പി. കുഞ്ഞിരാമൻ നായർ

അപൂർണതയിൽ മരിച്ചുപോയ
ഒരു കവിത, നിരവധി കവിതകൾ

തിരുവില്വാമലയുടെ കാമുകൻ

ഞ്ചാവൂർ പഠനത്തിനിടയിലാണ് കവി പഠനം മതിയാക്കി പാലക്കാ​ട്ടെത്തിയത്​. അന്നുമുതൽക്കുതന്നെ ഈ മലനാടൻ ഭൂപ്രകൃതിയോടുള്ള പ്രണയം കവിമനസ്സിൽ നിറഞ്ഞുനിന്നിരുന്നു. പിന്നീട് പാലക്കാടിന്റെ ചുറ്റവട്ടങ്ങളിൽ കൂടി പി. യുടെ സൗന്ദര്യാനുഭൂതികൾ കവിതകൾ തേടിനടന്നു. തന്റെ കാവ്യാന്വേഷണങ്ങളുടെ ഭാഗമായി കവി എത്തിച്ചേർന്ന സൗന്ദര്യതീരങ്ങളായിരുന്നു തിരുവില്വാമല, ഒറ്റപ്പാലം, ചിറ്റൂർ, കൊല്ലങ്കോട് തുടങ്ങിയ ഇടങ്ങൾ.

പാലക്കാടൻ ഗ്രാമപ്രകൃതിയിൽ കവിയെ ഏറ്റവും ആകർഷിച്ചത് എന്തായിരിക്കും? കവിയുടെ കവിതകളിലും ആത്മകഥകളിലും അതിന്റെ ഉത്തരം ഒളിഞ്ഞിരിപ്പുണ്ട്. എങ്ങോട്ടു നോക്കിയാലും ഉയർന്നുനിൽക്കുന്ന നീലമലകൾ. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങൾ. തെളിനീരുറവയായി പരന്നൊഴുകുന്ന നദികൾ, കുളങ്ങൾ, ശുദ്ധമായ ഗ്രാമീണപ്രകൃതി, ഇതല്ലാതെ മറ്റൊന്നും കവിയെ മതിമറന്ന് സന്തോഷിപ്പിച്ചിരുന്നില്ല. ഇത്തരം കാഴ്ചകളുടെ ഭംഗിയിൽ മുഴുകിയാണ് കുഞ്ഞിരാമൻ നായരുടെ ഭാവനാലോകം പലകാലങ്ങളിലൂടെ കവിതകളായി ചിറകടിച്ചുപറന്നത്.

യാത്രകളുടെ പലപല ഇടങ്ങളായിരുന്നു കവിയുടെ ജീവിതം.
യാത്രകളിൽ നിന്ന് യാത്രകളിലേക്ക് അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. അതേറെയും ഏകാന്തയാത്രകളായിരുന്നു. മനുഷ്യരോട് സംസാരിച്ചതിനെക്കാൾ കൂടുതൽ ഇത്തരം യാത്രകളിൽ കവി പ്രകൃതിയോട് ഉരിയാടി. നടപ്പുകാലങ്ങളിൽ കവിയോടൊപ്പം യാത്രചെയ്തതിന്റെ ഓർമകൾ സഹയാത്രികനായ ആലങ്ങാട്ട് മുരളീധരന്റെ മനസ്സിലുണ്ട്. കവിയോടൊപ്പമുള്ള പാലക്കാടൻ യാത്രകളെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു:

പാലക്കാടിനോട് കവിക്കുണ്ടായിരുന്ന പ്രിയത്തിന്റെ പ്രധാന കാരണം ഇവിടത്തെ ഭൂപ്രകൃതിയാണെന്ന് തോന്നിയിട്ടുണ്ട്. കുന്നുകളെയും വയലുകളെയും ആകാശം മുട്ടിനിൽക്കുന്ന മലനിരകളെയും അദ്ദേഹം മറ്റെന്തിനേക്കാളും സ്നേഹിച്ചു. കവിയോടൊപ്പം നടന്ന കാലത്താണ് അതുവരെ കാണാൻ മറന്ന കാഴ്ചകൾ പലതും ഞാൻ കണ്ടത്. ചുറ്റുവട്ടത്തെ കവി സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനെയൊക്കെ മനസ്സിലേക്ക് ആവാഹിച്ചെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ആകാശത്തിലെ ഒരു മേഘക്കീറ് കണ്ടാൽ അല്ലെങ്കിൽ, തൊടിയിലൊരു പക്ഷിയെ കണ്ടാൽ കവിയുടെ ശ്രദ്ധമാറും. പറയുന്നതും കേൾക്കുന്നതും ആ നിമിഷത്തിൽ അദ്ദേഹം പൂർണ്ണമായി വിസ്മരിക്കും.

ഒരു ദിവസം പാലക്കാട്ട് അശോക ടൂറിസ്റ്റ് ഹോമിൽ നിന്ന് ഞങ്ങളിറങ്ങി. വെറുതെയുള്ള യാത്രകളുടേതായ ഒരു ദിവസം. പാലക്കാട് നിന്ന് ചിറ്റൂർ ബസിൽ കയറി. എവിടേക്കാണ് യാത്രയെന്നറിയില്ല. ചോദിച്ചില്ല. ചോദിച്ചാൽ അദ്ദേഹം ഉത്തരം പറയും. പക്ഷെ അതൊരു തർക്കുത്തരമായിരിക്കും. അതുകൊണ്ട് മിണ്ടാതെ ബസിൽ കയറി. ബസ് ഒരിടത്തെത്തിയപ്പോൾ കവി പറഞ്ഞു, ഇവിടെയിറങ്ങണം. കല്ലിങ്കൽ സ്റ്റോപ്പ്.
ബസ്​ ഓടിക്കൊണ്ടിരിക്കെ ഇറങ്ങാനുണ്ടെന്നുപറഞ്ഞ് നിർത്തിച്ചു. കവി ഇറങ്ങി, പിറകെ ഞാനും.

കവി എന്നെയും കൊണ്ട് ചെമ്മൺ പാതകളും വയലുകളും താണ്ടി നടന്നു. നടത്തത്തിനിടയിൽ അദ്ദേഹം പറഞ്ഞു, ഇവിടെ നൂറ്റാണ്ടുകൾ പിന്നിട്ട ഒരു പടുകൂറ്റൻ പേരാലുണ്ട്. ഇടതൂർന്ന മരക്കൂട്ടങ്ങളുണ്ട്. അതിനിടയിലാണ് കാവ്. കവിയുടെ വിവരണം കേട്ടു ഞാൻ നടന്നു. ഒടുവിൽ കവി എത്തിച്ചേർന്നത് ചെമട്ടിയക്കാവിലായിരുന്നു.

ആലങ്ങാട്ട് മുരളീധരൻ
ആലങ്ങാട്ട് മുരളീധരൻ

ചെമട്ടിയ ഭഗവതിക്കാവ് എന്റെ കുടുംബക്ഷേത്രമായിരുന്നു. ഞങ്ങളുടെ അടിമക്ഷേത്രം. അവിടെയാണ് കവി എന്നെ പ്രകൃതിയുടെ സൗന്ദര്യവിലാസം കാണിച്ചുതരാൻ കൂട്ടിക്കൊണ്ടുവന്നത്. കവിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് പരുങ്ങി. ക്ഷേത്രത്തിൽ തൊഴുതശേഷം അതിനടുത്തുള്ള ഒരു പേരാൽത്തറയിൽ ഞങ്ങൾ വന്നിരുന്നു. ക്ഷേത്രത്തെക്കുറിച്ചും ഇവിടെ നടന്നുവരുന്ന ചടങ്ങുകളെക്കുറിച്ചും കവിയോട് വിശദീകരിച്ചുകൊണ്ടിരുന്നു. കവി താത്പര്യത്തോടെ മൂളിക്കേൾക്കുകയായിരുന്നു. പെട്ടെന്ന് കവി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു, നിർത്തെടോ.
എന്താണ് കാര്യമെന്നറിയാതെ ഞാൻ കവിയുടെ മുഖത്തേക്കുതന്നെ ഉറ്റുനോക്കി. കവി എന്നെ കാണുന്നുണ്ടായിരുന്നില്ല. കവിയുടെ കണ്ണുടക്കി നിൽക്കുന്നിടത്തേക്ക് ഞാൻ നോക്കി. വേലിപ്പടർപ്പിൽ ഒരു ചെമ്പോത്ത് നിൽപ്പുണ്ടായിരുന്നു. കവി ഒരു മഹാത്ഭുതംപോലെ കണ്ണെടുക്കാതെ അതിനെത്തന്നെ കുറെ നേരം നോക്കിനിന്നു. അത് മണ്ണിലെന്തോ തിരയുകയും കൊത്തിത്തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു. കവി സ്വയം മറന്നു മൂളി.ചെമ്പോത്തേ ചെറുകിഴങ്ങേ ചെട്ടാരപ്പൻ മുന്നാഴി പുളിക്കാൻ നിന്റെ മൂക്കറുക്കാൻ വരുന്നു ഒളിച്ചോ ഒളിച്ചോ...

കവിയുടെ പാട്ടുകഴിഞ്ഞപ്പോൾ പക്ഷി പറന്നുപോയി.
കുറച്ചു കഴിഞ്ഞ് പരിസരബോധം വന്നപ്പോൾ കവി ചെമട്ടിയക്കാവിലെ ആൽത്തറയിലേക്ക് തിരിച്ചുവന്നു. ഞാൻ പറയുന്ന കഥകൾ കേട്ടിരുന്നു.

കവി പാലക്കാടുള്ളപ്പോൾ മിക്ക അവധി ദിവസങ്ങളിലും രാവിലെത്തന്നെ ഞാൻ അശോക ടൂറിസ്റ്റ് ഹോം എത്താറുണ്ടായിരുന്നു. ഒന്നുകിൽ കവിതയുടെ അസ്സലെഴുതാനുള്ള ജോലിയുണ്ടാവും. അല്ലെങ്കിൽ കവിയോടൊപ്പം എവിടെയെങ്കിലുമുള്ള യാത്രകൾ. പല യാത്രകളും പൊടുന്നനെയുള്ളവയായിരുന്നു.
ഒരു ദിവസം കവി പറഞ്ഞു, നമുക്കിന്ന് കൊല്ലങ്കോട്ടേക്ക് പോവാം.

തെന്മലയുടെ താഴ്​വരയിലെ കൊല്ലങ്കോട്.
വിദൂരതയിൽ തെളിഞ്ഞുകാണുന്ന നീലമലകളുടെ ചിത്രപടങ്ങൾക്കിടയിലൂടെ ബസ്​ പാഞ്ഞു. മലകടന്നുവരുന്ന കാറ്റ് ബസിലേക്ക് ഇരമ്പിവന്നു മൂടി. മഞ്ഞസാരി ചുറ്റിയ പാറക്കെട്ടുകളെ കവി ഉറ്റുനോക്കി. കണ്ണിനുമുന്നിൽ തെളിയുന്ന കാഴ്ചകളുടെ സൗന്ദര്യാനുഭൂതികൾ കവി മൊത്തിക്കുടിക്കുന്നു. അതിലലിഞ്ഞ് ഒരു സ്വപ്നത്തിലെന്നപോലെ ഒഴുകുന്നു. കൊല്ലങ്കോട്ട് എത്തുന്നതിനുമുമ്പ് ഒരിടത്തിറങ്ങി.
ഞങ്ങൾ നടന്നു. ചെമ്മൺപാതയിലൂടെ നടക്കുമ്പോൾ കവി ചോദിച്ചു, താൻ ഇവിടത്തെ താമരക്കുളം കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ട്. ഇവിടെയല്ല. സാഹിബിന്റെ ഊട്ടറയിലുള്ള താമരപ്പാടം. താമരപ്പൂക്കളുടെ പൂങ്കടവ്. കാറ്റത്ത് ഇളകിയാടുന്ന താമരപ്പൂക്കളുടെയും വിടരാൻ കാത്തിരിക്കുന്ന മൊട്ടുകളുടെയും പൂപ്പരപ്പ്. അതുപോലൊരു കാഴ്ച മറ്റെവിടെയും കണ്ടിട്ടില്ല.

കവി നടത്തം നിർത്തി. മരങ്ങളൊന്നുമില്ലാതെ പരന്നുകിടക്കുന്ന ഒരിടം. അവിടെ ഒരു വീട്. കവി അങ്ങോട്ടേക്ക് നോക്കി നെടുവീർപ്പിട്ട്​ പറഞ്ഞു, എടോ ഇവിടെ ഒരു താമരക്കുളമുണ്ടായിരുന്നു. ആ വീട് നിൽക്കുന്നിടത്ത്. വട്ടത്തോണിയിൽ താമരപ്പൂക്കളിറുക്കുന്ന കാഴ്ച കാണാൻ പല തവണ ഞാനിവിടെ വരാറുണ്ടായിരുന്നു. ഒരു ദിവസം സ്ഥലമുടമ കുളം മണ്ണിട്ട് നികത്തി. താമരപ്പൂക്കൾ വാടി, എന്നെന്നേക്കുമായി.
കവി നഷ്ടവേദനയുടെ മറ്റൊരു ലോകത്തിലേക്ക് പോയി. പ്രകൃതിയുടെ സൗന്ദര്യവിലാസത്തെ സ്വയം മറന്ന് ഇത്രയധികം ആസ്വദിച്ച മറ്റൊരു കവി മലയാളത്തിലില്ല. അത് കേവലം ആസ്വാദനം മാത്രമല്ല. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യരുടെ ചെയ്തികൾക്കെതിരെയുള്ള രോഷം കൂടിയായിരുന്നു.
അവിടെ നിന്ന് തിരിച്ചുനടക്കുമ്പോൾ കവി പറഞ്ഞു, കുളം മണ്ണിട്ടു തൂർക്കുന്നതിനിടയിൽ അവിടെ വീടുവയ്ക്കു ന്ന സ്ഥലമുടമയോട് ഞാൻ പറഞ്ഞു,
വീടിന് താമരത്തോണി എന്ന് പേരിടാമോ?
ഞാൻ കൗതുകത്തോടെ ചോദിച്ചു. എന്നിട്ട് ഇട്ടോ?
ഇല്ല. പക്ഷേ ഇതിന്റെ ഓർമയിൽ ഞാൻ എന്റെ പുസ്തകത്തിന് പേരിട്ടു; താമരത്തോണി.

മറ്റൊരു ദിവസം ഇതുപോലെ ലോഡ്ജിൽ കവി എന്നെ കാത്തിരുന്നു. ഒരിടംവരെ പോകാനുണ്ട് എന്നുമാത്രം പറഞ്ഞു. ബസിൽ കയറി. കണ്ടക്ടറോട് കവി പറഞ്ഞു, തിരുവില്വാമല.

തിരുവില്വാമല ഇറങ്ങി. കവി പറഞ്ഞു, നടക്കണം.
വീടെത്തി- ഗോവർദ്ധനം.
വൻതുക ചെലവിട്ട് തിരുവില്വാമലയിൽ കവി വാങ്ങിയ സ്വന്തം വീട്.
മരാമത്ത് പണി നടത്തി പച്ചനോട്ടുകൾ കാറ്റിൽപറത്തിയ വീട്. ഒടുവിൽ നിസ്സാര തുകയ്ക്ക് വാങ്ങിയവർക്കുതന്നെ തിരിച്ചുകൊടുത്ത് നാടും വീടും വിട്ടുപോകേണ്ടി വന്ന കഥകൾ പറയുന്ന വീട്. അന്ന് കവിയോടൊപ്പം ചെല്ലുമ്പോൾ ഇതൊക്കെ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളായിരുന്നു.

വീടെത്തിയപ്പോൾ താക്കോൽ കയ്യിൽ തന്നിട്ട് കവി എന്നോട് പറഞ്ഞു, തുറക്കൂ.
ഞാൻ വാതിൽ തുറന്നു. കുറെ ദിവസങ്ങളായി അടച്ചിട്ടമുറികൾ. കെട്ടിക്കിടപ്പിന്റെ ജീർണ്ണത അനുഭവിപ്പിക്കുന്ന ഗന്ധം. കവി നിലവിളക്കിൽ എണ്ണപകർന്ന് തിരിതെളിച്ചു. ജാലകങ്ങളെല്ലാം തുറന്നിട്ടു. ജാലകപ്പടി പിടിച്ച് കവി പുറത്തേക്ക് നോക്കിയിരുന്നു. തിരുവില്വാമല ഇത്രമാത്രം കവിയെ പ്രലോഭിപ്പിച്ചത് എങ്ങനെയായിരിക്കും? പ്രകൃതിയുടെ പ്രസാദം അല്ലാതെ മറ്റെന്ത്? കണ്ണെത്താദൂരത്തോളം പരന്നകിടക്കുന്ന പാടങ്ങൾ. നിളയും നിലാവും ഭാവനയുടെ കളിപ്പന്തൽ തീർക്കുന്ന രമണീയമായ ചുറ്റുപാടുകൾ. ഇതിനൊപ്പം പാറുക്കുട്ടിയോടുള്ള പ്രണയസ്വപ്നങ്ങൾ. ഗ്രാമീണ പെൺക്കൊടികൾ പ്രണയകണ്ഠമിളക്കി പാടിയ നാടൻ പാട്ടുകൾ. ഇതെല്ലാമാണ് കവിയെ തിരുവില്വാമലയുടെ കാമുകനാക്കി മാറ്റിയത്.

കവിതയെഴുതാൻ കവി തേടിയ സുഖങ്ങളോരോന്നും തിരുവില്വാമലയിലാകെ ചിതറിക്കിടക്കുന്നു. കവി പെട്ടെന്ന് എന്നെ ജനലിനടുത്തേക്ക് വിളിച്ചു.
ഞാൻ ജനാല പിടിച്ച് അഴികൾക്കിടയിലൂടെ നോക്കി. വലിയൊരു കുളം. അവിടെ കുറച്ച് സ്ത്രീകൾ. ഉടുമുണ്ട് മാറോളം വലിച്ചുകെട്ടി വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നു. ആ കാഴ്ച ഒരു സ്വപ്​നം പോലെ തോന്നിച്ചു. ഞാൻ അങ്ങോട്ടു നോക്കിനിൽക്കെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ടുപോയ ഒരാളെപ്പോലെ കവി ദൈന്യതയോടെ പറഞ്ഞു, ജാലകം തുറന്നാൽ കാണുന്ന കാഴ്ച ഇതാണ്. ഇപ്പോൾ അങ്ങോട്ടു നോക്കാൻപോലും പേടിയാണെടോ. ഈ പടിപ്പുരവീട്ടിൽ വന്നതിൽപ്പിന്നെ പല പ്രശ്നങ്ങൾ. ഒരു സ്വൈര്യവുമില്ല. അങ്ങോട്ട് നോക്കണ്ട. അതും പറഞ്ഞ് കേസിനു
പോകാനും ഇവിടെ ആളുകളുണ്ടാവും.

കവിയുടെ മുറിയിലെ ജാലകം അടഞ്ഞു. സന്ധ്യാനേരമായി. കവി കത്തിച്ചുവെച്ച വിളക്കിലെ തിരികൾ മുറിയിലാകെ വെട്ടം പരത്തി. കവി പറഞ്ഞു, മറ്റന്നാൾ ഞാൻ പാലക്കാട്ടേക്ക് വരുന്നുണ്ട്. നേരം വൈകി. മുരളി പോയ്ക്കോളൂ.

ഞാൻ കടവിലെത്തി. തിരുവില്വാമലയിൽ നിന്ന് ലക്കിടിയിലേക്കുള്ള കടവ്. തോണിക്കാരൻ അവിടെ കാത്തുനിൽക്കുന്നു. കടവ് കടന്ന് ലക്കിടിയിലെത്തി. അവിടെ കുറച്ചുനേരം ബസ് കാത്തിരുന്നു. ഭാരതപ്പുഴയിൽ നിന്ന് തണുത്ത് കാറ്റ് ബസിൽ വന്നുനിറഞ്ഞു. ബസ് പാലക്കാട്ടേക്ക് പാഞ്ഞു.

മുരളീധരൻ എയർഫോഴ്‌സ് കാലത്ത് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നപ്പോൾ പകർത്തിയ ചിത്രം
മുരളീധരൻ എയർഫോഴ്‌സ് കാലത്ത് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നപ്പോൾ പകർത്തിയ ചിത്രം

പരിസ്ഥിതി ചിന്തകൾ കേരളത്തിൽ വേരറുയ്ക്കുന്നതിനുമുമ്പുതന്നെ അതിനെക്കുറിച്ച് ചിന്തിക്കുകയും അതേക്കുറിച്ച് വേവലാതിയോടെ നിരന്തരം എഴുതുകയും ചെയ്ത കവി പി.കുഞ്ഞിരാമൻ നായരാണ്. തന്റെ ചുറ്റുവട്ടത്തെ അത്രമാത്രം ആത്മാവിലേക്ക് ആവാഹിക്കുന്നതുകൊണ്ടുതന്നെ പ്രകൃതിയിൽ വരുന്ന ഓരോ മാറ്റങ്ങളും കവിക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഭാരതീയമായ ആദർശബോധം, പരമ്പരാഗതമൂല്യങ്ങൾ, സാംസ്‌കാരികവും സാമൂഹികവുമായ പരിണാമങ്ങൾ, പ്രകൃതിക്കും മനുഷ്യനും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇവയെല്ലാം കവി മനസ്സിനെ അസ്വസ്ഥമാക്കുകയും അതിന്റെ ആകുലതകൾ കവിതകളിലാകെയും നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു.

സെൻസസിനും കവിതയ്ക്കുമിടയിലെ പി.

ധ്യാപകജീവിതം പകരം തരുന്ന ശിഷ്യപരമ്പരകളുടെ സമൃദ്ധി കുഞ്ഞിരാമൻ നായരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പഠനകാലം കഴിയുന്നതോടെ ഗുരുശിഷ്യബന്ധം വിരാമമായിത്തീരുകയാണ് പതിവ്. പിന്നെയുള്ളത് ജീവിതയാത്രകൾക്കിടയിൽ സംഭവിക്കുന്നത് എവിടെവെച്ചങ്കിലും കണ്ടുമുട്ടുന്ന ക്ഷണികസമാഗമങ്ങൾ മാത്രമാണ്. അത്തരം ഗുരുശിഷ്യസമാഗമങ്ങൾ പി.യുടെ ജീവിതയാത്രയ്ക്കിടയിൽ പലപ്പോഴുമുണ്ടായിട്ടുണ്ട്. കൂടാളി സ്‌കൂളിൽ കവിയുടെ ശിഷ്യനായിരുന്നു സി. കൃഷ്ണൻ. അദ്ദേഹം വർഷങ്ങൾക്കുശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച് കവിമാഷിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെയ്ക്കുന്നു:

വർഷങ്ങൾക്കുശേഷമുള്ള ഒരു കണ്ടുമുട്ടലായിരുന്നു അത്. എന്റെ രൂപമെന്നപോലെ കവിമാഷും കുറേയൊക്കെ മാറിപ്പോയിരുന്നു. ഞാൻ സ്‌കൂൾ കുട്ടിയിൽ നിന്ന് ഒരധ്യാപകനായി വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞിരുന്നു. മാഷാകട്ടെ റിട്ടയർമെന്റിനു ശേഷമുള്ള വാർദ്ധക്യത്തിനും ജീവിതത്തിന്റെ അലച്ചിലിനും ഇടയിൽ ക്ഷീണിച്ച അവസ്ഥയിലായിരുന്നു.
റെയിൽവേസ്റ്റേഷനിൽ കവിയെ കണ്ടപാടെ ഓടിച്ചെന്ന് ഞാൻ സന്തോഷത്തോടെ കവിമാഷേ എന്നുവിളിച്ചു. മാഷ് കണ്ണടയ്ക്കുള്ളിലൂടെ ഒന്നു ചരിഞ്ഞുനോക്കിക്കൊണ്ടു ചോദിച്ചു, കൂടാളിയിലോ അതോ കൊല്ലങ്കോട്ടോ?
കൂടാളിയിൽ.
കവിയൊന്ന് മൂളി.
കവിമാഷുടെ തലമുടി നരച്ചുതുടങ്ങുകയും വായിലെ പല്ലുകൾ പലതും അപ്രത്യക്ഷ്യമാവുകയും ചെയ്തിരുന്നു.
എന്തോ ഓർത്തെന്നപോലെ ഞാൻ പൊടുന്നനെ മുണ്ടിന്റെ കുത്തഴിച്ചിട്ട് ബഹുമാനത്തോടെ നിന്നു.
അതുകണ്ട് മാഷ് പറഞ്ഞു, ബഹുമാനമൊക്കെ മനസ്സിൽ മതിയെടോ. ഗുരുശിഷ്യ
ബന്ധം എന്നു വച്ചാൽ എന്താണ്?
കവിമാഷ് ക്ലാസിലെന്നപോലെ ഒരു ചോദ്യം ചോദിക്കുന്നു. എന്തുത്തരമാണ് പറയേണ്ടതെന്നറിയാതെ ഞാൻ അദ്ദേഹത്തിനുമുന്നിൽ നിന്നു. ഒടുവിൽ കവി തന്നെ അതിനുള്ള ഉത്തരം പറഞ്ഞു, ചായക്കടക്കാരനും ചായ കുടിക്കുന്ന ആളും തമ്മിലുള്ള ബന്ധം പോലെയാണ് ഗുരുശിഷ്യബന്ധം. ചായയുടെ
കാശുകൊടുത്തു കഴിഞ്ഞാൽ അതോടെ, ആളും കടക്കാരനുമായുള്ള ബന്ധം അവസാനിക്കുന്നു. ഗുരുശിഷ്യന്മാരായ നമ്മൾ തമ്മിലും ഇത്രമാത്രമേയുള്ളൂ.

ഇതും പറഞ്ഞ് കവി നടന്നകന്നു. വാലൻ കുട നിലത്തൂന്നിയും വേഷ്ടി പിറികിലേക്ക് ഊർന്നിറങ്ങിയും ജുബ്ബയ്ക്കുള്ളിൽ ഇളകിയാടിയും കവിരൂപം റെയിൽവേ സ്റ്റേഷനിലെ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.

കൂടാളിയിൽ പഠിക്കുന്ന കാലത്ത് ഒരു വെള്ളിയാഴ്ച ദിവസം സാഹിത്യസമാജത്തിൽ കുട്ടികൾ കവിമാഷെ സംസാരിക്കാൻ ക്ഷണിച്ചു. കവി ചോക്കെടുത്ത് ബ്ലാക്ക് ബോർഡിനരികിലേക്ക് നടന്നു. ബോർഡിൽ ചോക്കുകൊണ്ട് ഒരു മുഖം വരച്ചു. അതിനുശേഷം മുഖത്തെ മറയ്ക്കുംവിധം അതിലൊരു മുഖംമൂടിയും വരച്ചുവെച്ചു. കുട്ടികളോടായി പറഞ്ഞു, ഇതിന്റെ അർത്ഥം പറയണം. ആരും പറയും?
കുട്ടികൾ ചിത്രത്തിൽ നോക്കി പല സങ്കല്പങ്ങളിലും മുഴുകി. പല ആശയങ്ങളും അവരുടെ മനസ്സിൽ വന്നു. അതൊക്കെയും പലതരം ഉത്തരങ്ങളായി മാറി.
കവി പറഞ്ഞു. നിങ്ങൾ കുട്ടികളാണ്. ജീവിതാനുഭവങ്ങളിലൂടെ കുറെ കാര്യങ്ങൾ പടിപടിയായി നിങ്ങൾ പഠിക്കും. ഒരു പക്ഷെ അന്ന് നിങ്ങൾക്ക് ഇതിന്റെ ഉത്തരം പെട്ടെന്ന് പറയാൻ കഴിഞ്ഞേക്കും. അന്നാണെങ്കിൽ നമ്മൾ അടുത്തുണ്ടാവുകയുമില്ല. അതുകൊണ്ടുമാത്രം ഇതിന്റെ ഉത്തരം ഞാൻ പറയുന്നു,
കുട്ടികൾ ഉത്തരമെന്തെന്നറിയാനുള്ള ആകാംക്ഷയോടെ മിഴികൂർപ്പിച്ചിരുന്നു: മുഖം ദൈവികമാണ്. ദൈവികഭാവങ്ങളെ ആസുരഭാവങ്ങൾ എന്നും മറച്ചുപിടിക്കുന്നു. നമ്മുടെ ഉള്ളിലെ മാനുഷികതയെ ആസുരത മറച്ചുവയ്ക്കുന്നു.

പുറംപേച്ചുകളോടും യാന്ത്രികമായ ആചരണങ്ങളോടും കവിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഏതൊരാളെയും കവി സംശയമേതുമില്ലാതെ വിശ്വസിച്ചു. ഉള്ളിൽ താനെങ്ങനെയാണോ അതുപോലെത്തന്നെയായിരുന്നു പുറവും. എല്ലാവരോടുമായി കവിയുടെ പെരുമാറ്റവും അത്തരത്തിൽ തന്നെയായിരുന്നു.

കൂടാളിയിൽ പഠിപ്പിക്കുന്ന കാലത്ത് നടപ്പുരീതികളോടും അതിന്റെ ചിട്ടവട്ടങ്ങളോടും കടുത്ത എതിർപ്പാണ് കവി പ്രകടിപ്പിച്ചത്. അധ്യാപകരെയും വിദ്യാർത്ഥികളെയും പരിശോധിക്കാൻ വരുന്ന എ.ഇ.ഒ മാരോടും ഡി.ഇ.ഒമാരോടും കവി ഇടഞ്ഞുമാത്രമേ പെരുമാറിയിട്ടുള്ളൂ. എന്റെ കവിത പഠിച്ച് പരീക്ഷ പാസായി വന്നവനാണ് എന്നെ പരിശോധിക്കാൻ വരുന്നതെന്ന് കവി അന്ന് കുട്ടികളായ ഞങ്ങളോട് പറഞ്ഞിരുന്നു. മറ്റെല്ലാ ക്ലാസിലും അധ്യാപകരും കുട്ടികളും പേടിയോട് കൂടി എ.ഇ.ഒ വിനെ കാത്തുനിന്നപ്പോൾ കവി മാഷുടെ സ്വഭാവമറിയാവുന്ന എ.ഇ.ഒ ഞങ്ങളുടെ ക്ലാസിൽ വന്ന് ഒന്നു മുഖം കാണിച്ച് തിരിച്ചുപോയി.

കണ്ണൂരിൽ നിന്ന് കൂടാളി യാത്രയ്ക്കിടെ ഒരു ദിവസം പരിചയക്കാരനായ നാരായണൻ നമ്പൂതിരിയെ കണ്ടുമുട്ടി. കവി ചോദിച്ചു.
""നമ്പൂതിരി എവിടെ നിന്നു വരുന്നു?''
നമ്പൂതിരി തൃച്ഛംബരം ക്ഷേത്രദർശനത്തിന് പോയതായിരുന്നു. കവി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് നമ്പൂതിരിയുടെ കാൽക്കൽ വീണു. നമ്പൂതിരി അരുതെന്ന് അപേക്ഷിച്ചു. പക്ഷെ കവി അതൊന്നും കേട്ടില്ല. നമസ്‌കരിച്ചശേഷം കവി സാവകാശം പറഞ്ഞു, ""അമ്പലത്തിൽ തൊഴുതയാളെ തൊഴുതാൽ അമ്പലത്തിൽ പോയതിന്റെ ഫലമാണ്.''

പൊതുവെ മനുഷ്യരുടെ പെരുമാറ്റരീതികൾ കവി പിന്തുടർന്നില്ല. യാന്ത്രികമായി മനുഷ്യർ ചെയ്തുവരുന്ന പല കാര്യങ്ങളും കവി തന്റെ ജീവിതത്തോട് ചേർത്തുനിർത്തിയില്ല. സ്‌കൂളിൽ കൃത്യതയോടെ മറ്റധ്യാപകർ ചെയ്യുന്നതൊന്നും കവിമാഷ് ചെയ്യാതിരുന്നത്, അത് ചെയ്യാൻ അറിയാത്തതുകൊണ്ടായിരുന്നില്ല. അതിനോട് വിയോജിപ്പുള്ളതുകൊണ്ടുകൂടിയായിരുന്നു.

ഒരിക്കൽ സെൻസസിന്റെ നിയമന ഉത്തരവ് അധ്യാപകർക്ക് നൽകാൻ ഒരുദ്യോഗസ്ഥൻ സ്‌കൂളിലെത്തിച്ചേർന്നു. എല്ലാ അധ്യാപർക്കും അത് നൽകി. കവിയും ഒപ്പിട്ട് നിയമന ഉത്തരവ് കൈപ്പറ്റി. ഹെഡ്മാസ്റ്ററുടെ മുമ്പിൽ ഒപ്പിട്ടവരുടെ ലിസ്റ്റ് നൽകി. കെ.ടി.കേളപ്പൻ നമ്പ്യാർ അതിലൂടെ കണ്ണോടിച്ചു. അതിൽ പി.കുഞ്ഞിരാമൻ നായരുടെ പേരും. അതുകണ്ട് കേളപ്പൻ മാഷ് സെൻസസ് ഉദ്യോഗസ്ഥനോട് പറഞ്ഞു,
""ഇതിൽ കുഞ്ഞിരാമൻ നായരുടെ പേര് ഒഴിവാക്കണം.''
ഉദ്യോഗസ്ഥൻ പറഞ്ഞു. ""പറ്റില്ല.''
അയാൾ നിയമവശങ്ങൾ പലതും നിരത്തി. കേളപ്പൻ മാഷ് ഉള്ളിൽ ചിരിച്ച്​ ഉദ്യോഗസ്ഥനോട് ചോദിച്ചു, ""നിങ്ങൾക്ക് സെൻസസിന്റെ കണക്കാണോ വേണ്ടത്?
അല്ലെങ്കിൽ കവിതയോ?''
ഉദ്യോഗസ്ഥൻ കാര്യം മനസ്സിലാകാതെ മിഴിച്ചിരുന്നു.
കേളപ്പൻ മാഷ് വിസ്തരിച്ചു തന്നെ പറഞ്ഞു: ""പി. കുഞ്ഞിരാമൻ നായരെ ഈ പണിയേൽപ്പിച്ചാൽ നിങ്ങൾക്ക് സെൻസസിന്റെ ഒരു കണക്കും കിട്ടില്ല. കിട്ടുന്നത് ഒരു കയ്യും കണക്കില്ലാത്ത കവിതകൾ മാത്രമായിരിക്കും.''

അയാൾ അത്ഭുതത്തോടെ ഒരു കവിയുടെ കഥകേട്ടു നിന്നു. കവിക്ക് നൽകിയ നിയമന ഉത്തരവ് തിരിച്ചുവാങ്ങി ഉദ്യോഗസ്ഥൻ മടങ്ങിപ്പോവുകയും ചെയ്തു.
കൂടാളി ജീവിതകാലത്ത് വിലപ്പെട്ട പല കവിതകളുമെഴുതി സ്വപ്നംപോലെ ജീവിച്ച് കടന്നുപോയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും ഇവിടെ ജീവിച്ച മനുഷ്യരിലൂടെ ബാക്കിയാവുന്നു.

ഒരപൂർണ കവിതയുടെ ഓർമ

പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ ബഹുഭൂരിപക്ഷവും പത്രമാധ്യമങ്ങളുടെ മുമ്പിലെത്തിയത് കേരളത്തിലങ്ങിങ്ങോളമുള്ള പലരുടെയും കയ്യക്ഷരങ്ങളിലൂടെയായിരുന്നു. പലയിടങ്ങളിൽ വെച്ച് എഴുതപ്പെട്ട കവിതകൾ പലപല അക്ഷരവടിവുകളിൽ പലയിടങ്ങളിലുമായി അയയ്ക്കപ്പെട്ടു. കവിയുടെ കയ്യക്ഷരം പത്രാധിപർക്ക് വായിക്കാൻ പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ കവിയുമായി അടുത്തിടപഴകിയിരുന്നവരാണ് ആ കവിതകൾ പകർത്തിയെഴുതിയിരുന്നത്. അത്തരമൊരു മഹാഭാഗ്യം ലഭിച്ച നൂറുകണക്കിനാളുകൾ ഇന്നും ജീവിച്ചിരിക്കുന്നു. പാലക്കാട് അശോക ടൂറിസ്റ്റ്ഹോമിൽ താമസിച്ചിരുന്ന കാലത്ത് പി.യുടെ കവിതകളുടെ അസ്സലെഴുതിയിരുന്നത് ആലങ്ങാട്ട് മുരളീധരനായിരുന്നു. കവി ചെറുചിരിയോടെ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു​; നിന്റെ തലയിലെഴുത്ത് മോശമാണെങ്കിലും കയ്യെഴുത്ത് നല്ലതാണ്. അതിൽ പിന്നീട് അശോകയിലെ താമസകാലത്ത് എത്രയോ കവിതകൾ ഇദ്ദേഹം പകർത്തിയെഴുതി.

കവിതയെഴുതുന്ന സമയത്ത് ആരുടെയും സാമീപ്യം കവി ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ കവിയുടെ വാർദ്ധക്യകാലത്ത് ചില ഘട്ടങ്ങളിൽ മാത്രം കവി കൂടെയുള്ളവരെക്കൊണ്ട് കവിത നേരിട്ട് പകർത്താൻ സഹായം തേടിയിരുന്നു. ആലങ്ങാട്ട് മുരളീധരന്റെ മനസ്സിൽ ഒരിക്കലും മറക്കാനാവാത്തവിധം അത്തരം ഓർമകൾ നിറഞ്ഞുനിൽക്കുന്നു. അദ്ദേഹമത് പങ്കുവയ്ക്കുന്നു:

ഒരുദിവസം കവിയുടെ നിർബന്ധത്തിന് വിധേയനായി രാവിലെ അശോകയിലെത്തിച്ചേർന്നു. ചെല്ലുമ്പോൾ കവി മുണ്ടുമാത്രമുടുത്ത് കട്ടിലിൽ ഇരിക്കുകയായിരുന്നു. ഒരടുത്ത ബന്ധുവിനെ വിവാഹശേഷം വീട്ടിൽ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അതുപറഞ്ഞ് രാവിലെയുള്ള വരവ് തലേദിവസം ഒഴിവാക്കാൻ ശ്രമിച്ചതായിരുന്നു. പക്ഷേ, വേഗം പോകാമെന്ന് കവി ഉറപ്പുപറഞ്ഞതു കൊണ്ട് വന്നു.
കവി പറഞ്ഞു, എടോ, കവിത എഴുതിയിട്ടില്ല. എഴുതാനുണ്ട്, പക്ഷെ അതിന്
കൈവഴങ്ങാത്തതുപോലെ.
കവിയുടെ സംസാരത്തിൽ ക്ഷീണഭാവമുണ്ടായിരുന്നു. വേഗം വീട്ടിലേക്ക് തിരിച്ചുപോകണം എന്നല്ലാതെ മറ്റൊന്നും ആ സമയത്ത് എന്റെ മനസ്സിലുണ്ടായിരുന്നില്ല. അതിനിടെ നെടുവീർപ്പുതിർത്തുകൊണ്ട് കവി എന്നോട് ചോദിച്ചു, ""അസ്സലെഴുത്തല്ല. വരികൾ പറഞ്ഞുതരാം നേരിട്ടെഴുതണം
തനിക്ക് പറ്റ്വോ?''

പറ്റില്ല. എന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പേനയും കവിയുടെ നോട്ടുബുക്കും പിടിച്ച് എഴുതാൻ തയ്യാറായി നിന്നു. രണ്ട് കയ്യും കിടക്കയിൽ ഊന്നിക്കൊണ്ട് കവിയിരുന്നു.
തുടരെത്തുടരെയുള്ള നെടുവീർപ്പുകളല്ലാതെ വരികളൊന്നും ആ നേരങ്ങളിൽ വാർന്നുവീണില്ല. ഞാൻ വാച്ചിൽ നോക്കിക്കൊണ്ടിരുന്നു. ഇവിടെയെത്തിയിട്ട് സമയം ഒരു മണിക്കൂറിലധികമായി. വിരുന്നുകാർ വീട്ടിലെത്തിയിട്ടുണ്ടാവും.
സമയം പിന്നെയും കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടെ വാച്ചു നോക്കി ഞാൻ അക്ഷമയോടെ കാത്തിരുന്നു. വീട്ടിലെത്തുന്ന വിരുന്നുകാരുടെ കാര്യവും അതുകാരണം ഈ നിമിഷങ്ങളിൽ ഞാനനുഭവിക്കുന്ന സംഘർഷങ്ങളും ഒന്നും കവിയറിയുന്നില്ല. ഇന്നലെ പറഞ്ഞ കാര്യംപോലും ഒരുപക്ഷെ അദ്ദേഹം മറന്നുപോയിട്ടുമുണ്ടാകും. സമയം കടന്നുപോകുമ്പോഴൊക്കെ കവിയെപ്പോലൈ ഞാനും നെടുവീർപ്പുകൾ പൊഴിച്ചുകൊണ്ടിരുന്നു.
ഒടുവിൽ കവി പറഞ്ഞു, ""തത്വമസി എന്നെഴുതൂ.''
നോട്ടുബുക്കിൽ അത് ഞാനെഴുതി- തത്വമസി.

കവി ശൂന്യതയിൽനിന്ന് കവിതയുടെ ചിറകുകളുമായി പറന്നുവന്നു. വരികൾ വരിവരിയായി നിരന്നുവന്നു. മഴത്തുള്ളികളുടെ നൂലിഴപോലെ വരികയും പിന്നെപ്പിന്നെ കനക്കെ പെയ്യാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്തൊക്കെ എന്റെ മനസ്സ് വീട്ടിലേക്ക് പോകാൻ വൈകുന്നതിന്റെ അസ്വസ്ഥത കൂടി ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. കവി പറയുന്ന വേഗത്തിൽ അതുകൊണ്ടുതന്നെ എഴുതിയെടുക്കാൻ കഴിയുന്നില്ല. ഓരോ വരിയും കവി ഒന്നുരണ്ടു തവണ ആവർത്തിച്ച് പറഞ്ഞുതന്നു. എന്നിട്ടും തപ്പിത്തടഞ്ഞ് മാത്രം ഞാൻ എഴുതി. കവി പറഞ്ഞു മുരളീ കുറച്ചുകൂടി വേഗത്തിലെഴുതണം.
ഞാൻ വേഗത്തിലെഴുതി. പക്ഷേ, വരിയും വാക്കുകളുമെല്ലാം തെറ്റിപ്പോകുന്നു. എന്റെ പാരവശ്യം കണ്ട് കവി എഴുതിയ വരികൾ കേൾപ്പിക്കാൻ പറഞ്ഞു. ഞാൻ തപ്പിത്തടഞ്ഞു വായിച്ചു. തെറ്റുകൾ. തെറ്റുകൾ. പലതവണ പറഞ്ഞു തന്ന വരികളിൽ പലതിലും തെറ്റിന്റെ നൂലാമാലകൾ.
കവി കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് അലറി.
എറങ്ങിപ്പൊയ്ക്കോ എന്റെ മുമ്പീന്ന്.

കവിയുടെ കണ്ണുകൾ തിളങ്ങി, വാക്കുകൾ വിറപൂണ്ടു. എന്റെ കയ്യിൽ നിന്ന് എഴുതിയ കടലാസ് പിടിച്ചു വാങ്ങി. പലകഷണങ്ങളായി കീറിപ്പറിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞു.
അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ പകച്ചുനിന്നു. കവിയുടെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലായി.
""താനിറങ്ങുന്നോ...? ഇല്ലെങ്കിൽ പിടിച്ച് പുറത്താക്കും ഞാൻ.''

തിരിച്ചൊന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നിറങ്ങി. 22ാം നമ്പർ മുറിയിലെ വാതിലുകൾ വലിയ ശബ്ദത്തോടെ കൊട്ടിയടക്കപ്പെട്ടു.

ആലങ്ങാട്ട് മുരളീധരൻ യൗവ്വനകാലത്ത് (നടുവിൽ)
ആലങ്ങാട്ട് മുരളീധരൻ യൗവ്വനകാലത്ത് (നടുവിൽ)

ദുഃഖഭാരത്തോടെ ഞാൻ അശോകയുടെ കോണിപ്പടികളിറങ്ങി. വീട്ടിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ ദുഃഖഭാരം ഒളിപ്പിച്ച് ചിരിച്ചുനിന്നു. അതേസമയംതന്നെ ഉള്ളിൽ ആരുമറിയാതെ കരഞ്ഞുകൊണ്ടുമിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ രുചിയറിഞ്ഞില്ല. അമ്മ പായസം തന്നു. മധുരമറിയാത്ത ഒരു പായസം അന്നാദ്യമായി കഴിച്ചു. അതിനിടയിലും ഇടയ്ക്ക് കവിയുടെ ശബ്ദം കാതുകളിലേക്ക് തുളച്ചു കയറുന്നു.

""ഇറങ്ങിപ്പൊയ്ക്കോ...'' ഇതുവരെ അരങ്ങത്ത് പച്ചയിൽ മാത്രം വിളങ്ങിനിന്നിരുന്ന കവിയുടെ പുതിയ വേഷം. കരിവേഷത്തിന്റെ അരങ്ങലർച്ച. അതിന്റെ അലയൊലികൾ ആ ദിവസത്തിൽ പലതവണ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
എന്റെ മുഖഭാവത്തിൽ നിന്ന് അച്ഛനെന്തോ സംശയിച്ചു.
അച്ഛനോട് ഞാൻ നടന്നകാര്യം പറഞ്ഞു. അച്ഛൻ പറഞ്ഞു, കവിയോട് മാപ്പുപറയണം. ചെന്നു പറയൂ. പിറ്റേദിവസം മടിച്ചുകൊണ്ടാണെങ്കിലും അശോകയിലേക്ക് നടന്നു. ഒരുപക്ഷെ ഇന്നലത്തെ സംഭവത്തോടെ കവി മുറിവിട്ടുപോയിട്ടുണ്ടാകും. അങ്ങനെയാണെങ്കിൽ എന്തുചെയ്യും? ഇറങ്ങിപ്പോകാൻ പറഞ്ഞ വാക്കുകളുടെ മുറിവേറ്റ് കുറച്ചു ദിവസങ്ങൾ കൂടി കഴിച്ചുകൂട്ടേണ്ടിവരും. അവിചാരിതമായി ജീവിതലേക്ക് കടന്നുവരുന്ന വേദനകളിൽ പലപ്പോഴും മനുഷ്യർ നിസ്സഹായരായി പോകുന്നു. സ്നേഹത്തിൽ പൊതിഞ്ഞുവെച്ച സ്നേഹബന്ധങ്ങൾ വെറുപ്പിന്റെ മറ്റൊരു പുറമായിത്തീരുന്നു.

ഒരു യന്ത്രം കണക്കെ അശോകയുടെ പടികൾ കയറി. 22ാം നമ്പർ മുറിയുടെ മുന്നിൽ കുറച്ചുനേരം സംശയിച്ചു നിന്നു. വാതിൽ പൂട്ടിയിരിക്കുകയാണാ? പുതുക്കെ തള്ളിനോക്കി. ലോക്കാണ്. കവി ഇവിടെയില്ല. പാലക്കാട് നിന്ന് കവി പോയിക്കുന്നു. എങ്ങോട്ട്? തിരുവില്വാമലയിലേക്കോ ഗുരുവായൂരിലേക്കോ അല്ലെങ്കിൽ... സങ്കടംകൊണ്ട് വാതിൽ ശക്തിയായി ഒന്നിടിച്ചു. തിരിച്ചു നടന്നുതുടങ്ങുമ്പോൾ പിറകിൽനിന്ന് കവിയുടെ ശബ്ദം കേട്ടു. മുരളീ..

ആശ്വാസത്തോടെ ഞാൻ കവിയുടെ മുന്നിൽ നിന്നു. കവി എന്നെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി. കട്ടിലിൽ പിടിച്ചിരുത്തി. എന്റെ അടുത്തിരുന്നു. കവി എന്നോട് വലതു കൈനീട്ടാൻ പറഞ്ഞു. ഞാൻ കൈനീട്ടി. കവി കൈപിടിച്ചുകൊണ്ട് കൈ രേഖ നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു, തന്റെ രേഖകൾ ഇനിയും തെളിഞ്ഞിട്ടില്ലെടോ. ഞാൻ തെളിയാത്ത രേഖകളിലേക്ക് നോക്കി നിൽക്കെ കവി എന്റെ കൈപിടിച്ച് കവിയുടെ വലത്തെ കവിളത്ത് ആഞ്ഞടിച്ചു. ഞാൻ ഞെട്ടിയെഴുന്നേറ്റു. കവി എന്റെ മുന്നിൽ ദുഃഖഭാരത്തോടെ വിലപിച്ചു.
""ഇന്നലെ എന്താണ് സംഭവിച്ചത്. ഞാൻ നിന്നെ ഇറക്കിവിട്ടു. സ്നേഹം തിരിച്ചറിയാത്ത വിഡ്ഢി. നിന്നെ അപമാനിച്ചു. നീയാണെങ്കിലോ എല്ലാം മറന്ന് സ്നേഹംകൊണ്ട് ഇന്ന് വീണ്ടും എന്റെ മുമ്പിൽ വന്നു. ഞാൻ ചെയ്തത് തെറ്റ്, അതിനുള്ള ശിക്ഷ ഞാനനുഭവിക്കണം.''
എന്താണ് പറയേണ്ടത് എന്നറിയാതെ വാക്കുകൾ വഴിമുട്ടി. കുറച്ച് കഴിഞ്ഞപ്പോൾ കവിയോട് ഞാൻ പറഞ്ഞു,
""തെറ്റു ചെയ്തത് ഞാനാണ്. ഞാൻ അക്ഷമ കാണിച്ചു. മാപ്പ്. എന്നോട് ക്ഷമിക്കണം. അത് പറയാനാണ് വന്നത്.''
കവിയുടെ മുഖം ക്ഷണനേരം പ്രസാദമയമായി. എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, ""സാരമില്ല. തത്വമസി - അത് നീയാകുന്നു. അത് ഞാനാകുന്നു. എല്ലാമെല്ലാമാകുന്നതും അതുതന്നെ. എല്ലാം മനസ്സിലായെങ്കിലും അതിലേക്ക് വളരാൻ ഇനിയും സമയമെടുക്കും.''
കഴിഞ്ഞ ദിവസം ചീന്തിയെറിഞ്ഞ കടലാസുകഷണങ്ങൾ മുറിയിലുണ്ടാകുമോ എന്ന് ഞാൻ ഒന്ന് ഉഴിഞ്ഞുനോക്കി. പക്ഷെ അതിന്റെതായ ബാക്കിപത്രങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അശോകയിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ ഇന്നലത്തെ കവിതയിലെ ആദ്യത്തെ രണ്ടുവരികൾ മാത്രം വീണ്ടും വീണ്ടും മനസ്സിലേക്കോടിയെത്തി.നന്ത്യാർവട്ടമൊരിറ്റുവെട്ടത്തിനായ് ചുറ്റും പരതി പതുങ്ങി ഒടുങ്ങവെ മന്ദസമീരനണഞ്ഞു...

ബാക്കിയെന്തായിരുന്നു. ഓ അറിയില്ല.
എന്റെ അക്ഷമയിൽ കവിയുടെ ഒരു കവിത അതിന്റെ അപൂർണതയിൽ ഇന്നലെ മരിച്ചുപോയി. ആ കവിത പിന്നീടെപ്പോഴെങ്കിലും എഴുതിയുണ്ടാകുമോ? അതിപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അറിയില്ല. അതറിയാനോ കണ്ടെത്താനോ ഇതേവരെ എനിക്ക് കഴിഞ്ഞിട്ടില്ല.▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments