പി. കുഞ്ഞിരാമൻ നായർ

അച്ഛനെ കണ്ട നാൾ

ഒമ്പതുവർഷക്കാലം ഉള്ളിലടക്കിവെച്ച വേദനയത്രയും അമ്മയുടെ കണ്ണിൽനിന്ന് കണ്ണുനീരായി ഒഴുകിവന്നു. നിശ്ശബദ്മായി അമ്മ കരയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ പൊട്ടിക്കരയുന്നത് കണ്ടത് അന്നാദ്യമായിട്ടായിരുന്നു. കരച്ചിലൊന്നടങ്ങിയപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു. അച്ഛനാണ്. ഞങ്ങൾ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിനിന്നു.

കുഞ്ഞിലക്ഷ്മിയും രണ്ടുമക്കളും പി.യുടെ പിതാവായ കുഞ്ഞമ്പുനായരുടെയും അമ്മ കുഞ്ഞമ്മയമ്മയുടെയും തണലിൽ കഴിഞ്ഞു. കുഞ്ഞമ്പുനായർ ഉത്തരകേരളത്തിലെ ജന്മിത്തറവാടായ ഏച്ചിക്കാനത്തെ വ്യവഹാര കാര്യസ്ഥനായിരുന്നു. പ്രതാപം കൊടികുത്തിവാണിരുന്ന കാലത്ത് കുഞ്ഞമ്പുനായരെ ആളുകൾ ബഹുമാനത്തോടെ കുഞ്ഞമ്പു എഴുത്തച്ഛൻ എന്ന് വിളിച്ചുപോന്നു. ആവലാതി പറയാനും പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനും എത്തിച്ചേരുന്നവരുടെ സാന്നിധ്യത്താൽ മഠത്തിൽ വളപ്പ് വീട് എന്നും സജീവമായിരുന്നു. മരുമക്കളും കുടുംബക്കാരുമടങ്ങുന്ന വീടിന്റെ അകത്തളങ്ങളും അതേ അവസ്ഥയിലായിരുന്നു. പലതരം തിരക്കുകൾക്കിടയിലും കുഞ്ഞമ്പുനായർ കുടുംബകാര്യങ്ങളെല്ലാം നന്നായി നോക്കിപ്പോന്നു.

കവിയുടെ മകൻ രവീന്ദ്രന് മുത്തച്ഛനായിരുന്നു എല്ലാം. കുഞ്ഞമ്പുനായർ വീട്ടിലുള്ളപ്പോഴൊക്കെ രവി അദ്ദേഹത്തോട് ഒട്ടിനിന്നു. അച്ഛന്റെ സാന്നിധ്യമില്ലാത്തതുകൊണ്ട് മുത്തച്ഛനെയാണ് അവൻ അച്ഛൻ എന്ന് വിളിച്ചു ശീലിച്ചത്. തന്റെ പേരക്കിടാവിന് അദ്ദേഹം അത്രമാത്രം വാത്സല്യം പകർന്നുനൽകുകയും ചെയ്തു. സ്വപ്നജീവിയായ അച്ഛനോടൊപ്പം യാത്രചെയ്ത് എവിടെയെങ്കിലും വെച്ച് അനാഥമായി പോകാവുന്ന തങ്ങളുടെ ജീവിതത്തെ സംരക്ഷിച്ചുനിർത്തിയത് മുത്തച്ഛനായിരുന്നു എന്ന് രവീന്ദ്രൻ തിരിച്ചറിയുന്നുണ്ട്. മഠത്തിൽ വളപ്പ് വീട്ടിൽ ചെലവിട്ട ബാല്യകാലത്തെയും അച്ഛനെ കാണാതെ വളർന്ന നാളുകളെക്കുറിച്ചും രവീന്ദ്രൻ നായർ ഓർക്കുന്നു.
രണ്ടുവയസ്സിൽ വീടുവിട്ടു പോയശേഷം പന്ത്രണ്ട് വയസ്സുവരെ അച്ഛനെ കാണാനിടയായിട്ടില്ല. ചെറുപ്പത്തിൽ അയൽപക്കത്തുള്ള ബന്ധുവീടുകളിൽ കളിക്കാൻ ചെല്ലുമ്പോൾ കേൾക്കാറുള്ള ചില വർത്തമാനങ്ങളിൽ നിന്നാണ് അച്ഛനെക്കുറിച്ച് പലതും കേൾക്കാനും മനസ്സിലാക്കാനും തുടങ്ങിയത്. കൂട്ടു കാരോടൊപ്പം കളിക്കുന്നതിനിടയിൽ അവരുടെ വീട്ടിൽ അതിഥികളായെത്തിയവരോ മറ്റോ എന്നെ ചൂണ്ടിയിട്ട് ഒരു ചോദ്യം ചോദിക്കും.
ഇവനേതാ?
അതിനുള്ള ഉത്തരം മിക്കവാറും പറഞ്ഞുകേൾക്കാറുള്ളത് ഇങ്ങനെയാണ്: അറിയില്ലേ. കുഞ്ഞിരാമന്റെ മകൻ.
മൂപ്പരിപ്പോ എവിടെയാ? വല്ല വിവരോം ഉണ്ടോ?
പലതും പറഞ്ഞുകേൾക്കുന്നു. പിന്നേം കെട്ടീന്നും അതിലും മക്കളുണ്ടെന്നും ഒക്കെ.

അച്ഛനെക്കുറിച്ച് തുടങ്ങുന്ന സംസാരം അമ്മയെക്കുറിച്ചും മക്കളെക്കുറിച്ചും പലതരം കഥകളായി അങ്ങനെ നീണ്ടുപോകുന്നതായിരുന്നു. ചെറുപ്പത്തിൽ കളിക്കൂട്ടുകാരായ കുട്ടികൾക്കൊപ്പം മഞ്ചാടിക്കുരു എണ്ണിക്കളിക്കുന്ന സമയത്ത് ഇത്തരം സാഹചര്യങ്ങളിൽ എന്റെ എണ്ണം തെറ്റി. പറഞ്ഞറിയിക്കാനാവാത്ത വേദനയിൽ മനസ്സാകെ മുങ്ങിപ്പൊങ്ങുന്ന വേദന. അപ്പോഴൊക്കെ ജയിക്കാവുന്ന പല കളികളിലും ഞാൻ തോറ്റു.

പി. കുഞ്ഞിരാമൻ നായരുടെ മകനായി ജനിച്ചതിൽ ആദ്യകാലത്ത് കുറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്നെനിക്ക് അഭിമാനമുണ്ട്. ചെറുപ്പകാലത്ത് അച്ഛനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വേദനകൾ തരാൻ പലരുമുണ്ടായിരുന്നു. അതിനെയൊക്കെ അതിജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമൊന്നോണം മുത്തച്ഛൻ കൂടെയുണ്ടായിരുന്നതു കൊണ്ടാണ്. അച്ഛന് മക്കളെ സ്നേഹിക്കാനോ സ്നേഹം പ്രകടിപ്പിക്കാനോ അറിയില്ലായിരുന്നു. മുത്തച്ഛന് ഇതു രണ്ടുമറിയാമായിരുന്നു. മുത്തച്ഛൻ സ്നേഹിച്ചു. അച്ഛനെ അത്രമാത്രം. ഞങ്ങൾക്കും അത് പകുത്തുതന്നു.

പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം വീട്ടിലുള്ള സമയത്തെല്ലാം എന്നെ അരികിലേക്ക് മാടിവിളിച്ചു. രവിക്കുട്ടീ എന്ന സ്നേഹവിളി കേട്ടും മുത്തച്ഛന്റെ കൈപിടിച്ചുമാണ് ആദ്യമായി നടന്നു തുടങ്ങിയത്. സന്ധ്യകഴിഞ്ഞാൽ കൂടെയിരുത്തി എന്നും കഥപറഞ്ഞു തന്നു. അദ്ദേഹത്തിന്റെ നെഞ്ചത്ത് കിടന്ന് ഞാൻ മയങ്ങി. കൂടെയുറങ്ങുകയും എന്നും ഒന്നിച്ചുണരുകയും ചെയ്തു.
മുത്തച്ഛൻ പകൽ സമയങ്ങളിലെല്ലാം ഏച്ചിക്കാനം തറവാ ട്ടിലോ അല്ലെങ്കിൽ കേസ് സംബന്ധമായ ആവശ്യങ്ങൾക്കായി മംഗലാപുരത്തോ ആയിരുന്നു. എന്നും പോയി വരും. വീട്ടിലുള്ള ദിവസങ്ങളിൽ കാണാൻ വന്ന ആളുകളോടുള്ള സംസാരവും തർക്കം പറഞ്ഞുതീർപ്പാക്കലുമൊക്കെയാണ്. കോലായിൽ ചാരുകസേരയിലാണ് മുത്തച്ഛൻ ഇരിക്കുന്നത്. അതിന്റെ തൊട്ടടുത്തുള്ള സ്റ്റൂളാണ് എന്റെ ഇരിപ്പിടം. വ്യവഹാരക്കാർ മുത്തച്ഛനെ കാണാൻ വരുമ്പോൾ പല കാഴ്ചകളും കൊണ്ടുവരുമായിരുന്നു. പഞ്ചസാര, നാടൻ പുകയില എന്നിവ സ്ഥിരമായിരുന്നു. കിഴക്കുള്ളവർ പലപ്പോഴും മാനിറച്ചിയുമായി വന്നു. കടലോരത്തുള്ളവർ മലാന്റെ ഇറച്ചിയും കടൽമത്സ്യങ്ങളും കൊണ്ടുവന്നതും ഓർക്കുന്നു.

അമ്മ എന്നും വീട്ടിലെ ഓരോരോ പണിത്തിരക്കിലായിരുന്നു. അച്ഛനുമായി കല്യാണം നിശ്ചയിക്കപ്പെട്ട ജാനകിയെ അച്ഛന്റെ അനുജൻ കൃഷ്ണൻ നായരാണ് കല്യാണം കഴിച്ചത്. അവരും അച്ഛന്റെ മറ്റൊരനുജനായ ബാലഗോപാലന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ചേച്ചി ലീല അമ്മയെചുറ്റിപ്പറ്റിയായതുകൊണ്ട് ചെറുപ്പകാലത്ത് എനിക്ക് വീട്ടിലൊരു കൂട്ടുണ്ടായിരുന്നില്ല. മുത്തച്ഛനാകട്ടെ പലപ്പോഴും തിരക്കിലുമായിരുന്നു. എങ്കി ലും എന്റെ ബാല്യകാലലോകം അധികവും മുത്തച്ഛനും ചുറ്റു മായി സഞ്ചരിച്ചു.

‘‘അയാൾ വേറൊരു പെണ്ണുങ്ങളെ കല്യാണം കഴിച്ച് ജീവിക്കുകയാണത്രെ. അയാളിനി നിങ്ങളെ കാണാൻ വരില്ല. എനിക്കത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. എങ്കിലും ഞാനത് പുറമേ കാണിക്കാതെ സമാധാനിച്ചു.’’

മുത്തശ്ശന്റെ പുറവങ്കര തറവാട്ടിലും മുത്തശ്ശിയുടെ പനയന്തട്ട തറവാട്ടിലും തെയ്യക്കാവുകളുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ഇവിടങ്ങളിൽ തെയ്യമുണ്ട്. വൃശ്ചികം നാല്, അഞ്ച് തീയതികളിലാണ് പുറവങ്കരത്തറവാട്ടിലെ തെയ്യം. ആദ്യമായി തെയ്യത്തിനുപോയത് മുത്തച്ഛന്റെ കൂടെയായിരുന്നു. വീട്ടുജാലിക്ക് വരുന്ന ചിരുതയുടെ മകൻ കുട്ട്യേന്റെ ചുമലിലിരുന്ന് ഞാൻ മടിയൻ കൂലോത്ത് പോയി. മുത്തച്ഛന്റെ കൂടെ ചെറിയകട്ടിലും തലയിലേറ്റി മറ്റൊരാളുമുണ്ടാകും. തറവാട്ടുകോലായിൽ കട്ടിലിട്ട് അതിന്മേലാണ് മുത്തച്ഛൻ ഇരിക്കുന്നത്. വിഷ്ണുമൂർത്തി, ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളുടെ വാളും പരിചയും സൂക്ഷിക്കുന്നത് തറവാട്ടിലെ പൂജാമുറിയിലായിരുന്നു. വിഷ്ണുമൂർത്തിയും ചാമുണ്ഡിയും ഉറഞ്ഞുതുള്ളുന്ന തെയ്യക്കാല രാത്രികളിൽ അമ്മ എവിടേക്കും പോവാതെ വീട്ടിൽതന്നെയിരുന്നു. ജാനകിക്കു വേണ്ടി കണ്ടുവെച്ച കുഞ്ഞിരാമൻ വള്ളുവനാട്ടിൽ നിന്ന് കിടക്ക കല്യാണം കഴിച്ചുക്കൊണ്ടുവന്നത് ഇവളെയാണ്. കണ്ടില്ലേ?

പതുക്കെയും ഉറക്കെയും പറയുന്ന പെണ്ണുങ്ങളുടെ വർത്തമാനങ്ങൾ കുടുംബത്തിൽനിന്നും പുറത്തുനിന്നും അമ്മയും പലപ്പോഴും കേട്ടിട്ടുണ്ടാവണം. അതുകൊണ്ടാവാം അമ്മ കാഞ്ഞങ്ങാട്ട് എത്തിയശേഷം പുറംലോകത്തേക്കിറങ്ങിയത് അപൂർവ സന്ദർഭങ്ങളിൽ മാത്രമായിരുന്നു.
ഓലച്ചൂട്ടിന്റെ കനൽവെളിച്ചത്തിൽ ചെണ്ടവാദകരുടെ താളപ്പെരുക്കങ്ങൾ വെള്ളിക്കോത്തെ ചുറ്റുപാടിലാകെ മത്സരിച്ച് ഉറയുമ്പോൾ അമ്മയും ലീലയും വീട്ടിലെ പത്തായമുറിയിലെ ഒരരികിൽ പായവിരിച്ച് കിടന്നുറങ്ങി. എന്റെ മൂന്നാം വയസ്സിൽ നാടുവിട്ടുപോയ അച്ഛനാകട്ടെ അന്നൊക്ക കവിതയുടെ നറുംപാലും രാത്രിനിലാവും മോന്തിക്കുടിച്ച്​ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. കൂട്ടുകൂടലിന്റെയും കവിതയുടെയും പുതിയ പുതിയ ഇടങ്ങളും ആനന്ദവും തേടി സ്വയം മറന്ന് കഴിഞ്ഞുകൂടി.

ഞാൻ കുറച്ചു കൂടി വളർന്നു. കൂട്ടുകാരോടൊപ്പം മടിയൻ കൂലോം ക്ഷേത്രത്തിലെ ധനുമാസത്തിലെ പാട്ടുത്സവത്തിന് പോകുമ്പോൾ അമ്മ പറഞ്ഞു.
നല്ല തണുപ്പാണ്. മഞ്ഞുകൊള്ളാതിരിക്കാൻ ഈ തുണി തലയിട്ടു നടക്കണം. അമ്മയുടെ കരുതലിന്റെ ഒരു കഷണം തുണി തലയിൽ വരിഞ്ഞു കെട്ടി പാട്ടുത്സവം കണ്ടുനടന്നു. അന്നത്തെ പാതിരാവുകളിൽ മുച്ചിലോട്ട് കാവിൽനിന്നും നേരോത്ത് നിന്നും മുക്കുവസ്ഥാനത്ത് നിന്നും കോമരങ്ങൾ ഉറഞ്ഞാടിക്കൊണ്ട് എഴുന്നള്ളി വരുന്നതു കണ്ടു. തെയ്യക്കാല രാത്രികൾ പലതും അങ്ങനെ കടന്നുപോയി.
ചേച്ചി ലീല വെള്ളിക്കോത്ത് എലിമെന്ററി സ്‌കൂളിലാണ് പഠിച്ചിരുന്നത്. വീട്ടിൽനിന്ന് ഇത്തിരി ദൂരം മാത്രം. മുത്തച്ഛൻ എന്നെയും അവിടെ ചേർത്തു. മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്ത് ഒരു ദിവസം ക്ലാസിലെ കുട്ടികൾ എന്നോട് ചോദിച്ചു.
ടോ നിന്റെ അച്ഛനിപ്പോൾ എവിടെയാണ് ? എന്താണ് ഉത്തരം പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒന്നും മിണ്ടാതിരുന്നു.
അവർ വിട്ടില്ല. വീണ്ടും ചോദിച്ചു.
ഞാനും മനസ്സിൽ ചോദിച്ചു.
അച്ഛനെവിടെയാണ്? എവിടെയോ ഉണ്ടെന്നല്ലാതെ മറ്റാന്നും എനിക്കും അറിയില്ലായിരുന്നു. അതുകൊണ്ട് പറഞ്ഞു. അറിയില്ല. അതുകേട്ട് ഒരുവൻ ചെവിയിൽ സ്വകാര്യംപോലെ പറഞ്ഞു.
എന്നാ ഞാക്കറിയുന്ന കാര്യം പറയട്ടെ.
ഞാൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കി.
മറ്റൊരുവൻ പറഞ്ഞു. അയാൾ വേറൊരു പെണ്ണുങ്ങളെ കല്യാണം കഴിച്ച് ജീവിക്കുകയാണത്രെ. അയാളിനി നിങ്ങളെ കാണാൻ വരില്ല. എനിക്കത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. എങ്കിലും ഞാനത് പുറമേ കാണിക്കാതെ സമാധാനിച്ചു. എന്റെ അച്ഛൻ എന്റെ മുത്തച്ഛനാണ്. അച്ഛനെക്കുറിച്ച് കേൾക്കുമ്പോഴൊക്കെ മുത്തച്ഛന്റെ മുഖമാണ് മനസ്സിലേക്ക് ഓടി വരിക. അതുകൊണ്ടു തന്നെ എന്റെ അച്ഛൻ വീട്ടിൽത്തന്നെയുണ്ടല്ലോ എന്ന് സമാധാനിച്ചിരുന്നു.

രവീന്ദ്രൻ നായർ

മുത്തച്ഛൻ എന്റെ കാണപ്പെട്ട ദൈവമായിരുന്നു. അദ്ദേഹം വീട്ടിൽ നിന്നിറങ്ങുമ്പോൾ ശീലക്കുടയെടുത്ത് ഞാൻ മുന്നിൽ ചെന്നു. പുറപ്പെടനൊരുങ്ങും മുമ്പ് ചെരിപ്പ് കഴുകി മുറ്റത്ത് വെച്ചുകൊടുത്തു. കിടപ്പുമുറിയിൽ നിന്ന് മൂക്കുപൊടിയുടെ ഡപ്പി എടുത്ത് മറക്കാതെ കയ്യിലേൽപ്പിച്ചു. മംഗലാപുരത്ത് നിന്ന് രാത്രി വണ്ടിക്ക് കാഞ്ഞങ്ങാട് വന്നിറങ്ങുമ്പോൾ ഇരുട്ടത്ത് ലാൽട്ടൻ വിളക്കുമായി രാമനോടൊപ്പം ചെന്ന് മുത്തച്ഛനെ കാത്തിരുന്ന് വീട്ടിലേക്ക് കൊണ്ടുവന്നു.
എനിക്ക് പന്ത്രണ്ട് വയസ്സായി. ഒരു രാത്രിയിൽ മുത്തച്ഛനോടൊപ്പം കോലായിലിരിക്കുകയായിരുന്നു. പതിവായി മുത്തച്ഛൻ ചൊല്ലുന്ന നാരായണീയം ശ്ലോകം കണ്ണടച്ച് കേട്ടിരുന്നു. അതിനിടയിൽ വടക്കിനിയിൽനിന്ന് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കോലായിൽ കേട്ടു. കുറച്ചുകഴിഞ്ഞ് മുത്തശ്ശി കോലായിൽ വന്നു പറഞ്ഞു. കുഞ്ഞിരാമൻ വടക്കിനിയിലുണ്ട്. പടികയറുന്നില്ല. മുത്തച്ഛൻ അതു കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. നാരായണീയത്തിലെ ഒരു ശ്ലോകം കൂടി നീട്ടിച്ചൊല്ലി. അതിനിടയിൽ മുത്തശ്ശി ഒന്നു കൂടി പറഞ്ഞു. അവൻ പടി കയറുന്നില്ല. മുത്തച്ഛൻ പറഞ്ഞു.

അവനോട് കുളിച്ച് വല്ലതും കഴിക്കാൻ പറ. വടക്കിനിയിൽ നിന്ന് ഒരാൾരൂപം പതിയെ വന്ന് മുത്തച്ഛന്റെ കാൽക്കൽ വീണു. സാഷ്ടാംഗപ്രണാമം. അയാൾ ഏതൊക്കെ യോ സംസ്‌കൃതശ്ലോകം ചൊല്ലിക്കൊണ്ടിരുന്നു. മുത്തച്ഛൻ പിടിച്ചെഴുന്നേൽപിച്ചു. അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. ഞാൻ അത്ഭുതവും കൗതുകവും ഇടകലർന്ന ഭാവത്തോടെ വന്നുചേർന്ന ആളെത്തന്നെ നോക്കിനിന്നു. അമ്മ പടിവാതിലിൽ മുഖമമർത്തി പൊട്ടിക്കരയുന്നു. മുത്തശ്ശിയുടെ കണ്ണുകളിൽ കണ്ണീർ തളംകെട്ടിനിൽക്കുന്നു. മുത്തച്ഛൻ നാരായണീയത്തിലെ വരികൾ മറന്ന് എന്നെ നെഞ്ചോട് ചേർത്തുപിടിച്ച് ദൂരേക്ക് ദൃഷ്ടിപായിച്ചിരിക്കുന്നു. എനിക്ക് വന്നയാളെ അറിയില്ലായിരുന്നു. ഒരു നിമിഷംകൊണ്ട് എല്ലാവരെയും കരയിപ്പിച്ച ഈ മനുഷ്യൻ ആരാണെന്ന് അറിയാതെ ഞാനും ചേച്ചിയും ആ നിമിഷങ്ങളിൽ പകച്ചു നിന്നു.

അമ്മ കരഞ്ഞ് നനഞ്ഞ ആ രാത്രി

മ്മ കരയുകയായിരുന്നു. കഴിഞ്ഞ ഒമ്പതുവർഷക്കാലം ഉള്ളിലടക്കിവെച്ച വേദനയത്രയും അമ്മയുടെ കണ്ണിൽനിന്ന് കണ്ണുനീരായി ഒഴുകിവന്നു. നിശ്ശബദ്മായി അമ്മ കരയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ പൊട്ടിക്കരയുന്നത് കണ്ടത് അന്നാദ്യമായിട്ടായിരുന്നു. കരച്ചിലൊന്നടങ്ങിയപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു. അച്ഛനാണ്. ഞങ്ങൾ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിനിന്നു. കവിതകളെഴുതുന്ന അച്ഛൻ. കേട്ടറിഞ്ഞ് പലപല കഥകളിലേയും നായകനായ അച്ഛൻ. വർഷങ്ങൾക്ക് ശേഷം കാഞ്ഞങ്ങാട് എത്തിച്ചേർന്ന അച്ഛനെക്കുറിച്ചും ആ ദിവസങ്ങളെക്കുറിച്ചും കവിയുടെ മകൻ രവീന്ദ്രൻനായർ ഓർക്കുന്നു.
ചീകിവയ്ക്കാത്ത ചപ്രത്തലമുടി. ഖദർമുണ്ട്. മുട്ടോളമെത്തുന്ന ജുബ്ബ, ഷേവുചെയ്യാത്ത മുഖത്ത് പൊന്തിനിൽക്കുന്ന താടിരോമങ്ങൾ ഇതായിരുന്നു അദ്ദേഹത്തിന്റെ രൂപം.
അമ്മ പറഞ്ഞു. അച്ഛനാണ്. അടുത്തേക്ക് ചെല്ലൂ.

‘‘അച്ഛൻ വരില്ല എന്ന് പറഞ്ഞ കൂട്ടുകരോട് എന്തുപറയണം? എന്റെ അച്ഛൻ വന്ന കാര്യവും ഒരുപാട് മിഠായി കൊണ്ടു വന്ന കാര്യം കൂടി പറയണം. കൂട്ടുകാരോട്, അധ്യാപകരോട് ഒക്കെ എനിക്ക് ഇനി വിളിച്ച് പറയാം; എന്റെ അച്ഛൻ വന്നു.’’

ഞങ്ങൾ മടിയോടുകൂടി അച്ഛന്റെ മുന്നിൽ ചെന്നുനിന്നു. അച്ഛൻ ഞങ്ങളെക്കണ്ട് ചിരിക്കുകയോ വാത്സല്യത്തോടെ വാരിപ്പുണരുകയോ ചെയ്തില്ല. ജുബ്ബയുടെ പോക്കറ്റിൽ നിന്നു കുറച്ച് മിഠായികളെടുത്ത് ഞങ്ങളുടെ നേരെ നീട്ടുകമാത്രം ചെയ്തു. അതു തിന്നുതീരും മുമ്പ് പിന്നെയും പിന്നെയും മിഠായികൾ.
അന്ന് രാത്രി മുത്തച്ഛനോടൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിലൊരു സംശയമുണ്ടായി. ഇതുവരെ അച്ഛനെന്ന് വിളിച്ചത് മുത്തച്ഛനെയായിരുന്നു. ഇനി പുതുതായി വന്നയാളെയും അങ്ങനെ വിളിക്കേണ്ടിവരുമോ ? ഒരുപാട് കാലത്തിന് ശേഷം അച്ഛൻ വന്നു ചേർന്നപ്പോൾ അമ്മ കരഞ്ഞതെന്തിന് ? സംശയങ്ങളൊന്നും മുത്തച്ഛനോട് ചോദിക്കുകയുണ്ടായില്ല. പലതുമോർത്തും ഇടയ്ക്ക് നിശ്വാസങ്ങളുതിർത്തും മുത്തച്ഛൻ ഉറങ്ങിപ്പോയി. ഞാൻ ആ രാത്രി ഉറക്കം വരാതെ കിടന്നു. തിന്ന മിഠായിയുടെ മധുരം നാവിൽ. ബാക്കിവച്ചവയുടെ മധുരം നാളെ വരെ കാക്കണം. നാളെ കൂട്ടുകാർക്കുകൂടി അത് കൊടുക്കണോ? സ്‌കൂളിൽ ചെന്നാലുള്ള കാര്യത്തെപ്പറ്റി മനസ്സ് ചിന്തിച്ചുകൊണ്ടിരുന്നു. അച്ഛൻ വരില്ല എന്ന് പറഞ്ഞ കൂട്ടുകരോട് എന്തുപറയണം? എന്റെ അച്ഛൻ വന്ന കാര്യവും ഒരുപാട് മിഠായി കൊണ്ടു വന്ന കാര്യം കൂടി പറയണം. കൂട്ടുകാരോട്, അധ്യാപകരോട് ഒക്കെ എനിക്ക് ഇനി വിളിച്ച് പറയാം; എന്റെ അച്ഛൻ വന്നു.

സന്തോഷത്തോടെ ആദ്യമായി സ്‌കൂളിൽ പോകുന്നതിന്റെ സുഖം മനസ്സിൽ സങ്കല്പിച്ചുകൊണ്ട് അന്നു ഞാൻ സുഖമായുറങ്ങി. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ മുത്തച്ഛന്റെ മരുമക്കളും ബന്ധുക്കളുമൊക്കെ വന്നുചേർന്നത് കണ്ടു. അകത്തും കോലായിലുമായി പലരും. അച്ഛൻ അധികമൊന്നും സംസാരിക്കാതെ കോലായിൽ ഒരിടത്തിരുന്നു.അയൽക്കാർ, പരിചയക്കാർ അങ്ങനെ പലരും വന്നു. മാതൃഭൂമിയിൽ കവിതയെഴുതുന്ന കുഞ്ഞിരാമനെ കണ്ടു പരിചയക്കാർ ബന്ധം പുതുക്കി.

ദേശാടനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം പി.തിരിച്ച് കാഞ്ഞങ്ങാട് എത്തിയപ്പോൾ എടുത്ത കുടുംബ ഫോട്ടോ. താഴെ ഇടത് ഭാഗത്ത് ഇളയ മകൻ രവീന്ദ്രൻ വലതുഭാഗത്ത് മകൾ ലീല. രണ്ടാം നിരയിൽ നടുവിൽ കവിയുടെ അമ്മ കുഞ്ഞമ്മയമ്മ

അയൽക്കാരായി വന്ന ആരോ ഒരാൾ ചോദിച്ചു; അച്ഛൻ വന്നല്ലോ രവിക്ക് എന്തൊക്കെയാ കൊണ്ടുവന്നത്.?
അങ്ങനെയൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ രണ്ടു ചാക്കുകെട്ടുകൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഒരുപക്ഷെ അതിൽ എനിക്കുള്ള കുപ്പായം ഉണ്ടാകുമോ ? മറ്റൊരു ദിവസം ഞാൻ കണ്ടു. എനിക്കുള്ളതൊന്നും ഇല്ല. അതിൽ നിറയെ കുറെ ആഴ്ചപ്പതിപ്പുകളും പുസ്തകങ്ങളും മാത്രമായിരുന്നു.
അടുത്ത ഒരു ദിവസം അച്ഛൻ കുളി കഴിഞ്ഞ് മടങ്ങിവന്ന പ്പോൾ ഞാൻ മുത്തച്ഛന്റെ കൂടെ പലകയിരുന്ന് രാവിലത്തെ ലഘുഭക്ഷണം കഴിക്കുകയായിരുന്നു. അച്ഛൻ അതുകണ്ട്. എന്നെ മുറിയിലേക്ക് വിളിച്ചു.
മുത്തച്ഛന്റെ കൂടെയാണോ നിന്റെ കഴിപ്പ്?
ഞാൻ ഭയപ്പാടാടെ പതിയെ ഒന്നു മൂളി.

നിന്റെ ചേഷ്ടകളൊക്കെ ഞാൻ കണ്ടു. അച്ഛനെ ബുദ്ധിമുട്ടിക്കരുത്. മനസ്സിലായോ ? ബുദ്ധിമുട്ടിക്കില്ല എന്ന് പറഞ്ഞു. എന്നെക്കൊണ്ട് അത് വീണ്ടും വീണ്ടും പറയിപ്പിച്ചു. ഒപ്പം തലയിലൊരു കിഴുക്കും. അപ്രതീക്ഷിതമായി കിട്ടിയ വേദനിക്കുന്ന സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ പുറത്തു വന്നു. മുത്തച്ഛൻ ഇതേവരെ വേദനിപ്പിച്ചിട്ടില്ല. എന്നും തലോടിയിട്ടേയുള്ളൂ. ഒരു പാട് കാലം കാത്തിരുന്നെത്തിയ അച്ഛൻ അടുത്തുവന്ന് തലോടിയില്ല. പകരം അകാരണമായി ഇടയ്ക്കിടെ വേദനിപ്പിക്കുകയും ചെയ്യുന്നു.

മുത്തച്ഛനോടൊപ്പം ഞാൻ സ്വതന്ത്രമായി ഇടപെടുന്ന സമയത്തെല്ലാം അച്ഛൻ തറപ്പിക്കുന്ന നോട്ടംകൊണ്ട് എന്നെ പിന്തുടർന്നു. അച്ഛൻ എന്തിനാണ് എനിക്കു നേരെ കണ്ണുരുട്ടിക്കാണിക്കുന്നതെന്ന് അന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. മുത്തച്ഛന്റെ നേരെ മുന്നിൽ വന്നുനിന്ന് അച്ഛന് ഒരിക്കലും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അച്ഛന് കിട്ടാത്ത സ്വാതന്ത്ര്യവും വാത്സല്യവും ഞാൻ അനുഭവിക്കുന്നതിലുള്ള അസൂയ കലർന്ന വിചാരമായിരിക്കാം അത്. പിന്നീട് അതേക്കുറിച്ചാലോചിച്ചപ്പോൾ അങ്ങനെയൊരു ഉത്തരമാണ് മനസ്സിൽ തോന്നിയത്.

സന്ധ്യാസമത്ത് മുത്തച്ഛൻ ചാരുകസാരിയിലിരിക്കും. അച്ഛൻ തൂണിനടുത്ത് പുൽപ്പായയിൽ ചമ്രം പടിഞ്ഞിരിക്കും. അമ്മ അച്ഛന്റെ മുമ്പിലായി ഒരു പാനീസ് വിളക്കു കത്തിച്ചു വയ്ക്കും. അച്ഛൻ എഴുതിയ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങും. മുത്തശ്ശി കാതോർത്ത് കോലായിലൊരിടത്തിരിക്കും. അമ്മ അകത്തേക്കുപോയും വന്നുംകൊണ്ടിരിക്കും.

താമരമാല, അനന്തൻ കാട്ടിൽ, ഭദ്രദീപം, ശ്രീരാമചരിതം തുടങ്ങിയവയൊക്കെ അച്ഛൻ ചൊല്ലുകയും മറ്റുള്ളവർ കേട്ടിരിക്കുകയും ചെയ്തിരുന്നു.
പകൽ നേരത്ത് അച്ഛൻ കഴിച്ചുകൂട്ടിയിരുന്നത് മഠത്തിൽ വളപ്പ് വീടിനോട് ചേർന്നുള്ള ഭഗവതിമഠത്തിലായിരുന്നു. വീട്ടിൽ എന്നും തിരക്കായതിനാൽ സൈ്വര്യമായി ഇരിക്കാനുള്ള സൗ കര്യം അവിടെയുണ്ടായിരുന്നു.നാലുമുറിയുള്ള ഓടിട്ട ഒറ്റനില വീട്. നടുവിൽ പൂജാമുറി. തെക്കേഭാഗത്ത് ഭഗവതി സേവയ്ക്ക് വരുന്ന നമ്പൂതിരിമാർ താമസിക്കുന്ന മുറി. മഠത്തിലെ കോലായിലെ ചാരുകസേരയിലിരുന്ന് പകൽസമയത്ത് അച്ഛൻ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നത് കാണാമായിരുന്നു. അമ്മ ഭക്ഷണവുമായി അങ്ങോട്ടേക്ക് ചെല്ലും. ഉച്ചകഴിഞ്ഞാൽ വിശ്രമിക്കാൻ അകത്ത് പുൽപ്പായ വിരിക്കും.

കുളത്തിൽ ചെന്നുള്ള മുങ്ങിക്കുളിയായിരുന്നു അച്ഛ നിഷ്ടം. തലയിൽ എണ്ണയും തേച്ചുപിടിപ്പിച്ച് അടുത്തുള്ള അരയാൽ കുളത്തിലോ അല്ലെങ്കിൽ മടിയൻകൂലോം ക്ഷേത്രക്കുളത്തിലോ ആണ് കുളിച്ചിരുന്നത്. കുളികഴിഞ്ഞ് തൊഴൽ. തൊഴാൻ പോകുമ്പോൾ കയ്യിൽ ചന്ദനത്തിരിയും കർപ്പൂരവും എന്നും കൊണ്ടുപോകാറുണ്ടായിരുന്നു. അച്ഛനത് നിർബന്ധമായിരുന്നു. അച്ഛൻ വന്നനാൾ മുതൽ അതൊക്കെ വാങ്ങിക്കൊണ്ടുവരേണ്ട ജോലി എന്റെതായിരുന്നു.
രവീ. ചന്ദനത്തിരിയും കർപ്പൂരവും വാങ്ങണം.

‘‘അച്ഛൻ വീട്ടിലെത്തിച്ചേർന്നതിനുശേഷം എന്റെ സ്വാഭാവികമായ പെരുമാറ്റരീതിയാകെ മാറി. അയൽപക്കത്തെ കുട്ടികളോടൊപ്പമുള്ള കളി അച്ഛൻ വന്നതോടെ നിലച്ചു. കുട്ടികളോടൊപ്പം കളിക്കുന്നതും കൂട്ടുകൂടുന്നതുമൊന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു.’’

വെള്ളിക്കോത്ത് ജനാർദ്ദനപ്രഭുവിന്റെയും കുഞ്ഞഹമ്മദിന്റെയും കടയിൽ അതുണ്ടാവില്ല. കോമന്റെ കടയിൽ നിന്ന് അതുംവാങ്ങി ഒരോട്ടമാണ്. ഇത്തിരി വൈകിയാൽ തലയിൽ കൈമടക്കിയുള്ള കിഴുക്കും ചീത്തയും ഉറപ്പാണ്.
മരക്കഴുതേ ഇത്രയും നേരം എവിടെയായിരുന്നു എന്നതാണ് മിക്കവാറും ചോദിക്കാറുണ്ടായിരുന്നത്.

വാക്കുകൾക്ക് മയമോ കൈകൾക്ക് ദാക്ഷിണ്യമോ ഉണ്ടായിരുന്നില്ല. അച്ഛൻ വീട്ടിലെത്തിച്ചേർന്നതിനുശേഷം എന്റെ സ്വാഭാവികമായ പെരുമാറ്റരീതിയാകെ മാറി. അയൽപക്കത്തെ കുട്ടികളോടൊപ്പമുള്ള കളി അച്ഛൻ വന്നതോടെ നിലച്ചു. കുട്ടികളോടൊപ്പം കളിക്കുന്നതും കൂട്ടുകൂടുന്നതുമൊന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു. അരയാൽ കുളത്തിലെ മുങ്ങിക്കുളിയിൽ എന്റെ കളികളെല്ലാം അവസാനിച്ചു.

ചൂടുകാലത്ത് അച്ഛൻ വീട്ടുകോലായിലെ തിണ്ണമേലാണ് കിടക്കാറുണ്ടായിരുന്നത്. രാത്രി ഒമ്പതുമണിയോടെ തിരിയണച്ച് എല്ലാവരും ഉറങ്ങാൻ കിടക്കും. അച്ഛൻ തലയിണയും പുൽപ്പായയുമായി തിണ്ണയിൽ. ഞാൻ പായവിരിച്ച് തറയിൽ കിടന്നു. കിടന്നപ്പോഴാണ് അച്ഛന് അതോർമ്മ വന്നത്.
അച്ഛൻ എന്നോട് ചോദിച്ചു. നീ എന്തിനാടാ മരക്കഴുതേ
സ്‌കൂളിൽ പോകുന്നത് ? എനിക്ക് കാര്യമെന്താണെന്ന് മനസ്സിലായില്ല. വെള്ളിക്കോത്ത് എലിമെന്ററി സ്‌കൂളിലെ എന്റെ അധ്യാപകനായ പയ്യൂന്നൂർ പൊതുവാൾ മാഷെ അച്ഛൻ കണ്ടിരുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. രവി പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപറഞ്ഞതായി അച്ഛന്റെ സംസാരത്തിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അച്ഛൻ ഉറക്കെയും പതുക്കെയും വായിൽ തോന്നിയതൊക്കെ പറയുന്നുണ്ടായിരുന്നു. നാളെ പുലർന്നാൽ ഇതിന്റെ പേരിലുള്ള അടി പ്രതീക്ഷിച്ച് ഉറക്കംവരാതെ ഞാൻ കിടന്നു. പക്ഷെ എന്റെ ഭാഗ്യംകൊണ്ടാവാം പിറ്റേന്ന് അച്ഛൻ അക്കാര്യം മറന്നുപോയിരുന്നു.

അച്ഛന് വീടിനടുത്തായി ഒന്നുരണ്ട് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. അതിലൊരാളായിരുന്നു പാലമംഗലം കൃഷ് ണൻ നമ്പൂതിരി. പടിക്കാൽ ക്ഷേത്രത്തിലെ സംക്രാന്തി പൂജ ചെയ്യുന്നത് അദ്ദേഹമാണ്. ചിലദിവസങ്ങൾ മഠത്തിൽ വന്നിരുന്ന് രണ്ടുപേരും സംസാരിക്കും. അച്ഛൻ വെറുതെ ഇരിക്കുന്ന നേരങ്ങളിൽ എന്നെ അടുത്തേക്ക് വിളിച്ച് പറയും നീ ചെന്ന് കരുണാ കരൻ നായരോട് വരാൻ പറയ്. ബന്ധുക്കളായ കരുണാകരൻ നായരും ദാമോദരൻ നായരുമൊക്കെ അച്ഛന്റെ അടുത്ത ലോഗ്യക്കാരായിരുന്നു. കോലായിരുന്ന് ഇവർ നാട്ടുവിശേഷങ്ങളൊക്കെ അച്ഛനുമായി പങ്കിട്ടു. അച്ഛനാകട്ടെ മറുനാടൻ ജീവിതത്തിന്റെ അനുഭവപുസ്തകം അവരുടെ മുന്നിൽ തുറന്നുവെച്ചു. അങ്ങനെ കഥകളുടെ ദിനരാത്രങ്ങൾ പലതും കടന്നുപോവുകയും ചെയ്തു.

ജുബ്ബയിലെ മധുര സമ്മാനങ്ങൾ

മഠത്തിൽവളപ്പ് വീടിന്റെ അകത്തളങ്ങളിൽ കവിയുടെ മകൾ ലീല അമ്മ കുഞ്ഞിലക്ഷ്മി യോടൊപ്പം കഴിഞ്ഞു. മുത്തശ്ശിക്കുവേണ്ടി പൂജാപുഷ്പങ്ങൾ ശേഖരിക്കുന്ന വൈകുന്നേരങ്ങൾക്കും സ്‌കൂൾ ദിനങ്ങൾക്കുമിടയിലൂടെ അവരുടെ ബാല്യം കടന്നുപോയി. ഓർമ്മകളിലെ ഏറ്റവും പഴയ കാലത്തിലേക്ക് അവർ ഒന്നെത്തിനോക്കുന്നു. ഓർമ്മയിൽ തെളിഞ്ഞതൊക്കെയും ലീല ഇവിടെ പങ്കുവയ്ക്കുന്നു.

വെള്ളിക്കോത്ത് ഹയർ എലിമെന്ററി സ്‌കൂളിൽ എട്ടാംതരത്തിൽ പഠിക്കുകയായിരുന്നു ഞാൻ. 1947 ആഗസ്ത് 15ന്​ സ്‌കൂളിലെത്തിയപ്പോൾ കുട്ടികളെല്ലാം നിരനിരയായി നിൽ ക്കുന്നു. അധ്യാപകർ കുട്ടികൾക്ക് മുന്നിൽ നിൽക്കുന്നു. പ്രധാനാധ്യാപകൻ പറഞ്ഞു.
ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി.
ആ സന്തോഷത്തിൽ നമുക്കും പങ്കാളികളാവണ്ടേ?
കുട്ടികളെല്ലാവരും പറഞ്ഞു. വേണം മാസ്റ്റർ.

അധ്യാപകരെപ്പോലെ കുട്ടികളും ആവേശത്തിലായിരുന്നു. ആരോ ദേശീയപതാക ഞങ്ങളുടെ കയ്യിൽ തന്നു. അതും വീശിക്കൊണ്ട് ഞങ്ങൾ സ്വാതന്ത്ര്യത്തിന്റെ വിജയഗാനം ഉച്ചത്തിൽ പാടിനടന്നു. വെള്ളിക്കോത്ത് കവലയിലേക്കായിരുന്നു യാത്ര. ഡോ.ബി.എ. ഷേണായി, കോട്ടയിൽ കേളുനായർ, എ.സി.

പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

കണ്ണൻ നായർ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു വെള്ളിക്കോത്തെ അന്നത്തെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര പ്രവർത്തകർ. ജാഥയും ആഹ്ലാദപ്രകടനങ്ങളും കഴിഞ്ഞ് വീട്ടിലെത്തി. ഭാരതത്തിന്റെ ത്രിവർണ്ണപതാക കാറ്റിലെന്നപോലെ മനസ്സിലും പാറിക്കളിച്ചു. അന്നത്തെ പകലിന് പുതിയൊരു വെളിച്ചം. പ്രസംഗത്തിൽ കേട്ടതുപോലെ സ്വാതന്ത്യത്തിന്റെ വെളിച്ചം ലോകമാകെ പരന്നതുപോലെ.
അന്ന് വൈകുന്നേരം പതിവുപോലെ ഞാൻ മുത്തശ്ശിക്കു വേണ്ടി സന്ധ്യാപൂജയ്ക്കുള്ള തെച്ചിപ്പൂക്കളും മറ്റും കോർത്ത് മാലയുണ്ടാക്കുകയായിരുന്നു. അതിനിടയിൽ മുത്തശ്ശി കോലായിലേക്ക് വന്ന് തിണ്ണമേലിരുന്നുകൊണ്ട് പറഞ്ഞു.
ലീലേ ഇനി മുതൽ നീ സ്‌കൂളിൽ പോവണ്ട. ഇവിടെ
ത്തന്നെ പിടിപ്പത് പണിയുണ്ടല്ലോ.

മുത്തശ്ശി പറയുന്നത് അമ്മയും കേൾക്കുന്നുണ്ടായിരുന്നു. അമ്മ അതിന് മറുത്തൊന്നും പറഞ്ഞില്ല. അടുക്കളയിലെ പലകൂട്ടം പണികൾ കഴിഞ്ഞാൽ മുത്തശ്ശിക്ക് മിക്കപ്പോഴും അമ്മയെ അടുത്തുവേണം. ശ്ലോകം വായിച്ച് അർത്ഥം മനസ്സിലാക്കാനോ മുത്തശ്ശിയുടെ മനസ്സിൽ തോന്നുന്ന പ്രാർത്ഥനാമഞ്ജരികൾ എഴുതിക്കാനോ മുത്തശ്ശിക്ക് അമ്മയുടെ സഹായം വേണമായിരുന്നു.

മുത്തശ്ശി വിളിക്കുമ്പോൾ വിളിപ്പുറത്തെത്തിയും അമ്മയെ പണികളിൽ സഹായിച്ചും ഇവർക്ക് രണ്ടുപേർക്കുമിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിയും പതിമൂന്നാം വയസ്സിൽ ഞാൻ തറവാട്ടിന്റെ അകത്തളങ്ങളിൽ കഴിച്ചു കൂട്ടി.
രാത്രി അമ്മയോടൊപ്പമാണ് ഉറങ്ങുന്നത്. അമ്മയോട് എന്തെങ്കിലും സ്വസ്ഥമായി സംസാരിക്കാൻ കഴിയുന്നത് അപ്പോൾ മാത്രമായിരുന്നു. ചെറുപ്പകാലത്ത് ഇടയ്ക്കൊക്കെ അച്ഛനെപ്പറ്റി അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. അച്ഛനെപ്പറ്റി പലരും പറഞ്ഞു കേട്ട കഥകൾ മനസ്സിലുണ്ടായിരുന്നു. ആരോട് ചോദിക്കും ? എനിക്ക് ചോദിക്കാനും അതിനുള്ള ഉത്തരം തേടാനും സാധിക്കുന്ന ഒരേയൊരാൾ അമ്മ മാത്രമായിരുന്നു.

‘‘അമ്മ തന്ന പ്രതീക്ഷയിൽ പല ദിവസങ്ങളിലും അച്ഛനെ ഞാൻ കാത്തിരുന്നു. പിന്നെപ്പിന്നെ കാത്തിരിക്കാനും ഓർക്കാനും കൂടി മറന്നു. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് അച്ഛൻ വീട്ടിൽ എത്തിച്ചേർന്നത്.’’

അമ്മയോട് ഞാൻ പലവുരു ചോദിച്ചിട്ടുണ്ട്.
അമ്മേ എന്താണ് അച്ഛൻ വരാത്തത് ?
ആ നേരത്തൊക്കെ അമ്മ നെഞ്ചത്ത് താളംപിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു,
​മോള് ഒറങ്ങിക്കോ.
ഞാൻ കണ്ണടച്ച് ഉറങ്ങാൻ തുടങ്ങുമ്പോൾ അമ്മ പതിയെ പറഞ്ഞു; അച്ഛന് ഓരോ തിരക്കായതുകൊണ്ടാണ്. മോളെം രവിക്കുട്ടനേം കാണാൻ ഒരു ദിവസം അച്ഛൻ വരും. അമ്മയുടെ രാത്രികൾ വേഗത്തിൽ കണ്ണടയ്ക്കുന്നതായിരുന്നു. വിശ്രമമില്ലാത്ത പകലിൽ നിന്ന് രാത്രിയെത്തുമ്പോൾ അമ്മ കിടന്ന ഉടനെ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോകുന്നു.

അമ്മ തന്ന പ്രതീക്ഷയിൽ പല ദിവസങ്ങളിലും അച്ഛനെ ഞാൻ കാത്തിരുന്നു. പിന്നെപ്പിന്നെ കാത്തിരിക്കാനും ഓർക്കാനും കൂടി മറന്നു. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് അച്ഛൻ വീട്ടിൽ എത്തിച്ചേർന്നത്. അച്ഛൻ വന്നത് നാടറിഞ്ഞു. പിറ്റേ ദിവസം മുതൽ പലരും എന്നോട് അച്ഛന്റെ വിശേഷങ്ങൾ ചോദിച്ചു. അച്ഛൻ വന്നത് ഈ ലോകം മുഴുവനും അറിഞ്ഞിരിക്കുന്നു. അതെങ്ങനെ?
കൂടെ പഠിക്കുന്ന കുട്ടികൾ ചോദിച്ചു.
നിന്റെ അച്ഛൻ വന്നു അല്ലേ ? അയൽക്കാർ, നാട്ടുകാർ, ഒരു നാടുമുഴുവൻ ചോദിക്കുന്നു; അച്ഛൻ വന്നു അല്ലേ?, ഓ. ഇപ്പോഴെങ്കിലും ഒന്ന് വരാൻ തോന്നീലോ. എന്നു കൂടി പറഞ്ഞ് അവർ നടന്നകലുന്നു.

കൂടാളി ഹയർ സെക്കന്ററി സ്‌കൂൾ

അച്ഛൻ വന്നെങ്കിലും കുറച്ചുദിവസങ്ങൾക്കുശേഷം മടങ്ങിപ്പോയി. മനസ്സിൽ അതുവരെ സങ്കല്പം മാത്രമായിരുന്ന അച്ഛൻ ഒരു യാഥാർത്ഥ്യമായിത്തീർന്നതും സ്വന്തം അച്ഛന്റെ പ്രതിരൂപം മനസ്സിൽ തെളിഞ്ഞുകാണുന്നതിനും ഈ വരവ് സഹായകമായി തീർന്നു.

മുത്തശ്ശിയുടെ ആഗ്രഹപ്രകാരം എന്റെ പഠിത്തം നിന്നു. അമ്മയെയും അമ്മൂമ്മയേയും സഹായിച്ചു തറവാട്ടിൽ കഴിഞ്ഞു കൂടി. എന്റെ പാഠപുസ്തകങ്ങൾ മുറിയിലെ ഏതോ അരികിൽ അനാഥമായി കിടന്നു. സ്‌കൂളിനെയും പഠനത്തെയും കുറിച്ച് പിന്നെപ്പിന്നെ ഓർക്കാൻപോലും ഞാൻ മറന്നു.
കൂടാളി ഹൈസ്‌കൂളിൽ അധ്യാപകനായശേഷം വീട്ടിലെത്തിച്ചേർന്ന ഒരു ദിവസം അച്ഛൻ എന്നോട് ചോദിച്ചു.
നീ സ്‌കൂളിൽ പോകാറില്ല?
ഞാൻ പറഞ്ഞു, ഇല്ല. കുറച്ചുകാലമായി.
അതുകേട്ടപ്പോൾ അച്ഛൻ എന്നോട് പറഞ്ഞു, എന്നാ ഇനി മുതൽ പോണം. ങ്ഹാ. ഞാനതുകേട്ട് അനുസരണയോടെ മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മുത്തശ്ശി അച്ഛനോട് ചോദിച്ചു, കുഞ്ഞീ, നീയിതെന്തിനുള്ള ഭാവാ, അവള് വല്യ കുട്ട്യായില്ലേ? പഠിച്ച പഠിപ്പൊക്കെ മതി.
അച്ഛൻ എതിർത്തൊന്നും പറഞ്ഞില്ല. സ്‌കൂളിൽ ചെന്ന് ഹെഡ്മാസ്റ്റർ അപ്പുനമ്പ്യാരെ കണ്ടു. മാഷോട് അച്ഛൻ പറഞ്ഞു, ലീലയെ സ്‌കൂളിൽ പറഞ്ഞുവിടുന്നു. പഠിപ്പിക്കണം.

അപ്പുനമ്പ്യാർ മാഷ് സന്തോഷത്തോടെ സമ്മതം മൂളി. പിറ്റേ ദിവസം മുതൽ ഞാൻ വീണ്ടും സ്‌കൂളിൽ പോകാൻ തുടങ്ങി. പലവട്ടം മുടങ്ങിയും വീണ്ടും തുടങ്ങിയും രണ്ടു വർഷത്തിനുശേഷം ഞാൻ ഇ.എസ്.എൽ.സി പരീക്ഷ പാസായി.
അച്ഛൻ കൂടാളിയിൽ നിന്ന് വരുന്ന ദിവസം വീട്ടിൽ ഉത്സവമാണ്. രാവിലെ മുതലേ മുത്തശ്ശി അതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. തേങ്ങയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന അട അച്ഛന് ഇഷ്ടമായിരുന്നു. വത്സൻ എന്നാണ് ഈ പലഹാരത്തെ വിളിച്ചിരുന്നത്. ഉരുളക്കിഴങ്ങ്, പരിപ്പ്, ശർക്കര തടങ്ങിയ സാധനങ്ങൾ വാങ്ങാൻ രവിയെ പുതിയ കോട്ടയിലേക്കാണ് (ഹോസ്ദുർഗ്) പറഞ്ഞുവിടുക.
അച്ഛൻ വീട്ടിലെത്തുന്നതുവരെയുള്ള കാത്തിരിപ്പിലാണ് ഞങ്ങളുടെ സന്തോഷം നിറഞ്ഞുനിന്നിരുന്നത്. മക്കളായ ഞങ്ങളോട് അച്ഛന് വലിയ സംസാരമൊന്നുമില്ല. മുത്തച്ഛന്റെ കട്ടിലിനരികിൽ കുറച്ചുനേരം ഇരിക്കും. മുത്തശ്ശിയോട് ചില വിശേഷങ്ങളൊക്കെ പറയും. അതു കഴിഞ്ഞാൽ വിശ്രമിക്കാനും തനിച്ചിരിക്കാനുമുള്ള ഇടം തേടി അച്ഛൻ പോവുകയും ചെയ്യും. ഇതായിരുന്നു പതിവ്.

അച്ഛന് വീട്ടിൽ സ്വന്തമായി മുറിയുണ്ടായിരുന്നില്ല. വന്നാൽ മുകളിൽ മുത്തച്ഛൻ താമസിക്കുന്ന മുറിയോട് ചേർ ന്നുള്ള സ്റ്റോർ മുറിയിലോ അല്ലെങ്കിൽ തറവാടിനോട് ചേർന്നുള്ള മഠത്തിലോ ആണ് താമസിച്ചിരുന്നത്. കർക്കിടമാസത്തിൽ ഭഗവതിസേവയും മറ്റും നടന്നിരുന്ന ചെറിയൊരു കെട്ടിടം. പൂജാമുറിയും ഇടനാഴി കടന്ന് തെക്കുഭാഗത്തെ മുറിയിലാണ് അച്ഛന്റെ വിശ്രമം. അച്ഛനെത്തിയാൽ അവിടെ തൂത്തുവാരി വൃത്തിയാക്കുന്നതും കിടക്കാനുള്ള പുൽപ്പായ വിരിച്ച് ഒരുക്കി വയ്ക്കുന്നതുമൊക്കെ ഞാനായിരുന്നു. എഴുതാനുള്ള ചാരു കസേര അവിടെ കൊണ്ടുപോയി ഇടും. തറവാട്ടിലെത്തിയാൽ അച്ഛന്റെ എഴുത്തുകാര്യങ്ങളൊക്കെ നടന്നത് ഇവിടെയായിരുന്നു.

‘‘അമ്മ തന്ന പ്രതീക്ഷയിൽ പല ദിവസങ്ങളിലും അച്ഛനെ ഞാൻ കാത്തിരുന്നു. പിന്നെപ്പിന്നെ കാത്തിരിക്കാനും ഓർക്കാനും കൂടി മറന്നു. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് അച്ഛൻ വീട്ടിൽ എത്തിച്ചേർന്നത്.’’

അച്ഛന്റെ ജുബ്ബയും മുണ്ടും അലക്കിയിരുന്നത് ഞാനായിരുന്നു. ബീഡിക്കനലേറ്റുള്ള ചെറിയ തുളകളോട് കൂടിയ ജുബ്ബ. ജുബ്ബയുടെ കീശയിൽ എപ്പോഴും എന്തെങ്കിലുമൊക്കെ കിട്ടാറുണ്ടായിരുന്നു. ഉണക്കമുന്തിരി, കൽക്കണ്ടം ലഡുവിന്റെ പൊടിഞ്ഞ തരികൾ അങ്ങനെ പലതും. ജുബ്ബയുടെ പോക്കറ്റിൽ അവശേഷിച്ച നാണയത്തുട്ടുകൾ. അതെല്ലാം അക്കാലത്ത് കൈയിൽ തടഞ്ഞെത്തിയ സന്തോഷങ്ങളിൽ ചിലതായിരുന്നു.

സോപ്പും നീലവും ബീഡിയും വാങ്ങാൻ നാരായണ ഷേണായിയുടെ കടയിലാണ് ചെല്ലുന്നത്. ബീഡി എടുത്തുതരുന്നതിനിടയിൽ അദ്ദേഹം തിരക്കും. ആഹാ. കുട്ടീടെ അച്ഛൻ വന്നോ? സന്തോഷത്തോടെ ഞാൻ പറയും. അതെ. അച്ഛൻ വന്നു.
അച്ഛന്റെ വരവ് പലപ്പോഴും നാട്ടുകാരറിയുന്നത് അങ്ങനെയാണ്. അച്ഛന്റെ ആഗ്രഹപ്രകാരം ഞാൻ ഇ.എസ്.എൽ.സി കഴിഞ്ഞു. ഇതിനിടയിലാണ് മുത്തച്ഛന്റെ മരണം സംഭവിച്ചത്. മുത്തശ്ശിയാകട്ടെ അതിനുശേഷം കൂടുതൽ നേരം ധ്യാനമനനത്തിനും പ്രാർത്ഥനയ്ക്കുമായി സ്വന്തം ജീവിതം മാറ്റിവെച്ചു. അച്ഛനോടൊപ്പം ഇക്കാലത്ത് മുത്തശ്ശി പലകുറി ഗുരുവായൂർ സന്ദർശനം നടത്തി. ആയില്യം നമ്പൂതിരിയുടെയും ഓട്ടൂർ നമ്പൂതിരിയുടെയും ഭാഗവതസപ്താഹം കേൾക്കാൻ ആഴ്ചകളും മാസങ്ങളും മുത്തശ്ശി പലപ്പോഴായി ഗുരുവായൂരിൽ തങ്ങി.
അടുക്കളയോട് ചേർന്ന സ്റ്റോർ മുറിയിൽ അമ്മയും ഞാനും ഒന്നിച്ചുകിടന്നു. ഒരു പായയിൽ അമ്മയോട് ചേർന്നുകിടക്കുമ്പോൾ പലപ്പോഴും ഞാൻ ആലോചിക്കാറുണ്ടായിരുന്നത് അമ്മയെപ്പറ്റിയായിരുന്നു. അമ്മയുടെ മനസ്സിപ്പോൾ സഞ്ചരിക്കുന്നത് ഏതു ലോകത്തിലൂടെയായിരിക്കും.

അമ്മയുടെ മനസ്സിന്റെ വഴികളെക്കുറിച്ച് അധികമാർക്കും അറിഞ്ഞുകൂടായിരുന്നു. അത്തരം കാര്യങ്ങളൊന്നും അമ്മ പൊതുവെ തുറന്നുപറയാറില്ല. അച്ഛൻ അമ്മയ്ക്ക് നൽകിയ ഓർമകളിൽ പലതരം കടുത്ത വേദനകൾ ഉണ്ടായിരുന്നു. ഇതേവരെ ആരോടും പരാതി പോലും പറയാതെ അമ്മ എല്ലാവർക്കുമിടയിൽ സ്നേഹം മാത്രം പകർന്നുകൊണ്ട് ജീവിക്കുന്നു. കിടക്കപ്പായയിൽ അമ്മ ഒരുവശത്തേക്ക് ചെരിഞ്ഞു കിടന്നു. അമ്മ ഉറങ്ങിയിട്ടില്ല. ‘ശിവ ശിവ’ എന്ന മന്ത്രാക്ഷരി മൂളലിനൊപ്പം ദീർഘനിശ്വാസത്തിന്റെ തുടർച്ചകൾ കൂടി ഉയർന്നുകേൾക്കുന്നു. അച്ഛന്റെ സുഖത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ കൂടി അതോടൊപ്പം കൂട്ടുചേരുന്നു.

അമ്മ ചിമ്മിനി വിളക്കിന്റെ തിരി താഴ്ത്തി. മണ്ണെണ്ണ കത്തി തീരാൻ ഇനി ഇത്തിരി നേരം മാത്രം. ഉറങ്ങാൻ കിടന്നാൽ പതിവുവർത്തമാനങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും അമ്മയും അച്ഛനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അമ്മ എന്നോട് പറയാറില്ലായിരുന്നു. ആരോടും ഒന്നും പങ്കു​വെക്കാതെ എല്ലാ തന്റെ ഉള്ളിൽ മാത്രമൊതുക്കി അമ്മ കടിച്ചിറക്കിയ വേദനയുടെ ചുടും കയ്പും എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. എത്രയോ രാത്രികളിൽ ഒറ്റപ്പായിൽ ഒന്നിച്ചുകിടന്ന എനിക്കല്ലാതെ മറ്റാർക്കാണ് അത്രത്തോളം അത് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാവുക? ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments