പി. കുഞ്ഞിരാമൻ നായർ

പാതിരാക്കാറ്റിൽ പിറന്ന ‘കളിയച്​ഛൻ’

പച്ചയും കത്തിയും കരിയും താടിയുമായി കവി വേദിയിൽ നിന്ന് ഒരേസമയം നടനമാടി. സദസ്സിലുള്ളവർ ആ പകർന്നാട്ടം കണ്ടു. കളിയച്ഛനോട് മാപ്പിരക്കുന്ന ഭീകരമുൾച്ചെടിയുടെ ആത്മകഥയും ആത്മകദനവുമായി ആളുകളുടെ മനസ്സിലേക്ക് അതൊഴുകി.

വീണ്ടും ലക്കിടിയിൽ, സാഹിത്യ പരിഷത്ത്​ വേദിയിൽ

പി.യുടെ കാവ്യജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു ഒറ്റപ്പാലം സാഹിത്യപരിഷത്ത്. 1951 ഡിസംബർ 24ന് ക്രിസ്​മസ് ദിനത്തലേന്ന് പി. കുഞ്ഞിരാമൻ നായർ ജനതാ എക്​സ്​പ്രസിൽ ഭാരതപ്പുഴയോരത്ത് ലക്കിടി തീവണ്ടിയാപ്പീസിൽ വന്നിറങ്ങി.
തണുത്ത രാത്രി, കൈയിൽ ഗുരുവായൂരിൽ സമർപ്പിക്കാൻ കൊണ്ടുവന്ന വലിയ വിളക്ക്. ഏഴിമല മൂശാരിയെക്കൊണ്ട് പ്രത്യേകം പണിയിച്ചെടുത്ത വിശേഷപ്പെട്ട വിളക്ക്.
ലക്കിടി കടവത്ത് എമ്പ്രാന്തിരിയുടെ ഹോട്ടൽ.
കൂലിക്കാരൻ വിളക്കേന്തി എമ്പ്രാന്തിരിയുടെ കുടുസ്സുമുറിയിൽ കൊണ്ടുവെച്ചു. രാത്രിയിലും ഭാരതപ്പുഴ വിളിച്ചു. കവി ചെന്നു. കുളിച്ചുകയറി.
ചായക്കടയിൽ വെച്ച് പരിചയക്കാർ കവിയെ കണ്ടു. അവർ മൂക്കത്ത് വിരൽവെച്ച് കവിയുടെ മുന്നിൽ നിന്നു. അവർ ഒരു വർഷം മുമ്പ് നടന്ന ലക്കിടിയിലെ കല്യാണദിവസത്തിന്റെ കഥയോർത്തു. കഥയില്ലായ്മയുടെ ഒരു കഥ. പാറുക്കുട്ടിയുടെ കഥ. കവിയുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങിപ്പോയ കഥ. വീട്ടുകാരും നാട്ടുകാരും ഉച്ചവണ്ടിയും രാത്രി വണ്ടിയും കാത്തിട്ടും കല്യാണച്ചെറുക്കൻ എത്തിച്ചേരാത്ത മഹാസങ്കടത്തിന്റെ കഥ.
നാട്ടുകാരിലൊരാൾ പറഞ്ഞു, പെണ്ണു ബോധംകെട്ടു വീണു. ഉണർന്നു. കിണറ്റിൽ ചാടി ചാവാനൊരുങ്ങി. നിലത്തിട്ടടിച്ച് ഉരുണ്ടു കരഞ്ഞു. എന്തുപറ്റി മാഷേ, ഇങ്ങനെ വാക്കുപറഞ്ഞു ചതിച്ചത് കഷ്ടമായി.

ഒറ്റപ്പാലം സാഹിത്യപരിഷത്ത്​. ഉദ്ഘാടകൻ ഡോ. രാധാകൃഷ്ണൻ. വള്ളത്തോൾ, എൻ.വി.കൃഷ്ണവാര്യർ എന്നിവർ നിരന്നു. ജി.യും വൈലോപ്പിള്ളിയും ഒളപ്പമണ്ണയും ഒന്നാംദിവസം കവിത വായിച്ചു. പിയുടേത് രണ്ടാംദിനം. ജി.യുടെ അധ്യക്ഷതയിൽ കവിത വായിക്കണം. വായിക്കാൻ കവിതയില്ല.

ഒറ്റപ്പാലത്ത് കവിത ചൊല്ലാൻ വന്നപ്പോൾ എന്തോ ഒരു പ്രേരണയാൽ ലക്കിടിയിലിറങ്ങിയതാണ്. തിരുവില്വാമല തൊഴുതുപോവാനൊരുങ്ങിയ കവി നാട്ടുകാരുടെ മുമ്പിൽ ഒരു വർഷം മുമ്പത്തെ വിവാഹനാടകത്തിലെ പ്രതിനായകനായി പകച്ചുനിന്നു. നാട്ടുകാരുടെ ചോദ്യത്തിനുമുന്നിൽ കവി എന്തു മറുപടി പറയും?
കവി പറഞ്ഞു: സത്യം പറയട്ടെ, ഭാഗവതർ കൂടാളിയിൽ വന്നു. എന്തോ പറഞ്ഞു. എന്തോ കേട്ടു. ഞാനതു തമാശയായിത്തള്ളി. എങ്കിലും അന്നു വരണമെന്ന് തീരുമാനിച്ചിരുന്നു. ഏതോ കാര്യത്തിൽ തലകുടുങ്ങി കല്യാണക്കാര്യം മറന്നു.
ചായപ്പീടികയിൽ വെച്ച് പറഞ്ഞ മറവിയുടെ കഥ കവിയുടെ ഓർമകളെ കുത്തിനോവിപ്പിച്ചു. മനഃസ്താപം കൊണ്ട് കവിമനസ്സ് വെന്തു. വേദനയോടെ കവിയുറങ്ങി.

പിറ്റേന്ന് ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ എത്തിച്ചേർന്നു. ഉദ്ഘാടകൻ ഡോ. രാധാകൃഷ്ണൻ. വള്ളത്തോൾ, എൻ.വി.കൃഷ്ണവാര്യർ എന്നിവർ നിരന്നു. ജി.യും വൈലോപ്പിള്ളിയും ഒളപ്പമണ്ണയും ഒന്നാംദിവസം കവിത വായിച്ചു. പിയുടേത് രണ്ടാംദിനം. ജി.യുടെ അധ്യക്ഷതയിൽ കവിത വായിക്കണം. വായിക്കാൻ കവിതയില്ല. അത് വന്നുചേരണം. അതിനായി കവി വൈകുന്നേരം ഒറ്റപ്പാലത്തുനിന്ന് വണ്ടി കയറി. ലക്കിടിയിലിറങ്ങി. വറ്റാത്ത കവിതയായ ഭാരതപ്പുഴ കൺമുമ്പിൽ. അലൗകികമായ ഒരനുഭൂതി പരത്തി മനസ്സിൽ വരികൾ ചുരത്തിത്തരുന്ന മലനിരകൾ. നീലരാത്രി. വൈരപ്പൊടി ചിതറിയ ആകാശം. മനസ്സിൽ കവിത തെളിയാൻ ഇതുമതി. പക്ഷേ, കവിത വരുന്നില്ല.
ഉദയത്തിനുമുമ്പ് കവിത വരുമോ? വന്നേമതിയാവൂ. പരിഷത്തിനുമുമ്പാകെ കവിത കാഴ്ചവെക്കണം. കാവ്യചിത്രം പൂർത്തിയാവണം.

പി. കുഞ്ഞിരാമൻ നായർ

കവി കാത്തിരുന്നു. അഞ്ചുമിനുട്ടിൽ ഇരുനൂറ് വരി കുറിക്കുന്ന, ബസ്സിൽ വച്ച് മാതൃഭൂമി വിശേഷാൽപ്പതിപ്പിന് കവിതയൊരുക്കുന്ന മനസ്സിൽ കവിത ഉറങ്ങിക്കിടന്നു. ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വേദനകൾ കൊണ്ട് അതിനെ ഉണർത്താനും ഓർമകൾ കൊണ്ട് ഉയർത്താനും ശ്രമിച്ചു. മനസ്സിൽ പാറുക്കുട്ടിയുടെ മംഗലത്ത് വീട് തെളിഞ്ഞു. അവളുടെ വേദനകൾ തികട്ടി വന്നു. എന്നിട്ടും ഒരു വരി പോലും പിറന്നില്ല. നിവർത്തി വെച്ച വെള്ളക്കടലാസ് മുഷിഞ്ഞു. ക്രിസ്​മസ്​ രാത്രി. കാലിത്തൊഴുത്തിൽ ഉണ്ണിയേശു തിരുപ്പിറവികൊണ്ട രാത്രി. പാതിരാച്ചന്ദ്രൻ ദൂരെ. നിലാവിൽ മുങ്ങിനിൽക്കുന്ന നിളാനദി വിളിപ്പാടരികെ.

കവിത വന്നില്ല. കാത്തിരുന്നുകാത്തിരുന്ന് കവി ക്ഷീണിച്ചു.
കവി ഇരുന്നു. കിടന്നു. നടന്നു. രാത്രിയാമങ്ങൾ കടന്നുപോയി.
ഒറ്റപ്പാലം വണ്ടി ഏഴു മണിക്ക്. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിച്ച് ഒരുങ്ങണം. മനസ്സ് കണക്ക് കൂട്ടുന്നു. പക്ഷെ കവിതയില്ലാതെ എങ്ങനെ വണ്ടികയറും? കവിയോർത്തു. സ്റ്റേജിൽ കേറി പെട്ടെന്നു തോന്നിയ കവിതകൾ ചൊല്ലിയ ചരിത്രമുണ്ട്. നിമിഷ കവിതകൾ പലതും എഴുതിയിട്ടുണ്ട്. പക്ഷേ ഇത് പരിഷത്താണ്. മലയാളത്തിലെ കേമന്മാർ ഉറ്റുനോക്കുന്ന പരിഷത്ത്. മലയാളകവിതയുടെ മാറ്റുരയ്ക്കുന്ന പരിഷത്ത്.

കളിയച്ഛന്റെ ആട്ടം കഴിഞ്ഞപ്പോൾ കരഘോഷങ്ങൾക്കിടയിലൂടെ സദസ്സിനുമുന്നിലൂടെ കവി നടന്നു. എൻ.വി. കൃഷ്ണവാര്യർ കവിയെ തടഞ്ഞു. കവിതയ്ക്കു വേണ്ടി കൈനീട്ടി; ആ കവിത എനിക്ക്.

നിലാവ് വന്നെത്തിനോക്കി.
പാതിരാക്കാറ്റ് കതകിൽ മുട്ടിപ്പറഞ്ഞു, ഉറങ്ങരുത്.
ഉറങ്ങിയില്ല. കവി കാത്തിരുന്നു. അവൾ വരുമെന്ന് പ്രതീക്ഷയോടെ. പെട്ടെന്ന് മനസ്സിൽ മിന്നായം പോലെ ഒരു വെളിച്ചം വീശി. തലേദിവസം കൂടാളി നമ്പ്യാർ പറഞ്ഞ കാര്യമോർത്തു. കഥകളിയുടെയും വേഷത്തിന്റെയും കഥ. അതെ, കഥകളി. ജീവിതമാകുന്ന കഥകളി. കവി വിശ്വമഹാകവിയുടെ തൃച്ചേവടികൾ ധ്യാനിച്ചു. മനസ്സിൽ കവിതയുടെ കാർമേഘം ഉരുണ്ടുകൂടി. കഥകളിയിൽ തന്റെ ജീവിതകഥയുടെ ഏടുകളത്രയും നിറഞ്ഞു. കളിയച്ഛനും കഥകളി നടനും നിറഞ്ഞു. മഹാഗുരുവും ശിഷ്യനും വിളങ്ങി. പ്രിയപിതാവ് പുറവങ്കര കുഞ്ഞമ്പുനായർ. പട്ടാമ്പി സന്നിധിയിലെ ഗുരുശ്രേഷ്ഠൻ പുന്നശ്ശേരി നമ്പി. പ്രണയപാപത്തിന്റെ രാപ്പകലുകൾ. പരീക്ഷയിൽ തോറ്റ പിൻമടക്കങ്ങൾ. പാപപുണ്യങ്ങളുടെ വേഷപ്പകർച്ചകൾ. കുറ്റബോധത്തിന്റെ മൗനശില്പങ്ങൾ കവിയുടെ അന്തരാത്മാവിന്റെ പ്രതിരൂപമായി ആടിത്തിമർത്തു. വരികൾ ഉള്ളിൽനിന്ന്​ പതഞ്ഞൊഴുകി. മൂന്ന് മെഴുകുതിരികൾ ഇതിനിടെ എരിഞ്ഞുതീർന്നു. അതിന്റെ തിരിവെളിച്ചമത്രയും കവിത കുടിച്ചു തിളങ്ങി. നാലാമതൊന്ന് തെളിച്ചുവെച്ച് കവി കവിതയുടെ കരടെഴുതി തീർത്തു. രാത്രിയുടെ കവിത. വെളിച്ചത്തിന്റെ കവിത. വേവലിന്റെയും വെളിപാടിന്റെയും കവിത. നാളെ സാഹിത്യപരിഷത്തിൽ മലയാളത്തിന്റെ ഏറ്റവും തെളിച്ചമുള്ള കവിവിളക്കുകൾക്കുമുമ്പിൽ ആടിത്തകർക്കേണ്ട പി.യുടെ ജീവിതകഥയായി, ആട്ടക്കഥയായി ആ കവിത മാറി. കവി കരടെഴുതിയ കടലാസിനുമീതെ തലവാചകം എഴുതി: കളിയച്ഛൻ.

പരീക്ഷയിൽ ജയിച്ച കുട്ടിയെപ്പോലെ കവി ഒറ്റപ്പാലം ജനതാ എക്​സ്​പ്രസിൽ ഒന്നാം ക്ലാസിൽ കേറി. മനസ്സിൽ നിറയെ കവിതയുടെ നവോന്മേഷം. രാത്രി ഉറക്കൊഴിച്ചെങ്കിലും ഹൃദയത്തിൽ കവിതയുടെ മധുരസംഗീത കലശം. നിളാതീരത്തു കൂടി വണ്ടി ഒറ്റപ്പാലത്തേക്ക് പാഞ്ഞു. അവിടെവെച്ച് കവിത പകർത്തിയെഴുതി. ജീവിതകഥകളിയുടെ കവിത പൂർത്തിയായി.

പി. കുഞ്ഞിരാമൻ നായർ

അലങ്കൃതമായ പരിഷത്ത് വേദി. കാവ്യകഥകളി കാണാൻ സദസ്സിൽ നിറയെ ആളുകൾ. ജി. ശങ്കരക്കുറുപ്പ് അധ്യക്ഷ സ്ഥാനത്തിരുന്ന് കവിതയുടെ നിലവിളക്ക് കൊളുത്തി. അരങ്ങ് കേളിയാടി. തിരനോട്ടം തുടങ്ങി. ജി. കവിയുടെ പേരു വിളിച്ചു. കവിത അവതരിപ്പിക്കുന്നത് കുഞ്ഞിരാമൻ നായർ - ആളെ കാണാനില്ല. കാറ്റ് തിരശ്ശീലയിളക്കി നിന്നു. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരു നടൻ അല്ല; കവി നടന്നുവന്നു. സദസ്സിന്റെ മുൻവരിയിൽ വള്ളത്തോൾ ഇരിക്കുന്നു. കഥകളിയുടെ രക്ഷാപുരുഷൻ. മലയാളത്തിന്റെ കാവ്യഗുരു. സദസ്സിലേക്ക് കയറും മുമ്പ്. ഗുരുപാദങ്ങളിൽ പി.സാഷ്ടാംഗം വീണു നമസ്‌കരിച്ചു. അനുഗ്രഹിക്കണം. വള്ളത്തോൾ കവിയെ പിടിച്ചെഴുന്നേൽപിച്ചു. കവി വേദിയേറി. പാട്ടും ആട്ടവും കവിതന്നെ ഏറ്റെടുത്തു. പി.യുടെ കണ്ഠവും മനസ്സും ഒന്നിച്ചുചൊല്ലി.മൗനശില്പം കളിക്കോപ്പു പുതുക്കുകെ- ന്നാനന്ദ ഹേമന്ദസന്ധ്യകൾ ചൊൽകിലും...

ഹസ്തമുദ്രകൾ കളിയാട്ടം തുടങ്ങി.
പച്ചയും കത്തിയും കരിയും താടിയുമായി കവി വേദിയിൽ നിന്ന് ഒരേസമയം നടനമാടി. സദസ്സിലുള്ളവർ ലയിച്ചുകേട്ടു. പകർന്നാട്ടം കണ്ടു. കളിയച്ഛനോട് മാപ്പിരക്കുന്ന ഭീകരമുൾച്ചെടിയുടെ ആത്മകഥയും ആത്മകദനവുമായി ആളുകളുടെ മനസ്സിലേക്ക് അതൊഴുകി. കളിയച്ഛന്റെ ആട്ടം കഴിഞ്ഞപ്പോൾ കരഘോഷങ്ങൾക്കിടയിലൂടെ സദസ്സിനുമുന്നിലൂടെ കവി നടന്നു. എൻ.വി. കൃഷ്ണവാര്യർ കവിയെ തടഞ്ഞു. കവിതയ്ക്കു വേണ്ടി കൈനീട്ടി; ആ കവിത എനിക്ക്.
പിറ്റേദിവസത്തെ പത്രങ്ങളെഴുതി, ഒരു ഗന്ധർവ്വഗായകനെപ്പോലെ കുഞ്ഞിരാമൻ നായർ രംഗവേദിയിൽ വിളങ്ങി. എൻ.വി. കൈനീട്ടി വാങ്ങിയ കവിത അടുത്ത ആഴ്ചത്തെ മാതൃഭൂമിയിൽ വന്നു: കളിയച്ഛൻ.
മലയാളികൾ ആദ്യമായി ആ കവിത വായിച്ചു. അന്നുമുതൽ ഇന്നുവരെ പി.യുടെ കവിതകൾ, കളിയച്ഛന്റെ ജീവിതലോകങ്ങളുടെ കവിതകൾ ഓരോ തലമുറയും വായിച്ചുകൊണ്ടിരിക്കുന്നു.

മുഗ്ധസൗന്ദര്യത്തിന്റെ കളിത്തോഴിയായ ഭാരതപ്പുഴയെ, കവിതയെ, എന്നപോലെ പാറുക്കുട്ടിയേയും കവി തന്റെ ഹൃദയത്തോട് ചേർത്തുനിർത്തി. പരിഭവത്തിന്റെ നേരമ്പോക്കുകൾക്ക് ഇടയില്ലാതെ അവൾ കവിയോട് ചേർന്നുനിന്നു. പാറുക്കുട്ടി കവിയുടെ നിഴലായി.

പരിഷത്തിനുശേഷം കവി ഒറ്റപ്പാലത്തുനിന്ന് ലക്കിടിയിലേക്ക് തിരിച്ചുവന്നു. എമ്പ്രാന്തിരിയുടെ കുടുസ്സുമുറിയിൽ പിറന്ന, ലക്കിടിയിൽ വിരിഞ്ഞ ആ രാത്രികവിതയുടെ സുഖാനുഭൂതിയിൽ കവി മതിമറന്നു. ഒരു വർഷം മുമ്പ് കല്യാണപ്പെണ്ണായി തന്നെ കാത്തിരുന്ന പാറുക്കുട്ടിയോട് പ്രായശ്ചിത്തം ചെയ്യണം. കവി പാറുക്കുട്ടിയെ കണ്ടു. ഭാഗവതരെ കണ്ടു. പഴയബന്ധം പുതുതായി വിളക്കിച്ചേർത്തു. മുഗ്ധസൗന്ദര്യത്തിന്റെ കളിത്തോഴിയായ ഭാരതപ്പുഴയെ, കവിതയെ, എന്നപോലെ പാറുക്കുട്ടിയേയും കവി തന്റെ ഹൃദയത്തോട് ചേർത്തുനിർത്തി. പരിഭവത്തിന്റെ നേരമ്പോക്കുകൾക്ക് ഇടയില്ലാതെ അവൾ കവിയോട് ചേർന്നുനിന്നു. പാറുക്കുട്ടി കവിയുടെ നിഴലായി.

കൂടാളിയിൽ നിന്ന് അവധി ദിവസങ്ങളിൽ അവളെത്തേടി രാത്രിവണ്ടിയിൽ കവി വന്നും പോയും കൊണ്ടിരുന്നു. കളിയച്ഛനിലെ നടൻ, ശിഷ്യൻ പ്രണയപാപങ്ങളുടെ പുതുവേഷമണിഞ്ഞ് അരങ്ങ് തകർത്തുകൊണ്ടിരുന്നു. കെട്ടേണ്ട വേഷത്തിന്റെ മുഖശ്രീ കവി ഭാവനയുടെ കണ്ണാടിയിൽ നോക്കി മിനുക്കി. പക്ഷേ, അനുഭവത്തിന്റെ ഉപ്പുനനവുകളാൽ മുഖത്തെഴുത്തുകൾ മാഞ്ഞുകൊണ്ടിരുന്നു. പാപപുണ്യങ്ങളുടെ നിഴലാട്ടങ്ങളിൽ കവി തന്നെത്തന്നെ ബലി നൽകി. ആത്മബലിയുടെ തനിയാവർത്തനങ്ങളായി കവിജീവിതം പലകാലങ്ങളിൽ വേദനയുടെ പലവേഷങ്ങളാടിത്തിമർത്തു.

അന്യാധീനപ്പെട്ട കുടുംബ വീട്

ല്ലാവരും ഉണ്ടായിരുന്ന മഠത്തിൽവളപ്പ് വീട്, കുഞ്ഞമ്പു നായരുടെ മരണത്തോടെയാണ് ശിഥിലമാവാൻ തുടങ്ങിയത്. കവിയും കുഞ്ഞുലക്ഷ്മിയും കൂടാളിയിൽ. ലീല കൊടുവായൂരിൽ. ഇക്കാലത്ത് കവിയുടെ അമ്മ കുഞ്ഞമ്മയമ്മ കുറച്ച് കാലം ഗുരുവായൂരിൽ ചെന്ന് താമസിക്കാൻ ഒരുങ്ങി നിന്നു. അതുകൊണ്ടുതന്നെ അവിടെയായിരുന്ന മകൾ രാധയെ കവി കൂടാളിയിലേക്ക് കൊണ്ടുപോയി. മഠത്തിൽവളപ്പ് വീട്ടിൽ കവിയുടെ അനുജൻ കൃഷ്ണൻനായരും കുടുംബവും താമസം തുടങ്ങി. ഈയൊരവസരത്തിലാണ് കാലടിയിലെ ആഗമാനന്ദസ്വാമികളുടെ അടുത്തുനിന്ന് രവീന്ദ്രൻ നായർ കാഞ്ഞങ്ങാട്ട് തിരിച്ചെ ത്തിയത്. അച്ഛനോടുള്ള പിണക്കം കാരണം രവീന്ദ്രൻ നായർ കൂടാളിയിൽ പോയില്ല. എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തണം എന്ന ആഗ്രഹവുമായി അദ്ദേഹം ആ ദിവസങ്ങളിൽ പലയിടങ്ങളിലുമായി ഇറങ്ങിനടന്നു. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വന്ന ആ ദിവസങ്ങളെക്കുറിച്ച് രവീന്ദ്രൻ നായർ ഓർക്കുന്നു:

കുറെ ആഴ്ചകൾക്കുശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അച്ഛൻ തീവണ്ടിയിൽ നിന്നിറങ്ങി വരുന്നതുകണ്ടു. പിണങ്ങി വീട് വിട്ടിറങ്ങിയശേഷം അച്ഛനെ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ല. മാസങ്ങൾക്കുശേഷം ആദ്യമായി കാണുന്നു.

ജോലിതേടി നടക്കുന്നതിനിടയിലാണ് കാഞ്ഞങ്ങാട് വേലേശ്വരം എൽ.പി.സ്‌കൂളിൽ ഒരൊഴിവുണ്ടെന്നറിഞ്ഞത്. ഞാൻ ടി.ടി.സി കഴിഞ്ഞിട്ടില്ലായിരുന്നു. ചേച്ചി ലീലയ്ക്ക് ആ ജോലി കിട്ടിയാൽ നന്നായിരിക്കും. ഇക്കാര്യം ചേച്ചിയെ എഴുത്തിലൂടെ അറിയിച്ചു. ചേച്ചി അച്ഛനോട് സമ്മതം ചോദിച്ചു. അച്ഛന് കാഞ്ഞങ്ങാട്ടേക്ക് പോകാൻ താത്പര്യമില്ലായിരുന്നു.
അച്ഛൻ പറഞ്ഞു, അങ്ങോട്ട് പോകണ്ട. നമുക്ക് ഇവിടെ എവിടെയെങ്കിലും നോക്കാം.
വേലേശ്വരം സ്‌കൂളിന്റെ മാനേജർ ഒരു ഭട്ടതിരിപ്പാടായിരുന്നു. അച്ഛനെ അറിയാം. അദ്ദേഹത്തിന്റെ അനുജൻ മുരളി ഭട്ടതിരിപ്പാട് അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. കാഞ്ഞങ്ങാട്ട് എത്തിച്ചേർന്നപ്പോൾ ഒരു ദിവസം അദ്ദേഹം അച്ഛനെ കണ്ടു. അദ്ദേഹം പറഞ്ഞു, നമ്മുടെ സ്വന്തം സ്‌കൂൾ. ലീലയെ വിടണം. അവൾ പഠിപ്പിക്കട്ടെ. അതു കേട്ടപ്പോൾ അച്ഛന് തൃപ്തിയായി. അച്ഛൻ സമ്മതമറിയിച്ചു. ലീല കാഞ്ഞങ്ങാട്ട് വന്നു.

പി.യുടെ മക്കളായ രവീന്ദ്രൻ, രാധ, ബാലാമണി, ലീല എന്നിവർ. കൂടെ പേരക്കുട്ടിയും.

ചേച്ചിയും ഞാനും കാഞ്ഞങ്ങാട്ട് എവിടെ താമസിക്കും?
അച്ഛനും അമ്മയും ഇല്ലാത്ത മഠത്തിൽവളപ്പ് വീട്. അവിടെ ചെന്ന് താമസിക്കാൻ തോന്നിയില്ല. ഒരു വാടകവീട് തിരഞ്ഞു. സ്‌കൂളിനടുത്ത് ഒരു വാടകവീട് കിട്ടി. ചേച്ചിക്ക് കൂട്ടായി ഞാനും അവിടെ കഴിഞ്ഞു. ചേച്ചി രാവിലെ സ്‌കൂളിൽ പോയി. ഞാൻ ജോലിക്കുവേണ്ടിയുള്ള അന്വേഷണത്തിലും. കാഞ്ഞങ്ങാട്ടുള്ള ഒരു ഖാദിക്കടയിൽ ചെന്നു ചോദിച്ചു. എന്തെങ്കിലുമൊരു ജോലി തരപ്പെടുമോ?
കടക്കാരൻ പറഞ്ഞു, പരുത്തി തരാം. നൂലുണ്ടാക്കി തിരിച്ചു തരാമോ?
ഓ, തരാം.

ജീവിക്കാൻവേണ്ടി ആദ്യമായി ഒരു തൊഴിലിൽ ഏർപ്പെട്ടു. നൂൽനൂൽക്കുന്ന പണി. പലയിടങ്ങളിലുമായി കണ്ടു പരിചയമുള്ള ഗാന്ധിജിയുടെ ചിത്രമോർത്തു. കടയിൽ പരുത്തി വാങ്ങിക്കൊണ്ടുപായി ചർക്കയിലിട്ട് നൂലുണ്ടാക്കുന്ന പണിയിലേർപ്പെട്ടു. പകൽ മുഴുവൻ നൂൽനൂറ്റിരുന്നു. മാസങ്ങളോളം ഇതു തുടർന്നു. ഒരു ദിവസം ആരോ ഒരാൾ പറഞ്ഞു, കാഞ്ഞങ്ങാട് ദുർഗാ സ്‌കൂൾ മാനേജർ ചന്തുനമ്പ്യാരുടെ മക്കൾക്ക് ട്യൂഷനെടുക്കാൻ ഒരാളെ അന്വേഷിക്കുന്നു.
അതു കേട്ടപ്പോൾ പ്രതീക്ഷയോടെ അങ്ങോട്ടു ചെന്നു.
ചന്തുനമ്പ്യാർ ചോദിച്ചു, മക്കൾക്ക് ട്യൂഷനെടുക്കണം. പറ്റുമോ?
പറ്റും.
പക്ഷെ, ഒരു നിബന്ധന; മാനേജർ പറഞ്ഞു- വീട്ടിൽ താമസിച്ച്​ ട്യൂഷനെടുക്കണം. ചേച്ചിക്ക് കൂട്ടായി വാടകവീടെടുത്ത് താമസിച്ചുവരികയാണ്. ചേച്ചിയെ എന്തുചെയ്യും? ഒരു വഴിയുണ്ടായി. അച്ഛന്റെ ബന്ധുവീടുണ്ടായിരുന്നു സ്‌കൂളിനടുത്ത്. ചേച്ചി പഠിപ്പിക്കുന്ന സ്‌കൂളിലെ ടീച്ചറുടെ വീട്. പേര് സരസ്വതി. അവർ ചേച്ചിയുടെ സഹപാഠി കൂടിയായിരുന്നു. ചേച്ചി അവരോടൊപ്പം താമസിക്കാൻ തീരുമാനമായി. ഞാനാകട്ടെ അന്നുമുതൽ മാനേജരുടെ വീട്ടിൽ താമസിച്ച് കുട്ടികൾക്ക് ട്യൂഷനെടുത്തു കഴിഞ്ഞു. ഒരു വർഷക്കാലത്തോളം അങ്ങനെ കഴിഞ്ഞുപോയി.

അഞ്ച് പുസ്തകങ്ങൾക്ക് കവി പ്രതിഫലം പറ്റിയത് 500 രൂപ. തിരിച്ചുകൊടുക്കേണ്ടത് അതിന്റെ പലപല മടങ്ങ്. തീർന്നില്ല. കാഞ്ഞങ്ങാടെ വീടും കൂടി അതിനുവേണ്ടി ചൂണ്ടിപ്പണയം വെച്ചു. കവിയുടെ ഇനിയെഴുതുന്ന എല്ലാ പുസ്തകങ്ങളുടെയും പകർപ്പവകാശം നമ്പ്യാർക്ക്.

മാനേജരുടെ വീടിന്റെ തൊട്ടടുത്തായിരുന്നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. തീവണ്ടി വരുന്നതും പോകുന്നതുമെല്ലാം അവിടെനിന്ന് നോക്കിയാൽ കാണാം. മിക്ക ശനിയാഴ്ചകളിലും രാവിലെ ഞാൻ റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നു, അച്ഛൻ വരുന്നുണ്ടെങ്കിൽ ഒന്നു കാണണം എന്ന ആഗ്രഹത്തോടെ. സ്റ്റേഷനിൽ വണ്ടി നിർത്തിയാൽ അതിൽ നിന്നിറങ്ങുന്ന ആൾക്കൂട്ടത്തിൽ അച്ഛനെ പരതി.
വണ്ടി വരുമ്പോഴുള്ള പ്രതീക്ഷ വണ്ടി സ്റ്റേഷൻ വിട്ടുപോകുന്നതോടെ ഇല്ലാതായി മാറി. വണ്ടി അകന്നു പോവുന്നതും നോക്കി കുറച്ചുസമയം കൂടി സ്റ്റേഷനിൽ ചെലവഴിച്ച് ആ ദിവസങ്ങളിലൊക്കെ ഞാൻ തിരിച്ചുപോയി.

കുറെ ആഴ്ചകൾക്കുശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അച്ഛൻ തീവണ്ടിയിൽ നിന്നിറങ്ങി വരുന്നതുകണ്ടു. അച്ഛൻ നടന്നകലുന്നു. പിണങ്ങി വീട് വിട്ടിറങ്ങിയശേഷം അച്ഛനെ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ല. മാസങ്ങൾക്കുശേഷം ആദ്യമായി കാണുന്നു. സ്റ്റേഷനിൽ ഒരിടത്ത് നിൽക്കുന്ന എന്നെ അച്ഛൻ കണ്ടില്ല. അച്ഛൻ നടന്നു തുടങ്ങിയപ്പോൾ ഞാൻ നിശ്ശബ്ദനായി അച്ഛന്റെ പിറകെ ചെന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അച്ഛൻ എന്നെ കണ്ടു. ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ നിന്നു. എന്നോട് മിണ്ടി. ഞങ്ങൾ വർത്തമാനം പറഞ്ഞു നടന്നു. ട്യൂഷൻ മാഷായി കഴിയുന്ന എന്റെ വിവരങ്ങളൊക്കെ എങ്ങനെയോ അച്ഛൻ അറിഞ്ഞിരുന്നു.
പോകുന്ന വഴിയിലാണ് പട്ടരുടെ ശ്രീകൃഷ്ണഭവൻ എന്ന ഹോട്ടൽ.
അച്ഛൻ എന്നോട് ചോദിച്ചു, നീ എന്തെങ്കിലും കഴിച്ചോ?
ഇല്ല.
എന്നാ വാ, നമുക്കൊരു ടിഫിൻ കഴിക്കാം.

അച്ഛനും ഞാനും ദോശ കഴിച്ചു. അതിനുശേഷം അച്ഛൻ മഠത്തിൽവളപ്പ് വീട്ടിലേക്കും ഞാൻ മാനേജരുടെ വീട്ടിലേക്കും നടന്നു. പിന്നെയുള്ള പല ശനിയാഴ്ചകളിലും ഇതുപോലെ അച്ഛനെ പ്രതീക്ഷിച്ച് റെയിൽവേസ്റ്റേഷനിൽ ചെന്നു നിൽക്കാറുണ്ടായിരുന്നു. പക്ഷേ അച്ഛൻ അപൂർവ്വമായി മാത്രമേ എത്തിച്ചേർന്നിരുന്നുള്ളൂ. വന്ന ദിവസങ്ങളിൽ ഞങ്ങളൊന്നിച്ച് ശ്രീകൃഷ്ണഭവനിലെ ഭക്ഷണം കഴിച്ച് പിരിഞ്ഞു.

കുട്ടികൾക്ക് ട്യൂഷനെടുത്ത് കഴിയുന്നതിനിടെ ദുർഗാ സ്‌കൂളിൽ ക്ലാർക്കിന്റെ ഒരൊഴിവ് വന്നു. അതോടെ അവിടെ ക്ലാർക്കായി നിയമനം കിട്ടി. പുതിയ ജോലി. പുതിയ വരുമാനം. കനത്ത പണി. ജീവിതത്തിലാദ്യമായി ഞാനൊന്ന് നിവർന്നു നിൽക്കാൻ ശ്രമിച്ചു. ഒരു ദിവസം അറിയാനിടയായി, കൂടാളിയിലെ അഞ്ചു പുസ്തകങ്ങളുടെ കഥ കോടതി കയറി. കൂടാളിയിലെ നമ്പ്യാർ വക്കീൽ നോട്ടീസയച്ചു. നോട്ടീസിൽ അച്ഛൻ വിശ്വാസവഞ്ചകനായി.
കഥ മുഴുവനറിഞ്ഞപ്പോൾ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. അഞ്ച് പുസ്തകങ്ങൾക്ക് കവി പ്രതിഫലം പറ്റിയത് 500 രൂപ. തിരിച്ചുകൊടുക്കേണ്ടത് അതിന്റെ പലപല മടങ്ങ്. തീർന്നില്ല. കാഞ്ഞങ്ങാടെ വീടും കൂടി അതിനുവേണ്ടി ചൂണ്ടിപ്പണയം വെച്ചു. അതിനോടൊപ്പം മറ്റൊന്നു കൂടി നമ്പ്യാരുടെ പുസ്തകക്കരാറിലുണ്ടായിരുന്നു. കവിയുടെ ഇനിയെഴുതുന്ന എല്ലാ പുസ്തകങ്ങളുടെയും പകർപ്പവകാശം നമ്പ്യാർക്ക്.
അച്ഛൻ ചെന്നുപെട്ട പ്രശ്നം കാഞ്ഞങ്ങാട്ട് വീട്ടിൽ വലിയ ചർച്ചയായി. വീട് പണയം വെച്ചതുകൊണ്ട് പണം കൊടുത്തില്ലെങ്കിൽ വീട് അന്യരുടെ കയ്യിലാകും. എന്താണ് ഒരു വഴി? മുത്തശ്ശിയും ചെറിയച്ഛൻ കൃഷ്ണൻ നായരും അച്ഛനും കോലായിരുന്ന് തലപുകഞ്ഞു.
ചെറിയച്ഛൻ പറഞ്ഞു, വീട് നഷ്ടപ്പെട്ടുപോകരുത്. പണം ഞാൻ തരാം. വീട് തൽക്കാലം എന്റെ പേരിലാക്കാം.
മുത്തശ്ശി അത് ശരിവച്ചു. മുത്തശ്ശി പറഞ്ഞു, കുഞ്ഞീ, നീയിപ്പോൾ കൂടാളിയിലാണ്. കൃഷ്ണൻ ഇവിടെ താമസിച്ചാൽ എനിക്കൊരു കൂട്ടാവും.
അച്ഛൻ സമ്മതിച്ചു. അച്ഛന്റെ പേരിലുള്ള മഠത്തിൽ വളപ്പ് വീട് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നതായി എനിക്കുതോന്നി. ഈ സന്ദർഭത്തിൽ എനിക്കെന്ത് പറയാൻ കഴിയും? ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു, കടം ഞാൻ വീട്ടിക്കോളാം,
അച്ഛനൊരിക്കലും വീട് നഷ്ടപ്പെടുത്തരുത്.

മഠത്തിൽവളപ്പ് വീട്.

അതുകേട്ട് മുത്തശ്ശി ചൊടിച്ചു. കൃഷ്ണൻ ഇളയച്ചൻ എന്നെ തറപ്പിച്ചു നോക്കി. അച്ഛന്റെ കണ്ണിൽ ഇരുട്ടു കയറി. സഭയിൽ അപമാനിതനായ ഒരാളെപ്പോലെ അച്ഛൻ കലിമൂത്ത് എനിക്കു നേരെ ചാടിവീണു, നീയിപ്പോ വല്യ കമ്മ്യൂണിസ്റ്റായോടാ.
വല്യോര് സംസാരിക്കുന്നിടത്ത് നിനക്കെന്ത് കാര്യം?
എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ നിശ്ശബ്ദനായി. പുതിയ ആധാരക്കരാർ അണിയറയിൽ ഒരുങ്ങി. മഠത്തിൽവളപ്പ് വീട് അങ്ങനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. താത്കാലികമായ ഒരു കരാറാണെന്നും വീട് പിന്നീട് തിരിച്ചുകിട്ടുമെന്നുമാണ് അച്ഛൻ കരുതിയിരുന്നത്. പക്ഷെ യാഥാർത്ഥ്യം മറ്റൊന്നാണെന്ന് പിന്നിടങ്ങോട്ട് അച്ഛന് മനസ്സിലായി. സ്വന്തമെന്ന് കരുതുന്നതെല്ലാം നഷ്ടപ്പെടുകയല്ലാതെ നഷ്ടപ്പെട്ടതൊന്നും അച്ഛന് പിന്നീട് തിരിച്ചുകിട്ടിയിട്ടില്ല.

കാഞ്ഞങ്ങാടിനെപ്പറ്റി ഓർക്കുമ്പോഴെല്ലാം നഷ്ടപ്പെട്ടുപോയ ഈ വീടിന്റെ ദുഃഖം അച്ഛനെന്നും ഉണ്ടായിയിരുന്നു. അഞ്ചു പുസ്തകങ്ങൾ വിറ്റുനടന്ന ചുമൽഭാരത്തോടൊപ്പം അച്ഛൻ ജനിച്ചുവളർന്ന ആ വീട് നഷ്ടപ്പെട്ടുപോയതിന്റെ വേദന ഇന്നുമെന്റെ മനസ്സിൽ വന്നു നിറയാറുണ്ട്.

കാഞ്ഞങ്ങാട്ട് അച്ഛനോ ഞങ്ങൾക്കോ സ്വന്തമായി ഒന്നുമില്ലാതെയായി. ഒരുതരി മണ്ണുപോലും ഇല്ലാത്തവിധം എല്ലാം അന്യാധീനപ്പെട്ടു. ദുർഗാ സ്‌കൂളിൽ ജോലി ചെയ്യുന്ന നാളുകളിലൊക്കെ മനസ്സിൽ ഒരാഗ്രഹം മാത്രം ബാക്കിയായി; കാഞ്ഞങ്ങാട്ട് വീടുവയ്ക്കാൻ കുറച്ച് സ്ഥലം. മഠത്തിൽവളപ്പ് വീടിനടുത്തായി തൊണ്ണൂറ് സെൻറ്​ വിലയ്ക്കു വാങ്ങി. അവിടെ വീടുവെച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു കുടുംബം മെല്ലെ മെല്ലെ പിച്ചവെച്ചു തുടങ്ങി.
അതിന്റെ ആദ്യത്തെ കാൽവെപ്പായിരുന്നു അത്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments