പി. കുഞ്ഞിരാമൻ നായർ

ഉന്മാദിയായ കവി, മനുഷ്യൻ

കവി മനസ്സിൽ കവിത ജന്മം കൊള്ളുന്നതിന്റെ എല്ലാ അസ്വസ്ഥതകളും പി.യിൽ പ്രകടമായിരുന്നു. തുടരെത്തുടരെ നെടുവീർപ്പുകൾ. ആത്മഗതം പോലെ ചില അസ്പഷ്ട ശബ്ദങ്ങൾ. ചിലപ്പോൾ കരയുന്നതും ഞരങ്ങുന്നതുമൊക്കെ കേൾക്കുമായിരുന്നു.

അച്ഛനൊപ്പം കഴിഞ്ഞ ഒരു വർഷക്കാലം

നാലു വർഷക്കാലത്തോളം പി.കുഞ്ഞിരാമൻ നായർ കൂടാളിയിലെ വാടകമുറിയിൽ കഴിഞ്ഞുകൂടി. ഓരോ ദിവസം കഴിയുന്തോറും അവിടത്തെ താമസവും ഹോട്ടൽ ഭക്ഷണവും കവിയിൽ അരുചിയുണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ ജീവിതത്തിൽ ആദ്യമായി കവി ഭാര്യയുടെ കൂട്ടിനെപ്പറ്റി ചിന്തിപ്പിച്ചു.
ഒരു ദിവസം കവി കാഞ്ഞങ്ങാട്ടെ വീട്ടിലെത്തി അമ്മയോട് ഭക്ഷണകാര്യത്തിലെ സങ്കടങ്ങൾ പറഞ്ഞു; നാവിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണം കഴിച്ചുകഴിച്ച് മടുത്തു. വൈകുന്നേരമാകുമ്പോഴേക്കും ക്ഷീണംകൊണ്ടു വാടിപ്പോകുന്നു.

അമ്മ മകനെ നോക്കി. മകൻ അമ്മയേയും.

ഒരു വാടകവീട്ടിലേക്ക് മാറണമെന്നും കുഞ്ഞിലക്ഷ്മിയെ കൂടാളിയിലേക്ക് കൊണ്ടുപോകണമെന്നുമാണ് കവി ആഗ്രഹിച്ചത്. പക്ഷെ അമ്മയോട് നേരിട്ടു പറയാൻ കവി അശക്തനായിരുന്നു.
ഭർത്താവിന്റെ വാക്കുകേട്ട് കുഞ്ഞിലക്ഷ്മി വാതിൽപ്പടിയോടുചേർന്ന് ചുമരിൽ ചാരി നിന്നു. കവി ഭാര്യയേയും അമ്മയേയും മാറി മാറി നോക്കി. ഭാര്യയുടെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത തിളക്കം. അമ്മയുടെ മുഖത്ത് നിശബ്ദമായ ചിന്താസഞ്ചാരം. മകന്റെ മനസ്സ് വായിച്ചറിഞ്ഞ അമ്മ പറഞ്ഞു, നിന്റെ അച്ഛൻ നേരത്തേ പോയി. നീയോ നോക്കെത്താദൂരത്ത്. ലീല കൊടുവായൂരിൽ. കുഞ്ഞിലക്ഷ്മി ഇല്ലെങ്കിൽ ഇവിടത്തെ കാര്യങ്ങൾ എങ്ങനെ നടക്കും?
അമ്മ, തന്റെ എല്ലാമെല്ലാമായ അമ്മ പറയുന്ന വാക്കുകളിൽ കവി മനസ്സ് തടഞ്ഞു നിന്നു.
കുഞ്ഞിലക്ഷ്മി വാതിൽപ്പടിയിൽ നിന്ന് അടുക്കളയിലേക്ക് നടന്നു.
കവി പറഞ്ഞു, എന്നാൽ തത്ക്കാലം രവി എന്റെ കൂടെ പോരട്ടെ. അവനെ ഒരു സഹായത്തിന് കൂട്ടാം.
അമ്മയുടെ മനസ്സു തെളിഞ്ഞു.
കവിയുടെ അമ്മ കുഞ്ഞിലക്ഷ്മിയോട് ചെന്നു പറഞ്ഞു, രവി കുഞ്ഞിരാമന്റെ കൂടെ പോവട്ടെ.
അമ്മ രവിയുടെ അടുത്തേക്ക് ചെന്ന്​ അവനോടുപറഞ്ഞു, നീ അച്ഛന്റെ കൂടെ പോണം. പോകുമോ?
രവീന്ദ്രൻ അമ്മയുടെ വാക്കു കേട്ട് ഞെട്ടി- ഞാൻ മാത്രമോ അമ്മയില്ലാതെ?‘ഞാനില്ല. ഇപ്പോൾ നീമാത്രം. അമ്മ പിന്നെ വരും.’
എന്താണ് പറയേണ്ടത് എന്നറിയാതെ രവീന്ദ്രൻ അമ്മയുടെ മുന്നിൽ നിന്നു.

‘‘കവിത എഴുതുന്ന സമയത്ത് അച്ഛൻ സംസാരിക്കാൻ തീരെ ഇഷ്ടപ്പെടില്ല. നിലവിളക്കിന്റെ തിരികൾ തെളിച്ചു വയ്ക്കും. ചന്ദനത്തിരികൾ പുകയുകയും മുറിയിലാകെ അതിന്റെ സുഗന്ധം നിറയുകയും ചെയ്യും.’’

അച്ഛനോടൊപ്പം ഇറങ്ങിപ്പോകാൻ നിശ്ചയിക്കപ്പെട്ട ആ ദിവസങ്ങളെക്കുറിച്ച് മകൻ രവീന്ദ്രൻ ഓർക്കുന്നു: അച്ഛന്റെ കൂടെ പോവുക എന്നത് സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരുപാട് കാലം കാത്തിരുന്ന് എത്തിച്ചേർന്ന അച്ഛൻ. തല്ലാനും ശകാരിക്കാനും മാത്രമറിയുന്ന അച്ഛൻ. അദ്ദേഹത്തിന്റെ കൂടെ എങ്ങനെ പോകും? ആവശ്യപ്പെട്ടാൽ എങ്ങനെ പോകാതിരിക്കും?
അന്നുരാത്രി ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. കുറെ കരഞ്ഞു. അമ്മയും ഞാൻ കാണാതെ ആ രാത്രിയിൽ കരയുന്നുണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ അമ്മ കയ്യിലൊരു ബാഗ് തന്നു. എന്റെ വസ്ത്രങ്ങളും അത്യാവശ്യസാധനങ്ങളും അതിലുണ്ടായിരുന്നു. അമ്മ എന്നെത്തന്നെ നോക്കിനിന്നു. ഞാൻ അമ്മയുടെ കണ്ണിൽ നിന്നുമകന്നകന്നുപോയി.
കാഞ്ഞങ്ങാട് തീവണ്ടിയാപ്പീസ്, മുത്തച്ഛനെയും അച്ഛനെയും പലതവണ കാത്തുനിന്ന പ്ലാറ്റ്ഫോമിൽ അന്നാദ്യമായി യാത്രയ്ക്കൊരുങ്ങി ഞാനും.
പോർട്ടർമാർ അച്ഛനെ കണ്ടപ്പോൾ അടുത്തേക്ക് വന്നു. അച്ഛൻ ടിക്കറ്റെടുക്കാനുള്ള പണം കൊടുത്തു. ഒരു പോർട്ടർ ടിക്കറ്റുമായി വന്നു. അയാൾ ദക്ഷിണ വാങ്ങി തൊഴുതുകൊണ്ട് കൂടെനിന്നു. പാസഞ്ചർ വണ്ടി വന്നു. വണ്ടി കണ്ണൂരിലേക്ക് കൂക്കിപാഞ്ഞുകൊണ്ടിരുന്നു. ഞാൻ അത്ഭുതത്തോടെ ഒരോ പുറംകാഴ്ചകൾ നോക്കിയിരുന്നു.

അച്ഛന്റെ അടുത്ത് ജനലിനരികിലായി അപരിചിതനായ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ ഒരു ചുരുട്ടിന് തീ കൊളുത്തി പുകവലിച്ച് പുറത്തേക്ക് വിട്ടുകൊണ്ടിരുന്നു. പുകച്ചുരുളുകൾ അച്ഛനെ അലോസരപ്പെടുത്തി. അച്ഛൻ അയാളോട് പുകവലി നിർത്താൻ പറഞ്ഞു. അയാൾ അതുകേൾക്കാതെ പിന്നെയും ആഞ്ഞുവലിച്ച് പുകവിട്ടുകൊണ്ടിരുന്നു.

പി. കുഞ്ഞിരാമൻ നായർ

പയ്യന്നൂരെത്തിയപ്പോൾ അച്ഛൻ വണ്ടിയിൽ നിന്നിറങ്ങി എന്തോ വാങ്ങി തിരിച്ച് വണ്ടിയിൽ കയറിയിരുന്നു. വാങ്ങിക്കൊണ്ടുവന്നത് മുറുക്കാനായിരുന്നു. അച്ഛൻ നല്ലതുപോലെ മുറുക്കി ചുണ്ടു ചുവപ്പിച്ചു നിന്നു. വണ്ടി വേഗത്തിൽ ഓടിക്കൊണ്ടിരിക്കേ അച്ഛൻ ഇരുന്നിടത്തു നിന്നുതന്നെ ജനാലയ്ക്ക് വെളിയിലേക്ക് നീട്ടിത്തുപ്പി. അടുത്തിരുന്ന ആളിന്റെ കുപ്പായത്തിലും മുഖത്തും മുറുക്കിത്തുപ്പിയ ചുവന്ന കറ പരന്നു. അയാൾ ഉറക്കെ ബഹളം വയ്ക്കുകയും അച്ഛനോട് കശപിശ കൂടുകയും ചെയ്തു.

വീടുവിട്ട് അച്ഛനോടൊപ്പം ഇറങ്ങിത്തിരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഏറ്റുവാങ്ങിയ അനുഭവം. എന്താണ് സംഭവിക്കുക എന്നറിയാതെ എന്റെ മനസ്സ് അസ്വസ്ഥമായി.
അച്ഛനും മറ്റൊരു യാത്രക്കാരനും അടപിടിയോളമെത്തുന്ന വാഗ്വാദം തുടരുന്നു. ഭാഗ്യത്തിന് കൂടെയുണ്ടായിരുന്ന ആളുകളൊക്കെ അച്ഛന്റെ പക്ഷത്തായിരുന്നു. അതുകൊണ്ടു പതിയെ അയാൾ നിശബ്ദനായി. രംഗം ശാന്തമായി. വണ്ടി കണ്ണൂരിൽ ചെന്ന് നിന്നു.

കൂടാളി സ്‌കൂളിൽ ചെന്നപ്പോൾ അധ്യാപകരും കുട്ടികളും സ്നേഹത്തോടെ പെരുമാറി. കവി മാഷുടെ മകനെ എല്ലാവരും പരിചയപ്പെട്ടു. ഞാനും പതിയെപ്പതിയെ കൂടാളിയിലെ ഒരംഗമായി. സ്‌കൂളിൽ നിന്ന് നോക്കിയാൽ കാണുന്ന അകലത്താണ് അച്ഛൻ താമസിച്ചിരുന്നത്. ഒരു മുറിയിൽ എം.കെ. രാമകൃഷ്ണൻ മാഷും അടുത്ത മുറിയിൽ തോട്ടട കുഞ്ഞികൃഷ്ണൻ മാഷും താമസിച്ചിരുന്നു.
അച്ഛന്റെ മുറിയിൽ കട്ടിലും കിടക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. എനിക്ക് കിടക്കാൻ ഒരു പുൽപ്പായ വാങ്ങിത്തന്നു. ഭക്ഷണം ഉണ്ടാക്കാനുള്ള സ്റ്റൗവും കുക്കറുമൊക്കെ അച്ഛൻ വാങ്ങിവെച്ചിരുന്നു.
അച്ഛൻ എന്നോട് ചോദിച്ചു, നിനക്ക് ഭക്ഷണം ഉണ്ടാക്കാനറിയുമോ? ഇല്ല.ഞാൻ കാണിച്ചുതരാം. അതിനനുസരിച്ച് ചെയ്തുപഠിക്കണം.
ഞാൻ തലയാട്ടി.
അച്ഛൻ തിപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചു. നാല് തട്ടുള്ള കുക്കർ അടുപ്പിൽ വെച്ചു. ഏറ്റവും അടിയിൽ ചോറ്. അതിനുമുകളിൽ കറിക്കുള്ള പരിപ്പ്, അതിനുമുകളിൽ വറവ്, ഏറ്റവും മുകളിലായി കുടിക്കാനുള്ള വെള്ളം. അച്ഛന്റെ പാചകം മായാജാലം പോലെയായിരുന്നു. കൗതുകത്തോടെ ഞാനത് നോക്കി നിന്നു.

എഴുത്തുമുറിയിൽ അച്ഛൻ പ്രകടിപ്പിക്കുന്ന അസ്വസ്ഥകൾ കേട്ടുകേട്ടുകൊണ്ട് അടുത്തമുറിയിൽ പലപ്പോഴും സ്വസ്ഥമായി ഉറങ്ങാൻ പലപ്പോഴും എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും രാത്രി വിളയിച്ചെടുത്ത കവിതയാകട്ടെ, അടുത്ത പ്രഭാതത്തിൽ സൂര്യനെപ്പോലെ പൊൻ പ്രഭയാർന്ന് തിളങ്ങുന്നുമുണ്ടായിരുന്നു.

ഇതുവരെ അമ്മ ഉണ്ടാക്കി. വിളിമ്പിത്തന്നു. ഉണ്ടു. മുത്തശ്ശന്റെ കൂടെ എത്രയോ തവണ ഉണ്ടിട്ടുണ്ട്. മുത്തച്ഛൻ ഊട്ടിത്തന്നിട്ടുണ്ട്. അച്ഛന്റെ കൂടെ കഴിക്കാനിരിക്കുകയോ ഉണ്ണുകയോ ചെയ്തിട്ടില്ല. ഇതുവരെയും.
അച്ഛൻ കഴിക്കാനുള്ള പാത്രങ്ങൾ കഴുകി വയ്ക്കാൻ പറഞ്ഞു. ഞാൻ അതൊക്കെയും കഴുകി നിരത്തി വെച്ചു. അച്ഛൻ വിളമ്പി. ഞങ്ങൾ ഒന്നിച്ചിരുന്ന് അന്നാദ്യമായി ഉണ്ടു. പരിപ്പുകറി, പയറു വറവ്, ചൂട് ചോറ്. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഭക്ഷണം ഉണ്ടാക്കൽ എന്റെ മാത്രം ഉത്തരവാദിത്തമായി മാറി. ഞാനുണ്ടാക്കി. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു.
ഞാൻ ഫോർത്ത് ഫോറം ബി.യിലായിരുന്നു. ഇന്നത്തെ ഒമ്പതാം ക്ലാസ്. മലയാളം ക്ലാസെടുത്തിരുന്നത് അച്ഛനായിരുന്നു. ക്ലാസിൽ ഞാൻ മറ്റു കുട്ടികളെക്കാൾ മുതിർന്നതായിരുന്നു, മുത്തച്ഛൻ അസുഖമായി കിടന്നപ്പോൾ സ്‌കൂളിൽ പോയില്ല. മുത്തച്ഛന്റെ കൂടെയിരുന്നും വീട്ടിൽ അത്യാവശ്യസഹായങ്ങൾ ചെയ്തും കഴിഞ്ഞു കൂടി. അങ്ങനെ ഒരു വർഷം നഷ്ടമായി.

കാഞ്ഞങ്ങാട്ടെ മഠത്തിൽവളപ്പ് വീടിന്റെ വിശാലതയിൽ നിന്ന് കൂടാളിയിലെ പീടികമുറിയുടെ ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങിയപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ തോന്നി. വെള്ളിയാഴ്ചകളിൽ അച്ഛനോടൊപ്പം കാഞ്ഞങ്ങാട്ടേക്ക് വരാമെന്ന് അമ്മ പറഞ്ഞിരുന്നു. ഞാൻ വെള്ളിയാഴ്ചയ്ക്കുവേണ്ടി കാത്തിരുന്നു. വെള്ളിയാഴ്ച ദിവസമെത്തി. രാവിലെ ബാഗിൽ അത്യാവശ്യമുള്ളതെല്ലാം തിരുകിവെച്ചു.

ക്ലാസ് കഴിഞ്ഞ് നാലുമണിക്ക് തന്നെ റൂമിൽ തിരിച്ചെത്തി. അച്ഛൻ വരുന്നത് പ്രതീക്ഷിച്ചിരുന്നു. വെള്ളിയാഴ്ച ആയതുകൊണ്ട് എം.കെ.രാമകൃഷ്ണൻ മാഷും തോട്ടട കുഞ്ഞിക്കണ്ണൻ നമ്പ്യാരും ബാഗെടുത്തുപോവാനായി മുറിയിൽ വന്നു. അവർ യാത്രപറഞ്ഞു. കോവണിപ്പടികളിറങ്ങി നടന്നു.
ഞാൻ അച്ഛനെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എത്തിച്ചേർന്നു. അച്ഛൻ സ്വന്തം ബാഗ് കയ്യിലെടുത്തു പിടിച്ചു, എന്നിട്ട് എന്നോടുപറഞ്ഞു; ഞാൻ കോഴിക്കോട്ടേക്ക് പോകുന്നു. അവിടെ ആകാശവാണിയിൽ റെക്കോർഡിംഗുണ്ട്. നീ വാതിലടച്ച് ഇവിടെ നിന്നോ. ആരു വന്നു വിളിച്ചാലും വാതിൽ തുറക്കണ്ട. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. എന്തൊക്കെയൊ പറയാൻ ആഗ്രഹിച്ചെങ്കിലും തൊണ്ടയിൽ നിന്ന് വാക്കുകളൊന്നും അപ്പോൾ പുറത്തുവന്നില്ല. അച്ഛൻ കോണിപ്പടികളിറങ്ങി. റോഡ് മുറിച്ചു കടന്നു. അച്ഛൻ ബസ് കാത്ത് ബസ് സ്റ്റോപ്പിൽ നിന്നു. പീടികമുറിയുടെ വരാന്തയിൽനിന്ന് ഞാൻ അച്ഛനെത്തന്നെ നോക്കി നിന്നു. അച്ഛൻ എന്നെ കാണുന്നുണ്ടോ?

പി. താമസിച്ചിരുന്ന കൂടാളി സ്‌കൂളിനടുത്തുള്ള പീടിക മുറി ഇന്ന്

ഇല്ല. അച്ഛൻ ഏതോ ദിവാസ്വപ്നത്തിലാണ്. കോഴിക്കോട്ടോ, നിളാതീരത്തോ കവിതയുടെ മറ്റേതോ അജ്ഞാത ലോകത്തോ പാഞ്ഞുകൊണ്ടിരിക്കുന്ന മനസ്സുമായി അച്ഛൻ ദൂരെ നിൽക്കുന്നു. ഒരു ബസ് കിഴക്ക് ചാലോട് ഭാഗത്തു നിന്ന് പാഞ്ഞുവന്നു. അച്ഛൻ അതിൽ കയറി. ബസ് പൊടിപറത്തി സ്‌കൂളിന്റെ മുന്നിലൂടെ കുന്നുകയറി അകന്നകന്നു പോയി.

കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരുന്നു. വഴികൾ വിജനമായി കഴിഞ്ഞിരുന്നു. ബസ് സ്റ്റോപ്പിലെ ആൽമരത്തിൽ കിളികൾ കൂടണയുന്നു. ഒരു പകലിന്റെ വിശേഷങ്ങളത്രയും പറയുന്ന മാതിരി അവയുടെ കലപില ശബ്ദങ്ങൾ അവിടമാകെയും നിറഞ്ഞുനിൽക്കുന്നു.

സന്ധ്യ പിന്നിട്ട് രാത്രിയായി. കുറച്ചുദിവസം താമസിച്ച ഇടമാണെങ്കിലും അന്നത്തെ രാത്രി എനിക്കത്രമാത്രം അപരിചിതമായിരുന്നു. കിടക്കാൻ സമയമായപ്പോൾ കിടന്നു. പേടികൊണ്ട് വിളക്കണച്ചില്ല. തെരുവുനായ്ക്കളുടെ ശബ്ദം തുടരെത്തുടരെ കേട്ടു. പെട്ടെന്ന് ആരോ വന്ന് കതകിൽ മുട്ടുന്നതുപോലെ. തോന്നലായിരിക്കാം. യാഥാർത്ഥ്യം പോലെ തോന്നിപ്പിക്കുന്ന ഓരോ തോന്നലുകൾ. ശബ്ദം ഭയം മാത്രമായി കാതുകളിൽ വന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ എത്രശ്രമിച്ചിട്ടും ഉറക്കം വന്നതേയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ പായയിൽ നിന്ന് പതിയെ എഴുന്നേറ്റ് അച്ഛന്റെ മുറിയിൽ ചെന്നു. അച്ഛൻ കിടക്കുന്ന കട്ടിൽ ശൂന്യമായി കിടക്കുന്നു. അതിൽ ചെന്നിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ മുറിയിൽ മുത്തച്ഛന്റെ ഛായചിത്രം കണ്ടു. അതുകണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. സ്നേഹം മാത്രം അത്രത്തോളം വാരിക്കോരിത്തന്ന മുത്തച്ഛൻ. എത്രയോ രാത്രികളിൽ കഥപറഞ്ഞുറക്കിയ മുത്തച്ഛൻ. മാറത്തെ ചൂടു പകർന്നുതന്ന ഉറക്കിത്തന്ന പ്രിയപ്പെട്ട മുത്തച്ഛൻ. മുത്തച്ഛൻ പോയതോടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാഞ്ഞുപോയി.
പഴയകാലത്തെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ നിന്ന് രാത്രിയെന്ന വിചാരം മാഞ്ഞുപോയി. മുറിയിലെ വിളക്ക് കൂടുതൽ പ്രകാശത്തോടെ തെളിഞ്ഞു. ഞാൻ അച്ഛൻ വായിച്ചിരുന്ന പുസ്തകങ്ങൾ എടുത്ത് നോക്കി. ആഴ്ചപ്പതിപ്പുകളും. ജൂൺമാസത്തിലെ മഴ പുറത്ത് ശക്തിയോടെ പെയ്തുകൊണ്ടിരുന്നു. അതിന്റെ തണുപ്പ് അകത്തേക്ക് അരിച്ചുവന്നു. ഒരുപാട് നേരം വായിച്ചിരുന്നു. രാത്രി പിന്നിട്ട ഏതോ നേരത്ത് പേടിയും ഓർമയും ഒന്നുമില്ലാത്ത ഒരവസ്ഥയിലേക്ക്, ഉറക്കത്തിലേക്ക് പതിയെപ്പതിയെ ഞാൻ ഒഴുകിപ്പോയി.

ഉത്തരം കിട്ടാത്ത കടങ്കഥ പോലെ

പി.യുടെ കവിതകൾ ആനുകാലികങ്ങളിലും റേഡിയോവിലും നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന കാലം. അക്കാലത്ത് നാട്ടിൻപുറങ്ങളിൽ റേഡിയോ ഒരപൂർവ്വ വസ്തുവായിരുന്നു, കൂടാളിയിലെ താമസക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന സ്വന്തം കവിതകൾ കേൾക്കാൻ കവി എത്തിച്ചേർന്നത് സ്‌കൂളിലെ സഹാധ്യാപകനായ കെ.ടി.കേളപ്പൻ മാഷുടെ വീട്ടിലായിരുന്നു. സന്ധ്യാസമയത്താണ് കവിതയുടെ പ്രക്ഷേപണം. പച്ചവിരിച്ചു നിൽക്കുന്ന വയൽവരമ്പിലൂടെ കൂടാളി യശമാന്റെ കാറ്റുമാളിക പിന്നിട്ട് ടോർച്ചിന്റെ വെളിച്ചം പായിച്ചുകൊണ്ട് താറ്റ്യോട് ചെറുകൊട്ടാരം കാവിനടുത്തുള്ള കെ.ടി കേളപ്പൻ മാഷുടെ ദ്വാരക എന്ന വീട്ടിലെത്തിച്ചേർന്നു. കേളപ്പൻ മാഷുടെ മകനും പി.യുടെ ശിഷ്യനു മായിരുന്ന കെ.ടി. സുധാകരൻ മാഷ് അക്കാലത്തെ പി. ഓർമകൾ പങ്കുവെയ്ക്കുന്നു.

അച്ഛന്റെ ജീവിതവും ശീലങ്ങളും ഏറ്റവും തൊട്ടടുത്തു നിന്ന് കാണാനും മനസ്സിലാക്കാനും കഴിഞ്ഞതാണ് കൂടാളി ജീവിതം എനിക്ക് നൽകിയ ഏറ്റവും വലിയ അനുഭവം.

വീട്ടിലുണ്ടായിരുന്നത് ഒരു മീഡിയം വേവ് റേഡിയോ ആയിരുന്നു. റേഡിയോ വാർത്തകളും പരിപാടികളും കേൾക്കുക എന്നത് അന്നത്തെ പ്രധാനപ്പെട്ട കാര്യമായിരുന്നു. സമയമടുത്താൽ കവിയുടെ ശബ്ദം റേഡിയോവിലൂടെ ഒഴുകി വരുന്നത് കേൾക്കാൻ എല്ലാവരും നിമിഷങ്ങളെണ്ണി കാത്തിരുന്നു. കവിതകേട്ടു കഴിഞ്ഞശേഷം വലിയൊരു കാര്യം സാധിച്ച സന്തോഷത്തോടെ കവി ഞങ്ങളോട് യാത്രപറഞ്ഞ് വയൽവരമ്പിലൂടെ നടന്നുപോയി.

അച്ഛനന്ന് സഞ്ജയൻ മാസികയിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനുമായി കവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കവി സ്‌കൂളിൽ എത്തിച്ചേർന്ന കഥ അച്ഛൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കവിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇതുസംബന്ധിച്ചുള്ള ചിത്രം വ്യക്തമാവുന്നുണ്ട്. കല്യാണമില്ലാ കല്യാണങ്ങളുടെ കഥയാണ് കുഞ്ഞിരാമൻ നായരുടെ ജീവിതമെന്ന് പലരും പറഞ്ഞിട്ടുണ്ട്.

പി.കുഞ്ഞിരാമൻ നായരെ അധ്യാപക ജീവിതത്തിലേക്ക് എത്തിച്ചതും ഒരു കല്യാണമായിരുന്നു. കൂടാളി താഴത്തുവീട്ടിലെ അമ്മാളു അമ്മയുടെ കല്യാണം. അന്നേദിവസം കാഞ്ഞങ്ങാട് സ്വദേശി കോമ്പല്ലൂർ കോട്ടയിൽ കുഞ്ഞിക്കേളു നമ്പ്യാർ കല്യാണത്തിന് പുറപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്തായ പി.കുഞ്ഞിരാമൻനായരെയും അന്ന് ഒപ്പം കൂട്ടി. കല്യാണ വീട്ടിൽവെച്ച് തിരക്കൊഴിഞ്ഞ സമയത്ത് കോട്ടയിൽ കുഞ്ഞിക്കേളുനമ്പ്യാർ പി.യെ തറവാട്ടു കാരണവർ കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്ക് പരിചയപ്പെടുത്തി, വല്യ കവിയാണ്. മലയാളത്തിന്റെ ഭാവികവി.
കാരണവർക്ക് കവിയെ ഇഷ്ടപ്പട്ടു. അദ്ദേഹം ചോദിച്ചു; എന്താണ് പണി?
കവി പറഞ്ഞു; എഴുത്തുപണിയറിയാം. മറ്റൊന്നും അത്രയ്ക്കറിയില്ല.എഴുത്തിനൊപ്പം പഠിപ്പിക്കലും ആവാമോ? കാരണവർ തിരക്കി.
കവി ചിരിച്ചു. എന്നിട്ട്​ വിചാരിച്ചു, കവിതയെ കൈവിടാതെ അന്തസ്സുള്ള ഒരു ജോലി സ്വന്തമാക്കിയാൽ അത് നല്ലതല്ലേ? സ്ഥിരവരുമാനമുള്ള ഒരു ജോലി കവിയും ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനുള്ള അധ്യാപകയോഗ്യത അദ്ദേഹത്തിനു ണ്ടായിരുന്നില്ല. വിദ്വാൻ പരീക്ഷ എഴുതിയിയെങ്കിലും പാസായിട്ടില്ല. അതുകൊണ്ടുതന്നെ അധ്യാപകനാവുക എന്നത് നടക്കുന്ന കാര്യമായിരുന്നില്ല. കവി ഉള്ളിലെ ഇഷ്ടവും ഒപ്പം യോഗ്യതയുടെ പ്രശ്നവും കാരണവരുടെ മുന്നിൽ നിരത്തി.
കാരണവർ ഒന്നാലോചിച്ച ശേഷം എല്ലാവരോടുമായി ചോദിച്ചു, ഇദ്ദേഹത്തിന്റെ കവിതകൾ കോളേജുകളിലൊക്കെ പഠിപ്പിക്കുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് സ്‌കൂളിൽ ഭാഷാധ്യാപകനായി ഇദ്ദേഹത്തിന് പഠിപ്പിച്ചുകൂടാ?
സുബ്രഹ്മണ്യൻ തിരുമുമ്പ്, എ.കെ.കൃഷ്ണൻ നമ്പ്യാർ, വി.വി.കെ. നമ്പ്യാർ തുടങ്ങിയവരൊക്കെയും അന്നത്തെ കല്യാണത്തിന് ഒത്തുകൂടിയിരുന്നു. കാരണവർ കവിയെ വിളിച്ചു പറഞ്ഞു; ഒരു കാര്യം ചെയ്യണം, അധ്യാപക നിയമനത്തിന് അറിവും യോഗ്യതയുമുണ്ടെന്ന് മലയാളത്തിലെ പ്രസിദ്ധ പണ്ഡിതന്മാരുടെ സാക്ഷ്യപത്രം കൊണ്ടുവരണം. അതുവെച്ച് ഞാനൊന്ന് ശ്രമിക്കട്ടെ.

പി. താമസിച്ചിരുന്ന കാഞ്ഞങ്ങാട്ടുള്ള മഠത്തിൽ വളപ്പ് വീട്

അന്നത്തെ ദിവസം പി.യും കോട്ടയിൽ കുഞ്ഞിക്കേളുനമ്പ്യാരും കൂടാളിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുപോയി. കാരണവർ പറഞ്ഞതുപോലെ പണ്ഡിതന്മാരെ തിരഞ്ഞ് കവി കൊല്ലങ്കോട്ടും തൃശ്ശൂരും പോയി. ആറ്റൂർ നാരായണ പിഷാരടിയെയും പണ്ഡിറ്റ് പി. ഗോപാലപ്പിള്ളയേയും കണ്ടു. ‘കേരളത്തിലെ ഏതു വിദ്യാലയത്തിലും പഠിപ്പിക്കാൻ പരിപൂർണ യോഗ്യതയുള്ളയാളാണ് ശ്രീ.പി.കുഞ്ഞിരാമൻ നായർ’ എന്ന് രണ്ടു പേരും സാക്ഷ്യപത്രം എഴുതി ഒപ്പിട്ടു നൽകി.

കെ.ടി കുഞ്ഞിക്കമ്മാരൻ നമ്പ്യാർ അന്നത്തെ മദ്രാസ് സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയായ കോഴിപ്പുറത്ത് മാധവമേനോൻ വഴി നിയമന ഉത്തരവ് നേടിയെടുത്തു. മലബാറിലെ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ജോലി ചെയ്യുന്നതിന് അനുമതി നൽകി 1947 ൽ ആഗസ്റ്റിൽ പുറത്തിറക്കിയ പ്രത്യേക ഉത്തരവായിരുന്നു അത്.

താമസിയാതെ കവി കുഞ്ഞിരാമൻനായർ സ്‌കൂളിൽ വന്നു ചേർന്നു. കെ.ടി.മാധവൻ നമ്പ്യാരായിരുന്നു അക്കാലത്തെ പ്രധാന അധ്യാപകൻ. അദ്ദേഹം കുഞ്ഞിരാമൻ നായരിലെ കവിയെയും അധ്യാപകനെയും ഒരുപോലെ പരിഗണിച്ചു. കവിക്ക് താമസിക്കാൻ കൂടാളി സ്‌കൂളിനോട് ചേർന്ന പണികഴിപ്പിച്ച സ്വന്തം ഉടമസ്ഥതയിലുള്ള പീടിക മുറിയുടെ മുകൾത്തട്ട് അനുവദിച്ചുകൊടുത്തു. അങ്ങനെ കവി ക്രമേണ കൂടാളിയുടെ ഭാഗമായിത്തീരുകയും ചെയ്തു. കൂടാളി സ്‌കൂളിനെ സംബന്ധിച്ച്​ ചരിത്രത്തിന്റെ ഭാഗമാണ് 1959-60 കാലത്തെ സ്‌കൂൾ കലോത്സവം. അന്നത്തെ പ്രധാന അധ്യാപകനായി അച്ഛൻ നിയമിതനായ വർഷം.

‘‘കൂടാളിയിൽവെച്ച് ഒരുവർഷക്കാലം അച്ഛനെഴുതിയ മിക്കവാറും കവിതകൾക്ക് ഞാൻ സാക്ഷിയായിരുന്നു. എഴുതുമ്പോൾ അച്ഛൻ സ്വന്തം മുറി അടച്ചിടാറുണ്ടെങ്കിലും കവിതയെഴുതുന്നതിനു മുമ്പുള്ള ഒരുക്കങ്ങൾക്ക് എന്റെ സഹായം തേടാറുണ്ടായിരുന്നു.’’

കവിയോട് പറഞ്ഞു; മാഷ് കുട്ടികളുടെ സംഘനൃത്തത്തിനുവേണ്ടി ഒരു പാട്ടെഴുതിത്തരണം.
കവി പറഞ്ഞ മറുപടി: ഞാൻ പാട്ടെഴുതാറില്ല. കവിത തരാം.
കുഞ്ഞിരാമൻ നായരുടെ കവിത, പാട്ടുപോലെ സുന്ദരമായ മലയാള കവിത. കവിതയ്ക്കുവേണ്ടി കുറച്ചു ദിവസം കാത്തു. കവിയിൽ നിന്നൊരു കാര്യം സാധിച്ചെടുക്കാൻ സമയം പിടിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ക്ഷമയോടെ കാത്തിരുന്നു. കലോത്സവം അടുക്കാറായപ്പോൾ ആധിയോടെ വീണ്ടും ചോദിച്ചു, കവിത?
കവി ചിരിച്ചു.
കവി പറഞ്ഞു, കവിത തരാം. പക്ഷെ സ്‌കൂൾ പൂട്ടേണ്ടിവരും. ​​​​​​​

അതിന്റെ അർത്ഥം എന്താണെന്ന് കേട്ടവർക്കാർക്കും മനസ്സിലായില്ല.
ഒരു ദിവസം കവി കവിത തന്നു. കവിത വായിച്ചുനോക്കി. മനോഹരമായ കവിത. ‘ഞങ്ങൾ വരുന്നൂ മലനാട്ടിൽ, കേരളീയ പ്രകൃതിയിൽ ആറു ഋതുകന്യകമാർ’... അവർ പാട്ടിന്റെ ലയവും നൃത്തത്തിന്റെ ചുവടുകളുമായി കവിതയിൽ നിറഞ്ഞു നിന്നു. സംഘനൃത്തത്തിനായി ആറു പെൺകുട്ടികളെ കണ്ടെത്തി. നൃത്തം ചിട്ടപ്പെടുത്താൻ കവിയുടെ സുഹൃത്തും നാട്ടുകാരനുമായ വിഭാവസുവിനെ കൊണ്ടുവന്നു. കവിതയിലെ വരികൾ അദ്ദേഹം നൃത്തത്തിനൊപ്പിച്ച് കുറുക്കി. കുട്ടികൾ പാട്ട് ശ്രുതിയും ലയവുമൊപ്പിച്ച് പാടി. ആറു കുട്ടികൾ ആറു ഋതുകന്യകമാരായി നർത്തനമാടി. ജില്ലാകലോത്സവത്തിൽ ഈ നൃത്താവിഷ്‌കാരത്തിന് ഒന്നാംസ്ഥാനം. കവിയും കുട്ടികളും സന്തോഷിച്ചു. ഇനി സംസ്ഥാനതലത്തിലേക്ക് പോകാം. സംസ്ഥാന കലോത്സവം കോഴിക്കോട് വച്ചായിരുന്നു. ഞങ്ങൾ വരുന്നു എന്ന പാട്ടും അതിനൊപ്പിച്ച സംഘനൃത്തവും കോഴിക്കോട്ടെ വേദിയിലും അരങ്ങേറി.‘ഞങ്ങൾ വരുന്നൂ മലനാട്ടിൽ’ കണ്ടവർക്ക് അതൊരു കാഴ്ചവിരുന്നായി.
വിധികർത്താക്കൾ ഒന്നടക്കം പറഞ്ഞു, ഒട്ടും സംശയമില്ല. ഒന്നാന്തരം. ഒന്നാംസ്ഥാനം.

സ്‌കൂളിന് സംസ്ഥാനതലത്തിൽ ഒരു സമ്മാനം ലഭിച്ചത് ആദ്യമായിട്ടായിരുന്നു. ആഹ്ലാദത്തിൽ പങ്കുചേർന്ന്​ ഹെഡ്മാസ്റ്റർ പിറ്റേദിവസം സ്‌കൂളിന് അവധി നൽകി.
കവി എല്ലാവരോടുമായി പറഞ്ഞു, ഞാൻ പറഞ്ഞപോലെ സംഭവിച്ചില്ലേ? എന്ത്?സ്‌കൂൾ പൂട്ടിക്കുമെന്ന്​ ഞാൻ പറഞ്ഞു. പൂട്ടിച്ചു.
എല്ലാവരും അതുകേട്ട് ചിരിച്ചു. കവി മാഷുടെ പാട്ടും സ്‌കൂൾ പൂട്ടിച്ച കഥയും അങ്ങനെ നാട്ടിലാകെ പാട്ടായി.
കവിയുടെ ഓർമയിൽ ഇപ്പോഴും ആളുകൾ അറിയാതെ ചോദിച്ചുപോകുന്നു. പി. എന്ന മനുഷ്യൻ ഞങ്ങൾ കണ്ട സ്വപ്നമോ അല്ലെങ്കിൽ യാഥാർത്ഥ്യമോ? കൂടാളിയുടെ ഗ്രാമസ്മൃതികളിലാകെ ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് നിറഞ്ഞു നിൽക്കുന്നു.

കരച്ചിലും ഞരങ്ങലുമായി കവിതയുടെ ആനന്ദമൂർച്ച

രു വർഷക്കാലമാണ് രവീന്ദ്രൻ നായർ അച്ഛനോടൊപ്പം കൂടാളിയിൽ താമസിച്ചത്. സ്‌കൂൾ അവധി ദിവസങ്ങൾ കവി പലയിടങ്ങളിലൂമായി യാത്ര തുടർന്നു. മകനാകട്ടെ വാടകമുറിയിലെ ഏകാന്തമായ തടവറയിൽ കഴിയേണ്ടി വരികയും ചെയ്തു. കൂടാളിക്കാലത്താണ് രവീന്ദ്രന് അച്ഛന്റെ കാവ്യരചനാവേളകളുമായി അടുത്തിടപഴകാൻ കഴിഞ്ഞത്. അച്ഛന്റെ കാവ്യജീവിതത്തിന്റെ അനേകം സംഘർഷങ്ങളെ അടുത്തുനിന്ന് കാണാൻ ഇക്കാലത്ത് രവീന്ദ്രന് കഴിഞ്ഞു. അതിന്റെ പല ഓർമകളും അദ്ദേഹം പങ്കുവെയ്ക്കുന്നു: ഫോർത്ത് ഫോറത്തിൽ എന്റെ ക്ലാസിലെ മലയാളം അധ്യാപകൻ അച്ഛനായിരുന്നു. കുട്ടികൾക്ക് അച്ഛനെ പേടിയായിരുന്നു. അതേ പോലെ അത്രയേറെ ഇഷ്ടവുമായിരുന്നു. മിഠായിയും ഇടയ്ക്ക് പൈസയും കിട്ടുന്നതുകൊണ്ട് അച്ഛന്റെ ദേഷ്യത്തെയും ശാസനയേയും അവർ സ്നേഹഭാവത്തിൽത്തന്നെ പരിഗണിച്ചു. കൂടാളി സ്‌കൂളിലെ മറ്റധ്യാപകരും എന്നോട് പ്രത്യേകമായ വാത്സല്യം പ്രകടിപ്പിച്ചിരുന്നു. കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അച്ഛൻ എന്നെ മനഃപൂർവ്വം ഒഴിവാക്കി.

ഒരധ്യാപകൻ ഒരിക്കൽ ക്ലാസിൽനിന്ന് എന്നെക്കൊണ്ട് ഒരുപാഠഭാഗം ഉറക്കെ ചൊല്ലിപ്പിച്ചു. ആ സമയത്ത് അച്ഛൻ തൊട്ടടുത്ത ക്ലാസിലുണ്ടായിരുന്നു.
വൈകീട്ട് മുറിയിലെത്തിയപ്പോൾ അച്ഛൻ എന്നോട് പറഞ്ഞു, നീ പാടുന്നത് ഞാൻ കേട്ടു.
അച്ഛനതുകേട്ട് സന്തോഷമായിട്ടുണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ അച്ഛൻ പറഞ്ഞത് മറ്റൊന്നായിരുന്നു.‘നിന്റെ ഗർദ്ദഭ സ്വരം കയ്യിൽ വെച്ചാൽ മതി പുറത്തെടുക്കേണ്ട.’

ഞാൻ നിരാശയോടെ തലകുനിച്ചിരുന്നു. കുക്കറിൽ ആവിവരുന്നത് കാത്തിരുന്നു. ഏതാനും ദിവസംകൊണ്ട് നാല് തട്ടുള്ള കുക്കറിൽ എന്നും ഭക്ഷണമുണ്ടാക്കാൻ പഠിച്ചു കഴിഞ്ഞിരുന്നു. സ്‌കൂളിലെ ഹോംവർക്ക്, പ്രബന്ധമെഴുത്ത്, പഠനം എന്നിവയ്ക്കു പുറമെ കവിതയുടെ അസ്സലെഴുതാനും തപാലാപ്പീസിൽ ചെന്ന് കത്തുകൾ പോസ്റ്റ് ചെയ്യാനും അച്ഛൻ എന്നെയാണ് ഏൽപിച്ചിരുന്നത്.
രാവിലെ എഴുന്നേറ്റാലുടൻ കൂടാളി താഴത്തുവീട് മഠത്തിൽ ചെന്നാണ് അച്ഛൻ കുളിക്കാറുണ്ടായിരുന്നത്. ചില ദിവസങ്ങളിൽ കാവും താഴെ എന്ന സ്ഥലത്ത് ചെന്നും കുളിക്കാറുണ്ട്. എവിടെ ആയാലും കുളത്തിലുള്ള കുളി അതായിരുന്നു അച്ഛന്റെ ശീലം. കൂടാളിയിലെത്തിയ ആദ്യദിവസം രാവിലെ അച്ഛൻ എന്നെയും കൂട്ടി കുളിക്കാനായി ചെന്നത് മഠത്തിലെ കുളക്കടവിലേക്കായിരുന്നു. വയൽക്കരയിൽ എപ്പോഴും വെള്ളം നിറഞ്ഞു നിൽക്കുന്ന ഒരു കുളം. കൽപ്പടവോടുകൂടിയ തെളിഞ്ഞ ജലാശയം. അച്ഛൻ കാണിച്ച വഴിയെ പിന്നിട് എല്ലാ ദിവസവും അച്ഛനുണരുന്നതിനു മുന്നെ ഞാൻ കുളിച്ചുപോന്നു. അച്ഛൻ കുളിച്ചുവരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കി വയ്ക്കണം. സമയമാകുമ്പോൾ സ്‌കൂളിലേക്ക് പോകണം.

‘‘അച്ഛൻ ആദ്യമായി അസ്സലെഴുതാൻ തന്ന കവിതയും കയ്യിൽപിടിച്ച് എന്തുചെയ്യണമെന്നറിയാതെ ഞാൻ അന്തംവിട്ടു നിന്നു. തലക്കെട്ടു മാത്രം കഷ്ടിച്ചു വായിച്ചു. ‘ഇന്ത്യയുടെ ഭൂപടം’- എന്നായിരുന്നു കവിതയുടെ പേര്.’’

അച്ഛന്റെ കവിതകൾ പലതും ഇളയച്ഛൻ മുത്തച്ഛനെ വായിച്ചു കേൾപ്പിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അച്ഛന്റെ കവിതയ്ക്ക് ആദ്യമായി അസ്സലെഴുതാൻ അവസരമുണ്ടായത് കൂടാളിയിൽ വെച്ചാണ്. കൂടിക്കുഴഞ്ഞുകിടക്കുന്ന അച്ഛന്റെ കയ്യെഴുത്തിൽ നിന്ന് വാക്കുകളും വരികളും വേർതിരിച്ചെടുക്കാൻ പ്രയാസമായിരുന്നു.

അച്ഛൻ ആദ്യമായി അസ്സലെഴുതാൻ തന്ന കവിതയും കയ്യിൽപിടിച്ച് എന്തുചെയ്യണമെന്നറിയാതെ ഞാൻ അന്തംവിട്ടു നിന്നു. തലക്കെട്ടു മാത്രം കഷ്ടിച്ചു വായിച്ചു. ‘ഇന്ത്യയുടെ ഭൂപടം’- എന്നായിരുന്നു കവിതയുടെ പേര്. പിന്നെയുള്ള വരികളോരോന്നും കഷ്ടപ്പെട്ടു വായിക്കാൻ ശ്രമിച്ചു. അച്ഛനോടെങ്ങനെ സംശയം ചോദിക്കും? ചോദിച്ചാൽ എങ്ങനെയാണ് പ്രതികരിക്കുക, അറിയില്ല. അതുകൊണ്ട് ഞാൻ കവിതയുമായി അടുത്ത മുറിയിലേക്ക് ചെന്നു.

എം.കെ. രാമകൃഷ്ണൻ

സാത്വികനായ ഹിന്ദി അധ്യാപകൻ എം.കെ.രാമകൃഷ്ണൻ മാഷുടെ മുറിയായിരുന്നു അത്. മന്ദഹാസത്തോടെ അദ്ദേഹം എന്നെ സ്വീകരിച്ചു. ഞാൻ എന്റെ വിഷമം പറഞ്ഞു. മാഷ് കവിത വാങ്ങി വരികളോരോന്നും വായിച്ചുതന്നു. അവിടെയിരുന്ന് അന്നാദ്യമായി ഞാൻ അച്ഛന്റെ കവിതകളുടെ അസ്സലെഴുതി. പിന്നെപ്പിന്നെ അച്ഛന്റെ അക്ഷരങ്ങൾ എനിക്ക് പരിചിതമായി. എന്റെ കയ്യക്ഷരം നല്ലതായിരുന്നില്ല. എന്നിട്ടും പല കവിതകളുടെയും അസ്സലെഴുതാൻ അച്ഛൻ എന്നെ ഏൽപിച്ചു. പഠിക്കാനും മറ്റുമായി കുറെ പണികളുള്ള ദിവസങ്ങളിൽ അച്ഛൻ ഹോട്ടലിൽ നിന്ന് ഭക്ഷണം വരുത്തിച്ചു. ചന്തു നമ്പ്യാരുടെ ഒരു ഹോട്ടൽ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. അയാളുടെ മകൻ ടിഫിൻ കാരിയറിൽ ഭക്ഷണം എത്തിച്ചുതന്നു.

പാത്രത്തിനായി പുറത്തുകാത്തു നിൽക്കുമ്പോൾ അച്ഛൻ അവനോടായി പറഞ്ഞു, താൻ എന്തുഭക്ഷണമാടോ കൊണ്ടുവന്നത്. ഇത് മനുഷ്യർ ക്ക് കഴിക്കാനോ അല്ലെങ്കിൽ കളയാനോ?
ഓരോ പിടി വായിൽവയ്ക്കുമ്പോഴും അച്ഛൻ ഭക്ഷണത്തോടുള്ള അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
പാത്രം തിരികെയേൽപിക്കുമ്പോൾ അച്ഛൻ അവനോട് പറഞ്ഞു, ‘ഇതൊക്കെ നിന്നോട് എന്തിനാണ് പറയുന്നത് എന്നറിയാമോ?’
അവൻ അർത്ഥം മനസ്സിലാകാത്തപോലെ തലയാട്ടി.നിന്റെ അച്ഛൻ നമ്പ്യരോട് ചെന്നു പറയണം മനസ്സിലായോ?
അവൻ അതിനും തലയാട്ടി നിൽക്കുകയും ചിരിച്ച്​ പടികളിറങ്ങിപ്പോവുകയും ചെയ്തു. അപ്പോഴും ഇപ്പോഴും ഞാനാലോചിക്കുകയാണ്, അന്നത്തെ ഹോട്ടൽ ഭക്ഷണത്തെക്കാൾ നല്ലതായിരുന്നോ ഒന്നുമറിയാതെ ഒരു വർഷക്കാലത്തോളം അച്ഛന് ഞാനുണ്ടാക്കി നൽകിയിരുന്ന ഭക്ഷണം. പലകാര്യങ്ങൾക്കും അച്ഛൻ എന്നോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നെങ്കിലും ഞാനുണ്ടാക്കിയ ഭക്ഷണത്തോട് അച്ഛനൊരിക്കലും ഇഷ്ടക്കേട് കാണിച്ചിരുന്നില്ല.

അച്ഛന്റെ ജീവിതവും ശീലങ്ങളും ഏറ്റവും തൊട്ടടുത്തു നിന്ന് കാണാനും മനസ്സിലാക്കാനും കഴിഞ്ഞതാണ് കൂടാളി ജീവിതം എനിക്ക് നൽകിയ ഏറ്റവും വലിയ അനുഭവം. കാഞ്ഞങ്ങാട് ആയിരുന്ന കാലത്ത് അച്ഛന്റെ എഴുത്തിന് എനിക്ക് സാക്ഷിയാവാൻ കഴിഞ്ഞിട്ടില്ല. തറവാടിനോട് ചേർന്നുള്ള മഠത്തിൽ ചെന്ന് അവിടത്തെ ഏകാന്ത ശാന്തതയിൽ നിന്നാണ് അച്ഛൻ എഴുതിയിരുന്നത്.

‘‘അച്ഛൻ എന്നെ എവിടേക്കും പോകാൻ സമ്മതിച്ചിരുന്നില്ല. അവധി ദിവസങ്ങളിൽ അതുകൊണ്ടുതന്നെ പുറത്തുപോയി കുട്ടികളോടൊപ്പം എനിക്ക് കൂട്ടുകൂടാൻ കഴിഞ്ഞിട്ടില്ല.’’

കൂടാളിയിൽവെച്ച് ഒരുവർഷക്കാലം അച്ഛനെഴുതിയ മിക്കവാറും കവിതകൾക്ക് ഞാൻ സാക്ഷിയായിരുന്നു. എഴുതുമ്പോൾ അച്ഛൻ സ്വന്തം മുറി അടച്ചിടാറുണ്ടെങ്കിലും കവിതയെഴുതുന്നതിനു മുമ്പുള്ള ഒരുക്കങ്ങൾക്ക് എന്റെ സഹായം തേടാറുണ്ടായിരുന്നു. ആ സമയത്ത് അച്ഛൻ സംസാരിക്കാൻ തീരെ ഇഷ്ടപ്പെടില്ല. നിലവിളക്കിന്റെ തിരികൾ തെളിച്ചു വയ്ക്കും. ചന്ദനത്തിരികൾ പുകയുകയും മുറിയിലാകെ അതിന്റെ സുഗന്ധം നിറയുകയും ചെയ്യും. കവി മനസ്സിൽ കവിത ജന്മം കൊള്ളുന്നതിന്റെ എല്ലാ അസ്വസ്ഥതകളും അച്ഛനിൽ പ്രകടമായിരുന്നു. തുടരെത്തുടരെ നെടുവീർപ്പുകൾ. ആത്മഗതം പോലെ ചില അസ്പഷ്ടശബ്ദങ്ങൾ. കവിത വരുന്നതും അതിന്റെ വേദനയും ആനന്ദമൂർച്ചയുമൊക്കെ അടുത്ത മുറിയിൽ നിന്ന് ഞാനറിഞ്ഞു. ചിലപ്പോൾ കരയുന്നതും ഞരങ്ങുന്നതുമൊക്കെ കേൾക്കുമായിരുന്നു.

അച്ഛന്റെ വിളി കേട്ടാലേ അങ്ങോട്ടു പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വിളിക്കുമ്പോഴേക്കും മുന്നിലെത്തണം. അതുകൊണ്ടുതന്നെ, മറ്റെല്ലാം മറന്ന് അച്ഛന്റെ വിളിക്കായി ഞാൻ കാത്തുനിൽക്കാറുണ്ടായിരുന്നു. ബീഡി, തീപ്പെട്ടി, മുറുക്കാൻപൊതി, വെള്ളം ഇങ്ങനെയുള്ള വാക്കുകൾ കേട്ടാലുടനെ മുന്നിലെത്തിക്കുക എന്ന കർമമാണ് കാവ്യരചനയുടെ ആ ദിവസങ്ങളിൽ അച്ഛനുവേണ്ടി ഞാൻ ചെയ്ത സഹായങ്ങൾ. എഴുത്ത് രാത്രി വൈകി പിന്നെയും തുടരുകയാണെങ്കിൽ ഉറങ്ങാൻ അനുമതി നൽകും. എഴുത്തുമുറിയിൽ അച്ഛൻ പ്രകടിപ്പിക്കുന്ന അസ്വസ്ഥകൾ കേട്ടുകേട്ടുകൊണ്ട് അടുത്തമുറിയിൽ പലപ്പോഴും സ്വസ്ഥമായി ഉറങ്ങാൻ പലപ്പോഴും എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും രാത്രി വിളയിച്ചെടുത്ത കവിതയാകട്ടെ, അടുത്ത പ്രഭാതത്തിൽ സൂര്യനെപ്പോലെ പൊൻ പ്രഭയാർന്ന് തിളങ്ങുന്നുമുണ്ടായിരുന്നു.

അച്ഛൻ എന്നെ എവിടേക്കും പോകാൻ സമ്മതിച്ചിരുന്നില്ല. അവധി ദിവസങ്ങളിൽ അതുകൊണ്ടുതന്നെ പുറത്തുപോയി കുട്ടികളോടൊപ്പം എനിക്ക് കൂട്ടുകൂടാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ തെയ്യം കാണാൻ എന്നെയും കൂട്ടി താഴത്തുവീട്ടിൽ പോയി. ഏറ്റവും അധികം തെയ്യം കെട്ടിയാടിക്കുന്ന അപൂർവ്വ കാവുകളിലൊന്നാണ് സ്‌കൂൾ മാനേജറുടെ തറവാടായ കൂടാളി താഴത്തുവീട് കാവ്. ഒരിക്കൽ അച്ഛൻ എന്നെ കാവിലാക്കി എവിടെയോ പോയി. രാത്രി തെയ്യം കണ്ടിരുന്ന് ഞാൻ എവിടെയോ കിടന്നുറങ്ങി.

കൂടാളി ഹൈസ്‌കൂളിൽ എന്റെ ക്ലാസിൽ പഠിച്ചിരുന്ന ഹരിശ്ചന്ദ്രൻ കല്യാട് താഴത്ത് വീട്ടിലെ ഒരംഗമായിരുന്നു. കല്യാട്ടെ കാരണവരായ കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് അച്ഛനെ വലിയ കാര്യമായിരുന്നു. അച്ഛൻ കല്യാട് ചെന്നു താമസിക്കുകയും കാരണവരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതൊക്കെ അറിയാമായിരുന്ന ഹരി ഒരു ദിവസം എന്നോട് പറഞ്ഞു. രവി കല്യാട് വന്ന് ഒന്നുരണ്ട് ദിവസം താമസിക്കണം. പക്ഷേ, അച്ഛനോട് ഇക്കാര്യം പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഹരി കാരണവർ മുഖേനെ ഇക്കാര്യം അച്ഛനെ ധരിപ്പിച്ചു. അച്ഛൻ പോകാനുള്ള അനുമതി തരികയും ചെയ്തു.

കൂടാളിയിൽ നിന്ന് കല്യാട്ടേക്ക് പത്തുമൈലിലധകം ദൂരമുണ്ട്. അതുകൊണ്ടുതന്നെ ഹരി ബന്ധുവീടായ കൂടാളി താഴത്തു വീട്ടിൽ താമസിച്ചാണ് എന്നും സ്‌കൂളിൽ വന്നിരുന്നത്. കല്യോട്ടേക്ക് അക്കാലത്ത് ബസ്സുണ്ടായിരുന്നില്ല. കുന്നുകളും താഴ്വരകളും താണ്ടി ഞങ്ങൾ നടന്നു. കൂടാളിയിൽ എത്തിച്ചേർന്നശേഷം എവിടെയും പോയിട്ടില്ല. ആദ്യമായി അതിന്റെ ചുറ്റുവട്ടങ്ങളിലേക്ക് യാത്രചെയ്യുകയാണ്. വൈകുന്നേരത്തെ തണുത്ത കാറ്റ് ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ നടന്നു. ഇരിക്കൂർ പുഴക്കരയിൽനിന്ന് കടവുതോണിയിൽ അക്കരെച്ചെന്നു. പിന്നെയും കുന്നുകൾ കയറിയിറങ്ങി ഞങ്ങൾ ഹരിയുടെ തറവാട്ടു വീട്ടിലെത്തി. സമയം സന്ധ്യ കഴിഞ്ഞിരുന്നു. ചായകുടിച്ച് ഞങ്ങൾ കുളിച്ചുവന്നു. എല്ലാവർക്കും കവിയെ അറിയാം. കവിയുടെ മകനെ അവരെല്ലാം സ്വീകരിച്ചു. അവരുടെ ആതിഥേയത്വം സ്വീക രിച്ച് അന്നാദ്യമായി കൂടാളിയുടെ വടക്കൻ മലനിരകളിലൊരിടത്ത് അന്തിയുറങ്ങി.

പിറ്റേദിവസം അച്ഛൻ തറവാട്ടിലെത്തിച്ചേർന്നു. ഹരിയുടെ കാരണവർ താമസിച്ചിരുന്നത് തൊട്ടടുത്തുള്ള തറവാട്ടിലായിരുന്നു. അവർ തമ്മിൽ സൗഹൃദവും സാഹിത്യവും പറഞ്ഞിരു ന്നു. ഞാനും ഹരിയും തെയ്യം കെട്ടിയാടുന്ന കാവിലും കുളക്കടവിലും പാടങ്ങളിലും ചെന്ന് കാഴ്ചകൾ കണ്ടു. അച്ഛൻ വൈകീട്ടോടെ തിരിച്ചുപോയി. ഞാനാകട്ടെ ഒരു ദിവസം കൂടി അവിടെത്തങ്ങി. അന്നു രാത്രി പറഞ്ഞാൽ തീരാത്ത കഥകൾ പറഞ്ഞും കേട്ടും ഞങ്ങളുറങ്ങി. തിങ്കളാഴ്ച രാവിലെ നേരത്തെ ഹരിയോടൊപ്പം കുന്നിറങ്ങിയും കയറിയും കൂടാളിയിലേക്ക് പുറപ്പെട്ടു.
ഒരു ദിവസം സ്റ്റൗവിൽ വെള്ളം തിളിപ്പിച്ചശേഷം ഇറക്കിവയ്ക്കാൻ നോക്കുകയായിരുന്നു. പാത്രത്തിന്റെ പിടിവിട്ട് തിളച്ചവെള്ളം മുഖത്തേക്ക് തെറിച്ചു. മുഖത്തിന്റെ ഇടതുവശമാകെയും പൊള്ളിത്തിണർത്തു. വേദന കൊണ്ട് ഞാൻ നിലവിളിച്ചു. അച്ഛൻ ഓടി വന്നു. അടുത്ത മുറിയിൽനിന്ന് രാമകൃഷ്ണൻ മാഷും ഓടി വന്നു. മുഖം കുമിളവന്നു വീർത്തു. അച്ഛൻ വല്ലാതെയായി. താഴെയുള്ള കടക്കാർ ഓടിവന്ന് പൊള്ളലിന് തേക്കുന്ന ബർണോൽ എന്ന ഓയിൻമെൻറ്​ എടുത്തുകൊണ്ടുവന്ന് തേച്ചു തന്നു.

രണ്ടാഴ്ചയിലധികം എന്റെ സ്‌കൂളിൽ പോക്ക് മുടങ്ങി. ബറോഡക്കാരന്റെ കടയിൽ നിന്ന് പിന്നെയും ഭക്ഷണം കൊണ്ടുവന്നു തുടങ്ങി. അച്ഛൻ പതിവുപോലെ അയാളെ ശാസിച്ച്​ ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. പഠിക്കാൻ മിടുക്കനായ കുട്ടി ആയിരുന്നില്ലെങ്കിലും കണക്കിലടക്കം എനിക്കന്ന് മുഴുവൻ മാർക്കും കിട്ടിയിരുന്നു. എന്നെ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം നടക്കാത്തതുകൊണ്ടോ അച്ഛന്റെ സ്വൈര്യസഞ്ചരാത്തിന് ഞാനൊരു തടസ്സമായിരുന്നതുകൊണ്ടോ ആവാം അച്ഛൻ അടുത്ത വർഷം കൂടാളിയിൽ നിന്ന് എന്റെ ടി.സി വാങ്ങി. കാഞ്ഞങ്ങാട് ദുർഗാ സ്‌കൂളിൽ ചേർത്തു. ഒരു വർഷക്കാലത്ത് കൂടാളി ഓർമകളും അച്ഛനോടൊപ്പം കഴിഞ്ഞ ഓർമകളുമായി അന്ന് ഞാൻ കൂടാളിയോട് യാത്രപറഞ്ഞു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments