുമ്പുപാളം. പട്ടണം തൊടുന്ന ചുവന്ന പാതകാഞ്ഞങ്ങാട്. കര്‍ണാടകവും മലയാളവും ഇടകലര്‍ന്ന വണ്ടിയാപ്പീസ് ബോര്‍ഡ്’- തന്റെ ജന്മദേശത്തെ, ദേശാന്തരഗമനങ്ങള്‍ക്കൊടുവില്‍ അദേഹം വരഞ്ഞുകാട്ടുന്നതിങ്ങനെയാണ്.
ആനന്ദാശ്രമത്തിന്റെയും മടിയന്‍ കൂലോമിന്റെയും കൂര്മനെഴുത്തച്ഛനെന്ന അജ്ഞാതനായ കാവ്യശ്രേഷ്ഠന്റെയും അനവധിയായ തെയ്യങ്ങളുടെയും തട്ടകം. അഴകിന്റെ ആ ‘അള്ളടത്തുനാട്ടി’ല്‍നിന്നാണ് കുഞ്ഞിരാമന്‍നായര്‍ പുറപ്പെട്ടുപോകുന്നത്. ലക്കിടിയും തിരുവില്വാമലയും ഷൊര്‍ണൂരും അടങ്ങുന്ന വള്ളുവനാടിന്റെയും ഭാരതപ്പുഴയുടെയും സ്വഛതയിലേക്ക് വന്നുചേരുന്ന കാവ്യപ്രയാണം. മലയനും വണ്ണാനും കോപ്പാളനും തിറയായി ഉരിയാടുന്ന ഓരോ വാക്കിലും കവിതയുടെ പൂക്കളാണ് അര്‍ച്ചിക്കപ്പെടുന്നതെന്ന തിരിച്ചറിവാണ് പിന്നീട് കാവ്യഖജാന പോലെ ആ ജീവിതത്തെ മാറ്റിമറിച്ച മൂലധനം. ‘ഭക്തകവി’യെന്ന് ചുരുക്കിക്കെട്ടിയത് കാലം തന്നെ തിരുത്തി.
പുറപ്പെട്ടുപോയ കാവ്യതേജസിനുള്ള ആദരമായി കാഞ്ഞങ്ങാട്ട് അദ്ദേഹത്തിന്റെ സ്പന്ദിക്കുന്ന കാലടയാളങ്ങളുണ്ട്. ‘പി സ്മാരകം’ എന്ന സ്മരണാലയവുമുണ്ട്. ‘കവിയച്ഛൻ’ എന്ന പുസ്തകമെഴുതിയ മകന്‍ രവീന്ദ്രന്‍ നായരും സാഹിത്യകുതുകികളുമെല്ലാം ആ ഓര്‍മകളെ അനശ്വരമായി നിലനിര്‍ത്താന്‍ പ്രയത്നിക്കുന്നുമുണ്ട്.
മണലില്‍ പുതഞ്ഞ കാല്‍പ്പാടുകള്‍
കുഞ്ഞിരാമന്‍ നായര്‍ എത്ര കവിതകള്‍ എഴുതിയിട്ടുണ്ടാകും? ആര്‍ക്കും നിശ്ചയമില്ലാത്ത ചോദ്യമാണിത്. വഴിക്കാശിനും വീട്ടുചെലവിനുമായി പുസ്തകങ്ങളെഴുതി പ്രസുകള്‍ക്ക് തുഛവിലയ്ക്ക് വിറ്റു. അവ പണം കായ്ക്കുന്ന മരമായപ്പോള്‍ കവി അവധൂതനായി എന്നും തെരുവില്‍ തന്നെ. കണ്ടവര്‍ക്കെല്ലാം കൈയയച്ച് നല്‍കി ‘കൊടുത്തു മുടിഞ്ഞ മാവ്' ആയി മണ്ണടിഞ്ഞു. എന്നാല്‍, ആര്‍ക്കും അധീനപ്പെടുത്താനാവാത്ത ആ കാവ്യനാണയങ്ങളുടെ തിളക്കം കാലം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. പതിനാലാം വയസില്‍ രചിച്ച ‘പ്രകൃതിഗീതം’ ആണ് ആദ്യ കവിതയെന്നാണ് അനുമാനം. കാല്‍പ്പനികതയിലൂടെ തടം തല്ലി പാഞ്ഞൊഴുകുകയായിരുന്നു ആ കല്ലോലിനി പിന്നീട്. ഭാരതപ്പുഴയുടെ തീരങ്ങളിലും വള്ളുവനാടിന്റെ വയലോരങ്ങളിലും വഴിയമ്പലങ്ങളിലും ആ സര്‍ഗകാമുകന്‍ കവിതയെന്ന നിത്യകന്യകയെ തേടിയുള്ള തീര്‍ഥയാത്ര കൈരളിക്ക് സമ്മാനിച്ചത് ഒരു കാവ്യ ഭണ്ഡാരം തന്നെ.
ഓണസദ്യ, കളിയഛന്‍, അനന്തന്‍കാട്ടില്‍, വസന്തോത്സവം, കര്‍പ്പൂരമഴ, നീരാഞ്ജനം, പ്രപഞ്ചം തുടങ്ങി നൂറിലധികം പുസ്തകങ്ങള്‍. ജീവിതത്തിലെ വ്യത്യസ്തത അദ്ദേഹം ആത്മകഥയെഴുത്തിലും പുലര്‍ത്തി. ‘നിത്യകന്യകയെ തേടി’, ‘എന്നെ തിരയുന്ന ഞാന്‍’ എന്നിവ ഉള്‍പ്പടെയുള്ള ‘കവിയുടെ കാല്‍പാടുകൾ’ എന്ന ബൃഹദ് ജീവിതസ്മരണാപുസ്തകം ആ അവധൂതന്റെ കാമനകളുടെയും സഹനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഒപ്പുകടലാസാണ്. തീവണ്ടിമുറിയിലിരുന്നുപോലും ഒറ്റയിരുപ്പിന് ഒരു പുസ്തകമെഴുതുന്ന ആ സിദ്ധിവൈഭവം അന്ന് തിരിച്ചറിഞ്ഞവര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
സംസ്‌കൃതം പഠിക്കാന്‍ പട്ടാമ്പിയിലെ പുന്നശേരി നീലകണ്ഠശര്‍മയുടെ വിദ്യാലയത്തിലേക്കുള്ള പോക്കാണ് ഭാവനയുടെ മഴനിഴല്‍ പ്രദേശങ്ങളിലേക്ക് കുഞ്ഞിരാമനെ വഴിതിരിച്ചത്. പഠനത്തിനിടെ വട്ടോളി കുഞ്ഞുലക്ഷ്മിയുമായി കടുത്ത പ്രണയം. ഇതിനിടെ തഞ്ചാവൂരിലേക്ക് വ്യാകരണവും വേദവും പഠിക്കാന്‍ പോയി. മുറപ്പെണ്ണായ പുറവങ്കര ജാനകിയമ്മയുമായി നിശ്ചയിച്ച വിവാഹത്തിന് പൊന്നെടുക്കാന്‍ അഛന്‍ നല്‍കിയ പണവുമായി നാടുവിട്ട കുഞ്ഞിരാമന്‍ നായര്‍ കുഞ്ഞിലഷ്മിയെ വധുവാക്കിയാണ് പിന്നീട് വീട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് കവിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘കല്യാണമില്ലാത്ത കല്യാണ’ങ്ങളുടെ പ്രണയസുരഭിലത.
സാധാരണ മനുഷ്യന്റെ ജീവിതചക്രം ഒരിക്കലും കുഞ്ഞിരാമന്‍ നായര്‍ക്ക് ചേര്‍ന്നില്ല. അത് ചിട്ടകളും നിയമങ്ങളും തെറ്റിച്ചുള്ള ദിങ്ഭ്രമ സഞ്ചാരമായിരുന്നു. അതിന്റെ കുറ്റബോധവും ആ എഴുത്തുകളില്‍ കത്തുന്നുണ്ട്.
തൃശൂരിലെ സരസ്വതി പ്രസിലും ഒലവക്കോട്ടെ ശ്രീരാമകൃഷ്ണോദയം പ്രസിലുമെല്ലാം തൊഴിലെടുത്തു. കണ്ണൂരില്‍നിന്ന് നവജീവന്‍ എന്ന പത്രം തുടങ്ങി. കൊല്ലങ്കോടും കൂടാളിയിലും അധ്യാപകനുമായിരുന്നു. എവിടെയും കവിക്ക് സ്വസ്ഥജീവിതം സാധ്യമായിരുന്നില്ല. നീലേശ്വരം രാജാവില്‍നിന്ന് വീരശൃംഖലയും ഭക്തകവി പട്ടവും കൊച്ചി രാജാവില്‍നിന്ന് സാഹിത്യനിപുണന്‍ ബഹുമതിയും കേന്ദ്ര-കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങളുമെല്ലാം ആ ഭാവനാകുബേരന്റെ ജീവിതത്തിന് അലങ്കാരമായി.
സന്ദേഹിയുടെ സൗന്ദര്യാന്വേഷണം
സാധാരണ മനുഷ്യന്റെ ജീവിതചക്രം ഒരിക്കലും കുഞ്ഞിരാമന്‍ നായര്‍ക്ക് ചേര്‍ന്നില്ല. അത് ചിട്ടകളും നിയമങ്ങളും തെറ്റിച്ചുള്ള ദിങ്ഭ്രമ സഞ്ചാരമായിരുന്നു. അതിന്റെ കുറ്റബോധവും ആ എഴുത്തുകളില്‍ കത്തുന്നുണ്ട്.
‘അവള്‍ കുട്ടിയെ കൈയ്യില്‍ തന്നു. ഒന്നെടുത്ത് തിരികെ കൊടുത്തു. പറവക്കുഞ്ഞിനോട്, മുല്ലമൊട്ടിനോട്, നക്ഷത്രത്തോട്, മറ്റ് കുട്ടികളോട് ഉള്ളതില്‍ കവിഞ്ഞ സ്നേഹം മമത. നിന്റെ കുട്ടിയോട് തോന്നുന്നില്ല. നിന്റെ കുട്ടി മടിയിലിരിക്കുമ്പോഴും മനസില്‍ മറ്റൊരു കുട്ടിയുണ്ട്. ഞാന്‍ തേടുന്ന നിത്യസത്യസൗന്ദര്യം.’
‘അകത്ത് നിലവിളക്ക്. പുറത്ത് കമ്പിറാന്തല്‍. തെക്കേമാവിലെ മൂങ്ങ മംഗളശ്ലോകം ചൊല്ലി. കല്യാണമില്ലാത്ത കല്യാണം. ദൈവത്തെ മറന്ന, തന്നെ മറന്ന പഹയന്റെ രണ്ടാം കടങ്കഥകല്യാണം.: ഒറ്റപ്പാലത്തിനടുത്ത പാലപ്പുറത്തെ ഒരു ബാന്ധവത്തെ കവി വിശേഷിപ്പിക്കുന്നത് ഇങ്ങനെ.
കളിയച്ഛനിലെ വേഷക്കാരനെപ്പോലെ കടുത്ത കുറ്റബോധത്തിന്റെ അന്ത്യവേനലില്‍ ആ മായാസഞ്ചാരി പരിതപിക്കുന്നുണ്ട്: ‘എല്ലാം നഷ്ടപ്പെട്ട ഈ യാത്രക്കാരന് ഒന്നുമാത്രം നഷ്ടപ്പെട്ടിട്ടില്ല. ആത്മാവിന്റെ മുത്തുമണി. അപാരതയെക്കുറിച്ച് ഓര്‍ത്തുപൊടിയുന്ന കണ്ണീരിന്റെ മുത്തുമണി. വസന്തപരിമളം ചിന്നുന്ന നിത്യകന്യകാസ്മരണ.’- മലയാളത്തിനുള്ള ഒസ്യത്തായ കവിയുടെ കാല്‍പ്പാടുകളില്‍ കുഞ്ഞിരാമന്‍ നായര്‍ രേഖപ്പെടുത്തുന്നു.