പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture,org

പ്രണയിനികൾക്ക്​ തീരാവേദനകൾ നൽകിയ കവി

പ്രണയത്തിന്റെ സ്വർഗം വേദനയുടെ നരകത്തിലേക്കാണ് കവിയെ പലപ്പോഴും കൊണ്ടുപോയത്. അത് കവിയുടെ വേദന മാത്രമായിരുന്നില്ല. തന്റെ പ്രണയിനികൾക്ക് കവി പകരം കൊടുത്ത തീരാവേദനകൾ കൂടി അതിലുണ്ടായിരുന്നു.

മകളുടെ വിവാഹം മറന്നുപോയ കവി

നുഷ്യബന്ധങ്ങളിലെ സാമ്പ്രദായികരീതികളോട് പി.ഒരിക്കലും ചേർന്നുനിന്നിട്ടില്ല. സ്ത്രീപുരുഷബന്ധങ്ങളുടെ പതിവ് സമവാക്യങ്ങളെ സ്വന്തം ജീവിതംകൊണ്ട് കവി തിരുത്തി. കവിതയും പ്രകൃതിയും കവിക്കു രണ്ടായിരുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ കവിതയും സ്ത്രീയും കവിക്ക് ഒന്നുതന്നെയായിരുന്നു. കവിയുടെ അന്തരാത്മാവ് ഇവയെ ഏകാന്തമായി പ്രണയിച്ചു. അതിന്റെ അനുഭൂതിയും സംഘർഷവും തേടുകയും നേടുകയും ചെയ്തു. പി.യുടെ കവിതകൾ ഇത്തരമൊരു ജീവിതാനുഭവത്തിന്റെ നേർസാക്ഷ്യങ്ങളായി മാറുന്നു.

കല്യാണമില്ലാക്കല്യാണത്തിന്റെ പലകഥകളും പി.യുടെ ആത്മകഥയിലും കവിതയിലും നിറഞ്ഞു നിൽക്കുന്നു. പോകുന്ന ഇടങ്ങളിലെല്ലാം പി. പ്രണയത്തിന്റെ സ്വന്തം പറുദ്ദീസകളുണ്ടാക്കി. ആദ്യ പ്രണയിനി കുഞ്ഞിലക്ഷ്മി താമസിച്ചിരുന്ന പട്ടാമ്പിയിലെ രണ്ടാംനില മാളികയെ കവി സ്വർഗം എന്നു വിളിച്ചു. തന്റെ പ്രണയിനികളിലെല്ലാം കവി തേടിയത് അതേ സ്വർഗം തന്നെയായിരുന്നു. എവിടെ പോയാലും കവി ഒരു താവളം കണ്ടെത്തി. പ്രണയത്തിന്റെ സ്വർഗം വേദനയുടെ നരകത്തിലേക്കാണ് കവിയെ പലപ്പോഴും കൊണ്ടുപോയത്. അത് കവിയുടെ വേദന മാത്രമായിരുന്നില്ല. തന്റെ പ്രണയിനികൾക്ക് കവി പകരം കൊടുത്ത തീരാവേദനകൾ കൂടി അതിലുണ്ടായിരുന്നു.

കല്യാണം കഴിഞ്ഞശേഷം ആദ്യമായി കൂടാളി വീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അച്ഛൻ പറഞ്ഞു, എന്തിലൊക്കെയോ മനസ്സ് കുടുങ്ങി. നിന്റെ കല്യാണം
ഞാൻ മറന്നു. അച്ഛനെ അറിയാവുന്നതുകൊണ്ട് അതുകേട്ടപ്പോൾ ആരും അത്ഭുതപ്പെട്ടില്ല.

സാമ്പ്രദായികതയുടെ വിപരീതമായിരുന്നു പി. പക്ഷെ അദ്ദേഹത്തിന്റെ മക്കളാകട്ടെ പരമ്പരാഗതമായ ചട്ടക്കൂടിൽതന്നെ വളർന്നു. കുഞ്ഞിലക്ഷ്മിയമ്മയും കുഞ്ഞമ്പുനായരും മഠത്തിൽ വളപ്പുവീടും പി.യുടെ മക്കളെ പാരമ്പര്യത്തിന്റെ ഈടുവയ്പുകളോട് കൂട്ടിച്ചേർത്തു. മരുമക്കളെ വിവാഹം ചെയ്യുന്ന രീതിയാണ് പുറവങ്കരതറവാട്ടിലെ നായർ പാരമ്പര്യം. കുഞ്ഞമ്പുനായർ - കുഞ്ഞമ്മയമ്മ മുതൽ ആ പാരമ്പര്യം കാണാം.
കവിയുടെ പിതാവ് തന്റെ മരുമകളായ ജാനകിയെ കുഞ്ഞിരാമനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ തിരുമാനിച്ചത് അതുകൊണ്ടാണ്. കുഞ്ഞിരാമൻ വ്യവസ്ഥയുടെ വേരറുത്തു. കുഞ്ഞിലക്ഷ്മിയെ കല്യാണം കഴിച്ചു. കവിയുടെ അനുജൻ കൃഷ്ണൻ നായർ കവിക്കുവേണ്ടി നിശ്ചയിച്ചിരുന്ന ജാനകിയെ കല്യാണം കഴിച്ചു. കവിയുടെ ഇളയ അനുജൻ ബാലഗോപാലനും കല്യാണം കഴിച്ചത് മറ്റൊരു മരുമകളായ സരോജിനിയെ ആയിരുന്നു.
കവിയുടെ മകൾ ലീലയ്ക്ക് വിവാഹപ്രായമെത്തിയപ്പോൾ അന്വേഷണം വന്നു. മരുമക്കളിലൊരാളായ ശ്രീധരൻ. ലീല വേലേശ്വരം സ്‌കൂളിൽ പഠിപ്പിക്കുന്നു. കവിയും ഭാര്യയും കൂടാളിയിൽ.
ചെറുക്കന്റെ വേണ്ടപ്പെട്ടവർ കൂടാളിയിൽ വന്നു. എല്ലാവരും ചെറുപ്പം മുതലേ കാണുന്നവർ. ഒരു കുടുംബത്തിൽ പെട്ടവർ. പരസ്പരം അറിയുന്നവർ.
കവിയെ തിരഞ്ഞു, കവി വീട്ടിലില്ല.
പിന്നെയും വന്നു, കവി തെക്കെവിടെയോ ആയിരുന്നു.
മൂന്നാം തവണ ചെറുക്കനും കൂട്ടരും വന്നു. കവിയെ കണ്ടു. വന്നവർ ഇരുന്നു. പക്ഷെ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ധൃതിയിൽ വന്നവരുടെ വാക്ക് കേട്ടു.
കവി പറഞ്ഞു, എനിക്കൊന്നും അറിഞ്ഞുകൂടാ. അമ്മയോട് ചോദിച്ചു
കാര്യങ്ങൾ എന്തായാലും തീരുമാനിച്ചോളൂ.
വന്നവർ മുഖാമുഖം നോക്കി.
കവി പറഞ്ഞു, വണ്ടിതെറ്റും എനിക്ക് കോഴിക്കോട്ട് എത്തിച്ചേരണം.
കാര്യത്തിൽ തീരുമാനമായി. കല്യാണത്തീയതി കുറിച്ചു.
കവിയുടെ അമ്മ പറഞ്ഞു, കല്യാണം ഗുരുവായൂരീന്ന്. എന്നാ ഒന്നുകൂടി തൊഴാലോ.

പി. കുഞ്ഞിരാമൻ നായർ, കുഞ്ഞിലക്ഷ്മി

കവി ഒരു സ്വർണമോതിരം വാങ്ങി കുഞ്ഞിലക്ഷ്മിയുടെ കയ്യിലേൽപ്പിച്ചു. മകൾക്കുള്ള അച്ഛന്റെ സമ്മാനം.
ആ ദിവസങ്ങളെപ്പറ്റി കവിയുടെ മകൾ ലീല ഓർക്കുന്നു: കൂടാളിയിൽ നിന്ന് രണ്ടുദിവസം മുമ്പ് തന്നെ ഞങ്ങൾ ഗുരുവായൂരിലേക്ക് പോകാനൊരുങ്ങി. പൊന്മള ചെന്ന് അവിടെ ഒരു ദിവസം താമസിച്ച് എല്ലാവരെയും കണ്ടുപോകാമെന്ന് കണക്കുകൂട്ടി. അച്ഛൻ ദൂരയാത്ര കഴിഞ്ഞ് തിരിച്ചു വന്നതേയുണ്ടായിരുന്നുള്ളൂ. അച്ഛനോട് ചോദിച്ചു, അച്ഛൻ ഞങ്ങളുടെ കൂടെ ഇല്ലേ?
അച്ഛൻ ഞങ്ങളുടെ കൂടെ വന്നില്ല.
ഞാനവിടെ എത്തിക്കോളാം എന്നുപറഞ്ഞ്​ അച്ഛൻ ഞങ്ങളെ യാത്രയാക്കി. പൊന്മള ചെന്ന്​ അമ്മയുടെ വീട്ടുകാരെ എല്ലാവരെയും കണ്ടു. അവരുമായി തലേദിവസം ഗുരുവായൂരിലെത്തി. ഗുരുവായൂരപ്പനെ തൊഴുതു, മനസ്സുരുകി പ്രാർത്ഥിച്ചു-‘അച്ഛന്റെ കാണപ്പെട്ട ദൈവമായ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ.’

കല്യാണ മുഹൂർത്തമായി. എല്ലാ കണ്ണുകളും അച്ഛനെ തിരഞ്ഞു. പുരോഹിതൻ മാലയെടുത്ത് കയ്യിൽ തന്നു. മുത്തശ്ശിയും അമ്മയും രവിയും ചെറിയച്ഛനും ബന്ധുമിത്രാദികളും ചുറ്റും നിന്നു.
ആരോ ചോദിച്ചു, കുഞ്ഞിരാമൻ വന്നോ?
ഇല്ല, കുഞ്ഞിരാമനെ കാണുന്നില്ല.
സമയമായപ്പോൾ അച്ഛന്റെ മരുമകൻ ശ്രീധരേട്ടൻ എന്റെ കഴുത്തിൽ താലിചാർത്തി. ഇടയ്ക്കിടെ ഗുരുവായൂരിൽ വന്നുപോയും കൊണ്ടിരുന്ന അച്ഛനെ ആൾക്കൂട്ടത്തിലൊന്നും കണ്ടില്ല. അച്ഛൻ വന്നില്ല. അല്ലെങ്കിൽ ഇവിടേക്ക് പുറപ്പെട്ട് മറ്റെവിടെയെങ്കിലും എത്തിച്ചേർന്നോ? ഒന്നുമറിയില്ല.
കല്യാണം കഴിഞ്ഞശേഷം ആദ്യമായി കൂടാളി വീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അച്ഛൻ പറഞ്ഞു, എന്തിലൊക്കെയോ മനസ്സ് കുടുങ്ങി. നിന്റെ കല്യാണം
ഞാൻ മറന്നു.
അച്ഛനെ അറിയാവുന്നതുകൊണ്ട് അതുകേട്ടപ്പോൾ ആരും അത്ഭുതപ്പെട്ടില്ല. ഞങ്ങൾ കാൽക്കൽ വീണ്​ അനുഗ്രഹം തേടി.

മരിച്ചുപോയ അമ്മയെ മനസ്സിൽ സ്മരിച്ച് കല്യാണ വേദിയിൽ ചെന്നുനിന്നു. അച്ഛൻ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതോ ലീലേച്ചിയുടേതുപോലെ അച്ഛൻ മറന്നുപോകുമോ? മനസ്സിൽ അതിന്റെ വേവലാതിയുണ്ടായിരുന്നു.

രാധയുടെ വിവാഹവും നായർ മരുമക്കത്തായ രീതിയനുസരിച്ചു തന്നെയായിരുന്നു. മഠത്തിൽവളപ്പ് വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരം. ഒരുപറമ്പകലം. ചെട്ടിവളപ്പ് വീട്. അവിടെയുള്ള ശങ്കരൻനായരുമായി വിവാഹം നിശ്ചയിക്കപ്പെട്ടു. രാധ തന്റെ കല്യാണദിവസത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്നു: ചെറിയ പ്രായം തൊട്ടേ പരസ്പരം അറിയുന്നവരായിരുന്നു. നിത്യം കാണുന്നവർ. എന്നും വരവും പോക്കുമായി കഴിഞ്ഞുകൂടിയവർ. ഒരു ദിവസം ചെട്ടിവളപ്പ് വീട്ടിലെ ശങ്കരേട്ടനും ഞാനുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടു. അദ്ദേഹവും ഞാനും തമ്മിൽ വയസ്സിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. കല്യാണക്കാര്യം മുന്നിൽവന്നപ്പോൾ മുത്തശ്ശി ഒന്ന് ശങ്കിച്ചു. വേണോ? വയസ്സിൽ വലിയ വ്യത്യാസമില്ലേ ? പക്ഷെ അച്ഛന് ശങ്കേരേട്ടനെ വലിയ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ അത് തീരുമാനിക്കപ്പെട്ടു. അച്ഛൻ അക്കാലത്ത് കൊല്ലങ്കോട്ടായിരുന്നു.

കല്യാണം വെള്ളിക്കോത്ത് ഭഗവതിക്കാവിൽ വച്ചായിരുന്നു. അവിടെ വെച്ച് നടന്ന ആദ്യത്തെ കല്യാണം അതായിരുന്നു. മരിച്ചുപോയ അമ്മയെ മനസ്സിൽ സ്മരിച്ച് കല്യാണ വേദിയിൽ ചെന്നുനിന്നു. അച്ഛൻ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതോ ലീലേച്ചിയുടേതുപോലെ അച്ഛൻ മറന്നുപോകുമോ? മനസ്സിൽ അതിന്റെ വേവലാതിയുണ്ടായിരുന്നു. സ്വന്തമെന്നു പറയാൻ എനിക്കിവിടെ അച്ഛനല്ലാതെ മറ്റാര്? ഒടുവിൽ ഞാൻ ആഗ്രഹിച്ചപോലെ അച്ഛൻ വന്നുചേർന്നു.
ശങ്കരേട്ടന്റെ കൈയിൽ അച്ഛൻ എന്നെ ഏൽപിച്ചു.
എന്നിട്ട് എന്നെ അടുത്തു വിളിച്ചു സ്വകാര്യമായി പറഞ്ഞു, ശങ്കരൻ നല്ലവനാണ്. അവനെ നീ ദൈവത്തേപ്പോലെ കാണണം. നിനക്കൊരിക്കലും കഷ്ടപ്പെടേണ്ടിവരില്ല.
അച്ഛൻ എന്റെമേൽ ചൊരിഞ്ഞത് ഒരനുഗ്രഹവർഷമായിരുന്നു. അത് നൽകിയ സന്തോഷത്തോടെ ഞാൻ ശങ്കരേട്ടനോടൊപ്പം ചെട്ടിവളപ്പ് വീട്ടിലേക്ക് പോയി. അന്നുമുതൽ പുതിയൊരു ജീവിതം തുടങ്ങി.

പി.യുടെ മൂത്ത മകൾ ലീല

കവിയുടെ രണ്ടാമത്തെ മകൻ രവീന്ദ്രൻ നായരുടെ വിവാഹം നടന്നത് കവിയുടെ കൂടെ പട്ടാമ്പിയിൽ പഠിച്ചിരുന്ന കുഞ്ഞമ്പു നായരുടെ മകളെയായിരുന്നു. അതും മരുമക്കൾ വിവാഹം തന്നെ. കുഞ്ഞമ്പുനായരുടെ മകൾ സുഭാഷിണി. 1968 ലാണ് അവരുടെ വിവാഹം നടന്നത്.
ആ ദിവസത്തെപ്പറ്റി രവീന്ദ്രൻ നായർ ഓർക്കുന്നു: കൂടാളി യോഗിനിയമ്മയുടെ അഴീക്കോട്ടെ ആശ്രമത്തിൽ വെച്ചായിരുന്നു വിവാഹം. സുഭാഷിണിക്ക് അപസ്മാരത്തിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനും സുഭാഷിണിയുമൊക്കെ അമ്മയുടെ ഭക്തർ. അമ്മ ഞങ്ങളെ മക്കളെപ്പോലെ കണ്ടു. അമ്മയുടെ അനുഗ്രഹംകൊണ്ടാവാം അവളുടെ അസുഖത്തിന് നല്ല മാറ്റമുണ്ടായി. ഒരിക്കൽ എന്റെ വിവാഹകാര്യം അമ്മയോട് ആലോചിക്കുന്നതിനായി ആശ്രമത്തിൽ ചെന്നു.
അമ്മ പറഞ്ഞു, രവിക്ക് സുഭാഷിണി ചേരും. ഇനി മുതൽ നീ അവളെ നോക്കണം. അമ്മയുടെ വാക്കുകൾ ഞാൻ സ്വീകരിച്ചു.
അമ്മ പറഞ്ഞു, കല്യാണം ആശ്രമത്തിൽ വെച്ച് നടത്താം. കല്യാണത്തിന്റെ എല്ലാ ചെവലും ഞാൻ വഹിക്കും.

മണ്ഡലകാലങ്ങളിൽ അമ്മ കഴിയാറുണ്ടായിരുന്നത് അഴീക്കോട്ടെ ആശ്രമത്തിലായിരുന്നു. വിവാഹദിവസം ഒരു ക്രിസ്​മസ്​ ദിനം കൂടിയായിരുന്നു. അച്ഛൻ അന്ന് കൊല്ലങ്കോട്ടു സ്‌കൂളിൽ നിന്ന് വിരമിച്ചിരുന്നു. അതിനുശേഷം ലക്കിടിയിലും ഗുരുവായൂരിലുമായി കഴിയുന്ന കാലം. അച്ഛനെ വിവരമറിയിച്ചു. അച്ഛൻ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. കല്യാണദിവസം എത്തി. കാഞ്ഞങ്ങാട്ടു നിന്ന് വന്നത് അടുത്ത ബന്ധുക്കൾ മാത്രം. ആശ്രമത്തിലെ അന്തേവാസികളും അടക്കം അമ്പതോളം പേർ.
അച്ഛൻ വരുമോ? ചേച്ചിയുടെ കല്യാണത്തിന് എത്തിയിട്ടില്ല, അതുപോലെ എന്റെ കല്യാണത്തിനും അച്ഛൻ എത്തിച്ചേരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. അഴീക്കോട് കടൽക്കരയിലായിരുന്നു ആശ്രമം. മുഹൂർത്തസമയമടുത്തപ്പോൾ അച്ഛൻ എത്തി. വിവാഹവേദിയിൽ വന്നുനിന്നു. യോഗിനി അമ്മ പൂമാലയെടുത്ത് കയ്യിൽ തന്നു. പരസ്പരം മാലയിട്ടു വിവാഹം നടന്നു.
സദ്യയുണ്ട് മടങ്ങാൻ നേരം. ഞങ്ങൾ അച്ഛന്റെ അനുഗ്രഹത്തിനായി കാൽക്കൽ വീണു.
അച്ഛൻ അനുഗ്രഹിച്ചു.
അച്ഛൻ സുഭാഷിണിയോട് പറഞ്ഞു, നിന്റെ അച്ഛനും ഞാനും ഒരു തുമ്പുമില്ലാത്തവരാണ്. നിന്റെ കാര്യമെങ്കിലും അങ്ങനെയാവാതിരിക്കട്ടെ.
സുഭാഷിണിയുടെ അച്ഛൻ കുഞ്ഞമ്പുനായർ പട്ടാമ്പിയിൽ പഠിക്കുന്ന കാലത്ത് അടിപിടി പ്രശ്നത്തിൽ പെട്ടതും പഠിപ്പുനിർത്തി തിരിച്ചുപോരേണ്ടി വന്ന കാര്യവും കവിയുടെ കാൽപ്പാടുകളിൽ എഴുതിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് മക്കളുണ്ടായ ശേഷം അദ്ദേഹം കുടുംബം ഉപേക്ഷിച്ച് തെക്കോട്ടുപോവുകയാണുണ്ടായത്. ഇതിന്റെ ഓർമയിലാണ് അച്ഛൻ അത് പറഞ്ഞത്.
പോകാൻ നേരം അച്ഛൻ അവളുടെ കയ്യിൽ ഒരു പൊതിവെച്ചുകൊടുത്തു. അതിലുണ്ടായിരുന്നത് കുറച്ച് പണമായിരുന്നു. അതു കയ്യിലേൽപിച്ച് അച്ഛൻ പറഞ്ഞു, എനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്.
ഞങ്ങൾ അച്ഛനെ നോക്കി നിൽക്കെ അച്ഛൻ ആശ്രമത്തിലേക്ക് നീണ്ടുവരുന്ന വഴിയിലൂടെ നടന്ന് അകന്നകന്നുപോയി.

രവീന്ദ്രൻ നായർ / Photo: Screengrab from Mathrubhumi.com

കുഞ്ഞിലക്ഷ്​മിയുടെ സഹനങ്ങൾ

1960 ലാണ് കവിയോടൊപ്പമുള്ള കൂടാളിയിലെ കൂട്ടുജീവിതത്തിൽ നിന്ന് കുഞ്ഞിലക്ഷ്മി പൊടുന്നനെ കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയത്. കവിയുടെ മൂത്തമകൾ ലീലയുടെ പ്രസവശുശ്രൂഷയ്ക്കായുള്ള മടങ്ങിപ്പോക്കായിരുന്നു അത്. അതോടെ വാടകവീട്ടിൽ കവി തനിച്ചായി. ഹോട്ടലൂണും ഏകാന്തതയും കൂട്ടുചേരുന്ന പഴയജീവിതം വീണ്ടും ആവർത്തിക്കപ്പെട്ടു.
ഇതിനിടെ ലീല പ്രസവിച്ചു, പെൺകുഞ്ഞ്. കുഞ്ഞിന് പേരിട്ടു- ജയശ്രീ. പ്രസവശുശ്രൂഷകളൊക്കെ കഴിഞ്ഞ് ആറുമാസം കഴിഞ്ഞു. ഇക്കാലത്ത് കവി പ്രതീക്ഷയോടെ കുഞ്ഞിലക്ഷ്മിക്ക് ഒരു കത്തയച്ചു. നമ്പ്യാരുടെ ഹോട്ടലൂണ് മടുത്തു. കുഞ്ഞിലക്ഷ്മി കൂടാളിയിലേക്ക് വരണം. അടുത്ത ആഴ്ച ഞാൻ കൂട്ടാൻ വരും.

കവി പറഞ്ഞതുപ്രകാരം കാഞ്ഞങ്ങാട്ട് വീട്ടിൽ വന്നു. വെള്ളിക്കോത്ത് നിന്ന് രാധയുടെ ഭർത്താവ് ശങ്കരൻ നായരും കവിയോടൊപ്പം കൂടി. കുഞ്ഞുലക്ഷ്മി കവിക്ക് പേരക്കുട്ടിയുടെ മുഖം കാണിച്ചുകൊടുത്തു. കുഞ്ഞിനെ കവിമുത്തച്ഛന്റെ മടിയിൽ കിടത്തി. കുഞ്ഞ് കവിയെ നോക്കി ചിരിച്ചു.
ശങ്കരൻ പറഞ്ഞു, കുഞ്ഞിന്റെ മുഖത്ത് മുത്തച്ഛനെ കണ്ടതിന്റെ സന്തോഷച്ചിരി.
കവി കുഞ്ഞിന്റെ കവിളിൽ തൊട്ടുകൊണ്ട് ഒരു വാത്സല്യച്ചിരി ചിരിച്ചു. കുറച്ചുനേരം കുട്ടിയെ നോക്കിയിരുന്നശേഷം കവി പറഞ്ഞു, ശങ്കരാ. കുഞ്ഞിലക്ഷ്മിയെ കൂട്ടാനാണ് ഞാൻ വന്നത്. അവളുടെ ആവശ്യം എനിക്കോ ഈ കുഞ്ഞിനോ? കവിയുടെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. കുഞ്ഞിന്റെ കാലെടുത്ത് നെറ്റിയിൽ തൊടുവിച്ചുകൊണ്ട് കവി പറഞ്ഞു, മകളെ, നിനക്കാണ് അവളെ ആവശ്യം. കുറച്ച് കാലം കൂടി നിന്റെ അമ്മൂമ്മ ഇവിടെ നിൽക്കട്ടെ.
ലീല സ്‌കൂളിൽ പോകുമ്പോൾ കുഞ്ഞിന്റെ കാര്യം നോക്കാൻ ബുദ്ധിമുട്ടായിത്തീരും എന്ന് കവി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുലക്ഷ്മിയില്ലാതെ കവി തനിച്ച് കൂടാളിയിലേക്ക് തിരിച്ചുപോയി.

രാധ

1961 ജൂലായ് ആയപ്പോഴേക്കും കവിയും കൂടാളി വിട്ട് കൊല്ലങ്കോട്ടേക്ക് യാത്രയായി. കുഞ്ഞിലക്ഷ്മിയാകട്ടെ അതിൽ പിന്നീട് മരണംവരെ കഴിഞ്ഞത് മകൾ ലീലയുടെ കൂടെയായിരുന്നു. ലീലയുടെ മക്കളുടെ വളർച്ചയുടെ പടവുകൾക്കൊപ്പം അവർ വാർദ്ധക്യത്തിലേക്ക് യാത്രയായിക്കൊണ്ടിരുന്നു. തന്റെ പിറവിയോടെ വീട്ടിലെത്തിച്ചേരുകയും മരണംവരെ കൂടെയുണ്ടാവുകയും ചെയ്ത കുഞ്ഞിലക്ഷ്മി എന്ന അമ്മൂമ്മയെപ്പറ്റി കവിയുടെ പേരക്കുട്ടി ജയശ്രീ ഓർക്കുന്നു: ഓർമവച്ച നാൾമുതൽ എന്റെ ജീവിതത്തിന്റെ ഒരു പകുതി അമ്മൂമ്മയോടൊപ്പമായിരുന്നു. അമ്മ സ്‌കൂളിൽ പോവുന്നതുകൊണ്ട് അമ്മൂമ്മയായിരുന്നു കൂട്ട്. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണമായിരുന്നു അവർക്ക്. നെറ്റിയിൽ ചന്ദനത്തിന്റെ ഒറ്റവരക്കുറി എന്നുമുണ്ടായിരുന്നു. തെളിഞ്ഞ നീലക്കണ്ണുകൾ, നീണ്ട മൂക്ക്, ചുവന്ന ചുണ്ടുകൾ, നല്ല വൃത്തിയിലുള്ള വസ്ത്രധാരണം ചെറുപ്പകാലംതൊട്ടേ എന്റെ മനസ്സിലുള്ള അമ്മൂമ്മയുടെ രൂപം ഇതായിരുന്നു.

സ്‌കൂളിൽ പോകാൻ തുടങ്ങിയ കാലത്ത് അമ്മൂമ്മ വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ നിന്ന് ഞാനിറങ്ങിയാൽ കാണാമറയത്ത് എത്തുന്നതുവരെ കണ്ണെടുക്കാതെ നോക്കി നിൽക്കും. വൈകീട്ട് മടങ്ങിവരുന്ന സമയമാകുമ്പോൾ അക്ഷമയോടെ കോലായിലുണ്ടാകുമായിരുന്നു. അമ്മൂമ്മയുടെ കൂടെയാണ് ഞാൻ കിടന്നിരുന്നത്. അമ്മൂമ്മ വിരലുകൾകൊണ്ട് മുടിയിൽ തലോടിക്കൊണ്ട് പല കഥകളും പറഞ്ഞുതന്നു. പുരാണകഥകൾ, സൂഫി കഥകൾ, ഹോജാ കഥകൾ അങ്ങനെയുള്ള പല കഥകൾ. കഥകൾ കേട്ടു കൊണ്ട് ഞാനും കഥപറഞ്ഞ് പറഞ്ഞു അമ്മൂമ്മയും ഉറങ്ങി.

അമ്മൂമ്മ ആരെക്കുറിച്ചും ഒരു ദോഷവും ഇന്നേവരെ പറയുന്നത് കേട്ടിട്ടില്ല. പരാതിയും പരിഭവവും ഒന്നുമില്ലാത്ത നിത്യനിർമ്മലമായ ഭാവം. അത് അമ്മൂമ്മയിലല്ലാതെ ഇന്നേവരെ മറ്റൊരാളിലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ്. ഒരു ദിവസം ഞാൻ അല്പം വിഷമത്തോടെയാണ് വീട്ടിൽ വന്നത്. എന്റെ മുഖം വാടിക്കിടന്നു. അതു കണ്ട് അമ്മൂമ്മ ചോദിച്ചു, എന്താ കുട്ട്യേ, എന്തുപറ്റീ?
ഞാൻ ഒന്നും പറഞ്ഞില്ല. ചോദിക്കണോ വേണ്ടയോ എന്ന സംശയത്തിൽ മനസ്സിലെ വേദന മറച്ചുവെച്ച് കഴിഞ്ഞു. രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അമ്മൂമ്മയോട് ചേർന്നുകിടന്നുകൊണ്ട് ഞാൻ ചോദിച്ചു, അമ്മൂമ്മേ, എന്റെ മുത്തച്ഛൻ എങ്ങനെയുള്ള ആളാ?
അമ്മൂമ്മ ചോദിച്ചു, എന്താ കുട്ടി ഇങ്ങനെ ചോദിക്യാൻ.
ഞാൻ മനസ്സില്ലാമനസ്സോടെ പറഞ്ഞു, ക്ലാസിലെ കുട്ടികൾ പറയുന്നു. മുത്തച്ഛൻ നാടുനീളെ കല്യാണം കഴിച്ച് നടക്കുന്ന ആളാണെന്ന്.
അമ്മൂമ്മ ഒരു നിമിഷം നിശ്ശബ്ദയായി. ഞാൻ അമ്മൂമ്മയെ കെട്ടിപ്പിടിച്ച്​ചോദിച്ചു, അമ്മൂമ്മയോട് സ്നേഹമില്ലാത്തതുകൊണ്ടാണോ ഇങ്ങനെയൊക്കെ? അതോർത്തായിരുന്നു എന്റെ സങ്കടം.
പക്ഷെ അമ്മൂമ്മ പറഞ്ഞു, മുത്തച്ഛന്റെ മനസ്സിൽ എന്നും ഞാൻ മാത്രേയുള്ളൂ കൂട്ടീ.
കുട്ടിക്ക് അതൊന്നും ഇപ്പോ പറഞ്ഞാ മനസ്സിലാവില്ല. വലുതാവുമ്പം ഒക്കെ മനസ്സിലാവും.

അമ്മൂമ്മ ആരെക്കുറിച്ചും ഒരു ദോഷവും ഇന്നേവരെ പറയുന്നത് കേട്ടിട്ടില്ല. പരാതിയും പരിഭവവും ഒന്നുമില്ലാത്ത നിത്യനിർമ്മലമായ ഭാവം. അത് അമ്മൂമ്മയിലല്ലാതെ ഇന്നേവരെ മറ്റൊരാളിലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
വായിച്ചും കേട്ടുമുള്ള കഥകളുമായി ബന്ധപ്പെട്ട പല സംശയങ്ങളും തീർപ്പാക്കിത്തന്നത് അമ്മൂമ്മയായിരുന്നു. രാമായണകഥ കേട്ടുകഴിഞ്ഞപ്പോൾ മനസ്സിൽ വലിയ സങ്കടമുണ്ടായി.
ഞാൻ ചോദിച്ചു, ശ്രീരാമൻ ചെയ്തത് തെറ്റല്ലേ?
അമ്മൂമ്മ തെറ്റും ശരിയും വേർതിരിച്ചു തന്നില്ല. അതിന് പകരമായി മറ്റൊരുത്തരം പറഞ്ഞു. അത് വായനയുടെ തത്വം മാത്രമായിരുന്നില്ല ജീവിതത്തിന്റെയും കൂടിയായിരുന്നു.
അമ്മൂമ്മ പറഞ്ഞു, കഥ വായനക്കാർക്കുള്ളതാണ്. അതിൽ നിന്ന് വായിക്കുന്നവർക്ക് വേണ്ടത് എടുക്കുക. അത്രമാത്രമേയുള്ളൂ. കുട്ടിക്ക് എന്താണ് വേണ്ടത് എന്നുവെച്ചാൽ അതിൽ നിന്ന് അതെടുക്കാം. തെറ്റും ശരിയും കണ്ടെത്തേണ്ടത് അവരവർ തന്നെയാണ്.

ലീലയും മകൾ ജയശ്രീയും

ഇത് ജീവിതത്തിന്റെതന്നെ പരമമായ തത്വമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലാവുന്നത്. ആരെന്തുപറഞ്ഞാലും വേണ്ടത് മാത്രമേ അമ്മൂമ്മ മനസ്സിലേക്ക് എടുത്തിരുന്നുള്ളൂ. മുത്തച്ഛൻ വന്നില്ലെങ്കിലും അമ്മൂമ്മയുടെ മനസ്സിൽ എന്നും മുത്തച്ഛൻ ഉണ്ടായിരുന്നു. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ശരിയായ അർത്ഥം മനസ്സിലാക്കിയത് അമ്മൂമ്മയിൽ നിന്നായിരുന്നു. മനുഷ്യരോട് മാത്രമല്ല എല്ലാ ജീവജാലങ്ങളോടും അമ്മൂമ്മയ്ക്ക് കരുണയുണ്ടായിരുന്നു. ചെറുപ്പകാലത്ത് അറിവില്ലായ്മകൊണ്ട് കുട്ടികൾ കാണിക്കുന്ന പല കുസൃതികളും ഞാനും ചെയ്തിട്ടുണ്ട്. ഉറുമ്പുകൾ വരിയായി പോകുമ്പോൾ അവ ചിതറിയോടുന്നത് കാണാൻ എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ കൗതുകത്തോടെ ഉറുമ്പുകൾ പോകുന്ന വഴിയിൽ ഞാൻ കടലാസോ ഈർക്കിളോ എടുത്തുവെച്ച് തടസ്സമുണ്ടാക്കുകയും വരിതെറ്റിക്കുകയും ചെയ്യുമായിരുന്നു. അത് കണ്ടാൽ അമ്മൂമ്മ പറയും, അമ്മൂ, അരുത് കുട്ടീ. അവ പരിഭ്രാന്തരായിപ്പോകില്ലേ.
കൂട്ടം തെറ്റിയാൽ അവയ്ക്ക് സങ്കടാവും.

തമാശയ്ക്കുവേണ്ടി ചെയ്യുന്നതും എല്ലാവരും വളരെ നിസ്സാരമായി കാണുന്നതുമായ കാര്യങ്ങളിൽപോലും അമ്മൂമ്മ ജീവിതത്തിലെ വലിയ പാഠങ്ങൾ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.

അമ്മൂമ്മ വീട്ടിൽനിന്ന് എങ്ങോട്ടും പോവാറില്ലായിരുന്നു. കല്യാണത്തിനോ ഉത്സവത്തിനോ അമ്പലത്തിൽപോലുമോ പോകാൻ ഒരിക്കലും താത്പര്യം കാണിച്ചില്ല. എപ്പോഴും ചുണ്ടിൽ നാരായണമന്ത്രം മാത്രം ഉരുവിട്ട് അവർ ഒരു ജീവിത കാലമത്രയും കഴിച്ചുകൂട്ടി. പകൽനേരങ്ങളിൽ തൊട്ടയൽപക്കത്തുള്ള കുഞ്ഞുണ്ണി വല്യച്ഛൻ വീട്ടിലെത്തിച്ചേരാറുണ്ടായിരുന്നു. അദ്ദേഹം സംസ് കൃതം പഠിച്ച ആളുകൂടിയായിരുന്നു. രാവിലെ വീട്ടിലെത്തിയാൽ ഉച്ചവരെ അദ്ദേഹവും അമ്മൂമ്മയും പലതും സംസാരിച്ചിരിക്കും. സംസ്‌കൃതശ്ലോകങ്ങളും അതേക്കുറിച്ചുള്ള ചർച്ചകളുമായിരുന്നു അവരുടെ പ്രധാന സംസാരവിഷയം. വല്യച്ഛനാണ് ചർച്ച നയിക്കുന്നത്. ഒരു ശ്ലോകമോ കഥയോ പറഞ്ഞ് പണ്ഡിതോചിതമായാണ് അദ്ദേഹം അമ്മൂമ്മയുടെ മുന്നിൽ സംസാരിക്കുന്നത്. അമ്മൂമ്മയ്ക്ക് അറിയാവുന്ന കാര്യങ്ങളാണെങ്കിൽ പോലും ആദ്യമായി കേൾക്കുന്ന മട്ടിൽ ഇരിക്കാനാണ് അമ്മൂമ്മ എന്നും ഇഷ്ടപ്പെട്ടിരുന്നത്. കുഞ്ഞുണ്ണി വല്യച്ഛൻ ഇടയ്ക്കു ചോദിക്കും, കുഞ്ഞിലക്ഷ്മിയമ്മയ്ക്ക് അത് മനസ്സിലായോ?
കുഞ്ഞുണ്ണി പറഞ്ഞപ്പോൾ മനസ്സിലായി എന്ന മറുപടി കേട്ട് അദ്ദേഹം മനസ്സിൽ സന്തോഷിച്ചു.

ഒരിക്കൽ ഞാനതേക്കുറിച്ച് ചോദിച്ചു, മുത്തശ്ശി എന്നോട് പറഞ്ഞുതന്ന കാര്യങ്ങളല്ലേ കുഞ്ഞുണ്ണി വല്യച്ഛൻ പറയുന്നത് കേട്ടത്. എന്നിട്ടും അമ്മൂമ്മ എ
ന്താണ് ഒന്നും അറിയാത്ത മട്ടിൽ കേട്ടിരുന്നത്?
അമ്മൂമ്മ എന്റെ പരാതി കേട്ട് മന്ദഹാസത്തോടെ പറഞ്ഞു, എനിക്കതൊക്കെ അറിയാം അമ്മൂ. പറയുന്ന ആളിന്റെ സന്തോഷവും കൂടി നമ്മൾ നോക്കണ്ടെ.

പോകുന്നതിന് മുമ്പ് മുത്തച്ഛൻ പറഞ്ഞു, ഒരുദിവസം എല്ലാവരും പോകും. ഞാൻ ലോകം വിട്ടുപോയ കാര്യം പത്രത്തിലോ റേഡിയോവിലോ കേൾക്കാം.
അത്രയേയുള്ളൂ എല്ലാം.

ഇത്തരത്തിൽ ചിന്തിക്കാനും പെരുമാറാനും അമ്മൂമ്മയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് തോന്നിപ്പോകുന്നു. അമ്മൂമ്മയുടെ കരുതൽ എല്ലാവരോടുമുണ്ടായിരുന്നു. വേണ്ടത് മാത്രം എടുക്കുക എന്ന വിലപ്പെട്ട പാഠം അമ്മൂമ്മയിൽ നിന്ന് കിട്ടി.
മുത്തച്ഛനുമായി അത്രയടുത്ത് ഇടപഴകാൻ ഭാഗ്യം കിട്ടിയിരുന്നില്ലെങ്കിലും അമ്മൂമ്മയുടെ സ്നേഹത്തിൽ നിന്നാണ് മുത്തച്ഛനെ ഞാൻ കണ്ടിരുന്നത്. ആരെന്ത് കഥകൾ മെനഞ്ഞാലും അതുകൊണ്ടുതന്നെ അമ്മൂമ്മയെപ്പോലെ എനിക്കും മുത്തച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നു.

സ്‌കൂളിൽ പഠനം കഴിഞ്ഞ കാലത്താണ് കവിയുടെ കാൽപ്പാടുകൾ വായിച്ചു തുടങ്ങിയത്. പലതവണ വായിച്ച് വായിച്ചാണ് അതിൽനിന്ന് പലതും മനസ്സിലാക്കാൻ കഴിഞ്ഞത്. മുത്തശ്ശിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം പട്ടാമ്പിയിലെ പ്രണയകാലം പല തവണ വായിച്ചത്. സ്വർഗം എന്ന മാളികവീടും പ്രഭാതത്തിൽ കുളത്തിൽ ചെന്നുള്ള കുളിയും വായിച്ച് അത്ഭുതത്തോടെ അമ്മൂമ്മയുടെ മുന്നിൽ വന്നുനിൽക്കും. ആ മുഖത്തേക്കുതന്നെ സൂക്ഷിച്ച് കുറെസമയം നോക്കും. പതിനെട്ടുകാരിയുടെ തെളിഞ്ഞ കണ്ണുകളിൽ നിറഞ്ഞുനിന്ന പ്രണയകാലം അമ്മൂമ്മയുടെ കണ്ണുകളിൽ ഇപ്പോഴുമുണ്ടോ എന്നത് അന്നത്തെ എന്റെ ഭ്രാന്തൻ കൗതുകമായിരുന്നു. അല്ലെങ്കിൽ പുതിയ ജീവിതഗതിയിൽ മനംനൊന്തുള്ള വേദന ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുകയായിരുന്നോ?

കണ്ണുകൾകൊണ്ട് വായിച്ചെടുക്കാനാവാത്ത പലതും ജീവിതം അവരവരുടെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകുമല്ലോ. പക്ഷെ ഞാൻ കാണുന്ന കാലം മുതലേ അമ്മൂമ്മയുടെ മനസ്സിൽ നിന്ന് പ്രസാദമധുരിമ ഒരിക്കലും ചോർന്നുപോയതായി കണ്ടിട്ടില്ല. ആഗ്രഹങ്ങളുടെ സ്വർഗമാളികകൾ തകർന്നുപോയതിന്റെ വിഷാദച്ഛായ ആ കണ്ണുകളിലൊരിക്കലും ഞാൻ നിഴലിച്ചു കണ്ടിട്ടില്ല. കവിയുടെ കാൽപ്പാടുകൾ വായിച്ച് ഒരിക്കൽ പുസ്തകവുമായി ഞാൻ അമ്മൂമ്മയുടെ അടുത്ത് ചെന്നു.
അമ്മൂമ്മേ, കവിയുടെ കാൽപ്പാടുകളിൽ എഴുതി
യതൊക്കെ സത്യമോ അതോ...?
അമ്മൂമ്മ ചോദിച്ചു. എന്തേ കുട്ടിക്കങ്ങനെ തോന്നാൻ?
കവിയല്ലേ. ഭാവനയുടെ രസക്കൂട്ട് എഴുതുന്നതിലെല്ലാം വന്നു പോകുമല്ലോ. അതറിയാനായി ചോദിച്ചതാണ്.
അമ്മൂവിന് എന്താണ് അറിയേണ്ടത്. ഒന്ന് വായിക്കൂ.
ഞാൻ പേജുകൾ മറിച്ചു. ‘പുതിയ പ്രണയനാടകം’ എന്ന ഒരധ്യായം വായിക്കാൻ തുടങ്ങി: പൂമുഖത്ത് കോണിച്ചോട്ടിൽ ചെന്നുനിന്നു. ചാരിയവാതിൽ തുറന്നു. സ്വർണ്ണവളയിട്ട മിനുത്ത കൈ പുറത്തുകണ്ടു. കടലാസ്. കൊഴുത്ത കയ്യിൽ മിനുത്തകടലാസ്. കൈ മറഞ്ഞു. മുകളിലേക്കോടി. കോണിപ്പടികളറിയാതെ മുകളിലെത്തി.നാലുപേജുള്ള പ്രേമലേഖനം... അമ്പലക്കുളത്തിൽ സമയം കുറിച്ച് ഒപ്പം കുളിക്കാനിറങ്ങി. രണ്ട് കടവിൽ ഒപ്പം നീന്തി. തലമുടി പാതി മറച്ച മുഖവുമായി മത്സ്യങ്ങൾ പൊങ്ങി. കരിമീനുകൾ കെട്ടിപ്പിടിച്ചു...

അമ്മൂമ്മ കണ്ണടച്ചിരുന്ന് കേട്ടു.
അമ്മൂമ്മയുടെ മനസ്സിൽ പ്രണയകാലത്തിന്റെ ഓർമകളിരമ്പുന്നത് കണ്ടു. സ്നേഹവും സന്തോഷവും നിറഞ്ഞുനിൽ ക്കുന്ന മുഖഭാവത്തോടെ അമ്മൂമ്മ എന്റെ മുന്നിൽ നിന്നു.
അമ്മൂമ്മ പറഞ്ഞു, ഭാവനയല്ല. അതിലെഴുതിയതൊക്കെ ശര്യാണ് കുട്ടീ. അന്ന് അങ്ങനെയൊക്കെയാർന്നു.

അമ്മൂമ്മയ്ക്ക് ആസ്തമയുടെ അസുഖമുണ്ടായിരുന്നു. ചുമയും അതിന്റെ ഭാഗമായ അസ്വസ്ഥതകളും അമ്മൂമ്മയെ പലപ്പോഴും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പ്രായമായപ്പോൾ അത് വല്ലാതെ അധികരിച്ചു. ഒരു സമയത്ത് അമ്മൂമ്മയ്ക്ക് തീരെ വയ്യാതായി. എഴുന്നേൽക്കാൻ വയ്യാത്തവിധം കിടപ്പിലായി. ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന് അമ്മൂമ്മയ്ക്കുതന്നെ തോന്നിത്തുടങ്ങി.
അക്കാലത്ത് അമ്മൂമ്മ മുത്തച്ഛന് ഒരു കത്തെഴുതി- മരിക്കുന്നതിന് മുമ്പ് ഒന്നു കാണണമെന്ന് ആഗ്രഹംണ്ട്. എത്രയും പെട്ടെന്ന് വരണം. വരുമോ?

അമ്മൂമ്മ ആ ഫോട്ടോ വാങ്ങി അത് ഭദ്രമായി സൂക്ഷിച്ചുവെച്ചു. മുത്തച്ഛനെ കാണണമെന്ന് തോന്നുമ്പൊഴെല്ലാം അമ്മൂമ്മ അതെടുത്തു നോക്കുകയും ചെയ്തു. മുത്തശ്ശി ഒരുപാട് കാലം സൂക്ഷിച്ചുകൊണ്ടു നടന്നു ആ ഫോട്ടോ.

ഒരു മാസത്തോടടുത്തപ്പോൾ മുത്തച്ഛൻ വന്നു. ആ വരവിൽ മുത്തച്ഛൻ ഫോട്ടോഗ്രാഫറെ കൊണ്ടുവന്ന് പുതി യൊരു ഫോട്ടോ എടുപ്പിച്ചു. മുത്തശ്ശിയും മുത്തച്ഛനും മാത്രമുള്ള ഒരു ഫോട്ടോ. അതോടൊപ്പം എല്ലാവരും ചേർന്ന മറ്റൊരു ഫോട്ടോ കൂടി എടുത്തു.
പോകുന്നതിന് മുമ്പ് മുത്തച്ഛൻ പറഞ്ഞു, ഒരുദിവസം എല്ലാവരും പോകും. ഞാൻ ലോകം വിട്ടുപോയ കാര്യം പത്രത്തിലോ റേഡിയോവിലോ കേൾക്കാം.
അത്രയേയുള്ളൂ എല്ലാം.
വീട്ടിൽ നിന്നിറങ്ങാൻ നേരത്ത് പുതുതായി എടുത്ത ഫോട്ടോ അമ്മൂമ്മയുടെ കയ്യിലേൽപിച്ചു പറഞ്ഞു, എന്നെ കാണണമെന്ന് തോന്നുമ്പോൾ ഈ ഫോട്ടോ
നോക്കിയാൽ മതി.

അമ്മൂമ്മ ആ ഫോട്ടോ വാങ്ങി അത് ഭദ്രമായി സൂക്ഷിച്ചുവെച്ചു. മുത്തച്ഛനെ കാണണമെന്ന് തോന്നുമ്പൊഴെല്ലാം അമ്മൂമ്മ അതെടുത്തു നോക്കുകയും ചെയ്തു. മുത്തശ്ശി ഒരുപാട് കാലം സൂക്ഷിച്ചുകൊണ്ടു നടന്ന ആ ഫോട്ടോ ഓർമകളുടെ ഒരാൽബമായി ഇപ്പോഴും കണ്ണിൽ തെളിഞ്ഞുനിൽക്കുന്നു.

പി.യുടെ മകൾ ലീലയുടെയും പേരമകൾ ജയശ്രീയു ടെയും ഓർമകളിൽനിന്ന് കുഞ്ഞിലക്ഷ്മിയമ്മയുടെ സഹനം കവിയുടെ ജിപ്സി മനസ്സിന് സർവ്വസ്വാതന്ത്ര്യവും കവിതക്കുള്ള കാവ്യോർജവും പകർന്നുകൊടുത്തതായി തെളിയുന്നു. വീടിന്റെ അകത്തളങ്ങളിൽ ഒരു ജന്മം മുഴുവനും കുഞ്ഞിലക്ഷ്മി പരാതികളേതുമില്ലാതെ നിലവിളക്കുപോലെ തെളിഞ്ഞു നിന്നു. കവിയുടെ ഇരുൾയാത്രകളിൽ കുഞ്ഞിലക്ഷ്മിയുടെ പ്രാർത്ഥനകൾ കവിക്ക് വെളിച്ചം കാട്ടിക്കൊടുക്കുകയും എന്നും വഴികാട്ടിയായിത്തീരുകയും ചെയ്തു.▮​

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments