പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

കവിയായ അച്​ഛൻ, പ്രണയിനിയായ അമ്മ
ബാലാമണി ഓർക്കുന്നു

കവിയുടെ കാൽപ്പാടുകൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് അതിൽ അമ്മയെക്കുറിച്ചെഴുതിയ കാര്യങ്ങളെച്ചൊല്ലി അമ്മയ്ക്ക് വലിയ വിഷമമുണ്ടായി. അമ്മ അച്ഛനോട് ചോദിച്ചു, ഇതിലെഴുതിയതൊക്കെ സത്യമോ? അച്ഛൻ ഒന്നും പറഞ്ഞില്ല.

പ്രസംഗവേദികളിൽ പി.കുഞ്ഞിരാമൻ നായർ നിർഭയനായിരുന്നു.
അദ്ദേഹത്തിന്റെ എക്‌സൻട്രിക്കായ സ്വഭാവമത്രയും പ്രസംഗവേദികളിലും പ്രതിഫലിച്ചിരുന്നു. കവിയുടെ പ്രസംഗം മിക്കവാറും അധ്യക്ഷനോടോ കവിക്ക് മുമ്പ് സംസാരിച്ചവരോടോ ഉള്ള മറുപടികളായിരുന്നു. ഒന്നുകിൽ തികഞ്ഞ നർമബോധം, അതല്ലെങ്കിൽ ക്രൂരഫലിതംകൊണ്ട് വേദിയിലുള്ളവരുടെ തോലുരിക്കുന്ന വാചാടോപം. ഇതായിരുന്നു പി.യുടെ പതിവുരീതി. പ്രസംഗവേദിയിൽ പി.യുടെ വാക്കിന്റെ ചൂടും ചൂരുമേറ്റുവാങ്ങിയവർ നിരവധിയായിരുന്നു. കുട്ടികൃഷ്ണമാരാർ മുതൽ കവിയുടെ സന്തതസഹചാരിയായിരുന്ന സി.പി. ശ്രീധരൻ വരെ അതിനിരയായിട്ടുണ്ട്.

തിരുവനന്തപുരം സി.പി. സത്രത്തിൽ താമസിക്കുന്ന കാലത്ത് കവി അവിടത്തെ നിരവധി വേദികളിൽ സംസാരിച്ചു. കവിയുടെ പ്രിയ ശിഷ്യനായ കെ.കെ. ഭരതൻ അദ്ദേഹത്തോടൊപ്പം പലയിടങ്ങളിലും കൂട്ടുപോയി. അത്തരം യാത്രകളുടെ ചില ഓർമകൾ പങ്കുവയ്ക്കുന്നു:

കവി പിന്നെയും വേദിയെ ഒന്നുഴിഞ്ഞുനോക്കി. എന്നിട്ട് മൈക്കിനുമുമ്പിൽനിന്ന് മാറി സ്റ്റേജിന്റെ ഏറ്റവും മുമ്പിൽ ചെന്നുനിന്നു. സദസ്സും വേദിയും അസാധാരണമായ ആ നീക്കം കണ്ട് അത്ഭുതത്തോടെ ശ്വാസമടക്കി കവിയെ നോക്കി.

സി.പി. സത്രത്തിലെത്തിയ ഒരു വൈകുന്നേരം കവി പറഞ്ഞു, നാളെ വട്ടിയൂർക്കാവിൽ ഒരു സ്‌കൂൾ വാർഷികപരിപാടിക്ക് പോണം. ഭരതൻ കൂടെ വരണം.
പിറ്റേന്ന്​ കവിയോടൊപ്പം സ്‌കൂളിലെത്തി. തിങ്ങിനിറഞ്ഞ സദസ്സ്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വൻജനാവലി.
പഴയ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡന്റും ശാസ്ത്രകാരനും പി.എസ്.സി. അംഗവുമായി പി.ടി. ഭാസ്‌കരപ്പണിക്കരായിരുന്നു അധ്യക്ഷൻ. അധ്യക്ഷപ്രസംഗം കഴിഞ്ഞ് ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ കവിക്ക് മുന്നേ പ്രസംഗിച്ചു. അയാൾ ഗവേഷണസംബന്ധമായ വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവന്നതായിരുന്നു. അതിന്റെ അനുഭവങ്ങളാണ് കുട്ടികളോട് പങ്കുവെച്ചത്. കവി അയാൾ പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടു. വേദിയിലിരുന്ന് വേഷ്ടി പിടിച്ചുവലിച്ചിടുകയും അത് നേരയാക്കുകയും ചെയ്തുകൊണ്ടിരുന്നു. അധ്യക്ഷൻ പി.യെ ക്ഷണിച്ചു. കവി സംസാരിച്ചുതുടങ്ങി:

ഇവിടെയിരിക്കുമ്പോൾ മുമ്പിലിരിക്കുന്ന കുട്ടികളുടെ കണ്ണുകൾ എന്നോട് പലതും പറയുന്നുണ്ടായിരുന്നു. അത് എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?
എന്താണ് കവി പറഞ്ഞുതുടങ്ങുന്നത് എന്നറിയാതെ ഭാസ്‌ക്കരപ്പണിക്കർ ആകാംക്ഷയോടെ കവിയെ ഉറ്റുനോക്കി.
കവി തുടർന്നു, ഇവിടെ വടക്കേ വാതിലിലൂടെ വന്ന് ചായയും പലഹാരങ്ങളുമൊക്കെ വയറുനിറയെ കഴിച്ച് ഇനി ഞങ്ങളെ വധിക്കാനൊരുങ്ങുകയാണോ എന്നാണ് ഈ കൊച്ചുകണ്ണുകൾ ചോദിച്ചുകൊണ്ടിരിക്കുന്നത്.

കെ.കെ. ഭരതൻ
കെ.കെ. ഭരതൻ

കവി പിന്നെയും വേദിയെ ഒന്നുഴിഞ്ഞുനോക്കി. എന്നിട്ട് മൈക്കിനുമുമ്പിൽനിന്ന് മാറി സ്റ്റേജിന്റെ ഏറ്റവും മുമ്പിൽ ചെന്നുനിന്നു. സദസ്സും വേദിയും അസാധാരണമായ ആ നീക്കം കണ്ട് അത്ഭുതത്തോടെ ശ്വാസമടക്കി കവിയെ നോക്കി. കവി ജുബ്ബയുടെ രണ്ടുകീശയിലും കൈയിട്ടു. അതിൽനിന്ന് കുറെ മിഠായി വാരിയെടുത്ത് കുട്ടികളിരിക്കുന്ന ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. അധ്യാപകരും രക്ഷിതാക്കളും സ്വപ്നത്തിലെന്നപോലെ ആ കാഴ്ച നോക്കിനിന്നു. കുട്ടികൾ മിഠായിക്കുവേണ്ടി പരക്കം പാഞ്ഞു. കസേരയ്ക്കിടയിൽ പരതി. ശബ്ദായമാനമായ കുറെ നിമിഷങ്ങൾ കടന്നുപോയി. അധ്യാപകർ കുട്ടികളോട് ഇരിക്കാൻ പറഞ്ഞു. ശബ്ദം ഒന്നടങ്ങി. കവി വീണ്ടും മൈക്കിന് മുന്നിലേക്ക് ചെന്നു. എല്ലാവരോടുമായി പറഞ്ഞു, പ്രസംഗമല്ല കുട്ടികൾക്കുവേണ്ടത്. ഇതാണെന്ന് മനസ്സി
ലായില്ലേ? കവി അതും പറഞ്ഞ് കുറച്ചുനേരം നിശ്ശബ്ദനായി. എന്നിട്ടു പറഞ്ഞു,
നമ്മൾ മനുഷ്യരാണ് വല്യ ബുദ്ധജീവി എന്നാണല്ലോ ചില
രൊക്കെ പറയുന്നത്. ആരാ അത് പറഞ്ഞത്?
വേദിയിലിരിക്കുന്ന അധ്യക്ഷന്റെ മുഖത്ത് കവി തിരിഞ്ഞുനോക്കി.
കവി ചോദിച്ചു, ശാസ്ത്രകാരാ നിങ്ങള് പറ.

ഭാസ്‌ക്കരപ്പണിക്കർ നിസ്സഹായതയോടെ കവിയെ നോക്കി. ഇനിയെന്തൊക്കെയാണ് പറയാൻ പോകുന്നതെന്നറിയാതെ അദ്ദേഹം കവിയുടെ മുഖത്തേക്കുനോക്കി പരിഭ്രമത്തോടെ ഒരു ചിരിചിരിച്ചു.
കവി തുടർന്നു പറഞ്ഞു, ഇത് മറ്റാരും പറഞ്ഞതല്ല. അവൻ തന്നെയാണ് അത് പറ
ഞ്ഞത്. ആര്? മനുഷ്യൻ തന്നെ. പക്ഷേ ശാസ്ത്രകാരാ, ഇതൊന്നും ഇവിടത്തെ മൃഗങ്ങൾ സമ്മതിക്കില്ല.

സദസ്സിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞു, അൽസേഷ്യൻ നായ.
ങ്ഹാ അതുതന്നെ. അൽസേഷ്യൻ. അൽസേഷ്യൻ നായ. പോലീസുകാർക്ക് കണ്ടുപിടിക്കാൻ കഴിയാത്തതുപോലും കണ്ടുപിടിക്കുന്നത് അവനാണ്. എന്നിട്ടും അവനെത്രയാ ശമ്പളം കൊടുക്കുന്നത്?

സദസ്സും വേദിയും ഒരുപോലെ നിശ്ശബ്ദമായി. കവി പ്രസംഗം മറന്ന് അധ്യക്ഷനോടുള്ള ഡയലോഗായി സംസാരം മുന്നോട്ടുപോവുകയാണ്. കുട്ടികൾ മിഠായി നുണഞ്ഞ്​ അത്ഭുതത്തോടെ കവിയെ നോക്കിയിരുന്നു. അധ്യക്ഷന്റെ മുഖത്തേക്ക് കവി പിന്നെയും തിരിഞ്ഞുനോക്കി, ഞാൻ ചോദിക്കട്ടെ ശാസ്ത്രകാരാ. പോലീസുകാരൊന്നും അന്വേഷിച്ച് കണ്ടെത്താത്ത പല കേസുകളുമുണ്ടല്ലോ. അതൊക്കെ കണ്ടുപിടിക്കുന്ന ഒരു വിദ്വാനുണ്ട്. ആരാണെന്ന് ശാസ്ത്രകാരനറിയാമായിരിക്കും. ആരാണത്?
സദസ്സിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞു, അൽസേഷ്യൻ നായ.
ങ്ഹാ അതുതന്നെ. അൽസേഷ്യൻ. അൽസേഷ്യൻ നായ. പോലീസുകാർക്ക് കണ്ടുപിടിക്കാൻ കഴിയാത്തതുപോലും കണ്ടുപിടിക്കുന്നത് അവനാണ്. എന്നിട്ടും അവനെത്രയാ ശമ്പളം കൊടുക്കുന്നത്?
ശമ്പളമില്ല. സൗജന്യസേവനം.
എന്നാൽ പോലീസിൽ വല്യ മാസപ്പടി വാങ്ങുന്ന ഒരാളുണ്ടല്ലോ. കവി പേര് കിട്ടാതെ നിന്നു.
അതിനിടയിൽ ആരോ പറഞ്ഞു, ഐ.ജി.
അതുതന്നെ. വല്യ മാസപ്പടി വാങ്ങുന്ന അയാൾക്കുപോലും കണ്ടുപിടിക്കാൻ കഴിയാത്ത കേസുകളാണ് നമ്മുടെ ഈ അൽസേഷ്യൻ കണ്ടുപിടിക്കുന്നത്. എന്നിട്ടും മനുഷ്യനാണ് ബുദ്ധിജീവി എന്നാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു കാര്യം മനസ്സിലാക്കണം. അതൊന്നും ഇവിടത്തെ മൃഗങ്ങൾ പോലും സമ്മതിച്ചിട്ടില്ല. അത് നമ്മുടെ ശാസ്ത്രകാരന്മാർ മനസ്സിലാക്കണം.

പി.യുടെ എക്സൻട്രിക്കായ സ്വഭാവമത്രയും പ്രസംഗവേദികളിലും പ്രതിഫലിച്ചിരുന്നു. ഒന്നുകിൽ തികഞ്ഞ നർമബോധം, അതല്ലെങ്കിൽ ക്രൂരഫലിതംകൊണ്ട് വേദിയിലുള്ളവരുടെ തോലുരിക്കുന്ന വാചാടോപം. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവുരീതി.
പി.യുടെ എക്സൻട്രിക്കായ സ്വഭാവമത്രയും പ്രസംഗവേദികളിലും പ്രതിഫലിച്ചിരുന്നു. ഒന്നുകിൽ തികഞ്ഞ നർമബോധം, അതല്ലെങ്കിൽ ക്രൂരഫലിതംകൊണ്ട് വേദിയിലുള്ളവരുടെ തോലുരിക്കുന്ന വാചാടോപം. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവുരീതി.

ചെറുപ്പക്കാരനായ കോളേജ് അധ്യാപകനുള്ള മറുപടിയായിരുന്നു കവിയുടെ സംഭാഷണമത്രയും. ഇടയ്ക്കിടെയുള്ള ‘ശാസ്ത്രകാരാ’ എന്ന അഭിസംബോധനയും നിരന്തരമായ ചോദ്യം ചോദിക്കലിനുമിടയിൽ അധ്യക്ഷൻ ഭാസ്‌ക്കരപ്പണിക്കർ ത്രിശങ്കുവിലായി. എങ്കിലും പി.യുടെ പ്രകൃതമറിയാവുന്ന അദ്ദേഹം സംയമനത്തോടെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുകയും കവിയോട് ആദരപൂർവം മാത്രം പെരുമാറുകയും ചെയ്തു.

പല വേദികളിലും കവിയുടെ സംസാരം ഇത്തരത്തിലായിരുന്നു. തുറന്നടിച്ച ഇത്തരം രീതിയോട് പലർക്കും താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കൽ തിരുവനന്തപുരം ഗ്രന്ഥശാല ഹാളിൽ വെച്ച് ജി. ശങ്കരക്കുറുപ്പും നാലോളം മന്ത്രിമാരും പങ്കെടുത്ത ഒരു വേദിയിൽ വെച്ച് പ്രൊഫ. ആനന്ദക്കുട്ടനുമായി കവി കലഹിച്ചു. അദ്ദേഹം തമാശരൂപത്തിൽ പറഞ്ഞ ഒരു കാര്യം കവി ഏറ്റുപിടിച്ചു.
കവി മറുപടി പറഞ്ഞു: പുന്തോട്ടത്തിൽ കയറിയാൽ പന്നികൾ പൂക്കളുടെ ഭംഗി
ആസ്വദിക്കുകയല്ല ചെയ്യുക. മറിച്ച് അമേദ്യമെവിടെ എന്ന് തിരയുകയായിരിക്കും.
കവിയുടെ വാക്കുകൾക്കുമുന്നിൽ സദസ്സാകെ സ്തംഭിച്ചു. ആനന്ദക്കുട്ടൻ വിയർത്തു. സരസമായി പറഞ്ഞ ഒരു കാര്യം കവിയുടെ അന്തഃക്ഷോഭം അതിനെ മറ്റൊന്നാക്കി മാറ്റുകയായിരുന്നു, ഈ സംഭവത്തിനുശേഷമാണ് കവിയുടെ ഒരു പുസ്തകം -വസന്തപൗർണമി ആണെന്നു തോന്നുന്നു- തിരുവനന്തപുരത്ത് പ്രകാശനം നടത്താൻ തീരുമാനിച്ചത്. ഞങ്ങൾ ക്ഷണിക്കേണ്ട ആളുകളെ തിരഞ്ഞെടുത്തു.
ആരോഗ്യമന്ത്രിയും കവിയുടെ നാട്ടുകാരനുമായ എൻ.കെ. ബാലകൃഷ്ണൻ പ്രകാശനം, ശൂരനാട്ട് കുഞ്ഞൻ പിള്ള, ചെമ്മനം ചാക്കോ, ഡോ. കെ. ഭാസ്‌കരൻ നായർ ഇവരൊക്കെ വേദിയിലുണ്ടാവണം. തിരുവനന്തപുരം ആയുർവേദ ആസ്പത്രിയുടെ ഇടതുവശത്തുള്ള ഹിന്ദുമത ഗ്രന്ഥശാല ഹാളിൽ അതിന്​ ഏർ പ്പാടുകൾ ചെയ്തു.

പ്രകാശന ദിവസമടുത്തു. സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എഴുത്തുകാരനോട് പങ്കെടുക്കരുതെന്ന് എങ്ങനെ പറയും? ഭാസ്‌കരൻ നായർക്ക് കൊടുത്ത വാക്ക് പാലിക്കാതിരിക്കുന്നതെങ്ങനെ?

കെ. ഭാസ്‌കരൻ നായരെ ക്ഷണിക്കാൻ പോയപ്പോൾ അദ്ദേഹം എന്നോടുപറഞ്ഞു,
കുഞ്ഞിരാമൻ നായർ സ്റ്റേജിലുണ്ടാകുമോ?
ഞാൻ പറഞ്ഞു, ഉണ്ടാകും.
എന്നാൽ എനിക്ക് വരാൻ കഴിയില്ല.
ഞാൻ ചോദിച്ചു, കവിയുമായി എന്താണ് പ്രശ്‌നം?
ഞങ്ങൾ തമ്മിലൊന്നുമില്ല. കഴിഞ്ഞ ഗ്രന്ഥശാലഹാളിൽ വെച്ച് ആനന്ദക്കുട്ടനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം എന്നോട് സൂചിപ്പിച്ചു.
ഭാസ്‌കരൻ നായരുമായി എനിക്ക് ചിരകാലബന്ധമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതദ്ദേഹത്തോട് പറയുകയും ചെയ്തു. ഇനി എന്താണ് ചെയ്യുക?
ഞാൻ വെറുതെ ഒന്നു ചോദിച്ചു നോക്കി, കവി പങ്കെടുക്കുന്നില്ലെങ്കിലോ?
എങ്കിൽ ഞാൻ വരും. കവിയോടല്ല; കവിതയോടുള്ള ഇഷ്ടംകൊണ്ട്.
ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകി. കവി വരില്ല.

പ്രകാശന ദിവസമടുത്തു. സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എഴുത്തുകാരനോട് പങ്കെടുക്കരുതെന്ന് എങ്ങനെ പറയും? ഭാസ്‌കരൻ നായർക്ക് കൊടുത്ത വാക്ക് പാലിക്കാതിരിക്കുന്നതെങ്ങനെ?

പി.ടി. ഭാസ്‌കരപ്പണിക്കർ
പി.ടി. ഭാസ്‌കരപ്പണിക്കർ

ഞാൻ നടന്ന കാര്യങ്ങൾ കവിയോട് പറയാൻ ഒരവസരം കാത്തിരുന്നു. ഒടുവിൽ പരിപാടിയുടെ തലേദിവസം ആ സത്യം പറയാൻ തുനിഞ്ഞു. കവി നാളെത്തെ പരിപാടിയിൽ പങ്കെടുക്കരുത്. അഭ്യർഥനയാണ്. സമ്മതിക്കുമോ?
കവി എന്നെ മിഴിച്ചുനോക്കി, പങ്കെടുക്കാൻ പാടില്ലെന്നോ?
കവിക്ക് കാര്യമൊന്നും മനസ്സിലായില്ല. സംഭവിച്ചതൊന്നും അദ്ദേഹത്തോട് വിശദീകരിക്കാൻ ശ്രമിച്ചതുമില്ല.
ഞാൻ അനുനയത്തോടെ പറഞ്ഞു, അവിടെ നടക്കുന്നതൊക്കെ സുഖമായി കേൾക്കാൻ കഴിയുന്ന ഒരിടമുണ്ട്. കവി അവിടെയിരിക്കും. പരിപാടി മുഴു
വനും സുഖമായിരുന്ന് കേൾക്കാം.
കവി ചോദിച്ചു, വേദിയിലല്ലാതെ മറ്റൊരിടത്തോ. അതെവിടെ?
വേദിയുടെ തൊട്ടരികിൽ ഒരു കോവിലുണ്ട്. അതിനുള്ളിൽ കവിയിരിക്കണം. വേദിയേക്കാൾ കവിക്ക് പറ്റിയ ഒരിടം. ശ്രീകോവിലിൽ അല്ലല്ലോ. അവിടെ വേറൊരാളുണ്ട്.
അല്ല. അതിനു പുറത്ത് എന്നാൽ കോവിലിനകത്ത്.
തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഒരു കോവിലിനുള്ളിലിരുന്ന് കേൾക്കുന്നതിൽ കവിക്കും ഒരു രസം തോന്നി. അതുകൊണ്ടുതന്നെ കവിയതിന് സമ്മതം മൂളുകയും ചെയ്തു. പരിപാടി വൈകുന്നേരമാണ്. ആളുകൾ എത്തിച്ചേരുന്നതിന് ഒരു മണിക്കൂർ മുമ്പെ കവിയെ കോവിലിലാക്കി. കവി അതിനുള്ളിലൊരിടത്ത് നിലയുറപ്പിച്ചു.
പ്രസംഗം കേട്ട് വേദിയിലേക്ക് വരരുത്. ഞാൻ കവിയിൽ നിന്ന് ഉറപ്പ് വാങ്ങിച്ചു.

പക്ഷെ ഉറപ്പിനൊന്നും ഒരുറപ്പുമില്ലെന്നു കൂടി എനിക്കറിയാമായിരുന്നു.
നാലുമണിക്ക് തുടങ്ങേണ്ട പരിപാടി നാലരയായിട്ടും തുടങ്ങാൻ കഴിഞ്ഞില്ല. ശൂരനാട്ട് കുഞ്ഞൻ പിള്ള എത്താൻ വൈകി. പി. കവിതകളുടെ ആലാപനം ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്റെ നാട്ടുകാരനായ കെ.എം. ബാലകൃഷ്ണനാണ്. അദ്ദേഹം ഫോണിൽ വിളിച്ചന്വേഷിച്ചു,
മന്ത്രിയെ അയക്കട്ടെ?
ഞാൻ പറഞ്ഞു, അധ്യക്ഷൻ എത്തിയിട്ടില്ല. വന്നാലുടനെ അറിയിക്കാം.

ശൂരനാട്ട് കുഞ്ഞൻ പിള്ള വന്നു. പിന്നാലെ മന്ത്രിയും.
ഞാൻ സ്വാഗതഭാഷണം തുടങ്ങി: അല്പം വൈകിയെങ്കിലും കൃത്യസമയത്ത് എത്തിച്ചേർന്ന അധ്യക്ഷൻ... കവിയുടെ നാട്ടുകാരനായ മന്ത്രി... ഇവിടെ ഇല്ലെങ്കിലും എപ്പോഴും മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ മലയാളത്തിന്റെ കരുത്തനായ കവി പി. കുഞ്ഞിരാമൻ നായർ, അങ്ങനെ എല്ലാവരെയും സ്വാഗതം ചെയ്തു.
ശൂരനാട്ട് വളരെ ഭംഗിയായി പി.യുടെ കവിതകളെ വരച്ചുവെച്ചു. ഭാസ്‌കരൻ നായരുടെ പ്രസംഗത്തിൽ കവിയെപ്പറ്റി വല്ല പരാമർശവും നടത്തുമോ? അത് ഭയന്ന് ഞാൻ വേദിയിലിരുന്നു. ഭാസ്‌കരൻ നായർ പ്രസംഗിച്ചു തുടങ്ങി. കവിയെപ്പറ്റി എന്തെങ്കിലും പരമാർശം വന്നാൽ, അത് പിടിക്കാതെ വന്നാൽ കവി അതിന് മറുപടി പറയാൻ വേദിയിലേക്ക് കയറിവരുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ വേവലാതിയോടെയാണ് ഞാൻ വേദിയിലിരുന്നത്. ഭാസ്‌കരൻ നായരുടെ പ്രസംഗം കഴിയുന്നതുവരെ ഞാൻ ശ്വാസമടക്കിനിന്ന് ഓരോ വാക്കും ശ്രവിച്ചു. കഴിഞ്ഞപ്പോൾ വലിയ സമാധാനമായി. പിന്നെയും ഓരോ ആളുകൾ സംസാരിക്കുമ്പോഴും പേടിയോടെ ഞാൻ കോവിലിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് അഹിതമായതൊന്നും അന്ന് സംഭവിച്ചില്ല.

കവി മൂന്നുമണിക്കൂറിലധികം സമയം കോവിനുള്ളിലിരുന്നു. വന്നുചേർന്നവരുടെ പ്രഭാഷണം കേട്ട് സന്തോഷിച്ചു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ സന്ധ്യ പിന്നിട്ടിരുന്നു. കവി കോവിലിനുള്ളിൽ നിന്ന് പതിയെ പുറത്തേക്കുവന്നു. എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ട് കവി പറഞ്ഞു, മറക്കാനാവാത്ത ഒരനുഭവം. ഞാൻ അവിടെ ഇല്ലെങ്കിലും എല്ലാം കാണുന്നുണ്ടായിരുന്നു. എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

കവി പ്രണയബന്ധത്തിലേർപ്പെട്ട മറ്റു സ്ത്രീകളെല്ലാം നിശ്ശബ്ദരായിരുന്നെങ്കിലും സ്‌കൂൾ അധ്യാപികയായ പാറുക്കുട്ടി ടീച്ചർ കവിയോട് ചോദിക്കേണ്ടത് ചോദിക്കുകയും അതിനൊക്കെ ഉത്തരം പ്രതീക്ഷിക്കുകയും ചെയ്തു.

പാളിയാൽ വലിയൊരബദ്ധമായിപ്പോകാവുന്ന നിമിഷങ്ങൾ ശുഭകരമായി അവസാനിച്ചതിൽ ഞാനും അന്നേറെ സന്തോഷിച്ചു. ഞങ്ങൾ റെയിവേ സ്റ്റേഷനിലേക്ക് നടന്നു. അവിടെ സ്വാമീസിൽ ചെന്ന് ചായകുടിച്ചു. അതിനിടയിൽ എന്നോട് കവി ചോദിച്ചു, നീ എന്താ എന്നെപ്പറ്റി സ്വാഗതപ്രസംഗത്തിൽ പറഞ്ഞത്.
മലയാളത്തിന്റെ കരുത്തനായ കവിയെന്നോ?
അതുകേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു, സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന് മാറിനിൽക്കണമെന്ന് ശിഷ്യൻ പറഞ്ഞു. ഗുരു അതനുസരിച്ചു.

ഇത്ര ഗുരുത്വവും കരുത്തും മറ്റാർക്കാണ് കാണിക്കാനാവുക? കവി എന്നെ നോക്കി എന്നത്തെയും പോലെ അതിശയം പ്രകടിച്ചു. അമ്പോ! നീ തന്നെ ഗുരുവും ശിഷ്യനും.

നിളാതീരത്തെ ബാലാമണി

ക്കിടിയിൽ പാറുക്കുട്ടി ടീച്ചറുമൊത്തുള്ള കവിയുടെ ജീവിതം ഇണക്കത്തിന്റെയും പിണക്കത്തിന്റെയുമായിരുന്നു. കവി പ്രണയബന്ധത്തിലേർപ്പെട്ട മറ്റു സ്ത്രീകളെല്ലാം നിശ്ശബ്ദരായിരുന്നെങ്കിലും സ്‌കൂൾ അധ്യാപികയായ പാറുക്കുട്ടി ടീച്ചർ കവിയോട് ചോദിക്കേണ്ടത് ചോദിക്കുകയും അതിനൊക്കെ ഉത്തരം പ്രതീക്ഷിക്കുകയും ചെയ്തു.

കവി കൊല്ലങ്കോട്ടേക്ക് സ്ഥലമാറ്റം വാങ്ങിയപ്പോൾ പാറുക്കുട്ടിയെ വാടകവീട്ടിലെ പുതിയ കൂട്ടുജീവിതത്തിലേക്ക് ക്ഷണിച്ചു. ഒന്നുകിൽ ജോലി. അല്ലെങ്കിൽ കവിയോടൊപ്പമുള്ള ജീവിതം. ഇത് രണ്ടിലേത്? അവർ തിരഞ്ഞെടുത്തത് തെക്കുമംഗലം ബേസിക് ജൂനിയർ സ്‌കൂളിലെ അധ്യാപക ജോലിയായിരുന്നു. കൊല്ലങ്കോട്ട് കവി പാറുക്കുട്ടിയെ കാത്തിരുന്നു. കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന തെക്കുമംഗലത്ത് വീടിന്റെ അത്താണി കൂടിയായ പാറുക്കുട്ടി അതുകൂടി ഓർത്ത് കവിയുടെ സ്വപ്നത്തിനപ്പുറം ജീവിതത്തിന്റെ യാഥാർഥ്യത്തോടൊപ്പം നിന്നു. വർഷങ്ങൾക്കിപ്പുറം കവിയായ അച്ഛനെയും കവിയുടെ പ്രണയിനിയായി ജീവിച്ച അമ്മയെയും ലക്കിടിയിലെ വീട്ടിലിരുന്ന് കവിയുടെ മകൾ ബാലാമണി ഓർക്കുന്നു:

ബാലാമണി
ബാലാമണി

അച്ഛനില്ലാത്ത കുട്ടിക്കാലമാണ് ഓർമയിലധികവും. അച്ഛനുള്ള നേരത്താകട്ടെ അദ്ദേഹത്തിന് എന്നും തിരക്കായിരുന്നു. അച്ഛന്റെ മനസ്സിൽ സ്വന്തബന്ധങ്ങളോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നില്ല. സ്‌നേഹവും ലാളനയും തന്നില്ല. അതുകൊണ്ടാവാം അച്ഛൻ അടുത്തുനിൽക്കുന്ന എന്നെ കണ്ടില്ല. അതേസമയം, അകലെയുള്ള ആകാശത്തെയും അതിലെ നക്ഷത്രങ്ങളെയും അദ്ദേഹം മണിക്കൂറുകളോളം നോക്കിനിന്നു. അച്ഛന് ലക്കിടിയിലെ പ്രകൃതിയോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. പാടവും പുഴയും കടവുതോണിയുമടങ്ങുന്ന പ്രശാന്തസുന്ദരമായ ഗ്രാമപ്രകൃതിയിലാണ് അച്ഛന്റെ മനസ്സ് എന്നും അലിഞ്ഞുചേർന്നിരുന്നത്.

ഞങ്ങളുടെ വീടിന്റെ വടക്കുഭാഗം വിശാലമായ വയലായിരുന്നു. തൊട്ടപ്പുറത്ത് ഭാരതപ്പുഴ. ലക്കിടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി അച്ഛൻ ഞങ്ങളുടെ വീടായ തെക്കുമംഗലത്തേക്ക് വന്നു. ലക്കിടിയിൽ നിന്ന് കടവുകടന്നാൽ തിരുവില്വാമലയായി. തിരുവില്വാമലയിലേക്കുള്ള യാത്രയും കുളിച്ചുതൊഴലും അച്ഛന് സുഖകരമായ ഒരനുഷ്ഠാനമായിരുന്നു.

മുത്തച്ഛൻ കഥകളി ഭാഗവതരായിരുന്നു. അപ്പേക്കാട്ട് കൃഷ്ണൻ നായർ. അതുകൊണ്ടുതന്നെ, അമ്മയും മനോഹരമായി കഥകളിപ്പദങ്ങൾ പാടുമായിരുന്നു. കഥകളിപ്പദങ്ങൾ കേട്ടിരിക്കാൻ അച്ഛനും താത്പര്യമായിരുന്നു. അമ്മ അച്ഛനുവേണ്ടി പാടുകയും അച്ഛനത് കേട്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അച്ഛന്റെ കൂടെ പലയിടത്തും സഞ്ചരിക്കാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. വൈക്കത്തും ഏറ്റുമാനൂരിലും തിരുവനന്തപുരത്തുമൊക്കെ യാത്രപോയതിന്റെ കഥകൾ അമ്മ പറഞ്ഞ ഓർമകളായി മനസ്സിലുണ്ട്. കൂടാളിയിൽ നിന്ന് കൊല്ലങ്കോട്ടു വന്നശേഷം പലതവണ അവിടെച്ചെന്ന് അമ്മയും ഞാനും അച്ഛനോടൊപ്പം താമസിച്ചിട്ടുണ്ട്.

അച്ഛനെ കണ്ട ഓർമകളധികവും ഗുരുവായൂരിൽ വെച്ചാണ്. എവിടെയായിരുന്നാലും എല്ലാ മലയാളമാസം ഒന്നാംതീയതിയും അച്ഛൻ ഗുരുവായൂരിലെത്താറുണ്ടായിരുന്നു. അച്ഛൻ വീട്ടിലെത്താതിരുന്ന കാലങ്ങളിൽ അച്ഛനെ കാണാൻ അമ്മ എന്നെയും കൂട്ടി ചെന്നത് ഗുരുവായൂരിലേക്കായിരുന്നു. എത്രയോ തവണ അച്ഛനെ കണ്ട് ഗുരവായൂരപ്പനെ തൊഴുതു മടങ്ങി.

ചെറുപ്പകാലം തൊട്ടേ അമ്മ പറഞ്ഞുതന്ന കഥ കേട്ടാണ് അച്ഛനെക്കുറിച്ച് പലതും ഞാനറിഞ്ഞത്. അമ്മ പറഞ്ഞുതരുന്ന കഥകൾ എല്ലാ കുട്ടികളെയുംപോലെ ഞാനും കൗതുകത്തോടെ കേട്ടിരിക്കാറുണ്ടായിരുന്നു. ആകാംക്ഷയോടെ എല്ലാവരെയും പോലെ ഞാനും ചോദിച്ചു.

ഒരുദിവസം അമ്മ പഴയൊരു കഥ പറഞ്ഞു: ഞാൻ അമ്മയുടെ വയറ്റിലായിരുന്ന കാലം. അച്ഛനന്ന് ഗുരുവായൂരിലുണ്ട്. നാൽപത്തൊന്ന് ദിവസത്തെ വ്രതമെടുത്ത് അമ്മ അച്ഛനോടൊപ്പം ഗുരുവായൂരിൽ തങ്ങി. അമ്മ അവിടെ ഭജനമിരുന്നു. ഇക്കാലത്ത് അച്ഛൻ ഗുരുവായൂരപ്പന് ചാർത്തിയ തിരുമുടിമാലയും കളഭച്ചാർത്തും പഞ്ചഗവ്യവുമൊക്കെ എന്നും അമ്മയ്ക്കായി സമ്മാനിക്കാറുണ്ടായിരുന്നു. ഗുരുവായൂരമ്പലത്തിലെ ശാന്തിയുമായി അടുത്ത ബന്ധമുള്ളതുകൊണ്ടാണത്ര അച്ഛന് അതൊക്കെ കിട്ടിയിരുന്നത്. അമ്മയ്ക്ക് ഞാൻ ഒരേയൊരു മകളായിരുന്നു. അതുകൊണ്ടുതന്നെ അമ്മയായിരുന്നു എനിക്കെല്ലാം. ചെറുപ്പകാലം തൊട്ടേ അമ്മ പറഞ്ഞുതന്ന കഥ കേട്ടാണ് അച്ഛനെക്കുറിച്ച് പലതും ഞാനറിഞ്ഞത്. അമ്മ പറഞ്ഞുതരുന്ന കഥകൾ എല്ലാ കുട്ടികളെയുംപോലെ ഞാനും കൗതുകത്തോടെ കേട്ടിരിക്കാറുണ്ടായിരുന്നു. ആകാംക്ഷയോടെ എല്ലാവരെയും പോലെ ഞാനും ചോദിച്ചു. എന്നിട്ട്. അമ്മ കഥ തുടരും.

നിന്നെ പ്രസവിച്ചശേഷം പേരിട്ടതും ഗുരുവായൂരിൽവെച്ച്, ചോറൂണ് തന്നതും അച്ഛനായിരുന്നു. യഥാർഥത്തിൽ അമ്മാവനാണ് എനിക്ക് ചോറു തരാൻ നിശ്ചയിച്ചിരുന്നത്. തൃശൂരിൽനിന്ന് അമ്മാവൻ പുറപ്പെട്ടു. പക്ഷെ വഴിയിൽ എന്തോ വഴി തടസ്സം കാരണം അമ്മാവന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അമ്മാവനെ കാണാതിരുന്നപ്പോൾ മുത്തശ്ശൻ പറഞ്ഞു, കുഞ്ഞിരാമൻ കൊടുത്താമതി. അച്ഛന്റെ കൈകൊണ്ടാവട്ടെ മകൾക്ക് ചോറ്. ഞാൻ അച്ഛന്റെ മടിയിലിരുന്നു. അച്ഛൻ ഗുരുവായൂരിലെ നിവേദ്യച്ചോറ് നാവിൽ തൊടുവിച്ചുതന്നു. അതിന്റെ രുചി ഞാനറിഞ്ഞു.

പണ്ടൊക്കെ അമ്മയിൽ നിന്ന് ഇക്കഥ പറഞ്ഞുകേൾക്കുമ്പോൾ എനിക്കുണ്ടായ സന്തോഷം വലുതായിരുന്നു. ഇന്നാകട്ടെ അതിലുമിരട്ടി മധുരം ഈ ഓർമകൾ മനസ്സിൽ അവശേഷിപ്പിക്കുന്നു.

ലക്കിടിയിൽ കുഞ്ചൻ ഉത്സവം നടക്കുന്നത് മെയ് അഞ്ചിനാണ്. പണ്ടൊക്കെ വലിയ ആഘോഷമായാണ് അത് നടത്തിവന്നിരുന്നത്. കവിസമ്മേളനം, സാംസ്‌കാരിക പരിപാടികളുമൊക്കെയായി അത് നാടിന്റെയാകെ ഉത്സവമായിരുന്നു. പ്രശസ്തരായ എത്രയോ എഴുത്തുകാർ ഇവിടെ വന്നുപോയി. കുഞ്ചൻ ഉത്സവത്തിന് അച്ഛൻ എന്നും എത്താറുണ്ടായിരുന്നു. അച്ഛൻ കവിതചൊല്ലുന്നത് അവിടെ വെച്ചാണ് ഞാൻ ആദ്യമായി കേട്ടത്.

ബാലാമണി കുടുംബത്തോടൊപ്പം
ബാലാമണി കുടുംബത്തോടൊപ്പം

പരിപാടി കഴിഞ്ഞപ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു, അച്ഛാ നാലീന്ന് ജയിച്ചു.
അച്ഛൻ കീശയിൽ നിന്ന് മിഠായി വാരിയെടുത്തു തന്നു. എന്നിട്ട് അമ്മയോട് പറഞ്ഞു, ഇവളെ സംസ്‌കൃതം പഠിപ്പിച്ചാൽ മതി.
അച്ഛൻ തന്ന മിഠായിയും വായിലിട്ടു അവിടങ്ങളിലാകെ അന്നു ഞാൻ ഓടിനടന്നു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് അമ്മ എന്നെ ലക്കിടിയിലെ ശങ്കര ഓറിയന്റൽ സ്‌കൂളിൽ ചേർന്നത്. അച്ഛൻ ചില കാലത്ത് അടുപ്പിച്ച് വീട്ടിൽ വന്നിരുന്നു, ചിലപ്പോൾ തീരെ വരാതെയുമിരുന്നു. അച്ഛനെപ്പറ്റി ഒരു വിവരവും ഇല്ലാതായപ്പോൾ ഒരു ദിവസം അമ്മ എന്നോട് പറഞ്ഞു, നമുക്ക് ഗുരുവായൂര് വരെ ഒന്നുപോകണം.

അമ്മയോടൊപ്പം അന്ന് ഗുരുവായൂരിലേക്ക് പോയി. എല്ലാം മലയാളമാസം ഒന്നാം തീയതിയും എവിടെയായിരുന്നാലും അച്ഛൻ ഗുരുവായൂരിലുണ്ടാകുമെന്ന് അമ്മയ്ക്കറിയാമായിരുന്നു. എല്ലാവരും ഗുരുവായൂരിൽ പോകുന്നത് ഗുരുവായൂരപ്പനെ തൊഴാൻ വേണ്ടിയാണ്. പക്ഷെ ഒരു കാലത്ത് അമ്മയും ഞാനും ഗുരുവായൂരിലേക്ക് ചെന്നിരുന്നത് അച്ഛനെ കാണാൻ വേണ്ടി മാത്രമായിരുന്നു. ഒരിക്കൽ ചെന്നപ്പോൾ അച്ഛൻ എനിക്കും ഒരു സമ്മാനം തന്നു. ഗുരുവായൂരപ്പന് ചാർത്തിയ തിരുമുടിമാലയും കളഭച്ചാർത്തും.

ഇതിനിടയിൽ വർഷങ്ങൾ പലതും കടന്നുപോയി. കവിയുടെ കാൽപ്പാടുകൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് അതിൽ അമ്മയെക്കുറിച്ചെഴുതിയ കാര്യങ്ങളെച്ചൊല്ലി അമ്മയ്ക്ക് വലിയ വിഷമമുണ്ടായി.
അമ്മ അച്ഛനോട് ചോദിച്ചു, ഇതിലെഴുതിയതൊക്കെ സത്യമോ?
അച്ഛൻ ഒന്നും പറഞ്ഞില്ല.
അച്ഛനും അമ്മയും തമ്മിൽ ഒരു കാലത്ത് ഇണങ്ങിയും മറ്റൊരിക്കൽ പിണങ്ങിയും കടന്നുപോയി. ഇവർക്കിടയിൽ പലതും കണ്ടും കേട്ടും അറിഞ്ഞും പലതും അറിയാതെയും എന്റെ ബാല്യകാലം കടന്നുപോയി.

അച്ഛൻ തൃശൂർ ജനറൽ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് എനിക്ക് പതിനേഴ്-പതിനെട്ടു വയസ്സായിരുന്നു. ഒരുദിവസം ഞാനും അമ്മയും അച്ഛനെ കാണാൻ ചെന്നു. അന്നാദ്യമായി അച്ഛൻ സ്‌നേഹത്തോടെ എന്നെ അടുത്തേക്കുവിളിച്ചു. ഞാൻ അച്ഛന്റെ അടുത്തിരുന്നു. അദ്ദേഹം എനിക്ക് ഒരു മധുരനാരങ്ങ പൊളിച്ച് കൈയിൽ തന്നു. ഞാൻ തിന്നു. അതിലൊരു പകുതി അച്ഛനും.
അന്നെന്നോട് പറഞ്ഞു, പത്താം ക്ലാസ് കഴിഞ്ഞില്ലേ. ട്രെയിനിങ്ങിന് പോകണം.
ഞാൻ തലയാട്ടി. അവിടെ നിന്നിറങ്ങുമ്പോൾ പണമായി കുറച്ച് നോട്ടുകളും ചില്ലറയുമൊക്കെ ഒരു കൈയിൽ വാരിയെടുത്ത് എനിക്ക് തന്നു. ഞാൻ അച്ഛന്റെ കാൽതൊട്ടു നമസ്‌കരിച്ചു. അച്ഛൻ എന്നെ അനുഗ്രഹിച്ചു.

ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി തിരുവനന്തപുരത്ത് എത്തിയശേഷം അച്ഛൻ എനിക്കൊരു കത്തയച്ചു, പഴയതുപോലെ ഇനിയധികം യാത്ര ചെയ്യാൻ വയ്യ. ഇനിയുള്ള കാലം നിന്റെ കൂടെ വന്ന് താമസിക്കണം എന്നുതോന്നുന്നു.
അച്ഛന്റെ കത്തു വന്നപ്പോൾ ഞാൻ സന്തോഷിച്ചു.
ഞാൻ സന്തോഷത്തോടെ മറുപടി എഴുതി, അച്ഛൻ വരണം. ഇനിയുള്ള കാലം ഇവിടെ താമസിച്ച്​ അച്ഛന് എഴുതാം. വരണം.
അതിനും അച്ഛൻ മറുപടി എഴുതി. രഥോത്സവത്തിന്റെ ചില കാര്യങ്ങൾ ചെയ്തു തീർത്താലുടൻ ലക്കിടിയിലേക്ക് വരുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു കത്തായിരുന്നു അത്. അച്ഛൻ പക്ഷെ വന്നില്ല. അച്ഛന് വരാൻ കഴിഞ്ഞില്ല.
ഞങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചുകഴിഞ്ഞിട്ട് തന്നെ അഞ്ചു പതിറ്റാണ്ടുകളായി. 2004-ൽ അമ്മയും ഓരോർമ മാത്രമായി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞാനോർക്കുന്നു, അച്ഛൻ പറഞ്ഞ വഴികളിലൂടെയാണ് ഞാൻ സഞ്ചരിച്ചത്. സംസ്‌കൃതം പഠിച്ചതും ട്രെയിനിങ് കഴിഞ്ഞതും അച്ഛൻ പറഞ്ഞതനുസരിച്ചായിരുന്നു. അങ്ങനെ പാലപ്പുറം മീറ്റ്‌ന ബേസിക് സീനിയർ സ്‌കൂളിൽ സംസ്‌കൃതം അധ്യാപികയായി. അച്ഛൻ അത്രമാത്രം സ്‌നേഹിച്ചിരുന്ന അതേ നിളാതീരത്ത് ഇന്നും ഞാനുണ്ട്. അച്ഛനും അമ്മയും കൂടെയില്ലാത്ത ഒരു ജീവിതവുമായി ഇവിടെ ജീവിക്കുന്നു.

ലക്കിടിയിൽനിന്ന് തിരുവില്വാമലയിലേക്ക് ഇന്ന് കടത്തുതോണികളില്ല. നിളയെത്തൊടാതെ പാലത്തിലൂടെ ആളുകൾ ലക്കിടി- തിരുവല്വാമല യാത്രചെയ്യുന്നു. കേരളീയ ഗ്രാമങ്ങൾക്കാകെയും സംഭവിച്ച മാറ്റം ലക്കിടിയിലും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ ഗ്രാമപ്രകൃതിയുടെ മണിമുറ്റത്ത് ചിതറിക്കിടക്കുന്ന ഓർമകളിൽ അച്ഛന്റെ ശബ്ദവും രൂപവുമുണ്ട്. അത് ഞാനറിയുന്നു, ജുബ്ബധരിച്ച് മുണ്ടുമിട്ട് കൈയിൽ ഒരു വാലൻ കുടയും നിലത്തൂന്നി ക്കൊണ്ട് വയൽവരമ്പിലൂടെ നടന്നുവരികയും തിരിച്ചുപോവുകയും ചെയ്യുന്ന അച്ഛനെ ഇന്നും ഞാൻ മനസ്സിൽ കാണുന്നു.

പി. കുഞ്ഞിരാമൻ നായർ കവിതയിൽ പകർത്തിവെച്ച തരുണലാവണ്യങ്ങൾ ഇവിടത്തെ ഗ്രാമപ്രകൃതിയിൽ മഞ്ഞായും മഴയായും ഇന്നും നിറഞ്ഞുനിൽക്കുന്നു. പുള്ളുവപ്പെൺകൊടി, സൗന്ദര്യപൂജ തുടങ്ങി അക്കാലത്തെഴുതിയ പല കവിതകളിലും അതിന്റെ അടയാളങ്ങൾ അനുഭവപ്പകിട്ടായി വെളിപ്പെടുകയും ചെയ്യുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments