പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

കടങ്കഥ പോലുള്ള വരവുകൾ, പോക്കുകൾ

പാലക്കാട് കവി എന്നും ചെന്നിരിക്കാൻ ഇഷ്ടപ്പെട്ട ഒരിടം കോട്ടമൈതാനമായിരുന്നു. കോട്ടയെ മുഖാമുഖം കണ്ട് റോഡിനിപ്പുറത്ത് മൈതാനത്ത് ഞങ്ങളിരുന്നു. കൊറിക്കാൻ മുറുക്കോ നിലക്കടലയോ ഉണ്ടായിരിക്കും. അതും തിന്ന്​ ഒന്നും മിണ്ടാതെ കുറെ സമയമിരിക്കും

കൊല്ലങ്കോട്ടിനും തിരുവില്വാമലയ്ക്കും ഇടയിൽ പി.യുടെ ഒരിടത്താവളമായിരുന്നു പാലക്കാട്. ഇവിടെയെത്തിയാൽ അദ്ദേഹം പതിവായി താമസിച്ചിരുന്നത് അശോക ടൂറിസ്റ്റ് ഹോമിലെ 22-ാം നമ്പർ മുറിയിലായിരുന്നു. പലപ്പോഴായി പത്തുവർഷത്തോളം. പി.യുടെ നിരവധി കവിതകൾ പിറവികൊണ്ടത് ഇവിടെ വെച്ചായിരുന്നു. കവിയുടെ കാൽപ്പാടുകളിലെ പല അധ്യായങ്ങളും ഇവിടെ താമസിച്ചുകൊണ്ടെഴുതി. പാലക്കാടൻ ജീവിതകാലത്ത് കവിയുമായി ആത്മബന്ധം സ്ഥാപിച്ചിരുന്ന ഒരാളായിരുന്നു ആലങ്ങാട്ട് മുരളീധരൻ. പാലക്കാട്ടുനിന്ന് ഡൽഹിയിലേക്കുള്ള തീവണ്ടി യാത്രയിൽ വെച്ചാണ് മുരളീധരൻ കവിയെ പരിചയപ്പെടുന്നത്.

വണ്ടിയിൽ അടുത്തിരുന്ന് യാത്രചെയ്യുന്ന മനുഷ്യൻ മഹാകവി പി.കുഞ്ഞിരാമൻ നായരാണെന്ന് അന്ന് മുരളീധരന് അറിയില്ലായിരുന്നു. കവിയാണെങ്കിൽ അക്കാര്യം വെളിപ്പെടുത്തിയതുമില്ല. പിരിയാൻ നേരം രണ്ടുപേരും മേൽവിലാസം കൈമാറി.
മുരളീധരൻ, ജൂനിയർ നോൺ കമീഷണർ ഓഫീസർ, എയർഫോഴ്സ്, ചണ്ഡീഗഡ്, പഞ്ചാബ്.
കവി കത്തെഴുതാമെന്ന് പറഞ്ഞ് സ്റ്റേഷനിലിറങ്ങി. മുരളിയോട് നന്ദി പറഞ്ഞു- ഓരോ നേരത്തും ശ്രദ്ധയോടെ ചായയും ഭക്ഷണവും ഓർഡർ ചെയ്ത് തന്നതിന്. മൂന്നുദിവസം നീണ്ട യാത്രയിൽ സ്നേഹപൂർവം കൂട്ടുനിന്നതിന്. അച്ഛനോട് മകനെന്നപോലെ മുരളി കാണിച്ച കരുതലിന്.

കവിയുടെ ഡൽഹിയാത്രയിൽ ഒന്നിച്ചുണ്ടായിരുന്ന മുരളീധരൻ അതിനുശേഷമുള്ള മൂന്നുവർഷത്തിനുള്ളിൽ ജോലിയുപേക്ഷിച്ച് നാട്ടിൽ വന്നു. പാലക്കാട്ട് വളരെ ദീർഘകാലം കവിയുടെ സന്തതസഹചാരി ഇദ്ദേഹമായിരുന്നു. അന്ന് കവിയെ പരിചയപ്പെടുന്ന സമയത്ത് 23 മാത്രം പ്രായമുള്ള യുവാവ് ഇന്ന് തന്റെ വാർധക്യത്തിലേക്ക് കടന്നിരിക്കുന്നു. എങ്കിലും കവിയോടൊപ്പം ഉണ്ടായിരുന്ന ഓരോ ഓർമയും അദ്ദേഹം അത്ര സൂക്ഷ്മതയോടെ മനസ്സിൽ സൂക്ഷിക്കുന്നു. ആ നാളുകളുടെ ദീപ്തസ്മരണകൾ മുഖമുദ്ര എന്ന ആത്മകഥയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. പി.യുടെ പാലക്കാടൻ ജീവിതത്തെക്കുറിച്ച് ഏറ്റവും അടുത്തറിയുന്ന ഒരാൾ ആലങ്ങാട്ട് മുരളീധരനാണ്. അതന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞതത്രയും പി.യെക്കുറിച്ച് തെളിമയുള്ള ഓർമകൾ.

മുരളീധരൻ പറയുന്നു: ചണ്ഡീഗഡിലെത്തി കുറച്ചു നാളുകൾ കഴിഞ്ഞുകാണും. ഒരു ദിവസം എന്റെ ഒരു സുഹൃത്ത് നാട്ടിൽനിന്ന് വന്നു. കൊല്ലം സ്വദേശി സുഗതൻ. നല്ല വായനക്കാരനായിരുന്നു. നാട്ടിൽനിന്ന് വരുമ്പോൾ അദ്ദേഹം ആഴ്ചപ്പതിപ്പുകളും പുസ്തകങ്ങളും കൊണ്ടുവരാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കാണാൻ മുറിയിൽ ചെന്നപ്പോഴാണ് മേശപ്പുറത്ത് ജനയുഗം വാരിക കണ്ടത്​. മുഖചിത്രം നല്ല പരിചയമുള്ള ഒരു മുഖം. ആരുടേത് എന്ന് പെട്ടെന്ന് മനസ്സിലായില്ല. പിന്നെപ്പിന്നെ മനസ്സിലായി. തീവണ്ടിയിൽ കണ്ട ആ മനുഷ്യൻ. അതെ, അയാൾ തന്നെ. അത് മഹാകവി പി. കുഞ്ഞിരാമൻ നായർ ആയിരുന്നോ?
അതെ, അത് കുഞ്ഞിരാമൻ നായർ തന്നെ. ഞാൻ സന്തോഷത്തോടെ സുഗതനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹത്തിനും അതൊരത്ഭുതമായിരുന്നു. കടങ്കഥ പോലെ ജീവിതത്തിലേക്ക് കടന്നുവന്ന് മറഞ്ഞുപോയ മനുഷ്യൻ.
അദ്ദേഹം തന്ന മേൽവിലാസം ഞാനൊന്ന് എടുത്തുനോക്കി: പി. കുഞ്ഞിരാമൻ നായർ, ഗോവർധനം, പാമ്പാടി, തിരുവില്വാമല.

കൂടെയുള്ളപ്പോൾ അറിയാതെ പോവുകയും ഇപ്പോൾ തിരിച്ചറിയുകയും ചെയ്ത മഹാകവിക്ക് അന്നുതന്നെ ഞാനൊരു കത്തെഴുതി. അതിനിടയിൽ എന്നെ അമ്പരപ്പിച്ച്​ നാട്ടിൽ നിന്നൊരു കത്ത് ഇവിടേക്ക് വന്നു. അത് മഹാകവിയുടെ കത്തുതന്നെയായിരുന്നു. 1968 മാർച്ച്​ 14-ന്​ എഴുതിയ കത്ത്.
ആകാംക്ഷയോടെ ഞാനത് വായിച്ചു: മുരളിയുടെ സഹായത്താൽ അങ്ങോട്ടുള്ള യാത്ര രക്ഷപ്പെട്ടു. എന്നാൽ മടക്കത്തിൽ ചില വിഷമങ്ങളുണ്ടായി. ഉറക്കത്തിൽ അടുത്തുകിടന്നവനോ ആരോ വിലപ്പെട്ട ഒരു സാധനം കൈയിലാക്കി. 300 ക. വിലവരും. പോട്ടെ സാരമില്ല. എന്റെ സൂക്ഷ്മതക്കുറവാണല്ലോ കാരണം. ഇത്തരം അനുഭവങ്ങൾ നിറഞ്ഞതാണല്ലോ ഞാൻ. എന്തുചെയ്യാൻ.
ഞാൻ സന്തോഷത്തോടെ മറുപടി എഴുതി.
പിന്നെയും കത്തുകൾ വന്നുകൊണ്ടിരുന്നു.
എയർഫോഴ്സിന്റെ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു ഞാൻ. ചണ്ഡീഗഡിൽ എത്തിച്ചേർന്ന് ആറുമാസം പിന്നിട്ട് കാണും. ഒരു ഫുട്ബോൾ മത്സരത്തിൽ വയറിന് ഗുരുതരമായി പരിക്കുപറ്റി. രണ്ടുമാസത്തോളം അനങ്ങാൻ വയ്യാത്തവിധം കിടപ്പിലായി. നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലത് എന്ന് പലരും ഉപദേശിച്ചു. ഒടുവിൽ നാട്ടിലേക്ക് തിരിച്ചു.
പരിക്കുപറ്റിയ വിവരം കവിയെ അറിയിച്ചിരുന്നു. പക്ഷെ മറുപടി വന്നില്ല. രണ്ടാമതും എഴുതി. അതിനുള്ള മറുപടി വന്നത് നാട്ടിലെത്തിച്ചേർന്നശേഷമായിരുന്നു. കവി എഴുതി: പ്രിയപ്പെട്ട മുരളീ, ഞാൻ മാപ്പുചോദിക്കട്ടെ. സുഖമില്ലാതെ കിടക്കുന്ന ഒരു സുഹൃത്തിന്റെ കത്തു കിട്ടി. എന്നാൽ മേൽവിലാസമടങ്ങിയ കത്ത് നഷ്ടപ്പെട്ടതിനാൽ മറുപടി അയക്കാൻ കഴിഞ്ഞില്ല. പലപ്പോഴും മുരളിയുടെ ആരോഗ്യകാര്യം വിചാരിച്ചു. എന്നിട്ടും തെറ്റുചെയ്ത എനിക്ക് മാപ്പു തന്ന് കത്തയച്ചു. തെളിനീരുറവും ആത്മാർഥമായ സ്നേഹവും ഈ ഭൂമിയിലുണ്ട് എന്നറിയുമ്പോൾ എന്തൊരാശ്വാസം. ഇവിടെ വരണം. വരുംമുമ്പ് ദിവസം കുറിച്ച് കാർഡയക്കണം. കാത്തിരിക്കും. കാണാൻ അത്യാഗ്രഹമുണ്ട്. ശ്രീഗുരുവായൂരപ്പൻ മുരളിയെ കൈയേറ്റ് കാത്തുരക്ഷിക്കട്ടെ.
നാട്ടിലെത്തിയശേഷം ആരോഗ്യം തിരിച്ചുകിട്ടാൻ കുറച്ചുകാലം കൂടിയെടുത്തു. ഇക്കാലത്തും നാട്ടിലെ വിലാസത്തിൽ കവി ബന്ധപ്പെട്ടുകൊണ്ടിരുന്നു.

''കണ്ണാടിയിലേക്ക നോക്കിയ കവി ജാള്യതയോടെ ഒരു ചിരി ചിരിച്ചു പറഞ്ഞു, 'എടോ മുരളീ, എനിക്ക് എണ്ണയും പൗഡറും തമ്മിൽ മാറിപ്പോയി.' അതുപറഞ്ഞ് എന്റെ നേർക്ക് ഒന്ന് കണ്ണിറുക്കി കാണിക്കുകയും ചെയ്തു.'' / Photo: Keralaculture.org

1968 ഒക്​ടോബർ 28-ന്​ വീട്ടിലേക്ക് കവിയുടെ കത്തു വന്നു: ‘പാലക്കാട് അശോക ടൂറിസ്​റ്റു ഹോമിൽ വരണം. കവി അവിടെയുണ്ടാകും’ എന്നാണ് എഴുതിയിരുന്നത്. അപ്പോഴേക്കും അസുഖം ഭേദമായി നടക്കാനാവുന്ന അവസ്ഥയിലായിരുന്നു. പരിക്കിനുശേഷം ആദ്യമായി വീട്ടിൽ നിന്നിറങ്ങി, അശോകയിലെത്തി. കവി 22-ാം നമ്പർ മുറിയിലുണ്ട്. കവിയെ കണ്ടു. കവി ഇറുകെ കെട്ടിപ്പിടിച്ച്​ തന്റെ സ്നേഹമത്രയും പ്രകടിപ്പിച്ചു.
കവിയോട് പറഞ്ഞു, വീടടുത്താണ്. ഇന്നത്തെ ഭക്ഷണം അവിടെ. വീട്ടുകാർ
കാത്തിരിക്കുന്നു. വീട് പാലക്കാട് ടൗണിൽനിന്ന് ഒരു കിലോമീറ്ററകലെ മടപ്പുള്ളി കാവിന്റെ അടുത്തായിരുന്നു.

ഞാൻ മുറിയിലാകെയും കണ്ണോടിച്ചു. അലക്ഷ്യമായി ഇട്ടിരിക്കുന്ന പത്രമാസികകൾ. ബീഡിക്കുറ്റിയും തീപ്പെട്ടിക്കൊള്ളികളും ചിതറിക്കിടക്കുന്ന തറ. ഹാങ്ങറിൽ തൂങ്ങിക്കിടക്കുന്ന ജുബ്ബയും മുണ്ടും.

കവി കുളിക്കാനൊരുങ്ങി. ടാൽകം പൗഡർ കൈയിലേക്ക് തട്ടി. തലയിലും ദേഹത്തും ധൃതിയോടെ വാരിത്തേച്ചു. അതുകണ്ട് ഒരു നിമിഷം ഞാൻ അന്ധാളിച്ചു നിന്നു. കുളിക്കാനൊരുങ്ങിയ ആൾ പൗഡറിൽ കുളിച്ച്​ വെളുത്തുനിൽക്കുന്നു. കവിയുടെ കോമാളി വേഷം കണ്ട് ചിരിവന്നെങ്കിലും ചിരിക്കാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. അതിനിടെ ഭാഗ്യവശാൽ കവി കണ്ണാടിയിൽ മുന്നിൽ ചെന്നു. കവി സ്വന്തം മുഖം കണ്ടു. അപ്പോഴാണ് കവിക്ക് അബദ്ധം മനസ്സിലായത്. കണ്ണാടിയിലേക്കും എന്റെ മുഖത്തേക്കും അദ്ദേഹം മാറിമാറി നോക്കി. ജാള്യതയോടെ കവി ഒരു ചിരി ചിരിച്ചു. അതുകണ്ട് ഞാനും അറിയാതെ ചിരിച്ചുപോയി.
കവി പറഞ്ഞു, എടോ മുരളീ, എനിക്ക് എണ്ണയും പൗഡറും തമ്മിൽ മാറിപ്പോയി. അതുപറഞ്ഞ് എന്റെ നേർക്ക് ഒന്ന് കണ്ണിറുക്കി കാണിക്കുകയും ചെയ്തു.

ഡൽഹി യാത്രയിലെ മൂന്നുദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രകൃതം കുറെയൊക്കെ മനസ്സിലാക്കിയിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുക, ഇത്തിരി കഴിഞ്ഞ് എല്ലാം മറന്ന് കെട്ടിപ്പിടിക്കുക, ഓരോ സ്റ്റേഷനിലും വണ്ടി നിർത്തുമ്പോൾ ചില്ലറ നാണയങ്ങളെടുത്ത് കുട്ടികൾക്കും ഭിക്ഷക്കാർക്കും കൊടുക്കുക, സാധനം വാങ്ങാൻ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകളെടുത്തുകൊടുത്ത് ബാക്കി വാങ്ങാതിരിക്കുക, മനസ്സിനെ മഥിക്കുന്ന കാര്യങ്ങളോർത്ത് ക്ഷോഭിക്കുക തുടങ്ങിയവയൊക്കെ പരിചിതമായിരുന്നു.
കവി കുളിച്ചുവന്നപ്പോൾ ഞാൻ പറഞ്ഞു; ""വണ്ടിയിൽവെച്ച് ആദ്യമായി കണ്ടപ്പോൾ സ്വാതന്ത്ര്യസമരസേനാനിയോ മറ്റൊ ആണെന്നാണ് തോന്നിയിരുന്നത്, കവിയാണെന്ന് അറിഞ്ഞിരുന്നില്ല.''
""എന്നെ കാണുമ്പോൾ അങ്ങനെ തോന്നുന്നുണ്ട് അല്ലേ?''
""അതെ. ഇപ്പോൾ വീണ്ടും കണ്ടപ്പോൾ കവിയാണ് എന്ന് എനിക്കുറപ്പായി.''
അദ്ദേഹം അതൊരു തമാശപോലെ കേട്ടു ചിരിച്ചു.

അന്ന് തീവണ്ടിയിൽ ഒന്നിച്ച് യാത്രചെയ്യുമ്പോൾ എന്റെ മനസ്സിൽ ഒരുവിധ സമ്മർദവും ഉണ്ടായിരുന്നില്ല. പക്ഷെ, ഇപ്പോൾ ഒരു വലിയ കവിയുടെ മുമ്പിലാണ് എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത വീർപ്പുമുട്ടൽ.

കവിയെ പരിചയപ്പെട്ടതിൽ പിന്നീട് മൂന്നുവർഷം മാത്രമേ ഞാൻ എയർഫോഴ്സിൽ ഉണ്ടായിരുന്നുള്ളൂ. വിവാഹം, അതിനുശേഷം വന്നുപെട്ട അവിചാരിതമായ ജീവിതസാഹചര്യങ്ങൾ. അതിന്റെ പിടിയിൽപ്പെട്ട് ജോലി ഉപേക്ഷിക്കേണ്ടിവന്നു. ദുഃഖഭാരത്തോടെ പാലക്കാട്ടേക്ക് തിരിച്ചുവന്നു. അതിനുശേഷം ഇക്കാലമത്രയും ജീവിച്ചത് പാലക്കാട്ട്. 1971 മുതൽ 1978 വരെ കവി പാലക്കാട്ട് എത്തിച്ചേരുന്ന സമയത്തെല്ലാം കവിയുടെ സന്തതസഹചാരിയായി. പാലക്കാട്ടും അതിന്റെ ചുറ്റുവട്ടങ്ങളിലുമായി ഞങ്ങൾ നടന്നു. ഒരുപക്ഷെ, ജീവിതത്തിൽ ഞാൻ നേടിയ ഏറ്റവും വിലപ്പെട്ട സമ്പാദ്യം കവിയോടൊപ്പം ചെലവഴിച്ച സ്നേഹസൗഹൃദങ്ങളുടെ ആ ദിവസങ്ങൾ തന്നെയാണെന്ന് ഇന്ന് തിരിച്ചറിയുന്നു.

ജോലി വിട്ടുവന്ന ശേഷം പുതുശ്ശേരി പഞ്ചായത്തിൽ പഞ്ചായത്ത് അസിസ്റ്റന്റായി കുറച്ചുകാലം ജോലി ചെയ്​തു. കവി അശോകയിലുണ്ടാകുന്ന മിക്ക വൈകുന്നേരങ്ങളിലും ഞാൻ അവിടെ എത്തിച്ചേരാറുണ്ടായിരുന്നു. മുറിയിലിരുന്ന് എഴുതുകയോ വായിക്കുകയോ വിശ്രമിക്കുകയോ ചെയ്തശേഷമുള്ള കവിയുടെ വൈകുന്നേരങ്ങൾ.
അവിടെ എത്തിച്ചേർന്ന പല ദിവസങ്ങളിലും കവി പറയും, മുരളീ നമുക്കൊന്ന് പുറത്തുപോകാം.

പാലക്കാട് കവി എന്നും ചെന്നിരിക്കാൻ ഇഷ്ടപ്പെട്ട ഒരിടം കോട്ടമൈതാനമായിരുന്നു. കോട്ടയെ മുഖാമുഖം കണ്ട് റോഡിനിപ്പുറത്ത് മൈതാനത്ത് ഞങ്ങളിരുന്നു. കൊറിക്കാൻ മുറുക്കോ നിലക്കടലയോ ഉണ്ടായിരിക്കും. അതും തിന്ന്​ ഒന്നും മിണ്ടാതെ കുറെ സമയമിരിക്കും. അല്ലെങ്കിൽ ഓർമയിൽ പരതി കവി പല കഥകളും പറയും. പ്രസംഗവേദിയിലെ കഥകൾ, എഴുത്തുകാരുടെ കഥകൾ, യാത്രകളുടെ കഥകൾ അങ്ങനെ പലതും. സംസാരത്തിനിടയിൽ ഒരിക്കൽ കവിയുടെ ഓർമ കൊല്ലങ്കോട്ടേക്ക് പോയി.
""തനിക്കറിയാമോ? കൊല്ലങ്കോട്ട് സ്‌കൂളിൽനിന്ന് വിരമിക്കുന്ന സമയത്ത് ഞാൻ കാരണം പൊട്ടിക്കരഞ്ഞ ഒരാളെപ്പറ്റി?''
ഞാൻ പറഞ്ഞു, ""അറിയില്ല. കവി പറയണം.''
""എന്നാ മുരളി കേക്കണം, അത് എന്റെ പിള്ളേരോ, അധ്യാപകരോ മറ്റാരെങ്കിലുമോ ആയിരുന്നില്ല''. കവി എന്നെയൊന്ന് ഒളികണ്ണിട്ട് നോക്കി ചെറുതായൊന്നു ചിരിച്ചു.
കവി പറഞ്ഞു, സ്‌കൂളിനുവെളിയിൽ നിലക്കടല വിറ്റ് ജീവിക്കുന്ന ഒരു മധ്യവയസ്‌കയുടെ കഥ.

ഞാനെന്നും ഉച്ചനേരത്ത് കടലവിൽപനക്കാരിയുടെ കയ്യിൽ നിന്ന് കടല വാങ്ങിച്ചു. അത് തിന്നാൻ കുട്ടികൾ എന്റെ മുന്നിൽ വരിനിൽക്കുമായിരുന്നു. ഞാൻ എല്ലാ കുട്ടികൾക്കും ഒരുപിടി വാരിനൽകും. ആ സ്ത്രീ അതിന്​ വില പറയുകയോ ഞാൻ എത്രയെന്ന് ചോദിക്കുകയോ ചെയ്തില്ല. കണക്കിലധികം തുക ദിവസവും കൊടുത്തു. ഒരുദിവസം ഞാൻ കൊല്ലങ്കോട്ട് നിന്ന് വിരമിക്കുന്ന കാര്യം അവരെങ്ങനെയോ അറിഞ്ഞു. എന്നെ കണ്ടപ്പോൾ അവർ നിലവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.
ഒന്ന് നിർത്തി കവി ആരാഞ്ഞു; ""എന്തിനാണ് അവർ കരഞ്ഞതെന്നറിയാമോ?''
ഒച്ച താഴ്ത്തി അദ്ദേഹം പറഞ്ഞു; ""എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലെടോ. കണക്കിലധികം പൈസ വരവ് ഇനിയുണ്ടാകില്ലല്ലോ എന്നോർത്താണ് അവരുടെ ദണ്ഡം. മനസ്സിലായോ?'' കവി കടലകൊറിച്ചുകൊണ്ട് പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു.
മറ്റൊരിക്കൽ കവി പറഞ്ഞു; ""ചരിത്രം എന്നത് വലിയൊരു തമാശയാണെടോ.''
""ചരിത്രത്തിനെന്ത് തമാശ?'' ഞാൻ ചോദിച്ചു.
കവി എന്നോട് മറ്റൊരു ചോദ്യം ചോദിച്ചു, ""ഈ കോട്ടയുടെ പേരെന്താണ്?''
""ടിപ്പു കോട്ട.''
""കോട്ട കെട്ടിയത് ടിപ്പുവാണോ?''
""അല്ല.''
കവി ചിരിച്ചുകൊണ്ടു പറഞ്ഞു, ""ഹൈദരാലി കെട്ടിയ കോട്ടയുടെ പേര് ചരിത്രത്തിൽ ടിപ്പുവിന്റെ കോട്ട എന്നായി. അച്ഛൻ കഷ്ടപ്പെട്ട്​ പണിയെടുത്തു, കൂലി കിട്ടിയതാകട്ടെ മകനും.''
അതു ശരിയാണെന്ന് എനിക്കുതോന്നി. ചരിത്രം എപ്പോഴും അങ്ങനെയാണ്. ചില കാലങ്ങളെ വിസ്മരിക്കുകയും ചില കാലത്തെ മാത്രം ഓർമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഞാൻ പറഞ്ഞു, ""നമ്മളിരിക്കുന്ന സ്ഥലം ഒരു കാലത്ത് ടിപ്പുവിന്റെ ആനകളുടെയും കുതിരകളുടെയും ലായം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നു.''
കവി ചിന്താധീനനായി ഇരുന്നു.
കവി ചോദിച്ചു, ""അതിനും മുമ്പെന്തായിരുന്നു?''
""അറിയില്ല. അറിയാത്തതും പറയാത്തതുമായ കഥകൾ കൂടി ഈ മണ്ണിലുണ്ടായിരിക്കണം. ടിപ്പിവിന്റെ വരവോടെ പഴയ ചരിത്രകഥകളെല്ലാം വഴിമാറുകയോ മാഞ്ഞുപോവുകയോ ചെയ്തു.''
കോട്ടയുടെ കറുത്തുമിനുത്ത കൽപ്പുറങ്ങളിലുരുമ്മി ഓടിക്കിതച്ചുവരുന്ന കാറ്റ് ആനപ്പടയുടെ ചിന്നംവിളികളും കുതിരകളുടെ ചിനപ്പുകളും മാറിമാറി കേൾപ്പിച്ചുതന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ എഴുന്നേറ്റ്​ ഇന്ത്യൻ കോഫീ ഹൗസിലേക്ക് നടന്നു.
കോഫീ ഹൗസിലിരുന്ന് കവി ഉച്ചത്തിൽ വിളിച്ചു, ""മഹാരാജാവേ ഒന്നിവിടം വരെ വരണം.''

വെയിറ്റർമാർ മഹാരാജാവിന്റെ തലപ്പാവുമായി വന്നു. എന്നും കണ്ടുപരിചയമുള്ള കവിയുടെ മുന്നിൽ ഒരാൾ വന്നുനിന്നു. ചെറുചിരിയോടെ ഉത്തരവിന് കാത്തു,
കവി പറഞ്ഞു, ഇദ്ദേഹത്തിന് ഒരു ചായ. എനിക്കൊരു കാപ്പി.
ഭക്ഷിക്കാൻ എന്തുവേണം?
മസാലദോശ, കവിയും അതുതന്നെ പറഞ്ഞു.
ഭക്ഷണം കഴിഞ്ഞശേഷം കവി അശോകയിലേക്ക് നടന്നു. ഞാനാകട്ടെ ഇരുട്ടിൽ മുങ്ങിപ്പോയ കോട്ടയുടെ മുന്നിലൂടെ സാവകാശം വീട്ടിലേക്കും.

ഓർമയിലെ കടലാസ് ബൊമ്മകൾ

പാലക്കാട് താമസിച്ചിരുന്ന കാലത്ത് ശിരോമണി പി. കൃഷ്ണൻ നായരുമായി കവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മദ്രാസ് സർവകലാശാലയിൽ മലയാളവിഭാഗത്തിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയശേഷം ആ ബന്ധം സുദൃഢമായി. ചിറ്റൂർ കാവിനടുത്തുള്ള അച്ചുവത്തായിരുന്നു കൃഷ്ണൻ നായരുടെ തറവാട്. പാലക്കാട് നിന്ന് പലപ്പോഴും കവി അച്ചുവത്ത് എത്തിച്ചേർന്ന് സൗഹൃദം പങ്കിട്ടു. അതിനിടയിൽ അപ്രതീക്ഷിതമായിരുന്നു കൃഷ്ണൻ നായരുടെ മരണം.

കൃഷ്ണൻ നായർക്ക് നല്ലൊരു ഗ്രന്ഥശേഖരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പുസ്തകങ്ങളൊക്കെയും അനാഥമായി. അവയെ ശ്രദ്ധിക്കാനും പരിപാലിക്കാനും കഴിയാതായതോടെ അതെല്ലാം ആവശ്യക്കാർക്ക് കൊടുക്കുന്ന അവസ്ഥയായി. ഇതറിഞ്ഞ് ഒരു ദിവസം കവി അച്ചുവത്ത് തറവാട്ടിലെത്തി.
കൃഷ്ണൻനായരുടെ പുസ്തകങ്ങൾ കൊടുക്കുന്നെങ്കിൽ എനിക്കുവേണം, തരാമോ? കൃഷ്​ണൻ നായരുടെ മൂത്തമകൻ ബാലകൃഷ്ണനോട്​ കവി ചോദിച്ചു.
ഇവിടെ പുസ്തകങ്ങളൊന്നും ഇല്ല. എല്ലാം തൂക്കി വിറ്റു; അയാൾ പറഞ്ഞു.
കവിയുടെ മനസ്സിന് മുറിവേറ്റു.
ചുമരിൽ കൃഷ്ണൻ നായരുടെ ഛായാചിത്രം തുങ്ങിക്കിടന്നു. മദിരാശി സർവകലാശാലയിൽ പഠിപ്പിക്കുന്ന കാലത്ത് എടുത്ത ചിത്രം. കോട്ടും ടൈയും ധരിച്ച പരമയോഗ്യൻ. കൃഷ്ണൻ നായരുടേതായി ഈ ഫോട്ടോ അല്ലാതെ ആ വീട്ടിൽ ഇനി മറ്റൊന്നുമില്ലെന്ന് കവി മനസ്സിലാക്കി. മുമ്പ് ഇവിടെ വന്നപ്പോൾ കൊതിയോടെ നോക്കിക്കണ്ട വിലപ്പെട്ട പുസ്തകങ്ങൾ. അത് കിട്ടാത്തതിലല്ല; തൂക്കിവിറ്റതിലുള്ള വേദനയോടെ കവി തരിച്ചുനടന്നു.

അച്ചുവത്ത് വീട്ടിൽ നിന്ന് ഇറങ്ങിയശേഷം എങ്ങോട്ടു പോകണമെന്നറിയാതെ കവി വഴിയിൽ പകച്ചുനിന്നു. ഏറെ അസ്വസ്ഥചിത്തനായി സമീപത്തെ ചിറ്റൂർ കാവിലേക്ക് നടന്നു. അവിടത്തെ കരിങ്കല്ലത്താണിയിൽ ചെന്നിരുന്നു. അത്താണിയോട് തന്റെ മനസ്സിലെ ഭാരത്തിന്റെ കഥയോരോന്നും പറഞ്ഞ് കുറെ നേരം തലകുനിച്ചിരുന്നു. പെട്ടെന്നാണ് പിടിച്ചുകുലുക്കുംപോലെ ആരോ വന്നു വിളിച്ചത്. തലയുയർത്തി നോക്കിയപ്പോൾ പ്രഭാകരൻ നായർ ! ശിരോമണി കൃഷ്ണൻ നായരുടെ ഭാര്യാസഹോദരിയുടെ ഭർത്താവ്. ചിറ്റൂരിലെ കവിയുടെ മറ്റൊരു സുഹൃത്ത്. അപ്രതീക്ഷിതമായി സുഹൃത്തിനെ കണ്ടപ്പോൾ ഗദ്ഗദത്തോടെ കവി പറഞ്ഞു, എടോ നായരേ തനിക്കറിയോ? നമ്മുടെ കൃഷ്ണൻ നായരുടെ പുസ്തകങ്ങളത്രയും മകൻ തമിഴന്മാർക്ക് വിറ്റുതുലച്ചു. വിലപ്പെട്ട ഒരുപാട്
പുസ്തകങ്ങൾ. അതെല്ലാം നശിച്ചുപോയി.
പ്രഭാകരൻ നായർ ഇക്കാര്യം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അദ്ദേഹം കവിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അത്താണിയിൽ നിന്ന് കവിയെ കൈപിടിച്ച് താഴെയിറക്കി.
പ്രഭാകരൻ നായർ പറഞ്ഞു, കവിമാഷ് വിഷമിക്കണ്ട. എന്റെ വീട് ഇതിനടുത്താണ് നമുക്ക് അവിടെപ്പോയി വിശ്രമിക്കാം. ചിറ്റൂർ കാവിൽ നിന്ന് ദുർഗാക്ഷേത്രത്തിന്റെ വഴിയിലൂടെ അവർ നടന്നു. പ്രഭാകരൻ നായരുടെ വീട്ടിൽ ചെന്നു.

കവിയുടെ ചിറ്റൂരിലെ സുഹൃത്ത് പ്രഭാകരൻ നായർ

കവിയും പ്രഭാകരൻ നായരും തമ്മിലുള്ള ബന്ധത്തെയും വീട്ടിൽ പലപ്പോഴും എത്തിച്ചേർന്നിരുന്ന കവിയുടെ സ്നേഹസാന്നിധ്യത്തെയും അദ്ദേഹത്തിന്റെ മകളായ വത്സലകുമാരി വർഷങ്ങൾക്കുശേഷം ഓർക്കുന്നു: എനിക്കന്ന് 12 വയസ്സോളമുണ്ടാകും. മുണ്ടും ജുബ്ബയും വാലൻ കുടയുമായി, ഒരപ്പൂപ്പനായി കവി ഞങ്ങളുടെ വീട്ടിലെത്തി. കവിയപ്പൂപ്പന് വായിൽ പല്ലുണ്ടായിരുന്നില്ല. കവിളൊട്ടിയിരുന്നു. കറുത്ത നിറമായിരുന്നു. മുഖത്ത് പ്രസാദമധുരമായ ചെറുചിരി.
അമ്മ കവിയോട് പറഞ്ഞു, കവി വന്നത് നന്നായി. ഇളയ മകൾ വത്സലകുമാരിയുടെ
പിറന്നാളാണ്. ഇതു മകൾക്ക് കിട്ടിയ പിറന്നാൾ സമ്മാനം.
അമ്മയും അച്ഛനോടൊപ്പം കവിയോട് കുശലങ്ങൾ പറഞ്ഞിരുന്നു. വല്യച്ഛൻ ശിരോമണി കൃഷ്ണൻ നായരോടൊപ്പം മദ്രാസ് സർവകലാശാലയിൽ അമ്മയും കുറച്ചുകാലം പഠിപ്പിച്ചിരുന്നു. വർത്തമാനങ്ങൾ മുതിർന്നവർ തമ്മിലായിരുന്നെങ്കിലും അതിഥി ഇടയ്ക്കിടെ ഞങ്ങളെ രസിപ്പിക്കാനായി ചില കുസൃതികൾ കാട്ടിയതുകൊണ്ട് കുട്ടികളായ ഞങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നു. കവി അച്ഛനോട് ചോദിച്ചു, നായരെ, നമ്മളെങ്ങനെയാ പരിചയപ്പെട്ടത്?
അച്ഛനതുകേട്ട് ചിരിച്ചു.
കവി മൂക്കത്ത് വിരൽവച്ചുകൊണ്ട് അച്ഛനെ നോക്കിനിന്നു.
കവി മറന്നുപോയോ? കൊല്ലൂര് മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ നവരാത്രി വ്രതം.
അവിടെ രാപകലുകൾ ഒന്നിച്ചുനടന്നതും സൗപർണികയിൽ കുളിച്ചതും പ്രാർത്ഥിച്ചതും മറന്നോ?
കവി ഇടയ്ക്ക് കയറിപ്പറഞ്ഞു, അതെനിക്കറിയാടോ. അതല്ല ഞാൻ ചോദിച്ചത്. കൊല്ലൂര് വച്ചാണോ ഗുരുവായൂര് വച്ചാണോ നമ്മൾ ആദ്യമായി പരി
ചയപ്പെട്ടത്?
ഗുരുവായൂരിൽ ആഞ്ഞം നമ്പൂതിരിയുടെ സപ്താഹം കേട്ടതും നമ്മളൊന്നിച്ചിരുന്നാണ്.
അത് പറ. അതാണ് ചോദിച്ചത്. ഇത്രേം പ്രായമായിട്ടും എനിക്ക് മറവിയൊട്ടുമില്ലെന്ന് ഇപ്പോ മനസ്സിലായില്ലേ?
അതും പറഞ്ഞ് കവി കുട്ടികളായ ഞങ്ങളെ കണ്ണിറുക്കി.

അച്ഛൻ കൊല്ലൂരിൽ പത്തുദിവസത്തെ നവരാത്രി വ്രതം അനുഷ്ഠിക്കുന്ന പതിവ് എത്രയോ വർഷങ്ങളായി തുടരുന്നതാണ്. പലവർഷങ്ങളിലും കവിയും കൂടെയുണ്ടായിരുന്നു. മംഗലാപുരത്തുനിന്ന് കൊല്ലൂരിലേക്ക് തോണിയിലായിരുന്നു യാത്ര. പാലം വന്നതും റോഡ് മാർഗം മംഗലാപുരം- കൊല്ലൂർ യാത്രയാരംഭിച്ചതുമൊക്കെ പിന്നീടാണ്.

അമ്മ വിഭവസൃദ്ധമായി പിറന്നാൾ സദ്യ വിളമ്പി.
കവി അതൊക്കെയും ആസ്വദിച്ചുകഴിച്ചു. എഴുന്നേൽക്കുമ്പോൾ കവി അമ്മയോട് പറഞ്ഞു, നല്ല കൈപ്പുണ്യണ്ട്. അതോണ്ടാ ഇത്രേം കഴിച്ചത്.
അമ്മയ്ക്ക് അതുകേട്ട് സന്തോഷമായി.
അതിനുശേഷം പിന്നെയും പലവട്ടം കവി വീട്ടിൽ വന്നു. ഉമ്മറത്ത് ചാരുകസേരയിൽ വിശ്രമിക്കുന്നതിനിടയിൽ കവി അമ്മയോട് പറഞ്ഞു, ടീച്ചറമ്മയുടെ മുറുക്കിന് ഒരു പ്രത്യേക രുചിയാ.
കവി വരുമ്പോഴെല്ലാം അമ്മ മുറുക്ക് ഉണ്ടാക്കിക്കൊടുക്കുമായിരുന്നു.
ആദ്യമായി മുറുക്ക് കൊടുത്തപ്പോൾ പറഞ്ഞു, ഈ മുറുക്കെല്ലാം ഞാൻ തിന്നോളാം. പക്ഷെ ആരെങ്കിലും പല്ലുകൂടി കടം തരണം.
അനുജൻ മോഹൻ കുമാറിനോട് ചോദിച്ചു, നീ തരുമോ?
ഇല്ലെന്നുപറഞ്ഞ് അവൻ ഓടിമറഞ്ഞു. അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി മുറുക്ക് അമ്മിയിലിട്ട് ചെറുതായി പൊടിച്ച ശേഷം കൊടുത്തു.
കവി ചിരിച്ചുകൊണ്ടു പറഞ്ഞു, പല്ലില്ലാതെയും മുറുക്കു തിന്നാൻ പറ്റുമെന്ന് കാമാക്ഷിക്കുട്ടിയമ്മ പഠിപ്പിച്ചുതന്നു.
പലതും സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ കവി അമ്മയോട് ചോദിച്ചു, മദിരാശി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കാൻ പോയിട്ട് ടീച്ചറമ്മ എന്താ വേണ്ടെന്ന് വെച്ചെ?
അമ്മ പറഞ്ഞു; അവിടെ വിദ്വാൻ പരീക്ഷയ്ക്ക് പഠിക്കാൻ വേണ്ടിയാണ് ഏട്ടനോടൊപ്പം (ശിരോമണി കൃഷ്ണൻ നായർ) പോയത്. പിന്നെ അവിടത്തന്നെ ജോലിയും കിട്ടി. ചെറുശ്ശേരിയെക്കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർത്തിയായിരുന്നു. അതിനിടയിൽ ഏട്ടൻ വിരമിച്ച് നാട്ടിലേക്ക് പോന്നു. രണ്ടാംലോകമഹായുദ്ധത്തിന്റെ പ്രയാസങ്ങളും ആ സമയത്തായിരുന്നു.
മാഷോർക്കുന്നില്ലേ. അക്കാലം?
ഓർമ്മേണ്ട്. ഞാനതേക്കുറിച്ച് കവിതകളെഴുതിയിട്ടുണ്ടല്ലോ.
അതെ, അന്ന് എല്ലാവരും എന്നോട് പറഞ്ഞു, പെണ്ണല്ലേ, ഒറ്റയ്ക്ക് നിൽക്കണ്ട. ഇങ്ങോട്ട് പോന്നോളൂ. ഞാൻ തിരിച്ചുവന്നു.

കാമാക്ഷിക്കുട്ടിയമ്മ

മദിരാശിയിലെ അധ്യാപകജോലി നഷ്ടപ്പെടുത്തിയതിൽ അമ്മയ്ക്ക് എന്നും വലിയ ദുഃഖമുണ്ടായിരുന്നു. പക്ഷെ അതൊന്നും പുറത്തുകാണിക്കാതെ അമ്മ സന്തോഷത്തോടെ തന്നെ ജീവിക്കുകയും ചിറ്റൂരിലെ ഒരു യു.പി. സ്‌കൂൾ അധ്യാപികയായി വിരമിക്കുകയും ചെയ്തു. അമ്മയ്ക്കും അച്ഛനും കവിയെ വലിയ കാര്യമായിരുന്നു. അതുപോലെ കവിയുടെ കവിതകളോടും.
ഒരുദിവസം വന്നപ്പോൾ അമ്മ പറഞ്ഞു, ചിറ്റൂർക്കാരുടെ ഒരു വിശേഷപ്പെട്ട പലഹാരമുണ്ട്. കവി കഴിച്ചിട്ടുണ്ടോ?
കവി അമ്മയെ അതിശയത്തോടെ നോക്കി പറഞ്ഞു, ഞാൻ തിന്നാത്ത എന്താണ് ഈ നാട്ടിലുള്ളത്, കേക്കട്ടെ.
പെരുവരലങ്കായ. കഴിച്ചിട്ടുണ്ടോ?
കുരുവരലങ്കായോ?
അല്ല. പെരുവരലങ്കായ.
പല്ലില്ലാത്ത വായകൊണ്ട് കവി അതു പറയാൻ പ്രയാസപ്പെടുന്നതുകണ്ട് ഞങ്ങൾ ചിരിച്ചു. ചെറുപയർ പൊടിച്ചെടുത്ത് അരിപ്പൊടിയും ശർക്കരയും കൂട്ടിക്കുഴച്ച് ഉരുട്ടിയെടുത്തുണ്ടാക്കുന്ന ഒന്ന്​. പെരുവരലങ്കായ കൈയിലെടുത്ത്​ കവി അമ്മയോട് പറഞ്ഞു, വായിലിട്ട് വിഴുങ്ങിയാൽ ഇതിന്റെ രുചിയറിയില്ല. അതു
കൊണ്ട് രുചിയറിയാൻ പാകത്തിൽ തരൂ.
അമ്മ ചെറുകഷണങ്ങളാക്കിക്കൊടുത്തു. വെറും മോണകൊണ്ട് കവി നുണച്ചിറക്കി. മധുരം നുണയുമ്പോൾ കുസൃതിനിറഞ്ഞ ഭാവത്തോടെ കവി ഞങ്ങളെ നോക്കി കണ്ണിറുക്കി. ഞങ്ങൾ അതുകണ്ട് ചിരിച്ചുമറഞ്ഞു.

പലവർണക്കടലാസിൽ പൊതിഞ്ഞ മിഠായിമധുരവുമായാണ് പലപ്പോഴും കവി വീട്ടിലെത്തിയത്. അദ്ദേഹം ആരാണെന്നോ അദ്ദേഹത്തിന്റെ വലിപ്പം എന്താണെന്നോ കുട്ടികളായ ഞങ്ങൾക്ക് അന്നറിഞ്ഞുകൂടായിരുന്നു. പിന്നെപ്പിന്നെ പി. കുഞ്ഞിരാമൻ നായർ എന്ന കവിയെ പാഠപുസ്തകത്തിൽ കണ്ടു. അദ്ദേഹത്തിന്റെ കവിതകൾ വായിച്ചു. ഞങ്ങൾ വളർന്നു, കവിയെ കാണാതായി.

മഹാകവി പി.യെക്കുറിച്ച് ഓർക്കുമ്പോൾ വർണക്കടലാസിൽ പൊതിഞ്ഞ മിഠായിമധുരമാണ് എന്നും മനസ്സിലെത്തുന്നത്. മിഠായി തിന്നശേഷം ബാക്കിയായ വർണക്കടലാസുകൾ കൊണ്ട് അന്നു ഞാനുണ്ടാക്കിവെച്ച കടലാസ് ബൊമ്മകൾ. അത് മേശവലിപ്പിൽ കുറെക്കാലം സൂക്ഷിച്ചുവെച്ചിരുന്നു. കവിയെ കാണുംപോലെ അവയോരോന്നും പിന്നെയും പലവട്ടം എടുത്തുനോക്കാറുണ്ടായിരുന്നു. ആ ബൊമ്മകൾക്കൊന്നും കണ്ണുകളുണ്ടായിരുന്നില്ല. എങ്കിലും അവയൊക്കെ കവിയെപ്പോലെ എന്നെ നോക്കി വെറുതെ ഒന്ന് കണ്ണിറുക്കിയോ ആവോ? ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments