"ചായക്കട'യിൽ നിന്ന് "ഹോട്ടലി'ലേക്കുള്ള മലയാളിയുടെ ദൂരം ചെറുതാണ്. ഗ്രാമങ്ങളിൽ ചായക്കടകൾ ഉഷാറായിരുന്ന സമയത്തുതന്നെ നഗരങ്ങളിലും പട്ടണങ്ങളിലും ചെറുപട്ടണങ്ങളിലും ലക്ഷണമൊത്ത ഹോട്ടലുകൾ ഉണ്ടായിരുന്നു. അന്ന് പട്ടണങ്ങളിൽ/ നഗരങ്ങളിൽ പോകുന്നവരെ ആകർഷിച്ചിരുന്ന ഒന്ന് അണിഞ്ഞൊരുങ്ങി നിന്നിരുന്ന ഹോട്ടലുകളായിരുന്നു. കറങ്ങുന്ന പങ്കകളും വൃത്തിയും വെടിപ്പുമുള്ള ഇരിപ്പിടങ്ങളും ചെന്നിരിക്കുമ്പോൾ തന്നെ ഗ്ലാസ്സിൽ പകരുന്ന ചൂടുവെള്ളവും മിക്കവാറും വെളുത്ത, വൃത്തിയോടെ തുടച്ചു മിനുസപ്പെടുത്തിയ പ്ലേറ്റും പുതിയ രുചികളും ഒരു ടിപ്പിക്കൽ കേളുനായരോ രാഘവേട്ടനോ കോയയോ കോമുവോ അന്തോണിയോ അല്ലാത്ത ഹോട്ടലുകാരനും എല്ലാം നമ്മുടെ രുചി വേഗംകൂട്ടി.
പൊറോട്ട ചവച്ചെടുത്ത രാഷ്ട്രീയ ഇടം
മുകളിൽ കറങ്ങുന്ന പങ്കകൾ എ.സിയിലേക്ക് മാറുമ്പോഴേക്കും മലയാളികൾ ലോകത്തെ വിവിധ റസ്റ്റോറന്റുകൾ കണ്ട് ഉണ്ടുകഴിഞ്ഞിരുന്നു. യഥാർത്ഥത്തിൽ അപ്പം, പുട്ട്, വെള്ളയപ്പം, ഇഡ്ഡലി, ദോശ, ഇടിയപ്പം, ഉണ്ട, പൊരിച്ചുണ്ട, കപ്പ മുതലായവയുടെ സ്ഥാനചലനത്തിന് പൊറോട്ട ഒരു കാരണമായിട്ടുണ്ട്. വൻ അപവാദങ്ങൾ നേരിട്ടിട്ടും ധാന്യവേസ്റ്റായ മൈദ ( കുറച്ചു ചൂടുവെള്ളം ഒഴിച്ചാൽ പശ) എന്ന് തുടരെത്തുടരെ അപമാനിക്കപ്പെട്ടിട്ടും അതീവ പ്രാധാന്യമുള്ള നടപ്പുകാല ഭക്ഷണ രാഷ്ട്രീയത്തിൽ ബീഫിനൊപ്പം പൊളിറ്റിക്കൽ ആവാനും രാഷ്ട്രീയമായി സ്വന്തം ഇടം രേഖപ്പെടുത്താനും പൊറോട്ടക്ക് കഴിഞ്ഞിട്ടുണ്ട്. പൊറോട്ട തിന്നുന്നവർക്ക് ഉണ്ടായേക്കാവുന്ന അൾസർ അല്ലാത്ത വയറുവേദന, മലബന്ധം, ദഹനക്കുറവ്, സ്ഥിരമായി കഴിച്ചാൽ കോളൻ കാൻസർ എന്നിങ്ങനെയുള്ള രോഗങ്ങളെ ചൂണ്ടി ഹരിത തീവ്രവാദികളോ നോൺവെജിറ്റേറിയനുകളോ ഡോക്ടർമാരോ പേടിപ്പിച്ചപ്പോഴും മലയാളി പൊറോട്ട തിന്നു.
ചായക്കടച്ചുമർ; പഴയ ഫേസ്ബുക്ക്
ചായക്കട/ഹോട്ടൽ നമുക്ക് മറ്റൊരു വീടാണ്. സ്ഥിരം വീട്ടുരുചികളിൽ നിന്ന് മോചനം നേടാനുള്ള ഒരിടം. പഴയകാല സിനിമകളിലെ ചായക്കടകളിൽ നിന്ന് ഭാസിയോ ബഹദൂറോ ശങ്കരാടിയോ പപ്പുവോ ജഗതിയോ വി.ഡി. രാജപ്പനോ കൈലിയുടുത്ത്, ബനിയനിട്ട്, രണ്ടുവര മീശയുമായി സമോവറിനടുത്തുനിന്ന് നമ്മെ ഒളിഞ്ഞുനോക്കി. അറിയപ്പെടുന്ന താരങ്ങളല്ലാത്ത സ്ഥിരം ചായക്കടക്കാരൻ ആവുന്ന ചെറിയ ആർട്ടിസ്റ്റുകൾ പലതരം ചായക്കടകളിലൂടെ ഒരു ഘോഷയാത്രയായി കടന്നുപോയി.
നമ്മുടെ രാഷ്ട്രീയ- വർഗബോധ നിർമാണത്തിൽ (തെറ്റോ ശരിയോ) പഴയ കള്ളിമുണ്ട് ബനിയൻ ചായക്കടക്കാരനും, ബെൽറ്റിൽ കത്തി തേച്ച് പച്ചവെള്ളം തളിച്ച് രോമം വടിക്കുന്ന ബാർബർക്കും പങ്കുണ്ട്.
മികച്ച ചർച്ചാവേദികൾ ആയിരുന്നു ചായക്കടകൾ. തട്ടും തടവുമില്ലാതെ പത്രം ഉറക്കെ വായിക്കുന്നവർക്ക് കേൾക്കുന്നവരുടെ വക ചായയുണ്ട്. അപൂർവം ഒന്നോ രണ്ടോ പേർ അതിനുണ്ടാകും. ഇതേ പത്രംവായനക്കാരൻ ബീഡി തെറുപ്പുകാർക്കും പത്രം വായിച്ചു കൊടുക്കണം. നമ്മുടെ രാഷ്ട്രീയ- വർഗബോധ നിർമാണത്തിൽ (തെറ്റോ ശരിയോ) പഴയ കള്ളിമുണ്ട് ബനിയൻ ചായക്കടക്കാരനും, ബെൽറ്റിൽ കത്തി തേച്ച് പച്ചവെള്ളം തളിച്ച് രോമം വടിക്കുന്ന ബാർബർക്കും പങ്കുണ്ട്. "പറ്റ്' എഴുതുന്ന ചായക്കടച്ചുമരുകളിലേക്ക് കണ്ണയച്ചും അയക്കാതെയും ചായ കുടിച്ചു തീർത്തു വല്ലവിധേനയും കടക്കുപുറത്തിറങ്ങി പലരും കാലം കടന്നുപോയി. പറ്റ് അധികമായാൽ പറ്റുന്നവൻ ചെയ്യുന്ന പഴയ വേലത്തരം ഉണ്ട്.
പണിയായുധങ്ങളുമായി ചായക്കടയിൽ രാവിലെ ഹാജരാകും.
ഇന്ന് പണിയുണ്ടെന്ന് ചായക്കടക്കാരനെ ധരിപ്പിക്കാനുള്ള ലൊടുക്കുവിദ്യയാണിത്. രാവിലെ വയറു നിറക്കുകയും ചായക്കടക്കാരന്റെ വിശ്വാസം മുതലെടുത്ത് അവന്റെ മുമ്പിലൂടെ പണിയായുധവുമായി കടന്ന് പോവുകയും ചെയ്യും. ചോക്കുകൊണ്ടോ ഇഷ്ടികച്ചീള് കൊണ്ടോ സുധാകരൻ പറ്റ്, രാമകൃഷ്ണൻ പറ്റ് ഇത്രയിത്ര എന്നൊക്കെ എഴുതിയിടുന്ന പഴയ ഫേസ്ബുക്കായിരുന്നു ചായക്കടച്ചുമർ. പഴയ വാച്ചുകൾ മിക്കപ്പോഴും പണയമായി ചായക്കടക്കാരന് കിട്ടിക്കൊണ്ടേയിരുന്നു. രൊക്കം കാശു കൊടുക്കുന്നവനും അല്ലാത്തവനും വേണ്ടി നല്ല പാൽ തീ തൊട്ടാൽ കത്തുന്ന വിറകിൽ തിളച്ച് തേയിലയോടും പഞ്ചസാരയോടും ചേർന്നു. സ്ഥിരമായി വരുന്ന ഒരാളുടെ ചായക്കുവേണ്ട കടുപ്പവും മധുരവും അറിഞ്ഞ്, മനസ്സറിഞ്ഞ് ഒതുങ്ങിയ ചുരുങ്ങിയ ശരീരഭാഷയിൽ നിന്ന് രക്ഷപ്പെടാനാവാതെ ഉടമ ചായക്കടക്കാരനായി അഭിനയിക്കുകയും ജീവിക്കുകയും ചെയ്തു. പുട്ടിനുള്ളിലെ നീളൻ മുടികൾ പുറത്തെടുത്ത് പാലം കെട്ടിയും അരിപ്പക്കയിലിന്റെ ആണി നെയ്യപ്പത്തിൽ നിന്ന് കണ്ടെടുത്തും സവാളവടയിലെ തുളയിലൂടെ ലോകത്തെ നോക്കിയും പരിപ്പുവടയെ കമ്യൂണിസ്റ്റാക്കിയും കട്ടൻചായ മാത്രം കുടിക്കുന്ന നിരാശാ ബുദ്ധിജീവികളെയും കമ്യൂണിസ്റ്റുകളെയും അഭിസംബോധന ചെയ്തും ചിലർ മാത്രം ചായക്കടയെ വേറിട്ടു കണ്ടു.
ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഒരു ചായയോടൊപ്പം നമ്മൾ ദൈനംദിന കാര്യങ്ങൾ അവിടെ റിപ്പോർട്ട് ചെയ്തു. കുപ്പി ഗ്ലാസിന്റെയും സ്റ്റീൽ ഗ്ലാസിന്റെയും വേർതിരിവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ചായക്കടകൾ എന്നെപ്പോലെ ഇളമുറക്കാർ കണ്ടിട്ടില്ല. പക്ഷേ, പ്രധാനപ്പെട്ട ആളുകൾ വരുമ്പോൾ സോപ്പുവെള്ളത്തിൽ കഴുകിയെടുക്കുന്ന കുപ്പിഗ്ലാസ് ചായക്കടകളിലും ഉണ്ടായിരുന്നു. പ്രേമം, ഒളിച്ചോട്ടം, കല്യാണം, മരണം, മധ്യസ്ഥത, കൈമാറ്റം, വഴക്ക്, സൗഹൃദം തുടങ്ങി എല്ലാം ചർച്ചചെയ്തും മധുരവും കടുപ്പവും കലർത്തിയും ബോണ്ടയിൽ ഉരുളക്കിഴങ്ങ് നിറക്കുന്നതുപോലെ പഴയ ആളുകൾ നിത്യജീവിതത്തെ ചായക്കടകളിലിരുന്ന് രുചിയോടെ ഭക്ഷിച്ചു. സിനിമാപോസ്റ്ററുകൾക്കും നാടക നോട്ടീസുകൾക്കും അവിടെ ഇടം ഉണ്ടായിരുന്നു. ഇറച്ചിക്കാരനോടും പാൽക്കാരനോടും പച്ചക്കറിക്കാരനോടും "അവത' പറഞ്ഞ് ചായക്കടക്കാരൻ പറ്റുപടിക്കാർക്കിടയിലൂടെ നടന്ന് ചിട്ടി പിടിച്ചും കടംവാങ്ങിയും ഗ്രാമത്തെ ഊട്ടി.
പുതിയ ശീലങ്ങൾ
ഞങ്ങൾ കുട്ടികൾക്ക് ആ ചായക്കടകൾ അന്യമായിരുന്നു. വല്ലപ്പോഴും പിറകിൽ മറച്ചുപിടിച്ച് ഒരു പൊതിയായി എണ്ണപ്പലഹാരങ്ങളിൽ ഏതെങ്കിലും വീട്ടിൽ എത്തുമ്പോൾ മാത്രം ഞങ്ങൾ ആ ചായക്കടകളെ അനുഭവിച്ചു. തൊട്ടു മുൻതലമുറ വിശപ്പിന്റെ കാലത്തിലൂടെയാണ് കടന്നുവന്നത്. എഴുപതുകളുടെ ഏറ്റവും അവസാനം ജനിച്ച ഞാനടക്കമുള്ള കുട്ടികൾ ഞങ്ങളുടെ ഗ്രാമത്തിലെ ചായക്കടകളുടെ അന്ത്യഘട്ടം മാത്രമേ കണ്ടിട്ടുള്ളൂ. മരബെഞ്ചും മേശയും പോയി കുഷ്യനിട്ട കസേരകളും ചിത്രപ്പണി ചെയ്ത മേശകളും വന്നെത്തിയിരുന്നു. ഓല ചായക്കടകളിൽ നിന്ന് പറിച്ചൊട്ടിച്ചതുപോലെ ചായയടിക്കുന്നയാൾ മാത്രം മുഷിഞ്ഞ തോർത്തും ചായക്കറ വീണ ബനിയനുമുടുത്ത് ശൂന്യതയിലൂടെ ചായയെ പറത്തി. ഒരു കൈയിൽ വലിയ അലൂമിനിയക്കപ്പും മറുകയ്യിൽ കുപ്പിഗ്ലാസ്സുമായി ഇരുവായകളിലേക്കും അഭ്യാസിയെ പോലെ അയാൾ ചായ പറത്തുന്നു.
പൊരിച്ച കടികൾ മാത്രം വിറ്റ് കോടീശ്വരൻമാരായ ചിലരെ കൊച്ചിയിലെ ഒരു സുഹൃത്ത് കാണിച്ചുതന്നു. ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും പൊന്നാനിയിലും സഞ്ചരിക്കുമ്പോൾ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്.
ഞാൻ ആദ്യമായി ഓർമയിൽ പതിച്ച "ചായ മാഷു'ടെ കഴുത്തിൽ ഒരു വലിയ സ്വർണമാല ഉണ്ടായിരുന്നു. മിക്കവാറും മേളക്കാരുടെ കഴുത്തിൽ ഇളകാറുള്ളതുപോലെ ചായമാഷുടെ കഴുത്തിലും അത് ഇളകുന്നു. ഇർർ..എന്ന് ചായ വീഴുന്ന താളം അയാൾ ഉൽപാദിപ്പിക്കുന്നത് ഒരു മേളക്കാരനെപ്പോലെ തന്നെയാണ്.
ചില്ലലമാരകളിൽ മഞ്ഞയും ഇളം ചുവപ്പും വെളുപ്പും ഒക്കെ കലർന്ന പലഹാരങ്ങൾ. ചായക്കടയിൽ മുതലാളിയും ചായ അടിക്കുന്ന ആളും വിളമ്പുന്ന ആളും ഒക്കെ ഒന്നായിരുന്നപ്പോൾ, ഈ ഹോട്ടലിൽ കൗണ്ടറും അതിലിരിക്കാൻ ആളുമുണ്ട്. പുതിയ പലഹാര ശീലങ്ങൾ നമ്മുടെ ഗ്രാമത്തിലുമെത്തിക്കഴിഞ്ഞു. എല്ലാറ്റിലുമുപരി ഈ ഹോട്ടലിന് "സ്മാർട്ട് കഫേ' എന്നോ മറ്റോ പേരുണ്ട്. ഒരു കാലത്ത് വടക്കരുടെ മാത്രം അധീനതയിലായിരുന്ന പലഹാരങ്ങളിൽ ഏറെയും തെക്കോട്ടേക്കും സഞ്ചരിച്ചു തുടങ്ങി. "പൊരിച്ച കടികൾ' മാത്രം വിൽക്കുന്ന കടകളുണ്ടായി. അതിന്റെ ഉടമസ്ഥന്മാർ സമ്പന്നരായി. പൊരിച്ച കടികൾ മാത്രം വിറ്റ് കോടീശ്വരൻമാരായ ചിലരെ കൊച്ചിയിലെ ഒരു സുഹൃത്ത് കാണിച്ചുതന്നു. ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും പൊന്നാനിയിലും സഞ്ചരിക്കുമ്പോൾ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്.
എറിയാട്ടെ അസിക്കയുടെ ഹോട്ടൽ
ഒരു പകൽ വീടിനുസമീപം നിന്നു കളിക്കുകയായിരുന്ന എന്റെ കൈപിടിച്ച് ഉപ്പ കവലയിലേക്ക് കൂട്ടി. അപ്രതീക്ഷിതമായിരുന്നു ആ കൊണ്ടുപോകൽ. ഒരു തയ്യാറെടുപ്പും ഇല്ലാതിരുന്ന എന്റെ അഴിഞ്ഞുപോകുന്ന ട്രൗസർ ഒരു തുണിശ്ശീല കൊണ്ട് വട്ടക്കെട്ട് കെട്ടി ഷർട്ട് ഇടീച്ച് കൂടെ നടത്തി. എറിയാട്ടെ പ്രമുഖ ഹോട്ടൽ ആയിരുന്ന അസിക്കയുടെ കടയിലേക്കായിരുന്നു എന്നെ കൊണ്ടുചെന്നത്. പുട്ടിൽ കടലച്ചാർ ഒഴിച്ച് ആരോ എന്റെ മുമ്പിൽ വച്ചു.
അത്യധികം ഘനഗംഭീരമായ ശബ്ദത്തിൽ "ഒരു ചായ' എന്നു പറയുന്ന പുരുഷന്മാരെ ഞാൻ ആരാധനയോടെ നോക്കി. ഞാനും വലുതാകുമ്പോൾ ഹോട്ടലിൽ ഒറ്റക്കുവന്ന് ഇതുപോലെ മീശപിരിച്ച് "ഒരു ചായ' എന്നുറക്കെ പറയുമെന്ന് മനസ്സിൽ വിചാരിച്ചു.
അൽപം കഴിഞ്ഞ് പാലും വെള്ളവും കിട്ടി. പിന്നീടെപ്പോഴും അതാവർത്തിച്ചു. പെങ്ങളുടെ കൂടെ കവലയിൽ പോകാനുള്ള ഉത്സാഹം അസിക്കയുടെ ഹോട്ടലായിരുന്നു. റേഷൻ കടയിൽ ചെല്ലുന്ന ഞങ്ങൾക്ക് ഉപ്പ പുട്ടും കടലയും വാങ്ങിത്തന്നു. ചിലപ്പോഴൊക്കെ പൊറോട്ടയിൽ ചാറൊഴിച്ചത് കിട്ടി. അത്യധികം ഘനഗംഭീരമായ ശബ്ദത്തിൽ "ഒരു ചായ' എന്നു പറയുന്ന പുരുഷന്മാരെ ഞാൻ ആരാധനയോടെ നോക്കി. ഞാനും വലുതാകുമ്പോൾ ഹോട്ടലിൽ ഒറ്റക്കുവന്ന് ഇതുപോലെ മീശപിരിച്ച് "ഒരു ചായ' എന്നുറക്കെ പറയുമെന്ന് മനസ്സിൽ വിചാരിച്ചു. അസിക്കയുടെ ഹോട്ടൽ കൂടാതെ എറിയാട്ടെ കവലയിൽ മണിയൻ, വാസു, ചന്ദ്രൻ എന്നീ സഹോദരന്മാർ നടത്തിയിരുന്ന ഓലച്ചായക്കട ഉണ്ടായിരുന്നു. അതിന്റെ ഓരത്ത് ഒരു കരിശിൻ കമ്പ് നാട്ടി "തുഷാരം' സിനിമയുടെ പോസ്റ്റർ കെട്ടിവച്ചു. കൊടുങ്ങല്ലൂരിൽ മുഗൾ A/C യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കളിച്ചത് റിലീസ് ചിത്രമായ തുഷാരമായിരുന്നു. കാലങ്ങൾക്കിപ്പുറം എറിയാട് നിന്ന് ഓലച്ചായക്കടയും കൊടുങ്ങല്ലൂരിൽ നിന്ന് മുഗൾ A/Cയും അപ്രത്യക്ഷമായി. കരിശിൻ കമ്പ് വലിയ മരമായി പടർന്നു പന്തലിച്ച് കവലയിൽ ഇപ്പോഴും നിൽക്കുന്നുണ്ട്.
പണപ്പയറ്റ് അല്ലെങ്കിൽ ചായക്കുറി
""പ്രിയരേ... എന്റെ പുരപ്പണിയിലേക്ക് പണം ആവശ്യമായി വന്നിരിക്കയാൽ നാളെ വൈകുന്നേരം വാസുവിന്റെ ചായക്കടയിൽ വച്ചു നടത്തുന്ന ചായക്കുറിയിൽ പങ്കെടുത്ത് എന്നെ സാമ്പത്തികമായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.'' എന്ന് ബാലൻ ഒപ്പ്.
ഏറെക്കാലമായി ഇങ്ങനെയൊരു ക്ഷണക്കത്ത് കാണാറില്ല. മിക്ക ഗ്രാമങ്ങളിലും സജീവമായിരുന്ന ഒരു പണമിടപാട് ആയിരുന്നു ചായക്കുറി അല്ലെങ്കിൽ പണപ്പയറ്റ്. ക്ഷണിക്കപ്പെടുന്നവൻ ചായയും അനുബന്ധ കടികളും കഴിച്ച് ബാലന് ചെല്ലേണ്ട വക കവറിലിട്ട് കൊടുത്തു പിരിഞ്ഞുപോകും. അത്തരം ചായക്കുറികളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ട്. അൽപംകൂടി ഉയർന്ന സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നവർ ചായയോടൊപ്പം ഒരു കടി എന്നതിൽനിന്ന് ഉയർന്ന് രണ്ട് കടിയാക്കുകയോ അല്ലെങ്കിൽ പൊറോട്ടയും കറിയിലേക്കും ഉയരുകയോ ചെയ്യും. മുമ്പ് ചായക്കുറി നടത്തിയപ്പോൾ ബാലൻ അങ്ങോട്ട് സഹായിച്ച ആളുകളെയായിരിക്കും ക്ഷണിക്കുക.
ചെല്ലാത്തവരുടെ ലിസ്റ്റിട്ട് അവരെ കവലയിൽ വെച്ച് പരസ്യമായി ചോദ്യം ചെയ്യാനുള്ള അധികാരം ബാലനുണ്ടാകും. ആ ചോദ്യം ചെയ്യലിനായി പെട്രോമാക്‌സും പേറി വരാത്തവരുടെ വീടുകളിൽ വരെ എത്തിയിരുന്ന ചായക്കുറിക്കാരുണ്ട്. ബ്ലേഡ്, പലിശ, പണമിടപാടു സ്ഥാപനങ്ങൾ ഗ്രാമങ്ങളിലും സജീവമായതോടെ ചെറിയ സാമ്പത്തിക പ്രയാസങ്ങളെ മറികടന്നിരുന്ന ചായക്കുറികൾ നിന്നു. തീരെ പാപ്പരാണെന്ന് പൊതുസമൂഹത്തിൽ വെളിപ്പെടുത്താൻ ഇഷ്ടമല്ലാത്തത് കൊണ്ടോ അപമാനം മൂലമോ ചായക്കടകളിൽ നിന്ന് ആ "കുറി' പടിയിറങ്ങിപ്പോയി.
പെണ്ണിന്റെ ഹോട്ടൽ
മികച്ച സാമൂഹിക ബന്ധങ്ങളുടെ ഊട്ടുപുരകളായിരുന്നു ചായക്കടകൾ. ഭക്ഷണത്തെ ജനാധിപത്യവൽക്കരിച്ച അത്തരം ചായക്കടകളിൽ ഒന്നിലാണ് പി. ഭാസ്‌കരന്റെ "കായലരികത്ത്' സംഭവിക്കുന്നത്. പെണ്ണുകെട്ടിന് "കുറി'യെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേയെന്ന് കാമുകിയോടൊരാൾ വലയും തുന്നിക്കൊണ്ട് ചായക്കടയിൽ ഇരുന്നു പാടുന്നു.
പിന്നീട് ഒരുപാട് കാലത്തിനുശേഷമാണ് ചായകുടിക്കാൻ ഒരു പെണ്ണ് ധൈര്യത്തോടെ ചായക്കടയിലേക്ക് കയറിയിരുന്നത്. ഇന്നൊരു ഹോട്ടൽ പെണ്ണിന്റെ കൂടി ഇടമാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ പുരുഷന്മാരെപ്പോലെ ചർച്ച നടത്തി ഊര കഴയ്ക്കുന്നതുവരെ ഇരിക്കാൻ ഇന്നും അവർക്കാവില്ല.
മീൻ പിടിക്കുന്നവന്റെയും ബീഡി തെറുപ്പുകാരന്റെയും കുട നന്നാക്കുന്നവന്റെയും ആശാരിയുടെയും കൊല്ലന്റേയുമൊക്കെ വിശ്രമകേന്ദ്രവും വിനോദകേന്ദ്രവുമായിരുന്ന അന്നത്തെ ചായക്കടകളെ ആ ഒരൊറ്റ ഗാനം പ്രതിനിധീകരിക്കുന്നു. കലർപ്പില്ലാത്ത ബിംബങ്ങളും കെ. രാഘവന്റെ സംഗീതവുമായി ആ പാട്ടിലൂടെ, ഒരു ചായക്കടയിലൂടെ അന്നത്തെ ഊഷ്മളത പാടിത്തരികയാണ് പി. ഭാസ്‌കരൻ ചെയ്തത്.
കരളിന്നുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരവും കയറു പൊട്ടിയ പമ്പരവുമായി പ്രേമം പൂക്കുന്നു. തണ്ടൊടിഞ്ഞ ശീലക്കുടയുടെ കമ്പി പോലെ വലിയുന്നു. ചേറിൽ നിന്ന് വളർന്നു പൊന്തിയ ആ കാമുകി നാണത്തോടെയും എന്നാൽ ധൈര്യത്തോടെയും തന്റെ കാമുകന്റെ പാട്ടു കേൾക്കാൻ ചായക്കടയുടെ മുൻപിൽ നിൽക്കുകയാണ്. അന്ന് ചായക്കടകൾ പെണ്ണുങ്ങളുടെ ഇടം അല്ലാതിരുന്നത് കൊണ്ടുകൂടിയാണ് ഈ പുറത്തുനിൽപ്പ്. അകത്തു നിറയെ ആണുങ്ങളാണ് താനും. ഒരുപക്ഷേ, അവിടെ അടുക്കളയിൽ ഒരു പെണ്ണുണ്ടാകും. എന്നാൽ പിന്നീട് ഒരുപാട് കാലത്തിനുശേഷമാണ് ചായകുടിക്കാൻ ഒരു പെണ്ണ് ധൈര്യത്തോടെ ചായക്കടയിലേക്ക് കയറിയിരുന്നത്. ഇന്നൊരു ഹോട്ടൽ പെണ്ണിന്റെ കൂടി ഇടമാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ പുരുഷന്മാരെപ്പോലെ ചർച്ച നടത്തി ഊര കഴയ്ക്കുന്നതുവരെ ഇരിക്കാൻ ഇന്നും അവർക്കാവില്ല. തോന്നുമ്പോൾ കടന്നുചെന്ന് ഘനഗംഭീരമായ ശബ്ദത്തിൽ "ഒരു ചായ' എന്ന് പറയാനും അവർക്ക് കഴിയില്ല.
എൻ.സി.സി പൊറോട്ട
അർദ്ധപട്ടിണിക്കാരന്റെ വീട്ടിൽ നിന്നുവരുന്ന കുട്ടികൾക്ക് സ്‌കൂളുകളിലെ എൻ.സി.സി ഒരു ആശ്വാസമായിരുന്നു. ആഴ്ചയിൽ രണ്ടുദിവസമാണ് എൻ.സി.സി ഉള്ളത്. പിന്നീടുണ്ടാവുക റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യദിനാഘോഷം എന്നിവയ്ക്കാണ്. അല്ലെങ്കിൽ യുവജനോത്സവത്തിന്. എൻ.സി.സിയിലെ പ്രധാന ആകർഷണം പരേഡിനുശേഷമുള്ള പൊറോട്ടയും കറിയും ആയിരുന്നു. പൊരിവെയിലത്തെ പരേഡ് കഴിഞ്ഞാൽ വിശപ്പ് ആർത്തലച്ചു വരികയായി. അന്നത്തെ അസിക്കയുടെ കടയിലെ പൊറോട്ടയുടെയും ഉരുളക്കിഴങ്ങ് കുറുമയുടെയും രുചി പിന്നീടെന്ത് കഴിച്ചാലും ഉണ്ടായിട്ടില്ല. വിശന്നിട്ട് കഴിക്കുമ്പോൾ രുചിയേറുകയും ആ രുചി തലച്ചോറിലിരുന്ന് വീണ്ടും ചൂടോടെ വിളിക്കുകയും ചെയ്യും. അസിക്കയുടെ ഹോട്ടൽ അടക്കമുള്ള പഴയ കെട്ടിടം കാലത്തിന്റെ പിന്നിലേക്കുമടങ്ങി. ഇപ്പോഴുള്ള ഹോട്ടലുകളിൽ ദേശങ്ങൾ കടന്നുവന്ന പല രുചികളും നമ്മെ വിളിക്കുന്നു. പലവിധത്തിലുള്ള കട്‌ലറ്റുകളും ബീഫ്/ വെജിറ്റബിൾ സമൂസകളും ചിക്കൻ റോളുകളും കിളിക്കൂടും മുട്ടയുടെ പലതരം വിഭവങ്ങളും അതിനുചേർന്ന സോസും ചമ്മന്തിയും മുളകുബജിയും വിവിധതരം ബജികളും വിളയാടുന്നു. വിശപ്പിനെന്നതിലുപരി അലങ്കാരത്തിനായി തീൻമേശകൾക്ക് മുകളിലിരുന്ന് പലപ്പോഴും സ്പർശനം പോലുമേൽക്കാതെ അവ പിന്നാമ്പുറത്തേക്ക് പോകും. ആവശ്യം കഴിഞ്ഞിട്ടും ആർത്തിയെ ശമിപ്പിക്കാനാവാതെ വീണ്ടും നമ്മുടെ തീൻമേശകൾ വിഭവങ്ങളാൽ നിറയുന്നു.
ലോക്ക്ഡൗൺ ചായ
കാമുകീകാമുകന്മാരെപ്പോലെ ചായ കുടിക്കുന്നവനും ചായ ഉണ്ടാക്കുന്നവനും പരസ്പരം കാണാനാകാതെ വിഷമിച്ച കാലമായിരുന്നു കടന്നുപോയത്. അതിരാവിലെ കവലയിലേക്കിറങ്ങി രണ്ടോ മൂന്നോ ഹോട്ടലുകളിൽനിന്ന് പലവിധത്തിലുള്ള ചായകൾ പരീക്ഷിക്കുന്നവൻ വല്ലാത്ത ദുരിതത്തിൽ പെട്ടു. വീട്ടിൽ എത്ര തിളച്ചാലും കുടിച്ചാലും മതിവരാത്തവർ വിഷാദത്തിലാണ്ടുപോയി.
ലോക്ക്ഡൗൺ ദിനങ്ങൾക്കിടയിൽ എവിടെയൊക്കെയോ കുഞ്ഞു വണ്ടിക്കടകളോ ചെറിയ പീടികകളോ തുറന്നുവെന്നറിഞ്ഞാൽ പൊലീസിനെ വെട്ടിച്ച് അവിടേക്ക് പാഞ്ഞു. പലരും പിടിക്കപ്പെട്ടു. വായിച്ചും എഴുതിയും ചെടി നട്ടും പാചകം ചെയ്തും നിർബന്ധിത ജയിൽ മറികടക്കാൻ ആദ്യദിനങ്ങളിൽ എല്ലാവരും ശ്രമിച്ചു. പതിയെ ലോകത്തിന്റെ വാതിൽ എവിടെയോ നിന്ന് ആരോ അടച്ചുവെന്നെല്ലാർക്കും മനസിലായി. ചായക്കടക്കാർ, കൈവേല, കൂലിപ്പണിക്കാർ, ഓട്ടോറിക്ഷക്കാർ, മത്സ്യത്തൊഴിലാളികൾ, കച്ചവടക്കാർ, ചെറിയ കലാകാരന്മാർ എല്ലാം തങ്ങളുടെ വ്യവഹാരമേഖലയിൽ നിന്ന് പുറത്താക്കപ്പെടുകയും അനിശ്ചിതത്വത്തിന്റെ അകത്തേക്ക് ആനയിക്കപ്പെടുകയും ചെയ്തു. യുദ്ധവും ക്ഷാമവും രോഗവും നമ്മുടെ ഭാവുകത്വ പരിസരത്തെ പുതുക്കുകയും ഭാഷയിലേക്ക് മറഞ്ഞുകിടന്ന പല വാക്കുകളെയും എറിഞ്ഞു തരികയും ചെയ്യും. ലോക്ക്ഡൗൺ, ക്വാറന്റയിൻ, മാസ്‌ക്, റൂട്ട് മാപ്പ് എന്നീ വാക്കുകൾ കുറച്ചുകൂടി പോപ്പുലറായി. പലരുടെയും റൂട്ട് മാപ്പ് തേടി പാപ്പരാസികളായ നാം പൊതുസമൂഹത്തിന്റെ ആകാംക്ഷ നിലനിർത്തി.
യഥാർത്ഥത്തിൽ മനുഷ്യരുടെ കൂട്ടപ്പാലായനം തീർന്നിട്ടേയില്ലെന്നാണ് തോന്നുന്നത്. പല തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യർ തെരുവുകച്ചവടക്കാരായി വേഷം മാറുകയും അലയുകയുമാണ്. പ്രവാസികളും ഇടത്തരം ജോലികൾ എടുത്തിരുന്നവരും ഹോട്ടൽ ജോലിക്കാരും ബസ് ജോലിക്കാരും ചെറിയ കടകളിലെ സെയിൽസ്മാൻമാരും പലപ്പോഴും ഉടമസ്ഥരും തെരുവിലുണ്ട്. തങ്ങൾക്ക് വിൽക്കാനാവുന്നതെന്തും അവർ തെരുവുകളിൽ നിന്ന് വിൽക്കുന്നു.
ഈയടുത്ത് കോഴിമുട്ട വിൽക്കുന്ന താടിയും തൊപ്പിയും അണിഞ്ഞ ഉസ്താദുമാർ ഒരു കൗതുകക്കാഴ്ചയായി മുന്നിൽ വന്നു. പണ്ട് അവർ കോഴിമുട്ടയിൽ അറബി അക്ഷരങ്ങൾ എഴുതി മന്ത്രിച്ചൂതി വീട്ടതിരിൽ കുഴിച്ചിടാനോ, രോഗിയുടെ തലയിലുഴിഞ്ഞ് വെള്ളത്തിൽ ഒഴുക്കാനോ പറഞ്ഞിരുന്നതാണ് അത് കണ്ടപ്പോൾ ഓർമ വന്നത്. നല്ലൊരു ശതമാനം മനുഷ്യരും തെരുവിൽ അന്നം കണ്ടെത്തുന്ന കാഴ്ചകളിലേക്ക് വൈറസ് നമ്മെ കൊണ്ടുപോകുന്നു. ലോക്ക്ഡൗൺ കാലത്ത് പൂട്ടിയ പല ഹോട്ടലുകളും പിന്നീട് തുറന്നില്ല. ഹോട്ടലുകളെന്നല്ല, പല സ്ഥാപനങ്ങളും എന്നെന്നേക്കുമായി അടച്ചു. പാചകവാതകത്തിന്റെയും പെട്രോളിന്റേയും വില ഇടത്തരക്കാരെയും താഴെയുള്ളവരെയും ദുരിതത്തിന്റെ ആഴത്തിലേക്ക് കൊണ്ടുപോവുകയാണ്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടലിന്റെ ഉടമയെ ഈയടുത്ത് തെരുവിൽ കണ്ടുമുട്ടി.
യഥാർത്ഥത്തിൽ മനുഷ്യരുടെ കൂട്ടപ്പാലായനം തീർന്നിട്ടേയില്ലെന്നാണ് തോന്നുന്നത്. പല തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യർ തെരുവുകച്ചവടക്കാരായി വേഷം മാറുകയും അലയുകയുമാണ്.
അയാളുടെ ഹോട്ടൽ ഇപ്പോഴൊരു വാനിനകത്താണ്. വിഭവങ്ങളൊക്കെ പഴയതുപോലെതന്നെ. എളുപ്പം വിൽക്കാവുന്ന കുറച്ച് ഭക്ഷണ സാധനങ്ങളുമായി രാവിലെ അയാളിറങ്ങും. ഡ്രൈവറും സപ്ലൈയറും ക്യാഷ്യറുമൊക്കെ അയാൾ തന്നെ. മിക്കവാറും അഞ്ചോ ആറോ പേരെടുത്തിരുന്ന ജോലി ഇപ്പോളയാൾ ഒറ്റക്കുചെയ്യുന്നു. നൂറുരൂപക്ക് ചിക്കൻ ബിരിയാണി. മുഴുവൻ വിറ്റ് തീർന്നില്ലെങ്കിൽ ബിരിയാണിയുടെ വില നേർപകുതിയിലേക്ക് വരും. 25 രൂപക്ക് ഊണ്. അഞ്ചുരൂപയുടെ ചെറുകടികൾ. ചായ മാത്രമില്ല. ഇടക്കിടക്ക് ഗ്യാസ് കത്തിക്കേണ്ട എന്നയാൾ ചുരുങ്ങിയതാണെന്ന് മനസ്സിലായി. തെരുവുമാർക്കറ്റ് എന്നും പുരുഷന്റെ ലോകമായതിനാൽ അവിടെ ഒരുപാട് സ്ത്രീ കച്ചവടക്കാരെ നമ്മൾ കാണുകയില്ല. ഹോട്ടലടുക്കളകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളും സ്ത്രീകളുടെ തന്നെ ചെറുസംഘങ്ങൾ തുടങ്ങിയ തീൻശാലകളും കൊറോണയാൽ കൂടുതൽ വിഷമിച്ചിരിക്കും. ലോക്ക്ഡൗണിനുശേഷം സജീവമായ, പ്രതിസന്ധിയിലും പിടിച്ചുനിന്ന തീൻമേശകളിലേക്ക് ആളുകളെത്തിത്തുടങ്ങുന്നതേയുള്ളൂ. മാസ്‌കില്ലാതെ ആളുകൾ ശ്വസിച്ച് തുടങ്ങുന്ന ദിവസത്തിലേക്ക് പഴയ മണങ്ങളെല്ലാം വന്നെത്തുമായിരിക്കാം.▮