അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

ലത ടീച്ചർ, സിലബസിൽ ഇല്ലാത്ത ഒരു പാഠം

അകം തീരെ ദുർബലമായിരുന്ന ഒരു കാലത്ത് വീണുപോകാതെ എന്നെ അതിവേഗം മുമ്പോട്ട് ചലിപ്പിച്ചതിന് ലത ടീച്ചർക്ക് ഒരു സ്‌നേഹസല്യൂട്ട്...

‘ചന്ദ്രലത സി. ആർ ചന്ദ്ര കോട്ടേജ് നോർത്ത് പറവൂർ'

ഈ അഡ്രസ്സിലേക്ക് എത്ര കത്തുകളാണ് തുരുതുരാ ഞാൻ എഴുതി അയച്ചിരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ജീവിതത്തിൽ അതികഠിനമെന്ന് തോന്നിയിരുന്ന ഒരുതരം ഇരുട്ടിനെ ഞാൻ മറികടന്നത് ഇവർക്ക് ഇങ്ങനെ കത്തുകളെഴുതിയായിരുന്നുവെന്ന് പറയാതിരിക്കാൻ കഴിയില്ല.
ക്ലാസിൽ പഠിപ്പിച്ചതിനേക്കാൾ തെളിച്ചമുള്ള പാഠങ്ങളായിരുന്നു എനിക്ക് ഇവരെഴുതിയിരുന്ന ഓരോ മറുപടികത്തും. ഞാൻ എന്നെ തന്നെ കണ്ടെടുത്തത്, എന്നെ വീണ്ടെടുത്തത് എല്ലാം സ്‌നേഹം നിറഞ്ഞ ഈ വാക്കുകളിലൂടെയായിരുന്നു. അകം തീരെ ദുർബലമായിരുന്ന ഒരു കാലത്ത് വീണുപോകാതെ എന്നെ അതിവേഗം മുമ്പോട്ട് ചലിപ്പിച്ചതിന് ലത ടീച്ചർക്ക് ഒരു സ്‌നേഹസല്യൂട്ട്...

പല ക്ലാസുകളിലായി നമ്മൾ പല വിഷയങ്ങളും പല അധ്യാപകരെയും പഠിക്കും. പഠിച്ച പാഠങ്ങൾ പലതും പരീക്ഷയോടെ ഇറങ്ങിപ്പോകുന്നതുപോലെ അധ്യാപകരും മനസ്സിൽ നിന്ന് പടിയിറങ്ങിപ്പോകും. എന്നാൽ നമ്മുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ചിലരെ തിരിച്ചറിയാൻ നമുക്ക് കാലങ്ങൾ വേണ്ടിവരും. ഒരുപക്ഷേ, അവർ എക്‌സ്ട്രാ ക്ലാസുകളെടുത്ത് സിലബസ് മുഴുവൻ കവർ ചെയ്തവരോ എക്‌സാം ഓറിയന്റഡ് ആയി capsule കൾ തന്നവരോ ആയിരിക്കില്ല. എന്നാൽ ജീവിതത്തെ വിശാലമായ കാൻവാസിൽ നോക്കിക്കാണാൻ പ്രചോദനം തന്നവരായിരുന്നു അവർ.

വീടിനടുത്തുതന്നെയായിരുന്നു ഞാൻ പഠിച്ച യു. പി സ്‌കൂൾ.
വെള്ളം കുടിക്കാനും മാങ്ങ പെറുക്കാനും പുളി പെറുക്കാനുമൊക്കെയായി സ്‌കൂളിലെന്നപോലെ തന്നെ ഞങ്ങളുടെ വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ കുട്ടികളുണ്ടാവുമായിരുന്നു. അതുകൊണ്ട് ഒരു ദിവസം പോലും സ്‌കൂളിൽ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല. ‘കള്ളമടി' ടീച്ചർമാരും കൂട്ടുകാരും കയ്യോടെ പിടിക്കും. അന്നൊക്കെ സ്‌കൂളിൽ വാക്സിൻ എടുക്കുമായിരുന്നു. സൂചി പേടിച്ച് വയറുവേദന, തലവേദന എന്നൊക്കെ പറഞ്ഞ് വീട്ടിൽ കിടന്ന എന്നെ ടീച്ചർമാർ കയ്യോടെ പൊക്കും. കാർത്യായനി ടീച്ചറും ഓമനേച്ചിയും രാധാമണി ടീച്ചറും വത്സല ടീച്ചറും പദ്മിനി ടീച്ചറുമെല്ലാം അന്ന് അമ്മയോളം തന്നെ അടുപ്പവും സ്‌നേഹവുമുള്ളവരായിരുന്നു.

വല്ലാത്തൊരു അനാഥത്വം അനുഭവിച്ച ഒരു കാലമായിരുന്നു. എന്തിനാണ് പഠിക്കുന്നത് എന്ന് ഒരു തോന്നൽ. പത്താം ക്ലാസ്​ വരെ ഞാൻ വളരെ ആക്ടീവ് ആയിരുന്നു. ഈ ഞാൻ പെട്ടെന്ന് എങ്ങനെ ഇത്രമാത്രം ദുർബലമായി, എല്ലാറ്റിൽ നിന്നും ഉൾവലിയുന്ന ഒരു കുട്ടിയായിപ്പോയി എന്ന് എല്ലാവർക്കും അത്ഭുതമായിരുന്നു.

പുതിയ പാഠ്യപദ്ധതിയൊക്കെ വരുന്നതിനുമുമ്പുതന്നെ ക്ലാസിൽ ശാസ്ത്രവിസ്മയങ്ങൾ കാട്ടിത്തന്ന് ഒരു സർക്കസ്സുകാരനെപ്പോലെ കുട്ടികളെ തന്റെ മേശക്കുചുറ്റും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പുത്തലത്ത് ശങ്കരൻ മാസ്റ്റർ. കൂടുതൽ കൂടുതൽ സയൻസ് പഠിക്കാനുള്ള പ്രേരണ തന്ന് മികച്ച അധ്യാപകനായി ഇന്നും ഓർമയിൽ തിളങ്ങി നിൽക്കുന്നു.
പത്താം ക്ലാസിൽ രവീന്ദ്രനാഥ ടാഗോറിന്റെ ഒരൊറ്റ കവിത മാത്രം പഠിപ്പിച്ച് നമ്മുടെ ചിന്തയെ തന്നെ മാറ്റിമറിച്ചുകളഞ്ഞു വി. പി. ബാലൻ മാസ്റ്റർ.
ദൈവം വെളുത്ത വസ്ത്രത്തിലും ദേവാലയങ്ങളിലുമല്ല, പട്ടിണിപ്പാവങ്ങളോടും അധ്വാനിക്കുന്ന വർഗ്ഗത്തോടും ഒപ്പമാണെന്നുമൊക്കെയുള്ള പാഠങ്ങൾ പറഞ്ഞുതന്നു ബാലൻ മാഷ്. അന്നുമുഴുവൻ മാഷിന്റെ ക്ലാസ് മാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. പിറ്റേന്ന് മാഷിന്റെ മലയാളം ക്ലാസിലിരിക്കാമെന്ന ആവേശത്തിൽ സ്‌കൂളിലെത്തിയപ്പോൾ മാഷ് കോഴിക്കോട് ഗവണ്മെൻറ്​ ടി. ടി. ഐലേക്ക് സ്ഥലംമാറിപ്പോയ വിവരമായിരുന്നു അറിയാൻ കഴിഞ്ഞത്. ആ ഒരൊറ്റ ക്ലാസിലൂടെ പുസ്തകങ്ങളുടെ, വായനയുടെ അതിവിശാലമായ ലോകത്തേക്ക് ഞാനറിയാതെതന്നെ എന്നെ തള്ളിവിട്ടു കൊണ്ടാണ് മാഷ് പോയതെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

പത്താംക്ലാസ് കഴിഞ്ഞ് ഗുരുവായൂരപ്പൻ കോളേജിലും മലബാർ ക്രിസ്ത്യൻ കോളേജിലും പ്രീഡിഗ്രിയ്ക്ക് അഡ്മിഷൻ കിട്ടിയെങ്കിലും ചേർന്നത് അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. അന്ന് വി. എച്ച്. എസ്. ഇ തുടങ്ങിയിട്ടേയുള്ളൂ. സയൻസ് ഗ്രൂപ്പ് പഠിക്കുന്നതോടൊപ്പം ഏതെങ്കിലും തൊഴിലും പഠിക്കാം എന്നൊക്കെ പലരും പറഞ്ഞു. എന്റെ ഒരു ക്ലാസിന് മുതിർന്ന, അമ്മാവന്റെ മകൾ സവിതയുടെ പുസ്തകമാണ് പത്താംതരം വരെ ഞാൻ പഠിച്ചുപോന്നത്. മെയ് രണ്ടിന് റിസൾട്ട് അറിഞ്ഞ പിറ്റേന്നുതന്നെ അമ്മാവൻ പയ്യന്നൂരിൽ നിന്ന് ആ പുസ്തകങ്ങളുമായി എത്തും. അവൾ വി. എച്ച്. എസ്. ഇ. ക്ക് ചേർന്ന് ഒന്നാം വർഷം കഴിഞ്ഞപ്പോൾ അതുതന്നെ പഠിക്കാമെന്ന് കരുതി കൂടുതലൊന്നും ആലോചിക്കാതെ എന്നെയും അതിനുതന്നെ ചേർത്തു. പിന്നെ കോഴിക്കോട് നഗരത്തിലേക്ക് പഠിക്കാനായി വിടാൻ എല്ലാവർക്കും പേടിയുമായിരുന്നു. അന്ന് ഇന്നത്തെ കുട്ടികളുടേതുപോലെ ഒരു ചോയ്‌സും ഉണ്ടായിരുന്നില്ലല്ലോ.

Representative Image

അത് വല്ലാത്തൊരു അനാഥത്വം അനുഭവിച്ച ഒരു കാലമായിരുന്നു. എന്തിനാണ് പഠിക്കുന്നത് എന്ന് ഒരു തോന്നൽ. മനസ്സിലാക്കുന്ന ആരും കൂടെയില്ലെന്നൊരു തോന്നൽ. പത്താം ക്ലാസ്സ് വരെ ഞാൻ വളരെ ആക്ടീവ് ആയിരുന്നു. "ബട്ടൺ ഞെക്കിയാൽ പാടുന്ന യന്ത്ര'മെന്നായിരുന്നു അനിയത്തിമാർ എന്നെ കളിയാക്കിയിരുന്നത്. സ്‌കൂളിലെ ആസ്ഥാന ഗായിക... കലാതിലകം... ഈ ഞാൻ പെട്ടെന്ന് എങ്ങനെ ഇത്രമാത്രം ദുർബലമായി, എല്ലാറ്റിൽ നിന്നും ഉൾവലിയുന്ന ഒരു കുട്ടിയായിപ്പോയി എന്ന് എല്ലാവർക്കും അത്ഭുതമായിരുന്നു. എനിക്ക് തന്നെ എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.

അമ്മയ്ക്ക് എന്തോ സുഖമില്ലാതിരുന്ന ഒരു ദിവസം ഞാൻ വല്ലാതെ സങ്കടപ്പെട്ടായിരുന്നു സ്‌കൂളിലെത്തിയത്. രണ്ടാം പിരിയഡിൽ ഞാൻ സ്‌കൂൾ ലാബിൽ തലകറങ്ങി വീണു. എല്ലാവരും ചേർന്ന് എന്നെ സ്റ്റാഫ്‌റൂമിൽ കൊണ്ടുപോയി കിടത്തി. അന്ന് ലത ടീച്ചറും സുജാത ടീച്ചറും ഒക്കെ ചേർന്ന് സ്‌കൂളിന്റെ പിന്നിലൊരു വീടെടുത്ത് താമസിക്കുകയായിരുന്നു. കുറച്ചു ഭേദമായപ്പോൾ ലത ടീച്ചർ എന്നോട് പറഞ്ഞു; ‘ദീപ, ഇന്ന് ക്ലാസിൽ ഇരിക്കണ്ട. നമുക്ക് വീട്ടിലേക്ക് പോകാം.'

എന്റെ കണ്ണ് നിറഞ്ഞത് ടീച്ചർ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു. ടീച്ചർ ജോലിയെക്കുറിച്ചും കുടുംബത്തേക്കുറിച്ചുമൊക്കെ കുറെ സംസാരിച്ചു.
വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ഞാൻ ഇറങ്ങി. ടീച്ചർ ബസ് സ്‌റ്റോപ്പ് വരെ എന്റെ കൂടെ വന്നു.

ടീച്ചർ എന്നെയും കൂട്ടി ഇറങ്ങി. ആ വീട് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. എവിടെയോ ഉള്ള രണ്ടുമൂന്നുപേർ ചേർന്ന് ഒരുക്കിയ ഒരു സ്നേഹവീട്. എന്നോട് ടീച്ചർ കിടക്കാൻ പറഞ്ഞു, ഞാൻ കിടന്നു. അവിടെ കിടക്കുമ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി. ടീച്ചർ ചോറ് തന്നു. ഉച്ചക്ക് സുജാതടീച്ചറും വന്നു. അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. സുജാത ടീച്ചർ പോയപ്പോൾ ലത ടീച്ചർ എന്റെ അടുത്ത് വന്നിരുന്ന് എന്റെ നെറ്റിയിൽ തൊട്ടു: സുഖമുണ്ട്. ഏതായാലും സ്‌കൂൾ വിടുന്ന സമയം വരെ ഇവിടെ റെസ്റ്റ് എടുത്തിട്ട് വൈകുന്നേരം പോയാൽ മതി എന്ന് പറഞ്ഞു.

എന്റെ കണ്ണ് നിറഞ്ഞത് ടീച്ചർ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു. ടീച്ചർ ജോലിയെക്കുറിച്ചും കുടുംബത്തേക്കുറിച്ചുമൊക്കെ കുറെ സംസാരിച്ചു.
വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ഞാൻ ഇറങ്ങി. ടീച്ചർ ബസ് സ്‌റ്റോപ്പ് വരെ എന്റെ കൂടെ വന്നു.

ബസിലിരിക്കുമ്പോൾ മനസ്സ് നിറയെ വെളിച്ചമായിരുന്നു.
ഒരുപാട് പഠിക്കണം, ഒരുപാട് ജീവിതങ്ങൾ കാണണം, ഒരുപാട് ദൂരെ ജോലിക്ക് പോണം, ഇതുപോലെ ഒരു കുട്ടിയുടെ എങ്കിലും കണ്ണീർ തുടക്കണം, വ്യത്യസ്തമായി ജീവിക്കണം... ഇതിൽ എന്തൊക്കെ നടന്നു എന്ന് അറിയില്ല. പിന്നീട് ടീച്ചർ നോർത്ത് പറവൂരിൽ നിന്ന് വീട് മാറി. എന്റെ കത്തുകളൊന്നും ടീച്ചർക്ക് കിട്ടാതായി.

അതിനിടയിലെപ്പൊഴോ ടീച്ചർ തിരുവനന്തപുരത്ത് കെ. പി. അപ്പൻ റോഡിൽ താമസിക്കുന്നുണ്ടെന്നറിഞ്ഞിരുന്നു. ഈയടുത്ത്, തിരുവനന്തപുരത്തെ ഒരു വൈകുന്നേരം ടീച്ചറെ കാണാനായി ഞാൻ അവിടെ തിരഞ്ഞുചെന്നെങ്കിലും കാണാൻ കഴിഞ്ഞില്ല. വികാരങ്ങളുടെ വേലിയേറ്റങ്ങൾ നടക്കുന്ന കൗമാരകാലത്ത് ചിലപ്പോൾ ഒരു വാക്ക്, അല്ലെങ്കിൽ ഒരു നോട്ടം, ഒരു തൊടൽ... ഇതൊക്കെ ധാരാളം മതിയാവും ചിലരെ ജീവിതത്തിലേക്ക് ചേർത്തുപിടിക്കാൻ. നിരവധി കുട്ടികൾ ആത്മഹത്യ ചെയ്യുന്ന ഈ കാലത്ത് പുതിയ അധ്യാപകർക്ക് എന്റെയീ ടീച്ചറെപ്പോലുള്ളവർ ഒരു പ്രചോദനമാവട്ടെ.. എവിടെയെങ്കിലുമിരുന്ന് ടീച്ചർ ഇത് വായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.▮


ദീപ പി.എം.

ഐ ബുക്‌സ് മാനേജിങ്ങ് ഡയറക്ടർ. എഴുത്തുകാരി, സാംസ്​കാരിക പ്രവർത്തക. ആത്മച്ഛായ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments