യാത്ര പറഞ്ഞു നീ പോയതുചിതമോ
പന്ത്രണ്ട് വർഷക്കാലത്തെ കൂടാളി സ്‌കൂൾ ജീവിതത്തിൽ നിന്ന് പി. കുഞ്ഞിരാമൻ നായർ യാത്രചോദിക്കുന്ന ഒരു മുഹൂർത്തമായി. കൂടാളിയിൽ നിന്ന് പ്രകൃതിസുന്ദരമായ കൊല്ലങ്കോട്ടേക്കായിരുന്നു കവിയുടെ യാത്ര. തന്റെ കവിതയെഴുത്തിന് അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷ കവിക്കുണ്ടായിരുന്നു. കൂടാളി ഗ്രന്ഥശാലയും സ്‌കൂളും കവിക്ക് യാത്രാശംസകൾ നേരാൻ യോഗം സംഘടിപ്പിച്ചു. കവിയുടെ യാത്രപറയലിൽ ഒരാൾ മാത്രം അങ്ങേയറ്റം ദുഃഖിതനായി. കവിയുടെ സന്തതസഹചാരിയായ എം.കെ. രാമകൃഷ്ണൻ മാഷ്. കവി കൂടാളി വിട്ടുപോകുന്ന ആ ദിവസങ്ങളെപ്പറ്റി രാമകൃഷ്ണൻ മാഷ് ഓർക്കുന്നു.
21.07.1961 ഉച്ചനേരം. മഴകാരണം സ്‌കൂൾ നേരത്തെ വിട്ടിരുന്നു. അധ്യാപകരടക്കം പലരും വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. സ്റ്റാഫ് റൂമിൽ ഞാൻ തനിച്ചായിരുന്നു. കുട്ടികളുടെ പ്രബന്ധങ്ങൾക്കിടയിലൂടെ കണ്ണുപായിച്ചുകൊണ്ടിരിക്കെ പുറത്തു നിന്ന് കവിയുടെ ശബ്ദം ഉയർന്നു കേട്ടു. കുറച്ചുകഴിഞ്ഞ് കവി മുറിയിലേക്ക് കയറി വന്ന് എന്നോട് പറഞ്ഞു, എടോ സ്ഥലംമാറ്റത്തിന്റെ കടലാസുകളെല്ലാം ശരിയായി. കൂടാളിയോട് വിട. പകരം ഇനിയുള്ള ഏഴ് വർഷം കൊല്ലങ്കോട്ട്. അതുകേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. കുറച്ചുകാലമായി സ്ഥലംമാറ്റത്തിനുവേണ്ടി കവി കാത്തിരിക്കുകയാണെന്ന് അറിയാം. സ്ഥലംമാറ്റം അംഗീകരിച്ചു കിട്ടുന്നതിനായി കണ്ണൂർ, പാലക്കാട് വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി പത്രത്തിനുവേണ്ടി കുറച്ച് കാലമായ കവി പരിശ്രമിക്കുകയായിരുന്നു. അത് കിട്ടിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയിച്ചത്. അതിന്റെ സന്തോഷത്തിലാണ് കവി. പക്ഷെ എന്തുകൊണ്ടോ ആ നിമിഷം മുതൽ എന്റെ മനസ്സ് വേദനയോടെ വിങ്ങാൻ തുടങ്ങി.
എനിക്ക് കവിയോടുള്ള ഇഷ്ടവും അതുകാരണം ഇപ്പോൾ അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാവത്ത വേദനയും കവിയുടെ മുന്നിൽ ഞാൻ മറച്ചുപിടിച്ചു. കഴിഞ്ഞ മാർച്ച് മാസം ഏഴാംതീയതി സ്‌കൂൾ ഷെഡിലിരുന്ന് ഹിന്ദി കവി ശ്രീ വല്ലഭപന്തിന്റെ മരണത്തോടനുബന്ധിച്ച് റേഡിയോ കേട്ടിരുന്ന വൈകുന്നേരം മനസ്സിലേക്കോടിയെത്തി. അതോടൊപ്പം വൈകുന്നേരങ്ങളിൽ ഒന്നിച്ചിരിക്കുമ്പോൾ പങ്കുവെച്ച തുളസിദാസ രാമായണത്തിലെ വരികൾ. ആത്മാവിന്റെ നിത്യതയെക്കുറിച്ചും ശരീരത്തിന്റെ അനിത്യതയെക്കുറിച്ചുമുള്ള ഗീതാ ശ്ലോകം. ഇതെല്ലാം മനസ്സിലേക്ക് കടന്നുവന്നു.
വേർപാടും കൂടിച്ചേരലുമാണ് ജീവിതമെന്നതാണ് മനുഷ്യജീവിതസാരം.
ശരീരമല്ല ആത്മാവാണ് പരമാർത്ഥമായതെന്ന് ഗീതാസാരത്തിലും പറയുന്നു. ഗീതയുടെ ശംഖൊലികൾ മനസ്സിന്റെ അടിത്തട്ടിലുണ്ട്. പക്ഷെ ഭൗതികജീവിതത്തോട് ചേർന്നുനിൽക്കുന്ന മനുഷ്യർക്ക് വേർപാട് വേദനയല്ലാതെ മറ്റെന്താണ്? കൂടാളി സ്‌കൂളിൽ വന്നുചേരാനുള്ള പ്രധാനകാരണം കവിയുടെ സാന്നിധ്യമായിരുന്നു. ഭാഗ്യവശാൽ എന്റെ ആഗ്രഹമോരോന്നും സഫലമായി.
കവിയെ കണ്ടു. മാത്രമല്ല അടുത്തിടപഴകി. ഒന്നിച്ചു താമസിച്ചു. ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തു. പലയിടങ്ങളിലും യാത്രചെയ്തു. പ്രസംഗവേദികൾ ഒന്നിച്ചുപങ്കിട്ടു. കവിതകൾ വായിച്ചു. അസ്സലെഴുതി. പ്രബന്ധം നോക്കി. പരസ്പരം ഉപദേശിക്കുകയും ഉപദേശം കേൾക്കുകയും ചെയ്തു. എഴുത്തിന്റെയും ചിന്തയുടെയും ലോകത്തെ ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത് പി.യിലൂടെയായിരുന്നു.
കവി കവിതയിൽ മാത്രം ജീവിച്ചു. ഞാൻ കവിയോട് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും കലഹിക്കാതിരിക്കാനും പറഞ്ഞു. കവി നിരന്തര കലഹങ്ങളുടെ കടുംവേദനകളേറ്റ് അനുഭവത്തിന്റെ ചൂടുള്ള കവിതകൾ കോരിയെടുത്തു. കവി കൂടെയുള്ളവരെയൊക്കെ അങ്ങേയറ്റം വിശ്വസിച്ചു. അവർ പലപ്പോഴും കവിയുടെ മനഃശാന്തിയെ കവർന്നെടുത്തു. അനുഗ്രഹം നൽകുന്നതിന് പകരം കവി കുട്ടികളുടെ അനുഗ്രഹത്തിനായി അവരുടെ മുന്നിൽ ചെന്ന് തലകുനിച്ചു. പലപ്പോഴും ശരീരം മറന്ന് മനസ്സുകൊണ്ട് അദ്ദേഹം പുതിയ പുതിയ സ്വപ്നഭൂഖണ്ഡങ്ങൾ തേടി നടന്നു.
കുട്ടികളെ വേണ്ടവണ്ണം പഠിപ്പിക്കുന്നില്ല എന്ന അതൃപ്തി പ്രകടിപ്പിച്ചിരുന്ന സഹപ്രവർത്തകരായ അധ്യാപകർക്ക് കവി മാഷ് യാത്രപറയുമ്പോൾ എന്തുതോന്നുമായിരിക്കും?
പ്രപഞ്ചം എന്ന സമാഹാരം കൂടാളി ജീവിതത്തിന്റെ കാവ്യരേഖയാണ്. കവി കൂടാളിയോട് യാത്രപറയുമ്പോൾ എന്നെപ്പോലെ ഇവിടത്തെ കുട്ടികളും അങ്ങേയറ്റം ദുഃഖിക്കുമായിരിക്കും. അവരുടെ ജീവിതത്തിലെ ഒരേയൊരു കവിമാഷ് പി. കുഞ്ഞിരാമൻ നായർ മാത്രമാണ്. മറ്റുള്ളവരെല്ലാം വെറും അധ്യാപകർ മാത്രം. കവിമാഷ് കുട്ടികളെ തല്ലിയിട്ടുണ്ട്. പക്ഷെ അതിനേക്കാൾ കൂടുതലായി അദ്ദേഹം കുട്ടികളെ തലോടിയിട്ടുമുണ്ട്. ഇല്ലായ്മയുടെ കയ്പനുഭവിക്കുന്ന എത്രയെത്ര കുട്ടികൾക്ക് കാന്റീൽനിന്ന് ചായ കുടിക്കാനുള്ള ചില്ലറത്തുട്ടുകൾ എടുത്തു നൽകി. കുട്ടികൾക്ക് കവിമാഷ് യാഥാർത്ഥത്തിൽ സ്നേഹത്തിന്റെ ഒരു പാഠപുസ്തകമായിരുന്നു.
കുട്ടികളെ വേണ്ടവണ്ണം പഠിപ്പിക്കുന്നില്ല എന്ന അതൃപ്തി പ്രകടിപ്പിച്ചിരുന്ന സഹപ്രവർത്തകരായ അധ്യാപകർക്ക് കവി മാഷ് യാത്രപറയുമ്പോൾ എന്തുതോന്നുമായിരിക്കും? കവിമാഷ് മറ്റാരേക്കാളും വിലമതിക്കുന്ന ഒരു സാന്നിധ്യമായിരുന്നു എന്നവർ ഇപ്പോഴെങ്കിലും തിരിച്ചറിയുമായിരിക്കും. കൂടാളി സ്‌കൂളിന്റെ തിരുമുറ്റത്ത് നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച് ഒരുക്കി നിർത്തിയിരുന്ന ഒരൊറ്റക്കൊമ്പൻ. തന്റെ കാലിനെ ബന്ധിച്ച ഇരുമ്പുചങ്ങല നോക്കി കാടിനെയും കാടിന്റെ നിത്യവന്യതയേയും സ്വപ്നംകണ്ട ഒരു മദയാന. അത് പലപ്പോഴായി പതുക്കെയും ഉറക്കെയും ചിന്നം വിളിച്ചു കരഞ്ഞതിന്റെ ഏകസാക്ഷിയായിരുന്നത് ഞാനല്ലാതെ മറ്റാര്?
1961 ആഗസ്റ്റ് ആറിന് കൂടാളി വായനശാല കവിക്ക് യാത്രയയപ്പ് നൽകി. അവർ യാത്രാശംസ നേരാൻ എന്നെയും വിളിച്ചു. കവിയും ഞാനും ചെന്നു. പലരും കവിയെക്കുറിച്ച് പലതും പറഞ്ഞു. എന്റെ ഊഴമെത്തി. ഞാൻ ഗീതാവാക്യം സ്മരിച്ചു. ജീവിതം യുദ്ധമാണ്. യുദ്ധമുഖത്ത് മനഃസ്ഥൈര്യം- അതു മാത്രമാണ് മുന്നോട്ടേക്കുള്ള വഴിയും വഴികാട്ടിയും. ഞാൻ കവിയോടൊപ്പം വേദിയിലിരുന്ന് ധൈര്യം അഭിനയിച്ചു. ആ നേരങ്ങളിലൊക്കെ കവിയോടൊപ്പമുള്ള ഓർമകൾ വന്ന് മനസ്സിന്റെ ആകാശത്ത് കാറും കോളും നിറച്ചു. മൈക്കിലൂടെ ഉയർന്നുകേൾക്കുന്ന ഓർമകളുടെ നിശ്വാസത്തിന്റെ ചെറുസ്പർശം കൊണ്ടുപോലും പെയ്തുപോകാവുന്ന വിധം ഞാൻ ദുർബലനായി. കണ്ണിൽ നിന്ന് കണ്ണീർത്തുള്ളികൾ ധാരധാരയായി.
വാക്കുകളെക്കാൾ അന്നാദ്യമായും അവസാനമായും കൂടുതൽ സംസാരിച്ചത് കണ്ണുകളായിരുന്നു. ജീവിതത്തിലെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും അതിസാന്ദ്രത എന്താണെന്ന് അന്നാദ്യമായി ഞാനറിഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ പലരും സംസാരിച്ചു. കഴുത്തിലെ വേഷ്ടിയിൽ പിടിച്ചുവലിച്ചും പറയുന്നവരുടെ വാക്കുകൾ കേട്ട് ഇടയ്ക്ക് വികാരാധീനനായും കവിയിരുന്നു
കൂടാളി ഹൈസ്‌കൂൾ സംഘടിപ്പിച്ച യാത്രയയപ്പ് അതിനുശേഷമായിരുന്നു. ആ ദിനവും ഒടുവിൽ വന്നെത്തി. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന ഗംഭീരമായ ഒരു യാത്രയയപ്പ് യോഗം. കവി ഉല്ലാസവാനായിരുന്നു. കവിക്ക് ഏറ്റവും പ്രിയപ്പെട്ട നിളയുടെ മടിത്തട്ടിലേക്ക്, നീലമലകളുടെ നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമായിരിക്കണം അദ്ദേഹത്തിന്റെ മനസ്സിൽ. ഒരുവർഷം മുമ്പെ കവി കൂടാളിയിലെ വാടകവീട് ഉപേക്ഷിച്ചിരുന്നു. വീണ്ടും പീടികമുറിയിലേക്ക് തിരിച്ചുവന്നപ്പോൾ കവി അവിടെ തനിച്ചായി. ഇന്ന് എന്നെന്നേക്കുമായി ആ വാടകമുറികളോടും കവി യാത്ര പറയുന്നു.
യാത്രയയപ്പ് യോഗത്തിൽ പലരും സംസാരിച്ചു. കഴുത്തിലെ വേഷ്ടിയിൽ പിടിച്ചുവലിച്ചും പറയുന്നവരുടെ വാക്കുകൾ കേട്ട് ഇടയ്ക്ക് വികാരാധീനനായും കവിയിരുന്നു. ആരോ പറഞ്ഞു. കവിമാഷ് കൂടാളിയിലെ കുട്ടികൾക്ക് നൽകിയ മിഠായി മധുരം അദ്ദേഹത്തിന്റെ കവിതകൾപോലെ എക്കാലത്തും ഓർമയിൽ തങ്ങി നിൽക്കും.
അധ്യക്ഷൻ കെ.ടി കുഞ്ഞിക്കേളപ്പൻ മാഷ് കവിയെ മറുപടി പറയാൻ ക്ഷണിച്ചു.
കവി സദസ്സിന് മുന്നിൽ കളിയച്ഛനായി വന്നു നിന്നു.
സദസ്സ് കവിയുടെ ഏറ്റുപറച്ചിലുകൾ കേട്ടു. കെട്ടേണ്ട വേഷം അരങ്ങത്ത് ആടിത്തീർക്കാൻ കഴിയാത്തവന്റെ കുറ്റബോധം നിറഞ്ഞ വാക്കുകൾ.
കവി പറഞ്ഞു; കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇവിടെ നടന്നത് മലയാളം മുൻഷിയും കവിയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഈ ഏറ്റുമുട്ടലിൽ കവിയുടെ പല്ലുകൾ മിക്കതും അടർന്നു. കൂടാളി മടുത്തതുകൊണ്ടോ വെറുത്തതുകൊണ്ടോ അല്ല ഇവിടം വിടുന്നത്. ഒരു കിളി കൂട് വിട്ടു മറ്റൊരു കൂട്ടിലേക്ക് പോകുന്നതുപോലെ പോകുന്നു എന്നുമാത്രം. ഇക്കാലത്തിനിടയിൽ നല്ലൊരു അധ്യാപകനാവാൻ എനി
ക്ക് കഴിഞ്ഞിട്ടില്ല. ഇതേവരെ കുട്ടികളുടെ ഉത്തരക്കടലാസ് നോക്കിയിട്ടില്ല. ടീച്ചിംഗ് നോട്ടെഴുതിയിട്ടില്ല. പ്രബന്ധം പരിശോധിച്ചിട്ടില്ല. ഇതെല്ലാം മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ച് എല്ലാം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തുവന്നത്. അതുകൊണ്ട് എല്ലാ തെറ്റുകൾക്കും എനിക്ക് മാപ്പ് നൽകണം. അനുഗ്രഹിക്കണം.
പരിപാടി കഴിഞ്ഞശേഷം കവിയോടൊപ്പം മുറിയിൽ ചെന്നിരുന്ന് കുറച്ചുനേരം സംസാരിച്ചു. കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഒരുക്കിവെച്ചിരുന്നു. അതിൽ പുസ്തകങ്ങളുടെയും മാസികകളുടെയും കെട്ടുകൾ. അതോടൊപ്പം കിടക്കയും മറ്റു സാധനങ്ങളുമടക്കമുള്ള രണ്ടുമൂന്ന് ചാക്കുകെട്ടുകൾ.
പീടികമുറിയുടെ വരാന്തയിൽനിന്ന് ഞാൻ താഴോട്ടു നോക്കി. കവിയോടൊപ്പം എത്രയോ ദിനരാത്രങ്ങൾ ചെലവഴിച്ച വരാന്ത. വരാന്തയിൽനിന്ന് നോക്കിയാൽ കാണുന്ന എണ്ണമറ്റ കാഴ്ചാനുഭവങ്ങൾ. അറവുശാലയിലേക്ക് പോകുന്ന കാളകളെ കണ്ട വഴി ആ നേരത്ത് വിജനമായിരുന്നു. കിളിയെ കൂട്ടിലിട്ട് ചീട്ടെടുപ്പിക്കുന്ന കുറവനും കിളിയും അപ്പോൾ അവിടെയുണ്ടായിരുന്നില്ല. നേരത്തെകണ്ട കാഴ്ചകളൊന്നും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും കവിയെഴുതിയ വരികളിലൂടെ പഴയ ഓർമകൾ ആ വഴികളിലൂടെ ചുവടുവെച്ചു നീങ്ങുന്നതായി തോന്നി.
ചിരകാല ബന്ധനത്തിലായിരുന്ന കുഞ്ഞിരാമൻ നായർ എന്ന കിളി കുറവന്റെ കൂട്ടിലെ കിളിയെപ്പോലെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ ചീട്ടെടുത്ത് നിന്നു. പിന്നെ എല്ലാവരും നോക്കി നിൽക്കെ സ്വയം പറന്നുപോവുകയും ചെയ്തു. യഥാർത്ഥത്തിൽ അത് ഒരു കൂട്ടിൽ നിന്ന് മറ്റൊരു കൂട്ടിലേക്കുള്ള പറക്കൽ മാത്രമായിരുന്നു. ദേശാടനക്കിളികൾ മറ്റു കിളികളെപ്പോലെ കൂടുണ്ടാക്കാറില്ല. അവരുടെ കൂട് ആകാശവും ഭൂമിയുമാണ്. കുഞ്ഞിരാമൻ നായർ കൊല്ലങ്കോട്ട് പോയതിൽ പിന്നെ കവി സ്വതന്ത്രനായോ? അറിയില്ല. സ്വയം പല ബന്ധനങ്ങളിലും കുരുങ്ങിക്കിടക്കുകയോ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതകാലമത്രയും പരിഭവിക്കുകയോ ആയിരുന്നിരിക്കണം. ദുഃഖദീർഘങ്ങളിലേക്ക് നിരന്തരം എടുത്തെറിയപ്പെടുന്ന അപൂർവ്വജന്മങ്ങളിൽ ഒരാളായി പി.അവിടെയും തുടരുകയായിരുന്നോ?
തെന്മലയുടെ താഴ്വരയിൽ വൈകുന്നേരത്തോടെ ഒരു വണ്ടി വന്നു നിന്നു. വേഷ്ടിയും ജുബ്ബയും ധരിച്ച് കാലൻ കുടയുമായി അതിൽനിന്നൊരാൾ കൊല്ലങ്കോട്ടിറങ്ങി- മഹാകവി പി.കുഞ്ഞിരാമൻ നായർ.
കൊല്ലങ്കോട്ട് പോയശേഷം കവിക്ക് കത്തുകളെഴുതി. ഒന്നുരണ്ടു മറുപടികൾ വന്നു. പിന്നെ എഴുതിയതിനൊന്നും മറുപടി കണ്ടില്ല. കവി മറന്നുകാണും എന്നു വിചാരിച്ചു. കവിതയുടെ കൈപിടിച്ച് രാവും പകലും നിളയിലും നിലാവിലും മുഴുകി സ്വയം മറന്നുപോയതാവാം. പോസ്റ്റ്മാൻ വന്നു. കത്തുകൾ തന്നു. പക്ഷെ പി.യുടെ കത്തുകളൊന്നും അതിലുണ്ടായിരുന്നില്ല. മനസ്സ് വ്യസനിച്ചു. അതിനിടെ മാതൃഭൂമിയിൽ ഒരു കവിത കണ്ടു. പി.കുഞ്ഞിരാമൻ നായരുടെ കവിത. ഞാൻ കൊതിയോടെ അതെടുത്തു വായിച്ചു. കവിതയിലെ വരികൾ വീണ്ടും വീണ്ടും വായിച്ചു.
തോഴ! കാൺമൂ ഞാൻ ഭവമുഖമണ്ഡലം ദൂരാൽ കായലും മലകളും ഇടയിൽ തടഞ്ഞാലും നേരെയെന്നയൽവീട്ടിൽ നിൽക്കമങ്ങയെക്കൊച്ചു ദൂരദർശിനികൊണ്ട് കണ്ടതില്ലെന്താശ്ചര്യം കണ്ണുനീർ തുടയ്ക്കുക തോഴ! തേ മിഴി മുന്നി- ലുണ്ടല്ലോ സതിയാൾത്തൻ കുരുന്നുകൾ.
കത്തിനുപകരം മാതൃഭൂമിയിൽ വന്ന കവിതയുടെ പേര് ‘സുഹൃത്തിനൊരു കത്ത്’ എന്നായിരുന്നു. മറവിയിൽ നിന്നല്ല, പിന്നെയും പിന്നെയും മുളപൊട്ടുന്ന ഓർമയിൽ നിന്നാണല്ലോ കവിയുടെ കവിതകളെല്ലാം ജന്മം കൊള്ളുന്നത്. കവിയെ ഓർക്കാനും അദ്ദേഹത്തോടൊപ്പമുള്ള സഹവാസത്തിന്റെ സ്മരണകൾ അയവിറക്കാനും അന്നുമിന്നും ഈ വരികൾ മനസ്സിൽ വന്നുപോയിക്കൊ ണ്ടിരിക്കുന്നു. തോഴ! കാൺമൂ ഞാൻ ഭവമുഖമണ്ഡലം ദൂരാൽ...
കവി (ത) തേടിയ തെന്മലത്താഴ്വര
1961 ജൂലൈ 30 നാണ് പി.കുഞ്ഞിരാമൻ നായർ കൊല്ലങ്കോട് രാജാസ് സ്‌കൂളിൽ അധ്യാപകനായി എത്തിയത്. 1944 കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പരിചയപ്പെട്ട ഭാഗവതാചാര്യൻ പണ്ഡിറ്റ് ഗോപാലൻനായരാണ് കവിയെ കൊല്ലങ്കോട്ടേക്ക് അടുപ്പിച്ചത്. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം കൊല്ലങ്കോട്ട് രാജാസ് സ്‌കൂൾ മാനേജർ പത്മനാഭവർമ രാജാവ് കവിക്ക് നിയമനം നൽകി. കണ്ണൂരിൽ തലയും മൈസൂർക്കാട്ടിൽ വാലുമുള്ള മൺപാതയോരത്തുള്ള കൂടാളി സ്‌കൂളിൽനിന്ന് വിടുതൽ നേടി കൊല്ലങ്കോട്ട് എത്തിച്ചേർന്നതിന് കവിക്ക് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട സംഗതി കവിമനസ്സിനെ വശീകരിച്ച കൊല്ലങ്കോടിന്റെ പ്രകൃതിഭംഗിയായിരുന്നു. മറ്റേത് ലക്കിടിയിലെ തന്റെ പ്രണയിനിയായ പാറുക്കുട്ടി ടീച്ചറെ കൊല്ലങ്കോട്ട് കൊണ്ടുവന്ന് താമസിക്കാമെന്ന് മോഹവും.
കവി എത്തിച്ചേരുമെന്ന് അറിയിച്ചതു പ്രകാരം രാജാസ് സ്‌കൂൾ അധ്യാപകൻ ഇയ്യങ്കോട് ശ്രീധരൻ കൊല്ലങ്കോട് വണ്ടിയാപ്പീസിൽ കവിയെ കാത്തിരുന്നു. സൗന്ദര്യാരാധകനായ കവിയെ കൊല്ലങ്കോടിന്റെ ഗ്രാമപ്രകൃതി അതിന്റെ വിലാസചാരുതകളോടെ കാത്തുനിന്നു. വിജനതയിൽ കാറ്റത്ത് ഇളകിയാടുന്ന കരിമ്പനക്കൂട്ടങ്ങൾ. പച്ചപ്പരവതാനി വിരിച്ച് പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ. തലയാട്ടി അരികിലേക്ക് മാടി വിളിക്കുന്ന താമരപ്പൂക്കൾ. കാർമേഘങ്ങൾ ഉച്ചിയിൽ ചൂടിനിൽക്കുന്ന നീലമലകൾ. ഇവയെല്ലാം തങ്ങളെ ഹൃദയത്തിലേറ്റുവാങ്ങുന്ന കുഞ്ഞിരാമൻ നായരെന്ന അപൂർവ്വ മനുഷ്യനെ കാത്തിരിക്കുകയായിരുന്നു.
കവി സംശയിച്ചതുപോലെ കൂട്ടുകാരി വന്നില്ല. വീട് നിൽക്കുന്ന പറമ്പിനരികിലൂടെ പുഴയൊഴുകി. ജീവിതത്തിന്റെ ചില ഋതുക്കളിൽ കവിയോടൊപ്പം കൂടാൻ കൂട്ടുകാരിയെത്തിയെങ്കിലും പല കാലങ്ങളിലും അവരകന്നുനിന്നു
തെന്മലയുടെ താഴ്വരയിൽ വൈകുന്നേരത്തോടെ ഒരു വണ്ടി വന്നു നിന്നു. വേഷ്ടിയും ജുബ്ബയും ധരിച്ച് കാലൻ കുടയുമായി അതിൽനിന്നൊരാൾ കൊല്ലങ്കോട്ടിറങ്ങി- മഹാകവി പി.കുഞ്ഞിരാമൻ നായർ.
കവിയുടെ ജീവിതത്തിന്റെ പുതിയ രംഗവേദിയിൽ അദ്ദേഹം കാലെടുത്തുവെച്ചു. കൂടാളിയിൽനിന്ന് പോന്ന നാലഞ്ചു ചാക്കുക്കെട്ടുകളും പുതിയ സങ്കേതം തേടി കവിയോടൊപ്പം പ്ലാറ്റ് ഫോമിലിറങ്ങി. യാത്രക്കാരിറങ്ങുകയും വണ്ടി കാത്തുനിന്നവർ കയറുകയും ചെയ്തതോടെ തീവണ്ടി കറുത്ത പുകത്തുപ്പിക്കൊണ്ട് മലവാരങ്ങൾക്കിടയിലൂടെ പൊള്ളാച്ചി, മധുര ഭാഗത്തേക്ക് പാഞ്ഞുപോയി.
ഇയ്യങ്കോട് ശ്രീധരൻ സ്വപ്നാടനം എന്ന ജീവചരിത്രത്തിൽ കവിയുടെ കൂടെപ്പോന്ന ചാക്കുക്കെട്ടുകളെക്കുറിച്ച് പറയുന്നതിങ്ങനെ: ചുരുട്ടിയ ഒരു കിടക്ക, ബന്ധനസ്ഥനായ ഒരു ചാരുകസേര. വാഗൺട്രാജഡി കണക്ക് പഴയ ഇരുമ്പുപെട്ടിയിൽ വാരിവലിച്ച് കുത്തിനിറച്ച കുറെ പുസ്തകക്കെട്ടുകൾ. ഒരു കാർഡ് ബോർഡ് പെട്ടിയിൽ കവിയെ കളിയാക്കിച്ചിരിക്കുന്ന ഏതാനും അലൂമിനിയം പാത്രങ്ങൾ. ഒരു കമ്പിറാന്തൽ. ഒരു കൊടുവാളും കുറെ പൂട്ടും താക്കോലുകളും.
കവി വെളുക്കെ ചിരിച്ചു. കൂട്ടുകാരനെ കെട്ടിപ്പിടിച്ചു ചോദിച്ചു. കവിയുടെ കൂടെവിടെ?
തീവണ്ടിയാപ്പീസിനടുത്ത്, കൊല്ലങ്കോട് ടൗണിൽ കോമളവിലാസ് ഹോട്ടൽ നടത്തിയിരുന്ന കൃഷ്ണയ്യരുടെ വാടക വീട്. ചാക്കുകെട്ടുകൾ ഒറ്റക്കാളവണ്ടിയിൽ കയറി.
കവിയും കൂട്ടുകാരനും അതിന് പിറകെ നടന്നു. ഗായത്രിപ്പുഴ കലങ്ങിയൊഴുകുന്ന വഴികളിലൂടെ അവർ നടന്നു. പുഴയരികിലെ വാടകവീട്ടിൽ കവി താമസം തുടങ്ങി.
ഇയ്യങ്കോട് ചോദിച്ചു, കൂട്ടുകാരി വരില്ലേ. പാറുക്കുട്ടി ടീച്ചർ?
കവി പറഞ്ഞു, വരുമെന്ന് വിചാരിക്കുന്നു. ഞാൻ തനിച്ചാണെങ്കിൽ ഒറ്റമുറി മതിയായിരുന്നു. അവൾ ലീവെടുത്ത് വരുമെന്ന് പറയുന്നു. വന്നാലായി. പെണ്ണുങ്ങളുടെ വാക്കല്ലേ. മുഴുവനും വിശ്വസിക്കാനാവില്ല.
കവി സംശയിച്ചതുപോലെ കൂട്ടുകാരി വന്നില്ല. വീട് നിൽക്കുന്ന പറമ്പിനരികിലൂടെ പുഴയൊഴുകി. ജീവിതത്തിന്റെ ചില ഋതുക്കളിൽ കവിയോടൊപ്പം കൂടാൻ കൂട്ടുകാരിയെത്തിയെങ്കിലും പല കാലങ്ങളിലും അവരകന്നുനിന്നു. ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ജീവിതത്തിനിടയിലൂടെ കാലം പോലെ പുഴയും ഒഴുകിപ്പോയി. പുഴയോരത്ത് മനസ്സലിഞ്ഞ് പലപ്പോഴും കവി കഴിഞ്ഞു. കാത്തിരിപ്പും ഏകാന്തതയും സ്വപ്നങ്ങളും പകുത്തെടുക്കുന്ന ജീവിതം.
കുറച്ചുകഴിഞ്ഞപ്പോൾ കവി പുഴയോരത്തെ വാടകവീടൊഴിഞ്ഞു. വാടകവീടുകൾ പലതും പിന്നെയും മാറിമാറിക്കൊണ്ടിരുന്നു, ഇതിനിടയിലാണ് സ്‌കൂളിനടുത്ത് മൂസ റാവുത്തരുടെ ലോഡ്ജ് കവിയുടെ പുതിയ സങ്കേതമായത്. അടുത്ത മുറിയിൽ ഇയ്യങ്കോട് ശ്രീധരനുണ്ട്. കഥകളിപ്പദങ്ങളും കവിതയും ഭാവനയുടെ പുതുനെയ്ത്തുശാലകളും കൊല്ലങ്കോടൻ ജീവിതം കവി മനസ്സിലേക്ക് പകർന്നുനൽകി. കൂടാളി ഹൈസ്‌കൂളിൽ എം.കെ.രാമകൃഷ്ണൻ മാഷെപ്പോലെ ആയിരുന്നു കൊല്ലങ്കോട് സ്‌കൂളിൽ ഇയ്യങ്കോട് ശ്രീധരൻ. കവിയോടൊപ്പമുള്ള സഹവാസത്തെക്കുറിച്ചും സ്‌കൂൾ കാലത്തെക്കുറിച്ചും കവിയുടെ ജീവചരിത്രകാരൻ കൂടിയായ ഇയ്യങ്കോട് ശ്രീധരൻ ഓർക്കുന്നു.
കവിയും ഞാനും ഒരേ വർഷമാണ് കൊല്ലങ്കോട്ട് സ്‌കൂളിലെത്തിയത്. കവിക്കന്ന് അമ്പത്തിയഞ്ച് വയസ്സ് പ്രായം. എനിക്കാ ണെങ്കിൽ വളരെ ചെറുപ്പവും. കൊല്ലങ്കോട്ട് സ്‌കൂളിൽ അക്കാല ത്തുതന്നെ രണ്ടായിരത്തിലധികം കുട്ടികളുണ്ടായിരുന്നു. ഓരോ ക്ലാസിലും പതിമൂന്നിലധികം ഡിവിഷനുകൾ. കവിയോട് ഹെഡ് മാസ്റ്റർ പറഞ്ഞു. എട്ടാംതരത്തിൽ പഠിപ്പിക്കണം. സ്‌കൂളിന്റെ പടിഞ്ഞാറ് വശത്തെ ഷെഡിലായിരുന്നു എട്ടാംതരം ക്ലാസുകൾ നടന്നിരുന്നത്. വാകമരങ്ങളും അരയാലും തണലിട്ട് നിൽക്കുന്ന ഒരിടം. ആദ്യദിവസങ്ങളിലൊക്കെ ക്ലാസിലിരുന്ന് കവി കുട്ടികളെ പഠിപ്പിച്ചു. പിന്നെപ്പിന്നെ ക്ലാസ് മുറികളിൽനിന്ന് കവി കുട്ടികളെ ഇറക്കിക്കൊണ്ടുപോയി. വാകമരച്ചുവട്ടിലും അരയാൽ ചുവിട്ടിലും കവി ചെന്നിരുന്നു. കുട്ടികൾ കവിക്കു ചുറ്റും കൂട്ടം കൂടിയിയി രുന്നു. കുട്ടികൾക്കും അത് അതുവരെയില്ലാത്ത ഒരനുഭവമായിരുന്നു. ആകാശത്തിനും ഭൂമിക്കും ഇടയിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങളുടെ ചുവട്ടിലിരുന്ന് കവി കുട്ടികളോട് വിളിച്ചു ചോദിച്ചു, നേതാവെവിടെ? നേതാവ് വാ.
ക്ലാസിലെ ലീഡർ അതുകേട്ട് കവിയുടെ അരികിൽ ചെന്നുനിൽക്കും. നേതാവ് ഉറക്കെച്ചൊല്ലുമ്പോൾ മറ്റുള്ള കുട്ടികൾ പാഠപുസ്തകത്തിലേക്ക് നോക്കി അതിനൊപ്പിച്ച് കവിതയിലെ വരികൾ ചൊല്ലി. വൈകുന്നേരം ക്ലാസ് വിട്ട് കുട്ടികളും അധ്യാപകരും സ്‌കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പലപ്പോഴും കവി വാകമരച്ചുവട്ടിലിരിക്കും. ആരെങ്കിലും ചെന്ന് വിളിച്ചാൽ പോലും അറിയില്ല. അവിടെനിന്ന് നോക്കിയാൽ കാണുന്ന തെന്മലയെയും ആകാശം മുട്ടിനിൽക്കുന്ന അതിന്റെ ശൃംഗങ്ങളെയും നോക്കി എത്രനേരം വേണമെങ്കിലും കവി ഇരിക്കുമായിരുന്നു. പ്രകൃതിയും മനുഷ്യനും ഒന്നായിത്തീരുന്ന അനുഭവത്തിന്റെ അസാധാരണമായ അവസ്ഥകളിലായിരുന്നു പലപ്പോഴും കവി.
ശബരിമലയിലേക്കുള്ള യാത്രയിൽ കവിയും കൂടി പങ്കുചേർന്നു. എല്ലാവരും വ്രതമെടുത്തു. കവിയും ഞാനും അന്നാദ്യമായി മാലയിട്ട് കന്നിസ്വാമിയായി. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയിറിയിറങ്ങുന്ന മോക്ഷാർത്ഥികളോടൊപ്പമുള്ള ഒരു യാത്ര.
ഹെഡ്മാസ്റ്റർ അച്യുതൻ നായർ എല്ലാ കാര്യത്തിലും ചിട്ടയുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ കവിയുടെ പെരുമാറ്റരീതിയും അധ്യാപനവും അദ്ദേഹത്തിന് തീരെ പിടിച്ചില്ല. പേരെടുത്ത മലയാളകവി എന്ന പരിഗണനയൊന്നും ഹെഡ്മാസ്റ്റർ ക്കുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് വിദ്യാഭ്യാസ ഡയറക്ടറുടെ സന്ദർശനം. ഹെഡ്മാസ്റ്റർ എന്നെ വിളിച്ച് കവിയോട് ചിട്ടയോടെ ക്ലാസെടുക്കണമെന്ന് ഉപദേശിക്കാനേൽപിച്ചു. ഡയറക്ടർ വന്നപ്പോൾ ആദ്യം അന്വേഷിച്ചത് കവിയെയായിരുന്നു. അച്യുതൻ നായർക്ക് കാര്യം പിടികിട്ടിയില്ല. ഡയറക്ടറെയും കൂട്ടി കവി പഠിപ്പിക്കുന്ന ക്ലാസ്മുറിയിൽ എത്തിച്ചേർന്നു. കവിയെ കണ്ടയുടനെ അദ്ദേഹം കവിയുടെ കാൽക്കൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. അതുകണ്ട് ഹെഡ്മാസ്റ്റർ അന്ധാളിച്ചു നിന്നു. അന്നെത്തിച്ചേർന്നത് ഉത്തരമേഖല വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന നാലാങ്കൽ കൃഷ്ണപ്പിള്ളയായിരുന്നു.
സ്‌കൂളിലെ സ്റ്റാഫ് മുറിയിൽ ഇരിക്കുന്നതിലും സംസാരിക്കുന്നതിലും കവിക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. മറിച്ച് സ്‌കൂളിന്റെ വടക്കേയറ്റത്ത് ഞാൻ കഥകളി ക്ലാസുകൾ നടത്തിയിരുന്ന ഇടമായിരുന്നു സ്‌കൂളിൽ കവിയുടെ പ്രധാനം താവളം. താമരക്കുളം അതിനടുത്തായിരുന്നു. പുകവലിച്ചും താമരക്കുളത്തിലേക്ക് കണ്ണോടിച്ചും കുളത്തിൽ കളിയാടുന്ന താമരക്കോഴികളെ നോക്കിയും കവി സമയം ചെലവഴിച്ചു. കൂടാളി സ്‌കൂളിലെന്നപോലെ കൊല്ലങ്കോട്ടും കവി ടീച്ചിംഗ് നോട്ടെഴുതുകയോ പ്രബന്ധം നോക്കുകയോ ചെയ്തില്ല. അതൊക്കെ മിക്കവാറും ചെയ്തിരുന്നത് ഞാൻ തന്നെയായിരുന്നു.
അതിനിടെ പ്രൊഫ. വിജയൻ എഴുതിയ മണികണ്ഠവിജയം കഥകളി ഞങ്ങളുടെ കളരിയിൽവെച്ച് ചിട്ടപ്പെടുത്തി. കോട്ടക്കൽ ശിവരാമൻ മോഹിനിയായും ശങ്കരക്കുട്ടിപ്പണിക്കർ മണികണ്ഠനായും വേഷം കെട്ടി. മണികണ്ഠവിജയം കഥകളിക്ക് പല വേദികളും കിട്ടിയിരുന്നു. അക്കൂട്ടത്തിൽ അഖിലഭാരത അയ്യപ്പസേവാസംഘം പമ്പയിലും സന്നിധാനത്തും കഥകളി അവതരി പ്പിക്കാൻ ഞങ്ങളെ ക്ഷണിച്ചു. ഞങ്ങൾ അതിനായി തയ്യാറെടുത്തു. ശബരിമലയിലേക്കുള്ള യാത്രയിൽ കവിയും കൂടി പങ്കുചേർന്നു. എല്ലാവരും വ്രതമെടുത്തു. കവിയും ഞാനും അന്നാദ്യമായി മാലയിട്ട് കന്നിസ്വാമിയായി. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയിറിയിറങ്ങുന്ന മോക്ഷാർത്ഥികളോടൊപ്പമുള്ള ഒരു യാത്ര.
കഥകളി അവതരണത്തിന് മുന്നോടിയായി അവിടങ്ങളിൽ കവിയുടെ പ്രഭാഷണം ഏർപ്പാടാക്കിയിരുന്നു. എരുമേലിയിൽവെച്ച് കവി പേട്ടതുള്ളി. പമ്പാതീരത്ത് കവി തന്റെ കാവ്യഗംഗ ഒഴുക്കിവിട്ടു. കവിയും കവിതയും പമ്പയും ചേർന്നൊഴുകി അന്നവിടമൊരു ത്രിവേണി സംഗമമായി. തലയിൽ ഇരുമുടിക്കെട്ടേന്തി കവി കരിമലചവിട്ടി. ശരണമന്ത്രങ്ങൾ ഉരുക്കഴിച്ചുള്ള യാത്ര. കരി മലചവിട്ടിക്കടന്നുള്ള യാത്ര. കവിയുടെ ഇരുമുടിക്കെട്ട് കൂടെയുള്ളവർ മാറിമാറി ചുമന്നു. കിതച്ചുകിതച്ച് അന്നൊരു ദിവസം ഞാനും കവിയും മറ്റ് അയ്യപ്പന്മാരും ശബരിമല കയറിയിറങ്ങി.
കവിയോടൊപ്പം നടത്തിയ സായാഹ്നയാത്രകൾ. അതിലധികവും കാച്ചാംക്കുറുശ്ശി ക്ഷേത്രത്തിലേക്കുള്ള യാത്രകളായിരുന്നു. തെന്മലയുടെ പശ്ചാത്തലഭംഗിയിൽ നിലകൊള്ളുന്ന കാച്ചാംകുറുശ്ശി ക്ഷേത്രം. പ്രകൃതിയുടെ മുന്നിലും ദൈവസന്നിധിയിലും കവി ഒരുപോലെയായിരുന്നു. രണ്ടിടത്തും സ്വയം മറന്നുള്ള പൂർണ്ണസമർപ്പണമാണ്. കാച്ചാംകുറുശ്ശി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് കൊല്ലങ്കോട് രാജാവിന്റെ ഒരു ബംഗ്ലാവുണ്ടായിരുന്നു. കുറച്ചുകാലം കവിയും ഞാനും അവിടെയാണ് താമസിച്ചിരുന്നത്. അവിടെനിന്ന് സ്‌കൂളിലേക്ക് ഏകദേശം ഒരു മൈലോളം ദൂരമുണ്ട്. കവിയും ഞാനും പാടങ്ങൾക്കിടിയിലൂടെ നടന്നു. കണ്ണെ ത്താ ദൂരത്തോളം പരന്നുനിൽക്കുന്ന പച്ചപ്പിന്റെ വിദൂരമായ ഗ്രാമഭംഗി കണ്ട് യാത്ര തുടർന്നു. ഇക്കാലത്തുതന്നെ പല ദിവസങ്ങളിലും കൊല്ലങ്കോട്ടെ ജന്മിയായ തങ്കപ്പമേനോന്റെ അലങ്കരിച്ച കാളവണ്ടി അതുവഴി കടന്നുപോകാറുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ കണ്ട് വണ്ടി നിർത്തി.
വണ്ടിയിൽനിന്ന് വിളിച്ചു പറഞ്ഞു, കവിമാഷും ശ്രീധരന്മാഷും കയറണം. സ്‌കൂൾ പടിക്കൽ ഇറക്കാം.
തങ്കപ്പമേനോന്റെ ക്ഷണം ഞങ്ങളൊരിക്കലും നിരസിച്ചിട്ടില്ല. കാളവണ്ടികൾ പലതിലും കയറിയിട്ടുണ്ട്. അതിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു മേനോന്റെ കാളവണ്ടി. മനോഹരമായി അലങ്കരിച്ച ഒന്നായിരുന്നു അത്. വാലൻ കുട നിലത്തൂ കുത്തി അതിലൂന്നിക്കൊണ്ട് കവി കാളവണ്ടിയിലേക്ക് വലിഞ്ഞു കയറി. അതിന്റെ പിന്നാലെ ഞാനും. കുടമണിക്കിലുക്കിക്കൊണ്ട് തങ്കപ്പമേനാന്റെ കാളവണ്ടി തെന്മലയുടെ താഴ്വരകളിലൂടെ പാഞ്ഞു. മലകടന്നുവന്ന കാറ്റ് ഞങ്ങളെ തൊട്ടുരുമ്മിക്കടന്നുപോയി. കരിമ്പനച്ചുവടുകളും പച്ചപ്പാടങ്ങളും കടന്നു. പാതയരികിലെ തോടുകൾ കുണുങ്ങിച്ചിരിച്ചുകൊണ്ട് അന്നൊക്കെ ഞങ്ങളോടൊപ്പം പാഞ്ഞുവന്നു.
പിറ്റേവർഷം മണ്ഡലകാലമായപ്പോൾ കഴിഞ്ഞ വർഷ ത്തെ ശബരിമല ഓർമയിൽ കൊല്ലങ്കോട് സ്‌കൂളിലെ ഷാരോടി മാഷ് കവിയോട് ചോദിച്ചു, മണ്ഡലകാലമായി. കവി ഞങ്ങളുടെ കൂടെ ഒരിക്കൽ കൂടി മലചവിട്ടാൻ പോരുന്നോ?
ഒരിക്കൽ കണ്ട ശബരിമല കവിയുടെ മനസ്സിലുണ്ട്. കാണാത്ത ശബരിമലയെക്കുറിച്ച് ശബരിമലവിളക്ക് എന്ന കവിതയിൽ എഴുതിയിട്ടുമുണ്ട്. ദിവ്യയോഗ പീഠദർശനവും മലവേലരുടെ പാട്ടും കേട്ടതാണ്. പേട്ട തുള്ളി പമ്പയിൽ കുളിച്ച് ഒരിക്കൽ മല ചവിട്ടിയതുമാണ്. അതുകൊണ്ട് കവി പറഞ്ഞു, മല മനസ്സിലുണ്ട്. അതെന്നും ചവിട്ടിക്കയറുന്നു. ഹൃദയനാളികേരം എന്നും അതിലെറിഞ്ഞുടുക്കുന്നു. അതുപോരെ ഷാരോടി?
മതി മാഷെ. മതി, എന്നാൽ കവിയില്ലാതെ ഇത്തവണ ഞങ്ങൾ മാത്രം പോകാം.
കവിക്ക് അയ്യപ്പസ്വാമിക്ക് ദക്ഷിണയോ പ്രാർത്ഥനയോ സമർപ്പിക്കാനുണ്ടോ?
കവി പറഞ്ഞു; ഉണ്ട്. അതൊരു വിശേഷപ്പെട്ട ദക്ഷിണയാണ്. കവി ജുബ്ബയിൽ കൈയിട്ടു. ബീഡി പൊതിഞ്ഞ കടലാസ് നിവർത്തിച്ച് വെച്ച് കുനെ കുനെ ചെറുതായി അതിലെന്തോ എഴുതാൻ തുടങ്ങി.
ഗുരുസ്വാമിയായ സ്‌കൂൾ ശിപായി ചെല്ലപ്പൻ നായരും ഷാരോടി മാഷും മറ്റും പതിവുപോലെ ശബരിമലയാത്രയ്ക്കൊരുങ്ങി. യാത്ര തുടങ്ങുന്നതിന്റെ തലേദിവസം ഷാരോടി മാഷ് കവിയോട് പറഞ്ഞു, നാളെയാണ് കെട്ടുനിറ. കവിക്ക് അയ്യപ്പസ്വാമിക്ക് ദക്ഷിണയോ പ്രാർത്ഥനയോ സമർപ്പിക്കാനുണ്ടോ?
കവി പറഞ്ഞു; ഉണ്ട്. അതൊരു വിശേഷപ്പെട്ട ദക്ഷിണയാണ്. തരാം. ഇരിക്കൂ.
കവി ജുബ്ബയിൽ കൈയിട്ടു. കീശയിൽനിന്ന് ബീഡി പൊതിഞ്ഞ കടലാസെടുത്തു. അത് നിവർത്തിച്ച് വെച്ച് കുനെ കുനെ ചെറുതായി അതിലെന്തോ എഴുതാൻ തുടങ്ങി.
ഷാരോടി മാഷ് കവിയുടെ വിശേഷപ്പെട്ട ദക്ഷിണ എന്താണെന്നറിയാൻ ക്ഷമയോടെ കാത്തിരുന്നു. ബീഡി പൊതിഞ്ഞ കടലാസ് ഷാരോടി മാഷുടെ കയ്യിൽക്കൊടുത്ത് കവി പറഞ്ഞു, ഇത് സന്നിധാനത്തിലെ ഭണ്ഡാരത്തിലിടണം. എന്റെ പ്രാർത്ഥനയാണ്. ഷാരോടി മാഷ് കൗതുകത്തോടെ കവിയെ നോക്കി. പിന്നെ അതി ലെന്താണ് ഉള്ളതെന്ന് നോക്കി. പതുക്കെ വായിച്ചു തുടങ്ങി.‘‘ഉടയ്ക്കാം ഞാൻ നാളികേരം
പതിനെട്ടാം പടിക്കുമേൽ
ഉടച്ചാലുമതോടൊപ്പം
അഹങ്കാരവുമെൻ പ്രഭോ.’’
കൂടിക്കുഴഞ്ഞ മാതിരിയുള്ള അക്ഷരങ്ങളാൽ എഴുതിവെച്ച നാലു വരികൾ. ഒരുജന്മത്തിന്റെ അറിവും അനുഭവവും ഇഴപിരിഞ്ഞ് സത്യബോധത്തിന്റെതായ നാലുവരികൾ. അത് വായിച്ച് ഷാരോടി മാഷ് കവിയെത്തന്നെ കുറച്ചുനേരം നോക്കി നിന്നു.
കവി ചോദിച്ചു, ഇതുപോരെ ഷാരോടി സ്വാമി.
അദ്ദേഹം വിനയപൂർവ്വം പറഞ്ഞു, മതി മാഷെ. ഇതുമതി.
ഷാരോടി മാഷ് ഇരുമുടിക്കെട്ട് തലയിൽ വെച്ചു. അതിനേക്കാൾ കനമുള്ള കവിയുടെ നാലുവരികൾ ഭദ്രമായി കൂടെ കൊണ്ടുപോയി. ശബരിമലയിൽ അത് സമർപ്പിച്ചു തിരിച്ചുവന്നു.
കവിയോടൊപ്പം ഉണ്ടായിരുന്ന കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ സ്‌കൂളിനകത്തും പുറത്തുമായി ഇതുപോലെ എത്രയോ ഓർമകൾ മനസ്സിലേക്ക് കടന്നുവരുന്നു. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.