പി. കുഞ്ഞിരാമൻ നായർ

കവിയെ വിട്ടുപോയി, കവിതയുടെ പ്രതിഫലമെല്ലാം...

കിട്ടുന്ന പണമത്രയും വീട്ടിലെത്തിച്ചേരുന്നതിനുമുമ്പ് പലപ്പോഴും കവിയെ വിട്ടുപോയി. കടം. അതുമാത്രം എപ്പോഴും കവിയുടെ കൂടെത്തന്നെ വിട്ടൊഴിയാതെ നിന്നു. ഒരു ഭാഗത്ത് കുബേരന്റെ സമൃദ്ധി, ധാരാളിത്തം. മറുഭാഗത്ത് കൊടുക്കാനുള്ള കടബാധ്യതയും കടം ഇരക്കലും.

പിണങ്ങിപ്പോയ പൊൻമകൻ

പി. കുഞ്ഞിരാമൻ നായരുടെ ജീവിതം എന്നും കവിതയ്ക്കും സാമ്പത്തികനിവൃത്തിക്കും വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. രണ്ടും കവിക്ക് സന്തോഷവും സംഘർഷങ്ങളും നൽകി. കൂടാളിയിൽ അധ്യാപകജീവിതം ആരംഭിച്ചതോടെ പ്രസാധകന്മാരുടെ താത്പര്യപ്രകാരം ഗദ്യപുസ്തകങ്ങൾ എഴുതിക്കൊടുക്കുന്ന സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. കവിതയെഴുത്തിൽ കവി കൂടുതലായി ശ്രദ്ധിച്ചു. പത്രമാസികകളിൽനിന്ന് എഴുത്തിന്റെ പ്രതിഫലമായി വരുമാനം വന്നുതുടങ്ങിയതും ഇക്കാലത്താണ്. പ്രസാധകരിൽ നിന്ന് കവി മുൻകൂറായി പണം വാങ്ങിച്ചു. പണത്തിനുവേണ്ടി കവി പകർപ്പകാശം പ്രസാധകർക്ക് നൽകുകയും ചെയ്തു. കിട്ടുന്ന പണമത്രയും സ്വന്തമായ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനുമുന്നേ കൈമോശം വന്നുപോയി. ആദ്യാവസാനംവരെ കവിയുടെ ഒരു ജീവിതനിയോഗമായി ഇത് ആവർത്തിച്ചുകൊണ്ടിരുന്നു.

മാസശമ്പളം കിട്ടിയാൽ സ്ഥിരമായി അതിന്റെ പങ്കുപറ്റാൻ എത്തിച്ചേരുന്ന പലരുമുണ്ടായിരുന്നു. സന്ന്യാസികളും ഭിക്ഷക്കാരുമായ ആളുകൾ. കടയിൽ നിന്ന് സാധാനം വാങ്ങിച്ച പറ്റും പാലിന്റെ കാശും വാടകയും കൊടുക്കാൻ പലപ്പോഴും കൈയിൽ പൈസ ഉണ്ടാകാറില്ലായിരുന്നു. കിട്ടുന്ന പണമത്രയും വീട്ടിലെത്തിച്ചേരുന്നതിനുമുമ്പ് പലപ്പോഴും കവിയെ വിട്ടുപോയി.
കടം. അതുമാത്രം എപ്പോഴും കവിയുടെ കൂടെത്തന്നെ വിട്ടൊഴിയാതെ നിന്നു. ഒരു ഭാഗത്ത് കുബേരന്റെ സമൃദ്ധി, ധാരാളിത്തം. മറുഭാഗത്ത് കൊടുക്കാനുള്ള കടബാധ്യതയും കടം ഇരക്കലും. ഈ രണ്ടവസ്ഥകളിലൂടെയാണ് കവിജീവിതം എല്ലാ കാലത്തും മുന്നോട്ടുപോയിരുന്നത്. പ്രസാധകരുമായി കവിക്കൊരിക്കലും നല്ല ബന്ധമായിരുന്നില്ല. അതുകൊണ്ടുതന്നെ പണമിടപാടുമായി ബന്ധപ്പെട്ട് പലതരം വിഷമങ്ങളും പ്രശ്നങ്ങളും കവിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

ഒരുദിവസം തെക്കുപോയി വരുമ്പോൾ അച്ഛന്റെ കൂടെ ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. അമ്മയും ഞാനും കൂടെ ആരാണെന്നറിയാതെ പകച്ചുനിന്നു.
അച്ഛൻ അമ്മയോട് പറഞ്ഞു, തിരുവില്യാമലയിലെ പാറുക്കുട്ടി ടീച്ചറാണ്. കാഞ്ഞങ്ങാട് കാണണമെന്ന് പറഞ്ഞു. ഞാൻ ഇവിടേയ്ക്ക് കൂട്ടി.

കൂടാളിയിൽ താമസിക്കുന്ന കാലത്ത് കവി കൂടാളി എൽ.പി. സ്‌കൂൾ മാനേജറായ കെ.ടി. ഗോവിന്ദൻ നമ്പ്യാരുമായി നല്ല ബന്ധത്തിലായിരുന്നു. പണം ആവശ്യമായി വന്നപ്പോൾ 500 രൂപ പ്രതിഫലം വാങ്ങി അഞ്ചു പുസ്തകങ്ങളുടെ പകർപ്പകാശം കവി അദ്ദേഹത്തിന് നൽകി. തന്റെ ഉടമസ്ഥതയിലുള്ള കെ.വി. പബ്ലിഷിങ് ഹൗസ് മുഖേന ഗോവിന്ദൻ നമ്പ്യാർ കവിയുടെ അഞ്ചു ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വിചാരവിഹാരം ഒന്ന് - രണ്ട്, മണിവീണ, വാസന്തിപ്പൂക്കൾ, പൂമ്പാറ്റകൾ എന്നീ പുസ്തകങ്ങൾ. പുസ്തകത്തിന്റെ കോപ്പികൾ കവിയുടെ വാടകവീട്ടിൽ കിടന്നു. അന്ന് അച്ചടിച്ചിറക്കിയ അഞ്ചു പുസ്തകങ്ങൾ കവിയെയും കുടംബത്തെയും സാരമായി ബാധിച്ചു.

ഈ പുസ്തകങ്ങൾ ഉണ്ടാക്കിത്തീർത്ത കടബാധ്യതയും ആ ഒരനുഭവത്തിന്റെ കഥയും കദനവും രവീന്ദ്രൻ നായരുടെ മനസ്സിൽ ഒരിക്കലും മറക്കാതെ നിറഞ്ഞുനിൽക്കുന്നു. അദ്ദേഹം അതേക്കുറിച്ച് പറയുന്നു:
കൂടാളിയിൽ അച്ഛനമ്മയ്ക്കുമൊപ്പം താമസിക്കുന്ന കാലം. ഒരു ദിവസം അച്ചടിച്ച അഞ്ചു പുസ്തങ്ങളുടെ കെട്ടുകൾ വീട്ടിൽ എത്തിച്ചേർന്നു. എസ്.എസ്.എൽ.സി. കഴിഞ്ഞ് ഒരു ജോലിക്കുവേണ്ടി ഞാൻ ആഗ്രഹിച്ചുനിൽക്കുകയായിരുന്നു.
ഒരുദിവസം അച്ഛൻ എന്നെ മുറിയിലേയ്ക്ക് വിളിപ്പിച്ച്​ കാര്യം പറഞ്ഞു-
പുസ്തകവിൽപന. അച്ഛനെഴുതിയ അഞ്ചുപുസ്തകങ്ങൾ. അഞ്ചു സെറ്റായി തോൾസഞ്ചിയിൽ നിറഞ്ഞു. മേൽവിലാസങ്ങൾ തന്നു. നാലുദിക്കുകളിലേയ്ക്കും നീണ്ടുപോകുന്ന മേൽവിലാസങ്ങൾ. തോൾസഞ്ചിയിലെ പുസ്തകഭാരവും പേറി ഒരു ദിവസം രാവിലെ കൂടാളിയിൽ നിന്ന് ഞാൻ ബസ് കയറി. മേൽവിലാസമെഴുതിയ ഇടങ്ങളിലേയ്ക്കുള്ള യാത്രകൾ. ചെറുവത്തൂർ മന. ഒരു മേൽവിലാസം. ബസ്സിറങ്ങി നടന്നു. നാഴികകൾ നടന്ന് മനയ്ക്കലെത്തി. തളർച്ച, ക്ഷീണം. വീട്ടുകാർ പിന്നാമ്പുറത്തിരുത്തി ചായ തന്നു. മനയിലെ തമ്പുരാൻ പുസ്തകം വാങ്ങി.
പുസ്തകം തിരിച്ചും മറിച്ചും നോക്കി.
തമ്പുരാൻ പറഞ്ഞു, കാശ് ഇപ്പോ ഇല്ല. പിന്നെ വരൂ.
പിന്നെയും ചെന്നു. പക്ഷെ, തമ്പുരാനെ കണ്ടില്ല.
ദിവസങ്ങൾക്കുശേഷം പിന്നെയും ചെന്നു. തമ്പുരാൻ എണ്ണിത്തിട്ടപ്പെടുത്തി. പണം തന്നു. തൊഴുതു മടങ്ങി.

രവീന്ദ്രൻ നായർ

തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂർ, വടകര തുടങ്ങിയ പലയിടങ്ങളിലായി ആറുമാസത്തോളം പുസ്തകക്കെട്ടുകളുമായി നടന്നു. ചിലർ പുസ്തകം വാങ്ങി. ചിലർ മടക്കി അയച്ചു. പുസ്തകം വാങ്ങിവച്ച പലരും പൈസയ്ക്കുവേണ്ടി ചെന്നപ്പോൾ പുസ്തകം വായിച്ച് തിരിച്ചേൽപിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. ഏതായാലും പുസ്തകം വാങ്ങിയവരിൽ കൂടുതൽ പേരും രണ്ടും മുന്നൂം തവണ പണത്തിനുവേണ്ടി നടത്തിച്ചവരായിരുന്നു.

നടത്തം. അലച്ചിൽ. നായയെ പേടിച്ച് തിരിഞ്ഞോട്ടം. ഇതൊക്കെയായിരുന്നു നിത്യാനുഭവങ്ങൾ. പുസ്തകവിൽപന നല്ല മടുപ്പായിരുന്നു. യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവ് തരുമായിരുന്നു. പക്ഷേ പണം പിരിഞ്ഞുകിട്ടാത്തതുകൊണ്ടുതന്നെ അത് അധ്വാനത്തിനനുസരിച്ച് മിച്ചമുള്ള ഒരേർപ്പാടായിരുന്നില്ല. എങ്കിലും തുടർച്ചയായ അലച്ചിലിലൂടെ കുറെ പുസ്തകങ്ങൾ തീർന്നു. വരവ് കിട്ടിയതെല്ലാം അച്ഛനെ ഏൽപിക്കുകയും ചെയ്തു.
എന്തെങ്കിലുമൊരു ജോലിക്കുവേണ്ടി മനസ്സ് ആഗ്രഹിച്ചത് ഇക്കാലത്തായിരുന്നു. എന്തു ജോലി. അതെവിടെ എന്നൊന്നും അറിയില്ലായിരുന്നു. അമ്മയോട് പറഞ്ഞു. അമ്മ അത് പലപ്പോഴും അച്ഛനോട് പറയുകയും ചെയ്തു.
അച്ഛൻ ഒരിക്കൽ പറഞ്ഞു, അടുത്ത ആഴ്ച കോഴിക്കോട് പോകുന്നുണ്ട്. അവിടെമാതൃഭൂമിയിൽ ചെന്ന് ഒന്നന്വേഷിക്കട്ടെ. അച്ഛൻ കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തുമെല്ലാം പലവട്ടം പോയി വന്നു. പക്ഷെ ജോലിക്കാര്യം മാത്രം നടന്നില്ല.

ഒരുദിവസം തെക്കുപോയി വരുമ്പോൾ അച്ഛന്റെ കൂടെ ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. അമ്മയും ഞാനും കൂടെ ആരാണെന്നറിയാതെ പകച്ചുനിന്നു.
അച്ഛൻ അമ്മയോട് പറഞ്ഞു, തിരുവില്യാമലയിലെ പാറുക്കുട്ടി ടീച്ചറാണ്. കാഞ്ഞങ്ങാട് കാണണമെന്ന് പറഞ്ഞു. ഞാൻ ഇവിടേയ്ക്ക് കൂട്ടി. അച്ഛനും അവരും മുകളിലേയ്ക്ക് കയറിപ്പോയി. എനിയ്ക്ക് കലശലായ ദേഷ്യം വന്നു. അമ്മ എന്നോട് മിണ്ടരുതെന്ന് പറഞ്ഞു. മിണ്ടിയില്ല. ഞാൻ അവരെ കാണാതെ നടക്കാൻ ശ്രമിച്ചു.
അമ്മ അവർക്കുള്ള ഭക്ഷണം വച്ചുവിളമ്പി. കഴിക്കാൻ മാത്രം അവർ താഴേക്ക് ഇറങ്ങിവന്നു. ചായ മുകളിലെത്തിച്ചു. കുളിക്കാനും മറ്റാവശ്യങ്ങൾക്കും അവർ പുറത്തേക്കിറങ്ങി. അയൽക്കാർ കണ്ടു, ചോദിച്ചു, ഇതാര് പുതിയൊരാൾ?
അമ്മ പറഞ്ഞു, എന്റെ അനുജത്തി. പൊന്മളയിൽ നിന്ന് ഇന്നലെ വന്നു.

‘‘ഹോസ്റ്റലിൽ എത്തിച്ചേർന്നശേഷം മാസങ്ങളോളം അച്ഛനെ ആ വഴിക്ക് കണ്ടതേയില്ല. ഒരു കത്തുപോലും വന്നില്ല. ഹോസ്റ്റൽ താമസത്തിനും പഠനത്തിനുമുള്ള ചെലവ് ആരു കൊടുക്കും?’’

അനുജത്തിയോട് അയൽക്കാർ ചിരിച്ചു. വിശേഷങ്ങൾ ചോദിച്ചു. മറുപടിയിൽ ചിരിയില്ല. ഗൗരവം, ഗൗരവം മാത്രം. അയൽ സ്ത്രീകൾ കുശുകുശുത്തു.
ലക്ഷ്മിയേട്ടത്തിയെ പോലെയല്ല. തലക്കനം. മൂന്നുനാൾ വീട്ടിൽ പാർത്തു. ഒടുവിൽ അവർ വീടൊഴിഞ്ഞുപോയി. എന്റെ മനസ്സിൽ അച്ഛനോടുള്ള നീരസം ഇരട്ടിച്ചു. അത് എന്റെ പെരുമാറ്റത്തിൽ ഇടയ്ക്കൊക്കെ അറിയാതെ പ്രകടമാക്കപ്പെടുകയും ചെയ്തു. വിളിച്ചാൽ അക്ഷണം ഓടിച്ചെന്നിരുന്ന ഞാൻ വിളികേട്ട് ഉരിയാടാനും അടുത്തേയ്ക്ക് ചെല്ലാനും അമാന്തിച്ചു. സ്‌കൂൾ ഇല്ലാത്ത ശനിയാഴ്ചകളിൽ എന്നെ വിളിച്ചുപറഞ്ഞു, തപാലാപ്പീസിൽ പോയി കത്തെടുത്തുവരണം. ഞാൻ കേട്ടു. പക്ഷെ വേഗം പോകാൻ കൂട്ടാക്കാതെ വെറുതെ നേരം കൂട്ടി. എന്റെ ശബ്ദം കേട്ട് താഴെ നിന്ന് വീണ്ടും വിളിച്ചു, നീ ഇതുവരെ പോയില്ലേ?
ഇല്ല. പോകാനിരിക്കുകയാണ്. ഇല്ല എന്ന് ഇതേവരെ അച്ഛന്റെ മുഖത്തുനോക്കി പറഞ്ഞിട്ടില്ല.
അച്ഛന്റെ ശബ്ദം കനത്തു, നിന്റെ സൗകര്യത്തിനാണോ പോക്ക്.
ഞാൻ മറുപടി പറഞ്ഞില്ല. കഴിയുന്നതും കണ്ണിൽപെടാതെ നിന്നു. തപാലാപ്പീസിൽ പോയി പതുക്കെ മാത്രം വന്നു. ഒരുദിവസം അമ്മയോട് പറഞ്ഞു. ഒരു ജോലി വേണം. അതന്വേഷിച്ചു പോകുന്നു. അമ്മ അച്ഛന്റെ അനുവാദം ചോദിച്ചു. അച്ഛൻ ദേഷ്യംകൊണ്ട് കലിതുള്ളി. ദേഷ്യം തീരുന്നതുവരെ പൊതിരെ തല്ലി.
എന്നോട് ചോദിച്ചു, നീ സ്വന്തം കാര്യം തീരുമാനിക്കാനായോ?
അടികൊണ്ട് ഞാൻ തളർന്നു. അമ്മ കണ്ടുനിന്നു. രാത്രി ഞാൻ അമ്മയുടെ മടിയിൽ കിടന്നു. അമ്മ മുടിയിഴകളിലൂടെ വിരലോടിച്ചുതലോടിക്കൊണ്ടിരുന്നു.
ഞാൻ പറഞ്ഞു, നാളെ രാവിലെ എനിയ്ക്ക് പോണം.
അമ്മയുടെ കണ്ണുകൾ നനഞ്ഞു.
അമ്മ പറഞ്ഞു, പൊയ്ക്കോ.

കൂടാളി സ്‌കൂൾ

ഞാൻ കണ്ണൂരിലെത്തി. എവിടെ പോകണം എങ്ങോട്ടു പോകണം എന്നൊന്നും അറിഞ്ഞുകൂടാ. ഒരു ബസിൽ കയറിയിരുന്നു. ബസ് കോട്ടയ്ക്കലെത്തി. കോട്ടയ്ക്കൽനിന്ന് മലപ്പുറത്ത് പോകുമ്പോൾ വടക്കേ മണ്ണറ എന്ന സ്ഥലമുണ്ട്. ഞാൻ അവിടെ ഇറങ്ങി. അമ്മയുടെ നാടായ പൊന്മള അവിടെയാണ്. അമ്മയുടെ അനുജൻ വൈദ്യർ അപ്പുക്കുട്ടി മാമന്റെ വൈദ്യശാല അവിടെയാണ്. ബാലകൃഷ്ണൻ എന്ന പേരുള്ള അപ്പുക്കുട്ടി മാമനെ കണ്ടു. രാത്രി കട പൂട്ടി അമ്മാമന്റെ കൂടെ പൊന്മളയിൽ പോയി. ഞാൻ പിറന്നുവീണ വീട്. കുഞ്ഞുന്നാളിൽ രണ്ടുവർഷത്തോളം കഴിഞ്ഞ വീട്ടിൽ 14 വർഷത്തിനുശേഷം വീണ്ടും എത്തിച്ചേർന്നു.
രാത്രിയായിരുന്നു. വാതിൽ അടച്ചിരുന്നു. അപ്പുക്കുട്ടിയമ്മാമൻ അകത്തേക്ക് വിളിച്ചു പറഞ്ഞു. ഇന്ന് എന്റെ കൂടെ വിരുന്നുകാരനുണ്ട്. ആരാണെന്ന് പറയാമോ?
ഇളയമ്മമാർ അകത്തുനിന്ന് പല പേരുകൾ പറഞ്ഞു.
അല്ല. അല്ല. അല്ല.
വാതിൽ തുറന്നു.
വാതിൽ പടിക്കൽ കുറെ ആളുകൾ. പുറത്ത് ഞാനും മാമനും. എനിയ്ക്ക് അവരെയോ അവർക്ക് എന്നെയോ മനസ്സിലായില്ല. അന്തംവിട്ടു നിൽക്കുന്നതിനിടയിൽ പറഞ്ഞു, രവിയാണ്. കുഞ്ഞിലക്ഷ്മിയുടെ മോൻ. എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. പിറ്റേന്ന് ജനാർദനൻ അമ്മാവൻ എന്നെ കൊണ്ടുപോയി അമ്മയുടെ നാട് കാണിച്ചുതന്നു. ഒരുമാസത്തോളം പൊന്മളയിൽ തങ്ങി. പിന്നെ അവിടം വിട്ടു. പട്ടാമ്പിയിലെത്തി. കടവുകടന്ന് ഗുരുവായൂർ ബസിൽ കയറി. ആദ്യമായി ഗുരുവായൂര് കണ്ടു. അച്ഛന്റെയും മുത്തശ്ശിയുടെയും വാക്കുകളിൽ എന്നും നിറഞ്ഞുനിന്നിരുന്ന ഗുരുവായൂർ. അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചുനിന്ന് അകത്ത് കയറി. ഗുരുവായൂരപ്പനെ തൊഴുതു. ‘ഇനിയുള്ള വഴി കാട്ടിത്തരണേ കൃഷ്ണാ ഗുരുവായൂരപ്പാ’, ഇങ്ങനെ പ്രാർഥിച്ചുനിന്നു. അവിടെ നിന്ന് ബസ്​ കയറി എത്തിച്ചേർന്നത് കാലടിയിൽ ആഗമാനന്ദസ്വാമിയുടെ ആശ്രമത്തിലാണ്. അദ്ദേഹത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു, സന്ന്യസിക്കണമെന്ന് ആഗ്രഹിക്കുന്നു.
സ്വാമി ചോദിച്ചു, വീടില്ലേ?
ഞാൻ പറഞ്ഞു, ഉണ്ട്.
അവിടെ ആരൊക്കെയുണ്ട്?
അച്ഛൻ, അമ്മ, സഹോദരി.
സ്വാമി ഒന്ന് മൂളി. മറ്റൊന്നും പറഞ്ഞില്ല.

തറവാട്ടിലെ ഓരോ ഓണക്കാലത്തും മുത്തശ്ശി അച്ഛനെ കാത്തിരുന്നു. അതുകൊണ്ടുതന്നെ കാഞ്ഞങ്ങാട്ടെ ഓണം മകൻ വരുമെന്നു കാത്തിരുന്ന് നിരാശപ്പെട്ട ഒരമ്മയുടെ ഓണമാണ്. ഭർത്താവിനെ കാത്തുകാത്തിരുന്ന് വേദനയുണ്ണേണ്ടി വന്ന ഭാര്യയുടെ ഓണം.

ആഗമാനന്ദസ്വാമികൾ കാലടിയിൽ ഒരു കോളേജ് തുടങ്ങുന്നതിന്റെ പരിശ്രമത്തിലായിരുന്നു. ഞാൻ ആശ്രമത്തിൽ ചെറിയ പണികളിൽ സഹായിച്ച്​അവിടെ കൂടി. ഒരു ദിവസം എന്നെ അടുത്തേയ്ക്ക് വിളിച്ചു പറഞ്ഞു, അച്ഛനും അമ്മയും വിഷമിക്കും. അതുകൊണ്ട് വീട്ടിലേയ്ക്ക് തിരിച്ചുപോണം.
ഞാൻ അവിടെ നിന്ന്​ മടങ്ങി. വണ്ടി കയറി. കണ്ണൂരിൽ ഇറങ്ങിയില്ല. കൂടാളിയിൽ പോയില്ല. നേരെ ചെന്നത് കാഞ്ഞങ്ങാട്ടായിരുന്നു. മകൻ അച്ഛനോട് പിണങ്ങിപ്പോയ വേദനയിൽനിന്ന് പിറവികൊണ്ടതാണ് പിണങ്ങിപ്പോയ പൊൻമകൻ, കണികാണാൻ എന്നീ കവിതകൾ. കുറ്റബോധം കൊണ്ട് അകംവേവുന്ന ഒരു പിതാവിന്റെ ആത്മവേദനയാണ് ഈ കവിതകളിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

നാട് കൈമോശം വന്ന പറവ

പി.യുടെ മകൾ ലീല രണ്ടുവർഷമാണ് കൊടുവായൂരിലൂണ്ടായിരുന്നത്. അവിടത്തെ ജീവിതവും ചുറ്റുപാടുകളും അതുവരെ അനുഭവിക്കാത്ത പലതരം ജീവിതാനുഭവങ്ങളിലൂടെ അവരെ കൊണ്ടുപോയി. കൊടുവായൂരിലെ അവധിക്കാലങ്ങളിൽ മകൾ അച്ഛനെ കാത്തിരുന്നു. എല്ലാ കുട്ടികളും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കവിയുടെ മകൾ ലീല മാത്രം ഹോസ്റ്റലിൽ തനിച്ചായി.
ലീല അച്ഛനെ കാത്തിരുന്ന ആ നാളുകൾ ഓർക്കുന്നു:
ഹോസ്റ്റലിൽ എത്തിച്ചേർന്നശേഷം മാസങ്ങളോളം അച്ഛനെ ആ വഴിക്ക് കണ്ടതേയില്ല. ഒരു കത്തുപോലും വന്നില്ല. ഹോസ്റ്റൽ താമസത്തിനും പഠനത്തിനുമുള്ള ചെലവ് ആരു കൊടുക്കും? മാനേജർ മന്നാടിയാർ ഫീസ് ചോദിച്ചില്ല. ഹെഡ്മിസ്ട്രസ് രാധാമണി ടീച്ചർ അതേക്കുറിച്ച് ഒരിക്കലും സംസാരിച്ചില്ല. താമസത്തിനും ചെലവിനും പതിനഞ്ചപരൂപ വീതം കോളേജിന്റെ ശ്രമഫലമായി സ്‌റ്റൈപ്പൻറ്​ അനുവദിക്കപ്പെട്ടു. അന്ന് അതൊരു വലിയ തുകയായിരുന്നു.

രാത്രി ഒമ്പതുമണിയായാൽ വാർഡനായ ടീച്ചറമ്മ മണിയടിക്കും. അതോടെ ഹോസ്റ്റലിലെ ഒരോ മുറിയിലെയും തിരിവിളക്കുകൾ അണഞ്ഞുതുടങ്ങും. ലോകമഹായുദ്ധത്തിന്റെ അനന്തരഫലമെന്നോളം ഭക്ഷ്യവസ്തുക്കൾക്ക് അന്ന് വലിയ ക്ഷാമമായിരുന്നു. അരി കിട്ടാനില്ല. മൂന്നുനേരവും ചോളം കൊണ്ടുള്ള ഭക്ഷണം മാത്രം കഴിച്ചു. രാവിലെ ഉപ്പുമാവ്. ഉച്ചയ്ക്കും രാത്രിയും ചോളം കൊണ്ടുള്ള കഞ്ഞി. ഇതുമാത്രം കഴിച്ച് കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭക്ഷണത്തോടുതന്നെ വെറുപ്പായി. രുചി എന്നത് നാവെപ്പോഴോ അറിഞ്ഞ പഴയൊരോർമ മാത്രമായി.
തിരുവോണക്കാലം വന്നു. പറമ്പിലും തൊടികളിലും ഓണപ്പൂക്കൾ വിരിഞ്ഞു. ഹോസ്റ്റലിലെ കുട്ടികളൊക്കെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു. കാഞ്ഞങ്ങാട്ടെ ഓണം മനസ്സിൽ വന്നുനിറഞ്ഞു. അതോർത്തുള്ള വിഷമത്തോടൊപ്പം അച്ഛനെക്കുറിച്ചുകൂടി ഞാനോർത്തു. ചെറുപ്പത്തിൽതന്നെ വീടുവിട്ടുപോയതുകാരണം കാഞ്ഞങ്ങാട്ടുള്ള ഞങ്ങളുടെ ഓണത്തിന്റെ ഓർമകളോടൊപ്പം അച്ഛനുണ്ടായിരുന്നില്ല. അതിനുപകരം പലദേശങ്ങളിലും വിരിഞ്ഞുനിന്ന പേരറിയുന്നതും അല്ലാത്തതുമായ എത്രയെത്ര പൂക്കാലങ്ങളൊക്കെ അച്ഛൻ കണ്ടിരിക്കണം. അവയെക്കുറിച്ച് പാടിയും കുശലം പറ ഞ്ഞും ജന്മനാട്ടിലെ ഓണത്തിന്റെ ഓർമകളൊക്കെയും അച്ഛൻ മറന്നുപോയതായിരിക്കണം.
തറവാട്ടിലെ ഓരോ ഓണക്കാലത്തും മുത്തശ്ശി അച്ഛനെ കാത്തിരുന്നു. അതുകൊണ്ടുതന്നെ കാഞ്ഞങ്ങാട്ടെ ഓണം മകൻ വരുമെന്നു കാത്തിരുന്ന് നിരാശപ്പെട്ട ഒരമ്മയുടെ ഓണമാണ്. ഭർത്താവിനെ കാത്തുകാത്തിരുന്ന് വേദനയുണ്ണേണ്ടി വന്ന ഭാര്യയുടെ ഓണം. പറക്കമുറ്റാത്ത മൂന്നു മക്കൾ ഇതുവരെ എത്തിച്ചേർന്നിട്ടില്ലാത്ത അച്ഛനെ ഓർത്തും മറന്നും കടന്നുപോയ ഓണവും കൂടിയാണത്.

രവീന്ദ്രൻ, രാധ, ബാലാമണി, ലീല. കൂടെ പേരക്കുട്ടിയും

കൊടുവായൂർ കാലത്ത് അച്ഛൻ എപ്പോഴെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാറുണ്ടായിരുന്നു. വീട്ടിലെ മറ്റാർക്കും അറിയില്ല, ഞാൻ എവിടെയാണെന്ന്. അതുകൊണ്ടുതന്നെ ആരും ഇവിടെ എത്തിച്ചേരില്ലെന്ന് എനിയ്ക്കറിയാമായിരുന്നു. വരാനുള്ളത് അച്ഛൻ മാത്രമായരുന്നു. എപ്പോഴും തിരക്കുള്ള അച്ഛൻ. കവിതയുടെ ലോകത്ത് അലഞ്ഞുനടക്കുന്ന അച്ഛൻ. ആകാശത്തോടും ഭൂമിയോടും എപ്പോഴും മിണ്ടിപ്പറയുന്ന അച്ഛൻ. സർവചരാചരങ്ങളോടും അലിവുകാണിക്കുന്ന അച്ഛൻ. എത്ര കാത്തിരുന്നിട്ടും എത്തിച്ചേരാത്ത കവിത പോലെ അച്ഛൻ അക്കാലത്തൊന്നും എന്റെ അടുക്കലേക്ക് എത്തിച്ചേർന്നില്ല.

ഹോസ്റ്റലിൽ തനിച്ചിരിക്കുന്ന ദിവസങ്ങളിൽ പല ഓർമകളും മനസ്സിലേയ്ക്ക് കയറിവരുമായിരുന്നു. രവിയും ഞാനും കൂടി പൂപറിക്കാൻ പോയിരുന്ന കാലം. എന്നെക്കൊണ്ട് കുമ്മിയടിച്ച് നൃത്തം ചെയ്യിക്കാൻ വാശിപിടിച്ച് കരയുന്ന ചെറിയച്ഛന്റെ മകൾ ഇന്ദിര. മുത്തശ്ശിക്കുവേണ്ടി രാവിലെ ചെമ്പരത്തിപ്പൂക്കളും സന്ധ്യയ്ക്ക് തെച്ചിപ്പൂക്കളും ഇറുത്തെടുക്കാൻ കുന്നിൻചെരിവിലേയ്ക്കു പോയ ദിവസങ്ങൾ.

വസന്തത്തിന്റെ പലനിറപ്പൂക്കൾ വിരിയിച്ച് തിരുവോണം വന്നുപോയി. അവധിക്കു വീട്ടിൽ പോയ കൂട്ടുകാരൊക്കെയും തിരിച്ചുവന്നു. വന്നുചേർന്നവർ മധുരം തന്നു. വീട്ടുവിശേഷങ്ങൾ ഓണവിശേഷങ്ങൾ പറഞ്ഞു.
അടുത്ത കൂട്ടുകാരികൾ ചോദിച്ചു, ജുബ്ബയുടെ കീശയിൽ കൽക്കണ്ടം നിറച്ച് നിന്റെ
കവിയച്ഛൻ കൂട്ടാൻ വന്നില്ലേ? ഇനിയെന്ന് വരും?
അച്ഛൻ പറയുന്നതുപോലെ ഞാൻ മനസ്സിൽ പറഞ്ഞു, മരച്ചില്ലയിലിരുന്ന് വിരുന്നുവിളിക്കുന്ന കാക്കയോട് ചോദിക്കൂ. രാത്രിയുടെ മുല്ലമൊട്ടുകളായ നക്ഷത്രങ്ങളോട് ചോദിക്കൂ. കൊടുവായൂർക്കവലയിലെ അരയാലിലകളോടും ആകാശം തൊട്ടുനിൽക്കുന്ന നീലമലകളോടും ചോദിക്കൂ. ഒരുപക്ഷേ, അവർ ഉത്തരം തരുമായിരിക്കും.

‘അമ്മയെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. തറവാട്, തെച്ചിപ്പൂക്കൾ പൂത്തുനിൽക്കുന്ന പടർപ്പുകളൊക്കെയും എത്രയോ ദൂരെ. അവിടെ എത്തിച്ചേരാൻ ഇനിയുമെത്ര കാലം അകലെയാണ് ഞാൻ.’

ഓണം കഴിഞ്ഞ് വിഷു അടുത്തപ്പോൾ മനസ്സിലെ ആകുലത വീണ്ടും പെരുകി. രണ്ടുമാസത്തെ അവധിക്കാലമാണ്. കുട്ടികളെല്ലാം വീട്ടിലേയ്ക്ക് പോകുന്നു. ഞാൻ മാത്രം ഇത്തവണയും ഇവിടെ അവശേഷിക്കുമോ?
കൂട്ടുകാരികൾ നേരത്തേപ്പോലെ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിനിന്നു. അതോടെ മനസ്സ് ആകുലമായിത്തുടങ്ങി.
ഇപ്രകാരം ഞാൻ എന്നോടുതന്നെ പറഞ്ഞു, വരുമെന്നോ ഇല്ലെന്നോ പറഞ്ഞ് അച്ഛനൊരു കത്തെങ്കിലും അയയ്ക്കാമായിരുന്നു. അതുണ്ടായില്ല. കാത്തിരിപ്പ് പാഴാവുന്നു. അതുകൊണ്ട് അങ്ങോട്ടൊരു കത്തയക്കാം. ആരുമില്ലാത്ത ഒരു സന്ധ്യാനേരത്ത് അച്ഛന് കത്തെഴുതാനിരുന്നു.
പ്രിയപ്പെട്ട അച്ഛന്,
ആദ്യത്തെ വരിയെഴുതി.
മേൽവിലാസത്തിൽ പി. കുഞ്ഞാരാമൻ നായർ എന്നും എഴുതിച്ചേർത്തു.

അച്ഛന്റെ മേൽവിലാസം കോളേജിൽ നൽകിയിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ കത്ത് ഹെഡ്മിസ്ട്രസ് വാങ്ങി അയയ്ക്കുകയില്ല. അതറിയാവുന്നതുകൊണ്ട് കത്ത് പുസ്തകത്താളിൽ അടച്ചുവെച്ചു. ഒരിക്കലും ശാപമോക്ഷം കിട്ടാത്തവിധം അത് പുസ്തകത്താളിൽ ഉറങ്ങിക്കിടന്നു.
രക്ഷിതാക്കൾ എത്തിച്ചേരുന്ന മുറയ്ക്ക് കൂട്ടുകാരികളോരോരുത്തരും യാത്രയാവുന്നു. ഇത്തവണയും ആരും വരാനില്ലാത്ത ഞാൻ മാത്രം ഇവിടെത്തനിച്ചാവുന്നു. ടീച്ചറമ്മയോട് മിണ്ടിയും പറഞ്ഞും ദിവസങ്ങൾ കടന്നുപോവുന്നതിനിടയിൽ ഏപ്രിൽ മാസത്തിലൊരു ദിവസം ഹെഡ്മിസ്ട്രസ് എന്നെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു.
ഞാൻ ചെന്നു.
അവരെന്നോട് ചോദിച്ചു, ലീലയ്ക്ക് ഈ നിൽക്കുന്ന ആളെ അറിയാമോ?
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.
വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ.
എനിയ്ക്കയാളെ അറിയില്ലായിരുന്നു.
ഞാൻ പറഞ്ഞു, അറിയില്ല.
ഹെഡ്മിസ്ട്രസ് പറഞ്ഞു, നിന്റെ അമ്മാവനാണെന്നാണ് ഇയാൾ പറയുന്നത്. അമ്മാവനെ കുട്ടിക്കറിയില്ല. പിന്നെങ്ങനെ ഞാൻ നിങ്ങളെ വിശ്വസിച്ച് ഈ പെൺകുട്ടിയെ പറഞ്ഞയക്കും.

വന്നയാൾ പേര് പറഞ്ഞു, സ്ഥലം പറഞ്ഞു. എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞു. കാഞ്ഞങ്ങാട്ട് വന്നു താമസിച്ച കാര്യവും അച്ഛൻ പറഞ്ഞയച്ചതാണ് എന്നുമൊക്കെ വിസ്തരിച്ചു പറഞ്ഞു. അയാൾ പറഞ്ഞതൊക്കെയും ശരിയായിരുന്നു. പക്ഷെ, അദ്ദേഹത്തോടൊപ്പം പോകാനുള്ള അടുപ്പം എനിയ്ക്കോ പറഞ്ഞുവിടാനുള്ള ധൈര്യം കോളേജിനോ ഉണ്ടായിരുന്നില്ല. മന്നാടിയാരും ഹെഡ്മിസ്ട്രസും വന്നയാളെ തിരിച്ചയച്ചു.
മറ്റൊരു ദിവസം അപ്രതീക്ഷിതമായി മന്നാടിയാർ ഒരാളെ ഹോസ്റ്റലിലേയ്ക്ക് പറഞ്ഞുവിട്ടു, വീട്ടിലേയ്ക്ക് ചെല്ലണം.
എന്തിനെന്നറിയാതെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ചെന്നു. മന്നാടിയാറുടെ വീട്ടിലെ കോലായിൽ അച്ഛനിരിക്കുന്നു. അച്ഛനും മന്നാടിയാരും സംസാരിക്കുന്നു. ഞാൻ കാഞ്ഞങ്ങാട്ട് വീട്ടിലെത്താനുള്ള കൊതിയോടെ, സന്തോഷത്തോടെ പതിയെ അച്ഛന്റെ അരികിൽ ചെന്നുനിന്നു.

നന്നേ കോലംകെട്ടുപോയ എന്റെ രൂപം അച്ഛൻ ഒന്ന്​ ഉഴിഞ്ഞുനോക്കി.
അതെ, കണ്ണാടിയിൽ എന്നെ കാണുമ്പോൾ എനിയ്ക്കുതന്നെ സങ്കടം വരുമായിരുന്നു. അത്രമാത്രം ഞാൻ ക്ഷീണിതയായിരുന്നു.
അച്ഛന് എന്നെ കണ്ടിട്ട് അതുതന്നെ തോന്നിയിരിക്കണം.
പക്ഷേ, അതേക്കുറിച്ചൊന്നും അച്ഛൻ ചോദിച്ചില്ല.
അച്ഛൻ പറഞ്ഞു, അമ്മാവൻ വരും. നിന്നെക്കൂട്ടാൻ.
വെക്കേഷൻ കാലത്ത് പൊന്മളയിലേക്ക് പോകണമെന്നുമാത്രമാണ് അച്ഛന് പറയാനുണ്ടായിരുന്നത്. അതോടെ അച്ഛനോടൊപ്പം വീട്ടിൽ പോകാമെന്ന് തോന്നിയ ഒരാഗ്രഹം അപ്പോൾത്തന്നെ കെട്ടടങ്ങി.

അമ്മയെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. തറവാട്, തെച്ചിപ്പൂക്കൾ പൂത്തുനിൽക്കുന്ന പടർപ്പുകളൊക്കെയും എത്രയോ ദൂരെ. അവിടെ എത്തിച്ചേരാൻ ഇനിയുമെത്ര കാലം അകലെയാണ് ഞാൻ.
അച്ഛൻ യാത്രപറയാനൊരുങ്ങി.
ബീഡിക്കനൽ വീണ്​ തുളകുത്തിയ ജുബ്ബ. നിറം മങ്ങിത്തുടങ്ങിയ ഖദർമുണ്ട്. കഴുത്തിൽ നിന്ന് താഴേയ്ക്ക് വീഴാൻ ഊന്നിനിൽക്കുന്ന വേഷ്ടി.
പോകാൻ നേരം അച്ഛൻ എന്നോടുപറഞ്ഞു, ടീച്ചർമാർ പറയുന്നതെല്ലാം അനുസരിക്കണം. കേട്ടോ.
അച്ഛൻ പറഞ്ഞതനുസരിക്കുന്ന കുട്ടിയായി ഞാനത് തലകുലുക്കി കേട്ടു. അച്ഛൻ കൊല്ലങ്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. കൊടുവായൂർ കവലയിൽ നിന്ന് അച്ഛൻ ബസിൽ കയറി. ബസ് കൊല്ലങ്കോട്ടേയ്ക്ക് പാഞ്ഞുപോയി.
അച്ഛൻ പറഞ്ഞതുപോലെ അടുത്ത ദിവസം അമ്മാവൻ വന്നു. പൊന്മളയിലെ അമ്മാവൻ. അമ്മയുടെ മൂത്ത ജ്യേഷ്ഠൻ. ഹെഡ്മിസ്ട്രസിനോടും ടീച്ചറമ്മയോടും ഞാൻ യാത്രപറഞ്ഞു.

കൊടുവായൂരിലെ ആൽത്തറയിൽനിന്ന് ബസിൽ കയറി.
കോട്ടയ്ക്കലേക്കായിരുന്നു യാത്ര. അവിടെ അമ്മാവന് വൈദ്യശാലയുണ്ട്. എന്നെ കൂട്ടാൻ നേരത്തെ വന്നിരുന്ന ചെറുപ്പക്കാരൻ അമ്മാവൻ വൈദ്യശാലയിലുണ്ടായിരുന്നു. കടയടച്ച് എല്ലാവരും കോട്ടയ്ക്കലിനടുത്തുള്ള പൊന്മളയ്ക്ക് പുറപ്പെട്ടു.
അമ്മയുടെ നാടായ പൊന്മളയെപ്പറ്റി അച്ഛനെഴുതിയിട്ടുണ്ട്. അതുപോലെത്തന്നെയായിരുന്നു അവിടം. പച്ചക്കുന്നുകളുടെ പരന്ന കിളിത്തട്ടുകൾ. അഴകു തല്ലുന്ന പാടങ്ങളുടെ പച്ചത്തടാകം. ഇഞ്ചിയുടെയും മഞ്ഞളിന്റെയും കുരുമുളകിന്റെയും നാട്. അമ്മാവൻമാരുടെ കൂടെ നടക്കുമ്പോൾ എനിയ്ക്ക് അമ്മയെ ഓർമ വന്നു. അമ്മ കളിച്ചുനടന്ന ഇടങ്ങൾ, ഇടവഴികൾ.

രാധ, ലീല. പി.യുടെ മക്കൾ

വീടെത്തി. കുഞ്ഞിലക്ഷ്മിയുടെ മൂത്തമകൾ ലീലയെ അടുത്ത ബന്ധുജനങ്ങൾ ആദ്യമായി കാണുന്നു, അവളുടെ പതിനെട്ടാം വയസ്സിൽ. പെട്ടെന്ന് രൂപപ്പെട്ട ഒരാൾക്കൂട്ടത്താൽ പൊടുന്നനെ ഞാൻ വീർപ്പുമുട്ടി. അമ്മയുടെ അനിയത്തിമാർ നാലുപേരും അമ്മാവൻമാരുമടക്കം ആരൊക്കെയോ വീട്ടിലുണ്ട്. അനുജത്തിമാരിൽ ഒരാൾ ജ്യോതിഷം പഠിച്ചു. രണ്ടുപേർ ആയുർവേദം, ഒരനുജത്തി സ്‌കൂൾ ടീച്ചർ. അമ്മാവന്മാർ, ജോത്സ്യം, വൈദ്യം തുടങ്ങിയ കാര്യങ്ങളുമായി ജീവിച്ചുപോരുന്നു.
കാണാൻ കുഞ്ഞിലക്ഷ്മിപ്പോലെന്നെ, ലക്ഷ്മിയുടെ നിറമുണ്ട് എന്നൊക്കെ ആരെക്കെയോ പറഞ്ഞു.
അമ്മൂമ്മ ഒഴികെ മറ്റാരെയും എനിയ്ക്കവിടെ പരിചയമുണ്ടായിരുന്നില്ല. അമ്മൂമ്മ കുറച്ചുകാലം കാഞ്ഞങ്ങാട് വന്നു താമസിച്ചതുകൊണ്ട് അറിയാമായിരുന്നു. അവരുടെ പേര് കല്യാണി എന്നായിരുന്നു. കവിയുടെ കാൽപ്പാടുകളിൽ ഈ അമ്മൂമ്മയെ ഉണ്ണൂലിയമ്മ എന്ന പേരിലാണ് അച്ഛൻ എഴുതിയിരുന്നത്.
ഇളയമ്മമാർ പിന്നാലെ കൂടി വിശേഷങ്ങൾ പലതും ചോദിച്ചു. ഞാനവരോട് മറുപടി പറഞ്ഞു.
എന്റെ സംസാരം കേട്ട് അവർ അന്തിച്ചുനിന്നു.
ഇതെന്തു ഭാഷയാ കുട്ട്യേ?
ചെറിയമ്മ അത്ഭുതപ്പെട്ടു.
ഭക്ഷണം കഴിക്കുമ്പോൾ അടുത്ത് വന്നിരുന്ന് കാഞ്ഞങ്ങാട് വന്ന കാലത്തെ കഥകൾ പറഞ്ഞു. അമ്മാവൻ ചിരിച്ചു: കുട്ടിക്കറിയോ, ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ നിന്റെ മുത്തശ്ശി പറഞ്ഞു, ഇലയെടുത്ത് ചാടാൻ. എന്താണ് കാര്യമെന്നറിയാൻ ഞാൻ നോക്കിനിന്നു. അപ്പോഴുണ്ട് ലക്ഷ്മിയേടത്തി ഇലയെടുത്ത് വെളിയിൽ കൊണ്ടുകളയുന്നു.

എല്ലാവരും അതുകേട്ട് ചിരിച്ചു. ഞാൻ ജാള്യത്തോടെ അവരുടെ മുന്നിൽ നിന്നു. കാഞ്ഞങ്ങാട്ടെ കാര്യങ്ങൾ പറയുമ്പോൾ അമ്മാവൻ പതിവായി പറയുന്ന തമാശയാണതെന്ന് ഇളയമ്മമാർ പറഞ്ഞു. ഇവരോട് എങ്ങനെ സംസാരിക്കണമെന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ നാവിന് വഴങ്ങുന്നവിധം തന്നെ ഞാൻ സംസാരിച്ചു.
പോയിന് ബന്നിന്, ഞാള്, നിങ്ങ, ഏട്ടി എന്നൊക്കെ പറയുമ്പോൾ അവർ പൊട്ടിപ്പൊട്ടി ചിരിച്ചു.
ലക്ഷ്മിയും ഇപ്പോൾ ഇതുപോലെ ആയിട്ടുണ്ടാവും, ഒരു ചെറിയമ്മ നെടുവീർപ്പിട്ടു.

‘‘കുട്ടികൾക്ക് ബാല്യത്തിൽ ഒരുപാട് കഥകൾ കേൾക്കാൻ അവസരമുണ്ടാകും. അതുകേട്ടാണ് ഓരോ ബാല്യവും വളരുന്നത്. അത്തരം കഥകൾ അമ്മ എനിയ്ക്കും പറഞ്ഞുതന്നിട്ടുണ്ട്. പക്ഷെ, അതേക്കാളുമധികമായി മനസ്സിൽ തങ്ങിനിന്നത് അച്ഛനെക്കുറിച്ച് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരുന്ന കഥകളായിരുന്നു.’’

ഞാൻ കൈക്കുഞ്ഞായിരുന്ന കാലത്ത് ആദ്യകാലങ്ങളിൽ അച്ഛനും അമ്മയും പൊന്മളയിൽ താമസിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പ്രസാധകർ അച്ഛന് എഴുതാനുള്ള കരാർ കൊടുക്കും. രാവും പകലുമിരുന്ന് അച്ഛൻ എഴുതിത്തീർക്കും. അതുമായി പ്രതീക്ഷയോടെ കോഴിക്കോട്ടേയ്ക്ക് ചെല്ലും. വരഭിക്ഷ പോലെ അവർ നൽകിയതുമാത്രം ഏറ്റുവാങ്ങി രാത്രി വയൽവഴിയും ഇടവഴിയും താണ്ടി കിതച്ചുകൊണ്ട് കുന്നുകയറി വീട്ടിലേത്തിച്ചേരും.

ഇന്നോർത്തുപോകുന്നു, എന്നെ അച്ഛന്റെ കൈയിൽ കൊടുത്ത ഏതുനേരത്താവാം അച്ഛൻ അമ്മയോടത് പറഞ്ഞിട്ടുണ്ടാവുക? അച്ഛൻ പറഞ്ഞത് ഇന്നും ഓർമകളിൽ വന്നു നിറയുന്നു.
പറവക്കുഞ്ഞിനോട്, മുല്ലമൊട്ടിനോട്, മറ്റു കുട്ടികളോട് ഉള്ളതിൽ കവിഞ്ഞ മമത നിന്റെ കുട്ടിയോട് തോന്നുന്നില്ല. നിന്റെ കുട്ടി മടിയിലിരിക്കുമ്പോഴും മറ്റൊരു കുട്ടിയുണ്ട്. എന്റെ കുട്ടി. ഉണ്ടായതും ഉണ്ടാകുന്നതുമായ കുട്ടികൾ. അതെല്ലാം നിന്റെ കുട്ടികൾ. നീ നോക്കി വളർത്തിക്കൊള്ളണം.
അച്ഛന്റെ മനസ്സിൽ സ്നേഹബന്ധങ്ങൾക്കൊക്കെ ഇടമുണ്ടായിരുന്നു. പക്ഷെ അതിലും എത്രയോ മീതെയായിരുന്നു കവിതയോടുണ്ടായിരുന്ന അഗാധമായ സ്നേഹബന്ധം. കവിത പകർന്നുതരുന്ന എല്ലാറ്റിനോടും അച്ഛൻ ഇതുപോലെ സ്നേഹവും അടുപ്പവും സൂക്ഷിച്ചു. അത് ഏറ്റവും നന്നായി മനസ്സിലാക്കിയത് അമ്മയായിരുന്നു. അച്ഛന്റെ ചെയ്തികളോട് അമ്മ ഒരിക്കലും കലഹിച്ചിരുന്നില്ല. മറ്റൊരു സ്ത്രീക്ക് സാധ്യമല്ലാത്തവിധം സഹിക്കാൻ അമ്മയ്ക്ക് ശക്തിയുണ്ടായതും അതുകൊണ്ടുമാത്രമായിരുന്നു.

വളർന്നപ്പോഴാണ് അച്ഛനെ കണ്ടതും ഇടപഴകിയതും. കുട്ടികൾക്ക് ബാല്യത്തിൽ ഒരുപാട് കഥകൾ കേൾക്കാൻ അവസരമുണ്ടാകും. അതുകേട്ടാണ് ഓരോ ബാല്യവും വളരുന്നത്. അത്തരം കഥകൾ അമ്മ എനിയ്ക്കും പറഞ്ഞുതന്നിട്ടുണ്ട്. പക്ഷെ, അതേക്കാളുമധികമായി മനസ്സിൽ തങ്ങിനിന്നത് അച്ഛനെക്കുറിച്ച് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരുന്ന കഥകളായിരുന്നു. ആൾക്കൂട്ടത്തിലും അടുക്കളപ്പുറത്തും തിണ്ണയിലും വഴിവക്കിലും വെച്ച് അച്ഛനെക്കുറിച്ചുള്ള കഥകൾ കേട്ടു. പാതിയായും മുഴുമിച്ചും കേട്ട കഥകൾ. എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാതെ ജീവിക്കുന്ന ഒരച്ഛന്റെ ചിത്രം. അമ്മയെയും മക്കളെയും മറന്നുപോയ ഒരച്ഛനെക്കുറിച്ചുള്ള കഥയും കെട്ടുകഥകളും പലതും കേട്ടു.

മൂന്നുമാസത്തോളം അന്ന് പൊന്മളയിൽ താമസിച്ചു. അമ്മാവന്മാർ കഷായവും നസ്യവും ലേഹ്യവുമടക്കം ചില മരുന്നുകൂട്ടുകളും മാറിമാറി കഴിപ്പിച്ചു. ഇളയമ്മമാർ ഊട്ടി. നാവിന് നഷ്ടപ്പെട്ട രുചി തിരിച്ചുകിട്ടി. മെലിഞ്ഞ് ഉണങ്ങിയ ശരീരത്തിൽ രക്തപ്രസാദമുണ്ടായി. ക്ഷീണം ഒരുവിധം മാറി.
കുട്ട്യേ നീ ഇപ്പോഴാണ് ഒരു കോലത്തിലായത്.
ഒരു ചെറിയമ്മ പറഞ്ഞു.
കുട്ട്യേ ഇപ്പോഴ് നീ കുഞ്ഞിലക്ഷ്മിയായി. മറ്റൊരു ചെറിയമ്മ പറഞ്ഞു.
കൊടുവായൂരിൽ കോഴ്സ് പൂർത്തിയായിക്കഴിഞ്ഞപ്പോഴും തിരിച്ചുവന്നത് പൊന്മളയ്ക്ക് തന്നെയായിരുന്നു. അന്നാദ്യമായി വന്നപ്പോൾ കൂടെ അയയ്ക്കാതെ പറഞ്ഞുവിട്ട അമ്മാവൻ അന്ന് വീണ്ടും ഹെഡ്മിസ്ട്രസിന്റെ മുമ്പിൽ വന്നുനിന്നു.
ഹെഡ്മിസ്ട്രസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
അമ്മാവനും മരുമകൾക്കും ഇപ്പോൾ പരസ്പരം അറിയാമല്ലോ അല്ലേ? അതുകൊണ്ട് കൂടെ വിടുന്നു.
അതുകേട്ട് ഞാനും അമ്മാവനും ചിരിച്ചു.
പൊന്മളയിൽ എത്തിച്ചേർന്ന് ആറുമാസക്കാലം കഴിഞ്ഞു. പൊന്മള എനിയ്ക്ക് പരിചിതമായി. മൂത്ത അമ്മാമൻ രാമൻ പ്രഗത്ഭനായ വിഷവൈദ്യനായിരുന്നു. തണ്ടും തടിമിടുക്കുമുള്ള ഗൗരവപ്രകൃതക്കാരൻ. വിഷചികിത്സയ്ക്ക് വൈദ്യരെ കൂട്ടാനെത്തിയവരോട് ലക്ഷണം നോക്കി ചികിത്സിക്കാൻ അമ്മാവന് അറിയാമായിരുന്നു. വിഷബാധയിൽ നിന്ന് എത്രയോ പേരെ രക്ഷിച്ചിട്ടിട്ടുണ്ട്. അപൂർവമായി ചിലപ്പോൾ അമ്മാമൻ പറയും, ഞാൻ വന്നിട്ട് കാര്യമില്ല. തിരിച്ചുപോയ്ക്കോളൂ.

ഒരു ദിവസം അമ്മാവൻ എന്നോട് പറഞ്ഞു; ഇവിടത്തെ സ്‌കൂളിൽ ടീച്ചറായി ഇനി കഴിഞ്ഞുകൂടാം.
കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്. എന്താ. അങ്ങനെയാവാം ല്ലേ? അമ്മാവൻ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പറഞ്ഞത്. അതുകേട്ട് ഞാൻ ഒന്നും പറഞ്ഞില്ല. വീടുവിട്ടു പോന്നിട്ട് രണ്ടരവർഷമായി. കാഞ്ഞങ്ങാട്ടേയ്ക്ക് വഴി മനസ്സിൽ നിന്ന് മാഞ്ഞുതുടങ്ങുന്നു. അച്ഛനെ കണ്ട നാളുകൾക്ക് ദൈർഘ്യമേറുന്നു. അമ്മയും രവിയും രാധയും അച്ഛനോടൊപ്പം കൂടാളി വാടകവീട്ടിൽ പാർപ്പ് തുടങ്ങിയിരിക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ എന്തെന്തു മാറ്റങ്ങൾ വന്നിരിക്കുന്നു. എന്നാണ് എനിയ്ക്ക് അവരുടെ അടുത്തെത്താനാവുക?
ഒരു ദിവസം അപ്രതീക്ഷിതമായി അച്ഛൻ വന്നു, കൂടാളിക്ക് പോകാനൊരുങ്ങണം.
ഞാൻ പുറപ്പെട്ടുനിന്നു, സന്തോഷത്തോടെ.
ട്രങ്ക് പെട്ടി അമ്മാവൻ കൈയിലെടുത്തു. അമ്മ പാർത്ത വീടിനോടും അമ്മയുടെ സ്വന്തബന്ധങ്ങളോടും യാത്രപറഞ്ഞു. അച്ഛനും ഞാനും അമ്മാവനും നടന്നു. വലിയമ്മാവൻ പഠിപ്പിക്കാനായി പറഞ്ഞുവച്ച സ്‌കൂൾ കാണുന്നു. ഇതുവരെ ഒരു നോക്കുകൊണ്ടുപോലും കണ്ടിട്ടില്ലാത്ത കുട്ടികൾ. അവരോടെല്ലാം മനസ്സിൽ വിടപറഞ്ഞു. പൊന്മളയിലെ കുന്നിൻചരിവുകളിറങ്ങി. അച്ഛന്റെ കാൽപ്പാടുകൾ കവിതകളായി കുറുകിവീണ വയൽവരമ്പുകളിലൂടെ അച്ഛനൊടൊപ്പം ഞാൻ നടന്നു.

കൂടാളി- ഞാൻ കണ്ടിട്ടില്ലാത്ത മറ്റൊരു നാട്.
അതെവിടെയാവും. അവിടെയെന്താവും?
​ഞങ്ങൾ പാടവരമ്പിലൂടെ നടന്നുകൊണ്ടിരുന്നു. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments