പി. കുഞ്ഞിരാമൻ നായർ / Photo: keralaculture.org

ലഹരിയിലൂടെ വരുന്ന കവിത

''പി. അവധൂതനാണ്. അത്രമാത്രമേ എനിക്കും അറിയൂ. കുട്ടികളും മുതിർന്നവരും നിത്യവും അമ്പലക്കുളത്തിലെ കവിയുടെ അത്ഭുതസിദ്ധി കാണാനെത്തി. ശങ്കരമംഗലത്തെ കുട്ടികൾ അതോടെ സിദ്ധന്റെ ആരാധകരായി മാറി.''

അമ്പലക്കുളത്തിലെ കവി സിദ്ധൻ

അമ്പലം! എന്താണ് അമ്പലം! നൂറായിരം അമ്പലങ്ങൾ. ഓ വേണം, ജാതിക്ക് അകത്തുകടന്ന് ഒളിച്ചിരിക്കാൻ ഒരു കരിങ്കൽ കോട്ട വേണം. വൈദികമതം ഏതേതിനെ നിഷേധിക്കുന്നു, അതൊക്കെ അമ്പലത്തിലുണ്ട്. അവിടെ കളവുണ്ട്. വ്യഭിചാരമുണ്ട്.വിചാരവിഹാരം ഒന്നാംഭാഗത്തിൽ കവിയെഴുതിയ വരികളാണിത്.

മുപ്പത്തിയേഴ് വയസ്സുവരെ കവിക്ക് ക്ഷേത്രാരാധനയിൽ ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല. മാത്രമല്ല അതിനെ കഠിനമായി അദ്ദേഹം വിമർശിക്കുക കൂടി ചെയ്തു. തികഞ്ഞ അവിശ്വാസിയായ കവി ആത്മീയമായ ഭക്തിപ്രഭാവത്തിലേക്ക് മാനസാന്തരപ്പെട്ടത് 1943 കാലത്ത് തൃശൂരിൽ താമസിക്കുന്ന സമയത്താണ്. അതിന് കാരണമായതാകട്ടെ, പയ്യന്നൂർ സ്വദേശിയായ ഗാന്ധി നമ്പീശനും. ഈയൊരു സംഭവത്തെക്കുറിച്ച് ഇയ്യങ്കോട് ശ്രീധരൻ സ്വപ്നാടനത്തിൽ ഇങ്ങനെ വിവരിക്കുന്നു:

1943 ലെ വൈശാഖ മഹോത്സവത്തിന് നമ്പീശനാണ് കവിയെ നിർബന്ധിച്ച് ഗുരുവായൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അന്നവിടെ പ്രമുഖ സംസ്‌കൃത പണ്ഡതിനായ കൊല്ലങ്കോട് പി.ഗോപാലൻ നായരുടെ മാസങ്ങളോളം നീണ്ടുനിന്ന ഭാഗവത പാരായണം നടക്കുകയായിരുന്നു. ആ വായനയിൽ കവി മുഗ്ധനായി. അന്നേവരെ കാണാത്തതും കേൾക്കാത്തതുമായ ലോകത്ത് എത്തിപ്പെട്ട അനുഭവമുണ്ടായി.

പ്രസിൽ ജോലി ചെയ്യുന്ന കാലത്ത് തൃശൂരിൽ തിരുവമ്പാടി ക്ഷേത്രപരിസരത്താണ് വർഷങ്ങളോളം കവി താമസിച്ചിരുന്നത്. ഇക്കാലത്ത് ഒരിക്കൽ പോലും കവി ക്ഷേത്രദർശനം നടത്തുകയുണ്ടായിട്ടില്ല. ബഹുദൈവ ആരാധനയെ വിമർശിച്ച്​ പി. ധാരാളം ലേഖനങ്ങളെഴുതുകയും ചെയ്തിരുന്നു. 1944 ഓടെ കവി പരമഭക്തമായി തീർന്നു. അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ അദ്ദേഹം കയറിയിറങ്ങാൻ തുടങ്ങി. സന്ന്യാസിമാരെ കണ്ടാൽ സാഷ്ടാംഗം നമസ്‌കരിച്ച് കാൽക്കൽവീഴാൻ തുടങ്ങി. കയ്യിലുള്ളതെല്ലാം ഭണ്ഡാരങ്ങളിൽ സമർപ്പിക്കാനും ഭക്തിശ്ലോകങ്ങൾ ചൊല്ലി ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയാനും തുടങ്ങി. ഗുരുവായൂരമ്പലം കവി മനസ്സിന്റെ അഭയവും തീർത്ഥസ്ഥാനവുമായി മാറി. 44 വർഷത്തോളം നീണ്ടു നിന്ന ആത്മീയയാത്രകളുടെ ആരൂഢവും അവിടമായിത്തീർന്നു. ഇത്രത്തോളം കാലം കവി നിരന്തരബന്ധം സ്ഥാപിച്ച മറ്റൊരിടം വേറെയില്ല.

പി.യുടെ മനസ്സിന്റെ ഒരു വശത്ത് ആത്മീയതയായിരുന്നെങ്കിൽ മറുവശത്ത് അത്രത്തോളം ശക്തമായ ലൈംഗികതയും ഉണ്ടായിരുന്നു. പ്രത്യക്ഷത്തിൽ വിരുദ്ധമായ ആത്മീയ- ലൈംഗിക ദ്വന്ദ്വങ്ങൾ അതിവിചിത്രമായ ഒരു മനോഘടനയായാണ് പി.യിൽ പ്രവർത്തിച്ചത്. ലൈംഗികത കവിയുടെ കാവ്യപ്രചോദനത്തിന് അനിവാര്യമായ ഒരു ഊർജ്ജസ്രോതസ്സായിരുന്നു. അതുകൊണ്ടുതന്നെ അതിൽ കവിക്ക് ഒരുതരത്തിലുള്ള കുറ്റബോധവും തോന്നിയിരുന്നില്ല. ലൈംഗികത പോലെ ആത്മീയതയും തന്റെ കാവ്യബോധത്തെ ഉണർത്താനും ഉയർത്താനുമുള്ള മഹാശക്തിയായി കവി മനസ്സിന്റെ മറുപകുതിയിൽ സ്വീകരിച്ചു. ‘ശാക്തേയ’ത്തിലും ‘അഥർവ’ത്തിലും ഇത്തരത്തിലുള്ള ഉപാസനരീതികളുടെ ഉദാഹരണങ്ങളുണ്ട്. കുഞ്ഞിരാമൻ നായരുടെ സ്വത്വത്തെ രൂപപ്പെടുത്തിയത് ആത്മീയ- ലൈംഗിക ദ്വന്ദ്വങ്ങളുടെ അസാധാരണമായ ചേരുവയായിരുന്നു.

ഇയ്യങ്കോട് ശ്രീധരൻ, പി. കുഞ്ഞിരാമൻ നായർ

പി.ഗുരുവായൂരിൽ എത്തിച്ചേരുന്ന കാലത്ത് അതൊരു ആത്മീയസ്ഥാനം എന്നതിനൊപ്പം സുന്ദരമായ ഗ്രാമീണപ്രകൃതിയുള്ള ഉള്ളടക്കമായിരുന്നു. നാഗരികത ഒട്ടും പിടിമുറുക്കിയിട്ടില്ലാത്ത ഗുരുവായൂർ. പഞ്ചാരമണൽത്തരികളും ടാറിടാത്ത റോഡുകളുമുള്ള ചുറ്റുപാടുകൾ. താമസിക്കാൻ അതിഥി ഗൃഹങ്ങളല്ലാതെ ലോഡ്ജുകളൊന്നുമില്ലാത്ത ഗുരുവായൂർ. അവിടെ ആകെയുണ്ടായിരുന്നത് ചേന്നാസ് നമ്പൂതിരിയുടെ മന, നെന്മിനി ഭട്ടതിരിയുടെ തന്ത്രിമഠം, ദേവസ്വം സത്രം ഹാൾ, മന്നാടിയാരുടെ ചോണ്ടത്ത് മാളിക, അമ്പലത്തിന്റെ ചുറ്റുവട്ടത്തുള്ള ഗ്രാമീണ ഭവനങ്ങൾ... ഇത്രയുമായിരുന്നു അന്നത്തെ ഗുരുവായൂർ. തിരക്കും ബഹളങ്ങളും ആൾക്കൂട്ടവുമില്ലാത്ത ഒരിടത്തിലൂടെയാണ് പി.യുടെ ഗുരുവായൂർ കാലം കടന്നുപോയത്.

ഗുരുവായൂർ ജീവിതകാലത്ത് കവിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഉണ്ണികൃഷ്ണൻ പുതൂരായിരുന്നു. ഉപദേശിക്കാനും ശാസിക്കാനും മാത്രം അടുപ്പം പുലർത്തിയ ഒരാൾ. ആദ്യാവസാനംവരെ കവിയുമായി ഹൃദയബന്ധം പുലർത്തിയ ഒരാൾ. കവിയുടെ ദൗബർല്യങ്ങളെല്ലാം നേരിൽകണ്ടറിഞ്ഞ ആൾ.

2014 ലാണ് പുതൂർ ഉണ്ണികൃഷ്ണൻ ജീവിതത്തിന്റെ അരങ്ങൊഴിയുന്നത്. പി.യുടെ ഗുരുവായൂർ കാലത്തിന്റെ ഓർമകളോടൊപ്പം നടന്നവരാരും ഇന്ന് ഗുരുവായൂരിൽ അവശേഷിക്കുന്നില്ല. ഉണ്ണികൃഷ്ണൻ പുതൂരിന്റെ സഹധർമ്മിണി തങ്കമണിയുടെ മനസ്സിൽ പുതൂരിനൊപ്പം തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായ പി.കുഞ്ഞിരാമൻ നായരുടെ ഓർമകൾ പലതുമുണ്ട്. തന്റെ ഭർത്താവുമൊത്ത് കുഞ്ഞിരാമൻ നായർ പങ്കിട്ട സൗഹൃദത്തിന്റെ സുഖദ സ്മരണകളാണവ. പോയ കാലത്തിന്റെ വഴിത്താരകളിൽ നിന്ന് അവർ അവയിൽ പലതും ഓർത്തുപറയുന്നു:

വീടില്ലാതെ നാടുവിട്ടലയുന്ന കവിക്ക് ഞങ്ങളുടെ വീടായ ജാനകീ സദനം സ്വന്തം കുടുംബവീട് പോലെയായിരുന്നു. ഉണ്ണിയേട്ടനൊപ്പം വരികയും ഉണ്ണുകയും വിശേഷം പറഞ്ഞിരിക്കുകയും ചെയ്യുന്ന ഇടം. ഉണ്ണിയേട്ടന്റെ അമ്മ കവിക്ക് സ്വന്തം അമ്മയെപ്പോലെയായിരുന്നു.

വിഷുവിന് ഗുരുവായൂരിലുണ്ടെങ്കിൽ രാവിലെത്തന്നെ കവി വീട്ടിൽ വന്ന് അമ്മയെ കാണാറുണ്ടായിരുന്നു. വന്നാൽ പറയും, അമ്മ എനിക്ക് കൈനീട്ടം തരണം. അതും പറഞ്ഞ് കവി കൈനീട്ടി നിൽക്കും. അമ്മ കവിക്ക് കൈനീട്ടം നൽകി. ഓട്ടക്കൈയ്യന് കിട്ടിയ കൈനീട്ടത്തുട്ട് എന്നുപറഞ്ഞ് കവി അത് ജുബ്ബയുടെ കീശയിലിടും. അതോടൊപ്പം ഓരോ തവണയും മുണ്ടും കൂടി കൊടുക്കാൻ അമ്മ ഓർക്കാറുണ്ടായിരുന്നു. അമ്മയുടെ വിഷുക്കോടി ഏറ്റുവാങ്ങി കവി അവരുടെ മുന്നിൽ കാൽക്കൽ സാഷ്ടാംഗം നമസ്‌കരിക്കും. ഉണ്ണിയേട്ടനോടൊപ്പമിരുന്ന് വിഷുസദ്യയും കവി പലപ്പോഴായി ഓണസദ്യയും ഉണ്ടു. ഒരുപക്ഷേ വിശേഷദിവസങ്ങളിൽ സ്വന്തം വീട്ടിൽനിന്നുണ്ടതിനേക്കാൾ കൂടുതലായി.
ഒരു ദിവസം കവി അമ്പലക്കുളത്തിലെ കുളികഴിഞ്ഞ് ദേഹമാസകലം നനഞ്ഞ് വീട്ടുമുറ്റത്ത് വന്നുനിന്നു. ഒന്നുരണ്ട് തവണ മുറ്റത്തുനിന്ന് പൂതൂരേ എന്ന് നീട്ടിവിളിച്ചു. കവി നല്ല പരിഭ്രമത്തിലായിരുന്നു. തലയിൽനിന്ന് വെള്ളം ഇറ്റുവീഴുന്നു. അമ്പലനടയിൽ കവി ഇങ്ങനെ നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉണ്ണിയേട്ടൻ ചോദിച്ചു; കവിക്ക് അമ്പലം മാറിപ്പോയോ? കവി കസാരയിലിരുന്ന് നെടുവീർപ്പോടെ പറഞ്ഞു; എടോ എന്റെ പേഴ്സ് കാണാനില്ല. ആരോ മോഷ്ടിച്ചു.
കവി പരാതി പറയാൻ തുടങ്ങി. കവി ചോണ്ടത്ത് മാളികയിൽ ഏട്ടന്റെ മുറിയിൽ ബാഗ് വെച്ച ശേഷം അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഭിക്ഷക്കാരും അല്ലാത്തവരും അലഞ്ഞുനടക്കുന്നവരുമൊക്കെ അമ്പലക്കുളത്തിന്റെ പരിസരങ്ങളിൽ എപ്പോഴും ഉണ്ടാകാറുണ്ട്. അതൊന്നും ഓർക്കാതെ കവിയുടെ കയ്യിലെ പണമടങ്ങുന്ന പേഴ്സ് കടവിൽ വച്ച് കുളിച്ച് കയറിയാതായിരുന്നു. ഉണ്ണിയേട്ടൻ ചോദിച്ചു, കാശ് കൊറെയുണ്ടാർന്നോ?
ഉണ്ട്. പുസ്തകത്തിന്റെതായി കിട്ടിയ ഒരു തുകയത്രയുമുണ്ട്.

തങ്കമണി / Photo: maniyetath.blogspot.com

കുളിച്ചുകഴിഞ്ഞ് കവി അന്ന് തൊഴുതിരുന്നില്ല. നടയ്ക്കൽ ദക്ഷിണ സമർപ്പിച്ചില്ല. പ്രസാദം തൊട്ടില്ല. യാത്രാക്ഷീണം മാറാൻ എന്തെങ്കിലും കഴിക്കുകയും ചെയ്തിരുന്നില്ല. പണം നഷ്ടപ്പെട്ട ദുഃഖത്തിൽ മറ്റെല്ലാം മറന്ന് വിഷാദഭാവത്തിൽ കുറച്ചു നേരം ഒന്നും മിണ്ടാതെയിരുന്നു. ഞാൻ കുടിക്കാൻ കാപ്പി കൊടുത്തു. കവി അത് കുടിച്ചു. ഏട്ടനോട് പറഞ്ഞു, മോഷ്ടിക്കപ്പെട്ട പൈസ തിരികെ കിട്ടണം. താൻ ഇതിന് എന്തെങ്കിലുമൊരു പരിഹാരമുണ്ടാക്കിത്തരണം.

ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സിൽ കിടക്കുന്നതുപോലെ ഏട്ടൻ കവിയെയും എന്നെയും മാറി മാറി നോക്കി. ഒടുവിൽ കവിയെ സമാധാനിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു, ഒന്നുകിൽ പോലീസിൽ പരാതിപ്പെടുക. അല്ലെങ്കിൽ പത്രത്തിൽ വാർത്തകൊടുക. ഇതിലേതാവും നല്ലത്?
കവി പറഞ്ഞു, അതു താൻതന്നെ തീരുമാനിക്ക്.

രണ്ടുപേരും വീട്ടിൽ നിന്നിറങ്ങി. സി.ജി നായരെ കണ്ടു. സി.ജി. അന്ന് മാതൃഭൂമി സീനിയർ റിപ്പോർട്ടറായിരുന്നു. അതുകൊണ്ടുതന്നെ സ്റ്റേറ്റ് കവറേജായി വാർത്ത വന്നു. ‘മഹാകവി പി.യുടെ പേഴ്സ് മോഷ്ടിക്കപ്പെട്ടു’ എന്ന തലക്കെട്ടോടെ.
വാർത്ത വന്നു. പക്ഷേ, അതുകൊണ്ടൊന്നും കവിയുടെ പണം തിരികെ കിട്ടിയില്ല. എങ്കിലും അതുകൊണ്ട് ഒരു കാര്യമുണ്ടായി. ഗുരുവായൂർ ദേവസ്വം ബോർഡ് യോഗം കൂടി ഈ പത്രവാർത്ത പ്രധാന ചർച്ചാവിഷയമാക്കി. അതിൽ പിന്നീടാണ് ഗുരവായൂരിൽ ‘കുളംകാവൽപ്പുരക്കാരൻ’ എന്ന തസ്തികയുണ്ടായത്. അതിനായി ഒരാളെ നിയമിച്ചു.

കവി പിന്നെയും എത്രയോ തവണ ഗുരുവായൂർ അമ്പലക്കുളത്തിൽ കുളിച്ച് കയറുകയും ഈറനോടെ നടയ്ക്കൽ തൊഴുതു നിൽക്കുകയും ചെയ്തു. ഗുരുവായൂരിലെത്തിയാൽ അമ്പലക്കുളത്തിൽ കുളിച്ച് ഗുരുവായൂരപ്പനെ തൊഴുതശേഷം മാത്രമേ കവി മറ്റെന്തു കാര്യവും ചെയ്തിരുന്നുള്ളൂ. അന്നത്തെ കരിങ്കൽ കെട്ടോടുകൂടിയ കുളവും വെളുത്ത പുഴിമണൽത്തരികൾ വിരിച്ച ഗുരൂവായൂരിലെ പഴയ വഴിത്താരകളും പഴയ തലമുറയുടെ മനസ്സിൽ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

മഴക്കാലത്ത് ഗുരുവായൂരിലെ നടവഴികളിൽ പരൽമീനുകൾ നീന്തിക്കളിച്ചു. പ്രകൃതിയുടെ ഉപാസകനായ കവിക്ക് ഗുരുവായൂരിലെ ഗ്രാമീണമായ അന്തരീക്ഷവും ജീവിതവും അത്രയേറെ ഇഷ്ടമായിരുന്നു. ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേ നടയിൽ ഇന്നത്തെ മേൽപത്തൂർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മുമ്പ് ചേണ്ടോത്ത് മാളികയും മറ്റ് കെട്ടിടങ്ങളും ഉണ്ടായിരുന്നത്. മന്നാടിയാരുടെതാണ് ചേണ്ടോത്ത് മാളികയിലെ രണ്ടു മുറി. ഉണ്ണിയേട്ടന്റെ അച്ഛന്റെ കാലത്തുതന്നെ വാടകകൊടുത്ത് ഉപയോഗിച്ചുവന്നത് ഞങ്ങളായിരുന്നു. എഴുതാനും മറ്റു കാര്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ആ മുറിയെ ഏട്ടൻ മോഹനാലയം എന്ന് വിളിച്ചുപോന്നു. അതിനടുത്തുള്ളത് അമ്പലത്തിലേക്കുള്ള പൂക്കൾ ശേഖരിച്ച് മാലകെട്ടുന്ന നമ്പീശൻമാരുടെ മുറിയായിരുന്നു, പുഷ്പാലയം. ഏട്ടനോടൊപ്പവും തനിച്ചുമായി കവി എത്രയോ ദിവസങ്ങൾ മോഹനാലയത്തിൽ താമസിച്ചിട്ടുണ്ട്. അവിടെ ഇരുന്നാൽ ഗുരുവായൂരമ്പലത്തിൽ നിന്ന് മണിക്കൂറിടവിട്ടുള്ള നാഴികമണിയുടെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. അതിന്റെ മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ അമ്പലദർശനത്തിനെത്തിയ ഭക്തരുടെ വരവുപോക്കുകളും കാണാമായിരുന്നു. അവിടെയിരുന്ന് കവി എഴുതിതീർത്ത കവിതകളും പലതായിരുന്നു. ഉണ്ണിയേട്ടൻ കവിയെക്കുറിച്ച് എഴുതിയ ഓർമക്കുറിപ്പിൽ ഇക്കാര്യങ്ങളൊക്കെ ഓർക്കുന്നുണ്ട്. അതിലൊരു ഭാഗം ഇപ്രകാരമായിരുന്നു:
മൂന്നുമണിക്കുള്ള ബ്രാഹ്മമുഹൂർത്തത്തിൽ ഞെട്ടിയുണർന്നെഴുന്നേറ്റ് കവിതയെഴുതാനിരിക്കുന്നത് പലതവണ ഈയുള്ളവൻ കണ്ടിട്ടുണ്ട്. ചില ദിവസങ്ങളിൽ, മണിക്കൂറുകളിൽ, നിമിഷങ്ങളിൽ അദ്ദേഹം എന്തുചെയ്യുന്നുവെന്ന് നാം അന്വേഷിക്കാതിരിക്കുകയാണ് ഭേദം. വെളിപാടുകൊള്ളുന്ന ദിവസങ്ങൾ, കവിതയെ ഗർഭംധരിക്കുന്ന വിനാഴികകൾ ആ സമയത്ത് അദ്ദേഹത്തെ നേരിട്ട് കാണാതിരിക്കുകയാവും നല്ലത്. മനസ്സിനും ബുദ്ധിക്കും വെറിപിടിച്ച കവി തന്റെ കാവ്യദേവതയെ എത്തിനോക്കിയതിന്റെ അസ്വസ്ഥതയുടെ നൊമ്പരവുമായി ഇണങ്ങിക്കഴിയുന്ന വേള! അവിടെ മനുഷ്യന്റെ സാന്നിധ്യത്തിന് പ്രസക്തിയുണ്ടോ?

1966 ൽ ഗുരുവായൂരിൽ വെച്ച് നടന്ന കവിയുടെ ഷഷ്ടിപൂർത്തി ആഘോഷം എന്റെ ഓർമയിലുണ്ട്. സി.പി.ശ്രീധരന്റെയും ഇയ്യങ്കോട് ശ്രീധരന്റെയും നേതൃത്വത്തിൽ കൊല്ലങ്കോട് രാജാവാണ് പരിപാടി നടത്തിയിരുന്നത്. ഗുരുവായൂരിൽ പരിപാടി വിജയിപ്പിക്കാനുള്ള മറ്റുള്ള ഒരുക്കങ്ങളെല്ലാം ചെയ്തത് ഏട്ടനും സി.ജി.നായരും അടങ്ങുന്ന കവിയുടെ ഗുരുവായൂർ സൗഹൃദങ്ങളായിരുന്നു. പരിപാടി കഴിഞ്ഞ ഉടനെ കവി സന്തോഷത്തോടെ ഓടി വന്ന് ഏട്ടനെ കെട്ടിപ്പിടിച്ച് പറഞ്ഞു, എടോ ഒരുപാട് സന്തോഷമായി. വല്യ സംതൃപ്തിയായി. ഗുരുവായൂരപ്പൻ നിന്നെ അനുഗ്രിക്കും.
ഇതും പറഞ്ഞ് നെറ്റിമേൽ നെറ്റി മുട്ടിച്ച് ഉമ്മ വെച്ചു.

ഉണ്ണികൃഷ്ണൻ പുതൂർ

എന്റെ നാടായ വടക്കാഞ്ചേരിയുടെ ഗ്രാമീണപ്രകൃതിയോട് ഉണ്ണിയേട്ടനെന്നപോലെ കവിക്കും വലിയ താത്പര്യമായിരുന്നു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ കവിയത് പറയുകയും ചെയ്തു. അങ്ങനെ ഉണ്ണിയേട്ടനൊപ്പം കുറച്ചുദിവസം വടക്കാഞ്ചേരി ശങ്കരമംഗലം എന്ന ഞങ്ങളുടെ ഗ്രാമത്തിൽ കവി വന്നു താമസിച്ചു. എന്റെ വീട്ടിൽ എത്തിച്ചേർന്ന വിശേഷപ്പെട്ട അതിഥിയെ എല്ലാവരും ചേർന്ന് സൽക്കരിച്ചു. രുചികരമായി ഭക്ഷണം. ഗ്രാമത്തിന്റെ മനോഹരമായ കാഴ്ചവട്ടങ്ങൾ. സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം.

കവി പറഞ്ഞു, ഇവിടെയിരുന്നാൽ ഭാവനയിൽ മുഴുകി സ്വർഗ്ഗയാത്ര ചെയ്യാം. കവിക്ക് താമസിക്കാൻ പത്തായപ്പുരയിൽ സൗകര്യമൊരുക്കി. കുളിക്കാൻ അമ്പലക്കുളം. തൊഴാൻ വീടിനടുത്തുള്ള തൃക്കണാപടിയാരത്ത് ശിവക്ഷേത്രം. മറ്റൊരിടത്ത് വിളിപ്പാടകലെ കാർത്യായനി ദേവീക്ഷേത്രം. കവി അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു. തൊഴുതു മടങ്ങി. ഒരു ദിവസം കവി അമ്പലക്കുളത്തിൽ ഒരു രസത്തിന് മണിക്കൂറുകളോളം വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടന്നു. ശ്വാസനിശ്വാസങ്ങളില്ല. ചലനമില്ല. മുറിച്ചിട്ട വാഴത്തടപോലെ വെള്ളത്തിൽ കിടന്നു. ഈ കാഴ്ച കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. എവിടെ നിന്നോ വന്ന മഹാസിദ്ധിയുള്ള ആരോ ആണെന്നാണ് ആളുകൾ വിചാരിച്ചത്. കുഞ്ഞിരാമൻ നായരെ നാട്ടുകാർക്ക് പരിചയമില്ലായിരുന്നു. ഉണ്ണിയേട്ടനാണെങ്കിൽ അതാരോടും പറഞ്ഞതുമില്ല. അടുത്ത ദിവസവും കവി ഇതുതന്നെ ചെയ്തു. അമ്പലക്കുളത്തിൽ ഒരു സിദ്ധൻ വന്ന് അത്ഭുതം കാണിക്കുന്ന വിവരം പിന്നെപ്പിന്നെ നാടാകെ അറിഞ്ഞു. കാതുകളിൽനിന്ന് കാതുകളിലേക്ക് വാർത്ത പരന്നതോടെ ഓരോ ദിവസം കഴിയുന്തോറും അത്ഭുതം കാണാനെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ആൾക്കൂട്ടം ആകാംക്ഷയോടെ ചോദിച്ചു, ഇദ്ദേഹം ആര്?
ഉണ്ണിയേട്ടൻ പറഞ്ഞു, ഗുരുവായൂരപ്പന്റെ ഭക്തൻ. കവി
സിദ്ധൻ. വടക്കുന്നാണ്.
പേര്?
പി. അവധൂതനാണ്. അത്രമാത്രമേ എനിക്കും അറിയൂ.
കുട്ടികളും മുതിർന്നവരും നിത്യവും അമ്പലക്കുളത്തിലെ കവിയുടെ അത്ഭുതസിദ്ധി കാണാനെത്തി. ശങ്കരമംഗലത്തെ കുട്ടികൾ അതോടെ സിദ്ധന്റെ ആരാധകരായി മാറി.

കവി അവിടെയുള്ള ഒരു ദിവസം കവിയുടെ മകൻ രവീന്ദ്രൻ അച്ഛനെത്തിരഞ്ഞ് ശങ്കരമംഗലത്ത് വന്നു. അവൻ ഗുരുവായൂരിൽ വന്നതായിരുന്നു. അവിടെ അന്വേഷിച്ചപ്പോൾ കണ്ടില്ല. അങ്ങനെ മേൽവിലാസം സംഘടിപ്പിച്ച് കാണാൻ ഇവിടെ വന്നതായിരുന്നു. രവിയെ കണ്ടപ്പോൾ കവിയുടെ മുഖഭാവം മാറി. ഇഷ്ടപ്പെടാത്ത മട്ടിൽ ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി. അച്ഛന്റെ കടുത്ത വാക്കുകൾ കേട്ട് രവീന്ദ്രന്റെ മുഖം വാടി. അവൻ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെട്ടതിന്റെ സങ്കടത്തോടെ തലതാഴ്ത്തി നിന്നു. അതു കണ്ടപ്പോൾ ഉണ്ണിയേട്ടൻ കവിയോട് പറഞ്ഞു, നിങ്ങളെന്തൊരു മനുഷ്യനാണ്. സ്വന്തം മകൻ അച്ഛനെ കാണാൻ എത്രയോ ദൂരെനിന്നു വന്നു. അതിൽ സന്തോഷിക്കുന്നതിന് പകരം ആട്ടിയോടിക്കുന്നോ ? ഇത് നിങ്ങളുടെ സ്വന്തം മകൻ തന്നെയല്ലേ?

ഏട്ടൻ ശബ്ദമുയർത്തിയപ്പോൾ കവി നിശ്ശബ്ദനായി. മനസ്സിൽ കുറ്റബോധം നിറഞ്ഞു. നെടുവീർപ്പോടെ പശ്ചാത്തപിച്ചു. രവിയോട് സൗമ്യമായി കാര്യങ്ങൾ ചോദിച്ചു. നല്ലരീതിയിൽ അവനെ പറഞ്ഞയച്ചു.

കവിയോട് ഉണ്ണിയേട്ടനുണ്ടായിരുന്നത് വെറുമൊരടുപ്പം മാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവർ തമ്മിലുണ്ടായിരുന്നു.
ഒരു ദിവസം കവി എന്തോ ചിന്തയിൽ മുഴുകി തുടർച്ചയായി ബീഡി വലുച്ചൂതുന്നത് കണ്ട് ഏട്ടൻ അടുത്ത് ചെന്ന് കവിയോട് ചോദിച്ചു, വായിൽ നിന്ന് പുക മാത്രമേ വരുന്നുള്ളൂ. കവിതകളൊന്നും കാണുന്നില്ല.
കവി പറഞ്ഞു, അവളിവിടെ ഉണ്ട്. പക്ഷെ വെളിപ്പെടുന്നില്ല. നിലമൊരുക്കി.
വിത്തിട്ടു. പക്ഷെ മുളയ്ക്കുന്നില്ല.
അതുകേട്ടപ്പോൾ ഏട്ടൻ അകത്തുനിന്ന് അച്ഛന്റെ സ്മോക്കിംഗ് പൈപ്പ് എടുത്ത് കൊണ്ടുവന്നു. സന്ധ്യ കഴിഞ്ഞിരുന്നു. രണ്ടുപേരും മുറ്റത്ത് കസേരയിട്ടിരുന്നു. ഏട്ടൻ പൈപ്പിൽ സിഗരറ്റ് പൊടി നിറച്ചു. തീകൊളുത്തി. കവിക്ക് വലിക്കാൻ കൊടുത്തു. കവി പൈപ്പിലൂടെ പുക ആഞ്ഞുവലിച്ചു. വായിൽനിന്ന് പുകച്ചുരുളുകൾ പുറത്തേക്ക് വന്നു. പിന്നെ ഏട്ടന് കൊടുത്തു. അവർ മാറി മാറി പൈപ്പ് വലിച്ചുകൊണ്ടിരുന്നു. നിലാവിനൊപ്പം പുകച്ചുരുളുകൾ അവിടമാകെ നിറഞ്ഞുപരന്നു. പുകയിലയിൽ കഞ്ചാവുപോലുള്ള വീര്യം കൂടിയതെന്തോ ചേർത്തിട്ടുണ്ടായിരുന്നു. അതിന്റെ ലഹരിയിലാണ് രണ്ടുപേരുടെയും സംസാരം. അത് ക്രമേണ കവിതയായി മാറി. കവിയുടെ ചുണ്ടുകളിൽ നിന്ന് കവിതയുടെ നിഗൂഢസൗന്ദര്യം നിലാവിനും പുകച്ചുരുളുകൾക്കുമൊപ്പം കലർന്നു. കുറെസമയത്തോളം അവരങ്ങനെ അവരുടെതായി അനുഭൂതികളുടെ അജ്ഞാതലോകത്തേക്ക് പറന്നു. അവരുടെ സംഭാഷണത്തിന്റെ രസവും നർമ്മവും അടുക്കളയിൽ നിന്ന് എനിക്ക് അവ്യക്തമായി കേൾക്കാമായിരുന്നു. പുതൂരിന്റെ ഭാര്യ തങ്കമണി പറഞ്ഞു നിർത്തി.

പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

ഗുരുവായൂർ കവിമനസ്സിലെ ദേവലോകമായിരുന്നു. ഭൗതികമായ ഭോഗപരതയും ആത്മീയതയുടെ അതുല്യാനുഭതിയും കവിയേറ്റുവാങ്ങി. ഗുരുവായൂർ സൗഹൃദങ്ങൾ കവിക്ക് അവിടെ ജീവിക്കുവാനും പതിറ്റാണ്ടുകൾ ചെലവഴിക്കാനുമുള്ള തണലും പ്രേരണയായി. പി.യുടെ സമർപ്പിതമനസ്സിനെ ആദരിക്കാനും അംഗീകരിക്കാനും നാട്ടുകാർക്കും ഗുരുവായൂർ ദേവസ്വം ബോർഡിനും കഴിഞ്ഞു. ദേവസ്വം ബോർഡ് ആദ്യമായാണ് ഒരു കവിയുടെ പുസ്തകം അച്ചടിക്കാൻ തയ്യാറായത്. പി.യുടെ ഭദ്രദീപം, അനന്തൻ കാട്ടിൽ, താമരമാല എന്നീ ഭക്തികാവ്യങ്ങളെ കൂട്ടിച്ചേർത്ത് തിരുമുടിമാല എന്ന ഒരു പസ്തകം പ്രസിദ്ധീകരിച്ചു. പ്രതിഫലമായി ലഭിച്ചത് 5000 രൂപ. അതോടൊപ്പം കവിക്ക് ജീവിതകാലം മുഴുവൻ സൗജന്യമായി താമസക്കാൻ ദേവസ്വം സത്രത്തിൽ ഒരു മുറി അനുവദിക്കുകയും ചെയ്തു.

കവിയെ കാണാനായി പലരും എത്തിച്ചേർന്നത് ഗുരുവായൂരിലായിരുന്നു. ഇതിൽ അടുത്ത ബന്ധുക്കളുണ്ട്. സുഹൃത്തുക്കളുണ്ട്. പല കാലത്തായി കവി ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന പേരറിയാത്തതും അറിയുന്നതുമായ സ്ത്രീകളുണ്ട്. ഇവരൊക്കെയും പല കാലങ്ങളിലായി കവിയെത്തേടി ഗുരുവായൂരിലെത്തി. ഗുരുവായൂരിലെ ഭക്തിസാന്ദ്രമായി നിഷ്ഠകൾക്കൊപ്പം ഭോഗത്തിന്റെ ക്രീഡാലോകം കൂടി ഗുരുവായൂർ കാലം കവിക്ക് നൽകി.

പി.യോടൊപ്പം നടന്ന സൗഹൃദങ്ങളും കൂട്ടുകൂടിയ പ്രണയങ്ങളും ഇന്നില്ല. ഗുരുവായൂരപ്പന് എന്നും കണ്ണീർപ്രസാദം നൽകിയ കവിയും അദ്ദേഹത്തിന് മുന്നിൽ വ്യഥയേറ്റുപറയുന്ന പ്രണയിനിമാരും ഇന്നില്ല. അതെല്ലാം അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പിൽ നടന്ന കഥകളായി മാറിക്കഴിഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഗുരുവായൂർക്കാലത്തിൽ കവി ആത്മകഥകളിൽ പറയാത്ത ഒരുപാട് ഏടുകളുണ്ട്. അതറിയാവുന്നത് ഇവിടത്തെ മൺതരികൾക്കുമാത്രം. കാലം കഴിയുന്തോറും കവിയെ കണ്ടവരുടെ, കേട്ടവരുടെ, അറിഞ്ഞവരുടെ വംശാവലികൾ ഗുരുവായൂരിന്റെ മണ്ണിൽ നിന്ന് മാഞ്ഞുമാഞ്ഞുപോകുന്നു.

രാജാസ് സ്‌കൂളിലെ കവിമാഷ്

കൊല്ലങ്കോടിന്റെ തെക്കുഭാഗത്താണ് തെന്മല. തെക്കൻ മലയാണ് തെന്മലയായി മാറിയത്. സഹ്യപർവ്വതത്തിന്റെ മനോഹരമായ ഒരു മലഞ്ചെരിവ്. സീതാർക്കുണ്ട്-പലകപ്പാണ്ടി മലകയറിയാൽ അതിനപ്പുറത്തെ ചെരിവ് നെല്ലിയാമ്പതി. പൊള്ളാച്ചിയോടാണ് കൊല്ലങ്കോടിന് അടുപ്പം. പൊള്ളാച്ചിയിലെ വ്യാഴാഴ്ച ചന്തകഴിഞ്ഞ് പച്ചക്കറി സാധനങ്ങളുമായി നെന്മാറയിലേക്കും പാലക്കാട്ടേക്കുമുള്ള കാളവണ്ടികൾ ഇതുവഴി കടന്നുപോവുന്നു.

കൊല്ലങ്കോട് അങ്ങാടി. മൂന്നുംകൂടിയ പാത. തൊട്ടരികിൽ താമരക്കുളം. കാവ്, അതിനു ചുറ്റുമായി ഗ്രാമങ്ങൾ. ഗ്രാമക്ഷേത്രങ്ങൾ. ഇതെല്ലാം കൂടിച്ചേർന്ന് ഒന്നായിരുന്നു തെന്മലത്താഴ്വര. കർഷകരുടെ നാട്. അതിർത്തി കടന്നുവരുന്ന കാറ്റെന്നപോലെ ഇവിടത്തെ മനുഷ്യർ തമിഴും മലയാളവും മൊഴിഞ്ഞു. മലയടി വാരത്തിലെ കാച്ചാംകുറിശ്ശിക്ഷേത്രം. അമ്പലപ്പാത. നിഗൂഢ സത്യം, സൗന്ദര്യം ചുണ്ടുന്ന പാതകൾ.

മഹാകവി പി. സ്മാരക കലാസാംസ്‌കാരിക കേന്ദ്രം, കൊല്ലങ്കോട്‌.

കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിന് കേരളത്തിലെ മറ്റൊരു സ്‌കൂളിനും ഇല്ലാത്ത ചില സവിശേഷതകളുണ്ടായിരുന്നു. അത് കൊല്ലങ്കോട് രാജാവിന്റെ സ്‌കൂൾ എന്ന നിലയിൽ മാത്രമായിരുന്നില്ല. സിലബസ് അധിഷ്ഠിത പഠനത്തോടൊപ്പം കുട്ടികളുടെ താത്പര്യമനുസരിച്ച് സംഗീതം, കഥകളി, കൃഷിശാസ്ത്രം, ബുക്ക് കീപ്പിംഗ്, ടൈപ്പ്റൈറ്റിംഗ്, തുന്നൽ തുടങ്ങിയ വിഷയങ്ങളും അനുബന്ധ കോഴ്സുകളായി ഇവിടെ പഠിപ്പിച്ചു വന്നിരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃകയാണ് രാജാവ് ഇവിടെ നടപ്പാക്കിയത്. ഇതിനെല്ലാം പുറമെ പ്രകൃതി അതിന്റെ സൗന്ദര്യവിലാസം കാട്ടി അനുഗ്രഹം ചൊരിയുന്ന അനുഭൂതിസാന്ദ്രമായ അന്തരീക്ഷവും അവിടെ ഉണ്ടായിരുന്നു.
ഇത്തരമൊരു വിദ്യാലയത്തിലേക്കാണ് കുഞ്ഞിരാമൻ നായർ എത്തിച്ചേർന്നത്. കൂടാളിയിലെന്നതുപോലെ കൊല്ലങ്കോട്ടെ കുട്ടികളും പി.കുഞ്ഞിരാമൻ നായരെ കവിമാഷ് എന്നു വിളിച്ചു. കൊല്ലങ്കോട്ടെത്തിയ കുറച്ചു നാളുകൾകൊണ്ട് കവിമാഷ് കുട്ടികളുടെ ആരാധ്യപുരുഷനായി മാറി. പഠിപ്പിക്കുന്ന ക്ലാസിലുള്ളവരും അല്ലാത്തതുമായ കുട്ടികൾ കവിയുടെ കൂടെ വട്ടംചുറ്റി നിന്നു. കവി എന്നത്തെയുംപോലെ കുട്ടികൾക്ക് ജൂബ്ബയിൽ നിന്ന് മധുരങ്ങൾ പലതും വാരി നൽകി.

1961-65 കാലത്താണ് ഖാജാ നവാസ് എന്ന കുട്ടി കൊല്ലങ്കോട്ട് സ്‌കൂളിൽ പഠിച്ചത്. പിന്നീട് കോളേജധ്യാപകനായി ചിറ്റൂർ ഗവ.കോളേജിൽ നിന്ന് വിരമിച്ചു. കൊല്ലങ്കോട്ട് സ്‌കൂൾ കാലത്തെക്കുറിച്ചും കവിയോടൊപ്പം ചെലവഴിച്ച നാളുകളെക്കുറിച്ചും ഖാജാ നവാസ് മാഷ് ഓർക്കുന്നു:

കവിമാഷ് കൊല്ലങ്കോട്ട് സ്‌കൂളിലെ എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ട മാഷായിരുന്നു. എട്ടാംതരത്തിലായിരുന്നു കവി മാഷുടെ ക്ലാസ്. എട്ടാംതരത്തിൽ ഞാൻ പഠിക്കുന്ന ക്ലാസിൽ കവിമാഷ് പഠിപ്പിച്ചിരുന്നില്ല. എങ്കിലും അധ്യാപകർ ആരെങ്കിലും അവധിയാവുന്ന ചില ദിവസങ്ങളിൽ കവിമാഷ് ഞങ്ങളുടെ ക്ലാസിൽ വന്നിരുന്നു.

കവി മാഷ് ക്ലാസിലെത്തിയാൽ കുട്ടികൾക്ക് വലിയ സന്തോഷമാണ്. അതിനുള്ള ഒരു കാരണം, ക്ലാസിന് വെളിയിൽ പോകാം എന്നതായിരുന്നു. മാഷ് അദ്ദേഹത്തിന്റെ ക്ലാസിലെ കുട്ടികളെയും കൊണ്ട് മരച്ചുവട്ടിൽ ചെല്ലുന്നതും അവിടെയിരുന്ന് കവിതചൊല്ലുന്നതും ക്ലാസെടുക്കുന്നതും പലപ്പോഴും ഞങ്ങൾ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കവിമാഷ് അപൂർവ്വമായി ക്ലാസിലെത്തിയപ്പോൾ കുട്ടികൾ ഒന്നടക്കം വിളിച്ചു പറഞ്ഞു, കവിമാഷെ നമുക്ക് മരച്ചുവട്ടിലേക്ക് പോകാം.
അതുവേണോ?
അതെ മാഷെ, വേണം. അവിടെയിരുന്നാൽ കാറ്റും കൊള്ളാം, കാഴ്ചയും കാണാം.
ഓ! എന്നാ അങ്ങോട്ട് നടക്ക്.

അതുകേൾക്കേണ്ട താമസം, കുട്ടികളെല്ലാം ക്ലാസിൽനിന്ന് ഇറങ്ങിയോടും. മരച്ചുവട്ടിലിരുന്ന് കുട്ടികൾ കവിതകൾ ചൊല്ലുകയും കവിമാഷ് കഥ പറഞ്ഞുതരികയും ചെയ്തു. സ്‌കൂൾ മുറ്റത്തെ അരയാലിലകൾ അതുകേട്ട് തലയാട്ടി നിന്നു. തെന്മലക്കാറ്റ് താമരക്കുളം കടന്നുവന്ന് കവിയോട് സ്വകാര്യം പറഞ്ഞു കൊണ്ടിരുന്നു. കുട്ടികളെ മറന്ന് കവി പലപ്പോഴും തെന്മലക്കാഴ്ചകൾ നോക്കി നിന്നു.
ഉച്ചഭക്ഷണത്തിന് അന്ന് കാന്റീനിൽ ടോക്കൺ എടുക്കണമായിരുന്നു. കവിമാഷ് വാങ്ങുന്ന കൂപ്പണുകൾ പലപ്പോഴും കുട്ടികളുടെ കൂടി വയറ്​ നിറയ്ക്കാനുള്ളതായിരുന്നു. ചിലപ്പോഴൊക്കെ വഴിയിൽവെച്ചുകണ്ടാൽ കവിമാഷ് കുട്ടികളെ കെട്ടിപ്പിടിക്കുമായിരുന്നു. കുട്ടികൾക്ക് കവിയുടെ ഈയൊരു പെരുമാറ്റം വലിയ കൗതുകമായിരുന്നു. ഒരധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളെ കെട്ടിപ്പിടിക്കുക എന്നതിലുള്ള ഒരത്ഭുതമായിരുന്നു അത്. ഞാനും പലപ്പോഴും ഇതിനായി അദ്ദേഹത്തിന്റെ മുന്നിൽ ചെന്നുനിന്നിട്ടുണ്ട്. കെട്ടിപ്പിടിച്ചുകഴിഞ്ഞാൽ അടുത്ത നടപടി കുട്ടികളുടെ നെറ്റിയിൽ മാഷുടെ നെറ്റി മുട്ടിക്കലായിരുന്നു. ഒരാൾ ഇത് ചെയ്യുന്നത് കണ്ടാൽ ഒരനുഷ്ഠാനംപോലെ മറ്റു കുട്ടികളും ഇതുപോലെ ചെയ്യാനായി ഓടിവരും. നെറ്റിമുട്ടിച്ചുകൊണ്ട് കവി മാഷ് ഓരോ കുട്ടിയോടും പറഞ്ഞു,
രക്ഷിക്കണം. രക്ഷിക്കണം.

കൊല്ലങ്കോട്ടുനിന്നുള്ള തെന്മലക്കാഴ്ച.

പിന്നെപ്പിന്നെ കുട്ടികളും കവി മാഷെ കാണുമ്പോൾ ‘രക്ഷിക്കണം’ എന്നു പറയാൻ തുടങ്ങി. നെറ്റിമുട്ടിക്കൽ കഴിഞ്ഞ് മധുരം വാങ്ങിത്തിന്ന് അവർ നടന്നുപോവുകയും ചെയ്തു.

രാജാസ് സ്‌കൂളിന്റെ പിറകുവശത്തായി വലിയൊരു താമരക്കുളമുണ്ടായിരുന്നു. മിക്കവാറും കവി ചെന്നിരിക്കാറുള്ളത് അവിടെയായിരുന്നു. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ പോലും കവി അതറിയുകയേയില്ല. കുട്ടികളായ ഞങ്ങൾ അന്ന് കവിയെന്താണ് നോക്കിനിൽക്കുന്നത് എന്ന് അത്ഭുതത്തോടെ നിരീക്ഷിക്കാറുണ്ടായിരുന്നു. വിരിഞ്ഞുനിൽക്കുന്ന ചെന്താമരകൾ. അതിനിടയിൽ തുള്ളിക്കളിക്കുന്ന ചവറ്റിലക്കിളികൾ. പരന്നുകിടക്കുന്ന പാടങ്ങൾ. അതിനമപ്പുറം തെന്മല. മേലെ നീലാകാശം. ഇതിനപ്പുറം അവിടെ എന്താണ്? ഒന്നുമില്ല. കുട്ടിക്കാലം മുതലേ കാണുന്ന സാധാരണകാഴ്ചകൾ. അല്ലാതൊന്നും അവിടെ ഉണ്ടായിരുന്നില്ല.

വരാന്തയിലും സ്‌കൂൾമുറ്റത്തും കണ്ടാൽ ചെറുചിരിയോടെ അടുത്തുവന്ന് കെട്ടിപ്പിടിക്കുകയും നെറ്റിമുട്ടിക്കുകയും ചെയ്തിരുന്ന കവിമാഷ് താമരക്കുളത്തിന്റെ കൽപ്പടവുകളിൽ വെച്ച് ഞങ്ങളെ ഒരിക്കലും കണ്ടില്ല. ഞങ്ങൾ അവിടെ ചെന്നതും കുറച്ചുനേരം കഴിഞ്ഞ് തിരിച്ചുപോയതും ഒന്നും കവി അറിഞ്ഞിരുന്നില്ല. ഏകാന്തമായ ധ്യാനമെന്നോ പ്രകൃതിയോട് പൂർണമായി അലിഞ്ഞുചേർന്നുള്ള ആത്മൈക്യമെന്നോ എന്താണ് ഇതിനെപ്പറ്റി പറയുക? എന്തൊക്കെ വാക്കുകൾ ഉപയോഗിച്ചാലും അതിനൊക്കെ അപ്പുറമായിരുന്നു പലപ്പോഴും കവിയുടെ അവസ്ഥ.

സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കുമെല്ലാം കൊല്ലങ്കോട് രാജകൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ രാജാവിന്റെ പിറന്നാളും മറ്റു വിശേഷങ്ങളുമായി എല്ലാവർക്കുമുള്ള വിശേഷസദ്യ. സ്‌കൂൾ പരിസരംപോലെ രാജാവിന്റെ കൊട്ടാരപരിസരങ്ങളിലും യഥേഷ്ടം സഞ്ചരിക്കാനും കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് വിഹരിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആനക്കൊട്ടിലിൽ ചെന്ന് അന്നൊക്കെ ഞങ്ങൾ ആനകളെ കണ്ടു. അവിടത്തെ കുളക്കടവിൽ ചെന്ന് മതിയാവോളം കുളിക്കുകയും കളിക്കുകയും ചെയ്തു. ജാതിയും മതവും സാമ്പത്തിക അസമത്വങ്ങൾ ഇതൊന്നുമറിയാതെയാണ് അന്നൊക്കെ ഞങ്ങളെല്ലാവരും പഠിച്ചതും വളർന്നതും.
കൊല്ലങ്കോടിനടുത്ത് കുരുവിക്കൂട് മരം എന്ന സ്ഥലത്താണ് എന്റെ വീട്. അരയാൽ മരങ്ങൾ കൂട്ടത്തോടെ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഒരിടം. ഇവിടെ നിന്ന് നോക്കിയാൽ വെള്ളിയരഞ്ഞാണം പോലെ സീതാർക്കുണ്ട് വെള്ളച്ചാട്ടം കാണാം. കവി ഇടയ്ക്ക് താമസിച്ചിരുന്ന ഹിന്ദി അധ്യാപകൻ നെടുങ്ങോട് വിശ്വത്തിന്റെ വീട്ടിലേക്കുള്ള വഴി ഇതിലൂടെയായിരുന്നു. എത്രയോ തവണ കവിയെ ഈ വഴികളിൽ വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും പക്ഷികൾ അരയാലുകളിൽ വന്ന് ചേക്കേറും. അവയുടെ ചിറകടിയൊച്ചകളും ശബ്ദകോലാഹലങ്ങളും കൂടിച്ചേർന്ന സന്ധ്യകളിൽ കവിയും ഇയ്യങ്കോട് ശ്രീധരനും വിശ്വവും സേതുമാധവൻ മാഷും പലവട്ടം ഇതുവഴി നടന്നുപോയി. മഹാകവി പി.യെ കൊല്ലങ്കോട്ടുകാർ സ്നേഹിച്ചിരുന്നു. കൊല്ലങ്കോട് രാജാവ് മുതൽ ഒരിക്കലും കവിയുടെ കവിത വായിച്ചിട്ടില്ലാത്ത സാധാരണക്കാർവരെ അദ്ദേഹത്തെ സ്വന്തമെന്ന് കരുതി. വെറും ഏഴു വർഷങ്ങൾകൊണ്ട് കൊല്ലങ്കോടിന്റെ ചരിത്രത്തിലും സ്വപ്നത്തിലും ഇടംനേടിയ ഒരാൾ പി.യെപ്പോലെ മറ്റാരുണ്ട്?

പ്രൊഫ. ഖാജാ നവാസുമായുള്ള സംഭാഷണം ഒരു ചോദ്യത്തിലവസാനിക്കുന്നു. കൊല്ലങ്കോട് രാജവംശത്തിന്റെ ചരിത്രത്തോടൊപ്പം മലയാള കവിതയുടെ ചരിത്രവഴികളിൽ കൊല്ലങ്കോട് പി.യിലൂടെ ഒരു കാവ്യഭൂമികയായി നിലകൊള്ളുന്നു. പി.കുഞ്ഞിരാമൻ നായരെ മലയാളികൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ കവിതകൊണ്ടു മാത്രമല്ല, കവിതപോലെ വ്യത്യസ്തമായ ഒരു ജീവിതം അദ്ദേത്തിന് ഉണ്ടായിരുന്നതുകൊണ്ടു കൂടിയാണ്. വ്യാഖാനിക്കാനാവാത്ത ശിഥിലമായ മാനസികഘടനയിൽ നിന്നുകൊണ്ട് അദ്ദേഹം ഒരു കാവ്യജീവിതം ജീവിച്ചു തീർത്തു. അത് മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത ഒന്നും തികച്ചും ജൈവവുമായിരുന്നു. അതുകൊണ്ടുതന്നെ പൊതുസമൂഹം പരിപാലിച്ചുപോന്ന മൂല്യങ്ങളെ അദ്ദേഹം നിഷ്‌കരുണം ഉപേക്ഷിച്ചു. പൊതുജീവിതം എന്നോ ഉപേക്ഷിച്ചുപോയ മനുഷ്യപ്രകൃതിയെ അദ്ദേഹം നാട്യമേതുമില്ലാതെ സ്വന്തം ജീവിതത്തോട് ചേർത്തുവയ്ക്കുകയും അതോടൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്തു.▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments