പി. കുഞ്ഞിരാമൻ നായർ / Photos: Keralaculture.org

അത്രമേൽ പ്രാണനും പ്രാണനായ് നിന്നു നീ

പൂത്തകാലം മറന്നുപോയ മരത്തടികൾ അഗ്‌നിയിൽ ചുവന്നുപൂക്കാൻ കാത്തിരുന്നു. വിറകിനുമീതെ നെയ്യൊഴുകി. കവിയുടെ മകൻ രവീന്ദ്രൻ നായർ തിരിയിൽനിന്ന് വിറകിലേക്ക് തീ പകർത്തിവെച്ചു. വിറകിനുമേൽ തീ അസ്സലെഴുതി തുടങ്ങി. രാത്രിയുടെ കറുപ്പിൽ വീശിയടിക്കുന്ന തെക്കൻ കാറ്റിൽ കവിയുടെ ചിത കത്തി.

യാത്ര പറയാതെ പോയതുചിതമോ..?

പ്രസാധകർക്ക് കവിത നൽകി നിരന്തരം വഞ്ചിതനായിരുന്ന കവിയുടെ അവസാന പരീക്ഷണമായിരുന്നു രഥോത്സവം ഒന്ന്, രണ്ട് വാള്യങ്ങളടങ്ങുന്ന സമ്പൂർണ സമാഹാരം. ബാങ്ക്​ വായ്​പയെടുത്ത് വളരെ പണിപ്പെട്ട് കവി സ്വന്തം ഉടമസ്ഥാവകാശത്തിൽ പുസ്തകമിറക്കി. പ്രസാധകചൂഷണത്തിനെതിരെ കവിയുണ്ടാക്കിയെടുത്ത അവസാന പ്രതിരോധം. പി.കുഞ്ഞിരാമൻ നായരുടെ കവിതകളത്രയും പലവിധ പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. അതിൽ കിട്ടാവുന്നതെല്ലാം ശേഖരിച്ച് ഇറക്കിയ പുസ്തകം. കേരളത്തിലെ ലൈബ്രറികളിലേക്ക് ഇതിന്റെ കോപ്പിയെത്തിക്കാനും കവിയെ രക്ഷിക്കാനുമുള്ള സഹായവാഗ്ദാനം അന്നത്തെ എ.കെ. ആന്റണി ഗവൺമെൻറ്​ നൽകിയിരുന്നു.

തൃശൂർ ജനറൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം കവി എത്തിയത് തിരുവനന്തപുരം സി.പി.സത്രത്തിലായിരുന്നു. 1978 മെയ് എട്ടുമുതൽ കവി അവിടെ കഴിഞ്ഞു. രഥോത്സവത്തിന്റെ സാമ്പത്തിക ബാധ്യത കവിയെ അലോസരപ്പെടുത്തി. അതിന്റെ പ്രസിദ്ധീകരണച്ചെലവിലേക്കായി തിരുവനന്തപുരത്തെ കാനറബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്നാണ് വായ്പയെടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ കവിയുടെ മേൽവിലാസത്തിൽ ബാങ്കിൽനിന്ന് കത്തുകൾ വന്നുകൊണ്ടിരുന്നു. വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോടെ രഥോത്സവം ഏറ്റെടുക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കവിയോടൊപ്പം ഉണ്ടായിരുന്നത് ഭരതനായിരുന്നു. തിരുവനന്തപുരത്തുണ്ടായിരുന്ന കവിയുടെ അവസാനദിനങ്ങളെക്കുറിച്ച് കെ.കെ. ഭരതൻ ഓർക്കുന്നു:

മാമ്പൂക്കളുടെ ഓർമകളുടെ നീരുവറ്റിയ മാവിൻതടികൾ കൊണ്ട് ചിതയൊരുക്കി ശ്മശാനജോലിക്കാർ നിളാതീരത്ത് കാത്തിരുന്നു. നിലാവറ്റ കവിതപോലെ ഇരുട്ടിലൂടെ നിള ഒഴുകി. പി.യുടെ കാവ്യശരീരം നദീതീരത്തെ മരമുട്ടികളിൽ മലർന്നുകിടന്നു

1978 മേയിൽ ഞാൻ സി.പി.സത്രത്തിലേക്ക് ചെന്നു. ബാങ്ക്​ വായ്​പാ അടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ബാങ്ക് അയച്ച കത്തുകൾ കവി എന്നെ കാണിച്ചു. എന്നിട്ട് ദേഷ്യത്തോടെ പറഞ്ഞു, കാനറബാങ്ക്​ മാനേജരുടെ ഒരു സ്വൈര്യക്കേട്.
മാനേജർ കവിയുടെ ആരാധകനായിരുന്നു. കവിയോടുള്ള ബഹുമാനം ഒന്നുകൊണ്ടുമാത്രമാണ്​ അദ്ദേഹം രഥോത്സവത്തിന്റെ പ്രസാധനത്തിന്​ 10,000 രൂപ വായ്​പ കൊടുത്തത്​. അതേപ്പറ്റിയാണ് കവിയുടെ പരാമർശം.
ഞാൻ ചോദിച്ചു, അദ്ദേഹം നമ്മുടെ ആരാ?
കവി തിരിച്ചുചോദിച്ചു, ആരാ?
ആരുമല്ല. എന്നിട്ടും കവിയോടുള്ള ഇഷ്ടം കൊണ്ട് ഒരു ജാമ്യവും ആവശ്യപ്പെടാതെ വലിയ തുക തന്നു. അത് അദ്ദേഹത്തിന്റെ കയ്യിലെ പണമല്ല. ബാങ്കിന്റേതാണ്. അത്
തിരിച്ചുകൊടുക്കണ്ടേ? അല്ലാതെ അവരെ കുറ്റപ്പെടുത്തിയിട്ട് എന്തുകാര്യം.
കവി സ്വയം പറഞ്ഞു, എന്താപ്പോ ഒരു വഴി?

എന്തെങ്കിലുമൊരു വഴിയുണ്ടാക്കിയേ മതിയാവൂ. രഥോത്സവം ഗവൺമെൻറ്​ ഏറ്റെടുത്ത് അതിന്റെ പ്രതികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് വിതരണം ചെയ്യാനുള്ള ധാരണ നേരത്തെ ഉണ്ടാക്കിയിരുന്നു. പക്ഷെ അതിന്റെ ഫയലുകൾ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഈയൊരാവശ്യം വേഗത്തിൽ നടന്നുകിട്ടുന്നതിനാണ് അദ്ദേഹം ആശുപത്രിവാസം കഴിഞ്ഞ് നേരെ തിരുവനന്തപുരത്ത് എത്തിയത്.

പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

ഇതിനിടയിൽ, 1978 മെയ് 26ന്​ കവി സെക്രട്ടറിയേറ്റിൽ വന്നു. ആരോ എന്നോട് വന്നു പറഞ്ഞു, സ്പോർട്സ് കൗൺസിൽ ഗേറ്റിന്റെ അടുത്തുള്ള മഹാഗണി മരച്ചുവട്ടിൽ കവി ഇരിക്കുന്നുണ്ട്. ഒരുപക്ഷെ നിന്നെ കാണാനായിരിക്കും. അതു കേട്ട് ഞാൻ അങ്ങോട്ടു ചെന്നു. പറഞ്ഞതുപോലെ കവി മരച്ചുവട്ടിലിരിക്കുന്നു, മറ്റേതോ ലോകത്തിലെന്നപോലെ, ഒന്നുമറിയാതെ.

കവി ബാഗിൽ നിന്ന് ഒരു ചെക്കെടുത്ത് നീട്ടി. 10,000 രൂപയുടെ ചെക്ക്. രഥോത്സവത്തിന്റെ ബാധ്യത തീർക്കാൻ ഗവൺമെൻറ്​ അനുവദിച്ച തുക. മേൽവിലാസങ്ങൾ പലതും താണ്ടി ഒടുവിലത് കവിയുടെ കയ്യിലെത്തിയതാണ്. ഞാൻ ചെക്കിലെ തീയതി നോക്കി, കാലാവധി കഴിഞ്ഞിരുന്നു.
ഞാൻ കവിയോട് പറഞ്ഞു, ചെക്ക് അനുവദിച്ച എഡ്യൂക്കേഷനിൽ നിന്ന് തീയതി പുതുക്കിവാങ്ങണം, അല്ലാതെ പണം കിട്ടില്ല. ഓഫീസിൽനിന്ന് അതിനുള്ള ഓതറൈസേഷൻ ലെറ്റർ ടൈപ്പ് ചെയ്ത് അന്നുതന്നെ ചെക്ക്​ പുതുക്കി വാങ്ങി.
കവി പറഞ്ഞു, എനിക്ക് ബാങ്ക് മാനേജരുടെ മേശമേൽകൊണ്ട് ചൊരിയ
ണം.
അതുകേട്ട് ഞാൻ ചിരിച്ചു. ചെക്കുകൊടുത്ത് പണം വാങ്ങിയാൽ ഒരുപക്ഷെ അത് ബാങ്കിലെത്തില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ലോണടവിലേക്കായി ചെക്ക് ബാങ്കിൽ കൊടുക്കാൻ ഏർപ്പാടു ചെയ്തുകൊടുത്തു.

ട്രിവാൻഡ്രം ഹോട്ടലിൽ നിന്ന് ചായ കുടിച്ച് പിരിയുമ്പോൾ കവി പറഞ്ഞു, നാളെ വൈകീട്ട് കാണാം. ഞാൻ ട്രിവാൻഡ്രം ഹോട്ടലിന്റെ മാവിൻചുവട്ടിലുണ്ടാകും.

ആജാനുബാഹുവായ കവിയെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിലെത്തിച്ചു. പക്ഷെ അതിനുമുന്നേ ഇഹലോക ജീവിതമെന്ന കവിതയെഴുത്ത് അദ്ദേഹം അവസാനിപ്പിച്ചുകഴിഞ്ഞിരുന്നു.

നിർഭാഗ്യവശാൽ പിറ്റേദിവസം എന്തോ തിരക്കിൽപ്പെട്ട് എനിക്ക് പോകാൻ കഴിഞ്ഞില്ല. പിറ്റേന്നുരാവിലെ ഞാൻ വീട്ടുമുറ്റത്ത് എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. റേഡിയോ വാർത്ത അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞാൻ സ്തംഭിച്ചുനിന്നു. വ്യക്തമായി കേട്ടില്ല. എന്തോ കേട്ടതുപോലെ ഒരു സംശയം. ഓടി വന്ന് ഭാര്യ ശോഭയോട് വിവരം പറഞ്ഞു. അവളും അത് ശ്രദ്ധിച്ചിരുന്നില്ല. ഞാൻ എന്റെ സംശയം ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ഒരുപക്ഷെ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ കാര്യമായിരിക്കും. അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. അവൾ പറഞ്ഞതുതന്നെ വിശ്വസിച്ച് ഞാൻ നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ പൊളിറ്റിക്കൽ അണ്ടർ സെക്രട്ടറി ശങ്കരൻ സ്റ്റേറ്റ് കാറുമായി വന്നു, വണ്ടിയിൽ നിന്നിറങ്ങി അദ്ദേഹം എന്നോട് ചോദിച്ചു, ഭരതനറിഞ്ഞില്ലേ? മഹാകവി പി. മരിച്ചു.

നേരത്തെ അവ്യക്തമായി കേട്ടകാര്യം ഇപ്പോൾ തീർച്ചയായിരിക്കുന്നു. പ്രിയപ്പെട്ട ഗുരുനാഥൻ, കവിമാഷ് മരിച്ചു.
ശങ്കരൻ പറഞ്ഞു, ബോഡി എന്തുചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കണം. കവിയുടെ അടുത്ത ആളായി ഇവിടെ ഭരതൻ മാത്രമേയുള്ളൂ. വേഗം വരൂ.

ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നു. അതിനിടയിലും ശങ്കരൻ തിടുക്കം കൂട്ടി, ഭരതൻ പറയൂ. എന്താണ് ചെയ്യേണ്ടത്?
ആ സമയത്ത് അദ്ദേഹത്തിന്റെ ചോദ്യത്തിന് എന്തെങ്കിലും ഉത്തരം പറയാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. അതുകൊണ്ടുതന്നെ ഇത്രമാത്രം പറഞ്ഞു, ഇയ്യങ്കോടിനെയും സി.പി.ശ്രീധരനെയും വിളിക്കൂ. അവർ
പറയുന്നതുപോലെ ചെയ്യാം.

ശങ്കരൻ അതുകേട്ടു തിരിച്ചുപോയി. പിറകെ അപ്പോൾത്തന്നെ ഞാൻ മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. കൺമുന്നിൽ തെളിയുന്നത് കവിയോടൊപ്പം ഒന്നിച്ച് നടന്ന വഴികൾ. മെഡിക്കൽകോളേജ് പരിസരത്ത് അറിയുന്നതും അറിയാത്തതുമായ ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ. പ്രധാനികൾ പലരും കവിയെ ഒരുനോക്ക് കാണാൻ കാത്തിരുന്നു, ആൾക്കൂട്ടം പതിഞ്ഞ ശബ്ദത്തിൽ കവിയെക്കുറിച്ച് ഓരോന്നും ഓർക്കുകയും പറയുകയും ചെയ്യുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവവികാസങ്ങൾ ആളുകളുടെ കാതുകളിൽനിന്ന് കാതുകളിലേക്ക് പാറിപ്പറക്കുന്നു.

ആരോഗ്യമന്ത്രി ചിത്തരഞ്ജൻ പറഞ്ഞു, നിയമമനുസരിച്ച് പോസ്റ്റ്മോർട്ടം ഇല്ലാതെ വിട്ടുതരാൻ പ്രയാസമുണ്ട്. ഒന്നാമത് ബന്ധുക്കളാരുമില്ല. രണ്ടാമത്, പിന്നീടൊരാക്ഷേപം വന്നാൽ ഞങ്ങളെല്ലാം വിഷമത്തിലാകും. നിയമപ്രകാരം ചെയ്യേണ്ടത് ചെയ്യാതിരുന്നാൽ എല്ലാവരും വിഷമിക്കും

അതിനിടയിൽ ഒരു രാത്രിയുടെ ഉറക്കക്ഷീണവുമായി നിൽക്കുന്ന ഏതാനും ഓട്ടോറിക്ഷാ ഡ്രൈവർമാർ. സി.പി. സത്രത്തിലെ 44ാം നമ്പർ മുറി. നെഞ്ചുവേദന. ഓട്ടോഡ്രൈവർമാർ. ആജാനുബാഹുവായ കവിയെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിലെത്തിച്ചു. പക്ഷെ അതിനുമുന്നേ ഇഹലോക ജീവിതമെന്ന കവിതയെഴുത്ത് അദ്ദേഹം അവസാനിപ്പിച്ചുകഴിഞ്ഞിരുന്നു.
ഒ.എൻ.വി. കുറുപ്പും പ്രൊഫ. ആനന്ദക്കുട്ടനും അർദ്ധരാത്രി തന്നെ വിവരമറിഞ്ഞ് ഓടിയെത്തിയിരുന്നു. ഒ.എൻ.വിയാണ് സി.പി ശ്രീധരനെ വിളിച്ചത്. സി.പി. എറണാകുളത്തിരുന്നുകൊണ്ട് മന്ത്രിമാരെയും ബന്ധുക്കളെയുമെല്ലാം വിവരമറിയിച്ചു. മുഖ്യമന്ത്രി എ.കെ.ആന്റണി, ആരോഗ്യമന്ത്രി ചിത്തരഞ്ജൻ, കലക്ടർ ജെ. ലളിതാംബിക എന്നിവരുമായി ബന്ധപ്പെട്ട്​ വേണ്ടതെല്ലാം ചെയ്തു. ഡോക്ടർമാർ പോസ്റ്റ്മോർട്ടത്തിന് റഫർ ചെയ്തു. സി.പി ഇടപെട്ടു ചോദിച്ചു, പോസ്റ്റ്മോർട്ടം ഒഴിവാക്കിക്കൂടെ?

ആരോഗ്യമന്ത്രി ചിത്തരഞ്ജൻ പറഞ്ഞു, നിയമമനുസരിച്ച് പോസ്റ്റ്മോർട്ടം ഇല്ലാതെ വിട്ടുതരാൻ പ്രയാസമുണ്ട്. ഒന്നാമത് ബന്ധുക്കളാരുമില്ല. രണ്ടാമത്, പിന്നീടൊരാക്ഷേപം വന്നാൽ ഞങ്ങളെല്ലാം വിഷമത്തിലാകും. നിയമപ്രകാരം ചെയ്യേണ്ടത് ചെയ്യാതിരുന്നാൽ എല്ലാവരും വിഷമിക്കും. അതിനാൽ ലിവറിന്റെ ഭാഗത്തുനിന്ന് ചെറിയൊരു കഷണം എടുക്കുന്നതേയുള്ളൂ. പോസ്റ്റ്മോർട്ടത്തിന്റെ കുഴപ്പങ്ങളൊന്നുമില്ലാതെ മൃതദേഹം അതുപോലെ നിലനിർത്തും. അതില്ലാതെ വയ്യ. (മറക്കാനാവാത്ത മരണം, സി.പി. ശ്രീധരൻ)

പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടുമ്പോഴേക്കും ഉച്ചക്ക്​ ഒരു മണി കഴിഞ്ഞിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം പൊതുദർശനത്തിന് വെച്ചു. കാത്തുനിന്നവർ ഒരുനോക്ക് കണ്ടു. മുഖത്ത് കവിതയുടെ പ്രസാദമധുരിമയില്ല. ആകാശവും ഭൂമിയും പാതിരാത്താരങ്ങളും നിലാവും മഴവിൽക്കാഴ്ചകളും കണ്ടാൽ മതിവരാത്ത കവിയുടെ കണ്ണുകൾ അടഞ്ഞുകിടന്നു. മരണത്തിന്റെ പ്രഭാതം വെളിച്ചം കെടുത്തിയ ആട്ടവിളക്കുപോലെ ജീവിതത്തിന്റെ കഥകളി കഴിഞ്ഞ് കവിയുടെ കണ്ണുകൾ വിശ്രമിക്കുന്നു. ഭൂതധാത്രിയായ അമ്മയുടെ മടിത്തട്ടിലേക്ക് കവി മടങ്ങാൻ തയ്യാറായി നിൽക്കുന്നു. നിളാനദിയുടെ തണുവിരൽത്തടത്തിലേക്ക് കവി യാത്രയാവുന്നു.

സി.പി. ശ്രീധരൻ

മുഖ്യമന്ത്രിയും മന്ത്രിമാരും മെഡിക്കൽ കോളേജിലെത്തി അന്തിമോപചാരം അർപ്പിച്ചു. പബ്ലിക് ഡിപ്പാർട്ടുമെൻറിന്റെ പൊളിറ്റിക്കൽ വിഭാഗം സംസ്‌കാരത്തിന്റെ എല്ലാ ചെലവും ഏറ്റെടുത്തു. ഗവൺമെൻറ്​ അനുവദിച്ച കാറുകളും ആംബുലൻസും മറ്റു ചില വണ്ടികളും അന്ത്യയാത്രക്കൊരുങ്ങി. ആരോ എന്നോട് ആംബുലൻസിൽ കയറാൻ പറഞ്ഞു. ചേതനയില്ലാത്ത പ്രിയപ്പെട്ട കവിമാഷിന്റെ മൃതദേഹത്തോടൊപ്പം ഒരു യാത്ര. അതൊരിക്കലും മനസ്സിൽ സങ്കല്പിക്കുകപോലും ഉണ്ടായിട്ടില്ല. ഞാൻ വേദനയോടെ ആംബുലൻസിൽ കയറാനൊരുങ്ങി. അതിനിടയിൽ പൊളിറ്റിക്കൽ വിഭാഗത്തിലെ ശങ്കരൻ എന്റെ മുഖഭാവം കണ്ട് അടുത്തേക്ക് വിളിച്ചു, ഞാനും കൂടെയുണ്ട്. നമുക്ക് കാറിൽ പോകാം.

കവിയെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ ശശികുമാർ എനിക്കുപകരം ആംബുലൻസിൽ കയറി. ഞങ്ങൾ പുറപ്പെട്ടു. കവിയെ അവസാനമായി ഒരു നോക്ക് കാണാൻ കൊല്ലം. ആലുപ്പുഴ, എറണാകുളം എന്നിവടങ്ങളിലുള്ളവർ കാത്തുനിന്നിരുന്നു. അവർ തൊഴുകയ്യോടെ അന്ത്യാഞ്ജലികളർപ്പിച്ചു. കേരളത്തിലങ്ങിങ്ങോളം സഞ്ചരിച്ചതും കൂട്ടുകൂടിയതുമായ വഴികളുടെ കവി അവസാനയാത്ര ചെയ്തു.

വണ്ടി മുന്നോട്ട് പായുമ്പോഴും മനസ്സ് തലേദിവസത്തിലേക്ക് തിരിച്ചുപോകുന്നു. ഇന്നലെ വൈകുന്നേരം ട്രിവാൻഡ്രം ഹോട്ടലിൽ വെച്ച് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞതോർത്തു. ട്രിവാൻഡ്രം ഹോട്ടലിന്റെ മാവിൻചുവട്ടിൽ കവി ഇന്നലെ വന്നിട്ടുണ്ടാവണം. അവിടെ കുറേനേരം എന്നെ കാത്തിരുന്നിട്ടുണ്ടാവണം. ഒടുവിൽ എന്നെ കാണാഞ്ഞ് സത്രത്തിലേക്ക് മടങ്ങിപ്പോയിട്ടുണ്ടാവും.

കവിയോടൊപ്പം പല തിരക്കുകളും മാറ്റിവെച്ച് എത്രയോനേരം പലപ്പോഴായി ചെലവഴിച്ചിട്ടുണ്ട്. കാണാമെന്നേറ്റ അവസാനദിനം മാത്രം അതിനിടയിൽ നിന്ന് നഷ്ടപ്പെട്ടുപോയി. അതിന്റെ കുറ്റബോധവും വേദനയും വിങ്ങലായി മനസ്സിനെ മൂടിക്കൊണ്ടിരിക്കുന്നു. ആംബുലൻസ് തൊട്ടുമുന്നിലുണ്ട്. അതോടൊപ്പം അതിന് അകമ്പടിയായി കുറെ വണ്ടികൾ പിറകെയും. അന്തിമോപചാരമർപ്പിക്കാൻ പുറപ്പെട്ടുപോന്നവർ. വേദനാഭരിതവും സംഘർഷാത്മകവുമായ ഒരു വിലാപകാവ്യത്തിലെ വരികൾ പോലെ വണ്ടികളോരൊന്നും രാത്രിയിൽ ഹെഡ്​ലൈറ്റിന്റെ പ്രകാശം പരത്തി നിരനിരയായി മുന്നിലും പിന്നിലുമായി പാഞ്ഞു പാഞ്ഞുപോകുന്നു. സാഹിത്യഅക്കാദമിയിലേക്ക്. അവിടെ കവിയെകാത്തിരിക്കുന്ന ആൾക്കൂട്ടത്തിലേക്ക്. കവിക്ക് ഏറ്റവും പ്രിയപ്പെട്ട നിളാനദിയുടെ മടിത്തട്ടിലേക്ക്.

‘‘കൗമാരകാലം തൊട്ടേ വീടുവിട്ടലഞ്ഞ അച്ഛൻ മരണശേഷവും സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നില്ല. നാടും വീടും കാണാതെ അച്ഛൻ പോയ വഴിയേ സ്വന്തം ജീവിതവും വിട്ടുപോയി.’’

ദേശാടനങ്ങൾക്കൊടുവിൽ, അവസാന യാത്ര...

1978 മെയ് 27ന്​ രാവിലത്തെ ആകാശവാണി വാർത്തയിലൂടെയാണ് പി. കുഞ്ഞിരാമൻനായരുടെ മരണം കേരളം അറിഞ്ഞത്. റേഡിയോ എല്ലാ വീട്ടിലും ഇല്ലാത്ത കാലം. അക്കാരണം കൊണ്ടുതന്നെ കാഞ്ഞങ്ങാട്ടുള്ള കവിയുടെ വീടും മരണവവിരം അറിയാതെ എന്നത്തെയും പോലെ അന്നത്തെ പ്രഭാതത്തിലൂടെയും കടന്നുപോവുകയായിരുന്നു. റേഡിയോ വാർത്ത കേട്ട ആരോ ഒരാളാണ് കവിയുടെ മരണവിവരം വീട്ടിലറിയിച്ചത്. കാഞ്ഞങ്ങാട്ടുനിന്ന് ഉച്ചയ്ക്കുമുമ്പേ കവിയുടെ കുടുംബം തൃശൂരിലേക്ക് പുറപ്പെട്ടു. മകൻ രവീന്ദ്രൻനായർ, പെൺമക്കളായ ലീല, രാധ, അതോടൊപ്പം കവിയുടെ മൂന്നു മക്കളുടെയും പേരക്കിടാങ്ങളും വിദ്വാൻ പി.കേളുനായരുടെ മകൻ എ.എം.ദാമോദരൻ നായരും അവരോടൊപ്പമുണ്ടായിരുന്നു.

കാഞ്ഞങ്ങാട്ടുനിന്ന് എട്ടുമണിക്കൂർ യാത്രയുണ്ട് തൃശൂരിലേക്ക്. കുടുംബനാഥനായി എന്നും കൂടെയുണ്ടായില്ല എങ്കിലും മലയാളമൊന്നടങ്കം ആദരിക്കുന്ന തങ്ങളുടെ പ്രിയ പിതാവിനെ നേരിൽ കാണാനുള്ള അവസാനത്തെ ആഗ്രഹത്തോടെ കവിയുടെ കുടുംബം യാത്രതിരിച്ചു. ആ ദിവസത്തിന്റെ വേദനാഭരിതവും വികാരസാന്ദ്രവുമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ ഓർക്കുന്നതിങ്ങനെ:

കൗമാരകാലം തൊട്ടേ വീടുവിട്ടലഞ്ഞ അച്ഛൻ മരണശേഷവും സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നില്ല. നാടും വീടും കാണാതെ അച്ഛൻ പോയ വഴിയേ സ്വന്തം ജീവിതവും വിട്ടുപോയി. തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അച്ഛൻ തിരുവനന്തപുരത്തേക്കും ഞാൻ മൈസൂരിലേക്കും പോയി. ഡിസ്റ്റൻസായി അന്നവിടെ ഞാൻ ബി.എഡ് ചെയ്യുകയായിരുന്നു. മൈസൂരിലെ വിലാസത്തിൽ മെയ് 18ന്​ അച്ഛനെഴുതിയ കത്ത്. അതിലെ വരികൾ ഞാനോർത്തു.

പ്രിയപ്പെട്ട രവീ, മരുന്ന് കൃത്യമായി കഴിക്കുന്നുണ്ട്. രഥോത്സവത്തിന്റെ കാര്യങ്ങൾ പൂർത്തികരിച്ചാൽ ഇനിയുള്ള കാലം കാഞ്ഞങ്ങാട് വന്ന് താമസിക്കണമെന്ന് വിചാരിക്കുന്നു.

അച്ഛനൊരിക്കലും ഇത്തരമൊരു കത്ത് എനിക്കയച്ചിട്ടില്ല. ഒരുപാട് അലച്ചിലുകൾക്കുശേഷം അച്ഛൻ ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചതിലുളള കൗതുകവും സന്തോഷവുമായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ കത്തിലെ വരികൾക്കിടയിലൂടെ ആ ദിവസങ്ങളിൽ പലതവണ ഞാൻ കണ്ണോടിച്ചു. എത്രയോ കാലമായി അച്ഛനടുത്തില്ലാതെ ജീവിക്കേണ്ടി വന്ന അമ്മയെ ഓർത്തു. അമ്മയേയും മക്കളായ ഞങ്ങളെയും കാഞ്ഞങ്ങാട്ടെ ശാന്തിമന്ദിരത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചശേഷം അച്ഛൻ നാടുവിട്ടുപോയ വർഷദൈർഘ്യങ്ങൾ. അക്കാലം മുതൽ അമ്മയും മക്കളായ ഞങ്ങളും അനുഭവിച്ച ഏകാന്തയും ഒറ്റപ്പെടലും.

പി.യുടെ ഇളയ മകൻ രവീന്ദ്രനാഥ്

മുത്തശ്ശനുണ്ടായിരുന്നതുകൊണ്ടുമാത്രം ജീവിതം തിരിച്ചുകിട്ടിയ ജന്മങ്ങളെന്ന ഓർമ പലപ്പോഴും മനസ്സിൽ വന്നുനിറയുന്നു. അതിനൊപ്പം കുട്ടിക്കാലം തൊട്ട് പലരിൽനിന്നും കേൾക്കേണ്ടി വന്ന പരിഹാസങ്ങൾ. ചോദ്യങ്ങൾ. ഉത്തരം പറയാനറിയാതെ തലകുനിച്ചു നിൽക്കേണ്ടി വന്ന മുഹൂർത്തങ്ങൾ... ഇതെല്ലാം അച്ഛന്റെ ഓർമയോടൊപ്പം വന്നുചേരുന്നു.

ദേശാടനം മതിയാക്കി അച്ഛൻ കാഞ്ഞങ്ങാട്ട് വീട്ടിൽ തിരിച്ചെത്തുന്നതോടെ ഇതുവരെ അനുഭവിച്ച എല്ലാ വേദനകൾക്കും പരിഹാരമാകും. മഠത്തിൽവളപ്പ് വീട് നഷ്ടപ്പെട്ടുപോയെങ്കിലും അതിനടുത്ത് ഞാൻ സ്ഥലം വിലയ്ക്കുവാങ്ങി പണിത കാഞ്ഞങ്ങാട്ടെ വീട് ഇനിയുള്ള കാലം അച്ഛന്റേയും കൂടി വീടാണ്. ഇനിയുള്ള കാലം അച്ഛനവിടെ താമസിക്കും. പ്രണയത്താൽ നിത്യബന്ധിതനായ അച്ഛൻ അമ്മയോടൊപ്പം താമസിച്ച്​ കഴിഞ്ഞുപോയ കൗമാരകാലത്തിന്റെ ഓർമകളിലേക്ക് പോകുമായിരിക്കും. അച്ഛനെഴുതുന്ന കവിതകൾക്ക് പണ്ടേപ്പോലെ അമ്മ അസ്സലെഴുതിക്കൊടുക്കുന്നതും വീടിന്റെ ഉമ്മറത്തിരുന്ന്​ അവർ പഴങ്കഥകൾ അയവിറക്കുന്നതും വെറുതെയെങ്കിലും മനസ്സിൽ സങ്കല്പിച്ചുപോവുന്നു.
മൈസൂരിൽ ഇപ്രകാരം ദിവസങ്ങൾ കടന്നുപോവുന്നതിനിടയിൽ ഒരു ദിവസം എനിക്കുതോന്നി, വീട്ടിലേക്കൊന്നു പോയിവരണം. എന്തുകൊണ്ട് അങ്ങനെ തോന്നി എന്നറിയില്ല. ഒരു കാരണവുമില്ലാതെ അങ്ങനെയൊരു തോന്നലുണ്ടായി. അതിന്റെ ചുവടുപിടിച്ച്​ മെയ് 25ന്​ ഞാൻ മൈസൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസ് കയറി.

വീട്ടിൽവന്ന് അമ്മയോട് അച്ഛന്റെ കത്തിനെക്കുറിച്ച് പറഞ്ഞു. അമ്മ അതു മൂളികേട്ടു. എന്നിട്ട് പറഞ്ഞു, അന്ന് പോകുമ്പോൾ എന്നോടും ഇത് പറഞ്ഞിരുന്നു.
പറഞ്ഞ കാര്യം ഇപ്പോൾ ഓർക്കുന്നുണ്ടാവുമോ ആവോ?

അച്ഛനെ അവസാനമായി കാണാൻ തൃശൂരിലേക്കുള്ള യാത്രയിൽ മക്കളെല്ലാം പുറപ്പെട്ടുപോന്നു. പക്ഷെ, അമ്മ മാത്രം വന്നില്ല. അമ്മയ്ക്ക് അച്ഛനെന്നത് ഏകാന്തമായി എന്നും കാത്തിരിക്കാനുള്ള ഒരാൾ മാത്രമായിരുന്നോ? ചേതനയറ്റ ശരീരമെങ്കിലും എല്ലാ തിരക്കും കഴിഞ്ഞ് തന്റെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നോ? അറിയില്ല. അച്ഛൻ വന്നാലും വന്നില്ലെങ്കിലും എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാനുള്ള ക്ഷമ അമ്മക്കുണ്ടായിരുന്നു. അത്രത്തോളം സ്നേഹവിശുദ്ധി മറ്റാരിലും ഞാൻ കണ്ടിട്ടില്ല, അമ്മയിലല്ലാതെ, വാർദ്ധക്യകാലത്ത് പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമകളിലൂടെ കടന്നുപോകുമ്പോൾ രവീന്ദ്രൻ നായരുടെ കണ്ഠമിടറുന്നു.

‘‘മുത്തശ്ശന്റെ മരണവിവരമറിഞ്ഞ് അമ്മയും രാധ ഇളയമ്മയുമൊക്കെ പൊട്ടിക്കരയുമ്പോഴും അമ്മൂമ്മ ഒരിടത്ത് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. നഷ്ടബോധമോ ഒറ്റപ്പെടലോ വേദനയോ എന്തായിരുന്നു ആ മുഖത്തെന്ന് എനിക്കന്ന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.’’

കവിയുടെ ഭാര്യ കുഞ്ഞിലക്ഷ്മി അവസാനമായി ഭർത്താവിനെ കാണാൻ ചെല്ലാതെ വീട്ടിൽ തങ്ങി. ലീലയുടെ മകൾ ജയശ്രീ അന്നവർക്ക് കൂട്ടായി നിന്നു. കുഞ്ഞിലക്ഷ്മിയും കവിയുടെ കൊച്ചുമകളും മാത്രം അവശേഷിച്ച കാഞ്ഞങ്ങോട്ടെ വീട്. അന്നത്തെ പകലും രാത്രിയും കുഞ്ഞിലക്ഷ്മിയുടെ മനസ്​ ഓർമകൾക്കും വേദനകൾക്കും ഇടയിലൂടെ ഇരമ്പിക്കൊണ്ടിരുന്നു. മിണ്ടിയും മിണ്ടാതെയുമിരുന്ന നിമിഷങ്ങൾ. ആ ദിവസത്തെപ്പറ്റി കവിയുടെ പേരമകളായ ജയശ്രീ ഇന്നും വ്യക്തമായി ഓർക്കുന്നു:

മുത്തശ്ശന്റെ മരണവിവരമറിഞ്ഞ് അമ്മയും രാധ ഇളയമ്മയുമൊക്കെ പൊട്ടിക്കരയുമ്പോഴും അമ്മൂമ്മ ഒരിടത്ത് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. നഷ്ടബോധമോ ഒറ്റപ്പെടലോ വേദനയോ എന്തായിരുന്നു ആ മുഖത്തെന്ന് എനിക്കന്ന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. എല്ലാവരും തൃശൂരിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മൂമ്മ സ്വന്തം കട്ടിലിന്റെ ഒരറ്റത്ത് ഒന്നും മിണ്ടാതെ ഇരുന്നു. ഞാൻ അടുത്തുചെന്ന് അമ്മൂമ്മയുടെ കൂടെത്തന്നെയിരുന്നു. അമ്മൂമ്മ എന്നോട് എന്തെങ്കിലും പറയുകയോ മുഖത്തേക്ക് ഒന്നു നോക്കുകയോ ചെയ്തില്ല. അമ്മൂമ്മയുടെ അകവും മുഖവും ഒരുപോലെ വിങ്ങിനിൽക്കു കയായിരുന്നു. അത് കണ്ടപ്പോൾ ഞാൻ പതിയെ ചോദിച്ചു.

അമ്മൂമ്മയ്ക്ക് ഒന്നു കാണണമെന്നുണ്ടായിരുന്നോ?
അമ്മൂമ്മ അപ്പോഴും ഒന്നും മിണ്ടിയില്ല.
അമ്മൂമ്മേ എന്ന് ഉറക്കെ ഒരിക്കൽ കൂടി വിളിച്ചപ്പോൾ അവരെന്നോട് പറഞ്ഞു, കാണണന്ന് പലപ്പോഴും തോന്നീട്ടുണ്ട് കുട്ടീ. അതു ജീവി
ച്ചിരിക്കുമ്പളായിരുന്നു. ഇപ്പോ ഇങ്ങനെ കാണാതിരിക്കുന്നതല്ലേ നല്ലത്?

പി. കുഞ്ഞിരാമൻ നായർ, കുഞ്ഞിലക്ഷ്മി

അമ്മൂമ്മ പറഞ്ഞതാണ് ശരിയെന്നു എനിക്കും തോന്നി. ഞാൻ അവരുടെ കൈകൾ പിടിച്ചുകൊണ്ട് അരികിൽത്തന്നെയിരുന്നു. അമ്മൂമ്മയുടെ മനസ്സിൽ ഓർമകൾ പലതും വന്നുനിറയുന്നുണ്ടാകണം. എന്താണ് സംസാരിക്കേണ്ടതെന്ന്​നിശ്ചയമില്ലാതെ ഞാൻ വീർപ്പുമുട്ടി. അതിനിടയിൽ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് കോലായിലേക്ക് ചെന്നു.
മുറ്റത്ത് ഒരു ചെറുപ്പക്കാരൻ. കോഴിക്കോട് മാതൃഭൂമിയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് അയാൾ പരിചയപ്പെടുത്തി. ഞാൻ പറഞ്ഞു, ഇവിടെ ഇപ്പോളാരുമില്ല.
അയാൾ ഒന്നാലോചിച്ചു ചോദിച്ചു, ആരുമില്ലേ?
ഇല്ല.
കവിയുടെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മ?
ഉണ്ട്.
കുറേക്കാലമായി കാണണമെന്ന് വിചാരിക്കുന്നു. ഒന്നു വിളിക്കാമോ? ഞാൻ അമ്മൂമ്മയെ വിളിച്ചു. വന്ന ആളെ മാനിക്കണമല്ലോ എന്ന് വിചാരിച്ചായിരിക്കാം അമ്മൂമ്മ കോലായിലേക്ക് വന്നു, അയാൾ സംസാരിച്ചു തുടങ്ങി.

രൂപഭംഗിപോലെത്തന്നെ അയാളുടെ സംസാരരീതിയും ആകർഷകമായിരുന്നു. അമ്മൂമ്മ അയാൾ പറയുന്നത് കേട്ടിരുന്നു. അമ്മൂമ്മയുടെയും മുത്തച്ഛന്റെയും പഴയ കാലത്തെക്കുറിച്ച് അയാൾ വായിച്ചറിഞ്ഞതിനെപ്പറ്റി സംസാരിച്ചു. അമ്മൂമ്മ പലതിനും അയാളോട് മറുപടി പറയുന്നുണ്ടായിരുന്നു.
അയാൾ സംസാരിക്കുമ്പോഴൊക്കെ അമ്മൂമ്മ വർഷങ്ങൾക്കപ്പുറത്തെ ഓർമകളിലേക്ക് പോയി. എന്നോട് പറയാതിരുന്ന പലതും അമ്മൂമ്മ അയാളോട് പറയുന്നുണ്ടായിരുന്നു. അതിശയത്തോടെ ഞാനത് നോക്കിനിന്നു. അതിനിടയിൽ ഒരു നിശ്വാസം പോലെ അമ്മൂമ്മ പറഞ്ഞു, അന്ന് പോവുമ്പോൾ പറഞ്ഞിരുന്നു. റേഡിയോയിൽ കേൾക്കാം, ആള് ഈ ലോകംവിട്ടുപോയ വിവരം. ഇപ്പോ
അതുപോലെത്തന്നെ സംഭവിച്ചു.
അമ്മൂമ്മയുടെ കണ്ഠമിടറി. അതുകണ്ടപ്പോൾ ഒരിടവേളയിൽ അയാൾ ചോദിച്ചു, അമ്മയ്ക്ക് കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ഓർക്കുമ്പോൾ വിഷമം തോന്നുന്നുണ്ടോ?
അമ്മൂമ്മ കുറച്ചുനേരത്തേക്ക് ഒന്നും പറഞ്ഞില്ല. പിന്നെപ്പറഞ്ഞു, എന്നെ വരിക്കുന്നതിനു മുമ്പെ അദ്ദേഹം കവിതയെ വരിച്ചു. അതറിഞ്ഞുകൊണ്ടാണ് ഒന്നിച്ചുജീവിച്ചു തുടങ്ങിയത്. ഭാര്യ എന്ന നിലയിലുള്ള ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു. അതേസമയം കവിയായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കൊന്നും തടസ്സം നിന്നില്ല. അദ്ദേഹം കവിതയിൽ മുഴുകി ജീവിച്ചു. എങ്കിലും ആ മനസ്സിൽ എന്നും ഞാനുണ്ടായിരുന്നു. അതെനിക്കറിയാമായിരുന്നു.

അമ്മൂമ്മ അവസാനം പറഞ്ഞ വാക്കുകൾ എത്രയോ തവണ എന്നോടും പറഞ്ഞിട്ടുണ്ട്. മുത്തച്ഛന്റെ മനസ്സിൽ എന്നും ഞാനുണ്ടല്ലോ. അതുമതി. അതുതന്നെയായിരുന്നു അമ്മൂമ്മ അയാളോടും പറഞ്ഞത്. അദ്ദേഹം രണ്ടു മണിക്കൂറോളം അമ്മൂമ്മയുടെ കൂടെയിരുന്നു. പിന്നെ ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ അമ്മൂമ്മ എന്നോട് ചോദിച്ചു,
ഇവിടെ വന്ന ആൾ ആരായിരുന്നു?
ഞാൻ അത്ഭുതത്തോടെ അമ്മൂമ്മയെ നോക്കി. എന്നിട്ട് ചോദിച്ചു, അമ്മൂമ്മ അത് ചോദിച്ചില്ലായിരുന്നോ?
ഇല്ല കുട്ടീ. അതൊന്നും ചോദിച്ചില്ല.

ഉറൂബ് കവിയുടെ കുടുംബത്തെ അക്കാദമിയിലൊരിടത്ത് ഇരുത്തിച്ചു. വൈലോപ്പിള്ളി, ഉണ്ണികൃഷ്ണൻ പുതൂർ, ആത്മബന്ധുക്കൾ എല്ലാവരും ആംബുലൻസിന്റെ വരവിനായി കാത്തിരുന്നു.

ഒരുപാട് കാലങ്ങളായി പരിചയമുള്ളതുപോലെയാണ് അമ്മൂമ്മ അയാളോട് സംസാരിച്ചിരുന്നത്. അമ്മൂമ്മയുടെ ഉള്ളുരുക്കത്തിന് ഇത്തിരി ശാന്തി അതുകൊണ്ടുണ്ടായിട്ടുണ്ടാവും. സമയം കടന്നുപോകുന്നു. വൈകുന്നേരമായി. സന്ധ്യാനേരത്ത് തെളിയിച്ചുവെയ്ക്കാത്ത നിലവിളക്ക് പടിഞ്ഞാറ്റയിൽ തിരി നനഞ്ഞു കിടന്നു. ഞാനോർത്തു, അവരൊക്കെയും ഇപ്പോൾ തൃശൂരിലെത്തിയിട്ടുണ്ടാവും. മുത്തച്ഛന്റെ നിശ്ചലശരീരം കണ്ട് എല്ലാവരും കണ്ണീർ പൊഴിക്കുകയാവും.
അമ്മൂമ്മ ഇപ്പോൾ ഓർക്കുന്നതും അതുതന്നെയാവില്ലേ? രാത്രി ഞാൻ അമ്മൂമ്മയ്ക്ക് കഞ്ഞി തിളപ്പിച്ചുകൊടുത്തു. അമ്മൂമ്മ ഇത്തിരി മാത്രം കുടിച്ചു. എല്ലാവരും വേദനയോടെ ഇറങ്ങിപ്പോയ വീട്ടിൽ ഈ ഏകാന്തരാത്രിയിൽ ഞാനും അമ്മൂമ്മയും മാത്രം. പരസ്പരം ഒന്നും മിണ്ടാനില്ലാതെ ഞങ്ങൾ കിടന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ആ രാത്രിയിൽ ഞങ്ങൾക്ക് കൂട്ടായിനിന്നു.

സാഹിത്യ അക്കാദമി പരിസരത്ത് കവിയെ അവസാനമായി കാണാൻ വലിയൊരാൾക്കൂട്ടമുണ്ടായിരുന്നു. ഉറൂബ് കവിയുടെ കുടുംബത്തെ അക്കാദമിയിലൊരിടത്ത് ഇരുത്തിച്ചു. വൈലോപ്പിള്ളി, ഉണ്ണികൃഷ്ണൻ പുതൂർ, ആത്മബന്ധുക്കൾ എല്ലാവരും ആംബുലൻസിന്റെ വരവിനായി കാത്തിരുന്നു. ആംബുലൻസെത്തി. ഒപ്പം ഏതാനും കാറുകളും. ഒടുവിൽ വെള്ളയിൽ പുതിപ്പിച്ച കവിയുടെ ചേതനയറ്റ ശരീരം അക്കാദമി ഹാളിൽ കിടത്തി. സി.പി. ശ്രീധരൻ മകൻ രവീന്ദ്രൻ നായരെയും കൂടെ വന്നവരെയും ആശ്വസിപ്പിച്ചു. പുതൂര് രവീന്ദ്രൻ നായരുടെ കൂടെത്തന്നെ നിന്നു.

കവിയോടുള്ള ആദരം പൂമാലകളായി മൃതദേഹത്തിൽ കിടന്നു.
കവിക്കേറ്റവും പ്രിയപ്പെട്ട നിളാതീരത്തേക്ക് യാത്ര തുടങ്ങി. വള്ളത്തോളിന്റെ വീടിനു മുന്നിൽ ആംബുലൻസ് നിന്നു. പി. കവിത എഴുതിത്തുടങ്ങുന്ന കാലത്ത് മഹാകവി വളളത്തോളിനെ കാണാൻപോയ വഴി. ആ വഴിവക്കിൽ ലക്കിടിയിൽ നിന്നെത്തിയ പാറുക്കുട്ടി ടീച്ചറും കവിയുടെ മകൾ ബാലാമണിയും കവിയെ ഒരു നോക്കുകാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ വള്ളത്തോളിന്റെ കുടുംബവും. ഗുരുനാഥനായി വള്ളത്തോളിനെ മനസ്സിൽ സങ്കല്പിച്ച് പി. മടങ്ങിപ്പോയ അതേ വഴിയിലൂടെ വർഷങ്ങൾക്കുശേഷം കവിയുടെ ശവയാത്ര കടന്നുപോയി.

മാമ്പൂക്കളുടെ ഓർമകളുടെ നീരുവറ്റിയ മാവിൻതടികൾ കൊണ്ട് ചിതയൊരുക്കി ശ്മശാനജോലിക്കാർ നിളാതീരത്ത് കാത്തിരുന്നു. നിലാവറ്റ കവിതപോലെ ഇരുട്ടിലൂടെ നിള ഒഴുകി. പി.യുടെ കാവ്യശരീരം നദീതീരത്തെ മരമുട്ടികളിൽ മലർന്നുകിടന്നു. പ്രകൃതിയുടെ സൗന്ദര്യവിലാസങ്ങളെ അത്രമാത്രം കൊതിയോടെ നോക്കിനിന്ന കണ്ണുകൾ അടഞ്ഞുകിടന്നു. അതുകണ്ട് ആകാശത്തിലെ നക്ഷത്രങ്ങൾ ഒന്നെത്തിനോക്കി. മരമുട്ടികൾ ശരീരം മറച്ചുകൊണ്ടിരുന്നു. പൂത്തകാലം മറന്നുപോയ മരത്തടികൾ അഗ്‌നിയിൽ ചുവന്നുപൂക്കാൻ കാത്തിരുന്നു. വിറകിനുമീതെ നെയ്യൊഴുകി. കവിയുടെ മകൻ രവീന്ദ്രൻ നായർ തിരിയിൽനിന്ന് വിറകിലേക്ക് തീ പകർത്തിവെച്ചു. വിറകിനുമേൽ തീ അസ്സലെഴുതി തുടങ്ങി. രാത്രിയുടെ കറുപ്പിൽ വീശിയടിക്കുന്ന തെക്കൻ കാറ്റിൽ കവിയുടെ ചിത കത്തി. പുണ്യപാപങ്ങളുടെ ആയിരമായിരം സങ്കല്പങ്ങളിണങ്ങിച്ചേർന്ന മനുഷ്യശരീരം ഒടുവിൽ അഗ്‌നിയാൽ സ്ഫുടം ചെയ്​തു. ചിതയിലെ വെളിച്ചം നിളയിലൂടെ പരന്നൊഴുകി. ചിത കത്തിത്തീരാൻ കാത്തുനിൽക്കാതെ അർദ്ധരാത്രി പിന്നിട്ട നേരത്ത് ആൾക്കൂട്ടം പിരിഞ്ഞു.

കവി കണ്ട പുലരികൾ ഇവിടെ അവസാനിക്കുന്നു.
കവി കാണാത്ത പുലരികൾ ആ രാത്രിയോടെ ആരംഭിക്കുകയും ചെയ്യുന്നു. അമ്പതാണ്ടുകൾക്കിപ്പുറം പി.കുഞ്ഞിരാമൻ നായർ എഴുതിയ കവിതകളുടെ സത്യസൗന്ദര്യങ്ങൾ മലയാളികൾ അന്നത്തേക്കാളേറെയായി ഇന്നനുഭവിക്കുന്നു. മറ്റാർക്കും അനുകരിക്കാനാവാത്തതുകൊണ്ടാവാം, പി.കവിതകൾ മാത്രം അന്നും ഇന്നും പി.യിൽ നിന്നാരംഭിക്കുകയും പി.യിൽത്തന്നെ അവസാനിക്കുകയും ചെയ്യുന്നത്. ▮​

(അവസാനിച്ചു)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments