പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

കേരളം മുഴുവൻ ആഘോഷിച്ചു, പി.യുടെ പിറന്നാൾ

സ്വന്തമായി വീടില്ല. തന്റേതായ ഒരു നാടില്ല. എന്നിട്ടും പി. നാടുനീളെ ആഘോഷിക്കപ്പെട്ടു. ഷഷ്ടിപൂർത്തിയും സപ്തതിയും കേരളത്തിന്റെ മഹാഘോഷമായത് പി.കുഞ്ഞിരാമൻ നായർക്കുവേണ്ടി മാത്രമാണ്.

രാമനാഥപുരത്തെ ഗ്രാമസന്ധ്യകൾ

കൊല്ലങ്കോട്ടുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ആലമ്പള്ളം ഗ്രാമം. ഗായത്രിപ്പുഴയുടെ കരയിലെ പ്രകൃതി സുന്ദരമായൊരു ഗ്രാമം. പാലക്കാട്ടുള്ള തമിഴ് ബ്രാഹ്മണരുടെ അനേകം അഗ്രഹാരങ്ങളിലൊന്ന്. വീട്ടിൽ തമിഴും പുറത്ത് മലയാളവും സംസാരിക്കുന്ന ജനത. ഗ്രാമത്തിൽ മൂന്ന് ക്ഷേത്രങ്ങൾ. അതിൽ രാമനാഥപുരത്ത് രാമനാഥേശ്വരനായ ശിവപ്രതിഷ്ഠ. ചരിത്രകഥ പറയാൻമാത്രം പഴക്കമുള്ള അരയാൽ മരങ്ങൾ. ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്ന അതിന്റെ ബലിഷ്ഠമായ വേരിറക്കങ്ങൾ. ചരിത്രം അന്വേഷിച്ചുപോകുമ്പോൾ നാട്ടുകഥകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം. അതാകട്ടെ തമിഴ്നാട്ടിലെ തഞ്ചാവൂരിലും മറ്റു പലയിടങ്ങളിലേക്കും എത്തിച്ചേരുന്നു (അതേസമയം, ആലമ്പള്ളം ഗ്രാമത്തിന്റെ അയൽഗ്രാമമായ വടവന്നൂരിൽ ഗോവിന്ദമേനോന്റെ മകനായി മഠത്തിൽ വീട്ടിൽ ജനിക്കുകയും തമിഴ് മന്നനായി മാറുകയും ചെയ്ത എം.ജി.ആറിന്റെ കഥ തലമുറകളിലൂടെ സംഭവിച്ച ദേശവിനിമയത്തിന്റെ മറ്റൊരു കഥയായിത്തീരുന്നു). പെരുമാക്കന്മാരുടെ കാലത്ത് കേരളത്തിലെത്തിച്ചേർന്നവരുടെ പിൻതലമുറയിൽപ്പെട്ട വിശ്വേശ്വരയ്യർ രാമനാഥപുരം ശിവക്ഷേത്രത്തിലെ പരികർമിയായി ആലമ്പള്ളത്ത് ജീവിച്ചു. ഭാര്യ സീതാലക്ഷ്മി. മക്കൾ രാമചന്ദ്രൻ, വിശ്വേശ്വർ.

പി. കുഞ്ഞിരാമൻ നായർ കൊല്ലങ്കോട്ടുണ്ടായിരുന്ന കാലങ്ങളിൽ അതിനു തൊട്ടടുത്തുള്ള ആലമ്പള്ളം ഗ്രാമത്തിൽ പലപ്പോഴായി എത്തിച്ചേർന്നിരുന്നു. രാമനാഥേശ്വരനെ തൊഴുത് അതിനടുത്ത ആൽത്തറയിലിരുന്ന് ദിവാസ്വപ്നം കണ്ടിരുന്ന കവിയെ പലവട്ടം കൊല്ലങ്കോട് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന രാമചന്ദ്രൻ കണ്ടിട്ടുണ്ട്. അന്നത്തെ കുട്ടിക്ക് ഇന്ന് എഴുപത് വയസ്സ് കഴിഞ്ഞു. ഇന്നദ്ദേഹം അറിയപ്പെടുന്നത് ചന്ദ്രു വാധ്യാർ എന്നപേരിലാണ്. വർഷങ്ങളായി രാമനാഥേശ്വരം ക്ഷേത്രത്തിൽ ശാന്തി. ആലമ്പള്ളത്തെ പഴമ വിട്ടുമാറാത്ത അഗ്രഹാരത്തിലിരുന്നുകൊണ്ട് അഞ്ചുപതിറ്റാണ്ടുകൾക്കപ്പുറത്തുള്ള ഓർമകളിലേക്ക് അദ്ദേഹം നടന്നുപോവുന്നു.

‘‘പടുതിരി കത്തുന്ന വിളക്കാണ്. ഒരേ ഒരാഗ്രഹം മാത്രം. ഈ കേമദ്രുമയോഗക്കാരന്റെ പേരിൽ കേരളത്തിന്റെ ഏതെങ്കിലും പാതയോരത്ത് നാലാൾക്കിരുന്ന് നാലക്ഷരം വായിക്കാനൊരു കൂര പണിയണം.’’

ഒരു വൈകുന്നേരമാണ് കവിമാഷെ ക്ഷേത്രത്തിനടുത്തുള്ള ആൽത്തറയിൽ യാദൃശ്ചികമായി കണ്ടത്. അഗ്രഹാരത്തിൽനിന്ന് ആൽത്തറ കാണാം. കവിമാഷെ കണ്ടാണ് ഞാൻ അങ്ങോട്ടു ചെന്നത്. ആ നേരത്ത് കവിയുടെ ചുറ്റും ഏതാനും കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹം ജൂബ്ബയിൽ നിന്ന് കൈപ്പിടിയിൽ കൽക്കണ്ടമെടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി. കൽക്കണ്ടത്തോടൊപ്പം തുണ്ടു കടലാസുകളും. കടലാസെടുത്ത് കുട്ടികൾ തിരിച്ചും മറിച്ചും നോക്കി. കവി ഞങ്ങളോട് പറഞ്ഞു, കാന്റീനിലെ കൂപ്പണാണ്. സ്‌കൂളിൽ ഉച്ചഭക്ഷണം
കഴിക്കാത്തവർ ആരെങ്കിലുമുണ്ടോ?
എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.
ഇല്ല.
കൂപ്പൺ കയ്യിൽക്കിട്ടിയവർ അത് തിരിച്ചുകൊടുത്തു. ഉച്ചഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് കൊടുക്കാൻ കവി വാങ്ങിവെച്ച ഏതാനും കൂപ്പണുകളായിരുന്നു അത്. കവി അത് വാങ്ങി കീശയിലിട്ടു. കുട്ടികൾ കൽക്കണ്ടം നുണഞ്ഞ് പലവഴിക്ക് പിരിഞ്ഞു. കവിമാഷ് ദിവാസ്വപ്നം കണ്ട് കുറേനേരം അവിടെയിരുന്നു.

ചന്ദ്രു വാധ്യാർ

അന്ന് ഞാൻ പത്തിൽ പഠിക്കുന്നു. ആൽച്ചുവട്ടിൽ എത്തിച്ചേരുന്ന കവിമാഷും അദ്ദേഹത്തോടൊപ്പമുള്ള വൈകുന്നേരങ്ങളും എനിക്ക് നിത്യപരിചയമായി. എന്തും ചോദിക്കാനും പറയാനുമുള്ള ധൈര്യം വന്നുചേർന്നപ്പോൾ പല സംശയങ്ങളും കവിയോട് ചോദിക്കാൻ തുടങ്ങി.
ഒരു ദിവസം ഞാൻ ചോദിച്ചു, മാഷിനെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്ത്?
കവി പറഞ്ഞു, കാവ്യലഹരി. എത്രനുണഞ്ഞാലും കൊതിതീരാത്ത പ്രേമ
ലഹരി. കണ്ണിൽ നുരഞ്ഞുയരുന്ന കണ്ടാൽ മതിവരാത്ത ഗ്രാമലഹരി. കണ്ണടച്ചിരുന്നാൽ ഉള്ളിൽ കാണുന്ന അലൗകികമായ ദിവ്യലഹരി. അതല്ലാതെ മറ്റൊന്നും എന്നെ സന്തോഷിപ്പിച്ചിട്ടില്ല.
ഞാൻ കവിയുടെ മുഖത്തേക്ക് നോക്കി. കവി എന്നെ കാണുന്നുണ്ടോ? ഉണ്ടായിരുന്നില്ല. കവിയുടെ കണ്ണുകൾ അനന്തതയ്ക്കും അപ്പുറത്തായിരുന്നു. അതിലേക്കുള്ള ദൂരം വിദൂരഗ്രഹങ്ങൾ തമ്മിലുള്ള ദൂരത്തേക്കാൾ അകലെയായിരുന്നു. കവിപറഞ്ഞ വാക്കുകൾ രണ്ടുമൂന്ന് തവണ മന്ത്രംപോലെ മനസ്സിൽ ആവർത്തിച്ചു മൂളി.

ഗായത്രിപ്പുഴ തെളിനീരുപോലെ പഴയഗ്രാമത്തിന്റെ കരയിലൂടെ ശാന്തമായി ഒഴുകുന്നു. പച്ചപ്പാടങ്ങൾക്ക് മീതെ വെള്ളക്കൊറ്റികൾ വിൺനീലിമയിലൂടെ പറന്നുപോകുന്നു. അരയാലിലകൾ അമ്പലത്തിലെ അസ്തമയപൂജയുടെ മണിനാദ ത്തോടൊപ്പം മൗനം പൂണ്ട് ധ്യാനലീനമായിരിക്കുന്നു. കവിയും ഞാനും അമ്പലത്തിലേക്ക് നടന്നു. വിളക്ക് കണ്ട് തൊഴുതു. സന്ധ്യ പിന്നിട്ടപ്പോൾ കവി മങ്ങിയ വെളിച്ചത്തിൽ വയൽവരമ്പിലൂടെ നടന്നുപോയി.

ഒരിക്കൽ കൊല്ലങ്കോട്ടുനിന്ന് ഞങ്ങളൊന്നിച്ച് ആലമ്പള്ളത്തേക്ക് നടന്നു. രാജാവിന്റെ കോവിലകം വഴിയാണ് യാത്ര. അതുകഴിഞ്ഞാൽ ഗായത്രിപ്പുഴയോരമായി. അവിടെ വടക്കേക്കരയിലാണ് കൊല്ലങ്കോട്ടെ മൂന്ന് അഗ്രഹാരങ്ങൾ നിലകൊള്ളുന്നത്. അതിൽ ആദ്യമെത്തുന്നത് പഴയ ഗ്രാമത്തിൽ. അവിടത്തെ അഗ്രഹാരങ്ങളെയും ഗണപതിക്ഷേത്രത്തെയും തൊട്ടുരുമ്മിക്കൊണ്ടാണ് ഗായത്രിപ്പുഴ ഒഴുകുന്നത്.
പുഴയുടെ മീതെ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച നിലമ്പതിപ്പാലത്തിൽ നിന്നുകൊണ്ട് ഞാൻ ചോദിച്ചു, കവിമാഷ് പല പുഴകളും കണ്ടിട്ടുണ്ടല്ലോ ഏത് പുഴയോടാണ് കൂടുതലിഷ്ടം?
കവി ഒന്നാലോചിച്ചു. എന്നിട്ട് പറഞ്ഞു, എല്ലാ പുഴകളെയും ഇഷ്ടം. പുഴകളെ നിത്യംപ്രസവിക്കുന്ന മലകളോടും എല്ലാ നദികളേയും ഏറ്റുവാങ്ങുന്ന കടലി
നോടും ഇഷ്ടം.

കൊല്ലങ്കോട്ട് രാജാവ് പറഞ്ഞു, കവിയുടെ ഷഷ്ടിപൂർത്തിച്ചെലവ് എന്റെ വക. കവിക്കിഷ്ടപ്പെട്ട ഇടം ഗുരുവായൂരിൽ വെച്ച് ആഘോഷം. സി.പി.ശ്രീധരനും ഒത്തുചേർന്നു.

പുഴ കഴിഞ്ഞ് ഇടതുഭാഗത്തെ ക്ഷേത്രത്തിനു മുന്നിൽ ചെറുതും വലുതുമായ രണ്ടു രഥങ്ങൾ. ഉത്സവകാലത്ത് കൊല്ലങ്കോട് രാജാവ് വന്ന് രഥത്തിന്റെ വടംപിടിക്കുന്നതോടെയാണ് രഥോത്സവം ആരംഭിക്കുന്നത്. പെരുമാൾപുരത്തുനിന്ന് രാമനാഥപുരത്തേക്കും അവിടെ നിന്ന് പഴയഗ്രാമത്തിലേക്ക് എഴുന്നള്ളിക്കുന്ന രഥം ഒരു വർഷക്കാലം അവിടെ വിശ്രമിക്കുന്നു.
മറ്റൊരിക്കൽ വടക്കേ കുളത്തിനടുത്തുള്ള ആൽച്ചുവട്ടിലിരുന്നുകൊണ്ട് കവിമാഷ് കൊല്ലങ്കോട് രാജവംശത്തിന്റെ കഥപറഞ്ഞു. വെങ്ങുനാട് സ്വരൂപത്തിന്റെ ഗതകാലചരിത്രം. ചേരരാജവംശത്തിലെ പെരുമാൾ കാലത്തിന്റെ അറിയാത്ത കഥകൾ. വടക്കേക്കുളത്തിൽ കുട്ടികൾ മുങ്ങാങ്കുഴിയിട്ടു. രാമനാഥപുരത്തെ ശാന്തി. എന്റെ അച്ഛൻ വിശ്വേരരയ്യൻ മുങ്ങിക്കുളിച്ച് പടികയറിവന്നു. കവി തൊഴുതു.
രക്ഷിക്കണം.
അച്ഛൻ കുളിച്ചീറനോടെ കവിയെ നോക്കി പറഞ്ഞു, ""രാമനാഥേശ്വരൻ രക്ഷിക്കട്ടെ.''
കവി അച്ഛനോട് പറഞ്ഞു, ""ഈയിടെയായി ബുദ്ധിക്ക് ഒരു മാന്ദ്യം പോലെ. പലതും ഓർമയിൽ തെളിയുന്നില്ല. ബുദ്ധി തെളിയാൻ എന്താ ഒരു വഴി?''
അച്ഛൻ പൂജ കഴിഞ്ഞ് കവിയോട് അമ്പലത്തിലേക്ക് വരാൻ പറഞ്ഞു.
കവി വിളക്ക് തൊഴുതുനിന്നു. കർപ്പൂരം ദീപം തൊഴുത് നെറ്റിയിൽ വെച്ചു. തിരക്കൊഴിഞ്ഞ് വരുംവരെ അച്ഛനെ കാത്തിരുന്നു.
അച്ഛൻ പറഞ്ഞു, ""നാളെ വരണം. ഓർമയും ബുദ്ധിയും തെളിയാനുള്ളത് തരാം.''
അച്ഛൻ എന്റെ കയ്യിൽ കുറിപ്പെഴുതി തന്നു. ഞാൻ വായിച്ചു, സാരസ്വതഘൃതം. അച്ഛൻ പറഞ്ഞു, ""പോയി വാങ്ങിയിട്ട് വരൂ.''
ഞാൻ ആയുർവേദശാലയിലേക്ക് പോയി. അത് വാങ്ങിച്ചു കൊണ്ടുവന്നു.
കവി ചോദിച്ചു, ""ഇതെന്താണ്?''
അച്ഛൻ പറഞ്ഞു, സാരസ്വതഘൃതം. ഓർമയ്ക്കും മേധാശക്തിക്കും ഉത്തമം.
അതിനുശേഷം പല തവണ കവി ഇവിടെ വന്ന് സാരസ്വതഘൃതം വാങ്ങിക്കൊണ്ടുപോയി.

കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുന്ന പി. / Photo: Keralaculture.org

സ്ഥിരമായി ഹോർലിക്​സ്​ കുപ്പി പോലുള്ള ഒന്നിൽ ഇത് വാങ്ങിക്കൊണ്ടുപോകുന്നത് കാണാറുള്ള ഒരാൾ ഒരു ദിവസം വഴിവക്കിലിരുന്ന് കവിയോട് ഒരു നേരംപോക്കു പറഞ്ഞു. അയാൾ ചോദിച്ചു, ""മാഷെ നെയ്യാണോ?''
""അതെ.''
""ഇത്തിരി നെയ്യ് ഞങ്ങൾക്ക് തന്നാൽ ഞങ്ങളുടെ മെയ്യും നന്നാകൂലേ?''
ആരെന്തു ചോദിച്ചാലും എടുത്തുകൊടുക്കുന്ന കവി പക്ഷേ അയാളുടെ ചോദ്യത്തിലെ പരിഹാസമുനയിൽ തട്ടിത്തടഞ്ഞു നിന്നു. മറുപടിയൊന്നും പറയാതെ കവി നടന്നകന്നു. ഓരോതവണ നെയ്യുമായി പോകുമ്പോഴും അയാൾ ഇതേ ചോദ്യംതന്നെ ആവർത്തിച്ചു.
ഒരിക്കൽ കവി നെയ്യിനൊപ്പം മറ്റൊരു കുപ്പി കൂടി സംഘടിപ്പിച്ചു. വഴിവക്കിൽ വെച്ച് എന്നത്തേയുംപോലെ അയാളെ കണ്ടുമുട്ടി. കവി അയാളോട് ചോദിച്ചു, ""തനിക്കിത് കുറച്ച് തരട്ടെ?''
""എന്ത്?''
""കുപ്പിയിലുള്ളത്.''
അയാൾ അത്ഭുതത്തോടെ കവിയെനോക്കി. ഇപ്പോൾ ഉരുക്കി ഒഴിച്ചതാണ്. വെറുംവയറ്റിൽ സേവിച്ചാൽ നിന്റെ മെയ്യ് മാത്രമല്ല ബുദ്ധിയും നന്നാവും. അതും പറഞ്ഞ് കവി കുപ്പി അയാളുടെ കയ്യിൽ കൊടുത്തു. കവി നടന്നു. കുറച്ചകലെ ചെന്ന് കവി പിറകിലേക്ക് ഒന്നു തിരിഞ്ഞുനോക്കി. അയാൾ കുപ്പിയുടെ മൂടി തുറക്കുന്നതും അതിൽ നിന്നുയരുന്ന കടുംഗന്ധമേറ്റ് മുഖം വിവർണ്ണമാവുന്നതും കവി ദൂരെ നിന്നു നോക്കി. അയാൾ കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു. ഗോമൂത്രത്തിന്റെ കടുത്ത ഗന്ധം അവിടെയാകെ പരക്കുകയും ചെയ്തു.

''പി. കേരളീയതയെ അദ്ദേഹം ഹൃദയത്തിലേറ്റുവാങ്ങി. മലയാളത്തെ ആവോളം സ്നേഹിച്ചു. മലനാടിന്റെ ഭൂപ്രകൃതിയിൽ നിന്ന് കവി പ്രണയത്തിന്റെ തോണിതുഴയുകയും ആമ്പൽപ്പൂക്കളിറുക്കുകയും ചെയ്തു.'' / Photo: Keralaculture.org

കവിയുടെ ശിഷ്യനായ ചന്ദ്രുവാധ്യാർ അഗ്രഹാരത്തിൽ പഴയ ഓർമയുടെ തിരികൾ തെളിയുന്നതും അണയുന്നതും നോക്കി ഇന്ന് വാർദ്ധക്യകാലത്തിലൂടെ സഞ്ചരിക്കുന്നു. കേരളത്തിലെ എല്ലാ ഗ്രാമങ്ങൾക്കും എന്നപോലെ രാമനാഥപുരവും ഇന്നേറെ മാറി. മുന്നൂറോളം അഗ്രഹാരങ്ങളുണ്ടായിരുന്ന ഗ്രാമത്തിൽനിന്ന് പുതിയതലമുറകൾ വിദൂരനഗരങ്ങളിലേക്ക് ചേക്കേറി. ഇവിടത്തെ ഗ്രാമീണസൗന്ദര്യത്തെ മോഹിച്ച് പുറമേയുള്ളവർ സ്ഥലം സ്വന്തമാക്കി ഇവിടെ പാർപ്പുതുടങ്ങി. പുതുവീടുകൾ മോടിയണിഞ്ഞുനിന്നു. ക്ഷേത്രപരിസരത്തെ പഴയ ആൽമരങ്ങൾ കാലപ്പഴക്കത്താൽ കടപുഴകി. അതിനരികത്തെ ക്ഷേത്രക്കുളം കാട് വളർന്ന്, പടവുകളിടിഞ്ഞ് അനാഥമായി. കുളക്കാടിനുള്ളിൽ ആരുമറിയാതെ താമരപ്പൂക്കൾ വിരിഞ്ഞുകൊഴിഞ്ഞു. മറവിയിൽ മെലിഞ്ഞും ഓർമ്മയിൽ വളർന്നും ഗായത്രിപ്പുഴ ഇന്നും ഒഴുകിക്കൊണ്ടിരുന്നു.

കാഞ്ഞങ്ങാട്ടെ ഷഷ്ടിപൂർത്തി ആഘോഷത്തിനുശേഷം കാസർകോടു മുതൽ കൊല്ലം വരെ നാൽപത്തിയേഴോളം വേദികളിൽ കവിയേയും ആനയിച്ച്​ തനിക്ക്​ സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്ന്​ പി. യുടെ ജീവചരിത്രകാരനായ ഇയ്യങ്കോട് ശ്രീധരൻ പറയുന്നു.

പിറന്നാൾ സാഹിത്യോത്സവങ്ങൾ

വിതയിൽ സ്വന്തമായ ഒരിടം ഉണ്ടാക്കിവയ്ക്കാൻ പി. കുഞ്ഞിരാമൻ നായർക്ക് കഴിഞ്ഞിരുന്നു. പക്ഷെ ജീവിതത്തിൽ അങ്ങനെയൊരിടം കവിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പി. യെ ഡി. വിനയചന്ദ്രൻ ‘സമസ്തകരേളം പി. ഒ’ എന്ന് വിശേഷി പ്പിച്ചത്. കേരളീയതയെ അദ്ദേഹം ഹൃദയത്തിലേറ്റുവാങ്ങി. മലയാളത്തെ ആവോളം സ്നേഹിച്ചു. മലനാടിന്റെ ഭൂപ്രകൃതിയിൽ നിന്ന് കവി പ്രണയത്തിന്റെ തോണിതുഴയുകയും ആമ്പൽപ്പൂക്കളിറുക്കുകയും ചെയ്തു. സൗന്ദര്യദേവത കവിമനസ്സിൽ നിത്യമെന്നോളം വാസനപ്പൂക്കളെറിഞ്ഞു. കാവ്യദേവത മലയാളത്തറവാട്ടിന്റെ ഹൃദയസ്പന്ദം പോലെ കവിതയുടെ ശ്രീലകങ്ങളിൽ നവ രസമധുരനൃത്തമാടി. സ്വന്തമായി വീടില്ല. തന്റേതായ ഒരു നാടില്ല. എന്നിട്ടും പി. നാടുനീളെ ആഘോഷിക്കപ്പെട്ടു. ഷഷ്ടിപൂർത്തിയും സപ്തതിയും കേരളത്തിന്റെ മഹാഘോഷമായത് പി.കുഞ്ഞിരാമൻ നായർക്കുവേണ്ടി മാത്രമാണ്. ഇയ്യങ്കോട് ശ്രീധരന്റെ സ്വപ്നാടനം എന്ന പുസ്തകത്തിൽ ഷഷ്ടിപൂർത്തിക്കാലത്തിന്റെ അനുഭവങ്ങൾ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.

1906 ഒക്ടോബർ 22 നാണ് പി. ജനിച്ചത്. 1966ൽ കവിക്ക് അറുപത് വയസ്സ് തികഞ്ഞു. കൊല്ലങ്കോട്ട് സ്‌കൂളിൽ നിന്ന് വിരമിക്കുന്ന വർഷം. കവിക്കുള്ള യാത്രയയപ്പിനൊപ്പം അറുപതാം പിറന്നാളിന്റെ ആദ്യ ആലോചന നടന്നു. കോട്ടയ്ക്കൽ ശിവരാമനും ഇയ്യങ്കോട് ശ്രീധരനും കൊല്ലങ്കോട്ട് രാജാവിനെ വിവരം അറിയിച്ചു. രാജാവ് പറഞ്ഞു, കവിയുടെ ഷഷ്ടിപൂർത്തിച്ചെലവ് എന്റെ വക. കവിക്കിഷ്ടപ്പെട്ട ഇടം ഗുരുവായൂരിൽ വെച്ച് ആഘോഷം. സി.പി.ശ്രീധരനും ഒത്തുചേർന്നു. നവംബറിൽ കാഞ്ഞങ്ങാട്ട് വച്ച് നാടിന്റെ പിറന്നാൾ ആഘോഷത്തിന്റെ കാര്യദർശിയായി മാറി.

1966 ഒക്ടോബർ 22 വിജയദശമി ദിവസമായിരുന്നു. ഞെരളത്ത് രാമപ്പൊതുവാൾ ഇടയ്ക്ക കൊട്ടിപ്പാടി പിറന്നാളിന് തുടക്കം കുറിച്ചു. ജി. യുടെ പ്രഭാഷണം കുഞ്ഞിരാമൻ നായർക്കുള്ള വാകച്ചാർത്തായി. കൊല്ലങ്കോട് കഥകളി സംഘത്തിന്റെ കുചേലവൃത്തം കഥകളിയും ഗുരുവായൂർ ദേവസ്വത്തിന്റെ കൃഷ്ണനാട്ടവും ഉണ്ടായിരുന്നു. പി. യുടെ കവിതകൾ ശേഖരിച്ച് സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ സി. പി. ശ്രീധരന്റെ അവതാരികയോടുകൂടിയ താമരത്തോണി എന്ന കവിത കൊല്ലങ്കോട്ട് കോവിലകത്തെ ഇളയരാജ പ്രകാശനം ചെയ്തു. അദ്ദേഹം നൽകിയ സ്വർണോപഹാരം പുത്തേഴത്ത് രാമൻമേനോൻ കവിയുടെ കൈകളിൽ സമർപ്പിച്ചു. ഷഷ്ടിപൂർത്തി പരിപാടിയിൽ കവിയുടെ അമ്മയും അടുത്ത കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു.

പിറ്റേന്നുള്ള പത്രങ്ങളത്രയും പി.യുടെ പിറന്നാൾ ദിനത്തെ ആഘോഷമാക്കി. എൻ. വി. കൃഷ്ണവാര്യർ ആ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് പി. വിശേഷാൽപ്പതിപ്പാക്കി. മനോരമ, ജയകേരളം, ജനയുഗം, കേരളഭൂഷണം തുടങ്ങി മിക്ക പ്രസിദ്ധീകരണങ്ങളും പി. യെ കൊണ്ടാടി. ഗുരുവായൂരിലെ പിറന്നാളാഘോഷം കഴിഞ്ഞപ്പോഴേക്കും ഷഷ്ടിപൂർത്തി ആഘോഷിക്കാൻ പലയിടങ്ങളിൽനിന്നും ക്ഷണമുണ്ടായി. കാഞ്ഞങ്ങാട്ടെ പരിപാടിയുടെ നേതൃത്വം ഏറ്റെടുത്തത് സി. പി ശ്രീധരനായിരുന്നു. നവംബർ 29, 30 തീയതികളിൽ അതിയമ്പൂർ ദുർഗ സ്‌കൂളിൽ നടന്ന പരിപാടി നാടെന്നും ഓർക്കുന്ന ഒരു മഹോത്സവമായി.
മുണ്ടശ്ശരി, വൈലോപ്പിള്ളി, സുകുമാർ അഴിക്കോട്, എൻ. വി. കൃഷ്ണവാര്യർ, ഉറൂബ്, വെട്ടൂർ രാമൻനായർ, കെ. എം. മാത്യു, കാരൂർ, ഇടശ്ശേരി, സി. എൻ. ശ്രീകണ്ഠൻ നായർ, വിഷ്ണുനാരായണൻ നമ്പൂതിരി, ഡി. സി. കിഴക്കേമുറി തുടങ്ങിയവരൊക്കെ പിറന്നാൾ സാഹിത്യോത്സവങ്ങളിൽ പങ്കെടുത്തു. പി. യുടെ പിറന്നാൾ പത്രവാർത്തകൾ ഓരോ നാടിന്റെയും മനസ്സിൽ ആഘോഷത്തിന് കോപ്പുകൂട്ടാനുള്ള ആഗ്രഹമുണ്ടാക്കിത്തീർത്തു. കാസർക്കോട്ടുനിന്ന് ഉബൈദ് മാസ്റ്റർ, കണ്ണൂരിൽ നിന്ന് പി. വി. കെ. നെടുങ്ങാടി, കൂടാളിയിൽനിന്ന് എം. കെ. രാമകൃഷ്ണൻ, പയ്യോളിയിൽ നിന്ന് മൂടാടി ദാമോദരൻ, വടകര നിന്ന് വി. ടി കുമാരൻ, പുലാമാന്തോൾ നിന്ന് ചെറുകാട്, കോഴിക്കോട് സാഹിത്യസമിതിക്കുവേണ്ടി എം. ആർ. ചന്ദ്രശേഖരൻ, പൊന്നാനിയിൽ നിന്ന് ഇടശ്ശേരി, തൃശൂരിൽനിന്ന് രാഹുലൻ, എറണാകുളത്ത് നിന്ന് സുകുമാർ പൊറ്റെക്കാട് തുടങ്ങിയവരൊക്കെ വരാമെന്നേറ്റ് മറുപടി എഴുതി.

പി.യുടെ 60-ാം ജന്മദിനം പ്രമാണിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പ്.

കാഞ്ഞങ്ങാട്ടെ ഷഷ്ടിപൂർത്തി ആഘോഷത്തിനുശേഷം കാസർകോടു മുതൽ കൊല്ലം വരെ നാൽപത്തിയേഴോളം വേദികളിൽ കവിയേയും ആനയിച്ച്​ തനിക്ക്​ സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്ന്​ പി. യുടെ ജീവചരിത്രകാരനായ ഇയ്യങ്കോട് ശ്രീധരൻ പറയുന്നു. പി.യെപ്പോലെ മലയാളത്തിൽ മറ്റാരും ഇത്ര ആഘോഷിക്കപ്പെട്ടിട്ടില്ല. 1976 ലായിരുന്നു സപ്തതി. സപ്തതി ആഘോഷത്തിന്റെ പ്രധാന കമ്മിറ്റി രൂപം കൊണ്ടത് തിരുവനന്തപുരത്തായിരുന്നു. ഇതുപ്രകാരം പല പ്രസിദ്ധീകരണങ്ങളിലുമായി വന്നതും അന്യാധീനപ്പെട്ടതുമായ കവിതകളും പുസ്തകങ്ങളും ശേഖരിച്ച് പല വാള്യങ്ങളിലായി പ്രസിദ്ധീകരിക്കാൻ തയ്യാറെടുപ്പു നടന്നു. കേരളത്തിലും പുറത്തും സംഘടനകളും വേദികളും കവിയെ സ്വീകരിക്കാൻ തയ്യാറായി. കവി ഭാരതപര്യടനത്തിനൊരുങ്ങി. കാൺപുർ, റായ്​പുർ തുടങ്ങിയ ഇടങ്ങളിൽ കവി ക്ഷണിക്കപ്പെട്ടു. പക്ഷെ കവിയുടെ ഇടപെടൽദോഷം കൊണ്ട് കമ്മിറ്റിയുടെ പ്രവർത്തനം താറുമാറായി. സപ്തതി കമ്മിറ്റി ആസൂത്രണം ചെയ്ത കാര്യങ്ങളെല്ലാം അതുകൊണ്ട് നടക്കാതെ പോവുകയും ചെയ്തു.

കൂടാളി സ്‌കൂളിൽ സപ്തതിക്ക് എത്തിച്ചേർന്നതിന്റെ ഓർമകൾ കവിയുടെ പല ശിഷ്യരും ഓർക്കുന്നുണ്ട്. കവി വന്നു. സംഘാടകർ നെറ്റിപ്പട്ടം കെട്ടിയ ആനയും അലങ്കാരതോരണങ്ങളും ഒക്കെ ഒരുക്കിവച്ചു. ആനയെ കണ്ട് കവി തിരക്കി, ""ആനയ്ക്ക് വല്ലതും തിന്നാൻ കൊടുത്തോ? ''
""ഇല്ല.''
ആന നെറ്റിപ്പട്ടം ചാർത്തി നിൽക്കുന്നു. വാഴക്കുലയും ശർക്കരയും ഒപ്പമെത്തി. കവി ആനയെ ഊട്ടി. വേദിയിൽ വെച്ച് കവിയുടെ കഴുത്തിൽ നോട്ടുമാലകളിട്ടു. പുതിയ തലമുറയിൽ പെട്ട കുട്ടികൾ ആദ്യമായി കവി മാഷെ കണ്ടു. കവി പറഞ്ഞു.
കൂടാളിയിലെ ഈ കല്ലുകളൊക്കെ ഒരു കാലത്ത് എനിക്ക് കൽക്കണ്ടങ്ങളായിരുന്നു. പഴയതലമുറകളത്രയും കവി മാഷുണ്ടായിരുന്ന ആ കൽക്കണ്ടക്കാലം ഓർത്തു. കവി പറഞ്ഞു, സപ്തതിക്ക് എത്തിച്ചേർന്ന കാട്ടുകുരങ്ങനാണ് ഞാൻ. നിങ്ങൾ ബഹുമാനിക്കുന്നത് കുഞ്ഞിരാമനെന്ന ഈ കാട്ടുകുരുങ്ങനെയല്ല. പകരം അവന്റെ ഉള്ളിലുള്ള സരസ്വതിയേയാണ്. കവിതയെയാണ്.

തന്റെ മനസ്സ് ഒരു കാട്ടുകുരങ്ങന്റേതാണെന്ന് കവി തന്നെ വിശ്വസിച്ചിരുന്നു. സ്നേഹത്തിന്റെ പൂമാലകൾ ആ കാട്ടുകുരങ്ങ് പലപ്പോഴും തട്ടിത്തെറിപ്പിച്ച് പിച്ചിച്ചീന്തി. അതിന്റെ നഷ്ടബോധം ഉണ്ടാക്കുന്ന കുറ്റബോധത്തിൽ നിന്ന് കാട്ടാറുപോലെ ശുദ്ധമായി കവിതകൾ ഒഴുകിവന്നു. ജീവിതത്തിന്റെ കറുപ്പ് കവിതയുടെ വെണ്മകൊണ്ട് കവി നിരന്തരം അലക്കി മിനുക്കി. കുഞ്ഞിരാമൻ നായരുടെ ജീവിതകഥയും കവിതകളും അതിന്റെ വേറിട്ട കഥനങ്ങൾ മാത്രമായിത്തീരുന്നു.

യാത്രപറയാതെ എന്നുമിവിടെ

കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിൽ പി. കുഞ്ഞിരാമൻ നായർ അധ്യാപകനായിരുന്നത് 1961-67 വരെ ഏഴുവർഷമാണ്. കവിതയെഴുത്തിന്റെ ആദ്യകാലം മുതൽ തന്നിലെ കവിയേയാണ് പി. സ്നേഹിച്ചിരുന്നത്. അതേസമയം അധ്യാപകവൃത്തി ഏറ്റെടുത്ത കാലം മുതലേ കവി അതിനെ അങ്ങേയറ്റം വെറുക്കുകയും ചെയ്തു. കാടിന്റെ മടിയിൽ എന്ന കവിതയുടെ ആമുഖത്തിൽ പി. ഇങ്ങനെ എഴുതി: ഇരുപതുകൊല്ലം ജോലിയിൽ പിടഞ്ഞു. ഉഗ്രൻ കവിതയുടെ വസന്തകാലം. അത് നഷ്ടപ്പെട്ടു. വാധ്യാരും കവിയും ഏറ്റുമുട്ടിയ ആ മൽപ്പിടുത്തത്തിൽ കവി തളർന്നുവീണു. മരിച്ചില്ല. അതുകൊണ്ടുതന്നെ അധ്യാപകവൃത്തിയിൽ നിന്നുള്ള വിടുതൽ കവിയെ സംബന്ധിച്ച്​സന്തോഷപ്രദമായിരുന്നു. അതൊരർത്ഥത്തിൽ കവിതയുടെ പരമസ്വാതന്ത്ര്യത്തിലേക്ക് കനമില്ലാതെ പറക്കാനുള്ള അവസരം കൂടിയായിരുന്നു. സ്‌കൂൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങാൻ കവി ആഗ്രഹിച്ചെങ്കിലും കൊല്ലങ്കോടിന്റെ ഗ്രാമീണ പ്രകൃതിയുടെ സൗന്ദര്യാനുഭൂതികളോട് വിട പറയാൻ കവിക്ക് എളുപ്പം കഴിയില്ലായിരുന്നു.

ലക്കിടിയിൽ പാറുക്കുട്ടി ടീച്ചറുണ്ട്. പക്ഷേ അവരുടെ വീട്ടിൽ കഴിയാൻ കവിക്ക് താത്പര്യമുണ്ടായിരുന്നില്ല. പ്രണയത്തിന്റെ അന്തിത്താവളങ്ങളല്ല, സ്വന്തവും സ്വസ്ഥവുമായ ഒരിടം കവി ആഗ്രഹിച്ചു.

കൊല്ലങ്കോട്ടെ നീലക്കുന്നുകളോടും പച്ചവയലുകളോടും കരിമ്പനകളോടും ഒടുവിൽ കവി യാത്രചോദിച്ചു.
ഗായത്രിപ്പുഴയെ നോക്കി കവി പറഞ്ഞു, നീ എന്റെ നിളയുടെ കളിത്തോഴി. നമ്മൾ തമ്മിൽ ഇനിയും കാണും.
ആകാശവും നക്ഷത്രങ്ങളും രാത്രിനിലാവും കവിയോട് പറഞ്ഞു, ഇനിയുള്ള കാലത്തോളം ഞങ്ങൾ കൂടെത്തന്നെയുണ്ട്; നമ്മൾ തമ്മിൽ വേർപാടില്ല.

താമരക്കുളങ്ങൾ. പകൽവെയിലിൽ വിടർന്നുചിരിക്കുന്ന താമരപ്പൂക്കൾ. അതിന്റെ ഇലകളിൽ തത്തിക്കളിക്കുന്ന താമരക്കോഴികൾ. ഇതു രണ്ടുമൊരുമിച്ചു ചോദിച്ചു, അങ്ങ് ഞങ്ങളെ അത്രമാത്രം സ്നേഹിച്ചു. പ്രിയപ്പെട്ട കവീ, ഇവിടംവിട്ടു പോവുന്നോ?
താമരപ്പൂക്കൾ ചിരിക്കാൻ മറന്ന് തണ്ടൊടിഞ്ഞ് തലതാഴ്ത്തി നിന്നു.
പൊള്ളാച്ചി ചന്തയ്ക്കു പോയി തിരിച്ചുവരുന്ന കാളകൾ വഴിയരികിൽ കണ്ണുപായിച്ച് കവിയെ നോക്കി ചോദിച്ചു. ഞങ്ങളുടെ വേദനയോർത്ത് കണ്ണീർവാർത്ത പ്രിയ സ്നേഹിതാ, ഈ കൺനനവുമായി ഇനിയാര്?

ഏഴുവർഷങ്ങൾക്കുമുമ്പ് കൊല്ലങ്കോട് തീവണ്ടിയാപ്പീസിൽ കാത്തിരുന്ന അതേ സ്ഥലത്തുവെച്ച് ഇയ്യങ്കോട് ശ്രീധരൻ കവിയെ യാത്രയാക്കി. അദ്ദേഹത്തിന്റെ മനസ്സിൽ കൊല്ലങ്കോടി നോട് യാത്രപറഞ്ഞിറങ്ങുന്ന കവിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം അതോർക്കുന്നു.

ഇയ്യങ്കോട് ശ്രീധരൻ

കൊല്ലങ്കോട്ട് കവി എത്തിച്ചേരുമ്പോൾ അദ്ദേഹം എനിക്ക് കവി പി. കുഞ്ഞിരാമൻ നായർ മാത്രമായിരുന്നു. ഇവിടെ നിന്ന് പോകുമ്പോഴാകട്ടെ ചുരുങ്ങിയ കാലം കൊണ്ട് കവിയും ഞാനും തമ്മിൽ അഗാധമായ ഹൃദയബന്ധം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കൊല്ലങ്കോട്ട് കവിയോടൊപ്പം സൗഹൃദം പങ്കിട്ടുകഴിഞ്ഞതിന്റെ എത്ര യോ ഓർമകൾ മനസ്സിലുണ്ട്. അദ്ദേഹം കൊല്ലങ്കോട്ട് വിട്ടുപോകുമ്പോൾ വിങ്ങലായി അതൊക്കെയും മനസ്സിൽ വന്നുനിറയുന്നു.

കൊല്ലങ്കോട്ട് രാജാവിന്റെ മേൽനോട്ടത്തിൽ ഗുരുവായൂരിൽ നടത്തിയ ഗംഭീരമായ ഷഷ്ടിപൂർത്തി ആഘോഷം. ഏഴുവർഷം നീണ്ടുനിന്ന രാജാസ് സ്‌കൂളിലെ കൂട്ടുജീവിതത്തിന്റെ നിഴലും നിലാവും. ഗുണദോഷിച്ചും തിരുത്താൻ ശ്രമിച്ചും പരാജയപ്പെട്ട മുഹൂർത്തങ്ങൾ. കവി തൊട്ടെടുത്ത കാവ്യഭാവനയെ ആദ്യം നുകർന്ന് അസ്സലെഴുതിയ ദിനരാത്രങ്ങൾ. കേരളമങ്ങിങ്ങോളം കവിയോടൊപ്പം സഞ്ചരിച്ച ദിവസങ്ങൾ. ‘താമരത്തോണി’ അവർഡ് സ്വീകരിക്കാൻ ഡൽഹിയിലേക്കുള്ള യാത്രകൾ. ഓർമകളെല്ലാം കൂടി മനസ്സിന്റെ ഉള്ളറകളിൽ അനുഭവത്തിന്റെ സാന്ദ്രതകളായി ഇപ്പോൾ നിറഞ്ഞുനിൽക്കുന്നു.
കവിയുടെ യാത്രയയപ്പിന് രാജാസ് സ്‌കൂളിൽ വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. കൊല്ലങ്കോട് വലിയ രാജാവ് വേണുഗോപാല വർമയും സ്ഥലം എം. എൽ. എ വാസുദേവമേനോനും പരിപാടിയുടെ രക്ഷാധികാരികളായി.

ഒരു ദിവസം ഞാൻ കവിയോട് ചോദിച്ചു, ഒരു കടങ്കഥപോലെ കവിയുടെ കൊല്ലങ്കോട്ടുള്ള ജീവിതകാലം ഇതാ അവസാനിക്കുന്നു. വിരമിക്കലിനുശേഷം
കവി എവിടെപ്പോകുന്നു. ശിഷ്ടകാലം ഇനിയെവിടെ?
കവി അതു കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല. ഒരുപക്ഷെ എവിടെപ്പോകുമെന്ന ചോദ്യത്തിന് ഉത്തരം കവിക്കുതന്നെ കൃത്യമായി അറിയില്ലായിരുന്നു. എങ്കിലും ഞാൻ വെറുതെ ചോദിച്ചു, സ്വന്തം നാടായ കാഞ്ഞങ്ങാട്?
അതല്ല. അതല്ലെന്ന് കവി തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. പിന്നെ എവിടെ?
കവി പറഞ്ഞു, ഭാരതപ്പുഴയുടെ തീരത്ത്, ഒരു കൊച്ചു വീട്, പുഴയും കണ്ട്
കടവുകടന്ന് പച്ചപ്പാടങ്ങൾക്കിടയിൽ ഇനിയുള്ള കാലം.

ലക്കിടിയിൽ പാറുക്കുട്ടി ടീച്ചറുണ്ട്. പക്ഷേ അവരുടെ വീട്ടിൽ കഴിയാൻ കവിക്ക് താത്പര്യമുണ്ടായിരുന്നില്ല. പ്രണയത്തിന്റെ അന്തിത്താവളങ്ങളല്ല, സ്വന്തവും സ്വസ്ഥവുമായ ഒരിടം കവി ആഗ്രഹിച്ചു. കവിക്ക് ഇതുവരെ സ്വന്തമാക്കാനാവാത്ത ഈ ഒരു സ്വപ്നം എന്നോട് പങ്കുവെച്ചു.

1967 മെയ് പത്തിന്​ യാത്രയയപ്പുസമ്മേളനം നടന്നു. അന്നത്തെ സഹകരണമന്ത്രി പി. ആർ. കുറുപ്പ് മുഖ്യാതിഥിയായി. കോമൻനായർ അധ്യക്ഷനായി. യാത്രയയപ്പിനോടനുബന്ധിച്ച് സുമനസ്സുകളിൽ നിന്ന് പതിനയ്യായിരത്തോളം രൂപ പിരിഞ്ഞുകിട്ടി. കവിയുടെ സ്വപ്നസാക്ഷാത്കാരത്തിന് കൊല്ലങ്കോട്ടെ ജനങ്ങളുടെ സ്നേഹക്കൈനീട്ടം.
യാത്രയയപ്പു യോഗത്തിൽ കവി പറഞ്ഞു, സ്‌കൂൾ ജീവിതത്തിൽ നിന്നേ വിരമിക്കുന്നുള്ളൂ. കൊല്ലങ്കോട്ട് എന്റെ പ്രിയപ്പെട്ട നാട്. തത്ക്കാലം ഇവിടം വിട്ട്
എങ്ങോട്ടുമില്ല. കവി പറഞ്ഞത് ശരിയായിരുന്നു. യാത്രയയപ്പുയോഗം കഴിഞ്ഞു. കവി എവിടെയും പോയില്ല. ഞാൻ വാടകയ്ക്കെടുത്ത വീട്ടിൽ മൂന്നുമാസത്തോളം കവി താമസിച്ചു. അതിൽ പിന്നീട് സഹപ്രവർത്തകനായ നെടുങ്ങോട് വിശ്വത്തിന്റെ ആലമ്പള്ളത്തുള്ള വീട്ടിലും കുറച്ചുകാലം താമസിച്ചു.

കൊല്ലങ്കോട്ടെ നീലക്കുന്നുകളോടും പച്ചവയലുകളോടും കരിമ്പനകളോടും ഒടുവിൽ കവി യാത്രചോദിച്ചു. ഗായത്രിപ്പുഴയെ നോക്കി കവി പറഞ്ഞു, "നീ എന്റെ നിളയുടെ കളിത്തോഴി. നമ്മൾ തമ്മിൽ ഇനിയും കാണും.'' / Photo: Keralaculture

ഇക്കാലത്തൊക്കെ കവിയുടെ ആഗ്രഹംപോലെ ഭാരതപ്പുഴയോരത്ത് ഒരു താവളം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങൾ. വീടുകണ്ടെത്താനുള്ള ചുമതല എനിക്കും പ്രൊഫ. വി. വിജയനുമായിരുന്നു. ഞങ്ങൾ പലയിടങ്ങളിലും അലഞ്ഞു. ഒടുവിൽ കവിയുടെ മനസ്സിനിണങ്ങിയ ഒരിടം കണ്ടെത്തി. തിരുവില്വാമല ക്ഷേത്രത്തിലെ വടക്കേച്ചിറയ്ക്കടുത്ത് ഒരു വീട്. വീടല്ല; കയ്പയിൽ വാരിയത്ത് വീടിനോട് ചേർന്നുള്ള ഒരു പടിപ്പുരമാളിക. രണ്ടോമൂന്ന് സെന്റിൽ നിലകൊള്ളുന്ന ഒരു ചെറിയ വീട്. പതിനഞ്ചായിരം രൂപ കൊടുത്ത് 1967 നവംബറിൽ പടിപ്പുരമാളിക കവിയുടെ സ്വന്തമായി. പടിപ്പുരമാളിക താമസയോഗ്യമാക്കാൻ മരാമത്ത് പണിക്കായി വലിയൊരു തുക കവി പിന്നെയും ചെലവാക്കി. കൊല്ലങ്കോട്ടെ വാടകമുറികളിൽ നിന്ന് കവിയുടെ സാധനങ്ങളേറ്റി കാളവണ്ടി കൊല്ലങ്കോട്ടേക്ക് പുറപ്പെട്ടു. ഈ ഭൂഗോളത്തിൽ ആദ്യമായി വിലകൊടുത്ത് സ്വന്തമാക്കിയ ഭവനത്തിന് കവി ‘ഗോവർദ്ധനം’ എന്ന പേരിട്ടു. പ്രതീക്ഷകളോടെ പി. അവിടെ താമസം തുടങ്ങി.

തിരുവില്വാമലയിൽ നിന്ന് ഭാരതപ്പുഴയുടെ കടവ് കടന്നാൽ അക്കരെ ലക്കിടി. പാറുക്കുട്ടി ടീച്ചറും മകൾ ബാലാമണിയും അവിടെ. കവി പാറുക്കുട്ടി ടീച്ചറെ കൂട്ടുതാമസത്തിന് വിളിച്ചു. കവിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വീട്ടിൽ ടീച്ചർ താമസത്തിനെത്തിയില്ല. അവർ പിണങ്ങി നിന്നു.
വടക്കേച്ചിറയിൽ ചെന്ന് കുളിച്ചു. നിത്യവും തൊഴുതു. വീട്ടിലെ വലിയ നിലവിളക്കിൽ കവി എണ്ണപകർന്ന് തെളിച്ചുവെച്ച് കവി ഗോവർദ്ധനത്തിൽ തനിച്ച് താമസിച്ചുപോന്നു.
അതിനിടയിലാണ് ക്ഷേത്രപരിസരത്തുള്ള ഒരു സന്യാസിയെ കവി പരിചയപ്പെടുന്നത്. കൂടെ താമസിക്കാൻ കവി അയാളെ ക്ഷണിച്ചു. സന്യാസി കവിയോടൊപ്പം താമസം തുടങ്ങുകയും യാത്ര പോവുമ്പോൾ അയാളെ വീട് ഏൽപിക്കുകയും ചെയ്തു.
ഒരുനാൾ കവിക്ക് പ്രിയപ്പെട്ട വിളക്ക് കാണാതായി. പിന്നീട് പല വീട്ടുസാധനങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ചോദ്യം ചെയ്തപ്പോൾ സന്യാസി കുറ്റം സമ്മതിച്ചു. അതോടെ അയാളോട് ഇറങ്ങിപ്പോകാൻ കവി ആവശ്യപ്പെട്ടു. അയാൾ എങ്ങോട്ടും പോകാൻ തയാറായില്ല. കവി ഗതിമുട്ടി.
ഒരു ദിവസം എനിക്ക് കവിയുടെ കത്തു വന്നു, ഉടനെ വരണം, പൊട്ടക്കിണറ്റിൽ നിന്ന് കരകേറ്റണം.
അതായിരുന്നു കത്തിലെ ഉള്ളടക്കം.

രാത്രി കവി ഉറങ്ങിയില്ല. കതകടച്ച് അകത്ത്. രാത്രി അതിനകത്തുനിന്ന് കവി പിച്ചും പേയും പറഞ്ഞു. ആരോടോ സംസാരിക്കുന്നതുപോലെ. പഴയ കാലത്തെ ഓർമകളിലേക്കിറങ്ങിച്ചെന്ന്​ കവി ആ കഥാപാത്രങ്ങളോട് ആത്മഭാഷണത്തിൽ ഏർപ്പെടുന്നതുപോലെ

തടിമിടുക്കുള്ള രണ്ടുമൂന്ന് ശിഷ്യന്മാരുമായി അടുത്ത ദിവസം തിരുവില്വാമലയിലെത്തി. സന്യാസി പൂജാമുറിയിൽ ഉഗ്രജപത്തിലായിരുന്നു. കൂടെ വന്ന ശിഷ്യനായ മണി സന്യാസിയോട് പുറത്തുവരാൻ പറഞ്ഞു. സന്യാസി വിളികേട്ടില്ല. ജപം തന്നെ ജപം. മണിയും ശ്രീനിവാസനും അകത്ത് കയറി സന്യാസിയെ പിടിച്ചെഴുന്നേൽപിക്കാൻ നോക്കി. അയാൾ അനങ്ങിയില്ല. ചെവിക്കുറ്റിയിൽ ആഞ്ഞൊന്ന് തൊഴിച്ചപ്പോൾ ജപം നിർത്തി അയാൾ ജീവനും കൊണ്ട് ഇറങ്ങിയോടി. ഈ നേരമത്രയും കവി മറ്റൊരു മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു.

തിരുവില്വാമലയിലെ വീടും അതിന്റെ ചുറ്റുവട്ടങ്ങളും ഇത്തരത്തിൽ കവിയെ പലതരം അസ്വസ്ഥതകളിലേക്കാണ് കൊണ്ടുപോയത്. ഒടുവിൽ 1970 ഓടെ ‘ഗോവർദ്ധനം’ തുച്ഛമായ തുകയ്ക്ക് തന്നവർക്കുതന്നെ തിരിച്ചുകൊടുത്ത് കവി തിരുവില്വാമലയോട് യാത്ര പറഞ്ഞു.

1970 ലാണ് പി. കവിയുടെ കാൽപ്പാടുകൾ എഴുതിത്തുടങ്ങിയത്. അക്കാലത്ത് ഒരു ദിവസം കവി കൊല്ലങ്കോട്ടുള്ള എന്റെ വീട്ടിലെത്തിച്ചേർന്നു. ഞാനും ഭാര്യയും കുഞ്ഞുമടങ്ങുന്ന വീട്ടിൽ കവി ഞങ്ങളോടൊപ്പം കുറച്ചുദിവസം തങ്ങി. കവിയുടെ കയ്യിൽ എഴുതിവെച്ച ഏതാനും നോട്ടുപുസ്തകങ്ങളുണ്ടായിരുന്നു. അത് എന്റെ കയ്യിൽ തന്നിട്ട് കവി പറഞ്ഞു, കവിയുടെ കാൽപ്പാടുകൾ.
ശ്രീധരൻ വായിച്ച് അസ്സലെഴുതിത്തരണം.
കവി ബോണ്ട് ബുക്കിലെഴുതിയത് വായിച്ചു. അസ്സൽ ഗദ്യ കവിത. ആർക്കും അനുകരിക്കാനാവാത്ത അലങ്കൃതമായ വാങ്മയ ഭാഷ. മൂന്നാല് അധ്യായങ്ങൾ എന്റെ കയ്യെഴുത്തിൽ പകർത്തിക്കൊടുത്തു. എഴുതാൻ ബാക്കിയുള്ള അധ്യായങ്ങൾ കവി വീട്ടിൽ നിന്ന് തുടർന്നെഴുതാനിരുന്നു.
രാത്രി കവി ഉറങ്ങിയില്ല. കതകടച്ച് അകത്ത്. രാത്രി അതിനകത്തുനിന്ന് കവി പിച്ചും പേയും പറഞ്ഞു. ആരോടോ സംസാരിക്കുന്നതുപോലെ. പഴയ കാലത്തെ ഓർമകളിലേക്കിറങ്ങിച്ചെന്ന്​ കവി ആ കഥാപാത്രങ്ങളോട് ആത്മഭാഷണത്തിൽ ഏർപ്പെടുന്നതുപോലെ. കവിതയെഴുതുമ്പോഴുള്ള കുഞ്ഞിരാമൻ നായരല്ല; ആത്മകഥയെഴുതിയ രാത്രികളിലെ പി. എന്നു തോന്നുന്നു. ഞാനും ഭാര്യയും രാത്രിയുടെ നിശബ്ദതയിൽ ഉറങ്ങുകയും കവിയുടെ കാൽപ്പാടുകൾ എഴുതുന്നതിനിടയിൽ ഉയർന്നുകേട്ട പലതരം ശബ്ദങ്ങളാൽ ഞെട്ടിയുണരുകയും ചെയ്തു.

വർഷങ്ങൾ പിന്നെയും കടന്നുപോയി. ഓർമകൾ പലതും മനസ്സിൽനിന്നുതന്നെ മാഞ്ഞുപോയി. ഇതിനിടയിൽ പച്ചകുത്തിയതുപോലെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന ചില ഓർമകളുമുണ്ട്. മരിക്കുന്നതിന് പത്തുദിവസം മുമ്പ് കവി അയച്ച കത്തി ലെ വരികൾ മനസ്സിൽ വരുന്നു. അതിങ്ങനെയായിരുന്നു.

തിരുവനന്തപുരം, 17.05.1978 ഇയ്യങ്കോടെ, പടുതിരി കത്തുന്ന വിളക്കാണ്. ഒരേ ഒരാഗ്രഹം മാത്രം. ഈ കേമദ്രുമയോഗക്കാരന്റെ പേരിൽ കേരളത്തിന്റെ ഏതെങ്കിലും പാതയോരത്ത് നാലാൾക്കിരുന്ന് നാലക്ഷരം വായിക്കാനൊരു കൂര പണിയണം. താൻ വിചാരിച്ചാൽ നടക്കും. സവ്യസാചിയല്ലേ.

പി. യുടെ ആഗ്രഹം സഫലമാക്കാനുള്ള ഉത്തരവാദിത്തം ഞാനേറ്റെടുത്തു. കൊല്ലങ്കോട് രാജാവ് ചെറിയ തുകയ്ക്ക് രാജാസ് സ്‌കൂളിനോടുചേർന്ന 58 സെൻറ്​ സ്ഥലം തന്നു. രണ്ടുവർഷംകൊണ്ട് സ്മാരകമന്ദിരം പൂർത്തിയായി. 1980ൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ.നായനാർ മഹാകവി പി. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്​തു. 1981 ൽ ഗ്രന്ഥാലയം വൈലോപ്പിള്ളി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കൊല്ലങ്കോട്ടാണ് പി. കുഞ്ഞിരാമൻ നായർക്കുവേണ്ടി കേരളത്തിൽ ആദ്യമായി ഒരു സ്മാരകമുണ്ടായത്. കൊല്ലങ്കോട്ടെ ജനാവലി കവിയോട് കാണിച്ച സ്നേഹത്തിന്റെ സ്മൃതിമണ്ഡപമായി അത് മാറി.

പി.യും ഇയ്യങ്കോട് ശ്രീധരനും തമ്മിലുള്ള സ്നേഹസൗഹൃദത്തിന്റെ അനേകം അനുഭവകഥനങ്ങൾ കവിയുടെ കാൽപ്പാടുകളിലും ഇയ്യങ്കോട് എഴുതിയ സ്വപ്നാടനം എന്ന ജീവചരിത്ര പുസ്തകത്തിലും നിറഞ്ഞുനിൽക്കുന്നുണ്ട്. കൊല്ലങ്കോടുമായി ബന്ധപ്പെട്ട കവിയുടെ ഓർമകളിലാക്കെയും ഈ സ്നേഹസൗഹൃദത്തിന്റെ സാന്ദ്രതകളത്രയും കടന്നുവരുന്നു. തെന്മലയുടെ താഴ്വരയിൽ രാജാസ് സ്‌കൂളിനോടുചേർന്ന് പി. സ്മാരകം ഇന്നും തലയുയർത്തി നിൽക്കുന്നു. കൊല്ലങ്കോടിനെ കവി അത്രയധികം പ്രണയിച്ചു. പകരം ഇവിടെയുള്ള ഓരോ തലമുറയും അന്നുമിന്നും പി. കുഞ്ഞിരാമൻ നായരെ സ്നേഹിക്കുകയും ആദരവോടെ ഓർമിക്കുകയും ചെയ്യുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments