അവധൂതനൊപ്പമുള്ള സഹയാത്രകൾ
1950 കളിൽ കൂടാളി സ്‌കൂളിൽ മലയാളം പഠിപ്പിക്കാൻ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. മുൻഷി കൃഷ്ണൻ മാഷ്, കവിമാഷ്, മൈഥിലി ടീച്ചർ എന്നിവർ. മൈഥിലി ടീച്ചർ പട്ടാമ്പിക്കാരിയായിരുന്നു. കവിയാണ് പട്ടാമ്പിയിൽ നിന്ന് അവരെ സ്‌കൂളിലേക്ക് കൊണ്ടുവന്നത്. കവി അവരുടെ രക്ഷകർത്താവായി മാറി. കവിക്ക് അവരോടുള്ള താത്പര്യം പ്രണയമായും പിന്നീട് വൈരമായും മാറി. എന്നെ തിരയുന്ന ഞാൻ എന്ന പുസ്തകത്തിലെ ‘നാഗയക്ഷി’ എന്ന അധ്യായത്തിൽ ഈ ബന്ധത്തിന്റെ പരിണതികളാണ് കവി അവതരിപ്പിച്ചത്. കൂടാളിയുടെ ചുറ്റുവട്ടങ്ങളിൽ കവിയോടൊപ്പം സഞ്ചരിച്ചവരുടെ പല ഓർമകളും അവശേഷിക്കുന്നു. പി.യുടെ ശിഷ്യനും അധ്യാപകനുമായിരുന്ന എം.പി.ആർ മുട്ടന്നൂർ, പി.കുഞ്ഞിരാമൻ നായരോടൊപ്പമുള്ള കൂടാളിക്കാലത്തെക്കുറിച്ച് ഓർക്കുന്നു.
1958-61 കാലത്താണ് കൂടാളി സ്‌കൂളിലെ ഒരു വിദ്യാർത്ഥിയായ ഞാനെത്തുന്നത്. ഉച്ചയ്ക്കുശേഷമുള്ള ആദ്യ പിരീഡിലും ഹാജരെടുക്കണം. കവിമാഷ് വന്നയുടനെ പറയും, നേതാവെവിടെ? ഹാജരെടുക്ക്.
കവിമാഷ് ക്ലാസ് ലീഡറെ ഒരിക്കലും അങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ല. നേതാവ് എന്നു മാത്രം എല്ലായിപ്പോഴും വിളിച്ചുപോന്നു. നേതാവ് ഹാജർ പുസ്തകം നിവർത്തിയാൽ മാഷ് പറയും, ങ്ഹാ, വരഞ്ഞോ.
പ്യൂൺ നോട്ടീസ് കൊണ്ടുവന്നാൽ അത് വായിക്കുന്ന ചുമതലയും നേതാവിനായിരുന്നു.
കവിമാഷ് എന്നും അശാന്തനും അതൃപ്തനുമായിരുന്നു.
അവസരം കിട്ടുമ്പോഴെല്ലാം നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയും മാതൃഭാഷയെ അവഗണിച്ചുള്ള ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റത്തെപ്പറ്റിയും രോഷാകുലനായി. പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന കുട്ടികൾക്ക് കവിമാഷിന്റെ ക്ലാസിൽ നിന്ന് എന്തെങ്കിലും കിട്ടിയോ? കിട്ടാത്തതുകൊണ്ടാവാം പലരും അടുത്ത ക്ലാസിലെ കുട്ടികളോട് ചോദിച്ച് മുൻഷിമാഷ് നൽകിയ നോട്ട് എഴുതിയെടുത്ത് പഠിക്കുകയും പാസാവുകയും ചെയ്തത്.
തോന്നിയപോലെയാണ് കവി പഠിപ്പിച്ചത്. കുട്ടികളുടെ കാര്യവും അതുപോലെത്തന്നെയായിരുന്നു. പലരും ക്ലാസിലിരുന്ന് വികൃതികാട്ടി തല്ലുമേടിച്ചു. അതിന്റെ സങ്കടം തീർക്കാൻ മാഷ് പോക്കറ്റിൽനിന്ന് നായണത്തുട്ടുകളെടുത്ത് കുട്ടികളെ ചായകുടിക്കാൻ പറഞ്ഞയച്ചു. വികൃതിയും അടിയും അതിനുശേഷമുള്ള ചായകുടിയും ഒരനുഷ്ഠാനം പോലെയാക്കിയ കുറെ കുട്ടികൾ കവിയുടെ ഓരോ ക്ലാസിലുമുണ്ടായിരുന്നു.
ഒരു ദിവസം ക്ലാസിൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധനയ്ക്ക് വന്നു. ഡി. ഇ. ഒ കവിമാഷോട് ചോദിച്ചു, സിലബസ് പ്രകാരമല്ലേ മാഷ് ക്ലാസെടുക്കുന്നത്?
കവി മാഷ് കുട്ടികളുടെ നേരെ ഒന്നു കണ്ണോടിച്ചു കൊണ്ട് ഡി. ഇ. ഒയോട് പറഞ്ഞു,
സിലബസോ അതെന്തു ബസ്സാണ്?
കുട്ടികൾ ചിരിയമർത്തിപ്പിടിച്ചു നിന്നു.
ഡി. ഇ. ഒവിന്റെ മുഖം വിളറി.
സിലബസെന്താണ് നിങ്ങൾക്ക് അറിഞ്ഞുകൂടേ?, ഡി. ഇ. ഒ. വീണ്ടും ചോദിച്ചു.
ചെയ്ത അപരാധമെന്തെന്ന് തിരിച്ചറിയാത്ത ഒരു കുട്ടിയെപ്പോലെ കവിമാഷ് ഒന്നും മിണ്ടാതെ നിന്നു. ഡി. ഇ. ഒ. ക്ലാസിൽ നിന്നിറങ്ങിപ്പോയി. ഹെഡ്മാസ്റ്റർക്ക് പരാതി എഴുതി നൽകി. കെ. ടി. കേളപ്പൻ നമ്പ്യാരായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം ഡി. ഇ. ഒയോട് പറഞ്ഞു, അദ്ദേഹം ഒരധ്യാപകൻ മാത്രമല്ല. കവിയും കൂടിയാണ് പി.കുഞ്ഞിരാമൻ നായർ. അതുകൊണ്ട് ക്ഷമിക്കണം.
ഡി. ഇ. ഒയെ സമാശ്വസിപ്പിച്ചു നിർത്തി. അതിനുശേഷം കവിമാഷെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഡി. ഇ. ഒയും കവി മാഷും തമ്മിൽ സംസാരിച്ചു. ഡി. ഇ. ഒയുടെ മുഖം പ്രസന്നമായി. കവിയോടുള്ള പരാതിയും പരിഭവവും മാറി അവർ കൈകൊടുത്തു പിരിഞ്ഞു.
തനിക്ക് പൊരുത്തപ്പെടാനാവാത്ത രീതികളോടൊക്കെ കവിമാഷ് എന്നും ഇടഞ്ഞുനിന്നിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെറിയ കാര്യങ്ങളുണ്ടായാൽ ഉടനെ ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്ന് പരിഭവിച്ച് പറയുന്നത് ഇങ്ങനെയാണ്: "മാഷെ, എന്റെ കടലാസിങ്ങെടുക്ക്. ഞാൻ പോയ്ക്കോളാം.'
മദ്രാസ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ കോഴിപ്പുറത്ത് മാധവമേനോൻ നൽകിയ നിയമന ഉത്തരവിനെയാണ് ‘എന്റെ കടലാസ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവോടെ അധ്യാപക യോഗ്യത നേടിയ ഒരേയൊരു വ്യക്തി കവി പി.കുഞ്ഞിരാമൻ നായർ മാത്രമായിരിക്കും.
ഒരു ദിവസം കവി കൂടാളി വായനശാലയ്ക്ക് എതിർവശത്തുള്ള ചന്തുനമ്പ്യാരുടെ ചായപ്പീടികയിൽ ഇരിക്കുകയായിരുന്നു. എന്നെക്കണ്ടപ്പോൾ കവി പറഞ്ഞു, നീ വന്നത് നന്നായി. ഇത് പോസ്റ്റോഫീസിൽ കൊടുത്തിട്ട് വേഗം വാ. നമുക്കൊരുമിച്ച് ചായകുടിക്കാം. മാതൃഭൂമിയുടെ മേൽവിലാസമെഴുതിയ കവറായിരുന്നു അത്. അത് പോസ്റ്റുചെയ്ത് ഞാൻ തിരിച്ചുവന്നു. ആ നേരത്ത് കവി ഹോട്ടലിലെ മേശയ്ക്കും കസേരകൾക്കും അടിയിൽ നൂണും കുനിഞ്ഞും വെപ്രാളപ്പെട്ട് എന്തോ പരതുകയായിരുന്നു.
ഞാൻ ചോദിച്ചു, എന്താ മാഷെ?
കവിമാഷിന്റെ മുഖമാകെ വിളറി വിയർത്തിരുന്നു. തിരയുന്നതിന്റെ വെപ്രാളത്തിനിടയിൽ ഒന്ന് മുഖം തിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ഒരു കവർ. മാതൃഭൂമിയിലേക്കുള്ള കവിതയടങ്ങുന്ന കവർ. അതു കാണുന്നില്ല.
കവിയോടൊപ്പം ഹോട്ടലുടമയും ജോലിക്കാരും അവിടമാകെ പരതുന്നു. മാഷുടെ പരവേശം കണ്ട് എനിക്ക് ചിരി വന്നു. ഞാൻ മാഷോട് പറഞ്ഞു, അതല്ലേ കവിമാഷ് പോസ്റ്റ് ചെയ്യാൻ തന്നത്?
ഇവിടെ പരതിയാൽ അതെങ്ങനെ കാണും? കവിമാഷിന്റെ മുഖത്ത് ഒരു പ്രകാശം പരന്നു. മേശയ്ക്കടിയിൽ നിന്ന് എഴുന്നേറ്റ് എന്റെ നേരെ നോക്കി ഒരു ആശ്വാസച്ചിരി ചിരിച്ചിട്ട് പറഞ്ഞു; പഹയൻ. നീ അതുംകൊണ്ടുപോയത് ഞാൻ മറന്നു.
അതുകേട്ട് ചന്തുനമ്പ്യാർ കവിമാഷിന്റെ ഓർമയെപ്പറ്റി പറഞ്ഞ് പൊട്ടിച്ചിരിച്ചു. ജോലിക്കാർ കരിപിടിച്ച അടുക്കളയിലേക്ക് മടങ്ങി.
കവിമാഷും ഞാനും കസേരയിലിരുന്നു.
കവി വിളിച്ചു പറഞ്ഞു, ടോ ചന്തു, ഇവന് ചായയും പലഹാരവും കൊടുക്ക്. ഒന്നല്ല. രണ്ട്.
കവിയോടൊപ്പമിരുന്ന് ചായകുടിച്ചു. പിരിയാൻ നേരം കവിമാഷ് എന്നോട് പറഞ്ഞു,
കുറച്ച് ചൂടിക്കയറ് വാങ്ങണം. എന്റെ കൂടെ വീടുവരെ വരണം.
കടയിൽനിന്ന് ചൂടിയും വാങ്ങി കവിയോടൊപ്പം വീട്ടിലേക്ക് നടന്നു. കവി താമസിക്കുന്ന കുംഭത്തിലെ വാടകവീട് അന്നാദ്യമായി ഞാൻ കാണുകയായിരുന്നു. കോണികയറി കവിയുടെ മുറിയിലെത്തി.
നീയിത് കണ്ടില്ലേ ? എന്തക്രമമാണിത്.
അതെ അക്രമം തന്നെ. തറയിലാകെ പുസ്തകങ്ങളും മാസികകളും ചിതറിക്കിടക്കുന്നു. അതോടൊപ്പം എണ്ണമറ്റ ബീഡിക്കുറ്റികൾ. ആകെപ്പാടെ അലങ്കോലമായ ഒരു മുറി.
കവിമാഷ് മുറിയിലെ ഒരു മൂലയിൽ നിന്ന് ഒരുകെട്ട് മാസികകൾ എടുത്ത് നിലത്തിട്ടു. തുണ്ടം തുണ്ടമായിക്കിടക്കുന്ന കടലാസ് കൂമ്പാരം.
മാഷ് പറഞ്ഞു, ഇതെല്ലാം അവന്റെ പണിയാണ്. പുസ്തകം തിന്ന് ജീവി
ക്കുന്ന എലികളാണ് ഇവിടെയാകെയും. കൽക്കണ്ടവും
വെല്ലവുമൊക്കെ എന്നും കൊടുക്കുന്നു. അതൊന്നും പോരാ
ഇവൻമാർക്ക്. പുസ്തകത്തിലെ കവിതയും കഥയുമൊക്കെ തിന്നുതീർത്തു. അതിന്റെ ബാക്കിയാണ് ഇക്കാണുന്നത്.
എലിശല്യത്തിൽ നിന്ന് കവിയുടെ മുറിയിലെ പുസ്തകങ്ങളെ രക്ഷപ്പെടുത്താനാണ് ചൂടിയും കയറുമായി എന്നെയും കൂട്ടി വന്നതെന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. കവിയുടെ മുറിയിലെ മച്ചിന്റെ വളകൾക്കിടയിൽ ഉറി മുറുക്കിക്കെട്ടി. മാസികകളെല്ലാം അതിലെടുത്ത് വെച്ചു. എലി തിന്ന് കരണ്ട മാസികകൾ എടുത്തുനോക്കി ആരോടെന്നില്ലാതെ ഇടയ്ക്കിടെ കവി പറഞ്ഞു, എലിയെന്നാണ് പേര്. പേരുപോലെ നിസ്സാരനല്ല. ഭയങ്കരനാണിവൻ.
കവി എഴുതിയ കവിതകൾ അച്ചടിച്ചു വന്ന മാസികകൾ ഉറിയിൽ ഞാന്നുകിടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ അവിടെ നിന്ന് മടങ്ങി.
എന്തോ കാര്യത്തിന് ഒരിക്കൽ ക്ലാസിൽവെച്ച് കവി കരുണാകരൻ എന്ന വിദ്യാർത്ഥിയുമായി ഇടഞ്ഞു. കവി അവന് ഒരു വിളിപ്പേരിട്ടു- നമ്പോലൻ. അതോടെ ആ വിളിപ്പേര് ജീവിതാവസാനംവരെ അവന്റെ പേരിനോടൊപ്പം ചേർന്നുനിന്നു. കവി ഇത്തരത്തിൽ മറുപേരിട്ടു വിളിച്ച കുറെ കുട്ടികൾ കൂടാളിയുടെ ചുറ്റുവട്ടത്തുണ്ടായിരുന്നു. അവരിൽ പലരും കവി നൽകിയ മറുപേരോടു കൂടിത്തന്നെ ജീവിതം കടന്നുപോയി.
സ്‌കൂളിൽ എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളുടെ സാഹിത്യവാസനയെ പരിപോഷിപ്പിക്കുന്നതിന് സാഹിത്യസമാജം നടന്നുവന്നിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം കവി സാഹിത്യസമാജത്തിലേക്ക് സ്വാമി ബ്രഹ്മവ്രതനെ കൊണ്ടുവന്നു. കവി അതിഥിയെ പരിചയപ്പെടുത്താൻ മൈക്കിന് മുന്നിൽ നിന്നു.
കവി പറഞ്ഞു തുടങ്ങി, കുട്ടികളെ നിങ്ങളുടെ മനസ്സ് തുറക്കാൻ സ്വർണ്ണത്താക്കോൽ കൊണ്ടുവന്നിട്ടുള്ള ആളാണ് ഇവിടെ ഇരിക്കുന്നത്. ഒരോ വാക്യം പറയുന്നതിനിടയിലും കവി വേഷ്ടി പിടിച്ചുവലിക്കുകയും നിവർത്തിയിടാൻ ശ്രമിക്കുകയും ചെയ്തു. അത് കവിയുടെ സ്ഥിരം സ്വഭാവരീതിയായിരുന്നു. കവിയുടെ പ്രവൃത്തി കണ്ട് കുട്ടികൾ ചിരിക്കാൻ തുടങ്ങി. അതുകണ്ട് കവി പറഞ്ഞു,
ചിരിക്കാൻ മാത്രം ഇവിടെ വസ്ത്രാക്ഷേപമൊന്നും നടന്നിട്ടില്ലല്ലോ. അങ്ങനെ ചെയ്യാൻ ഞാൻ ദുശ്ശാസനനുമല്ല.
ഇതുപറഞ്ഞ് കണ്ണടയ്ക്കുള്ളിലൂടെ കുട്ടികളെ നോക്കി. എല്ലാവരും നിശബ്ദരായി ഇരുന്നു. വേഷ്ടി ഒന്നുകൂടി വലിച്ചു നേരെയാക്കിക്കൊണ്ട് അന്നത്തെ അതിഥിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പ്രഭാഷണത്തിനായി ക്ഷണിച്ചു.
കവിമാഷിന്റെ കവിത പകർത്തിയെഴുതാനേൽപ്പിച്ച കുട്ടികളെയും കാത്ത് വാതിലുകളില്ലാത്ത സ്‌കൂൾ ഷെഡിൽ വൈകുന്നേരം കവി കാത്തിരിക്കാറുണ്ടായിരുന്നു. ഒരു ദിവസം എന്നോട് പറഞ്ഞു, കവിതയുടെ അസ്സലെഴുതാനുണ്ട്. വൈകുന്നേരം വരണം.
ഞാൻ ചെന്നു. കവി എനിക്ക് ഒരു കവിതയെടുത്തു തന്നു. കവിതയുടെ പേര് സന്ന്യാസിയുടെ പാട്ട്. ആചാര്യ വിനോഭാബാവെയുടെ പദയാത്രാദിനങ്ങളിലൊന്നിൽ എന്ന മുഖവുരയോടെ ആരംഭിക്കുന്ന ഒരു കവിതയായിരുന്നു അത്.
അസ്സലെഴുതി തിരിച്ചുനൽകുമ്പോൾ കവി ജുബ്ബയിൽ കയ്യിട്ട് എനിക്ക് കുറച്ച് ചില്ലറകൾ എടുത്തുതന്നിട്ട് പറഞ്ഞു, പലരും കവിത ചോദിച്ചു കത്തെഴുതും. പക്ഷെ അയക്കാനുള്ള സ്റ്റാമ്പിന്റെ പൈസ പോലും പ്രതിഫലമായി തരാറില്ല. കവി ഒരു കത്തു കാണിച്ചു. മാതൃഭൂമിയിൽ നിന്ന് എഡിറ്ററുടെ കത്ത്- ‘വിശേഷാൽപ്പതിപ്പിലേക്ക് പുതിയ കവിത അയക്കണം. ഇത്തവണ ഉറപ്പായും പ്രതിഫലം തരുന്നതാണ്.’
കത്തിലേക്ക് നോക്കി നെടുവീർപ്പിട്ട് കവി എന്നോട് ആത്മഗതമെന്നോണം പറഞ്ഞു, ഇത്തവണ അവർ അയച്ചുതരുമായിരിക്കും അല്ലേ?
ഞാൻ കവിയെ സന്തോഷിപ്പിക്കാനായി പറഞ്ഞു, ഇത്തവണ ഉറപ്പായും കിട്ടും മാഷെ. എന്നാ നമുക്കൊരു ചായകുടിക്കാം, കവി പറഞ്ഞു.
അന്നത്തെ സന്ധ്യയിൽ ഞാൻ കവിയോടൊപ്പം ബറോഡക്കാരന്റെ ചായക്കടയിലേക്ക് നടന്നു. ചില വിരുതന്മാർ കവിയെ കബളിപ്പിച്ച് പൈസ കൈപ്പറ്റാറുണ്ടായിരുന്നു. കവിമാഷുടെ മുന്നിൽ ചെന്ന് ഗുരുവായൂരപ്പാ എന്ന് ഉരുവിട്ട് തൊഴുതു നിന്നാൽ കവിയുടെ മനസ്സ് പ്രസാദമയമാകും. അപ്പോൾത്തന്നെ ജുബ്ബയിൽനിന്ന് കയ്യിൽ തടഞ്ഞത് എത്രയാണോ അതെടുത്തുകൊടുത്ത് കവി കുട്ടികളെയും തിരിച്ചു തൊഴും.
സഹപ്രവർത്തകരായ ചില അധ്യാപികമാരോട് കവിക്ക് പ്രത്യേകമായ താത്പര്യമുണ്ടായിരുന്നു. പട്ടാമ്പിയിൽനിന്ന് കവിമാഷുടെ താത്പര്യപ്രകാരം സ്‌കൂളിൽ വന്നുചേർന്ന മൈഥിലി ടീച്ചറോട് കവിക്കുണ്ടായിരുന്ന പ്രണയവും അതിന്റെ സംഘർഷങ്ങളും കുട്ടികൾക്കും അധ്യാപകർക്കുമൊക്കെ അറിയാമായിരുന്നു. അവർ വന്ന കാലത്ത് കവിയായിരുന്നു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്. ഒരുദിവസം യാദൃച്ഛികമായി ഞാനതിന് സാക്ഷിയാവുകയും ചെയ്തു.
സ്‌കൂളിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള ബസ് സ്റ്റോപ്പിനടുത്തുള്ള ആൽമരച്ചുവട്ടിൽ രണ്ടുപേരും നിൽക്കുകയായിരുന്നു. ടീച്ചർ എന്തോ പറയാൻ ശ്രമിക്കുന്നു. കവി മാഷ് അവരെ സമാശ്വസിപ്പിക്കുന്നു. ടീച്ചർ കവിമാഷോട് പറഞ്ഞു, മാഷ് ഇനി എനിക്കുവേണ്ടി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് കൊടുത്തയ്ക്കരുത്. എനിക്കത് വേണ്ട. എനിക്ക് വേണ്ടത് വാങ്ങാൻ ശമ്പളം കിട്ടുന്നുണ്ട്. എനിക്കത് മതി. പ്രണയത്തിന്റെ കൊടുമുടിയിൽനിന്ന് കവി അവരോട് ഒരു കവിത പറഞ്ഞു: യശമാൻമാർക്ക് കാര്യസ്ഥന്മാർ കാഴ്ച നൽകാറില്ലേ? യശമാന് പണമില്ലാത്തതുകൊണ്ടല്ല, ആളുകൾ അങ്ങനെ ചെയ്യുന്നത്. ആരാധനകൊണ്ടാണ്. എനിക്ക് നിന്നോടുള്ളത് ആരാധനയാണ്. ഞാൻ നിനക്ക് തരുന്നത് സ്നേഹ
മാണ്. എന്റെ ആരാധനയാണ്.
അവർ കവിയെ രൂക്ഷമായി ഒന്നു നോക്കി നടന്നകന്നു. കവി പ്രണയപൂർവ്വം അവരെ നോക്കി നിൽക്കുകയും ചെയ്തു. കവിക്ക് ടീച്ചറോടുണ്ടായിരുന്ന പ്രണയം പിന്നീട് ശത്രുതയായി മാറി. സമർപ്പണത്തിന്റെയും നിഷേധത്തിന്റെയും രണ്ടുകൈവഴികളായി ഒരു ബന്ധം ചിതറിമാറുന്നതിന്റെ ജീവിതചിത്രമായി അത് മാറുകയായിരുന്നു.
എത്ര കണ്ടറിഞ്ഞാലും പിന്നെയും അറിയാൻ ബാക്കിയാവുന്ന കടലുപോലെയാണ് കവി മാഷ്. അവധൂതനായ കവി. സ്വയം വിസ്മൃതനായി ജീവിച്ച പി.യെ പോലെ മറ്റൊരു മനുഷ്യനെയും ഞാൻ പരിചയപ്പെട്ടിട്ടില്ല.
കണ്ണൂരിലേക്കുള്ള ബസ് കാത്ത് കൂടാളിയിൽ നിൽക്കുന്ന കവിയെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം മണിക്കൂറുകളോളം കവി ബസ് സ്റ്റോപ്പിൽ നിന്നു. ബസ് വരികയും പോവുകയും ചെയ്യുന്നു. കവി ബസിൽ കയറുന്നില്ല. എതിർവശത്തു നിന്ന് ഞാൻ കവിയുടെ അടുത്തേക്ക് നടന്നു. ഞാൻ തട്ടിവിളിച്ചു. കവിമാഷെ, ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നപോലെ എന്നെ മാഷ് പകച്ചൊന്നു നോക്കി.
മാഷ് കണ്ണൂരിലേക്കല്ലേ?
കണ്ണൂരിലേക്കാണ്.
മാഷ് ഇവിടെ നിൽക്കുമ്പോൾ തന്നെ ബസ് പലതും പോയല്ലോ.
ബസ് പോയോ?
ഒന്നുരണ്ടെണ്ണം പോയി. ഇനിയും വരും, ഞാൻ കയറ്റിവിടാം.
അടുത്ത ബസ് വരാൻ കുറെ നേരം കാത്തിരുന്നു. അതിനിടയിൽ മാഷ് അക്ഷമയോടെ പറഞ്ഞു, സ്വതന്ത്ര ഇന്ത്യയിലെ ഒരു ബസ് കാത്തുനിൽപ്. കുറച്ചു കഴിഞ്ഞപ്പോൾ പൊടി പറത്തി ഒരു ബസ് മുന്നിൽ വന്നു നിന്നു. കവിമാഷെ ഞാൻ ബസിൽ കയറ്റി. കവിമാഷും ബസും യാത്രയായി.
കൂടാളിയിലെ കവിതാക്കാലങ്ങൾ
കൂടാളി ജീവിതകാലത്താണ് പി.യുടെ മികച്ച രചനകൾ പലതും എഴുതിയത്. അധ്യാപന ജീവിതത്തിന്റെ അസ്വസ്ഥതകൾക്കിടയിൽപ്പെട്ട് കവി നിരന്തരം മാനസിക പ്രയാസം അനുഭവിച്ച ഒരു കാലം കൂടിയായിരുന്നു അത്. പത്രമാസികകളും റേഡിയോ നിലയങ്ങളും കവിത ചോദിച്ച് നിരവധി കത്തുകൾ ഇക്കാലത്ത് കവിയെത്തേടി വന്നു. അതിൽ ഇംഗ്ലീഷിലുള്ളവ വായിക്കാനും കത്തുകളുടെ മേൽവിലാസം എഴുതിക്കൊടുക്കാനുമൊക്കെ സഹായിച്ചിരുന്നത് കവിയുടെ സഹപ്രവർത്തകനായ എം.കെ. രാമകൃഷ്ണൻ മാഷായിരുന്നു. കൂടാളി സ്‌കൂൾ കാലത്തെ പി.യുടെ വ്യക്തിജീവിതത്തെയും സർഗജീവിതത്തെയും രാമകൃഷ്ണൻമാഷ് ഓർക്കുന്നു.
കവിതയോടുള്ള സ്നേഹം കാരണം കൂടാളി ജീവിതത്തെ കവി പലപ്പോഴായി ഇകഴ്ത്തി പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കൂടാളിയിലെ 12 വർഷക്കാലത്താണ് പി.യുടെ മികച്ച പല കവിതകൾ പലതും ഉണ്ടായത്. കളിയച്ഛനടക്കമുള്ള കവിതകൾ പിറന്നത് കൂടാളിയുമായി ബന്ധപ്പെട്ടാണ്. നീ വരില്ല, മറന്നുപോയ മേൽവിലാസം, യമുനാതീരെ, വിദ്യാരംഭം, തീപ്പൊരിയുടെ പാട്ട്, കാളകൾ, കുറവന്റെ കിളി അടക്കമുള്ള എണ്ണിയാൽ തീരാത്ത കവിതകൾ. അതുപോലെ കവിയുടെ മികച്ച സമാഹാരങ്ങളിലൊന്നായ ‘പ്രപഞ്ച’ത്തിലെ രചനകളത്രയും കൂടാളിക്കാലത്ത് എഴുതിയവയാണ്.
പി.യുടെ ജീവിതം കൂടെ നടന്നും കൂട്ടുകൂടിയും അടുത്തറിഞ്ഞതുപോലെ ഇക്കാലത്ത് പി. എഴുതിയ ചില രചനകളുടെ പശ്ചാത്തലങ്ങൾക്ക് സാക്ഷിയാവാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. കാളകൾ, കുറവന്റെ കിളി തുടങ്ങിയ കവിതകൾ കവിയൊടൊപ്പം ഒന്നിരിച്ചിരിക്കുമ്പോൾ കണ്ട കാഴ്ചയുടെ സൃഷ്ടികളായിരുന്നു, ഇതിൽ കാളകൾ എന്ന ഹൃദയഹാരിയായ കവിതയുടെ പിറവിക്കു കാരണമായ മുഹൂർത്തം അതിനിടെ ഓർത്തുപോവുന്നു.
ഒരു ദിവസം കവിയും ഞാനും കൂടി വാടകമുറിയുടെ വരാന്തയിൽ താഴെ റോഡിലെ കാഴ്ചകൾ കണ്ട് വെറുതെ നിൽക്കുകയായിരുന്നു. അപ്പോഴാണ് കുറെ കാളകളെ അറവുശാലയിലേക്ക് തെളിച്ചുകൊണ്ടുപോകുന്നത് കാണാനിടയായത്. ഒട്ടിയ വയറും എല്ലുന്തി നിൽക്കുന്ന നെഞ്ചിൻ കൂടുമായി നടക്കുന്ന കാളകൾ. അതിന്റെ യജമാനൻ ഇതുവരെ വണ്ടിവലിക്കാനും വയലുകൾ ഉഴുതുമറിക്കാനും ഉപയാഗിച്ചു. വാർദ്ധക്യമായതോടെ ഇറച്ചിയുടെ വിലവാങ്ങി അറവുകാർക്ക് വിൽക്കുന്നു. മരണത്തിലേക്കാണ് യാത്രയെന്നറിയാതെ നടക്കുന്ന ഈ അറവുകാളകളെ കണ്ട് ഒരിക്കൽ കവി എന്നോട് പറഞ്ഞു, പാവങ്ങൾ. ഇവയെ രക്ഷിക്കാൻ നമുക്ക് സാധിക്കില്ല. അറവുകാരന്റെ മൂർച്ചയുള്ള കത്തി നാളെ ഇവയുടെ ജീവനെ
ടുക്കും.
അന്നത്തെ സാധാരണ കാഴ്ചകളിലൊയിരുന്നു അത്. പക്ഷേ, കവിയെ അങ്ങേയറ്റം അത് വേദനിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലായി. കവി വീണ്ടും പറഞ്ഞു, ഈ കൊല്ലുന്ന മനുഷ്യരും കൊല്ലപ്പെടുന്ന കാളകളും
എന്നെങ്കിലും എന്റെ കവിതയ്ക്ക് ഇരയായിത്തീരും.
റോഡിലൂടെ ഒരു ബസ്സ് അതിനിടയിൽ പാഞ്ഞുപോയി. ചെമ്മൺപാതയിൽ പൊടിയുയർന്ന് കാളകളുടെ കാഴ്ചയും മാഞ്ഞുമാഞ്ഞുപോയി.
ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ കവി എന്റെ മുറിയിലേക്ക് കയറിവന്നു. ഒരു നോട്ടു ബുക്കെടുത്ത് നീട്ടി. പുതിയ കവിത. അതിന്റെ പേര് കാളകൾ എന്നായിരുന്നു.അരിഞ്ഞുവിൽക്കും മാംസപ്പൊതിയായ് നാളേയ്ക്കൊരു
ചെരിപ്പുകടയിലെ തോലായ്ത്തീരും നിങ്ങൾ!
നെടുനാളായിക്കാഴ്ച കണ്ടിട്ടും കരിങ്കല്ലിൻ
ഹൃദയഗ്രന്ഥി പൊട്ടി മരിച്ചില്ല ഞാനിന്നും!
നാകജീവിതശ്രീയെന്നോർത്തിരുട്ടത്ത്
നീ കോർത്തു പിടിച്ചതമൃതിൻ കരമത്രെ!
കവിത കയ്യിൽത്തന്ന് എന്നോടൊന്ന് ചൊല്ലാൻ പറഞ്ഞു.
ഞാൻ ചൊല്ലി. വീണ്ടും വീണ്ടും ചൊല്ലി. കവിയത് കേട്ടിരുന്നു.
1960 ലെ ആഗസ്റ്റ്. ഞാൻ പരീക്ഷാഹാളിലായിരുന്നു. കവി വാതിൽക്കൽ വന്നു നിന്നു. അദ്ദേഹത്തിന്റെ മുഖം വികാരവിക്ഷുബ്ധമായിരുന്നു. എന്തെങ്കിലും പുതിയ പ്രശ്നം ഉരുത്തിരിഞ്ഞു വന്നോ? അറിയില്ല. ഞാനടുത്തു ചെന്നു.
എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പേ കവി പറഞ്ഞു, ഞാനിനി മാതൃഭൂമി ആഴ്ചപ്പതിപ്പിന് കവിതകൾ അയക്കില്ല. അവർ ആവശ്യപ്പെട്ടാലല്ലാതെ.
ഞാൻ ചോദിച്ചു, എന്താകാര്യം?
കവി വിഷമത്തോടെ പറഞ്ഞു, പുള്ളിമാൻ എന്ന കവിത അയച്ചിട്ട് ഒരു മാസമായി. അവരത് കൊടുത്തില്ല (ചീനയാകുന്ന നരി ടിബറ്റാകുന്ന പുള്ളിമാനെ ആക്രമിച്ചത്). ഒരു പക്ഷെ കവിത കൃഷ്ണവാര്യരെ ക്ഷോഭിപ്പിച്ചിരിക്കും. അവരുടെ ആദർശത്തിന് യോജിച്ചതായിരിക്കില്ല. ചീന ഇന്ത്യൻ അതിർത്തിയിൽ കയറിയപ്പോൾ അനേകകോടി ഇന്ത്യക്കാർക്കുണ്ടായ വികാരമാണ് ഞാൻ ആ കവിതയിൽ അവതരിപ്പിച്ചത്. മാതൃഭൂമി അവരുടെ ഉയർന്ന ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു. മാത്രമല്ല ഈ ആഗസ്ത് 15ന് ഒരു പൂച്ചയുടെ മുഖചിത്രവുമായി ഇറങ്ങിയ മാതൃഭൂമിയുടെ നടപടി ആക്ഷേപാർഹമല്ലേ?
ദേഷ്യവും സങ്കടവും കൊണ്ട് കവിയുടെ തൊണ്ടയിടറി. കഴുത്തിലിട്ട വേഷ്ടി പിടിച്ചു വലിക്കുകയും പിന്നെയും നേരെയാക്കുകയും ചെയ്തുകൊണ്ടിരുന്നു. കവിയെ ഞാൻ സമാധാനിപ്പിച്ചു. പുള്ളിമാൻ ഒരു നല്ല കവിതയാണെന്നും അത് മറ്റാർക്കു കൊടുത്താലും പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.
വൈകീട്ട് കണ്ടപ്പോൾ പറഞ്ഞു, എടോ എന്റെ മനസ്സിൽ ഒരാശയം തോന്നുന്നു. ആർഷഭാരതത്തിൽ ഗാന്ധിജിയും വിനോഭാബാവയുമൊക്കെ കാണിച്ചു തന്നിട്ടുള്ള ധർമത്തിന്റെയും സത്യത്തിന്റേതുമായ മാർഗ്ഗങ്ങളുണ്ട്. അതിൽനിന്ന് വ്യതിചലിക്കുന്ന, സാമൂഹിക ജീവിതത്തെ വിമർശിച്ചുകൊണ്ട് കുറെ കവിതകൾ എഴുതണമെന്നുണ്ട്.
ഞാൻ പറഞ്ഞു, വളരെ നല്ലത്. കവി പിന്തുടരേണ്ട പ്രധാനപാത സത്യത്തിന്റെയും ധർമത്തിന്റെയുമാണ്.
നിനക്കും അങ്ങനെതോന്നുന്നുണ്ട്, അല്ലേ? പക്ഷെ, ഒരു പ്രശ്നമുണ്ട്. വലതുപക്ഷ പത്രങ്ങൾ പ്രസിദ്ധീകരിക്കില്ല. വേണ്ട, നാട്ടിൽ പത്രങ്ങൾ വേറെയുമുണ്ട്. അവർക്കു കൊടുക്കാം. ആരെന്തു പറഞ്ഞാലും എനിക്ക് ഒരു പ്രശ്നവുമില്ല.
ഞാൻ പറഞ്ഞു, ആഗ്രഹിച്ചതെഴുതൂ. മനസ്സിലെ ആശയങ്ങളെല്ലാം കവിതയാവട്ടെ. കവിതയുടെ വസന്തകാലം ഉണ്ടാവട്ടെ.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ കവികൾ ഏറ്റുവാങ്ങുന്ന അവഗണനയോട് കവിക്ക് നിരാശയും പ്രതിഷേധവുമുണ്ടായിരുന്നു. 1960 ഒക്ടോബർ 15-ലെ വൈകുന്നേരം. ഞങ്ങൾ പതിവുപോലെ സ്‌കൂൾ ഷെഡിൽ ഇരിക്കുകയായിരുന്നു. കവി സഞ്ചിയിൽ നിന്ന് ജയകേരളം മാസിക എടുത്ത് എന്റെ കയ്യിൽ തന്നു. അതിൽ ഉദ്യാനവിരുന്ന് എന്ന കവിത പ്രസിദ്ധീകരിച്ചു വന്നിരുന്നു. ഞാൻ കവിത വായിച്ചു. കവി കേട്ടിരുന്നു എല്ലാവരും ക്ഷണിക്കപ്പെട്ട ഒരു ഉദ്യാനവിരുന്നിൽ കവി മാത്രമില്ല. അതിന്റെ ആകുലതകളായിരുന്നു കവിതയുടെ വിഷയം.
ഞാൻ പറഞ്ഞു, ശരിയാണ് കാലം മാറുന്നു. അധർമം ശക്തിപ്രാപിക്കുന്നു. എത്രയൊക്കെയായാലും നമ്മുടേതായ കർമം ചെയ്യുക. കർമഫലം കാലം തരുമായിരിക്കും.
എന്റെ കയ്യിൽ ബൈബിളുണ്ടായിരുന്നു. ഞാൻ ചോദിച്ചു, ചില ബൈബിൾ ഭാഗങ്ങൾ വായിക്കട്ടെ.
കവി കാതോർത്തിരുന്നു.
മത്തായിയുടെ സുവിശേഷം. മുന്തിരിത്തോട്ടത്തിലെ വേലക്കാരന്റെ കഥ വായിച്ചു. ‘പതിനൊന്നാം മണിക്കൂറിലും അയാൾ പുറത്തിറങ്ങിയപ്പോൾ ചിലർ വെറുതെയിരിക്കുന്നത് കണ്ടു. അയാൾ അവരോട് പറഞ്ഞു, നിങ്ങൾ എന്താണ് പകൽ മുഴുവൻ ഇവിടെ മെനക്കെട്ടു നിൽക്കുന്നത്. അവർ അയാളോട് പറഞ്ഞു, ആരും ഞങ്ങളെ കൂലിപ്പണിക്ക് വിളിക്കാത്തതുകൊണ്ടാണ്. അയാൾ അവരോട് പറഞ്ഞു, നിങ്ങളും മുന്തിരിത്തോട്ടത്തിലേക്ക് ചെല്ലൂ...’
മുടിയനായ പുത്രന്റെ കഥയും പത്തു കന്യകമാർ മണവാളനെ അന്വേഷിച്ചുപോയ കഥയും അന്നു വായിച്ചു. കവി രസിച്ചു കേട്ടിരുന്നു.
പത്രമാസികകൾക്ക് കവിത അയക്കാനുണ്ടെങ്കിൽ അത് അയക്കേണ്ടുന്ന അവസാന നിമിഷത്തിലാണ് കവി പലപ്പോഴും കവിത എഴുതാനിരിക്കുന്നത്. എഴുതിയേ മതിയാകൂ എന്ന വലിയ സമ്മർദ്ദത്തിന്റെ പിടിയിലായിരിക്കും കവിയപ്പോൾ, ആരോടും സംസാരിക്കാനോ കാണാനോ ആ സമയത്ത് അദ്ദേഹം ഇഷ്ടപ്പെടാറില്ല.
എഴുത്തു തുടങ്ങിയാൽ അതു കഴിയുന്നതുവരെ കവിയുടെ വാതിൽ അടഞ്ഞുതന്നെ കിടക്കും. എപ്പോൾ തുറക്കുമെന്നോ എത്രനേരം കാത്തിരിക്കണമെന്നോ ആർക്കും നിശ്ചയമില്ല. അബദ്ധത്തിൽ ആരെങ്കിലും വന്നു വിളിച്ചാൽ അകത്തു നിന്നൊരു ശബ്ദം കേൾക്കാം, നല്ല സുഖമില്ല. പിന്നെ വരൂ.
കടയിലെ പറ്റു തീർക്കാൻ വന്നവർ, സന്ന്യാസിമാർ, കുട്ടികൾ, അധ്യാപകർ... അങ്ങനെ പലരും ഈ മറുപടി കേട്ട് പലതവണ തിരിച്ചുപോയിട്ടുണ്ട്.
കവിതയെഴുത്തിനുള്ള ഒരുക്കമായി കഴിഞ്ഞാൽ ചില ലക്ഷണങ്ങൾ കാണിക്കുമായിരുന്നു. കണ്ണടച്ചിരുന്ന് തുടർച്ചയായി നെടുവീർപ്പിട്ടുകൊണ്ടിരിക്കും. അതിനുശേഷം കവിയുടെ മുറിയുടെ വാതിലടയും. ആരുടെയെങ്കിലും ശബ്ദം കേൾക്കുന്നതോ ആളുകളുടെ സാന്നിധ്യമുണ്ടാകുന്നതോ ഒട്ടും ഇഷ്ടമല്ല. കവിയെ അത്യാവശ്യമായി കാണേണ്ടതുണ്ടെങ്കിൽ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ശസ്ത്രക്രിയാ സമയത്ത് ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിനു പുറത്ത് വേവലാതിയോടെ അടുത്ത ബന്ധു നിൽക്കുന്നതുപോലെ പലപ്പോഴും ഞാൻ കവിയെ കാത്തിരുന്നിട്ടുണ്ട്.
ഒരിക്കൽ കുറച്ച് ദൂരത്തുനിന്ന് ഒരാൾ കവിയെ കാണാൻ വന്നു. വാതിലിൽ മുട്ടി വിളിച്ചു. കവി പുറത്തു വന്നില്ല. ആഗതൻ കാത്തുകാത്തിരുന്ന് ഒടുവിൽ തിരിച്ചുപോയി.
മണിക്കൂറുകൾ പിന്നിട്ടശേഷം കവി സൂതികാഗൃഹത്തിൽ നിന്നെന്നപോലെ വാതിൽ തുറന്നു വന്നു. കവിയുടെ മുഖത്ത് ശാന്തത. സൂതികാകർമങ്ങളുടേതായ സംഘർഷങ്ങളെല്ലാം കഴിഞ്ഞതിന്റെ സ്വസ്ഥത. സൃഷ്ടികർത്താവിന്റെ ആത്മലയനത്തിന്റെ പരിപൂർണ ധന്യത. ആഗതൻ കാത്തിരുന്നശേഷം തിരിച്ചുപോയ കാര്യം പറഞ്ഞപ്പോൾ കവിയുടെ മറുപടി ഇതായിരുന്നു: പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീ ആരെയെങ്കിലും കാണാനിഷ്ടപ്പെടുമോ? അവൾക്ക് എന്തെങ്കിലും
കാര്യത്തെപ്പറ്റി പറഞ്ഞ് രസിക്കാൻ പറ്റുമോ? എന്റെ അവസ്ഥ അതായിരുന്നു.
പിന്നെപ്പിന്നെ എനിക്കിത് ശീലമായി. കവി അകത്ത് എഴുത്തിലാണെങ്കിൽ വന്നവർക്ക് പറയാനുള്ളത് ഞാൻ കേട്ടു. കാത്തിരുത്താതെ പറഞ്ഞയച്ചു. കൊടുക്കാനുള്ളതെങ്കിൽ വാങ്ങിവെച്ചു. പറഞ്ഞേൽപിച്ച കാര്യം കവിയോട് ഓർത്തു പറഞ്ഞു.
ഒരു ദിവസം ഞാനും കവിയും വാടകമുറിയുടെ വരാന്തയിൽ നിൽക്കുകയായിരുന്നു. താഴെ റോഡിൽ കുറവൻ കിളിയുമായി നടക്കുന്നു. ഭാഗ്യത്തിന്റെ ചീട്ടെടുത്ത് നൽകുന്ന കിളിയാണ് കൂട്ടിൽ. ആ കാഴ്ച കണ്ട് കവി എന്നോട് പറഞ്ഞു, എടോ. കുറവന്റെ കൂട്ടിൽ കഴിയുന്ന ആ കിളി ആരാണെന്ന് അറിയാമോ?
അതൊരു തത്തയല്ലേ?
അല്ല.
പിന്നെ?
കുഞ്ഞിരാമൻ നായർ എന്ന കിളിയാണത്.
ഞാൻ കവിയുടെ മുഖത്തേക്ക് നോക്കി. കവിയുടെ കണ്ണുകൾ നനയുന്നു. നെടുവീർപ്പോടെ കവി പിന്നെയും ആ കിളിയെത്തന്നെ നോക്കിക്കൊണ്ടിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു, ആകാശം മേലയുണ്ടായിട്ടും അതിന് പറക്കാൻ കഴിഞ്ഞില്ല. ചിറകുകളുണ്ടായിട്ടും അതൊട്ട് പറന്നതുമില്ല.
അന്നത്തെ ആ കാഴ്ചയുടെ അനുഭവം കവിതയുടെ രൂപത്തിൽ അടുത്ത ദിവസം ആഴ്ചപ്പതിപ്പിൽ വന്നു. കവി അതുമായി എന്റടുക്കൽ വന്നു പറഞ്ഞു- കുറവന്റെ കിളി. ഇത് വായിക്കൂ.
വൈകുന്നേരം ഞങ്ങൾ ഷെഡിലിരുന്നു. കവിയുടെ മുന്നിൽ വച്ച് അത് വായിച്ചു. ചൊല്ലി. പൂഞ്ചിറകു കുടയാത്തതെന്തുനീ
പഞ്ജരത്തിന്റെ വാതിൽ തുറന്നിട്ടും
പൂഞ്ചിറകു വിരുത്താതെന്തുനീ
ബന്ധനമറ്റു മോചനം നേടീട്ടും.
കവിതയെന്ന ജന്മസിദ്ധി കൈവരിച്ചിട്ടും അതിനെ ഉപേക്ഷിച്ച് തന്റെ വിലപ്പെട്ട ജീവിതകാലം ഇഷ്ടമല്ലാത്ത ഒരു ജോലി ചെയ്തു ജീവിക്കുകയാണ്. വേദന നിറഞ്ഞ ഏറ്റുപറച്ചിലാണ് ഈ കവിത. കിളിയുടെ ജീവിതകഥയിലൂടെ കവി തന്റെ തന്നെ സ്വത്വത്തെ ഇവിടെ കവിതയാക്കി മാറ്റുകയാണ് ചെയ്തത്. എനിക്ക് കവിത നന്നായി ഇഷ്ടപ്പെട്ടു. അതിന്റെ സന്തോഷം പ്രകടിപ്പിച്ചു.
കവി സഞ്ചിയിൽ കരുതിവെച്ച മൈസൂർപ്പഴം എടുത്ത് എനിക്കുനേരെ നീട്ടി. അതിൽനിന്ന് ഒന്നുരണ്ടെണ്ണം കടലാസിൽത്തന്നെ തിരികെവെച്ച ശേഷം എന്നോട് പറഞ്ഞു, ഇതെനിക്ക് കുളിക്കുമ്പോഴത്തെ ആവശ്യത്തിനാണ്.
കുളിക്കുമ്പോൾ പഴം തിന്നുമോ?
അല്ലടോ. കുളിക്കുമ്പോൾ മേത്ത് തേക്കാൻ.
അതുകേട്ട് ഞാനൊന്നു ചിരിച്ചുപോയി.
ചിരിക്കാനൊന്നുമില്ല. ഒന്നുകിൽ താളി അല്ലെങ്കിൽ പഴം. ഇതാണ് ശീലം. ശരീരത്തിലെ മെഴുക്കും പോകും. കുളത്തിലെ മീനുകൾക്ക് ഭക്ഷണവുമാകും.
താമസസ്ഥലത്ത് കുളിമുറിയോ അതിനുള്ള സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അരക്കിലോമീറ്ററോളം നടന്ന് കൂടാളി യശമാന്റെ ബംഗ്ലാവ് വീടിന്റെ എതിർവശത്തുള്ള മഠത്തിലെ കുളത്തിൽ ചെന്നാണ് കവിയുടെ കുളി. കവിയോടൊപ്പം ഒന്നിച്ചുള്ള കുളിക്കിടയിൽ പലവട്ടം കവിയുടെ പഴംകുളി കാണാനിടയാവുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ജനത കണ്ട സ്വപ്നങ്ങളെല്ലാം പാഴായിപ്പോവുന്നതിന്റെ വ്യഥ കവി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അത് ഒന്നുകിൽ കവിതയിലൂടെ അല്ലെങ്കിൽ പ്രസംഗത്തിലൂടെ അതുമല്ലെങ്കിൽ സ്വകാര്യസംഭാഷണങ്ങളിലൊക്കെ കടന്നുവന്നിരുന്നു. കൈക്കിളിയുടെ പേക്കിനാവ് , സന്ന്യാസിയുടെ പാട്ട് തുടങ്ങിയ കുറെ കവിതകൾ ഇക്കാലത്ത് ഇത്തരം വിഷയങ്ങൾ ആസ്പദമാക്കി എഴുതിയിട്ടുണ്ട്. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.