കൂടാളിയും പരിസരപ്രദേശങ്ങളും കൂടാളി യശമാന്റെ മേൽനോട്ടത്തിലായിരുന്നു. അക്കാലത്ത് ഓടിട്ട വലിയ വീടുകൾ നന്നേ കുറവ്. താഴ്ന്ന ജാതിക്കാരുടെ വീടുകളാകട്ടെ മിക്കവാറും ഓല മേഞ്ഞവയായിരുന്നു. കൂടാളിയിൽ കുംഭം എന്ന സ്ഥലത്ത് തീയ്യ വിഭാഗത്തിൽപ്പെട്ട കുമാരന് കുടുംബപരമായി കൈമാറിക്കിട്ടിയ മൂന്നുനില വീടുണ്ടായിരുന്നു. തയ്യിൽ എന്ന പേരോടുകൂടിയ ആ വീട് ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടന്നു. പി. കുഞ്ഞിരാമൻ നായർ ഭാര്യയെ കാഞ്ഞങ്ങാട്ടുനിന്ന് കൂടാളിയിലേയ്ക്ക് കൊണ്ടുവന്ന് താമസിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സമയം. ആരോ പറഞ്ഞറിഞ്ഞ് കവി കുംഭത്തിലെ വീട് വന്നു കണ്ടു. സ്‌കൂളിൽ നിന്ന് നടക്കാവുന്ന ദൂരം. വയൽക്കര. വീട്ടുപറമ്പിൽ കുളം. കവിക്കിണങ്ങിയ പ്രൃകൃതി. കവിത കിനിയുന്ന വഴികൾ. വീടും പറമ്പും ചുറ്റുവട്ടവുമൊക്കെ കവിക്കിഷ്ടമായി. അദ്ദേഹം ഉടമയെ ചെന്നുകണ്ടു. ഉടമ അതുകേട്ടപ്പോൾത്തന്നെ അനുവാദം കൊടുത്തു.
വീട്ടുടമ പറഞ്ഞു, ‘പൂട്ടിയിട്ട വീട്. ആൾപ്പെരുമാറ്റമുണ്ടെങ്കിലേ വീടിനും ജീവ
നുണ്ടാവൂ.’
കവിക്ക് സന്തോഷമായി.
കാഞ്ഞങ്ങാട്ടുനിന്ന് ഭാര്യ കുഞ്ഞിലക്ഷ്മിയെ കവി കൊണ്ടുവന്നു. കവിയും ഭാര്യയും മാത്രമായി വർഷങ്ങൾക്കുശേഷം ഒരു വീട്ടിനുള്ളിൽ ഒന്നിച്ചുപാർത്തു. ഭാര്യ വെച്ചുവിളമ്പിയ ഭക്ഷണം കവി ഇഷ്ടത്തോടെ കഴിച്ചു. വീട്ടുമുറ്റത്തെ കിണറ്റിൽ തെളിവെള്ളം. കവിയത് കോരിക്കുടിച്ചു. ഇരുവരും നിത്യവും വീട്ടുപറമ്പിലെ കുളത്തിൽ മുങ്ങിനിവർന്നു. അയൽപക്കത്തുള്ള പെണ്ണുങ്ങൾ പകൽനേരങ്ങളിൽ ലക്ഷ്മിയെ കാണാൻ വന്നു. മിണ്ടിയും പറഞ്ഞും അവർക്കൊക്കെയും കുഞ്ഞിലക്ഷ്മി പ്രിയപ്പെട്ട ലക്ഷ്മിയേടത്തിയായി. വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ കവി എന്നും പോവുകയും ഏതൊരു ഗൃഹസ്ഥനെയും പോലെ വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തു.
അധ്യാപകജീവിതം കമ്പനിപ്പണിയാണെന്ന് പലപ്പോഴും കവി പറഞ്ഞിട്ടുണ്ട്. എഴുത്തല്ലാത്ത മറ്റെന്തു പണിയും കവിയെ സംബന്ധിച്ച് ഭാരമായിരുന്നു എന്നുവേണം കരുതാൻ. അതിന്റെ അതൃപ്തി മാഷെന്നും പ്രകടിപ്പിക്കാറുണ്ടായിരുന്നു.
വീടിനുമുന്നിൽ വിശാലമായ വയലായിരുന്നു. വയൽവരമ്പിലൂടെ കിഴക്കോട്ട് നടന്നാൽ ചാലോട്. പടിഞ്ഞാറുഭാഗത്തായി കാഞ്ഞിരോടേയ്ക്കും മറ്റു പലയിടങ്ങളിലേയ്ക്കും നീണ്ടുനീണ്ടുപോകുന്ന നടവഴികൾ. കുമാരൻ നാടകത്തോടും പാട്ടിനോടും കമ്പമുള്ള ആളായിരുന്നു. അതുമായി ബന്ധപ്പെട്ട പരിപാടികൾ മിക്കവാറും ഉണ്ടായിരിക്കും. അതിനിടയിലും ഒന്നരയേക്കർ പുരയിടത്തിന്റെ കാര്യങ്ങൾ കൂടി അദ്ദേഹം നോക്കിനടത്തി. പറമ്പിൽ നിന്ന് തേങ്ങയിടുമ്പോൾ അദ്ദേഹം വിളിച്ചുപറഞ്ഞു, ലക്ഷ്മീയേടത്തി നിങ്ങൾക്ക് ആവശ്യത്തിനുള്ള തേങ്ങ മുറ്റത്ത് ഇട്ടിട്ടുണ്ട്. എടുത്തോളൂ.
അയൽപ്പക്കത്തെ കുട്ടികൾ തേങ്ങ അടുക്കളപ്പുറത്തെത്തിക്കാൻ ഉത്സാഹിച്ചു. എല്ലാവരും ഇളനീർ കുടിച്ചുപിരിഞ്ഞു. കുമാരന്റെ മകൾ രാധ കവിയുടെ ശിഷ്യയും പിന്നീട് വീടിന്റെ ഉടമയുമായിത്തീർന്നു. നാലുപതിറ്റാണ്ടുമുമ്പ് ആ പഴയ വീട് പൊളിച്ച് അതേസ്ഥാനത്ത് ഇന്ന് ഓടിട്ട് മറ്റൊരു വീട് നിലകൊള്ളുന്നു. കുളമുണ്ടായിരുന്ന ഇടം പഴശ്ശിക്കനാൽ വന്നതോടെ ഇല്ലാതായി. എങ്കിലും വയലിനും വീട്ടുപറമ്പിനും ഇടയിലെ തോടും പറമ്പിലേയ്ക്ക് കയറാനുള്ള കൽപ്പടവുകളും ഒറ്റയടിപ്പാതയും പഴമയുടെ അവശേഷിക്കുന്ന ഓർമയായി ഇന്നുമവിടെ നിലകൊള്ളുന്നു.
കവിയുടെ ശിഷ്യയും വീടിന്റെ ഉടമയുമായ രാധ കവിയുണ്ടായിരുന്ന കാലത്തിന്റെ ഓർമകളിലേയ്ക്ക് സഞ്ചരിക്കുന്നു: ഞാൻ കൂടാളി സ്‌കൂളിൽ ആറാം ഫോറത്തിൽ പഠിക്കുകയായിരുന്നു. എസ്.എസ്.എൽ.എസി. പരീക്ഷയുടെ സമയം. പരീക്ഷ തുടങ്ങാറായപ്പോൾ അച്ഛൻ ചോദിച്ചു, പരീക്ഷയ്ക്ക് എന്നും വീട്ടിൽ നിന്ന് നിനക്ക് പോയ്വരാൻ കഴിയോ?
ഞങ്ങളന്ന് താമസിച്ചിരുന്നത് ചെക്കിക്കുളത്തായിരുന്നു. അവിടെ നിന്ന് കൂടാളിയിലേയ്ക്ക് എട്ടു കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമ്മ പറഞ്ഞു, കൂടാളിയിൽ നമ്മുടെ വീടുണ്ടല്ലോ. കവി മാഷും ഭാര്യയ്ക്കുമൊപ്പം പരീക്ഷ കഴിയും വരെ അവൾ നിൽക്കട്ടെ.
അച്ഛൻ പറഞ്ഞു, എന്നാൽ നീയും ഒപ്പം പോയ്ക്കോളൂ.
അങ്ങനെ ഞാനും അമ്മയും കവി മാഷുടെ വീട്ടിലേയ്ക്ക് ചെന്നു.
കവി മാഷ് അന്നവിടെ ഉണ്ടായിരുന്നില്ല.
ലക്ഷ്മിയേടത്തി സന്ധ്യാനേരത്ത് വിളക്കിന്റെ ചില്ലുതുടച്ച് പഠിക്കാൻ വെളിച്ചമൊരുക്കിതന്നു. രാത്രി പഠിച്ചുകഴിയുന്നതുവരെ രണ്ടുപേരും എനിയ്ക്ക് കൂട്ടിരുന്നു.
അമ്മ അവരോട് ചോദിക്കുന്നുണ്ടായിരുന്നു, മാഷില്ലാതെ ലക്ഷ്മിയമ്മയെങ്ങനെയാ ഇവിടെ ഒറ്റയ്ക്ക് കഴിയുന്നത്?
ഒക്കെ ശീലായി. ഇപ്പോ പേട്യൊന്നുമില്ല. എങ്കിലും കൂട്ടിന് അയൽപക്കത്തെ ഒരു കുട്ടി വരാറുണ്ട്. വാസു, ഇന്ന് നിങ്ങളിവിടെ ഉള്ളതുകൊണ്ട് അവൻ വന്നില്ല.
പരീക്ഷയ്ക്ക് പോകുംമുമ്പ് ലക്ഷ്മിയേടത്തി എനിയ്ക്ക് പലഹാരമുണ്ടാക്കിത്തന്നു. ആവിയിൽ വേവിച്ചെടുത്ത ചെറിയ പുളിയോടുകൂടിയ ഒരു പലഹാരം. ഞാനത് ആദ്യമായി കഴിക്കുകയായിരുന്നു.
ഞാൻ അവരോട് ചോദിച്ചു, ഇതിന്റെ പേരെന്താണ് ലക്ഷ്മിയേടത്ത്യേ?
അതുകേട്ട് അവർ ഒരു ചെറുചിരിയോടെ ചോദിച്ചു, രാധ ഇതേവരെ ഇതുകഴിച്ചിട്ടില്ലാ?
ഇല്ല.
പി. കുഞ്ഞിരാമൻ നായർ വർഷങ്ങളോളം താമസിച്ചിരുന്ന കുടാളിയിലെ വാടകവീടിനുമുന്നിലെ പാടത്ത് ഇപ്പോൾ നെൽകൃഷിയില്ല. അതെല്ലാം ഇല്ലാതായിട്ട് വർഷങ്ങളായി.
അന്നാദ്യമായി കഴിച്ച ആ പലഹാരത്തിന്റെ പേരു കേട്ടാൽ ഇന്നെല്ലാവരും ചിരിക്കുമായിരിക്കും- ഇഡലി. ഞാനത് അന്നാദ്യമായി കഴിച്ചു എന്നതുമാത്രമല്ല. അങ്ങനെയൊരു പേരുപോലും അന്നാദ്യമായി കേൾക്കുകയായിരുന്നു.
ഒന്നാമത്തെ ദിവസത്തെ പരീക്ഷ കഴിഞ്ഞു തിരിച്ചുവന്നപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നില്ല. അമ്മ വീട്ടിലേയ്ക്ക് തിരിച്ചുപോയിരുന്നു.
ലക്ഷ്മിയേടത്തി പറഞ്ഞു, വല്യമ്മയുടെ കുഞ്ഞിന് സുഖോല്ലാത്തതുകൊണ്ട് അമ്മ
വീട്ടിലേയ്ക്ക് പോയി.
വല്യമ്മയുടെ പ്രസവം കഴിഞ്ഞിട്ട് കുറച്ചുനാളേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അമ്മ പോയി. അമ്മ ഇല്ലാത്തതുകൊണ്ട് ചെറിയൊരു വിഷമം തോന്നിയെങ്കിലും ലക്ഷ്മിയേടത്തി അമ്മയെപ്പോലെത്തന്നെ എന്നോട് വളരെ അടുപ്പത്തോടെ പെരുമാറി. ചായയും ചൂടുള്ള പലഹാരവും ഉണ്ടാക്കിവച്ചിട്ട് എന്നെ അടുത്തേയ്ക്ക് വിളിച്ചു ചോദിച്ചു, രാധ വത്സൻ കഴിച്ചിട്ടുണ്ടോ?
വത്സൻ എന്നത് ഒരാളുടെ പേരല്ലേ?
നിഷ്‌കളങ്കമായാണ് ഞാനത് ചോദിച്ചത്.
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, ആളുടെ പേരല്ല. നല്ല മധുരമുള്ള പലഹാരം. കാഞ്ഞങ്ങാട്ടൊക്കെ ഇതിന് വത്സൻ എന്നാണ് പേര്.
ലക്ഷ്മിയേടത്തി ഉണ്ടാക്കിത്തന്ന വത്സൻ തേങ്ങയും ശർക്കരയും ചേർത്ത് അരിമാവിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുത്ത ഇലയടയായിരുന്നു.
പരീക്ഷയ്ക്ക് ഞാൻ പഠിക്കുമ്പോൾ രാത്രി വൈകുവോളം ലക്ഷ്മിയേടത്തി എനിയ്ക്ക് കൂട്ടിരുന്നു. രാത്രി ഉറക്കം വരാതിരിക്കാൻ കാപ്പിയിട്ടു തന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചുപോകാനൊങ്ങുമ്പോൾ ലക്ഷ്മിയേടത്തി പറഞ്ഞു, രാധയുണ്ടായിരുന്നതുകൊണ്ട് ഇതുവരെ എനിയ്ക്കൊരു കൂട്ടായിരുന്നു.
യഥാർഥത്തിൽ എനിക്ക് അവരാണ് കൂട്ടുതന്നത്. ഏതോ വീട്ടിൽ പിറന്ന, സ്വന്തമോ ബന്ധമോ ഒന്നുമില്ലാത്ത എന്നെ അവർ സ്വന്തം മോളെപ്പോലെ കരുതി കൂട്ടുനിന്നു. മനസ്സിൽ അങ്ങനെയാണ് തോന്നിയതെങ്കിലും അതൊന്നും പറയാതെ അവരോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചു. അവിടെ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോൾ ഞാൻ അവരോട് ചോദിച്ചു, ലക്ഷ്മയേടത്തീ കവി മാഷിനി എപ്പ്ളാ വര്വാ?
അവർ വീട്ടിൽ നിന്ന് വയലിലേക്ക് നീളുന്ന വഴിയിലേക്ക് ഒന്നു കണ്ണോടിച്ചുകൊണ്ട് പറഞ്ഞു, അറിയില്ല കുട്ട്യേ? മാഷ്ടെ വരവും പോക്കുമൊക്കെ തോന്നിയപോലാണ്, അറീല.
കവിമാഷ് നടന്നുപോയ വഴികളിലൂടെ ഞാൻ നടന്നു.
തോടിനോട് ചേർന്ന കൽപ്പടവുകൾ വരെ ലക്ഷ്മിയേടത്തി എന്റെ കൂടെ വന്നു. ഞാൻ അവരോട് യാത്ര പറഞ്ഞു. വയലുകടന്ന് ഇടവഴിയിലേയ്ക്ക് കയറി. ചേലോറ അംശം അധികാരിയുടെ പറമ്പുകൾക്കിടയിലൂടെ കുന്നുകയറി. കാക്കപ്പൂവും തുമ്പപ്പൂവും വിരിഞ്ഞു ചിരിച്ചുനിൽക്കുന്ന വഴിയിലൂടെ നടന്നു. കവി മാഷ് ആയിരം തവണ വന്നും പോയുമിരുന്ന വഴി. അതിലൂടെ ഞാൻ തനിയെ നടന്നുപോയി.
സമൂഹത്തിന്റെ യാന്ത്രികവും സാമ്പ്രദായികവുമായ രീതികളോട് കവിക്കെന്നും അതൃപ്തിയായിരുന്നു. ഇത്തരം അവസ്ഥകളിൽ കവി പലപ്പോഴും തൃപ്തിയുടെ മറുവഴികൾ തേടി.
പി. കുഞ്ഞിരാമൻ നായർ വർഷങ്ങളോളം താമസിച്ചിരുന്ന കുടാളിയിലെ വാടകവീടിനുമുന്നിലെ പാടത്ത് ഇപ്പോൾ നെൽകൃഷിയില്ല. അതെല്ലാം ഇല്ലാതായിട്ട് വർഷങ്ങളായി. പകരം ഇന്ന് പാട്ടത്തിന് വാഴക്കൃഷിക്കുവേണ്ടി തടമെടുത്ത് വയലുകളും നേന്ത്രവാഴകളുടെ ഇടവിട്ടുള്ള പച്ചത്തുരുത്തുകളും മാത്രം. കവി മാഷ് ഉപേക്ഷിച്ചുപോയ ഒരു കൃഷ്ണവിഗ്രഹം കിണർ വൃത്തിയാക്കുമ്പോൾ വർഷങ്ങൾക്കുശേഷം കണ്ടുകിട്ടി. പഴയ ഓർമകളെ മായ്ച്ച് കാലം വേഗം കടന്നുപോകുന്നു. ഇവിടെയിരുന്ന് പി. എഴുതിയ കവിതകളാകട്ടെ, അത് ജനിച്ചുവീണ സ്ഥലകാലങ്ങളാകെ മാറിപ്പോയെങ്കിലും കാലത്തിനുമീതെ കൂടുതൽ തെളിമയോടെ ഇന്നും നിലകൊള്ളുന്നു.
വ്യാഖ്യാനിക്കാൻ കഴിയാത്ത കവി
പി. കുഞ്ഞിരാമൻ നായരുടെ മനോഘടനയും പെരുമാറ്റരീതിയും അസാധാരണവും വേറിട്ടതുമായിരുന്നു. തനിയ്ക്കുചുറ്റുമുള്ള ജീവിതസാഹചര്യങ്ങളോട് കവി നിരന്തരം കലഹിച്ചു. സമൂഹത്തിന്റെ യാന്ത്രികവും സാമ്പ്രദായികവുമായ രീതികളോട് കവിക്കെന്നും അതൃപ്തിയായിരുന്നു. ഇത്തരം അവസ്ഥകളിൽ കവി പലപ്പോഴും തൃപ്തിയുടെ മറുവഴികൾ തേടി. കവി തേടിപ്പോയ വഴികളൊക്കെയും സമൂഹത്തിന്റെ കണ്ണിൽ തെറ്റുകുറ്റങ്ങളുടെതായിരുന്നു. അതുകൊണ്ട് കവിയുടെ ജീവിതമേൽവിലാസം ഒരു തോന്ന്യവാസിയുടേതായിത്തീർന്നു.
1956-59 കാലത്ത് കൂടാളി സ്‌കൂളിൽ പഠിച്ച കവിയുടെ ശിഷ്യനായ ശ്രീധരൻ നമ്പൂതിരിയുടെ മനസ്സിൽ കവിമാഷിനെക്കുറിച്ചുള്ള പല ഓർമകളുമുണ്ട്. അദ്ദേഹം കവിയോടൊപ്പം ഉണ്ടായിരുന്ന സ്‌കൂൾ അനുഭവങ്ങൾ ഓർക്കുന്നു: 1956 കേരള സംസ്ഥാനം നിലവിൽവന്ന കാലമാണ്. കേരളപ്പിറവി വർഷത്തിൽ കൂടാളി ഹൈസ്‌കൂളിലെ സ്‌കൂൾ വാർഷികം കേമമായി നടത്താൻ ഹെഡ്മാസ്റ്റർ കെ.ടി. കേളപ്പൻ മാഷുടെ നേതൃത്വത്തിൽ തീരുമാനിക്കപ്പെട്ടു. മലയാളത്തിലെ അറിയപ്പെടുന്ന കവിയായതുകൊണ്ട് പി. കുഞ്ഞിരാമൻ നായരെ വാർഷിക പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചു. വാർഷികപരിപാടിയുടെ ദിവസം വന്നെത്തി. സ്‌കൂൾ കുട്ടികളും അധ്യാപകരും സദസ്സിൽ. കെ.ടി. കേളപ്പൻ മാഷും കവിമാഷുമൊക്കെ വേദിയിൽ.
കർട്ടനുയർന്നു. കേളപ്പൻ മാഷ് കവിയെ ക്ഷണിച്ചു. മുറ്റത്തെ മുല്ലയായ നമ്മുടെ പ്രിയപ്പെട്ട കവി പി. കുഞ്ഞിരാമൻ നായരെ ഉദ്ഘാടന പ്രഭാഷണത്തിനായി ക്ഷണിക്കുന്നു. കവിമാഷ് എഴുന്നേറ്റ് മൈക്കിനുമുന്നിൽ വന്നതോടെ കുട്ടികളെല്ലാം കൈയടിച്ചു. കവി മാഷ് സംസാരം തുടങ്ങി. മലയാളഭാഷയെക്കുറിച്ച്, കേരളപ്പിറവിയോടെ നമ്മൾ എത്തിച്ചേരേണ്ട ദൂരങ്ങളെക്കുറിച്ച് കവി വാചാലനായി. നിലവിലെ വിദ്യാഭ്യാസരീതിയെപ്പറ്റിയായിരുന്നു കവിയുടെ ആകുലത. അതിനോടുള്ള അമർഷമത്രയും പ്രകടിപ്പിച്ചുകൊണ്ട് ഒരു കഥാപ്രസംഗകന്റെ ആംഗ്യചേഷ്ഠക ളോടെ കവി സ്റ്റേജിൽ നിറഞ്ഞാടി. പ്രസംഗത്തിനിടയിൽ ആരോടെന്നില്ലാതെ ഇടയ്ക്ക് ദേഷ്യപ്പെട്ടു. മൂക്കുചീറ്റലും ഭർത്സനങ്ങളുമൊക്കെ ഉണ്ടായി.
കവി പറഞ്ഞു: രാജ്യമുണ്ടായാൽ മാത്രം പോരാ. രാജ്യത്ത് ജീവിക്കാനുള്ള
സ്വാതന്ത്ര്യം വേണം. ശുദ്ധവായു വേണം. അത് നേടുന്നതുവരെ നാം സ്വതന്ത്രരല്ല. കാരാഗൃഹത്തിലാണ്. അങ്ങനെയുള്ള ജീവിതം കാരാഗൃഹവാസം മാത്രമാണ്.
കവിയുടെ പ്രസംഗം ഒരു മണിക്കൂർ പിന്നിട്ടു. കേളപ്പൻ മാഷ് വാച്ച് നോക്കിക്കൊണ്ടിരുന്നു. സദസ്സിൽ മുൻനിരയിലിരിക്കുന്ന അധ്യാപകരൊക്കെ അക്ഷമരായി. കലാപരിപാടികൾ അവതരിപ്പിക്കാൻ തയ്യാറായി വന്ന കുട്ടികൾ മേക്കപ്പിട്ട് സ്റ്റേജിനരികിൽ കാത്തിരുന്നു. സമയം വൈകുന്നത് കണ്ടപ്പോൾ കേളപ്പൻ മാഷ് ഒരു കുറിപ്പെഴുതി കവിയുടെ അടുത്തുചെന്ന് കൈമാറി. സംസാരത്തിനിടയിൽ കവി കുറിപ്പ് വായിച്ചു, ക്ഷോഭിച്ചു.
പ്രസംഗിക്കാൻ ക്ഷണിച്ചിട്ട് നിർത്താൻ പറയുന്നത് ശരിയാണോ. ആളെ അപമാനിക്കുന്നോ?
ക്ലാസിൽ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ വലിയ താത്പര്യം ഇല്ലായിരുന്നെങ്കിലും പഠിപ്പിച്ചിരുന്ന ചില ഭാഗങ്ങൾ വളരെ വിസ്തരിച്ച് മനോഹരമായി പറഞ്ഞുതന്നിരുന്നു.
കവി മൈക്കിന് മുന്നിൽനിന്ന് പൊട്ടിത്തെറിച്ചു. കേളപ്പൻ മാഷ് വേദിയിലിരുന്ന് വിയർത്തു. അധ്യാപകർ മുൻനിരയിലിരുന്ന് പിറുപിറുത്തു. മുഖത്ത് ചായം തേച്ച് ഒരുങ്ങിനിന്ന കുട്ടികൾ ചിലങ്കമണികൾ കുലുക്കി നടന്നു.
കവി നിർത്തിയില്ല. പ്രസംഗം തുടർന്നു. സമയം പിന്നെയും കടന്നുപോയി. ഒടുവിൽ സംഘാടകനായ ഒരധ്യാപകൻ ചരട് പിടിച്ചുനിൽക്കുന്ന കുട്ടികളോട് കർട്ടൺ താഴ്ത്താൻ പറഞ്ഞു. കവിയുടെ ശബ്ദം നിന്നു. കുട്ടികൾ നിർത്താതെ കൈയടിച്ചു. ആരോ ഒരാൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞു, ഉദ്ഘാടന പരിപാടി അവസാനിച്ചു.
ഇനി കലാപരിപാടികൾ ആരംഭിക്കുന്നു.
ഒപ്പം കവിമാഷ് ആരോടോ തട്ടിക്കയറുന്ന ശബ്ദം. സ്റ്റേജിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും നിശബ്ദരായിരിക്കെ കവി കർട്ടൻ പൊന്തിച്ച് സ്റ്റേജിന്റെ ഏറ്റവും മുന്നിൽ വന്നു നിന്നു. കവിയുടെ ഒരു കൈയിൽ മൈക്കുമുണ്ടായിരുന്നു.
കവി മാഷ് പറഞ്ഞു, എന്റെ പ്രസംഗം അവസാനിച്ചിട്ടില്ല. അതവസാനിപ്പിക്കാൻ
ആരും നോക്കണ്ട.
കവി വികാരാധീനനായി. അതുകേട്ടും കുട്ടികൾ കൈയടിച്ചു. കവിയ്ക്കത് ആവേശമായി.
കവി പറഞ്ഞു, വളരേണ്ടുന്ന കുട്ടികളായ നിങ്ങൾക്കുവേണ്ടിയാണ് ഞാനിതു പറയുന്നത്. അധ്യാപകരിൽ ചിലർ മുൻനിരയിൽ നിന്ന് എഴുന്നേറ്റു നടന്നു.
അവർ തമ്മിൽത്തമ്മിൽ പറഞ്ഞു, മുറ്റത്തെ മുല്ലയുടെ മണം പോയി. ഇപ്പോളത് ചീഞ്ഞുതുടങ്ങിയിരിക്കുന്നു. കവി മാഷ് പിന്നെയും ഇരുപതുമിനിട്ടോളം സംസാരിച്ചു. പ്രസംഗം അവസാനിപ്പിച്ചപ്പോൾ കുട്ടികൾ കൈയടിച്ചു. ചില കുട്ടികൾ ഓടിച്ചെന്ന് കവി മാഷുടെ കൈപിടിച്ചു കുലുക്കി. പ്രസംഗം നന്നായെന്നു നല്ല വാക്ക് പറഞ്ഞു. കവിയുടെ ജുബ്ബയിൽ നിന്ന് നാണയത്തുട്ടികൾ അവരുടെ കൈകളിലേക്കൊഴുകി. അവർ കാന്റീനിലേക്ക് പാഞ്ഞുപോയി.
ക്ലാസിൽ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ വലിയ താത്പര്യം ഇല്ലായിരുന്നെങ്കിലും പഠിപ്പിച്ചിരുന്ന ചില ഭാഗങ്ങൾ വളരെ വിസ്തരിച്ച് മനോഹരമായി പറഞ്ഞുതന്നിരുന്നു. കൃഷ്ണഗാഥയിലെ പ്രാവൃഡ് വർണനം എന്നപാഠഭാഗം കവി കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിച്ചു. വർഷകാലത്തിന്റെ വരവായിരുന്നു വിഷയം. മഴപെയ്തു തുടങ്ങിയപ്പോൾ കർഷകർക്ക് വലിയ സന്തോഷമായി. അതേസമയം ഭാര്യയെ വേർപിരിഞ്ഞു നിൽക്കുന്നവർക്ക് വിരഹദുഃഖവും. മഴക്കാലത്ത് മച്ചകങ്ങളിൽ ഒന്നിച്ചുകഴിയുന്ന സ്ത്രീപുരുഷന്മാർക്ക് പരസ്പരം പ്രാപിക്കാനുള്ള ആഗ്രഹവുമുണ്ടായി. ഇതായിരുന്നു പാഠഭാഗത്തിന്റെ സാരം.
ഒരു കുട്ടിയെക്കൊണ്ട് കവിതചൊല്ലിച്ചു.പച്ചോടമില്ലാഞ്ഞിട്ടുൾച്ചൂടുമുണ്ടായി
പിച്ചയായുള്ളോന്നിക്കാല ലീല...
ചൊല്ലിക്കഴിഞ്ഞപ്പോൾ അത് വിശദീകരണത്തിനിടയിൽ കവി ചോദിച്ചു.
പച്ചോടം എന്നു വെച്ചാ എന്താന്നറിയ്യോ?
ആരോ പറഞ്ഞു, ഇല്ല മാഷെ.
പച്ചോടം പുതപ്പ്. എടാ നീ വിചാരിക്കുന്ന പോലെ അത് പീടികേന്ന് വാങ്ങാൻ കിട്ടുന്ന പുതപ്പല്ല.
ഇതിനിടയിൽ ഒരു വിരുതൻ ചോദിച്ചു, പിന്നെ ആ പൊതപ്പ് എവിടെ കിട്ടും മാഷെ?
കവി അവനോടായി ചിരിച്ചുകൊണ്ട് പറഞ്ഞു, എടാ കമ്മൂ, പച്ചോടം എന്നത് ജീവനുള്ള പുതപ്പാണ്. അത് കിട്ടണമെങ്കിൽ കല്യാണം കഴിക്കണം. നീ കല്യാണം കഴിച്ചിട്ടുണ്ടോ?
ഇല്ല മാഷെ.
എന്നാ നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭർത്താവിന്റെ ചൂടുശമിപ്പിക്കുന്ന പുതപ്പുപോലെയാണ് ഭാര്യ എന്നർഥം. ഭാര്യാസംയോഗമില്ലാത്തതുകൊണ്ടാണ് പലർക്കും ഉൾച്ചൂടുണ്ടായത്. ഇപ്പോ ഇതു പറഞ്ഞാ നിനക്ക് മനസ്സിലാവില്ല. കുറച്ചുവലുതാവുമ്പോ എല്ലാം മനസ്സിലാവും.
എല്ലാവർക്കും എല്ലാം മനസ്സിലായിരുന്നു. ചില പാഠഭാഗങ്ങൾ കവിമാഷ് ഇത്തരത്തിൽതന്നെ ആസ്വദിച്ചു പഠിപ്പിച്ചു. അതേവർഷം തന്നെ കാവ്യപാഠാവലി എന്ന നോൺഡീറ്റെയിൽഡ് ടെക്സ്റ്റിൽ കവി മാഷിന്റെ ശ്രീരാമചരിതം എന്ന കൃതിയിലെ ‘കൈകേയിയും മന്ഥരയും’ എന്ന പാഠഭാഗം പഠിക്കാനുണ്ടായിരുന്നു. കവി മാഷ് ക്ലാസിൽ വന്ന് പറഞ്ഞു, രാമായണകഥ നിങ്ങൾക്കറിയില്ലേ?
അറിയാം മാഷെ.
ഞാനെഴുതിയ കാവ്യമാണ് ശ്രീരാമചരിതം. രാമായണത്തിലെ കഥാഭാഗം. നിങ്ങളത് സ്വന്തമായി വായിച്ച് പഠിക്കുക. കവി മാഷ് ഒരു കുട്ടിയോട് കവിതയിലെ വരികൾ ചൊല്ലാൻ പറഞ്ഞു. അവനത് നീട്ടിച്ചൊല്ലി.ദിനേശനെ നാടു കടത്തുവാനും
അഹസ്സിനെ സിന്ധുവിലാഴ്ത്തുവാനും
കൈകേയിതൻ മാളികമച്ചിലെത്തി
ഇരുട്ടുപോൽ മന്ഥര അന്തിനേരം.
കവിത കുട്ടികളും കവിയും ആസ്വദിച്ചു കേട്ടു. പാഠഭാഗത്തിൽ, അയോധ്യയിൽ ഇനിയും രാമനും റാണിയും ഉണ്ടായേക്കാം. പക്ഷേ മന്ഥരയില്ലെങ്കിൽ രാമനും സീതയുമുണ്ടാകില്ല എന്ന തിരിച്ചറിവോടെയാണ് പാഠഭാഗം അവസാനിക്കുന്നത്.
കവി വരാന്തയിലൂടെ നടന്നുപോകുന്നതുതന്നെ വിചിത്രമായ കാഴ്ചയായിരുന്നു. പല ചിന്തകളിലും മുഴുകിക്കൊണ്ടുള്ള നടപ്പാണ്. അതുകൊണ്ടുതന്നെ തൊട്ടുമുന്നിലുള്ള ആളെ പ്പോലും പലപ്പോഴും ശ്രദ്ധിക്കാറില്ലായിരുന്നു. ചിലപ്പോൾ മറിച്ചും സംഭവിക്കാറുണ്ട്. ഒരു ദിവസം വരാന്തയിലൂടെ നടന്നുപോകുമ്പോൾ കവിയുടെ മുന്നിൽ ചെന്നുപെട്ടു. തലകുനിച്ചുകൊണ്ട് കവി എന്നോടുപറഞ്ഞു, ശ്രീധരനൊന്ന് എന്നെ അനുഗ്രഹിക്കണം. കവിത വരുന്നില്ല. ഞാൻ പെട്ടെന്ന് മാറിനിന്നുകൊണ്ട് കവിയോട് പറഞ്ഞു, നിഗ്രഹാനുഗ്രഹശക്തിയൊക്കെ ദൈവത്തിനല്ലേ ഉള്ളൂ മാഷെ, എനിക്കതിനുള്ള ശക്തിയില്ലല്ലോ.
കവി എന്റെ കൈയെടുത്ത് തലയിൽ വെച്ചുകൊണ്ട് പറഞ്ഞു, ഇതറിയുന്നവന്റെ അനുഗ്രഹം തന്നെയാണ് വേണ്ടത്. എന്നെ അനുഗ്രഹിക്ക്. അനുഗ്രഹിക്ക്.
ഞാൻ തലയിൽ ഒന്ന് തൊട്ടു. കവിമാഷ് നടന്നുപോയി. കവിയുമായി ഇടപഴകുന്ന ഓരോ ഘട്ടത്തിലും ഇതുപോലുള്ള പലതരം സ്വഭാവസവിശേഷതകൾ കൊണ്ട് മാഷ് എന്നെ അമ്പരിപ്പിച്ചിരുന്നു.
അധ്യാപകരോടും വിദ്യാർത്ഥികളോടും കവി പലപ്പോഴും കലഹിച്ചു. ഇന്നാലോചിച്ചു നോക്കുമ്പോൾ മാഷുമായി ബന്ധപ്പെട്ട പല ഓർമകളും മനസ്സിൽ ചിരിക്കാൻ വക നൽകുന്നതാണ്.
അധ്യാപകജീവിതം കമ്പനിപ്പണിയാണെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തല്ലാത്ത മറ്റെന്തുപണിയും കവിയെ സംബന്ധിച്ച് ഭാരമായിരുന്നു എന്നുവേണം കരുതാൻ. അതിന്റെ അതൃപ്തി മാഷെന്നും പ്രകടിപ്പിക്കാറുണ്ടായിരുന്നു. അധ്യാപകരോടും വിദ്യാർഥികളോടും അതുകൊണ്ടുതന്നെ കവി പലപ്പോഴും കലഹിച്ചു. ഇന്നാലോചിച്ചു നോക്കുമ്പോൾ മാഷുമായി ബന്ധപ്പെട്ട പല ഓർമകളും മനസ്സിൽ ചിരിക്കാൻ വക നൽകുന്നതാണ്. കുമാരാനാശാന്റെ കരുണയുടെ കാവ്യഭാഗം മനഃപാഠമാക്കി വരാൻ പറഞ്ഞത് ഓർമ വരുന്നു. കവിത പഠിച്ചുവരാത്തവർക്കൊക്കെ പുറത്തുപോകാം, കവിമാഷ് കണ്ണടയ്ക്കുള്ളിലൂടെ ചരിഞ്ഞ് നോക്കിക്കൊണ്ട് ഉത്തരവിട്ടു.
ആരും പഠിച്ചിട്ടുണ്ടായിരുന്നില്ല, എല്ലാവരും പുറത്തുപോയി. ക്ലാസിൽ കവി മാത്രമായി. ഡെസ്‌കും ബെഞ്ചും കവിയും ക്ലാസും മാത്രം. ഹെഡ്മാസ്റ്റർ ആ വഴിക്കുവന്നപ്പോൾ ഞങ്ങളെല്ലാവരും പുറത്തുനിൽക്കുന്നതുകണ്ടു. കവിയോട് സംസാരിച്ചു. കവി എല്ലാവരെയും വിളിച്ചു, വന്ന് ക്ലാസിലിരിക്ക്.
ഒരുദിവസം ക്ലാസിൽവെച്ച് പിറക് ബെഞ്ചിലിരിക്കുന്ന കുട്ടികൾ എന്തോ വികൃതി കാട്ടി. കവി അടുത്തുചെന്നു. ചീകിവച്ച തലമുടി രണ്ടു കൈകൊണ്ടും തിരുമ്മിത്തിരുമ്മി വികൃതമാക്കി. എഴുന്നേറ്റുനിർത്തിയവരുടെ കൂട്ടത്തിൽ മുണ്ടേരിയിൽ നിന്ന് വരുന്ന ആർ. നാണു എന്നൊരു വിദ്യാർഥിയുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ അവനും എഴുന്നേറ്റുനിന്നു. അവൻ ധരിച്ചത് മഞ്ഞകലർന്ന സ്റ്റേപ്പിൾ മുണ്ടായിരുന്നു. കവിയുടെ ശ്രദ്ധയിൽ അത് പെട്ടു. അവനെത്തന്നെ കുറച്ചുനേരം നോക്കി നിന്നു.
നിനക്കെന്താ ഒരു പ്രത്യേകത? കണ്ണടയിലൂടെ ഒന്നു ചെരിഞ്ഞുനോക്കിക്കൊണ്ട് കവി അന്വേഷിച്ചു.
കവി എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് മനസ്സിലായില്ല.
അവൻ ഒന്നും മിണ്ടാതിരുന്നപ്പോൾ കവി പറഞ്ഞു, മഞ്ഞമുണ്ടിൽത്തന്നെ ഒരാത്മീയ ഭാവമുണ്ട് അല്ലേ?
അതുണ്ട് സാർ, അവൻ മറുപടി പറഞ്ഞു.
കവി ഉടനെ അന്തിമവിധി പുറപ്പെടുവിച്ചു, നാണു മാത്രമവിടെ ഇരിക്ക്. മറ്റുള്ളവരൊക്കെ അവിടെ നിൽക്കട്ടെ.
ക്ലാസ് കഴിയുന്നതുവരെ വികൃതമാക്കപ്പെട്ട തലമുടിയോടെ മറ്റുള്ള കുട്ടികൾക്ക് ചിരിക്കാൻ പാകത്തിൽ ബാക്കിയുള്ളവർ ക്ലാസിൽ നിന്നു. യഥാർഥത്തിൽ വികൃതി കാട്ടിയ നാണുവാകട്ടെ കവിയുടെ മുന്നിലെ ഒരു നല്ല വിദ്യാർഥിയായി മാറുകയും ചെയ്തു.
പി.യെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ പലവട്ടം ഞാൻ അറിയാതെ ചോദിച്ചുപോയിട്ടുണ്ട്. ഈ മനുഷ്യൻ ആരാണ്? അവധൂതന്റെ മനുഷ്യാവതാരമാണോ? ഭാവനാസമ്പന്നത കൊണ്ട് പൂർണതയെത്തിയ മനുഷ്യനോ? അതല്ല ആത്മീയാചാര്യനോ? ഉത്തരം കിട്ടാത്ത ഒരു കടങ്കഥപോലെ, ആർക്കും വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരോർമയായി കവിമാഷ് ഇന്നും മനസ്സിൽ ജീവിക്കുന്നു. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.