പി. കുഞ്ഞിരാമൻ നായർ/ Photo: Keralaculture.org

ഓർമയിലെ പി. കാലങ്ങൾ

പി.യുടെ ആത്മകഥകളിൽ പറയാതെപോയ ജീവിതകഥയാണിത്. കവിയോടൊപ്പം അത്രമാത്രം അടുത്തുനിന്നവരുടെ ഓർമകളിലൂടെയുള്ള സഞ്ചാരം. പലരും ഇന്നില്ല. ഉള്ളവരാകട്ടെ വാർധക്യത്തിന്റെ അവശതകളിലൂടെ കടന്നുപോവുന്നു. അവരുടെ മനസ്സിലെ ഓർമകൾ മാഞ്ഞുപോകുന്നതിനുമുമ്പ് അതൊക്കെയും പകർത്തിവെയ്ക്കാനുള്ള ശ്രമം.

ത് പി.കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള ഓർമകളുടെ പുസ്തകമാണ്. പലകാലങ്ങളിൽ പി.യോടൊപ്പം സഹയാത്രചെയ്തവരുടെ അനുഭവത്തിന്റെ ആത്മരേഖകൾ. കവിയുടെ മൂന്ന് ആത്മകഥകളിലും രേഖപ്പെടുത്താതെപോയ അനേകം ജീവിതസന്ദർഭങ്ങളും ഓർമകളും ഈ പുസ്തകത്തിൽ ഇഴചേരുന്നു.
പി.യുടെ ജീവിതഭൂമിക സമസ്തകേരളമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതഭൂപടം കേരളമാകെയും പരന്നുകിടക്കുന്നു. ഇതിൽത്തന്നെ കാഞ്ഞങ്ങാട്, പട്ടാമ്പി, തഞ്ചാവൂർ, പാലക്കാട്, തൃശൂർ, ലക്കിടി, തിരുവില്വാമല, കൂടാളി, കൊല്ലങ്കോട്, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളായിരുന്നു കവിജീവിതത്തിന്റെ പ്രധാന തട്ടകങ്ങൾ. അവിടങ്ങളിൽവെച്ച് കവിയോടൊപ്പം കൂട്ടുചേർന്നവർ അരനൂറ്റാണ്ടിനുശേഷം പി.യെ ഓർക്കുന്നു.
കുഞ്ഞിരാമൻ നായരുടെ ആത്മകഥകളിൽ തറവാടുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പലതുമുണ്ടായിരുന്നു. എന്നാൽ കവിയുടെ ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബജീവിതകഥ എന്തുകൊണ്ടോ ആത്മകഥകളിലൊക്കെയും വിസ്മരിക്കപ്പെട്ടു. കവി ഒരു നാടോടിയായി ജീവിച്ചെങ്കിലും കുടുംബം കവിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കാഞ്ഞങ്ങാട്ടെ വീടും കുടുംബവുമായി ബന്ധപ്പെട്ട ഓർമകളിലൊക്കെയും കവിയുണ്ട്. കൂടിച്ചേരലിന്റെയും കാത്തിരിപ്പിന്റെയും കഥകളായി കവിയുടെ മക്കൾ അച്ഛനെ ഓർക്കുന്നു. രവീന്ദ്രൻ നായർ, ലീല, രാധ എന്നിവരുടെ മനസ്സിൽ കവിയച്ഛന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്നു.

പി.യുടെ ആത്മകഥകളിൽ പറയാതെപോയ ജീവിതകഥയാണിത്. കവിയോടൊപ്പം അത്രമാത്രം അടുത്തുനിന്നവരുടെയും ഓർമകൾ മാത്രം ഇവിടെ ചേർത്തുവയ്ക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട നാലുപേരുണ്ട്. കൂടാളി ഹൈസ്‌കൂളിൽ കവിയുടെ സഹപ്രവർത്തകനായ എം.കെ. രാമകൃഷ്ണൻ മാഷ്, പാലക്കാട് കവിയോടൊപ്പം ദീർഘകാലം സഹയാത്രചെയ്ത ആലങ്ങാട് മുരളീധരൻ, കവിയുടെ ശിഷ്യനും സഹയാത്രികനുമായ കെ.കെ. ഭരതൻ, കൊല്ലങ്കോട്ട് കവിയുടെ ഉറ്റമിത്രമായ ഈയ്യങ്കോട് ശ്രീധരൻ എന്നിവർ.

പന്ത്രണ്ട് വർഷക്കാലം പി. അധ്യാപകനായി കൂടാളിയിൽ കഴിഞ്ഞെങ്കിലും ആകാശവാണി കവിസമ്മേളനം, നാഗയക്ഷി എന്നീ അധ്യായങ്ങളിലല്ലാതെ കൂടാളിയെക്കുറിച്ച് പി.യുടെ ആത്മകഥകളിലെവിടെയും പരാമർശമില്ല. കൂടാളിയിൽ കവിയുടെ സഹയാത്രികനായ എം.കെ. രാമകൃഷ്ണൻ മാഷ് 2008-ൽ മരിച്ചതോടെ കവിയുടെ കൂടാളിസൗഹൃദത്തിന്റെ ഇഴയടുപ്പമുള്ള ഓർമകൾ അസ്തമിച്ചതായി കരുതിയിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തിന്റെ എഴുത്തുമുറിയിൽ നിന്ന് കവിയോടൊപ്പം നടന്നകാലത്തെ ഡയറിക്കുറിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞു. പി.യുടെ കൂടാളിജീവിതത്തിന്റെ വിലപ്പെട്ട രേഖകളായിരുന്നു അത്. ഇതുപോലെ കൂടാളിയിലെ കവിയുടെ ശിഷ്യരായ പലരെയും കണ്ടെത്താൻ കഴിഞ്ഞു. അവരിൽ കവിയോട് അടുപ്പമുള്ളവരുടെ മാത്രം ഓർമകൾ കൂട്ടിച്ചേർത്താണ് പി.യുടെ കൂടാളിക്കാലത്തെ പൂരിപ്പിക്കാൻ ശ്രമിച്ചത്.

നാടോടിയായി പലയിടങ്ങളിലും കവി കഴിഞ്ഞുവെങ്കിലും കവിയുടെ യാത്രകളുടെയൊക്കെ കേന്ദ്രസ്ഥാനം ഗുരുവായൂരായിരുന്നു. സ്നേഹസൗഹൃദങ്ങളുടേതായ ഗുരുവായൂർകാലത്തിന്റെ ഓർമകൾ പങ്കുവെയ്ക്കാൻ ഇന്നാരും അവിടെ അവശേഷിക്കുന്നില്ല.

പാലക്കാടൻ ജീവിതത്തിന്റെ കഥ പറഞ്ഞുതന്നത് പി.യുടെ സഹയാത്രികനായ ആലങ്ങാട്ട് മുരളീധരനാണ്. പത്തുവർഷത്തോളം കവിയോടൊപ്പം നടന്നതിന്റെ ഓർമകൾ. ലക്കിടിപ്രണയം, കേസ്. അതുമായി ബന്ധപ്പെട്ട് കവിയേറ്റുവാങ്ങിയ അനേകം അനുഭവസംഘർഷങ്ങൾക്കു സാക്ഷിയായതിന്റെ ഓർമകളൊക്കെയും മുരളീധരൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. ലക്കിടിയിലെ കവിയുടെ പ്രണയിനി പാറുക്കുട്ടി ടീച്ചർ 2004-ൽ മരിച്ചു. അവരുടെ മകൾ ബാലാമണി അധ്യാപികയായി വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. അവരുടെ മനസ്സിൽ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള ഓർമകൾ ഇതുവരെ പറയാത്ത അനുഭവകഥകളായി ഇവിടെ അടയാളപ്പെടുത്തുന്നു.
നാടോടിയായി പലയിടങ്ങളിലും കവി കഴിഞ്ഞുവെങ്കിലും കവിയുടെ യാത്രകളുടെയൊക്കെ കേന്ദ്രസ്ഥാനം ഗുരുവായൂരായിരുന്നു. സ്നേഹസൗഹൃദങ്ങളുടേതായ ഗുരുവായൂർകാലത്തിന്റെ ഓർമകൾ പങ്കുവെയ്ക്കാൻ ഇന്നാരും അവിടെ അവശേഷിക്കുന്നില്ല. എങ്കിലും കവി ഉണ്ടായിരുന്ന കാലത്തിന്റെ ഓർമകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരാളുണ്ട്. കവിയുടെ ഉറ്റസുഹൃത്തായ പുതൂർ ഉണ്ണികൃഷ്ണന്റെ ഭാര്യ തങ്കമണി. പുതൂരുമായും കുടുംബവുമായും കവിയ്ക്കുണ്ടായിരുന്ന ആത്മബന്ധം അവരുടെ ഓർമകളായി അവതരിപ്പിക്കുന്നു.

കവിയുടെ മനസ്സിലാകെയും പാലക്കാട്ടെ നീലമലകളായിരുന്നു. കല്യാണപ്പെണ്ണിന്റെ തളിരിളം വളക്കൈകളെക്കാൾ കതിരിട്ടുനിൽക്കുന്ന പച്ചവയലുകൾ കവിയെ മാടിവിളിച്ചു. കരിമ്പനകൾ അടയാളവാക്യം നൽകി തിരിച്ചുവിളിച്ചു. / Photo: Keralaculture.org

1961-ലാണ് പി. കൊല്ലങ്കോട്ട് രാജാസ് സ്‌കൂളിൽ എത്തിച്ചേരുന്നത്. അവിടെ കവി ജീവിച്ചത് ഏഴുവർഷക്കാലം. കവിയുമായി അക്കാലത്ത് ഗാഢബന്ധം പുലർത്തിയ ഒരാൾ ഇയ്യങ്കോട് ശ്രീധരനായിരുന്നു. അനുഭവത്തിന്റെ താമരത്തോണി തുഴഞ്ഞകാലം. അവിടത്തെ പ്രകൃതി പി.യ്ക്ക് കവിതയുടെ താമരപ്പൂക്കൾ നൽകി. കൊല്ലങ്കോട്ട് കവിയുടെ ശിഷ്യനായിരുന്ന പ്രൊഫ. ഖാജാ നവാസ് കവിമാഷിന്റെ വേറിട്ട സ്‌കൂൾകഥകൾ പറയുന്നു. മറ്റൊരു ശിഷ്യൻ രാമചന്ദ്രൻ വാർധക്യകാലത്ത് ആലമ്പള്ളം അഗ്രഹാരത്തിലിരുന്ന് ഇന്നും തന്റെ കവിമാഷെ ഓർക്കുന്നു. ആലമ്പള്ളം രാമനാഥപുരം ക്ഷേത്രത്തിൽ ദീപാരാധനതെളിയുമ്പോൾ ആൽമരച്ചുവട്ടിൽ സ്വയംമറന്ന് ധ്യാനബുദ്ധനായി ഇരിക്കുന്ന കവിമാഷ്. ഗായത്രിപ്പുഴയുടെ കരയിലിരുന്ന് കവി കണ്ടുതീർത്ത സായാഹ്നങ്ങൾ. അതൊക്കെയും ഓർമകളുടെ വേറിട്ട അനുഭവകഥനങ്ങളായി ഇവിടെ ചേർത്തുവയ്ക്കുന്നു.

പി.യുടെ സ്വപ്നസമാനമായ നാടോടിജീവിതം അവസാനിച്ചത് 1978 മെയ് 27-ന് ആയിരുന്നു. കവിയുടെ അവസാനകാലം വരെ തിരുവനന്തപുരത്ത് കവിയുടെ ശിഷ്യനും പ്രിയസുഹൃത്തുമായി നിലകൊണ്ടത് കെ.കെ. ഭരതനാണ്. അദ്ദേഹത്തിന്റെ ഓർമകളിൽ കവിയുടെ തിരുവനന്തപുരം ജീവിതത്തിന്റ കഥകളത്രയും നിറഞ്ഞുനിൽക്കുന്നു. ഒടുവിൽ കവിയുടെ ചേതനയറ്റ ശരീരവുമായി അനന്തപുരിയിൽ നിന്ന് നിളാതീരത്തേയ്ക്കുള്ള യാത്രയിലും ഭരതൻ കൂടെയുണ്ടായിരുന്നു.

പി. കവിതകൾ എന്ന സമ്പൂർണസമാഹാരത്തിന്റെ എഡിറ്റിങ് അനുഭവങ്ങൾ ഡോ. എ.കെ. നമ്പ്യാർ ഓർക്കുന്നു. അതോടൊപ്പം കുഞ്ഞിക്കണ്ണൻ കക്കാണത്തിന്റെ ഓർമകളിലൂടെ പി.യുടെ പേരിൽ കാഞ്ഞങ്ങാട്ട് സ്മാരകമുണ്ടായതിന്റെ പിന്നിലെ ചരിത്രം വെളിപ്പെടുത്തുന്നു.

കവിയോടൊപ്പമുണ്ടായിരുന്ന പലരും ഇന്നില്ല. ഉള്ളവരാകട്ടെ വാർധക്യത്തിന്റെ അവശതകളിലൂടെ കടന്നുപോവുന്നു. കവിയെ ഓർമകളായി മനസ്സിലേറ്റിയവരുടെ അവസാനത്തെ കണ്ണികളാണവർ. അവരുടെ മനസ്സിലെ ഓർമകൾ മാഞ്ഞുപോകുന്നതിനുമുമ്പ് അതൊക്കെയും പകർത്തിവെയ്ക്കാനുള്ള എളിയ ശ്രമം മാത്രമാണിത്​.

നാടോടിജീവിതത്തിന്റെ നാന്ദി

പി. കുഞ്ഞിരാമൻ നായരുടെ ജീവിതകഥ പലദേശങ്ങളിലായി ചിതറിക്കിടക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ പല സ്ഥലനാമങ്ങളോടും ചേർത്തുവയ്ക്കാവുന്ന ഒരു പേരും ജീവിതവുമായി അതുമാറുന്നു. 1921-ൽ പതിനഞ്ചാമത്തെ വയസ്സിലാണ് പേരുകേട്ട സംസ്‌കൃതപാഠശാലയായ പട്ടാമ്പിയിൽ പി. എത്തിച്ചേർന്നത്. പട്ടാമ്പിയെ തൊട്ടൊഴുകുന്ന നിളാനദി. അതിന്റെ തീരത്ത് മഹാപണ്ഡിതൻ പുന്നശ്ശേരി നമ്പിയുടെ ഗുരുകുലം. കൗമാരത്തിന്റെ വാസനാബന്ധത്തോടൊപ്പം കവിഹൃദയത്തെ ആവേശിതമാക്കുന്ന അനേകം സാഹചര്യങ്ങൾ അവിടെയുണ്ടായിരുന്നു. അതിലൊന്ന് മനസ്സിനെ സ്വപ്നഭരിതമാക്കുന്ന പ്രകൃതിയുടെ സൗന്ദര്യവിലാസമായിരുന്നു. മറ്റൊന്ന് വള്ളത്തോൾ, ഉള്ളൂർ, ജി.ശങ്കരക്കുറുപ്പ് അടക്കമുള്ള പ്രസിദ്ധകവികളുടെ നിരന്തരമായ സർഗസാന്നിധ്യവും.
നിളാതീരവും അവിടത്തെ രാപകലുകളും അദ്ദേഹത്തെ പ്രകൃതിസൗന്ദര്യത്തിന്റെ നിത്യോപാസകനാക്കി. കൗമാരകാലം മനസ്സിൽ കോരിനിറയ്ക്കുന്ന പ്രണയത്തിന്റെ നിത്യസുന്ദരമായ ആന്തരശ്രുതിയിൽ പി. വിലയിച്ചതും ഇക്കാലത്തായിരുന്നു. കുഞ്ഞിലക്ഷ്മി എന്ന പെൺകുട്ടി പി. കുഞ്ഞിരാമൻ നായരെ ആദ്യമായി സ്വപ്നതരളിതനും കാവ്യവിഹാരിയുമാക്കിമാറ്റി. പ്രണയവും പ്രകൃതിയും അന്നുതൊട്ടു പി.യുടെ ജീവിതത്തിന്റെയും കവിതയുടെയും താളവും ലയവുമായി മാറി.

പഠിക്കാനുള്ള സംസ്‌കൃത പാഠങ്ങൾ കവി വിസ്മരിച്ചു. അതുകൊണ്ടുതന്നെ സാഹിത്യശിരോമണി പരീക്ഷയിൽ കവി തോറ്റു. തോൽവി തുടർക്കഥയായതോടെ പിതാവ് പുറവങ്കര കുഞ്ഞമ്പു നായർ മകനെ കാഞ്ഞങ്ങോട്ടേയ്ക്ക് തിരിച്ചുവിളിച്ചു.

പി. ആദ്യകവിത പ്രഭാതഗീതം എഴുതിയത് പട്ടാമ്പിയിൽ വെച്ചാണ്. കെ.എസ്. എഴുത്തച്ഛന്റെ പൈങ്കിളി മാസികയിൽ അത് പ്രസിദ്ധീകരിച്ചു. പിന്നീടങ്ങോട്ട് കുഞ്ഞിരാമൻ നായരിലൂടെ വിരിഞ്ഞുവന്നത് കവിതകളുടെ വസന്തകാലമായിരുന്നു. സമഭാവിനിയിലും മറ്റു മാസികകളിലും തുടർച്ചയായി പി.യുടെ കവിതകൾ വന്നുകൊണ്ടിരുന്നു. സംസ്‌കൃതപഠനത്തിനുപകരം മനസ്സുനിറയെ പ്രണയവും അതിലധികമായി കവിതയും നിറച്ചുവെച്ച് പി. അക്കാലത്ത് അനേകം സ്വപ്നലോകങ്ങൾ താണ്ടി.

പഠിക്കാനുള്ള സംസ്‌കൃത പാഠങ്ങൾ കവി വിസ്മരിച്ചു. അതുകൊണ്ടുതന്നെ സാഹിത്യശിരോമണി പരീക്ഷയിൽ കവി തോറ്റു. തോൽവി തുടർക്കഥയായതോടെ പിതാവ് പുറവങ്കര കുഞ്ഞമ്പു നായർ മകനെ കാഞ്ഞങ്ങോട്ടേയ്ക്ക് തിരിച്ചുവിളിച്ചു.
കുഞ്ഞമ്പു നായർ ഏച്ചിക്കാനം തറവാട്ടിലെ വ്യവഹാര കാര്യസ്ഥനായിരുന്നു. ഏച്ചിക്കാനം തറവാട്ടിലെ കാരണവർ കേളു മൂപ്പിൽനായരുടെ നിർദേശപ്രകാരം പി.യെ അദ്ദേഹത്തിന്റെ അടുക്കൽ വൈദ്യപഠനത്തിന് പറഞ്ഞയച്ചു. അവിടെവെച്ച് പി. അഷ്ടാംഗഹൃദയപാഠങ്ങൾ ഉരുവിട്ടു. പക്ഷേ, യാന്ത്രികമായ ഒരനുഷ്ഠാനം എന്നതിനപ്പുറം പി.യുടെ മനസ്സ് അതിലൊന്നും നിലകൊണ്ടില്ല. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് കവിതയും പ്രണയവും മാത്രമായിരുന്നു. അതിലേയ്ക്ക് എത്തിച്ചേരാനുള്ള ആത്മദാഹത്തോടെ ഒരുദിവസം കവി ആരുമറിയാതെ വീടുവിട്ട് പട്ടാമ്പിയിലെത്തിച്ചേർന്നു.

പട്ടാമ്പി വീണ്ടും കവിക്ക് വൃന്ദാവനമായി. പ്രണയത്തിന്റെ സമാഗമവേദിയായി. കുഞ്ഞിലക്ഷ്മി കവിയിൽ നിറയുകയും കവി പ്രണയത്തിന്റെ അനേകാനുഭൂതികളിൽ മുങ്ങിക്കുളിക്കുകയും ചെയ്തു. സ്വയംമറക്കലിന്റെ ആത്മനിർവൃതിയിൽ കവി സ്വപ്നത്തിലെന്നപോലെ നിരന്തരം നിപതിച്ചു. കൺമുമ്പിൽ വിരിഞ്ഞുനിൽക്കുന്ന പ്രകൃതിസൗന്ദര്യത്തിൽ കവി സ്വച്ഛന്ദമായി പാറിപ്പറന്നു. പ്രകൃതിയും പ്രണയവും കവിമനസ്സിൽ പൂത്തുലഞ്ഞു.
പ്രണയം അതേറ്റുവാങ്ങുന്നവരുടെ വ്യക്തിപരമായ അഭിലാഷവും ആന്തരികമായ സ്വപ്നാനുഭൂതിയുമാണ്. പക്ഷേ കുടുംബ, സാമൂഹിക സാഹചര്യങ്ങളിൽ അത് വിലക്കപ്പെടുകയോ വിചാരണയ്ക്ക് വിധേയമാവുകയോ ചെയ്യുന്നു. പി.യുടെ ആദ്യ പ്രണയാനുഭവം അത്തരത്തിലായിരുന്നു. പല തടസ്സങ്ങളും പരിണതികളും അതിനുമുണ്ടായിരുന്നു. പ്രണയകഥ പട്ടാമ്പിയിലാകെ പാട്ടായി. പിന്നെപ്പിന്നെ നാടുംവീടുമറിഞ്ഞു. അതോടെ അച്ഛൻ കവിയെ നാട്ടിലേയ്ക്ക് തിരിച്ചുവിളിച്ചു. കവി കാഞ്ഞങ്ങാട്ടെത്തിച്ചേർന്നു. വർഷങ്ങളോരോന്ന് കടന്നുപോവുമ്പോഴും കുഞ്ഞമ്പു നായരുടെ മനസ്സിൽ മകന്റെ സംസ്‌കൃതപഠനം പൂർത്തിയാക്കണമെന്ന് ആഗ്രഹം വളർന്നുവന്നു. അദ്ദേഹം മകനെ അതിനായി തഞ്ചാവൂരിലേക്ക് പറഞ്ഞയച്ചു.

1927-ൽ കവിയുടെ ഇരുപത്തൊന്നാം വയസ്സിലാണ് കവി തഞ്ചാവൂരിലെ സംസ്‌കൃതപാഠശാലയിൽ എത്തിച്ചേർന്നത്. പട്ടാമ്പിയിൽ നിളയെന്നപോലെ തിരുവയ്യാറിലെ കല്യാണമാല സംസ്‌കൃതവിദ്യാപീഠത്തിന്റ അരികിലൂടെ കാവേരി നദിയൊഴുകി. കവേരിക്കരയിലിരുന്ന് കവി നിളാതീരമോർത്തു. പ്രണയനാളുകളും പ്രണയിനിയും മനസ്സിൽ വീണ്ടും നിറഞ്ഞു. ഒരിടയിൽ വഴിമുട്ടിനിന്ന പ്രണയം തഞ്ചാവൂരിലെത്തിയശേഷം വീണ്ടും സമൃദ്ധമായി. കാവേരിക്കരയിൽനിന്ന് നിളാതീരത്തേക്ക് തുടർച്ചയായി കവിയുടെ പ്രണയം കത്തുകളായി ഒഴുകിപ്പോയി. നിളാതീരത്തുനിന്ന് കുഞ്ഞിലക്ഷ്മിയുടെ കത്തുകൾ കാവേരിക്കരയിലേക്ക് തിരിച്ചുവന്നു. ആരുമറിയാതെ അവരുടെ പ്രണയം മനസ്സിൽനിന്ന് മനസ്സിലേക്ക് ഒഴുകിപ്പരക്കുകയും ആഴത്തിനുമാഴത്തിൽ അത് നിറഞ്ഞുനിൽക്കുകയും ചെയ്തു.
കവിയോടൊപ്പം കേരളീയനും മലയാളികളായ കുറച്ചുപേരും സതീർഥ്യരായി അന്നവിടെ ഉണ്ടായിരുന്നു. സംസ്‌കൃതപാഠങ്ങൾക്കൊപ്പം ചിട്ടയായി സഞ്ചരിക്കാൻ തഞ്ചാവൂർ കാലത്തും കവിക്ക് കഴിഞ്ഞില്ല. പ്രണയമെന്നപോലെ തഞ്ചാവൂർ കവിയെ സംഗീതത്തിന്റെ അലൗകികാനുഭൂതികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൂപ്പുകാരും ഭിക്ഷക്കാരും അവിടെ പാട്ടുകാർ. ത്യാഗരാജകീർത്തനങ്ങൾ മുഴങ്ങുന്ന തെരുവുകളിലൂടെ കവി പാട്ടുകേട്ടു നടന്നു. പലരാഗം മുളൂന്ന കാറ്റിലും കാവേരിയുടെ ഓളങ്ങളിലും കവി തന്റെ ഹൃദയതാളത്തെ വിലയിപ്പിച്ചു. ത്യാഗരാജ സ്വാമികളുടെ ജന്മനാടായ തിരുവയ്യാറിലെ സംഗീതസാന്ദ്രമായ രാപകലുകളൊടൊപ്പം അക്കാലത്ത് കവി നടന്നുപോയി.

പി. കുഞ്ഞിരാമൻ നായർ, കുഞ്ഞിലക്ഷ്മി

ഒരുദിവസം കവിക്ക് ഒലവക്കോട്ടെ വേലായുധൻ നായരുടെ കത്തുവന്നു. പാഠപുസ്തകമാക്കാനുള്ള ഒരു ഗദ്യരചന എന്തായി എന്ന അന്വേഷണമായിരുന്നു കത്തിൽ. കവി സ്വയം പറഞ്ഞു. ഒന്നും ആയില്ല. ഇതേവരെ ഒന്നും ചെയ്തില്ല. അതോർത്ത് കവി വിഷണ്ണനായി. പഠനം കഴിഞ്ഞ് പലരും തഞ്ചാവൂരിൽ നിന്ന് നാട്ടിലേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. രണ്ടുകൊല്ലത്തിനുശേഷം പരീക്ഷ എഴുതാതെ ഡിഗ്രി പാസാവാതെ കവിയും മടക്കയാത്രയ്ക്ക് തയ്യാറെടുത്തു. ഒന്നും നേടാതെ എങ്ങനെ നാട്ടിൽ പോകും? ഇത്തരമൊരു ചിന്ത കവിമനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴാണ് കവിയുടെ ജൂനിയറായി പഠിക്കുന്ന ബാലൻ പരീക്ഷയിൽ തോറ്റ് സ്വന്തം നാടായ പാലക്കാട്ടേയ്ക്ക് മടങ്ങാനൊരുങ്ങിയത്. അദ്ദേഹം കവിയോട് പ്രതീക്ഷയോടെ ചോദിച്ചു; ‘എല്ലാ ചെലവും ഞാൻ വഹിക്കാം. മേലാർക്കോട് കുറച്ചുകാലം താമസിച്ച് എന്നെ സംസ്‌കൃതം പഠിപ്പിക്കണം. പ്രൈവറ്റായി വീണ്ടും വന്ന് പഠിച്ച് ഞാൻ ശിരോമണി ക്ലാസിൽ ചേരും.’

കവി വേലായുധൻ നായരുടെ വാക്കുകൾ ഓർത്തു. അദ്ദേഹം ബാലനോട് പറഞ്ഞു, ‘നിനക്ക് ശിരോമണി പരീക്ഷ. എനിക്ക് പുസ്തക പരീക്ഷ. രണ്ടും നടക്കട്ടെ. ഞാൻ വരാം.’

പാലക്കാട് രാജവംശത്തിലെ അകന്ന താവഴിയിൽപെട്ട ആളായിരുന്നു ബാലൻ. കവി എന്നെന്നേക്കുമായി കാവേരിയോട് യാത്രപറഞ്ഞിറങ്ങി. ബാലനൊപ്പം ആദ്യമായി പാലക്കാട്ടെത്തിച്ചേർന്നു. താമരപ്പൂ നിറഞ്ഞ പെരുങ്കുളം. പച്ചപ്പാടം, മരതകക്കുന്ന്, കരിമ്പനത്തോപ്പ്, തേന്മാവ് പൊതിഞ്ഞ മേലാർകോട്​കല്ലമ്പാട്ടുവീടിന്റെ പത്തായപ്പുരയിൽ ഒരു കൊല്ലം. മുറ്റത്ത് മുരിങ്ങപ്പൂമണം വാരിവിതറുന്ന തെന്മലക്കാറ്റ്. വലിയ നാടൻമാവിൽ കൂടുകെട്ടിയ കിളികൾ. സ്ഥിരം മേൽവിലാസമില്ലാത്ത കുയിൽ (കവിയുടെ കാൽപ്പാടുകൾ- 202).

വിവാഹ ആഭരണം വാങ്ങാൻ കവി വണ്ടികയറി. അമ്മയുടെ വാക്കും ആഭരണങ്ങൾ വാങ്ങുന്ന കാര്യവും കവി മറന്നു. അച്ഛനും അമ്മയും ചേർന്നുറപ്പിച്ച കല്യാണക്കാര്യവും ഭർത്താവായി തന്നെ മനസ്സാവരിച്ച് കാത്തിരുന്ന മുറപ്പെണ്ണിന്റെ സ്വപ്​നങ്ങളുമൊക്കെ കവി മറന്നുകഴിഞ്ഞിരുന്നു.

പാലക്കാട് ചിറ്റിലഞ്ചേരിയിലെ കല്ലേമ്പാട്ട് തറവാട്ടുവീട്ടിലെ പടിപ്പുര വീട് കവിയുടെ എഴുത്തുമുറിയായി. എഴുതാനും മനോരാജ്യം കാണാനും ചുറ്റിസഞ്ചരിക്കാനുമുള്ള പരമമായ സ്വാതന്ത്ര്യം. കവി കണ്ണും മനസ്സും തുറന്നുവെച്ചു. രണ്ടുപേരും ഒഴിവുസമയങ്ങളിൽ പാലക്കാടൻ പ്രകൃതിയുടെ മനോഹരതീരങ്ങളിലേക്ക് യാത്രചെയ്തു. കവി ബാലന് സംസ്‌കൃതപാഠങ്ങൾ പറഞ്ഞുകൊടുത്തു. ബാലൻ പഠിച്ചുകൊണ്ടിരുന്നു. അതോടൊപ്പം അവരൊന്നിച്ച് പാലക്കാടിന്റെ വേലയും പൂരവും കണ്ടു. അക്കാലത്തിറങ്ങിയ സിനിമകൾ പലതും കണ്ടു.

അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ. അതിനുവേണ്ടിയാണ് വേലായുധൻ നായർ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒലവക്കോടുള്ള ശ്രീരാമകൃഷ്ണോദയം പ്രസിൽ കവി ചെന്നു. അവരെ കണ്ടു.
വേലായുധൻ നായർ പറഞ്ഞു; കുട്ടികൾക്ക് മനസ്സിലാവുന്ന തെളിഞ്ഞ മലയാളത്തിലുള്ള ഒരു പുസ്തകം. പുതിയ ഗദ്യഭാഷ ആവണം. തരാമോ?
കവി പറഞ്ഞു, തരാം.

പുസ്തകമെഴുത്തിന്റെ കാര്യം കവി ഏറ്റെടുത്തു. പക്ഷേ എന്തെഴുതും? അന്വേഷണത്തിനൊടുവിൽ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി തിരഞ്ഞെടുത്തു. കല്ലേമ്പാട്ടു തറവാട്ടിലെ പടിപ്പുരമാളികയിലെ കമ്പിറാന്തൽ അന്നത്തെ രാത്രികളിൽ കവിക്ക് എഴുതാനുള്ള വെട്ടം കാട്ടിക്കൊടുത്തു. പുസ്തകം തയ്യാറായി. പുസ്തകത്തിന് പേരിട്ടു- ചാരിത്ര്യരക്ഷ. വേലായുധൻ നായർ വായിച്ചു. അദ്ദേഹം സന്തോഷത്തോടെ കവിക്ക് നൂറുരൂപ പ്രതിഫലം നൽകി. കവി പ്രസാധകരിൽ നിന്ന് വാങ്ങിയ ആദ്യ കൈ നീട്ടമായിരുന്നു അത്. ചാരിത്ര്യരക്ഷ മലബാറിലെ സ്‌കൂളുകളിൽ പാഠപുസ്തകമായി. അതുവഴി അതിന്റെ പതിനായിരക്കണക്കിന് കോപ്പികൾ വിറ്റുപോവുകയും ചെയ്തു.

ശ്രീരാമകൃഷ്ണോദയം പ്രസിൽ പ്രൂഫ് തിരുത്താൻ സഹായിച്ച്​ കവി പിന്നെയും പാലക്കാട്ട് തങ്ങി. ഇക്കാലത്തിനിടയിലാണ് സത്യരക്ഷ, വരഭിക്ഷ തുടങ്ങിയ ഗദ്യപുസ്തകങ്ങൾ എഴുതിയത്. അവിടെ ജോലിചെയ്യുന്ന കാലത്ത് ഒരുദിവസം പത്രത്തിൽ ഒരു വാർത്ത കണ്ടു. ബന്ധുവായ വിദ്വാൻ പി. കേളു നായരുടെ മരണവാർത്ത. അതറിഞ്ഞ ഉടനെ കവി പാലക്കാട്ടുനിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് മടങ്ങി. അവിടെ കുറച്ചുകാലം തങ്ങി.

അതിനിടയിൽ പിതാവ് കുഞ്ഞമ്പു നായർ മകനോട് ഒരാഗ്രഹം പറഞ്ഞു; മരുമകൾ ജാനകി നിനക്കുചേരും. തറവാട്ടിനിണങ്ങും. എല്ലാവരും അത് അംഗീകരിച്ചു. കവിക്കും അത് മൗനസമ്മതമായിരുന്നു. അമ്മ കുഞ്ഞമ്മയമ്മ അതിൽ ഏറെ സന്തോഷിച്ചു. അതുകൊണ്ടുതന്നെ അമ്മ കവിയോട് പറഞ്ഞു, കല്യാണത്തിന് പെണ്ണിന് അണിയാൻ ആഭരണങ്ങൾ വേണം. നിന്റെ കൈയിൽ പണമുണ്ടോ?
ഇല്ല.
എന്നാൽ പണം ഞാൻ തരും. നീയത് വാങ്ങിവരണം.
അമ്മ കവിയുടെ കൈയിൽ അഞ്ഞൂറുരൂപ ഏൽപിച്ചു. ആഭരണം വാങ്ങാൻ കവി വണ്ടികയറി. കണ്ണൂരും കോഴിക്കോടും പിന്നിട്ട് വണ്ടി പാഞ്ഞുകൊണ്ടിരുന്നു. അമ്മയുടെ വാക്കും ആഭരണങ്ങൾ വാങ്ങുന്ന കാര്യവും കവി മറന്നു. അച്ഛനും അമ്മയും ചേർന്നുറപ്പിച്ച കല്യാണക്കാര്യവും ഭർത്താവായി തന്നെ മനസ്സാവരിച്ച് കാത്തിരുന്ന മുറപ്പെണ്ണിന്റെ സ്വപ്​നങ്ങളുമൊക്കെ കവി മറന്നുകഴിഞ്ഞിരുന്നു.
കവിയുടെ മനസ്സിലാകെയും പാലക്കാട്ടെ നീലമലകളായിരുന്നു. കല്യാണപ്പെണ്ണിന്റെ തളിരിളം വളക്കൈകളെക്കാൾ കതിരിട്ടുനിൽക്കുന്ന പച്ചവയലുകൾ കവിയെ മാടിവിളിച്ചു. കരിമ്പനകൾ അടയാളവാക്യം നൽകി തിരിച്ചുവിളിച്ചു. കവിമനസ്സിൽ പ്രകൃതി പൂത്തുലഞ്ഞു. ആ സ്വപ്നനിർവൃതിയിൽ മുഴുകിനിൽക്കെ ഒരു തീവണ്ടി കിഴക്കുദിക്കിലേക്ക് പാഞ്ഞുപോയി.

പതഞ്ഞൊഴുകുന്ന ഭാരതപ്പുഴ. ലക്കിടി, ഒറ്റപ്പാലം പിന്നിട്ട് വണ്ടി പാലക്കാട് ഒലവക്കോട് ജംഗ്ഷനിൽ എത്തിച്ചേർന്നു. ശ്രീരാമകൃഷ്ണോദയം പ്രസിൽ കുറച്ചുകാലം ജോലി തുടർന്നു. അക്ഷരത്തെറ്റുകൾ കണ്ടുപിടിച്ച് തിരുത്തുന്ന ജോലി. സ്വന്തം ജീവിതത്തിന്റെ തെറ്റു തിരുത്താനറിയാത്ത കവി കടലാസിലെ അക്ഷരത്തെറ്റുകളോരോന്നായി പരതിനോക്കി കണിശതയോടെ തിരു ത്തിക്കൊണ്ടിരുന്നു. അക്ഷരത്തെറ്റുകൾക്കിടയിലൂടെ കവി അങ്ങനെ മറ്റൊരു ജീവിതയാത്രയ്ക്ക് തുടക്കം കുറിക്കുകയുംചെയ്തു.

പ്രണയമസൃണമായ മധുവിധുക്കാലത്തിന്റെ ആദ്യരംഗം.
കവി കുഞ്ഞിലക്ഷ്മിയുടെ കൈയുംപിടിച്ച് സ്വതന്ത്രവും സ്വന്തവുമായ ഒരു ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ. അവിടെ അവർ വണ്ടി കാത്തുനിന്നു. കൈയിൽ അത്യാവശ്യത്തിനുപോലും പണമില്ല.

ഇതിനിടെയാണ് ഒറ്റപ്പാലം അകത്തേത്തറ ശബരി ആശ്രമത്തിൽ അധ്യാപകനാവാനുള്ള ക്ഷണമുണ്ടായത്. വിശ്വഭാരതി മാതൃകയിൽ ഒരു ഗുരുകുലം. കവി അവിടെ ചേർന്നു. പക്ഷെ അവിടത്തെ ചിട്ടവട്ടങ്ങളോട് കവിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. കുറച്ചുകാലത്തിനുശേഷം പുതിയ ഇടംതേടി കവി തൃശ്ശൂരിലേയ്ക്കുപോയി. പിന്നീട് വർഷങ്ങളോളം പി.യുടെ ജീവിതം തളംകെട്ടിനിന്നത് തൃശ്ശൂരിലായിരുന്നു.

പി.യുടെ മകൾ ലീല

തൃശ്ശൂരിൽ ജോലിചെയ്യുന്ന കാലത്താണ് പട്ടാമ്പിപ്രണയം വിവാഹത്തിലേക്ക് കലാശിച്ചത്. കുഞ്ഞിലക്ഷ്മിയുടെ മൂത്ത ജ്യേഷ്ഠത്തിയുടെ ഭർത്താവ് എരോമൻ കവിയെ കണ്ടുപിടിച്ച് കുഞ്ഞുലക്ഷ്മിയുമായുള്ള പ്രണയസമാഗമങ്ങൾക്ക് അവസരമൊരുക്കി. ഒറ്റപ്പാലത്തെ എരോമന്റെ വീട് അവരുടെ സംഗമവേദിയായി. ഇതിനിടെ പട്ടാമ്പിയിൽനിന്ന് കുഞ്ഞിലക്ഷ്മിയെയും കൂട്ടി കാറിൽ ഒറ്റപ്പാലത്തേയ്ക്ക് ഒളിച്ചോടാനുള്ള ഒരന്തർ നാടകം എരോമൻ ആസൂത്രണം ചെയ്തു. ഒളിച്ചോട്ടത്തിനും വിവാഹത്തിനുമുള്ള ചെലവിലേയ്ക്കായി 500 രൂപ കൈപ്പറ്റുകയും ചെയ്തു. 1931 ഡിസംബറിൽ ഒറ്റപ്പാലത്തുവെച്ച് കവിയുടെ ആദ്യവിവാഹം നടന്നു. അതിനുശേഷം കവി എന്നും തൃശ്ശൂരിൽ നിന്ന് രാത്രിവണ്ടിക്ക് ഒറ്റപ്പാലത്തെത്തി. എരോമനൊപ്പമുള്ള കൂട്ടുജീവിതം പതിയെപ്പതിയെ പല അസ്വസ്ഥകളും സൃഷ്ടിച്ചു. അധികം താമസിയാതെ കവി തൃശൂരിലെ ജോലി ഒഴിവാക്കി കുഞ്ഞിലക്ഷ്മിയെയും കൊണ്ട് ഒറ്റപ്പാലത്തുനിന്ന് യാത്രയായി.

പ്രണയമസൃണമായ മധുവിധുക്കാലത്തിന്റെ ആദ്യരംഗം.
കവി കുഞ്ഞിലക്ഷ്മിയുടെ കൈയുംപിടിച്ച് സ്വതന്ത്രവും സ്വന്തവുമായ ഒരു ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ. അവിടെ അവർ വണ്ടി കാത്തുനിന്നു. കൈയിൽ അത്യാവശ്യത്തിനുപോലും പണമില്ല. പ്ലാറ്റ്ഫോമിൽവെച്ച് കവി ചുമട്ടുതൊഴിലാളി സെയ്തലവിയെ കണ്ടു. നിത്യപരിചിതനായ അയാൾ കവിയുടെ വേദനയറിഞ്ഞു. അയാൾ സന്തോഷത്തോടെ കവിക്ക് നൂറുരൂപ നൽകി. നവദമ്പതികൾ വണ്ടി കയറി പാലക്കാട്ടെത്തിച്ചേർന്നു. പാലക്കാട് നഗരത്തിൽ ഒരു കുടുസ്സുമുറി. പാങ്ങുണ്ണി നായരുടെ വീടിനോട് ചേർന്നുള്ള ഒരു ചായ്പുമുറി. എരുമച്ചാണകത്തിന്റെ ചൂരടിക്കുന്ന അന്തരീക്ഷം. അവിടെവെച്ച് അവരുടെ മധുവിധുകാലം പ്രണയസാന്ദ്രമായി.

പാലക്കാടൻ ജീവിതത്തിൽ കവിക്ക് താങ്ങും തണലുമായിരുന്നത് ദാമോദരൻ വക്കീലായിരുന്നു. അദ്ദേഹം നല്ലൊരു സഹൃദയനും ഗാന്ധിയനുമായിരുന്നു. വക്കീലിന്റെ സഹായത്തോടെ കവി കെ.എസ്. നായരുടെ പ്രഭാതം മാസികയുടെ സഹപത്രധിപരായി. ഇക്കാലത്ത് പൂത്തൂർ കാവിനടുത്തുള്ള വീട്ടിൽ കവി താമസിച്ചു. 1933-34 കാലം ഗദ്യമെഴുത്തിന്റെ വസന്തകാലമായിരുന്നു. പാലക്കാട് എഡ്യൂക്കേഷണൽ സപ്ലൈസ് ഉടമ സ്വാമിയ്ക്കുവേണ്ടി ഇക്കാലത്ത് അഞ്ചോളം ഗദ്യപുസ്തകങ്ങൾ കവി എഴുതി. ഇതിൽ ചന്ദ്രമണ്ഡലം എന്ന കൃതി ഡിഗ്രിക്ക് പാഠപുസ്തകമാവുകയും ചെയ്തു.

ചെറിയ തുക അഡ്വാൻസ് വാങ്ങി കവി പ്രസാധകർക്കുവേണ്ടി രാവും പകലും എഴുതി. ഇരുന്നൂറും മുന്നൂറും പേജുള്ള പുസ്തകങ്ങൾ രചിച്ചു. അവർ കവിക്ക് തുച്ചമായ പ്രതിഫലം മാത്രം നൽകി. കവിയാകട്ടെ ഓരോ പുസ്തകത്തിന്റെയും പകർപ്പകവകാശം പ്രസാധകർക്ക് തീറെഴുതി. പ്രസാധകർ കൊഴുത്തു. കവിയാകട്ടെ അവർ ആവശ്യപ്പെടുന്നതനുസരിച്ച് വിശ്രമമില്ലാതെ എഴുതിക്കൊണ്ടിരുന്നു.
1933-ലാണ് കുഞ്ഞിലക്ഷ്മിയുടെ ആദ്യപ്രസവം നടന്നത്. പാലക്കാട് ഡോ. രാഘവന്റെ ആശുപത്രിയിൽ കുഞ്ഞിലക്ഷ്മി ആദ്യകുഞ്ഞിന് ജന്മം നൽകി. കുമാരനാശാന്റെ കാവ്യത്തിന്റെ ഓർമയ്ക്കായി കവി കുഞ്ഞിന് ലീല എന്ന് പേരിട്ടു. കുഞ്ഞിനെ ശുശ്രൂഷിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കവി കുഞ്ഞിലക്ഷ്മിയെ പട്ടാമ്പിയിൽ അമ്മയോടൊപ്പം താമസിപ്പിച്ചു. ഗുരുനാഥൻ പുന്നശ്ശേരി നമ്പി തൊട്ടടുത്ത്. അദ്ദേഹത്തിന്റെ കാഴ്ചവട്ടത്തിൽപെടാതിരിക്കാൻ കവി രാത്രി ഏറെ വൈകി എത്തിച്ചേരുകയും പുലരുന്നതിനുമുമ്പ് അവിടെ നിന്നിറങ്ങുകയുംചെയ്തു. ഒളിച്ചുകളികൾക്കിടയിൽ അങ്ങനെ കുറച്ചുകാലം കഴിഞ്ഞു.

ഒരുദിവസം കുഞ്ഞിലക്ഷ്മി പറഞ്ഞു, ജന്മനാടായ പൊന്മളയ്ക്കുപോകാം. എനിയ്ക്ക് കുഞ്ഞിനെ നോക്കാനും അങ്ങയ്ക്ക് കവിതയെഴുതാനും അവിടമാണ്
നല്ലത്.
കുഞ്ഞിലക്ഷ്മി പറഞ്ഞതനുസരിച്ച് കവിയും കുടുംബവും പൊന്മളയിലേക്ക് യാത്രയായി.
കുഞ്ഞിലക്ഷ്മിയുടെ ജന്മനാടായ പൊന്മള. പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടങ്ങളുടെ നാട്. പാടങ്ങൾക്കിടയിലൂടെ വീടുകളിലേക്കും ഇടവഴികളിലേക്കും നീണ്ടുപോകുന്നപാതകൾ. അവൾ ജനിച്ചുവളർന്ന നാടും വീടും കവി ആദ്യമായി അവിടം കണ്ടു. മുത്തശ്ശി കുഞ്ഞിനെ കൈയിലെടുത്തുകൊഞ്ചിച്ചു. കവിയും കുഞ്ഞിലക്ഷ്മിയും കുഞ്ഞും അവിടെ പാർത്തു. പക്ഷെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. കൈയിൽ പണമില്ലാതെ കവി വലഞ്ഞു. പറമ്പിലെ കവുങ്ങിൻത്തലപ്പുകൾ കാറ്റത്ത് ആടിയുലഞ്ഞു. കവിയുടെ മനസ്സും അതുപോലെയായിരുന്നു. ഇല്ലായ്മയുടെ ചുഴലികളിൽ കവിമനസ്സ് പൊന്മളയിലും ആടിയുലഞ്ഞുകൊണ്ടിരുന്നു. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments