വലിയ ദർശനങ്ങളും ചെറിയ സ്വപ്നങ്ങളുമുള്ള മനുഷ്യനായിരുന്നു ചെറുവയൽ രാമൻ. വിസ്മൃതിയിലേക്കും അവിടെനിന്നും വംശനാശത്തിലേക്കും നീങ്ങിത്തുടങ്ങിയ നെൽവിത്തുകൾക്ക് പുതിയൊരു ജീവൻ നൽകിയ ജൈവമനുഷ്യൻ. ഓരോ വിത്തിലും ഒരു ദേശവും കാലവും കാലാവസ്ഥയും മണ്ണും കൃഷിയറിവും ജീവിതചര്യയും ഒളിഞ്ഞിരിക്കുന്നുവെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച രാമേട്ടൻ വിടവാങ്ങുമ്പോൾ, നമുക്ക് നഷ്ടമാകുന്നത് ഒരു കർഷകനെ മാത്രമല്ല, മണ്ണിനെ മനസ്സിൽ കൊണ്ടുനടന്ന ഒരു അപൂർവ്വ മനുഷ്യനെക്കൂടിയാണ്.
നമ്മളെപ്പോഴും വിപണിയെക്കുറിച്ച് ചിന്തിച്ചപ്പോൾ രാമേട്ടൻ മണ്ണിനേയും വിത്തിനെയും കുറിച്ച് ചിന്തിച്ചു. ഒരു വിത്തും രാമേട്ടൻ കറൻസിയിലേക്ക് പരിഭാഷപ്പെടുത്തിയില്ല. "എന്റെ ആത്യന്തികമായ സ്വപ്നം മരുഭൂമിയിൽ വിത്തുകൾ പാകുക എന്നതാണ്" എന്നു പറഞ്ഞത് മസനോബു ഫുകുവോകയാണ്. മരുഭൂമികളിൽ സസ്യലതാദികൾ വളർത്തുക എന്നതിനർത്ഥം മനുഷ്യരുടെ ഹൃദയങ്ങളിൽ വിത്തുകൾ പാകുക എന്നത് തന്നെയാണ് എന്ന ഫുകുവോകയുടെ ദർശനം തന്നെയാണ് മറ്റൊരുതരത്തിൽ രാമേട്ടനിലും നിറഞ്ഞുനിന്നത്.
അതുകൊണ്ടുതന്നെ പല കർഷകരും വിപണിയുടെ താൽപര്യങ്ങൾക്കനുസരിച്ച് തങ്ങളുടെ കൃഷി മാറ്റിയപ്പോഴും തലമുറകൾ കൈമാറി തന്നിലെത്തിയ നെൽവിത്തുകളെ കൈവിടാൻ ഈ ആദിവാസി കർഷകൻ തയ്യാറായില്ല. കണ്ടൽക്കാടുകൾക്കിടയിൽ ജീവിച്ച പൊക്കുടനെപ്പോലെ ഈ മനുഷ്യൻ നെൽവിത്തുകൾക്ക് ജീവൻ പകർന്ന് അവക്കിടയിൽ ജീവിച്ചു.

രാമേട്ടന് 'വാൾഡൻ' എഴുതിയ ഹെൻറി ഡേവിഡ് തോറോയോ, പ്രകൃതിയോട് ചേർന്നുനിന്ന കർഷകനായ ഫുകുവോകയോ തന്റെ വായനയിലൂടെ പരിചിതമായ പേരുകളാവാനിടയില്ല, കാരണം അദ്ദേഹം വായിച്ചത് വിത്തുകളെയാണ് പുസ്തകങ്ങളല്ല. എന്നാൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനെക്കുറിച്ചുള്ള ചെറുവയൽ രാമന്റെ ദർശനങ്ങളും പ്രവർത്തനങ്ങളും ഇവരുടെയൊക്കെ ആശയങ്ങളോട് ചേർത്തുവെച്ചുവേണം മനസ്സിലാക്കാൻ.
പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളിൽ മനുഷ്യനുള്ള ഇടപെടലുകൾ കുറയ്ക്കാനാണ് ഫുകുവോക ശ്രമിച്ചത്; അതേസമയം, മണ്ണ് സ്വന്തമാക്കുകയും അതിനെ കേവലമൊരു ആസ്തിയായി കാണുകയും ചെയ്യുന്ന മനുഷ്യന്റെ പ്രവണതകളെ തോറോ ചോദ്യം ചെയ്തു. അതുതന്നെയായിരുന്നു ഈ മനുഷ്യന്റെയും ദർശനം. ആധുനിക കൃഷിരീതികൾ (കൃഷിക്കാരും) ഉപേക്ഷിച്ചുപോയ വിത്തുകൾ സംരക്ഷിക്കുന്നതിനും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം തന്നെ സമർപ്പിച്ചു.
ഒരർത്ഥത്തിൽ പ്രകൃതിയെ പരിപാലിക്കുകയെന്നാൽ വാസ്തവത്തിൽ എന്താണെന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഈ മൂന്നുപേരും വ്യത്യസ്ത രീതികളിൽ നമ്മെ പ്രേരിപ്പിക്കുന്നു. സംരക്ഷിക്കപ്പെടുന്ന ഒരു വിത്ത് എന്നത് മറ്റൊരു ഋതുഭേദത്തിനായി സൂക്ഷിച്ചുവെക്കുന്ന വിള മാത്രമല്ല; അതിൽ ജൈവ, ജനിതക വൈവിധ്യവും ഒരു പ്രദേശത്തിന്റെ ഓർമ്മകളും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട അറിവുകളും അടങ്ങിയിരിക്കുന്നു എന്ന് രാമേട്ടന് അറിയാമായിരുന്നു. അദ്ദേഹം ഒരു പരമ്പരാഗത വിത്തിനത്തെയും സ്വന്തമാക്കിയില്ല. അവ തന്റെ കൃഷിയിടത്തിൽ നിലനിർത്തുകയും മറ്റ് കർഷകർക്ക് കൈമാറുകയും ചെയ്തതിലൂടെ, വിത്തുകളുടെ സംരക്ഷണം എന്ന ആശയത്തെ അദ്ദേഹം ജൈവ പ്രക്രിയയാക്കി മാറ്റി. കഴിഞ്ഞകാലത്തുനിന്നും പരമ്പരാഗതമായി തനിക്ക് ലഭിച്ചവയെ മാത്രമല്ല, ഭാവി തലമുറയ്ക്ക് ആവശ്യമായി വന്നേക്കാവുന്ന സാധ്യതകളെക്കൂടി അദ്ദേഹം സംരക്ഷിച്ചു.

ഇതിൽ രസകരമായ ഒരു കാര്യം, സ്വന്തം വയലിൽ വളർത്തിയ നെല്ലിനങ്ങളുടെ വിത്തുകൾ, അത് ആവശ്യപ്പെട്ടെത്തുന്ന കർഷകർക്ക് സൗജന്യമായി നൽകുമ്പോൾ അദ്ദേഹം വെച്ച ഉപാധികളാണ്: വിളവെടുപ്പിനുശേഷം അതേ അളവിൽ അവ തിരികെ നൽകണം, കൃഷി തുടരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. ഇങ്ങനെ വിത്തുകൾ കൈമാറുന്നതിലൂടെ അവയുടെ കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും അതുവഴി അടുത്ത തലമുറയിലേക്കുള്ള കൈമാറ്റം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം വിശ്വസിച്ചു. ഒരു വ്യക്തിയുടെ ശേഖരമായി ഒതുങ്ങേണ്ടിയിരുന്ന പൈതൃകത്തെ കർഷകർക്കിടയിൽ പങ്കുവെക്കാവുന്ന പൊതുസമ്പത്താക്കി മാറ്റുകയായിരുന്നു അദ്ദേഹം. കൃഷി ഒരു കൂട്ടായ്മയാണ്. കാഴ്ചപ്പാടുകളുടെ കൂടി കൂട്ടുകൃഷിയായിരുന്നു രാമേട്ടൻ പിന്തുടർന്നത്.
രാമേട്ടന്റെ കാർഷികവൃത്തിയുടെ പ്രാധാന്യം അന്യംനിന്നു പോകുന്ന വിത്തുകളുടെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു വിത്തിനെ നിലനിർത്തുക എന്നത് അതുമായി ബന്ധപ്പെട്ട കൃഷിയറിവും കാലാവസ്ഥയോടു ചേർന്നനിൽക്കുന്ന കാർഷികരീതികളൂം പ്രകൃതിക്കിണങ്ങിയ ഭക്ഷണസംസ്കാരവും സംരക്ഷിക്കുക എന്നത് കൂടിയാണ്.
ഭൂമി ചൂഷണം ചെയ്ത് തീർക്കാനുള്ളതല്ലെന്നും, കൃഷിയിൽ നിന്നുള്ള താൽക്കാലികവും ക്ഷിപ്രവുമായ നേട്ടങ്ങൾക്കപ്പുറം നമുക്ക് ഉത്തരവാദിത്തങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഒരുപക്ഷേ, രാമേട്ടന്റെയും തോറോയുടെയും ഫുകുവോകയുടെയും ജീവിതങ്ങളേയും ആശയങ്ങളേയും ചേർത്തുവെക്കുന്നത്. തീർച്ചയായും ഒരു വിത്തിന്റെ യഥാർത്ഥ മൂല്യം അതിൽനിന്ന് ഇന്ന് കിട്ടുന്ന വിളയിൽ മാത്രമല്ല, മറിച്ച് അത് നാളേക്കായി അവശേഷിപ്പിക്കുന്ന സാധ്യതകളിലും കൂടിയാണ് കുടികൊള്ളുന്നത്.
കൃഷിയിൽ വാണിജ്യതാല്പര്യങ്ങൾ ശക്തിപ്രാപിച്ചപ്പോൾ ഉയർന്ന വിളവ് ലക്ഷ്യമിട്ടുള്ള കൃഷിരീതികളും അതിനനുസരിച്ച് വികസിപ്പിച്ചെടുത്ത വിത്തുകളും വ്യാപകമായി. അതോടെ പ്രാദേശിക നെല്ലിനങ്ങൾ പലതും കൃഷിയിടങ്ങളിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ കർഷകർ ഉപേക്ഷിച്ച അവയെ ചെറുവയൽ രാമൻ ഉപേക്ഷിച്ചില്ല. തന്റെ കൃഷിയിടത്തിൽ ഈ മനുഷ്യൻ അമ്പതിലേറെ പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്ത് സംരക്ഷിച്ചു. അപൂർവമായ വിത്തുകൾ കണ്ടെത്തി അവയുടെ ജൈവികമായ തുടർച്ച ഉറപ്പാക്കി. മാത്രമല്ല നെല്ലിനങ്ങൾക്കൊപ്പം പരമ്പരാഗത പച്ചക്കറികളും ഔഷധസസ്യങ്ങളും വൃക്ഷങ്ങളും വളർത്തിയ അദ്ദേഹത്തിന്റെ കൃഷിയിടം സസ്യവൈവിധ്യത്തിന്റെ സജീവ ശേഖരമായി മാറി.
രാമേട്ടന്റെ കാർഷികവൃത്തിയുടെ പ്രാധാന്യം അന്യംനിന്നു പോകുന്ന വിത്തുകളുടെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു വിത്തിനെ നിലനിർത്തുക എന്നത് അതുമായി ബന്ധപ്പെട്ട കൃഷിയറിവും കാലാവസ്ഥയോടു ചേർന്നനിൽക്കുന്ന കാർഷികരീതികളൂം പ്രകൃതിക്കിണങ്ങിയ ഭക്ഷണസംസ്കാരവും സംരക്ഷിക്കുക എന്നത് കൂടിയാണ്. ഓരോ പ്രദേശത്തിന്റെയും പരിസ്ഥിതിയുമായി ഇണങ്ങിവളർന്ന വിത്തുകൾ ഭാവിയിലെ കൃഷിക്ക് നൽകുന്ന സാധ്യതകളും അദ്ദേഹം തന്റെ ജീവിതത്തിലൂടെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. സാമ്പത്തിക താല്പര്യങ്ങളിലൂന്നിയ നമ്മുടെ ഏകീകൃത കൃഷിരീതികൾക്കിടയിൽ പ്രാദേശിക വൈവിധ്യത്തിന്റെ മൂല്യം തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചു.
അഞ്ചാം ക്ളാസിൽ പഠിപ്പ് നിർത്തിയ രാമേട്ടന് വയലായിരുന്നു തന്റെ സർവ്വകലാശാല. തലമുറകളായി കൈമാറിവന്ന കൃഷിരീതികളും വിത്തുകളുടെ പ്രത്യേകതകളും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം പഠിച്ചെടുത്തു. ആ അറിവാകട്ടെ, പിന്നീട് അപൂർവമായൊരു കാർഷിക പൈതൃകത്തിന്റെ സംരക്ഷണത്തിന് അടിത്തറയായി.
മണ്ണിനെയറിഞ്ഞ മനുഷ്യനായിരുന്നു ചെറുവയൽ രാമൻ. മനസ്സുകളെയിറഞ്ഞ മനുഷ്യനും. അദ്ദേഹം ഓർമ്മയാകുമ്പോൾ അദ്ദേഹത്തിന്റെ കൃഷിയിടവും വിത്തുകളും സമൂഹത്തിനു നേരെ വളരെ പോസിറ്റീവായ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഒരു മനുഷ്യൻ തന്റെ ആയുഷ്കാലത്തിനിടെ വളർത്തിയെടുത്ത് സംരക്ഷിച്ച വിത്തുകൾ നാളേക്ക് വേണ്ട സ്മാരകങ്ങളായി നിലനിർത്തുക എന്നതാണത്.
അദ്ദേഹത്തിന്റെ കൃഷിയിടം കർഷകർക്ക് മാത്രമല്ല, വിദ്യാർഥികൾക്കും ഗവേഷകർക്കും സന്ദർശകർക്കുമെല്ലാം ഒരു പഠനകേന്ദ്രമായിരുന്നു. പുസ്തകങ്ങളിൽനിന്നുമാത്രം അറിയാവുന്ന പരമ്പരാഗത കൃഷിയെ നേരിൽ കണ്ടും അനുഭവിച്ചും അറിയാനുള്ള അവസരം അവിടെ ലഭിച്ചു. ജൈവവൈവിധ്യസംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ- അന്തർദേശീയ വേദികളിലും അദ്ദേഹം കേരളത്തിലെ കർഷകരുടെ അനുഭവങ്ങൾ പങ്കുവെച്ചു. പരമ്പരാഗത കൃഷിയുടെയും നാടൻ വിത്തുകളുടെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായി.

കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും കൃഷിയിലെ അനിശ്ചിതത്വങ്ങളും ലോകമെമ്പാടും ആശങ്കയാകുന്ന കാലത്ത്, പ്രാദേശിക വിത്തുകളുടെ സംരക്ഷണത്തിന് കൂടുതൽ പ്രസക്തിയുണ്ട്. ചെറുവയൽ രാമന്റെ ജീവിതം മുന്നോട്ടുവെച്ച ചോദ്യം അതുകൊണ്ടുതന്നെ ഇന്നും പ്രധാനമാണ്: കൃഷിയുടെ ഭാവി കൂടുതൽ വിളവിന്റെ അളവിൽ മാത്രം ഒതുങ്ങുന്നതാണോ? ഒരു വിള മണ്ണിനും പ്രകൃതിക്കും വരുംതലമുറകൾക്കും കൈമാറുന്ന ഭൗതികമല്ലാത്ത സമ്പത്തിന്റെ അടിസ്ഥാനത്തിലുംകൂടി അതിനെ വിലയിരുത്തേണ്ടതല്ലേ?
ചെറുവയൽ രാമന് പത്മശ്രീ അടക്കം പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ കേരളം ഓർക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും കൗതുകമാർന്ന ഒരു കാര്യം, പ്രിയങ്കാ ഗാന്ധിയുമൊത്ത് വയലിലൂടെ അദ്ദേഹം നടക്കുന്ന ചിത്രമാണ്. അവരെ സ്വന്തം മകളായി വിശേഷിപ്പിച്ച ഈ പച്ചമനുഷ്യനെ അവർ തന്റെ 'മലയാളി അച്ഛൻ' എന്ന് വിളിക്കുമായിരുന്നു. അവരുമായുള്ള സംസാരങ്ങളിലെല്ലാം അദ്ദേഹം പങ്കുവെച്ച ഒരു കാര്യം, തന്റെ സമൂഹത്തിന് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കണമെന്ന് തന്നെയായിരുന്നു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളും മറ്റും പ്രിയങ്കയ്ക്ക് കാണിക്കുമ്പോൾ തന്റെ സഹജീവികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഇല്ലാതെപോയതിന്റെ വേദന അദ്ദേഹത്തിന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നിരുന്നുവെന്ന് അവർതന്നെ തന്റെ 'മലയാളി അച്ഛന്' ആദരാമർപ്പിച്ചുള്ള പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
മണ്ണിനെയറിഞ്ഞ മനുഷ്യനായിരുന്നു ചെറുവയൽ രാമൻ. മനസ്സുകളെയിറഞ്ഞ മനുഷ്യനും. അദ്ദേഹം ഓർമ്മയാകുമ്പോൾ അദ്ദേഹത്തിന്റെ കൃഷിയിടവും വിത്തുകളും സമൂഹത്തിനു നേരെ വളരെ പോസിറ്റീവായ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഒരു മനുഷ്യൻ തന്റെ ആയുഷ്കാലത്തിനിടെ വളർത്തിയെടുത്ത് സംരക്ഷിച്ച വിത്തുകൾ നാളേക്ക് വേണ്ട സ്മാരകങ്ങളായി നിലനിർത്തുക എന്നതാണത്. അദ്ദേഹം പരിപാലിച്ച വിത്തുകൾ പുതിയ വയലുകളിലേക്കത്തേണ്ടതുണ്ട്, പുതിയ മനസ്സുകളിലേക്കും. വിത്തെടുത്ത് കുത്താത്ത കർഷകനായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹം പരിപാലിച്ച വിത്തുകൾ ഇനിയും നമ്മൾ വിതക്കേണ്ടതുണ്ട്.

