കണ്ടോൺമെൻറ് ഹൗസിലെ സ്നാപ്പുകൾ
പി.യുടെ രചനകളിൽ കൂടുതൽ വായിക്കപ്പെട്ടത് ആത്മകഥയായ കവിയുടെ കാൽപ്പാടുകളാണ്. കാലമെത്ര കഴിഞ്ഞാലും ഇന്നും പി.യെ മലയാളികൾ പിന്തുടരുന്നതിന്റെ ഒരു കാരണം ഈ ആത്മകഥയാണ്. പിയുടെ കവിതകളും ആത്മകഥയും തമ്മിൽ ഗാഢബന്ധമുണ്ട്. പി.കവിതകൾക്ക് ഒരനുബന്ധമായി ആത്മകഥകൾ പലപ്പോഴും മാറുന്നു. മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും അനുകരിക്കാനാവാത്ത ഭാഷ ഈ പുസ്തകത്തിൽ പി. വിളക്കിച്ചേർത്തു. മറ്റാർക്കും തുറന്നു കാട്ടാനാവാത്തവിധം ജീവിതസത്യത്തെ കവി ഇതിലൂടെ വെളിപ്പെടുത്തി. കവിയുടെ കാൽപ്പാടുകൾക്കുപുറമേ നിത്യകന്യകയെത്തേടി, എന്നെത്തിരയുന്ന ഞാൻ എന്നിവ കവിജീവിതത്തിന്റെ ആത്മരേഖകളായി മാറി.
1970 ലാണ് പി., കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥയുടെ രചന ആരംഭിച്ചത്. എത്തിച്ചേർന്ന ലോഡ്ജുമുറികളിൽ വെച്ച് കവി ഓർമ്മയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കി. സ്വന്തം കാൽപ്പാടുകളിൽ വീണുകിടക്കുന്ന അനുഭവത്തിന്റെ നിഴലും നിലാവും പകർത്തിവെച്ചു. കോഴിക്കോട്ടെ ആര്യഭവനിലെ നാലു ചുമരുകൾക്കുള്ളിൽനിന്നാണ് അതിന് തുടക്കം കുറിച്ചത്. അവിടെവെച്ച് ആദ്യ നാലധ്യായങ്ങൾ പിറന്നുവീണു. പിന്നീട് എഴുപതുകളുടെ അവസാനത്തോടെ പാലക്കാട്ടെ അശോക ടൂറിസ്റ്റ് ഹോമിൽ വെച്ച് പിന്നീടുള്ള കുറച്ചു ഭാഗങ്ങളും കൂടി എഴുതിത്തീർത്തു. ഇതുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എം.ടി. വാസുദേവൻനായരുടെ അടുത്തെത്തി. ആത്മകഥയിലെ അധ്യായങ്ങൾ എം.ടി. വായിച്ചു. അദ്ദേഹം കവിയോട് പറഞ്ഞു, ‘പ്രസിദ്ധീകരിക്കാം. ബാക്കി കൂടി ഉടൻ തരണം.’
താത്ക്കാലിക ചുമതലയിലായ കരുണാകരൻ ഒപ്പുവയ്ക്കാതെ മാറ്റിവെച്ച ഫയലുകൾക്ക് നടുവിലായിരുന്നു മുഖ്യമന്ത്രി സി. അച്യുതമേനോൻ. അതുകൊണ്ടുതന്നെ ആരെയും കടത്തിവിടരുത് എന്ന നിർദേശമുണ്ടായിരുന്നു. കവി വന്നത് അവിടെ ആരും അറിഞ്ഞില്ല.
മാതൃഭൂമിക്കുവേണ്ടി ഓരോ അധ്യായത്തിന്റെയും പശ്ചാത്തലഭൂമികയിലൂടെ ഫോട്ടോഗ്രാഫർക്കൊപ്പം കവി സഞ്ചരിച്ചു. പ്രണയവും കവിതയും പൂത്ത സൗന്ദര്യതീരങ്ങളിലൂടെയുള്ള യാത്ര. പ്രണയഭംഗങ്ങളും തീരാവേദനകളും കണ്ണീരും തളംകെട്ടി നിന്ന വഴിത്താരകളിലൂടെ ഒരിക്കൽ കൂടി കവി സഞ്ചരിച്ചു. ഫോട്ടോഗ്രാഫർമാർ കവിയുടെ ജീവിതഭൂമികകളെ അനശ്വരതയിലേക്ക് പകർത്തിയെടുത്തു. 1971 ലെ ഒരു ദിവസം കവി ഇതു സംബന്ധിച്ച ആവശ്യത്തിന് തിരുവനന്തപുരത്ത് എത്തിച്ചേർന്നു. തന്റെ പ്രിയശിഷ്യനായ ഭരതനെ കണ്ടുമുട്ടി. അദ്ദേഹത്തോട് കവി പറഞ്ഞു, മുഖ്യമന്ത്രിയെ കാണണം, ഫോട്ടോ എടുക്കണം.
നീ കൂടെയുണ്ടാവില്ലേ?
ഭരതൻ പറഞ്ഞു, ഉണ്ടാകും. കവിയുടെ കൂടെ എന്നും ഉണ്ടായിട്ടുണ്ടല്ലോ.
എന്നുപോകാം? കവി ചോദിച്ചു.
കവിയെന്ന് തിരിച്ചുപോകും?, ഭരതൻ തിരിച്ചുചോദിച്ചു.
ഒരാഴ്ച ഇവിടെയുണ്ട്.
എങ്കിൽ ഞാൻ മുഖ്യമന്ത്രിയെ കാണാനുള്ള അപ്പോയിൻമെന്റിനെക്കുറിച്ച് അന്വേഷിക്കട്ടെ.
ഭരതൻ സി.പി.സത്രത്തിൽ നിന്ന് കവിയോട് യാത്ര പറഞ്ഞിറങ്ങി. പക്ഷെ പിന്നീട് നടന്നതെല്ലാം നാടകീയ സംഭവങ്ങളായിരുന്നു. കെ.കെ. ഭരതൻ അതേക്കുറിച്ച് ഓർക്കുന്നു.
അന്ന് മുഖ്യമന്ത്രി സി.അച്യുതമേനോനായിരുന്നു. കരുണാകരന് താത്കാലികമായ ഉത്തരവാദിത്തം നൽകി ചികിത്സയ്ക്കുവേണ്ടിയെടുത്ത അവധി കഴിഞ്ഞ് തിരിച്ചുവന്ന സമയം. ഔദ്യോഗികമായി അദ്ദേഹം അത്ര തിരക്കിലായിരുന്ന സമയം. ഒരുദിവസം കണ്ടോൺമെൻറ് ഹൗസിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഫോൺ വന്നു, എന്നെ അന്വേഷിച്ച്. എന്റെ സഹപ്രവർത്തകനായിരുന്ന യശോധരനാണ് വിളിച്ചത്. അദ്ദേഹം ആ സമയത്ത് മുഖ്യമന്ത്രിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്നു. വേവലാതിയോടെ യശോധരൻ എന്നോട് പറഞ്ഞു, നിന്റെ കവി സി.എമ്മിനെ കാണാൻ ഇവിടെ വന്നിരുന്നു, ഒടുവിൽ പിണങ്ങിപ്പോയി.
എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീടെല്ലാം മനസ്സിലാക്കിയശേഷം സത്രത്തിലേക്ക് ചെന്നു. കവി സത്രത്തിൽ വിഷാദമൂകനായി ഇരിക്കുന്നു. മേശമേൽ ഒരു ക്യാമറയുണ്ടായിരുന്നു.
ഞാൻ ചോദിച്ചു, എവിടെ പുതുതായി കിട്ടിയ കൂട്ടുകാരൻ.
കവി അത്ഭുതത്തോടെ എന്നെ മിഴിച്ചുനോക്കി. എന്നിട്ട് എണീറ്റുചെന്ന് വാതിലടച്ചു. ശബ്ദംതാഴ്ത്തി പറഞ്ഞു, അവനിപ്പോൾ പുറത്തിറങ്ങിയതാണ്. നീ കാര്യങ്ങളൊക്കെ അറിഞ്ഞോ?
ഞാൻ പറഞ്ഞു, എല്ലാം അറിഞ്ഞു.
കവി ജാള്യത്തോടെ എന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു, ‘നിന്നോട് പറയാതെ പോയതിൽ ഞാനനുഭവിക്കണം.’
അതുകേട്ടപ്പോൾ എനിക്കും ചിരി വന്നു.
കവി സംഭവിച്ചതെല്ലാം എന്നോട് വെളിപ്പെടുത്തി.
രാജേഷ് എന്നുപേരായ ഒരു ചെറുപ്പക്കാരനെ കഴിഞ്ഞദിവസം പരിചയപ്പെട്ടു. അച്യുതമേനോനെ കാണുന്ന കാര്യം ഞാൻ അവനോട് പറഞ്ഞു. അവൻ പറഞ്ഞു, ഞാൻ മുഖ്യമന്ത്രിയുടെ റിലേഷനാണെന്ന്.
അവൻ കുറച്ചുകഴിഞ്ഞ് ക്യാമറയുമായി വന്നു. ഞാൻ അവന്റെ കൂടെ ടാക്സിയിൽ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി. സെക്യൂരിറ്റി പറഞ്ഞതനുസരിച്ച് അവൻ ഒരു കടലാസിൽ പേരെഴുതിക്കൊടുത്തു. മണിക്കൂറുകളോളം അവിടെ നിന്നു. അവർ വിളിച്ചില്ല. ഞാൻ തിരിച്ചുപോന്നു.
ഞാൻ ചോദിച്ചു, അവൻ എന്താണ് എഴുതിക്കൊടുത്തത്?
അവന്റെ പേര്.
എനിക്ക് ചിരി വന്നു.
കവി മടങ്ങിപ്പോകുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും എഴുത്തുകാരനുമായ ടി.എൻ. ജയചന്ദ്രൻ യാദൃച്ഛികമായി കണ്ടു. എല്ലാവർക്കും കവി മടങ്ങിയതറിഞ്ഞ് വിഷമമായി.
യശോധരൻ പറഞ്ഞ കാര്യങ്ങൾ ഞാൻ കവിയെ ബോധിപ്പിച്ചു. താത്ക്കാലിക ചുമതലയിലായ കരുണാകരൻ ഒപ്പുവയ്ക്കാതെ മാറ്റിവെച്ച ഫയലുകൾക്ക് നടുവിലായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ആരെയും കടത്തിവിടരുത് എന്ന നിർദേശമുണ്ടായിരുന്നു. കവി വന്നത് അവിടെ ആരും അറിഞ്ഞില്ല. കടലാസിൽ രാജേഷ് എന്നെഴുതിയതുകൊണ്ടാണ് വിളിക്കാതിരുന്നത്.
കവി സമാധാനത്തോടെ പറഞ്ഞു, ഓഹോ! അങ്ങനെയായിരുന്നു അല്ലേ?
ഞാൻ പറഞ്ഞു, അതെ, മന്ത്രിയുടെ റിലേഷൻ ആണ് പ്രശ്നമുണ്ടാക്കിയത്.
കവി മടങ്ങിപ്പോകുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും എഴുത്തുകാരനുമായ ടി.എൻ. ജയചന്ദ്രൻ യാദൃച്ഛികമായി കണ്ടു. എല്ലാവർക്കും കവി മടങ്ങിയതറിഞ്ഞ് വിഷമമായി.
കാർമേഘങ്ങൾമാറി കവിയുടെ മുഖം പ്രസാദപൂർണമായി.
നിന്നോടവർ അങ്ങനെ പറഞ്ഞുവോ? കവി ചോദിച്ചു.
പറഞ്ഞു.
എന്നിട്ട് മുഖ്യമന്ത്രി എന്തുപറഞ്ഞു?.
കവിക്ക് സൗകര്യമുള്ള ഏതുസമയത്തും വന്നോട്ടെ എന്നാണ് പറഞ്ഞത്.
അപ്പോ, നമ്മളെപ്പോ പോകും?
നാളെ രാവിലെ പത്തുമണിക്ക്. ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് സത്രംമുറിയിലെ മൂലയിൽ പൊട്ടിയ പുതിയ ഒരു ചാരുകസേര കണ്ടത്.
ഞാൻ ചോദിച്ചു, ഇതേതാ പുതിയൊരു കസേര? അത് പൊട്ടിയും പോയോ?
ഞാൻ ആകാംക്ഷയോടെ അത് ചോദിച്ചപ്പോൾ കവി പുറംതിരിഞ്ഞുനിന്നു. എന്നിട്ട് ജുബ്ബ പൊന്തിച്ച് പുറത്തുപറ്റിയ പരിക്കിന്റെ അടയാളം കാണിച്ചുതന്നു.
ഞാൻ ചോദിച്ചു, അയ്യോ വീണോ?
കവി കുട്ടിയെപ്പോലെ പറഞ്ഞു, വീണു.
കവി നിലംപൊത്തിവീണ കഥയിൽ നിന്ന് വീഴ്ചയ്ക്കിടയാക്കിയ അതിന്റെ മറുപുറം കൂടി എന്നോടു പറഞ്ഞു. കഴിഞ്ഞദിവസം റോഡരികിൽനിന്ന് വാങ്ങിയതാണിത്. മഞ്ഞച്ചായം തേച്ച പടുമരം പ്ലാവാണെന്ന് പറഞ്ഞത് വിശ്വസിച്ചു. വില പറഞ്ഞ് സാധനം ഓട്ടോറിക്ഷാ കൂലികൊടുത്ത് ഇവിടെ എത്തിച്ചു. ചാരിയിരുന്ന് സ്വസ്ഥമായി എഴുതാനും വായിക്കാനും സൗകര്യമാവുമെന്നാണ് വിചാരിച്ചത്. ഒരിക്കലേ ഇരുന്നുള്ളൂ. കസേര പൊട്ടിത്തകർന്ന് താഴെ. രണ്ടും കാതലില്ലാത്ത പടുമരങ്ങൾ. അതും പറഞ്ഞ് കവി ചിരിച്ചു. സി.പി.സത്രത്തിലെ കോവണികളിറങ്ങി ഞാൻ വീട്ടിലേക്ക് നടന്നു. മനോരമയിലെ ഫോട്ടോഗ്രാഫർ വർഗീസിനെ വിളിച്ചു പറഞ്ഞു, നാളെ രാവിലെ കണ്ടോൺമെൻറ് ഹൗസിൽ ചെന്ന് പി.യുടെയും അച്യുതമേനോന്റെയും പടമെടുക്കണം.
വർഗീസ് പറഞ്ഞു, അയ്യോ ഭരതാ, ക്യാമറ കേടുവന്ന് നന്നാക്കാൻ കൊടുത്തിരിക്കുകയാണ്.
എന്തൊക്കെയായാലും നാളെ രാവിലെ കേടുതീർത്ത് വരണം, അത്രമാത്രമേ പറഞ്ഞുള്ളൂ.
ജീവിതത്തിലെ അപൂർവനിമിഷം പകർത്തിവയ്ക്കാൻ എന്നും ഇഷ്ടപ്പെടുന്ന വർഗീസ് ക്യാമറയുമായി പിറ്റേന്ന് രാവിലെത്തന്നെ എത്തി.
അച്യുതമേനോൻ തിരക്കുകളെല്ലാം മാറ്റിവെച്ച് കവിയോടൊപ്പം നിന്നു. ടി.എൻ.ജയചന്ദ്രനും യശോധരനും ഞാനും അതിന് സാക്ഷിയായി നിന്നു. കണ്ടോൺമെൻറ് ഹൗസിലെ മരച്ചുവട്ടിൽ നിന്ന് വർഗീസ് അവരുടെ ചിത്രങ്ങൾ പകർത്തി.
എല്ലാ കഴിഞ്ഞ് ടാക്സിയിൽ മടങ്ങുമ്പോൾ ഞാൻ കവിയോട് ചോദിച്ചു, യഥാർത്ഥത്തിൽ ആ പയ്യൻ ആരായിരുന്നു. കവിയുടെ ബന്ധുവോ? അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ബന്ധുവോ?
കവി ചിരിച്ച് അതിന് മറുപടി പറഞ്ഞു, ഇതുരണ്ടുമല്ല. റിലേഷനാണെന്നാ പറഞ്ഞത്. റിലേഷൻ, മനസ്സിലായോ?
ജുബ്ബയിലെ മിഠായി മധുരം നുണഞ്ഞ് കവി തന്റെ ജീവിതവഴിയിലെ കയ്പ് അത്രയും മൂടിവെച്ച് പിന്നെയും നടന്നു. കവിത പ്രസിദ്ധീകരിക്കാൻ പല വാതിലുകളും മുട്ടി. ഒടുവിൽ ആരോ പറഞ്ഞു, സംസ്ഥാന- കേന്ദ്ര ഗവൺമെന്റുകൾ പണം തരും. അപേക്ഷ കൊടുക്കണം.
ടിക്കറ്റ് കൈമോശം വന്ന ഒരു കക്ഷി
കൊല്ലങ്കോട്ടുനിന്ന് വിരമിച്ചശേഷം കവിയുടെ മാനസികാകാശം ഒന്നുകൂടി സ്വതന്ത്രമായി. രണ്ടു ലക്ഷ്യങ്ങൾ ഇക്കാലത്ത് കവിക്കുണ്ടായിരുന്നു. അതിലൊന്ന് തന്റെ കവിതകളുടെ അനുബന്ധം എന്നു പറയാവുന്ന ആത്മകഥാരചന എഴുതി പൂർത്തിയാക്കുക. രണ്ടാമത്തേത് പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്ന കവിതകൾ കണ്ടെത്തി അവ ചേർത്തുവെച്ച് സമ്പൂർണ കവിതാസമാഹാരമിറക്കുക.
1967 ൽ കൊല്ലങ്കോട്ട് നിന്ന് വിരമിച്ചെങ്കിലും എഴുപതുകളിലാണ് ഈ രണ്ട് ലക്ഷ്യങ്ങളിലേക്കും കവി നടന്നടുത്തത്. 1970ൽ മലയാള മനോരമ പറഞ്ഞു, കവിയുടെ ആത്മകഥ ഞങ്ങൾക്കുവേണം. കോട്ടയത്ത് താമസിച്ച് കവി എഴുതി. നിത്യകന്യകയെത്തേടി എന്ന ആദ്യത്തെ ആത്മകഥ. ആഴ്ചകളോളം അത് അച്ചടിച്ചു വന്നു. പക്ഷേ ഇടക്കുവെച്ച് പല കാരണങ്ങളാലും അത് നിന്നു. രണ്ടാമത്തെ ആത്മകഥ കവിയുടെ കാൽപ്പാടുകൾ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലും എന്നെത്തിരയുന്ന ഞാൻ എന്ന മൂന്നാമത്തെ രചന കുങ്കുമം ആഴ്ചപ്പതിപ്പിലും പ്രകാശിതമായി.
സ്വന്തം കവിത പ്രസാധനം ചെയ്യുക എന്ന ആഗ്രഹം മനസ്സിലിട്ട് കവി അതിന് വഴികളന്വേഷിച്ചു. പ്രസ്സുകാർ മുൻകൂറായി പതിനായിരങ്ങൾ ആവശ്യപ്പെട്ടു. കവി ഒഴിഞ്ഞ മടശ്ശീല കാണിച്ചുകൊടുത്തു. വാതിലുകളടഞ്ഞു. ജുബ്ബയിലെ മിഠായി മധുരം നുണഞ്ഞ് കവി തന്റെ ജീവിതവഴിയിലെ കയ്പ് അത്രയും മൂടിവെച്ച് പിന്നെയും നടന്നു. പല വാതിലുകളും മുട്ടി. ഒടുവിൽ ആരോ പറഞ്ഞു, സംസ്ഥാന- കേന്ദ്ര ഗവൺമെന്റുകൾ പണം തരും. അപേക്ഷ കൊടുക്കണം.
തേടിയ വള്ളി കാലിൽ ചുറ്റി. സ്വതന്ത്ര ഇന്ത്യയിലെ ഗവൺമെൻറ് പുസ്തകം പ്രസിദ്ധീകരിക്കാൻ പണം തരുമെന്ന വാർത്ത കേട്ട് കവി തിരുവനന്തപുരത്ത് ബസിറങ്ങി. സി.പി. സത്രത്തിൽ തങ്ങി.
കവി വന്നതറിഞ്ഞ് ഭരതൻ വൈകീട്ട് സി.പി. സത്രത്തിലെത്തി.
കവി പറഞ്ഞു, പുസ്തകം പ്രസിദ്ധീകരിക്കാൻ ഗവൺമെൻറ് ധനസഹായം നൽകുന്ന ഒരു സമ്പ്രദായമുണ്ട്. നിനക്കതറിയുമോ? നീയതൊന്നു ശരിയാക്കിത്തരണം.
ഭരതൻ, കവി പറഞ്ഞകാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു.
വിദ്യാഭ്യാസവകുപ്പ് അഡിഷണൽ സെക്രട്ടറി ഭാസ്‌കരൻ നായർ പറഞ്ഞു, കേരള സർക്കാറിന്റെ ശുപാർശപ്രകാരം കേന്ദ്രത്തിലേക്ക്
അപേക്ഷ പോകണം.
അദ്ദേഹം ഭരതനോട് ചോദിച്ചു, ഇതാർക്കുവേണ്ടി?
കവി പി.കുഞ്ഞിരാമൻ നായർക്ക്.
ഭാസ്‌കരൻ നായർ കവിയുടെ ആരാധകനായിരുന്നു.
ശുപാർശപോകേണ്ടത് സെക്രട്ടറി ടു ഗവൺമെൻറ് വഴിയാണ്, എജുക്കേഷൻ സെക്രട്ടറിയെ കാണാൻ അദ്ദേഹം നിർദേശിച്ചു.
ഭരതൻ കവിയുടെ മുറിയിലെത്തി കാര്യങ്ങളെല്ലാം അറിയിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാൻ ധനസഹായം തേടി കവിയോടൊപ്പം സഞ്ചരിച്ചതിന്റെ സംഭവബഹുലമായ ഓർമകൾ കെ.കെ. ഭരതൻ പങ്കുവെയ്ക്കുന്നു:
കവി ചോദിച്ചു, ഈ സെക്രട്ടറിയെ തനിക്കറിയുമോ?
അറിയാമെന്ന് ഞാൻ.
എന്നാ നീയും എന്റെ കൂടെ വരണം.
ഞാൻ വരണോ?
അതെന്താ, അങ്ങനെയൊരു സംശയം?
അല്ല, അച്യുതമേനോന്റെ വീട്ടിൽ പോയതുപോലെ അടുത്ത റിലേഷനിലുള്ള ആരെയെങ്കിലും കവി കണ്ടുവെച്ചിട്ടുണ്ടോ എന്നറിയാൻ ചോദിച്ചതാ.
വല്ലാത്തൊരു പഹയൻ. ഒരു കാലത്ത് നിന്നെ ഞാൻ പഠിപ്പിച്ചു. നല്ലപോലെ പഠിപ്പിക്കാത്തതുകൊണ്ട് നീ നന്നായി പഠിച്ചു. ഇന്ന് ആ നീയെന്നെ പാഠം പഠിപ്പിക്കുന്നു.
അതുകേട്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി. കൂടാളി സ്‌കൂളിലെ ആ പഴയകാലം ഒരുനിമിഷം മനസ്സിലേക്കുവന്നു. ജുബ്ബയും മേൽവേഷ്ടിയുമായി വരാന്തയിലൂടെ നടന്നുപോകുന്ന കവിമാഷ്. ക്ലാസിൽ വന്ന് ദിവാസ്വപ്നത്തിൽ മുങ്ങിയമർന്നുപോയ കവിമാഷ്. എത്രയോ കുട്ടികളുടെ നാവിൽ മിഠായി മധുരം പകർന്നുകൊടുത്ത സ്നേഹനിധിയായ സ്വന്തം കവിമാഷ്. സ്‌കൂൾ വാർഷികം നടക്കുന്ന സമയത്ത് ആരും കാണാതെ ദൂരെയേതോ കോണിൽ മറഞ്ഞിരുന്ന് സ്റ്റേജിലേക്ക് നോക്കിക്കൊണ്ടിരുന്ന കവിമാഷ്. ഓർക്കാൻ അദ്ദേഹം ഒരുപാട് ഓർമകൾ തന്നു.
കവിയെ കൂട്ടി മറ്റൊരിക്കൽ വിദ്യാഭ്യാസ സെക്രട്ടറി സക്കറിയ മാത്യുവിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം എഴുന്നേറ്റുനിന്ന് കവിയെ സ്വീകരിച്ചിരുത്തി. തിരികെ മടങ്ങുമ്പോൾ കവിയെന്നോട് അത്ഭുതത്തോടെ പറഞ്ഞു, ഇതിനകത്തും മനുഷ്യരുണ്ട് അല്ലേ?
വാർഷികപരിപാടി നടക്കുമ്പോൾ ഉദ്ഘാടകൻ പറഞ്ഞു, പി.കുഞ്ഞിരാമൻ നായർ പഠിപ്പിക്കുന്ന സ്‌കൂളിൽ വരാൻ കഴിഞ്ഞത് മഹാഭാഗ്യം. കവിയെ കാണാമെന്ന് മോഹിച്ച് ഇവിടെ വന്നു. പക്ഷേ നിർഭാഗ്യവശാൽ കവിയെ ഇവിടെയെങ്ങും കണ്ടില്ല. കുട്ടികളെ നിങ്ങളുടെ പ്രിയപ്പെട്ട കവിയെവിടെ? എല്ലാ കണ്ണുകളും ചുറ്റിലും പരതി. അധ്യാപകർ കാതിൽ കാതിൽ പറഞ്ഞു.
കവി തൂണിനുപിറകിൽ പൂർണമായും മറഞ്ഞുനിന്നു.
കുട്ടികളെപ്പോലെ കവി ക്ലാസുമുറികളിൽ കണ്ണുപൊത്തിക്കളിച്ചു.
ഇതൊന്നും അറിയാതെ, കവിയെ കാണാതെ ഉദ്ഘാടകൻ തിരിച്ചുപോയി.
കവി കടന്നുപോയ മുഹൂർത്തങ്ങളെല്ലാം മാഞ്ഞുപോകാത്ത ഓർമകളായി മനസ്സിനുള്ളിൽ പലപ്പോഴായി തെളിഞ്ഞുവരുന്നു.
കവി പറഞ്ഞതുപ്രകാരം രണ്ടാംശനിയാഴ്ച ദിവസം തമ്പാന്നൂരിൽ നിന്ന് ടാക്സി പിടിച്ചു.
കാർ ജവഹർ നഗറിലെത്തി. വിദ്യാഭ്യാസ സെക്രട്ടറി ശങ്കരനാരായണന്റെ വീട് അവിടെയാണ്. കാറിറങ്ങി വരുന്ന കവിയെ അദ്ദേഹം കണ്ടു. മുറ്റത്തേക്കിറങ്ങി വന്ന് അദ്ദേഹം ഡ്രൈവറോട് പറഞ്ഞു, കാറ് വിട്ടോളൂ. കവിയോട് കുറച്ച് സംസാരിക്കാനുണ്ട്.
അവിടത്തെ കുട്ടികൾ അങ്കിൾ എന്നുവിളിച്ച് എന്റെ അടുത്തേക്ക് വന്നു. അതുകണ്ട് എന്നെ പിടിച്ചമർത്തിക്കൊണ്ടു കവി ചോദിച്ചു, ഇവിടത്തെ കുട്ടികൾക്കും നിന്നെ പരിചയമോ?
ഇതിനുമുമ്പ് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട്. അതിന്റെ ഓർമയിലാണ് കുട്ടികളുടെ അങ്കിൾ വിളി.
അതോർത്ത് ഞാൻ ഉള്ളിൽ ചിരിച്ചു.
ശങ്കരനാരായണൻ ഞങ്ങളെ അദ്ദേഹത്തിന്റെ സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി. കവിയെ അടുത്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പുസ്തക അലമാരയിൽ നിന്ന് എം.ടി വാസുദേവൻ നായരുടെ ഒരു പുസ്തകത്തിന്റെ തമിഴ് വിവർത്തനത്തിന്റെ കോപ്പി കവിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, ഞാൻ ചെയ്തതാണ്. കവി അത് തിരിച്ചുമറിച്ചും നോക്കി. സെക്രട്ടറിയേറ്റിലെ മുകൾത്തട്ടിലുള്ള ഒരു ഓഫീസറുടെ സ്നേഹപൂർവ്വമായ പെരുമാറ്റം ഞാൻ അത്രയേറെ ഇഷ്ടത്തോടെ ആസ്വദിച്ചുകൊണ്ടിരുന്നു.
പക്ഷെ കവി യഥാർത്ഥത്തിൽ ശ്വാസംമുട്ടി നിൽക്കുകയായിരുന്നു.
അവസരം കിട്ടുമ്പോഴെല്ലാം എന്നെ ഓർമിപ്പിച്ചു, നീ കാര്യം പറ.
ഞാനാകട്ടെ അദ്ദേഹം ചോദിക്കുംവരെ കാത്തിരിക്കാൻ തയ്യാറായിരുന്നു.
പക്ഷേ അതിനിടയിൽ കോഴിക്കോട് സർവ്വകലാശാല സ്പെഷ്യൽ ഓഫീസർ കെ.സി. ചാക്കോ കയറിവന്നു.
അദ്ദേഹം മറ്റൊരു സീറ്റിലിരുന്നു.
കവി എഴുന്നേറ്റു.
കെ.സി. ചാക്കോ പറഞ്ഞു, കവിയിരിക്കണം. ഞങ്ങൾക്ക് സ്വകാര്യമൊന്നുമില്ല, ഞാൻ അഞ്ചുമിനിട്ടുകൊണ്ട് തിരിച്ചുപോകും.
കവിയിരുന്നില്ല. പുറത്തേക്ക് നടന്നു. ഞാനും കവിയോടൊപ്പം നടന്നു. കവി ബീഡിക്ക് തീകൊളുത്തി എന്നോടുചോദിച്ചു, ഇപ്പോൾ വന്ന ആളാരാണ്?
സർവകലാശാലയുടെ സ്പെഷ്യൽ ഓഫീസർ.
നല്ല മാസപ്പടിയായിരിക്കും അല്ലേ?
അതെ.
സർക്കാർ ആപ്പീസിലെ ഫയലുകളൊക്കെ വൈകുന്നതിൽ കവിക്ക് എപ്പോഴും അമർഷമുണ്ടായിരുന്നു.
ഒരിക്കൽ സെക്രട്ടറിയേറ്റിൽ വന്നപ്പോൾ കവി എന്നോട് പറഞ്ഞു, സർക്കാർ ഓഫീസിലെ ഫയൽ നീങ്ങാൻ എപ്പോഴും കാലതാമസം. എന്താ അതിന് പറയാ?
ഞാൻ പറഞ്ഞു, ഡിലേ.
ദലേ. എന്തുകൊണ്ടാണ് ഈ ദലേ വരുന്നതെന്ന് തനിക്കറിയ്യ്യോ?
കവി ഗൗരവത്തിലാണ്. അതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കേട്ടിരുന്നു.
ചമഞ്ഞ് പിടിച്ച് ആണും പെണ്ണും പത്രാസിൽ ഇവിടെ വന്നിരിക്കും. ഒന്നിനും പണിയറിയില്ല. എന്നാൽ അറിയുന്നവരോട് അത് ചോദിച്ചുമനസ്സിലാക്കാൻ നോക്കുമോ? അതുമില്ല. ഇതിന് മലയാളത്തിലൊരു വാക്കുണ്ട്. തനി
ക്കറിയാമോ?
ഞാൻ ആ വാക്കറിയാതെ കവിയുടെ മുന്നിൽ നിന്നു. കവി എന്നോട് ഒരിക്കൽ കൂടി ചോദിച്ചു, അറിയോ?
ഞാൻ ഇല്ല എന്ന് മറുപടി പറഞ്ഞു.
കവി പറഞ്ഞു, അതിന് പറയുന്ന പേരാണ് നാമൂസ്സ്.
അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. കവി ഗൗരവം വിടാതെ എന്റെ മുഖത്തേക്കുതന്നെ നോക്കി ഉള്ളിൽ ചിരിക്കുകയും ചെയ്തു.
കവിയെ കൂട്ടി മറ്റൊരിക്കൽ വിദ്യാഭ്യാസ സെക്രട്ടറി സക്കറിയ മാത്യുവിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം എഴുന്നേറ്റുനിന്ന് കവിയെ സ്വീകരിച്ചിരുത്തി. തിരികെ മടങ്ങുമ്പോൾ കവിയെന്നോട് അത്ഭുതത്തോടെ പറഞ്ഞു, ഇതിനകത്തും മനുഷ്യരുണ്ട് അല്ലേ?
ഞാൻ പറഞ്ഞു, കവിമാഷ് പറയാറുള്ള നാമൂസ്സുള്ള ആളുകളും
ഇതുപോലത്തെ മനുഷ്യരും ഇവിടെയുണ്ട്.
അശാന്തനായി വന്ന് കവി അന്ന് ശാന്തനായി സെക്രട്ടറിയേറ്റിൽ നിന്ന് തിരിച്ചുപോയി.
സ്പെഷ്യൽ ഓഫീസർ പോയശേഷം ശങ്കരനാരായണൻ സാർ ചോദിച്ചു,
വന്ന കാര്യം പറഞ്ഞില്ല.
കവി അത് പറയാൻ വെമ്പി നിൽക്കുകയായിരുന്നു. അതുകൊണ്ട് ഒറ്റവീർപ്പിൽ കവിയത് പറഞ്ഞു, ഞാൻ ടിക്കറ്റ് എടുത്തൊരു കക്ഷിയാണ്. ടിക്കറ്റ് കൈമോശംവന്നുപോയി. ഇനി എത്തേണ്ടിടത്ത് എത്താൻ സഹായിക്കണം.
എന്താണ് കവി പറഞ്ഞതെന്ന് ശങ്കരനാരായണൻ സാറിന് മനസ്സിലായില്ല. കവി വന്ന കാറ് നേരത്തെ പറഞ്ഞുവിട്ട കാര്യമാണോ പറയുന്നത് എന്നദ്ദേഹം വിചാരിച്ചുകാണും. അദ്ദേഹത്തിന്റെ മുഖഭാവം കണ്ട ഞാൻ പച്ചമലയാളത്തിൽ കാര്യം പറഞ്ഞു, പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രത്തിന്റെ ധനസഹാ
യത്തിന് സംസ്ഥാനസർക്കാറിന്റെ ശുപാർശ വേണം. അദ്ദേഹത്തിന് സംഗതി മനസ്സിലായി. അദ്ദേഹം കവിയോട് പറഞ്ഞു, കവി അതോർത്ത് വിഷമിക്കണ്ട. ടിക്കറ്റെടുത്ത് നിൽക്കുന്ന കവിയെ ഞാൻ എത്തേണ്ടിടത്ത് എത്തിക്കും.
കവിയും ഞാനും സന്തോഷത്തോടെ അവിടെ നിന്നിറങ്ങി. യാത്രപറഞ്ഞിറങ്ങാൻ നേരം ശങ്കരനാരായണൻ സാർ പറഞ്ഞു, നിൽക്കൂ. എന്റെ കാറിൽ കൊണ്ടുവിടാം.
വണ്ടിയിൽ കയറിക്കോളൂ.
ഡൽഹിയിലേക്ക് കത്തുപോയി. പതിനായിരം രൂപ കവിയുടെ പേരിൽ വന്നു. കൈപ്പറ്റി. പതിവുപോലെ പതിനായിരവും കവിയുടെ കയ്യിൽനിന്ന് ഏതോ കാറ്റിൽ പറന്നുപോയി. പുസ്തകം തയ്യാറാക്കി കോപ്പി അയച്ചുകൊടുക്കാനുള്ള സമയപരിധി കഴിഞ്ഞു.
കവി കാറിൽ കയറുന്നില്ല.
കവി പറഞ്ഞു, കാറ് വേറെയുണ്ട്. കാറ് വരും.
കവിയെ ഞാനൊന്ന് ദയനീയമായി നോക്കി. മനസ്സിൽ ഞാൻ പറഞ്ഞു, ഹേ കവീ. ഞാൻ വിളിച്ചു പറഞ്ഞാലല്ലാതെ കാറെങ്ങനെ വരും?
കവി മുന്നോട്ട് നടന്നു. ഞാൻ ശങ്കരനാരായണൻ സാർ പറഞ്ഞതുകേട്ട് അനുസരണയോടെ അവിടെത്തന്നെ നിന്നു. അതിനിടയിൽ ഡ്രൈവർ കാർ സ്റ്റാർട്ടാക്കി എന്റെ മുമ്പിൽ നിർത്തി. ഞാൻ കാറിൽ കയറി. കവി തിരിഞ്ഞുനോക്കാതെ മുന്നോട്ടുതന്നെ നടക്കുകയാണ്. കാർ നീങ്ങി. കവി കയറുമോ ഇല്ലയോ? ആശങ്കകളോടെ ഞാനിരുന്നു. ഡ്രൈവർ കവിയുടെ മുന്നിൽ ചെന്ന് കാർ നിർത്തി. ഞാൻ വാതിൽ തുറന്നുകൊടുത്തു. കവി എന്നെ നോക്കി ഒന്നു ചിരിച്ചു, എന്നിട്ട് കയറി.
വിദ്യാഭ്യാസ സെക്രട്ടറിയുടെ സ്വന്തം കാറിൽ ആദ്യമായാണ് യാത്ര ചെയ്യുന്നത്. കാറിന്റെ മുൻസീറ്റിലിരുന്ന് തലപുറത്തേക്കിട്ടും ഇടവും വലവും നോക്കിയും പത്രാസോടെ കാറിൽ ഞാനിരുന്നു.
ഇറങ്ങാൻ നേരം പിറകിലെ സീറ്റിൽ നിന്ന് ഒരു കൈ ഡ്രൈവറുടെ ഇടതുവശത്തേക്ക് നീണ്ടു. കയ്യിൽ പത്തു രൂപയുടെ നോട്ട് ചുരുട്ടിപ്പിടിച്ച് കവി ഡ്രൈവർക്കുനേരെ നീട്ടി. ഡ്രൈവർ അമ്പരപ്പോടും അത്ഭുതത്തോടും കവിയെ നോക്കി. അന്നത്തെ ടാക്സി ചാർജിനേക്കാൾ വലിയ തുകയായിരുന്നു അത്. അയാൾ ഭയത്തോടെ വേണ്ടെന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു, വാങ്ങിക്കോളൂ.
അയാൾ മടിയോടെ അത് വാങ്ങി.
ധനസഹായത്തിനുള്ള ശുപാർശ ശരിയായി. ഇനി അതിന്റെ അപേക്ഷയും കാര്യങ്ങളും ശരിയാക്കണം. മാത്യു. എം. കുഴിവേലിയെ കണ്ടു. അതുവഴി ഉമയനെല്ലൂർ ബാലകൃഷ്ണപ്പിള്ളയെ കണ്ടു. ഡൽഹിയിലേക്ക് കത്തുപോയി.
പതിനായിരം രൂപ കവിയുടെ പേരിൽ വന്നു. കൈപ്പറ്റി. പതിവുപോലെ പതിനായിരവും കവിയുടെ കയ്യിൽനിന്ന് ഏതോ കാറ്റിൽ പറന്നുപോയി. പുസ്തകം തയ്യാറാക്കി കോപ്പി അയച്ചുകൊടുക്കാനുള്ള സമയപരിധി കഴിഞ്ഞു.
ഡൽഹിയിൽ നിന്ന് റിമൈന്റർ വന്നു. കാര്യം പറഞ്ഞപ്പോൾ കവി ഒപ്പിട്ട് രണ്ടുമൂന്ന് വെള്ളക്കടലാസ് കയ്യിൽതന്നിട്ട് പറഞ്ഞു, നിനക്കു തോന്നുന്ന കാരണങ്ങൾ പറഞ്ഞ് സാവകാശം ചോദിക്കണം. എന്നെക്കാത്തിരിക്കണ്ട. എന്നോട് ചോദിക്കണ്ട. നീ അയക്കണം.
സാവകാശം ചോദിച്ച് ഞാൻ മറുപടി അയച്ചു, റിമൈന്റർ പിന്നെയും വന്നു, ഒന്നല്ല നാലു തവണ.
ഭാസ്‌കരൻ നായർ ചോദിച്ചു, ഭരതാ നിന്റെ കവി പുസ്തകമിറക്കിയിട്ടില്ല. എന്തുചെയ്യും?
കവി വന്നപ്പോൾ ഞാൻ പറഞ്ഞു, ഇനി എക്സ്റ്റൻഷൻ കിട്ടില്ല. പുസ്തകമിറക്കണം. ഗവൺമെൻറ് കാര്യങ്ങൾ അതിന്റെ മുറയ്ക്ക് ചെയ്യണം. ഇല്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.
കവി പറഞ്ഞു, രണ്ടുമാസത്തെ കാലാവധി കൂടി എഴുതി ചോദിക്കൂ.
ഞാൻ പറഞ്ഞു, ഇനി ഒരു കാരണവും എഴുതാനില്ല.
കവി ഒട്ടും സങ്കോചമില്ലാതെ എന്നോട് ചോദിച്ചു, പറയാൻ കാരണമില്ലേ?
ഇല്ല.
എടോ ഇതു കേരളമല്ലേ?
ഞാൻ കാര്യം മനസ്സിലാകാതെ കവിയോട് ചോദിച്ചു, അതുകൊണ്ട്?
അതുകൊണ്ടെന്താ. അച്ചടിക്കുന്ന പ്രസ്സിൽ തൊഴിൽ സമരം എന്നെഴുതൂ.
ഞാൻ കവിയെ ഒന്നു തുറിച്ചു നോക്കി.
മനസ്സിലായില്ലേ? അച്ചടിക്കുന്ന പ്രസ്സിൽ തൊഴിൽ സമരം.
എനിക്ക് ചിരിയും സങ്കടവും വന്നു.
വായകൊണ്ട് എന്തും പറഞ്ഞൊപ്പിക്കും. പക്ഷെ ജീവിതത്തിലെ ചെറിയൊരു പ്രഹരം പോലും താങ്ങാനാവാത്ത മനസ്സ്.
ഒരു തവണകൂടി കവി പറഞ്ഞ കാരണം നിരത്തി ഡൽഹിയിലേക്ക് എഴുതി.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അച്ചടിക്കാൻ പോകുന്ന സമാഹാരത്തിന്റെ കയ്യെഴുത്ത് പ്രതിയുമായി കവി എന്റെ അടുത്തേക്ക് വന്നു. തോൾസഞ്ചിയിൽ നിന്ന് അതെടുത്ത് കാണിച്ചു തന്നു. അതുമായി കവി നേരെ പോയത് കാസർക്കോട്ടേക്കായിരുന്നു. അവിടെ ചെന്ന് സുഹൃത്ത് കെ.എം. അഹമ്മദിനെ കണ്ടു. സമ്പന്നനായ കെ.എസ്. അബ്ദുള്ള സഹായിച്ചു. പുസ്തകം തയ്യാറായി,
പുസ്തകത്തിന്റെ കോപ്പി കയ്യിൽത്തന്നു.
വകുപ്പിൽ നിന്ന് പുസ്തകത്തിന്റെ കോപ്പിയും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ഡൽഹിക്കയച്ചു. അങ്ങനെ ആശങ്കയുടെ അമാവാസിദിവസങ്ങൾ ഒഴിഞ്ഞുപോയി.
പി.യുടെ വസന്തപൗർണ്ണമി പ്രകാശനത്തോടെ കവിമാഷ് ഒരു വലിയ ഭാരം ഇറക്കിവെച്ചു. അതിനുവേണ്ടി കൂട്ടുനിന്നവരൊക്കെയും അന്ന് ആശ്വസിച്ചു. എല്ലാവരും മനസ്സിൽ പറഞ്ഞത് ഇതായിരുന്നു, ഹാവു. സമാധാനമായി. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.