പി. കുഞ്ഞിരാമൻ നായർ

‘കവിയുടെ കാൽപ്പാടുകൾ’ തിരുത്തിയ
​രണ്ട്​ എഴുത്തുകാർ

പുനലൂർ ബാലനും നാരായണക്കുറുപ്പും പേന കയ്യിലെടുത്തു പിടിച്ച്​ വരികൾക്കിടയിലൂടെ കണ്ണുകൾ പായിച്ചു. കവി ഉറക്കമൊഴിച്ചിരുന്ന്​ എഴുതിയ പല വരികൾക്കും മീതെ അവരുടെ പേന പാഞ്ഞുപോയി. വെട്ടിയതിന്റെ മുകളിൽ പകരം അവരുടേതായ വരികൾ തെളിഞ്ഞുവന്നു. ഖണ്ഡശഃ പുറത്തുവന്നുകൊണ്ടിരിക്കുന്ന പി.യുടെ ആത്മകഥയിൽ ഒരു ഉളിക്കൊത്ത് വരുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവർ.

തിരുവനന്തപുരം ജീവിതകാലത്ത് കവിയുടെ സൗഹൃദങ്ങൾ നിരവധിയായിരുന്നു. പലരും സി.പി. സത്രത്തിൽ കവിയെ കാണാനെത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. കവിയുടെ കാൽപ്പാടുകൾമാതൃഭൂമി’യിൽ വന്നിരുന്ന കാലത്ത് പരിചിതസുഹൃത്തുക്കൾക്കുപുറമെ പലരും കവിയെത്തേടി സത്രത്തിൽ വരാറുണ്ടായിരുന്നു. കവിത വായിക്കാത്തവർപോലും ആത്മകഥ വായിച്ച് ആവേശംകൊണ്ടു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് അതിലെ മധുരമോഹനമായ ഭാഷയെപ്പറ്റിയായിരുന്നു. അതു കേട്ടിരിക്കാൻ കവിക്കും താത്പര്യമായിരുന്നു. കവിയുടെ ശിഷ്യനായ ഭരതനോടൊപ്പം കവി സത്രത്തിൽ ചെലവഴിച്ച ഒരു ദിവസം യാദൃച്ഛികമായി തിരുവനന്തപുരത്തുള്ള രണ്ടു സുഹൃത്തുക്കൾ കവിയുടെ മുറിയിലേക്കുവന്നു.

ആ ദിവസത്തെപ്പറ്റി ഭരതൻ ഓർക്കുന്നു:
ഒരവധി ദിവസമായിരുന്നു. കവിമാഷ് പറഞ്ഞതനുസരിച്ച് ഞാൻ സത്രത്തിലെത്തി. ആത്മകഥയിലെ ഒരധ്യായം കവി എഴുതിവെച്ചിട്ടുണ്ട്. അതിന്റെ അസ്സലെഴുതണം. അതിനാണ് വരാൻ പറഞ്ഞത്. കവി നോട്ടുബുക്കിൽ എഴുതിവച്ചത് പണിപ്പെട്ട് ഞാൻ വായിച്ചെടുത്തു. അത് സമയമെടുത്ത് മറ്റൊരു കടലാസിലേക്ക് പകർത്തിയെഴുതി. അങ്ങനെ പണി തീർന്നുനിൽക്കുന്ന സമയത്താണ് രണ്ടതിഥികൾ എത്തിയത്. പുനലൂർ ബാലനും എം. നാരായണക്കുറുപ്പും. അവർ വന്നയുടൻ, ആത്മകഥയെക്കുറിച്ച് സംസാരിച്ചുതുടങ്ങി; ‘കവിത പോലെ മനോഹരഗദ്യം. കുഞ്ഞിരാമൻ നായർക്ക് മാത്രം സാധ്യമാകുന്ന ഒരപൂർവ സുന്ദര ഗദ്യം.’

തിരുത്തിയ വരികളിലൂടെ എന്റെ കണ്ണുകൾ പാഞ്ഞു. മനസ്സ് വിഷമിച്ചു. ഞാൻ കവിയെ ദയനീയമായി നോക്കി. ആ സമയം ഏതെല്ലാമോ ഭാവത്തോടെ കവി എന്നെയും ഒന്ന് പാളിനോക്കുന്നുണ്ടായിരുന്നു.

കവിയുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. റൂംബോയിയെ വിളിച്ച് കാന്റീനിൽനിന്ന് എല്ലാവർക്കും ചായ വരുത്തിച്ചു. അസ്സലെഴുതിവെച്ച പേപ്പറെടുത്ത് കവി അവരോട് പറഞ്ഞു, ഒടുവിൽ എഴുതിയ അധ്യായം ഇതാണ്. വായിച്ചുനോക്കണം. തെറ്റ് തിരുത്തിത്തരണം.
അവർ രണ്ടുപേരും അത്ഭുതത്തോടെ കവിയെ നോക്കി. കവിയുടെ കാൽപ്പാടുകളിലെ പുതിയ അധ്യായം.

ഞാനെഴുതിയ അസ്സൽ കവി അവർക്കുനേരെ നീട്ടി. അവരത് വായിച്ചുതുടങ്ങി. കവിയുടെ ഭാഷ. നൂറും നിലാവും പരസ്പരം മാറിപ്പോകുന്ന കാവ്യഭാഷ. സംഭവങ്ങളുടെ അനുഭവകഥനത്തേക്കാൾ ഒരു വ്യക്തിയുടെ സൗന്ദര്യാനുഭൂതികളുടെ അനുഭവസാക്ഷ്യമായിത്തീരുന്ന അപൂർവഭാഷ. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തണം എന്നാണ് കവി പറഞ്ഞിരിക്കുന്നത്. അത് തിരുത്താൻ രണ്ടുപേരെ കവി ഏർപ്പാടാക്കിയിരിക്കുന്നു. രണ്ടുപേരും പേന കൈയിലെടുത്തു പിടിച്ച്​ വരികൾക്കിടയിലൂടെ കണ്ണുകൾ പായിച്ചുകൊണ്ടിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ എഴുതിയ പല വരികൾക്കുമീതെ അവരുടെ പേന പാഞ്ഞുപോകുന്നത് കണ്ടു. വെട്ടിയതിന്റെ മുകളിൽ പകരം അവരുടേതായ വരികൾ തെളിഞ്ഞുവന്നു. ഖണ്ഡശഃ പുറത്തുവന്നുകൊണ്ടിരിക്കുന്ന പി.യുടെ ആത്മകഥയിൽ ഒരു ഉളിക്കൊത്ത് വരുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവർ. എല്ലാം കഴിഞ്ഞപ്പോൾ അതിന്റെ സന്തോഷത്തോടെ അവർ യാത്രപറഞ്ഞ് മുറിവിട്ടുപോയി.

സത്രത്തിന്റെ വാതിലടഞ്ഞു. ഞാനെഴുതിവെച്ച അസ്സൽ മേശപ്പുറത്ത് കിടക്കുന്നു. അതെടുത്ത് ഞാനൊന്നുനോക്കി. തിരുത്തിയ വരികളിലൂടെ എന്റെ കണ്ണുകൾ പാഞ്ഞു. മനസ്സ് വിഷമിച്ചു. ഞാൻ കവിയെ ദയനീയമായി നോക്കി. ആ സമയം ഏതെല്ലാമോ ഭാവത്തോടെ കവി എന്നെയും ഒന്ന് പാളിനോക്കുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു, ഇതെഴുതാൻ കവി ഒരു രാത്രി മുഴുവൻ
ഉറക്കൊഴിച്ചു. അത് വായിച്ച് അസ്സലെഴുതാൻ ഞാനും ഒരുപാട് സമയം കളഞ്ഞു. ഇപ്പോഴിതാ ഇതിലാകെയും വെട്ടലും തിരുത്തും. വെട്ടിത്തിരുത്തിയതിന്റെ അസ്സൽ ഇനിയാരെഴുതും?
കവിക്ക് ഉത്തരമില്ല. എന്റെ മനസ്സിലും ഉത്തരങ്ങളില്ല. വെട്ടിത്തിരുത്തിയ വരികളിലൂടെ കവി കണ്ണുപായിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു, അബദ്ധമായി അല്ലേ?

അന്ന് തിരുത്തൽ വരുത്തിയ വരികളിൽ ഒരു വാക്യം മാത്രം ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നു.ലീക്കായ കറൻറ്​ കമ്പി പിടിച്ചതുപോലെ എന്നാണ് കവി എഴുതിയത്. അതിന് അവർ നൽകിയ തിരുത്ത്, ഇൻസുലേഷൻ പോയ ഇലക്​ട്രിക്​ വയർ പിടിച്ചതുപോലെ എന്നായിരുന്നു.

'വേണു അന്ന് കോളേജ് പഠനം കഴിഞ്ഞ് നിൽക്കുകയാണ്​. സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയിട്ടില്ല. വേണു വാങ്ങിക്കൊടുത്ത ബീഡിക്ക്, ശൂന്യതയിലേക്കുനോക്കി കവി തീ കൊടുത്തു.'

വെട്ടിത്തിരുത്തിയ അസ്സൽ ഒന്നുകൂടി മാറ്റിയെഴുതാനുള്ള വഴികൾ കവി ആരാഞ്ഞു. അതോടൊപ്പം അസ്സലെഴുതാൻ സഹായത്തിന് ഒരാളെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്ന് സത്രത്തിൽ നിന്നിറങ്ങാൻ നേരം കവി പറഞ്ഞു, പകർത്തിയെഴുത്തിന് ആളെക്കൊണ്ടുവരുമ്പോൾ എനിക്ക് ചില നിബന്ധനകളുണ്ട് കേട്ടോ.
ഒരു നിബന്ധനകളുമില്ലാതെ ഇത്രകാലവും ജീവിച്ച കവിയുടെ നിബന്ധനകേട്ട് ഞാൻ വാ പൊളിച്ചുനിന്നു.
കവി പറഞ്ഞു, ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷെ, എഴുതാൻ
വരുന്നവൻ എസ്.എസ്.എൽ.സി. തോറ്റതായിരിക്കണം.
എനിക്ക് കാര്യം മനസ്സിലായില്ല, അതെന്തിന്?
അല്ലാത്തവര് വന്നാൽ ഞാനെഴുതിയത് മാത്രമല്ല; ഒപ്പം അവരെഴുതിയതും അതിലുണ്ടാകും.
അതുകേട്ടപ്പോൾ എനിക്ക് ചിരി വന്നു. കവി പറഞ്ഞ തമാശ ഓർത്ത്​ അന്ന് മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരാളെ കിട്ടിയ വിവരം കവിയെ അറിയിച്ചു.
കവി ചോദിച്ചു, എസ്.എസ്.എൽ.സി. പാസായോ?
ഞാൻ പറഞ്ഞു, തോറ്റു.
കവിയുടെ മുഖം തെളിഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള അദ്വൈതാശ്രമം. അതിനടുത്തുള്ള രാമചന്ദ്രൻ എന്നുപേരായ ചെറുപ്പക്കാരനാണ് കവിയെ സഹായിക്കാനെത്തിയത്. പിന്നീട് കുറച്ചുകാലം രാമചന്ദ്രൻ കവിക്കുവേണ്ടി അസ്സലെഴുതിക്കൊടുത്തു.
തിരുവനന്തപുരത്ത് കവിയുണ്ടായിരുന്ന കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ കവി ഏറ്റവും അടുത്തിടപഴകിയ ചില സൗഹൃദങ്ങൾ കൂടി ഓർത്തുപോകുന്നു. അതിൽ ഏറെ സ്നേഹത്തോടെ കവിയെ കൊണ്ടുനടന്ന ഒരാൾ നാഗവള്ളി ആർ.എസ്. കുറുപ്പായിരുന്നു. പണത്തിന് ബുദ്ധിമുട്ട് വരുന്ന സമയത്തൊക്കെ കവി പെട്ടെന്ന് എഴുതി തയ്യാറാക്കിയ കവിതയുമായി ആകാശവാണിയിലെത്തി നാഗവള്ളിയെ കാണും. കവിത അവതരിപ്പിച്ച് പണവുമായി മടങ്ങുകയും ചെയ്തു. കവിയോടൊപ്പം ഒന്നുരണ്ട് തവണ ആകാശവാണിയിൽ പോയതോർക്കുന്നു. റിക്കോർഡിങ് കഴിഞ്ഞ് പിരിയാൻ നേരം ഒരിക്കൽ നാഗവള്ളി പറഞ്ഞു, വീട്ടിൽ വന്നാൽ ഊണു തരാം.
കവി തിരുവനന്തപുരത്ത് ഏറ്റവുമധികം ചെന്നിട്ടുള്ള ഒരു വീട് അതായിരിക്കും. അവിടെ നിന്ന് നിരവധി തവണ ഭക്ഷണം കഴിക്കുകയും ചെയ്തു.

വേണു പാടാൻ തുടങ്ങി. പരീക്ഷ എന്ന സിനിമയ്ക്കുവേണ്ടി ബാബുരാജ് ഈണമിട്ട്​, പി. ഭാസ്‌കരൻ മാഷ് എഴുതി യേശുദാസ് പാടിയ പാട്ട് വേണുപാടി... അകലെയകലെ നീലാകാശം, അലതല്ലും മേഘതീർഥം. കവി കണ്ണടച്ചിരുന്ന് പാട്ടുകേട്ടു.

കുറുപ്പ് സാറിന്റെ ക്ഷണം സ്വീകരിച്ചശേഷം കവി എന്നോട് ഓട്ടോറിക്ഷ പിടിക്കാൻ പറഞ്ഞു. പിറകിൽ എഞ്ചിനുള്ള കുലുക്കം കുറഞ്ഞ ഓട്ടോറിക്ഷ തന്നെ പിടിക്കണമെന്നത് കവിയുടെ നിർബന്ധങ്ങളിലൊന്നായിരുന്നു. ഞങ്ങൾ വഴുതക്കാടുള്ള കുറുപ്പിന്റെ വീട്ടിലെത്തി.
കുറുപ്പിന്റെ ഭാര്യ രാജമ്മ ഭക്ഷണം വിളമ്പി. കവിക്കുവേണ്ടി പലവട്ടം വിളമ്പിയ കൈകൾ. സ്നേഹത്തിന്റെ രുചിയുള്ള ഭക്ഷണം ഞങ്ങൾ കഴിച്ചു.
കവി മുറ്റത്തിറങ്ങി നിന്ന് പരവശതയോടെ പറഞ്ഞു, എനിക്കൊന്ന് വലിക്കണം.
കവി ജുബ്ബയുടെ കീശയിൽ പരതി. കിട്ടിയില്ല. പോക്കറ്റിലെ സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ടു. ബീഡിയില്ല, ബീഡിക്കുറ്റിപോലുമില്ല. കവി നിരാശനായി. ജുബ്ബയുടെ കീശയിൽ വീണ്ടും വീണ്ടും പരതുന്നതുകണ്ടപ്പോൾ കുറുപ്പിന്റെ മകൻ വേണു നാഗവള്ളി ചോദിച്ചു, എന്തുപറ്റി കവിമാഷെ? എന്തെങ്കിലും കളഞ്ഞുപോയോ?
കവി പറഞ്ഞു, കളഞ്ഞതോ തീർന്നതോ എന്നറില്ല.
എന്ത്?
ബീഡി.
വേണു പറഞ്ഞു, ഗുരുവും ശിഷ്യനും ഇത്തിരിക്കാക്കണം. ഞാൻ വാങ്ങി വരാം.

'കാവേരിയുടെ തീരത്ത് ത്യാഗരാജ സ്വാമികളുടെ നാടായ തഞ്ചാവൂരിൽ സംസ്‌കൃതം പഠിക്കാൻപോയ കാലം കവി ഓർത്തു പറഞ്ഞു. പാഠം പഠിക്കാൻ പോയി കാവേരിക്കരയിലിരുന്ന് കേട്ടുതീർത്ത പാട്ടുകൾ. പാട്ടിന്റെ തഞ്ചാവൂർ മധുരം നുണഞ്ഞ രാപകലുകൾ.'

വേണു അന്ന് കോളേജ് പഠനം കഴിഞ്ഞ് നിൽക്കുകയാണ്​. സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയിട്ടില്ല. വേണു വാങ്ങിക്കൊടുത്ത ബീഡിക്ക്, ശൂന്യതയിലേക്കുനോക്കി കവി തീ കൊടുത്തു. ബീഡിയുടെ മറുതലയ്ക്ക് തീപിടിച്ചു. കവിയത് പതിവുപോലെ തലതിരിച്ചു പിടിച്ച്​ ആഞ്ഞുവലിച്ചു.
ഞങ്ങൾ കുറുപ്പിനോടൊപ്പം സ്വീകരണമുറിയിലേക്ക് നടന്നു. കുറുപ്പ് പറഞ്ഞു, മകൻ പാടും. പാട്ടു കേൾക്കാൻ വിരോധമില്ലല്ലോ.
കവി പറഞ്ഞു, ഭക്ഷണം ശരീരത്തിന്. സംഗീതം മനസ്സിന്. രണ്ടും കുറുപ്പ് തരുന്നു. ഞങ്ങൾ സ്വീകരിക്കുന്നു. വേണു ഹാർമോണിയത്തിൽ ശ്രുതി പിടിച്ചുനോക്കി.
കവി പറഞ്ഞു, സംഗീതം. അതാണ് എല്ലാം. പ്രപഞ്ചതാളം. ശാന്തിയുടെ അനശ്വരനാദം. നിത്യനിർവൃതി. പരമമായ മോക്ഷം.
വേണു നിലത്തിരുന്നു.
ഹാർമോണിയം ശുത്രിസാന്ദ്രമായി.
വേണു പാടാൻ തുടങ്ങി. പരീക്ഷ എന്ന സിനിമയ്ക്കുവേണ്ടി ബാബുരാജ് ഈണമിട്ട്​, പി. ഭാസ്‌കരൻ മാഷ് എഴുതി യേശുദാസ് പാടിയ പാട്ട് വേണുപാടി... അകലെയകലെ നീലാകാശം, അലതല്ലും മേഘതീർഥം.
കവി കണ്ണടച്ചിരുന്ന് പാട്ടുകേട്ടു. എല്ലാവരും അതാസ്വദിച്ചു. പിന്നെയും കുറച്ച് പാട്ടുകൾ കൂടി വേണു അന്ന് പാടി.

കാവേരിയുടെ തീരത്ത് ത്യാഗരാജ സ്വാമികളുടെ നാടായ തഞ്ചാവൂരിൽ സംസ്‌കൃതം പഠിക്കാൻപോയ കാലം കവി ഓർത്തു പറഞ്ഞു. പാഠം പഠിക്കാൻ പോയി കാവേരിക്കരയിലിരുന്ന് കേട്ടുതീർത്ത പാട്ടുകൾ. പാട്ടിന്റെ തഞ്ചാവൂർ മധുരം നുണഞ്ഞ രാപകലുകൾ.

ഗായകനാവാനാഗ്രഹിച്ച വേണുവിനെ പിന്നീട് സിനിമയിൽ കണ്ടു. കെ.ജി. ജോർജിന്റെ ഉൾക്കടൽ എന്ന സിനിമയിൽ. വിഷാദമധുരമായ മന്ദഹാസം എപ്പോഴും ചുണ്ടിൽ ബാക്കിവെച്ച് ജീവിതത്തിനപ്പുറം പോയ ആ ചെറുപ്പക്കാരനെ കൂടി ഇന്ന് കവിയോടൊപ്പം ഓർത്തുപോകുന്നു. തലമുറകളോരോന്നും കടന്നുപോകുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ തെളിയുന്ന ഓർമകളിൽ ജീവിതകഥകൾ ബാക്കിയാവുന്നു. ആ ഓർമകൾ കൂടി ഇല്ലാതായാൽ പിന്നെന്തായിരിക്കും? ഒന്നുമില്ല.

കവി കൊണ്ടുപോകാൻ വന്നവരോട് പറഞ്ഞു, എനിക്ക് ഗുരുവായൂർ നടയിൽ കിടന്നുമരിക്കണം. ഞാനെങ്ങോട്ടുമില്ല. കവിയുടെ നാട്ടുകാരനായ മന്ത്രി പറഞ്ഞു, കവി സഹകരിക്കണം. കവി അതുകേട്ടു, ആംബുലൻസിൽ കയറി. വണ്ടി സൈറൺമുഴക്കി തൃശൂർ ഭാഗത്തേക്ക് പായാൻ തുടങ്ങി.

ആശുപത്രിയിൽ വിഷുസദ്യയുണ്ട വൈലോപ്പിള്ളി

ഹൃദയവേദനയോടെ മുറിവേറ്റുപിടഞ്ഞ അനേകം മുഹൂർത്തങ്ങൾ പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷെ ഒരുനാൾ ഹൃദയരോഗം കവിയുടെ ജീവിതയാത്രയെ പിടിച്ചുകെട്ടി. 1972-75 കാലത്ത് ഗുരുവായൂരിലായിരുന്നു കവി. ചേന്നാസ് നമ്പൂതിരിയുടെ ജയശ്രീ ലോഡ്ജിൽ. അർധരാത്രി ഹൃദയം തകരുന്ന വേദന അറിഞ്ഞു. കൂടെ ആരുമില്ല. കവി ഇറങ്ങിനടന്നു. വേച്ചുവേച്ച് നടയിൽ ചെന്നുവീണു. നമസ്‌കരിക്കാൻ പറ്റിയില്ല. എങ്ങനെയെന്നില്ലാതെ ഒറ്റയ്ക്ക് പാതിരാത്രിക്ക് വീഴാതെ നടന്ന് ഗുരുവായൂർ നേഴ്സിങ് ഹോമിന്റെ ഗേറ്റിൽ ചാരിനിന്നു. പലതവണ വിളിച്ചു. പാറാവുകാരൻ കണ്ണുതിരുമ്മി വന്നു.
പിറ്റേന്ന് വാർത്തപരന്നു. നാലുദിവസം അവിടെ കഴിഞ്ഞു.
ഉണ്ണികൃഷ്ണൻ പുതൂരും ഗുരുവായൂർ സൗഹൃദവും കവിക്ക് കൂട്ടുനിന്നു. അന്നത്തെ ആരോഗ്യമന്ത്രി ബാലകൃഷ്ണൻ നേരിട്ടിടപെട്ടു. തൃശൂർ ജനറൽ ആശുപത്രിയിൽനിന്ന് ഡോ. രാഹുലനും ഡോ. ഐസക്കും ആംബുലൻസുമായി എത്തി.
കവി കൊണ്ടുപോകാൻ വന്നവരോട് പറഞ്ഞു, എനിക്ക് ഗുരുവായൂർ നടയിൽ കിടന്നുമരിക്കണം. ഞാനെങ്ങോട്ടുമില്ല.
കവി വാശിക്കാരനായ കുട്ടിയായി.
കവിയുടെ നാട്ടുകാരനായ മന്ത്രി പറഞ്ഞു, കവി സഹകരിക്കണം.
കവി അതുകേട്ടു, ആംബുലൻസിൽ കയറി. വണ്ടി സൈറൺമുഴക്കി തൃശൂർ ഭാഗത്തേക്ക് പായാൻ തുടങ്ങി. കവി പറഞ്ഞു, പടിഞ്ഞാറോട്ട് തിരിക്കണം. ഡോക്ടർമാർ കവിയോട് കാര്യഗൗരവം ബോധ്യപ്പെടുത്താൻ നോക്കി. പക്ഷേ കവിയുടെ വാശി ജയിച്ചു. തൃശൂർ റോഡിലേക്ക് തിരിഞ്ഞ ആംബുലൻസ് വീണ്ടും ഗുരുവായൂരിലേക്ക് മടങ്ങി. വണ്ടി ഗുരവായൂർ നടയിൽ ചെന്നുനിന്നു. ഉഷഃപൂജ കഴിഞ്ഞ ശ്രീകോവിലിൽ വിളക്ക് തെളിഞ്ഞുകത്തുന്നു. കവി ഒരു നിമിഷം പ്രാർഥനാനിരതനായി. നടയ്ക്കൽ തലയെടുപ്പുള്ള ദേവസ്വം ആന. ആനയ്ക്ക് വെള്ളരിക്കയ്ക്കും പാപ്പാന് കാപ്പിക്കും രോഗി കാശെറിഞ്ഞുകൊടുത്തു.

പത്രങ്ങളിലൂടെ കവിയുടെ രോഗവിവരം ലോകമറിഞ്ഞു. ഡോക്ടർമാർ പരിപൂർണ വിശ്രമം വിധിച്ചു. ആശുപത്രിമുറിയുടെ വാതിലിനുമുന്നിൽ ഒരു ബോർഡ് തുങ്ങിക്കിടന്നു, ‘വിസിറ്റേഴ്സ് നോട്ട് അലൗഡ്’.

ആശുപത്രിയിൽ കവിക്ക് കൂട്ടായി കൃഷ്ണനാട്ടം ഷാരടിയും മ്യൂസിയം ഡേവിസും. ഡോക്ടർമാർ കർശനനിർദേശം നൽകി, സംസാരിക്കരുത്. ശരീരം അധികം ഇളകരുത്. പരിപൂർണ വിശ്രമം വേണം. രാത്രി പിച്ചും പേയും പറയാതെ ഉറങ്ങണം. മരുന്ന് കഴിക്കണം.

കെ.പി. കേശവമേനോൻ, എം.ആർ.ബി., എം.പി. ഭട്ടതിരിപ്പാട്, തകഴി, ഇടശ്ശേരി, പൊറ്റെക്കാട്, സുകുമാർ അഴീക്കോട്, എം.ടി. വാസുദേവൻ നായർ അങ്ങനെ പലരും വന്നുപോയി.

പി. കുഞ്ഞിരാമൻ നായർ

ആശുപത്രിവാസത്തിന്റെ പന്ത്രണ്ടാം നാൾ കാഞ്ഞങ്ങാട്ടുനിന്ന് അമ്മയും കുടുംബവും എത്തി. പത്രത്തിൽ വാർത്ത കണ്ട അന്നുമുതൽ കവിയുടെ അമ്മ ഉപവാസത്തിലായിരുന്നു. ഒരു നേരം മാത്രം ഭക്ഷണം. പാലും പഴവും മാത്രം. പടിഞ്ഞാറ്റയിൽ കെടാവിളക്ക് വെച്ച് ഉപവാസവും മൗനവും ധ്യാനവും. മകനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുന്ന അമ്മയും പരിക്കേറ്റ ഹൃദയവുമായി നിലകൊള്ളുന്ന മകനും തമ്മിൽ ആശുപത്രിമുറിയിൽ കണ്ടുമുട്ടി. കവിയുടെ കണ്ണുകൾ കുറ്റബോധത്തിന്റെ ഹൃദയഭാരം കൊണ്ട് നിറഞ്ഞു. പെറ്റമ്മ മകനുവേണ്ടി കണ്ണുനീർതീർഥം പൊഴിച്ചുമടങ്ങി.

ഒരു മാസത്തോളമുള്ള ആശുപത്രിവാസം കഴിഞ്ഞ് കവി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. 1978-ൽ മാർച്ചിലാണ് രണ്ടാംതവണ ഹൃദയരോഗം ആക്രമിച്ചത്. കാര്യങ്ങൾ പഴയതുപോലെത്തന്നെയായിരുന്നു. കവി അന്നും ഗുരുവായൂരിലായിരുന്നു. അവിടെ നിന്ന് തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുദിവസം കഴിഞ്ഞ് മൂത്ത മകൻ രവീന്ദ്രൻ നായർ ആശുപത്രിയിലെത്തി. മൈസൂരിൽ ബി.എഡ്. ട്രെയിനിങ്ങിനിടയിൽ വാർത്തയറിഞ്ഞ്​ എത്തിയതായിരുന്നു.
തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിയശേഷമുള്ള ആശുപത്രിവാസക്കാലത്തെ ഓർമ അദ്ദേഹം പങ്കുവെയ്ക്കുന്നു:

ആശുപത്രി കട്ടിലിൽ അച്ഛൻ നിശ്ചലനായിക്കിടന്നു. മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു. സംസാരിക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. സംസാരിക്കാൻ കഴിയുന്ന കാലത്തും അച്ഛൻ അധികമായൊന്നും എന്നോട് സംസാരിച്ചിട്ടില്ല. ഇപ്പോൾ അച്ഛന് എന്നോട് എന്തുപറയാൻ? എനിക്ക് അച്ഛനോടും ഒന്നും പറയാനില്ല.
വീർപ്പുമുട്ടിലിന്റെ അനേകം നിമിഷങ്ങൾക്കിടയിൽ ഒരു സമയത്ത് അച്ഛൻ എന്നോട് ചോദിച്ചു, നിനക്കിന്ന് പോണോ?
ഞാൻ പറഞ്ഞു, പോകണമെന്നില്ല.
എന്നാ കുറച്ച് ദിവസം എന്റെ കൂടെ നിൽക്കണം.
ഞാൻ നിന്നു. അച്ഛന് ആശ്വാസമായി.

ഞാനാലോചിക്കുകയായിരുന്നു, അച്ഛൻ സ്നേഹത്തോടെ എന്നാണ് എന്നോട് നല്ല വാക്കുകൾ പറഞ്ഞിട്ടുള്ളത്? ഒരുപക്ഷെ അച്ഛനും ആ സമയത്ത് അതുതന്നെയാവും ആലോചിച്ചിട്ടുണ്ടാവുക.

ഡോക്ടർ രാഹുലേയനും നേഴ്സുമാരും വേണ്ടത്ര ശ്രദ്ധയോടെ കാര്യങ്ങളൊക്കെ ചെയ്യുന്നു. എവിടെയും അടങ്ങിയിരുന്ന് ശീലമില്ലാതിരുന്ന അച്ഛൻ ആശുപത്രിക്കിടക്കയിലെ വെള്ളവിരിപ്പിൽ മലർന്നുകിടക്കുന്നത് കണ്ടപ്പോൾ വലിയ വേദന തോന്നി. ജാലകവെളിയിലെ പുറംകാഴ്ചകളിലേക്ക് നോക്കിക്കൊണ്ടാണ് കിടപ്പ്. പുറംജാലകത്തിനപ്പുറം ഒരാകാശമുണ്ട്. ആകാശത്തിലൂടെ വിദൂരതയിലേക്ക് പറന്നുപോവുന്ന പക്ഷികളെ കാണാം. പച്ചമരങ്ങളുടെ തലപ്പുകൾ ആകാശത്ത് ഇളകിയാടുന്നത് കാണാം. രാവിലെ ഉദയം കടന്നുവരുന്നതും സന്ധ്യയ്ക്ക് അസ്തമനം എത്തിച്ചേരുന്നതും കാണാം. അച്ഛൻ കൊതിയോടെ ഈ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.

വൈലോപ്പിള്ളിയും ഉണ്ണികൃഷ്ണൻ പുതൂരുമൊക്കെ ഇടയ്ക്കിടെ ആശുപത്രിയിലെത്തും. പുതൂരിന്റെ വരവ് എനിക്ക് വലിയ ആശ്വാസമായിരുന്നു. ഘനഗംഭീര ശബ്ദം. അച്ഛനോട് എന്തും വെട്ടിത്തുറന്ന് പറയും. അച്ഛനെ നേർക്കുനേർ നിന്ന് ശാസിക്കുന്ന ഒരേയൊരാൾ.
പുതൂർ അച്ഛനോട് സംസാരിക്കുന്നവിധം അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത്. അവരുടെ സൗഹൃദത്തിന് ഒരു മറയുമില്ലായിരുന്നു.
ഒരു ദിവസം അച്ഛൻ എന്നെ കുറ്റപ്പെടുത്തി എന്തോ പറയാൻ തുടങ്ങി. അതുകേട്ടപ്പോൾ പുതൂർ ഇടപെട്ടു, അച്ഛന് അസുഖമായി കിടന്നപ്പോൾ മകൻ ഓടിവന്നു. രാവും പകലും കൂടെ നിന്ന് പരിചരിക്കുന്നു. ഈ സമയമെങ്കിലും സ്നേഹത്തോടെ രണ്ട് നല്ല വാക്ക് പറഞ്ഞുകൂടേ കുഞ്ഞിരാമൻ നായരേ?
പുതൂരിന്റെ വാക്കുകേട്ട് അച്ഛൻ കുറച്ചുസമയം മിണ്ടാതിരുന്നു.

ഞാനാലോചിക്കുകയായിരുന്നു, അച്ഛൻ സ്നേഹത്തോടെ എന്നാണ് എന്നോട് നല്ല വാക്കുകൾ പറഞ്ഞിട്ടുള്ളത്? ഒരുപക്ഷെ അച്ഛനും ആ സമയത്ത് അതുതന്നെയാവും ആലോചിച്ചിട്ടുണ്ടാവുക.
അച്ഛന് ഒട്ടും താത്പര്യമില്ലാത്തവരും ആശുപത്രിയിൽ കാണാനെത്താറുണ്ടായിരുന്നു. അവർ വരുന്നത്​ അച്ഛന്​ ജനാലവഴി കാണാമായിരുന്നു. അപ്പോൾ തന്നെ എന്നെ പറഞ്ഞേൽപ്പിക്കും, ഉറങ്ങുകയാണെന്ന് പറയാൻ. അതും പറഞ്ഞ് അച്ഛൻ ഒരു ഭാഗത്തേക്ക് ചരിഞ്ഞുകിടക്കും. വന്നയാൾ പോകുന്നതുവരെ അതേ കിടപ്പായിരിക്കും.
ഒരു ദിവസം ഡോ. രാഹുലൻ വന്നുപറഞ്ഞു, ഒരാഴ്ചകൊണ്ട് ഡിസ്ചാർജ് ചെയ്യാം.
ഡോക്ടർ ചോദിച്ചു, മടക്കം വീട്ടിലേക്കല്ലേ?
അച്ഛൻ ഒരു ചിരി ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
ഡോക്ടർ പറഞ്ഞു, മരുന്ന് കൃത്യമായി കഴിക്കണം. യാത്ര പരമാവധി കുറയ്ക്കണം.

രവീന്ദ്രൻ നായർ / Photo: Screengrab from Mathrubhumi.com

ഡോക്ടർ പോകാനൊരുങ്ങിയപ്പോൾ അച്ഛൻ അദ്ദേഹത്തെ അടുത്തുവിളിച്ച് സ്വകാര്യമായി എന്തോ സംസാരിച്ചു. ഡോക്ടർ അച്ഛനോട് ചോദിച്ചു, അതുവേണോ?
അച്ഛൻ പറഞ്ഞു, വേണം.
ആലോചിച്ചു പറയാമെന്ന് പറഞ്ഞ് ഡോക്ടർ മുറിവിട്ടുപോയി.
അന്നുരാത്രി അച്ഛൻ എന്നോട് പറഞ്ഞു, മറ്റന്നാൾ വിഷു. കണികാണാൻ നമുക്കൊന്ന് ഗുരുവായൂർ വരെ പോകണം.
ഞാൻ ഞെട്ടലോടെയാണ് അതുകേട്ടത്.

ഡിസ്ചാർജ് ചെയ്യാതെ എങ്ങനെ പോകും?
അച്ഛൻ പറഞ്ഞു, ഡോക്ടറോട് പറഞ്ഞിട്ടുണ്ട്. ആരും അറിയേണ്ട. പുലർച്ചെ
ചെന്ന് തൊഴുത് ഉച്ചയോടെ ഇങ്ങെത്താം.
അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഡോക്ടർ മനസ്സില്ലാമനസ്സോടെയാണ് ആശുപത്രിയിൽനിന്ന് പോകാനുള്ള അനുമതി നൽകിയത്. പുലരും മുമ്പെ ഞങ്ങൾ കാറിൽ ഗുരുവായൂർക്ക് പുറപ്പെട്ടു. ആദ്യമായി അച്ഛന്റെ കൂടെ ഒരു ഗുരുവായൂർ യാത്ര. അതും മേടം ഒന്നിന് വിഷുദിനത്തിൽ, ഗുരുവായൂരിലെ കണി കാണാൻ. കിഴക്കേനടയിൽ വണ്ടി വന്നുനിന്നു. അച്ഛൻ കുറേസമയം തൊഴുതുനിന്നു.
ഒരു വലിയ ആഗ്രഹം നടന്നു, അച്ഛൻ പറഞ്ഞു.
ഇനി ഒരാഗ്രഹം കൂടിയുണ്ട്. അതുകൂടി നടക്കണം. അതിനുള്ള ആയുസ്സു കൂടിയുണ്ടാകുമോ?
അച്ഛൻ മനസ്സിൽ സൂക്ഷിച്ചുവെച്ച ആഗ്രഹമെന്താണെന്ന് എനിക്ക് മനസ്സിലായില്ല. തൊഴുതുമടങ്ങുമ്പോൾ. പരിചയക്കാർ, സുഹൃത്തുക്കൾ അങ്ങനെ പലരെയും കണ്ടു. കോഫീഹൗസിൽ നിന്ന് ഒരു വിളി, മാഷെ ചായ കുടിച്ചിട്ടു പോകാം.
ചായ കുടിച്ചു കഴിയുമ്പോഴേക്കും ഉണ്ണികൃഷ്ണൻ പുതൂരും സി.ജി. നായരുമൊക്കെ ഒപ്പം കൂടി.
ഗുരുവായൂർ ദേവസ്വം സത്രം വരെ പോണം, അച്ഛൻ പറഞ്ഞു.

ഉണ്ണിക്കൃഷ്ണൻ പുതൂർ, വൈലോപ്പിള്ളി

അന്നാദ്യമായി ഗുരുവായൂർ ദേവസ്വം സത്രത്തിലെ അച്ഛന്റെ മുറി കണ്ടു. ഈസ്റ്റ് ബ്ലോക്കിലെ 27-ാം നമ്പർ മുറി. അവിടെ റാപ്പർ പൊട്ടിക്കാതെ കിടക്കുന്ന ആനുകാലികങ്ങൾ, കത്തുകൾ, വായിച്ചും വായിക്കാതെയുമിട്ട പുസ്തകങ്ങൾ, ബാഗ്, കടലാസുകൾ, ബീഡിക്കുറ്റി. അച്ഛനോടൊപ്പം എന്നുമുണ്ടാകാറുള്ള സാധനങ്ങളുടെ പാരവാരങ്ങളൊക്കെയും ആ മുറിയിലുമുണ്ടായിരുന്നു. ഇത്തിരിനേരം അവിടെ വിശ്രമിച്ചശേഷം ഉച്ചയ്ക്കുമുന്നേ ആശുപത്രിയിൽ തിരിച്ചെത്തി.

വിഷുദിവസം ആശുപത്രി മുറിയിലേക്ക് ഒരാൾ കടന്നുവന്നു. അത് വൈലോപ്പിള്ളിയായിരുന്നു.
അന്ന് വിഷുവായതുകൊണ്ട് ഹോട്ടലുകളെല്ലാം അവധിയാണ്. ഉച്ചയ്ക്ക് കഴിക്കാൻ സ്റ്റൗവിൽ കഞ്ഞി തിളപ്പിച്ചു. വൈലോപ്പിള്ളിക്കും കൂടിയുള്ള കഞ്ഞി സ്റ്റൗവിൽ തിളച്ചുപൊന്തി. അദ്ദേഹം വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ ആശുപത്രിയിലെ വിഷുസദ്യയ്ക്ക് കൂടാമെന്ന്​ സമ്മതം പറഞ്ഞു. കന്നിക്കൊയ്ത്തിന്റെയും മകരക്കൊയ്ത്തിന്റെയും കവി. മാമ്പഴത്തിന്റെ മധുരവേദന അനുഭവിപ്പിച്ച കവി. ഞാൻ അന്ന് പ്രിയപ്പെട്ട അതിഥിയെ ഒരു നേരം സത്കരിക്കാനുള്ള ആഗ്രഹത്തോടെ കഞ്ഞിയൊരുക്കി. ചെറുപയർ പാകമാക്കി ഇറക്കിവെച്ചു. ഒപ്പം പപ്പടം കാച്ചി.

കഞ്ഞി കുടിക്കുന്നതിനിടയിൽ വൈലോപ്പിള്ളി പറഞ്ഞു, ഈ വർഷത്തെ രുചിക്കൈനീട്ടം മഹാകവിയുടെ മകന്റെ കൈയിൽ നിന്ന്. വൈലോപ്പിള്ളി സ്നേഹമനസ്സുള്ള മാതുലനെപ്പോലെയായിരുന്നു. മഹാകവിയുടെ മകനെന്ന നിലയിൽ അദ്ദേഹം എന്നും കാണിച്ചിരുന്ന സ്നേഹം ഇന്നും മനസ്സിലുണ്ട്.

സത്യസൗന്ദര്യത്തിന്റെ കവി ഞാൻ വിളമ്പിയ കഞ്ഞി രുചിച്ചു. സൗന്ദര്യപൂജയുടെ കവി അദ്ദേഹത്തോടൊപ്പമിരുന്ന് മറ്റൊരു പാത്രത്തിൽ കഞ്ഞി നുകർന്നു. കുടിക്കുന്നതിനിടയിൽ വൈലോപ്പിള്ളി പറഞ്ഞു, ഈ വർഷത്തെ രുചിക്കൈനീട്ടം മഹാകവിയുടെ മകന്റെ കൈയിൽ നിന്ന്. വൈലോപ്പിള്ളി സ്നേഹമനസ്സുള്ള മാതുലനെപ്പോലെയായിരുന്നു. മഹാകവിയുടെ മകനെന്ന നിലയിൽ അദ്ദേഹം എന്നും കാണിച്ചിരുന്ന സ്നേഹം ഇന്നും മനസ്സിലുണ്ട്.

ഡിസ്ചാർജാവുന്നതിന്റെ തലേന്ന്​ അച്ഛനോട് ഞാൻ പറഞ്ഞു, നമുക്ക് കാഞ്ഞങ്ങാട്ടേക്ക് പോകാം. ആരോഗ്യം പൂർവസ്ഥിതിയിലാവുന്നതുവരെ അതല്ലേ നല്ലത്?
പക്ഷെ അച്ഛൻ പറഞ്ഞത് മറ്റൊന്നായിരുന്നു, തിരുവനന്തപുരത്തേക്ക് പോകണം. രഥോത്സവം ഒന്നും രണ്ടും ലക്കം ഇറക്കിയതിന്റെ സാമ്പത്തികബാധ്യതയുണ്ട്. സർക്കാരിൽ നിന്ന് ചില സഹായങ്ങൾ കിട്ടിയാൽ അതെല്ലാം നടന്നുപോവും. ഒരു മാസംകൊണ്ട് എല്ലാം ശരിയായ ശേഷം ഞാൻ കാഞ്ഞങ്ങാട്ട് വരും.

രാവിലെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. രാഹുലൻ ഡോക്ടറും നേഴ്സുമാരും ഞങ്ങളെ യാത്രയാക്കി. അച്ഛന് കെ.എസ്.ആർ.ടി.സി.യിൽ യാത്ര ചെയ്യാൻ പാസുണ്ടായിരുന്നു. തിരുവനന്തപുരം ബസിൽ അച്ഛൻ കയറി. ഞാൻ അച്ഛനെ നോക്കിനിന്നു. ബസിനോടൊപ്പം അച്ഛനും കണ്ണിൽ നിന്ന്​മറഞ്ഞുപോയി.▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments