പി. കുഞ്ഞിരാമൻ നായർ

ചങ്ങമ്പുഴക്കും ഇടപ്പള്ളിക്കും ഒപ്പം ഒരു പി. രാത്രി

രാത്രി വൈകിയപ്പോൾ ഇടപ്പള്ളി ഒരു മെത്തപ്പായയിൽ കരിനീല ചക്രവാളം പോലെ മലർന്നുകിടന്നു. ചങ്ങമ്പുഴ നക്ഷത്രങ്ങളോട് പ്രണയത്തിന്റെ ചിത്തരഹസ്യം മൊഴിഞ്ഞു. പി.കാറ്റുപോലെ മേഘങ്ങൾക്കൊപ്പം അലഞ്ഞു. അന്നത്തെ ഗന്ധർവ്വരാത്രി അങ്ങനെ കടന്നുപോയി.

പൊന്മളയിൽ കുഞ്ഞിലക്ഷ്മിയുടെ തറവാടിനടുത്താണ് മുത്തശ്ശി താമസിച്ചിരുന്ന വീട്. അവിടെ കുഞ്ഞിലക്ഷ്മിയും കവിയും പാർത്തുപോന്നു. കാരണവർ ഇട്ടാരാരിശൻ മുണ്ടുമുറുക്കിയുടുത്ത് തറവാട്ടുകാര്യങ്ങൾ നടത്തി. കുഞ്ഞിലക്ഷ്മിയുടെ അമ്മ കല്യാണിയും (കവിയുടെ കാൽപ്പാടുകളിൽ ഇവരുടെ പേര് ഉണ്ണൂലിയമ്മ) മറ്റു സഹോദരങ്ങളും അക്കാലത്ത് പട്ടാമ്പിയിൽ താമസിക്കുകയും പൊന്മളയിൽ വന്നുപോവുകയും ചെയ്തുകൊണ്ടിരുന്നു.

പാലക്കാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രസ് ജോലി വഴിയുള്ള വരുമാനമാർഗം കവിക്കുണ്ടായിരുന്നു. പൊന്മളയിലെത്തിയതോടെ ജോലിയും വരുമാനവും ഇല്ലാതായി. സാമ്പത്തിക പരാധീനതകൾ ജീവിതത്തെ ബാധിച്ചുതുടങ്ങിയപ്പോൾ കവി വീടുവിട്ടിറങ്ങി. ഇക്കുറി ഭാഗ്യാന്വേഷണം തേടി എത്തിച്ചേർന്നത് കോഴിക്കോട്ടായിരുന്നു. അവിടെ ചെന്ന് പല പ്രസാധകരെയും കണ്ടു. എല്ലാവർക്കും വേണ്ടത് പാഠപുസ്തമാക്കാൻ പറ്റിയ ഗദ്യകൃതികളായിരുന്നു. കോഴിക്കോട്ടെ പി.കെ. ബ്രദേഴ്സിനുവേണ്ടിയും കെ.ആർ. ബ്രദേഴ്സിനുവേണ്ടിയും ഇക്കാലത്ത് പുസ്തകങ്ങളെഴുതി. കോഴിക്കോട്ടെ പ്രസാധക ബന്ധത്തിൽ നിന്നാണ് 1933 ൽ പി.യുടെ ആദ്യത്തെ പദ്യകൃതിയായ ശ്രീരാമചരിതം പുറത്തിറങ്ങിയത്. പ്രസാധകരുടെ ചൂഷണം കോഴിക്കോട്ടും കവിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. തുച്ഛമായ തുക മാത്രം പ്രതിഫലം ഏറ്റുവാങ്ങി കവി രാവും പകലും പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. ഇതിനിടയിൽ മനസ്സിൽ തോന്നിയ കവിതകളും കുത്തിക്കുറിച്ചു. മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാൻ കവി നൽകിയ കവിതകളൊന്നും പ്രസിദ്ധീകൃതമായില്ല. കവി നിരാശനായി. പലരും ചോദിച്ചു, മറ്റു പ്രസിദ്ധീകരണങ്ങൾക്ക് കവിത നൽകിക്കൂടേ എന്ന്. കവിക്കതിന് ഉത്തരമുണ്ടായിരുന്നു. തുക്കടാ പാട്ടുപോലുള്ള മാസികകളും വാരികകളുമുണ്ട്. മഴപ്പാറ്റപോലെ. അതിൽ കവിത വരാതിരിക്കുന്നതാണ് വളരുന്ന കവികൾക്ക് രക്ഷ. ചില വാരികകളെ തൊട്ടാൽ മേൽപോട്ടല്ല, കീഴ്പോട്ടാകും ഗതി. (313- ക.കാ).

കവി കോഴിക്കോട് തീവണ്ടിയാപ്പീസിൽ വണ്ടിയിറങ്ങി, പ്രസാധകരെ തേടി നടന്നു. കോഴിക്കോട് മാതൃഭൂമിയുടെ കെട്ടിടത്തിന് മുന്നിലൂടെ നടക്കുമ്പോൾ കവി മനസ്സിൽ വിചാരിച്ചു. ആഴ്​ചപ്പതിപ്പിന്റെ പത്രാധിപർ സി.എച്ച്. കുഞ്ഞപ്പയെ ഒന്നു കണ്ടാലോ?മാതൃഭൂമിയുടെ മുന്നിൽ ഒന്നു നിന്നു. പക്ഷേ അകത്തേക്ക് കയറിയില്ല. കോഴിക്കോട് കടപ്പുറത്ത് അന്നത്തെ പകലിൽ കവി തിരകളെണ്ണിയിരുന്നു. കടൽ പറഞ്ഞു, കാത്തിരിക്കൂ. നിന്റെ കവിതകൾ തേടിവരുന്ന ഒരു ദിനം വരും. അതുവരെ കാത്തിരിക്കൂ. കവി മനസ്സിൽ ഉറപ്പിച്ചു. കവിത ചോദിച്ചു കത്തയക്കുന്നതുവരെ മാതൃഭൂമിക്ക് ഞാൻ കവിത അയക്കില്ല. പൊന്മള ചെന്ന് വാശിയോടെ കവി കുഞ്ഞുലക്ഷ്മിയോട് പറഞ്ഞു. നീ ഗദ്യമെഴുതണം ഞാൻ പറഞ്ഞുതരാം. തിരുത്തിത്തരാം. കുഞ്ഞിലക്ഷ്മി ഇരുന്നെഴുതി. ഒരാഴ്ചകൊണ്ട് അഞ്ചു ലേഖനങ്ങൾ.
കവി പറഞ്ഞു; ഒരു ഭാഗ്യക്കുറി നറുക്കാണിത്. ഗ്രഹപ്പിഴമൂത്ത എന്റെ പേര്
വേണ്ട. നിന്റെ പേരിൽ നറുക്ക് ചേരാം. (314)

കുഞ്ഞുലക്ഷ്മിയുടെ പേരു വെച്ച് മാതൃഭൂമിക്കയച്ചു. മാതൃഭൂമിയിൽ അവയോരോന്നും അച്ചടിച്ചു വന്നു. ആരോ സംശയം കത്തായി എഴുതിച്ചോദിച്ചു. ഇതെഴുതിയത് കുഞ്ഞിലക്ഷ്മിയല്ല. കുഞ്ഞിരാമൻ നായരാണ്. മാതൃഭൂമി ആ സംശയം പൊന്മള വിലാസത്തിൽ എഴുതിചോദിച്ചു. എഴുതിയത് പി.കുഞ്ഞിരാമൻ നായരോ? കുഞ്ഞുലക്ഷ്മിയോ ? മാതൃഭൂമിക്ക് കവി മറുപടി എഴുതി; എഴുതിയത് കുഞ്ഞിലക്ഷ്മി തന്നെ. അതിനുശേഷം കുഞ്ഞിലക്ഷ്മിയുടെ പേരിൽ ആദ്യമായി മാതൃഭൂമിയിൽ നിന്ന് ഒരു മണിയോർഡർ വന്നു. അതിനു പിന്നാലെ വിശേഷാൽപ്പതിപ്പിലേക്ക് ലേഖനം ആവശ്യപ്പെട്ടുള്ള ഒരു കത്തും. പിന്നെയും കുറച്ചുകാലം കുഞ്ഞുലക്ഷ്മിയുടെ പേരിൽ മാതൃഭൂമിയിൽ എഴുതി. കവിതയുടെ കനൽച്ചീളുകൾ കവി മനസ്സിലിട്ട് കവിതയായി കുറുക്കിയെടുത്തു. തന്റെ കവിത പ്രകാശിതമാവുന്ന ഒരു ദിനം കവി കാത്തിരുന്നു.

പി.യും ഭാര്യ കുഞ്ഞിലക്ഷമിയും അവരുടെ കുടുംബാഗങ്ങങ്ങൾക്കൊപ്പം

പൊന്മളയിലെ വിഷമകാലത്ത് കവിയുടെ മനസ്സ് കാഞ്ഞങ്ങാട്ടേക്ക് പലവട്ടം എത്തിനോക്കി. ഒന്ന് വീട്ടിൽ പോയിവരാൻ കവി ആഗ്രഹിച്ചു. ഒടുവിൽ കാഞ്ഞങ്ങാട്ടേക്ക് വണ്ടികയറി. കല്യാണത്തിന് ആഭരണം വാങ്ങാൻ രണ്ടുവർഷം മുമ്പ് ഇറങ്ങിപ്പായ അതേ വഴികളിലൂടെ കവി വീട്ടിലേക്ക് നടന്നു. എല്ലാമെല്ലാമായ അമ്മ മകനെ കണ്ടപ്പോൾ വേദനയോടെ പരിഭവം പറഞ്ഞു. ആരാധ്യനായ അച്ഛന്റെ മുന്നിൽ കവി തലകുനിച്ചു നിന്നു. അനുജൻ ബാലഗോപാലൻ വല്യേട്ടനെ കണ്ടു സന്തോഷിച്ചു.
അവൻ പറഞ്ഞു, ഏട്ടാ ശ്രീരാമചരിതം കാവ്യം കിട്ടി. വായിച്ചു. അച്ഛൻ എല്ലാം വിടാതെ കേട്ടു. അമ്മയും കേട്ടു. (350)

കുറച്ചു ദിവസം കാഞ്ഞങ്ങാട്ട് തങ്ങി. അമ്മയോട് മകൻ വിശേഷങ്ങളെല്ലാം പറഞ്ഞു. മകന്റെ വാക്കുകേട്ട് അലിയുന്ന അമ്മ മകൻ പറഞ്ഞ ഒരാഗ്രഹം അച്ഛന്റെ മുന്നിൽ അവതരിപ്പിച്ചു. മകൻ ആഗ്രഹിച്ചതിലും അധികമായി നൽകാൻ സന്നദ്ധനായ ആ അച്ഛൻ മകനോട് പറഞ്ഞു; തുച്ചമായ പ്രതിഫലം പറ്റി എഴുതിയ പുസ്തകങ്ങൾ പുസ്തകക്കച്ചവടക്കാർക്ക് കൊടുക്കുന്നു. അവർ ധാരാളമായി പണം കൊയ്യുന്നു. ഒരു പ്രസ് തുടങ്ങിയാൽ പുസ്തകങ്ങൾ സ്വന്തമായി അച്ചടിക്കാം. പുറംപണംകൊണ്ട് നിത്യച്ചെലവും കഴിയും. പ്രസ് വാങ്ങിത്തന്നാൽ നിനക്കത് നോക്കി നടത്താൻ കഴിയുമോ? (351)

മകനുവേണ്ടി അച്ഛൻ നെയ്തെടുത്ത മറ്റൊരു സ്വപ്നമായിരുന്നു അത്. അതുകേട്ട് കവി അച്ഛനോട് പറഞ്ഞു. സ്വന്തമായി പ്രസ് വേണമെന്നില്ല. പുതുതായി ഒരു പത്രം തുടങ്ങാം.
കുഞ്ഞിരാമൻ പത്രത്തിന്റെ പത്രാധിപർ. സംസാരത്തിനിടയിൽ ചോദ്യംവന്നു. പത്രത്തിന്റെ പേരെന്ത് ? ഗാന്ധിജിയുടെ പത്രത്തിന്റെ പേര്. നവജീവൻ. കണ്ണൂരിൽ നിന്ന് പത്രം തുടങ്ങി. ആദ്യപ്രതി ആയിരം കോപ്പി വിറ്റുപോയി. ഒരു മാസംകൊണ്ട് അഞ്ഞൂറ് സ്ഥിരം വരിക്കാറുണ്ടായി. രാവും പകലും പണി. ഓരോ നേരവും ഹോട്ടലൂണ്. ആറുമാസം പിന്നിട്ടപ്പോൾ കവി കുഞ്ഞിലക്ഷ്മിയോട് പറഞ്ഞു, നാവിനും ജീവിതത്തിനും രുചിയില്ല. നീ കൂടെ വരണം. ഒരു ദിവസം കവി പൊന്മളയിൽ ചെന്ന് കുഞ്ഞിലക്ഷ്മിയേയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവന്നു. വാടകവീടെടുത്ത് ഒന്നിച്ചു താമസിച്ചു. കുഞ്ഞിലക്ഷ്മി വെച്ചുവിളമ്പി. തഞ്ചാവൂരിൽ ഒന്നിച്ച് പഠിച്ച് കേരളീയൻ കണ്ണൂരിൽ പി.യുടെ നിത്യസന്ദർശകനും സഹായിയുമായി. സൗഹൃദങ്ങളും വീട്ടിലേക്കുള്ള അതിഥികളുടെ എണ്ണം ക്രമേണ ഏറിക്കൊണ്ടിരുന്നു.

പത്രത്തിന്റെ കോപ്പികളെല്ലാം വിറ്റുതീർന്നു. പക്ഷെ വിറ്റു വരവ് വരാതെയായി. ചെലവും വരവും തമ്മിൽ പൊരുത്തപ്പെടാതെ പത്രപ്രവർത്തനം സമ്മർദ്ദത്തിലായി. സാമ്പത്തികക്ലേശം മുറുകിയപ്പോൾ കുഞ്ഞിലക്ഷ്മിയമ്മ കയ്യിലണിഞ്ഞ സ്വർണവളകൾ ഊരിനൽകി. അത് വിറ്റ് നവജീവന് പുതുജീവൻ നൽകാൻ കവി ശ്രമിച്ചു. ഗാന്ധിജി കണ്ണൂരിൽ വന്നപ്പോൾ ആവേശത്തോടെ ചെന്നുകണ്ടു. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം കവിയുടെ സിരകളിലൊഴുകി. കവി സർക്കാരിനെ വിമർശിച്ച് പത്രത്തിൽ തുടർച്ചയായി ലേഖനങ്ങളെഴുതി. 1934 ലെ ഒരുദിവസം കവി കേരളീയനൊപ്പം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസുകാർ വീട്ടിലെത്തിച്ചേർന്നു. അവർ വീട് റെയ്ഡ് ചെയ്തു. തുടർന്ന് പത്രാധിപർക്ക് നോട്ടീസ് വന്നു. കോഴിക്കോട് കലക്ടറേറ്റിൽ അടിയന്തരമായി എത്തിച്ചേരണം. കവിയും കേരളീയനും കോഴിക്കോട് കളക്ടറുടെ മുന്നിൽ നിന്നു. കലക്ടറുടെ ഓഫീസിൽനിന്ന് കവിക്ക് ലഭിച്ചത് അന്ത്യശാസനം.

ഗവൺമെന്റിനെതിരെ എഴുത്ത് തുടർന്നാൽ പത്രം കണ്ടുകെട്ടും. താഴിട്ടുപൂട്ടും.
പത്രം ഉണ്ടാക്കിവെച്ച കടബാധ്യതകൾ കൂടിക്കൂടി വന്നു. കവി അതിന്റെ സമ്മർദ്ദത്തിൽ ആടിയുലഞ്ഞു. ഇതിനിടയിലാണ് പ്രതീക്ഷയുടെ തിരിനാളം പോലെ ഒരു കത്ത് വന്നത്. കോഴിക്കോട് മാതൃഭൂമിയിൽ നിന്ന്​. കവി ആകാംക്ഷയോടെ കത്ത് വായിച്ചു. മാതൃഭൂമി വിശേഷാൽപ്പതിപ്പിലേക്ക് കവിത ആവശ്യപ്പെട്ടുള്ള ഒരു കത്ത്. എത്രയോ കാലമായി കവി കാത്തിരുന്ന കത്ത്. കവിയൊരുങ്ങി. മാതൃഭൂമിക്കുവേണ്ടിയുള്ള ആദ്യത്തെ കവിതയെഴുതാനുള്ള തയ്യാറെടുപ്പ്. അങ്ങനെ രണ്ടു കവിതകൾ പിറന്നുവീണു. മംഗളപത്രം, വർഷരാത്രിയിൽ. അതുരണ്ടും മാതൃഭൂമിക്കയച്ചു. കവിയുടെ പടത്തോടു കൂടി മംഗളപത്രം അച്ചടിച്ചു വന്നു. ആദ്യപേജുകളിൽ തന്നെ. തുടർന്നുള്ള ലക്കത്തിൽ വർഷരാത്രിയിൽ എന്ന കവിതയും. നാട്ടുകാരും വീട്ടുകാരും എഴുത്തുകാരുമൊക്കെ മാതൃഭൂമിയിൽ കവിത വായിച്ചു. പലരും പറഞ്ഞു, കുഞ്ഞിരാമന്റെ കാലം തെളിഞ്ഞു.
അധികം താമസിയാതെ നവജീവൻ പത്രത്തിന് വിലക്കു വന്നു. പ്രസ്സിലെ കടബാധ്യതകൾമാത്രം ബാക്കിയായി. മുൻകൂർ വരിക്കാർക്ക് പണം തിരിച്ചുനൽകാനോ താമസിച്ച വീട്ടിലെ വാടകക്കുടിശ്ശിക നൽകാനോ പണമില്ലാതെ കവി കണ്ണൂർ ഉപേക്ഷിച്ചു. ഭാര്യയേയും കുഞ്ഞിനെയും കൊണ്ട് പൊന്മളയിലേക്ക് തന്നെ തിരിച്ചുപോയി. കാഞ്ഞങ്ങാട്ട് നിന്ന് അമ്മ കൊടുത്തയച്ച വീട്ടു സാധനങ്ങളെല്ലാം വാടകവീട്ടിൽ ഉപേക്ഷിച്ചു.

മാതൃഭൂമി പത്രത്തിൽ പി.യുടെ ലേഖനങ്ങൾ വന്നു. ആഴ്ചപ്പതിപ്പിൽ കവിതയും വന്നുകൊണ്ടിരുന്നു. പൊന്മളക്കാലത്ത് എഴുതിയ കവിതകളായിരുന്നു ശാന്തിക്കാരൻ, എന്റെ രഹസ്യക്കാരി, കൊച്ചുനർത്തകി, ഉദ്യാനപാലകൻ, ചന്ത പിരിഞ്ഞിട്ട് തുടങ്ങിയവ. പക്ഷെ ദരിദ്രകാലത്ത് പ്രതിഫലം മാത്രം കവിയെ തേടിയെത്തിയില്ല. ഇല്ലായ്മയ്ക്ക് നടുവിൽ കഴിയുന്ന കാലത്ത് കുഞ്ഞുലക്ഷ്മി രണ്ടാമതും ഗർഭിണിയായി. എഴുത്തിൽ നിന്ന് കിട്ടാനുള്ളതും എഴുത്തുസാധ്യതയുടെ പുതിയ വഴികളും തേടി ഈ ഘട്ടത്തിൽ കവി വീടുവിട്ടിറങ്ങി. അത് അറ്റുപോയ സൗഹൃദങ്ങൾ വിളക്കിച്ചേർക്കാനുള്ള യാത്രയും അതിജീവനത്തിന്റെ സാധ്യതകൾ അന്വേഷിച്ചുള്ള യാത്രകളുമായിരുന്നു.

പലയിടങ്ങളിലുമായി കവി സഞ്ചരിച്ചു. യാത്രയുടെ അനന്തപഥങ്ങൾ. കോഴിക്കോട് വെച്ച് സഖാവ് പി. കൃഷ്ണപ്പിള്ളയെ പരിചയപ്പെട്ടു. അവിടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഓഫീസിലും ചിലപ്പോൾ ആര്യസമാജം ലൈബ്രറിഹാളിലുമായി കവി അന്തിയുറങ്ങി. കെ.പി.ആർ. ഗോപാലൻ ഫറോക്ക് ഓട്ടുകമ്പനി സമരം നയിച്ചപ്പോൾ അവിടം സന്ദർശിക്കുകയും മാനേജുമെന്റിനെതിരെ മാതൃഭൂമി പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. കെ. മാധവൻ, കേരളീയൻ എന്നിവരോടൊപ്പം ചേർന്ന് മലബാറിൽ ശക്തി പ്രാപിച്ചുവരുന്ന ദേശീയകർഷകസമരത്തെ പ്രചോദിപ്പിക്കാൻ നിരവധി കവിതകളും പാട്ടുകളും എഴുതിയതും ഇക്കാലത്താണ്.

കണ്ണൂരിലെ മട്ടന്നൂരിൽ സാഹിത്യപരിഷത് സമ്മേളനം ദിവസമെത്തി. പരിഷത്തിൽ ചങ്ങമ്പുഴയും ഇടപ്പള്ളിയും എത്തിച്ചേർന്നിരുന്നു. പി.അവിടെവെച്ച് ഇരുവരെയും പരിചയപ്പെട്ടു. ആ ചങ്ങാതിക്കൂട്ടം അന്നത്തെ രാത്രിയിൽ ഒരു മുറിയിൽ താമസിച്ചു. രാത്രിഭക്ഷണം കഴിഞ്ഞ് മുറിയിൽ മെത്തപ്പായ വിരിച്ചു കിടന്നു. ആ രാത്രിയിൽ ചങ്ങമ്പുഴ പി.യോട് പറഞ്ഞു; ആഴ്ചപ്പതിപ്പിലെ എല്ലാ കവിതകളും വിടാതെ വായിക്കാറുണ്ട്. ചിലത് എനിക്ക് കാണാതെ തോന്നും.
കവി ചോദിച്ചു; ഏതാണ് എന്റെ ഇഷ്ടപ്പെട്ട കവിത?എന്റെ രഹസ്യക്കാരി. അവൾ ഏകാന്തതയോട് പറയുന്നത് എനിക്ക് നന്നേ പിടിച്ചു. ചങ്ങമ്പുഴ ആ കവിതയിലെ വരികൾ ചൊല്ലി.‘‘പോർമുലകൾ തഴുകിത്തഴുകിയെൻ മാറിടം മറക്കുന്നു താപങ്ങളെ.’’

അന്നത്തെ അപൂർവമായ ആ പാതിരാവിൽ മൂന്ന് സ്വപ്നാടകർ കാല്പനിക ചിന്തകളുടെ മധുരാനുഭൂതികളിലേക്ക് പറന്നുപോയി. രാത്രി വൈകിയപ്പോൾ ഇടപ്പള്ളി ഒരു മെത്തപ്പായയിൽ കരിനീല ചക്രവാളംപോലെ മലർന്നുകിടന്നു. ചങ്ങമ്പുഴ നക്ഷത്രങ്ങളോട് പ്രണയത്തിന്റെ ചിത്തരഹസ്യം മൊഴിഞ്ഞു. പി.കാറ്റുപോലെ മേഘങ്ങൾക്കൊപ്പം അലഞ്ഞു. അന്നത്തെ ഗന്ധർവ്വരാത്രി അങ്ങനെ കടന്നുപോയി. പരിഷത്ത് കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ ചങ്ങമ്പുഴ പറഞ്ഞു, ഇടപ്പള്ളിക്ക് വരൂ. കുറച്ചു ദിവസം രസമായി കഴിഞ്ഞു കൂടാം.
ചങ്ങമ്പുഴ സ്വന്തം പുസ്തകങ്ങൾ കൊണ്ടുനടന്ന് വിറ്റ കഥ പി.ക്ക് അറിയാമായിരുന്നു. ‘ആരുവാങ്ങുമീ ആരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം’ എന്ന് പാടി പുസ്തകങ്ങളുമായി അലഞ്ഞു നടന്ന ചങ്ങമ്പുഴ. അതിന്റെ ആവേശമുൾക്കൊണ്ട് പ്രേമപൗർണ്ണമിയുടെ പുസ്തകക്കെട്ടുമായി പി. കുഞ്ഞിരാമൻ നായരും കേരളത്തിന്റെ തെക്കും വടക്കും നടന്നു. അതിനിടെ ചങ്ങമ്പുഴ പറഞ്ഞതനുസരിച്ച് ഇടപ്പള്ളിയിൽ ചെന്ന്​ ചങ്ങമ്പുഴയെ കണ്ടു. ചങ്ങമ്പുഴ പി.യോടൊപ്പം ഇടപ്പള്ളിയിലെ പഞ്ചാ രമണലിലൂടെ നടന്നു. കുറെ കവിതാപുസ്തകങ്ങൾ വിറ്റുകൊടുത്ത് നല്ലൊരു തുക ഏൽപിച്ചു. ഇടപ്പള്ളി രാഘവൻപിള്ള അന്ന് കോട്ടയത്തായിരുന്നു. കവിതയുടെ കോപ്പികൾ കൂടുതൽ വിറ്റ് ഇടപ്പള്ളിയും കുഞ്ഞിരാമൻ നായരോട് സ്നേഹം പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിൽ വെച്ചാണ് വൈലോപ്പിള്ളിയെ കണ്ടുമുട്ടിയത്. വൈലോപ്പിള്ളി അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച്​ അവിടെയും ദിവസങ്ങളോളം താമസിച്ചു.

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, പി. കുഞ്ഞിരാമൻ നായർ, ഇടപ്പള്ളി രാഘവൻ പിള്ള

നിളയുടെ മടിത്തട്ടായ പൊന്നാനി. നിളയും കടലും മുഖാമുഖം നോക്കുന്ന പൊന്നാനി. കവി മടക്കയാത്രയിൽ അവിടെ ഇറങ്ങി. നിളാതീരം ഇടശ്ശേരിയെയും ഉറൂബിനെയും കാണിച്ചുകൊടുത്തു. ഇളിനീർപാകമനസ്സുള്ള മനുഷ്യർ. അവർ നിളയുടെ പുളിനങ്ങളിലൂടെ കഥകൾ പറഞ്ഞു നടന്നു. പി. അവർക്ക് കുട്ടികൾക്കെന്നപോലെ കീശയിൽനിന്ന് മിഠായികളെടുത്ത് കൊടുത്തു. അതിന്റെ മധുരം നുകർന്ന് അവർ നടന്നു. രണ്ടുമൂന്ന് ദിനങ്ങൾ അവിടെ പാർത്തു. അവിടെ നിന്നിറങ്ങി പലയിടങ്ങളിലുമായി ചുറ്റിക്കറങ്ങിയശേഷം വീണ്ടും കോഴിക്കോട്ടെത്തി.

കോഴിക്കോട്ടെ പുസ്തകഷോപ്പിൽ ചെന്നപ്പോൾ മാനേജർ കുറെ കത്തുകളെടുത്ത് കവിക്ക് നൽകി. അതിലൊരു പോസ്റ്റ് കാർഡിൽ കുഞ്ഞിലക്ഷ്മിയുടെ കൈപ്പട. കവി അത് വായിച്ചു. നമുക്ക് ഒരു മകൻ പിറന്നു. വേഗമെത്തണം. കത്ത് വായിച്ച കവി പുറപ്പെട്ടു. വണ്ടി കോഴിക്കോട്ട് നിന്ന് തെക്കോട്ട് പാഞ്ഞു.
പൊന്മള ചെന്നപ്പോൾ മുത്തശ്ശി കുഞ്ഞിനെ എടുത്ത് കവിയുടെ മടിയിൽവെച്ച് കൊടുത്തു. അമ്മയുടെ നിറമുള്ള ഒരാൺ കുഞ്ഞ്. കുഞ്ഞിലക്ഷ്മിയോട് കവി പറഞ്ഞു. വംഗകവി രവീന്ദ്രനാഥ ടാഗോറിന്റെ പേര്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മകന് രവീന്ദ്രനാഥ് എന്ന പേരിടാം അല്ലേ? കുഞ്ഞുലക്ഷ്മിക്കും അതിഷ്ടമായി. അന്നാദ്യമായി കവി അവനെ വിളിച്ചു- രവീന്ദ്രനാഥ്. അതുകേട്ട്​ കുഞ്ഞിലക്ഷ്മിയുടെ മുഖം തെളിഞ്ഞു. അന്നാദ്യമായി അച്ഛനെ കണ്ട് കുഞ്ഞ് ചിരിച്ചു. ലീല ഓടിവന്ന് അച്ഛന്റെ മടിയിലിടം പിടിച്ചു. ലീലയും രവീന്ദ്രനും കവിക്ക് പിറന്ന രണ്ടു കവിതകളായി പൊന്മളയിൽ പിച്ചവെച്ചു നടന്നു.

ഗർഭിണിയായ കുഞ്ഞിലക്ഷ്​മിയെ മറന്ന്​ നിത്യകാമുകിക്കൊപ്പം...

1936 ലെ ഒരു പകൽ നേരത്ത് കുഞ്ഞിരാമൻ നായരും കുടുംബവും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി. കവിയുടെ കയ്യിൽ മൂത്തമകൾ ലീല. കുഞ്ഞുലക്ഷ്മിയുടെ കയ്യിൽ ഇളയമകൻ രവീന്ദ്രൻ.
പോർട്ടർമാർ കവിയെ കണ്ടയുടനെ ഓടിവന്നു. ട്രങ്ക് പെട്ടിയും അത്യാവശ്യ സാധനങ്ങളും വണ്ടിയിൽ നിന്നിറക്കി. യാത്രക്കാരെ കാത്തിരിക്കുന്ന കാളവണ്ടിക്കാരൻ അരികിലേക്ക് വന്നു. കാളവണ്ടി അവരെയും കൊണ്ട് കുടമണി കുലുക്കി വെള്ളിക്കോത്തേക്ക് നടന്നു. കുഞ്ഞിലക്ഷ്മി ആദ്യമായാണ് തന്റെ ഭർത്താവിന്റെ നാടുകാണുന്നത്. പട്ടാമ്പി പ്രകൃതിയേയും തന്നെയും സ്നേഹിച്ചവന്റെ ജന്മനാട്. മനസ്സിൽ കവിതയും പ്രണയവും ഭ്രാന്തും നിറച്ചുവെച്ചവന്റെ വടക്കൻ തറവാട്. അദ്ദേഹം നടന്നുപോയിരുന്ന നാട്ടുവഴികൾ. അതിലൂടെ വണ്ടി ഇളകി നീങ്ങുമ്പോൾ മനസ്സിൽ സങ്കല്പിച്ചതും നേരിൽകാണുന്നതും തമ്മിൽ ഇടകലർന്നുനിന്നു.

അതേസമയം പി.യുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഓരോ തവണ വീടുവിട്ടുപോവുമ്പോഴും തിരിച്ചുവരാൻ ഒരു വീടുണ്ടായിരുന്നു. അച്ഛനും അമ്മയും താമസിക്കുന്ന വീട്. മഠത്തിൽ വളപ്പ് വീട്. അവിടത്തെ അകത്തളങ്ങൾക്കും മുറ്റത്തെ മണൽത്തരികൾക്കും എന്നെ അറിയാം. തൊടിയിൽ തലയാട്ടി പരിചയം കാട്ടുന്ന പൈക്കൾക്കും വീട്ടുമുറ്റത്തെ ചെടികൾക്കും അറിയാം. സ്വന്തം വിട്ടിലേക്കല്ലാതെ ഇന്നാദ്യമായി അഭയാർത്ഥിയെപ്പോലെ കാഞ്ഞങ്ങാട്ട് എത്തുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴി പിന്നിട്ട് മറ്റൊരിടത്തേക്ക് തിരിഞ്ഞുപോകുന്നു.
കാളവണ്ടിക്കാരനോട് കവി പറഞ്ഞു, മഠത്തിൽ വളപ്പ് വീട്ടിലേക്കല്ല.
പിന്നെ?
അങ്ങാടി വീട്ടിലേക്ക്.

മഠത്തിൽ വളപ്പ് വീടിന്റെ ചുറ്റുവട്ടത്തായി കവിയുടെ കുടുംബവീടുകൾ പലതുമുണ്ട്. അതിലൊരിടമാണ് അങ്ങാടി വീട്. അതിനടുത്ത് കവിയുടെ അമ്മയുടെ പേരിൽ ആൾത്താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന ഒരു ചെറിയ വീടുണ്ടായിരുന്നു. അന്തേവാസികളാരെങ്കിലും വന്ന് വല്ലപ്പോഴും താമസിക്കുന്ന ഒരു വീട്. കുഞ്ഞമ്പുനായരുടെ മരുമകനായ അമ്പുനായർ അവർക്ക് താമസിക്കാനുള്ള അനുവാദവും സൗകര്യവും ഒരുക്കിക്കൊടുത്തു. കവിയും കുടുംബവും അവിടെ എത്തിച്ചേർന്ന് താമസം തുടങ്ങി.
കവി കുഞ്ഞിലക്ഷ്മിയോട് പറഞ്ഞു, ഇന്നുമുതൽ ഇതാണ് നമ്മുടെ വീട്.
കുഞ്ഞുലക്ഷ്മി മക്കളെ പുൽപ്പായിൽ കിടത്തി ഉറക്കി.
കവി ചോദിച്ചു, ഈ വീടിനൊരു പേരിടണ്ടേ?
വേണം.
ശാന്തിമന്ദിരം. ജീവിതശാന്തി കിട്ടാത്ത നമുക്ക് ഈ വീട് അതു തരട്ടെ.
കുഞ്ഞിരാമന്റെ കുടുംബത്തോടൊപ്പമുള്ള വരവും വെള്ളിക്കോത്തെ താമസവും നാടും വീടുമറിഞ്ഞു.
അച്ഛൻ പൊട്ടിത്തെറിച്ചു. അമ്മ പൊട്ടിക്കരഞ്ഞു.
ഗോവിന്ദേട്ടൻ വിവരമെല്ലാം അച്ഛൻ കുഞ്ഞമ്പുനായരെ അറിയിച്ചുകൊണ്ടിരുന്നു. സഹോദരന്മാരുടെ ഉള്ളുപൊള്ളി. നാട്ടുകാർ കഥകളുണ്ടാക്കി.
കുഞ്ഞമ്പുനായരുടെ മരുമകൾ ജാനകിയുമായി കല്യാണം നിശ്ചയിച്ച് ആഭരണങ്ങൾ വാങ്ങാൻ പോയവൻ. ഏതോ പെണ്ണിനെ കെട്ടി രണ്ടു മക്കളുമായി വന്നിരിക്കുന്നു.

പി.യുടെ ഇളയ മകൻ രവീന്ദ്രനാഥ്

കുഞ്ഞിരാമന്റെ തെക്കൻ കല്യാണം. പരമസാത്വികനായ
കുഞ്ഞമ്പു എഴുത്തച്ഛന്റെ ഒരു വിധി. 1936 സെപ്തംബർ 14 ന് പുന്നശ്ശേരി നമ്പിയുടെ ദേഹവിയോഗം അറിഞ്ഞ് പട്ടാമ്പിയിൽ പോയി വരുന്ന വഴിയാണ് പൊന്മള ചെന്ന് കുടുംബത്തെയും കൂട്ടി യാദൃശ്ചികമായി കാഞ്ഞാങ്ങാട്ടേക്ക് എത്തിച്ചേർന്നത്. കവിയുടെ കയ്യിൽ ജീവിക്കാനുള്ള വരുമാനമില്ല. കവിയുടെ അവസ്ഥ കണ്ട് കുഞ്ഞമ്പുനായരുടെ മരുമകൻ അമ്പുനായർ പറഞ്ഞു, വിദ്വാൻ പി.കേളുനായരുടെ വിയോഗത്തോടെ വിജ്ഞാനദായിനി അടഞ്ഞു കിടക്കുന്നു. കുഞ്ഞിരാമൻ അതേറ്റെടുക്കണം.
കവി അതേറ്റെടുത്തു. വിജ്ഞാനദായിനിയിൽ കുട്ടികൾ വന്നു. കവി പരമ്പരാഗത ഗുരുവായി. ഗുരുകുലരീതിയിലുള്ള പഠനം തുടങ്ങി. ആൺകുട്ടികളും ഗുരുവും സ്‌കൂളിൽതന്നെ താമസിച്ചു. ഓരോനേരവും കുട്ടികൾക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് വരാമായിരുന്നു. പെൺകുട്ടികൾ വൈകുന്നേരത്തോടെ വീടുകളിൽ പോയി രാവിലെ തിരിച്ചുവന്നു.

ശാന്തിമന്ദിരത്തിൽ താമസിച്ച്​ കുഞ്ഞിലക്ഷ്മി ഭർത്താവിന് ഭക്ഷണവുമായി ചെന്നു. അവർ കുഞ്ഞുങ്ങളെ പരിചരിച്ചും ഭർതൃശുശ്രൂഷയിലും മുഴുകി. ഭർതൃവീടും വീട്ടുകാരും വിളിപ്പാട് അകലെയുണ്ടെങ്കിലും അവരൊന്നും അടുത്തില്ല. അകലത്തിൽ നിർത്തുക കൂടി ചെയ്തു. പുറവങ്കര തറവാട്ടിലെ മൂത്തപുത്രനായ കുഞ്ഞിരാമന്റെ കുഞ്ഞുങ്ങളെ ആരും കണ്ടില്ല. കുഞ്ഞിരാമന്റെ ഭാര്യ പട്ടാമ്പി പ്രണയത്തിന്റെയും അനേകം കെട്ടുകഥകളിലെയും നായികയായി വെള്ളിക്കോത്താകെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.
ലീലയും രവിയും ശാന്തിമന്ദിരം എന്ന ഒരു ചെറിയവീടിന്റെ അകത്തളിൽ ഓടിക്കളിച്ചു. രവി ചേച്ചിയുടെയും അമ്മയുടെയും കൈപിടിച്ച് ഇത്തിരിവട്ടത്ത് പിച്ചവെച്ചു നടന്നു.

ഒരു ദിവസം കുഞ്ഞിലക്ഷ്മി കവിയോട് പറഞ്ഞു, പുതിയൊരാൾ കൂടി വയറ്റിലുണ്ട്.
അതു കേട്ടുകൊണ്ട് കവി പാഠശാലയിലേക്ക് പോയി. കുഞ്ഞിലക്ഷ്മി പടിപടിയായി ഗർഭാലസ്യത്തിന്റെ പല പീഡകളും ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. പ്രസവമടുത്തപ്പോൾ അവൾ കവിയോട് പറഞ്ഞു, ഈ അവസ്ഥയിൽ എനിക്ക് ഒറ്റയ്ക്ക് വയ്യ. അമ്മയെ ഒന്നു വിളിച്ചുകൊണ്ടുവരാമോ?
കവി കുഞ്ഞിലക്ഷ്മിയുടെ അമ്മയെ വിളിക്കാൻ പൊന്മളയിലേക്ക് വണ്ടി കയറി. പക്ഷെ കവി പൊന്മളയിലെത്തിയില്ല. സ്വപ്നത്തിന്റെ മറ്റേതോ നദിക്കരയിലേക്ക് കവിതയുടെ വിളികേട്ടു വഴിതെറ്റിപ്പോയി. തുമ്പപ്പൂക്കളും നന്ത്യാർ വട്ടവും ചിരിച്ചു നിൽക്കുന്ന നാട്ടുവഴികളിലൂടെ മഞ്ഞിലും മഴയിലും കവി അലഞ്ഞു. ആത്മഭാവനയിൽ വിടർന്നു. പകൽച്ചൂടേറ്റും രാത്രിനിലാവിൽ കുളിച്ചും കവി സ്വയം മറന്നു.

കുഞ്ഞിലക്ഷ്മിയാകട്ടെ ഓരോ ദിവസവും ഭർത്താവിനെ കാത്തിരുന്നു. പടിയിറങ്ങിപ്പോയ അച്ഛനെ കുഞ്ഞുങ്ങളും കാത്തിരുന്നു. ഗർഭപാത്രത്തിലുറങ്ങിക്കിടക്കുന്ന കുഞ്ഞിനോട് വേവലാതിയോടെ അമ്മ ചോദിച്ചു- നിന്റെ അച്ഛനെവിടെ? അച്ഛൻ വന്നില്ല. കുഞ്ഞിലക്ഷ്മി അമ്മയ്ക്ക് കത്തെഴുതി. ഒരു ദിവസം കുഞ്ഞിലക്ഷ്മിയുടെ അമ്മ കല്യാണി മകളെത്തേടി ശാന്തിമന്ദിരത്തിലെത്തി.
അമ്മ മകളെ സമാധാനിപ്പിച്ചു.
കുഞ്ഞിലക്ഷ്മി തന്റെ ഭർത്താവ് പോയ വഴിയോർത്തിരുന്നു. ഗർഭിണിയായ തന്നെ മറന്ന് നിത്യകാമുകിയായ കവിതയോടൊപ്പം പോയ വഴി. ആയിരം അനുഷ്ടുപ്പ് ശ്ലോകങ്ങളിൽ ശ്രീരാമചരിതം എഴുതിയ കവി. ഒടുവിൽ രാമനെപ്പോലെ ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് സ്വന്തം കാവ്യരാജ്യം തേടിപ്പോയ വഴി അവളോർത്തിരുന്നു.
ഗുരുകുലം അതോടെ അടഞ്ഞു കിടന്നു. ശിഷ്യഗണങ്ങൾ അനാഥരായി. തുടങ്ങി വെച്ച രാമായണകഥ പാതി വഴിയിൽ നിന്നു. കുഞ്ഞിരാമൻ ഗർഭിണിയായ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയ വിവരങ്ങൾ വീട്ടുകാരറിഞ്ഞു. അമ്മ കുഞ്ഞമ്മയമ്മ പറഞ്ഞു. കുഞ്ഞിരാമന്റെ പൊടിപ്പ്. അച്ഛൻ വിട്ടുപോയ പാവം മക്കൾ.

പി.യുടെ മകൾ ലീല

ഒരുദിവസം കുഞ്ഞമ്പുനായർ ശാന്തി മന്ദിരത്തിലെത്തി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട സീതയെ വാത്മീകി എന്ന പോലെ കുഞ്ഞിലക്ഷ്മിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. മക്കൾ അന്നാദ്യമായി അച്ഛൻ ജനിച്ചുവളർന്ന സ്വന്തം വീട്ടിലേക്ക് നടന്നു. കുഞ്ഞിരാമന്റെ മൂന്നാമത്തെ കുഞ്ഞിന് ഭർത്താവിന്റെ സ്വന്തം തറവാട്ടിൽ വെച്ച് കുഞ്ഞിലക്ഷ്മി ജന്മം നൽകി. കുഞ്ഞിനെ അവളുടെ മുത്തച്ഛൻ സീമന്തിനി എന്ന് വിളിച്ചു. എല്ലാവരെയും നോക്കി ഒന്നുമറിയാതെ കുഞ്ഞ് ചിരിച്ചു. എട്ടുമാസമായപ്പോൾ ഒരു ദിവസം കുഞ്ഞിന്റെ ചുണ്ടിലെ ചിരി അസ്തമിച്ചു. കുഞ്ഞ് മരിച്ചു. കുഞ്ഞിന് അച്ഛനെ കാണാനോ അച്ഛന് കുഞ്ഞിനെ കാണാനോ ഭാഗ്യമുണ്ടായില്ല. ഈ ഭൂമിയിൽ വന്നതും ജീവിച്ചതു മറിയാത്ത ഒരു ക്ഷണിക ജന്മം മാത്രമായി വീടിന്റെ വടക്കുഭാഗത്തുള്ള മാവിൻ ചോട്ടിൽ ആ കുഞ്ഞ് എന്നെന്നേക്കുമായി വിശ്രമിച്ചു. കവിയാകട്ടെ അക്കാലങ്ങളിൽ നാടൻപാട്ടുകൾ കേട്ടും പകർത്തിയും എത്തിയിടത്ത് അന്തിയുറങ്ങിയും നിളാതീരത്തെ ഗ്രാമാന്തരങ്ങളിലൂടെ സ്വപ്നത്തിലെന്നപോലെ അലയുകയായിരുന്നു.

വിജ്ഞാനദായിനിയിലെ ഗുരുകുലകവി

ഇടപ്പള്ളി രാഘവൻ പിള്ളയ്ക്കുമുമ്പ് മലയാളത്തെ ഞെട്ടിച്ച ഒരാത്മഹത്യയായിരുന്നു വിദ്വാൻ പി. കേളുനായരുടേത്. 1929ൽ, ഇരുപത്തൊമ്പതാമത്തെ വയസ്സിൽ ഭാര്യയേയും ജനിച്ച് മാസങ്ങൾ മാത്രമുള്ള ഒരേയൊരു മകനെയും ഉപേക്ഷിച്ച് കേളുനായർ ജീവിതം അവസാനിപ്പിച്ചു. ഇന്നും ദൂരൂഹമായ ആ സംഭവം നടന്നത് അദ്ദേഹം തന്നെ സ്ഥാപിച്ച വിജ്ഞാനദായിനി സ്‌കൂളിലായിരുന്നു. ക്ലാസുമുറിയിൽ ദേശീയപതാക വിരിച്ചുവെച്ച് അതിൽ കിടന്ന്​ കേളുനായർ എന്നെന്നേക്കുമായി തന്റെ ജീവിതനാടകത്തിന്റെ തിരശ്ശീല സ്വയം താഴ്ത്തി.

വിജ്ഞാനദായിനിയുമായി ബന്ധപ്പെട്ട് രണ്ടു പേർ ഓർമകളിൽനിന്ന് ചരിത്രത്തിലേക്ക് കടന്നുവരുന്നു. അതിലൊന്ന് കേളുനായരും അടുത്തത് പി. കുഞ്ഞിരാമൻ നായരുമാണ്. ഗാന്ധിയൻ മാതൃകാ സ്‌കൂളായാണ് കേളുനായർ വിജ്ഞാനദായിനിയെ വിഭാവനം ചെയ്തത്. സംസ്‌കൃതത്തിന് പകരം അദ്ദേഹം നൂൽനൂൽപും നെയ്ത്തും മറ്റു തൊഴിലുകളും അവിടെ പഠിപ്പിച്ചു. അതോടൊപ്പം സാമൂഹികരാഷ്ട്രീയ പ്രാധാന്യമുള്ള നാടകങ്ങൾ രചിക്കുകയും നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. കേളുനായരുടെ മരണത്തോടെ വിജ്ഞാനദായിനി അനാഥമായി.

പിന്നീട് ഏതാനും വർഷങ്ങൾക്കുശേഷമാണ് പി.കുഞ്ഞിരാമൻ നായർ വിജ്ഞാനദായിനിയുടെ സാരഥ്യം ഏറ്റെടുത്തത്. പലരുടെയും ശ്രമഫലമായി വിജ്ഞാനദായിനിയിൽ കുട്ടികളെത്തി. ഏകാധ്യാപക വിദ്യാലയത്തിലെ ഗുരുനാഥനായി പി. മാറി. ശിഷ്യഗണങ്ങളുടെ കൂട്ടത്തിൽ വിദ്വാൻ പി. കേളുനായരുടെ മകനായ എ.എം. ദാമോദരൻ നായരുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ ഒട്ടും ഒളിമങ്ങാത്ത ഓർമയായി പി. അധ്യാപകനായിരുന്ന കാലം നിറഞ്ഞുനിൽക്കുന്നു. ദാമോദരൻനായർ അക്കാലത്തെക്കുറിച്ച് ഓർക്കുന്നു:
പി.യുടെ തറവാടായ മഠത്തിൽവളപ്പ് വീടും ഞങ്ങളുടെ വീടും തമ്മിലുള്ള ദൂരം വിളിപ്പാടകലം മാത്രമായിരുന്നു. കുഞ്ഞായിരുന്ന കാലം തൊട്ടെ പി.യുടെ അച്ഛൻ കുഞ്ഞമ്പുനായരുടെ സ്നേഹവാത്സല്യമേറ്റാണ് ഞാൻ വളർന്നത്. അദ്ദേഹത്തെ വലി യച്ഛൻ എന്നാണ് വളിച്ചുപോന്നിരുന്നത്.
ഒരു ദിവസം വലിയച്ഛന്റെ കൂടെ ഞാൻ കോലായിൽ ഇരിക്കുകയായിരുന്നു. വല്യമ്മ വന്ന് (പി.യുടെ അമ്മ) വല്യച്ഛനോട് പറഞ്ഞു; കുഞ്ഞിരാമൻ വന്നിട്ടുണ്ട്.
അദ്ദേഹം ഒന്നമർത്തി മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
വല്യമ്മ വല്യച്ഛനെത്തന്നെ നോക്കി നിന്നു.
വല്യച്ഛൻ അവരോട് ചോദിച്ചു, അവൻ ഊണുകഴിച്ചോ?
ഇല്ല എന്ന്​ മറുപടി.
അതുകേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, എന്നാൽ കഴിക്കാൻ പറ.

കുട്ടിക്കാലത്ത് കുഞ്ഞിരാമൻ എന്ന പേര് ആദ്യമായി കേട്ടത് അന്നായിരുന്നു. അദ്ദേഹം വല്യച്ഛന്റെ മുമ്പിൽ വന്നില്ല. പിറ്റേന്ന് കവിയുടെ അനുജൻ ബാലഗോപാലമ്മാവൻ എന്നോട് ചോദിച്ചു, വല്യേട്ടൻ വന്നത് ദാമു കണ്ടോ?
ഞാൻ ചോദിച്ചു, ഏത് ഏട്ടൻ?
എന്റെ വല്യേട്ടൻ, അതുംപറഞ്ഞ് അദ്ദേഹം ആളെ എനിക്ക് കാട്ടിത്തന്നു. അന്നാണ് വല്യമ്മയ്ക്ക് ഒരു മകൻ കൂടിയുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിയത്. വല്യേട്ടൻ എന്നെ കണ്ടു. പക്ഷെ ഒന്നും മിണ്ടിയില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം വീടുവിട്ടുപോവുകയും ചെയ്തു.
കവിയുടെ പട്ടാമ്പി പ്രണയവിവാഹവും അതേതുടർന്ന് ഭാര്യയും രണ്ടു മക്കളുമായി പി. പിന്നീട് കാഞ്ഞങ്ങാട് എത്തിച്ചേർന്നു. ശാന്തിമന്ദിരത്തിൽ താമസിച്ചു. ഇക്കാലത്താണ് വിജ്ഞാനദായിനിയിൽ അദ്ദേഹം ഞങ്ങളുടെ ഗുരുവായി മാറിയത്.

പി. കുഞ്ഞിരാമൻ നായർ, ചിത്രകാരൻ പി.വി. കൃഷ്ണൻ

സ്‌കൂളിൽ കവിയുണ്ടാക്കിയ ചിട്ടകളും വഴക്കങ്ങളും ഗുരുകുല സമ്പ്രദായത്തിലുള്ളതായിരുന്നു. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് കുളിക്കണം. അതിനായി ഞങ്ങളെല്ലാവരും രാവിലെത്തന്നെ മുച്ചിലോട്ടെ കുളത്തിൽ മുങ്ങിക്കുളിച്ചു. തിരിച്ചു വന്നാൽ പ്രാർത്ഥനയാണ്. ചുമരിൽ സരസ്വതിയുടെയും രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെയും ചിത്രങ്ങൾ വെച്ചിരുന്നു. അതിനു മുന്നിൽ എല്ലാവരും ചമ്രം പടിഞ്ഞിരിക്കണം. എന്നിട്ട് ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ ചൊല്ലണം- എവിടെ മനസ്സ് നിർഭയമാകുന്നോ... എന്നഭാഗം. അതെല്ലാവരും ഒന്നിച്ചു ചൊല്ലി. അതിനുശേഷം തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ എല്ലാവരെക്കൊ ണ്ടും പറയിപ്പിക്കും. പിന്നെ വീട്ടിൽചെന്ന് ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതുവരെ ഒരിടവേള.

ഒമ്പത് മണിക്കാണ് ക്ലാസ് തുടങ്ങുക. കുമാരസംഭവം, രഘുവംശം എന്നിവ വിശദമായും മഹാഭാരതം, രാമായണം, കൃഷ്ണഗാഥ എന്നിവയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളുമാണ് അന്ന് കവി പഠിപ്പിച്ചിരുന്നത്. ഒരു സംസ്‌കൃതശ്ലോകം ഒന്നോ രണ്ടോ ആഴ്ചകളോളം വിശദീകരിച്ച് വിസ്തരിച്ച് പഠിപ്പിച്ചിരുന്നു.
പഠനശേഷം അദ്ദേഹം ഞങ്ങൾക്കുവേണ്ടി ഒരു പരീക്ഷ നടത്തി. കടലാസും പെൻസിലും ഒന്നുമില്ല. ഹൃദിസ്ഥമാക്കിയ പാഠഭാഗങ്ങൾ തെറ്റാതെ ചൊല്ലണം അതാണ് പരീക്ഷ. കവി ബെഞ്ചുകൾ ക്ലാസിന്റെ നാലുഭാഗത്തുമായി ചതുരത്തിൽ ഇട്ടു. കുട്ടികൾ ഓരോ ബെഞ്ചിലുമായി ഇരുന്നു. അതിന്റെ ഒത്ത നടുവിൽ ഒരു വലിയ ചിരട്ടയിൽ കവി കരി കൊണ്ടുവെച്ചു. പരീക്ഷയായി ശ്ലോകം ചൊല്ലൽ തുടങ്ങി. ഭയം കൊണ്ടും പഠിക്കാത്തതുകൊണ്ടുമൊക്കെ പലരുടെയും ഉച്ചാരണം പിഴച്ചു. വരിതെറ്റി. പിഴവു കാട്ടിയവരൊക്കെ ചിരട്ടയിൽനിന്ന് കരിതൊട്ട് സ്വന്തം മൂക്കിലും മുഖത്തും വരച്ചു. ഓരോ തെറ്റിനും മുഖത്ത് കരികൊണ്ട് ഓരോ വരയായിരുന്നു ശിക്ഷ. പരീക്ഷ കഴിയുമ്പോഴേക്കും എല്ലാവരുടെയും മുഖം വരയും കുറിയും കൊണ്ട് വികൃതമായി. ചൊല്ലൽ പരീക്ഷ കഴിഞ്ഞാൽ എല്ലാം കഴിഞ്ഞുവെന്നാണ് ആദ്യ ദിവസം വിചാരിച്ചത്. പക്ഷെ മുഖത്ത് മീശയും താടിയും വരഞ്ഞ ആൺകുട്ടികളും പെൺകുട്ടികളെയും കൂട്ടി കവി പൊതുവഴിവക്കിലെ ആൽത്തറയിലേക്ക് ചെന്നു. വഴിപോക്കർക്ക് കാണാൻ ഞങ്ങളൊരു പ്രദർശനവസ്തുവായി. അതുവഴി പോയവരൊക്കെ ഞങ്ങളെക്കണ്ടു ചരിച്ചു. അന്ന് ഞങ്ങൾ മനസ്സിൽ വിചാരിച്ചു. ഈ മനുഷ്യൻ കവിയോ ഭ്രാന്തനോ?
വളർന്നു കഴിഞ്ഞപ്പോൾ കുഞ്ഞിരാമേട്ടൻ എന്റെ പ്രിയപ്പെട്ട ആളായിരുന്നെങ്കിലും പഠിപ്പിച്ചിരുന്ന കാലത്തെ അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും വേദനാഭരിതമായിരുന്നു.

ഒരിക്കൽ ഒരു സംഭവമുണ്ടായി. ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. അതിനിടയിൽ കവി എല്ലാവരോടുമായി ചോദിച്ചു, സംസ്‌കൃത കാവ്യങ്ങൾ കുറെ പഠിച്ചല്ലോ. ഇനി മുതൽ
നമുക്ക് മലയാള കാവ്യങ്ങൾ പഠിച്ചാലെന്താ ? നിങ്ങളുടെ
അഭിപ്രായം പറയൂ.
കുട്ടികളെല്ലാം മലയാളം എന്നു പറഞ്ഞു. അതിനിടയിൽ ഞാൻ മാത്രം സംസ്‌കൃതം എന്നും പറഞ്ഞു. അത് കേട്ട് കവി ഒരു ഈറ്റപ്പുലിയെപ്പോലെ ഓടിവന്ന് എന്നോട് ചോദിച്ചു, നിനക്ക് മലയാളം വേണ്ട അല്ലേ ? അതും പറഞ്ഞ് എന്നെ പൊതിരെ തല്ലാൻ തുടങ്ങി. അടിച്ചടിച്ച് കവിയും അടിയേറ്റ് ഞാനും ഒരുപോലെ അവശനായി. അടിയേറ്റ വേദനയും അതിലേറെ സങ്കടവുമായി പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്കോടി. അമ്മ അടിയുടെ പാടുകൾ കണ്ട് ഏറെ സങ്കടപ്പെട്ടു. എന്നെയുംകൊണ്ട് അമ്മ കവിയുടെ അമ്മയോട് ചെന്ന് പരാതി പറഞ്ഞു. വല്യമ്മ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
നീ ഇനി അവന്റെ അടുത്ത് പഠിക്കാൻ പോകണ്ട.
എനിക്ക് വലിയ സമാധാനം തോന്നി. ഒമ്പതു മണിക്ക് വീണ്ടും ക്ലാസ് തുടങ്ങും. പക്ഷേ വല്യമ്മ പറഞ്ഞതുകൊണ്ട് അന്ന് ക്ലാസിൽ ചെന്നില്ല. അടിയേറ്റ വേദന മറന്ന് ഞാൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കാണാഞ്ഞ് കവി ക്ലാസിലുള്ള ശങ്കരൻ എന്ന തടിയനായ ഒരു കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. അവൻ വന്ന് എന്നോട് പറഞ്ഞു.

കുഞ്ഞിരാമൻ മാഷ് വിളിക്കുന്നു.
ഞാൻ വല്യമ്മ തന്ന ഉറപ്പിൽ സ്‌കൂളിലേക്ക് വരുന്നില്ല എന്ന് ഉറപ്പിച്ചുപറഞ്ഞു. അതുകേൾക്കേണ്ട താമസം, അവൻ എന്നെ എടുത്തുപൊക്കി സ്‌കൂളിലേക്ക് ഒരൊറ്റ നടത്തം. കവിയുടെ മുന്നിൽ കൊണ്ടുചെന്ന് എന്നെ നിലത്തിറക്കി. കവിക്ക് എന്നെ കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു.

ഈ വിഷപ്പാമ്പിനെ തല്ലിക്കൊല്ലണം. അതും പറഞ്ഞ് കവി എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടു. ദേഷ്യം തിരുന്നതുവരെ പിന്നെയും കുറെ തല്ലി. ഒരു ദിവസം രണ്ടുതവണയായി ഏറ്റുവാങ്ങിയ തല്ലിന്റെ കടുത്ത വേദനയുമായി കരഞ്ഞുകൊണ്ട് പിന്നെയും വീട്ടിലേക്ക് ചെന്നു. അന്നുരാത്രി ഞാൻ വല്യച്ചനോട് എന്റെ സങ്കടം പറഞ്ഞു.
അദ്ദേഹം എന്നെ അടുത്തിരുത്തി ആശ്വസിപ്പിച്ചു, നീ ഇനി അവന്റെ സ്‌കൂളിൽ പോകണ്ട.
പിന്നെ കുറച്ചു ദിവസത്തേക്ക് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. സംഭവം നടന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം അമ്മൂമ്മ എന്നെയും കൂട്ടി വിജ്ഞാനദായിനിയിലേക്ക് ചെന്നു. കവി അമ്മൂമ്മയോട് പറഞ്ഞു.
അവനെ ഇവിടെ നിർത്തിക്കോളൂ. ഇനി ഇവനെ ഞാൻ
തല്ലില്ല.

കവി എന്നെ നോക്കി ചിരിച്ചു. എനിക്ക് ആ ചിരിയിൽ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും പിന്നെപ്പിന്നെ ഒരു സഹായി എന്നനിലയിൽ കവി എന്നെ പല കാര്യങ്ങളും ഏൽപിക്കാൻ തുടങ്ങി. കവിയോട് വളരെ അടുത്തു പെരുമാറാൻ ഇടയായി. വെള്ളിക്കോത്ത് അന്ന് നല്ല റോഡുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം പി.നാട്ടിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഒരു ഗ്രാമസേവാസംഘം ഉണ്ടാക്കി. റോഡ് വെട്ടലായിരുന്നു പ്രധാന കാര്യപരിപാടി. എന്നും വൈകുന്നേരം കൈക്കോട്ടും പിക്കാക്സുമായി ജാഥയായി റോഡ് വെട്ടാൻ ഇറങ്ങിത്തിരിച്ചു. വിജ്ഞാനദായിനിയിലെ കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. റോഡുണ്ടാക്കാൻ ജാഥയായി പോകുന്നവർക്ക് പാടിനടക്കാൻ അന്നദ്ദേഹം ഒരു വഞ്ചിപ്പാട്ട് ഉണ്ടാക്കി.ശ്രീമതിയാം സ്വാതന്ത്ര്യശ്രീതൂമ കലർന്നെത്തും മുമ്പേ വീതിയോടും നിരത്തുകൾ പരത്തും നമ്മൾ തൂവെയിലെടുത്തണിഞ്ഞിട്ടും പേമഴയിൽ കുളിച്ചിട്ടും പൂക്കൾക്കണക്കിളംകാറ്റിൽ കുളിക്കും നമ്മൾ
ഈ വരികൾ പാടി ഞങ്ങൾ നടന്നു. വെള്ളിക്കോത്ത് മുതൽ വെള്ളൂർ വരെയും സ്‌കൂളിന് കുറെ കിഴക്കോട്ടുവരെയും റോഡുണ്ടായത് അന്നായിരുന്നു.

കുട്ടികൾ എപ്പോഴും എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കണം എന്ന് കവിക്ക് നിർബന്ധമായിരുന്നു. ഈ സമയത്തെല്ലാം അദ്ദേഹം നാടകവേദിയുടെ തൊട്ടടുത്ത് അണിയറഭാഗത്ത് ഒരു ചാരുകസേരയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയോ കണ്ണുംപൂട്ടി ധ്യാനനിമഗ്‌നനായിരിക്കുകയോ ആയിരിക്കും. തീപ്പെട്ടി കത്തിച്ചാൽ കവി പലപ്പോഴും അത് ബീഡിക്ക് കൊളുത്താൻ മറന്നുപോവും. കൈപൊള്ളുന്ന സമയത്താണ് തീപ്പെട്ടി ഉരച്ചതുതന്നെ ഓർമ്മയുണ്ടാവുക. രണ്ടുമൂന്ന് ബീഡി വലിച്ച് കഴിയുമ്പോഴേക്ക് തീപ്പെട്ടിക്കൊള്ളികൾ മിക്കവാറും തീരും. അപ്പോഴൊക്കെ അടുത്തുള്ള ചായക്കടയിൽ ചെന്ന് ചിരട്ടയിൽ കനൽ വാങ്ങിച്ചുവരാൻ പറയാറുള്ളത് എന്നോടായിരുന്നു.

ഒരു ദിവസം അഞ്ചുമണിക്കുണർന്ന് കവി എല്ലാവരോടുമായി മുറ്റത്ത് വരാൻ പറഞ്ഞു. എല്ലാവരും മുറ്റത്തെത്തി. കവി കുട്ടികളോട് കിഴക്കൻ ആകാശത്തിലേക്ക് നോക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ ആകാശത്തേക്ക് നോക്കി. കവി ചോദിച്ചു
എന്തെങ്കിലും കാണുന്നുണ്ടോ ?
കുട്ടികൾ പറഞ്ഞു. ആകാശവും നക്ഷത്രങ്ങളും
കാണുന്നു.
നക്ഷത്രങ്ങളിൽ എല്ലാ നക്ഷത്രവും ഒരുപോലെ?
ഞാൻ പറഞ്ഞു, ഒരു നക്ഷത്രത്തിനു കൂടുതൽ
തിളക്കമുണ്ട്.
അതു കണ്ടിട്ട് എന്തുതോന്നുന്നു?
ഞാൻ പറഞ്ഞു. ഒന്നും തോന്നുന്നില്ല.
അതുകേട്ടപ്പോൾ കവിക്ക് ദേഷ്യംവന്നു.
എന്റെ തലയ്ക്ക് ഒരു കിഴുക്കു തന്നിട്ട് പറഞ്ഞു, മഠയൻ.
കുട്ടികൾ പറയുന്ന ഉത്തരവും പി.തന്റെ കവിമനസ്സിൽ സങ്കല്പിക്കുന്ന ഉത്തരവും എന്നും വിഭിന്നങ്ങളായിരുന്നു. അതുകാരണം കവി കുട്ടികളെ പരിഹസിക്കാൻ പല വാക്കുകളും ഉപയോഗിച്ചു.

കവി, ആ നീലനക്ഷത്രം എന്ന പേരിൽ അച്ഛൻ കേളുനായരെക്കുറിച്ചെഴുതിയ ലേഖനം പിന്നീടൊരിക്കൽ വായിക്കാനിടയായി. അപ്പോഴാണ് അന്നുകണ്ട നീലനക്ഷത്രത്തിന്റെ ആന്തരാർത്ഥം എനിക്ക് മനസ്സിലായത്. കവി അച്ഛനെക്കുറിച്ചെഴുതിയ ആ വാക്കുകൾ ഇങ്ങനെയായിരുന്നു: ദേവകൾ നടമാടുന്ന ഹേമന്തനിശകളിൽ അകലെനിന്ന് ആ നീല നക്ഷത്രം പഴയപരിസരത്തെ ഉറ്റുനോക്കുന്നു. ആ അമൃതാത്മാവ് നക്ഷത്രങ്ങൾക്കിടയിൽ നിന്ന് ഇന്നും നടനമാടുന്നു. തണുത്ത പാതിരാവിൽ ആ നീലനക്ഷത്രത്തിന്റെ മധുരസ്മിതം കണ്ണിമയ്ക്കാതെ നോക്കിക്കണ്ട് വിജ്ഞാനദായിനി പരിസരത്തെ ഇളംപുല്ലുകൾ ഇന്നും കണ്ണീർ പൊഴിക്കുന്നു. (വിദ്വാൻ പി.കേളുനായർ- 30)

വിജ്ഞാനദായിനിയിൽ കവി ഒരു വർഷത്തിൽ താഴെമാത്രമേ ഉണ്ടായിരുന്നുള്ളൂ. താമസിയാതെ അദ്ദേഹം കാഞ്ഞങ്ങാട് വിട്ടുപോയി. അതോടെ വിജ്ഞാനദായിനി എന്നെന്നേക്കുമായി അനാഥമായി. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments