പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

പി.യ്ക്ക്​ വാങ്ങാനാകാതെ പോയ ഭക്തകവിപ്പട്ടം

സമസ്​ത കേരള സാഹിത്യ പരിഷത്ത് കഴിഞ്ഞു. അച്ഛൻ ഭക്തകവി പട്ടം വാങ്ങാൻ ചെന്നില്ല. സദസ്സ് പട്ടദാനം വിളംബരം ചെയ്തു. പരിഷത്തിന് വന്നവരിൽ പലരും മഠത്തിൽവളപ്പ് വീട്ടിലെത്തി.

1948-ലാണ് പി. കുഞ്ഞിരാമൻ നായർ കൂടാളി ഹൈസ്‌കൂളിൽ അധ്യാപകനായി എത്തുന്നത്. നാടും വീടും മറന്ന് സ്വപ്നവിഹാരിയായി നടക്കുന്ന കുഞ്ഞിരാമൻ ഒരു സ്‌കൂൾ അധ്യാപകനായി മാറിയതിൽ കവിയുടെ പിതാവായ പുറവങ്കര കുഞ്ഞമ്പു നായർ വളരെയധികം സന്തോഷിച്ചു. വെള്ളിയാഴ്ചകളിൽ സ്‌കൂൾ വിട്ട് കവി പലപ്പോഴും കാഞ്ഞങ്ങാ​ട്ടെ വീട്ടിലെത്തി. ഓരോ അവധി ദിവസത്തിലും കുഞ്ഞിരാമന് വെച്ചുവിളമ്പാൻ അമ്മ കുഞ്ഞമ്മയമ്മ വിഭവങ്ങൾ പലതുമൊരുരുക്കി വെച്ചു. കുഞ്ഞിലക്ഷ്മി ആദ്യമായി അക്കാലത്ത് ഭർത്താവിനെ ആഴ്ചതോറും കാത്തിരുന്നു.

കവി സ്‌കൂളിൽ ചേർന്ന് കുറച്ചുമാസങ്ങൾ പിന്നിട്ടതേയുള്ളൂ. കവിയുടെ ഇളയ സഹോദരൻ ബാലഗോപാലൻ അദ്ദേഹത്തിന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചുമരിച്ചു. ബാലഗോപാലന്റെ ഭാര്യ അവരുടെ കുട്ടിയെയുംകൊണ്ട് സ്വന്തം വീട്ടിലേക്ക് താമസം മാറി. മഠത്തിൽവളപ്പ് വീട് ബാലഗോപാലന്റെ വിയോഗവേദനയിൽ നിന്ന് മുക്തമായില്ല. അതിനുമുമ്പ് കുഞ്ഞമ്പു നായരും രോഗശയ്യയിലായി. പക്ഷാഘാതം ഏറ്റുവാങ്ങി ശരീരം തളർന്നു കിടപ്പിലായി. വൈദ്യന്മാർ വന്ന് നിത്യേന ധാര ചെയ്തു. എണ്ണപ്പാത്തിയിൽ കിടത്തി തടവി. കുഞ്ഞമ്പു നായരെ പരിചരിച്ചുകൊണ്ട് അവസാനകാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് രവീന്ദ്രനായിരുന്നു. അദ്ദേഹം ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുന്നു.

ഡിസംബറിലെ ഒരു മഞ്ഞുകാലമായിരുന്നു അത്. മുത്തച്ഛൻ തളർന്നുകിടന്നു. ഒരു ദിവസം പോലും വിശ്രമമില്ലാതെ ഓടിനടന്ന ആളുടെ ഈയൊരവസ്ഥ വീടിന്റെ താളംതെറ്റിച്ചു. മുത്തച്ഛൻ താഴത്തെ മുറിയിൽ അനക്കമില്ലാതെ കിടന്നു. എത്രയോ കാലമായി മുത്തച്ഛൻ കിടന്നിരുന്ന മുകളിലെ മുറി ആളനക്കമില്ലാതെയായി. ചികിത്സകൾ മുറയ്ക്ക് നടന്നെങ്കിലും ആരോഗ്യകാര്യത്തിൽ പ്രതീക്ഷയും പുരോഗതിയുമില്ലായിരുന്നു.

മുത്തച്ഛന്റെ രോഗാവസ്ഥയോടെ എന്റെ സ്‌കൂൾ പഠനം നിലച്ചു. മുത്തച്ഛന്റെ അടുത്ത് എപ്പോഴും ഒരാൾ വേണമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഒരു സഹായിയായി നിന്നു. വയ്യായ്കയിലും മുത്തച്ഛൻ എന്നോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, പുറത്തുവന്ന ശബ്ദം അസ്പഷ്ടമായിരുന്നു. കാല് തടവിക്കൊടുത്തും മരുന്നുകൾ എടുത്തുകൊടുത്തും വീശിക്കൊടുത്തും രാപകൽ ഞാൻ അദ്ദേഹത്തോടൊപ്പം നിന്നു.

ഇടയ്ക്ക് എനിയ്ക്കുമാത്രം മനസ്സിലാകുന്ന ഭാഷയിൽ മുത്തച്ഛൻ ഒരു ദിവസം അച്ഛൻ വരുന്ന കാര്യം ചോദിച്ചു.
ഞാൻ വിരലുകൾകൊണ്ട് ദിവസങ്ങളെണ്ണി മുത്തച്ഛന് കാണിച്ചുകൊടുത്തു.
ഇനി മൂന്നുദിവസം ബാക്കിയുണ്ട്.
അതുകേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു. മുത്തച്ഛൻ അപ്പോഴൊക്കെ ചിന്തയുടെയോ ഓർമയുടെയോ മറ്റൊരു ലോകത്തിലേയ്ക്കുപോയി. മുത്തച്ഛന്റെ മരുമക്കൾ എന്നും വീട്ടിൽ വന്നുപോയി. അയൽക്കാർ വന്ന് വിഷമം പറഞ്ഞുപോയി. മുത്തച്ഛന്റെ വ്യവഹാരക്കാരും പാട്ടക്കാരും വന്ന് കണ്ണീർ വാർത്തുനിന്നു.

അച്ഛൻ വന്നു. മുത്തച്ഛന്റെ കാൽക്കൽ സാംഷ്ടാംഗം വീണുതൊഴുതു. ഗദ്ഗദത്തോടെ ഇങ്ങനെ ചോദിച്ചു; "ഇത്ര കാലം ജീവിച്ചു. എന്നിട്ട് അച്ഛൻ എന്തുസമ്പാദിച്ചു?'' അച്ഛൻ അന്നു ചോദിച്ച ചോദ്യം എപ്പോഴും എന്റെ മനസ്സിൽ വന്ന് നിറയാറുണ്ടായിരുന്നു.

അച്ഛൻ കൂടാളിയിൽ നിന്ന് എത്തിയാൽ കിടപ്പിലായ മുത്തച്ഛന്റെ അടുത്തിരിക്കും. മുത്തശ്ശി അച്ഛനെ അനുഗമിച്ച് കട്ടിലിനോട് ചേർന്നുനിൽക്കും. അച്ഛനും മുത്തച്ഛനും പരസ്പരമുള്ള നോട്ടങ്ങളിൽ പറയാനുള്ളതെല്ലാം പറഞ്ഞുതീർക്കും.
ഒരിക്കൽ അച്ഛൻ വന്ന് മുത്തച്ഛനോട് പറഞ്ഞു; സാഹിത്യപരിഷത്ത് സമ്മേളനം ഇക്കുറി നീലേശ്വരത്താണ്. അവരെന്നെ പ്രത്യേകമായി ആദരിക്കുന്നു.

മുത്തച്ഛന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു. കൈയൊന്ന് മെല്ലെ ചലിപ്പിച്ചുകൊണ്ട് അദ്ദേഹം മനസ്സിലെ സന്തോഷം പ്രകടിപ്പിച്ചു.
തെക്കുനിന്ന് വള്ളത്തോളും മറ്റു കവികളും വരുന്നു. കൗതുകത്തോടെ അച്ഛൻ പറയുന്നത് ഞാനും കേട്ടിരുന്നു. മുത്തച്ഛൻ അച്ഛന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മുത്തച്ഛന് അസുഖം മൂർച്ചിച്ചു. ഒന്നും മിണ്ടാതെയായി. ആരെയും നോക്കാതെയായി. ഒന്നും അറിയാതെയായി. രണ്ടുമൂന്ന് ദിവസം വെറും ശ്വാസം മാത്രമായി.

ഏപ്രിൽ 22, 23, 24 തീയതികളിലായിരുന്നു സമസ്ത കേരള സാഹിത്യപരിഷത്ത്. അച്ഛൻ പരിഷത്തിന്റെ കാര്യദർശിയായിരുന്നു. അതുകൊണ്ടുതന്നെ പരിഷത്തുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ മുഴുകി അച്ഛൻ നീലേശ്വരത്തായിരുന്നു. പരിഷത്തിന്റെ തിരിതെളിയുന്നതിന് തൊട്ടുമുമ്പ് വീട്ടിൽനിന്ന് അച്ഛനെ കൂട്ടിവരാൻ നീലേശ്വരത്തേയ്ക്ക് ആളയച്ചു. മുത്തച്ഛന്റെ ശ്വാസം നിലച്ചു. മരുമക്കളും ബന്ധുക്കളും നാട്ടുകാരും ഒത്തുകൂടി. മുത്തച്ഛൻ കൊട്ടിലകത്ത് വെറും പായയിൽ വെള്ള പുതച്ച് കിടന്നു. പൊടുന്നനെ ചന്ദനത്തിരികളുടെ പുകയും മണവും മുറിയിൽ നിറഞ്ഞു. മുത്തച്ഛന്റെ അടുത്തൊരിടത്ത് മറ്റൊരു പായയിൽ ഞാനും മരുമക്കളും ഇരുന്നു. അച്ഛൻ വന്നു.
മുത്തച്ഛന്റെ കാൽക്കൽ സാംഷ്ടാംഗം വീണുതൊഴുതു.
ഗദ്ഗദത്തോടെ ഇങ്ങനെ ചോദിച്ചു; ""ഇത്ര കാലം ജീവിച്ചു. എന്നിട്ട് അച്ഛൻ എന്തുസമ്പാദിച്ചു?''

അച്ഛൻ അന്നു ചോദിച്ച ചോദ്യം എപ്പോഴും എന്റെ മനസ്സിൽ വന്ന് നിറയാറുണ്ടായിരുന്നു. ജീവിതം കൊണ്ട് എന്തുനേടി എന്ന ചോദ്യം. ജീവിതംകൊണ്ട് എന്താണ് നേടേണ്ടത് എന്ന് മറ്റൊരു ചിന്ത കൂടി ആ ചോദ്യത്തിലുണ്ടായിരുന്നു. നഷ്ടത്തിനും നേട്ടത്തിനും ഇടയിൽ ഓരോരുത്തരുടെയും ജീവിതം കടന്നുപോകുന്നു. എത്ര നേടിയാലും എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് മനുഷ്യർ ജീവിതം ഉപേക്ഷിക്കുന്നു. അച്ഛൻ ജീവിച്ചിരിക്കെത്തന്നെ പലതും ഉപേക്ഷിച്ചിരുന്നല്ലോ.

മുത്തച്ഛന്റെ ശരീരം പുറവങ്കര കുടുംബശ്മശാനത്തിൽ ദഹിപ്പിച്ചു. തറവാടായ പുതിയവളപ്പ് വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടന്നു. പന്ത്രണ്ട് ദിവസത്തെ ബലിതർപ്പണം. മക്കളും മരുമക്കളും ചേർന്ന് പിതൃസ്മരണാർഥം ബലിച്ചോറൂട്ടി.
പരിഷത്ത് കഴിഞ്ഞു. അച്ഛൻ ഭക്തകവി പട്ടം വാങ്ങാൻ ചെന്നില്ല. സദസ്സ് പട്ടദാനം വിളംബരം ചെയ്തു. പരിഷത്തിന് വന്നവരിൽ പലരും മഠത്തിൽവളപ്പ് വീട്ടിലെത്തി. മൂന്നുദിവസം വരെ അച്ഛൻ വീട്ടിൽത്തന്നെ കഴിഞ്ഞ് ചടങ്ങുകളിൽ പങ്കെടുത്തു. മൂന്നാംദിവസം വൈകീട്ട് അച്ഛൻ പറഞ്ഞു, നാളെ കൂടാളിയിൽ പോകണം.

എല്ലാവരും അതിശയിച്ചു. പന്ത്രണ്ട് ദിവസത്തെ മരണാനന്തരച്ചടങ്ങുണ്ട്. അതുകഴിഞ്ഞുവേണം പോകാൻ. അച്ഛൻ അതിനുനിന്നില്ല. കൂടാളിയിലേയ്ക്ക് പോയി.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ മരുമക്കൾ പറഞ്ഞു, ചിതാഭസ്മം പുണ്യനദികളിലൊഴുക്കണം. കുഞ്ഞിരാമനും വരണം.

മരുമക്കളും അച്ഛനും അനുജൻ കൃഷ്ണൻ നായരും മുത്തച്ഛന്റെ ചിതാഭസ്മവുമായി മഹാസന്നിധികൾ താണ്ടി. പുണ്യതീർഥങ്ങളിലേയ്ക്ക് യാത്രയായി. കാശിയിൽ ചെന്ന് ഗംഗയിൽ മുങ്ങിനിവർന്നു. അതിനുശേഷം പ്രയാഗയിൽ. ഗംഗയും യമുനയും സരസ്വതിയും കൂടിച്ചേരുന്ന ത്രിവേണി. മുത്തച്ഛന്റെ ശരീരം പുണ്യനദികളിൽ വിലയം പ്രാപിച്ചു.
മുത്തച്ഛന്റെ മരണശേഷം മഠത്തിൽവളപ്പ് വീടിന്റെ വെളിച്ചം കെട്ടു. വ്യവഹാരക്കാർ എന്നെന്നേക്കുമായി മഠത്തിൽവളപ്പിലേക്കുള്ള വഴി മറന്നു. അതുവരെ വന്നുകൊണ്ടിരുന്ന കാഴ്ചവരവുകളെല്ലാം നിലച്ചു. വീടിന്റെ കോലായിയും മുറ്റവും ശൂന്യമായി. മുത്തശ്ശി കൂടുതൽ സമയം പ്രാർഥനയിലും ഭക്തിയിലും മുഴുകി. നാമങ്ങൾ ചൊല്ലി പകലും രാത്രിയും കഴിച്ചു.

രവീന്ദ്രൻ നായർ / Photo: Screengrab from Mathrubhumi.com
രവീന്ദ്രൻ നായർ / Photo: Screengrab from Mathrubhumi.com

മുത്തച്ഛൻ ഇല്ലാത്ത കോലായ. കോലായിലെ ചാരുകസേര അനാഥമായി കിടന്നു. ഒരു സന്ധ്യാനേരം ഞാൻ മുത്തച്ഛന്റെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു. കൂടാളിയിൽ നിന്ന് അച്ഛൻ വീടിന്റെ പടികയറി വന്നു. കസേരയിൽ ഇരിക്കുന്ന എന്നെക്കണ്ടു. അച്ഛന്റെ കണ്ണുകളിൽ തീപാറി. എന്റെമേൽ ചാടിവീണ് കലിതീരുന്നത് വരെ പൊതിരെ തല്ലി. ഒച്ചകേട്ട് അമ്മയും മുത്തശ്ശിയും അകത്തുനിന്ന് ഓടിവന്നു. കിതച്ചുകൊണ്ടു അച്ഛൻ അവരോടുപറഞ്ഞു. അച്ഛനിരുന്ന കസേരയിലോ ഇവന്റെ തോന്നിവാസം? മുത്തച്​ഛന്റെ മടിത്തട്ടും കസേരയും എന്റെയും കൂടിയായിരുന്നു. പക്ഷെ അച്ഛനത് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. മുത്തച്ഛനോട് അത്രമാത്രം അച്ഛന് ഭയഭക്തി ബഹുമാനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് നേരെ നോക്കി നിന്ന് വർത്തമാനം പറയാൻ പോലും അച്ഛന് കഴിഞ്ഞിരുന്നില്ല.

കുടുംബജീവിതത്തിലെ ഇത്തരം ഉത്തരവാദിത്തങ്ങളൊന്നും അച്ഛനറിയില്ല. അതൊന്നും ശ്രദ്ധിക്കാനോ ഓർക്കാനോ അച്ഛനൊരിക്കലും കഴിഞ്ഞിട്ടുമില്ല. എന്തെങ്കിലും പറഞ്ഞ് ഏൽപിച്ചാൽ അങ്ങനെയൊരു കാര്യം സംസാരിച്ച ഓർമപോലും ഉണ്ടാകാറില്ല എന്നതാണ് പതിവ്. പക്ഷെ പതിവിന് വിപരീതമായി അടുത്തയാഴ്ച അച്ഛനെത്തിയപ്പോൾ ഒരു കെട്ട് തുണിത്തരങ്ങൾ കൊണ്ടുവന്നു.

മുത്തച്ഛന്റെ മരണശേഷം അച്ഛൻ സ്വന്തമാക്കിയത് ഒരേയൊരു വസ്തു മാത്രമായിരുന്നു. അത് അദ്ദേഹത്തിന്റെ പാദുകങ്ങളായിരുന്നു. കൂടാളിയിൽ അച്ഛൻ ആ പാദുകങ്ങൾ കൊണ്ടുപോയി. വാടകമുറിയിൽ അത് സൂക്ഷിക്കുകയും നിത്യം തൊട്ടുനമസ്‌കരിക്കുകയും ചെയ്തു. മുത്തച്ഛനുണ്ടായിരുന്ന കാലത്ത് ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ അതിനുശേഷം ഇല്ലായ്മ എന്താണെന്ന് ആദ്യമായി വീടറിഞ്ഞുതുടങ്ങി. വരുമാനം കുറഞ്ഞപ്പോൾ മുത്തശ്ശി ഒരു ദിവസം എന്നെ പാട്ടക്കാരുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. രാവണേശ്വരം, അജാന്നൂർ, ബല്ല, പെരളത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ഞാൻ ചെന്നു. പാട്ടക്കാരോട് പറഞ്ഞു, അച്ഛൻ വീട്ടിലുണ്ട്. വരാൻ പറഞ്ഞിരിക്കുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ പാട്ടക്കാർ വീട്ടിലെത്തി. അച്ഛൻ തിണ്ണമേലിരുന്നു. മുത്തശ്ശി കോലായിരുന്ന് കണക്ക് നിരത്തി.
പാട്ടക്കാർ പറഞ്ഞു; ""കൃഷി മോശാണ്. നുള്ളിപ്പെറുക്കി കിട്ടിയത് അങ്ങോട്ട് ഏൽപ്പിക്കാം.''
അവർ പണം എടുത്തുനീട്ടുമ്പോൾ മുത്തശ്ശി പറഞ്ഞു, ""അവിടെ ഏൽപിച്ചോളൂ.''

പണം അച്ഛനെ ഏൽപിക്കുന്നത് കണ്ടുകഴിഞ്ഞാൽ മുത്തശ്ശിയുടെ പണി കഴിഞ്ഞു. മുത്തശ്ശി അകത്തേയ്ക്കുപോയാൽ പാട്ടക്കാർ അച്ഛനോട് അവരുടെ പ്രാരാബ്ധത്തിന്റെ കണക്കുകൾ പറയും. അതു കേൾക്കുന്നതോടെ വാങ്ങിയ പൈസ അച്ഛൻ അവർക്കുതന്നെ തിരിച്ചുകൊടുക്കും. പലപ്പോഴും ഇത്തരത്തിലായിരുന്നു അച്ഛന്റെ പാട്ടം ഇടപാടുകൾ. പാട്ടംകൊണ്ട് നേട്ടമൊന്നുമില്ലാതായപ്പോൾ ഒന്നുരണ്ടു വർഷത്തിനുള്ളിൽ മുത്തശ്ശി പാട്ടം ഒഴിവാക്കി. ചെറിയ തുക വാങ്ങി ആ സ്ഥലങ്ങളെല്ലാം പാട്ടക്കാർക്ക് എന്നെന്നേക്കുമായി വിട്ടുകൊടുത്തു.

കൊടുവായൂരിൽ അച്ഛനോടൊപ്പം

കൂടാളി ഹൈസ്‌കൂളിൽ അധ്യാപകവൃത്തിയിൽ നിയമിതനായ ശേഷമാണ് അച്ഛന്റെ ജീവിതം കുറച്ചെങ്കിലും ചിട്ടയുളളതായി മാറിയത്. വീട് അച്ഛന്റെ വരവ് കാത്തിരുന്ന കാലം. മുത്തശ്ശിയുടെ മേൽനോട്ടത്തിൽ അച്ഛന് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിവയ്ക്കാറുണ്ടായിരുന്നു. കാത്തിരിപ്പിനിടയിൽ രാത്രിവണ്ടിയുടെ സമയം കടന്നുപോകും. ഇനി വരലുണ്ടാവില്ല എന്നുപറഞ്ഞ് മുത്തശ്ശി കിടപ്പുമുറിയിലേക്ക് നടക്കുകയും നെടുവീർപ്പോടെ സ്വയം ഇങ്ങനെ പറയുകയും ചെയ്യും. അവന് കൂടാളിയിലെ ഹോട്ടലൂണിനെപ്പറ്റി എന്നും പരാതിയാണ്. എന്നാൽ ഉണ്ടാക്കിവച്ചത് തിന്നാനാണെങ്കിൽ അവനൊട്ടു യോഗവുമില്ല. ഒരു ദീർഘനിശ്വാസത്തോടെ ഇങ്ങനെയോരോന്ന് പറഞ്ഞും ഓർത്തുകൊണ്ടുമാണ് ഉറങ്ങാൻ പോകുന്നത്. കവി കാഞ്ഞങ്ങാട്ടെത്തിച്ചേരുന്ന ദിവസങ്ങളെപ്പറ്റിയും അച്ഛനോടൊപ്പം കൊടുവായൂരിലേക്ക് യാത്രയായ ദിവസത്തെക്കുറിച്ചും കവിയുടെ മകൾ ലീല ഓർക്കുന്നു.

അച്ഛൻ വീട്ടിലേയ്ക്ക് വരുന്ന ദിവസങ്ങളിൽ പതിവായി മുത്തശ്ശിക്ക് വേണ്ടുന്ന സാധനങ്ങളൊക്കെ കൊണ്ടുവരുമായിരുന്നു. ചന്ദനത്തിരി, കർപ്പൂരം, പുകയിലസത്ത്, ചിലപ്പോഴൊക്കെ മധുരനാരങ്ങ അങ്ങനെയുള്ള സാധനങ്ങൾ. അതൊക്കെയും മുത്തശ്ശിയുടെ കൈയിലാണ് ഏൽപിക്കുക. മുത്തച്ഛന്റെ മരണശേഷം മുത്തശ്ശിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അച്ഛൻ ശ്രദ്ധിച്ചിരുന്നു എന്നുതോന്നുന്നു. അച്ഛന്റെ മുഖത്തുനോക്കി കാര്യങ്ങൾ പറയുന്നതും ഗുണദോഷിക്കുന്നതും ശാസിക്കുന്നതുമൊക്കെ മുത്തശ്ശി മാത്രമായിരുന്നു.
ഒരിക്കൽ മുത്തശ്ശി അച്ഛനോട് പറഞ്ഞു.
ലീല വലിയ കുട്ടിയായി. അവൾക്ക് നല്ല പാവാടയും
കുറച്ച് ജാക്കറ്റുമൊക്കെ വാങ്ങണം. അതുപോലെ
രവിക്കും നല്ല കുപ്പായങ്ങളൊന്നുമില്ല.

അച്ഛൻ അതുകേട്ട് ഒന്നു മൂളുകമാത്രം ചെയ്തു. കുടുംബജീവിതത്തിലെ ഇത്തരം ഉത്തരവാദിത്തങ്ങളൊന്നും അച്ഛനറിയില്ല. അതൊന്നും ശ്രദ്ധിക്കാനോ ഓർക്കാനോ അച്ഛനൊരിക്കലും കഴിഞ്ഞിട്ടുമില്ല. എന്തെങ്കിലും പറഞ്ഞ് ഏൽപിച്ചാൽ അങ്ങനെയൊരു കാര്യം സംസാരിച്ച ഓർമപോലും ഉണ്ടാകാറില്ല എന്നതാണ് പതിവ്. പക്ഷെ പതിവിന് വിപരീതമായി അടുത്തയാഴ്ച അച്ഛനെത്തിയപ്പോൾ ഒരു കെട്ട് തുണിത്തരങ്ങൾ കൊണ്ടുവന്നു.

എനിയ്ക്ക് അച്ഛൻ വാങ്ങിത്തന്ന ആദ്യത്തെ പാവാടയും ജാക്കറ്റും അതായിരുന്നു. അച്ഛൻ കൊണ്ടുവന്ന പാവാട ഇഷ്ടത്തോടെ ഞാൻ ഇട്ടുനടന്നു. മുത്തശ്ശി നന്നായി ഇണങ്ങുന്നുണ്ട് എന്നുപറഞ്ഞു. അമ്മയുടെ മുഖത്ത് മന്ദഹാസം തെളിഞ്ഞു. ഒരു ദിവസം അമ്മ അതൊക്കെയും അലക്കാനായി വെള്ളത്തിലിട്ടു. കുറച്ചുകഴിഞ്ഞ് വന്നുനോക്കിയപ്പോൾ ബക്കറ്റിലാകെ മഞ്ഞനിറം. അതെന്താണെന്ന് പെട്ടെന്ന് എനിയ്ക്ക് മനസ്സിലായില്ല. പാവാടയുടെ മഞ്ഞ നിറമിളകിയതാണെന്ന് വേദനയോടെ ക്രമേണ മനസ്സിലായി. ബക്കറ്റിലിട്ട മറ്റു തുണികളിലേയ്ക്കും അതിന്റെ മഞ്ഞനിറം പറ്റിപ്പിടിച്ചിരുന്നു.

സങ്കടത്തോടെയാണ് അന്ന് അതെടുത്ത് അയയിലിട്ടത്. ഉച്ചവെയിലത്ത് അയയിൽ കിടന്ന് പാവാടയിലെ പൂക്കളുടെ മഞ്ഞനിറം വാടി. പാവാടത്തുമ്പത്ത് മഞ്ഞകലർന്ന വെള്ളത്തുള്ളികൾ എന്റെ കണ്ണിൽനിന്നെന്നപോലെ താഴേക്ക് ഇറ്റുവീണുകൊണ്ടിരുന്നു. മുത്തശ്ശിയെയും അമ്മയെയും ഞാനത് വിഷമത്തോടെ കാണിച്ചുകൊടുത്തു.

അച്ഛന്റെ നോട്ടക്കുറവിനെപ്പറ്റി മുത്തശ്ശി എന്തൊക്കെയോ പറഞ്ഞ് അകത്തേയ്ക്ക് മടങ്ങി. അമ്മ എന്നെ ആശ്വസിപ്പിച്ചു. രവിയ്ക്കുവേണ്ടി അച്ഛൻ കൊണ്ടുവന്ന കുപ്പായങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു.
കൂടാളിയിൽ നിന്ന് ഒരു വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നെ അടുത്തേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു.
""നാളെ നമുക്ക് പാലക്കാട്ടേയ്ക്കു പോകണം.'' എന്തിനെന്നറിയാതെ ഞാൻ അച്ഛനെത്തന്നെ പകച്ചുനോക്കി.
""ഇ.എസ്.എൽ.സി. കഴിഞ്ഞതല്ലേ? ട്രെയിനിങ് ചെയ്താൽ നല്ലതാണ്.''
മുത്തശ്ശി വന്നു അച്ഛനോട് ചോദിച്ചു, ""കുഞ്ഞീ നിനക്ക് പണ്ടേ നാടും വീടുമില്ല. എട്ടുംപൊട്ടും തിരിയാത്ത ഈ പെങ്കുട്ടീനെ നീ എങ്ങോട്ട് കൊണ്ടുപോവ്യാ?'' അമ്മയും ഞാനും വാതിൽപ്പടിമേൽ ചാരിനിന്നു.
അച്ഛൻ പറഞ്ഞു, ""പാലക്കാട്ട് കൊടുവായൂരിൽ. അവിടെ എന്റെ ചങ്ങാതിയുടെ ട്രെയിനിങ് കോളേജുണ്ട്. എല്ലാം പറഞ്ഞുവച്ചിട്ടുണ്ട്. ഇനി അവടെ ചെന്ന് ചേരുകയേ വേണ്ടൂ.''

പി.യുടെ മൂത്ത മകൾ ലീല
പി.യുടെ മൂത്ത മകൾ ലീല

മുത്തശ്ശി അച്ഛനോട് പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നു. അമ്മയും ഞാനും അവരുടെ സംഭാഷണങ്ങൾക്ക് നിശബ്ദസാക്ഷിയായി കുറച്ചുനേരം കൂടി അവിടെത്തന്നെ നിന്നു. പെങ്കുട്ട്യോള് പഠിച്ചിട്ട് എന്തുചെയ്യാനാ എന്ന ശബ്ദം പിന്നെയും പലവട്ടം മുത്തശ്ശി ചുണ്ടുകളിൽ നിന്നുതിർന്നുകൊണ്ടിരുന്നു.
അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മ എന്നെ ശരീരത്തോട് ചേർത്തണച്ചുകൊണ്ട് കിടന്നു. മണ്ണെണ്ണ വിളക്കിന്റെ തിരിയണഞ്ഞുകഴിഞ്ഞിട്ടും അമ്മയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എനിയ്ക്കും അതുപോലെത്തന്നെ. നാളെ നേരത്തെ എണീക്കണം, പുറപ്പെട്ടുപോവണം. രണ്ടുവർഷം ഇനി വീട്ടിൽ നിന്ന് എത്രയോ അകലെയുള്ള ഒരിടത്ത് കഴിയണം. അമ്മ ഇനിമുതൽ തനിച്ച് കിടക്കണം. മനസ്സിൽ എന്തൊക്കെയോ അസ്വസ്ഥതകൾ പുകയുന്നുണ്ടായിരുന്നു. മുത്തശ്ശിയെപ്പോലെ അമ്മയും പോകണ്ട എന്നു പറഞ്ഞിരുന്നെങ്കിൽ അച്ഛനത് കേൾക്കുമായിരുന്നോ? പക്ഷേ, അമ്മ അച്ഛനോട് എതിർത്തൊന്നും പറഞ്ഞില്ല.

അച്ഛന്റെ കൂടെ രാവിലെ വീട്ടിൽ നിന്ന് യാത്ര ചോദിച്ചിറങ്ങുന്നപ്പോൾ അമ്മ എന്നോട് ഇത്രമാത്രം പറഞ്ഞു.
""നല്ലതു വരട്ടെ. ലീല പോയ് വരൂ.''
അച്ഛന്റെ പിന്നാലെ ഞാൻ നടന്നു.
മദ്രാസ് മെയിലിൽ വൈകുന്നേരത്തോടെ ഒലവക്കോട് ചെന്നിറങ്ങി. വാളയാർ ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റ്. കിഴക്കൻ കാറ്റിൽ തലചീകുന്ന ഉങ്ങുമരങ്ങൾ. സ്നേഹമുള്ള മഞ്ഞപ്പൂക്കൾ വീണുകിടക്കുന്ന വഴികൾ.
അച്ഛന്റെ കൈയിൽ ട്രങ്ക് പെട്ടിയുണ്ടായിരുന്നു സ്റ്റേഷന്റെ പുറത്ത് കുതിരവണ്ടിയും കാളവണ്ടികളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുതിരവണ്ടിക്കാരൻ തമിഴൻ അച്ഛന്റെ കൈയിൽ നിന്ന് പെട്ടിവാങ്ങി വണ്ടിയിൽ വെച്ചു.
""ഉക്കാര് മാഷേ.''
ഞാനും അച്ഛനും വണ്ടിയിൽ കയറി. കുതിരവണ്ടിക്കാരൻ ചോദിച്ചു.
""ലാഡ്ജ് അനന്തഭവൻ താനെ.''
അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു, ""ആമ. അങ്ക താൻ.''
ആദ്യമായിട്ടാണ് ഞാൻ ഒരു കുതിരവണ്ടിയിൽ കയറുന്നത്.
പാലക്കാട് നഗരത്തിലേക്ക് വണ്ടി പാഞ്ഞു. അച്ഛന്റെയും അമ്മയുടെ വിവാഹശേഷം ആദ്യം കഴിഞ്ഞ നാടാണിത്. അതുമാത്രമല്ല എന്റെ ജന്മനാട്. പതിനേഴ് വർഷങ്ങൾക്കുമുമ്പ് അമ്മ എനിയ്ക്ക് ജന്മം നൽകിയത് ഇവിടെയുള്ള ഏതോ ആശുപത്രിയിൽ. കുതിരവണ്ടി ഒരു ലോഡ്ജിന് മുന്നിൽ നിന്നു. ലോഡ്ജിലുള്ളവർക്ക് അച്ഛനെ നല്ല പരിചയമുണ്ട്.
""എത്തന ദിവസമിരുക്ക് സാർ.''
""ഒരു ദിനം. നാളെ കാലെ തിരുമ്പിപ്പോകും.''
ചെന്ന് പെട്ടിയും സാധനങ്ങളും മുറിയിൽ വെച്ചു.
അച്ഛൻ യാത്രാക്ഷീണം മാറ്റാൻ ഇത്തിരിനേരം വിശ്രമിച്ചു. ജനലിനപ്പുറത്ത് കാണുന്ന കാഴ്ചകൾ എനിയ്ക്ക് പുതുമയുള്ളതായിരുന്നു. പാലക്കാടൻ കാറ്റ് വന്ന് മുഖമുരുമ്മിപ്പോകുന്നു. അച്ഛൻ ബീഡി വലിച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് പുറത്തുപോയി മടങ്ങിവന്നു.

ഞാൻ പെട്ടിയിലെടുത്ത് വെച്ചിരുന്ന എന്റെ സാധനങ്ങൾ നോക്കുകയായിരുന്നു. അതുകണ്ട് അച്ഛൻ എന്നോട് ചോദിച്ചു. നിനക്ക് ഉടുക്കാനുള്ളതൊക്കെ ഇതിലുണ്ടല്ലോ അല്ലേ? പകുതിയിലേറെയും ഒഴിഞ്ഞുകിടക്കുന്ന ചെറിയ തകരപ്പെട്ടിയുടെ ഉൾവശം അച്ഛൻ കണ്ടത് അപ്പോൾ മാത്രമായിരുന്നു.
അച്ഛൻ ചോദിച്ചു.
""നിനക്ക് നല്ലതൊന്നും ഉടുക്കാനില്ലേ?''
ഉണ്ടെന്നു ഞാൻ വെറുതെയൊന്ന് മൂളി.
അച്ഛൻ എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് പെട്ടെന്ന് വീണ്ടും പുറത്തേയ്ക്ക് ഇറങ്ങാനായി ഒരുങ്ങി. വാതിൽ ചാരിക്കൊണ്ട് എന്നോട് പറഞ്ഞു.
""വാതിൽ അകത്തുനിന്ന് കുറ്റിയിട്ടോ. ഞാനല്ലാതെ മറ്റാരു വന്നാലും തുറക്കണ്ട.''
അച്ഛൻ എങ്ങോട്ടുപോകുന്നുവെന്നോ എന്തിന് പോകുന്നുവെന്നോ എനിയ്ക്കറിഞ്ഞുകൂടായിരുന്നു. ആ മുറിയിൽ കുറെ സമയം ഞാൻ തനിച്ചിരുന്നു.

ജനാല തുറന്നാൽ താഴെ റോഡും ആളുകൾ നടന്നുപോകുന്നതുമൊക്കെ കാണാമായിരുന്നു. ഒറ്റക്കാളവണ്ടികളും കുതിരവണ്ടികളും പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഇടയ്ക്ക് പാഞ്ഞുപോകുന്നുണ്ടായിരുന്നു.
കുറെ കഴിഞ്ഞപ്പോൾ അച്ഛൻ വന്നു വിളിച്ചു.
അച്ഛന്റെ കൈയിൽ വലിയൊരു പായ്ക്കറ്റ്.
അച്ഛൻ അതെന്റെ കൈയിൽ തന്നു. ഞാനതിലെന്തെന്നറിയാനുള്ള ആകാംക്ഷയോടെ തുറന്നുനോക്കി.
എനിയ്ക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളായിരുന്നു.
പലനിറത്തിലുള്ള കൈത്തറി സാരികൾ. അടിപ്പാവാട. അങ്ങനെയോരോന്നും. എന്റെ മനസ്സിൽ സന്തോഷം വന്നുനിറഞ്ഞു. പുതിയ വസ്ത്രത്തിന്റെ ഗന്ധം ഉള്ളിലേയ്ക്ക് വലിച്ചെടുത്തു. അവയൊക്കെയും ഞാൻ ഇഷ്ടത്തോടെ പെട്ടിയിലേയ്ക്ക് എടുത്തുവെച്ചു.
അച്ഛൻ പറഞ്ഞു, ""ചായം ഇളകിപ്പോകാത്തതാണ്. നല്ലതുതന്നെ ചോദിച്ചുവാങ്ങി.''
അതുകേട്ട് അച്ഛന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു.

 നിളയുടെ തരളസാന്നിധ്യത്തിൽ കവിമനസ്സ് കുളിർത്തു. നിശയുടെ നിലാപ്പാൽ കുടിച്ചുരസിച്ച ഉന്മത്തരാത്രികളിൽ കവി ഭാവനയുടെ ചിറകുവീശി പറന്നു. തന്റെ ശാരീരികമായ അന്തശ്ചോദനകൾക്ക് കവി ശമനം തേടി.
നിളയുടെ തരളസാന്നിധ്യത്തിൽ കവിമനസ്സ് കുളിർത്തു. നിശയുടെ നിലാപ്പാൽ കുടിച്ചുരസിച്ച ഉന്മത്തരാത്രികളിൽ കവി ഭാവനയുടെ ചിറകുവീശി പറന്നു. തന്റെ ശാരീരികമായ അന്തശ്ചോദനകൾക്ക് കവി ശമനം തേടി.

അമ്മയുടെ കൂടെയാണ് ഇക്കാലമത്രയും കിടന്നുറങ്ങിയത്. ഇക്കണ്ട കാലത്തിനിടയിൽ അച്ഛനോടൊപ്പം ഉറങ്ങിയ ഓരോർമയും മനസ്സിലില്ല. അതും മനസ്സിൽ വിചാരിച്ചുകൊണ്ട് അന്നാദ്യമായി അച്ഛനോടൊപ്പം കിടന്നു.
അച്ഛൻ പറഞ്ഞു, ""നാളെ രാവിലെ പോകണം. മന്നാടിയാർ എന്റെ അടുത്ത ആളാണ്. നിനക്കവിടെ ഒന്നുകൊണ്ടും ബുദ്ധിമുട്ടുണ്ടാവില്ല.''
കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അച്ഛൻ ഉറങ്ങി. എന്റെ മനസ്സിൽ ഇന്നലത്തെ രാത്രി ഓർമവന്നു. ഇന്നലെ അമ്മയോടൊപ്പമായിരുന്നു. ഇന്ന് അച്ഛനോടൊപ്പം. നാളെ മുതൽക്കുള്ള രാത്രികൾ ആരോടൊപ്പമായിരിക്കും?

പിറ്റേന്ന് ബസ് സ്റ്റാൻഡിൽ നിന്ന് കൊടുവായൂരിലേക്കുള്ള ബസ്സിൽ കയറി. പരന്നുകിടക്കുന്ന പച്ചപ്പാടങ്ങൾ. ആകാശം തൊട്ടുനിൽക്കുന്ന നീലമലകൾ. പ്രഭാതത്തിൽ തിരക്കിട്ട് പറന്നുമറയുന്ന വെള്ളക്കൊറ്റികൾ. പാലക്കാടിന്റെ ഗ്രാമാന്തരങ്ങളിലൂടെ ബസ് പാഞ്ഞു. അച്ഛനോടൊപ്പം പുതുമയുള്ള കാഴ്ചകളിലേയ്ക്ക് ഞാനും കണ്ണോടിച്ചിരുന്നു.
കൊടുവായൂരിലെത്തി. നേരെ ചെന്നത് മന്നാടിയാരുടെ വീട്ടിലേക്കാണ്. ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളിന്റെ മാനേജരായ ശിവശങ്കര മന്നാടിയാർ.

അച്ഛൻ പറഞ്ഞു. ""മകളാണ്. ലീല.''
ഞാൻ അദ്ദേഹത്തെ തൊഴുതു.
അച്ഛന്റെ കൂടെ ഞാനും മാനേജറുടെ മുന്നിലിരുന്നു.
അദ്ദേഹം മന്ദഹാസത്തോടെ അച്ഛനെ അഭിവാദ്യംചെയ്തു. അവരുടെ സംസാരത്തിൽനിന്ന് വളരെക്കാലത്തെ ബന്ധം അവർക്കുണ്ടായിരുന്നതായി എനിയ്ക്കുതോന്നി. വെളുത്ത ചന്ദനനിറം. വിശാലമായി നെറ്റിയിൽ ചന്ദനച്ചാർത്ത്. ഒരു ദേവബിംബം പോലെ അദ്ദേഹം മുന്നിൽ ഇരിക്കുന്നു.
ട്രെയിനിങ് സ്‌കൂളിന്റെ തൊട്ടടുത്തുതന്നെയാണ് മന്നാടിയാരുടെ വീട്. സ്‌കൂളിനോടുചേർന്ന് ഹോസ്റ്റലും. ഹോസ്റ്റൽ വാർഡർ ഹെഡ്മിസ്ട്രസിന്റെ അമ്മയായിരുന്നു. പ്രായം ചെന്ന അവരെ എല്ലാവരും ടീച്ചറമ്മ എന്നുവിളിച്ചു. അച്ഛൻ എന്നെ ടീച്ചറമ്മയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവർക്കും കവിയായ അച്ഛനെ അറിയാമായിരുന്നു. പോകാൻ നേരം അച്ഛൻ എന്നെ അടുത്തേയ്ക്ക് വിളിച്ച് പറഞ്ഞു.
""എല്ലാവരും നമ്മുടെ സ്വന്തക്കാരാണെന്ന് വിചാരിക്കണം.
ഇവര് പറയുന്നതൊക്കെ അനുസരിക്കണം.''
സമ്മതമറിയിച്ച് ഞാനതിന് മൂളി.

സാരി ധരിച്ച സുന്ദരികളായ ഏതാനും കൂട്ടുകാരികൾ അടുത്തുവന്ന് പരിചയപ്പെട്ടു. ചിറ്റൂരിൽനിന്ന് പാട്ടുകാരി പി. ലീലയുടെ മരുമകൾ രാജലക്ഷ്മി, ചെർപ്പുളശ്ശേരിയിൽ നിന്ന് പത്മാവതി. സീനിയറായ ദേവൂട്ടി. അച്ഛൻ അവർക്ക് പോക്കറ്റിൽ നിന്ന് കൽക്കണ്ടം എടുത്തുകൊടുത്തു. അപ്രതീക്ഷിതമായി കിട്ടിയ കൽക്കണ്ടമധുരത്തിൽ അവരുടെ മുഖം വിടർന്നു. അച്ഛൻ യാത്രപറഞ്ഞു. കോളേജിൽ നിന്ന് തിരിച്ചുനടക്കുന്നു. ഞാൻ അലക്കിത്തേച്ചു നൽകിയ വെളുത്ത മുണ്ട്. ബീഡിക്കനലേറ്റ് തുള വീഴാത്ത ജുബ, കഴുത്തിൽ ചുറ്റിയിരിക്കുന്ന ഷോൾ.
അച്ഛൻ അടുത്ത ബസ്സിന് പാലക്കാട്ടേയ്ക്ക് തിരിക്കുന്നു. ഞാനോ? അന്യദേശത്ത് അപരിചിതർക്കിടയിൽ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന പുതിയ ജീവിതത്തിലേയ്ക്ക് ഇന്നുമുതൽ കാലെടുത്തുവയ്ക്കുന്നു.

അമ്മ മരിച്ച ദിവസം അച്ഛനില്ലാതെ

കാഞ്ഞങ്ങാട് ശാന്തിമന്ദിരത്തിൽ കുഞ്ഞിലക്ഷ്മിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ പ്രസവശുശ്രൂഷയ്ക്ക് അമ്മയെ കൂട്ടാനായി പൊന്മളയ്ക്ക് പോയ കവി എല്ലാം മറന്ന് എത്തിച്ചേർന്നത് തൃശൂരിലായിരുന്നു. അവിടെ ഭാരതവിലാസം പ്രസിലും പിന്നീട് നടുവിൽമഠം ശങ്കരനാരായണയ്യരുടെ സരസ്വതി പ്രസ്സിലും ഇക്കാലത്ത് ജോലിചെയ്തു. സരസ്വതി പ്രസിൽ കഴിയുന്ന കാലത്ത് ശങ്കരനാരായണയ്യർ പറഞ്ഞു. കൊച്ചി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനുവേണ്ടി കേരളപാഠാവലി തയ്യാറാക്കണം. നാടൻപാട്ടുകളും പഴഞ്ചൊല്ലുകളും അടങ്ങുന്ന ഒരു പുസ്തകം. കവിക്കത് ചെയ്യാമോ?

സ്വാമി പറഞ്ഞതനുസരിച്ച് കവി നാടൻപാട്ടുകൾ തേടി ഇറങ്ങിത്തിരിച്ചു. തിരുവില്വാമല, ലക്കിടി, പട്ടാമ്പി, പാലപ്പുറം തുടങ്ങിയ നിളയുടെ ഗ്രാമതീരങ്ങളിലൂടെ കവിയലഞ്ഞു. പ്രകൃതിസൗന്ദര്യവും കാർഷികസംസ്‌കാരവും ഇടകലർന്ന നാട്ടുമനസ്സും നാടൻപാട്ടും വിളങ്ങുന്ന ഉൾനാടൻഗ്രാമങ്ങൾ. ഗ്രാമപ്രകൃതിയും നാടൻപെൺകൊടികളുടെ പാട്ടുകളും ഒഴുകിയെത്തുന്ന വഴികളിലൂടെ കവി പ്രണയാതുരനായി നടന്നു. പാട്ടുകേട്ട് പകർത്തുകയും അവിടവിടത്തെ ഗ്രാമഗൃഹങ്ങളിൽ അന്തിയുറങ്ങുകയും ചെയ്തു. നിളയുടെ തരളസാന്നിധ്യത്തിൽ കവിമനസ്സ് കുളിർത്തു. നിശയുടെ നിലാപ്പാൽ കുടിച്ചുരസിച്ച ഉന്മത്തരാത്രികളിൽ കവി ഭാവനയുടെ ചിറകുവീശി പറന്നു. തന്റെ ശാരീരികമായ അന്തശ്ചോദനകൾക്ക് കവി ശമനം തേടി.

1938 മുതൽ 40 വരെയുള്ള കാലത്താണ് വള്ളുവനാടൻ അനുഭവത്തിൽനിന്ന് ഉയിർകൊണ്ട കവിതകളേറെയും പിറന്നത്. പ്രണയവും പ്രകൃതിയുടെ വിലാസഭംഗികളും ഉൾച്ചേർന്ന ഭവനാലോകത്തിന്റെ ആത്മരേഖകൾ. സൗന്ദര്യദേവത, പുള്ളുവപ്പെൺകൊടി, ആ മലനാടൻ മങ്കമാർ, നിളാതടത്തിലെ രാത്രി, പടക്കളത്തിൽ, മലനാടിന്റെ മഹാസന്ദേശം തുടങ്ങിയ കവിതകളിലൊക്കെയും നിറഞ്ഞുനിൽക്കുന്നത് ഇതിന്റെ അനുഭവങ്ങളാണ്. കവിയുടെ കാൽപ്പാടുകളിൽ അതിന്റെ സ്മൃതിനിലാവ് പരന്നൊഴുകുന്നു. കവിയെഴുതുന്നു: നക്ഷത്രപ്പാല പൂത്ത മകരരാത്രി. കിടപ്പറയിലിരുന്ന് മലവേലപ്പാട്ട് പകർത്തി. വിളക്കൂതിക്കിടന്നു. കൊണ്ടുപോയ കൽക്കണ്ടത്തുണ്ട്. പാതികടിച്ച് വായിൽത്തന്ന് രാക്കിളിപോലെ അവൾ പറഞ്ഞു. കഴുത്തിൽ വീണ മാല ഇനി വലിച്ചെറിയാൻ പറ്റില്ല. ഇത് മാറിൽ ചാഞ്ഞുകിടക്കും. മയങ്ങും എന്നെന്നേക്കുമായി വാടിക്കരിയും (തുഴയറ്റ തോണിയാത്ര).

അസുഖത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ അമ്മ അച്ഛന്റെ വരവിനായി കാത്തിരുന്നു. അച്ഛനെപ്പറ്റി ഒരു വിവരവും ഇല്ലാതായതോടെ വയ്യായ്കയിലും അമ്മ ഞങ്ങളെയും കൂട്ടി അച്ഛനെത്തേടി പലയിടങ്ങളിലും അലഞ്ഞു. ഞങ്ങളെക്കുറിച്ചായിരുന്നു എന്നും അമ്മയുടെ വേവലാതി. അമ്മ മരണം മുന്നിൽ കണ്ടിരുന്നിരിക്കണം.

നാടൻപാട്ടുകാലത്ത് പി. നടന്ന വഴികളിലൂടെ വർഷങ്ങൾക്കുശേഷം സഞ്ചരിച്ചുകൊണ്ട് കവി ആലങ്കോട് ലീലാകൃഷ്ണൻ ഒരന്വേഷണയാത്ര നടത്തിയിട്ടുണ്ട്. പ്രണയപരവശനായി പി. അലഞ്ഞ പെൺവഴിയെക്കുറിച്ചും അവരുടെ പ്രണയമൊഴിയെക്കുറിച്ചുമുള്ള ഓർമകൾ അദ്ദേഹം പി.യുടെ പ്രണയപാപങ്ങൾ എന്ന പുസ്തകത്തിൽ ഇപ്രകാരം വരച്ചുവയ്ക്കുന്നു: എന്റെ കൈയിലുണ്ട് കുറെ കടങ്കഥ. പോകുംമുമ്പ് അതിന്റെ അർഥം പറഞ്ഞുതരാം എന്നുപറഞ്ഞ ചിന്നമ്മാളു, കൈതപ്പൂവുപോലെ പുഴയ്ക്കക്കരെ വിടർന്നുനിന്ന കൊച്ചുകോത എന്ന എണ്ണമൈലി നാടോടിപ്പെണ്ണ്, മുന്നാഴി മുല്ലപ്പൂവും ചെന്തെങ്ങിളനീരും സമ്മാനിച്ച പതിനേഴ് തികയാത്ത വേശു, അങ്ങനെ എത്രയോ പെണ്ണുങ്ങൾ.

നാടൻപാട്ടിന്റെ ഗ്രാമവഴികളിൽ വെച്ചാണ് കാർത്യായനിയെന്ന പെൺകുട്ടിയെ കവി പരിചയപ്പെടുന്നത്. പുഴയോരഗ്രാമമായ കോത്താമ്പുള്ളിയിലെ പെൺകൊടി. പൊൻകസവ് തുണികൾ നെയ്തുണ്ടാക്കുന്നവരുടെ ഗ്രാമം. ഒരു സഹായിയായി കവിയുടെ മുന്നിലെത്തിയതായിരുന്നു കാർത്യായനി. പ്രണയത്തിന്റെ കസവുനൂലുകൾ തുന്നിച്ചേർത്ത പൊൻപുടവ നൽകി കവി അവളെ സ്വന്തമാക്കി. ആ ബന്ധം നാട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയപ്പോൾ കവി അവളെയും കൊണ്ട് തൃശൂരിലേയ്ക്കുപോയി. തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. അവിടെവെച്ച് അവർക്ക് ആദ്യ മകൾ പിറന്നു. കവി അവൾക്ക് രാധ എന്ന് പേരിട്ടു. രണ്ടാമത്തെ കുട്ടിയുടെ പേര് വത്സല എന്നായിരുന്നു. വാടകയ്‌ക്കെടുത്ത കൊച്ചുവീട്ടിൽ കവിയും പുതിയ കുടുംബവും സന്തോഷത്തോടെ ജീവിച്ചു.

സരസ്വതി പ്രസുകാർ കവിക്ക് ആവശ്യമായ സാമ്പത്തികസഹായങ്ങളും പിന്തുണയും നൽകി. കാർത്യായനി ഭർത്താവിനെയും മക്കളെയും പരിപാലിച്ചും പൈക്കളെ വളർത്തിയും അവിടെ സന്തോഷത്തോടെ കഴിഞ്ഞു. കവിയാകട്ടെ അക്കാലത്ത് കവിതയുടെ സർഗലോകങ്ങളിൽ സ്വതന്ത്രനായി വിഹരിക്കുകയും ചെയ്തു.

കാർത്യായനി, പി. ദമ്പതികളുടെ മകൾ രാധ പേരക്കുട്ടികൾക്കൊപ്പം
കാർത്യായനി, പി. ദമ്പതികളുടെ മകൾ രാധ പേരക്കുട്ടികൾക്കൊപ്പം

തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് ഒരു വാടകവീട്ടിൽ ജനിച്ചുവളർന്ന ആ പിഞ്ചുബാലിക, ഇന്ന് എൺപതുവയസ്സ് പിന്നിട്ട് ജീവിതത്തിന്റെ വാർധക്യകാലത്തിലൂടെ കടന്നുപോവുന്നു. നാടൻപാട്ടുകളിൽ പൊട്ടിമുളച്ച ഒരു ജീവിതകഥയുടെ ഏടുകൾ ജീവിതത്തിന്റെ സായംകാലത്ത് അവർ ഓർത്തെടുക്കുന്നു: അമ്മയുടെ രോഗത്തിനും അച്ഛന്റെ അലച്ചിലിനും ഇടയിലായിരുന്നു ഞങ്ങളുടെ ബാല്യം. ഒരവസരത്തിൽ അമ്മയ്ക്ക് രോഗം അധികമായി. അതോടെ അമ്മ തൃശൂരിൽനിന്ന് എന്നെയും പോളിയോ ബാധിതയായ അനുജത്തിയെയും കൂട്ടി ചെറിയമ്മയുടെ വീടായ കൊഴിഞ്ഞാമ്പാറയിലേയ്ക്കുപോയി. ആദ്യമൊക്കെ അച്ഛൻ വരാറുണ്ടായിരുന്നു. പിന്നെപ്പിന്നെ അച്ഛനെ തീരെ കാണാതായി. കൊഴിഞ്ഞാമ്പാറയിൽനിന്ന് പിന്നെ അമ്മ ഞങ്ങളെയും കൂട്ടി അമ്മയുടെ വീടായ കുത്താമ്പുള്ളിയിലേയ്ക്കുപോയി. അവിടെ മുത്തശ്ശിയും ബന്ധുക്കളുമൊക്കെ ഉണ്ടായിരുന്നു.

അസുഖത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ അമ്മ അച്ഛന്റെ വരവിനായി കാത്തിരുന്നു. അച്ഛനെപ്പറ്റി ഒരു വിവരവും ഇല്ലാതായതോടെ വയ്യായ്കയിലും അമ്മ ഞങ്ങളെയും കൂട്ടി അച്ഛനെത്തേടി പലയിടങ്ങളിലും അലഞ്ഞു. ഞങ്ങളെക്കുറിച്ചായിരുന്നു എന്നും അമ്മയുടെ വേവലാതി. അമ്മ മരണം മുന്നിൽ കണ്ടിരുന്നിരിക്കണം. അതുകൊണ്ടുതന്നെ ഞങ്ങളെ അച്ഛനെ ഏൽപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതിനുള്ള അവസാന പരിശ്രമം എന്ന നിലയിലാവാം ഞങ്ങളെയും കൂട്ടി അമ്മ കാഞ്ഞങ്ങാട്ടേയ്ക്ക് പുറപ്പെട്ടത്.

ഞങ്ങൾ കാഞ്ഞങ്ങാട്ടെത്തിച്ചേർന്ന സമയത്ത് അച്ഛൻ അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന് തൃശൂരിൽ ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം പലരും പറഞ്ഞ് വീട്ടുകാർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അച്ഛൻ വരുന്നതുവരെ അവിടെ കാത്തിരിക്കാൻ കഴിഞ്ഞു. ഭാഗ്യവശാൽ രാത്രിയോടെ അച്ഛൻ എത്തിച്ചേർന്നു. പിറ്റേദിവസം അച്ഛനോടൊപ്പം ഞങ്ങൾ കാഞ്ഞങ്ങാട്ടുനിന്ന്​തൃശൂരിലേയ്ക്ക് തിരിച്ചു. പിന്നെ അധികകാലം അമ്മ ഉണ്ടായിരുന്നില്ല. അമ്മ മരിച്ചു. ഒമ്പതും ഏഴും വയസ്സുമാത്രമുള്ള രണ്ടു പെൺകുട്ടികൾ അനാഥരായി.

അമ്മയുടെ മരണസമയത്ത് അച്ഛൻ നാട്ടിലുണ്ടായിരുന്നില്ല. അച്ഛന്റെ പിതാവ് പുറവങ്കര കുഞ്ഞമ്പു നായരുടെ മരണത്തെതുടർന്ന് ബലികർമങ്ങൾക്കായി അച്ഛൻ ആ നേരത്ത് കാശിയിലും പ്രയാഗിലുമുള്ള പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയായിരുന്നു. തൃശൂരിൽ വാടകവീടിനോട് ചേർന്നുള്ള വീട്ടിലെ ഒരമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ കണ്ട് ഞങ്ങളെ വളർത്താൻ താത്പര്യം കാണിച്ചിരുന്നു. അമ്മവീട്ടുകാർ ഞങ്ങളെ കുത്താമ്പുള്ളിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

മായന്നൂർ കാവിനടുത്ത് ഭാരതപ്പുഴയുടെ ഓരത്തായിരുന്നു അമ്മയുടെ വീട്. മുല്ലത്തൊടി തറവാട് വീട്. വീട്ടിൽനിന്ന് നോക്കിയാൽ ഭാരതപ്പുഴ കാണാം. വീട്ടിനടുത്ത് ഒരു മനയുണ്ടായിരുന്നു. അവിടെത്തെ വളപ്പിൽ ചെന്ന് കളിച്ചു. പതിവായി കുട്ടികളോടൊപ്പം പുഴയിൽ ചെന്ന് നീന്തിക്കുളിച്ചു. അമ്മയും അച്ഛനുമില്ലാത്ത ഒരു കാലം അങ്ങനെ കടന്നുപോയി.

നാട്ടിൽ തിരിച്ചെത്തിയശേഷമാണ് അച്ഛൻ വിവരങ്ങളെല്ലാം അറിയുന്നത്. പിന്നെയും കുറച്ചുകാലം കഴിഞ്ഞ് ഒരുദിവസം അച്ഛൻ വീട്ടിൽ കുത്താമ്പുള്ളിയിലേയ്ക്ക് വന്നു. ഞങ്ങളെ കാഞ്ഞങ്ങാട്ടേയ്ക്ക് കൊണ്ടുപോകാനാണ് അച്ഛൻ വന്നതെന്നറിഞ്ഞു. എട്ടുംപൊട്ടും അറിയാത്ത പ്രായത്തിൽ ഞങ്ങൾ മുല്ലത്തൊടി വീടിനോട് യാത്രപറഞ്ഞ് അച്ഛനോടൊപ്പം ഇറങ്ങി. ചെറിയമ്മയും അമ്മൂമ്മയും ഞങ്ങളെ യാത്രയാക്കി. തീവണ്ടിയിൽ ഞങ്ങൾ അച്ഛനോടൊപ്പമിരുന്ന് യാത്രചെയ്തു.

കാഞ്ഞങ്ങാട്. അമ്മ കുറച്ചുകാലം മുമ്പ് എന്റെ കയ്യും പിടിച്ചു നടന്നുപോയ അതേവഴിയിലൂടെ അന്ന് ഞങ്ങൾ അച്ഛനോടൊപ്പം നടന്നു. പിന്നീട് ഞാൻ വളർന്നത് മഠത്തിൽവളപ്പു വീട്ടിലാണ്. കുഞ്ഞിലക്ഷ്മി വല്യമ്മ ഞങ്ങളോട് സ്‌നേഹത്തോടെ പെരുമാറി. വല്യമ്മയുടെ മകൾ ലീല അക്കാലത്ത് കൊടുവായൂരിൽ ട്രെയിനിങ്ങിന് പോയിരിക്കുകയായിരുന്നു. കൃഷ്ണൻ ഇളയച്ചന്റെ മകൾ ഇന്ദിരയും മറ്റുമായിരുന്നു അന്നത്തെ കൂട്ട്. മുത്തശ്ശിക്ക് വേണ്ടുന്ന പൂജാപുഷ്പങ്ങൾ ശേഖരിക്കാൻ അവരോടൊപ്പം ഞാനും കൂടി. പോളിയോ ബാധിച്ച അനുജത്തി വത്സല ഒന്നുരണ്ട് വർഷം മാത്രമേ ജീവിച്ചുള്ളൂ. അവൾ മരിച്ചു. പാവം അനുജത്തി അമ്മയോടൊപ്പം പോയി. അമ്മയെ മറവുചെയ്ത ഇടം എവിടെയാണ് എന്നറിയില്ല. ചെറുപ്പം തൊട്ടേ എനിക്ക് കൂട്ടായിരുന്നവൾ മഠത്തിൽവളപ്പു വീട്ടുപറമ്പിലെ മാവിൻച്ചോട്ടിൽ ഒന്നുമറിയാതെ കിടന്നു.

മുത്തശ്ശി ഗുരുവായൂരിൽ കുറച്ചുകാലം താമസിക്കാൻ തീരുമാനിച്ചപ്പോൾ അച്ഛൻ എന്നെ കൂടാളിയിലേയ്ക്ക് കൊണ്ടുപോയി. ഒരു വർഷക്കാലം പഠിച്ചത് അവിടെയായിരുന്നു. ആറാം ക്ലാസിൽ. ആദ്യദിവസങ്ങളിൽ അച്ഛനോടൊപ്പം സ്‌കൂളിലേയ്ക്കുപോയി. പിന്നീടങ്ങോട്ട് പാഞ്ചാലി ടീച്ചറുടെയും യശോദ ടീച്ചറുടെയും കൂടെയായി യാത്ര.

വീട്ടിലായാലും സ്‌കൂളിലായാലും അച്ഛനെ എനിയ്ക്ക് പേടിയായിരുന്നു. തല്ലുപേടിച്ച് അച്ഛന്റെ മുമ്പിൽ ചെന്നുനിൽക്കാൻ പോലും അക്കാലത്ത് ഭയന്നിരുന്നു. മുത്തശ്ശി ഗുരുവായൂരിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവർക്ക് കൂട്ടായി ഞാൻ വേണമെന്നായി. കൂടാളിയിൽ നിന്ന് വീണ്ടും കാഞ്ഞങ്ങാട്ടേയ്ക്ക് പറിച്ചുനടപ്പെട്ടു. മുത്തശ്ശിക്ക് വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്ത് അവിടെ കഴിഞ്ഞുപോന്നു. മുത്തശ്ശിക്കുവേണ്ടി തെച്ചിപ്പൂക്കൾ പറിച്ചെടുത്ത സന്ധ്യകൾ. മുത്തശ്ശിയുടെ വിളികേട്ട് നടന്ന ദിവസങ്ങൾ. പഠനം വഴിമുട്ടിപ്പോയ കാലങ്ങൾ. അതിലൂടെ എന്റെ ജീവിതം മുന്നോട്ടുപോയി. ​▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments